Translate

Thursday, July 3, 2014

ആ ആ ആ ആമ്മേന്‍

ഈ വേത്താനത്തച്ചന്‍ അമേരിക്കയിലെ ഗാര്‍ലണ്ടില്‍ പോയി ഇത്ര ബുദ്ധിമോശം കാണിക്കുമെന്ന് കരുതിയില്ല. അല്മായാ ശബ്ദം പോലുള്ള ബ്ലോഗ്ഗുകള്‍ വായിക്കരുതെന്നുള്ള അങ്ങേരുടെ പ്രസംഗം കേട്ട പലരും അല്മായാ ശബ്ദം എവിടെയാണെന്ന് അന്വേഷിക്കുമെന്നുള്ളത് ഉറപ്പല്ലേ? തപ്പി ചെല്ലുന്നവര്‍ സത്യജ്വാലയും കൂടി വായിച്ചിട്ടേ മടങ്ങാന്‍ ഇടയുള്ളൂ താനും. മറഞ്ഞിരിക്കുന്നത് കാണാനല്ലേ മാനുഷ്യന് താത്പര്യം. പകുതി മറഞ്ഞത് കൂടുതല്‍ സുന്ദരമെന്നാണ് കവികള്‍ പോലും പറയുന്നത്. അല്മായാ ശബ്ദം വേണ്ടപ്പെട്ടവര്‍ വായിക്കുന്നുണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമായിരുന്നെങ്കിലും ഇത്ര പരസ്യമായി പറഞ്ഞ് അതിന് വായനക്കാരെ ഉണ്ടാക്കേണ്ടായിരുന്നു. ഇയ്യിടെ ഒരു മെത്രാന്‍ എന്ത് ചെയ്തെന്നോ? ഒരു ആഘോഷത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് കേട്ടത് പ്രസംഗകരുടെ കൂട്ടത്തില്‍ ഒരു പ്രസിദ്ധ വിമതനുമുണ്ടെന്ന്. മെത്രാന്‍ മിണ്ടിയില്ല, ചടങ്ങിനു രണ്ടു ദിവസം മുമ്പ് മെത്രാന്‍ എപ്പോഴാ വരുന്നതെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിച്ചപ്പോഴാണ് മെത്രാന്‍ വരുന്നില്ലെന്ന് അരുളിയത്. വേറൊരു മെത്രാന് പറ്റിയ അബദ്ധം അതില് ഭയങ്കരം. കല്യാണം ആശിര്‍വ്വദിക്കാന്‍ ചെന്നപ്പോള്‍ അതാ നില്‍ക്കുന്നു മുമ്പില്‍, ഒന്നാന്തരം ഒരു വിമതന്‍. ഈ വിമതരെ ചവിട്ടിയിട്ടു നടക്കാന്‍ മേലെന്നായപ്പോഴായിരിക്കണം വേത്താനത്തച്ചന്‍ ഹൃദയ വേദനയോടെ ഇങ്ങിനെ പറഞ്ഞത്. ഇരയുടെ ഫോട്ടോ കാണിക്കാതെ ക്വട്ടേഷന്‍ കൊടുക്കാന്‍ പറ്റില്ലല്ലോ. അത് കൊണ്ട് സംഭവിച്ചതായിരിക്കണം ഈ പിഴ.
കളരിക്കലെ ചാക്കോ സാര്‍ പറയുന്നതുപോലെയാണെങ്കില്‍ ഭൂമിയില്‍ രണ്ടുതരം ആളുകളാണ് ഉണ്ടായിരിക്കാന്‍ സാദ്ധ്യത. ഒരു വിഭാഗം അവിടുത്തെ ഇഷ്ടം ഭൂമിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവിഭാഗം ഇവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തില്‍ നടത്താന്‍ ശ്രമിക്കുന്നു. സീറോ മലബാര്‍ സഭയെ വിവരമുള്ള ആരും ആദ്യത്തെ വിഭാഗത്തില്‍ പെടുത്താന്‍ ഇടയില്ല, അതുകൊണ്ടായിരിക്കണം അതിനുള്ളിലും രണ്ടു വിഭാഗമുണ്ടായിരിക്കുന്നത്; അധികാരികളുടെ ഇഷ്ടം വിശ്വാസികളില്‍ നടപ്പാക്കുന്നവരും, വിശ്വാസികളുടെ ഇഷ്ടം അരമനകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരും. ഒടുക്കത്തെ മടയ ലേഖനപ്രകാരം ആകെ സീറോ സഭയിലുള്ളത് 45 ലക്ഷം അംഗങ്ങള്‍. 123.6 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് അര ശതമാനം പോലുമില്ലാത്ത ഈ സഭ മോഡിയെ പിന്തുണക്കാം എന്ന് പറയുമ്പോള്‍ BJP ക്കാര്‍ക്ക് എങ്ങിനെ അത് വേണ്ടാന്ന് പറയാന്‍ കഴിയും? എന്‍റെ അറിവ് ശരിയാണെങ്കില്‍ അഞ്ചു വര്ഷം മുമ്പും നമ്മുടെ ജനസംഖ്യ ഇത് തന്നെയായിരുന്നു. അങ്ങിനെയെങ്കില്‍ കുറഞ്ഞത്‌ 15 ലക്ഷം പേരെങ്കിലും ഇവിടെ നിന്ന് പോഴിഞ്ഞിട്ടുണ്ട്. നാലു മക്കളില്‍ കൂടുതല്‍ ആയാല്‍ പതിനായിരം രൂപാ സമ്മാനം പദ്ധതി എല്ലാ ഇടവകകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇത് മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. ആ പതിനായിരം രൂപയ്ക്കു വേണ്ടി ഏതെങ്കിലും പെണ്ണിനെ ആരെങ്കിലും ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും. അത്രേ എനിക്ക് പറയാനുള്ളൂ. ഒരു സെസ്സെറിയന്‍ ഓപ്പറേഷന് ഇപ്പൊ മുപ്പതിനായിരം രൂപയാ; നല്ല നിലയില്‍ ഒരുത്തനെ അഞ്ചു വര്ഷം വളര്‍ത്തി വലുതാക്കാന്‍ മറ്റൊരു ആറു ലക്ഷം വേണം. CBSC പള്ളിക്കൂടത്തില്‍ അഡ്മിഷന്‍ ഒപ്പിക്കാന്‍ വേണം കുറഞ്ഞത്‌ മുപ്പതിനായിരം. ഉണ്ടാകുന്നത് പെണ്ണാണെങ്കിലോ, തൃശ്ശൂര്കാരാണെങ്കില്‍ മരിക്കുവോളം ക്ഷമിച്ചെന്നിരിക്കില്ല. എന്തായാലും, ഈ പോക്ക് പോയാല്‍ സഭക്ക് വംശനാശം സംഭവിച്ചെക്കില്ലേയെന്നു ഞാന്‍ സംശയിക്കുന്നു.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പെമ്പ്രന്നോര് ദുക്രാനാ കഥ പറയാന്‍ വിളിച്ചിരുന്നു. ഇപ്പോള്‍ കുര്‍ബാന മദ്ധ്യേ എല്ലാവരും പോയി സ്ലീബാ മുത്തി മാര്‍ത്തോമ്മായുടെ പാരമ്പര്യം കാത്തു സംരക്ഷിച്ചു കൊള്ളാമെന്നുറപ്പിക്കുന്ന ഒരു ചടങ്ങ് കൂടി പിറന്നിരിക്കുന്നുവെന്നു കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. മാര്‍ത്തോമ്മാ പഠിപ്പിച്ചത് പോലെ ചെയ്യണമെന്ന് ആരും നിഷ്കര്‍ഷിക്കുന്നില്ല, ആ പാരമ്പര്യം കളയരുതെന്നെ എല്ലാവരും പറയുന്നുള്ളൂ. കാതില്‍ കടുക്കനുമിട്ടു കുടുമ്മിയും മുറുക്കി ഒറ്റമുണ്ടും നേര്യതുമായി കാലന്‍ കുടയും കുത്തി നസ്രാണികള്‍ പള്ളിയില്‍ വരുന്ന കാലം ഹൂ... ഹോ.... ഓര്‍ക്കുമ്പോള്‍ കുളിര് കോരിയിടുന്നതുപോലെ തോന്നുന്നു. അന്നൊക്കെ ക്രിസ്ത്യാനിക്ക് നല്ല വിലയുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. എണ്ണ തൊടാന്‍ അമ്പലത്തില്‍ ചെല്ലുന്ന നസ്രാണിയെ അസൂയയോടെ നോക്കുമായിരുന്നത്രേ നമ്പൂരിമാര്‍ പോലും. അന്ന് ‘ഞാന്‍ ക്രിസ്ത്യാനിയാടാ’ എന്ന് പറയാന്‍ അഭിമാനിക്കുന്ന മനുഷ്യരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കുരിശുവര തിങ്കളാഴ്ച പോലും കരിക്കുരിശും വരച്ചു പുറത്തിറങ്ങാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. അന്ന് ഭൂകമ്പം ഉണ്ടായാല്‍ എല്ലാവരും പള്ളിക്കകത്തേക്കായിരുന്നു ഓടിയിരുന്നതെങ്കില്‍ ഇന്ന് പള്ളിയിലിരിക്കുന്നവര്‍ പുറത്തേക്കാണ് ഓടുക. അന്ന് മരിക്കാന്‍ കിടക്കുന്നവന് ഈശോ മറിയം യൌസേപ്പേന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുമായിരുന്നെങ്കില്‍ ഇന്ന് അത് പ്രതീക്ഷിച്ച് ആരും മരിക്കാന്‍ കിടക്കണമെന്നില്ല. വലിയ ആഴ്ചയില്‍ കുമ്പസ്സാരക്കൂടിനു മുന്നില്‍ ഉന്തും തള്ളും വരെ നടക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, അതും പോയി. മെത്രാന്‍ കണക്കു നോക്കുമ്പോള്‍ വാര്‍ഡ്‌ കൂട്ടായ്മകള്‍ മുറക്ക് നടക്കുന്നുണ്ട്, നന്നായി നടന്നത് കാപ്പി സല്ക്കാരമായിരുന്നുവെന്നത് അങ്ങേര് അറിയുന്നില്ലല്ലോ. അല്‍പ്പകാലം മുമ്പ്, ഒരു ബന്ധു വീട്ടില്‍ രാത്രി കിടക്കേണ്ടി വന്നു. അറിയപ്പെടുന്ന ഭക്തരായിരുന്നവര്‍. എത്ര തിരക്കുണ്ടായിരുന്നാലും സന്ധ്യാ പ്രാര്‍ത്ഥന അവര്‍ മുടക്കുമായിരുന്നില്ല. അന്നാ പ്രാര്‍ഥനയില്‍ ഞാനും കൂടി. പകുതിയായപ്പോള്‍ പിള്ളേര് മൂന്നും ഉറങ്ങി, ഒരു കാല്‍ ഭാഗം കൂടി കഴിഞ്ഞപ്പോള്‍ അമ്മ ഉറങ്ങി, പിറകെ മരുമകള്‍, ഒടുവില്‍ വീട്ടപ്പനും. ആരെങ്കിലും ഉണരുമായിരിക്കും എന്ന് വിചാരിച്ചു ഒരു പത്നഞ്ചു മിനിട്ട് കൂടി ഞാന്‍ അവിടെ ഇരുന്നു; നിരാശയായിരുന്നു ഫലം.

പണ്ട് പള്ളിയോടു ചേര്‍ന്ന് ഒരിറച്ചിക്കടയും കാണുമായിരുന്നെന്നു കേട്ടിട്ടുണ്ട്. ഇറച്ചി മേടിക്കാന്‍ പോകുന്ന വഴി പള്ളിയിലും പോകുമായിരുന്ന അന്നത്തെ ചേട്ടന്മാരുടെ മക്കള്‍ ഇന്ന് ഡ്രൈവര്‍മാരായിട്ടാണ് പള്ളിയില്‍ പോകുന്നതെന്ന് ആരും അറിയുന്നില്ല. ഇപ്പോ ട്രെന്‍ഡ് വീണ്ടും മാറി. പുതു തലമുറ  പറയുന്നത്, പത്തു കല്‍പ്പനകള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയം കഴിഞ്ഞുവെന്നാണ്. വിമതരെ ഒഴിവാക്കാനുള്ള ആപ്പ് ഉണ്ടാക്കി സഭയുടെ നിറുകയില്‍ ഫിറ്റ് ചെയ്യാന്‍ പറ്റുമോയെന്നാണ് ഇപ്പോള്‍ മെത്രാന്മാര്‍ അന്വേഷിക്കുന്നത്. പരസ്യമായി കുരിശു വരക്കാന്‍ ശ്രീശാന്ത് കാണിച്ച ധൈര്യം ഒരു ക്രിസ്ത്യാനിക്കില്ലല്ലോ എന്ന് കാണുമ്പോള്‍ എങ്ങിനെ കരച്ചില്‍ വരാതിരിക്കും? അതിന്‍റെ ഫലമാണോ അങ്ങേര്‍ക്കു കിട്ടിയ ആയുഷ്കാല വിലക്കെന്നതിനെപ്പറ്റിയും വിമത വിഭാഗം അന്വേഷിക്കുന്നത് കൊള്ളാം. മെത്രാന്മാരുടെ സ്വകാര്യ പരിപാടികളുടെ പിറകെയും ഇപ്പോള്‍ ചില വിദേശ സുറിയാനിക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു. ഏതായാലും അല്മായാ ശബ്ദം പുറത്തു വന്നതിനു ശേഷമാണ് വിമതരുടെ ഒരു ധ്രുവീകരണം അന്താരാഷ്‌ട്ര തലത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പറയാതെ വയ്യ. ലത്തിന്‍ സഭയുടെ പിന്നിലാണ് നാമെങ്കിലും ഉള്ളിലെ വിമതരുടെ കാര്യത്തില്‍ ഏറെ മുമ്പിലാണെന്നു പറയാതിരിക്കാന്‍ വയ്യ. മെത്രാന്മാര്‍ക്ക് വകുപ്പ് വിഭജിച്ചു കൊടുക്കുന്ന വിഭാഗം ഒരു വിമതപ്രതിരോധ വകുപ്പ് കൂടി ഉണ്ടാക്കേണ്ടി വന്നേക്കാം. വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയെ സൃഷ്ടിച്ചെടുത്തതിന്‍റെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ ഒരു മെത്രാനും എന്നെങ്കിലും തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നില്ല.  

9 comments:

  1. വേത്താനത്ത് വേതാളം വേണ്ടാത്ത സമയത്ത് പറയേണ്ടത് പറഞ്ഞു എന്നാണെനിക്കു തോന്നുന്നത്. അങ്ങേരുടെ ഒരുറ്റ സുഹൃത്ത്, ഡീക്കനായി കര്ത്താവിനെ ശുശ്രൂഷിക്കുന്ന ഒരാൾ യൂറോപ്പിൽ ചെന്നപ്പോൾ അന്തംവിട്ടുപോയി. അവിടെ കത്തിനില്ക്കുന്ന വാർത്ത (www.vartha.ch) എന്നൊരു വെബ്സൈറ്റിൽ അല്മായശബ്ദവും സത്യജ്വാലയും തുടരെ സ്ഥലം പിടിക്കുകയും കണ്ടമാനം പേർ അതിലൊക്കെ ക്ളിക്ക് ചെയ്യുകയും ചെയ്യുന്നതായി അറിഞ്ഞു. ഏതായാലും അക്കൂടെ നാല് മലയാളി അച്ചന്മാരും ഒരു ഡീക്കാനും ഉൾപ്പെടുന്നു എന്നത് എനിക്ക് തീർച്ചയുള്ള കാര്യമാണ്. പലപ്പോഴുമവർ വായിക്കുന്നതിനെപ്പറ്റി "excellent", "bravo", "ausgezeichnet" എന്നൊക്കെ feedback തരാറുമുണ്ട്. അവര്ക്ക് നേരിട്ട് പറയാൻ പറ്റാത്ത ഒത്തിരിക്കാര്യങ്ങൾ അല്മായശബ്ദം വിളിച്ചുപറയുന്നല്ലൊ എന്ന സന്തോഷമാണ് അവർക്കുള്ളത്. മറുവശവും പറയണമല്ലോ. കാനഡയിൽ നിന്ന് ഒരു മാന്യ സ്ത്രീ (എന്റെ കസിനാണ്) പണ്ടെനിക്കെഴുതി 'ഇത്തരം കോപ്പൊന്നും എനിക്ക് അയചേക്കരുത്' എന്ന്. സ്വിറ്റ്സര്ലന്റിൽ അതുപോലെ തന്നെ മാന്യയായ ഒരു വീട്ടമ്മ ഞാനും എന്റെ ഭാര്യയും സന്ദർശനത്തിനു ചെന്നു കയറിയപ്പോൾ വീടുവിട്ടിറങ്ങിപ്പോയി - അവരുടെ ഭർത്താവിനെ വഷളാക്കുന്നവൻ ചെന്ന് കയറിയതിന്റെ അരിശത്തിന്. അത് മുൻ‌കൂർ അറിഞ്ഞിരുന്നെങ്കിൽ, കുടുംബനാഥന്റെ ക്ഷണമനുസരിച്ച് ഞങ്ങൾ പോകില്ലായിരുന്നു. പക്ഷേ, ഇതൊക്കെ പഴയ കഥകളാണ്. ഇന്ന് പെണ്ണുങ്ങളും "വാർത്ത"യിൽ നിന്ന് അൽമായശബ്ദത്തിലെ ലേഖനങ്ങൾ തിരഞ്ഞുപിടിച്ച് വായിക്കുന്നു എന്നതാണ് സത്യം. അവർക്കൊക്കെ റോഷനാണ് താരം എന്നതും ഞാനറിഞ്ഞു. അദ്ദേഹം എന്റെ സുഹൃത്താണോ എന്ന് രണ്ടുമൂന്നു പേർ ചോദിച്ചു. വായിച്ചുള്ള പരിചയം മാത്രമേയുള്ളൂ എന്ന് പറയാൻ എനിക്കിഷ്ടമല്ലായിരുന്നെങ്കിലും പറയേണ്ടിവന്നു. എങ്ങോ പുറംകടലിൽ പച്ചമീനും തിന്നു ജീവിക്കുന്ന ഒരാളെ എങ്ങനെ അടുത്തറിയാൻ! ഏതായാലും ഇന്റർനെറ്റ്‌ വല്ലാത്ത ഒരനുഗ്രഹം തന്നെ. ഒന്നുമില്ലെങ്കിലും വന്ദ്യ മെത്രാന്മാരും അവരുടെ കാനോനിക്കൽ വലംകൈകളും ഭയക്കുന്ന ഒരൈറ്റം എങ്കിലും ഈ ലോകത്തുണ്ടെന്നു ബോദ്ധ്യമായി.

    ReplyDelete
  2. 'അവര്ക്കൊക്കെ രോഷനാണ് താരം" എന്ന സാക്ക്ഇന്റെ പ്രസ്താവന സത്യംതന്നെ ! എന്നാൽ ,'"വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയെ സൃഷ്ടിച്ചെടുത്തതിന്‍റെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ ഒരു മെത്രാനും എന്നെങ്കിലും തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നില്ല." എന്ന ഈ വാചകം പ്രിയരോഷനെങ്ങിനെ എന്റെ ഉള്ളിന്റെ ഉള്ളുപറിച്ചെടുത്തു എഴുതാൻ കഴിഞ്ഞു?! ആദ്യം വെറും നക്കാപ്പിച്ച കത്തനാരായിരുന്നവൻ വളരെ കുതന്ത്രങ്ങൾ പണിതു മേത്രാനായാൽ, ചിക്കിലിപടി താനേ ഉയരും ! ളോഹയുടെ കളർ മാറിയാൽ കൈമുത്തുകിഴിയുടെ ഭാരം പത്തിരറ്റി കൂടും എന്നറിയാവുന്ന മഹാമിടുക്കാന്മാരാണീ കളർ ലോഹക്കൂട്ടിൽ കയരിപ്പടുന്നതും, തൊപ്പി മാറ്റുന്നതും; കാറും പത്രാസും കൂട്ടി "ഉലകംചുറ്റും വാലിഭനാകുന്നതും", (വല്ലവന്റെയും വിയര്പ്പിന്റെ കാശിൽ, കര്ത്താവിന്റെ കെയറോഫിൽ ) ! ഇന്ന് കാശു ഉണ്ടേൽ ഏതു ക്രിമിനലിനും ഇലക്ഷന് സീറ്റ്‌ കൊടുക്കുന്ന രാഷ്ട്രീയ പാർറ്റിക്കാരെപ്പോലെ ,ഏതു കോന്തനെയും കത്തനാരാക്കുന്ന മെത്രാന് സഭകൾ മുടിയുന്നതിൽ നല്ലപങ്കുണ്ട് സത്യം ! ക്രിസ്തീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത പൊട്ടപ്പിള്ളാരെ കുപ്പായക്കൂട്ടിലാക്കി ധൂപക്കുട്ടിവീശുന്നതിൽ phd യും കൊടുത്തു ,കര്ത്താവിനെ കളിയാക്കുന്ന മഹാ കുറ്റവാളികലാണിവർ എന്നാണെന്റെ മതം! പിന്നെ സ്ത്രീ പീഡനത്തിനായി ഈ പറിഞ്ഞ കുംബസാരക്കൂടും പോരെ ഇവറ്റകൾക്കു വിലസിവാഴാൻ ? രോഷന്മൊനെ ബലേഭേഷ് !

    ReplyDelete
  3. "പരസ്യമായി കുരിശു വരക്കാന്‍ ശ്രീശാന്ത് കാണിച്ച ധൈര്യം ഒരു ക്രിസ്ത്യാനിക്കില്ലല്ലോ എന്ന് കാണുമ്പോള്‍ എങ്ങനെ കരച്ചില്‍ വരാതിരിക്കും?"
    കരയേണ്ടാ. ആ ധൈര്യമുള്ള എത്രയോ ചെറുപ്പക്കാർ പോലുമുണ്ട്. ബസ്സിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും കാണുന്ന ഒന്നാണ്, പള്ളിയുടെ മുന്നില് കൂടെ വണ്ടി പോകുമ്പോൾ ഏതെങ്കിലും ഒരാൾ, പലപ്പോഴും പയ്യന്മാരും അമ്മമാരും, ശൂക്കെന്ന് കുരിശുവരച്ച് സ്വന്തം കൈ മുത്തുന്നത്. എല്ലാം ഒറ്റ സെക്കന്റിന്റെ പണിയാണ്. അത് കാണുമ്പോൾ ഞാൻ ദുഖിക്കും. കാരണം, എവിടെയും എപ്പോഴം സന്നിഹിതനായ പരമചയ്തന്യത്തെ ഈ കോണ്ക്രീറ്റ് സൌധങ്ങളിലേയ്ക്ക് ഒതുക്കിക്കളയാനുള്ള ബുദ്ധിമാന്ദ്യം ക്രിസ്തുസഭക്കുണ്ടായല്ലോ എന്നോർത്ത്. അതേ സമയം, അങ്ങനെയെങ്കിലും ഈശ്വരചിന്ത ചില മനുഷ്യർക്ക്‌ ഉണ്ടാകുന്നല്ലോ എന്നതും നല്ല കാര്യമാണ്. എന്നാലും അതൊരു പോസിറ്റീവായ പോരായ്മയായി മനസ്സിൽ നിലകൊള്ളുന്നു.

    ReplyDelete
  4. "അവനൊരു കുരിശാ",ദാ..ഒരു കുരിശു വരുന്നു "എന്നൊക്കയുള്ള ഭാഷാപ്രയോഗങ്ങളിലെ "കുരിശു" കഷ്ടതയെ / ദു:ഖത്തെ പ്രതിനിദാനം ചെയ്യുന്നു ! എന്നാൽ ഇന്നാ നിക്രിഷ്ടകുരിശിനെ വന്നിക്കുവാനും, രക്ഷയുടെ ചിന്ഹമായി കഴുത്തിലണിയാനും പള്ളിയിൽ നിന്നും ഞാനും പഠിച്ചു ! കുരിശുമാല, കൊന്തമാല നമുക്കും; തുളസിമാല, രുദ്രാക്ഷമാല ഭാരതീയമാതക്കാർക്കും പുരോഹിതർ വീതംവച്ചു! നാടാകെ കുരിശടികളൂം ,പുണ്ണ്യാളപ്പടങ്ങളും ,കാശുവീഴ്ത്താൻ കുരിശുപോലെ കിഴുത്തകളും, കത്തനാർ രൂപകൽപന ചെയ്തു ; താഴെ ഒരു വഞ്ചിയും! ഇന്ന് കുരിശു ഒരു വ്യവസായസ്ഥാപനമായി മാറ്റി പള്ളിക്കാർ !ഒരുപള്ളിക്കു തന്നെ നാട്ടിൻപുറങ്ങളിൽ എത്ര കുരിശാണെന്നൊ? ഓരോ നാല്ക്കവലയിലും വ്യത്യസ്ത്പുണ്ണ്യാളരുടെ കുരിശടികൾ! ഈ പുണ്ണ്യാളന്മാരാരും കുരിശിൽ മരിച്ചവരല്ല ; പലരും പനിപിടിച്ചു മരിച്ചവരാണ്‌ കെട്ടോ! എങ്കിലും കുരിശിന്റെ കെയരോഫിലാണ് അവരും വിലസുന്നത്! ഇവരുടെ ആധിപത്യം കാരണം പലപ്പോളും കുരിശിൽ മരിച്ചവൻ ഫീല്ടവുട്ടാകാറുമുണ്ട് ! ഇത് കാണുമ്പോഴാനെനിക്കു സങ്കടം വരുന്നത് .! കുരിശിൽ മരിച്ചവൻ ഒരേയൊരുവൻ : അവന്റെ കുരിശുകാണിച്ചു സുഖിച്ചു വാഴുന്നവർ അനേകായിരങ്ങൾ! കര്ത്താവിനെ വകവരുത്താൻ അന്ന് മെത്രാന്മാർ (കുരിശു വരയ്ക്കാതെ) കുരിശിനെ ഉപകരണമാക്കി !എങ്കിൽ നമ്മുടെ മഹാത്മാഗാന്ധിയെ കൊല്ലാൻ കൈത്തോക്കും ഇന്ദ്രാജിയെ തുരുതുരെ വെടിവയ്ക്കാൻ AK 47 നുമല്ലേ കൊലയാളികൾ ഉപയോഗിച്ചതു ?ഒരുപക്ഷെ നാളെ കോണ്‍ഗ്രസുകാർ രാക്ഷ്ട്രീയ ഭ്രാന്തു മൂത്ത് AK 47 ഓർ കൈത്തോക്ക് രൂപങ്ങൾ ഈ നാടാകെ നാട്ടുകയില്ലന്നാര് കണ്ടു !? ദൈവമേ അതിനുമുന്പെന്നെയങ്ങു വിളിച്ചോണെ ...

    ReplyDelete
  5. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുടെ പുരോഗതി വിലയിരുത്തിയാല്‍ അല്മായാ വിപ്ലവകാരികള്‍ക്ക് വളരെ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നു സ്പഷ്ടമാണ്. (അതില്‍ താരങ്ങള്‍ ഒന്നല്ല). അത് മേലധികാരികളെ ആലോസരപ്പെടുത്തിയിട്ടില്ലെങ്കിലെ അല്ഭുതപ്പെടെണ്ടാതുള്ളൂ. ഇന്നത്തെ ഒരു സ്ഥിതി വെച്ച് നോക്കിയാല്‍ അകത്തുള്ള 45 ലക്ഷത്തില്‍ ബഹു ഭൂരിപക്ഷവും ന്യുട്രല്‍ വിശ്വാസികളാണ്. ഒരു നല്ല ശതമാനം പ്രതിക്ഷേധിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നവരോ അരയും തലയും മുറുക്കി അരങ്ങത്തു വന്നിട്ടുല്ലവരോ ആണ്. അസ്വസ്ഥരായ വിശ്വാസികളുടെ സംഖ്യ കൂട്ടിക്കൊണ്ടിരിക്കാന്‍ നവീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്, അതുപോലെ ലോകമാസകലം ഉള്ള പ്രതിക്ഷേധക്കാരെ ഏകോപിപ്പിക്കാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നിശ്ശബ്ദത കൊണ്ട് പിതാക്കന്മാര്‍ക്കു നേരിടാവുന്ന ഒരു പ്രതിസന്ധിയിലെക്കല്ല കാര്യങ്ങള്‍ പോവുന്നതും.
    ഇറാക്കിലെ മലയാളി നേഴ്സുമാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ഇപ്പോള്‍ ഫെയിസ് ബുക്കില്‍ ലഭ്യമാണ്. നമ്മുടെ കാഴ്ചപ്പാടിന്റെ വൈകല്യം എടുത്തു കാണിക്കുന്ന വയാണ് അതെല്ലാം എന്ന് കാണാവുന്നതെയുള്ളൂ. സ്നേഹം, സ്വയം സ്നേഹത്തിലും സ്വാര്‍ത്ഥതയിലും നിന്നുമാണ് തുടങ്ങുന്നത്. അത് സ്വന്തമെന്ന വ്യക്തികളിലേക്കും സ്വന്തമല്ലാത്തവയിലെക്കും പതിയെ പ്രപഞ്ചം മുഴുവനിലേക്കും വ്യാപിക്കണം. അതായത് ശത്രുവിനെയും മിത്രത്തെയും വേര്തിരിക്കാത്ത ഒരു മേഖലയിലേക്ക്. നമ്മുടെ സ്നേഹം നമ്മുടെതെന്ന് നാം കരുതുന്ന നെഴ്സുമാരിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നുവെന്നാണ് ഈ പ്രാര്തനകളില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. കുറഞ്ഞത്‌ ധ്യാന ഗുരുക്കന്മാരെങ്കിലും ഇത്തരം ഒരു നിയന്ത്രിത വ്യവസ്ഥാധിഷ്ടിത പ്രാര്‍ത്ഥന ഒഴിവാക്കണം.
    വചനം വരെ എത്തിയത് കൊണ്ട് സൃഷ്ടി ആവുന്നില്ല, പ്രവൃത്തി കൂടി വേണം. ആ നേഴ്സുമാര്‍ക്ക് വേണ്ടി നാം എന്ത് ചെയ്തു? സ്വന്തം കുടുംബങ്ങളിലെ പ്രാരാബ്ദങ്ങള്‍ മനസ്സില്‍ ധ്യാനിച്ചു വിമാനം കയറിയവരാണ് അവര്‍. അതിലൊരാള്‍ അല്‍പ്പ കാലം മുമ്പ് പറഞ്ഞത്, നാട്ടിലോട്ട് വരുന്നില്ലായെന്നാണ്. കാരണം, നാട്ടിലെ കട ബാധ്യതകള്‍ തന്നെ. തൊണ്ടതുറന്ന് പ്രാര്‍ഥിക്കുന്നതിനു മുമ്പ് അവര്‍ ഓരോരുത്തരെയും സഹായിക്കാനുള്ള ഒരു സ്കീം ഉണ്ടാക്കാന്‍ എല്ലാവരും കൂടെ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ഞാനോര്‍ക്കുന്നു. ഒരു ദിവസം ഒരു നേരം ആഹാരം വേണ്ടെന്നു വെച്ചാല്‍ എളുപ്പത്തില്‍ അത് സാധിക്കാവുന്നതേയുള്ളൂ. ഇറാക്കില്‍ കുടുങ്ങിയവരില്‍ ഒരാള്‍ നമ്മുടെ ഒരു കുടുംബാംഗമാണ് എന്നെങ്കിലും കാണാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ ദയവായി നാം ക്രിസ്ത്യാനികള്‍ ആണെന്ന് പറയാന്‍ ശ്രമിക്കരുതെന്നു ഞാന്‍ അപേക്ഷിക്കുന്നു. അല്മായാ ശബ്ദം അല്മായാ മുന്നേറ്റമാവണമെങ്കില്‍ വിമര്‍ശനം മാത്രം പോരാ, മാതൃകകളും ആവാന്‍ തയ്യാറാകണം. പ്രാര്‍ഥിക്കുമ്പോള്‍ ലോകം മുഴുവനും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം പ്രവൃത്തിക്കുമ്പോള്‍ അത് സ്വന്തം അയല്‍വക്കത്തും തുടങ്ങാം. നവീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ഇത്തരം കാര്യങ്ങളില്‍ നായകത്വം വഹിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

    ReplyDelete
    Replies
    1. കുർബാനയുടെ ഇടക്ക് കേട്ടിട്ടുള്ള പ്രാർത്ഥന ക്രിസ്ത്യാനിയുടെ മനസ്സിലിരിപ്പിന്റെ മാതൃകയാണ്. ആദ്യം പോപ്പിനുവേണ്ടി, പിന്നെ വല്യ പിതാക്കന്മാർക്കും കൊച്ചു പിതാക്കന്മാർക്കും വേണ്ടി, പിന്നെ സന്യസ്തർ, സെമിനാരിക്കാർ. ഏറ്റവും ഒടുവിൽ പാപികളായ അല്മായര്ക്കു വേണ്ടി. (ഇത് ആദ്യകാലത്തില്ലായിരുന്നു, വത്തിക്കാൻ രണ്ടിനുശേഷം ചേർത്തതാണ്. ഈ രാജ്യത്ത് ദൈവാനുഗ്രഹം ആവശ്യമുള്ള വേറെ മനുഷ്യരാരും ഇല്ലപോലും. എവിടെയെങ്കിലും അപകടമുണ്ടായാൽ മലയാളികൾ എത്ര അതിൽപ്പെടും എന്നത് അറിയിക്കും. അവരെ ചുറ്റിപ്പറ്റിയാണ് പിന്നെ അന്വെഷണമെല്ലാം. ബാകിയുള്ളവർ തുലയട്ടെ എന്നാണു വയ്പ്. ഇനിയിപ്പോൾ യുഎസ്എ ആസ്ത്രേലിയ എന്നിവിടങ്ങളിൽ വല്ല അത്യാഹിതവും നടന്നാൽ, അതിൽ പെട്ടുപോകുന്ന സീറോമലബാറുകാരുടെ കാര്യം എടുത്തുപറയും, (ദീപികയെങ്കിലും), കാക്കനാട്ട്നിന്നും കെട്ടുവള്ളം അയക്കും.

      Delete
  6. അല്മായശബ്ദം ബ്ലോഗ് വയിക്കരുതെന്നുള്ള താക്കീതുണ്ടായത് സഭാധികാരത്തിന് ഇഷ്ടപ്പെടുന്നതേ വായിക്കാവൂ എന്ന പഴഞ്ചൻചിന്താഗതിയിൽ നിന്ന് മുളച്ച പുതിയ വിത്താണ്. 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്ന എൻറെ പുസ്തകം 75 വയസായ എൻറെ കന്യാസ്ത്രി പെങ്ങൾക്ക് ഞാനയച്ചുകൊടുത്തു. പെങ്ങൾ ആ പുസ്തകം മുഴുവൻ വായിച്ചെന്നാണ് എൻറെ വിശ്വാസം. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ പെങ്ങളുടെ ദീർഘമായ ഒരു കത്ത് എനിക്ക് കിട്ടി. "നീ അയച്ച വെളിപാടുഗ്രന്ഥം കിട്ടി. വായിച്ചു." പിന്നങ്ങോട്ട് എന്നെ നന്നാക്കാൻവേണ്ടി നീണ്ട കുറെ സാരോപദേശങ്ങളായിരുന്നു. പെങ്ങൾക്ക് എൻറെ ആശയങ്ങളോട് യോജിപ്പില്ലന്ന് ഞാൻ മനസ്സിലാക്കി. ഹൈസ്കൂൽ പഠനം കഴിഞ്ഞ് 1959-ൽ ഒരു വിദേശ കോണ്ഗ്രിഗേഷനിൽ കന്യാസ്ത്രിയായി അര നൂറ്റാണ്ടിനുമേൽ വൃദ്ധരെ ശുശ്രൂഷിച്ചു ജീവിക്കുന്ന എൻറെ പെങ്ങൾക്ക് സഭാധികാരമാണ് സഭ. നികുതി കൊടുക്കാതെ ഓടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കറുക്കൻ കമ്പനിയാണ് സഭ എന്ന കാര്യം പെങ്ങൾക്ക് അറിയില്ല. പെങ്ങളുടെ വിശ്വാസം ഓരോ വിശ്വാസിയുടെയും നിത്യരക്ഷക്കും നിത്യനന്മക്കും വേണ്ടി സഭ രാപകലില്ലാതെ പരിശ്രമിക്കുന്നുണ്ടെന്നാണ്. ഒരു അല്മായൻ സഭാധികാരികളെ വിമർശിക്കുന്നതും അവരുടെ തെറ്റുകൾ ചൂണ്ടിക്കാനിക്കുന്നതും കന്യാസ്ത്രികളെ സംബന്ധിച്ചിടത്തോളം തെറ്റായ പ്രവൃത്തിയാണ്. കാരണം ഈ പാവപ്പെട്ട കന്യാസ്ത്രികളെ അങ്ങനെയാണ് സഭാധികാരം പഠിപ്പിച്ച് വളർത്തി കൊണ്ടുവന്നിരിക്കുന്നത്. ഈ പാവങ്ങളുടെ അദ്വാനഫലം ദൈവത്തിൻറെ പ്രതിനിധികൾ ഊറ്റിയെടുക്കുന്നു. ദൈവസേവനത്തിനായി തൻറെ ഉദ്യോഗം, സമ്പത്ത്, കുടുംബജീവിതം, ലൈംഗികജീവിതം, മക്കൾ എല്ലാം ത്യജിച്ച് രാവും പകലും തേനീച്ചകളെപ്പോലെ അദ്വാനിക്കുന്നു. ഓടക്കുഴലിൻറെ തുബുകൊണ്ട് 16008 സുന്ദരികളായ പെൻകുട്ടികളെ ശ്രീകൃഷ്ണൻ വരിതിയിൽ ആക്കിയതുപോലെ സഭ ഇവരെ 'കർത്താവിൻറെ മണവാട്ടി'കളാക്കുന്നു. വികസിത രാജ്യങ്ങളിലെ സെൻസുള്ള പെണ്കുട്ടികൾ സഭയുടെ ഇത്തരം വെട്ടിപ്പും തട്ടിപ്പും ചൂഷണവുമെല്ലാം നോൻസെൻസാണന്നു മനസ്സിലാക്കിയതിനാൽ മഠങ്ങൽ ശൂന്യമാകുന്നു. ദൈവത്തിന് സ്തോത്രം

    ReplyDelete
    Replies
    1. 'സഭാനവീകരണത്തിലേക്ക് ഒരു വഴി' വളരെ ആധികാരികമായ വസ്തുതകൾ നിരത്തിക്കൊണ്ട്‌ യുക്തിക്കു കോട്ടം തട്ടാതെ, സുമനസ്സോടെ എഴുതിയ ഒരു കൃതിയാണ്. വസ്തുനിഷ്ഠമല്ലാത്തെ ഒന്നും അതിലില്ല. എന്നാൽ, എത്ര തീവ്രമതവിശ്വാസിക്കും അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നാത്തെ നൂറുകണക്കിന് നവീകരണ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ഒരു കന്യാസ്ത്രീ അത് വായിച്ചിട്ട് ഗ്രന്ഥകർത്താവിനെ മാനസാന്തരപ്പെടുത്താനാണ് ശ്രമിച്ചതെന്ന് കേട്ടപ്പോൾ, അജ്ഞതയുടെ എത്ര ആഴത്തിലാണ് ഈ പാവങ്ങൾ വീണുപോയിരിക്കുന്നത് എന്ന് സഹതപിക്ക മാത്രമേ തരമുള്ളൂ.. അന്ധവിശ്വാസത്തെ നിലനിര്ത്താൻ സഹായിക്കുന്ന ക. സഭയിലെ ഈ കെട്ടുറപ്പിനെ വെല്ലുന്ന ഒന്ന് കമ്യൂണിസത്തിൽ പോലും ഉണ്ടെന്നു തോന്നുന്നില്ല.

      Delete
  7. "നിശ്ശബ്ദത കൊണ്ട് പിതാക്കന്മാര്‍ക്കു നേരിടാവുന്ന ഒരു പ്രതിസന്ധിയിലെക്കല്ല കാര്യങ്ങള്‍ പോവുന്നതും" എന്ന മറ്റപ്പള്ളിസാരിന്റെ വചനം ശരിയോ? മെത്രാന്മാരെ പിതാക്കന്മാരെന്നു നാംതന്നെ വിളിച്ചാൽ അത് "ക്രിസ്തുവിരുദ്ധം" ആകുമെന്നതിൽ എനിക്ക് സംശയമില്ല മറ്റപ്പള്ളീസാറെ...വി.മത്തായി 23/9 അല്ലെങ്കിൽ നാം വായിക്കാതിരിക്കണം ...വിവാഹം കഴിക്കാത്ത ഇവരു ആരുടേയും പിതാവാകുന്നില്ല ! ജഡത്തിന്റെ പിതാവിനെ നമുക്ക് 'പിതാവേ' എന്ന് വിളിക്കാം ....ആത്മാവിനുപിതാവായി ആ ഏകനേയുള്ളൂ എന്നാല്ലേ കര്ത്താവിന്റെ വാദം ? എന്തിനു നാം കര്ത്താവിനെ നിന്ദിച്ചിട്ടു ഇവറ്റകളെ വന്ദിക്കണം ? ദൈവനിന്ദ പാപവും ,കാലത്തിന്റെ ചൂഷകരായ പുരോഹിതനിന്ദ പുണ്ണ്യവും എന്ന് ഞാൻ കർത്താവിൽ നിന്നും പഠിച്ചു ! പറഞ്ഞന്നെയുള്ളൂ...നമ്മുടെ .പഴയ ശീലം ഇവറ്റകളെ വന്ദിക്കുക, മോതിര വിരൾമുത്തുക ഓക്കേ ഓക്കേ ആണല്ലൊ! ..താറാവിൻ കൂട്ടം പോലെ മാക്‌ മാക് (പിതാവേ പിതാവേ )എന്ന് വിളിച്ചു തുടരാനെളുപ്പം;...പക്ഷെ മനസിനെ നിയന്ത്രിച്ചു ,'പിതാവേ' വിളി മാറ്റി ,വെറും മെത്രാൻ,കത്തനാർ എന്ന് നമ്മുടെ നാവിനു വഴങ്ങിയാലെ നവീകരണം തുടങ്ങൂ എന്നാണെന്റെ മതം ! ദൈവനാമം കൈയേറിയ ഇവരെ തമ്പുരാൻ വേശ്യകളെക്കാളും നിക്രിഷ്ടമായി കാണുന്നു എന്നല്ലേ തിരുവചനം?

    ReplyDelete