By ജോസഫ് പടന്നമാക്കൽ
ഇക്കഴിഞ്ഞ ജൂലൈ എട്ടാംതിയതി മുതൽ മെക്സിക്കോ, അറ്റ്ലാന്റാ മുതലായ സ്ഥലങ്ങളിലേക്ക് യാത്ര നടത്തേണ്ടി വന്നു. മെക്സിക്കോയിൽ പോയി കുറഞ്ഞ ചെലവിൽ പല്ലുകളൊക്കെ ശരിയാക്കി അവിടെനിന്ന്എന്റെ അനുജത്തിയുടെ ക്ഷണപ്രകാരം അറ്റ്ലാന്റായിലെ അവരുടെ വാസസ്തലത്തെത്തി. . അവിടുത്തെ ഒരാഴ്ചത്തെ താമസം ഒരു തീർഥ യാത്ര പോലെയായിരുന്നു. പള്ളിയും പട്ടക്കാരുമായി ജീവിക്കുന്ന ആ ഭവനം ഒരു ദേവാലയത്തിന് തുല്യമാണ്. അറ്റ്ലാന്റായിൽ വന്നതിന്റെ പിറ്റേദിവസം ഞായറാഴ്ച അവിടുത്തെ വിശുദ്ധ അല്ഫോന്സായുടെ നാമത്തിലുള്ള പള്ളിയിൽ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. വർഷങ്ങൾ കൂടി സീറോ മലബാർ റീത്തിന്റെ കുർബാന കാണാനും അതിനുള്ളിലെ നവീകരിച്ച പല മാറ്റങ്ങൾ ഉൾക്കൊള്ളാനും സാധിച്ചു. ദൈവജനങ്ങൾ പള്ളി നിറയെ ഉണ്ടായിരുന്നു.
എന്റെ അനുജത്തിയും ഭർത്താവും പള്ളി സംഘടനകളുടെ നേതാക്കന്മാരായതുകൊണ്ട് തികച്ചും ഒരു വി.ഐ.പി യെപ്പോലെ പരിചയപ്പെട്ടവരെല്ലാം സ്നേഹാദരവുകളോടെ പെരുമാറി. അവരുടെ സ്നേഹ പ്രകടനങ്ങൾക്ക് കുറവ് വരാതിരിക്കാൻ ഞാനും കുഞ്ഞാടായി അഭിനയിച്ചു. പള്ളിയും പട്ടക്കാരും മെത്രാന്മാരും അവിടുത്തെ ദൈവ ജനങ്ങളുടെ വിഷയങ്ങളായിരുന്നു. പുരോഹിതരെയും അഭിക്ഷിക്തരെയും പുകഴ്ത്തുന്ന സമയങ്ങളിൽ ഞാനും അവരോടൊപ്പം പങ്കുചേർന്നിരുന്നു. അറയ്ക്കലും കോതമംഗലം ബിഷപ്പും പോലുള്ള വില്ലന്മാരും അവിടെ പള്ളിയിൽ വന്നവരുടെ ദിവ്യന്മാരായിരുന്നു. ഷിക്കാഗോ ബിഷപ്പിനെയും വെത്താനത്തച്ചനെയുംപ്പറ്റിയുള്ള വാഴ്ത്തലുകൾ കേട്ടപ്പോൾ അവരെപ്പറ്റി ചില ബ്ലോഗുകളിൽ ഞാൻ എഴുതിയ അഭിരുചിയില്ലാത്ത ലേഖനങ്ങൾ ആരും വായിച്ചു കാണരുതെന്നും ആഗ്രഹിച്ചു. അല്ഫോന്സാ വളരെ ശക്തിയുള്ള പുണ്യവതിയാണെന്നാണ് അവിടെ പള്ളിയിൽ വന്ന ഭക്ത ജനങ്ങൾ വിശ്വസിക്കുന്നത്.
അവരോടൊപ്പം സമയം ചിലവഴിച്ചപ്പോൾ ആത്മാവിൽ പുഷ്ടിനിറഞ്ഞ അനുസരണയുള്ള ഒരു കുഞ്ഞാടിനെപ്പോലെ സ്വയം എനിക്കും തോന്നിപ്പോയി. ഞാൻ കണ്ടുമുട്ടിയ ഭൂരിഭാഗം മലയാളി ജനങ്ങളിലും പരിശുദ്ധാത്മാവിനാൽ വരപ്രസാദം നിറഞ്ഞവരായിരുന്നു. പുണ്യാളന്മാരുടെ വീരകഥകളും അത്ഭുതങ്ങളും കേട്ട് മനസിന് പുതിയ ഉണർവും ഊർജവും ഉന്മേഷവും ആർജിച്ചതായും തോന്നിപ്പോയി. ചില സുഹൃത്തുക്കളുടെ ഇനിമേൽ നല്ലവനായി ജീവിക്കാനുള്ള ഉപദേശങ്ങൾ എനിക്ക് ലഭിക്കുമ്പോൾ നിശബ്ദനായി ഞാനതല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പുരോഹിതരെ വിമർശിക്കുന്നത് കൊടും പാപമാണെന്നും കുമ്പസാരിച്ചാലും തീരില്ലെന്നും ഒരു സുഹൃത്ത് ഉപദേശിച്ചപ്പോഴും ശരിയെന്നു പറഞ്ഞ് ഞാനും സമ്മതിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ധർമ്മസ്ഥാപനങ്ങൾ നടത്തുന്നത് ക്രിസ്ത്യൻ സഭകളാണെന്നും ഒരു വിദ്വാൻ എന്നെ പഠിപ്പിച്ചു. പുരോഹിതരുടെ കീശവീർത്തു കഴിഞ്ഞ് പരോപാകാരം എത്ര ശതമാനം പോവുന്നുണ്ടെന്നുള്ള അറിവ് അദ്ദേഹത്തിനുണ്ടോയെന്നും അറിയില്ല. പത്തുവയസുള്ള കൊച്ചിനെ പീഡിപ്പിച്ച കൊക്കനച്ചൻവരെ നേർച്ചപ്പണത്തിന്റെ ബലത്തിൽ കേസുകൾ നടത്തുന്ന കാര്യങ്ങളൊന്നും ഈ സുഹൃത്തുക്കൾക്ക് അറിയില്ലായിരുന്നു. ഒരു വിവാദത്തിൽ ഏർപ്പെടാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് അവരോടൊന്നും മറുപടി പറയാൻ .ഞാൻ മെനക്കെട്ടില്ല. സംസാരിക്കാൻ പോയാൽ പരാജയപ്പെടുമെന്നും എനിക്കറിയാമായിരുന്നു. പള്ളിക്കുവേണ്ടി ജീവൻ കളയാൻ തീരുമാനിച്ചിരിക്കുന്ന അവരുടെ രക്തം ഞാനായിട്ട് എന്തിന് തിളപ്പിക്കണമെന്നും ചിന്തിച്ചു. . എസ്.എസ്.എൽ.സി. പീ.എച്ച്.ഡി ബിരുദങ്ങളുള്ള പുരോഹിതർ പറയുന്നത് തത്തമ്മ പോലെ പറയാൻ അവിടെയുള്ള പള്ളി കുഞ്ഞേലികൾക്കുവരെ അറിയാം. പള്ളിയിൽ നിത്യവും പോകാത്തതിന്റെ പോരായ്മയും എന്റെ അറിവിന്റെ അപ്രാപ്യതയും അന്ന് മനസിലാക്കേണ്ടി വന്നു. പരിശുദ്ധാത്മാവിന്റെ കുറവ് എനിക്കുണ്ടെന്ന് അവിടുത്തെ സുഹൃത്തുക്കളുടെ ഒഴുക്കുള്ള വചന സംസാരം കേട്ടപ്പോഴാണ് ഞാൻ മനസിലാക്കിയത്. എന്റെ ബലഹീനതകളെയും അപ്പോൾ തിരിച്ചറിഞ്ഞു.
അന്നത്തെ ഞായറാഴ്ച്ചത്തെ കുർബാനയിൽ അനുജത്തിയും ഭർത്താവും വലിയ ഒരു തുക പള്ളിക്കു കൊടുക്കാൻ എഴുതുന്നത് കണ്ടു. അവർ രണ്ടുപേരും സാമ്പത്തിക ഭദ്രതയുള്ളവരായതുകൊണ്ട് അവരെ സംബന്ധിച്ച് വലിയ തുകകൾ പള്ളിക്കു കൊടുക്കാൻ സാധിക്കും. പള്ളിയകത്തുണ്ടായിരുന്നവർ ഈ പള്ളി പണുതപ്പോൾ പതിനായിരക്കണക്കിനു ഡോളർ ഡൊണെഷൻ കൊടുത്തവരായിരുന്നു. ആത്മാഹൂതി ചെയ്ത ഗയാനയിലെ ' ജിം ജോണ്സന്റെ കള്ട്ടുപോലെ' പള്ളിയും പട്ടക്കാരും മാത്രമാണ് അവരുടെ ലോകം. കൂടാതെ വരുമാനത്തിന്റെ പത്തുശതമാനം മുടങ്ങാതെ പള്ളിക്ക് കൊടുക്കണമെന്നുള്ളതും വചനത്തിലും പള്ളിയിലും എഴുതപ്പെട്ട നിയമമാണ്. ആ നിയമങ്ങൾ ഏതാനും കുഞ്ഞാടുകൾ അനുസരിക്കാത്തതിൽ അവിടുത്തെ വികാരി വ്യാകുലനുമാണ്. കൂടുതൽ പണം കൊടുക്കുന്നവർക്ക് അല്ഫോൻസായുടെ പുണ്യം ഏറെ കിട്ടുകയും ചെയ്യും. പള്ളിയിൽ നേർച്ച (എൻവെലപ്പ്) കൊടുക്കുന്ന സമയം നൂറിന്റെ നോട്ടുകൾ ഇടുന്നവർ ധാരാളം പേരുണ്ടായിരുന്നു. കപ്പ്യാർ പിള്ളേർ കൈനീട്ടി വരുമ്പോൾ അഞ്ചു ഡോളറായിരുന്നു കൊടുക്കാൻ ഞാൻ പരിപാടിയിട്ടിരുന്നത്. പണം പിരിക്കാൻ ഓരോ നിരയിലും അഞ്ചാറു പിള്ളേരെയും കണ്ടു. ഒപ്പം അച്ചനെപ്പോലെ വേഷം ഇട്ട മീശയുള്ള ഒരു കപ്യാരും ഉണ്ടായിരുന്നു. അയാളുടെ മീശ കണ്ട് അഞ്ചു ഡോളർ കൊടുക്കാനിരുന്ന ഞാൻ പത്താക്കി നേർച്ച സഞ്ചിയിൽ ഇട്ടു. ഇട്ട പണം കുറഞ്ഞുപോയതുകൊണ്ടായിരിക്കാം കുപ്പായം ധരിച്ചിരുന്ന മീശകപ്യാർ എന്നെ ഒന്ന് തുറിച്ചു നോക്കിയത് .’ ഇയാൾ ഏതു നാട്ടില്നിന്നു വന്ന ദരിദ്രവാസിയെന്നും’ മീശകപ്യാർ ചിന്തിച്ചുകാണും. ഞാൻ ഇത്രയും കുറച്ചു പണം കൊടുത്ത കാര്യം അനുജത്തിയോടും കുടുംബത്തോടും മീശ കപ്യാർ പറഞ്ഞുവോയെന്നും അറിയത്തില്ല. സഹോദരാ, നിവൃത്തിയില്ലാത്തതുകൊണ്ടാണ്കുറഞ്ഞ തുകയായി പത്തുരൂപാ പള്ളിക്ക് കൊടുത്തതെന്ന് ഉറക്കെ വിളിച്ചു പറയണമെന്നും തോന്നി. വിധവയുടെ കൊച്ചുകാശെന്ന വചനവും എന്റെ ഓർമ്മയിൽ വന്നു. ഏകദേശം രണ്ടു മണിക്കൂറോളം കുർബാന, നാൽപ്പതു മിനിറ്റ് അച്ചന്റെ ബോറടിച്ച പ്രസംഗം, ഇരിക്കാൻ ബെഞ്ചുകൾ ഉണ്ടെങ്കിലും കൂടുതൽ നേരവും നിലക്കണം. എഴുന്നേൽക്കുക , നിൽക്കുക എന്നെല്ലാം ഒരു പട്ടാളമുറയിലുള്ള ആചാരങ്ങളും കുർബാനയുടെ സമയത്ത് അനുഷ്ടിക്കണം. ഇരുപ്പും എഴുന്നേല്പ്പും യോഗാ പോലെ അനേക തവണകളായപ്പോൾ ഞാൻ അവശനായിപ്പോയിരുന്നു. പ്രായത്തിന്റെയും യാത്രയുടെയും ക്ഷീണം കാരണം എനിക്ക് കൂടുതൽ സമയവും ഇരിക്കേണ്ടി വന്നു. ഞാൻ ഇരിക്കുന്നത് കണ്ടു ചുറ്റുമുള്ളവർക്ക് പിടിച്ചില്ലന്നു കരുതണം..നിൽക്കുന്നവർ മാറി മാറി എന്നെ തുറിച്ചു നോക്കുന്നതും കണ്ടു. തിരുവോസ്തി ഉയർത്തി എല്ലാവരും മുട്ടേൽ നിന്നപ്പോഴും എനിക്ക് ഇരിക്കാനേ സാധിച്ചുള്ളൂ. കർത്താവ് പീഡാനുഭവങ്ങൾ സഹിച്ചെങ്കിൽ ഞാൻ എന്തിന് അതുപോലെ മിമിക്രി കാണിക്കണം. . അല്ഫോന്സായുടെ വലിയ ഒരു ആൾ രൂപം അൾത്താരയുടെ നടുക്കുതന്നെയുണ്ടായിരുന്നു. മരത്തടികൊണ്ടുള്ള ആ ബിംബത്തെ മുത്താൻ അനേകർ അവിടെ തടിച്ചു കൂടിയിട്ടുമുണ്ടായിരുന്നു. ബിംബത്തെ ആരാധിക്കുന്ന ഇവരെ തല്ലാൻ ചാട്ട വാറെടുക്കുന്ന യേശുവിനെ ഞാൻ ആ ബലി പീഠത്തിൽ കണ്ടില്ല. മറിയക്കുട്ടിയുടെ ബനഡിക്റ്റച്ചൻ സഹനദാസ വിശുദ്ധനെന്ന് പള്ളിയിൽ വന്ന ഒരുവിദ്വാൻ എന്നോട് പറഞ്ഞു.
സിനിമാക്കൊട്ടക പോലെയിരിക്കുന്ന ആ പള്ളിയുടെ മോന്തായത്തിൽ ഇറാക്കിലെ കൾട്ട് നേതാവായിരുന്ന മാനിക്കെയൻ ഉപയോഗിച്ച ക്ലാവർ കുരിശെന്ന പേരിൽ അറിയപ്പെടുന്ന താമര കുരിശും കണ്ടു. അത്തരം കുരിശുകളെപ്പറ്റി അല്മായ ബ്ലോഗുകളിലെ ചർച്ചകളിൽ ഞാൻ പങ്കു ചെർന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ക്ലാവർ കുരിശ് നേരിട്ടുകാണുന്നത്. മനോഹരമായ ഇതളോടു കൂടിയ താമരയെ കുറെനേരം നോക്കിനിന്നു. ഇങ്ങനെയൊരു കുരിശിൽ കിടന്ന ക്രിസ്തു എത്രയോ ഭാഗ്യവാനെന്നും ഓർത്തുപോയി. പൂക്കളോടു കൂടിയ ഈ കുരിശിന്റെ രൂപകല്പ്പനയും മനസിന് ആനന്ദം തരുന്നതുതന്നെ. മഹാലക്ഷ്മി വാണരുളുന്ന താമരയിൽ ക്രിസ്തുവും ഒപ്പം ഉണ്ടല്ലോയെന്നും മനസ്സിൽ ഓർത്തുപോയി. ഒരിക്കൽ പണക്കാരുടെ വാലാട്ടിയായി നടന്ന പവ്വത്ത് ബിഷപ്പാണ് ഈ ക്ലാവർ കുരിശിന് കേരളത്തിൽ തുടക്കമിട്ടത്. ഇറ്റാലിയൻ കടൽ വെടിവെപ്പുകാരെ പ്രകീർത്തിച്ചു ദേശദ്രോഹ പ്രസ്താവന നടത്തിയ കർദ്ദിനാൾ ആലഞ്ചേരിയും ഈ കുരിശിന്റെ ഭക്തനാണ്.
അച്ചന്റെ അന്നത്തെ പള്ളിയിലുള്ള പ്രസംഗത്തിൽ വിശുദ്ധയായ അല്ഫോൻസായെപ്പറ്റിയും അവരുടെ അത്ഭുതങ്ങളെപ്പറ്റിയും യുവതലമുറകളെ മയക്കാനുള്ള യൂത്ത് ലീഗുകളെപ്പറ്റിയുമായിരുന്നു. . സ്ത്രീജനങ്ങൾക്കായ മരിയാ സംഘടനകളും വിഷയങ്ങളായിരുന്നു. എന്തൊക്കെയോ വികാരി അന്ന് നാടൻ ഇംഗ്ലീഷിൽ പ്രസംഗിച്ചു. അവിടെയുള്ള അമേരിക്കൻ മലയാളി കുഞ്ഞുങ്ങൾക്ക് അദ്ദേഹത്തിൻറെ പ്രസംഗം മനസിലായോയെന്നും അറിയത്തില്ല. കാര്യമായി എനിക്കന്ന് ഒന്നും ഗ്രഹിക്കാൻ സാധിച്ചുമില്ല. പള്ളിയിൽ ഭൂരിഭാഗവും മദ്ധ്യവയസ്ക്കരും വൃദ്ധ ജനങ്ങളും കുഞ്ഞു പിള്ളേരും ആയിരുന്നുണ്ടായിരുന്നത്. യുവാക്കളിൽ സീറോ ബോറടികൾ ശ്രവിക്കാൻ പള്ളിയിൽ പോവുന്നവർ ചുരുക്കമാണ്.
അല്ഫോന്സായിൽനിന്നും സംഭവിക്കുന്ന ചിലരുടെ രോഗശാന്തിയും അത്ഭുതങ്ങളും കേട്ടപ്പോൾ ഞാനും വിഢികളുടെ സ്വർഗത്തിലെന്ന് ഓർത്തുപോയി. പണംഉണ്ടാക്കാൻ വത്തിക്കാൻ ആയിരക്കണക്കിന് പുണ്യാളന്മാരെയും പുണ്യവതികളെ യും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മാന്നാനം കൊവേന്ത സ്ഥാപിച്ച മരാമത്തു പണി നടത്തിക്കൊണ്ടിരുന്ന ചാവറയെ വിശുദ്ധനായി വാഴിക്കുന്നതുകൊണ്ട് അല്ഫൊൻസായുടെ മാർക്കറ്റ് ഇടിയാൻ സാദ്ധ്യതയുണ്ട്. ആരുടെയോ നിവർക്കാൻ സാധിക്കാത്ത കൈ നിവർത്തിയെന്ന് പറഞ്ഞാണ് അല്ഫോന്സായെ പുണ്യവതിയാക്കിയത്. അല്ഫോന്സായുടെ നാമത്തിൽ അറ്റ്ലാന്റായിലെ മലയാളീധനികർ പള്ളി പണിയിച്ചതും അത്ഭുതങ്ങളുടെ പട്ടികയിൽപ്പെടുത്താം. അല്ഫോന്സായുടെ നാമത്തിലുള്ള ഈ പള്ളിയിൽ തന്നിലെന്നും വൈകാരിക ചിന്തകൾ ഉണ്ടാക്കാറുണ്ടെന്ന് ആരോ അവിടെനിന്ന് പറഞ്ഞപ്പോൾ ഇത്തരം ബാലിശ ചിന്താഗതിക്കാരെയും കണ്ടുമുട്ടിയല്ലോയെന്നും ഓർത്തുപോയി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനവ ചിന്താഗതികൾക്ക് ഇവരൊക്കെ ഒരു അപവാദമാണെന്നതിലും സംശയമില്ല. ക്രിസ്തുവിനെക്കാളും ഇഷ്ടം ക്രിസ്തുവിനെ വിറ്റു കാശാക്കുന്ന പള്ളികളോടാണെന്നതും കാണുമ്പോൾ നമ്മുടെ സമൂഹം എത്രമാത്രം അപരിഷ്കൃതമെന്നും തോന്നിപ്പോവാറുണ്ട്. ഒരു പള്ളിയും സ്ഥാപിക്കാത്ത ക്രിസ്തു ഇതൊക്കെ കണ്ട് ഇവരെ നോക്കി പരിഹസിക്കുന്നുണ്ടാവാം. പുരോഹിതർക്കും മെത്രാനും വയറ്റിൽ പിഴപ്പിനും തിന്നുകുടിക്കാനും ഉണ്ടാക്കുന്ന സത്രങ്ങളാണ് ഈ പള്ളികളെന്ന് മനസിലാക്കാനുള്ള ഒരു ബോധോദയം ആർക്കും ഒരിക്കലും ഉണ്ടാവുകയില്ല. വിമർശനപരമായ ഒരു ലേഖനം പോലും വായിക്കാനുള്ള കഴിവും പരിശുദ്ധാത്മാവ് ഇവർക്ക് കൊടുത്തിട്ടില്ല. തെറ്റുകളുടെ ഒരു കൂമ്പാരം പുരോഹിത കപട പടകൾ ലോകം മുഴുവൻ ഇന്ന് നിറച്ചിരിക്കുകയാണ്.
പുരോഹിതരുടെ ഇങ്ങനെ വളർത്തുന്ന അന്ധവിശ്വാസങ്ങളാണ് സഭയെ നയിക്കുന്നത്. കേരളത്തിലെ മെത്രാന്മാരും പുരോഹിതരും കോടിക്കണക്കിന് രൂപാ മുടക്കി സൃഷ്ടിച്ച് രൂപക്കൂട്ടിലാക്കിയ ഒരു വിശുദ്ധയില്നിന്ന് അവർക്ക് മുടക്കുമുതൽ കിട്ടിയേ മതിയാവൂ. ഒരാളെ വിശുദ്ധനാക്കുന്നതിന് വത്തിക്കാൻ ബ്യൂറോക്രസിയിൽ കോടിക്കണക്കിനു രൂപാ കൊടുക്കേണ്ടതായി ഉണ്ട്. അല്ഫോന്സായുടെ അത്ഭുതങ്ങളിൽ അവർ വിശുദ്ധയായതിൽ പിന്നീട് ഭരണങ്ങാനത്തെ റോഡിന്റെ വളവുകൾ നിവർന്നുവെന്നു ശ്രീ സക്കറിയാസ് നെടുങ്കനാൽ എഴുതിയ ഒരു ലേഖനത്തിൽ ഞാൻ വായിച്ചിട്ടുണ്ട്. മനോഹര ഗ്രാമമായിരുന്ന ഭരണങ്ങാനം ഇന്ന് തീർത്ഥയാത്രകർ മൂലം യാചകരുടെയും കള്ളന്മാരുടെയും താവളങ്ങളായി മാറിക്കഴിഞ്ഞു. ആ പ്രദേശങ്ങളിൽ ജനപ്രവാഹം മൂലം പ്രകൃതിപോലും നശിച്ചുകൊണ്ടിരിക്കുകയാണ്. ദുർഗന്ധംകൊണ്ട് ഇന്ന് ഭരണങ്ങാനത്തുകൂടി സഞ്ചരിക്കാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടായി കഴിഞ്ഞു. നാട്ടിലെ കയറു മുറിച്ചു നടന്ന കുറെ പുരോഹിതർ അമേരിക്കൻ മലയാളികളുടെ കുടുംബബന്ധങ്ങളെ തകർക്കുന്ന ദയനീയ കാഴ്ചകളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പേഗൻ പതിപ്പിലുള്ള ഒരു സഹായമെത്രാൻ കൂടി ഷിക്കാഗോയിൽ തെരഞ്ഞെടുത്തു കഴിഞ്ഞു. ഭരണങ്ങാനത്തെ നേർച്ചകളായി ലഭിക്കുന്ന ചാക്കുനിറയെയുള്ള പണം പാലാ മെത്രാന്റെഅരമനയിലെക്കാണ് ഒഴുകുന്നത്. റോഡുകൾ നന്നാക്കണമെങ്കിൽ നികുതി കൊടുക്കുന്നവന്റെ പണംതന്നെ വേണം. മെത്രാന്റെ അരമന പൂന്തോട്ടങ്ങൾ സഹിതം ബില്ല്യൻ കണക്കിന് രൂപാ ചിലവാക്കി ഭരണങ്ങാനത്ത് ഉടൻ വിപുലീകരിക്കാനും പോവുന്നു. ഇതെല്ലാം ഭരണങ്ങാനത്ത് ഒരിയ്ക്കൽ ജീവിച്ചിരുന്നപ്പോൾ ആർക്കും വേണ്ടാഞ്ഞ ഒരു കന്യാസ്ത്രിയുടെ അത്ഭുത ലീലകളാണ്. ഇത്ര ശക്തിയേറിയ അല്ഫൊൻസായ്ക്ക് നിത്യവും സംഭവിക്കുന്ന ബസപകടങ്ങളും സുനാമിയും കൊടുംകാറ്റും പിടിച്ചു നിർത്തരുതോ?
അറ്റ്ലന്റായിലെ അല്ഫോന്സാ പള്ളിയിലേക്കുള്ള പുണ്യതീർഥയാത്രയിൽ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ വീട് വെഞ്ചരിപ്പിനും പങ്കുചേരുകയുണ്ടായി. വീട് വെഞ്ചരിച്ചത് അല്ഫോന്സാ പള്ളിവികാരിയായിരുന്നു. വയനാട്ടുകാരനായ ഈ പുരോഹിതന് എന്നെ അത്ര പിടിച്ചില്ല. ബൌദ്ധികതലങ്ങളിൽ ഞാനെന്തെങ്കിലും സംസാരിച്ചാൽ വ്യക്തിപരമായി പരിഹസിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. കണ്ടുമുട്ടിയ സമയംമുതൽ അദ്ദേഹത്തിന്റെ നോട്ടപുള്ളിയായി എന്നെ കണ്ടു. സംസാരിക്കാൻ തുടങ്ങുമ്പോഴെല്ലാം മറുപടി ഒറ്റ വാക്കിൽ പറയാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. എന്തഭിപ്രായം പറഞ്ഞാലും വ്യക്തിപരമായി ചെറുതാക്കാൻ നോക്കും. അതൊരു പ്രതിരൂപേണ ദർശിക്കുന്ന സ്വന്തം മതത്തെ, വർഗത്തെ മാത്രം ഇഷ്ടപ്പെടുന്ന ടിപ്പിക്കൽ സീറോ മലബാർ പുരോഹിതന്റെ ഗുണമാണ്. ഇദ്ദേഹത്തിൽ അത്തരം ഗുണങ്ങൾ വളരെയേറെ പ്രതിഫലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം വീട് വെഞ്ചരിക്കാൻ വന്നപ്പോഴേ ഭയഭക്തിയോടെ എല്ലാവരും എഴുന്നെറ്റൂ നില്ക്കുന്നതും കണ്ടു. ചെറുപ്പക്കാരനായ ഈ പുരോഹിതനെ കണ്ടപ്പോൾ എഴുന്നെല്ക്കാതെ കസേരയിൽ ഞാനിരുന്നതും പിടിച്ചു കാണില്ലെന്ന് തോന്നുന്നു. പൊതുവെ അദ്ദേഹത്തിൽ ഒരു അപകർഷാബോധവും കണ്ടു.
വെഞ്ചരിപ്പ് പ്രാർഥനയിൽ ക്ഷണപ്രകാരം വന്നെത്തിയ ഞാനും സഹകരിച്ചു. വെള്ളം കൊണ്ടുള്ള ഈ പവിത്രീകരിക്കൽ പണ്ട് പേഗൻമതങ്ങൾ മുതലുള്ള ചരിത്രമാണെന്നെല്ലാം മനസ്സിൽ ഓർത്തു. ഈ പുരോഹിതന് വെഞ്ചരിപ്പിനുശേഷം വീട്ടുകാരോടും കൊച്ചുപിള്ളേരോടും യുവാക്കളോടും യുവതികളോടും കൂട്ടുകൂടാൻ നല്ല വശമുണ്ടെന്നും മനസിലായി. പ്രായമായവരുടെ മുഖത്തു നോക്കാൻ സങ്കോചവും ഉണ്ടായിരുന്നു. അവിടെ കണ്ട ചെറുപ്പക്കാരായവരെയും യുവതികളെയും മടിയിൽ ഇട്ടു വളർത്തിയപോലെ എടാ പോടാ പോടിയെന്നൊക്കെ വിളിക്കുന്നത് കേട്ടു. ‘എടാ പോടാ' വിളികളുമായി കാടൻ സംസ്ക്കാരം പുലർത്തുന്ന പുരോഹിതർ പലരെയും ഞാൻ ഈ നാട്ടിൽ കണ്ടിട്ടുണ്ട്. വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ചെറുപ്പക്കാരെ ബഹുമാനിക്കാതെ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ സംസ്ക്കാരം എങ്ങനെ ഈ നാട്ടിലെ യുവ ജനങ്ങൾ സഹിക്കുന്നതെന്നും അതിശയം തോന്നി. ലോകത്തിന്റെ അറിവ് മുഴുവൻ അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽ നിറഞ്ഞിട്ടുണ്ടെന്ന അഹങ്കാരവും നിഴലിക്കുന്നുണ്ടായിരുന്നു. കീഴോട്ടു കുനിഞ്ഞ് ഫ്രാൻസീസ് മാർപ്പാപ്പയെപ്പോലെ കൊച്ചുതള്ളമാരോട് കുഞ്ഞുങ്ങളെ മേടിക്കാനും ഇഷ്ടമായിരുന്നു. ചില തള്ളമാർ കുഞ്ഞുങ്ങളുടെ തലയ്ക്കു പിടിപ്പിക്കുന്നതും കണ്ടു. നാട്ടിലെ ഒരു നാടൻപുരോഹിതന്റെ എല്ലാ കള്ളലക്ഷണങ്ങളും ഇദ്ദേഹത്തിൽ പ്രകടമായി കാണാമായിരുന്നു.
ഊണുമേശയുടെ മുമ്പിൽ ഇരുന്നപ്പോൾ അല്ഫോൻസാമ്മയുടെ അത്ഭുതങ്ങളും മാർത്തോമ്മാ ശ്ലീഹായുടെ ഭാരതത്തിലെ വരവും സംസാര വിഷയങ്ങളായി. ഈ പുരോഹിതൻ തത്സമയം എന്നോട് സംസാരിക്കാൻ തുടങ്ങിയതും അൽഫോൻസായിൽ നിന്നുള്ള അത്ഭുതമായിരിക്കാം. പിന്നീട് നാട്ടിലെ പള്ളികളുടെ വിഷയവും കൂറ്റൻ കത്തീഡ്രലുകളുടെ മഹത്ത്വവും വലിയ അഭിമാനത്തോടെ സംസാരിക്കുന്നതും കേട്ടു. അപ്പോഴാണ് ചെറുപ്പകാലം മുതൽ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ പൂർവികരാൽ പണി കഴിപ്പിച്ച കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിൽ മാത്രം പോവുന്ന കഥ ഞാൻ പറഞ്ഞത്. ആഡംബരപ്രിയരായ മെത്രാന്മാരെ വെള്ളപൂശി എളിമയും പാവങ്ങളുടെ പിതാവുമായി ചിത്രീകരികരിക്കാനും ഈ പുരോഹിതൻ മറന്നില്ല. പുരോഹിതൻ തട്ടിവിടുന്ന അഭിപ്രായങ്ങൾക്ക് എതിരഭിപ്രായങ്ങൾ പറയാതെ കടിച്ചുപിടിച്ചിരുന്നു. സംസാരിക്കാൻ തുടങ്ങിയാൽ ഇതിനെല്ലാം ഉത്തരങ്ങൾ വോൾക്കാനപോലെ മനസ്സിൽ തിളച്ചു വരുമെന്നും എനിക്കറിയാമായിരുന്നു. സെന്റ് തോമസ് ബ്രാഹ്മണരെ മുക്കിയ പൊട്ടകഥകളെ ചർച്ചാവിഷയമാക്കിയപ്പോഴും മിണ്ടാതെ തന്നെയിരുന്നു. ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ അങ്ങനെയൊരു വിശുദ്ധൻ ഇന്ത്യയിൽ വന്നിട്ടില്ലായെന്ന് ഞാൻ പറഞ്ഞപ്പോൾ മഞ്ഞളിച്ച ചിരിയോടെ വികാരിയച്ചൻ എന്നെയൊന്ന് തുറിച്ചുനോക്കി. പണ്ഡിതന്മാരായവരുടെ പുസ്തകങ്ങൾ വായിച്ചിട്ടാണോ അഭിപ്രായങ്ങൾ പറയുന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം. അദ്ദേഹം വായിച്ച പുസ്തകങ്ങളുടെ അമ്പതിരട്ടി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടെന്നും പറയാൻ തോന്നിപ്പോയി. യൌവനകാലം മുതൽ വിശ്വപ്രസിദ്ധമായ ഒരു ലൈബ്രറിയിൽ ജോലിചെയ്യാൻ ഭാഗ്യമുണ്ടായ എനിയ്ക്ക് കാനോൻ നിയമമെന്ന ഒരു പുസ്തകം പഠിച്ച് ദൈവശാസ്ത്രം ഡിഗ്രീ നേടിയ പുരോഹിതനോട് മറുപടി പറയാൻ തോന്നിയില്ല. .
സംസാരത്തിനിടയിൽ ഭക്ഷണ മേശയ്ക്ക് മുമ്പിൽനിന്ന് എന്നെപ്പറ്റി ഞാൻ പള്ളിയിൽ പോകില്ലെന്ന് ആരോ പുരോഹിതനോട് തട്ടിവിട്ടു. അതുകേട്ടയുടനെ എന്നെ ഏതോ കാഴ്ച്ചബംഗ്ലാവിൽനിന്നു കണ്ട പ്രതീതിയായിരുന്നു അപ്പോൾ ആ പുരോഹിതനിൽ കണ്ടത്. ഒരു അച്ചന്റെ മുമ്പിൽ എന്നെപ്പറ്റി അഭിപ്രായം കളയണ്ടായെന്നു വെച്ച് ''അച്ചോ, ഞാൻ അമേരിക്കൻ പള്ളിയിൽ പോകാറുണ്ടെന്ന് ” ആർക്കും ദോഷമില്ലാതെ ഒരു കൊച്ചു നുണ അപ്പോൾ തട്ടിവിട്ടു. ചുറ്റുമുള്ളവർ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കുന്നതും കണ്ടു. സത്യം പറഞ്ഞാൽ വേദപുസ്തകം എടുത്ത് പുരോഹിതൻ എന്നെ മഹറോൻ ചെല്ലുമെന്നും ഓർത്തുപോയി. പുരോഹിതർക്ക് എവിടെവെച്ചും ആരെയും മഹറോൻ ചെല്ലാൻ അധികാരമുണ്ടെന്ന് കേട്ടിട്ടുണ്ട്.ദളിതൻ മരിച്ചാൽ തുട്ടു കിട്ടാത്തതുകൊണ്ട് ശവസംസ്ക്കാരത്തിൽ സംബന്ധിക്കാനും ഇവർക്ക് മടിയാണ്. ന്യൂയോർക്കിലുള്ള യോങ്കെഴ്സിൽ നാട്ടിൽനിന്നു വന്ന ഒരുവൃദ്ധ മരിച്ചപ്പോൾ ഒപ്പീസ് ചെല്ലാൻ കാനോൻ നിയമം അനുവദിക്കുന്നില്ലെന്ന് അവിടുത്തെ വികാരി മറുപടി കൊടുത്തതും ഈ അറ്റ്ലാന്റാ വികാരിയോടു പറയേണ്ടി വന്നു. യുവദമ്പതികളുടെ വീട് വെഞ്ചരിക്കാൻ ഇക്കൂട്ടർക്ക് വലിയ ഉത്സാഹമാണ്. പതിനായിരം ഡോളർ ടിപ്പിനായി ടെക്സാസിൽ ഒരു പണക്കാരന്റെ വിവാഹം നടത്താൻ കർദ്ദിനാൾ ആലഞ്ചേരി നാട്ടില്നിന്ന് വിമാനത്തേൽ പാഞ്ഞെത്തിയ കഥയും എല്ലാവർക്കും അറിയാം. പുരോഹിതരുടെ പൊട്ട ദൈവശാസ്ത്രത്തെ വിമർശിച്ചതിന്എം.പി. പോളിനെ പള്ളിയിൽ അടക്കിയില്ല. പുരോഹിതരെ നമസ്ക്കരിച്ചു നിന്നില്ലെങ്കിൽ മക്കളുടെയും കുഞ്ഞുങ്ങളുടെയും കൂദാശകൾവരെ മുടക്കാൻ അവർക്ക് ദൈവം തമ്പുരാന്റെ അധികാരം ഉണ്ടെന്നാണ് ഭാവം. .
ഞാൻ പള്ളിയിൽ പോവാറുണ്ടെന്ന മറുപടി വിശ്വസിക്കാതെ ഈ വികാരി എന്നെ ഒരു പരിഹാസ ചിരിയോടെ നോക്കി എന്തോ പറയാൻ ഭാവിച്ചു. പറഞ്ഞില്ല. സീറോ മലബാർ എന്ന കള്ട്ട് മതം അദ്ദേഹത്തിൻറെ രക്തത്തിൽ അലിഞ്ഞു കിടക്കുകയാണെന്നും മനസിലായി. ഒരു കുറ്റവാളിയെപ്പോലെ ഞാൻ അദ്ദേഹത്തിന്റെ നോട്ടപുള്ളിയായി. എന്തു സംസാരിച്ചാലും പിടിക്കുന്നില്ലെന്നും മനസിലായി. പുരോഹിതരുടെ മുമ്പിൽ അല്മെനിയെന്നും മഠയന്മാരായി കൈകൂപ്പി നിൽക്കണമെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. സഭയെ വിമർശിച്ചാൽ കൊടുംപാപമായി കരുതും. ബില്ല്യൻ കണക്കിന് വിശ്വാസികളുടെ പണം പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ചിലവാക്കുന്ന കാര്യം ലോകമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത് പുരോഹിതരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അല്മേനികൾ പാപികളാകും. അൾത്താരയിൽ അല്മെനിയുടെ ചിലവിൽ കഴിയുന്ന പുരോഹിതൻ ആദ്യം പ്രാർഥിക്കുനത് മാർപ്പാപ്പയ്ക്കും പിന്നെ കർദ്ദിനാളിനും മെത്രാനും അവസാനം പാപിയായ അല്മേനിക്കുമായിരിക്കും. ഇല്ലാരാജ്യത്തിലെ രാജാവിന്റെ വേഷം ധരിച്ചുകൊണ്ട് നിത്യം കുർബാന ചൊല്ലുന്ന ഇവർക്ക് ബൌദ്ധികതലങ്ങളിൽ ചിന്തിക്കുന്ന അല്മേനികളെ കണ്ടുകൂടാ. അവരെ വ്യക്തിപരമായി പരിഹസിച്ചൊതുക്കാനും ഇവർക്കറിയാം. അന്ധവിശ്വാസങ്ങൾ മുഴുവൻ തലയിൽ കയറ്റി വെച്ചിരിക്കുന്നതുകൊണ്ട് എത്ര പണം ചോദിച്ചാലും കുഞ്ഞാടുകൾ കൊടുത്തുകൊള്ളും. പെരുന്നാളും വെടികെട്ടും നടത്തി പതിനായിരക്കണക്കിന് പണവും ചിലവാക്കിക്കൊള്ളും. ക്രിസ്തു ഏതെങ്കിലും പള്ളിയിൽ പോയതായോ പള്ളി സ്ഥാപിച്ചതായോ ചരിത്രത്തിലോ വേദഗ്രന്ഥങ്ങളിലോ കാണാൻ സാധിക്കില്ല. പള്ളിയിലെ പ്രസംഗത്തിൽ ചരിത്രവസ്തുതകൾ പലതും പുരോഹിതർ മറച്ചു വെക്കും.
പുരോഹിതരുടെ വിവാഹത്തെപ്പറ്റിയും അറ്റ്ലാന്റായിലെ സുഹൃത്തിന്റെ വീട്ടിലെ ചർച്ചകളിൽ ഉണ്ടായിരുന്നു. അമേരിക്കയിൽ വന്നപ്പോൾ ആദ്യമായി എന്റെ വീട് വെഞ്ചരിച്ച അച്ചൻ ഇന്ന് വിവാഹജീവിതം നയിക്കുന്നുവെന്നും അദ്ദേഹം എന്റെ സുഹൃത്താണെന്നും പറഞ്ഞപ്പോൾ ഈ വികാരി എന്റെ വാക്കുകളിൽ കയറിപ്പിടിച്ചു. ഞാൻ വ്യത്യസ്തനായതിന്റെ കാരണം അത്തരക്കാരുമായ കൂട്ടുകെട്ടാണെന്നും വികാരി തുറന്നടിച്ചു. ഒടുവിൽ പീറ്ററും ക്രിസ്തുവിന്റെ പല ശിക്ഷ്യന്മാരും വിവാഹം കഴിച്ച കഥകളും അച്ചനെ ഓർമ്മപ്പെടുത്തേണ്ടി വന്നു. ക്രിസ്തു വിവാഹിതനായിരുന്നുവെന്നും പറയേണ്ടി വന്നു. ഒരു പെണ്ണിന്റെ ചൂട് അനുഭവിക്കാതെ ഞെരിപിരികൊണ്ട് കുപ്പായത്തിനുള്ളിൽ കഴിയുന്നതിലും ഭേദം വിവാഹമാണ് പവിത്രമെന്നും ഈ വികാരിയെ ഓർമ്മിപ്പിച്ചു. കുഞ്ഞാടുകളോട് സ്നേഹമുണ്ടെങ്കിൽ പൌലോസിന്റെ വചനങ്ങൾ ഇനിമുതൽ പള്ളിയിൽ വായിക്കണമെന്നും ഉപദേശിച്ചു. ബ്രഹ്മചര്യം കാക്കാൻ കഴിവില്ലാത്തവർ പൌരാഹിത്യം ഉപേക്ഷിക്കാൻ ഫ്രാൻസീസ് മാർപ്പാപ്പാ പറഞ്ഞ കാര്യവും പറയേണ്ടി വന്നു. മാർപ്പാപ്പാമാർ അഞ്ഞൂറുവർഷം മുമ്പുവരെ വിവാഹം കഴിച്ചിരുന്നതും വേശ്യകളെ കൂടെ പാര്പ്പിച്ചിരുന്ന മാര്പ്പാമാരുടെ കഥകളും പറയാൻ ആരംഭിച്ചപ്പോൾ അറ്റ്ലാന്റാ വികാരി ശാന്തനായി. സത്യം കേട്ടപ്പോൾ വികാരിക്ക് എന്റെ അഭിപ്രായങ്ങൾ രസിച്ചു കാണുമെന്നും തോന്നുന്നില്ല.
ക്രിസ്തുവിൽ യഹൂദനെന്നും ക്രിസ്ത്യാനിയെന്നും വ്യതാസമില്ല. പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന പീറ്ററിനെ പോൾ ശകാരിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ബൈബിളിൽ വിശ്വസിക്കുന്നവരായ ഇവർ സീറോ മലബാർ പാരമ്പര്യം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിനും അച്ചനിൽനിന്ന് ഉത്തരം കിട്ടിയില്ല. ഇന്നുള്ള പ്രൈമറി സ്കൂളിൽ പഠിക്കുന്നവർ പോലും ഏതു മെത്രാനെക്കാളും പുരോഹിതനെക്കാളും അറിവുള്ളവരെന്ന വസ്തുതയും ബഹുമാനം മാത്രം പ്രതീക്ഷിക്കുന്ന കുപ്പായക്കാർ മനസിലാക്കുകയില്ല. കുപ്പായത്തിന്റെ ശക്തിയിൽ ബൌദ്ധിക ചിന്താഗതിക്കാരെ അടിച്ചമർത്താമെന്നും ഇവർ ഭാവിക്കുന്നു. ഉഷ്ണകാലത്തിലും ളോഹ ധരിച്ചുകൊണ്ട് വീട്ടമ്മമാരുടെ വീടുകളിൽ പോയി കറിയ്ക്കുപ്പുണ്ടോയെന്നു നോക്കാൻ ഇവർ ബഹുമിടുക്കരാണ്. എന്നെപ്പോലെ എഴുതിയും ലോകപരിചയവുമുള്ള എന്റെ നേരെ ഒരു പുരോഹിതന്റെ നിലപാട് ഇത്തരത്തിലെങ്കിൽ നിത്യം പള്ളിയിൽ പോയി പുരോഹിത വചനം കേൾക്കുന്ന കുഞ്ഞാടുകളുടെ കാര്യം കഷ്ടമെന്നേ പറയാൻ സാധിക്കുന്നുള്ളൂ. പഴഞ്ചൻ നൂറ്റാണ്ടിൽ ഇന്നും ജീവിക്കുന്ന പുരോഹിതർ അറിവിന്റെ വെളിച്ചം നേടാൻ ഇനിയും ദീർഘദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
സത്യത്താലും വസ്തുതകളാലും കുറേക്കൂടി വിശാലമായി മനസിലാക്കാൻ അല്മായശബ്ദം പോലുള്ള വെബ്സൈറ്റുകൾ വായിക്കാൻ പുരോഹിതനെ ഞാൻ ഉപദേശിച്ചപ്പോൾ അതിനൊന്നും സമയമില്ലെന്ന് തിരിച്ചു മറുപടി പറഞ്ഞു. മത വർഗീയത വെടിഞ്ഞു വിശാലമായി ചിന്തിച്ചുകൊണ്ടുള്ള മതങ്ങളെപ്പറ്റി കൂടുതൽ അറിയാൻ ഇവർ ശ്രമിച്ചിരുന്നെങ്കിൽ ഇത്തരം പുരോഹിതരുടെ വിഢിവർത്തമാനങ്ങൾക്ക് ശമനം കിട്ടുമായിരുന്നു. മയക്കു മരുന്നിനെക്കാളും ശക്തിയായി യുവതലമുറകളുടെ ചിന്തിക്കാനുള്ള കഴിവിനെ നശിപ്പിക്കുന്ന മഞ്ചെട്ടിവിഷങ്ങളാണ് പുരോഹിതകൂട്ടങ്ങളെന്ന് കുഞ്ഞാടുകൾ മനസിലാക്കുന്ന കാലം അധിക ദൂരമില്ല. മഞ്ചെട്ടിവിഷമെന്ന പദം ഞാൻ കടം എടുത്തതും പ്രസിദ്ധ ദൈവശാസ്ത്ര വൈദികനായ ഗുരുദാസച്ചനിൽ നിന്നുമാണ്. അന്ധമായി വിശ്വസിക്കുന്ന അറ്റ്ലാന്റാ വികാരിക്ക് സമയമുണ്ടെങ്കിൽ ബഹുമാനപ്പെട്ട ഗുരുദാസച്ചന്റെ 'തട്ടുംപുറത്തെ ദൈവം' എന്ന കവിതാ സമാഹരമെങ്കിലും വായിച്ചാൽ പൌരാഹിത്യത്തിനു വെളിയിലുള്ള ലോകത്തെയും മനസിലാക്കാൻ സാധിക്കുമായിരുന്നു. സഭാപരമായ കാര്യങ്ങളിൽ വാദവിവാദങ്ങൾ നടത്താൻ ഞാൻ തയാറെന്ന് പറഞ്ഞിട്ടും എന്നെ വ്യക്തിപരമായി പരിഹസിക്കാൻ അപ്പോഴെല്ലാം അദ്ദേഹം താല്പര്യപ്പെട്ടു. അഹന്ത അദ്ദേഹത്തിനുണ്ടായിരുന്നിട്ടും ഒരു പുരോഹിതനെന്ന നിലയിൽ വളരെയേറെ ബഹുമാനിച്ചുകൊണ്ടാണ് ഞാൻ സംസാരിച്ചത്. പിന്താങ്ങുന്ന ചുറ്റുമുള്ളവരുടെ ആൾബലവും ഈ വികാരിയെ സംഭാഷണ വേളയിൽ ഒരു ഹീറോയാക്കിയിരുന്നു.
Joy Alappatt (Bishop Chicago) |