Translate

Thursday, July 24, 2014

ഒരു പ്രമുഖ സംഭവം!

ചിരിക്കാനും ചിന്തിക്കാനുമുള്ള വക എന്നും തരേണമേയെന്ന് ക്രിസ്ത്യാനികള്‍ പ്രാര്‍ഥിക്കാറില്ല; അതിനുള്ള വക ഉണ്ടാക്കിക്കൊള്ളാമെന്ന് സഭാ പിതാക്കന്മാര്‍ ദൈവത്തിനു വാക്കുകൊടുത്തിട്ടുണ്ടായിരിക്കണം. പണ്ട് രാമപുരത്ത് ഒരു പൊലീസ് സ്റേഷന്‍ അനുവദിക്കാന്‍ വേണ്ടി നാട്ടുകാര്‍ സര്‍ക്കാരിന് നിവേദനം കൊടുത്തപ്പോള്‍ വേണ്ടത്ര കേസ് ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളാമെന്ന് ഉറപ്പു കൊടുത്തതായി കേട്ടിട്ടുണ്ട്. തൃശ്ശൂര്‍ മെത്രാന്‍ മന്ത്രി മാണിയോട് ബാറില്‍ നിന്നുള്ള വരുമാനം ഇല്ലാതെ സര്‍ക്കാര്‍ നിലനില്‍ക്കില്ലേയെന്ന് അര്‍ത്ഥം വെച്ചുള്ള ഒരു മുനയന്‍ ചോദ്യം അങ്ങട് ചോദിച്ചു. കര്‍ക്കിടക മാസം മുഴുവനും അപ്പനും മകനും ചിരിക്കാന്‍ വേണ്ടിയുള്ള വക കിട്ടിയത് കൊണ്ടാവണം മാണി സാര്‍ ഇതെപ്പറ്റി ഒരക്ഷരം മറുപടി പറഞ്ഞില്ല. ഈ ചോദ്യം രാജ് മോഹന്‍ ഉണ്ണിത്താനോടായിരുന്നെങ്കില്‍ പണ്ടാ മെത്രാന്‍ ജീവന്‍ റ്റിവി വിവാദത്തില്‍ കേട്ടതിലും കടുത്തത്‌ കേട്ടേനെയെന്ന് എനിക്ക് തോന്നുന്നു. ഉരുളക്ക്‌ ഉപ്പേരി പോലെ മറുപടി കൊടുക്കാന്‍ വൈഭവം ഉള്ള അനേകര്‍ സഭക്കുള്ളിലുണ്ടെന്നും മെത്രാന്‍ ഓര്‍ത്ത്‌ കാണില്ല. വീഞ്ഞില്ലാതെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ലേയെന്നോ, തലോറും കൂടെ ഇല്ലാതെ രൂപത ശരിയാവില്ലേയെന്നോ, വികാരി ജനറാളിന്‍റെ കുടി നിര്‍ത്താനോ അച്ചന്മാരുടെ കടി കുറയ്ക്കാനോ തന്നേക്കൊണ്ട് പറ്റിയോയെന്നോ, രൂപതയുടെ പ്രസിദ്ധീകരണത്തിനു കത്തോലിക്കാ സഭയെന്നു പേരിടാന്‍ എന്താ അവകാശമെന്നോയൊക്കെ ആരെങ്കിലും ചോദിച്ചാല്‍ എന്താ പറയുക? ചില ധനകാര്യ ചിന്തകള്‍ ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ടും ഒറ്റ നടക്ക് എല്ലാം പോവില്ലെന്ന് അറിയാമായിരുന്നതുകൊണ്ടും ഭാവിയെപ്പറ്റി ആശങ്കയുണ്ടായിരുന്നത് കൊണ്ടും ആയിരുന്നിരിക്കണം മാണി സാര്‍ ഇതിനോടു പ്രതികരിക്കാതിരുന്നത്.
തലോറിലേത് തൃശ്ശൂര്‍ രൂപതുടെ പുതിയ നയമായിരിക്കാമെന്നു കാച്ചപ്പള്ളി അച്ചന് സംശയിക്കുന്നില്ല, അതാണ്‌ കുഴപ്പം. അളവെടുക്കുന്നതിനു മുമ്പ് എല്ലാം മാറ്റുക എന്നൊരു രീതി അവിടെ ഉണ്ടായിട്ടുണ്ടല്ലോ. അത് രൂപതയുടെ ഔദ്യോഗിക നയമാണോന്നെറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ഏതായാലും, തലോറിലെ ഇടവക മാറ്റി അളവെടുത്തു കഴിഞ്ഞു. ഒന്ന് വെയിറ്റ് ചെയ്യച്ചാ!
കേന്ദ്രത്തിന് സപ്പോര്‍ട്ട് വിവിധ രീതികളിലൂടെ കത്തോലിക്കാ സഭ അങ്ങ് കൊടുത്തു തുടങ്ങിയതേയുള്ളൂ, അപ്പോഴാ നോയമ്പിന് ഒരു മുസ്ലീമിനെ BJP MP ചപ്പാത്തി തീറ്റിച്ച സംഭവം പുറത്തു വരുന്നത്. ക്രിസ്ത്യാനി ആയിരുന്നെകില്‍ അഞ്ചു രൂപാ ലാഭിച്ചെന്നു പറഞ്ഞ് സന്തോഷിച്ചേനെ. ദു:ഖ വെള്ളിയാഴ്ച പോലും നമുക്ക് അങ്ങിനെ കടുത്ത ഒരു വിലക്കില്ലല്ലോ. വിലക്കുള്ള നോയമ്പില്‍ പോലും അരമനയ്ക്കും അരമന നിശ്ചയിക്കുന്നവര്‍ക്കും കാനോന്‍ ഒഴിവും കൊടുക്കുമല്ലോ. കാത്തിരുന്നാല്‍, കൈയ്യിലുള്ള തത്തയെ ആരെങ്കിലും മലം തീറ്റിച്ചെന്നു കേള്‍ക്കേണ്ടി വരുമോയെന്ന് ഭയക്കുന്ന മെത്രാന്മാരുമുണ്ടെന്നു കേള്‍ക്കുന്നു. മാപ്പിള കൊണ്ടറിയും എന്നല്ലേ ചൊല്ല്. വരാനിരിക്കുന്ന പൂരം പറഞ്ഞു കേള്‍പ്പിക്കണോ എന്നും ഒരു നാട്ടു ചൊല്ലുണ്ട്.
പണ്ട് അങ്കമാലിയില്‍ ഒരാശുപത്രിയില്‍ നേഴ്സ്മാര് സമരം തുടങ്ങിയപ്പോള്‍ ഒരു ‘പ്രമുഖ സ്വകാര്യ ആശുപത്രിയില്‍’ എന്നാണ് പ്രമുഖ പത്രങ്ങള്‍ പറഞ്ഞത്. ജിസ്മി ആത്മഹത്യ ചെയ്തെന്ന് പറഞ്ഞപ്പോഴും അങ്കമാലിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ആത്മഹത്യ നടന്നുവെന്നെ പ്രമുഖ പത്രം പറഞ്ഞുള്ളൂ. പിന്നെ പിന്നെ ഇത്തരം കൌതുക വാര്‍ത്തകളുടെ ഉറവിടം ഭൂരിഭാഗവും കത്തോലിക്കര്‍ നടത്തുന്ന ആശ്പത്രികളാണെന്നു മനസ്സിലായി. ഒരു പ്രമുഖ ആസ്പത്രിയില്‍ ഒരു പ്രമുഖ പ്രൊഫസ്സറെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേല്‍നോട്ടത്തില്‍ ചികിത്സിച്ചു എന്ന് കേട്ടാല്‍ അച്ചായന്മാര്‍ക്കും കൂട്ടുകാര്‍ക്കും ഇനി വേണ്ടത്ര ക്ലൂ ആകുമല്ലോ അല്ലെ?  
പൈങ്കുളത്തുള്ള ഒരു പ്രമുഖ ആശ്പത്രിയില്‍ എന്ന് കേട്ടപ്പോഴേ കല്യാണം കഴിക്കാന്‍ തീരുമാനിച്ച വൈദികനെ ചികില്‍സിച്ചത്‌ എവിടെയാണെന്നു മനസ്സിലായി. അച്ചനാണെങ്കില്‍  തീര്ച്ചയായും വട്ടായിരിക്കും എന്ന് കരുതുന്ന ആരെങ്കിലും അവിടെ കാണുമായിരിക്കും എന്ന വിചാരത്താലാണോ അങ്ങേരെ ആരൊക്കെയോ പ്രമുഖര്‍ ചേര്‍ന്ന് അവിടെ കൊണ്ടുവന്നതെന്ന് ഞാന്‍ സംശയിക്കുന്നു. ഇതിനു മുമ്പ് അച്ചന്മാരെ ആരെങ്കിലും മനോരോഗത്തിന് ചികിത്സിച്ചു ഭേദമാക്കിയതായി ഞാന്‍ ഓര്‍ക്കുന്നില്ല. പിന്നെന്തിനു ബന്ധുക്കള്‍ അങ്ങിനെയൊരു തീരുമാനം എടുത്തുവെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ചെകുത്താനെ പുറത്താക്കുന്ന ആരുടെയെങ്കിലും അടുത്തേക്ക്‌  അച്ചനെ അവര്‍ കൊണ്ടുപോകാഞ്ഞത് നന്നായി. പുറത്താക്കപ്പെട്ട ലെഗിയോന്‍ കണക്കിന് പിശാചുക്കളെ കുടിയിരുത്താന്‍ മാത്രം പന്നികള്‍ നാട്ടില്‍ ഇപ്പോള്‍ ഇല്ല. അതുകൊണ്ട് മേലോട്ട് നോക്കാതെ കഴിയുന്ന ജീവികളുടെ ഉള്ളിലേക്ക് ഈ പിശാചുക്കള്‍ കയറിക്കൂടിത്തുടങ്ങിയിട്ടുമുണ്ട്. ഇത്രമേല്‍ പ്രാര്‍ഥനയും ഉപവാസവുമൊക്കെ നടത്തിയിട്ടും ഇവറ്റകളെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നില്ലല്ലോയെന്ന് ചിന്തിക്കുന്ന പ്രമുഖ ശുശ്രൂഷകര്‍ അകത്തും പുറത്തും കാണുമായിരിക്കും. 

No comments:

Post a Comment