ജോസ് ജോസഫ് കല്ലിടുക്കിൽ (ഷിക്കാഗോ)
https://www.emalayalee.com/varthaFull.php?newsId=219865
(കെസിആർഎം നോർത് അമേരിക്ക സംഘടിപ്പിക്കുന്ന പ്രതിമാസ ടെലികോൺഫെറെൻസിൽ ശ്രീ ജോസ് കല്ലിടുക്കിൽ നടത്തിയ സുദീർഘവും, സൂക്ഷ്മവും, സുവ്യക്തവുമായ പ്രഭാഷണത്തിൻറെ ലേഖന രൂപം - ചാക്കോ കളരിക്കൽ)"സമത്വമെന്നൊരാശയം മരിക്കയില്ല ഭൂമിയിൽ നമുക്ക് സ്വപ്നമൊന്നുതന്നെ, അന്നുമിന്നുമെന്നുമേ"
ലാൽ ജോസ്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന 'അറബിക്കഥ' എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയ്ക്കുവേണ്ടി അനിൽ പനചൂരാൻ എഴുതിയ ഗാനത്തിലെ രണ്ടു വരികളാണ് മേലുദ്ധരിച്ചത്. സമത്വമെന്ന ആശയം ബഹുഭൂരിപക്ഷം ലോകജനതയുടെ സ്വപ്നവും വികാരവുമായി നിലനില്ക്കുകയും ഒട്ടുമിക്ക ജനാധിപത്യ രാഷ്ട്രങ്ങളും ഭരണഘടനാപരമായി തന്നെ സമത്വം ഉറപ്പ് വരുത്തിയിട്ടുള്ളതുമാകുന്നു. എങ്കിലും വർണത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും കായിക-സൈനിക ശക്തിയുടെയും അടിസ്ഥാനത്തിൽ ലോകത്തുടനീളം ഒളിഞ്ഞും തെളിഞ്ഞും എക്കാലവും അസമത്വവും വിവേചനവും നിലനിന്നിട്ടുള്ളതായി കാണാം.
മാർട്ടിൻ ലൂതർ കിംഗ് ജൂണിയറിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നിലനിന്നിരുന്ന വർണവിവേചനത്തിനെതിരെ കറുത്ത വംശജർ നടത്തിയ ചരിത്രസമരങ്ങൾ സമത്വവും അവകാശങ്ങളും ഉറപ്പുവരുത്തുന്ന പൗരാവകാശ നിയമങ്ങൾ നടപ്പാക്കാൻ ഇടയായി. സൗത്ത് ആഫ്രിക്കയിലെ ഭൂരിപക്ഷ കറുത്ത വംശജർക്ക് എതിരെ ന്യൂനപക്ഷ വെളുത്ത വംശജർ അനധികൃതമായി സ്ഥാപിച്ചെടുത്ത വർണവിവേചനത്തിനെതിരെയുള്ള സമരങ്ങളുടെ പേരിൽ നെൽസൺ മണ്ഡേല അനുഭവിച്ച മൂന്നുപതിനറ്റാണ്ടുനീണ്ട കാരാഗൃഹവാസം, വിവേചനങ്ങൾക്കും പീഡനങ്ങൾക്കും എതിരെയുള്ള ലോകമനസാക്ഷിയെ ഉണർത്തുവാൻ സഹായിച്ചു.
നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളപ്പോഴും, സഹജീവികളുമായി സമഭാവനയോടുകൂടി വർത്തിക്കുവാൻ ചിലരെ അവരുടെ ഉപബോധ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന മുൻവിധികളും വിദ്വേഷവും മേൽക്കോയ്മാ ഭാവവും അനുവദിക്കുന്നില്ല. ഇടക്കിടെ അമേരിക്കയിൽ പൊട്ടിപ്പുറപ്പെടാറുള്ള വംശീയ സംഘർഷങ്ങൾക്ക് കാരണമാകുന്നത് ചിലരിലെ ഇത്തരത്തിലുള്ള മാനസികാവസ്ഥയാണ്.
സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തതിന്റെ പേരിൽ കോട്ടയം രൂപതയിലേയും അമേരിക്കയിലെ ക്നാനായ ഇടവകകളിലേയും ഞങ്ങളുടെ സഹോദരങ്ങളും മക്കളും അനുഭവിക്കുന്ന വിവേചനവും പ്രതിസന്ധികളും ആഫ്രിക്കയിലേയും അമേരിക്കയിലേയും കറുത്ത വംശജർ അനുഭവിച്ച പീഢനങ്ങളുമായി തുലനം ചെയ്യാൻ ആകില്ല. എങ്കിലും, ഇഷ്ടപ്പെട്ടൊരു ജീവിത പങ്കാളിയെ തെരഞ്ഞെടുത്തതിന്റെ പേരിൽ ഞങ്ങളുടെ സഹോദരങ്ങൾ അനുഭവിക്കുന്ന സാമൂഹ്യ ബഹിഷ്ക്കരണവും ഒറ്റപ്പെടുത്തലും ആരാധന സ്വാതന്ത്ര്യ നിഷേധവും അവരുടെ മനസ്സുകളിൽ ദീർഘകാലം നിലനിൽക്കുന്ന മുറിവുകളും സംഘർഷങ്ങളും നിസ്സഹായാവസ്ഥയും സൃഷ്ടിക്കും. കത്തോലിക്ക വിശ്വാസത്തിൽ വളർന്നതുകൊണ്ടും അതേവിശ്വാസം തുടർന്നുകൊണ്ട് മക്കൾക്ക് പകരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടും ഒന്നുമാത്രമാണ് അവർ ഇത്തരത്തിലുള്ള ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്നത്. സഭയ്ക്ക് മറ്റൊരു കളങ്കമായി ഇത്തരം ചെയ്തികൾ എക്കാലവും നിലനിൽക്കും. സ്വവംശവിവാഹനിഷ്ഠ കർശനമായി നടപ്പാക്കുവാൻ കോട്ടയം രൂപതയും അമേരിക്കയിലെ ക്നാനായ ഇടവകകളും സ്വീകരിച്ചിട്ടുള്ള അക്രൈസ്തവ നടപടികളെക്കുറിച്ച് പൊതുസമൂഹത്തിന് വ്യക്തമായൊരു ധാരണ ഉണ്ടാകില്ല.
സൗഹൃദത്തിലൂടെയോ പ്രണയത്തിലൂടെയോ ഒരു ക്നാനായേതര ജീവിതപങ്കാളിയെ കണ്ടെത്തുകയോ, യോജിച്ചൊരു ഇണയെ സ്വസമൂഹത്തിൽനിന്ന് കണ്ടെത്തുവാൻ കഴിയാതെ വരുകയോ, ചെയ്യുന്ന സാഹചര്യത്തിൽ ഇതര സമൂഹത്തിൽനിന്ന് വിവാഹിതരാകാൻ നിരവധി ക്നാനായ യുവാക്കളെ നിർബന്ധിതരാക്കുന്നു. നിർദോഷമെങ്കിലും തങ്ങളുടെ ജീവിതാഭിലാഷ സാഫല്യത്തിനായി അവർ നല്കേണ്ടിവരുന്ന വില കടുത്തതാണ്. മാമ്മോദീസായും ആദ്യകുർബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചതും അൾത്താരസേവ, ഗായകസംഘം, മിഷൻ ലീഗ്, സൺഡേ സ്കൂൾ എന്നിവയിലൂടെയുള്ള പ്രവർത്തനങ്ങൾ വഴി ബാല്യവും കൗമാരവും യൗവനവുമെല്ലാം സമർപിക്കപ്പെട്ടിട്ടുള്ളതുമായ ഇടവക ദേവാലയത്തിൽനിന്ന് നിർദയം ഇവർ പുറത്താക്കപ്പെടുന്നു. താലോലിച്ച പല സ്വപ്നങ്ങളും തകർത്തുകൊണ്ട് ഇവരുടെ വിവാഹകർമത്തിന് വിലക്കേർപ്പെടുത്തുന്നു. കൂടാതെ അവരുടെ മക്കൾക്ക് മാമ്മോദീസാ ഉൾപ്പെടെയുള്ള കൂദാശകൾ നിഷേധിക്കപ്പെടുന്നു. പകതീരാതെ, നിസഹായരായ ഞങ്ങളുടെ ആ സഹോദരങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം കുടുംബകല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുവാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു.
കാലം ചെയ്ത മേജർ ആർച്ചുബിഷപ്പ് കർദിനാൾ വർക്കി വിതയത്തിൽ അത്തരം ചെയ്തികളെ അക്രൈസ്തവം എന്നതിലുപരി മനുഷ്യാവകാശ ലംഘനമാണെന്നാണ് അഭിപ്രായപ്പെട്ടത്. സ്വവംശവിവാഹ നിഷ്ഠയുടെ ഇരകളായവർക്കും മക്കൾക്കും അവരുടെ കൂടെ പൂർവീകരുടെയും മാതാപിതാക്കളുടെയും ത്യാഗങ്ങളുടെയും സംഭാവനകളുടെയും ഫലമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സഭയുടെ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ഇതര സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിൽ അവസരങ്ങളും കമ്മ്യൂണിറ്റി ക്വോട്ടാ അഡ്മിഷനുകളും നിഷേധിക്കപ്പെടുന്നുമുണ്ട്. സാർവത്രികസഭയ്‌ക്കോ ഇതര ക്രിസ്ത്യൻ സമൂഹങ്ങൾക്കോ അംഗീകരിക്കാൻ കഴിയാത്തതും പരിഷ്കൃത സമൂഹങ്ങൾക്ക് ഉൾകൊള്ളാൻ സാധിക്കാത്തതുമായൊരു ജാതിചിന്ത സമുദായാംഗങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന കോട്ടയം രൂപതയും ക്നാനായ സമുദായവും അതിനായി നിരത്തുന്ന ന്യായങ്ങൾ തങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്ന വിദേശ വംശ പൈതൃകവും തലമുറകളായി കാത്തുസൂക്ഷിച്ചു എന്നവകാശപ്പെടുന്ന സ്വവംശ വിവാഹ പാരമ്പര്യവുമാണ്. ക്നായിതൊമ്മന്റെ നേതൃത്വത്തിൽ A D 345-ൽ മാദ്ധ്യപൂർവ ദേശത്തുനിന്ന് കേരളത്തിൽ കുടിയേറിയ 72 കുടുംബങ്ങളുടെ പിന്തലമുറക്കാരാണ് തങ്ങളെന്ന് ക്നാനായക്കാർ വിശ്വസിക്കുന്നു.
എന്നാൽ ചരിത്ര വസ്തുതകളുടെയും നിരവധി സമുദായാംഗങ്ങൾ നടത്തിയ DNA ടെസ്റ്റ് ഫലങ്ങളുടെയും അടിസ്ഥാനത്തിൽ പ്രസ്തുത അവകാശ വാദങ്ങൾ പൊള്ളയും ബോധപൂർവം കെട്ടിച്ചമച്ചവയുമാണെന്ന് നിസ്സംശയം കരുതാം. ദുരഭിമാനവും ധാർഷ്ട്യവും ഒന്നു മാത്രമാണ് രൂപതാധികൃതരേയും സമുദായ നേതൃത്വത്തേയും അവ അംഗീകരിക്കാൻ വിലക്കുന്നത്.
സ്വവംശവിവാഹ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കൾ തങ്ങളാണെന്നും അത് നിലനിർത്തേണ്ടിയതിന്റെ ബാധ്യത തങ്ങളിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള ഒരു അബദ്ധ ചിന്തയാണ് കോട്ടയം രൂപതയേയും സമുദായ സംഘടനകളേയും നയിക്കുന്നത്. എന്നാൽ യാഥാർഥ്യമോ?
സ്വവംശവിവാഹം എല്ലാ ദേശങ്ങളിലും ജനസമൂഹങ്ങളിലും എക്കാലവും നിലനിന്നിട്ടുള്ളതും ഇപ്പോഴും ഏറെപ്പേർ താത്പര്യപ്പെടുന്നതുമായൊരു വിവാഹ സമ്പ്രദായമാണെന്നതാണ്. ലോകം മുഴുവൻ ഒരു ഗ്ലോബൽ വില്ലേജായി മാറുകയും വിദ്യാഭ്യാസത്തിലൂടെയും വായനയിലൂടെയും പൗരാവകാശങ്ങളെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യങ്ങളെക്കുറിച്ചും ആധുനിക ജനത ബോധവാന്മാരായി തീരുകയും ചെയ്തു. വിവിധ ദേശങ്ങളിലും ഭാഷകളിലുമുള്ള ജനതയുടെ കൂടെ സഹവസിയ്ക്കുകയും അടുത്തിടപഴകുകയും ചെയ്യാൻ അവസരം ലഭിച്ചപ്പോൾ ജാതി, മത, വർണ, വർഗ പരിഗണന കൂടാതെ സഹജീവികളെ തത്തുല്യരായി പരിഗണിക്കാനും ആദരിക്കാനും നമ്മുടെ മനസ്സുകൾ പ്രാപ്തമായി. മാനസീകമായി കൈവരിച്ച ഈ വളർച്ച ഇതര സമൂഹങ്ങളിൽ പെടുന്നവരുമായുള്ള വിവാഹത്തെക്കുറിച്ചുള്ള സംശയങ്ങളും ഭീതിയും മുൻവിധികളും മറികടക്കാൻ പുതിയ തലമുറയെ സഹായിച്ചു. ഈ മാറ്റം ഉൾക്കൊള്ളാൻ ക്നാനായ യുവാക്കളും തയ്യാറായി എന്നുമാത്രം. ഇന്ത്യയിലെ ഹിന്ദുമതസ്ഥരിൽ നിലനിന്നതും നിയമ സാധുതയില്ലെങ്കിലും ഇപ്പോഴും സ്വകാര്യമായെങ്കിലും ഏറെപ്പേർ വച്ചുപുലർത്തുന്നതുമായ ജാതിവ്യവസ്ഥയുടെ സ്വാധീനമാണ് സ്വവംശവിവാഹ സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നതിന് ആധാരം. ജാതിവ്യവസ്ഥക്കൊപ്പം ശൈശവവിവാഹം, കാരണവന്മാർ ക്രമീകരിക്കുന്ന വിവാഹം (arranged marriage), നിരക്ഷരത, കൃഷിയേയും പരമ്പരാഗത തൊഴിലിനെയും ആശ്രയിച്ചുള്ള ജീവിതരീതി, ബാഹ്യലോകവുമായുള്ള അപരിചിതത്വം എന്നിവയെല്ലാം സ്വവംശ വിവാഹ സമ്പ്രദായം ഉടലെടുക്കാൻ സഹായിച്ച ഘടകങ്ങളാണ്.
മുസ്ലിം, ക്രിസ്ത്യൻ, സിക്ക് മുതലായ ഇന്ത്യയിലെ ഇതര മതസ്ഥരും ജാതിചിന്തയിൽനിന്ന് പൂർണമായും ഇന്നും മോചിതരല്ല. അപ്പോഴും ഇന്ത്യയിലെ ഒരു മത വിഭാഗവും വിവാഹത്തിന്റെ കാരണത്താൽ വിശ്വാസികളെ ആരാധനാലയങ്ങളിൽനിന്ന് പുറത്താക്കുകയോ കർമങ്ങൾ നിരസിക്കുകയോ ചെയ്യുന്നില്ല, കോട്ടയം രൂപത ഒഴിച്ച്. പൂർവീകർക്കു നൽകിയ വാഗ്ദാനമാണെന്നും നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും അവകാശപ്പെടുന്ന പുറത്താക്കൽ നടപടിയ്ക്ക് ഏതാണ്ട് എട്ട് പതിറ്റാണ്ടിൻറെ മാത്രം ആയുസ്സേയുള്ളു. അക്രൈസ്തവമായ പുറത്താക്കൽ നടപടിയെ സാധൂകരിക്കാൻ മറ്റൊരു വിചിത്ര ന്യായമാണ് കോട്ടയം രൂപത മുന്നോട്ട് വയ്ക്കുന്നത്. 1911-ൽ പത്താം പിയൂസ് മാർപാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് പുറപ്പെടുവിച്ച ബൂളയിൽ "തെക്കുംഭാഗക്കാർക്കായി" അനുവദിക്കുന്നു എന്ന് പരാമർശിച്ചിട്ടുണ്ട്. പ്രസ്തുത പരാമർശമാണ് ഇതര ക്രൈസ്തവ വിഭാഗത്തിലുള്ളവരെ സ്വീകരിക്കാൻ തങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് അവരുടെ വാദം. എന്നാൽ പ്രസ്തുത കല്പനയിൽ എൻഡോഗമി എന്ന പരാമർശമോ പുറത്താക്കൽ നടപടിക്കുള്ള അനുമതിയോ വിവാഹത്തിലൂടെയോ വിശ്വാസം സ്വീകരിച്ചോ വരുന്നവരെ തിരസ്കരിക്കുവാനുള്ള നിർദേശമോ ഇല്ല. പുതിയ വികാരിയാത്ത് സ്ഥാപിച്ചത് ചങ്ങനാശ്ശേരി രൂപതയിൽ ഉൾപ്പെട്ടിരുന്ന വടക്കുംഭാഗ-തെക്കുംഭാഗ വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത പരിഹരിക്കാനും ഇരുവിഭാഗം ജനതകളുടെ ആത്മീയ ഗുണവർധനവിനുമാണെന്ന് ബൂളയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രത്യേക വിഭാഗങ്ങൾക്കായി രൂപീകരിക്കപ്പെട്ട ആലപ്പുഴ, കൊച്ചി, പുനലൂർ രൂപതകൾ കോട്ടയം രൂപതയുടെ അക്രൈസ്തവ നിലപാട് അംഗീകരിക്കുകയോ അനുകരിക്കുകയോ ചെയ്യുന്നില്ല. ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ സംസ്ഥാനങ്ങൾ വിഭജിച്ചപ്പോഴും ഏതൊരു പൗരനും ഇന്ത്യയിൽ എവിടെയും വസിക്കുന്നതിനും തൊഴിലിൽ ഏർപ്പെടുന്നതിനും സ്വത്ത് സമ്പാദിക്കുന്നതിനും നിയമപരമായ അവകാശം നിലവിലുണ്ട്. ഈ നിയമത്തിൻറെ ഗുണഭോക്താക്കൾ കൂടിയാണ് ക്നാനായക്കാർ ഉൾപ്പെടെയുള്ള ഭൂരിപക്ഷം കേരളീയരും. കോട്ടയം രൂപതയും ക്നാനായ സമുദായവും ലാളിക്കുന്ന വംശീയ ചിന്തകൾക്കും വംശീയത നിലനിർത്താൻ സ്വീകരിച്ചിരിക്കുന്ന അക്രൈസ്തവ നടപടികൾക്കും വിശ്വാസത്തിന്റെയോ ഇന്ത്യയിലെയോ അമേരിക്കയിലെയോ നിയമവ്യവസ്ഥയുടേയോ സാമൂഹ്യ, മാനുഷിക, ധാർമിക മൂല്യങ്ങളുടേയോ യാതൊരു പിൻബലവുമില്ല. പ്രത്യുത, വൈരുദ്ധ്യങ്ങളും വിലക്കും മാത്രം. ദൈവം തൻറെ സദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. തന്നെപ്പോലെ തൻറെ അയൽക്കാരനേയും സ്നേഹിക്കുക എന്ന മഹത്തായ യേശുസന്ദേശമാണ് ക്രൈസ്തവ സഭകളുടെയെല്ലാം അടിസ്ഥാന ശില. പരസ്പരം സ്നേഹിക്കാനുള്ള യേശുവിന്റെ ആ ആഹ്വാനമാണ് ഇതര മതസ്ഥർക്കിടയിൽ ക്രൈസ്തവ സമൂഹങ്ങളോടുള്ള ആദരവിനും സഹിഷ്ണതാ മനോഭാവത്തിനും നിദാനം.
അയൽക്കാരനെ അടുപ്പിക്കുന്നില്ല എന്നതിലുപരി സ്വന്തം ജനതയെ അന്യായമായി ഭ്രഷ്ട് കല്പിച്ച് പുറത്താക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന് ക്രിസ്‌തുവിന്റെ സ്നേഹസന്ദേശത്തിന്റെ അർത്ഥവും വ്യാപ്തിയും വ്യക്തമായിട്ടില്ല.
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ എല്ലാം തന്നെ ബൈബിളിനൊരു അലങ്കാരവും ക്രിസ്തുമത വിശ്വാസികൾക്ക് മാർഗദീപവുമാണ്. അദ്ദേഹം ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു: "ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരായിത്തീർന്നിരിക്കുന്നു. ക്രിസ്തുവിൽ സ്‌നാപനമേറ്റ് നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വാതന്ത്രനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ ഭേദം ഇല്ല. നിങ്ങളെല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ്. നിങ്ങൾ ക്രിസ്തുവിൻറേതാണെങ്കിൽ, അബ്രാഹാമിൻറെ സന്തതികൾതന്നെ, വാഗ്ദാനമനുസരിച്ചുള്ള അവകാശികൾ" (3: 26-29). ഈ വർഷത്തെ മാർ തോമയുടെ തിരുനാളിനോടനുബന്ധിച്ച് ശ്രേഷ്ഠ മെത്രാപ്പോലീത്ത മാർ ജോർജ് ആലഞ്ചേരി അയച്ച ഒരു ഇടയലേഖനത്തിൽ പൗലോസ് അപ്പോസ്തലൻറെ ഈ സന്ദേശം ഉൾപ്പെടുത്തിയത് കോട്ടയം രൂപതാധികൃതരുടെ പ്രത്യേക ശ്രദ്ധയെ പിടിച്ചുപറ്റാനാണെന്ന് നമുക്ക് കരുതാം. ക്നാനായ വംശീയതയ്ക്ക് കാനോനികമായ തടസ്സങ്ങൾ ഉള്ളപ്പോഴും പ്രായോഗികമായ സാധ്യതകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇക്കാലമെത്രയും കോട്ടയം രൂപതയുടെ ആകൈസ്തവ നടപടികളെ പ്രോത്സാഹിപ്പിച്ച ആലഞ്ചേരി മെത്രാപ്പോലീത്തയ്ക്കുണ്ടായ വൈകിവന്ന വിവേകം പ്രതീക്ഷയ്ക്ക് വക നൽകുന്നു.
കത്തോലിക്ക സഭയുടെ അടിസ്ഥാന സ്വഭാവങ്ങളാണ് ഏകം, പരിശുദ്ധം, ശ്ലൈഹീകം, സാർവത്രികം എന്നിവ. വിശ്വാസപ്രമാണങ്ങളിലൂടെ നാം പ്രതിദിനം ഇത് ഏറ്റ് ചൊല്ലാറുണ്ട്. വിവിധ ദേശത്തിലും വംശത്തിലും ഭാഷയിലും ആരാധനക്രമത്തിലും ഉൾപ്പെടുന്ന കത്തോലിക്ക വിശ്വാസികൾക്ക് ക്രിസ്തുവിനെ ഏക മനസ്സോടുകൂടി ആരാധിക്കുവാനായി ഭൂമുഖത്താകമാനമുള്ള കത്തോലിക്ക ദേവായങ്ങളിൽ സഭയുടെ സാർവത്രിക സ്വഭാവം വിളങ്ങിനിൽക്കേണ്ടത് അനിവാര്യമാണ്. ക്രിസ്തുവും, സുവിശേഷം പ്രസംഗിച്ച് അവിടുത്തേയ്ക്ക് സാക്ഷ്യം വഹിക്കുന്ന സഭയും, വംശത്തിൻറെയും ദേശത്തിന്റെയും എല്ലാ പ്രത്യേകതകളെയും അതിവർത്തിക്കുന്നുവെന്നും, ക്രിസ്തുവും സഭയും ആർക്കും ഒരിടത്തും വൈദേശികമായി കരുതപ്പെടുവാൻ പാടില്ലായെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. പ്രേഷിത പ്രവർത്തനമാണ് സഭയുടെ ലക്ഷ്യവും അടയാളവും. തീർത്ഥാടകയായ സഭ അവളുടെ സ്വഭാവത്താലേ പ്രേഷിതയാകുന്നുയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ പഠിപ്പിക്കുന്നു.
സുവിശേഷവൽക്കരണത്താലുള്ള മിഷനറി പ്രവർത്തനമാണ് പ്രേഷിതപ്രവർത്തനം. സുവിശേഷ ഘോഷണം, മാനസാന്തരം, മാമ്മോദീസ എന്നിവ ചേരുന്നതാണ് സുവിശേഷവൽക്കരണം. ഇനിയും ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്തവരിലും വിശ്വസിച്ചിട്ടില്ലാത്തവരിലും സുവിശേഷത്താലുള്ള പരിവർത്തനം സിദ്ധിച്ചിട്ടില്ലാത്ത സംസ്കാരത്തിൽ കഴിയുന്നവരിലും ക്രിസ്തുവിൻറെ സന്ദേശങ്ങൾ എത്തിക്കുകയും അതുവഴി അവരെ ഉത്കൃഷ്ടമായൊരു ജീവിതസംസ്കാരത്തിലേയ്ക്കും വിശ്വാസ കൂട്ടായ്മയിലേയ്ക്കും കൈപിടിച്ചുണർത്തുകയാണ് മിഷനറി പ്രവർത്തനം വഴി ലക്ഷ്യമാക്കുന്നത്. ഇവയൊന്നും കോട്ടയം രൂപതയേയും ഇന്ത്യയിലും ഇതര ദേശങ്ങളിലുള്ള ക്നാനായ സമൂഹങ്ങളേയും സ്പർശിക്കില്ലായെന്ന് ശഠിക്കുമ്പോൾ, കത്തോലിക്ക സഭയിൽ തുടരുവാനുള്ള തങ്ങളുടെ അവകാശത്തിന്റെ അടിത്തറയ്ക്ക് ഇളക്കം തട്ടുന്നു. പ്രായപൂർത്തിയായ ഒരു വ്യക്തിയ്ക്ക് തന്റെ ഇണയെ തെരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര അവകാശം പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ ഇന്ത്യ ഉൾപ്പടെയുള്ള ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങലും അനുവദിച്ചിട്ടുണ്ട്.
യാഥാസ്ഥിതിക മനോഭാവം വച്ചുപുലർത്തുന്ന ഇന്ത്യൻ സമൂഹങ്ങൾ മക്കളുടെ ഇതര മതസ്ഥ, സമുദായ വിവാഹങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയോ നിസഹകരണം പ്രകടിപ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ തടസ്സപ്പെട്ടിട്ടുള്ള അനേകം വിവാഹങ്ങൾ സുപ്രീംകോടതി ഉൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ കോടതികളുടെ അനുമതിയോടുകൂടി നടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. കോട്ടയം രൂപതയുടെയും ക്നാനായ സമുദായത്തിന്റെയും വംശീയ മേൽക്കോയ്മ അവകാശവാദങ്ങൾ പാടെ തള്ളിക്കൊണ്ട് പ്രമാദമായ ബിജു ഉതുപ്പുകേസിൽ എൻഡോഗമി നിഷ്കർഷിക്കാനും വിവാഹത്തിന്റെ പേരിൽ ദേവാലയ അംഗത്വത്തിൻ നിന്ന് പുറത്താക്കാനും രൂപതാധികൃതർക്ക് അവകാശമില്ലെന്ന് കീഴ്ക്കോടതികൾക്കൊപ്പം കേരള ഹൈക്കോടതിയും വിധിയെഴുതി. മൂന്ന് പതിറ്റാണ്ടിലധികം കാലം നീണ്ട ആ കേസ്, കോട്ടയം രൂപതയുടെ ഒരു അഭിമാനപ്രശ്നമായി കരുതി സുപ്രീം കോടതിവരെ എത്തി. വിധി റദ്ദുചെയ്യാൻ രൂപതാധികൃതരും സമുദായ സംഘടനകളും നടത്തിയ ശ്രമങ്ങൾ വിഫലമാകുകയും ചെയ്തു.
കീഴ്കോടതി വിധികൾ ശരിവച്ചുകൊണ്ട് ജസ്റ്റിസ് ഹരിലാൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ കോട്ടയം രൂപതയുടെ പുറത്താക്കൽ നടപടി ഇന്ത്യൻ ഭരണഘടനയുടെയും കാനോൻ നിയമങ്ങളുടെയും ലംഘനമാണെന്നും ബൈബിൾ പ്രബോധനങ്ങൾക്കും വ്യക്തിസ്വാതന്ത്യ്രത്തിനും സാമൂഹ്യ പുരോഗതിക്കും വീക്ഷണങ്ങൾക്കും വിരുദ്ധമാണെന്നും കോടതി കണ്ടെത്തി.
സുപ്രീം കോടതിയുടേതുൾപ്പെടെ സമാനമായ നിരവധി വിധിന്യായങ്ങൾ ജഡ്ജി ഹരിലാൽ തൻറെ വിധിന്യായത്തിനു ആധാരമാക്കി. ക്നാനായ സമുദായത്തെപ്പോലെ എൻഡോഗമി കർശനമായി നിഷ്കർഷിക്കുന്ന ഇന്ത്യയിലെ പാഴ്സികൾ ഇതര മതസ്ഥരിൽനിന്നും വിവാഹിതരാകുന്ന തങ്ങളുടെ അംഗങ്ങളെ അവരുടെ മാതാപിതാക്കളുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനുപോലും വിലക്കേർപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷാവകാശ ലംഘനമായ അത്തരം പ്രാകൃത ആചാരങ്ങൾക്ക് ആധുനിക സമൂഹങ്ങളിൽ നിലനില്പില്ലെന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതി വിധി ഇന്ത്യൻ ജനത പരക്കെ സ്വാഗതം ചെയ്തു. സ്വവംശ വിവാഹനിഷ്ഠപോലെ കാലഹരണപ്പെട്ട ഒരു വിഷയം അമേരിക്കൻ സമൂഹത്തിൽ ചർച്ച ചെയ്യാൻ മുതിർന്നാൽ ശ്രോതാക്കൾ ഏറെ ഉണ്ടാകില്ല; ശ്രവിക്കുന്നവരിൽ ഏറെപ്പേരും ഗ്രഹിക്കുവാനുമിടയില്ല.
തങ്ങളുടെ മക്കൾ തെരഞ്ഞെടുക്കുന്ന ജീവിതപങ്കാളിയുടെ
ദേശം, വംശം, പ്രായം, വിദ്യാഭ്യാസം, തൊഴിൽ, സമ്പത്ത്
എന്നിവയൊന്നും അമേരിക്കൻ ജനതയെ പൊതുവേ അലട്ടാറില്ല. ഒട്ടുമിക്ക ഇന്ത്യൻ സമൂഹങ്ങളും
ഇവിടെ തങ്ങളുടെ മക്കളുടെ വിവാഹ തീരുമാനങ്ങൾ അംഗീകരിക്കുകയും അതിനോട് പൂർണമായും
സഹകരിക്കുകയും ചെയ്യാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതര സമൂഹങ്ങളിൽ നിന്നുള്ള
ക്നാനായ മക്കളുടെ വിവാഹം, അവ ഇതര കേരള ക്രിസ്ത്യൻ
സമൂഹങ്ങളിൽപ്പെട്ടതെങ്കിലും, അവരുടെ ഭവനങ്ങളിൽ മാനസീക സംഘർഷങ്ങളും
അകൽച്ചയും സൃഷ്ടിക്കുന്നു. സമൂഹത്തിൽ അത് ചർച്ചയാകുന്നു. ഇടവക ദേവാലയത്തിൽനിന്ന്
പുറത്താക്കപ്പെടുന്നതും വിവാഹകർമങ്ങൾ ആശീർവദിക്കാൻ ക്നാനായ പുരോഹിതർ വിസ്സമ്മതം
പ്രകടിപ്പിക്കുന്നതുമാണ് അത്തരം സംഘർഷങ്ങൾക്ക് ശക്തി കൂട്ടുന്നത്. സ്വവംശ വിവാഹ
നിഷ്ഠയ്ക്കായി സമുദായ സംഘടനകളിൽ തീവ്ര നിലപാടുകൾ സ്വീകരിച്ച പലർക്കും അതുവഴി
കൈവരിച്ച പദവികളും അംഗീകാരങ്ങളും അവരുടെ മക്കൾ പുറത്തുനിന്ന് വിവാഹിതരാകുന്നതുവഴി
പിന്നീട് ഒരു ബാധ്യതയും സമൂഹമദ്ധ്യത്തിൽ അപമാനത്തിന് കാരണവുമായി ഭവിക്കുന്നു.
അത്തരം നിരവധി കുടുംബാംഗങ്ങളും വ്യക്തികളും സമുദായത്തിലുണ്ട്.
അര നൂറ്റാണ്ടുമുമ്പുതന്നെ വംശീയതയ്ക്കും ജാതിചിന്തയ്ക്കുമെതിരെ ഇന്ത്യയിലെ
കാത്തലിക് ബിഷപ്സ് കോൺഫെറൻസ് ഒരു പ്രമേയം പാസ്സാക്കിയിരുന്നു. അത് ഇപ്രകാരമാണ്:
"We state categorically that caste with its consequent effects of
discrimination and caste mentality has no place in Christianity. It is in fact
a denial of Christianity because it is inhuman. It violates the God given
dignity and equality of the human person. God created men in his own image and
likeness. It accepts and loves every human being without distinction." രണ്ട് പതിറ്റാണ്ടോളം ഷിക്കാഗോയിലെ ക്നാനായ സഹോദരങ്ങളെ അവർ
അടിമപ്പെട്ടിരിക്കുന്ന വംശീയ ചിന്തകളിൽ നിന്നും ഇടുങ്ങിയ മനോഭാവത്തിൽ നിന്നും
മോചിതരാക്കുവാൻ ഷിക്കാഗോ ആർച്ച് ബിഷപ്പുമാരായ കാലം ചെയ്ത കാർഡിനൽ ജോസഫ് ബർണഡിൻ,
കാർഡിനൽ ഫ്രാൻസിസ് ജോർജ് എന്നിവർ ആത്മാർത്ഥമായി ശ്രമിക്കുകയും
പ്രാർത്ഥിയ്ക്കുകയും ചെയ്തു. ഒരു വിഭാഗത്തിന്റെ സമ്മർദത്തിന് വഴങ്ങി തന്റെ
നിർദേശങ്ങൾ അവഗണിച്ച ക്നാനായ മിഷൻ ഡയറക്ടറോട് ശുശ്രൂഷകൾ അവസാനിപ്പിച്ച്
ഇന്ത്യയിലേയ്ക്ക് മടങ്ങിക്കൊള്ളാനുള്ള നിർദേശം നൽകാൻ കാർഡിനൽ ബർണഡിനെ
നിർബന്ധിതനാക്കി. അദ്ദേഹത്തിന്റെ പിൻഗാമി കാർഡിനൽ ഫ്രാൻസിസ് ജോർജ് 2001 ഏപ്രിലിൽ ഇറക്കിയ ഒരു പാസ്റ്ററൽ ലറ്റെറിൽ അമേരിക്കൻ ജനതയിൽ ഇപ്പോഴും
നിലനിൽക്കുന്ന വംശീയ വീക്ഷണങ്ങളെ നിശ്ശിതമായി വിമർശിച്ചു. ഷിക്കാഗോയിലും
അമേരിക്കയിൽ ഉടനീളമുള്ള മാധ്യമങ്ങൾ പ്രശംസിച്ചതും പ്രചരിപ്പിച്ചതുമായ പ്രസ്തുത
പാസ്റ്ററൽ ലറ്റെറിൽ ക്നാനായ പോലുള്ള സമൂഹങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്
ഇങ്ങനെയാണ്: "Some groups embraced patterns of exclusivity and notions
of racial superiority without considering the moral implications or the
psychological and emotional wounds inflicted on others. In some cases the
vision of faith was narrowed, the community of faith became a private
club." വർഗീയവാദികൾ കെണിയിൽ കുടുങ്ങിയവരാണെന്നും വർഗീയത പാപമാണെന്നും
ആ ഇടയ ലേഖനം ഓർമപ്പെടുത്തുന്നു.
2001 ഒക്ടോബറിൽ സാൻ ഹൊസ്സെ ബിഷപ്പ്
പാട്രിക് മഗ്രാത്ത് പുതുതായി സ്ഥാപിക്കപ്പെട്ട ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ
മാർ ജേക്കബ് അങ്ങാടിയത്തിന് അയച്ച ഒരു കത്തിൽ സാൻ ഹൊസ്സെ ക്നാനായ മിഷനിലെ അംഗത്വം എൻഡോഗമിയുടെ
മാനദണ്ഡത്തിലാക്കുവാനുള്ള ശ്രമത്തെ അപലപിച്ചുകൊണ്ട് ഇങ്ങനെ എഴുതി: "Such
a practice is unacceptable in the diocese of San Jose. It breeds a sense of
classism and racism and is totally out of keeping with ecclesial or civil life
in the United State. Had I been aware of this, I would not have welcomed Bishop
Kunnasserry's efforts to establish a Knanaya community in this diocese.” വംശീയ ചിന്തയെന്ന തടവറയിൽ അകപ്പെട്ട് അമേരിക്കയിലെ കത്തോലിക്ക സഭയ്ക്ക് അനഭിമതരായി
മാറിയ ക്നാനായ വൈദികരെയും സഹോദരങ്ങളെയും മോചിപ്പിക്കുന്നതിനും വിവാഹത്തിന്റെ പേരിൽ
ഇടവക സമൂഹത്തിൽനിന്ന് പുറത്താക്കപ്പെട്ട ഞങ്ങളുടെ സഹോദരങ്ങൾക്കും മക്കൾക്കും നീതി
ലഭ്യമാക്കുന്നതിനുമായി ഏതാണ്ട് നാല്പതുവർഷമായി തുടരുന്ന ഒരു നീണ്ട പോരാട്ടത്തിൽ
ഏർപ്പെട്ടിരിക്കുകയാണ് ക്നാനായ അസോസിയേഷൻ ഓഫ് നോർത് അമേരിക്ക (KANA). KCRMNA-യുടെ പ്രതിമാസ ടെലികോൺഫറൻസിൽ ഈ വിഷയം ചർച്ചയ്ക്കായി തെരെഞ്ഞെടുത്തതിൻറെ
ഔചിത്യത്തിലും ആവശ്യകതയിലും ഞങ്ങളുടെ ചില സുഹൃത്തുക്കൾക്കെങ്കിലും സംശയമുണ്ടാകാം. നിങ്ങളുടെ
സംശയങ്ങൾ ദൂരീകരിക്കാനായി ഇപ്പോഴും തുടരുന്ന ഞങ്ങളുടെ മുറവിളികളുടെ
ചരിത്രത്തിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊള്ളട്ടെ.
മുൻപ് സൂചിപ്പിച്ചതുപോലെ അമേരിക്കയിലെ
ക്നാനായ കാത്തലിക് പാരീഷുകളിലെ അംഗത്വത്തെ ചൊല്ലിയുള്ള തർക്കത്തിന് നാല്
പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. 1982-ൽ
ഷിക്കാഗോയിലെ സീറോ മലബാർ വിശ്വാസികൾക്കായി ഒരു മിഷൻ സ്ഥാപിക്കാൻ ഷിക്കാഗോ
രൂപതാധികൃതർ നൽകിയ അനുവാദം വലിയ ഒരു വിപത്തായി ഭവിക്കുമെന്ന് ശുദ്ധഗതിക്കാരായ
അവർക്ക് തോന്നിയില്ല. പ്രസ്തുത മിഷന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടത്
കോട്ടയം രൂപത വൈദികനായിരുന്ന ബഹു. ജേക്കബ് ചൊള്ളമ്പേൽ അച്ചനായിരുന്നു. ഒരുമയിലും
സന്തോഷത്തിലും മിഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ വടക്കുംഭാഗ
വിഭാഗത്തിൽപ്പെട്ട ചങ്ങനാശ്ശേരി അതിരൂപതയിലെ ഫാ. ആൻറണി കുര്യാളശ്ശേരി വടക്കുംഭാഗ
സഹോദരങ്ങൾക്കുവേണ്ടി മറ്റൊരു മിഷൻ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. അപ്പോൾ
ചൊള്ളമ്പേലച്ചൻറെ മിഷനിൽ ക്നാനായക്കാർ മാത്രമായി അംഗങ്ങൾ. ആ മിഷനെ എൻഡോഗമസ് ക്നാനായക്കാർക്ക്
മാത്രമായി മാറ്റണമെന്ന ഒരു വിഭാഗത്തിന്റെ കടുത്ത നിലപാട് ആരാധനസമൂഹത്തെ രണ്ട്
ചേരിയിലാക്കി. പ്രശ്‍നം ഷിക്കാഗോ അതിരൂപതാധികൃതരുടെ ശ്രദ്ധയിൽ എത്തുകയും
പ്രശ്നപരിഹാരത്തിനായി രൂപത ആത്മാർത്ഥ ശ്രമം നടത്തുകയും ചെയ്തു. എൻഡോഗമി
പക്ഷത്തിന്റെ കടുത്ത നിലപാടുകൾ മുഖേന ചർച്ചകൾ ഫലം കാണാതായപ്പോൾ തർക്കവിഷയം റോമിലെ
പൗരസ്ത്യ കാര്യാലയത്തിന്റെ തീർപ്പിന് വിടുവാനുള്ള ഉചിത തീരുമാനമാണ് ഷിക്കാഗോ
അതിരൂപത കൈക്കൊണ്ടത്. അന്നത്തെ പൗരസ്ത്യ കാര്യാലയ തലവൻ കാർഡിനൽ ലൂർദ് സ്വാമി
ഇന്ത്യയിൽനിന്നുള്ള ആളായിരുന്നതിനാൽ അവിടെ നിലനിന്നിരുന്ന ജാതി വ്യവസ്ഥയെക്കുറിച്ച്
അദ്ദേഹത്തിന് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു. സഭയുടെ വിവിധ തലങ്ങളിൽ ചർച്ചചെയ്ത്
തർക്കവിഷയത്തെ ആഴത്തിൽ പഠിച്ച്, യേശുവിൻറെ പ്രബോധനങ്ങൾ
ഉൾക്കൊണ്ടുകൊണ്ട്, ബൈബിൾ സാക്ഷ്യങ്ങളുടെയും കാനോൻ
നിയമങ്ങളുടെയും മാനുഷിക മൂല്ല്യങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം കൈകൊണ്ട തീരുമാനം
എൻഡോഗമി പക്ഷക്കാരുടെയും കോട്ടയം രൂപതയുടെയും നിലപാടുകൾ പൂർണമായും
തള്ളിക്കളയുന്നതായിരുന്നു.
ഒരു കല്പനവഴി 1986
ജനുവരിയിൽ പൗരസ്ത്യ കാര്യാലയത്തിന്റെ തീരുമാനം ഷിക്കാഗോ
അതിരൂപതാധികൃതരെ കാർഡിനൽ ലൂർദ് സ്വാമി അറിയിക്കുകയും ഷിക്കാഗോ രൂപതാധികൃതർ കല്പന
നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കാർഡിനൽ ലൂർദ് സ്വാമിയുടെ
കല്പനയിൽ പറയുന്നത് ഇപ്രകാരമാണ്: "the special ministry for the
Knanaya Community can be faithfully conducted only on the basis that those
Knanaya Catholics who married non-Knanaya spouses enjoy equal status in the
ministry. This Congregation does not accept that the customary practice
followed in Kerala, of excluding from the community those who marry non-Knanaya
spouses, is extensible to the United States of America." കോട്ടയം
രൂപതയുടെ ഷിക്കാഗോ ക്നാനായ മിഷനിലെ ഇടപെടലുകൾ കല്പനയിൽ വിലക്കിയിട്ടുമുണ്ട്.
"The Bishop of Kottayam has no authority over the faithful outside
of his territory and that the community here in Chicago is under the exclusive
jurisdiction of the Archbishop of Chicago" എന്നാണ് കാർഡിനൽ
ലൂർദ് സ്വാമി നൽകിയ ശക്തമായ താക്കീത്. കോട്ടയം രൂപതയുടെയും ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്ന ക്നാനായ സമൂഹങ്ങളുടെയും മുഖച്ഛായ തന്നെ
മാറ്റുവാനും സമുദായാംഗങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഐക്യവും അഭിവൃത്തിയും
കൈവരിക്കാനുമുതകുന്നതായിരുന്നു വത്തിക്കാൻറെ നിലപാട്. ദൗർഭാഗ്യമെന്ന് പറയട്ടെ,
കോട്ടയം രൂപതയും അമേരിക്കയിലെ ക്നാനായ വൈദികരും ഒരു വിഭാഗം ക്നാനായ
സഹോദരും റോമിന്റെ കല്പന അംഗീകരിക്കില്ലെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചത്. കൽപ്പന
പുനഃപരിശോധിക്കാനുള്ള നീണ്ട 34 വർഷത്തെ അവരുടെ അപ്പീലുകളും
ശ്രമങ്ങളും കാർഡിനൽ ലൂർദ് സ്വാമിയുടെ പിൽഗാമികളായ കാർഡിനൽ സിൻവൽസ്റ്റിനി, കാർഡിനൽ ദാവിദ് മൂസ, കാർഡിനൽ ലിയനാർഡോ സാന്ദ്രി
എന്നിവരെല്ലാം യാതൊരു പരിഗണനയും നൽകാതെ തള്ളിക്കളഞ്ഞു.
വത്തിക്കാന്റെ നിലപാടിൽ മാറ്റമുണ്ടാകാൻ
പോകുന്നില്ല എന്ന തിരിച്ചറിവാണ് 2001-ൽ സ്ഥാപിതമായ
ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയ്ക്ക് അകമഴിഞ്ഞ പിന്തുണയും സാമ്പത്തിക
സഹായങ്ങളും വാഗ്ദാനം ചെയ്യാനും നൽകാനും കോട്ടയം രൂപതയേയും അമേരിക്കയിലെ ക്നാനായ
മിഷനുകളേയും പ്രേരിപ്പിച്ചത്. പുതിയ രൂപതയിലൂടെ തങ്ങളുടെ വംശീയതയും പുറത്താക്കൽ
നടപടിയും അഭംഗുരം അമേരിക്കയിലും നടപ്പാക്കാമെന്ന് അവർ മോഹിച്ചു.
എന്നാൽ അവരുടെ
മോഹങ്ങളും സ്വപ്നങ്ങളും ആസ്ഥാനത്താക്കിക്കൊണ്ട് ഷിക്കാഗോ സീറോ മലബാർ രൂപത പൗരസ്ത്യ
കാര്യാലയത്തിൻറെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിലവിൽ വന്നു. എൻഡോഗമി പക്ഷത്തിന്റെ
കടുത്ത സമ്മർദത്തെ തുടർന്ന്, അംഗത്വ വിഷയത്തിൽ പലവട്ടം റോമിന്റെ
അനുഭാവ നിലപാടിനായി പൗരസ്ത്യ കാര്യാലയവുമായി ബന്ധപ്പെട്ട അങ്ങാടിയത്ത് മെത്രാന്,
1986-ലെ കല്പന നടപ്പാക്കണമെന്ന നിർദേശമാണ് ആവർത്തിച്ച്
ലഭിച്ചിട്ടുള്ളത്; കൂടാതെ, ഈ വിഷയത്തിൽ
പൗരസ്ത്യ കാര്യാലയവുമായി ബന്ധപ്പെടരുതെന്ന താക്കീതും. റോമിൻറെ കർശന നിലപാടിനെ തുടർന്ന്
ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻറെ മനോഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു.
കല്പനകൾ വഴിയും പരസ്യ പ്രസ്താവനകൾ വഴിയും മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലും
സ്വകാര്യ വ്യക്തികൾക്ക് നൽകിയ കത്തുകളിലും അമേരിക്കയിലെ ക്നാനായ ഇടവകകളിലെ അംഗത്വം
1986-ലെ റോമിന്റെ നിർദേശമനുസരിച്ച് എൻഡോഗമിയുടെ പരിഗണന
കൂടാതെയാകുമെന്ന് അദ്ദേഹം ഉറച്ച നിലപാട് സ്വീകരിച്ചു. എന്നാൽ തന്റെ നിർദേശങ്ങൾ
അനുസരിച്ചു എന്ന് ഉറപ്പുവരുത്താതെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ 14 ക്നാനായ ഇടവകകളും എട്ട് മിഷനുകളും അദ്ദേഹം അനുവദിച്ചു. അവയിൽ ഒന്നിലും 1986-ലെ റോമിന്റെ അംഗത്വ മാനദണ്ഡം പാലിക്കണമെന്ന രൂപതാധ്യക്ഷന്റെ രേഖാമൂലമുള്ള
നിർദേശം ക്നാനായ വൈദികർ നടപ്പാക്കിയിട്ടില്ല. 1986-ലെ അംഗത്വ
മാനദണ്ഡം അനുസരിക്കാതെ എൻഡോഗമസ്സ് പാരീഷുകൾക്കൊപ്പം എൻഡോഗമസ്സ് ശ്മശാനങ്ങളും
സ്ഥാപിക്കാൻ കഴിഞ്ഞപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്ന പ്രാകൃത ആചാരങ്ങൾ
അമേരിക്കയിലേയ്ക്ക് കുടിയേറാൻ അനുവദിക്കില്ലായെന്ന വത്തിക്കാൻറെ താക്കീത്
അമേരിക്കയിലെ ക്നാനായ ഇടവകകൾ പൂർണമായും മറികടക്കുകയായിരുന്നു. സംഭവ വികാസങ്ങൾ
യഥാസമയം KANA പൗരസ്ത്യ കാര്യാലത്തെയും അമേരിക്കയിലെ
വത്തിക്കാൻ പ്രതിനിധിയെയും അറിയിച്ചുകൊണ്ടിരുന്നു. ക്നാനായ വൈദികരുടെ ധിക്കാര
നടപടികളും അങ്ങാടിയത്ത് മെത്രാന്റെ നിസ്സംഗതയും പൗരസ്ത്യ കാര്യാലത്തെ അസ്വസ്ഥ
മാക്കി. എന്നാൽ 1986-ലെ കല്പന നടപ്പിലാക്കണമെന്ന്
ആവർത്തിച്ച് നിർദേശിച്ചതിനപ്പുറം അതുറപ്പുവരുത്താനുള്ള കടുത്ത നടപടികൾ ഒന്നുംതന്നെ
അവരിൽനിന്നു ഉണ്ടായില്ല.
വത്തിക്കാൻ മാർഗ നിർദേശങ്ങൾ
അവഗണിച്ചുകൊണ്ട്, 2014-ൽ നടത്തപ്പെട്ട
സിനഡ് സമ്മേളനത്തിനെത്തിയ മാർ അങ്ങാടിയത്ത്, ശ്രേഷ്ഠ
മെത്രാപ്പോലീത്ത മാർ ആലഞ്ചേരി, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ
മൂലക്കാട്ടിൽ എന്നിവർ ചേർന്ന് അമേരിക്കയിലെ ക്നാനായ ഇടവകകളിലെ അംഗത്വത്തിന് പുതിയ
ഒരു മാർഗരേഖ തയ്യാറാക്കി. സീറോ മലബാർ മെത്രാൻ സിനഡിൽ ചർച്ച ചെയ്യാതെ, സിനഡു തീരുമാനമെന്ന വ്യാജേന അവർ സ്വീകരിച്ച ഫോർമുല പ്രകാരം ക്നാനായ മാതാപിതാക്കൾക്ക്
ജനിച്ചവരെല്ലാം ക്നാനായ പാരീഷുകളിലെ അംഗത്വത്തിന് അർഹരാണെന്നും എന്നാൽ എൻഡോഗമി
പാലിക്കാത്തവരുടെ ഭാര്യയും, കുട്ടികളും അംഗത്വത്തിന്
അർഹരല്ല. "A wife is at liberty to transfer to the church of the
husband at the celebration of or during the marriage" എന്ന
കാനൻ 33-ൻറെ നഗ്നലംഘനമായ മെത്രാന്മാരുടെ അംഗത്വ മാനദണ്ഡം
വത്തിക്കാന്റെ വിമർശനത്തിനും തിരസ്കരണത്തിനും ഇടയായി. വത്തിക്കാൻ തിരസ്കരിച്ചിട്ടും
വിവേചനപരവും കുടുംബങ്ങളെ പിളർത്തുന്നതുമായ അംഗത്വമാനദണ്ഡം നടപ്പാക്കുമെന്ന ദാർഷ്ട്യ
നിലപാടാണ് ഷിക്കാഗോ സീറോ മലബാർ രൂപതാധികാരം തുടർന്നത്. പതിറ്റാണ്ടുകളായി ഞങ്ങളുടെ
സഹോദരങ്ങൾ നേരിടുന്ന നീതിനിഷേധവും വിവേചനങ്ങളും നിയമ നടപടികളിലൂടെയേ മറികടക്കാൻ
കഴിയു എന്ന് വ്യക്തമായപ്പോൾ അതിനായി ന്യൂ യോർക്കിൽനിന്ന് ഒരു കാനോൻ ലോ
സ്പെഷ്യലിസ്റ്റിന്റെ സേവനം KANA തേടി. അറ്റോർണി മൈക്കിൾ
റിറ്റി പൗരസ്ത്യ കാര്യാലയത്തിനു ഫയൽ ചെയ്ത പെറ്റിഷൻ അതർഹിക്കുന്ന ഗൗരവത്തോടെ
പരിഗണിച്ച സംഘത്തലവൻ തർക്കവിഷയം സമഗ്രമായ മറ്റൊരു പുനഃപരിശേധനയ്ക്ക് ഉത്തരവിടുകയും
പ്രത്യുത ദൗത്യം കാനഡയിലെ പെംബ്രൂക്ക് (Pembroke) രൂപതാധ്യക്ഷൻ
ബിഷപ്പ് മൈക്കിൾ മുൾഹാളിനെ (Bp. Micheal Mulhall) ഏല്പിക്കുകയും
ചെയ്തു. പൗരസ്ത്യസംഘത്തിൽ മുൻപ് സേവനം ചെയ്തുലഭിച്ച അനുഭവവും അറിവുമായി വത്തിക്കാൻ
ഏല്പിച്ച ദൗത്യം ആത്മാർത്ഥമായി ഏറ്റെടുത്ത ബിഷപ്പ് മുൾഹാൾ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, ഓസ്‌ട്രേലിയ
എന്നിവിടങ്ങളിലുള്ള സീറോ മലബാർ ബിഷപ്പുമാരായും ക്നാനായ വൈദികരുമായും
തർക്കവിഷയത്തിൽ ഇരുപക്ഷത്തുമുള്ള അല്മായ സംഘടനകളുമായും പലവട്ടം കൂടിക്കാഴ്ചയും സംഭാഷണങ്ങളും
നടത്തി. പാലായിലെ KCRM നേതൃത്വവും ബിഷപ്പ് മുൾഹാളുമായി ഈ വിഷയത്തിൽ
കൂടിക്കാഴ്ച നടത്തുകയും KANA-യ്ക്ക് അനുകൂലമായി ശക്തമായ ഒരു നിവേദനം
നൽകിയെന്നതും നന്ദിയോടെ ഇവിടെ സ്മരിക്കുന്നു. 2017-ൽ
വത്തിക്കാൻ കാര്യാലയത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ബിഷപ്പ് മുൾഹാൾ,
1986 മുതൽ അമേരിക്കയിലെ ക്നാനായ ഇടവകാംഗത്വത്തിന് വത്തിക്കാൻ നിർദേശിച്ച
മാനദണ്ഡം സധൂകരിച്ചു. കോട്ടയം രൂപതയുടെയും ക്നാനായ സമുദായ നേതൃത്വത്തിന്റെയും
വംശീയ നിലപാടുകളും മാർ ആലഞ്ചേരി, മാർ മൂലെക്കാട്ട്, മാർ അങ്ങാടിയത്ത് എന്നിവരുടെ കുടുംബശിഥില ഫോർമുലയും പാടെ തിരസ്കരിക്കുകയുമുണ്ടായി.
മുൾഹാൾ കമ്മീഷൻ റിപ്പോർട്ട് പൂർണമായും അംഗീകരിച്ച പൗരസ്ത്യ തിരുസംഘം 2017 ഡിസംബറിൽ നൽകിയ കല്പനയിൽ അമേരിക്കയിലെ ക്നാനായ ഇടവകകളുടെ അംഗത്വത്തിന് 1986-ൽ നൽകിയിട്ടുള്ള അംഗത്വ മാനദണ്ഡങ്ങൾക്കൊപ്പം ക്നാനായ വംശപരമ്പരയിൽ
ജനിച്ചവരെകൂടി ഉൾപ്പെടുത്തണമെന്ന് കൂട്ടിച്ചേർക്കുകയുമുണ്ടായി. വത്തിക്കാൻറെ പുതിയ
അംഗത്വ മാർഗനിർദേശം കോട്ടയം രൂപത അധികൃതർക്കും അമേരിക്കയിലെ ക്നാനായ വൈദികർക്കും
സമുദായ സംഘടനകൾക്കും വലിയ ഒരു ആഘാതവും തിരിച്ചടിയുമായാണ് അനുഭവപ്പെട്ടത്.
നല്ലൊരിടയാനാകാനും പുറത്താക്കപ്പെട്ട
ക്നാനായ മക്കളെ തന്റെ രൂപതയ്ക്കും സമൂഹത്തിനും മുതൽകൂട്ടാക്കാനും ലഭിച്ച അവസരം വിനിയോഗിക്കാൻ
മാർ മൂലക്കാട്ട് തയ്യാറായില്ല. പ്രത്യുത, ആലഞ്ചേരി
മെത്രാപ്പോലീത്തയുടെ ഒത്താശയോടുകൂടിയും പൗരസ്ത്യ കാര്യാലയത്തിലുള്ള സൗഹൃദം ദുർവിനിയോഗം
ചെയ്തും ക്നാനായ പാരീഷുകളിൽ എൻഡോഗമി കർശനമായി നടപ്പാക്കാനുമായിരുന്നു അദ്ദേഹം
തീരുമാനിച്ചത്. തൻറെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, ഷിക്കാഗോ
ക്നാനായ റീജിയൻ വികാരി ജനനാൾ റവ. തോമസ് മുളവനാൽ, മൂന്ന്
സമുദായ സംഘടന പ്രതിനിധികൾ എന്നിവരുമൊത്ത് പൗരസ്ത്യ തിരുസംഘത്തിൽ സമ്മർദം
ചെലുത്താനായി അദ്ദേഹം പാഞ്ഞെത്തി. നിർഭാഗ്യമെന്നു പറയട്ടെ, ഷിക്കാഗോ
സീറോ മലബാർ ബിഷപ്പ് മാർ അങ്ങാടിയത്തും ആ സംഘത്തിൻറെ കൂടെ ചേർന്നു. ബിഷപ്പ് മുൾഹാൾ
റിപ്പോർട്ട് ലഭിച്ചാലുടൻ റിപ്പോർട്ടിലെ അംഗത്വ മാനദണ്ഡ നിർദേശങ്ങൾ
നടപ്പിലാക്കാമെന്ന്, ഏതാനും മാസങ്ങൾക്കുമുമ്പുമാത്രം KANA
പ്രതിനിധികൾക്ക് വാഗ്ദാനം നൽകിയിരുന്ന കാര്യം അദ്ദേഹം പാടേ
വിസ്മരിച്ചു. വത്തിക്കാനിലെ സർവ സ്വാധീനവും ഉപയോഗിച്ച് നിരവധി ഓഫീസുകൾ കയറിയിറങ്ങി
അവസാനം പൗരസ്ത്യ തിരുസംഘത്തലവൻ കർദിനാൾ ലിയനാർഡോ സാന്ദ്രിയുമായി കൂടിക്കാഴ്ച
നടത്തിയ വംശീയ അജണ്ടാസംഘത്തിന് അദ്ദേഹത്തിൽനിന്നു ലഭിച്ചത് "Be a
Christian first" എന്ന അവജ്ഞയോടുകൂടിയ ഉപദേശം മാത്രം!
ഇനിയും
ക്രിസ്ത്യാനിയാകാൻ കഴിഞ്ഞിട്ടില്ലാത്ത മത മേലധ്യക്ഷന്മാരുള്ള സഭയിൽ, ക്രിസ്തുവിനെ അറിയുവാനും അനുകരിക്കുവാനും വിധിക്കപ്പെട്ടൊരു വിശ്വാസ
സമൂഹത്തിൻറെ നിസ്സഹായാവസ്ഥയിൽ സഹതപിക്കേണ്ടിവരുന്നു. പ്രസിദ്ധ സുവിശേഷകനായിരുന്ന
ബില്ലി ഗ്രാമിന്റെ (Billy Graham) ഉദ്ധരണി ഇവിടെ സമുചിതം: ''When
wealth is lost, nothing is lost; when health is lost, something is lost; when
character is lost, all is lost." ക്നാനായ പാരിഷ്‌കളിലെയും
സമൂഹത്തിലെയും അക്രൈസ്തവ നടപടികൾക്കെതിരെ ഞങ്ങൾ തുടരുന്ന സമരത്തിൽ ഇതര സീറോ മലബാർ
വിശ്വാസികളുടെ കൂടി സാന്നിധ്യവും സഹായവും ഞങ്ങൾക്ക് ആവശ്യമാണ്. ഡോ. ജെയിംസ്
കോട്ടൂർ, സർവശ്രീ ചാക്കോ കളരിക്കൽ, ഷൈജു
ആൻറ്റണി, ജോർജ് മൂലേച്ചാലിൽ അഡ്വ. ഇന്ദുലേഖ
എന്നിവരുൾപ്പെട്ട നിരവധിപേർ നൽകുന്ന പിന്തുണ നന്ദിയോടെ സ്മരിക്കുന്നു.
ക്നാനായ
വംശീയതയുടെ ഇരകൾ എൻഡോഗമി പാലിക്കാത്ത ജനങ്ങളുടെ മക്കളും സഹോദരങ്ങളും മാത്രമല്ല,
അവരുടെ ജീവിതപങ്കാളികളും മക്കളും കുടുംബാംഗങ്ങളും കൂടിയാണ്. ഇവരിൽ
ബഹുഭൂരിപക്ഷം ഇതര സീറോ മലബാർ രൂപതകളിൽ ഉൾപ്പെടുന്ന നിങ്ങളുടെയൊക്കെ സഹോദരികളോ
മക്കളോ ബന്ധുക്കളോ മിത്രങ്ങളോ ഒക്കെത്തന്നെ. ഭർത്താവിന്റെ കുടുംബ ഇടവകയിലും സമൂഹത്തിലും
ചിലപ്പോൾ കുടുംബാങ്ങൾക്ക് ഇടയിൽപോലും അവർ ഒറ്റപ്പെടുകയോ അവഗണിക്കപ്പെടുകയോ
പരിഹസിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. ക്നാനായ വൈദികരെയും ഞങ്ങളുടെ സഹോദരങ്ങളിൽ
ചിലരെയും നിന്ദ്യമായ അത്തരം ചെയ്തികൾക്ക് പ്രേരിപ്പിക്കുന്നത് കെട്ടുക്കഥകളിൽ
വിശ്വസിച്ച് അവർ വളർത്തിയെടുത്ത ഒരു വംശീയ മേൽക്കോയ്മാ ചിന്തയാണ്. അമേരിക്കയിൽ
വളരുന്ന നമ്മുടെ മക്കൾ പലപ്പോഴും കിൻഡർഗാർഡൻ മുതൽ ഒരുമിച്ച് പഠിക്കുകയും വിവിധ
കല-കായിക-സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യൂണിവേഴ്സിറ്റികളിൽ ഡോർമിറ്ററികളും
അപ്പാർട്ടുമെൻറുകളും പങ്കിടുകയുമൊക്കെ ചെയ്യാറുണ്ട്. ഒരു വിദേശിയുടെ നോട്ടത്തിൽ
സഹോദരൻ എന്നോ കസിൻ എന്നോ കരുതപ്പെടുന്ന നമ്മുടെ മക്കളുടെ സ്വഭാവത്തിലും ചിന്തയിലും
വീക്ഷണത്തിലും ലക്ഷ്യത്തിലും ആശാഭിലാഷങ്ങളിലും സമാനതകൾ ഏറെ. അവർ ആരാധിക്കുന്ന
ദൈവവും പിൻതുടരുന്ന ആരാധനക്രമവും ഒന്നുതന്നെ. വംശീയതയുടെ ഒരു വേലികെട്ടി നമ്മുടെയൊക്കെ
മക്കൾക്കിടയിൽ സംശയവും വിദ്വേഷവും ജനിപ്പിക്കുന്നത് എത്ര ഹീനമായൊരു പ്രവർത്തിയാണ്.
അമേരിക്കയിലെ ക്നാനായ ഇടവകകൾ അനുവദിച്ചിരിക്കുന്നത് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ
കീഴിലാണ്. ആ രൂപതയും അതിന് കീഴിൽ നിലനിൽക്കുന്ന ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടത്
അനേകം വിശ്വാസികളുടെ പ്രാർത്ഥനയും നിർലോഭം നൽകുന്ന സംഭാവനകളുടെയും മറ്റ്
ത്യാഗങ്ങളുടെയും ഫലമായാണ്. ക്നാനായ വംശീയത അമേരിക്കൻ സമൂഹത്തിന്റെ ശ്രദ്ധയിൽ
പെട്ടാൽ ഇവിടത്തെ മാധ്യമങ്ങൾ അത്തരം പ്രവൃത്തികൾ ഒരാഘോഷമായി മാറ്റും. അതുവഴി
അമേരിക്കൻ സമൂഹത്തിൽ അപമാനിതരാകുന്നത് ക്നാനായ സമുദായം മാത്രമല്ല, ഷിക്കാഗോ സീറോ മലബാർ രൂപതയും കൂടിയായിരിക്കും. ഓർമിക്കുക, ശരീരത്തിൽ ഏതെങ്കിലും ഒരവയവത്തെ ബാധിക്കുന്ന ക്യാൻസറിന് ചികിത്സ വൈകിയാൽ ആ
വൈറസ് ശരീരത്തിലുടനീളം പടരുവാൻ കാരണമാകും. കോട്ടയം രൂപത അഴിച്ചുവിട്ടൊരു വംശീയ
വൈറസ് ഷിക്കാഗോ സീറോ മലബാർ രൂപതയെയും കീഴടക്കിക്കൊണ്ടിരിക്കുന്നു. കടുത്ത
പ്രതിരോധം തീർത്ത മാർ ഭരണികുളങ്ങരയുടെ ചെങ്കോട്ടയിലും അത് വിള്ളൽ വീഴ്ത്തി. മാർ
സ്രാംപിക്കലിന്റെ യു കെ, മാർ ബോസ്കോ പുത്തൂരിൻറെ ഓസ്ട്രേലിയ,
മാർ ജോസ് കല്ലുവേലിയുടെ കാനഡ എന്നീ സീറോ മലബാർ രൂപതകളുടെ
അതിർത്തിയിലെത്തി ആ വൈറസ് പത്തുനിൽപ്പുണ്ട്, ഒരു ഷിക്കാഗോ മോഡൽ
ആക്രമണത്തിന് അവസരം കാത്ത്. അമേരിക്കയിലെ ക്നാനായ സഹോദരങ്ങളോട്
ഒരാത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു. വംശീയ വിദ്വേഷത്തിനും
പകയ്ക്കും ഇരയായി കറുത്ത വംശജർ ഇപ്പോഴും ഇവിടെ നിർദയം കൊല്ലപ്പെടുന്നുണ്ട്.
എന്നാൽ
മിനിയാ പൊളീസിലെ ജോർജ് ഫ്ലോയിഡിന്റെ വധത്തെ തുടർന്ന് അമേരിക്കയിൽ ഒരു മാസത്തിലധികം
നീണ്ടുനിന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത അനേകലക്ഷം അമേരിക്കൻ ജനതയിൽ എല്ലാ വിഭാഗത്തിൽ
പെട്ടവരും ഉൾപ്പെട്ടിരുന്നു. 'Black lives Matter' എന്ന പ്ലാക്കാർഡ്
ഉയർത്തിപ്പിടിച്ച് ന്യൂ യോർക്കിൽ നിന്നുള്ള നമ്മുടെ ഒരു ക്നാനായ പെൺകുട്ടി
പ്രതിഷേധത്തിൽ പങ്കെടുത്തത് ഇന്ത്യയിലെന്നപോലെ അമേരിക്കൻ മാധ്യമങ്ങളിലും
വാർത്തയായി. വർണത്തിനും വംശത്തിനും അതീതമായി ഒരു വ്യക്തിയുടെ ജീവിതത്തിന് വിലയും
മാന്യതയും കല്പിക്കുന്ന അതുപോലുള്ള യുവാക്കളാകണം അമേരിക്കയിൽ നമ്മുടെ സമൂഹത്തെ
മുമ്പോട്ട് നയിക്കേണ്ടതും നമ്മുടെ കുട്ടികൾക്ക് മാതൃക ആകേണ്ടതും. അവിവേകമായി
വംശീയതയെ പരസ്യമായി അനുകൂലിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ നിലപാട്
സ്വീകരിക്കുന്നവർക്ക് അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും സെനറ്റ്
സ്ഥിരീകരണത്തിലൂടെ ലഭിക്കുന്ന ഉന്നത പദവികളിൽ എത്തുകയും ദുഷ്‌കരമാണ്. പൗരസ്ത്യ കാര്യാലയത്തിൽനിന്ന്
ലഭിച്ച അവസാന കത്തിലും അമേരിക്കയിലെ ക്നാനായ ഇടവകകളിൽ എൻഡോഗമി മാനദണ്ഡം
അനുവദിക്കില്ലെന്നും പുറത്താക്കൽ നടപടി നിയമവിരുദ്ധമാണെന്നും വീണ്ടും
പ്രഖ്യാപിച്ചിട്ടുണ്ട്. ദത്തുമക്കളോടുള്ള നമ്മുടെ മനോഭാവം എത്രയോ ക്രൂരമാണ്.
സ്വന്തമായൊരു കുഞ്ഞിന് ജന്മം നല്കാൻ കഴിയാത്ത നമ്മുടെ ക്നാനായ സഹോദരങ്ങൾ ഒരനാഥ
കുഞ്ഞിന് ജീവിതം നൽകുവാൻ തയ്യാറാകുമ്പോൾ നമ്മുടെ ദേവാലയങ്ങളിലും സമൂഹത്തിലും
അത്തരം കുഞ്ഞുങ്ങളെ പൂർണ ഹൃദയത്തോടെ സ്വാഗതം ചെയ്യുവാൻ കാട്ടുന്ന വൈമനസ്യം അധാർമികമാണ്.
രാജ്യത്തിന്റെ നിയമങ്ങളും കാനോൻ നിയമങ്ങളും ദത്തുകുട്ടികൾക്ക് ബയോളജിക്കൽ
കുട്ടികൾക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ചിട്ടുണ്ടെന്നുള്ളത് വിസ്മരിക്കരുത്.
നിർബന്ധിത
സ്വവംശ വിവാഹനിഷ്ഠ ഇന്ത്യയിൽ എന്നതുപോലെ അമേരിക്കയിലും നിരവധി നമ്മുടെ മക്കളുടെ വിവാഹം
വൈകിക്കുകയോ അവിവാഹിതരായി തുടരുവാൻ അവരെ നിർബന്ധിതരാക്കുകയോ ചെയ്യുന്നു. സ്വവംശ
വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളിൽ മാനിസികവും ശാരീരികവുമായ വൈകല്യങ്ങൾക്ക് സാധ്യതയേറുന്നു.
ബുദ്ധിയിലും സാമർത്ഥ്യത്തിലും ഇത്തരം കുട്ടികൾ ഏറെ പിന്നിലാണെന്ന് ജനിതക പഠനങ്ങൾ
വെളിപ്പെടുത്തുന്നു. മറിച്ച്, സങ്കര വിവാഹത്തിലൂടെ ജനിക്കുന്ന
കുട്ടികൾ ഊർജ്ജസ്വലരും ബുദ്ധിയിലും സാമർത്ഥ്യത്തിലും ഉയർന്നിരിക്കുന്നുവെന്നും
അതുപോലുള്ള പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. യേശുവിന്റെ വംശാവലിയിൽപോലും നാല്
വിജാതീയ സ്ത്രീകൾ ഉൾപ്പെട്ടിരുന്നുവെന്ന് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
No comments:
Post a Comment