Translate

Saturday, August 29, 2020

ശീശ്മയും പാഷണ്ഡതയും


ജോസഫ് പുലിക്കുന്നേൽ

(ഓശാന മാസികയിൽ 30 വർഷം മുമ്പ് എഴുതിയത്)

ശീശ്മയും പാഷണ്ഡതയും എന്താണ് എന്നു ചേദിച്ചുകൊണ്ട് കുറെ മാസങ്ങൾക്കു മുമ്പ് ഒരു കത്തു ലഭിക്കുകയുണ്ടായി. ഇപ്പോൾ അതിന് ഉത്തരം പറയേണ്ട കാലമായി എന്നു തോന്നുന്നു.

മെത്രാന്മാരുടെ ഇടയിലെ ലിറ്റർജി വഴക്കിന്റെ പശ്ചാത്തലത്തിൽ ശീശ്മയെക്കുറിച്ച് പഠിക്കാൻ ഭാവനയുടെ സ്വപ്നവിമാനത്തിൽ സഞ്ചരിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്.

തിരുവിതാംകൂർ, കൊച്ചി എന്നിങ്ങനെ രണ്ടു രാജ്യങ്ങളും ഈ രണ്ടു രാജ്യങ്ങളിലും കത്തോലിക്കർ മാത്രവും ജീവിക്കുന്നു എന്ന് ഭാവനയിൽ കാണുക.

തിരുവിതാംകൂറിന്റെ രാജാവ് മഹാമഹിമശ്രീ കോര! കൊച്ചിയുടെ മഹാരാജാവ് മഹാമഹിമശ്രീ ചേറു!

ലിറ്റർജിവഴക്ക് ആരംഭിക്കുകയായി.

കോര രാജാവിന്റെ ഭരണസീമയിലുള്ള തിരുവിതാംകൂറിലെ പ്രമുഖമായ കാഞ്ഞിരപ്പള്ളി, പാലാ, കോടമംഗലം, ചങ്ങനാശ്ശേരി രൂപതകളിലെ മെത്രാന്മാർ കുർബ്ബാന ചൊല്ലുന്നത് ജനങ്ങളോട് പൃഷ്ഠം തിരിഞ്ഞായിരിക്കണം എന്നു വാദിക്കുന്നു.

എന്നാൽ കൊച്ചിയിലെ ചേറു രാജാവിന്റെ ഭരണസീമയിൽപ്പെട്ട എറണാകുളം, തൃശൂർ രൂപതയിലെ മെത്രാന്മാർ കുർബ്ബാന ജനങ്ങൾക്ക് മുഖാഭിമുഖമായി ചൊല്ലണമെന്നു വാദിക്കുന്നു. എല്ലാ മെത്രാന്മാരും കൂടി സൂനഹദോസു വിളിച്ചു കൂട്ടുന്നു. സൂനഹദോസിൽ തിരുവിതാംകൂറിൽ നിന്നുള്ള മെത്രാന്മാർ വോട്ടിംങ്ങിൽ പരാജയപ്പെടുന്നു!

തിരുവിതാംകൂർ മെത്രാന്മാർക്ക് നാണക്കേട്!!

തിരുവിതാംകൂർ മെത്രാന്മാർ കിഴക്കുനിന്നാണ് ദൈവം വരുന്നത് എന്നും ജനങ്ങളോട് പൃഷ്ഠമ തിരിഞ്ഞ് കുർബ്ബാന ചൊല്ലുന്നതാണ് ദൈവത്തിനിഷ്ടം എന്നും ഉള്ള വാദത്തിൽ ഉറച്ചുനില്ക്കുന്നു. തിരുവിതാംകൂർ ഭാഗത്താണ് എല്ലാ പുരോഹിതർക്കും പരിശീലനം കൊടുക്കുന്ന വാഴക്കാട്ട് സെമിനാരി സ്ഥിതി ചെയ്യുന്നത്. ന്യായമായും ഈ സെമിനാരിയിലെ പണ്ഡിതന്മാരിൽ ഭൂരിപക്ഷവും തിരുവിതാംകൂറിലെ മെത്രാന്മാർക്ക് പിന്തുണ നല്കുന്നവരായിരുന്നു.

ഇവർ തിരുവിതാംകൂർ മെത്രാന്മാരുടെ വാദത്തെ ബൈബിളിലൂടെ സ്ഥാപിക്കുന്നതിനുവേണ്ടി തിയോളജിയെ ആശ്രയിക്കുകയായി!!!

റവ.ഡോ.ചൊരക്കാ, ദിക്കോളജിയെക്കുറിച്ച് (ദിക്ക്=ദിശ, ഓളജി=ശാസ്ത്രം)ദീർഘമായ പ്രബന്ധം ചരിക്കുന്നു. ബൈബിളിലെ കിഴക്ക്ക് എന്ന പദംമാത്രം ഡോ.ചൊരക്കാ കൊൺകോർഡൻസിൽ നിന്നും കണ്ടുപിടിച്ച് എസെക്കിയേലും ജെറമിയായും എല്ലാം കിഴക്കിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതുകൊണ്ട് പുരോഹിതൻ കിഴക്കോട്ട് നോക്കി കുർബ്ബാന ചൊല്ലണം എന്ന ''ദിക്കോളജി പ്രബന്ധം'' അവതരിപ്പിക്കുന്നു. ഈ ഗ്രന്ഥത്തിൽ ''എസ്‌കജറ്റിക്‌സ് ഹെർമന്യൂട്ടിക്‌സ്, എസ്‌കറ്റോളജിക്കൽ, സോററ്റോറോളജിക്കിൽ, ന്യൂമറോളജിക്കൽ''മുതലായ പണ്ഡിതപദങ്ങൾ വാരിവിതറുന്നു. അങ്ങനെ ഡോ. ചൊരക്കാ തിരുവിതാംകൂറിലെ ഏറ്റവും വലിയ തിയോശജിയനായി തിരുവിതാംകൂർ മെത്രാന്മാർ  അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ ദൈവശാസ്തരസംഭാവന: ദിക്കോളജി.

അവിടംകൊണ്ടും തീരുന്നില്ല പാണ്ഡിത്യപ്രകടനം! ഡോ. പടവലങ്ങാ വേറൊരു വലിയ തിയോളജി അവതരിപ്പിക്കുന്നു: പൃഷ്‌ഠോളജി. അദ്ദേഹം ബൈബിൾ കോൺകോർഡൻസ് നിവത്തിവയ്ക്കുന്നു. പൃഷ്ഠം എന്ന വാക്ക് ബൈബിളിലെവിടെയെല്ലാം ഉണ്ടോ അതെല്ലാം കണ്ടുപിടിക്കുന്നു. മോശ സീനായ് മയിലേക്ക് നടന്നുപോയപ്പോൾ ദൈവജനമായ ഇസ്രായേൽ മോശയുടെ പൃഷ്ഠമാണ് കണ്ടെതെന്നും എസ്‌കർറ്റോളജി അനുസരിച്ച് അത് ശാശ്വത പ്രതീകമാണെന്നു#ം അദ്ദേഹം വാദിക്കുന്നു. യേശു തന്റെ പരമപരിഹാരബലി അർപ്പിച്ചത് കുരുശിലാണല്ലോ യേശുവിന്റെ പുരോഭാഗം കുരിശിനോടു അഭിമുഖമായതിനാൽ പുരോഹിതൻ തന്റെ കുരിശായ ജനങ്ങളോട് ഭൃഷ്ഠാഭിമുഖമായി നൽക്കണമെന്നും തർപ്പിച്ച് എഴുതുന്നു!!! അങ്ങനെ തിയോളജിയിലെ ഒരു പ്രധാന ഘടകമായി പൃഷ്‌ടോളജി വികസിക്കുന്നു.

അതേ സെമിനാരിയിലെ ഡോ. കുമ്പളങ്ങയ്ക്ക് തന്റെ വിജ്ഞാന വിരേചന നടത്താതെ തരമില്ല. അദ്ദേഹം ''മുട്ടോളജി''യെകുറിച്ചാണെഴുതുന്നത്. കുർബാന ഉയർത്തപ്പോൾ കാസായുടെ അടിയിൽ പീലാസാ മുന്നുപ്രാവശ്യം മുട്ടു#േണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തിയോളജി അദ്ദേഹം ആവിഷ്‌കരിക്കുന്നു. അതിന്റെ പ്രതീകാത്മകതയെക്കുറിച്ച് അദ്ദേഹം വികാരവിവശനായി പ്രഖ്യാപിക്കുന്നു. ''യേശുവിന്റെ രണ്ടു കൈകളിലും കാലുകളിലും മുന്നാണി ചുറഅറികകൊണ്ടു മുട്ടികയറ്റിയതിന്റെ പ്രതീകമാണ് ഈ കാസ -പീലാസ മുട്ടൽ എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ''മുട്ടൽ'' ''മൂന്ന്'' എന്നീ പദങ്ങൾ കോൺകോൽസിൽ കണ്ടുപിടിച്ച് അവയെ സമന്വയിപ്പിക്കുന്നു അങ്ങനെ ദൈവജനത്തെ അഭിമുഖീകരിച്ച് കുർബാന ചൊലില്ലണമോ പൃഷ്ഠാഭിമുഖമായി  കുർബ്ബാന ചൊല്ലണമോ എന്ന സൗകര്യത്തിന്റെ പ്രശ്‌നം വമ്പിച്ച തിയോശജിക്കൽ പ്രശ്‌നമായി മാറുന്നു.

കോര രാജാവ്

തിരുവിതാംകൂർ രാജാവ് മഹാമഹിമ ശ്രീ കോര, കൊച്ചി രാജ്യം പിടിച്ചടുക്കാൻ ഒരു പഴുതു അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദ്യപാനിയും ജനങ്ങളെ നിഷ്‌കരുണം അടിച്ചമർത്തുന്നവനും പത്ത് രഹസ്യഭാര്യമാരുഉള്ള ആ വ്ശ്വാസിയായ കോര രാജാവ് ഇതു തന്നെ അവസരം എന്ന് മനസ്സിലാക്കുന്നു. തുടർന്ന് കോര രാജാവ് പൃഷ്ഠാഭിമുഖവാദികളായന്യൂനപക്ഷ മെത്രാന്മാരുടെ ഒരു സൂനഹദോസ് കാഞ്ഞിരപ്പള്ളിയിൽ വിളിച്ചുകൂട്ടുന്നു. രാജാവിന്റെ രക്ഷാകർത്തൃത്ത്വത്തിൽ കൂടുന്ന ഈ സൂനഹദോസിൽ വച്ച് ഒരു കാനോന മെത്രാന്മാർ പാസ്സാക്കുന്നു. ''പുരോഹിതൻ കിഴക്കോട്ട് നോക്കി കുർബാന ചൊല്ലാണ്ടായെന്നും ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് കുർബാന ചൊല്ലേണ്ടതെന്നും ആരെങ്കിലും വിശ്വസിക്കുകയോ പറയുകയോ അങ്ങനെ ചെയ്യുകയോ ചെയ്താൽ അത് നമ്മുടെ പിതാക്കന്മാരുടെ പഠനത്തിനും പാരമ്പര്യത്തിനും വിരുദ്ധമാകായാൽ അവന് ശാപം. അവർ അക്കാരണത്താൽതന്നെ മഹറോനിൽ ഉൽപ്പെടുന്നു.''

കാഞ്ഞിരപ്പള്ളി സൂനഹദോസിന്റെ തീരുമാനമുസരിച്ച് എറണാകുളം മെത്രാനും തൃശൂർ മെത്രാനും സഭയിൽനിന്ന് ഔട്ട്. കൊച്ചി മഹാരാജാവ്  അപകടം മനസ്സിലാക്കുന്നു. ''ഭൂരിപക്ഷ''മെത്രാന്മാരുടെ സൂനഹദോസ് കൊച്ചിയിൽനിന്ന് വിളിച്ചുകൂട്ടുന്നു. അവിടെയും പാസ്സാക്കുന്ന#ു ഒരു കാനോന. ''കുർബാന ചൊല്ലുമ്പോൾ കിഴക്കോട്ടു തിരിയുകയോ ജനങ്ങളോട് പൃഷ്ഠാഭിമുഖമായി നിൽക്കുകയോ ചെയ്താൽ അവന് ശാപം.''

പ്രശ്‌നം തിരുസഭയുടേതാകുന്നു. സത്യരാജാക്കന്മാരുടേതായിതീരുന്നു. തിരുവിതാംകൂറിലെ കോര രാജാവ് സത്യമാർഗത്തിൽനിന്ന് വ്യതിടലിച്ച് കൊച്ചിയിലെ ചേറു രാജാവിനെതിരായി കുരിശു യുദ്ധം പ്രഖ്യാപിക്കുന്നു. കേര രാജാവിന്റെ പടിയണിയിൽ ചേരുന്നവരക്കെല്ലാം പൂർണ ദണ്ഡവിമോചനം മെത്രാന്മാർ പ്രഖ്യാപിക്കുന്നു. ഇടവകിയെ വികാരിമാരോട് ഈ കുരിശുയുദ്ധത്തിന് ആളും അർത്ഥവും സംഭാവന ചെയ്യാൽ പ്രസംഗിക്കുന്നതിന് തിരുവിതാംകൂർ മെത്രാന്മാർ കല്പന ഇറക്കുന്നു. കൊച്ചിരാജാവും അതു തന്നെ ചെയ്യുന്നു. പുറക്കാട്ട് വച്ച് രണ്ടു സൈഡിലും ഏറ്റുമുട്ടുന്നു. കൊച്ചിരാജാവ് പരാജയപ്പെടുന്നു. കൊച്ചി ചേറു രാജാവിന് പകരം അവിടുത്തെ പോലീസ് ഇൻസ്പക്ടർ ചാക്കുണ്ണിയെ മഹാരാജാവായി തിരുവിതാംകൂർ മെത്രാന്മാർ അഭിഷേജചിക്കുന്നു. എറണാകുളം തൃശൂർ രൂപതകളിലേയ്ക്ക് പൃഷ്ടകുർബാനയുടെ തിയോളജി മനസ്സിലാക്കുന്ന മെത്രാന്മാരെ നിയോഗിക്കുന്നു. ഇവിടുത്തെ മെത്രാന്മാർ ശീശ്മക്കാരായും പാഷണ്ഡതക്കാരുമായും പ്രഖ്യാപിച്ചുകൊണ്ട് വാഴക്കാട് സെമിനാരിയിലെ ചരിത്രപണ്ഡിതനായ ഡോ. പാവയ്ക്ക് ചരിത്രമെഴുതി. അങ്ങനെ കേരളസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ശീശ്മ 1985-ൽ പൊട്ടിപുറപ്പെടുന്നു.

വാൽക്കഷണം

എറണാകുളം തൃശൂർ മെത്രാന്മാർ മുഖാമുഖം കുർബാനയിൽ വിശ്വസിക്കുന്ന സത്യവിശ്വാസികളുമായി ഓടി തമിഴ്‌നാട്ടിൽ അഭയം പ്രാപിക്കുന്നു. അവിടെ ഗോതമ്പുകൃഷിയും പഞ്ഞപുല്ലുകൃഷിയും നടത്തി കഷ്ടിമുഷ്ടി കഴിഞ്ഞുകൂടുന്നു. തിരുവിതാംകൂറിലെ വിശ്വാസികൾ എസ്റ്റേറ്റും കച്ചവചടവും ബ്ലേഡുകമ്പനിയും അബ്കാരി കോൺട്രാക്ടറുമായി സമ്പന്നരാവുന്നു.  ജനം സമ്പന്നരാവുന്നതോടൊപ്പം തിരുവിതാംകൂർ മെത്രാന്മാരും സമ്പന്നരാവുന്നു. കാരണം (സമ്പത്ത് ദൈവദാനമാണെന്നാണല്ലോ) കാലം പിന്നെയും കഴിയുന്നു. പരസ്പര ശാപം തുടർന്നുകൊണ്ടുതന്നെയിരിക്കുന്നു. ''ദിക്കോളജി, മുട്ടോളജി, പൃഷ്‌ഠോളജി'' മുതലായ തിയോളജി എഴുതിയ ഡോ. ആകാശവെള്ളരി, ഡോ.പടവലങ്ങ, ഡോ.കുമ്പളങ്ങ എന്നിവർ മരിക്കുന്നു. അവരെ മെത്രാന്മാർ വേദപാരംഗതന്മാരും വിശുദ്ധരും സഭാപിതാക്കന്മാരുമായി പ്രഖ്യാപിക്കുന്നു.

ക്രിസ്തുവർഷം 2385

തിരുവിതാംകൂർ മെത്രാന്മാർ മറ്റൊരാക്രമണത്തിന് തയ്യാറെടുക്കുന്നു. തങ്ങളിൽനിന്ന് വിശ്വാസപരമായി പിരിഞ്ഞ സഹോദരന്മാർക്കുവേണ്ടി പ്രാർഥന ആരംഭിക്കുന്നു. അവരുടെ ആത്മരക്ഷയിൽ അതീവഉത്സകരാകുന്നു. സമാധാനത്തിന്റെ വെള്ളപ്രാവിനെ തമിഴ്‌നാട്ടിലേയ്ക്ക് അയക്കുന്നു. ഗോതമ്പും പഞ്ഞപുല്ലും തിന്ന് കടലിൽ കഴിയുന്ന തമിഴിനാട് മെത്രാൻ പുനരൈക്യത്തിന് തയ്യാറാകുന്നു. അദ്ദേഹം തിരുവിതാംകൂറിൽ എത്തുന്നു. ദൈവീനുഗ്രഹമായി ലഭിച്ച മെത്രാന്മാരുടെ വമ്പിച്ച അരമനകൾ കാണുന്നു.

പക്ഷേ, ഒരു പ്രശ്‌നം ഇത്രയും നാൾ മുഖാഭിമുഖമായി കുർബാന ചൊല്ലികൊണ്ടിരുന്ന തങ്ങൾ ഇനി എങ്ങനെ പൃഷ്ഠാഭിമുഖമായി കുർബാന ചൊല്ലും.? തിയോളജിയൻമാർ ഓടിഎത്തുന്നു. 400 കൊല്ലം മുമ്പ് 1985ൽ നടന്ന പൃഷ്ഠകുർബാന സംവാദത്തിൽ വിശ്വാസപരമായ അടിസ്ഥാന പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും അത് ടെർമിനോളജിയുടെ പ്രയോഗത്തിലൂടെ വന്ന അർഥ വ്യത്യാസത്തിന്റെ തെറ്റിദ്ധാരണയിൽനിന്നും വന്നതാണെന്ന് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ഒരു പുതിയ റീത്ത് അവർക്കായി അനുവദിക്കണം എന്നു വാദിക്കുന്നു. പഞ്ഞപുല്ലുതിന്ന് മടുത്ത മെത്രാൻ റബർ സുവിശേഷത്തിലേയ്ക്ക് പുനരൈക്യപെടുന്നു. കാലം കുറേകൂടി കഴിഞ്ഞപ്പോൾ പഞ്ഞപുല്ലും ഗോതമ്പും കൃഷിചെയ്ത് കഴിഞ്ഞിരുന്ന മുഖാമുഖ മെത്രാന്മാർ ഗോതമ്പു കൃഷിയിൽ വിജയം നേടുന്നു. വലിയ അരമന പണിയുന്നു. തങ്ങളുടെ തലവനെ സിംഹാസനത്തിൽ രൂഢനാക്കുന്നു.

പുനരൈക്യത്തിനും വഴങ്ങുന്നില്ലായെങ്കിൽ രണ്ടു സഭാതലവന്മാരും ദൈവവിശ്വാസികളാകയാൽ സമാധാനത്തിനും മനുഷ്യരക്ഷയ്ക്കുംവേണ്ടി യോജിച്ചു പ്രവൃത്തിക്കുകയെങ്കിലും വേണം എന്ന സംയുക്ത പ്രഖ്യാപനം രണ്ടു കൂട്ടരും ഒപ്പുവയ്ക്കുന്നു. അങ്ങനെ ശീശ്മ ശീശ്മയല്ലാതായിത്തീരുന്നു. പാഷ്ണഡത പാഷണ്ഡതയല്ലാതായിതീരുന്നു. ചത്തവൻ ചത്തു. ആർക്കെന്തു ചേതം!

ഈ അവസരത്തിലെല്ലാം ക്രിസ്തു കുരിശിൽ കിടന്നുകൊണ്ട് ''കർ ത്താവേ ഇവരോടു ക്ഷമിക്കേണമേ'' എന്നു പ്രാർഥിച്ചുകൊണ്ടിരിക്കുന്ന തിയോളജിയെക്കുറിച്ച് ആരും ചിന്തിക്കുന്നുമില്ല. ദൈവത്തിന്റെ ''മനുഷ്യോളജി'' എല്ലാവരും മറക്കുന്നു.

No comments:

Post a Comment