ജോസഫ് പുലിക്കുന്നേല്‍
(പ്രൊഫ.മാക്കീലിന്റെ ലേഖനത്തോടുള്ള പ്രതികരണം)
(പ്രൊഫ.മാക്കീലിന്റെ ലേഖനത്തോടുള്ള പ്രതികരണം)
ബഹുമാന്യനായ പ്രൊഫ. മാത്യു മാക്കീല്‍ ഉദ്ധരിക്കുന്ന രണ്ടു രേഖകള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. ഓരോ ചരിത്രസന്ധികളിലും ഉന്നയിക്കപ്പെടുന്ന സാമൂഹികപ്രശ്‌നങ്ങളോട് കത്തോലിക്കാസഭാഭരണാധികാരം കാലികങ്ങളായി പ്രതികരിക്കാറുണ്ട്. വിശ്വാസത്തെ സംബന്ധിച്ചുള്ള ആധികാരികപ്രഖ്യാപനങ്ങളൊഴിച്ചുള്ള മറ്റെല്ലാ കല്പനകളും തീരുമാനങ്ങളും മനുഷ്യസംസ്‌കാരത്തിന്റെയും ചിന്തയുടെയും മാറ്റങ്ങളനുസരിച്ച് മാറ്റപ്പെട്ടിട്ടുണ്ട്, മാറ്റപ്പെടേണ്ടതാണ്.
കേരളകത്തോലിക്കാസഭയില്‍ വൈവിദ്ധ്യമാര്‍ന്ന പാരമ്പര്യങ്ങളുള്ള ജനപദങ്ങളുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഈ ഓരോ ജനപദത്തിനും വ്യത്യസ്തങ്ങളായ സാമൂഹികാചാരങ്ങളുണ്ട്. ഈ സാമൂഹികാചാരങ്ങള്‍ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളോട് എതിര്‍പ്പില്ലാത്തതാണെങ്കില്‍ അവയെ ആദരിക്കുന്നതിന് ചരിത്രപരമായ കാരണങ്ങളാല്‍ സഭ തയ്യാറായിട്ടുണ്ട്. കേരളസഭയില്‍ പരസ്പരം രണ്ടു വ്യത്യസ്ത സമൂഹധാരകളായി നിലനിന്നിരുന്നവരാണ് സുറിയാനിക്രിസ്ത്യാനികളും ലത്തീന്‍കാരും. അതില്‍ സുറിയാനിക്രിസ്ത്യാനികള്‍ മാര്‍ത്തോമ്മാശ്ലീഹാ ജ്ഞാനസ്‌നാനം നല്‍കിയ നമ്പൂതിരിമാരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നു വിശ്വസിച്ചുപോന്നു. വര്‍ഗ്ഗശുദ്ധിയുടെ കാര്യത്തില്‍ ഒരു കാലത്ത് ക്‌നാനായക്കാരെപ്പോലെതന്നെ തീക്ഷ്ണതയുള്ളവരായിരുന്നു അവരും. അയിത്തം നിലനിന്നിരുന്ന കാലത്ത് അവര്‍ണ്ണര്‍ തൊട്ട് അശുദ്ധമാക്കിയ വസ്തുക്കള്‍ നമ്പൂതിരിരക്തം സിരകളിലൂടെ ഓടിയിരുന്ന സുറിയാനിക്രിസ്ത്യാനികള്‍ തൊട്ടാല്‍ ശുദ്ധമാകും എന്ന പാരമ്പര്യവും ഉണ്ടായിരുന്നു.
സുറിയാനിക്രിസ്ത്യാനികള്‍ (ഇന്നത്തെ സീറോ-മലബാര്‍ സഭ) ഒരു കാലത്ത് ലത്തീനില്‍നിന്നും വിവാഹം കഴിച്ചിരുന്നില്ല. അഥവാ അങ്ങനെ വിവാഹം കഴിച്ചാല്‍, ഇന്നത്തെ ക്‌നാനായക്കാരെപ്പോലെ, അവരെ സമൂഹത്തില്‍നിന്നും പുറന്തള്ളിയിരുന്നു.
ഇത്തരം പാരമ്പര്യങ്ങളുടെ ലിസ്റ്റുവച്ച് വാദിച്ചതിന്റെ ഫലമായാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായ രൂപതകളും ഹൈരാര്‍ക്കിയും റോമാ അനുവദിച്ചത്. എന്നാല്‍ രൂപതകള്‍ സ്ഥാപിക്കുമ്പോള്‍ ഏതെങ്കിലും ഒരു ജനസമൂഹത്തിന്റെ രക്തശുദ്ധി പരിരക്ഷിക്കും എന്ന് മാര്‍പ്പാപ്പയോ സഭയോ പ്രഖ്യാപിച്ചിട്ടില്ല. അതിനു പൊതുവായ ഒരു നിയമമുണ്ട്. പൗരസ്ത്യകാനോന്‍ നിയമമനുസരിച്ച് ഏതെങ്കിലും റീത്തില്‍പ്പെട്ട ഒരു പുരുഷന്‍ മറ്റൊരു റീത്തില്‍നിന്നും വിവാഹംകഴിച്ചാല്‍ പുരുഷന്റെ റീത്തില്‍ സ്ത്രീയും ഉള്‍പ്പെടും എന്നുള്ളതാണ് നിയമം.
മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാലത്ത്, 1904-ല്‍ പ്രസിദ്ധീകരിച്ച 'ദെക്രെത്തി'ല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ''കാരണവന്മാര്‍ അവരുടെ മക്കള്‍ക്കു കല്യാണ പറഞ്ഞൊപ്പു നിശ്ചയിച്ചുറപ്പിക്കുന്നതിനു മുമ്പില്‍, മക്കളുടെ സമ്മതം വാങ്ങിച്ചിരിക്കേണ്ടതും അവരുടെ സമ്മതം താഴെ വിവരിച്ചിരിക്കുംപ്രകാരം ബഹു. വികാരിയുടെ മുമ്പാകെ വെളിപ്പെടുത്തേണ്ടതും ആകുന്നു. എന്തുകൊണ്ടെന്നാല്‍, കല്ല്യാണപ്പറഞ്ഞൊപ്പിന്റെ വസ്തുതയ്ക്ക് അവരുടെ ഈ സമ്മതം ആവശ്യമായിരിക്കുന്നു. മണവാളനെ, അഥവാ മണവാട്ടിയെ തിരഞ്ഞെടുക്കുന്നതില്‍ സമ്പത്തും ബഹുമാനവും നോക്കുന്നതിനേക്കാള്‍, അവരുടെ പുണ്യത്തെയും സ്വഭാവഗുണത്തെയും കാരണവന്മാര്‍ ഏറ്റം സൂക്ഷിച്ച് അന്വേഷിക്കേണ്ടതാകുന്നു'' (പേജ് 112). ആ 'ദെക്രെത്തി'ല്‍ 17-ാം അദ്ധ്യാത്തില്‍ 13 പേജുകളിലായി വിവാഹത്തെ സംബന്ധിച്ച നിബന്ധനകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിലൊന്നും വിവാഹമെന്ന കൂദാശ വര്‍ഗ്ഗീയപരമായ കാരണങ്ങളാല്‍ നടത്തിക്കൊടുത്തുകൂടാ എന്ന നിബന്ധന കാണുന്നില്ല.
ക്‌നാനായക്കാര്‍ വര്‍ഗ്ഗശുദ്ധി പാലിക്കുന്നതിനാഗ്രഹിക്കുന്നെങ്കില്‍ അങ്ങനെ സാമൂഹികമായി പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്കവകാശമുണ്ട്. എന്നാല്‍ കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം കൈചൂണ്ടുന്നത്, ക്‌നാനായക്കാരുടെ രക്തശുദ്ധി പരിരക്ഷിക്കുന്നതിനുവേണ്ടി വിവാഹമെന്ന കൂദാശയെയും സഭയുടെ ആദ്ധ്യാത്മികാധികാരത്തെയും ദുരുപയോഗിക്കാമോ എന്നതാണ്. നാളെ സുറിയാനിക്രിസ്ത്യാനികള്‍ നമ്പൂതിരിയുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നതുമൂലം ക്‌നാനായസഭയില്‍നിന്നോ ലത്തീന്‍സഭയില്‍നിന്നോ വിവാഹിതരായവര്‍ക്ക് സഭയില്‍ ഭ്രഷ്ട് കല്പിക്കുന്നുവെന്നു വന്നാല്‍ അതിന്റെ പരിണിതഫലം എന്തായിരിക്കും?
വിവാഹം ഒരു കൂദാശയാണ്. സഭാവിശ്വാസമനുസരിച്ച് അത് ദൈവികമാണ്. ഭൗതികപാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ദൈവികമായ ഒരു കൂദാശയെ ഉപയോഗിക്കുന്നതിന്റെ ദൈവശാസ്ത്രപരമായ സാധുതയാണ് ഈ വിവാഹപ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. വിവാഹംപോലെതന്നെ മറ്റൊരു കൂദാശയാണല്ലോ തിരുപ്പട്ടം.വിവാഹത്തില്‍ പുരുഷനും സ്ത്രീയുംതമ്മില്‍ കൗദാശികമായി ബന്ധിക്കപ്പെട്ട് സഭയില്‍ ഏക ശരീരമായിത്തീരുന്നു. തിരുപ്പട്ടത്തിലും ഒരു പുരോഹിതന്‍ മെത്രാന്റെയടുക്കല്‍ വിശ്വാസപ്രഖ്യാപനവും അനുസരണവും വ്രതവാഗ്ദാനം ചെയ്ത് സഭാശരീരത്തിന്റെ ശുശ്രൂഷകനെന്ന കൂദാശ സ്വീകരിക്കുന്നു. മാക്കീല്‍ മെത്രാന്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ കൂദാശ സ്വീകരിച്ചത് ലത്തീന്‍കാരനായ മെത്രാനില്‍നിന്നായിരുന്നു. അദ്ദേഹം ലത്തീന്‍ മെത്രാനായിരുന്ന മര്‍സലീനോസിന്റെ സെക്രട്ടറിയായിരുന്നു. സുറിയാനി ക്രിസ്ത്യാനികള്‍, തെക്കുംഭാഗരും വടക്കുംഭാഗരും, ഒരുമിച്ചുനിന്ന് പാരമ്പര്യസംരക്ഷണാര്‍ത്ഥം സ്വയംഭരണസമ്പ്രദായത്തിനുവേണ്ടി ത്യാഗപൂര്‍വ്വം പരിശ്രമിച്ചിരുന്ന കാലഘട്ടത്തിലാണ്, സ്വയംഭരണപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന മര്‍സലീനോസ് മെത്രാന്റെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ലത്തീന്‍ സെമിനാരിയില്‍ അദ്ദേഹം ജോലിയും നോക്കി.
അല്‍മായനു കൂദാശ നല്‍കുമ്പോള്‍ മാത്രം ഈ തെക്കുംഭാഗ-വടക്കുംഭാഗ വിഭജനം പൊക്കിപ്പിടിക്കുന്നതിന്റെ അന്തസ്സാരശൂന്യത ഏപ്രില്‍ ലക്കം ഓശാനയില്‍ സൂചിപ്പിച്ചിരുന്നു. ക്‌നാനായ രൂപത സ്ഥാപിച്ചത് തെക്കുംഭാഗരുടെ പ്രത്യേകമായ ആദ്ധ്യാത്മികശുശ്രൂഷയ്ക്കു മാത്രമല്ല, അവരുടെ വര്‍ഗ്ഗശുദ്ധിയുംകൂടി പരിരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കാതലായ പ്രശ്‌നവും അതുതന്നെയാണ്. ഇന്ന് കോട്ടയം മെത്രാന്‍ കുന്നശ്ശേരിക്കു ചെയ്യാവുന്ന ഏറ്റവും നല്ല കൃത്യം, റോമിലേക്കെഴുതി 10-ാം പീയൂസ് മാര്‍പ്പാപ്പായുടെ കല്പനയ്ക്ക് ഒരു വിശദീകരണം തേടുകയാണ്. ക്‌നാനായക്കാരുടെ രക്തസംശുദ്ധിയെ പരിരക്ഷിക്കുന്നതിനുംകൂടി വേണ്ടിയാണ് ഈ രൂപത സ്ഥാപിച്ചതെന്ന് മാര്‍പ്പാപ്പയില്‍നിന്ന് വ്യക്തമായൊരു കല്പന നേടിയെടുക്കാന്‍ അദ്ദേഹം പരിശ്രമിക്കണം.
കോട്ടയം രൂപതാസ്ഥാപനത്തിന്റെ അടിയന്തിരകാരണം സഭാബാഹ്യമായ ചില സംഭവങ്ങളായിരുന്നു. ആ സംഭവങ്ങള്‍കൂടി കണക്കിലെടുത്തെങ്കില്‍ മാത്രമേ, കോട്ടയം രൂപതയുടെ സ്ഥാപനത്തില്‍ റോമിനുണ്ടായിരുന്ന ലക്ഷ്യം മനസ്സിലാക്കാന്‍ കഴിയൂ.
കൂനന്‍ കുരിശിനുശേഷം ഇവിടുത്തെ സുറിയാനിക്രിസ്ത്യാനികള്‍ രണ്ടായി പിരിഞ്ഞു; യാക്കോബായക്കാരും കത്തോലിക്കരും. ഇതില്‍ കത്തോലിക്കാവിഭാഗം വിദേശ മെത്രാന്മാരുടെ കീഴിലും യാക്കോബായ വിഭാഗം സ്വദേശീയ മെത്രാന്മാരുടെ കീഴിലും ഭരിക്കപ്പെട്ടുപോന്നു. വിദേശമെത്രാന്മാരോടുള്ള എതിര്‍പ്പിന്റെ ഫലമായി കഴിഞ്ഞ നൂറ്റാണ്ടില്‍ സഭയ്ക്കുള്ളില്‍ ഛിദ്രങ്ങളുണ്ടായി. റോക്കോസിന്റെയും മേലൂസിന്റെയും ആമഗനം കത്തോലിക്കാസഭയുടെ അംഗസംഖ്യ കുറയ്ക്കാനും ഛിദ്രത്തിനുമിടയാക്കി. ഇതിനെ ഗൗരവപൂര്‍വ്വം കണക്കിലെടുത്ത് ആഭ്യന്തര അട്ടിമറിയെ തന്ത്രപൂര്‍വ്വം ചെറുക്കാനാണ് നാട്ടുമെത്രാന്മാരായ മാര്‍ മാക്കീലിനെയും മാര്‍ പഴയപറമ്പിലിനെയും മാര്‍ മേനാച്ചേരിയെയും നിയമിച്ചത്. ഇവര്‍ മൂവരും അധികാരസഭയുടെ ഇഷ്ടഭാജനങ്ങളുമായിരുന്നു. (മാര്‍ മാത്യു മാക്കീല്‍ ലത്തീന്‍കാരനായ മര്‍സമീനോസ് മെത്രാന്റെ സെക്രട്ടറിയായി പ്രശസ്ത സേവനം അനുഷ്ഠിച്ചു. മാര്‍ ലൂയീസ് പഴയപറമ്പില്‍ ലെവീഞ്ഞ് മെത്രന്റെ പാദദാസനുമായിരുന്നല്ലോ).
അതീവതന്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ലവീഞ്ഞ്. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം നന്നായി അറിയാമായിരുന്ന ലവീഞ്ഞ് മാര്‍ മാത്യു മാക്കീലിനെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനാക്കിയത് സുറിയാനിക്കാരെ വികാരപരമായി രണ്ടായി വിഭജിക്കുന്നതിനുവേണ്ടിയായിരുന്നു. മാത്യു മാക്കീല്‍ തെക്കുംഭാഗക്കാരനായതുകൊണ്ടല്ല ചങ്ങനാശ്ശേരി രൂപതയില്‍ അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ എതിര്‍പ്പുണ്ടായത്. മറിച്ച്, ഇവിടുത്തെ സുറിയാനിക്കാര്‍ സ്വയംഭരണത്തിനുവേണ്ടി തീവ്രമായി ത്യാഗപൂര്‍വ്വം വാദിച്ചിരുന്ന അവസരത്തില്‍ ഇതില്‍ നിന്നെല്ലാം മാറി ലത്തീന്‍ മെത്രാന് പാദസേവ ചെയ്ത ഒരാളെ തങ്ങള്‍ക്കു മെത്രാനായി നിയമിച്ചതായിരുന്നു എതിര്‍പ്പിനു കാരണം. ഈ താത്വികമായ എതിര്‍പ്പിനെ വര്‍ഗ്ഗീയമായ എതിര്‍പ്പാക്കി മാറ്റേണ്ടത് സ്വന്തം നിലനില്‍പ്പിന് മാക്കീല്‍ മെത്രാന്റെ ആവശ്യമായിരുന്നു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന പൗരോഹിത്യതന്ത്രം ഈ അവസരത്തില്‍ യാക്കോബായക്കാര്‍ അവസരോചിതമായി നടപ്പിലാക്കി. 1910-ല്‍ അന്തിയോക്യാസഭ ക്‌നാനായക്കാര്‍ക്കുമാത്രമായി ഒരു രൂപത സ്ഥാപിച്ചു. ഇതോടുകൂടി കത്തോലിക്കാസഭയില്‍നിന്നും അന്തിയോക്യാ സഭയിലേക്ക് പുരോഹിതരും ജനങ്ങളും പ്രവഹിച്ചേക്കുമെന്ന ധാരണ റോമിലുണ്ടായി. ഇതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് 1911-ല്‍ മാര്‍പ്പാപ്പാ കോട്ടയം രൂപത സ്ഥാപിച്ചത്. ഈ രൂപതാസ്ഥാപനം തെക്കുംഭാഗരുടെ രക്തശുദ്ധി പാലിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണെന്നു സ്ഥാപിക്കാന്‍ യാതൊരു തെളിവുകളുമില്ല.
ലത്തീന്‍ രൂപതാമെത്രാനോട് വ്രതവും അനുസരണവും പ്രഖ്യാപിച്ച് ലത്തീന്‍ മെത്രാന്റെ സെക്രട്ടറിയായി പാദസേവചെയ്ത മാക്കീല്‍ മെത്രാന്‍ ലത്തീന്‍ പൗരോഹിത്യപാരമ്പര്യം സ്വീകരിച്ച ഒരു പുരോഹിതനായിരുന്നു. അദ്ദേഹത്തിന് തെക്കുംഭാഗം രൂപതയുടെ മെത്രാനാകാമെങ്കില്‍, തന്റെ മാതാമഹി ഒരു ലത്തീന്‍കാരിയായിരുന്നു എന്നതുകൊണ്ടു ക്‌നാനായ ഇടവകയുടെ അംഗത്വം ബിജു ഉതുപ്പിന് നിഷേധിക്കുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്? അച്ചനും മെത്രാനും ലത്തീനാകാം, ലത്തീന്‍കാരുടെ കൂടെപോകാം. അല്‍മായനുമാത്രം ഇതനുവദനീയമല്ലെന്ന പിടിവാശി കുറെ കടന്നകൈയല്ലേ?
ഇണ്ടംതുരുത്തിയുടെ ആത്മാവ്
വൈയ്ക്കം സത്യഗ്രഹസമരകാലത്ത് സവര്‍ണ്ണരൊഴിച്ചുള്ള ആര്‍ക്കും ക്ഷേത്രവഴിയിലൂടെ പോകാന്‍ അനുവാദമില്ലെന്ന് ശ്രുതികളും സ്മൃതികളും ഉദ്ധരിച്ച് വര്‍ഗ്ഗശുദ്ധിയുടെ ശാശ്വതീകരണത്തിനുവേണ്ടി ശക്തമായി വാദിച്ച ആളായിരുന്നു, ഇണ്ടംതുരുത്തി നമ്പൂതിരി. അദ്ദേഹത്തില്‍ കുറച്ചു വിവരം വിതയ്ക്കാന്‍ ഇല്ലത്തെത്തിയ മഹാത്മാഗാന്ധിയെ ഇല്ലത്തു പ്രവേശിപ്പിച്ചാല്‍ തന്റെ വര്‍ഗ്ഗശുദ്ധി നഷ്ടപ്പെടും എന്നു വാദിച്ച് ഇല്ലത്തിനുമുമ്പില്‍ ഒരു പുത്തന്‍ പടിപ്പുര നിര്‍മ്മിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ന് ആ ഇണ്ടംതുരുത്തിമന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ചെത്തുതൊഴിലാളികളുടെയും ഓഫീസാണെന്ന വസ്തുത നാം മറക്കരുത് !! 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന മനുഷ്യത്വത്തിന്റെ ഗര്‍ജനം രക്തശുദ്ധിയുടെയും സവര്‍ണ്ണതയുടെയും കോട്ടക്കൊത്തളങ്ങളെ ഉഴുതുമറിച്ച ഈ ഭാരതത്തില്‍, ''സഹോദരരേ, വിജാതീയര്‍ എന്റെ അധരങ്ങളില്‍ നിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിനുവേണ്ടി കുറേനാള്‍ മുമ്പ് ദൈവം നിങ്ങളുടെ ഇടയില്‍നിന്ന് എന്നെ തിരഞ്ഞെടുത്തതായി നിങ്ങള്‍ക്ക് അറിയാമല്ലോ. ഹൃദയങ്ങളെ അറിയുന്നവനായ ദൈവം, നമുക്കു നല്‍കിയപോലെ, പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് അവര്‍ക്കും സാക്ഷ്യം വഹിച്ചു. നമ്മളും അവരും തമ്മില്‍ അവന്‍ ഒരു വ്യത്യാസവും കല്പിച്ചിട്ടില്ല. അവരുടെ ഹൃദയങ്ങളെ വിശ്വാസത്താല്‍ അവന്‍ ശുദ്ധീകരിച്ചതേയുള്ളു. ആയതിനാല്‍, നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ ചുമക്കാന്‍ കഴിയാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ കഴുത്തില്‍വച്ച് നിങ്ങള്‍ എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു?'' (അപ്പോ. പ്രവ. 15 : 7-10) എന്നു പ്രഘോഷിച്ച പത്രോസിന്റെ പടവില്‍ ഈ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, യേശുവിന്റെ പേരില്‍ രക്തശുദ്ധിയുടെ മാളങ്ങള്‍ നിര്‍മ്മിക്കാമെന്ന് വ്യാമോഹിക്കുന്നത് ഒരു കടുത്ത കൈയല്ലേ?
ഫോണ്‍: 9447196214