Translate

Sunday, August 25, 2013

വരുന്നൂ, സോളാര്‍ മലബാര്‍ സഭ !

ഇക്കഴിഞ്ഞ ഞായറാഴ്ച (25-08-13) സീറോ മലബാര്‍ സിനഡ് ഇറക്കിയ ഒരു പ്രസ്താവനയുടെ സംഗ്രഹം പത്രങ്ങളില്‍ കണ്ടു. സമുദായ സൗഹൃദം വളര്‍ത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അതിലൂടെ വിശ്വാസികളെ സിനഡ് ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രനിര്‍മ്മാണത്തിനുള്ള ആഗ്രഹം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം, അല്മായര്‍ പൊതുവേദികളില്‍ വന്ന് നന്മക്കുതകുന്ന പരിപാടികള്‍ ഏറ്റെടുക്കണം, ബൌദ്ധിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സഭയുടെ മൂല്യങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം എന്നൊക്കെ സിനഡ് ആഗ്രഹിക്കുന്നതായും അതില്‍ കണ്ടു.

എത്രമാത്രം അന്ധതയിലാണ് സിനഡ് ആയിരിക്കുന്നതെന്ന് വിളിച്ചുപറയുന്ന ഒരു കുറിപ്പായി മാത്രമേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. ഭാരതത്തെ മുഴുവന്‍ ക്രൈസ്തവവല്‍ക്കരിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും സഭയുടെ ഓരോ പ്രവര്‍ത്തനവും അതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും ഇതേ സിനഡ് പറഞ്ഞത് കേരളത്തിലെ ഒരു TV ചാനല്‍ പ്രക്ഷേപണം ചെയ്തിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഒറ്റപ്പെട്ട സാഹചര്യങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ മിഷനറിമാരെ കാണ്ഡമാലിനേക്കാള്‍ കൂടുതല്‍ ഭീകരമായ ആക്രമങ്ങളില്‍ പെടുത്താനെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂയെന്നു മനസ്സിലാക്കാന്‍ പോലുമുള്ള സാമാന്യ ബുദ്ധി സിനഡിന് ഇല്ലാതെ പോയി. മെത്രാന്മാരുടെ ആഗ്രഹം നല്ലത് തന്നെ; സഭയുടെ വളര്‍ച്ചയുടെ ആദ്യകാലത്ത് കേരളത്തിലെ പ്രമുഖ ദേവാലയങ്ങളെല്ലാം ക്ഷേത്രങ്ങളുടെ അടുത്തു തന്നെയായിരുന്നു. നമ്മെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മറ്റു മതസ്ഥര്‍ എന്തുകൊണ്ട് നമ്മെ ഇന്ന് വെറുക്കുന്നു? കുംഭകുടം പോയ വഴി ഹന്നാന്‍ വെള്ളം തളിച്ച് ശുദ്ധീകരിച്ച പുരോഹിതന്‍ മാത്രമാണോ ഇതിനുത്തരവാദി? അന്യ മതസ്ഥരുടെ ആചാരാനുഷ്ടാനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുന്ന പ്രസംഗങ്ങള്‍ നിര്‍ത്താന്‍ ആദ്യം അജപാലകരെ ആഹ്വാനം ചെയ്തിട്ടാകാമായിരുന്നു അല്മായനുള്ള നിര്‍ദ്ദേശം. ഓണത്തിനും വിഷുവിനും പാട്ടുകുര്‍ബാന ചൊല്ലിയാല്‍ വളരുന്നതല്ല മത സൌഹാര്‍ദ്ദം. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ ഭൂരിപക്ഷ സമുദായത്തിന്‍റെ മേല്‍ കടന്നുകയറുന്നത് അല്മായരാണെന്നു തോന്നും സിനഡിന്‍റെ അഭിപ്രായം കേട്ടാല്‍. കുറച്ചു കാലമായി പഴി മുഴുവന്‍ അല്മായന്‍റെ മുതുകിലാണ്. മാതൃക സിനഡില്‍നിന്നു തന്നെ തുടങ്ങുവാന്‍ തീരുമാനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ദീപിക ഫാരിസിനു കൈമാറിയതും, യൂസഫ്‌ അലിയെ ലോക അല്മായാ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതും സമുദായ സൗഹൃദം ലക്ഷ്യമിട്ടുള്ള നടപടികള്‍ ആയിരുന്നില്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിവുള്ളതല്ലേ?

രാഷ്ട്രനിര്‍മ്മാണത്തിനുള്ള ആഗ്രഹം കുട്ടികളില്‍ ജനിപ്പിക്കണം എന്നുള്ളതും നല്ല ആഗ്രഹം തന്നെ, സംശയമില്ല. ഇതിനു അല്‍പ്പം ചരിത്രവും കൂടി പരിശോധിച്ചാല്‍ കൊള്ളാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുവെന്ന പേരില്‍, ഗാന്ധിജിയുടെ പിന്നാലെ പോയി എന്ന പേരില്‍ സഭ പുറന്തള്ളിയവരുടെ ഒരു നീണ്ട നിര തന്നെ കേരളത്തിലുണ്ടായിരുന്നു. രാജ്യത്തിന്‌ കൊടുക്കേണ്ട നികുതിപോലും വെട്ടിച്ചു പണം സ്വരുക്കൂട്ടുന്ന പ്രസ്ഥാനങ്ങളാണ് സഭയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗവും. സഭയുടെ കണക്കുകള്‍ പരിശോധിക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്നുള്ള നിലപാടല്ലേ സഭയുടേത്? ഇന്ത്യയില്‍ ആയിരുന്നുകൊണ്ട് ഈ രാജ്യത്തിന്‍റെ എല്ലാ അവകാശങ്ങളും ആസ്വദിച്ചുകൊണ്ട്‌ അന്യരാഷ്ട്രമായ വത്തിക്കാന്‍റെ കാനോണ്‍ നിയമവും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്ന സഭക്ക് ഇതിനെപ്പറ്റി ഉപദേശിക്കാന്‍ എന്തവകാശം? ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാണിച്ച മാതൃക ആരും മറന്നിട്ടില്ല. മെത്രാന്‍ സഞ്ചരിച്ച വണ്ടിയുടെ ഡ്രൈവറെ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ഉദ്യോഗസ്ഥന് കൂടും കുടുക്കയും പെറുക്കി സ്ഥലം വിടേണ്ടി വന്ന സംഭവവും നടന്നത് ഈ രാജ്യത്ത് തന്നെയാണ്. രാഷ്ട്രനിര്‍മ്മാണത്തെ രണ്ടാം ലക്ഷ്യമായി പോലും കണ്ടിട്ടില്ലാത്ത കത്തോലിക്കാ സഭക്ക് നട്ടെല്ല് നിവര്‍ത്തി നിന്ന് ഇതെങ്ങിനെ പറയാന്‍ കഴിയും?
   
അല്മായര്‍ പൊതു വേദികളില്‍ വന്ന് പൊതുനന്മ ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നു സിനഡ് ആഗ്രഹിക്കുന്നു. വളരെയേറെ കത്തോലിക്കര്‍ പൊതുനന്മ ലാക്കാക്കിയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ഇപ്പോഴും അത്തരം മേഖലകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. അവര്‍ മെത്രാന്മാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നില്ലായെന്നുള്ളതല്ലേ ഈ പരിദേവനത്തിന്‍റെ കാതല്‍? ഉദാഹരണങ്ങള്‍ നിരത്തി ഒരു വഴക്കിനു ഞാന്‍ വഴിമരുന്നിടുന്നില്ല. സാമൂഹ്യ സേവനത്തിനു ഇറങ്ങിത്തിരിച്ച മദര്‍ തെരേസാക്ക് സഭയില്‍ നിന്ന് തന്നെ നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇതിലെ ആത്മാര്‍ഥത കാണാം.  കുറെ ഫോറങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് പരിഹരിക്കാവുന്ന പ്രശനമല്ല ഇത്. സഭയുടെ നേതൃത്വത്തിലുള്ള ആസ്പത്രികളില്‍ നടക്കുന്ന തീവെട്ടിക്കൊള്ളകള്‍ കഥ പറയും. കാഞ്ഞിരപ്പള്ളിയില്‍ പെനുവേല്‍ അഗതി മന്ദിരത്തിന്‍റെ പേരില്‍ നടന്നത് ഏഴര കോടിയോളം രൂപയുടെ തിരിമറിയാണ്. പരി. ആത്മാവിനോ ഏതെങ്കിലും വിശുദ്ധര്‍ക്കോ തന്നെ  സഭയുടെ അനുവാദം കൂടാതെ പ്രത്യക്ഷപ്പെടാനോ എന്തെങ്കിലും പ്രവൃത്തിക്കാനോ പോലും അനുവാദമില്ലാത്ത വേറൊരു ക്രൈസ്തവ സഭാ സമൂഹം ഭൂമുഖത്ത് കാണില്ല. ജീസസ് യൂത്ത് എന്ന സംഘടനയെ ജാരസന്തതിയെന്നു വിശേഷിപ്പിച്ചതും സിനഡ് തന്നെയല്ലേ?

ബൌദ്ധിക മേഖലയിലുള്ള ചിലര്‍ മാറി ചിന്തിക്കുന്നതിനെപ്പറ്റി അന്വേഷിക്കണം എന്നും സിനഡ് ആവശ്യപ്പെടുന്നു. ബൌദ്ധിക ശേഷിയുള്ള ചിലര്‍ എന്ന് പറയുന്നതിനു പകരം  ഭൂരിഭാഗവും എന്നായിരുന്നു പറയേണ്ടിയിരുന്നത്. മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ച എല്ലാ പ്രഗല്‍ഭരും തന്നെ സഭാ വിരുദ്ധരായിരുന്നു. പെണ്ണെഴുത്തിന്‍റെ പേരില്‍ റോസി തോമസും, സാറാ ജോസഫുമൊക്കെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടത് മറക്കാന്‍ കാലമായില്ലല്ലോ. ഒരപവാദം എന്ന് പറയാന്‍ ഒരു മുട്ടത്തു വര്‍ക്കിയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം എഴുതിയതെല്ലാം പൈങ്കിളി സാഹിത്യത്തിന്‍റെ ഭാഗം മാത്രം. ഈ മാറി ചിന്തിക്കുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നതിന്‍റെ കാരണമെങ്കിലും അന്വേഷിക്കുന്നത് കൊള്ളാം. ഒരു മോനിക്കാ കേസും, ഓഡി കാറും കൂടി ഒരുമിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളിക്കാരെല്ലാവരും മാറി ചിന്തിച്ചു തുടങ്ങിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ? സിനഡ് ആവശ്യപ്പെടുന്ന മൂല്യ സംസ്കാരത്തെപ്പറ്റിക്കൂടി പരാമര്ശിച്ചെങ്കിലേ മാറി ചിന്തിക്കുന്നതിന്‍റെ രഹസ്യം പിടി കിട്ടൂ. അഭയാ കേസ്, ബാംഗ്ലൂര്‍ സെമ്മിനാരി കൊലക്കേസ് തുടങ്ങി നിരവധി സംഭവങ്ങളുണ്ട് നമ്മുടെ മൂല്യങ്ങളുടെ ഗുണം അറിയാന്‍. കേരളത്തില്‍ വെറും ഇരുപതു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവര്‍ രാജ്യത്തെ ക്രിമിനലുകളുടെ ശതമാനത്തില്‍ വളരെ മുമ്പിലാണെന്നതും കൂട്ടി വായിക്കാം. ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ പോലും മടിച്ചവരാണ് നാം.


സഭയുടെ മൂല്യങ്ങള്‍ ആരാണ് നിശ്ചയിക്കുന്നത്? സഭാതലവനായ മാര്‍പ്പാപ്പാ ആണെങ്കില്‍, അദ്ദേഹം പറയുന്നതാണ് ഇവിടുത്തെ വിമതര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അത് മാത്രം സഭയില്‍ ചെയ്യപ്പെടാന്‍ സിനഡ് അനുവദിച്ചാല്‍ കൂടെ ചിന്തിക്കുന്നവരുടെ എണ്ണം കൂടാന്‍ സാദ്ധ്യതയുണ്ട്. സമ്പന്നരുടെ വിവാഹം ആശിര്‍വ്വദിക്കാന്‍ മാത്രം തയ്യാറാകുന്ന ബിഷപ്പുമാരുടെ ഈ ലോകത്ത്, നിയമത്തിന്‍റെ കുരുക്കുകളിലൂടെ മാത്രം അത്മായനെ കാണുന്ന അജപാലകരുടെ ഈ ലോകത്ത് ജീവിക്കുന്ന ഒരു കത്തോലിക്കനോട്  അവസാനത്തെ ആഗ്രഹം ചോദിച്ചാല്‍ അവന്‍ പറയും, ‘ഇനിയും ഒരിക്കല്‍ക്കൂടി പോലും സീറോ മലബാറുകാരനായി കേരളത്തില്‍ ജീവിക്കാന്‍ ഇടവരരുതെയെന്ന്’. 

5 comments:

  1. സമഗ്രമായ ഒരു വിലയിരുത്തൽ. ചെവിയുള്ളവർക്ക് കേൾക്കാനാണെങ്കിൽ ഇതിൽ കൂടുതലൊന്നും പറയേണ്ടതില്ല. കേരളത്തിൽ ഇന്നത്തെ സഭയുടെ പോക്കിനെതിരെ ശബ്ദമുയർത്തുന്ന അല്മായരെ എങ്ങനെയൊതുക്കണം എന്നതുപോലെ തന്നെ ഇനിയുള്ള കാലത്ത് കാക്കനാട്ട് ചിന്താവിഷയം, ഫ്രാൻസിസ് പാപ്പയെ എങ്ങനെ ഒതുക്കണമെന്നും കൂടി ആയിരിക്കും. രണ്ടും നടക്കുന്ന കാര്യമല്ലെന്ന് അവർ തിരിച്ചറിയാൻ എത്ര സമയമെടുക്കുന്നോ അത്രയ്ക്ക് ദുരിതപൂർണമായിരിക്കും ഇവിടുത്തെ മെത്രാന്മാരുടെ പതനം. ഇപ്പോഴേ പാഠം പഠിച്ചാൽ അവർക്ക് കുറെയൊക്കെ അന്തസ് (ദുരഭിമാനം)നിലനിർത്താനായേക്കും, അല്ലെങ്കിൽ പണ്ടത്തെയും അടുത്തകാലത്തെയും ചില സ്വേച്ഛാധിപതികളുടെ ദുര്യോഗമായിരിക്കും ഇവരെയും കാത്തിരിക്കുന്നത്.

    ReplyDelete
  2. സീറോ മലബാര്‍ സിനഡ് ഇറക്കിയ പ്രസ്താവനയുടെ പൂർണരൂപം ഒന്ന് കാണാൻ ആഗ്രഹുമുണ്ട്. ആർക്കെങ്കിലും അല്മായശബ്ദത്തിൽ അതൊന്ന് പോസ്റ്റ്‌ ചെയ്യാമോ?
    സഭയുടെ മൂല്യങ്ങൾ എന്നതുകൊണ്ട്‌ മെത്രാന്മാർ ഉദ്ദേശിക്കുന്നത് എന്തെന്ന് അവർ തന്നെ വിശദമാക്കെണ്ടിയിരിക്കുന്നു. കാരണം അവരിൽ ഓരോരുത്തരും തന്നെ വിവിധ തരത്തിലുള്ള മൂല്യങ്ങൾക്കാണ് ഊന്നൽകൊടുക്കുന്നത് എന്ന തോന്നൽ അസ്ഥാനത്തല്ല. അതുപോലെ തന്നെ, ക്രൈസ്തവവല്ക്കരിക്കുക എന്ന് പറയുമ്പോൾ എന്താണ് അതിനർത്ഥം എന്നും വിശദമാക്കേണ്ടതുണ്ട്.
    ന്യൂനപക്ഷമെന്ന കള്ളപ്പേരിൽ സഭയിലെ മേലാളന്മാർ നേടിയെടുക്കുന്ന നികുതിയിളവ് ഉള്പ്പെടെയുള്ള ആനുകൂല്യങ്ങൾ വേണ്ടെന്നു വയ്ക്കാനും അങ്ങനെ മറ്റു സമുദായങ്ങൾക്ക് നല്ല മാത്രകയാകാനും അവർ തയ്യാറാണോ എന്നും പരസ്യമാക്കണം. ഇതൊന്നുമില്ലാതെ മതസൌഹാർദം പ്രസംഗിച്ചിട്ട് ഒരു നേട്ടവുമില്ല. ഇവർ പെരുംകള്ളന്മാർ ആണെന്ന പൊതുവിശ്വാസം ഉറപ്പിക്കുക മാത്രമേ അല്ലെങ്കിൽ ഉണ്ടാവൂ. അക്കൂടെ, അന്ധരായ വിശ്വാസികളുടെ കണ്ണിൽ കൂടുതൽ പൊടിയിടാം എന്ന് മാത്രം. ധൈര്യമുണ്ടെകിൽ കേരളത്തിലെ മെത്രാന്മാർ ആദ്യം ചോദിക്കേണ്ടത്‌, പുതിയ പാപ്പായുമായി ആശയ ഐക്യത്തിലെത്താൻ തങ്ങള്ക്ക് എന്ത് പുനർവ്യാഖ്യാനങ്ങളാണ് ആവശ്യം എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ വേണ്ടി ഒരു സിനഡ് വിളിച്ചുകൂട്ടുകയാണ്.

    ReplyDelete
  3. അങ്ങനെയൊരു സിനഡിൽ മെത്രാന്മാർ മാത്രമല്ല, "സഭയുടെ മൂല്യങ്ങള്‍ക്കെതിരെ നില്‍ക്കുന്ന, ബൌദ്ധിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, ചിലര്‍" എന്ന് അവർ പറയുന്ന വ്യക്തികളെയും ഉള്പ്പെടുത്തട്ടെ. അപ്പോൾ കാണാം കേരളസഭയിൽ ഒരു നവോദ്ധാനം ഉണ്ടാകുമോ എന്നത്.

    ReplyDelete
  4. കൊളോണിയൽസാമ്രാജ്യത്വം ഭാരതത്തിൽനിന്ന് പിഴുതുകളഞ്ഞെന്ന് ജനം കരുതുന്നു. എന്നാൽ മറ്റൊരു കല്ദായസാമ്രാജ്യത്തിന്റെ തലസ്ഥാനമാണ്‌ കാക്കനാട്. രാജ്യത്തിനുള്ളിൽ മറ്റൊരു കൊളോണിയൽ രാജാവിനെ സർക്കാർ അനുവദിച്ചിട്ടുണ്ടോയെന്നും നിശ്ചയമില്ല. എന്തായാലും ഈ സഭ ഭാരതീയമക്കളുടെമേൽ
    കൽദായവിഷമാണ് കുത്തിവെക്കുന്നത്. വി.തോമസിന്റെ പാരമ്പര്യം കൽദായകൽക്കികൾക്ക് എങ്ങനെ അവകാശപ്പെടാം? ഒന്നാംനൂറ്റാണ്ടുമുതലുള്ള വി. തോമസിന്റെ സഭയെന്നവകാശപ്പെട്ടുകൊണ്ട് കാക്കനാട് ഭരിക്കുന്നത്‌ ഒരിക്കൽ സഭയിൽനിന്ന് മുടക്കിയ നെസ്തോറിയൻ പാഷണ്ഡികളാണെന്നുള്ളതും ചരിത്രവസ്തുതയാണ്.


    ഏകാധിപത്യത്തോടെയുള്ള സ്വതന്ത്രസഭയാകണമെന്നുള്ളതാണ് ഇവരുടെ ആവശ്യം. സ്വയം മെത്രാനെ നിയമിക്കാൻ അനുവാദം വേണം. എങ്കിൽ യാക്കൊബാസഭയിൽ നടക്കുന്നതുപോലെ മെത്രാനാകുന്നതിനായി പണക്കാരനായ മെത്രാന്റെ കുടുംബത്തിൽനിന്നും കോടികണക്കിനുരൂപ കൈക്കൂലി മേടിക്കാൻ സാധിക്കും. കാക്കനാട്ടെ അതിബുദ്ധി അതിനായി ശ്രമങ്ങൾ തുടങ്ങികൊണ്ടിരിക്കുന്നു. ലോകം മുഴുവൻ കൊട്ടാരങ്ങളും പള്ളിയും പണിത് കാക്കനാട്ടെ വലിയ മൂപ്പന് സവാരിയുമായി സഞ്ചരിക്കാം. കേരളത്തിൽമാത്രം ഒതുങ്ങി നില്ക്കേണ്ട കർദ്ദിനാൾ കാക്കനാട്ട് വരുമ്പോൾ മാർപാപ്പയെക്കാളും കേമനെന്നാണ് ചിന്തിക്കുന്നത്. വലിയ പരുന്തു പോവുമ്പോൾ തുത്തുകുണുക്കിപക്ഷികൾ ചിലക്കുന്നതുപോലെ വത്തിക്കാനെതിരെ കാക്കനാട്ടിരുന്ന് മെത്രാൻകമ്മീഷന് ചിലക്കാൻ അറിയാം. റോമിൽ എത്തിയാൽ ആരും അറിയാത്ത അജ്ഞാതനായി ഒരു കോണിൽ വലിയ മൂപ്പൻതിരുമേനി ഇരുന്നുകൊള്ളും. അമേരിക്കയിൽ വന്നാൽ ഒരു മെത്രാൻപോലും ഈ സാധുമനുഷ്യനെ ഗൗനിക്കാറില്ല. വാടകക്കെടുക്കുന്ന ചെണ്ടകൊട്ടും മുത്തുകുടയുമായി മലയാളീസ്ത്രീകളും അവരുടെ ഭർത്താക്കന്മാരും സ്വീകരിക്കുവാൻ തിക്കും തിരക്കുമാണ്. സ്വന്തംനാട്ടിൽ വന്നാൽ വലിയകാറുകളിൽ സഞ്ചരിച്ച് മഹത്വം കാണിക്കും. ദളിതന്റെയും ദരിദ്രരുടെയും കണ്ണുനീർ ഇവർക്കറിയേണ്ടാ. യൂസഫാലിയെപ്പോലെയുള്ളവരെ കണ്ടാൽ വലിയ പ്രേമമാണ്. ഏതെങ്കിലും ദളിതന്റെ ചടങ്ങുകളിൽ സംബന്ധിച്ച് ക്രിസ്തുവിന്റെ മഹത്വം അനുകരിച്ചിരുന്നെങ്കിൽ ജനം ഇവരെ സ്നെഹിച്ചേനെ. മുത്തുകുടയുടെ കീഴിൽ കൈകൾ ഉയർത്തി നടക്കുന്ന ഇവരെ ചിന്തിക്കുന്ന ലോകത്തിനു പുച്ഛമാണ്.


    മെത്രാന്മാരെ സ്വയം വാഴിക്കണമെന്നൊക്കെയാണ് ഇവരുടെ ആവശ്യങ്ങൾ.അവകാശങ്ങൾ പോരാ പോരായെന്ന് മുറവിളിയും. എങ്കിൽ വത്തിക്കാനിൽനിന്ന് പിരിഞ്ഞുപോവരുതോ? അങ്ങനെയെങ്കിൽ നാട് ചുറ്റാൻ അവസരം കുറയുമെന്ന് ഭയപ്പെടുന്നു. വിദേശത്തുള്ള ഡോളർ യൂറോ പള്ളികൾ നഷടപ്പെടുമെന്നും ഭയപ്പെടുന്നു. സ്വതന്ത്ര സഭയാവുകയും വേണം, വത്തിക്കാനും വേണം, രണ്ട് വള്ളത്തേലും കാല് ചവിട്ടികൊണ്ട് തുഴയണം. ദേശീയവാദികൾ കല്ദായക്കാരായ സീറോ മലബാറിനുള്ളിൽ ശക്തിയാകുന്നതും കാക്കനാടെന്ന ലോകശക്തിയെ കുലുക്കുന്നുണ്ട്.


    വത്തിക്കാനെ കാക്കനാട്ടിൽനിന്ന് വിമർശിക്കാൻ ഇവർക്കറിയാം. വിദേശത്ത് വരുമ്പോൾ ഈ മൂപ്പന്മാർ ശുദ്ധപാവങ്ങളാണ്. വത്തിക്കാനില്നിന്ന് വേർപിരിഞ്ഞാൽ ഒറ്റ പ്രവാസിയും കാക്കനാട്ടിലെ സഭയോട് കൂറ് പുലർത്തുകയില്ലെന്നും അറിയാം. ഇറാനിലെ കൊള്ളക്കാരനായിരുന്ന മാനിയുടെ തത്ത്വസംഹിതകളാണ് കല്ദായത്തിൽ ഉള്ളത്. മൂന്നാംനൂറ്റാണ്ടുവരെ ഭാരതത്തിൽ ഉണ്ടായിരുന്നുവെന്നു വിശ്വസിക്കുന്ന ക്രിസ്തീയ സഭകളുടെ യാതൊരു പാരമ്പര്യവും ഇവര്ക്ക് അവകാശപ്പെടുവാൻ സാധിക്കില്ല. ഇറാനിലെ കൾട്ട്നേതാവിന്റെ ക്ലാവറു കുരിശും ചുമന്ന് ആദിമസഭകളുടെ വ്യക്തിത്വംതന്നെ ഇവർ ഇല്ലാതാക്കി. സുറിയാനിസഭയിലുള്ള ആയിരക്കണക്കിന് വൈദികർക്കും ഈ സഭയോട് എതിർപ്പുണ്ടെന്നറിയുന്നു. എങ്കിൽ ആദിമസഭയുടെ തനിമ നിലനിർത്തുവാൻ കല്ദായത്തെ കഷണങ്ങളാക്കി റോം മറ്റൊരു സഭയ്ക്ക് അനുവാദം നല്കുകയാണ് വേണ്ടത്. ശ്രീ മറ്റപ്പള്ളിയുടെ ഭീതിപോലെ സീറോ മലബാർ സഭ ഭാരതത്തിനും ആഗോളസഭയ്ക്കും ഒരു കളങ്കം തന്നെയാണ്. മാന്യമായി അവർ പിരിഞ്ഞുപൊയീ ക്രിസ്തുവിന്റെ സഭയ്ക്കായി വഴിയോരുക്കുകയായിരിക്കും ഉത്തമം. തോമസിന്റെ ശ്ലൈഹികത്വം നെസ്തോറിയൻ പിന്തുടർച്ചക്കാരായ ഇവർക്ക് അവകാശപ്പടാനും സാധിക്കില്ല. കല്ദായം ജനം മുഴുവൻ കയിച്ചു കഴിഞ്ഞെന്നു റോമിനെ ബോധ്യപ്പെടുത്തണം. അതിനായി വൈദികരും മുന്നോട്ടിറങ്ങട്ടെ. മനുഷ്യത്വമില്ലാത്ത അഭിഷിക്തരാണ് സീറോ മലബാറിന്റെ തലപ്പത്തുള്ളതെന്ന് റോമിനെ ബോധ്യപ്പെടുത്തണം. കോളൊണിയലിസം അവസാനിപ്പിച്ച് ഭാരതീയ ചിന്താഗതിയുള്ള സഭയാണ് മലയാള നാടിനാവശ്യം. യുക്തിയിൽ ചിന്തിക്കുന്നവർക്ക് സീറോമലബാർസഭ ഒരു അപമാനം തന്നെയാണ്.

    ReplyDelete
  5. ശ്രി ജൊസഫ് മാത്യു മാത്രമല്ല, സഭയെ സ്നേഹിക്കുന്ന സര്വ്വരും ഇന്ന് ദുഖിതരാണ്. വിശ്വ അല്മായാ സമ്മേളനത്തില്‍ യൂസഫ്‌ അലി മാത്രമല്ല പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയും ഉണ്ടായിരുന്നുവെന്നു കേട്ടു. ഗള്ഫില്‍ ഒരു ഇടവക സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി നടത്തുന്ന ചരടുവലികളാണ് എല്ലാം – വിശ്വ സമ്മേളനം പോലും. ഒക്കെയാണെങ്കിലും ഉള്ളും നീറുകയാണ്. മെത്രാന്മാര്‍ തമ്മിലുള്ള കുടിപ്പക വളരെ തന്മയത്തോടെയാണ് പുറത്തിറങ്ങുന്നത്. വിശ്വസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മെത്രാന്‍ ഉണ്ടായിരുന്നില്ലെന്ന് കേള്ക്കുന്നു. സിനഡിന്റെ പിറ്റേന്ന് ആലന്ചെരിയുടെ നേതൃത്വത്തില്‍ ഒരു വാനില്‍ തൃശ്ശൂര്‍ ഭാഗത്ത് കുറെ മെത്രാന്മാര്‍ എത്തി മെത്രാന്മാര്‍ ലളിത ജീവിതം നയിക്കണമെന്ന് മാലോകരെ ആഹ്വാനം ചെയ്തത് ഫോട്ടോ സഹിതം പത്രങ്ങളില്‍ വന്നു. വെടി കാഞ്ഞിരപ്പള്ളിക്കിട്ടല്ലാതെ ആര്ക്കിട്ടാ? മേജര്‍ മെത്രാന്‍ അമേരിക്കയില്‍ ലിമോസിനില്‍ പോകുന്ന ഫോട്ടോയും, ഒരു വേദിയില്‍ സ്വര്ണ്ണ രുദ്രാക്ഷ മാലയുമായി ഇരിക്കുന്ന ഫോട്ടോയുമൊക്കെ ലോകം കണ്ടതാണ്.

    അമ്മനും ആശാനും ഇല്ലാത്ത ഒരു രൂപതയാണ് കാഞ്ഞിരപ്പള്ളി. ഇഷ്ടക്കാര്‍ വൈദികര്ക്കു് എന്തും ആവാം. പഴയിടം പള്ളിയില്‍ നാല്പ്പ്തോളം ഇടവകക്കാരാണ് കഴിഞ്ഞ ദിവസം സത്യാഗ്രഹമിരുന്നത്, ഒരു ഗതിയുമില്ലാത്ത കപ്യാരെ തന്നെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു വികാരി പറഞ്ഞു വിട്ടതിനെതിരായി. അതും മൂക്കുന്ന ലക്ഷണമുണ്ട്.

    രാഷ്ട്രപുനര്നിര്മ്മാണം സഭ നടത്തുന്ന രീതിയും പേര് പറയാതെ ഇന്നത്തെ പത്രത്തിലുണ്ട്. ഡിഗ്രി സീറ്റുകള്‍ പൊതു അലോട്മെന്റില്‍ നിന്ന് എം ജി യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള സ്വകാര്യ മാനേജ്മെന്റുകള്‍ ഒളിപ്പിച്ചു വെച്ചത് ആയിരത്തോളം. അത് വൈസ് ചാന്സിലര്‍ കണ്ടുപിടിച്ച് വീണ്ടും അലോട്മെന്റ്റ് പ്രഖ്യാപിക്കേണ്ടി വന്നു. കുറഞ്ഞത്‌ പത്തു കോടി രൂപയുടെ മൂല്യങ്ങളെങ്കിലും നമ്മുടെ വകയായി അതില്‍ ഉണ്ടായിരുന്നു. ദൈവത്തെ ആശ്രയിക്കാതെ ധന സ്വാധീനശക്തിയില്‍ പ്രവര്ത്തിക്കുന്ന പ്രസ്ഥാനമായതുകൊണ്ടാണ് സോളാര്‍ സഭയെന്നു ആലങ്കാരികമായി ഞാന്‍ പറഞ്ഞത്. പത്തു വയസ്സ് മുതല്‍ സാമൂഹ്യ സേവന രംഗത്ത് സഭക്ക് സാക്ഷ്യം പറഞ്ഞുകൊണ്ടിരുന്ന ഒരു മെഡിക്കല്‍ ഡോക്ടര്‍ സ്വന്തം അനുഭവങ്ങളുടെ ചുരുളഴിക്കുന്നത് കേള്ക്കാനിടയായി. അദ്ദേഹവും തത്വത്തില്‍ ഇപ്പോള്‍ പള്ളിക്കനഭിമതന്‍.

    ReplyDelete