Translate

Monday, August 3, 2020

സ്പിനോസയുടെ ദൈവം!


[17-ാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ഫിലോസഫര്‍ സ്പിനോസ (Baruch De Spinoza) യുടെആര്‍ക്കും ഹൃദ്യമായേക്കാവുന്ന ദൈവസങ്കല്പം - സ്വന്തം തര്‍ജമ, എഡിറ്റര്‍]

ദൈവത്തിന്റെ സഹജസ്വഭാവത്തെക്കുറിച്ച് സ്പിനോസാ ഇങ്ങനെ പറയുന്നു:

''ദൈവം ഇങ്ങനെ പറഞ്ഞേനെ: 

'നിങ്ങളിങ്ങനെ നെഞ്ചത്തടിച്ചു പ്രാര്‍ത്ഥിക്കാതിരിക്കുക. നിങ്ങള്‍ ഈ ലോകത്തിലേക്കിറങ്ങിച്ചെന്ന് നിങ്ങളുടെ ജീവിതം ആസ്വദിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങള്‍ക്കായി ഞാന്‍ ചെയ്തുവച്ചിരിക്കുന്നതെല്ലാം ആസ്വദിച്ചുകൊണ്ട് നിങ്ങള്‍ ഉല്ലസിച്ചും പാടിയും വിനോദിച്ചും ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. നിങ്ങളുണ്ടാക്കിയ എന്റെ ആലയമെന്നു നിങ്ങള്‍ വിളിക്കുന്ന മ്ലാനതനിറഞ്ഞ, ഇരുള്‍മൂടിയ, വിരക്തമായ ആ ക്ഷേത്രങ്ങളിലേക്കുള്ള പോക്ക് നിങ്ങള്‍ നിര്‍ത്തൂ! എന്റെ ആലയം പര്‍വ്വതനിരകളിലും കാടുകളിലും പുഴകളിലും തടാകങ്ങളിലും കടല്‍ത്തീരങ്ങളിലുമാണ്. നിങ്ങളോടുള്ള എന്റെ സ്‌നേഹം മുഴുവനും ഞാന്‍ പ്രകടിപ്പിക്കുന്നത് അവിടങ്ങളിലായിരുന്നുകൊണ്ടാണ്.'

'നിങ്ങളുടെ ദുരിതജീവിതത്തിന്റെ പേരില്‍ എന്നെ പഴിക്കാതിരിക്കുക. നിങ്ങള്‍ പാപിയാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഈ ഭീതി അവസാനിപ്പിക്കുക. ഞാന്‍ നിങ്ങളെ വിധിക്കുന്നില്ല, വിമര്‍ശിക്കുന്നില്ല; ഞാനൊരിക്കലും നിങ്ങളോട് കോപിച്ചിട്ടില്ല, യാതൊന്നും എന്നെ അലട്ടുന്നുമില്ല. നിങ്ങളെ ശിക്ഷിക്കാനുള്ള യാതൊരു പദ്ധതിയും ഞാന്‍ ആസൂത്രണം ചെയ്തിട്ടില്ല. ഞാന്‍ ശുദ്ധസ്‌നേഹമാണ്.'

'എന്നോടുള്ള ഈ ക്ഷമചോദിക്കല്‍ നിങ്ങള്‍ നിര്‍ത്തുക. ക്ഷമിക്കപ്പെടേണ്ടതായി യാതൊന്നുമില്ല.  ഞാനാണു നിങ്ങളെ നിര്‍മ്മിച്ചതെങ്കില്‍, നിങ്ങളില്‍ ഒരു സ്വതന്ത്രമനസ്സും അതില്‍ വൈകാരികതയും സുഖങ്ങളും അനുഭൂതികളും ആഗ്രഹങ്ങളും പരിമിതികളും അസ്ഥിരതകളും നിറച്ചതും ഞാനാണ്. അപ്പോള്‍ എനിക്കെങ്ങനെ, ഞാന്‍ നിങ്ങളില്‍ നിക്ഷേപിച്ചവയുടെ തള്ളലില്‍ നിങ്ങളെന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്യുന്നതിന്റെ പേരില്‍ നിങ്ങളെ പഴിക്കാനാകും? ഞാനാണു നിങ്ങളുടെ നിര്‍മ്മാതാവെങ്കില്‍, ഞാന്‍ നിങ്ങളെ ഉണ്ടാക്കിയതുപോലെ നിങ്ങള്‍ ആയിരിക്കുന്നതില്‍ നിങ്ങളെയെങ്ങനെ എനിക്കു ശിക്ഷിക്കാനാകും? എന്റെ മക്കളായ നിങ്ങളെയെല്ലാം എന്തെങ്കിലും പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ ചുട്ടെരിക്കാനായി ഒരു സ്ഥലം എനിക്കു സൃഷ്ടിക്കാനാകുമെന്ന് നിങ്ങള്‍ കരുതുന്നുവോ? അതും അനന്തകാലത്തേക്ക്? ഏതുതരം ദൈവത്തിനാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുക?' 

'എല്ലാത്തരം കല്പനകളെയും നിയമങ്ങളെയും മറന്നുകളയുക. അതെല്ലാം നിങ്ങളെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും നിങ്ങളില്‍ കുറ്റബോധമുണ്ടാക്കുന്നതിനുമുള്ള കൗശലങ്ങള്‍മാത്രമാണ്.

'നിങ്ങളുടെ പ്രതിയോഗികളെയും ബഹുമാനിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരോടും ചെയ്യാതിരിക്കുക. ഞാന്‍ ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധിക്കണം എന്നതാണ്; നിങ്ങളുടെ ഉയര്‍ന്ന ജാഗ്രതയാണ് നിങ്ങളുടെ മാര്‍ഗ്ഗദര്‍ശി. ഈ ജീവിതം മാത്രമാണ് ഇവിടെയുള്ളത്; 'ഇവിടെ, ഇപ്പോള്‍' എന്നതുമാത്രമാണ് നിങ്ങള്‍ക്കാവശ്യമായിട്ടുള്ളതും.'

'ഞാന്‍ നിങ്ങളെയുണ്ടാക്കിയിരിക്കുന്നത് പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലാണ്. സമ്മാനങ്ങളോ ശിക്ഷകളോ ഇവിടെയില്ല; പാപമോ പുണ്യമോ ഇവിടെയില്ല. നിങ്ങളുടെ നേട്ടങ്ങള്‍ രേഖപ്പെടുത്താനോ അവാര്‍ഡു നല്‍കാനോ ഇവിടെയാരുമില്ല. നിങ്ങളുടെ ജീവിതം സ്വര്‍ഗ്ഗമോ നരകമോ ആക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.'

'ഈ ജീവിതത്തിനുശേഷം എന്തെങ്കിലുമുണ്ടോ എന്നു ഞാന്‍ പറയുന്നില്ല. എങ്കിലും ഒരു സൂചന തരാം. ഒന്നും ഉണ്ടാകില്ല എന്നപോലെ, ആസ്വദിക്കുവാനും സ്‌നേഹിക്കുവാനും അവനവനായി വര്‍ത്തിക്കുവാനും ഈ ഒരവസരമേയുള്ളൂ എന്നപോലെ ജീവിക്കുക. ഈ ജീവിതത്തിനുശേഷം ഒന്നുമില്ലെങ്കില്‍, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അവസരം നീ വേണ്ടതുപോലെ ആസ്വദിച്ചു. ഇനി അഥവാ എന്തെങ്കിലുമുണ്ടെങ്കില്‍, നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് അതു നന്നായിരുന്നോ മോശമായിരുന്നോ എന്നതിനെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ഒന്നും ചോദിക്കില്ല. പക്ഷേ ഞാന്‍ ചോദിക്കും; നിങ്ങള്‍ക്ക് ഈ ജീവിതം ഇഷ്ടമായോ? വേണ്ടത്ര ഉല്ലസിക്കുവാന്‍ കഴിഞ്ഞുവോ? എന്താണു നിങ്ങള്‍ ഏറ്റവുമധികം ആസ്വദിച്ചത്? എന്താണു നിങ്ങള്‍ പഠിച്ചത്?'

'എന്നില്‍വിശ്വസിക്കുന്നത് അവസാനിപ്പിക്കുക. വിശ്വസിക്കലില്‍ മുന്‍കൂറായ അനുമാനവും ഊഹവും ഭാവനയുമാണുള്ളത്. അതുകൊണ്ട്, നിങ്ങള്‍ എന്നില്‍ വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, നിന്റെ പ്രണയഭാജനത്തെ നീ ചുംബിക്കുമ്പോള്‍, ചെറുകുട്ടികളുമായി നീ കളിക്കുമ്പോള്‍, നിന്റെ പട്ടിയെ സ്‌നേഹത്തോടെ തലോടുമ്പോള്‍, കടലലയില്‍ നീന്തിക്കുളിക്കുമ്പോള്‍ ഒക്കെ എന്നെ അനുഭവിക്കണം (to feel) എന്നു ഞാനാഗ്രഹിക്കുന്നു.'

'എന്നെ പുകഴ്ത്തുന്നതു നിര്‍ത്തു. ഞാന്‍ അഹങ്കാരി (egotistical) ദൈവമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? നിങ്ങളുടെ പ്രശംസകള്‍കേട്ടു ഞാന്‍ മുഷിഞ്ഞിരിക്കുന്നു. നിങ്ങളുടെ നന്ദിപ്രകടനങ്ങളില്‍ ഞാന്‍ മടുത്തിരിക്കുന്നു. നിങ്ങള്‍ക്ക് കൃതജ്ഞത തോന്നുന്നുവോ? എങ്കില്‍, നിങ്ങളോടും നിങ്ങളുടെ ആരോഗ്യത്തോടും നിങ്ങളുടെ ബന്ധങ്ങളോടും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തോടുമുള്ള ശുഷ്‌കാന്തികൊണ്ട് അതു തെളിയിക്കുക. നിങ്ങളില്‍ അത്യുത്സാഹം കവിഞ്ഞൊഴുകുന്നുവോ? എങ്കില്‍അത് ആനന്ദപ്രകടനമായി പ്രകാശിക്കട്ടെ! അതാണ് എന്നെ പ്രശംസിക്കാനുള്ള മാര്‍ഗ്ഗം.'

'നിങ്ങള്‍ ഇവിടെയുണ്ട് എന്നതും, നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നതും, അത്ഭുതങ്ങള്‍ നിറഞ്ഞ ഒന്നാണ് ഈ ലോകമെന്നതും മാത്രമാണ് നിങ്ങള്‍ക്കു തീര്‍ച്ചയുള്ള കാര്യം. ഇനിയും കൂടുതല്‍ അത്ഭുതങ്ങള്‍ നിങ്ങള്‍ക്കെന്തിന്? ഇനിയുമെന്തിനാണ് കൂടുതല്‍ വിശദീകരണങ്ങള്‍?'

'എന്നെ പുറത്തന്വേഷിക്കാതിരിക്കുക; നിങ്ങള്‍ കണ്ടെത്തുകയില്ല. നിങ്ങളുടെ ഉള്ളില്‍ എന്നെ കണ്ടെത്തുക... ഞാന്‍ നിന്നില്‍ നിനക്കുവേണ്ടി മിടിച്ചുകൊണ്ടിരിക്കുകയാണ്.'

No comments:

Post a Comment