Translate

Tuesday, July 8, 2014

സമാനതകളില്ലാത്ത ഫ്രാന്‍സിസ്‌ മാര്‍പാപ്പ

mangalam malayalam online newspaper
നിസ്‌തുലധിഷണാശാലിയും പണ്ഡിതവരേണ്യനുമായ ബനഡിക്‌ട് പതിനാറാമന്റെ സ്‌ഥാനത്യാഗത്തെ തുടര്‍ന്ന്‌ പാപ്പാസ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട അര്‍ജന്റീനിയന്‍ കര്‍ദിനാള്‍ ജോര്‍ജ്‌ ബര്‍ഗോളിയോയില്‍ ഒട്ടനവധി അപൂര്‍വതകള്‍ സമ്മേളിക്കുന്നതായി കാണാം. ലോകത്താകെയുള്ള കത്തോലിക്കരില്‍ ഭൂരിപക്ഷത്തിന്റെയും ആവാസഭൂമിയായ തെക്കെ അമേരിക്കയില്‍നിന്നുവരുന്ന ഒരു കര്‍ദിനാള്‍ മാര്‍പ്പാപ്പയാകുന്നത്‌ ഇതാദ്യം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസ്സിയുടെ പേര്‌ സ്വന്തമാക്കാന്‍ തീരുമാനിച്ച ആദ്യത്തെ പോപ്പും ഇദ്ദേഹംതന്നെ. നാലര നൂറ്റാണ്ടത്തെ സഭാചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഈശോസഭയിലെ ഒരംഗം പത്രോസിന്റെ പിന്‍ഗാമിയാകുന്നതും ഇതാദ്യമാണ്‌. തന്റെ രണ്ടു സമീപകാല മുന്‍ഗാമികളെ - ജോണ്‍ 23-ാ മനെയും ജോണ്‍ പോള്‍ രണ്ടാമനെയും - ഒരുമിച്ചു വിശുദ്ധരായി നാമകരണം ചെയ്‌ത അപൂര്‍വതയും പോപ്പ്‌ ഫ്രാന്‍സിസിന്‌ അവകാശപ്പെട്ടതാണ്‌.
ഇതിനുമുമ്പ്‌ ഇദ്ദേഹത്തെപ്പോലെ വേറൊരു മാര്‍പാപ്പയും സ്വന്തം കുറ്റങ്ങളും കുറവുകളും ബഹുജനസമക്ഷം ഏറ്റുപറയാന്‍ സന്നദ്ധനായിട്ടില്ല. ചിവില്‍ത്ത കത്തോലിക്ക എന്ന ഇറ്റാലിയന്‍ മാസികയുടെ പത്രാധിപര്‍ ഫാ.അന്തോണിയോ സ്‌പദാഗോയുമായി നടത്തിയ അഭിമുഖത്തിലെ ആ വെളിപ്പെടുത്തലിലൂടെ നവീകരണത്തിന്റെ ഒരു നൂതനപാത അദ്ദേഹം വെട്ടിത്തെളിയിച്ചിരിക്കയാണ്‌.
"മനുഷ്യന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാവണം. ബാഹ്യവും നിയമപരവുമായ നവീകരണമല്ല പ്രധാനം. സുവിശേഷപ്രവര്‍ത്തകര്‍ ജനഹൃദയങ്ങളെ ഉണര്‍ത്താന്‍ കഴിവുള്ളവരാവണം. ഇടയന്മാരെയാണ്‌ ദൈവജനത്തിനു വേണ്ടത്‌. സര്‍ക്കാരുദ്യോഗസ്‌ഥന്മാരെപ്പോലെ പെരുമാറുന്ന ഒരുപറ്റം പുരോഹിതന്മാരെയല്ല."
അങ്ങ്‌ ആരാണ്‌? എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. ഏറ്റവും സത്യസന്ധവുമായ ആത്മനിര്‍വചനത്തിന്റെ രത്നചുരുക്കമായി അദ്ദേഹം പറഞ്ഞത്‌ ഇതാണ്‌- "കര്‍ത്താവിന്റെ കൃപാകടാക്ഷം ലഭിച്ച പാപിയാണു ഞാന്‍."
1974 - ല്‍ നടന്ന ഈശോസഭയുടെ പൊതുസമ്മേളനം ആരാണ്‌ ഒരു ജസ്വീട്ട്‌ എന്ന ചോദ്യത്തിന്‌ നല്‍കിയ മറുപടിയുടെ മാറ്റൊലി ഇവിടെ കേള്‍ക്കാം. അര്‍ജന്റീനയിലെ ജസ്വീട്ട്‌ പ്ര?വിന്‍ഷ്യല്‍ എന്ന നിലയില്‍ ഫാ. ജോര്‍ജ്‌ മാരിയോ ബര്‍ഗോളിയോ അതില്‍ പങ്കെടുത്തിരുന്നു. പാപിയായിരുന്നിട്ടും ഇഗ്‌നേഷ്യസിനെ പോലെ യേശുവിന്റെ സഹയാത്രികനാകാന്‍ വിളിക്കപ്പെട്ടവനാണ്‌ ജസ്വീട്ട്‌. ഈശോസഭയിലെ പരിശീലനത്തിന്റെ ഭാഗമായി ഓരോ ജസ്വീട്ടും രണ്ടുതവണ മുപ്പതുദിന ഇഗ്‌നേഷ്യന്‍ ധ്യാനം നടത്താറുണ്ട്‌. അതില്‍ പങ്കെടുക്കുന്ന ഒരാള്‍ തന്നോടുതന്നെ ചോദിക്കുന്നു:
ക്രിസ്‌തുവിനു വേണ്ടി ഞാന്‍
എന്തുചെയ്‌തു?
ക്രിസ്‌തുവിനു വേണ്ടി ഞാന്‍
എന്താണിപ്പോള്‍ ചെയ്യുന്നത്‌?
ക്രിസ്‌തുവിനു വേണ്ടി ഞാന്‍ ഇനി
എന്താണ്‌ ചെയ്യേണ്ടത്‌?
യേശുവുമായുള്ള ഗാഢബന്ധം ഒരാളെ പരിവര്‍ത്തന വിധേയനാക്കുന്നു. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച്‌ ക്രിസ്‌തുവിനോടൊപ്പം ദൈവരാജ്യത്തിനു വേണ്ടി പോരാടാന്‍ അയാള്‍ സന്നദ്ധനാവുന്നു.
പോപ്പ്‌ ഫ്രാന്‍സിസിന്റെ സമീപകാലാനുഭവങ്ങള്‍ പലതും ഇവയ്‌ക്കു സദൃശങ്ങളാണ്‌. അദ്ദേഹം അര്‍ജന്റീനയില്‍ പ്ര?വിന്‍ഷ്യലായിരുന്ന കാലത്ത്‌ അന്നത്തെ പട്ടാള ഭരണകൂടം രണ്ട്‌ ജസ്വീട്ട്‌ വൈദികരെ അടിസ്‌ഥാനരഹിതമായി രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റുചെയ്‌ത് ജയിലില്‍ അടച്ച്‌ മര്‍ദിക്കുകയുണ്ടായി. അവരോട്‌ വേണ്ടത്ര സഹാനുഭൂതി കാണിക്കാതിരുന്നത്‌ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്ന്‌ ഫാ.ബേര്‍ഗോളിയോ പിന്നീട്‌ മനസിലാക്കി. ആ നടപടിയെ പറ്റി അദ്ദേഹം അനുതപിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. മറ്റാരുമായി ആലോചിക്കാതെ പെട്ടെന്നു തീരുമാനമെടുത്തതാണു തനിക്കുപറ്റിയ തെറ്റ്‌ എന്ന്‌ അദ്ദേഹമിപ്പോള്‍ തിരിച്ചറിയുന്നു:
"ഒരു ജസ്വീട്ട്‌ എന്നനിലയില്‍ ആരംഭകാലത്തെ എന്റെ ഭരണശൈലിയില്‍ പല പിഴവുകളും വന്നുപോയിട്ടുണ്ട്‌. വളരെ ചെറുപ്പത്തില്‍തന്നെ ഞാന്‍ പ്ര?വിന്‍ഷ്യലായി നിയമിക്കപ്പെട്ടു. അന്നത്തെ എന്റെ പ്രായം 36 വയസ്‌. മറ്റാരുടേയും അഭിപ്രായം തേടാന്‍ കൂട്ടാക്കാതെ ഞാന്‍ തനിച്ച്‌ തീരുമാനങ്ങള്‍ എടുത്തു. ഏകാധിപത്യപരമായ അമ്മാതിരി നടപടികള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു."
1980 കളുടെ ഒടുവില്‍ ഈശോസഭയിലെ ഭരണതലത്തുനിന്ന്‌ മാറ്റപ്പെട്ട ഫാദര്‍ ബേര്‍ഗോളിയോവില്‍ വലിയൊരു മാനസാന്തരം നടന്നതായി അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.ആദ്യമൊക്കെപാരമ്പര്യങ്ങളില്‍നിന്ന്‌ വ്യതിചലിക്കാത്ത യാഥാസ്‌ഥികനായിരുന്നു, അദ്ദേഹം. പിന്നീട്‌ മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എളിമയോടെ കേള്‍ക്കാന്‍ പ്രതിജ്‌ഞാബദ്ധനായി മാറി. വ്യക്‌തിഗതമായ പ്രാര്‍ഥനയും ഇഗ്‌നേഷ്യന്‍ ധ്യാനമുറയുടെ അനുശീലനവും വഴിയാണ്‌ ഈ മാറ്റം സംഭവിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പോള്‍ വലേലി ചൂണ്ടിക്കാട്ടുന്നു.
അരനൂറ്റാണ്ടുമുമ്പ്‌ ജോണ്‍ മാര്‍പാപ്പ വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ നിന്നുരുത്തിരിഞ്ഞ അധികാരവികേന്ദ്രീകരണം, അഥവാ കോളേജിയാലിറ്റിയുടെ അര്‍ത്ഥം പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ്‌ ലോകമെങ്ങുമുള്ള മെത്രാന്മാരുടെ അഭിപ്രായം ആരായണം എന്നതായിരുന്നു. അക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ സഭയ്‌ക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിനെ പുനരുജ്‌ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന്‌ പുതിയ മാര്‍പാപ്പ ആവശ്യപ്പെടുന്നു.
ദാരിദ്ര്യത്തില്‍ കഴിയുന്നവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്നല്ല, അവരില്‍നിന്നു എന്തൊക്കെ പഠിക്കാമെന്നാണ്‌ ഫ്രാന്‍സിസ്‌ പാപ്പ ചിന്തിക്കുന്നത്‌. ദരിദ്രരോടുള്ള ഈ പക്ഷംചേരല്‍ ക്രൈസ്‌ത ധാര്‍മ്മികതയുടെ അവശ്യ ഘടകമത്രേ. ദാരിദ്ര്യം വാക്കില്‍മാത്രം പോര, ജീവിതത്തിലും പ്രതിഫലിക്കണം. വത്തിക്കാനില്‍ മാര്‍പാപ്പമാര്‍ നൂറ്റാണ്ടുകളായി അധിവസിച്ചുപോന്ന അപ്പസ്‌തോലിക കൊട്ടാരത്തിലെ രാജകീയ സംവിധാനങ്ങള്‍ ഉപേക്ഷിച്ച്‌ മാര്‍ത്തയുടെ ഭവനം എന്നറിയപ്പെടുന്ന സാധാരണ വസതിക്കുള്ളിലെ പരിമിതമായ സൗകര്യങ്ങള്‍കൊണ്ട്‌ സംതൃപ്‌തനാണദ്ദേഹം.
ഇത്തവണ റോമില്‍നടന്ന പെസഹാചരണത്തിനിടയില്‍ പോപ്പ്‌ ഫ്രാന്‍സിസ്‌ പന്ത്രണ്ട്‌ വികലാംഗരെയാണ്‌ കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി വിളിച്ചത്‌. പതിനാറിനും എണ്‍പത്തിയാറിനുമിടയില്‍ പ്രായമുള്ള 8 പുരുഷന്മാരും 4 സ്‌ത്രീകളും. അക്കൂട്ടത്തില്‍ ഒരു മുസ്ലീംസ്‌ത്രീയും ഉണ്ടായിരുന്നു.
13 കൊല്ലം മുമ്പ്‌ ബ്യൂവേനസ്‌ അയേഴ്‌സിലെ മെത്രാപ്പോലീത്ത ആയിരുന്നപ്പോള്‍ 12-എയ്‌ഡ്സ്‌ രോഗികളുടെ കാലുകള്‍ കഴുകിക്കൊണ്ടാണ്‌ അദ്ദേഹം പെസഹാ ആചരിച്ചത്‌. വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസി പണ്ട്‌ കുഷ്‌ഠരോഗികളെ കുളിപ്പിക്കുകയും ചുംബിക്കുകയും ചെയ്‌ത സംഭവമായിരുന്നു പ്രചോദനം. കാലുകഴുകലിന്‌ യേശു നല്‍കിയ വിശദീകരണം എന്നും എവിടെയും പ്രസക്‌തമത്രേ:-നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകാന്‍ കടപ്പെട്ടവരാണ്‌.
അപ്പസ്‌തോലന്മാരുടെ ഇന്നത്തെ പിന്‍ഗാമികളില്‍ ചിലരുടെ അധികാരവാഞ്ചയും ആര്‍ഭാടവും പൊങ്ങച്ചവുമൊക്കെ ക്രിസ്‌തുവിനു എതിര്‍സാക്ഷ്യമാണെന്ന്‌ പറയാതെ വയ്യ. അവയ്‌ക്കു വിരാമമിടാതെ സഭയില്‍ നവീകരണം സാധ്യമല്ല.
ആദ്യത്തെ പോപ്പ്‌ - പത്രോസ്‌ - വിവാഹിതനായിരുന്നു. ആദിമ നൂറ്റാണ്ടുകളില്‍ വൈദികര്‍ക്ക്‌ ബ്രഹ്‌മചര്യം നിര്‍ബന്ധിതമായിരുന്നില്ല. അങ്ങനെയെങ്കില്‍ പ്രോട്ടസ്‌റ്റന്റ്‌ - ഓര്‍ത്തഡോക്‌സ് - സഭകളിലെന്ന പോലെ കത്തോലിക്കാ സഭയ്‌ക്കും ബ്രഹ്‌മചര്യം ഐച്‌ഛീകമാക്കരുതോ? വിവാഹമോചനത്തിനുശേഷം പുനര്‍വിവാഹം നടത്തുന്നവര്‍ക്കെതിരേ നിലവിലുള്ള അച്ചടക്ക നടപടികളില്‍ അയവുവരുത്താനാകുമോ? ഇത്തരം പല ചോദ്യങ്ങളും തീരുമാനമെടുക്കാതെ അവശേഷിക്കുന്നുണ്ട്‌. അവയോടുള്ള സഭയുടെ പ്രതികരണം അനുഭാവപൂര്‍ണമായിരിക്കണം എന്ന സൂചനയാണ്‌ പോപ്പ്‌ ഫ്രാന്‍സിസിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്‌.
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ്‌ തുടങ്ങിവച്ച ക്രൈസ്‌തവൈക്യപ്രസ്‌ഥാനത്തെ പിന്തുണക്കുന്നതിലും അദ്ദേഹം പ്രതിജ്‌ഞാബദ്ധനാണ്‌. ക്രൈസ്‌തവേതര മതങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന കാര്യത്തിലാവട്ടെ അതീവതല്‍പരനുമാണ്‌. സംഘര്‍ഷകലുഷമായ പശ്‌ചിമേഷ്യ സന്ദര്‍ശിക്കവേ ഇസ്രയേലിനേയും പലസ്‌തിനെയും വേര്‍തിരിക്കുന്ന സുരക്ഷാ മതിലില്‍ തലചായ്‌ച്ച് പ്രാര്‍ഥിക്കുന്ന പോപ്പിന്റെ ഈയിടെ പത്രങ്ങളില്‍ വന്നുവല്ലോ.
പോപ്പ്‌ മുന്നോട്ടുവച്ച ബദല്‍നിര്‍ദേശം സ്വീകരിക്കാന്‍ ഇസ്രായേല്‍ പ്രസിഡന്റ്‌ ഷീമോണ്‍ പെരേസും പലസ്‌തീന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്ബാസും സന്നദ്ധരായി. ജൂണ്‍ എട്ടിനു വത്തിക്കാനില്‍ നടന്ന പ്രാര്‍ഥനായോഗത്തില്‍ അവര്‍ ഇരുവരും മാര്‍പാപ്പയോടൊപ്പം പങ്കെടുത്തു. അറബി-ഇസ്രായേലി സംഘര്‍ഷത്തിനു കാതലായ അയവുണ്ടാക്കാന്‍ പോപ്പ്‌ ഫ്രാന്‍സിസിന്റെ ഇടപെടല്‍ സഹായിച്ചിട്ടുണ്ടെന്ന്‌ വിലയിരുത്തപ്പെടുന്നു.
അതേ സമയം, ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ എതിര്‍ക്കുന്നവരും ഉണ്ടെന്നോര്‍ക്കുക. മെത്രാന്‍സ്‌ഥാനം വലിയൊരു പദവി ആണെന്നും അരമനയും ആഡംബര കാറും തിരുമേനി വിളിയുമെല്ലാം സമാനതകളില്ലാത്ത മഹാഭാഗ്യമാണെന്നും ധരിച്ചുവശായിട്ടുള്ളവര്‍ കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുണ്ട്‌. വിനയാന്വിതമായ ജീവിതശൈലിക്കും പ്രാധാന്യം കല്‍പിക്കുന്ന പുതിയ പോപ്പിന്റെ രംഗപ്രവേശം പലരേയും അസ്വസ്‌ഥരാക്കുന്നത്‌ സ്വാഭാവികംമാത്രം.
ഒകേ്‌ടാബറില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ മുന്നോടിയായി കുടുംബങ്ങളുടെ സ്‌ഥിതിയെപ്പറ്റി ഒരു ദേശാന്തരീയസര്‍വേ നടത്താന്‍ പദ്ധതിയുണ്ട്‌. ഈ നിര്‍ദേശം മുന്നോട്ടുവച്ച്‌ പോപ്പ്‌ ഫ്രാന്‍സിസ്‌ ഫെബ്രുവരി 25ന്‌ ഒരു കത്തയച്ചിരുന്നു. അതിനോടുള്ള ഇന്ത്യന്‍ മെത്രാന്മാരുടെ പ്രതികരണം ഊഷ്‌മളമായിരുന്നില്ല എന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ഇങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണജനങ്ങള്‍ മൗനം പാലിക്കുകയാണോ വേണ്ടത്‌? തീര്‍ച്ചയായും അല്ല എന്നാണ്‌ മേയ്‌ 11-ാം തീയതി സെന്റ്‌ പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പൊതുസന്ദര്‍ശന വേളയില്‍ അദ്ദേഹം നല്‍കിയ സന്ദേശത്തിന്റെ ചുരുക്കം. "നിങ്ങളുടെ അജപാലകന്മാരുടെ വാതിലില്‍ നിങ്ങള്‍ മുട്ടണം. അവരെ, നിങ്ങളുടെ അജപാലകരായ ഞങ്ങളെ എല്ലാവരെയും അലട്ടിക്കൊണ്ടിരിക്കുക. നിങ്ങള്‍ക്കാവശ്യമായ കൃപാവരങ്ങളുടെയും വിശ്വാസസത്യങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും നറുംപാല്‍ ലഭ്യമാകുന്നതുവരെ ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുക."
ബുധനാഴ്‌ചകളില്‍ സെന്റ്‌ പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന പൊതുസന്ദര്‍ശനം പ്രസിദ്ധമാണ്‌. 2013 ഡിസംബറിലെ ഒരു ബുധനാഴ്‌ച ടൈം വാരികയുടെ ലേഖകര്‍ റിപ്പോര്‍ട്ടുചെയ്‌ത ചില വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: മുപ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടമാണ്‌ അന്നുണ്ടായിരുന്നത്‌. കഥപറഞ്ഞ്‌ രസിപ്പിക്കുന്ന ശൈലിയിലായിരുന്നു പ്രസംഗം. ഇറ്റാലിയന്‍ ഭാഷയില്‍ എഴുതി തയാറാക്കിയ കടലാസില്‍ നിന്നു അദ്ദേഹം വായിക്കുന്നു. അതിന്റെ തര്‍ജമ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍, സ്‌പാനിഷ്‌, പോര്‍ച്ചുഗീസ്‌, അറബിക്‌ എന്നീ ഭാഷകളില്‍ വൈദികര്‍ വായിക്കുന്നു. തുടര്‍ന്ന്‌ പോപ്പ്‌ ജനക്കൂട്ടവുമായി സംവാദത്തിലേര്‍പ്പെടുന്നു. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ ആയിരുന്നു അന്നത്തെ വിഷയം.
അത്ഭുതകരമായ ഒരു അമൂല്യനിധിശേഖരം കണ്ടുകിട്ടിയ സദ്‌വാര്‍ത്ത സുഹൃത്തുക്കളെ അറിയിക്കാന്‍ വ്യഗ്രത കൊള്ളുന്നവന്റെ ആഹ്ലാദവായ്‌പോടെയാണ്‌ ക്രിസ്‌തുവിന്റെ സ്‌നേഹത്തെപ്പറ്റി പോപ്പ്‌ ഫ്രാന്‍സിസ്‌ സംസാരിക്കുന്നത്‌. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്‌തു നമുക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന ചിന്ത നമ്മെ പ്രത്യാശാഭരിതരാക്കുന്നു. നമ്മളും ഉയിര്‍പ്പിന്റെ പാതയിലാണെന്നോര്‍ത്ത്‌ സന്തോഷിക്കുക. നമ്മള്‍ എല്ലാവരും ഒരുദിവസം യേശുവിന്റെ സന്നിധിയിലെത്തിച്ചേരും. ഇവിടെ, ഈ ചത്വരത്തില്‍വച്ചല്ല, അങ്ങ്‌ അപ്പുറത്ത്‌. അതാണ്‌ നമ്മുടെ നിയോഗം. പരിപാടി അവസാനിക്കുമ്പോള്‍ പോപ്പ്‌ ഫ്രാന്‍സിസ്‌ സമീപത്തുള്ള കര്‍ദ്ദിനാളുമാരുമായി കുശല പ്രശ്‌നം നടത്തുന്നു. തുടര്‍ന്ന്‌ രോഗികളെയും വികലാംഗരേയും സമീപിച്ച്‌ അവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നു.
എ.അടപ്പൂര്‍
- See more at: http://www.mangalam.com/editorial/203665#sthash.XVETKtv8.dpuf

1 comment:

  1. ഫാ. അടപ്പൂരിന്റെ വ്യക്തിപൂജ ചിലയിടത്തൊക്കെ അസ്ഥാനത്താണ്. പഴയ പോപ്പിന്റെ പാണ്ഡിത്യം തലതിരിഞ്ഞതായിരുന്നുവെന്ന് അദ്ദേഹത്തിൻറെ പല പ്രഖ്യാപനങ്ങളും തെളിയിചിട്ടുള്ളതും ഹാൻസ് ക്യൂങ്ങ്, ഡെർവെർമൻ തുടങ്ങിയ പക്വതയുള്ള ദൈവജ്ഞർ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്. അതുപോലെതന്നെ പോൾ രണ്ടാമനെ വിശുദ്ധനാക്കിയതിൽ രൂക്ഷമായ അതൃപ്തിയുള്ള ധാരാളം ചിന്തകർ ക. സഭയിൽത്തന്നെയുണ്ട്‌. ജെസ്വിറ്റുകാരുടെ ധ്യാനം (ക്രിസ്‌തുവിനു വേണ്ടി ഞാന്‍
    എന്തുചെയ്‌തു? ക്രിസ്‌തുവിനു വേണ്ടി ഞാന്‍ എന്താണിപ്പോള്‍ ചെയ്യുന്നത്‌?
    ക്രിസ്‌തുവിനു വേണ്ടി ഞാന്‍ ഇനി എന്താണ്‌ ചെയ്യേണ്ടത്‌?) കഴിച്ചിരുന്നവനായിരുന്നല്ലോ ഫ്രാൻസിസ് സേവ്യർ. ആത്മാക്കളെ രക്ഷിക്കാൻ ഇന്ത്യയിലെത്തിയ അദ്ദേഹം എത്ര നിരപരാധികളെ ഗോവയിലും ചുറ്റുവട്ടത്തും അറുകൊല ചയ്തു എന്നത് ഇന്നാർക്കും അജ്ഞാതമല്ല.എന്നിട്ടും അദ്ദേഹം ശവം അഴുകാത്ത വിശുദ്ധരുടെ പട്ടികയിലാണ്. നഗ്നസത്യവും പുറംപൂച്ചും തമ്മിൽ എന്തുമാത്രം അടുപ്പമുണ്ടെന്നും എന്തുമാത്രം ഒളിച്ചുകളികൾ നമ്മുടെ പുണ്യാത്മാക്കൾ പോലും അവരുടെ കത്തോലിക്കാ ദൈവത്തിനുവേണ്ടി ചെയ്യുന്നുവെന്നും സാധാരണക്കാർ മനസ്സിലാക്കുന്നുണ്ട്. വൈദികർക്കും സന്യസ്തർക്കും അത്രയും വിവരം ഉണ്ടാകണമെങ്കിൽ ഒന്നാന്തരം വെളിപാടുതന്നെ വേണ്ടിവരും.

    പിന്നെ, പോപ്‌ ഫ്രാൻസിസ് സ്വയം തിരുത്തിയ താൻപോരിമ എന്ന മാനസികാവസ്ഥ (എനിക്കെല്ലാം അറിയാം ഞാനാരോട് അഭിപ്രായം ചോദിക്കണം എന്ന ചിന്ത) എല്ലാ വൈദികർക്കും മെത്രാന്മാർക്കും അവരുടെ ട്രെയ്നിങ്ങിലൂടെ കരഗതമാകുന്ന ഒരു വിശുദ്ധ അമളിയാണ്. അത് ആത്മശോധനയിൽ കണ്ടെത്താൻ വിഷമമുള്ള ഒരു സ്വഭാവവിശേഷമാണ്. എന്റെയൊരു വൈദിക സുഹൃത്ത് ഈയിടെ എന്നോട് കുമ്പസാരിച്ചതാണ് - ഒരു ചെറിയ സ്റ്റോർ റൂം ഉണ്ടാക്കാൻ മേസ്ത്രി വന്നപ്പോൾ ഒന്നുരണ്ടു കാര്യങ്ങൾക്ക് അങ്ങേർ മേസ്ത്രിയുമായി തട്ടിക്കേറി. പണി കഴിഞ്ഞപ്പോൾ ഇഷ്ടന് മനസ്സിലായി, താൻ ചെയ്തത് തന്റെ സെമിനാരി ട്രെയ്നിങ്ങിന്റെ ശീലത്തിൽ നിന്ന് വന്നു പിണഞ്ഞ ഒരപരാധമായിരുന്നുവെന്ന്. പല കെട്ടിടങ്ങളും പണികഴിപ്പിച്ചിട്ടുള്ള തനിക്കു മേസ്ത്രിയെക്കാൾ കൂടുതൽ അറിയാം എന്നങ്ങു ധരിച്ചുപോയി. എന്നാൽ അത് തെറ്റായിരുന്നു എന്ന് തിരിച്ചറിയാനുള്ള ബോധം അദ്ദേഹത്തിന് താമസിച്ചെങ്കിലും കൈവന്നു.

    "ദാരിദ്ര്യത്തില്‍ കഴിയുന്നവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്നല്ല, അവരില്‍നിന്നു എന്തൊക്കെ പഠിക്കാമെന്നാണ്‌ ഫ്രാന്‍സിസ്‌ പാപ്പ ചിന്തിക്കുന്നത്‌." അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ നല്ല വശങ്ങൾ ഫാ. അടപ്പൂർ നന്നായി പ്രകാശിപ്പിച്ചിരിക്കുന്നു. നമ്മുടെ ഏതെങ്കിലും ഒരു മെത്രാനെപ്പറ്റി ഇങ്ങനെയൊരു വാചകം ഈ നൂറ്റാണ്ടിലെങ്കിലും എഴുതാൻ നമുക്ക് ഭാഗ്യമുണ്ടാകുമോ? അതുപോലെ പോപ്‌ ഫ്രാൻസിസ് ഇന്ന് വൈദികരുടെ ലൈഗികാക്രമണങ്ങളുടെ ഇരകളുമായി സംഭാഷിക്കാൻ തയ്യാറാകുന്നു. ഇവിടെയോ? അക്രമികളെ ഒളിപ്പിക്കുന്ന ബഹളത്തിൽ മരിച്ചതും ജീവിക്കുന്നതുമായ ഇരകളെ ഓർക്കാൻ നമ്മുടെ മെത്രാന്മാർക്ക് എവിടെ സമയം?

    Tel. 9961544169 / 04822271922

    ReplyDelete