Translate

Sunday, August 21, 2016

ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് ഒരു തുറന്ന കത്ത്


അല്‍മായ ഫോറം, അതിരമ്പുഴ
മാന്നാനത്ത് അപ്രതീക്ഷിതമായി നടന്ന ഒരു 'പാസ്റ്ററല്‍ സെന്ററിന്റെ' ഉദ്ഘാടനവും അവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഇടവകയുമാണ് ഈ കത്തെഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. 

പള്ളിയും അനുബന്ധസ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിനുവേണ്ടി രണ്ടരകോടി രൂപയുടെ വസ്തു വാങ്ങിക്കഴിഞ്ഞു. പള്ളിക്കെട്ടിടത്തിനുവേണ്ടി വിശ്വാസികളില്‍നിന്ന് പിരിവ് നടത്തിക്കൊണ്ടിരിക്കുന്നു. മാന്നാനത്തുള്ള സെന്റ് മേരീസ്, സെന്റ് ജോസഫ് കൂട്ടായ്മകളും മാന്നാനം ഇടവകയുടെ അതിര്‍ത്തിയില്‍ വരുമെന്ന് പള്ളിയില്‍ നിന്നു 'കല്‍പന'യുണ്ടായി. അതിരമ്പുഴ പള്ളിവികാരി സിറിയക്കച്ചനും, മാന്നാനം ഇടവകാധികാരി ജോര്‍ജച്ചനും തങ്ങള്‍ പെരുന്തോട്ടം പിതാവിന്റെ ഇഷ്ടം നിറവേറ്റുകമാത്രമാണു ചെയ്തതെന്നാണ് അറിയിച്ചത്.
ഒരു ജനാധിപത്യസംസ്‌കാരത്തില്‍ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഏതു പ്രസ്ഥാനത്തിന്റെയും പ്രധാന ഉത്തരവാദിത്വമാണ്. കുടുംബകൂട്ടായ്മകളോട് ആലോചിക്കാതെ മെത്രാനും അച്ചന്മാരും അവരുടെ പിണിയാളുകളുംചേര്‍ന്ന് പുറപ്പെടുവിക്കുന്ന ഇത്തരം 'കല്പനകള്‍21-ാം നൂറ്റാണ്ടിലെ  ജനാധിപത്യ ഇന്ത്യയ്ക്കു യോജിച്ചതല്ല. സെന്റ് ജോസഫ്, സെന്റ് മേരീസ് കൂട്ടായ്മകളിലെ ഏകദേശം എല്ലാ കുടുംബങ്ങളുടെയും കൈയൊപ്പുള്ള ഒരു പരാതി, ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ്  ബഹു. ജോസഫ് പെരുന്തോട്ടത്തിനു ഞങ്ങള്‍ സമര്‍പ്പിച്ചെങ്കിലും, 'നിങ്ങളുടെ നന്മയ്ക്കും ആത്മീയാനുഭവത്തിനും ഉത്തേജനമാകുന്ന ഈ ഇടവകയോടു സഹകരിക്കണം' എന്ന സന്ദേശമാണ് ഞങ്ങള്‍ക്കു കിട്ടിയത്. ജനാധിപത്യത്തിന്റെ എല്ലാ പരിരക്ഷകളും ആവോളം അനുഭവിക്കുന്ന ഒരു പുരോഹിതന്‍ അഭിപ്രായപ്പെട്ടത്, സഭയില്‍ പുരോഹിതഭരണമാണെന്നും, ജനാധിപത്യചിന്തയ്ക്കു സ്ഥാനമില്ലെന്നുമാണ്!
ചുരുക്കത്തില്‍, അതിരമ്പുഴ പള്ളിയുടെ ബഹു. വികാരി സിറിയക്കച്ചന്‍ പറഞ്ഞത്, നമ്മള്‍ ആഗ്രഹിക്കാത്തതും നമ്മള്‍ക്കാവശ്യമില്ലാത്തതും നമ്മള്‍ ഒരു കാലത്തും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്തതുമായ ഒരു പള്ളി മാന്നാനത്ത് നമ്മള്‍ ക്കുവേണ്ടി, നമ്മുടെ പണം പിടിച്ചുവാങ്ങി നിര്‍മ്മിക്കുവാന്‍ ആര്‍ച്ചുബിഷപ്പ് പെരുന്തോട്ടം തിരുമനസ്സായിരിക്കുന്നുവെന്നാണ്. ഭീകരത നിറഞ്ഞുനില്‍ക്കുന്ന ആഫ്രിക്കയിലെ ഏകാധിപത്യരാജ്യങ്ങളില്‍പ്പോലും ഇത്തരം നിന്ദ്യമായ ചിന്തകള്‍ ഉദയംചെയ്യില്ല.
ഈ കഴിഞ്ഞ ദിവസങ്ങളിലും ഫ്രാന്‍സീസ് പാപ്പാ പുരോഹിത സ്വേച്ഛാധിപത്യത്തിനെതിരെ വാളെടുത്തു. പൗരോഹിത്യം സ്വീകരിക്കുന്നതിനുമുന്‍പ് എല്ലാവരും അല്‍മായരായിരുന്നെന്നും അല്‍മായരാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ പടയാളികളെന്നും, അവരുടെ സേവനമായിരിക്കണം പുരോഹിതശ്രേണികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അല്‍മായരുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന പുരോഹിതസ്വേച്ഛാധിപത്യമാണ്, സഭ ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്നദ്ദേഹം പുരോഹിതരെ ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ കൈവശം എല്ലാത്തിനും പ്രതിവിധികളുണ്ടെന്നും, ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കേണ്ടത് തങ്ങളാണെന്നുമുള്ള ചിന്ത പുരോഹിതര്‍ വെടിയുമ്പോള്‍ അല്‍മായരുടെ സാമൂഹികബോധവും നീതിദര്‍ശനവും പുരോഹിതര്‍ക്കു സ്വയം ബോദ്ധ്യപ്പെടും. അല്‍മായരുടെ അവകാശങ്ങളെപ്പറ്റി അര്‍ത്ഥശങ്കയില്ലാതെ എത്രയോ ഉപദേശങ്ങള്‍ ദിവസംതോറും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തേ, അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള ഉള്‍ക്കാഴ്ച നിങ്ങള്‍ക്കില്ലാതെ പോയി?
മാന്നാനത്ത് പുതിയ ഒരു ഇടവക സ്ഥാപിക്കുന്നതിനു കാരണമായി പറയുന്നത്, മാന്നാനത്തെ വിശ്വാസികള്‍ക്ക്
ആത്മീയ പോഷണം ശരിക്കും ലഭിക്കുന്നില്ല എന്നതാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഉദ്ഘാടനാഘോഷങ്ങളും വെടിഞ്ഞ് പുരോഹിതര്‍ ആത്മീയതയില്‍ നിവസിക്കുമ്പോള്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ. ഫൊറോന  ഇടവകകളായ അതിരമ്പുഴയിലെയും കുടമാളൂരെയും മാന്നാനത്ത് വസിക്കുന്ന വിശ്വാസികള്‍ ചെറിയ ഇടവകകളായ മുടിയൂര്‍ക്കരയിലേക്കോ, വില്ലൂന്നിയിലേക്കോ ചേരുമ്പോള്‍ പരിഹരിക്കപ്പെടാവുന്ന ആത്മീയപോഷണക്കുറവേ ഈ സമൂഹത്തിനുള്ളൂ. അതുകൊണ്ടുതന്നെ, ഒരു സമൂഹത്തിന്റെ വലിയ സമ്പത്ത് ധൂര്‍ത്തടിക്കുവാന്‍ ഉദ്ദേശിക്കുന്ന മാന്നാനം ഇടവക ഉപേക്ഷിക്കുകയാണു വേണ്ടത്.
ഫ്രാന്‍സീസ് പാപ്പായുടെ ചാക്രികലേഖനം, ഈ പ്രപഞ്ചത്തിലെ ഏക വാസഗ്രഹമായ ഭൂമിയെ ദൈവഹിതമനുസരിച്ച്, മനുഷ്യര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കുംവേണ്ടി സംരക്ഷിക്കുവാന്‍ ബാധ്യതയുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍, കാലാവസ്ഥാവ്യതിയാനങ്ങളിലും മാനുഷിക ഇടപെടലുകളിലും ഉലയുന്ന നമ്മുടെ ഈ വാസഗ്രഹത്തിനും കരുണ ആവശ്യമുണ്ടെന്ന് ഓര്‍മ്മിക്കുക. കോടികള്‍ മുടക്കിയുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ജനസാന്ദ്രത വളരെ കൂടുതലുള്ള മാന്നാനത്തിന് ശാപമായിത്തീരും. ഇടപ്പള്ളിപള്ളിയുടെ നിര്‍മ്മാണത്തില്‍ ലജ്ജിതനായ ആലഞ്ചേരിപിതാവ്, കൂടുതല്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതില്‍നിന്നു സഭാധികാരികളെ വിലക്കിയിരുന്നു. പക്ഷേ, ചങ്ങനാശ്ശേരി അതിരൂപത ഒരു കൂസലുംകൂടാതെ ഒരു സമൂഹത്തിന്റെ സമ്പത്ത് ധൂര്‍ത്തടിക്കുകയും, ചുറ്റുപാടും പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. റബ്ബറിന്റെ വിലയിടിവും, ക്രൂഡ് ഓയിലിന്റെ തകര്‍ച്ചമൂലമുണ്ടായ  തൊഴിലില്ലായ്മയും ക്രിസ്തീയസമൂഹത്തിന്റെ സാമ്പത്തികഭദ്രത തകര്‍ത്തു. വീണ്ടും പള്ളികളുണ്ടാക്കി കൂടുതല്‍ ദുരിതങ്ങള്‍ ഞങ്ങള്‍ക്കു സമ്മാനിക്കേണ്ടതില്ല എന്ന് ഞങ്ങള്‍ അങ്ങയെ ഓര്‍മ്മിപ്പിക്കുന്നു.
സ്വന്തം കടമകള്‍ മറന്ന് ബിഷപ്പിന്റെ താല്പര്യങ്ങള്‍  ഇടവകജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന വൈദികര്‍ ഇടവകകളില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇന്നത്തെ വൈദികരുടെ കണ്ണുകളിലും ചേഷ്ടകളിലും തെളിഞ്ഞു കാണുന്ന മെത്രാന്‍ഭക്തി എന്ന വികാരം വിശ്വാസികളെ പേടിപ്പെടുത്തുന്നു. ഫ്രാന്‍സീസ്പാപ്പാ പറഞ്ഞ 21-ാം നൂറ്റാണ്ടിന്റെ ആത്മീയതയില്‍  ഇവര്‍ക്ക് വിശ്വാസമില്ല.  ഇവര്‍ ഇന്നുകളെ നശിപ്പിച്ച് ഇരുണ്ടയുഗത്തിലേക്കുള്ള പ്രയാണം ലക്ഷ്യംവയ്ക്കുന്നു. ഇവടകജനത്തെ മറന്ന് ജീവിക്കുന്ന ഇവരെല്ലാം ചിന്താദാരിദ്ര്യമുള്ള പുരോഹിതരോ, ജീവിക്കുന്ന ശവങ്ങളോ ആയി മാറിയിരിക്കുന്നു.
കരുണയുടെ ഈ വര്‍ഷത്തില്‍ സഭാനേതൃത്വത്തിന്, സാമൂഹികപ്രതിബദ്ധതയും അതുള്‍ക്കൊള്ളുന്ന സന്ദേശവും എന്താണെന്ന് വ്യക്തമായി അറിവുണ്ടായിരിക്കണം. സമൂഹത്തിന് ദോഷംവരുത്തുന്നതും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്നതുമായ നീതിനിഷേധവും കെടുകാര്യസ്ഥതയും നിരുത്തരവാദിത്വവും ഉപേക്ഷിക്കുമ്പോള്‍ സഭ സാമൂഹികപ്രതിബദ്ധതയുള്ളതാകും. കര്‍ത്താവിന്റെ സുവര്‍ണ്ണ നിയമമായ, മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടു പെരുമാറുക, എന്ന വചനത്തില്‍ നമുക്കുണ്ടാവേണ്ട സാമൂഹികപ്രതിബദ്ധതയും അടങ്ങിയിട്ടുണ്ട്. ഏതു ദിനപത്രത്തിലും നിങ്ങള്‍ക്കു വായിക്കാം, വേദനയിലും യാതനയിലും നിരാശ്രയത്വത്തിലും ജീവിക്കുന്ന അനേകമനേകം മനുഷ്യജന്മങ്ങളുടെ കഥകള്‍. കഷ്ടത അനുഭവിക്കുന്ന, രോഗപീഡകളാല്‍ വലയുന്ന, ദുഃഖിതരായ ഇവരോട് ഒരിറ്റു കരുണ കാണിക്കുവാന്‍  നിങ്ങള്‍ കൂട്ടാക്കാത്തതെന്തേ? ധാര്‍മ്മികതയും പ്രകൃതിസംരക്ഷണവും സാമ്പത്തിക അച്ചടക്കവും നിങ്ങളുടെ ഉത്തരവാദിത്വങ്ങളാണെന്ന് ചിന്തിക്കാത്തതെന്തേ? പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടിയും മനുഷ്യകുലത്തിന്റെ ഉന്നമനത്തിനുവേണ്ടിയും ഒരു നന്മയും നിങ്ങള്‍ക്ക് നല്‍കാനില്ലേ? 'പള്ളിപണി'യെന്ന നിരുത്തരവാദിത്വപ്രവണതയില്‍ നിന്നു പിന്മാറി, എന്തുകൊണ്ട് ആ പണം സ്‌നേഹവും നന്മയും നിറയുന്ന ഒരു സമൂഹം സൃഷ്ടിക്കുവാന്‍ ഉപയോഗിച്ചുകൂടാ? മനുഷ്യ രാശിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന, പ്രകൃതിയെ സംരക്ഷിക്കുന്ന, ഓരോ ജീവനിലും സ്‌നേഹസ്പര്‍ശമായി വളരുന്ന ഒരു സഭയാണ് ഇന്നിന്റെ ആവശ്യം  എന്നു നിങ്ങള്‍ എന്തേ മനസ്സിലാക്കുന്നില്ല?
കഴിവും ദിശാബോധവും വ്യക്തിത്വവും ഇല്ലാത്ത സിറിയക്കച്ചന് ഇടവകയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ പരിഹരിക്കുവാനോ കഴിവില്ല. വര്‍ഷങ്ങളായി ഓവര്‍ഡ്രാഫ്റ്റ് എടുത്തു പള്ളിഭരണം നടത്തുന്ന വികാരിയച്ചന്‍ മാന്നാനത്ത് സ്ഥലം വാങ്ങുവാന്‍ അതിരമ്പുഴ പള്ളി പണയപ്പെടുത്തി ഒന്നര കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്തു. അതിരമ്പുഴ പള്ളി ഇന്ന് എല്ലാ ദിവസവും 20000 രൂപയെങ്കിലും പലിശ ബാങ്കിനു 'കരുണ'യായി കൊടുത്തുകൊണ്ടിരിക്കുന്നു! ഇത്രമാത്രം സാമ്പത്തികബാധ്യത നമ്മുടെ പള്ളിക്കു വരുത്തിക്കൊണ്ടിരിക്കുന്ന സിറിയക്കച്ചന്‍ കരുണയുടെ പിച്ചപ്പാത്രം ഓരോ വീട്ടിലും സ്ഥാപിച്ചിരിക്കുന്നു. പള്ളിയുടെ 50-ാം ജന്മദിനം ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ ത്രിവര്‍ണ്ണത്തില്‍ ബ്രോഷര്‍ അച്ചടിച്ച് 1 ലക്ഷം രൂപയുടെയെങ്കിലും 'കരുണ' കാണിച്ചു. ഇങ്ങനെ എത്രയെത്ര കാരുണ്യപ്രവാഹങ്ങള്‍! മിഷന്‍പ്രവര്‍ത്തനങ്ങളിലാണ് താല്പര്യമെന്ന് അച്ചന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റി നല്ല ധാരണയുള്ള സിറിയക്കച്ചന് വടക്കുള്ള ഏതെങ്കിലും മിഷന്‍ ആയിരിക്കും അഭികാമ്യം. എന്തായാലും സിറിയക്കച്ചന്‍ അതിരമ്പുഴയുടെ തീരാക്കളങ്കമാണ്, മാറിയേ പറ്റൂ, മാറ്റിയേ പറ്റൂ.
ഞങ്ങളുടെ ആവശ്യം വ്യക്തവും സുദൃഢവുമാണ്. മാന്നാനത്ത്  ഒരു പുതിയ പള്ളി അനുവദിച്ചുകൂടാ. പള്ളിക്കുവേണ്ടി വാങ്ങിയ സ്ഥലം വിറ്റ ശേഷം, പള്ളി എടുത്തിരിക്കുന്ന ഓവര്‍ ഡ്രാഫ്റ്റ് എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കുക. പള്ളിക്കു നഷ്ടം വരുത്തുന്നവര്‍ക്ക് കാനന്‍ നിയമപ്രകാരം കൈക്കാരനായിരിക്കുവാന്‍ യോഗ്യതയില്ല. ഓവര്‍ഡ്രാഫ്റ്റ് എടുക്കുവാന്‍ സഹായിച്ച എല്ലാ കൈക്കാരന്മാരും കുറ്റക്കാരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. വികാരിയച്ചന്റെ നോമിനികളോ പണം കൊടുത്ത് അധികാരത്തിലെത്തിയവരോ ആയ ഇപ്പോഴുള്ള എല്ലാ കൈക്കാരന്മാരും സ്വയം രാജിവച്ച് ഒഴിയുകയോ, അല്ലാത്തപക്ഷം പിരിച്ചുവിടുകയോ ചെയ്യുക. ധാര്‍മ്മികതയും നീതിബോധവും ഉള്ളവരെ പുതിയ കൈക്കാരന്മാരായി പൊതുയോഗം  തിരഞ്ഞെടുക്കട്ടെ. പള്ളിയുടെ സമ്പത്ത് ബിഷപ്പിന്റെപേരില്‍ രജിസ്റ്റര്‍ ചെയ്തതും നിയമലംഘനംതന്നെയാണ്.
വിശ്വാസിസമൂഹത്തെയും ഞങ്ങള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ. ജീവിതദര്‍ശനങ്ങളെ അന്ധതയിലേക്കു നയിക്കുന്നത് പുരോഹിതരല്ല; മറിച്ച്, ഈ കപടളോഹധാരികളെ അന്ധമായി അനുഗമിക്കുന്ന വിശ്വാസിസമൂഹംതന്നെയാണ്. നമ്മുടെ ഉള്‍ക്കാഴ്ചയില്ലായ്മയും നമ്മിലുള്ള മൂല്യശോഷണവുമാണ് ഇന്നത്തെ ദുഃസ്ഥിതിക്കു കാരണം. നമ്മുടെ വികാരങ്ങള്‍ കച്ചവടമാക്കുകയും നമ്മുടെ ജീവിതപന്ഥാവ് നിശ്ചയിക്കുകയുംചെയ്യുന്ന പുരോഹിതരില്‍നിന്നു നാം അകന്നുനിന്നേ മതിയാകൂ. ഒരിക്കല്‍പ്പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത പുരോഹിതവര്‍ഗ്ഗത്തിന്, നമ്മുടെ മൗലികാവകാശങ്ങളില്‍ കൈകടത്താനോ, അവ ഇല്ലാതാക്കാനോ സാധിക്കുകയില്ല. യാതൊരു ദാര്‍ശനികതയുമില്ലാത്ത ഈ തിരുമണ്ടന്മാരുടെ ആശയങ്ങള്‍ നമുക്കു മനസ്സിലായില്ലെന്ന് നടിക്കരുത്; ഈ സമൂഹത്തിന്റെ സമ്പത്തു നശിപ്പിക്കുവാന്‍ കൂട്ടുനില്ക്കരുത്. ഈ അധാര്‍മ്മികരെ നമ്മുടെ ഇടയില്‍നിന്നും പുറത്താക്കി, നമ്മുടെ ജീവിതത്തിലും, നമ്മുടെ നാളെകളിലും അവര്‍ എഴുതിക്കൊണ്ടിരിക്കുന്ന തിന്മയുടെ ലിഖിതങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നമുക്കു മായിച്ചു കളയാം.

 Contact No: 9447569 908

1 comment:

  1. അതിരമ്പുഴ ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ സിറിയക് കോട്ടയിൽ അച്ഛൻ വാർഷിക ധ്യാനം കഴിഞ്ഞ അന്ന് രാത്രി പള്ളിയിൽ വെച്ച് പറഞ്ഞത് മാന്നാനത് നമ്മൾ പണിയുന്നത് ഒരു പള്ളി അല്ല നിങ്ങൾ എല്ലാവരും അതിരമ്പുഴ ഇടവകക്കാർ തന്നെ ആണ് അത് ഒരു അജപാലന കേന്ദ്രം മാത്രം ഒരിക്കലും ഒരു ഇടവക പള്ളി അല്ല എന്നാണ്. മാസം ഒന്നു കഴിഞ്ഞപ്പോ ഡി പറയുന്നു നിങ്ങൾ എല്ലാം പുതിയ ഇടവകയിൽ ചേർന്നോളാൻ. മാന്നാനത് ഇപ്പൊ ഉള്ള ഇടവകയെ ദളിത് ആയിട്ട് മാറ്റിനിറുത്താനും ആ ഇടവക അതിർത്തിയിൽ തന്നെ മറ്റൊരു ഇടവക സ്ഥാപിക്കാനും കാനോൻ നിയമം സമ്മതിക്കുന്നുണ്ടോ ആവോ..... പിന്നെ ഒരു വാർത്ത കേട്ടു സംഭവത്തിൽ എതിർപ്പ് ഉള്ള കുറച്ചു വാർഡുകാരെ അതിരമുഴ ഇടവകയിൽ തന്നെ നിലനിറുത്തി ബാക്കി ഉള്ളവരെ മാന്നാനത് ചേർക്കും എന്നു.... ഇഷ്ടമുള്ള ആളെ മാത്രം കൂട്ടി ക്ലബ് പോലെ പള്ളി തുടങ്ങുന്നത് ശരിയാണോ. കാണാൻ നിയമം ഒക്കെ ചലപ്പോൾ മാത്രം ഉപയോഗിക്കാനുള്ളതാണോ ????

    ReplyDelete