Translate

Thursday, August 22, 2013

ചൊവ്വാദോഷം എന്നൊരു ദോഷമില്ല !



ചൊവ്വാദോഷത്തിന്റെ പേരില്‍ നടക്കുന്നതെല്ലാം കളളമാണെന്ന്‌ സ്വാമി സന്ദീപ്‌ ചൈതന്യ. ചൊവ്വാ ദോഷം വിവാഹത്തിന്‌ തടസമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചൊവ്വാദോഷം ഉണ്ടെന്ന്‌ പറയുന്നത്‌ തന്നെ അറിവില്ലായ്‌മയാണ്‌. ചൊവ്വ ദോഷത്തിന്‌ ഒരു ശാസ്‌ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം പറയുന്നു. ജ്യോതിഷികള്‍ നടത്തുന്ന തട്ടിപ്പാണ്‌ ചൊവ്വാദോഷത്തിന്‌ പിന്നിലുളളതെന്നും അദ്ദേഹം ആരോപിക്കുന്നു. ജ്യോതിഷി തന്നെ അപകടകാരിയാണ്‌. വിശ്വാസിയുടെ വൈകാരികതയെ ചൂഷണം ചെയ്‌താണ്‌ ഇവര്‍ നിലനില്‍ക്കുന്നത്‌. അതേസമയം ജ്യോതിഷം ശാസ്‌ത്രമാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. 

വേദത്തിന്റെ ആറ്‌ ഘടകങ്ങളില്‍ ഒന്നാണ്‌ ജ്യോതിഷം. ജ്യോതിഷി തട്ടിപ്പ്‌കാരനാണെന്ന്‌ തെളിയിക്കാന്‍ താന്‍ ആരുമായും സംവാദത്തിന്‌ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തട്ടിപ്പുകളെ മറികടക്കാന്‍ സ്വയം സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിവതും ദൂരദേശത്ത്‌ നിന്ന്‌ പങ്കാളിയെ കണ്ടെത്തണമെന്നും അദ്ദേഹം ഉപദേശിച്ചു.  രണ്ട്‌ സംസ്‌കാരങ്ങളുടെ സംഗമത്തിലൂടെ നല്ലൊരു സന്തതി പരമ്പരയെ കിട്ടും. ഭക്തന്‍ ദൈവത്തിന്‌ പണം നല്‍കുന്നതും മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തിന്‌ എന്തിനാണ്‌ പണമെന്നും അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളില്‍ പണം നല്‍കാതെ സമൂഹത്തിലെ മറ്റ്‌ നല്ലകാര്യങ്ങള്‍ക്ക്‌ വേണ്ടി ആ പണം ഉപയോഗിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പുരാതന ക്ഷേത്രങ്ങളില്‍ ഭണ്ഡാരവും കാണിക്കവഞ്ചിയും ഒന്നുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ആധുനിക മനുഷ്യന്റെ സൃഷ്ടികളാണ്‌ ഇത്തരം ഭണ്ഡാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

3 comments:

  1. വന്ദ്യനായ ഒരു ഹിന്ദു തന്നെ ഹിന്ദുക്കൾ വ്യാപകമായി വിശ്വസിക്കുന്ന ഒരു കാര്യം അടിസ്ഥാനമില്ലാത്തതാണെന്ന് പറയുന്നത് അസാധാരണമാണ്. ഇങ്ങനെയൊരു പ്രസ്താവന വിവരമുള്ള ഒരു സ്വാമി തന്നെ ഏതു വെല്ലുവിളിക്കും എതിരെ നടത്തുമ്പോൾ ഇതുവരെ ചിന്തിക്കാതിരുന്നവർ ചിന്തിച്ചു തുടങ്ങും. അടിസ്ഥാനമില്ലാത്ത ഇത്തരം എത്രയോ വിശ്വാസങ്ങളാൽ നയിക്കപ്പെടുന്നവർ ഹിന്ദുവിശ്വാസികളുടെ കൂട്ടത്തിൽ മാത്രമല്ല ക്രിസ്ത്യാനികളുടെ ഇടയിലും ഉണ്ട് എന്നത് പരക്കെ അറിവുള്ള കാര്യമാണ്. എന്നാലും ഒരു പുരോഹിതനും അവയിലെ അസത്യം പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിക്കുന്നില്ല. അല്മായരിൽ ആരെങ്കിലും അതിനു തുനിഞ്ഞാൽ അയാളെ വിവരംകെട്ട യുക്തിവാദിയായി മുദ്രകുത്തും, ഒറ്റപ്പെടുത്തും. ഈയിടെയാണ് ഫാ. ജോസ് വെട്ടിക്കാട്ട് വളച്ചു ചുറ്റി പറഞ്ഞത്, മരിച്ചവര്ക്ക് വേണ്ടിയുള്ള ഒപ്പീസുകളിൽ വലിയ കാര്യമൊന്നും അവരുടെ സ്വന്തക്കാരു പോലും കാണുന്നില്ല, എന്നിട്ടും വെറും ശീലത്തിന്റെ ബലത്തിൽ അതൊക്കെ അങ്ങനെ അങ്ങ് നടത്തുന്നു എന്ന്. മരിച്ചവരെയും പൂർവികരെയും ബഹുമാനിക്കുന്നത്‌ ഒരു കാര്യം, അവരുടെ പേരിൽ ആണ്ടോടാണ്ട് പള്ളിയിലും വീട്ടിലും ഓരോ ചടങ്ങ് നടത്തിയും അച്ചന്മാർക്ക് കാശു കൊടുത്ത് അവരെ സ്വർഗത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതുമൊക്കെ മറ്റൊന്ന്. കാലം ചെല്ലുന്തോറും ആരുടെയെങ്കിലും ആണ്ട് എല്ലാ മാസവും ആഘോഷിക്കേണ്ടി വരിക അത്ര സുഖമുള്ള കാര്യമല്ല. ഒന്ന് ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിറുത്താനും മേല. "ഞാനിങ്ങെത്തി, ഇനി എന്റെ പേർക്കുള്ള കുര്ബാന നിറുത്തിക്കോ" എന്ന് പറയാൻ ആരുമൊട്ടു വന്നതായി കേട്ടിട്ടുമില്ല. പത്തിരുപതു വര്ഷം കഴിഞ്ഞിട്ടും മരിച്ചുപോയ വല്യപ്പന്റെ ആത്മശാന്തിക്കായി കുർബാന ചൊല്ലിച്ചുകൊണ്ടിരിക്കുക എന്ന് വച്ചാൽ അത്ര ഭീകരമായ എന്തോ ഒക്കെ ചെയ്തു കൂട്ടിയിട്ടാണ്‌ അദ്ദേഹം പോയത് എന്ന് വിശ്വസിക്കുന്നു എന്നല്ലേ അർത്ഥം? എന്റെ ബന്ധുക്കളെല്ലാം നല്ലവരായി മരിച്ചു സ്വർഗത്തിൽ നേര്ട്ടു തന്നെ എത്തി എന്ന് വിശ്വസിക്കുന്നതുകൊണ്ട്‌ ആർക്കു വേണ്ടിയും ഇതുവരെ ഒരു കുര്ബാനയോ ഒപ്പീസോ ഞാൻ ചൊല്ലിച്ചിട്ടില്ല.

    മുഹൂര്ത്തം, രാഹുകാലം എന്നിവ നോക്കുന്ന രീതി ഇപ്പോൾ ക്രിസ്ത്യാനികളും പരക്കെ ചെയ്തുപോരുന്നു. വെളാങ്കണ്ണിയിലും മറ്റും പോയി തല മുട്ടയടിച്ച് നേര്ച്ച തീര്ക്കുന്നതുപോലെ ഓരോന്ന് ഹിന്ദുക്കളിൽ നിന്ന് അനുകരിക്കാൻ ഇപ്പോൾ ധാരാളം പേര് തയ്യാറാകുന്നുണ്ട്. അനുകരിക്കാനാണെങ്കിൽ വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട്. ദിവസവും രണ്ടു നേരമെങ്കിലും ഗായത്രി മന്ത്രം ആലപിക്കുന്നത് അതിലൊന്നാണ്.

    നല്ലവനായ ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണ് പല അന്ധാചാരങ്ങളുടെയും രീതി നോക്കിയാൽ. ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ അത്ര വ്യാപകമാല്ലാതിരുന്ന കാലത്ത്, പല ഭയങ്ങളും അകറ്റാൻ സാധാരണക്കാർ പൂജാരികളുടെയും വെളിച്ചപ്പാടുകളുടെയുമൊക്കെ സഹായം തേടിയിരുന്ന രീതി ഇന്നത്തെ സമൂഹത്തിൽ തുടരുന്നത് ലജ്ജാകരമായ അജ്ഞതയുടെ ലക്ഷണമാണ്. അറിവുള്ളവർ അതിനു കൂട്ട് നില്ക്കുകയോ അത് വഴി പണം പിടുങ്ങാൻ ശ്രമിക്കുകയോ ചെയ്യുന്നത് കൊടും വഞ്ചനയാണ്. ദൈവത്തിന്‌ പണമാവശ്യമില്ല, അതുകൊണ്ട് ക്ഷേത്രങ്ങളില്‍ പണം നല്‍കാതെ സമൂഹത്തിലെ നല്ലകാര്യങ്ങള്‍ക്ക്‌ വേണ്ടി ആ പണം ഉപയോഗിക്കാൻ സ്വാമി സന്ദീപ്‌ ചൈതന്യ പറയുന്നത് കേട്ടെങ്കിലും അങ്ങനെ തങ്ങളുടെ പള്ളികളിലും വിളിച്ചു പറയാൻ ധാരാളം വൈദികർ മുന്നോട്ടു വരട്ടെ.

    ReplyDelete
  2. അന്ധവിശ്വാസങ്ങൾ മനുഷ്യനിൽ മനുഷ്യനോളംതന്നെ കാലപ്പഴക്കം ഉണ്ട്. ഇതിന്റെ പേരിൽ ചൂഷണം ചെയ്യുവാൻ മത്സരങ്ങൾ എല്ലാ മതങ്ങളിലും ഒരുപോലെ കാണാം. ക്രിസ്ത്യാനികൾ പലപ്പോഴും ഹിന്ദുമതാചാരങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പരിഹസിക്കുന്നത് കാണാം. തങ്ങളുടെ മതമാണ്‌ മെച്ചമെന്ന് എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും അവകാശപ്പെടുന്നതും കേൾക്കാറുണ്ട്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മറ്റുള്ള മതങ്ങളെ ബഹുമാനിക്കാൻ ക്രിസ്ത്യാനികൾ തയ്യാറാകുന്നില്ല. യേശുവിനെയോ ദൈവത്തെയോ വിശ്വസിച്ചില്ലെങ്കിൽ പതിനായിരക്കണക്കിന് വർഷങ്ങൾ നിത്യനരകം കിട്ടുമെന്നു പറയുന്ന ദൈവം എവിടെയാണ് കരുണയുള്ളവനാകുന്നത്. അങ്ങനെയുള്ള ഒരു സങ്കല്പ്പദൈവം ഹിറ്റ്ലറെക്കാൾ ക്രൂരനല്ലേ? മനുഷ്യാവകാശങ്ങളെ ഈ ദൈവം ലംഘിക്കുന്നുവെന്നല്ലേ അർത്ഥമാക്കേണ്ടത്? ലോകത്ത് അസമാധാനം ഉണ്ടാക്കി വിശ്വസിക്കുന്ന ഇത്തരം ദൈവം എന്തേ സാഡിസ്റ്റോ?

    അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്ന ഹിന്ദുക്കൾക്ക് ക്രിസ്ത്യാനികളെക്കാൾ പരമമായ ഒരു തത്ത്വമുണ്ട്. അതാണ്‌ ധർമ്മമെന്ന് പറയുന്നത്. ക്രിസ്ത്യാനികളോട് ചോദ്യംചെയ്യാതെ കണ്ണുമടച്ച് വിശ്വസിക്കണമെന്നാണ് മതപുരോഹിതർ പഠിപ്പിച്ചിരിക്കുന്നത്‌. ഈ അന്ധവിശ്വാസം മനസ്സിൽ നിറച്ചുകൊണ്ടാണ് ഹിന്ദുക്കളെ നന്നാക്കാൻ നടക്കുന്നത്. അതേസമയം ഹിന്ദുമതം ധർമ്മമാണ് വലുതെന്നും പഠിപ്പിക്കുന്നു.


    സത്യം അറിയുന്നുവെന്ന് എല്ലാവരും അവകാശപ്പെടും. പുരോഹിതരും പാസ്റ്ററും സത്യം അറിയുന്നുവെന്നും പറയും. എന്നാൽ സത്യത്തെ കണ്ടുപിടിക്കുകയെന്നതാണ് കാഠിന്യമേറിയത്. വിശ്വാസം മാത്രം വെച്ചുപുലർത്തുന്ന ക്രിസ്ത്യാനിക്ക് അത് സാധിക്കില്ല. ഒരു ക്രിസ്ത്യാനിയുടെ കുടുംബത്തിൽ മാതാപിതാക്കൾ തങ്ങളുടെ വിശ്വാസം മക്കൾക്ക്‌ പറഞ്ഞുകൊടുക്കും. അത് സത്യമേയല്ല. അതിന്റെ അർത്ഥം സത്യമെന്ന് വിശ്വസിക്കുന്ന ഈ അസത്യം അന്ധവിശ്വാസമെന്നാണ്. യേശുവിനെ യുക്തിയില്ലാതെ മനസ്സിൽ കുടിയിരുത്തിയാലും അന്ധവിശ്വാസം തന്നെയാണ്. ബൈബിൾ ദൈവത്തിന്റെ അധരങ്ങളിൽനിന്ന് വിശ്വസിക്കുന്നവനും മറ്റൊരുതരം അന്ധവിശ്വാസം വെച്ചുപുലർത്തുന്നു. മതവും സത്യവും രണ്ടാണ്. ഒരുപക്ഷെ സത്യത്തിന്റെ ഒഴുക്ക് നമുക്ക് മറ്റുമതങ്ങളിൽ കൂടുതലായി കാണുവാൻ സാധിക്കുന്നു. അതുകൊണ്ടാണ് ഹിന്ദുമതത്തിലെ ധർമ്മം ഇവിടെ ചൂണ്ടികാണിച്ചത്. ഇങ്ങനെയുള്ള സത്യം വിശ്വസിച്ചാൽ ക്രിസ്തുമതത്തിൽ പിന്നീട് എനിക്ക് സ്ഥാനവുമില്ല. പുരോഹിതൻ അക്രോശിച്ചുകൊണ്ട് പറയും. "നീ മനസിലാക്കുന്നതല്ല ക്രിസ്തുമതം. ക്രിസ്തുമതം ഭൌതികമല്ല, ആത്മീയമാണ് നിറഞ്ഞിരിക്കുന്നത്‌. നീ ആത്മീയമായ സത്യത്തെയാണ്‌ അനേഷിക്കേണ്ടത്". ഒരു ജീവിതം മുഴുവൻ കേട്ടിട്ടും പുരോഹിതന്റെ വേലപിടിച്ച ഈ സത്യം എന്റെ യുക്തിയിൽ സ്ഥാനംപിടിക്കുന്നില്ല.


    ഇന്ന് ലോകത്ത് ജീവിച്ചവരിൽ 99 ശതമാനം അന്ധവിശ്വാസത്തിൽ വിശ്വസിച്ചിരുന്നവരാണ്. ഇന്നും ആ വിശ്വാസത്തിന്റെ അനുപാതത്തിൽ യാതൊരു മാറ്റമില്ലാതെ തുടരുന്നു. വിദ്യാഹീനരായ ജനതയായിരുന്നു ഈ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നത്. അവർകേട്ട വിശ്വാസങ്ങളെല്ലാം സ്വന്തം കുടുംബത്തിൽനിന്നും പ്രാകൃതസമൂഹത്തിൽനിന്നും മതത്തിൽനിന്നുമായിരുന്നു. ഭൂമി പരന്നതെന്നും നക്ഷത്രങ്ങൾ മരിക്കില്ലെന്നും ഭൂമി പ്രപഞ്ചത്തിന്റെ മദ്ധ്യേ സ്ഥിതിചെയ്യുന്നുവെന്നും വിശ്വസിച്ചു. ഇത് യഹൂദൻ കണ്ടുപിടിച്ച വിശ്വാസമല്ല. യഹൂദന് യഹോവാ കൊടുത്ത വിശ്വാസവുമല്ല. അവനുകിട്ടിയ ഈ വിശ്വാസം സുമേരിയൻ സംസ്ക്കാരത്തിൽനിന്നായിരുന്നു. പ്രക്രുതിയെപ്പറ്റിയും നക്ഷത്രങ്ങളെപ്പറ്റിയും അറിവില്ലാത്തവൻ എഴുതിയുണ്ടാക്കിയ വചനങ്ങളൊക്കെ യഹോവായുടെ അധരങ്ങളിൽനിന്ന് വന്നതെന്ന് ഭ്രാന്തൻക്രിസ്ത്യാനികളും വിശ്വസിക്കുന്നു. തന്മൂലം അനേക സംസ്ക്കാരങ്ങളെ നശിപ്പിച്ച് രാജ്യങ്ങളും സാമ്രാജ്യങ്ങളും പുരോഹിതവർഗം പിടിച്ചടക്കി.

    ReplyDelete
  3. അന്ധവിശ്വാസങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നവരിലും അത് വേണ്ടത്ര ഉണ്ടെന്നു പരോക്ഷമായി ശ്രി. ജൊസഫ് മാത്യു പറയുന്നത് തെറ്റല്ല. യുക്തിസഹമായി അല്ലെങ്കില്‍ ശസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലായെന്നതുകൊണ്ട് നാം തന്നെ അന്ധവിശ്വാസമെന്നു കരുതുന്ന എല്ലാം അങ്ങിനെതന്നെ ആയിരിക്കണമെന്നുമില്ല. സന്ദീപ് സ്വാമിയെപ്പോലെ അറിവുള്ളവര്‍ പറയുന്നതുകൊണ്ട് ചിലരെങ്കിലും വിശ്വസിച്ചെങ്കിലായി. ഭാവി പ്രവചനങ്ങളെപ്പറ്റി ലോബ്സാംഗ് റാമ്പാ എന്ന ബുദ്ധിസ്റ്റ് പണ്ഡിതന്‍ പറയുന്നത് ഒരു വിമാനത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് വീഴുന്നത് കണ്ടിട്ട് അവന്‍ അഞ്ചു മിനിട്ടിനുള്ളില്‍ മരിക്കും എന്ന് പറയുന്നതുപോലെയേ അത് ഉള്ളൂവെന്നാണ്. പ്രവചനം യാഥാര്‍ത്യമായെക്കാം, പക്ഷേ അയാള്‍ മരിക്കാതിരിക്കാനുള്ള സാദ്ധ്യതയും ഉണ്ട്. അതും കൂടി കാണണമെങ്കില്‍ ഉള്‍ക്കാഴ്ച കൂടി ഉണ്ടായിരിക്കണം എന്നാണദ്ദേഹം പറഞ്ഞത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും നില നോക്കി ഒരു കാര്യവും പൂര്‍ണ്ണമായി തീരുമാനിക്കാന്‍ സാദ്ധ്യമല്ല എന്നാണു അദ്ദേഹം ഉദ്ദേശിച്ചത്.

    അതുപോലെ തന്നെ നിര്‍ണ്ണായകമായ ഒരു കാര്യമാണ് കര്‍മ്മത്തിന്‍റെ ശാസ്ത്രം. Every action has got an equal and opposite reaction എന്ന നിയമം അനുസരിച്ച് കാരണം സൃഷ്ടിക്കുന്നവന്‍ ഫലവും അനുഭവിക്കേണ്ടി വരും. വാളെടുക്കുന്നവന്‍ വാളാലെയെന്നും, വിതച്ചത് കൊയ്യുമെന്നും യേശു പറഞ്ഞപ്പോള്‍ ഇത് മാറ്റാനാവാത്ത ഒരു നിയമം ആണെന്ന് നാം മനസ്സിലാക്കണം. ഒരു ചെറിയ കാര്യം പോലും പ്രപഞ്ചത്തില്‍ അതിന്‍റേതായ അനുരണനങ്ങള്‍ സൃഷ്ടിക്കും എന്നുള്ളതുകൊണ്ട് വാക്ക് കൊണ്ടായാലും പ്രവൃത്തികൊണ്ടായാലും അറിഞ്ഞോ അറിയാതെയോ പ്രപഞ്ചത്തിന്‍റെ ഗതി വ്യത്യാസത്തിനു കാരണമായാല്‍ അതുണ്ടാക്കുന്ന ഫലത്തിനും കാരണം സൃഷ്ടിക്കുന്നവന്‍ ഉത്തരവാദിയായിരിക്കും. അതായത്, ഒരുവന്‍ ഒരു ദിവസത്തിനുള്ളില്‍ മരിക്കുമെന്ന് ഒരാള്‍ അറിയുന്നുവെന്നു വെയ്ക്കുക. അയാള്‍ അത് അസ്ഥാനത്ത് പ്രവചിക്കുമ്പോള്‍ നടക്കേണ്ടിയിരുന്ന കാര്യങ്ങളില്‍ വരുന്ന വ്യത്യാസം കൊണ്ടുണ്ടാകുന്ന ഫലത്തിന്‍റെ ഉത്തരവാദിയുമാകുന്നു. അതുകൊണ്ടാണ് അറിയുന്നവന്‍ പറയുന്നില്ല, പറയുന്നവന്‍ അറിയുന്നുമില്ലായെന്നു പറയപ്പെടുന്നത്‌. തന്നെ. ചുരുക്കത്തില്‍, സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രവചിക്കുന്ന ഒരുവന്‍റെയും ജീവിത യാത്ര സുഖകരമായിരിക്കാന്‍ ഇടയില്ല, കാരണം അവന്‍ അനുഭവിച്ചു തിര്‍ക്കേണ്ട കര്‍മ്മദോഷങ്ങള്‍ അത്രകണ്ട് വലുതായിരിക്കും. അത് ദര്‍ശനവരം മൂലമായാലും നിയമം നിയമം തന്നെ. വരുന്നതെല്ലാം നല്ലതെന്ന് കണ്ട് സുഖത്തിലും ദുഖത്തിലും സമനില വിടാതെ കിട്ടിയതിനെല്ലാം ഈശ്വരനു നന്ദി പറഞ്ഞുകൊണ്ട് ജീവിക്കുക, അവിടെ ഈശവരന്‍ ഒപ്പം ഉണ്ടാവും, യാതൊന്നിനെയും ഭയക്കെണ്ടിയും വരുന്നില്ല.

    ReplyDelete