Translate

Tuesday, August 6, 2013

'ദൈവവും അവിടുത്തെ ക്രിസ്തുവും' ഒരു വിശദീകരണം

സ്വാമി സച്ചിദാനന്ദഭാരഥി
         
ശ്രീ. ജോര്‍ജ് മൂലേച്ചാലിലിന്റെ 'ഇതോ മതം?' എന്ന ഉജ്ജ്വലമായ എഡിറ്റോറിയലിന് ഞാനെഴുതിയ പ്രതികരണത്തില്‍, 'ദൈവത്തെയും അവിടുത്തെ ക്രിസ്തു വിനെയും അറിയുന്നതാണ് നിത്യജീവന്‍' (യോഹ. 17,3) എന്ന ബൈബിള്‍ വാക്യം വച്ച് ഉദ്ധരിച്ചിരുന്നു. ഈ വാക്കുകള്‍ എഡിറ്ററില്‍നിന്നും പല അനുവാചകരില്‍ നിന്നും ഒരു മറുചോദ്യം ഉയര്‍ത്തി: 'ഇവിടെ ക്രിസ്തുവിനെ കൊണ്ടുവരേണ്ട ആവശ്യമുണ്ടായിരുന്നോ?' എന്നും, 'മറ്റു മതങ്ങളെയും മതസ്ഥരെയും തരംതാഴ്ത്തുന്ന ഒരവകാശവാദം അതുള്‍ക്കൊള്ളുന്നില്ലേ?' എന്നുമായിരുന്നു, അത്.

ആ ചോദ്യത്തിന്  എന്റെ മറുപടി ഇതാണ്: 'ക്രിസ്തു' എന്ന നാമത്തില്‍ ഊന്നുക എന്നത് മാത്രമല്ല, ക്രിസ്തുചൈതന്യത്തിന്റെ വ്യാപ്തി നസ്രത്തിലെ യേശു വില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്ന വസ്തുത എപ്പോഴും മനസ്സില്‍ വയ്‌ക്കേണ്ടതുമുണ്ട് എന്നാണ് എന്റെ നിലപാട്. ഞാന്‍ വിശദീകരിക്കട്ടെ:
'ആദിയില്‍  വചനമുണ്ടായിരുന്നു; വചനം ദൈവ ത്തോടൊപ്പമായിരുന്നു; വചനം ദൈവമായിരുന്നു' എന്നാണ്  യോഹന്നാന്റെ സുവിശേഷം തുടങ്ങുന്നത്. അതേ  സുവിശേഷത്തില്‍ മറ്റൊരിടത്ത് നാം വായിക്കുന്നു: 'ദൈവത്തെ ആരും കണ്ടിട്ടില്ല.' അങ്ങനെയെങ്കില്‍, വചന ത്തിലൂടെമാത്രമേ നമുക്ക് ദൈവത്തെ അറിയാനാവൂ. 'ക്രിസ്തു'വാണ് ആ വചനം.
ക്രൈസ്തവവിശ്വാസമനുസരിച്ച്, വചനം (ക്രിസ്തു) മാംസമാകുകയും, പാപത്തിലൊഴികെ മറ്റെല്ലാകാര്യത്തിലും നമ്മെപ്പോലെ ഒരു മനുഷ്യനായിത്തീരുകയും ചെയ്തു. ചരിത്രത്തിലെ ഈ ക്രിസ്തുഅവതാരമാണ് നസ്രത്തിലെ യേശു.

നസ്രത്തിലെ യേശുവാണ് 'ക്രിസ്തു'വായി അറിയപ്പെടുന്നത്. ത്രിത്വദര്‍ശന ത്തിന്റെ ആരംഭത്തില്‍ 'ദൈവം', 'ദൈവത്തിന്റെ ക്രിസ്തു', 'ദൈവത്തിന്റെ ആത്മാവ്' എന്ന ശബ്ദങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ദൈവത്തെ സംബന്ധിച്ച ത്രിത്വദര്‍ശനത്തില്‍, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ഭാഷാരൂപം പിന്നീടുണ്ടായതാണ്.
          
ദൈവത്തില്‍ തന്റെ  വചന(ദിവ്യബോധം-Devine Consciousness)വും തന്റെ ചൈതന്യ (ദിവ്യചൈതന്യംDevine spirit) വും ഉള്‍ക്കൊള്ളുന്നുണ്ട്. ഈ ദിവ്യബോധ (ക്രിസ്ത്വവബോധം - Christ Consciousness)വും ദിവ്യചൈതന്യ (ക്രിസ്തു ചൈതന്യം- Christ spiritശ) വും ആണ് മാംസ രൂപമെടുത്തു നസ്രത്തിലെ യേശുവെന്ന വിശ്വഗുരുവായി മനുഷ്യ ചരിത്രത്തില്‍ സംഭൂതമായത്. എന്നാല്‍, ഈ ക്രിസ്ത്വവബോധവും ക്രിസ്തുചൈതന്യവും നസ്രത്തിലെ യേശുവില്‍മാത്രം ഒതുങ്ങുന്ന ഒന്നല്ല. പലയളവിലും പല തോതിലും അവ ഓരോ മനുഷ്യനിലും എല്ലാ മതങ്ങളിലും എല്ലാ വേദഗ്രന്ഥങ്ങളിലും അടങ്ങിയിട്ടുണ്ട്. പക്ഷേ, മാനുഷികവും ദൈവികവുമായ പൂര്‍ണ്ണതയില്‍ അവ ഉള്‍ക്കൊണ്ടിരിക്കുന്നത് ക്രിസ്തുവായ യേശുവെന്ന വ്യക്തിയിലാണ്. അതു കൊണ്ട്, ക്രിസ്ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റെയും മാനദണ്ഡമായി യേശുക്രിസ്തുവിനെ ആര്‍ക്കും അംഗീകരിക്കാവുന്നതാണ്.

മെട്രിക് സിസ്റ്റത്തിന്റെ (metric system) സാര്‍വത്രികാടിസ്ഥാനമായി കരുതുന്നത്, പാരീസിലെ ഒരു ലബോറട്ടറിയിലെ വാക്വം ട്യൂബില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനം-ഇറിഡിയം ദണ്ഡാണ്. മീറ്ററിന്റെ ആ മാനദണ്ഡമില്ലായിരുന്നെങ്കില്‍, മെട്രിക് സിസ്റ്റം അസാധ്യമായേനെ. അതുപോലെ, മനുഷ്യചരിത്രത്തില്‍, ക്രിസ് ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റേ യുമായ ഒരു അളവുകോല്‍ ഇല്ലെങ്കില്‍, നമുക്ക് ദൈവ ത്തെയും ക്രിസ്തുവിനെയും അറിയാനാവില്ല. ദിവ്യതയുടെ ഈ അളവുകോലാണ് നസ്രത്തിലെ യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ക്രിസ്ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റെയും മൂന്നു ഘടകങ്ങളെ യേശുക്രിസ്തുവില്‍ നമുക്കു വേര്‍തിരിച്ചറിയാന്‍ കഴിയും:
1. എപ്പോഴും  എല്ലാക്കാര്യങ്ങളിലും ദൈവമനസ്സി നോടുള്ള കീഴ്‌വഴക്കം.
2. സഹജീവികളായ മനുഷ്യരോടുള്ള നിസ്വാര്‍ത്ഥ സേവനം.
3. വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയോടെ ദൈവേഷ്ടത്തിനുവേണ്ടി സ്വയം ത്യജിക്കാനുളള ത്യാഗഭാവം

ക്രിസ്ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റെയും ഈ ഘടകങ്ങള്‍  എവിടെയെല്ലാം, ആരിലെല്ലാം ഉണ്ടോ, അവിടെയെല്ലാം ദൈവവും അവിടുത്തെ ക്രിസ്തുവും ഉണ്ട്.  പക്ഷേ, ഈ ക്രിസ്ത്വവബോധത്തെയും ക്രിസ്തുചൈതന്യത്തെയും തിരിച്ചറിയുന്നതിന് ഒരു മാനദണ്ഡം ഉണ്ടാവുകയെന്നത് വളരെ പ്രധാനമാണ്. ഈ മാനദണ്ഡമാണ്, നസ്രത്തിലെ യേശുവിലും യേശുവിലൂടെയും ദൈവം നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ 'ക്രിസ്തുവായ യേശു' (Jesus the Christ) എന്നുപറയുന്നത്. 'ഞാന്‍ ആരാണെന്നാണ് നീ പറയുന്നത്' എന്ന് പത്രോസിനോട് യേശു ചോദിച്ചപ്പോള്‍, അയാള്‍ പറഞ്ഞത്, 'നീ ക്രിസ്തുവാകുന്നു' എന്നാണല്ലോ.

ക്രിസ്ത്വവബോധവും ക്രിസ്തുചൈതന്യവും എല്ലാ മതങ്ങളിലും വേദങ്ങളിലും വിശുദ്ധരിലും സന്നിഹിതമാണെന്നു പറഞ്ഞുവല്ലോ. ഉദാഹരണത്തിന്, 'ഇസ്ലാം' എന്ന ശബ്ദത്തിനര്‍ത്ഥം ദൈവമനസ്സിനു കീഴടങ്ങല്‍ എന്നാണ്. ക്രിസ്ത്വവബോധത്തിലെയും ക്രിസ്തുചൈതന്യത്തിലെയും 'കീഴടങ്ങല്‍' എന്ന ഘടകം ഇസ്ലാമില്‍ കൂടുതലായുണ്ട് എന്നുപറയാം. 'സേവനം' എന്ന ഘടകമാകട്ടെ, ക്രിസ്തുമതത്തിലും സിക്കുമതത്തിലും കൂടുതലായി കാണാം. 'ത്യാഗം' എന്ന ഘടകം ഹിന്ദു, ബുദ്ധ, ജെയ്ന്‍ മതങ്ങളില്‍ സവിശേഷമായി കണ്ടെ ത്താം. അതായത്, എല്ലാമതങ്ങളിലും വേദഗ്രന്ഥങ്ങളിലും ക്രിസ്ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റെയും ജൈവസാന്നിദ്ധ്യമുണ്ട്. ഇതുതന്നെ ലോകത്തിലുള്ള എല്ലാ വിശുദ്ധരെയും ആത്മീയ വ്യക്തികളെയുംപറ്റി പറയാം. വി. ഫ്രാന്‍സീസിനെ 'രണ്ടാം ക്രിസ്തു' എന്നുവിളിക്കുന്നതുപോലെ, മഹാത്മാഗാന്ധി യെ 'ഇന്ത്യന്‍ ക്രിസ്തു' എന്നുവിളിക്കുന്നത് എന്തു കൊണ്ടും ന്യായമാണ്.

ക്രിസ്തു, ഹിന്ദു, മുസ്ലീം, സിക്ക് മതങ്ങളിലെ ധാരാളം ദിവ്യവ്യക്തിത്വങ്ങളുമായി ഒത്തുചേര്‍ന്നുജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്, ഞാന്‍. അവരിലെല്ലാം ക്രിസ്ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റെയും സാന്നിദ്ധ്യം ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. വാസ്തവത്തില്‍, ക്രിസ്ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റെയും  സാന്നിദ്ധ്യവും പ്രേരണയും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ ശക്തമായി ഞാന്‍ കണ്ടനുഭവിച്ചിട്ടുള്ളത്, ക്രൈസ്തവസഭകള്‍ക്കുള്ളിലുളളവരിലേതിനേക്കാള്‍ പുറത്തുള്ളവരിലാണ്. 'ഈ ആട്ടിന്‍ പറ്റത്തിനു വെളിയിലും എനിക്ക് ആടുകളുണ്ട് ' എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട്, മറ്റേതു മതത്തേയുംകാള്‍ ക്രൈസ്തവസഭകളാണ് ദൈവത്തെയും അവിടുത്തെ ക്രിസ്തുവിനെയും അറിയാന്‍ കൂടുതലായി യത്‌നിക്കേണ്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു.
'സത്യദൈവത്തെയും അവിടുത്തെ ക്രിസ്തുവിനെയും' അറിയുകയെന്നാല്‍, നസ്രത്തിലെ യേശുവിലും, യേശുവിനോടൊപ്പം യേശുവിലൂടെയും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ഏക സത്യദൈവത്തെ അറിയുക എന്നതാണ്. സത്യത്തില്‍, യേശുക്രിസ്തുവിലൂടെ മാത്രമാണ് ഏകസത്യദൈവത്തിന്റെ ദര്‍ശനം മനുഷ്യനു സാധ്യമാകുന്നത്.

N.B.
ജോര്ജ് മൂലേച്ചാലിൽ  എഴുതിയിട്ടുള്ള പ്രതികരണം വായനക്കാരുടെ പ്രതികരണങ്ങൾക്ക് ശേഷം 

5 comments:

  1. Swami Sachidananda Bharathi is forced to bring in an argument to make his former statements look a little milder. It is however too weak an attempt. At the end the suspicion remains that he is as extreme as our infallible popes about the uniqueness of the church as the possessor of the real and whole truth about God, man and salvation. With all the former Popes, he also maintains that the rest of the religions only share in this truth which the Catholic Church possess in its fullness. What a naive assumption!

    And he is too repetitious in his refutation. While trying to translate it, I had real trouble to put his words in some coherence, without becoming boring. He is simply repeating himself and that is not leading to any convincing argument at all.

    Much better would have been for him to admit he has overlooked an important aspect in search of truth, namely that all the religions equally share in the knowledge of God and the Christian view is only one of them and probably a partial and insufficient view after all. That, however, requires humility, which people like him don't have at all. I don't expect any of our intelligent readers to have a different opinion about his answer as a attempt at self- defense.

    ReplyDelete

  2. യേശുവിനെ ഒരു പ്രതിഭയായും അനന്യനായ ഗുരുവായും സ്വീകരിക്കുമ്പോഴും അദ്ദേഹത്തിൽ ദൈവികപരിവേഷം ചാർത്തുന്ന രീതി അത്യുക്തിയായിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ. അതുതന്നെയാണ് കത്തോലിക്കാസഭക്ക് വെളിയിൽ രക്ഷയില്ല (= സത്യമില്ല) എന്ന വീരവാദത്തിനു പിന്നിലുള്ളതും. അതുകൊണ്ട് തന്നെ അതിൽ ജനിച്ചവർ തിരഞ്ഞെടുക്കപ്പെട്ടവർ ആയിത്തീരുന്നു. ഈ അഹന്തയാണ് ഒരിക്കലും ഉരിഞ്ഞു കളയാൻ സാദ്ധ്യമല്ലാത്ത അസഹിഷ്ണുതയിലേയ്ക്ക് സഭയിലെ പോപ്പുമാരെയും റെവ . ഡോ മാരെയും അവരെ വിശ്വസിക്കുന്ന ജനങ്ങളെയും നയിക്കുന്നത്.

    ReplyDelete
  3. 'യേശുവിനെ ഒരു പ്രതിഭയായും അനന്യനായ ഗുരുവായും സ്വീകരിക്കുമ്പോഴും അദ്ദേഹത്തിൽ ദൈവികപരിവേഷം ചാർത്തുന്ന രീതി അത്യുക്തിയായിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ"

    'യേശുവിനെ ഒരു പ്രതിഭയായും അനന്യനായ ഗുരുവായും സ്വീകരിക്കുന്നതും അത്യുക്തി തന്നെ അല്ലെ. എന്ത് പ്രതിഭയാണ് യേശു പ്രകടിപ്പിച്ചത്. തന്നെ കുറിച്ച് തന്നെ അത്യുക്തി കലര്ന്ന പ്രസ്താവനകള് നടത്തിയതോ?or Example: കുഷ്ഠ രോഗത്തിന് മരുന്നോ രോഗ കാരണമായ രോഗാണുക്കളെ കുറിച്ചോ യേശു ഒന്നും സംഭാവന ചെയ്തില്ല. അവരെ അങ്ങ് സുഖപ്പെടുത്തി എന്ന് മാത്രം. എന്നാല് അനേകം കുഷ്ടരോഗികൾക്ക് ഉപകാരപ്പെടുമായിരുന്ന ഒരു മരുന്ന് യേശു പറഞ്ഞു കൊടുത്തില്ല. പല രോഗങ്ങളും സുഖപ്പെടുത്തിയതല്ലാതെ ഒരു മരുന്നും കാരണവും പറഞ്ഞു കൊടുത്തില്ല. കുഷ്ടരോഗാനുക്കളെ ഇല്ലായ്മ ചെയ്തില്ല. പിന്നീട് വർഷങ്ങള്കഴിഞ്ഞു മനുഷ്യര് തന്നെ ആണ് മരുന്ന് കണ്ടു പിടിച്ച് മനുഷ്യ കുലത്തിന് ഉപകരപ്പെടുത്തിയത്‌. തുഴയുന്ന വള്ളത്തിനു പകരം മോട്ടോർ ബോട്ട് ഉണ്ടാക്കാനുള്ള തത്വം പറഞ്ഞു കൊടുത്തില്ല. കഴുതയ്ക്ക് പകരം കാറുണ്ടാക്കാനും പറഞ്ഞില്ല.
    സത്യത്തില് യേശുവിന് കൂടുതല് ഉള്ളത് ദൈവിക പരിവേഷം ആണ്.അത് തള്ളിക്കളഞ്ഞാല് പിന്നെ വേറെ ഒന്നിനും പ്രസക്തി ഇല്ല. മാനുഷികമായി യേശുവിനെപ്പോലത്തെ ഗുരുക്കന്മാരും യേശിവിനെക്കള് വലിയ പ്രതിഭകളും ഭൂമിയിലുണ്ടായിരുന്നിട്ടുണ്ട്. എന്നാല് ദൈവികമായി വേറെ ആരും യേശുവിനു തുല്യനായി ഇല്ല.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഇത്തരം വിഷയങ്ങളിൽ വാഗ്വാദംകൊണ്ട് ആർക്കും മുൻകൈ നേടാനാവില്ല. കാരണം, ഇവിടെ പ്രവർത്തിക്കുന്നത് യുക്തിയല്ല, വികാരവും വിശ്വാസവുമാണ്. സൃഷ്ടലോകത്തിന്റെ മദ്ധ്യവും ലക്ഷ്യവും മനുഷ്യനാണെന്നു മനുഷ്യകേന്ദ്രീകൃതമായ (anthropocentric) സിദ്ധാന്ധം മുറുകെപ്പിടിക്കുമ്പോൾ, അതല്ല, സൃഷ്ടി എന്നത് ഒരു പരിണാമപ്രക്രിയ മാത്രമാണ്, അവിടെ മനുഷ്യൻ എന്നത് ഒരു താത്ക്കാലിക തലം മാത്രമാണ്, അവന്റെ കാര്യത്തിൽ പ്രത്യേകമായി ഇടപെടുന്ന ഒരു ദൈവപരിപാലന ഇല്ല എന്നേ അനുദിനാനുഭവങ്ങളിൽ ഉറച്ച അല്പംകൂടി സ്വതന്ത്രമായ ചിന്ത പോകൂ. അവനവന്റെ മനസ്സിന് സുഖം തരുന്ന എന്തും മനുഷ്യൻ വിശ്വസിക്കും എന്ന് നമുക്കറിയാം. സത്യസായി ബാവയാണ് ഏറ്റവും കൂടിയ ദൈവാവതാരം എന്ന് വിശ്വസിക്കുന്നവർ ആയിരക്കണക്കിന് ഇന്ന് ഇന്ത്യയിലുണ്ട്. അവരെ തിരുത്താൻ വല്ല വഴിയും ഉണ്ടോ? അതിന്റെയാവശ്യമുണ്ടോ?
      നീ ദൈവപുത്രനായ മിശിഹാ ആകുന്നു എന്ന് ഒരു മുക്കുവൻ പറഞ്ഞതിന്റെ പേരിൽ മാത്രം യേശുവിന്റെ ദൈവാവതാരത്തിൽ വിശ്വസിക്കുന്നവർ ഉണ്ട്. അന്നുകാലത്ത്, അസാധാരണ മാനസ്സിക, ബൌദ്ധിക കഴിവുകൾ പ്രകടിപ്പിക്കുന്ന ആരെയും അങ്ങനെ വിളിച്ചിരുന്നു. എന്ന് വച്ച് ഇന്ന് മനസ്സിലാക്കുന്ന തരത്തിലുള്ള അർത്ഥം അതിനു പകര്ത്തുക യുക്തമാണോ? എന്നാൽ അതിൽ തെറ്റു പറയാമോ? വൈദ്യുതി ശരീരത്തിൽ കൂടി കടന്നു പോയാൽ ഒന്നും സംഭാവിക്കാത്തവർ ഉണ്ട്. അതിന്റെ പേരില് അവർ ദൈവപുത്രർ ആകുമോ? എന്നാൽ അല്ലെന്നു പറയാമോ? എന്തും വിശ്വസിച്ചുകൊണ്ട് അതാണ്‌ സത്യം എന്ന് വിചാരിക്കുന്ന ജീവിയാണ് മനുഷ്യൻ എന്ന് നിർവചിച്ചാലും തെറ്റല്ല. ഇന്നുള്ള രാഷ്ട്രീയക്കാരിൽ ഏറ്റവും നല്ല ഭാഷ പി.സി. ജോർജിന്റെതാണെന്ന് ചില പൂഞ്ഞാറുകാരെങ്കിലും വിശ്വസിക്കുന്നുണ്ട്. അവരെ തിരുത്തണോ? ഒരു കണക്കിന് അവർ പറയുന്നതിൽ അവരുടെ ശരിയില്ലേ? തട്ടുകടയിൽ ചായ കുടിച്ചിരിക്കുമ്പോൾ ഇങ്ങനെ ഓരോ വിഷയങ്ങൾ ചര്ച്ച ചെയ്യാനില്ലെങ്കിൽ ബോറടിക്കയില്ലേ? കേട്ടിരുന്നു ചിരിക്കുക, ജോര്ജിനെ കാണുമ്പോൾ ഒരു സ്തുതി പറയുക, തീര്ന്നു പ്രശ്നം.

      Delete