Translate

Tuesday, October 23, 2012

കന്യാവ്രതത്താല്‍ നഷ്ടമായ സ്ത്രീത്വം


മരിയാ തോമസ്

[ 20 വര്‍ഷത്തെ കന്യാസ്ത്രീജീവിതത്തോട് 12 വര്‍ഷംമുമ്പ് വിട പറഞ്ഞിറങ്ങാന്‍ ധൈര്യം കാട്ടിയ മരിയാ തോമസ്, മഠം വിട്ടിറങ്ങിയ ആ രാത്രി ഉറങ്ങാനാവാതിരുന്നെഴുതിയ ഹൃദയവികാര-വിചാരങ്ങളാണ് താഴെ കൊടുത്തിരിക്കുന്ന കവിത. ഇത് തന്റെ മാത്രം വിചാരങ്ങളല്ലെന്നും, ജീവിതഭദ്രതയില്ലാത്തതിനാല്‍മാത്രം മഠമെന്ന കാരാഗൃഹത്തില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്ന നൂറുകണക്കിനു കന്യാസ്ത്രീകളുടെ മനോഗതങ്ങളെയും തേങ്ങലുകളെയും കൂടി പ്രതിനിധീകരിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.]


സ്ത്രീത്വത്തിന്‍ രുചിയെന്തെന്നറിയുന്നതിന്‍ മുമ്പു
കന്യാസ്ത്രീ വേഷത്തിനുള്ളില്‍ ഞാന്‍ പെട്ടുപോയ്!
'പരിശുദ്ധമായ സമര്‍പ്പണം', 'ദൈവത്തിന്‍
പരിശുദ്ധമാം വിളി', 'വീടിന്നനുഗ്രഹ-
ദായകമാം വിളി' എന്നൊക്കെയല്ലയോ
കുഞ്ഞുങ്ങള്‍ കേള്‍ക്കു,ന്നിതല്ലോ പ്രചോദനം!

വയസ്സറിയിക്കാത്ത പതിനഞ്ചിലാവുമോ-
കന്യാവ്രതം സ്വയം സ്വീകരിച്ചീടുവാന്‍?
ദാരിദ്ര്യബാധിതയായവള്‍ക്കാവുമോ
ദാരിദ്ര്യവും വ്രതമായ് സ്വീകരിക്കുവാന്‍?
അനുസരിക്കായ്കയ്ക്കു പ്രഹരങ്ങളേല്ക്കുവോള്‍-
അനുസരിക്കാനും സ്വയം വ്രതം നേരുമോ?

അന്ധകൂപത്തിലെ മണ്ഡൂകമെന്നപോല്‍
നാലു ചുമരുകള്‍ക്കുള്ളിലാ
ല്ലൊ ഞാന്‍.
എന്നും മണിയടിയ്‌ക്കൊപ്പിച്ചുണര്‍ന്നിടും,
പിന്നെ നടന്നിടും, പ്രാര്‍ഥന ചൊല്ലിടും,
ഭക്ഷണമല്പം കഴിച്ചിടും, പുഞ്ചിരി
ഏവര്‍ക്കുമേകിയിട്ടുള്ളില്‍ കരഞ്ഞിടും,
വായിക്കും, ചിന്തിക്കും, വൃത്തിയാക്കും, മഠ-
ച്ചട്ടമൊത്തിത്തിരി മാത്രമേ മിണ്ടിടൂ.

ദൂരെയായ് മുത്തുകളൊത്തിരിയുള്ളിലുള്‍-
ക്കൊള്ളും വിശാലമാമാഴിപോല്‍ വാഗ്ദത്ത-
മാം പവിഴങ്ങള്‍ നിറഞ്ഞ സ്വര്‍ഗം, അതില്‍
മാലാഖമാരെന്നപോലെ തൂവെള്ളയാം
വസ്ത്രമണിഞ്ഞു നീന്തുന്നവരായിരം
ഭക്തര്‍, സകലതും ശീലമായോര്‍, രണ്ടു
കൂട്ടരിലും സത്യസന്ധര്‍, കപടരും.

കാരുണ്യമുള്ളവര്‍, നിര്‍ദ്ദയര്‍, ആരോഗ്യ-
മുള്ളവര്‍, രോഗികള്‍, പ്രായം കുറഞ്ഞവര്‍,
വാര്‍ധക്യബാധിതര്‍, സംതൃപ്തര്‍, സംതൃപ്തി
കിട്ടാതെ അസ്വസ്ഥചിത്തരായ്ത്തീര്‍ന്നവര്‍
സംശുദ്ധര്‍ സംശുദ്ധി തീരെയില്ലാത്തവര്‍,
ദാരിദ്ര്യചൈതന്യമുള്ളവര്‍, ധൂര്‍ത്തിന്റെ
പര്യായമായവര്‍, അനുസരിക്കുന്നവര്‍,
അനുസരിക്കാനായിടാതെ പരാതിയും
പരിവട്ടവും പറഞ്ഞാകുലരാകുവോര്‍
ഉള്ളില്‍ പ്രകാശം ലഭിച്ചവര്‍, മിഥ്യയാല്‍
ബാധിതരായവര്‍ -സര്‍വരും ക്രൂശിതന്‍
ക്രിസ്തുവിന്‍ നാമത്തിലാ, ണിതാണത്ഭുതം!

കിണറിന്റെയടിയില്‍നിന്നവളോര്‍ത്തു: മുകളിലായ്
വ്യത്യസ്ത രശ്മികള്‍ കാണുമോ, ചോദ്യമൊരു
കടകോലു പോലെയായ്, വെണ്ണമേല്‍ നിന്നവള്‍
നോക്കി, പൊന്‍തരിവെട്ടമുണ്ടല്ലൊ മുകളിലായ്!

തീരമില്ലാക്കടല്‍ത്തീരത്തുനിന്നവള്‍
ഏകയായ്, ഭീതയായ്, കുറ്റപ്പെടുത്തലാല്‍
ലജ്ജിതയായ്, തന്നരക്ഷിതത്വത്തിലും
ഏതോ നിഗൂഢതയില്‍പ്പെട്ടുഴന്നവള്‍!



ആരുമേ എന്റെ സഹോദരരല്ല, ഞാന്‍
ഒന്നുമവകാശമില്ലാത്ത കന്യക,

സന്യാസമെന്നതു നിസ്വത, യെങ്കിലും
സ്ത്രീത്വമെന്തെന്നറിഞ്ഞാസ്വദിക്കേണ്ടയോ?
നിഷ്ഫലം വാടി മണ്ണില്‍ വീഴുമെങ്കിലും
മൊട്ടിട്ടു പൂവായ് വിരിഞ്ഞിടാന്‍ ജീവിതം.

നീ മൊഴിയുന്നുവോ:
നിന്‍ തോല്‍വി നിന്‍ ജയം.
കാണുക: നിശ്ശബ്ദമായ്, ശാന്തമായി നീ
യിപ്പോഴിരിക്കുന്നിടത്തിരുന്നീടുവാന്‍
സാധിച്ചിടുന്നതു ഭാഗ്യമായ്ക്കാണുക!'

നിന്നനുരഞ്ജനഭാവം ജയിച്ചിടും
നിശ്ശബ്ദമായ് ശാന്തമായ് നിന്നിടത്തു നീ
നിന്നിടൂ, തന്റേടമാമിളംകാറ്റുപോല്‍
നിന്‍ ഭാഗ്യവീഥി കാണിച്ചിടാന്‍ ഞാന്‍ വരാം!
’’

തീര്‍ത്തും ദരിദ്ര, വിധേയ, കന്യാവ്രതം
കാത്തുപോരുന്നവള്‍ ഞാനിതാ ടാഗോറി-
നോടൊത്തു പാടുന്നു: 'ഞാനമരം വിടും
വേളയില്‍ നീ തന്നെ നാവികനായ് വരും!'


Translation: by ജോസാന്റണി

Translation from Womanhood Lost in Nunhood
Catholic Reformation:

'via Blog this'

7 comments:

  1. കന്യാസ്ത്രീ, സന്യാസിനി എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന കൂട്ടരെ കാണുമ്പോള്‍ കഷ്ടം തോന്നാറുണ്ട്. ഒരു മതത്തിന്റെ അന്ധവിശ്വാസത്തില്‍ തളയ്ക്കപ്പെട്ട പാവങ്ങള്‍. എട്ടും പൊട്ടും തിരുന്നതിനു മുന്‍പേ എടുത്ത (എടുക്കപ്പെടെണ്ടി വന്ന) തീരുമാനങ്ങളുടെ ശാപവും പേറി ജീവിക്കുന്ന പാവങ്ങള്‍!!!!

    ReplyDelete
  2. ഏറണാകുളം ജില്ലയില്‍ നല്ലൊരു അച്ചനുണ്ടായിരുന്നു, പാവം. നല്ല ഉന്നത ബിരുദങ്ങള്‍ ഉള്ള അദ്ദേഹം ഭാരത മാതാ കോളജില്‍ അധ്യാപകന്‍ ആയിരുന്നു. മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫില്‍ യോഗ്യതയും ഉണ്ടായിരുന്നു അദ്ദേഹം വ്യക്തിത്വ വികസനം കൌണ്സെലിംഗ് മേഖലയില്‍ നന്നായി ക്ലാസ്സുകള്‍ എടുത്തിരുന്നു. ഒരു വര്ഷം മുന്‍പ് തന്റെയടുത്ത് കൌണ്സെലിംഗ് സംബന്ധമായി വന്ന ഒരു യുവതി (വിധവയും രണ്ടു കുട്ടികളുടെ മാതാവും) യുമായി സ്നേഹത്തിലായി, യുവതി വീണ്ടും ഗര്‍ഭിണിയും ആയി. അവസാനം അച്ഛന്‍ ലോഹ ഊരി, കോളേജിനോട് വിട പറഞ്ഞു യുവതിയുടെ കൂടെ ബാംഗളൂരില്‍ പോയി സന്തോഷത്തോടെ ജീവിക്കുന്നു. ഞാന്‍ കണ്ടതില്‍ ഏറ്റവും പാവവും മാന്യനും സത്യസന്ധനും ആയ വൈദീകന്‍!!. കാരണം മറ്റുള്ളവര്‍ ഒക്കെ വളരെ സമര്‍ത്ഥമായി ഈ പണി ചെയ്തു പോരുമ്പോള്‍, ഈ പാവത്താന്‍ വെട്ടില്‍ വീണു പോയി. കാക്കാന്‍ പഠിച്ചാല്‍ പോര, നിക്കാനും പഠിക്കണം എന്ന് സെമിനാരി പഠന കാലത്ത് ഇവരെ പഠിപ്പിക്കുന്നുണ്ട്. നൂറില്‍ തൊണ്ണൂറ്റൊന്പതു പേരും വളരെ സമര്‍ത്ഥമായി മട കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ഇത് പോലെ അപൂര്‍വ്വം ചില പാവത്താന്മാര്‍ ഇത്തരത്തില്‍ പെട്ടുപോകുന്നു.

    ReplyDelete
  3. അറിയാതെ പെട്ടുപോയ അനുസരണം ദാരിദ്ര്യം കന്യാവൃതം എന്നീ മൂന്ന് ചങ്ങലകളും അവയുമായി കുരുക്കിയിട്ടുള്ള മറ്റനേകം കെട്ടുകളുമായി ഞെരുങ്ങിക്കഴിഞ്ഞിരുന്ന കാലത്തെ മാനസിക പിരിമുരുക്കങ്ങളെപ്പറ്റി വളരെ മുന്‍കന്യാസ്ത്രീകള്‍ എഴുതിക്കണ്ടിട്ടുണ്ട്.അവരോടു പൊതുജനം വളരെ സഹതാപപൂര്‍വം പ്രതികരിച്ചും പോന്നിട്ടുണ്ട്. പഴയ ജീവിതത്തെ അന്ധകാരകൂപമെന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ തന്റേടികള്‍ ഈ കിണറ്റില്‍ നിന്ന് പുറത്തു വന്നശേഷം അനുഭവിച്ച ഉന്മേഷത്തിന്റെയും ആര്ജ്ജവത്തിന്റെയും രശ്മികള്‍ എതുവിധമുള്ളവ എന്നും കൂടി ഇവര്‍ വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു

    ReplyDelete
  4. ഈ സ്ത്രീത്വത്തിന്‍ രുചി എന്ന് പറയുന്നത് എന്താണോ? അത് സ്ത്രീകള്‍ക്ക് രുചിക്കാന്‍ കഴിയുന്ന രസങ്ങളിലൊന്നാണോ അതോ പുരുഷന്മാര്‍ക്ക് രുചിക്കാന്‍ കഴിയുന്നതോ?
    വയസ്സറിയിക്കാത്ത പതിനഞ്ചിലാവുമോ-
    കന്യാവ്രതം സ്വയം സ്വീകരിച്ചീടുവാന്‍? അല്ല എന്നുള്ള ഉത്തരം ഒളിഞ്ഞിരിക്കുന്ന ഒരു ചോദ്യമല്ലേ ഇത്? അപ്പോള്‍ ഒന്നും അറിയാന്‍ ഒരു നിവൃത്തിയും ഇല്ലാത്ത എതാനും മാസങ്ങളുടെ ഇളം പ്രായത്തില്‍ 'ഇന്നാ പിടിച്ചോ, നിന്റെ വിശ്വാസത്തിന്റെ ഭാണ്‍ഡക്കെട്ട്' എന്നു പറയും പോലെ ശിശുക്കളെ ക്രിസ്ത്യാനിയാക്കാന്‍ ചെയ്യുന്ന മാമ്മോദീസായെക്കുറിച്ചും ഈ വിധത്തില്‍ ചോദിക്കെണ്ടതല്ലേ? അതിനുള്ള ഉത്തരമോ? എഴാംതരത്തിലെ പാഠപ്പുസ്തകത്തില്‍ വന്ന, വിവാദകോലാഹലങ്ങള്‍ സൃഷ്ടിച്ച, (നിര്‍ബന്ധിത) മതമില്ലാത്ത ജീവന്‍ ഒരുത്തരമായി സ്വീകരിക്കാന്‍ മാത്രം മാനസികവികസനം സിദ്ധിച്ച ഒരു ക്രിസ്ത്യാനിയെങ്കിലും ഉണ്ടാവുമോ? അന്ധകൂപത്തിലെ മണ്ഡൂകമെന്നപോല്‍ എന്നത് ഇങ്ങനെ മുക്കപ്പെടുന്ന പൈതങ്ങളെപ്പറ്റി എത്രയോ അധികം വാസ്തവമാണ്!
    ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഇതു തുറയിലും കറകളഞ്ഞ സ്വാതന്ത്ര്യം (അതായത്, ആരുടേയും സ്വാര്‍ത്ഥതക്കും ഭീഷണിക്കും കീഴടങ്ങേണ്ടാത്തതായ സ്വാതന്ത്ര്യം) അനുവദിക്കുന്നതില്‍ കവിഞ്ഞ മതമേത്, വൃതമേത്, ദൈവവിളിയേത്?

    ReplyDelete
  5. കവിയത്രി മരിയാ തോമസിന്റെ പദ്യം ആകെ ശോകമയമാണ്.ദുഃഖം കാണിച്ചു മറ്റുള്ളവരെ എന്തിനു സന്തോഷിപ്പിക്കണം? പുറത്തു ചാടുന്നവര്‍ക്കും ഭയപ്പെടാതെ, ജീവിതം ധന്യമാക്കി ധൈര്യം കൊടുക്കുകയാണ് വേണ്ടത്. കരയുന്നവര്‍ അഭയെ നോക്കി കരയട്ടെ. കേഴുന്ന കവിയുടെ വിലാപം അരമന പ്രഭുക്കള്‍ ചെവി കൊള്ളുമെന്നും തോന്നുന്നില്ല.

    കൂട്ടിനകത്തു വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു കിളിക്കു തന്നത്താന്‍ തീറ്റി
    കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാകും.പലരും സഹിച്ചും പീഡനമേറ്റും കന്യകാ മഠങ്ങളില്‍ അടഞ്ഞ അദ്ധ്യായംപോലെ ജീവിതം തീര്‍ക്കും.മാതാപിതാക്കളുടെ എന്തെങ്കിലും സമ്പാദ്യം പെണ്‍കുട്ടികള്‍ക്കായി മാറ്റിവെച്ചാലും മഠം അതു കൈക്കലാക്കും. പിരിഞ്ഞുപോവുന്ന കന്യാസ്ത്രികളുടെ പൂര്‍വികസ്വ ത്തു തിരിച്ചു കൊടുക്കുവാനും മഠം ബാധ്യസ്ഥരാണ്. വര്‍ഷങ്ങളോളം അടിമവേല ചെയ്തതിനും അവര്‍ക്ക് പ്രതിഫലം കൊടുക്കേണ്ട വ്യവസ്ഥിതിയും നമ്മുടെനാട്ടില്‍ വരേണ്ടതായി ഉണ്ട്. ശക്തമായ നിയമങ്ങളും നാടിനു ഇന്നു ആവശ്യമാണ്. കേരളത്തിലെ
    സ്ത്രീശക്തി ക്ഷയിച്ചുവോ?പിരിഞ്ഞു പോവുന്ന സഹോദരികളുടെ നഷ്ടപരിഹാരം യജമാനത്തികള്‍ കൊടുക്കേണ്ടി വന്നാല്‍ കന്യാസ്ത്രി പീഡനങ്ങള്‍ക്കു കുറവുണ്ടാകാം.

    മേരി ജോണ്സണ്‍ എന്ന ഒരു അമേരിക്കന്‍ മുന്‍കന്യാസ്ത്രിയുടെ കഥയാണിത്.
    1997വരെ ഇരുപതു വർഷം മദര്‍ തെരസായുടെ സിസ്റ്റെഴ്സ് ഓഫ് ചാരിറ്റിയില്‍ സഹോദരിയായി സേവനംചെയ്തു. അവര്‍ ഇന്നു ദൈവംഇല്ലെന്നു വിശ്വസിക്കുന്ന യുക്തിവാദിനിയാണ്. സഭ വിട്ടതിനുശേഷം വിവാഹിതയാവുകയും ഒരു പുസ്തകം എഴുതുകയും ചെയ്തു.

    അമേരിക്കയിലെ ടൈം മാഗസിനില്‍ പതിനേഴു വയസുള്ളപ്പോള്‍ മദര്‍ തെരസായുടെ ഫോട്ടോ കണ്ടു ആകൃഷ്ട യായി അവരുടെ സഭയില്‍ ചേര്‍ന്നു. മദര്‍ തെരസ്സാ സേവിച്ചിരുന്നത് ദരിദ്രര്‍ ആയവരെ അല്ലായിരുന്നു. ദാരിദ്രത്തെയായിരുന്നു.

    മേരിയുമായുള്ള ഒരു വാര്‍ത്താലേഖകന്റെ അഭിമുഖ സംഭാഷണത്തില്‍ അവരുടെ ജീവിതത്തെ നാലു മേരികളായി വര്‍ണ്ണിച്ചിട്ടുണ്ട്. കുഞ്ഞു മേരി, കൌമാര മേരി, കന്യാസ്ത്രി മേരി , നാലാമത്തെ നിരയിലെ അവര്‍ മേരിയെന്ന വ്യക്തിയായെന്നും അവകാശപ്പെടുന്നു.

    കുഞ്ഞുമേരിയില്‍ ദൈവം അവരുടെ കൂട്ടുകാരന്‍ ആയിരുന്നു. പള്ളി മുറ്റത്തു പുരോഹിതനുമൊത്തു തത്തി കളിച്ച ബാല്യകാലം. കുര്‍ബാനയും പൊട്ടറ്റോ ചിപ്സും കൂളെയുടും പ്രിയങ്കരമായിരുന്ന സുവര്‍ണ്ണ കാലം.

    കൌമാരമേരിയില്‍ ദൈവം അവളുടെ സത്യം ആയിരുന്നു. അമ്മ തെരസ്സായുടെ പടം ടൈം മാഗസിനില്‍ കണ്ടദിനം ദൈവം അവളെ മാടി വിളിക്കുന്നതായി തോന്നി. ദൈവം അവളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായും തോന്നി. ഒരു മാടപ്രാവിന്റെ രൂപത്തില്‍ പരിശുദ്ധ ആത്മാവ് അവളെ അമ്മ തെരസ്സാക്കൊപ്പം സഹോദരിയായി ജോലി ചെയ്യുവാന്‍ കര്‍ത്താവിന്റെ മുന്തിരിതോപ്പിലേക്ക് ക്ഷണിക്കുന്നതായും തോന്നി.

    മൂന്നാംപടി അവള്‍ കന്യാസ്ത്രിയായി. അവളുടെ അധികാരികളില്‍ക്കൂടി ദൈവം അവളോടു സംസാരിച്ചു. അല്ലെങ്കില്‍ അങ്ങനെ അവര്‍ പറഞ്ഞിരുന്നു. മേരി പറയുന്നു, ഞാന്‍ അവരെ, എന്നാല്‍ കഴിയുമ്പോലെ അനുസരിച്ചു. ഞാന്‍ ദൈവത്തോടു കൂടുതല്‍ അടുക്കുവാന്‍, മറ്റുള്ളവര്‍ക്കു ജീവാര്‍പ്പണം ചെയ്യുവാന്‍, കഠിനമായ പരീക്ഷണങ്ങളും തന്നിരുന്നു. ഇവിടെ ഞാന്‍ ഒരു കുസൃതി കന്യാസ്ത്രിയാണ്. എങ്കിലും ഇരുപതു വര്ഷം എന്റെ പാഴായജീവിതം കഠിനമായ അനുസരണയുടെ ചട്ടകൂട്ടില്‍ ഒതുക്കി നിര്‍ത്തി.

    ഇന്നു ഞാന്‍ മേരിയെന്ന വ്യക്തി. സ്വന്തമായി ചിന്തിക്കുവാന്‍
    അവകാശമുണ്ടെന്നു എനിക്കു തോന്നുന്നു. എന്റെ പ്രവര്‍ത്തികള്‍ക്ക് ഞാന്‍ തന്നെ ഉത്തരവാദിയാണ്‌. ഇന്നു, എന്റെ ജീവിതത്തില്‍ ആ ക്രൂരനായ ദൈവം ഇല്ല. അമ്മ തെരസ്സായുടെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പുറത്തായ ഈ കിളിയുടെ ജീവിതം ഇന്നും സാഹസം നിറഞ്ഞതാണ്‌. ഉത്തരം കിട്ടാത്ത ഏതോ മായയില്‍ വിശ്വസിക്കുന്നു. ദൈവത്തെ പൂര്‍ണ്ണമായി അറിഞ്ഞവള്‍ എന്നു വിശ്വസിക്കുന്നില്ല. എന്റെ അജ്ഞതയില്‍ മുമ്പില്ലാതിരുന്ന, അറിയപ്പെടാത്ത അനേക ചോദ്യങ്ങള്‍ എനിക്കുമുമ്പില്‍ ഇന്നുണ്ട്.

    മേരി തുടരുന്നു.ഞാന്‍ വിശ്വസിക്കുന്നത് അമ്മ തെരസ്സായുടെ ദാരിദ്ര്യത്തില്‍ അല്ല. ചലിക്കുന്ന ലോകത്തിന്റെ പുരോഗതിക്കൊപ്പം പരസ്പര ജീവിതത്തില്‍ക്കൂടി മെച്ചപ്പെട്ട ജീവിതം കണ്ടെത്തിയാല്‍ ഈ ലോകംതന്നെ സ്വര്‍ഗം ആകുമായിരുന്നു. വളര്‍ന്ന ടെക്കനോളജിയും ലോകവും മനുഷ്യരെയും ആശ്രമം വിട്ടപ്പോള്‍ കണ്ടെത്തി. ഇന്നു ബാങ്കിലെ ATM മെഷീനില്‍നിന്ന് പണം എടുക്കുവാനും അറിയാം.

    ReplyDelete
  6. മരിയാ തോമസിന്റെ കവിതയുടെ അവസാന വരികള്‍ ഞാന്‍ വിവര്‍ത്തനം ചെയ്തിരുന്നില്ലെന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്. അല്പം അവ്യക്തതകള്‍ തോന്നിയതിനാല്‍ ആ വിവര്‍ത്തനം പൂര്‍ത്തിയാക്കിയിരുന്നില്ല എന്നതോര്‍മ്മിക്കാതെ കഴിഞ്ഞദിവസം എന്റെ ഒരു ഫയലില്‍ കണ്ടപ്പോള്‍ എന്റെ സ്വന്തം ബ്ലോഗിലേക്ക് ഞാനങ്ങു പോസ്റ്റു ചെയ്യുകയായിരുന്നു. ആ ഭാഗം വിവര്‍ത്തനം ചെയ്യാതിരുന്നതു നന്നായി എന്ന തോന്നലാണ് ജോസഫ് മാത്യുവിന്റെ കമന്റു വായിച്ചപ്പോള്‍ തോന്നുന്നുത്.
    ആ കവിത എഴുതിയതിനുശേഷം കവയിത്രി ആത്മീയമായ വലിയ മാറ്റങ്ങള്‍ക്കു വിധേയയായിട്ടുണ്ടെന്ന് സത്യജ്വാലയുടെ ആഗസ്റ്റ് ലക്കത്തില്‍ എഴുതിയിട്ടുള്ള യഥാര്‍ത്ഥ യേശുവും, സഭാസൃഷ്ടിയായ യേശുക്രിസ്തുവും എന്ന ലേഖനം വായിക്കുന്നവര്‍ക്ക് മനസ്സിലാകും. അതു വായിച്ച് പ്രതികരിക്കുമല്ലോ.

    ReplyDelete
  7. പാലായില്‍ കെ.സി.ആര്‍.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീവിവേചനത്തെപ്പറ്റിയുള്ള സെമിനാറില്‍ വിഷയം അവതരിപ്പിക്കാനെത്തിയ മരിയാ തോമസിനെ പരിചയപ്പെടാനും ഈ വിവര്‍ത്തനം വായിച്ചു കേള്‍പ്പിക്കാനും ഇതിനെപ്പറ്റിള്ള നല്ല അഭിപ്രായം കേള്‍ക്കാനും കഴിഞ്ഞു. ആദ്യം പോസ്റ്റുചെയ്തപ്പോള്‍ വിട്ടുപോയ വരികള്‍കൂടി ഇപ്പോള്‍ ഇതിലുണ്ട്. കവിതയുടെ പേരു പദാനപദം വിവര്‍ത്തനം ചെയ്ത് മാറ്റിയിട്ടുമുണ്ട്.
    പരിപാടിയുടെ വോയ്‌സ് റിക്കാര്‍ഡിങ് കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ 9447858743 എന്ന നമ്പരിലേക്ക് എസ് എം എസ് ആയി ഇ-മെയില്‍ വിലാസം അയച്ചുതരുക.

    ReplyDelete