ഫാ. ജിജോ കുര്യന്‍ OFM Cap. ഫോണ്‍: 9496413878
(സത്യജ്വാല 2020 ജൂണ്‍ ലക്കത്തില്‍നിന്ന്)
1. 'സഭ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആകണ'മെന്നാണ് പോപ്പ് ഫ്രാന്‍സീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്, മിഷന്‍ ഹോസ്പിറ്റല്‍ ആകണമെന്നല്ല. മാര്‍പാപ്പയുടെ മനസ്സിലെ മാതൃക ഇന്നാട്ടിലെ മിഷന്‍ ഹോസ്പിറ്റലുകള്‍ പോലുമല്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ഇവിടെ സഭ നടത്തുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.
2. ഫീല്‍ഡ് ഹോസ്പിറ്റലിന്റെ പ്രത്യേകത അതു മുറിവേറ്റവരുടെ അടുത്തേക്ക് ചെല്ലുന്നു എന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് പക്ഷേ, മുറിവേറ്റവര്‍ ഒട്ടുമേ പ്രധാനപ്പെട്ടതല്ല. ആയിരുന്നെങ്കില്‍ 'സ്ലീവാ മെഡിസിറ്റി' പണിയേണ്ടിയിരുന്നത് ചേര്‍പ്പുങ്കലല്ല, ഹൈറേഞ്ചിലോ ഇടുക്കിയില്‍ മറ്റെവിടെങ്കിലുമോ ആണ്. ചേര്‍പ്പുങ്കലില്‍നിന്ന് അങ്ങേയറ്റം അരമണിക്കൂര്‍കൊണ്ട് എത്താവുന്ന ഒന്നാന്തരം ആശുപത്രികള്‍ പലതാണ്. കോട്ടയത്തെ മെഡിക്കല്‍ കോളേജ്, കാരിത്താസ്, മാതാ, ഭാരത്, എസ്.എച്ച്.മെഡിക്കല്‍ സെന്റര്‍, പാലായിലെ മരിയന്‍, കാര്‍മ്മല്‍, ഭരണങ്ങാനത്തെ മേരിഗിരി. അങ്ങനെ എട്ടെണ്ണം! അതിനിടയിലാണ് ഇപ്പോള്‍ ഈ മെഡിസിറ്റി ഉയര്‍ന്നിരിക്കുന്നത്. പാലാ രൂപതാനേതൃത്വം പറയുന്നതുപോലെ ജനസേവനമായിരുന്നു ലക്ഷ്യമെങ്കില്‍, മുക്കിനു മുക്കിന് ആശുപത്രികള്‍ ഉള്ളിടത്തായിരുന്നോ മെഡിസിറ്റി ഉയര്‍ത്തേണ്ടിയിരുന്നത്? തങ്ങള്‍ മറ്റ് ആശുപത്രിക്കാരെപ്പോലെയല്ല എന്നു കാണിക്കാന്‍ ഇപ്പോള്‍ അവിടെ എല്ലാറ്റിനും ചാര്‍ജു കുറവാണു കേട്ടോ! അംബാനി ജിയോ നെറ്റ് വര്‍ക് തുടങ്ങിയപ്പോഴും 'ജനസേവന'മായിരുന്നല്ലോ പ്രഖ്യാപിതലക്ഷ്യം. ജിയോയ്ക്കു വന്ന അതേ മാറ്റം മെഡിസിറ്റിക്കുണ്ടാകുന്ന കാലം അനതിവിദൂരത്തല്ല.
3. അപ്പോള്‍, കൃത്യമായ ബിസിനസ്സ് സംരംഭമാണ് സ്ലീവാ മെഡിസിറ്റി. ഈ കച്ചവടസ്ഥാപനത്തിന്റെ നടത്തിപ്പിനായി ഉപവാസം ചെയ്തു മിച്ചംകിട്ടുന്നതു സംഭാവനയായി നല്‍കണമെന്നാണ് ബിഷപ്പിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശം. ദരിദ്രരെയും അഗതികളെയും സംരക്ഷിക്കണമെന്നാണ് ബൈബിള്‍ നിറയേ കാണുന്ന നിര്‍ദ്ദേശങ്ങള്‍. ലാഭം കൊയ്യുന്ന സ്ഥാപനങ്ങളെ സപ്പോര്‍ട്ടു ചെയ്യണമെന്ന് ഏതു വേദഭാഗമാണോ പറയുന്നത്? ഉപവാസത്തിന്റെ അടിസ്ഥാനമൂല്യത്തെയാണ് സര്‍ക്കുലര്‍ കാറ്റില്‍ പറത്തുന്നത്.
4. ഇവിടുത്തെ വിശ്വാസികളോട് ഒരാലോചനയുംകൂടാതെ പടുത്തുയര്‍ത്തിയ ഈ കച്ചവടസ്ഥാപനത്തെ പിന്തുണയ്ക്കാന്‍ ഒരു ലജ്ജയുംകൂടാതെ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ അര്‍ഹിക്കുന സ്ഥാനം ചവറ്റുകുട്ടയാണ്. ഒരു പള്ളി പണിതാല്‍ ഇടവകക്കാരുടെ പോക്കറ്റുമാത്രമാണ് കാലിയാകുന്നത്. ഈ മെഡിസിറ്റി പണിതതും ബിഷപ്പോ പുരോഹിതരോ ഒന്നും പട്ടിണി കിടന്നിട്ടല്ല. ഉപവാസമിരുന്ന് വിശ്വാസികള്‍ സംരക്ഷിക്കുന്ന ഈ ആശുപത്രിതന്നെ രോഗികളായി എത്തുന്ന വിശ്വാസികളുടെ പോക്കറ്റില്‍ കൈയിടുന്നത് പിന്നീടു നിസ്സഹായതയോടെ അവര്‍ കാണേണ്ടിവരും.
5. മെഡിസിറ്റിക്കുവേണ്ടി സര്‍ക്കുലര്‍ എഴുതുകയും അതിനെക്കുറിച്ചു പ്രബോധനം നടത്തുകയും ചെയ്തവരുടെ പരിഗണനക്കായി ഇതാ ഒരു ദൈവവചനം: ''ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?'' (ഏശ. 58: 6-7). സര്‍ക്കുലറിനെ പിന്തുണയ്ക്കുന്ന ഒരു ദൈവവചനം കാണിക്കാമോ?
No comments:
Post a Comment