ജോര്‍ജ് മൂലേച്ചാലില്‍
സത്യജ്വാല ജൂലൈ ലക്കത്തിലെ വളരെ ശ്രദ്ധാര്‍ഹമായ ഈ മുഖപ്രസംഗം ചില
സാങ്കേതികകാരണങ്ങളാല്‍ ഇപ്പോള്‍ മാത്രമാണ് പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത്.
(ആഗസ്റ്റ് ലക്കം ഡൗണ്‍ലോഡ് ചെയ്തു വായിക്കുന്നതിനുള്ള ലിങ്ക്
കഴിഞ്ഞപോസ്റ്റിലുണ്ട്.)
സീറോ-മലബാര്‍ സഭാസമൂഹത്തിനുമേല്‍ ഒരു വെള്ളിടിവെട്ടെന്നപോലെ, കേരളഹൈക്കോടതിയുടെ ഒരു വിധിവന്നിരിക്കുന്നു!
'സീറോ-മലബാര്‍ സഭാംഗങ്ങള്‍ക്ക്
കാനോന്‍ നിയമത്തിന്റെ ചട്ടങ്ങള്‍ ബാധകമാണെ'ന്നും, 'അതനുസരിച്ച്, സഭയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാക്കാര്യങ്ങളും
രൂപതാമെത്രാന്റെ നിയന്ത്രണത്തിലാണെ'ന്നും, 'പള്ളിക്കു ഭൂമിനല്‍കുകയും
പള്ളിപണിയുകയുംചെയ്ത സഭാംഗങ്ങള്‍ക്ക്,
ആ
വസ്തുവകകള്‍ തങ്ങളുള്‍പ്പെടുന്ന പബ്ലിക് ട്രസ്റ്റിന്റേതാണെന്നു വാദിക്കാന്‍
അവകാശമില്ലെ'ന്നും, 'പള്ളി കൂദാശചെയ്യുന്നതോടെ അതു സഭാധികാരികളുടേ(Church authorities)താകു'മെന്നും തീര്‍പ്പുകല്പിച്ച് 2016 മെയ് 23-നു
ബഹു. ജസ്റ്റീസ് പി.ബി. സുരേഷ്‌കുമാര്‍ കേരളാ ഹൈക്കോടതിയില്‍ നടത്തിയ വിധിയാണ്
ഇവിടെ ഉദ്ദേശിക്കുന്നത് (5-ാം പേജിലെ വാര്‍ത്ത കാണുക).
ഒന്നര നൂറ്റാണ്ടു പഴക്കമുള്ളതും തന്റെ പൂര്‍വ്വികരുടെ കുടുംബസ്വത്തായിരുന്നതുമായ
എഴുപുന്ന സെന്റ് റാഫേല്‍സ് പള്ളി പൊളിച്ചുപണിയാന്‍ സഭാധികാരികള്‍ പദ്ധതിയിട്ട
സന്ദര്‍ഭത്തില്‍, പള്ളിയുടെ
ഭരണത്തിന് തന്റെ കുടുംബത്തില്‍നിന്നുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയുള്ള ട്രസ്റ്റ്
സംവിധാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഒരു സ്യൂട്ട് ഫയല്‍ ചെയ്യാനുള്ള
അനുമതിക്കായി എഴുപുന്ന പാറായില്‍ ശ്രീ ലാലന്‍ തരകനും ഇടവകക്കാരുംചേര്‍ന്ന് ആലപ്പുഴ
ജില്ലാക്കോടതിയെ സമീപിക്കുകയും കോടതി അതിന് അനുമതിനല്‍കുകയും ചെയ്തിരുന്നു.
അതിനെതിരെ, സീറോ-മലബാര്‍സഭയുടെ
മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി രൂപതയുടെ വികാരി ജനറാളും ഇടവകവികാരിയും
ചേര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിവിഷന്‍ പെറ്റീഷനിലാണ് ഈ
വിധിയുണ്ടായിരിക്കുന്നത്.
ഈ കോടതിവിധി കേരളകത്തോലിക്കാസമൂഹത്തെ സംബന്ധിച്ച് അങ്ങേയറ്റം
നിരാശാജനകമാണെന്നു കാണാതിരിക്കാനാവില്ല. കുടുംബപശ്ചാത്തലമുള്ള എഴുപുന്ന പള്ളിയുടെ
പ്രത്യേക സാഹചര്യത്തില്‍,
അതിനുടമസ്ഥരായിരുന്ന കുടുംബത്തിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ട്രസ്റ്റും
ഭരണസമിതിയുമുണ്ടാക്കണമെന്ന പരാതിക്കാരുടെ ആവശ്യം മാത്രമല്ല ഈ വിധി
തള്ളിക്കളഞ്ഞിരിക്കുന്നത്; സീറോ-മലബാര്‍
സഭയില്‍ ട്രസ്റ്റ് എന്ന, അധികാരമുള്ള
പള്ളിയോഗമെന്ന, സങ്കല്പത്തെത്തന്നെ
നിരാകരിച്ചിരിക്കുകയാണ്. കേരളസഭയുടെ പൂര്‍വ്വപാരമ്പര്യമായ 'തോമായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) എന്ന
പള്ളിയോഗസഭാഭരണസമ്പ്രദായത്തെക്കുറിച്ചോ,
അതിന്റെ
വീണ്ടെടുപ്പിനായി സഭാസമൂഹം നടത്തിയ കഠിനപരിശ്രമത്തിനൊടുവില്‍ ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ
നേതൃത്വത്തില്‍ നിയമപരിഷ്‌ക്കരണകമ്മീഷന്‍ കേരളഗവണ്‍മെന്റിനു ശിപാര്‍ശചെയ്തിട്ടുള്ള
'ചര്‍ച്ച് ആക്ടി'(Kerala Christian Church Properties &
Institutions Trust Bill-2009)നെക്കുറിച്ചോ മിണ്ടാനാകാത്ത അവസ്ഥ
സംജാതമായിരിക്കുന്നു!
കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന്
വിധിപ്പകര്‍പ്പിലൂടെ കടന്നുപോയാല്‍ കാണാവുന്നതാണ്. അതില്‍നിന്നുള്ള
പ്രസക്തഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു:
''...സീറോ-മലബാര്‍ സഭ
റോമന്‍ കത്തോലിക്കാസഭയില്‍പ്പെട്ട ഒരു സഭയാണെന്നകാര്യത്തില്‍ തര്‍ക്കത്തിനവകാശമില്ല.
പരാതിക്കാര്‍ അവരുടെ ആദ്യപരാതിയില്‍(original
petition)ത്തന്നെ തങ്ങള്‍ സീറോ-മലബാര്‍ സഭയില്‍പ്പെട്ടവരാണെന്നും, സീറോ-മലബാര്‍ സഭ റോമന്‍ കത്തോലിക്കാസഭയില്‍പ്പെട്ടതാണെന്നും
സമ്മതിച്ചിട്ടുമുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, തങ്ങള്‍ റോമന്‍ കത്തോലിക്കാവിശ്വാസം
പിന്തുടരുന്നവരാണെന്ന് പരാതിക്കാര്‍ സമ്മതിക്കുന്നു... ഈ സാഹചര്യത്തില്‍, അവര്‍ കാനോന്‍നിയമമെന്ന ആ സഭയുടെ ചട്ടങ്ങള്‍ക്കു
കീഴിലാണെന്നു തെളിയുന്നു. കാനോന്‍ നിയമപ്രകാരം സഭയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ
കാര്യങ്ങളുടെ ഭരണാധികാരി ബിഷപ്പാണ്.... ഈ നിയമമനുസരിച്ച്, ഒരു റോമന്‍ കത്തോലിക്കാപള്ളി കൂദാശചെയ്യപ്പെടുന്നതോടുകൂടി, അതിന്റെ നിര്‍മ്മാണത്തില്‍ ഏതെങ്കിലും ഒരു
വിശ്വാസിയോ കൂടുതല്‍ വിശ്വാസികളോ പങ്കാളിത്തംവഹിച്ചിട്ടുണ്ട് എന്നതു
വസ്തുതയാണെങ്കില്‍ത്തന്നെ, പള്ളി
സഭാധികാരികളുടേതായിത്തീരുന്നു....''
(ഖണ്ഡിക
13-ല്‍നിന്ന് - സ്വന്തം തര്‍ജ്ജമ). ഈ വാദഗതിയിലൂന്നിയാണ്, അതായത് കേരളത്തിലെ സീറോ-മലബാര്‍
സഭാസമൂഹത്തിന്റെയോ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയോ യാതൊരു പ്രാതിനിധ്യവുമില്ലാതെ
വത്തിക്കാനില്‍ ക്രോഡീകരിക്കപ്പെട്ടതും ഇന്ത്യന്‍ ഭരണഘടനയുടെ അംഗീകാരത്തിനു
വിധേയമാക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു മതനിയമത്തിന്റെ അടിസ്ഥാനത്തിലാണ്, കേരളഹൈക്കോടതിയില്‍ ഇപ്രകാരമൊരു
വിധിയുണ്ടായിരിക്കുന്നത്!
ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ഇന്ത്യയുടെ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കുമല്ലാതെ
മറ്റൊരു പരമാധികാരരാഷ്ട്രമായ വത്തിക്കാന്റെ മതനിയമത്തിന് എന്തു
നിയമസാധുതയാണുള്ളതെന്ന മര്‍മ്മപ്രധാനമായ ചോദ്യമുന്നയിക്കുന്നതില്‍, എഴുപുന്ന ഇടവകക്കാര്‍ക്കുവേണ്ടി കേസു
വാദിക്കാന്‍ നിയുക്തമായ അഭിഭാഷകര്‍ പരാജയപ്പെട്ടു എന്നു തോന്നുന്നു. ഓരോ കേസിലും
ഇന്ത്യന്‍ ഭരണഘടനയ്ക്കനുസൃതമായി നിയമവ്യാഖ്യാനം നടത്തേണ്ട ജഡ്ജി മറ്റൊരു
രാഷ്ട്രത്തിന്റെ നിയമങ്ങളെ ആധാരമാക്കി വിധിനിര്‍ണ്ണയം നടത്തിയത് എത്രമാത്രം ശരിയാണെന്നും
ഇവിടെ സംശയിച്ചുപോകുന്നു.
സ്വാതന്ത്ര്യലബ്ധിക്കുമുമ്പ്,
തങ്ങളുടെ
അധികാരത്തുടര്‍ച്ചയ്ക്കുവേണ്ടി വെള്ളക്കാര്‍ പറയുന്നതെന്തും ചെയ്തുകൊടുത്ത് അവര്‍ക്കു
പാദസേവ ചെയ്തിരുന്ന ചില നാട്ടുരാജാക്കന്മാരെപ്പോലെ, തങ്ങളുടെ അധികാരസിംഹാസനങ്ങളുടെ കാലുകളുറപ്പിക്കാന്‍ വത്തിക്കാനിലെ
ഭരണസിരാകേന്ദ്രങ്ങളായ 'കൂരിയാ'കളുടെ കാലുതിരുമ്മുന്നവരായിരിക്കുന്നു, സീറോ-മലബാര്‍ മെത്രാന്മാര്‍. യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ ഒരു സഭയുടെയുംമേല്‍
അധികാരമില്ലാത്ത വത്തിക്കാനിലെ പൗരസ്ത്യസംഘത്തിന്റെ കൈകളിലേക്ക് ഈ സഭയെ
വച്ചുകൊടുത്തവരാണവര്‍. ഇവരില്‍നിന്ന് ഒരു നന്മയും വിശ്വാസിസമൂഹം
പ്രതീക്ഷിക്കേണ്ടതില്ല. വിശ്വാസിസമൂഹത്തിന്റെ ശതകോടിക്കണക്കിനുള്ള ആസ്തിയും നേര്‍ച്ചപ്പണവുമുപയോഗിച്ച്, അതേ വിശ്വാസികള്‍ക്കെതിരെ കേസുനടത്താന്‍മാത്രം
അധാര്‍മ്മികത കൈമുതലാക്കിയവരാണവര്‍. സുപ്രീംകോടതിക്കപ്പുറത്തു കോടതികളുണ്ടെങ്കില്‍
അവരവിടെയും വിശ്വാസികള്‍ക്കെതിരെ നീങ്ങാന്‍ മടിക്കില്ല. വിശ്വാസികള്‍ക്കനുകൂലമായി
എന്തു വിധിയുണ്ടായാലും ഉടന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍കൊടുക്കുകയെന്ന കീഴ്‌വഴക്കമാണവര്‍
തുടര്‍ന്നുപോരുന്നത്.
എന്നാല്‍, അത്തരം ഒരു
കേസില്‍മാത്രം മെത്രാന്മാര്‍ അപ്പീല്‍ കൊടുക്കുകയുണ്ടായില്ല എന്ന കാര്യം
ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്. പൗരസ്ത്യ കാനോന്‍നിയമത്തെയും
അതിന്റെ അടിസ്ഥാനത്തില്‍ സീറോ-മലബാര്‍ സഭാധികാരം രൂപംകൊടുത്ത
പള്ളിയോഗനടപടിക്രമങ്ങളെയും, ഇന്ത്യന്‍ഭരണഘടനാതത്വങ്ങളുടെ
അടിസ്ഥാനത്തില്‍ ചോദ്യംചെയ്ത്, 1998-ല്‍ 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷ'നെ പ്രതിനിധീകരിച്ച് അതിന്റെ ജന.സെക്രട്ടറി
ശ്രീ എം.എല്‍. ജോര്‍ജ് കോഴിക്കോട് സിവില്‍ക്കോടതിയില്‍ നല്‍കിയ കേസിന്റെ (OS No. 184/1998) കാര്യമാണ്
ഇവിടെ ഉദ്ദേശിക്കുന്നത്. ഈ കേസിലും പതിവുപോലെ, സഭയെ പ്രതിനിധീകരിക്കാന്‍ സഭാംഗങ്ങള്‍ക്കോ അവരുടെ സംഘടനകള്‍ക്കോ
അവകാശമില്ലെന്ന നിലപാടില്‍ മെത്രാന്മാര്‍ ഉറച്ചുനിന്നു. എന്നാല്‍, വിശ്വാസികള്‍ക്കും സംഘടനകള്‍ക്കും സഭയെ
പ്രതിനിധീകരിക്കാനുള്ള അവകാശം (representative
capacity) ഉണ്ടെന്നായിരുന്നു വിധി. വിദേശകാനോന്‍നിയമത്തിന്റെ ഇന്ത്യയിലെ സാധുത
ചോദ്യംചെയ്തുകൊടുത്ത കേസിലെ ഈ അനുകൂലവിധി,
ഫലത്തില്‍, കാനോന്‍നിയമത്തിന്റെ ഇന്ത്യയിലെ
നിയമസാധുതയ്‌ക്കെതിരായുള്ള വിധി കൂടിയായിരുന്നുവെന്നു പറയാം. ഇതിനെതിരെ
മുന്നോട്ടുപോയാല്‍, ഇന്ത്യയില്‍
കാനോന്‍നിയമങ്ങള്‍ക്കു സാധുതയില്ലെന്നു വ്യക്തമാക്കി വിധിയുണ്ടായേക്കുമെന്നു
ഭയന്നിട്ടാണ്, മെത്രാന്മാര്‍
അപ്പീല്‍ക്കോടതിയെ സമീപിക്കാഞ്ഞത് എന്നാണു കരുതപ്പെടുന്നത്. മൗനംപാലിച്ചു
പതുങ്ങിക്കിടക്കുകയായിരുന്ന അവര്‍ എഴുപുന്ന ഇടവകവിഷയത്തില്‍ ഉണര്‍ന്നെണീറ്റു
പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍. ഹൈക്കോടതി വിധിയായതിനാല്‍, 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' സഭാസമൂഹത്തിനുവേണ്ടി നേടിയെടുത്ത
അനുകൂലവിധിയും വെള്ളത്തിലായിരിക്കുകയാണിപ്പോള്‍.
എഴുപുന്ന പള്ളിക്കേസില്‍, കാനോന്‍നിയമത്തെ
'ഭരണഘടനാനുസൃത'മാക്കാന്‍ ബഹു. ജഡ്ജി ശ്രമിച്ചിട്ടുണ്ട്
എന്ന കാര്യം മറക്കുന്നില്ല. 'ഇന്ത്യയിലെ
ക്രൈസ്തവനിയമ'(Christian Law in
India)ത്തെക്കുറിച്ച് ഇ.ഡി.ദേവദാസന്‍ (E.D.
Devadason) എഴുതിയ ഗ്രന്ഥത്തിലെ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശ്രമം
നടത്തിയിട്ടുള്ളതെന്നു വിധിന്യായത്തില്‍ കാണാം. കാനോന്‍നിയമത്തില്‍ വത്തിക്കാന്‍
കൂരിയായ്‌ക്കോ ജനറല്‍ അസംബ്ലിക്കോ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനാകുമെന്നതിനാല്‍
അതിനെ ഇന്ത്യയിലെ ക്രൈസ്തവരുടെ 'പരമ്പരാഗതനിയമ'(customary law)മായി കാണാനാവില്ലെന്നും, എന്നാല്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അതിലെ
ചട്ടങ്ങളെ സന്നദ്ധസംഘടനകളുടെ ചട്ടങ്ങളുടെ രീതിയില്‍ പരിഗണിക്കാനാവുമെന്നുമാണ്
അദ്ദേഹത്തിന്റെ നിരീക്ഷണം. ക്ലബ്ബുകളുടെ ചട്ടങ്ങളുമായാണ് അദ്ദേഹം കാനോന്‍നിയമചട്ടങ്ങളെ
ഉപമിക്കുന്നത്. അദ്ദേഹം എഴുതുന്നു: ''ഒരു വ്യക്തി ഒരു
ക്ലബ്ബിന്റെ അംഗമായി തുടരുന്നിടത്തോളംകാലം അയാള്‍ അതിന്റെ ചട്ടങ്ങള്‍ക്കും
കാലാകാലങ്ങളില്‍ അതില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും വിധേയനാണ്. ക്ലബ്ബിലെ
അംഗങ്ങള്‍തമ്മിലും അംഗങ്ങളും ക്ലബ്ബുംതമ്മിലുമുള്ള ഇടപാടുകളില്‍ ഈ ചട്ടങ്ങള്‍ക്കു പ്രാബല്യമുണ്ട്.
വാസ്തവത്തില്‍, ക്ലബ്ബിന്റെ
ചട്ടങ്ങള്‍ക്ക്, ഓരോ അംഗവും
ക്ലബ്ബുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടാലെന്നപോലത്തെ പ്രാബല്യമാണുള്ളത്. അപ്രകാരം
ഓരോ അംഗവും, ക്ലബ്ബംഗത്വത്തിനുവേണ്ടി, അതുമായി ഒരു കരാര്‍വ്യവസ്ഥയിലേര്‍പ്പെട്ട്
അതിന്റെ ചട്ടങ്ങള്‍ അംഗീകരിക്കുകയാണ്. അതേപോലെ, ഒരാള്‍ ഒരു സഭയുടെ അംഗത്വം സ്വീകരിക്കുന്നതോടെ ആ സഭയുമായി
ഒരു കരാറിലേര്‍പ്പെട്ടാലെന്നപോലെ അതിന്റെ ചട്ടങ്ങള്‍ക്കും ചിട്ടകള്‍ക്കും (rules and regulations) അയാള്‍ വിധേയനാകുന്നു.
കാരണം, ആ കരാര്‍വ്യവസ്ഥയിലൂടെമാത്രമാണ്
അയാള്‍ക്കു സഭാംഗത്വം ലഭ്യമാകുന്നത്''
(ഖണ്ഡിക
13-ല്‍ കൊടുത്തിരിക്കുന്ന റഫറന്‍സില്‍ നിന്ന് - തര്‍ജ്ജമ സ്വന്തം).
ഇ.ഡി. ദേവദാസന്റെ ഈ അഭിപ്രായപ്രകടനത്തെ ഇന്ത്യന്‍ നിയമവ്യവസ്ഥ
സ്വീകരിച്ചംഗീകരിച്ചിട്ടുള്ളതായി വിധിന്യായത്തില്‍ പറഞ്ഞിട്ടില്ല. അതിനു
സാധ്യതയുമില്ല. വിദേശത്ത് ആസ്ഥാനമുള്ളതും അവിടെവച്ചു ചട്ടങ്ങള്‍ക്കു
രൂപംകൊടുക്കുന്നതുമായ ഒരു വിദേശക്ലബ്ബിന് മറ്റു രാജ്യങ്ങളില്‍ അതിന്റെ യൂണിറ്റുകള്‍
സ്ഥാപിച്ച് ആ രാജ്യങ്ങളിലെ വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ ഉടമസ്ഥതയും
ഭരണാധികാരവും കൈയാളാന്‍ ഏതെങ്കിലും ഒരു രാജ്യം അനുവദിക്കുമോ? ഏതെങ്കിലുമൊരു വിദേശ ക്ലബ്ബിന് ഇന്ത്യയിലെ
പൗരന്മാരെയും അവരുടെ സ്വത്തുവകകളെയും അതിന്റെ അധികാരഭരണത്തിന്‍കീഴിലാക്കാനുള്ള
അവകാശം ഇന്ത്യ നല്‍കിയിട്ടുണ്ടോ?
അങ്ങനെയൊരു
വിദേശഭരണത്തിനുള്ള പഴുത് ഇന്ത്യന്‍ ഭരണഘടനയിലുണ്ടോ? ഉണ്ടാകാനിടയില്ലതന്നെ. അപ്പോള്‍, റോമന്‍ കത്തോലിക്കാമതത്തിന്റെ ആസ്ഥാനവും
മറ്റൊരു സ്വതന്ത്രപരമാധികാരരാഷ്ട്രവുമായ വത്തിക്കാന്‍ രൂപംകൊടുത്ത ഒരു
മതനിയമത്തിലെ ചട്ടങ്ങളെയും ഭരണവ്യവസ്ഥയെയും വെറുമൊരു ക്ലബ്ബിന്റെ ചട്ടങ്ങളുമായി
സാദൃശ്യപ്പെടുത്താനാവില്ല എന്നുവരുന്നു. അല്ലെങ്കില്‍തന്നെ, കത്തോലിക്കാസഭ പഞിപ്പിക്കുന്നതുപ്രകാരം
ഒരാള്‍ക്കു സഭാംഗത്വം ലഭിക്കുന്നത് മാമ്മോദീസാവഴിയാണ്; അല്ലാതെ, ഏതെങ്കിലും കരാര്‍പ്രകാരമല്ല. ഇതൊന്നും
ചൂണ്ടിക്കാണിക്കുവാന്‍ ഇടവകക്കാരുടെ അഭിഭാഷകര്‍ക്ക് കഴിയാതെപോയി എന്നുവേണം കരുതാന്‍.
കാനോന്‍ നിയമപ്രകാരമുള്ള പള്ളികളുടെ ഭൗതികഭരണത്തെ, ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള
വത്തിക്കാന്റെ കടന്നുകയറ്റമായി കാണേണ്ടതുണ്ട്. വത്തിക്കാന്‍ രാഷ്ട്രം ഇന്ത്യയിലെ
കത്തോലിക്കാപള്ളികളെയും വസ്തുവകകളെയും സ്ഥാപനങ്ങളെയും, അവയുടെ യഥാര്‍ത്ഥ ഉടമകളും അവകാശികളുമായ
വിശ്വാസിസമൂഹത്തെ കാനോന്‍നിയമമെന്ന
മതനിയമംകൊണ്ടു നിശ്ശബ്ദരും അടിമകളുമാക്കി, കൈയേറുന്ന ഭരണഘടനാവിരുദ്ധമായ ഒരു പ്രക്രിയയാണിന്നു
നടന്നുവരുന്നതെന്ന്, ഭരണഘടനയെ
സംരക്ഷിക്കാന്‍ കടപ്പെട്ട ഇന്ത്യയിലെ നീതിന്യായക്കോടതികളും ഗവണ്‍മെന്റുകളും
രാഷ്ട്രീയപാര്‍ട്ടികളും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതു സ്വമേധയാ
മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അവ തയ്യാറാകാത്ത സാഹചര്യം തുടരുകയാണെങ്കില്‍, ഇക്കാര്യം ഈ എല്ലാ വിഭാഗത്തിലുള്ളവരെയും
ബോധ്യപ്പെടുത്താനാവശ്യമായ നിയമപരമായ നീക്കങ്ങള്‍ക്ക് എത്ര ത്യാഗംസഹിച്ചും
വിശ്വാസിസമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.
ഈ ദിശയില്‍ ആദ്യം ചെയ്യേണ്ടത്,
എഴുപുന്ന
പള്ളിക്കേസിലുണ്ടായിരിക്കുന്ന വിധി തിരുത്തിക്കിട്ടാന്‍ സുപ്രീം കോടതിയെ
സമീപിക്കുകയാണ്. കാനോന്‍ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുള്ള
നിയമനീക്കങ്ങള്‍ക്കും ഇനി അമാന്തിച്ചു കൂടാ. 'ചര്‍ച്ച് ആക്ട്'
നടപ്പാക്കിക്കിട്ടുവാനുള്ള
പ്രക്ഷോഭണവും വൈകാതെ പുനരാരംഭിക്കേണ്ടിയിരിക്കുന്നു...
ഇതെല്ലാം കാര്യക്ഷമായി മുന്നോട്ടു നീക്കണമെങ്കില്‍, ലോകമെമ്പാടുമുള്ള കേരളകത്തോലിക്കര്‍
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഉണരുകയും ഈ ലക്ഷ്യങ്ങള്‍ക്കായി ഒരുമിക്കുകയും
ചെയ്യേണ്ടതുണ്ട്; ആളും അര്‍ത്ഥവും
കണ്ടെത്തേണ്ടതുണ്ട്; കഴിവും
കാഴ്ചപ്പാടും ധീരതയും ത്യാഗസന്നദ്ധതയും സഭാസ്‌നേഹവുമുള്ള ഒരു നേതൃന്നിരയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുമുണ്ട്.
ഏതൊരു ക്രൈസ്തവസഭയുടെയും നിയമനിര്‍മ്മാണം, യേശുവിന്റെ കല്പനപ്രകാരം മനുഷ്യനുവേണ്ടി
ആയിരിക്കേണ്ടതുണ്ട്. മനുഷ്യരെ മാറ്റിനിര്‍ത്തി, അവരെ ചൂഷണംചെയ്യാനും ഭരിക്കാനും ഉദ്ദേശിച്ചു നടത്തുന്ന ഒരു
നിയമനിര്‍മ്മാണവും ക്രിസ്തീയമല്ല. തന്റെ ശിഷ്യര്‍ അധികാരം ഭരിക്കുന്നവരായിരിക്കരുതെന്ന
അവിടുത്തെ കല്പന (മര്‍ക്കോ. 10:42-45)യുടെ നഗ്നമായ ലംഘനവും എതിര്‍സാക്ഷ്യവുമാണ്, സഭയുടെമേല്‍ സമഗ്രാധിപത്യം
ഉറപ്പിച്ചെടുക്കാനും സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ലക്ഷ്യമിട്ടുള്ള കാനോന്‍നിയമവകുപ്പുകള്‍.
മറുവഴിയിലൂടെ അകത്തുകടക്കുന്ന കള്ളയിടയന്‍മാര്‍ക്കുമാത്രമേ (യോഹ. 10:1) അത്തരം
നിയമങ്ങള്‍ നിര്‍മ്മിക്കാനാവൂ. അതുകൊണ്ടുതന്നെ അത്തരം വകുപ്പുകള്‍
റദ്ദുചെയ്യണമെന്ന് മാര്‍പ്പാപ്പായോടും സീറോ-മലബാര്‍ മെത്രാന്മാരോടും
ആവശ്യപ്പെടാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു.
- എഡിറ്റര്‍
No comments:
Post a Comment