(2013 ജൂലൈ ലക്കം 'സത്യജ്വാല' മാസികയില്‍ നിന്ന്)
ഇപ്പന്‍
എന്നോടും ഇന്ദുലേഖയോടും ഒട്ടേറെ സ്‌നേഹവും, വാത്സല്യവും ഉള്ള ഒരു 'നിര്‍ദ്ദയനിരൂപകന്‍' (വിമര്‍ശനം നിര്‍ദ്ദയമായിരിക്കണം!) എന്റെ ആക്ഷേപഹാസ്യം ചില സന്ദര്‍ഭങ്ങളില്‍ സഭ്യതയുടെ ആഭ്യന്തരംവിടുന്നുണ്ടെന്ന് പരസ്യമായി സൂചിപ്പിക്കുകയുണ്ടായി. സ്വകാര്യസംഭാഷണത്തില്‍ ഞാന്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഒരു കന്യാസ്ത്രീ താങ്കളുടെ ലേഖനങ്ങളിലെ ചില പരാമര്‍ശങ്ങള്‍ വായിച്ചാല്‍ അതോടെ അവര്‍ 'സത്യജ്വാല' വായന അവസാനിപ്പിക്കും.' ഞാന്‍ പറഞ്ഞു: 'അത്ത രം കന്യാസ്ത്രീകള്‍ക്കു വായിക്കാന്‍ ഇങ്ങേ അറ്റത്ത് പുരോഗമനസ്വഭാവവും മിതവാദപരമായ വിമര്‍ശനപരതയും പുലര്‍ത്തുന്ന 'അസ്സീസി' മുതല്‍ അങ്ങേ അറ്റത്ത് 'ഓശാന'വരെ ഉണ്ടല്ലോ.'
കത്തോലിക്കാമതവിമര്‍ശനരംഗത്തു പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ ഔദ്യോഗിക നാവായിരിക്കണം 'സത്യജ്വാല'യെന്നു ഞാന്‍ ആഗ്രഹിക്കുന്നു. (ഉപ്പുസത്യഗ്രഹം ഏത് ആറ്റംബോംബാക്രമണത്തെക്കാളും ശക്തവും തീവ്രവാദപരവുമായിരുന്നല്ലോ!) അത്യാവശ്യക്കാര്‍ക്ക് ഇപ്പന്റെ 'വികൃതി'കള്‍ ഒഴിവാക്കിയും 'സത്യജ്വാല' വായിക്കാമല്ലോ. ജീവിതത്തിലും എഴുത്തിലും എന്റെ ശൈലിയുടെ സര്‍പ്പഫണത്തണലില്‍ തീയും ഗന്ധകവും വെടിയുണ്ടയും ഇണചേരുന്നുണ്ട് എന്നതു ഞാനും ശ്രദ്ധിക്കാതിരിക്കുന്നില്ല.
ഈ 'ധീരനും' 'ഭീകരനു'മായ ഇപ്പന് പേടിസ്വപ്നങ്ങളും ഞെട്ടലുകളും നിറഞ്ഞ ഒരു ശൈശവഭൂതമുണ്ട്. അമ്മയും മഠത്തിലമ്മമാരും പറഞ്ഞുതന്ന സന്മാര്‍ഗ്ഗോപദേശങ്ങളുടെയും ദാക്ഷിണ്യമില്ലാത്ത ദൈവനീതികഥകളുടെയും പശ്ചാത്തലത്തില്‍ പേടിച്ചുപേടിച്ചാണു ഞാന്‍ ജീവിച്ചുപോന്നത്. സിസ്റ്റര്‍ ആദ്യകുര്‍ബാന ഒരുക്കത്തിനു കാട്ടിത്തന്ന നരകപീഡനചിത്രപരമ്പര എന്റെ സമസ്തസ്വസ്ഥതകളും തകര്‍ത്തു. പൂമ്പാറ്റകളെപ്പോലെ പാറിനടക്കുന്ന കുഞ്ഞുസുന്ദരിമാരെ കാണുമ്പോള്‍ ഞാന്‍ കുളിരില്‍ വിറയ്ക്കുന്ന കുഞ്ഞുണ്ണീശോയെ വിളിച്ച് കണ്ണുകള്‍ ഇറുക്കിയടച്ചു. കണ്ണടച്ചിരുട്ടാക്കാം. ആ ഇരുട്ടിലേക്കും പ്രകാശം പരത്തുന്ന പെണ്‍കുട്ടികള്‍ കടന്നുവരുമല്ലോ. ഞാന്‍ 'പോടീ പോടീ'ന്നാട്ടിപ്പായിച്ചുനോക്കി. ഉറക്കമില്ലാതെ കിടന്നു പശ്ചാത്തപിച്ചു. ആഴ്ചതോറും കുമ്പസാരിച്ചു. മുടങ്ങാതെ പ്രായശ്ചിത്തം ചെയ്തു. ഒരിക്കലും ഞാന്‍ സ്വര്‍ഗ്ഗം മോഹിച്ചിട്ടില്ല. സിസ്റ്റര്‍ കാണിച്ച ചിത്രപരമ്പരകളിലെ നരകത്തിലെത്താതിരിക്കാന്‍ റോമിലെ പരിശുദ്ധപിതാവിന്റെ ഏകച്ഛത്രാധിപത്യത്തിലുള്ള കത്തോലിക്കാസഭയെ ശരണം പ്രാപിക്കുകയേ നിവൃത്തിയുള്ളൂ എന്നു ഞാന്‍ കണ്ടെത്തി. അങ്ങനെ ഞാനൊരു അനുസരണയുള്ള കുഞ്ഞാടായി മാറി.
എന്റെ ബാല്യകാലത്താണ് മറിയക്കുട്ടികൊലക്കേസ് മാധ്യമങ്ങളില്‍ കത്തിത്തകര്‍ക്കുന്നത്. ദീപിക വന്നാലുടന്‍ അമ്മ കേസു വിസ്താരവാര്‍ത്തകള്‍ ഞങ്ങളെ ഉറക്കെ വായിച്ചുകേള്‍പ്പിക്കും; കമ്മ്യൂണിസ്റ്റുകാരെ ശപിക്കും, കാലത്തിന്റെ തികവില്‍ കത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തമ്മിലുള്ള ഒളിസുരതം നേരിട്ടുകണ്ട് ഈ മകന്‍ ഞെട്ടി. ഒളിസേവ തുടങ്ങിവെച്ചത് ബുദ്ധിരാക്ഷസനായ നമ്പൂതിരിയാണ്. അധികാരശിശു ഒളിസേവ വഴിയേ പെറ്റുവീഴൂ! കമ്മ്യൂണിസ്റ്റുപാര്‍ട്ടി രണ്ടു തവണ തിരുത്തല്‍ ശക്തിയായി പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറായാല്‍ കേരളം നൂറുവര്‍ഷം മുന്നോട്ടുപോകുമെന്നു വിശ്വസിക്കുന്നവനാണു ഞാന്‍. ഇ.എം.എസിന്റെ ന്യൂനപക്ഷപ്രീണനനയം ഉദ്ഘാടനം ചെയ്യപ്പെട്ടത് മറിയക്കുട്ടിയെ ബലികൊടുത്തുകൊണ്ടാണ്. സെഷന്‍സ് കോടതി വധശിക്ഷയ്ക്കുവിധിച്ച പ്രതിയെ ഹൈക്കോടി വെറുതെവിട്ടപ്പോള്‍ കീഴ്‌വഴക്കമനുസരിച്ച് ഗവണ്‍മെന്റ് അപ്പീലിനു പോകേണ്ടതാണ്. പോകേണ്ടെന്ന തീരുമാനം ഇ.എം.എസിന്റേതായിരുന്നു. ബെനഡിക്ടിനെ വധശിക്ഷയ്ക്കു വിധിച്ചപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ദിവസേന വിശേഷാല്‍ പ്രാര്‍ത്ഥനകളുണ്ടായിരുന്നു. അങ്ങനെ ബെനഡിക്ട് എന്റെ മനസ്സിലെ ജീവിക്കുന്ന രക്തസാക്ഷി ബിംബമായി. സത്യമറിഞ്ഞിരുന്നെങ്കില്‍ എന്റെ ശുദ്ധയായ അമ്മ അഡ്വ. ചാരിക്കുവേണ്ടി മാത്രമല്ല ഇ.എം.എസിനുവേണ്ടിയും പ്രാര്‍ത്ഥിക്കുമായിരുന്നു.
ബെനഡിക്ടിനെ വെറുതെവിട്ടു. മറിയക്കുട്ടിക്കൊലക്കേസ് സിനിമയായി; മെത്രാന്മാരുടെ ആശീര്‍വ്വാദത്തോടെ, അച്ചനെ വെള്ളയടിക്കുന്ന സിനിമ കാണാന്‍ അച്ഛനുമമ്മയും ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അച്ചന്റെ ളോഹ മോഷ്ടിച്ച വില്ലന്‍, മറിയക്കുട്ടിയായി നടിച്ച ഷീലയെ ചപ്രം ചിപ്രം കുത്തിക്കൊല്ലുന്ന രംഗം വന്നപ്പോള്‍ അച്ഛന്‍ എന്റെ കണ്ണുപൊത്തി. സഭ ഇന്നു പ്രചരിപ്പിക്കുന്ന ഗര്‍ഭച്ഛിദ്രകഥയാണു സത്യമെങ്കില്‍ അന്നുതന്നെ അങ്ങനെ കാട്ടിയാല്‍ പോരായിരുന്നോ? ഷീലയുടെ അലറിക്കരച്ചിലും അരുവിപോലെ കുതിച്ചൊഴുകുന്ന ചോരയുമൊക്കെ ഇന്നുമെന്റെ കണ്ണിലുണ്ട്. മറിയക്കുട്ടിക്കൊലക്കേസിന്റെ നവപരിണാമത്തെക്കുറിച്ചന്വേഷിക്കാന്‍ ഈയുള്ളവനെയും 'കത്തോലിക്കാസഭാനവീകരണപ്രസ്ഥാനം' നിയോഗിച്ചപ്പോള്‍ നാല്പത്തെട്ടുവര്‍ഷം നീണ്ട തപസ്സിനു ലഭിച്ച പുണ്യഫലമായിട്ടാണെനിക്കു തോന്നിയത്.
സഭയുമായി ബന്ധപ്പെട്ട എന്റെ തിക്താനുഭവങ്ങളുടെ തുടക്കത്തിലാണ് ഞാന്‍ 'നസ്രായനും നാറാണത്തുഭ്രാന്തനും' എന്ന ഗ്രന്ഥം രചിച്ചത്. അതില്‍ വാക്കുകള്‍ക്കു പിറകില്‍ ഞാന്‍ നിറതോക്ക് ഒളിപ്പിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് പൊട്ടാസുകള്‍ പൊട്ടുന്നുണ്ടാവാം. വള്ളി നിക്കറുമിട്ട് മൂക്കളയൊലിപ്പിച്ച് ഈത്താപ്പാനീം ഒഴുക്കി നടന്നിരുന്ന എന്നെ കെടാത്ത തീയില്‍ നിന്നു രക്ഷിക്കുമെന്നു വിശ്വസിച്ച തിരുസഭയുടെ വിശ്വരൂപം പിന്നെയുള്ള ആറേഴുവര്‍ഷങ്ങള്‍കൊണ്ടാണ് ഞാന്‍ ശരിക്കുകണ്ടത്. സന്തോഷ് മാധവനും സരിതയും ശാലുവും ബിജുവും ഒക്കെ ഈ ഇന്റര്‍നാഷണല്‍ കൊമ്പന്‍ സ്രാവിനുമുമ്പില്‍ വെറും വാലുമാക്രികള്‍! ഇന്ദുലേഖാക്കേസുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളെക്കാള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞത് മറിയക്കുട്ടികൊലക്കേസിന്റെ നാരായവേരുകളിലേക്കിറങ്ങിച്ചെന്നുള്ള അന്വേഷണങ്ങളായിരുന്നു. എന്റെ കര്‍ത്താവിന്റെ സഭ ഒരു തല്ലിപ്പൊളി കറക്കുകമ്പനിയായി അധഃപതിച്ചിരിക്കുന്നു എന്ന് എനിക്കു നൂറുശതമാനവും ബോദ്ധ്യമായി. ഈ ആത്മീയ തട്ടിപ്പിനെതിരെ ഒരു പൊതുതാല്‍പ്പര്യഹര്‍ജി കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ, അതിനു സാദ്ധ്യത ഇല്ലെന്നാണ് എനിക്കുകിട്ടിയ നിയമോപദേശം. മണിമലേത്ത് പൗലോച്ചന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മറിയക്കുട്ടിയുടെ മകന്‍ ജോയിമോനും മാനനഷ്ടക്കേസുകൊടുക്കാം. കളപ്പുരയ്ക്കലച്ചന്റെ പുസ്തകം നിരോധിക്കണമെന്നപേക്ഷിക്കാം. ഞാനവരെ സമീപിച്ചുനോക്കി. അവരതിനു തയ്യാറല്ല. കത്തോലിക്കാമാഫിയായെ അവരത്രമേല്‍ ഭയപ്പെടുന്നു. കൊത്താനായുന്നത് മൂര്‍ഖന്‍ പാമ്പാണെന്നു ബോദ്ധ്യമുണ്ടെങ്കില്‍ പത്തിതന്നെ അടിച്ചുചതയ്ക്കണം. ഈ ബോദ്ധ്യമാണ് എന്റെ ഭാഷയെ അക്രമാസക്തമാക്കുന്നത്. രാജാവ് നഗ്നനാണെന്ന് ഉറക്കെത്തന്നെ വിളിച്ചുകൂവണം. അനുഭവങ്ങളുടെ ശബ്ദകോശത്തില്‍നിന്നാണ് വാക്കുകള്‍ അ ണിനിരക്കുന്നത് മോണിക്കായുടെ തേങ്ങല്‍ എപ്പോഴും നമ്മോടൊപ്പമുണ്ട്. അഭയയുടെയും ശ്രേയയു ടെയും കുട്ടപ്പന്റെയും ഒക്കെ ആ ത്മാക്കള്‍ ദൈവത്തിന്റെ തിരുസന്നിധിയില്‍ നീതിക്കായി നിലവിളിക്കുന്നു. എന്റെ ഭാഷ അമര്‍ഷരോഷങ്ങളെ ഗര്‍ഭം ധരിച്ച് വെടിയുണ്ടകളെ പ്രസവിക്കുകയും ചെയ്യുന്നു.
മറിയക്കുട്ടിയുടെ മരണവുമായി ബെനഡിക്ടച്ചന്റെ ബന്ധത്തെക്കുറിച്ച് എനിക്ക് ഉത്തമബോദ്ധ്യമുണ്ട്. മറിയക്കുട്ടി മരിച്ചുകിടന്ന സ്ഥലത്തിനടുത്തുള്ള ആര്‍ ക്കും അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പോലീസ് അച്ചനെ സംഭവസ്ഥലത്തുകൊണ്ടുവന്നപ്പോള്‍ അവിടെയുണ്ടായിരുന്നവരാണ് പലരും. നഗ്നയായി രക്തത്തില്‍ കുളിച്ചുകിടന്ന മറിയക്കുട്ടിയുടെ ബീഭത്സചിത്രം ശാരദ വര്‍ണ്ണിച്ചത് ഞാന്‍ നേരിട്ടുകേട്ടതാണ്. ആ രാത്രിയില്‍ അച്ചനെ റാന്നിയില്‍നിന്നും തിരുവല്ലയില്‍ കൊണ്ടുപോയിവിട്ട ഡ്രൈവറെ (കാറിന്റെ ഉടമയും അദ്ദേഹംതന്നെയാണ്) ഞാനദ്ദേഹത്തിന്റെ വീട്ടില്‍പോയി കണ്ടതാണ്. കാവുകാട്ടു പിതാവിനെ ഒട്ടേറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന അദ്ദേഹം ഒരു നല്ല ക്രിസ്ത്യാനിയാണ്. നിരപരാധിയായ ഒരു വൈദികനെ കുടുക്കാന്‍ അദ്ദേഹം കൂട്ടുനില്‍ക്കില്ല. അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിക്കാനിടയായി. കാവുകാട്ട് പിതാവ് സ്വന്തമായി ഒരു അന്വേഷണക്കമ്മീഷനെവച്ച കാര്യം അദ്ദേഹം പറഞ്ഞു. ആ കമ്മീഷന്റെ റിപ്പോര്‍ട്ട് പോലീസ് റിപ്പോര്‍ട്ടിലും കൂടുതല്‍, ബെനഡിക്ടിനെതിരായിരുന്നു. ആ മഹാത്മാവിന്റെ സമ്മതത്തോടുകൂടിത്തന്നെയാണ് അറസ്റ്റ് നടന്നത്. ഇക്കാര്യം ശ്രീ. പി.കെ. മാത്യു ഏറ്റുമാനുരും കൂടെക്കൂടെ അനുസ്മരിക്കാറുണ്ട്. അദ്ദേഹം ബെനഡിക്ടിന്റെ നാട്ടുകാരനാണ്. ഒരേ സ്‌കൂളില്‍ ഏതാനും വര്‍ഷംമാത്രം ജൂണിയറായി പഠിച്ചയാളാണ്. ഒന്നിച്ചു സ്‌കൂളില്‍ പോകാറുണ്ടായിരുന്ന ആളാണ്. സത്യാന്വേഷിയായ ആ മനുഷ്യന്‍ മറിയക്കുട്ടിക്കേസ് തുടങ്ങിയ അന്നുമുതല്‍ ഇന്നുവരെ, സഭയുടെ അവിഹിതമായ ഇടപെടലിനെ അനുധാവനംചെയ്യുന്നു. ഞങ്ങളെ പല സാക്ഷികളുടെയടുത്തും ബെനഡിക്ടിന്റെ നാമകരണനടപടിമൂലം നിന്ദിതരും പീഡിതരും ആയവരുടെയടുത്തും കൂട്ടിക്കൊണ്ടുപോയത് ആ മുത്തച്ഛനാണ്. പ്രധാന സാക്ഷികളിലൊരാളായ കാറുടമ ഒരുകാര്യംകൂടി പറഞ്ഞു: 'കേസുവിസ്താരം ഒട്ടേറെക്കാലം നീണ്ടുനിന്നല്ലോ. കേസ്സിലെ 42 സാക്ഷികള്‍ക്കും അക്കാലമത്രയും ഒരേ കോടതിവരാന്ത നിരങ്ങേണ്ടിവന്നു. തുടക്കത്തില്‍ പരിചയക്കാരില്ലാതിരുന്ന ഞങ്ങള്‍ കാലക്രമേണ ചിരകാലസുഹൃത്തുക്കളായ മാറി. ബെനഡിക്ടാണു മറിയക്കുട്ടിയെ കൊന്നതെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ലായിരുന്നു. അവരില്‍ കുറേപ്പേര്‍ സ്വാധീന-സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി കൂറുമാറി കള്ളസാക്ഷി പറഞ്ഞുവെന്നുമാത്രം.'
മറിയക്കുട്ടിയും ബെനഡിക്റ്റും തമ്മിലുള്ള ബന്ധവും, ചങ്ങനാശ്ശേരിയിലേക്ക് അച്ചനെ സ്ഥലം മാറ്റിയശേഷവും ആ ബന്ധം തുടര്‍ന്നതും കളപ്പുരയ്ക്കലച്ചനും സമ്മതിക്കുന്നുണ്ട്. മറിയക്കുട്ടിയുടെ വീട്ടുകാരുള്‍പ്പെടെ ധാരാളംപേര്‍ അതിനെ ഖണ്ഡിക്കുമ്പോഴും, ആ ബന്ധം വിശുദ്ധമായിരുന്നു എന്നാണദ്ദേഹത്തിന്റെ വ്യാഖ്യാനം! ഏതായാലും, ഈ 'ബന്ധു'വിനെ മറിയക്കുട്ടി മരിച്ചരാത്രിയില്‍ മന്ദമരുതിയുടെ പരിസരത്ത് പലരും കണ്ടു. മറിയക്കുട്ടിയെ അച്ചന്‍ ഭോഗിക്കുന്നതും കുത്തിക്കൊല്ലുന്നതും ആരും കണ്ടില്ല. ഏതെങ്കിലും കുറ്റവാളി, സാക്ഷികള്‍ നില്‍ക്കേ ഒരു സ്ത്രീയെ ഭോഗിച്ചുകൊല്ലുമോ? ഇനി വാദത്തിനുവേണ്ടി അച്ചനല്ല കൊലപാതകകര്‍മ്മം നിര്‍വ്വഹിച്ചതെന്നു സമ്മതിച്ചാല്‍ പ്പോലും, കൊലപാതകവുമായി അച്ചനുള്ള ബന്ധം സ്പഷ്ടാല്‍ സ്പഷ്ടതരമാണ്. സാഹചര്യത്തെളിവുകളെല്ലാം ബെനഡിക്ടിനെതിരാണ്.
ഇനി വാദത്തിനുവേണ്ടി ബെനഡിക്ട് മറിയക്കുട്ടി എന്ന സ്ത്രീയെ ജീവിതത്തിലൊരിക്കലും കണ്ടിട്ടേയില്ലെന്നു സമ്മതിക്കുക. എല്ലാം കമ്മ്യൂണിസ്റ്റുകാരുടെ തന്ത്രങ്ങളാണെന്നും സങ്കല്പിക്കുക. അപ്പോഴും കേരളത്തിലെ മെത്രാന്മാര്‍ അതിലും ഭീകരമായ ഒരു പാതകം ചെയ്തുകൊണ്ടിരിക്കുകയാണ്. മറിയക്കുട്ടിയെ കൊന്നവര്‍ അവളെ കല്ലിനു തല ചതച്ച് ഏഴുകുത്തിനുകൊന്നു. മെത്രാന്മാരാകട്ടെ നിരപരാധികളായ ഏതാനും മനുഷ്യരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. 'ഒഴിയാത്ത ദുഃഖം മാനഹാനി'യാണെന്നു കവി പറയുന്നു. ബനഡിക്ടിനെ ഏതെങ്കിലും തരത്തില്‍ 'പീഡി'പ്പിച്ചവരുടെ മക്കളും കൊച്ചുമക്കളും ഒക്കെ ഭ്രാന്തന്മാരും മന്ദബുദ്ധികളും ആയിപ്പോയെന്ന് സഭ അതിന്റെ എല്ലാ പ്രചാരണസംവിധാനങ്ങളും ഉപയോഗിച്ചു പ്രചരിപ്പിക്കുന്നു. ബെനഡിക്ടിനെ വധശിക്ഷയ്ക്കു വിധിച്ച ജസ്റ്റീസ് കുഞ്ഞിരാമന്‍ നമ്പ്യാരുടെ പുത്രനാണ് നമ്മുടെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഭരത്ചന്ദ്രന്‍ ഐ.എ.എസ്. ധര്‍മ്മക്കാരുടെ വക പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയുണ്ടാക്കുന്ന കാശുകൊണ്ടൊരുക്കുന്ന തീന്‍പണ്ടങ്ങള്‍ വെട്ടിവിഴുങ്ങാന്‍ ഇടയ്ക്കിടയ്ക്ക് എഴുന്നള്ളാറുണ്ടല്ലോ, മെത്രാന്മാരുടെ സിനഡെന്നും പറഞ്ഞ് കുറെപ്പേര്‍, കാക്കനാട്ടേക്ക്. അവിടെച്ചെന്ന് കാക്ക കരഞ്ഞിരിക്കാതെ ഒരു തവണയെങ്കിലും ഈ അപവാദവ്യവസായം ശരിയല്ലെന്നുപറയാന്‍ ഒരു മെത്രാനെങ്കിലും തോന്നിയിരുന്നെങ്കില്‍!
'അരീം തിന്നു, ആശാരിച്ചിയേം കടിച്ചു, മുറ്റത്തു തൂറീം വച്ചു. പിന്നേം പട്ടിക്കാ മുറുമുറുപ്പ്' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ബെനഡിക്ടിന്റെ നാമകരണനടപടികള്‍. ദൈവമേ.., ഇവര്‍ ചെയ്യുന്നത് കൊടുംപാതകമാണെന്നിവര്‍ക്കു നന്നായി അറിയാവുന്നതുകൊണ്ട്, ഇവരോടു നീ ഒരിക്കലും പൊറുക്കരുതേ!
No comments:
Post a Comment