Translate

Tuesday, October 31, 2017

ടെലികോൺഫറൻസ്

പ്രിയ സുഹൃത്തുക്കളെ,

 September 30, 2017- ഷിക്കാഗോയിൽ നടന്ന യോഗത്തിൽ എല്ലാ മാസത്തിലെയും രണ്ടാം ബുധനാഴ്ച ടെലികോൺഫറൻസ് നടത്തണമെന്ന് തീരുമാനിക്കുകയുണ്ടായല്ലോ. അതിൻപ്രകാരം November 08, 2017 ബുധനാഴ്ച ടെലികോൺഫറസ്നടത്തുന്നതാണ്. KCRM പ്രസിദ്ധീകരണമായ 'സത്യജ്വാല്ല'യുടെ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും    സത്യജ്വാല്ല പ്രസിദ്ധീകരണത്തിനാവശ്യമായ ധനശേഖരണമാർഗ്ഗങ്ങളെ സംബന്ധിച്ചുമായിരിക്കും ടെലികോൺഫറൻസിൽ ചർച്ചചെയ്യപ്പെടുന്നത്. എല്ലാവരും ഇതിൽ സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ടെലികോൺഫറസ്വിവരങ്ങൾ ചുവടെ ചേർക്കുന്നു.


November 08, 2017 evening 9 PM (Eastern Standard Time - New York Time).
Moderator: Mr. A. C. George
All are welcome to attend the Teleconference.
Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#
Please see your time zone and enter the teleconference accordingly.
Time: Evening- 9 PM (Eastern Standard Time)
9:00 PM Eastern time
8:00 PM Central time
7:00 PM Mountain time
6:00 PM Pacific time

For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

സ്നേഹാദരവുകളോടെ,

ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175
Mobile: 586-601-5195, Email: ckalarickal10@hotmail.com


October 30, 2017

Monday, October 30, 2017

യേശുവും സഭകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍




ഡോ. ജെ.സി. കുമരപ്പ


[ഇന്ത്യന്‍ ശൈലിയിലുള്ള ഒരു ക്രൈസ്തവനവീകരണത്തിനു മുതല്‍ക്കൂട്ടെന്നു കണക്കാക്കാവുന്ന, ലേഖകന്റെ 'Practice and Precepts of Jesus' എന്ന ലഘുഗ്രന്ഥത്തിന്റെ മുഖവുര (Preface)യില്‍നിന്ന് ഒരു ഭാഗം. ശീര്‍ഷകം 'സത്യജ്വാല'യ്ക്കുവേണ്ടി നല്‍കിയത്. 

തര്‍ജ്ജമ സ്വന്തം-എഡിറ്റര്‍]

സഭാസംഘടനയിലും അതിന്റെ അനുഷ്ഠാനങ്ങളിലും യേശുവിന്റെ പഠിപ്പിക്കലുകളുമായി വലിയ വ്യതിയാനങ്ങളാണ് ഞാന്‍ കണ്ടിട്ടുള്ളത്.... ഒന്നാം ലോകമഹായുദ്ധകാലത്ത് ഞാന്‍ ഇംഗ്ലണ്ടില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. അക്കാലത്ത് വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍പള്ളിയില്‍ നടന്നിരുന്ന യുദ്ധകാലാനുഷ്ഠാനങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവ എത്രതന്നെ ഗാംഭീര്യം നിറഞ്ഞതായിരുന്നുവെങ്കിലും, തങ്ങളുടെ ശത്രുക്കളെ നശിപ്പിക്കണമെന്ന അപേക്ഷയുമായി, ഒരു സാര്‍വ്വത്രികപിതാവിനെയും സമാധാനത്തിന്റെ രാജകുമാരനെയും ആരാധിക്കുന്ന ആ ചടങ്ങുമായി പൊരുത്തപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. പുതിയ ഭടന്മാരെ തിരഞ്ഞെടുക്കുന്ന റിക്രൂട്ട്‌മെന്റുകളില്‍ ബിഷപ്പുമാരും പുരോഹിതരും പ്രസംഗപീഠമുപയോഗിക്കുന്നതെന്തിനെന്നും എനിക്കു മനസ്സിലായില്ല. നിരവധി യുദ്ധമേഖലകളില്‍നിന്നും, ശ്രദ്ധേയരായ ജനറല്‍മാരുടെ കബറിടങ്ങളില്‍നിന്നും കൊണ്ടുവരുന്ന രക്തപങ്കിലമായ ബാനറുകളുടെ സാമീപ്യം ആരാധനാസ്ഥലങ്ങളുടെ പവിത്രത നശിപ്പിക്കുന്നതായിട്ടാണ് എനിക്കു തോന്നിയത്. യേശുവും സഭകളും തമ്മില്‍ കാണപ്പെടുന്ന ഈ വൈരുദ്ധ്യങ്ങളും സമാനമായ മറ്റു വൈരുദ്ധ്യങ്ങളും സഭകളുടെ 'ക്രിസ്തീയത'യിലുള്ള എന്റെ വിശ്വാസത്തെ ഉലച്ചിട്ടുണ്ട്.
            'ക്രൈസ്തവ'രായ ഇന്ത്യക്കാരുടെയും പാശ്ചാത്യരുടെയും ജീവിതത്തില്‍, വിശ്വാസത്തെ പ്രകാശമാനമാക്കുന്ന യാതൊന്നുംതന്നെ അവര്‍ ചെയ്യുന്നില്ല. ഇന്ത്യന്‍ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതശൈലിയിലും ജീവിതനിലവാരത്തിലുംപോലും പാശ്ചാത്യരെ അനുകരിക്കുന്നു. തലചായ്ക്കാനിടമില്ലാതിരുന്ന ഒരു ഗുരുവിനെ അനുഗമിക്കണമെന്നുപദേശിക്കുന്ന ഇവര്‍ തങ്ങളുടെ വാച്ചിന്റെ ചെയിനില്‍പ്പോലും സ്വര്‍ണ്ണക്കുരിശാണ് പതിച്ചിരിക്കുന്നത്! യേശുവിന്റെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ 20-ാം നൂറ്റാണ്ടില്‍ സാധ്യമല്ല എന്നാണ് ഇതേക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ് ഞാന്‍ മിക്കപ്പോഴും കേള്‍ക്കാറുള്ളത്. അങ്ങനെയെങ്കില്‍, ഓരോ ഔപചാരികമതവും ഓരോ കോമാളിത്തമായിത്തീര്‍ന്നിരിക്കുന്നു, എന്നെ സംബന്ധിച്ച്. 'ക്രിസ്ത്യന്‍' എന്ന വാക്ക് ഇന്നു സൂചിപ്പിക്കുന്നത്, ചില നിശ്ചിതപെരുമാറ്റരീതികളും ജീവിതനിലവാരവും പുലര്‍ത്തുന്നവരും വലിയൊരളവോളം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവരുമായവരുടെ ഒരു സമുദായം എന്നുമാത്രമാണ്; ഒപ്പം, സ്വന്തം ദേശീയസംസ്‌കാരത്തില്‍നിന്നു തങ്ങളെത്തന്നെ വേര്‍പെടുത്തിയും പാശ്ചാത്യനാഗരികതയോടുള്ള അടുപ്പത്തില്‍ അഭിമാനിച്ചും കഴിയുന്ന ഒരു സമുദായമെന്ന്.
            ഇക്കാലമത്രയും എനിക്കു ഹിന്ദുക്കളുമായും മുസ്ലീങ്ങളുമായും കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മതപരമായ അവരുടെ വിശ്വാസങ്ങളെക്കുറിച്ച് ഇന്നും എനിക്ക് കാര്യമായ അറിവില്ല. അങ്ങനെയിരിക്കെയാണ്, ഏതൊക്കെയോ അജ്ഞാതസാഹചര്യങ്ങള്‍ ഗാന്ധിജിയുമായി എന്നെ ബന്ധപ്പെടുത്തിയത്. ഗുജറാത്തില്‍ ഒരു സാമ്പത്തികസര്‍വ്വേ നടത്തുന്നതിന്റെ ചുമതല ഏറ്റെടുക്കണമെന്ന് അദ്ദേഹം എന്നോടഭ്യര്‍ത്ഥിച്ച അവസരത്തില്‍, എന്റെ ഏറ്റവുമടുത്ത ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍, ഒരു 'അവിശ്വാസി' (heathen) യുമായി സഹകരിക്കുന്നതില്‍നിന്ന് എന്നെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഗാന്ധിജിയുടെ പ്രവര്‍ത്തനപരിപാടികളുമായി ഞാന്‍ പരിചയത്തിലായിക്കഴിഞ്ഞപ്പോള്‍, ബാല്യത്തില്‍ എന്റെ അമ്മ നല്‍കിയ പരിശീലനത്തിലൂടെ എനിക്കു ചിരപരിചിതമായിരുന്ന അതേവഴിയിലുള്ള പ്രവര്‍ത്തനങ്ങളാണവ എന്നെനിക്കു മനസിലാകുകയും, ഭൂമിയിലെ നമ്മുടെ ജീവിതത്തില്‍, ഈ നൂറ്റാണ്ടില്‍പ്പോലും, യേശു പഠിപ്പിച്ച പാഠങ്ങളുടെ പ്രായോഗികതയിലേക്ക് എന്റെ കണ്ണുകള്‍ തുറക്കപ്പെടുകയും ചെയ്തു.
            'ക്രിസ്ത്യന്‍' എന്ന വാക്കിന് യേശുവിന്റെ ജീവിതവുമായും അദ്ദേഹം കാണിച്ചുതന്ന മാതൃകയുമായുമുള്ള ബന്ധമെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നതിനാല്‍, എന്റെ ഈ ചെറുപുസ്തകത്തില്‍, യേശു പഠിപ്പിച്ച തത്വങ്ങള്‍ പിന്തുടരുന്ന എല്ലാവരെയും, അവര്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ ബുദ്ധിസ്റ്റുകളോ 'ക്രിസ്ത്യാനികള്‍'തന്നെയോ ആകട്ടെ, ഏതു മതവിഭാഗത്തില്‍പ്പെട്ടവരുമാകട്ടെ, 'യേശുവിനെ അനുഗമിക്കുന്നവര്‍' എന്ന അര്‍ത്ഥത്തിലാണ് ഞാന്‍  എടുത്തിട്ടുള്ളത് എന്നു പറയട്ടെ.
            ഈ ലഘുഗ്രന്ഥത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള കാഴ്ചപ്പാടുകളുടെ ഏക ആധികാരികത, നാലു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യേശുവിന്റെ ജീവിതത്തില്‍നിന്നും പ്രബോധനങ്ങളില്‍നിന്നുംമാത്രമുള്ളതാണെന്നും പറഞ്ഞുകൊള്ളുന്നു. 'അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍' (Acts) എന്ന ഭാഗത്തുനിന്നോ അപ്പോസ്തലന്മാരുടെ ലേഖനഭാഗങ്ങളില്‍നിന്നോ പോലും ഞാന്‍ യാതൊന്നും എടുത്തിട്ടില്ല. ഇന്നിന്റെ പ്രായോഗികലക്ഷ്യങ്ങള്‍ നേടുന്നതിനായി നാം ആശ്രയിക്കേണ്ടത്, പൂര്‍വ്വേഷ്യയുടെയും ദക്ഷിണ യൂറോപ്പിന്റെയും രണ്ടായിരം വര്‍ഷം മുമ്പത്തെ സാഹചര്യത്തില്‍ യേശുവിന്റെ കല്പനകളെ എങ്ങനെയായിരുന്നു അവര്‍ പ്രയോഗത്തില്‍ വരുത്തിയത് എന്നു വിവരിക്കുന്ന രേഖകളെക്കാള്‍ യേശുവിന്റെ പ്രബോധനങ്ങളെയും അവയ്ക്ക് അനുപൂരകമായി വരുന്ന സത്യത്തിന്റെ ചൈതന്യത്തെയുമാണെന്നു ഞാന്‍ കരുതുന്നു എന്നതാണ് അതിനുകാരണം. പുതിയ നിയമത്തിലെ മറ്റു ലിഖിതങ്ങള്‍ കാര്യങ്ങളെ സ്ഥിരീകരിക്കുന്ന തെളിവുകളെന്ന നിലയില്‍ പ്രചോദനാത്മകമാണ്.
ഇതെഴുതിയത്, 1944 ജൂണില്‍, ജബര്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പതിനഞ്ചുമാസം നീണ്ട എന്റെ തടങ്കല്‍ക്കാലത്താണ്. അതുകൊണ്ട്, എന്റെ മറ്റെല്ലാ പരിമിതികള്‍ക്കുംപുറമേ, ആവശ്യമായ പുസ്തകങ്ങള്‍ ലഭിക്കുവാനും എനിക്കൊരു മാര്‍ഗ്ഗവുമില്ലാതെ വന്നു....
          ഈ പശ്ചാത്തലവിവരണത്തോടെ, എന്നെപ്പോലെ അന്വേഷിച്ചലയുന്ന മനസ്സുകള്‍ക്ക് അല്പമെങ്കിലും സഹായകമാകുമെന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട്, ഈ ചിന്തകള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.

Saturday, October 28, 2017

സഭാനവീകരണം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ - അല്മായശബ്ദത്തിന്റെ നിലപാട്

ഇന്നാണ് KCRM പ്രതിമാസപരിപാടി -പാലായിലെ ഒക്റ്റോബർമാസ ചര്‍ച്ചാസമ്മേളനം - അതിൽ അല്‌മായ ശബ്ദത്തിന്റെ നിലപാട് അഡ്മിനിസ്ട്രേറ്റർ എന്ന നിലയ്ക്ക് ഇങ്ങനെ അവതരിപ്പിക്കാം എന്ന് കരുതുന്നു: 
1. സഭാനവീകരണം യേശുശിഷ്യന്മാരുടെ രചനകളെക്കാൾ യേശുവിന്റെ വചനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതാണ്.
2. ബൈബിളിനെ പ്രതീകാത്മകമായി ഗ്രഹിച്ചാൽ മാത്രം അർഥപൂർണമാക്കാൻ സഹായകമായ വേദമായറിയണം. ഉത്പത്തി പുസ്തകത്തിലെ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം എന്തെന്ന് മനനം ചെയ്താൽ ആത്മീയതയുടെ അഗാധത എന്തെന്ന് നമുക്ക് ഗ്രഹിക്കാനാവും. എന്നാൽ നമുക്കത് മനസ്സിലാക്കി തരേണ്ടവർ അന്ധരായി അന്ധകാരത്തിൽ ഉഴറുകയും നമ്മെ കൂടുതൽ ഇരുട്ടിലേക്ക് നയിക്കുകയുമാണ്. ഇത്തരുണത്തിലാണ് ടോൾസ്റ്റോയിയെയും ദസ്തയേവ്സ്കിയെയും രാമകൃഷ്ണ പരമഹംസരെയും പരമഹംസ യോഗാനന്ദയെയും ജെ. സി. കുമരപ്പയെയും ഓഷോയെയും സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ എഴുതിയ മുനി നാരായണപ്രസാദിനെയും ഒക്കെ കൂടി ശ്രവിക്കാൻ നാം തയ്യാറാകേണ്ടിയിരിക്കുന്നത്. (കാനായിലെ കല്യാണത്തിൽ യേശു വെള്ളം വീഞ്ഞാക്കിയതിൽ അത്ഭുതത്തെക്കാളുപരി ആധ്യാത്മകജ്ഞാനത്തിന്റെ ആനുഭൂതിയാണ് നാം കാണേണ്ടതെന്ന് ഓഷോയുടെ  I Say Unto You എന്ന സുവിശേഷ വ്യാഖ്യാനത്തിൽനിന്നാണ് എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞത്.)
3. യേശുവിന്റെ ഉപദേശങ്ങളുടെ രത്നച്ചുരുക്കം മത്തായിയുടെ സുവിശേഷത്തിലെ 22 : 37 - 40 വാക്യങ്ങളിലുണ്ട്:
''നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കുക. ഇതാണ് പ്രഥമവും പ്രധാനവുമായ കല്പന. രണ്ടാമത്തെ കല്പനയും അതുപോലെതന്നെയാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. എല്ലാ നിയമങ്ങളും പ്രവാചകരും ഈ രണ്ടു കല്പനകളെ ആശ്രയിച്ചിരിക്കുന്നു.''
ചുരുക്കത്തിൽ ദൈവപരിപാലനയിൽ വിശ്വാസം അർപ്പിച്ചു ജീവിക്കാൻ തയ്യാറായാൽ മനുഷ്യർക്ക് സഹോദരരെ സ്നേഹിക്കാൻ അനായാസം സാധിക്കും. അപ്പോൾ ഭൂമിതന്നെ സ്വർഗ്ഗമാകും.
N.B.
1. ഞാൻ ഒരു രാസത്വരകം മാത്രമായതിനാലും അല്മായശബ്ദം ഒരു ചർച്ചാവേദി ആയതിനാലും വായനക്കാരുടെ പ്രതികരണവും കൂടി ചേർന്നാലേ അല്മായശബ്ദത്തിന്റെ നിലപാടായി ഇത് മാറൂ. ഇന്ത്യൻ സ. മയം 2 PM നു മുമ്പ് ഇതിൽ പ്രസിദ്ധീകരിക്കുന്ന കമന്റുകൾ കൂടി പാലാ ടോംസ് ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ ഞാൻ അനുബന്ധമായി അവതരിപ്പിക്കുന്നതാണ്.  
2.'സത്യജ്വാല'യുടെ ആദ്യലക്കങ്ങളിൽ  ജോസഫ് മറ്റപ്പള്ളി എഴുതിയിരുന്ന 'സാരാംശം' പഴയനിയമമിത്തുകളുടെ ശാസ്ത്രീയമായ ആന്തരാർത്ഥമറിയാൻ വളരെ സഹായിക്കും. 'അല്മായശബ്ദ'ത്തിൽനിന്ന് ആ ലക്കങ്ങൾ ഡൗൺലോഡുചെയ്ത് വായിക്കാവുന്നതാണ്.

Friday, October 27, 2017

പ്രൊട്ടസ്റ്റന്റ് നവീകരണം: ന്യൂനതകളും അതുത്പാദിപ്പിച്ച ദോഷഫലങ്ങളും



ജോര്‍ജ് മൂലേച്ചാലില്‍

എഡിറ്റോറിയല്‍, സത്യജ്വാല ഒക്ടോബര്‍2017

മനുഷ്യനെ സംബന്ധിച്ച് അഞ്ചു നൂറ്റാണ്ട് ഒരു വലിയ കാലയളവാണ് - ചരിത്രത്തില്‍ സംഭവിച്ച വലിയ സംഭവങ്ങള്‍പോലും വിസ്മൃതമാകാന്‍ പോരുന്നത്ര വലിയ കാലയളവ്. എങ്കിലെന്തിന്, 500 വര്‍ഷംമുമ്പ് യൂറോപ്പില്‍മാത്രം, അതും മതമേഖലയില്‍മാത്രം നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇന്നും ചര്‍ച്ച നടക്കുന്നു? താരതമ്യേന സമീപകാലത്തു നടന്ന ഒന്നും രണ്ടും ലോകയുദ്ധങ്ങളും റഷ്യയില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവവുമൊക്കെ വിസ്മൃതമായിക്കൊണ്ടിരിക്കുമ്പോഴും, അരസഹസ്രാബ്ദത്തിനുമുമ്പ് റോമന്‍ ക്രിസ്തുമതത്തിനുള്ളില്‍ സംഭവിച്ച മറ്റൊരു 'ഒക്‌ടോബര്‍ വിപ്ലവം' എന്തുകൊണ്ട് ലോകമാകെ സജീവചര്‍ച്ചയ്ക്കു വിഷയമായിത്തീരുന്നു; അഥവാ, എന്തുകൊണ്ട് ചര്‍ച്ചാവിഷയമായിത്തീരണം? ഇതിനുത്തരം തേടുമ്പോഴാണ്, മറ്റെല്ലാത്തരം വിപ്ലവങ്ങളെയുംകാള്‍ അടിസ്ഥാനപരം മതത്തിനുള്ളില്‍ നടക്കുന്ന വിപ്ലവങ്ങളാണെന്ന വസ്തുത മനുഷ്യനു തെളിഞ്ഞുകിട്ടുന്നത്. എല്ലാ സാംസ്‌കാരികനവോത്ഥാനങ്ങള്‍ക്കുംമുമ്പ്, അതാതിടങ്ങളിലെ മതമേഖലയില്‍ ഒരു ചിന്താവ്യതിയാനം, ഒരു വിപ്ലവം, നടന്നിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. ബുദ്ധനും യേശുവിനും നാരായണഗുരുവിനും ശേഷമുണ്ടായ സമൂഹത്തെ നിരീക്ഷിച്ചാല്‍മതി, ഇതു വ്യക്തമാകാന്‍. അവരുടെയൊന്നും ജ്ഞാനമോ മഹത്വമോ ഇല്ലാതിരുന്നിട്ടുകൂടി മാര്‍ട്ടിന്‍ ലൂഥര്‍ എന്ന സന്ന്യാസവൈദികന്‍ റോമന്‍ ക്രിസ്തുമതത്തിനുള്ളില്‍ കൊണ്ടുവന്ന ഒരു ചിന്താവ്യതിയാനം, അദ്ദേഹം സ്വപ്നത്തില്‍പ്പോലും കരുതിയിട്ടില്ലാത്തവിധം, യൂറോപ്പിനെമാത്രമല്ല ലോകസാഹചര്യത്തെയാകെ മാറ്റിമറിക്കുവാന്‍ കാരണമായി എന്നത് മതനവീകരണപ്രവര്‍ത്തനങ്ങളുടെ നവോത്ഥാനശക്തിയെയാണ് സമര്‍ത്ഥിക്കുന്നത്. അത് മനുഷ്യന്റെ ബോധനിലവാരമുയര്‍ത്തുകയും, മെച്ചപ്പെട്ട ഒരു സമൂഹജീവിതത്തിനാവശ്യമായ സാംസ്‌കാരികാടിത്തറ തീര്‍ക്കുകയും ചിലപ്പോള്‍ മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ ഒരു പുതിയ സമൂഹത്തിനുതന്നെ ജന്മംനല്‍കുകയും ചെയ്യുന്നു. ശരിയായ ദാര്‍ശനികാടിത്തറയിലുറച്ചുനിന്നുള്ള മതനവീകരണം സമൂഹത്തില്‍ നല്ല ഫലങ്ങള്‍ മാത്രമേ വിളയിക്കൂ. ബുദ്ധനേത്തുടര്‍ന്ന്, കാരുണ്യത്തിലും അഹിംസയിലും പുലര്‍ന്ന ഒരു സംഘജീവിതശൈലി രൂപംകൊണ്ടു. യേശുവിനേത്തുടര്‍ന്ന്, പരസ്പരസ്‌നേഹത്തിലും പങ്കുവയ്ക്കലിലും മനസര്‍പ്പിച്ച ഒരു കൂട്ടായ്മാസമൂഹമുണ്ടായി. അദ്വൈതദര്‍ശനത്തില്‍ത്തന്നെ ഊന്നിനിന്നുകൊണ്ട്, ജാതിഭേദവും മതദ്വേഷവും മതവിരുദ്ധമാണെന്നു സ്ഥാപിച്ച നാരായണഗുരുവിനേത്തുടര്‍ന്ന്, ജാതിക്കോമരംതുള്ളുന്ന ഭ്രാന്താലയം എന്ന ദുരവസ്ഥയില്‍നിന്ന് കേരളം മോചിതമായി. ഇതൊന്നും ഒരു ദൂഷ്യഫലവും ഒരിടത്തും ഉണ്ടാക്കിയില്ല. 500 വര്‍ഷംമുമ്പ് യൂറോപ്പില്‍ നടന്ന പ്രൊട്ടസ്റ്റന്റ് മതനവീകരണത്തെ വിലയിരുത്തുമ്പോള്‍ ഈയൊരു മാനദണ്ഡം, ശരിയായ ദാര്‍ശനികാടിത്തറ എന്ന മാനദണ്ഡം, നാം മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. കാരണം, വിളയിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ വേണമല്ലോ വൃക്ഷത്തെ വിലയിരുത്താന്‍.
എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം തകര്‍ന്നതോടെ മാര്‍പാപ്പയുടെ മതരാഷ്ട്രീയാധിപത്യത്തിന്‍കീഴില്‍, അജ്ഞതയുടെയും അടിമത്തത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അന്ധകാരത്തില്‍ കഴിയേണ്ടിവന്ന യൂറോപ്യന്‍ ജനതകളെ സംബന്ധിച്ച്, മാര്‍ട്ടിന്‍ ലൂഥര്‍ ചരിത്രത്തില്‍ നടത്തിയ ഇടപെടല്‍ തീര്‍ച്ചയായും അതിമഹത്തായ ഒന്നായിരുന്നു. മനുഷ്യന്റെ സമസ്തജീവിതമേഖലകളും പുരോഹിതകരങ്ങളിലമര്‍ന്നിരുന്ന, അക്ഷരാഭ്യാസം നേടാനോ സ്വയം ചിന്തിക്കാനോ അഭിപ്രായം പറയാനോ ബൈബിള്‍ വായിക്കാനോ ഒന്നും അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തില്‍, ആ സാഹചര്യത്തെയൊന്നാകെ കീഴ്‌മേല്‍മറിച്ച ഒരു മഹാവിപ്ലവംതന്നെയായിരുന്നു, അദ്ദേഹം തിരികൊളുത്തിയ പ്രൊട്ടസ്റ്റന്റ് നവീകരണം. അടഞ്ഞുമൂടി ഇരുള്‍ വ്യാപിച്ചുകിടന്നിരുന്ന ഒരു ലോകത്തേക്ക്, കാറ്റും വെളിച്ചവുമായി ഒരു വാതില്‍ തുറക്കപ്പെടുമ്പോഴത്തെ ഉജ്ജ്വലാനുഭവമായിരുന്നിരിക്കണം; കൈ-കാലുകളിലെ വിലങ്ങുകള്‍ അഴിഞ്ഞുപോകുമ്പോഴത്തെ സ്വാതന്ത്ര്യാനുഭൂതിയായിരുന്നിരിക്കണം, യൂറോപ്പിലെ ജനങ്ങള്‍ക്കന്ന് ഉണ്ടായിട്ടുണ്ടാകുക. അതോടെ, മാര്‍പാപ്പാ പറയുന്നതില്‍നിന്നു മാറി ചിന്തിക്കാമെന്നും അക്ഷരാഭ്യാസം നേടാമെന്നും സ്വയം ബൈബിള്‍ വായിക്കാമെന്നും വന്നു. ആത്മരക്ഷയെന്നത് പള്ളിയുടെയും പട്ടക്കാരന്റെയും കൈയിലല്ല എന്ന ബോധ്യമുണ്ടായി. എല്ലാ ക്രൈസ്തവരും പുരോഹിതരാണെന്ന ലൂഥറിന്റെ പ്രസ്താവന ജനങ്ങളില്‍ അഭിമാനവും ആത്മബോധവും ഉണര്‍ത്തി. തങ്ങളുടെമേല്‍ മതസാമ്രാട്ടായി വാണിരുന്ന മാര്‍പാപ്പായുടെ മേല്‍ക്കോയ്മയെ വകവയ്ക്കാതിരിക്കാനും ചോദ്യംചെയ്യാനുമുള്ള ത്രാണി യൂറോപ്പിലെ രാജാക്കന്മാര്‍ക്കുമുണ്ടായി. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനതകളില്‍ ദേശീയബോധമുണരുകയും ദേശീയസഭകള്‍തന്നെ രൂപപ്പെടുകയും ചെയ്തു. സ്‌കൂളുകളും സര്‍വ്വകലാശാലകളും നഗരങ്ങളും ഉയര്‍ന്നുവന്നു. ജനങ്ങളില്‍ വായനാശീലവും ചിന്താശേഷിയും വളര്‍ന്നു, സമത്വസങ്കല്പവും സ്വാതന്ത്ര്യബോധവും ഉല്‍ക്കര്‍ഷേച്ഛയും ഉദയംകൊണ്ടു. യൂറോപ്യന്‍ സമൂഹം അഭിവൃദ്ധിയിലേക്കു കുതിച്ചു... ആദ്ധ്യാത്മികസ്വാതന്ത്ര്യം നേടുന്ന ഏതു ജനതയും സാംസ്‌കാരികമായും സാമൂഹികമായും അഭിവൃദ്ധിപ്പെടും എന്നതിനുദാഹരണമായി, പ്രൊട്ടസ്റ്റന്റ് മതനവീകരണത്തേത്തുടര്‍ന്ന് സമസ്തമേഖലകളിലുമുണ്ടായ ഈ വളര്‍ച്ചയെ കാണാം.
പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിന്റെ 500-ാമാണ്ട് അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ അതുളവാക്കിയ ഈ നല്ല ഫലങ്ങളെക്കുറിച്ചുമാത്രം പറഞ്ഞ് അതിന്റെ മഹത്വമുദ്‌ഘോഷിച്ചു നിര്‍ത്താവുന്നതേയുള്ളൂ. എന്നാല്‍, സഭാനവീകരണത്തിന്റെ പാഠങ്ങള്‍ ചികയുന്നതിന്റെ ഭാഗമായി ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, പ്രൊട്ടസ്റ്റന്റ് വിപ്ലവത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ചില ന്യൂനതകളെയും വൈരുദ്ധ്യങ്ങളെയും അവയുല്പാദിപ്പിച്ച ദോഷഫലങ്ങളെയും കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടതാവശ്യമാണെന്നു കരുതുന്നു.
ദണ്ഡവിമോചനവില്പനയെന്ന ഒരു പ്രത്യേകസാഹചര്യത്തോടു ബന്ധപ്പെട്ടുള്ള എതിര്‍വാദഗതികളാണ് മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ 95 വാദമുഖങ്ങളില്‍ മുഖ്യമായും മുന്നോട്ടുവച്ചതെങ്കിലും, അതിനെല്ലാം അടിത്തറയായി ആത്മരക്ഷ സംബന്ധിച്ചുള്ള കത്തോലിക്കാസിദ്ധാന്തങ്ങള്‍ക്ക് ഒരു ബദല്‍ സിദ്ധാന്തംകൂടി അദ്ദേഹം അതോടൊപ്പം അവതരിപ്പിക്കുകയുണ്ടായി. സഭയിലും അതിന്റെ ദൈവശാസ്ത്രസിദ്ധാന്തങ്ങളിലുമുള്ള വിശ്വാസവും അനുഷ്ഠാനങ്ങളുടെ ആചരണവും പിന്നെ നല്ല പ്രവൃത്തികളുമാണ് ആത്മരക്ഷയിലേക്കുള്ള വഴിയായി കത്തോലിക്കാസഭ പഠിപ്പിച്ചിരുന്നതെങ്കില്‍, 'വിശ്വാസത്താലുള്ള നീതീകരണ'മെന്ന പൗലോസിന്റെ പ്രബോധനത്തെ (റോമാ. 3:23-25) അടിസ്ഥാനമാക്കി ആത്മരക്ഷയിലേക്ക് ഒരു ബദല്‍ വഴിയാണ് ലൂഥര്‍ അവതരിപ്പിക്കുകയുണ്ടായത്. അതനുസരിച്ച് വിശ്വാസത്താല്‍ നീതീകരിക്കപ്പെടുകയെന്നതാണ്; അല്ലാതെ, അനുഷ്ഠാനങ്ങള്‍ ആചരിക്കുന്നതോ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതോ അല്ല, ആത്മരക്ഷയ്ക്കുള്ള വഴി. ദൈവനീതി ദൈവത്തിന്റെ സൗജന്യദാനമാണെന്നും, അത് യേശുക്രിസ്തുവിലുള്ളവിശ്വാസത്തിലൂടെ നേടാവുന്നതാണ് എന്നുമാണ് ഈ തത്വം സിദ്ധാന്തിക്കുന്നത്. ഇതു വിശദീകരിക്കുന്ന 'രക്ഷ ദൈവകൃപയിലൂടെമാത്രം' (by grace alone) 'രക്ഷ ദൈവവചനത്തിലൂടെമാത്രം' (by scripture alone), 'രക്ഷ ക്രിസ്തുവിലൂടെ മാത്രം' (യ്യ ഇവൃശേെ മഹീില) എന്നീ അനുബന്ധതത്വങ്ങളും അദ്ദേഹം അവതരിപ്പിച്ചു. തന്റെ ഈ സിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായി, പ്രവൃത്തികള്‍ക്കു പ്രാമുഖ്യം നല്‍കുന്ന യാക്കോബിന്റെ ലേഖനഭാഗത്തെ (യാക്കോ. 2:14-26), അതു ക്രിസ്തുവിനെ വേണ്ടത്ര ഉദ്‌ഘോഷിക്കുന്നില്ല എന്നു പറഞ്ഞ് ലൂഥര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെയടുത്ത് ഉപദേശം തേടിയെത്തിയ ബാര്‍ബറാ (Barbara Lisskirchen) എന്ന സ്ത്രീയോട് അദ്ദേഹം പറഞ്ഞത്, ''ദൈവകല്പനകളില്‍ ഏറ്റവും ഉന്നതമായത്, ദൈവത്തിന്റെ പ്രിയപുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ പ്രതിബിംബം നമ്മുടെ കണ്‍മുമ്പില്‍ പ്രതിഷ്ഠിച്ചുവയ്ക്കുക എന്നതാണ്'' (christianitytoday.com -ല്‍ Timothy George എഴുതിയ 'Dr. Luther's Theology' എന്ന ലേഖനത്തില്‍നിന്ന്) എന്നായിരുന്നത്രെ!
ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമെന്നു ചൂണ്ടിക്കാട്ടപ്പെടുന്ന യെശയ്യായുടെ 53-ാം അദ്ധ്യായം; യേശുവിനേക്കുറിച്ച്, 'ഇതാ ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന സ്‌നാപകയോഹന്നാന്റെ പ്രഖ്യാപനം (യോഹ. 1:29); പിന്നെ, പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനം എന്നീ ബൈബിള്‍ഭാഗങ്ങളെമാത്രം കേന്ദ്രീകരിച്ചുള്ള ഒരു ക്രിസ്തുവിജ്ഞാനീയത്തിനുമേലാണ് ലൂഥര്‍ തന്റെ മുഴുവന്‍ ദൈവശാസ്ത്രസിദ്ധാന്തങ്ങളും കെട്ടിയുയര്‍ത്തിയിരിക്കുന്നതെന്നു പറഞ്ഞാല്‍ അതു തെറ്റാകാനിടയില്ല.
യേശുവിന്റെ കല്പനകളെ പുറന്തള്ളുകയെന്നതാണ് ക്രിസ്തുവിജ്ഞാനീയം എന്നും ചെയ്തിട്ടുള്ളതെന്ന് സഭാചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. കാരണം, അത് യേശുവിലൂടെയുള്ള ദൈവപ്രീണനപ്രവണതയെയാണ് മനുഷ്യരില്‍ വളര്‍ത്തുന്നത്; അല്ലാതെ, യേശുവിന്റെ കല്പനകള്‍ പാലിക്കുവാനുള്ള, പരസ്പരം സ്‌നേഹിക്കുവാനുള്ള പ്രചോദനത്തെയല്ല. അതുകൊണ്ട്, 'ദൈവകല്പനകളില്‍ ഏറ്റം പ്രധാനം യേശുക്രിസ്തുവിന്റെ പ്രതിബിംബം കണ്‍മുമ്പില്‍ പ്രതിഷ്ഠിച്ചുവയ്ക്കുകയെന്നതാണെ'ന്ന മട്ടില്‍ യേശുവിനോടുള്ള വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ട്ടിന്‍ ലൂഥറിന്റെ ക്രിസ്റ്റോളജിക്കല്‍ സിദ്ധാന്തങ്ങളിലൂന്നിയ പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് തീര്‍ച്ചയായും, ഏറ്റം പ്രാധാന്യത്തോടെ യേശു അവതരിപ്പിച്ച 'പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കണം', 'നിന്നേപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം' എന്ന കല്പനകളെ ഗൗരവമായെടുക്കാനാവില്ലതന്നെ. സമാനമായൊരു ക്രിസ്റ്റോളജിക്കല്‍ സിദ്ധാന്തത്തില്‍ തായ്‌വേര് പാഞ്ഞിരിക്കുന്ന കത്തോലിക്കാസഭയ്‌ക്കെന്നപോലെതന്നെ പ്രൊട്ടസ്റ്റന്റ് സഭയ്ക്കും, 'കര്‍ത്താവേ, കര്‍ത്താവേ' എന്ന് മനുഷ്യരെക്കൊണ്ടു വിളിപ്പിക്കാനല്ലാതെ, അവരെ ദൈവരാജ്യത്തില്‍ പ്രവേശിപ്പിക്കുവാനുള്ള പ്രാപ്തി ഉണ്ടാകുകയില്ല.
ഈ രണ്ടു സഭകളും ഓരോരുത്തരുടെയും സ്വന്തം രക്ഷ എന്ന രീതിയില്‍ അവതരിപ്പിക്കുന്ന 'ആത്മരക്ഷ'യെക്കുറിച്ചുള്ള സങ്കല്പംതന്നെ സ്വകാര്യമാത്രപര (individualistic) മാണെന്നും കാണേണ്ടതുണ്ട്. അപരനിലേക്കു മനസ്സിനെ വിടര്‍ത്തുന്നതും ആകമാനസത്തയായ ദൈവത്തിലേക്കു മനസ്സിനെ ഉയര്‍ത്തുന്നതുമാണ് ആദ്ധ്യാത്മികതയെങ്കില്‍, ഭൂമിയിലെ സ്വാര്‍ത്ഥയ്ക്ക് സ്വര്‍ഗ്ഗത്തിലും ചിറകണിയിക്കുന്ന ഈ സഭകളെങ്ങനെ ആദ്ധ്യാത്മികമാകും? സ്വകാര്യസ്വര്‍ഗമോഹമുണര്‍ത്തി, അവിടേക്ക് അനുഷ്ഠാനങ്ങളുടെ തേരുതെളിക്കുകയാണ് കത്തോലിക്കാസഭ ചെയ്യുന്നതെങ്കില്‍, 'വിശ്വാസത്തിലൂടെയുള്ള നീതീകരണ'ത്തിന്റെ തേരാണ് പ്രൊട്ടസ്റ്റന്റ് സഭ തെളിക്കുന്നതെന്നുമാത്രം. രണ്ടിടത്തും സ്‌നേഹമോ സ്‌നേഹത്തിന്റെ പ്രവൃത്തികളോ ആവശ്യമില്ല; മൂല്യോല്പാദനം ആവശ്യമില്ല.
ലൂഥറിന്റെ വാദമുഖങ്ങള്‍ തുടങ്ങുന്നതുതന്നെ, പശ്ചാത്താപത്തിന്റെയും മനഃപരിവര്‍ത്തനത്തിന്റെയും ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റത്തിന്റെയും ആവശ്യകത സമര്‍ത്ഥിച്ചുകൊണ്ടാണ്. എന്നാല്‍ പാപ്പാസാമ്രാജ്യത്തെ ഒന്നു ഞെട്ടിക്കുകയും ജനങ്ങള്‍ക്കു ചിന്താസ്വാതന്ത്ര്യവും രാജാക്കന്മാര്‍ക്ക് അല്പംകൂടി പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കുകയുംചെയ്തു എന്നതിനപ്പുറം, മനുഷ്യരില്‍ പശ്ചാത്താപമോ എന്തെങ്കിലും പരിവര്‍ത്തനമോ സംഭവിക്കുന്നതായി കാണുന്നില്ല.
4-ാം നൂറ്റാണ്ടില്‍ സഭ റോമന്‍ സാമ്രാജ്യമതമായതോടെ അതു രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. സ്വാഭാവികമായും ആ മതരാഷ്ട്രീയപാരമ്പര്യംതന്നെയാണ് പ്രൊട്ടസ്റ്റന്റ് സഭയും, അതിന്റെ ചുവടുപിടിച്ച് യൂറോപ്പിലുണ്ടായ വിവിധസഭകളും തുടരുകയുണ്ടായതെന്ന്, അവയെ അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും കാണാവുന്നതാണ്. ലൂഥറിന്റെ വിപ്ലവം ഉദ്ഘാടനം ചെയ്യപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനുമുമ്പുതന്നെ പൊട്ടിപ്പുറപ്പെട്ട 30 വര്‍ഷം നീണ്ടുനിന്ന യുദ്ധംതന്നെ (30 years war) അതിനൊരുദാഹരണമാണ്. 80 ലക്ഷത്തോളം പേരുടെ ജീവനെടുത്ത ആ യുദ്ധത്തേത്തുടര്‍ന്ന്, കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗീയതയും സ്പര്‍ദ്ധയുംമൂലം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്രയോ യുദ്ധങ്ങളാണുണ്ടായത്! പ്രൊട്ടസ്റ്റന്റ് നവീകരണം കോടിക്കണക്കിനു മനുഷ്യരെ യുദ്ധങ്ങളിലേക്കു തള്ളിവിടാന്‍ കാരണമായെങ്കില്‍, ആ നവീകരണത്തിന് യേശുദര്‍ശനവുമായല്ല ബന്ധമുണ്ടായിരുന്നത് എന്നു പറയേണ്ടിവരുന്നു. ആദിമസഭയില്‍ മതമര്‍ദ്ദനമുണ്ടായപ്പോള്‍ ക്രൈസ്തവര്‍ വാളെടുക്കുകയല്ല ചെയ്തത്; മറിച്ച്, പീഡകള്‍ സഹിക്കാനും മരിക്കാനുംവരെ സന്നദ്ധരാകുകയായിരുന്നു എന്നോര്‍ക്കുക.
അതിലും ഗൗരവതരമായതും ലോകത്തെയാകമാനം വിനാശത്തിലേക്കു നയിച്ചതുമായ മറ്റൊരു പിശകായിരുന്നു, പിന്നീടു രൂപംകൊണ്ട 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ ധാര്‍മ്മികത' (Protestant work ethics) എന്ന സിദ്ധാന്തം. അത്, പ്രൊട്ടസ്റ്റന്റ് മതത്തിന്റെ മുതലാളിത്ത രാഷ്ട്രീയം കൂടുതല്‍ വെളിപ്പെടുത്താന്‍ പോരുന്നതുമാണ്. യേശുവിന്റെ സ്‌നേഹസിദ്ധാന്തത്തെ തുരങ്കം വയ്ക്കുന്ന ഈ സിദ്ധാന്തം പറയുന്നത്, 'അദ്ധ്വാനത്തിലൂടെ സാമ്പത്തികവിജയം നേടുന്നവര്‍ പരലോകപ്രവേശത്തിന്, അതായത് ആത്മരക്ഷയ്ക്ക്, കൂടുതല്‍ അര്‍ഹരാണ്' എന്നാണ്! 'ആത്മരക്ഷയ്ക്ക്, വിശ്വാസത്തിലുള്ള നീതീകരണംമാത്രം' എന്നൊക്കെയുള്ള സിദ്ധാന്തങ്ങള്‍ മാറ്റിവച്ചു തയ്യാറാക്കിയ ഈ പ്രൊട്ടസ്റ്റന്റ് സിദ്ധാന്തത്തിലൂടെ മനുഷ്യന്റെ സ്വാര്‍ത്ഥപരമായ ഉല്‍ക്കര്‍ഷേച്ഛയ്ക്കു മതസാധൂകരണം ലഭിച്ചു; ദൈവത്തെയും മാമോനെയും ഒരുമിച്ചാരാധിക്കാമെന്നുവന്നു. അതോടെ, മനുഷ്യവ്യക്തികള്‍ തങ്ങളുടെ ഇഹലോക-പരലോകനേട്ടങ്ങള്‍ക്കുവേണ്ടി കഠിനാദ്ധ്വാനികളാകുകയും സമ്പന്നരാകുകയുംചെയ്തു. അവര്‍ തുടര്‍ന്ന് വ്യാവസായികസംരംഭകരാവുകയും മത്സരിച്ചുവളരുകയും മുതലാളിത്തവ്യവസ്ഥിതിക്കു ജന്മംകൊടുക്കുകയും ചെയ്തു. ഇവിടെ, വ്യാവസായികവിപ്ലവവും യൂറോപ്പിന്റെ ലോകമേധാവിത്വവും ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കോളനിവല്‍ക്കരണവുമെല്ലാം 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ ധാര്‍മ്മികത' എന്ന ഈ ക്രിസ്തുവിരുദ്ധദൈവശാസ്ത്രസിദ്ധാന്തത്തിന്റെ പരിണിതഫലങ്ങളായിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്. ലോകരാജ്യങ്ങളെ ചൂഷണംചെയ്യുന്നതിലും കോളനികളാക്കുന്നതിലും യൂറോപ്യന്‍ ക്രൈസ്തവരാജ്യങ്ങള്‍ തമ്മിലുണ്ടായ മാത്സര്യങ്ങളായിരുന്നു, ഒന്നും രണ്ടും ലോകയുദ്ധങ്ങളുള്‍പ്പെടെ യൂറോപ്പിലും അവര്‍ മുഖേന മറ്റു രാജ്യങ്ങളിലുമുണ്ടായ നൂറുകണക്കിനു യുദ്ധങ്ങള്‍ക്കും കാരണമായിത്തീര്‍ന്നതെന്ന്, 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ ധാര്‍മ്മികത'യെത്തുടര്‍ന്നുള്ള ചരിത്രത്തിനുമേല്‍ ഒരു വിഗഹവീക്ഷണം നടത്തിയാല്‍ കാണാനാകും. ഇന്നു മനുഷ്യനും പ്രകൃതിക്കും വിനാശമൊരുക്കി സര്‍വ്വശക്തമായി കൊമ്പുകുലുക്കിനില്‍ക്കുന്ന ആഗോളകമ്പോളവ്യവസ്ഥിതിയുടെ അസ്തിവാരവും ഈ പ്രൊട്ടസ്റ്റന്റ് മതസിദ്ധാന്തമാണെന്നു വിലയിരുത്തിയാല്‍ അതും തെറ്റാകാനിടയില്ല.
ലൂഥര്‍ തൊടുത്തുവിട്ട സഭാനവീകരണത്തിന്റെ അലകളില്‍നിന്ന് പാഠം പഠിക്കാനോ തിരുത്താനോ റോമന്‍ കത്തോലിക്കാസഭ ഒട്ടും തയ്യാറാകാതിരുന്നതാണ് ലോകചരിത്രത്തില്‍ സംഭവിച്ച മറ്റൊരു ദുരന്തം. യേശുവിന്റെപേരില്‍ അറിയപ്പെട്ട ആ സഭ കൂടുതല്‍ പൈശാചികഭാവങ്ങളണിയാനാണ് പ്രൊട്ടസ്റ്റന്റ് നവീകരണസംരംഭം പ്രേരിപ്പിച്ചത്. ലൂഥറിനെയും അനുയായികളെയും പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തെയും എങ്ങനെയും ഇല്ലായ്മചെയ്യുക എന്നതായിത്തീര്‍ന്നു, അതിന്റെ ലക്ഷ്യം. പോപ്പില്‍നിന്നു പല രാജാക്കന്മാരും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിരുന്നു എന്നതുകൊണ്ടുമാത്രം കത്തോലിക്കാസഭയ്ക്ക് അതിനു കഴിഞ്ഞില്ല എന്നേയുള്ളൂ. ഏതായാലും, യൂറോപ്പുമുഴുവന്‍ നിറഞ്ഞുനിന്നിരുന്ന ഏകമതം രണ്ടായി പിളര്‍ന്നു. പിന്നീട് പലതായി ചിതറി. കത്തോലിക്കാവിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗവും തമ്മില്‍ 1518 മുതല്‍ 1648 വരെ ഇടതടവില്ലാതെ യുദ്ധങ്ങള്‍ നടന്നു.
പ്രൊട്ടസ്റ്റന്റ് നവീകരണമുന്നേറ്റത്തെ തടയാനും കത്തോലിക്കാസഭയെ പുനരുദ്ധരിക്കാനുമായി 'കത്തോലിക്കാനവീകരണം' (Catholic Reformation) എന്ന പേരില്‍ വിപുലമായ ഒരു ബദല്‍ നവീകരണ (Counter Reformation) നീക്കമുണ്ടായത്, മറ്റൊരു വശത്തുകൂടെ ലോകത്തില്‍ വീണ്ടും വിനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കാനിടയാക്കി. 1545-ലാരംഭിച്ച ത്രെന്തോസ്‌സൂനഹദോസ്, മാര്‍പാപ്പായ്ക്കു യൂറോപ്പില്‍ നഷ്ടപ്പെട്ട അധികാരം ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ തീരുമാനിച്ചു. ഈശോസഭ സ്ഥാപിച്ച്, കത്തോലിക്കാസഭയിലൂടെമാത്രമേ ആത്മരക്ഷസാധ്യമാകൂ എന്നു പ്രചരിപ്പിച്ചുള്ള സുവിശേഷവേല മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിച്ചു. മറ്റു പല രാജ്യങ്ങള്‍ക്കുമൊപ്പം, ഇന്ത്യയില്‍ ഗോവയിലും കേരളത്തിലും റോമന്‍ കത്തോലിക്കാസഭ അനധികൃതമായി കടന്നുകയറി. ഇന്ത്യന്‍ ദേശീയസഭയായിരുന്ന കേരളത്തിലെ നസ്രാണിസഭയെ അത് ഏതെല്ലാം തരത്തില്‍ വലയ്ക്കുകയും ഉലയ്ക്കുകയും തകര്‍ക്കുകയും ചിതറിക്കുകയും ചെയ്തുവെന്നത് നസ്രാണികള്‍ക്ക് അറിവുള്ളതാണല്ലോ. ഭാരതസഭ ഇന്നും നേരിടുന്ന പ്രശ്‌നങ്ങളുടെയെല്ലാം തായ്‌വേര് ഇവിടുത്തെ സഭ ഇപ്രകാരം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു എന്നതാണ്. ത്രെന്തോസ് സൂനഹദോസിന്റെതന്നെ തീരുമാനപ്രകാരമായിരുന്നു, മതദ്രോഹവിചാരണ (inquisition) കര്‍ക്കശമാക്കി ലക്ഷക്കണക്കിനു മനുഷ്യരെ പച്ചയ്ക്കു കത്തി
ച്ചതും അനവധി ഗ്രന്ഥങ്ങള്‍ നിരോധിതഗ്രന്ഥങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിലക്കിയതും ചാരമാക്കിയതും.
വ്യാവസായികമായും സാമ്പത്തികമായും മുന്നേറിയ പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളും മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കും കച്ചവടത്തിനുമായി മറ്റു രാജ്യങ്ങളിലെത്തുകയും കോളനികള്‍ സ്ഥാപിക്കുകയുംചെയ്തു. അങ്ങനെ, ഒരു വശത്തുകൂടി പാശ്ചാത്യകത്തോലിക്കാസഭയും മറുവശത്തുകൂടി പാശ്ചാത്യപ്രൊട്ടസ്റ്റന്റ് സഭകളും ലോകത്തെ വളഞ്ഞുപിടിച്ച് പാശ്ചാത്യനാഗരികതയുടെ ധൃതരാഷ്ട്രാലിംഗനത്തിനു വിധേയമാക്കുകയായിരുന്നു; ലോകത്തില്‍ മത-മാനുഷികമൂല്യങ്ങളെ ബലികഴിച്ച് കച്ചവടമൂല്യങ്ങളെ വാഴിക്കുകയായിരുന്നു; ദൈവരാജ്യത്തെ ചക്രവാളസീമകളിലേക്കു തള്ളിയകറ്റി മാമോന്‍രാജ്യത്തെ വ്യവസ്ഥാപിക്കുകയായിരുന്നു.
അതുകൊണ്ട്, മാര്‍ട്ടിന്‍ ലൂഥറും ജോണ്‍ കാല്‍
വിനും അവരുടെ അനുയായികളും യൂറോപ്പില്‍ കൊണ്ടുവന്ന മതനവീകരണത്തില്‍നിന്ന് മഹത്തായ ഒരു പാഠവും പഠിക്കാനുണ്ടെന്നു തോന്നുന്നില്ല. പഠിക്കാനുണ്ടാകുമായിരുന്നു, യേശുവിനന്യവും സ്വാര്‍ത്ഥപരവുമായ ആത്മരക്ഷാസിദ്ധാന്തങ്ങള്‍ക്കുപകരം, യേശുവിന്റെ സ്‌നേഹവചസ്സുകളെയും മനുഷ്യന്റെ ദൈവരാജ്യദൗത്യത്തെയുമായിരുന്നു പ്രൊട്ടസ്റ്റന്റ് സഭയില്‍ പ്രതിഷ്ഠിച്ചിരുന്നതെങ്കില്‍. ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ടാകുമായിരുന്നു, ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാമെന്നു സ്ഥാപിച്ച 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ധാര്‍മ്മികത' എന്ന സിദ്ധാന്തത്തിനുപകരം, സഹവര്‍ത്തിത്വത്തിലും പങ്കുവയ്ക്കലിലും ഒന്നായിപുലരാന്‍ മനുഷ്യരെ പ്രചോദിപ്പിക്കുന്ന യഥാര്‍ത്ഥ ആത്മീയദര്‍ശനം അതു മുന്നോട്ടു വച്ചിരുന്നുവെങ്കില്‍. അങ്ങനെയൊക്കെയാണു സംഭവിച്ചിരുന്നതെങ്കില്‍, അത് ആദിമസഭയുടെ അന്നത്തെ സമകാലികപുനരാവിഷ്‌കരണമാകുമായിരുന്നു. ആ സഭ ഒരിക്കലും ഒരു വിഭാഗത്തെയും ഒരു ജനതയെയും ചൂഷണം ചെയ്യാനോ അടിമപ്പെടുത്താനോ തയ്യാറാകുമായിരുന്നില്ല. പകരം, പരസ്പരം പടുത്തുയര്‍ത്തുവാനുള്ള അപാരമായ ധാര്‍മ്മികശക്തി പ്രസരിപ്പിക്കുമായിരുന്നു.
ഒരുപക്ഷേ ഇന്ത്യയുടെ ആദ്ധ്യാത്മികവളക്കൂറുള്ള മണ്ണിലാകാം, യഥാര്‍ത്ഥ സഭാനവീകരണത്തിനു സാധ്യതയുള്ളത്. കാരണം, 10-11 നൂറ്റാണ്ടുനീണ്ട അന്ധകാരകാലഘട്ടം കേവലം ബഹിര്‍മുഖമാക്കിത്തീര്‍ത്ത പാശ്ചാത്യമനസ്സുകളേക്കാള്‍ യേശുവിനെ മനസ്സിലാക്കാനുള്ള ദാര്‍ശനികമായ ആഴം ഇന്ത്യന്‍ മനസ്സുകള്‍ക്കുണ്ട്.  രാമകൃഷ്ണപരമഹംസര്‍, വിവേകാനന്ദന്‍, രംഗനാഥാനന്ദസ്വാമികള്‍, ഓഷോ രജനീഷ്, ഗാന്ധിജി, ജെ.സി.കുമരപ്പ മുതല്‍, ഇങ്ങേയറ്റം 'സുവിശേഷങ്ങള്‍ വേദാന്തദൃഷ്ടിയില്‍' എന്ന ഗ്രന്ഥമെഴുതിയ മുനിനാരായണപ്രസാദുവരെ ഇതിനുദാഹരണങ്ങളാണ്. അടിച്ചേല്‍പ്പിക്കപ്പെട്ട അന്യപൈതൃകഭൂതാവേശങ്ങളെ ഉച്ചാടനം ചെയ്‌തൊഴിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ വിജയിച്ചാല്‍, നഷ്ടപ്പെട്ടുപോയ ഈ ആഴം അവര്‍ക്കു തിരിച്ചുകിട്ടിയേക്കാം. അതോടെ യേശുസൂക്തങ്ങളെ അവയുടെ തനിമയില്‍ കാണാനും തങ്ങളുടെ തനിമയിലേക്ക് അവയെ ഉള്‍ക്കൊണ്ട് അതനുസരിച്ചു ജീവിക്കുവാനും ഇവിടുത്തെ ക്രൈസ്തവര്‍ക്കു കഴിഞ്ഞെന്നുവരാം. ഇന്ത്യയുടെ സാംസ്‌ക്കാരികഭൂമികയില്‍ ഒരു ദേശീയ സഭതന്നെ രൂപപ്പെട്ടുവെന്നു വരാം.
ദണ്ഡവിമോചനവില്പനയെന്ന കുടിലത നിറഞ്ഞ മതചൂഷണം ദൈവദോഷമാണെന്നു സധൈര്യം പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയുംചെയ്ത മാര്‍ട്ടിന്‍ ലൂഥറും അനുയായികളും സഭയില്‍ കൊണ്ടുവന്ന നവീകരണത്തിന്റെ അന്നത്തെ പ്രസക്തിയെ അംഗീകരിക്കുമ്പോള്‍ത്തന്നെ, അതു കേവലം ഭാഗികമായിരുന്നെന്നും, യേശുവിന്റെ ദര്‍ശനത്തെ സമഗ്രമായി ഉള്‍ക്കൊള്ളാന്‍ അതിനു കഴിയാതിരുന്നതിനാല്‍ അതു ഗുണങ്ങളേക്കാള്‍ ദോഷങ്ങളാണ് ലോകത്തിനു സമ്മാനിച്ചതെന്നും സമര്‍ത്ഥിക്കാനാണ് ഇവിടെ ശ്രമിച്ചത്. ഒരു സമഗ്രദര്‍ശനത്തിന്റെ അടിത്തറയില്ലാത്തതിനൊന്നും ഒരു മതമെന്ന നിലയില്‍ നിലനില്‍പ്പില്ലതന്നെ.

സഭാനവീകരണം ഇന്ത്യന്‍ പശ്ചാത്തലത്തില്‍



ചര്‍ച്ചാസമ്മേളനം -KCRM പ്രതിമാസപരിപാടി - പാലാ


2017 ഒക്‌ടോബര്‍ 28, ശനിയാഴ്ച ഉച്ചയ്ക്കു 2 മണിക്ക്



പാലാ ടോംസ് ചേമ്പര്‍ ഹാളില്‍

അദ്ധ്യക്ഷന്‍        :           സി.വി. സെബാസ്റ്റ്യന്‍        മ്ലാട്ടുശ്ശേരില്‍ (KCRM പ്രസിഡന്റ്)
വിഷയാവതരണം            :           പ്രൊഫ. ജോണ്‍ എം.ഇട്ടി ('വിചാര', മാവേലിക്കര)
അനുബന്ധപ്രസംഗങ്ങള്‍   :           എസ്.ജെ. അനന്ത് (ആത്മയോഗ് ജ്ഞാനസാധനാപ്രബോധകന്‍, പരിശീലകന്‍)
                        ജോസാന്റണി മൂലേച്ചാലില്‍ ('അത്മായശബ്ദം' ബ്ലോഗ് അഡ്മിനിസ്‌ട്രേറ്റര്‍)
                        പ്രൊഫ. പി.സി. ദേവസ്യ (സെക്രട്ടറി, KCRM - തൊടുപുഴ യൂണിറ്റ്)
പ്രതികരണപ്രസംഗങ്ങള്‍  :           KCRM ഭാരവാഹികള്‍, സദസ്യരില്‍നിന്നുള്ളവര്‍
ബഹുമാന്യരേ,
പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനു തുടക്കംകുറിച്ചിട്ട് ഈ മാസം 31-ന് 500 വര്‍ഷം തികയുന്നു. ഈ നവീകരണവിപ്ലവത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെ, 2017 ജനുവരിയില്‍ ഫാ. ജോസ് കളീക്കലിന്റെ നേതൃത്വത്തില്‍ ഈ വിഷയം നാം മുമ്പു ചര്‍ച്ച ചെയ്തിരുന്നുവല്ലോ. 'സത്യജ്വാല'യുടെ ഈ ലക്കം ഇതു സംബന്ധിച്ചുള്ള ഒരു വിശേഷാല്‍പ്പതിപ്പാക്കിയിരിക്കുന്നതും അതേ ലക്ഷ്യത്തോടെയാണ്.
ഇതിന്റെയെല്ലാം തുടര്‍ച്ചയായി, അതിപ്രധാനമായ മറ്റൊരു ചര്‍ച്ചാസമ്മേളനംകൂടി ഇതുമായി ബന്ധപ്പെട്ടു നാം നടത്തുകയാണ്. യേശുവിന്റെ പഠിപ്പിക്കലുകളെ തമസ്‌ക്കരിച്ചുകൊണ്ട് യേശുപൂജയില്‍ മുഴുകി ലോകത്തിനു ദോഷമായിത്തീരുകയും സ്വയം തകരുകയും ചെയ്തുകൊണ്ടിരിക്കുകയാണ് എല്ലാ പാശ്ചാത്യക്രൈസ്തവസഭകളും എന്നത് ഇന്നിന്റെ അനുഭവമാണ്. ഈ സാഹചര്യത്തില്‍ ഇനിയും ഈ സഭകളെ ചുമക്കാതെ, നമ്മുടെയെല്ലാം പൈതൃകമായ ഇന്ത്യന്‍ ആദ്ധ്യാത്മികപശ്ചാത്തലത്തില്‍ യേശുവചസ്സുകളെ മനസ്സിലാക്കി തനതായി നീങ്ങാന്‍ സാധിക്കുമോ; എങ്കില്‍ അതെങ്ങനെവേണം മുതലായ കാര്യങ്ങളാണ് ഈ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നത്.
ഈ ചര്‍ച്ചയില്‍ ഭാഗഭാക്കാകാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
ആദരപൂര്‍വ്വം
              ഷാജു ജോസ് തറപ്പേല്‍ (സെക്രട്ടറി,KCRM) 
ഫോണ്‍: 9496540448