Translate

Thursday, October 25, 2012

യഥാര്‍ത്ഥ യേശുവും, സഭാസൃഷ്ടിയായ യേശുക്രിസ്തുവും



മരിയാ തോമസ്

(ആഗസ്റ്റ്‌ ലക്കം സത്യജ്വാലയില്‍ നിന്ന്) 

20 വര്‍ഷം കന്യാസ്ത്രീയായി ആവൃതിക്കുള്ളില്‍ ജീവിച്ചിട്ടും തന്റെ സത്യാന്വേഷണത്വരയുടെ കനലുകള്‍ കെട്ടടങ്ങാതെ സൂക്ഷിക്കുകയും, 12 വര്‍ഷംമുമ്പ് അതാളിക്കത്തിയപ്പോള്‍, തനിക്ക് ജീവിതത്തില്‍ തണലേകാന്‍ ഒരിലപോലും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ മഠംവിടാന്‍ തന്റേടം കാണിക്കുകയും ചെയ്ത മഹതിയാണ് ലേഖിക. ഈ ലേഖനത്തിലൂടെ അവരെ 'സത്യജ്വാല'യില്‍ പരിചയപ്പെടുത്താന്‍ സന്തോഷമുണ്ട്. കന്യാസ്ത്രീ ജീവിതംകൊണ്ട് തന്റെ മാതൃഭാഷപോലും ചോര്‍ന്നുപോയി എന്നു പരിതപിക്കുന്ന മരിയാ തോമസ് ഇംഗ്ലീഷിലെഴുതിയ ചിന്തോദ്ദീപകമായ ലേഖനത്തിന്റെ പരിഭാഷയാണ് താഴെകൊടുക്കുന്നത് : പരിഭാഷ സ്വന്തം- ജോര്‍ജ് മൂലേച്ചാലില്‍  (എഡിറ്റര്‍, സത്യജ്വാല)


സുവിശേഷങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന നസ്രത്തിലെ യേശു, കാഴ്ചപ്പാടിലും ദൗത്യത്തിലും അസാധാരണത്വം പുലര്‍ത്തിയ, അങ്ങേയറ്റം ഊര്‍ജ്ജസ്വലനും സാധാരണക്കാരനുമായ, ഒരു 'അത്മായ'യഹൂദനായിരുന്നു. തനി ക്കു മതപരമായി എന്തെങ്കിലും ആധികാരികത പ്രത്യേകമായുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ജോണ്‍ പി. മെയ്ര്‍ (John P Meier) തന്റെ Marginal Jew-Rethinking Historical Jesusഎന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ലോകത്തില്‍ പ്രമുഖമായൊരു മത-സാംസ്‌കാരികശക്തിയെ കെട്ടഴിച്ചുവിട്ട, യേശുവെന്ന അമ്പരിപ്പിക്കുന്ന ആ മഹാപ്രതിഭയെ മനസ്സിലാക്കാന്‍ സ്വന്തംനിലയില്‍ അല്പമെങ്കിലും ചരിത്രഗവേഷണം നടത്താത്ത ആരെയും, അയാള്‍ ഏതു മതസ്ഥനോ, സ്ത്രീയോ പുരുഷ നോ ആകട്ടെ, യഥാര്‍ത്ഥ വിദ്യാഭ്യാസം നേടിയ ഒരു വ്യക്തിയായി കണക്കാക്കാന്‍ ഇക്കാലത്താവില്ല. പരിശോധനാവിധേയമല്ലാത്ത മതജീവിതം, അഥവാ മതവിരുദ്ധമായ ജീവിതം, പ്രയോജനരഹിതമാണ്''. മുന്‍കാലങ്ങളില്‍ സാധാരണവിശ്വാ സികള്‍ ദൈവശാസ്ത്രവിദ്യാഭ്യാസം നേടിയിരു ന്നില്ല. അവരിന്നും വിശ്വാസപരിശീലനം നേടുന്നത് പുരുഷന്മാരായ പുരോഹിതരില്‍നിന്നാണ്. തന്മൂലം, മതസിദ്ധാന്തങ്ങളുടെയും കാനോന്‍ നിയമങ്ങളുടെയും ആധികാരിക സഭാപ്രഖ്യാപനങ്ങളുടെയും മാര്‍പ്പാപ്പായുടെ തെറ്റാവരത്തിന്റെയും സഭയുടെ ശ്രേണീബദ്ധമായ അധികാരഘടനയുടെയുമൊക്കെ പേരില്‍, അവര്‍ ചൂഷണം ചെയ്യപ്പെടുകയാണ്.

യഥാര്‍ത്ഥ യേശു
യേശുവിന്റെ വാക്കുകളും പെരുമാറ്റങ്ങളും, സമകാലികരായ റബ്ബിമാരില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു എന്നു കാണി ക്കുന്ന സംഭവവിവരണങ്ങളും കഥകളുംകൊണ്ട് പുതിയ നിയമം നിറഞ്ഞുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും പ്രവൃത്തികളും, യഹൂദരോടും യഹൂദരല്ലാത്തവരോടും സ്ത്രീകളോടും കുട്ടികളോടും പ്രകൃതിയോടും പുരോ ഹിത-നിയമജ്ഞ വിഭാഗങ്ങളോടുമെല്ലാമുള്ള മനോഭാവവും അദ്ദേഹത്തെ തികച്ചും വ്യത്യസ്ത നാക്കി. അദ്ദേഹത്തിന്റെ ശ്രോതാക്കള്‍, 'ഈ മനുഷ്യനെപ്പോലെ ഇതുവരെ ആരും സംസാരിച്ചിട്ടില്ല' എന്നും, 'ഈ മനുഷ്യനെ വഹിച്ച ഗര്‍ഭപാത്രവും പാലൂട്ടിയ മുലകളും അനുഗൃഹീതം' എന്നും ആശ്ചര്യപ്പെട്ടു പറഞ്ഞു. ദൈവരാജ്യം സംസ്ഥാപിക്കുന്നതിനായി എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ നയപ്രഖ്യാപനം, പ്രകടനപത്രിക, ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 18-ാം വാക്യത്തില്‍ ഇങ്ങനെ കാണാം: ''കര്‍ത്താവിന്റെ അരൂപി എന്റെമേല്‍ ഉണ്ട്; കാരണം, ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാന്‍ അവന്‍ എന്നെ അഭിഷേ ചിച്ചിരിക്കുന്നു. ബന്ദികള്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍, കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു.''
'വെള്ളയടിച്ച ശവക്കല്ലറകളെന്നും', 'അണലിസന്തതികളെന്നും, 'അന്ധരായ വഴികാട്ടിക'ളെന്നും വിളിച്ച് നിയമവ്യാഖ്യാതാക്കളെയും ഫരീസരെയും അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. ''.... അവര്‍ നിങ്ങളോടു പറയുന്നവ ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. പക്ഷേ, അവര്‍ ചെയ്യുന്നതു നിങ്ങള്‍ പ്രമാണമാക്കരുത്. കാരണം, അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല'' (മത്താ. 23:2-3) എന്നദ്ദേഹം ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി.
അദ്ദേഹത്തിന്റെ സമകാലികര്‍ അദ്ദേഹ ത്തെ, രോഗശാന്തി നല്‍കുന്നവനായും ഗുരുവായും പ്രവാചകനായും രക്ഷകനായും വിമോചകനായും മദ്ധ്യസ്ഥനായും കര്‍ത്താവായും അനുഭവിച്ചറിഞ്ഞു. യഥാര്‍ത്ഥ ആരാധന എന്താണെന്നും എങ്ങനെയാണെന്നും അദ്ദേഹം ഇപ്രകാരം അവരെ പഠിപ്പിച്ചു. ''പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജറൂശലേമിലോ അല്ലാതാകുന്ന സമയംവരുന്നു.... ദൈവം ആത്മാവാണ്; അവനെ ആരാധിക്കുന്നവര്‍ അരൂപിയിലും സത്യത്തിലും ആരാധിക്കണം'' (യോഹ. 4:23-25).
നാമിന്ന്, നമ്മുടേതായ ഈ കാലഘട്ടത്തിലും സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിലും നിന്നുകൊണ്ട് സുവിശേഷത്തെ വീണ്ടും വായിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ചരിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടുകാണുന്ന യേശുവല്ല, വാസ് തവത്തിലുള്ള യേശു. യഥാര്‍ത്ഥ യേശു വിനെ കിട്ടാനില്ലാത്ത അവസ്ഥയാണിന്ന്. കാരണം, യഥാര്‍ത്ഥ യേശുവിനെ വീണ്ടും അനാച്ഛാദനം ചെയ്യാനാവശ്യമായ അടിസ്ഥാനവിവരങ്ങള്‍ വളരെ വിരളമാണ്. അതിനാല്‍ ബൈബിളിന്റെ കാര്യത്തിലും, സാഹിത്യപരവും ആഖ്യാനപരവുമായ നിരൂപണരീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. അതിന് പുതിയ നിയമത്തിലുള്‍പ്പെടുത്താത്ത അപ്പോക്രിഫല്‍ ഗ്രന്ഥങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. (ഉദാഹരണത്തിന് സെന്റ് തോമസിന്റെ സുവിശേഷം) അങ്ങനെയെങ്കില്‍, യഥാര്‍ത്ഥ യേശുവിനെ അറിയാനുള്ള ഒരു സ്രോതസായി ഒരുപക്ഷേ, അവ മാറിയേക്കാം. ഈ ആധുനിക കാലഘട്ടത്തില്‍, അവ കൂടുതല്‍ പ്രമാണികമാകാനിടയുണ്ട്.

സഭാസൃഷ്ടിയായ യേശുക്രിസ്തു
വിഖ്യാത ലബനീസ്-അമേരിക്കന്‍ എഴു ത്തുകാരനായ ഖലീല്‍ ജിബ്രാന്റെ (1883-1931)
Sand and Form എന്ന കൃതിയില്‍ ചിന്തോദ്ദീപകമായ ഒരു ഭാഗമുണ്ട്. അദ്ദേഹം എഴുതിയിരിക്കുന്നു: ''ഓരോ നൂറുവര്‍ഷത്തിലുമൊരിക്കല്‍ ലബനന്‍ മലനിരകളിലെ ഒരു ഉദ്യാനത്തില്‍വച്ച് നസ്രത്തിലെ യേശുവും ക്രിസ്ത്യാനിയായ യേശു ക്രിസ്തുവും തമ്മില്‍ കണ്ടുമുട്ടാറുണ്ട്. അവര്‍ ദീര്‍ഘനേരം സംസാരിക്കും. എന്നാല്‍ ഓരോ പ്രാവശ്യവും, ക്രിസ്ത്യാനിയായ യേശുക്രിസ്തു വിനോട്, 'എന്റെ സ്‌നേഹിതാ, നമുക്കു പരസ്പരം അംഗീകരിക്കാന്‍ ഒരിക്കലുമൊരിക്കലുമാവില്ല എന്നു ഞാന്‍ ഭയപ്പെടുന്നു' എന്നു പറഞ്ഞ് വിട പറയുകയാണ് നസ്രത്തിലെ യേശു.
നസ്രത്തിലെ യേശുവിനെ ദൈവികപരി വേഷം ചാര്‍ത്തി ക്രിസ്തുവാക്കുന്ന ഒരു പ്രക്രിയയാണ് ചരിത്രത്തില്‍ നാം കാണുന്നത്. 'ക്രിസ്തു'വെന്നാല്‍ അഭിഷിക്തന്‍ എന്നേ അര്‍ത്ഥമുള്ളു. എന്നാല്‍, നിരവധിയായ സിദ്ധാന്തങ്ങള്‍ക്കു രൂപംകൊടുത്തും വളരെയധികം കൗണ്‍സിലുകള്‍കൂടിയും, ദൈവപുത്രന്‍, ത്രിത്വത്തിലെ രണ്ടാമത്തെയാള്‍, ദൈവാവതാരം എന്നിങ്ങനെ വിശേഷിപ്പിച്ചും, ദിവ്യപദവികള്‍ കല്പിച്ചും അദ്ദേഹത്തില്‍ ദൈവികവ്യക്തിത്വം ചാര്‍ത്തിയിരിക്കുന്നു. റോമന്‍ സാമ്രാജ്യത്തി ന്റേതായ ആരാധനക്രമങ്ങളും അനുഷ്ഠാനങ്ങളും റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റ ന്റൈന്റെ കീഴില്‍ നടപ്പാക്കിക്കൊണ്ട്, അദ്ദേഹത്തെ ഒരു ആരാധനാവിഗ്രഹമാക്കി ഒതുക്കുകയാണുണ്ടായത്. മാതൃകാപുരുഷനായി അനുധാവനം ചെയ്യാനും വ്യക്തമായ ദിശാബോധത്തില്‍ ജീവിക്കുവാനും ഓരോരുത്തരെയും പ്രേരിപ്പിക്കുമായിരുന്ന യേശുവെന്ന പ്രചോദകമൂര്‍ത്തിയാണിവിടെ ആരാധനാമൂര്‍ത്തിയായി ഒതുക്കപ്പെട്ടതെന്നോര്‍ക്കുക.
ഗലീലിയില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ യേശുവിനെ തിരിച്ചുപിടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് നമുക്കിന്നാവശ്യമായിത്തീര്‍ന്നിരിക്കുന്നത്. യേശുക്രിസ്തു വിനെ 'ഏകരക്ഷകന്‍' എന്ന് ചിത്രീകരിക്കുന്നത് ഇന്ത്യയുടെ ബഹുമതപശ്ചാത്തലത്തില്‍ മൗലികവാദമായി മാത്രമേ കാണാനാകൂ. എന്തുകൊണ്ടെ ന്നാല്‍, ഇടുങ്ങിയതായ ഒരു കാഴ്ചപ്പാടിന്റെയും വിലങ്ങുകള്‍ക്കുള്ളില്‍ യഥാര്‍ത്ഥ യേശുവിനെ തളച്ചിടാനാവില്ല.
'ഭാരതവല്ക്കരണം'എന്നും 'സാംസ്‌കാരികാനുരൂപണ'മെന്നുംമറ്റുമുള്ള കേവലമായ ആശയങ്ങള്‍കൊണ്ടൊന്നും നാം തൃപ്തിയടയാന്‍ പാടില്ല. മറിച്ച്, വിഭാഗീയമായ എല്ലാ മനുഷ്യാവസ്ഥകള്‍ക്കും അന്ത്യംകുറിക്കുന്ന ഒരു പുതുയുഗത്തിന്റെ ഉദയത്തിനായി, യഥാര്‍ത്ഥയേശുവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭാരതീയക്രൈസ്തവരെന്ന നിലയില്‍ നാം പരസ്പരം കൈകള്‍ കോര്‍ക്കേണ്ടിയിരിക്കുന്നു.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. "കവയിത്രി മരിയാ തോമസിന്റെ പദ്യം ആകെ ശോകമയമാണ്. ദുഃഖം കാണിച്ചു മറ്റുള്ളവരെ എന്തിനു സന്തോഷിപ്പിക്കണം? പുറത്തു ചാടുന്നവര്‍ക്കും ഭയപ്പെടാതെ, ജീവിതം ധന്യമാക്കി ധൈര്യം കൊടുക്കുകയാണ് വേണ്ടത്." ജോസെഫ് മാത്യു വിന്റെ ഈ നിരീക്ഷണം വളരെ അര്‍ത്ഥവത്താണ്. ക്രൂശിതനായ യേശു, ക്രൂശിതനായ മണവാളന്‍ എന്നൊക്കെ പറഞ്ഞു ശീലിക്കുന്നതിന്റെ ഫലമാകാം ഈ ശോകാത്മകത. അത് വേണ്ടാ. യേശുവിനെ ക്രൂശിതനല്ലാതെ കാണാന്‍ ഇഷ്ടപ്പെടുകയും അതുകൊണ്ട് ഒരു കുറവും അനുഭവിക്കുകയും ചെയ്യാത്ത എത്രയോ പേരുണ്ട്. പക്ഷേ, ജന്മപാപം, ബലിയര്‍പ്പണം, ദൈവപ്രീതി തുടങ്ങിയവക്കായി മനക്ലേശം അനുഭിക്കുകയും ജീവിതത്തെ മൊത്തത്തില്‍ ശോകാത്മക മാക്കുന്നതില്‍ വിരുതരുമായ വിശ്വാസികള്‍ക്ക് ഇതൊക്കെ വേണം, മനോസുഖം കിട്ടാന്‍. എന്നാല്‍ ഈ ജീവിതത്തെ അതിമനോഹരമായ ഒരു ദാനമായും പ്രപഞ്ചത്തെ തീരാത്ത അത്ഭുതങ്ങളുടെ സഞ്ചയമായും അനുഭവിക്കുക മറ്റൊരു ശൈലിയാണ്. അത് കൈവിട്ടു പോകുകയെന്നാല്‍, ഈ ജന്മം പാഴായിപ്പോവുക എന്ന് തന്നെയാണ്.

    ReplyDelete