Translate

Sunday, August 30, 2020

സഭയുടെ പന്നി

ജോസഫ് പുലിക്കുന്നേൽ 

(ഓശാന മാസികയിൽനിന്ന് )

പണ്ട് പണ്ട്; എന്നുവച്ചാൽ, സെപ്റ്റിക് കക്കൂസും യൂറോപ്യൻ ക്ലോസറ്റും വരുന്നതിനു മുമ്പ് കുഴികക്കൂസുകളാണ് ഉണ്ടായിരുന്നത്. അരമനകളിൽ തിരുമേനിമാരും മോൺസിഞ്ഞോർമാരും അരമനവാസികളായ കത്തനാരന്മാരും നിത്യകർമ്മം നിർവ്വഹിക്കുന്നത് കുഴിക്കക്കൂസുകളിലായിരുന്നു. ധാതുഭുഷ്ടിയുള്ള വിസർജ്യവസ്തുക്കൾ ആഹരിക്കുന്നതിന് കുഴിയിൽ നാടൻ പന്നികൾ ഉണ്ടായിരുന്നു.

അങ്ങനെ കാര്യം സുഗമമായി നടന്നുപോരുമ്പോൾ ഒരു പന്നി കുഴിയിൽനിന്നും പുറത്തുചാടി. തിരുമേനി കല്പിച്ചിട്ടും പന്നി എല്ലാം കുത്തിമറിച്ച് അരമനവളപ്പിലൂടെ ഓടുകയാണ്. കാര്യം ഗുരുതരമാകയാൽ കൂട്ടമണി അടിച്ചു. വിശ്വാസികൾ എത്തി. 'സഭയുടെ പന്നിയാണ്, പിടിക്കണം' എന്ന് തിരുമേനി കല്പിച്ചു. വിശ്വാസികൾ പന്നിക്കു പുറകെ ഓടി. പന്നി അടുത്തുള്ള ആറ്റിലേക്ക് ചാടി.

''സഭയുടെ പന്നി'' ആറ്റിലൂടെ ഒഴുകുന്നത് കണ്ടുസഹിക്കാൻ അവശ ക്രൈസ്തവനും മരംവെട്ടുതൊഴിലാളിയുമായ മർക്കോസിന് കഴിഞ്ഞില്ല. അവൻ ആറ്റിലേക്ക് എടുത്തുചാടി, 'സഭയുടെ പന്നി'യുമായി കരയ്‌ക്കെത്തി. പന്നിയെ വീണ്ടും കുഴിക്കക്കൂസിൽ പ്രവേശിപ്പിച്ചു.

അരമനപറമ്പിലൂടെ തടിവെട്ടാൻ പോകുന്ന മർക്കോസ് പലപ്പോഴും കുഴിക്കക്കൂസിന് അടുത്തുനിന്ന് താൻ രക്ഷിച്ച, സഭയുടെപന്നിയെ സന്തോഷത്തോടെ കാണുമായിരുന്നു. കാലം പിന്നെയും കഴിഞ്ഞു. ഒരു ദിവസം മർക്കോസ് ചെല്ലുമ്പോൾ കുഴിയിൽ പന്നിയെ കാണുന്നില്ല. മർക്കോസ് പന്നിയെക്കുറിച്ച് കുശ്ശിനിക്കാരനോട് അന്വേഷിച്ചു. കുശ്ശിനിക്കാരൻ പറഞ്ഞു: 'മിനിഞ്ഞാന്ന് തിരുമേനിയുടെ ജന്മദിനമായിരുന്നു. മൂന്നാല് മെത്രാന്മാരും മോൺസിഞ്ഞോർമാരും അച്ചന്മാരും ഊണിന് ഉണ്ടായിരുന്നു. ഒരു വലിയ 'വങ്കേത്തി' (ആമിൂൗല)േ നടന്നു. പന്നി പീഞ്ഞാലി ആയിരുന്നു മുഖ്യ വിഭവം.' മർക്കോസ് രക്ഷിച്ച പന്നിയെ ആണ് കൊന്നത് എന്നും കുശ്ശിനിക്കാരൻ പറഞ്ഞു. മർക്കോസിന് ദുഃഖം തോന്നി.

കാലം പിന്നെയും കഴിഞ്ഞു. വീണ്ടും ഒരു പന്നി കുഴിക്കക്കൂസിൽ നിന്ന് സ്വയം മോചിതനായി ഓട്ടം ആരംഭിച്ചു. വീണ്ടും കൂട്ടമണി അടിച്ചു. വിശ്വാസികളെയെല്ലാം കണ്ട് വെറളിപൂണ്ട പന്നി ആറ്റിൽ ചാടി. വിശ്വാസികൾ ആറ്റിൽ ചാടാൻ ഒരുങ്ങി. മർക്കോസ് മുമ്പോട്ടുവന്ന് വിളിച്ചുപറഞ്ഞു: ''പന്നി ആറ്റിൽ ചാടുമ്പോൾ അച്ചന്മാർ പറയും, പന്നി സഭയുടേതാണ് എന്ന്, കരയ്ക്കുകയറ്റിയാൽ അത് മെത്രാൻ തിരുമേനിയുടേതാകും. അതിനെ കൊന്നുതിന്നുമ്പോൾ ഒരു കഷണംപോലും നമുക്കു തരില്ല. ഇനി ജീവൻ കളഞ്ഞ് ആരും പന്നിക്കു പുറകെ ആറ്റിൽ ചാടണ്ട. തിരുമേനിമാർ തനിയെ ചാടി പന്നിയെ കരയ്ക്ക് എത്തിക്കട്ടെ!!'' ഇതുംപറഞ്ഞ് മർക്കോസ് കോപാകുലനായി നടന്നു.

ഒന്നാം വിമോചനസമരകാലത്ത് പള്ളിക്കൂടങ്ങൾ സഭയുടേതായിരുന്നു. സമരം കഴിഞ്ഞപ്പോൾ കോർപ്പറേറ്റ് മാനേജർമാരുടെയും അച്ചന്മാരുടെയും.

ഇപ്പോഴിതാ തിരുമേനിമാർ പറയുന്നു: വിദ്യാലയങ്ങൾ സഭയുടേതാണ് എന്ന്. ഇതെല്ലാം കേൾക്കുന്ന ജനം മൂക്കത്ത് വിരൽ വയ്ക്കുന്നു.

No comments:

Post a Comment