ലോകകപ്പില്‍ ഇനി വിശുദ്ധയുദ്ധം; ദൈവം ഏതുരാജ്യക്കാരനാകും?
മാറക്കാന: സമീപകാല ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനലിന് വേദിയാകാന്‍ മാറക്കാന സ്‌റ്റേഡിയം ഒരുങ്ങുമ്പോള്‍ ദൈവം ഏതുരാജ്യക്കാരനാകുമെന്ന് ആര്‍ക്കറിയാം? ഫുട്‌ബോളിലെ പാരമ്പര്യക്കാരായ ജര്‍മ്മനിയും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ബ്രസീലിയന്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ദൈവം അര്‍ജന്റീനയ്‌ക്ക് ഒപ്പമാണോ ജര്‍മ്മനിക്ക് ഒപ്പമാണോ എന്നാണ് ക്രൈസ്‌തവ വിശ്വാസികള്‍ക്കിടയിലേക്ക് വരുന്ന ചോദ്യം.
രണ്ടു പോപ്പുമാനില്‍ ഒരാളുടെ പ്രാര്‍ത്ഥന അര്‍ജന്റീന കപ്പുനേടാന്‍ ആകുമ്പോള്‍ സ്‌ഥാനത്യാഗം ചെയ്‌ത പോപ്പിന്റെ പ്രാര്‍ത്ഥന ജര്‍മ്മനിക്ക് വേണ്ടി ആയിരിക്കും. രണ്ടു പേരുടെയും രാജ്യങ്ങളാണല്ലോ ഫൈനല്‍ കളിക്കുന്നത്. സോക്കര്‍ പ്രേമിയും ജനകീയനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേശം അര്‍ജന്റീനയാണ്. എന്നാല്‍ ഫുട്‌ബോള്‍ കമ്പക്കാരനായ സ്‌ഥാനത്യാഗം ചെയ്‌ത പോപ്പ് ബനഡിക്‌ടിന്റെ രാജ്യം ജര്‍മ്മനിയാണ്. രാജ്യ സ്‌നേഹം കൊണ്ട് ഇരുവരും സ്വന്തം രാജ്യത്തിനായി അര്‍പ്പിച്ച രണ്ടു പ്രാര്‍ത്ഥനകളും ഇതുവരെ ദൈവം കേട്ടു. എന്നാല്‍ ഇനി ഒരാളുടെ പ്രാര്‍ത്ഥനയ്‌ക്ക് മാത്രമാണല്ലോ സ്‌ഥാനമുള്ളത്. ആതിഥേയരായ ബ്രസീലിനെ 7-1 ന് മുക്കിയാണ് ജര്‍മ്മനി ഫൈനലിലേക്ക് പാഞ്ഞെത്തിയത്. തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ ഒന്നില്‍ ഹോളണ്ടിനെ മറിച്ച് അര്‍ജന്റീനയും ഫൈനലില്‍ കടന്നു.
അതേസമയം താന്‍ അര്‍ജന്റീനയ്‌ക്കായി മാത്രം ഒരിക്കലും പ്രാര്‍ത്ഥിക്കില്ലെന്ന് പോപ്പ് ഫ്രാന്‍സിസ് നേരത്തേ പ്രതികരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അര്‍ജന്റീന ജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അക്കാര്യം ഉറക്കെ പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകളില്‍ അത് അറിയാമെന്നുമാണ് കഴിഞ്ഞ ദിവസം പോപ്പ് ഫ്രാന്‍സിസിനെ സന്ദര്‍ശിച്ച ഒരു വിശ്വാസി ട്വീറ്റ് ചെയ്‌തത്. യുവാക്കള്‍ക്കിടയില്‍ സത്യസന്ധതയും ഐക്യവും പ്രചരിപ്പിക്കുന്ന വാഹനം എന്നാണ് ഫുട്‌ബോളിനെ കുറിച്ച് 2008 ല്‍ ബനഡിക്‌ട് മാര്‍പാപ്പ പ്രതികരിച്ചത്.
രണ്ടു രാജ്യങ്ങളിലാണ് ജനനമെന്നത് മാത്രമാണ് അതേസമയം ഇരു മാര്‍പാപ്പമാര്‍ക്കും ഇടയിലെ ഏക വ്യത്യാസം. അതിനുമപ്പുറത്ത് വലിയ സ്നേഹിതരാണ് ഇരുവരും. തങ്ങള്‍ സഹോദരങ്ങളാണെന്നു നേരത്തേ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരിക്കല്‍ പറഞ്ഞിരുന്നു. ജര്‍മ്മനിയും അര്‍ജന്റീനയും തമ്മിലുള്ള ഫൈനല്‍ ഇരുവരും ഒരുമിച്ചായിരിക്കും കാണുക എന്നും ഇതിനെ വെറും ഫുട്‌ബോളായി മാത്രം കാണാനാകില്ലെന്നും രണ്ടു മാര്‍പാപ്പമാര്‍ തമ്മിലുള്ള വിശുദ്ധ യുദ്ധമാണെന്നും ആയിരുന്നു മറ്റൊരു വിശ്വാസി ട്വിറ്ററില്‍ കുറിച്ചത്.
സന്ദർഭോചിതവും രസകരവുമായ ഒരു വിഷയം തൊടുത്തുവിട്ടതിന് ശ്രീ ജോർജിന് നന്ദി. കളിയും പ്രാർഥനയും. "ഏതു മതത്തിലുള്ളവരായാലും 99% ആളുകളും തങ്ങളുടെ മാത്രം പ്രാർഥന കേൾക്കുന്ന ദൈവത്തെയാണ് സങ്കല്പപിക്കാറുള്ളത്. ആ ദൈവം അന്ധവിശ്വാസത്തിൽ കണ്ടെത്തിയ ദൈവമാകുന്നു." നിത്യചൈതന്യയതി. ഈ തരത്തിലുള്ള ഒരു ദൈവമല്ല (കത്തോലിക്കാദൈവം) തന്റേത് എന്നു പറഞ്ഞ പോപ് ഫ്രാൻസിസും കടുത്ത കത്തോലിക്കാദൈവവിശ്വാസിയായ ബനടിക്റ്റും തമ്മിൽ ജന്മനാടുകളുടെ അന്തരമാല്ലാതെ വേറൊരു വ്യത്യാസവുമില്ല എന്ന ശ്രീ കട്ടിക്കാരന്റെ വാക്യം അസ്വീകാര്യമാണ്. കാരണം, തന്റെ ആ ഒറ്റ പ്രഖ്യാപനം കൊണ്ട് പോപ് ഫ്രാൻസിസ് മുമ്പുണ്ടായിരുന്ന എല്ലാ പാപ്പാമാരില്നിന്നും എല്ലാ കത്തോലിക്കരിൽനിന്നും വ്യത്യസ്തനായ ഒരു വിശ്വപുരുഷനായിത്തീർന്നു. അത്തരക്കാര്ക്ക് എല്ലാം ഒരുപോലെ സ്വീകാര്യമാണ്. എത്ര വാശിയേറിയ കളിയായാലും അതിൽ ആര് ജയിച്ചാലും അവർക്കതിൽ താത്പര്യക്കുറവ് വരില്ല. മറ്റു കളികൾ പോലെ ഫുട്ബോളും മാനസികവും കായികവുമായ ഒരുല്ലാസത്തിനുള്ള ഉപാധിയാണ്, കളിസമയത്ത് അതിന്റേതായ വാശിയും വീറും കാണിക്കുന്ന കളിക്കാരും കാണികളും കളികഴിഞ്ഞ് പിരിയുമ്പോളും കഴിഞ്ഞുപോയതിനെ ആസ്വദിക്കുന്നില്ലെങ്കിൽ അതിനർഥം ഈ പറഞ്ഞ ഉല്ലാസങ്ങൾക്കപ്പുറത്ത് അവിശുദ്ധമായ എന്തൊക്കെയോ കടന്നുകൂടി എന്നാണ്. അത് പണവും ഖ്യാതിയും ഊതിപ്പെരുപ്പിച്ച വ്യാജമായ ദേശാഭിമാനവുമാണെന്നതിൽ തർക്കമില്ല. പ്രധാനമായും അവയ്ക്കുവേണ്ടിത്തെന്നെയാണല്ലോ ഇത്തരം ലോകമാമാങ്കങ്ങൾ അരങ്ങേറുന്നത് തന്നെ. ഏഷ്യൻ ഗെയിംസ് ഇന്ത്യയിൽ നടത്തിയപ്പോൾ സംഭവിച്ചതെല്ലാം ഗെയിംസ് ഒഴിച്ചുള്ള കാര്യങ്ങളായിപ്പോയതും അതുകൊണ്ടാണല്ലോ.
ReplyDeleteഞാൻ കരുതുന്നത്, രണ്ടു പോപ്പുമാരും ഒരുമിച്ചിരുന്ന് ഫൈനൽ കണ്ടിട്ട് മുറിവിടുമ്പോൾ, വിജയി ആരായാലും, ഫ്രാൻസിസ് സന്തുഷ്ടനും, തോറ്റത് ജർമനിയായാൽ ബനടിക്റ്റ് ഉള്ളിലെങ്കിലും ദുഃഖിതനുമായിരിക്കുമെന്നാണ്. 'യുവാക്കള്‍ക്കിടയില്‍ സത്യസന്ധതയും ഐക്യവും പ്രചരിപ്പിക്കുന്ന വാഹനമായി' ഫുട്ബോളിനെ പൊക്കിപ്പറയുന്ന അദ്ദേഹവും തത്ക്കാലത്തേയ്ക്കെങ്കിലും "എന്നാലും കർത്താവേ ഞങ്ങളോട് നീയിതു ചെയ്തല്ലോ" എന്ന് ഉള്ളിൽ പൊറുപൊറുക്കാതിരിക്കില്ല. കാരണം അദ്ദേഹത്തിൻറെ കർത്താവ് ഇപ്പോഴും കത്തോലിക്കാദൈവമാണ്.
എന്റെ കമെന്റിൽ ജോർജ് കട്ടിക്കാരൻ എന്നെഴുതിയിടത്ത് മംഗളം ദിനപ്പത്രം എന്നായിരുന്നു വേണ്ടിയിരുന്നത്. പോസ്റ്റ് ചെയ്തുകഴിഞ്ഞാണ് തെറ്റുമനസ്സിലായത്. വ്യക്തിപരമായി എടുക്കരുതെന്നപേക്ഷിക്കുന്നു.
ReplyDelete