Translate

Wednesday, August 19, 2020

ഞാറയ്ക്കൽ മഠത്തിന്റെ സ്വത്തുക്കൾ ഇഷ്ടദാനം ചെയ്യുന്നതു സംബന്ധിച്ച് 'ഫോറം ഫോർ ജസ്റ്റീസ് & പീസ്'- ന്റെ നിവേദനം


സത്യജ്വാല ജൂൺ 2020 ലക്കത്തിൽനിന്ന്

['സത്യജ്വാല' 2020 ഫെബ്രുവരി ലക്കം 34-ാം പേജിൽ 'Late News'ആയി കൊടുത്തിരുന്ന ഞാറയ്ക്കൽ മഠംവക സ്വത്തും സ്‌കൂളുകളും ഇങഇ കന്യാസ്ത്രീസമൂഹം  എറണാകുളം-അങ്കമാലി രൂപതയ്ക്ക് ഇഷ്ടദാനമായി കൊടുക്കാൻ പോകുന്നു എന്ന അഭ്യൂഹം സത്യംതന്നെയായിരുന്നു എന്നു മനസ്സിലാകുന്നു. ഈ ഇഷ്ടദാനം സ്വീകരിക്കരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് പുരോഗമനചിന്തകരായ സന്ന്യസ്തരുടെ ഒരു സ്വതന്ത്രവേദിയായ 'Forum for Justice and Peace' അതിരൂപതാ ആർച്ചുബിഷപ്പിന് 2020 മാർച്ച് 21-ന് ഇംഗ്ലീഷിൽ തയ്യാറാക്കി നൽകിയ നിവേദനത്തിന്റെ മലയാളരൂപമാണ് താഴെ. സ്വന്തം തർജമ- എഡിറ്റർ]

*
സുവിശേഷമൂല്യങ്ങളും, ഒപ്പം ലിംഗസമത്വവും മനുഷ്യാവകാശങ്ങളും മനുഷ്യാന്തസ്സും ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളും ആവശ്യപ്പെടുന്നത് സി.എം.സി. സിസ്റ്റർമാർതന്നെ അവരുടെ രണ്ടു സ്‌കൂളുകളും കൈകാര്യം ചെയ്യണമെന്നും, ഇടവകസമൂഹം അതിനവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകണമെന്നുമാണ്.
*
'ഫോറം ഫോർ ജസ്റ്റീസ് ആന്റ് പീസ്'-ൽ നിന്ന് സ്‌നേഹാഭിവാദ്യങ്ങൾ!
CMC-യുടെ എറണാകുളത്തെ വിമലാ പ്രോവിൻസ്, ഞാറയ്ക്കലിൽ അവരുടെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്ഥലവും രണ്ടു സ്‌കൂളുകളും (ലിറ്റിൽ ഫ്‌ളവർ സ്‌കൂളും സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും) എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുകീഴിൽ ഞാറയ്ക്കലിലുള്ള സെന്റ്‌മേരീസ് പള്ളിക്ക് ഇഷ്ടദാനമായി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിശ്വസനീയമായി അറിയുന്നു.
അങ്ങേക്കറിവുള്ളതുപോലെ ഈ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങൾ തുടർന്നിരുന്നഘട്ടത്തിൽത്തന്നെ ഒരു വസ്തുതാ പഠനടീമിനെ നിയോഗിച്ച് ഈ വിഷയത്തിൽ ഞങ്ങളുടെ ഈ ഫോറം സമർത്ഥമായി ഇടപെടൽ നടത്തിയിട്ടുള്ളതാണ്. ഈ വസ്തൂതാ പഠനടീമിന്റെ റിപ്പോർട്ട് ബന്ധപ്പെട്ട എല്ലാവർക്കും പൊതുസമൂഹത്തിനും ഞങ്ങൾ ലഭ്യമാക്കുകയുണ്ടായി. ഈ റിപ്പോർട്ടിലെ മുഖ്യകണ്ടെത്തൽ ലിറ്റിൽ ഫ്‌ളവർ സ്‌കൂളിന്റെ ഉടമസ്ഥത ഞാറയ്ക്കൽ ലിറ്റിൽ ഫ്‌ളവർ മഠത്തിനുള്ളതാണ് എന്നതായിരുന്നു. കേരളഹൈക്കോടതിയും സുപ്രീം കോടതിയും അവയുടെ വിധികളിലൂടെ ഈ കണ്ടെത്തലിലെ ശരി പിന്നീട് അംഗീകരിക്കുകയുണ്ടായി.
ഇത്തരുണത്തിൽ, CMC വിമല പ്രോവിൻസിന്റെ ഈ തീരുമാനം 'ഫോറ'ത്തിലെ അംഗങ്ങളായ ഞങ്ങളെ ഞെട്ടിപ്പിക്കുകയും കുണ്ഠിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സി.എം.സി. അധികാരികൾക്ക് ഈ വസ്തുവകകൾ അവർക്കിഷ്ടമുള്ള ആർക്കും നൽകുവാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്നു സമ്മതിക്കുന്നു. ആ അവകാശത്തെ ചോദ്യംചെയ്യുകയല്ല ഞങ്ങൾ.
അതേസമയംതന്നെ, ഞാറയ്ക്കൽ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിന് ഞാറയ്ക്കൽ ഇടവകയുമായി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ദീർഘകാലത്തെ ഒരു നിയമയുദ്ധചരിത്രമുണ്ട് എന്നതു ഞങ്ങൾ മറയ്ക്കുന്നില്ല. ലിറ്റിൽ ഫ്‌ളവർ സ്‌കൂളിന്റെ ഉടമസ്ഥത ഞാറയ്ക്കൽ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിനാണെന്ന വസ്തുതയെ കേരളഹൈക്കോടതിയും ഇന്ത്യൻ സുപ്രീം കോടതിയും ദൃഢീകരിക്കുകയാണുണ്ടായത്. സുപ്രീംകോടതി വിധിക്കുപുറമെ, 2015 ഫെബ്രുവരി 19-ന് കൊച്ചിയിലെ കോടതിയിൽവച്ച് ഞാറയ്ക്കൽ മഠത്തിലെ അന്നത്തെ അംഗങ്ങളും അവരുടെ മേജർ സുപ്പീരിയർമാരും തമ്മിൽ ഒരു ധാരണയ്ക്ക് രൂപംകൊടുത്തിരുന്നു. ഇരു കക്ഷികളും സുപ്രീംകോടതിയുടെ വിധിയെ മാനിക്കണമെന്നും, രണ്ടു സ്‌കൂളുകളുടെയും മാനേജരായിരിക്കുന്ന കന്യാസ്ത്രീതന്നെ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിന്റെ മദർ സുപ്പീരിയർ ആകണമെന്നുമായിരുന്നു ആ ധാരണ. സുപ്രീംകോടതി വിധിക്കും, ഞാറയ്ക്കൽ മഠത്തിലെ കന്യാസ്ത്രീകളും അവരുടെ മേജർ സുപ്പീരിയർമാരും തമ്മിലുണ്ടായ ഈ അന്തിമധാരണാപത്രത്തിലെ വ്യവസ്ഥകൾക്കും തുരങ്കംവയ്ക്കുക എന്നു മനപ്പൂർവ്വം ലക്ഷ്യമിട്ടുള്ളതാണ്, CMC വിമലാ പ്രോവിൻസിന്റെ തീരുമാനം എന്നു തോന്നിപ്പോകുന്നു. വിമലാ പ്രോവിൻസിന്റെ തീരുമാനം നിയമപരമായി ശരിയായിരിക്കാം. എന്നാൽ ധാർമ്മികമായി അതിന് ഒരു നീതീകരണവുമില്ല. ധാർമ്മികമായി ഒരിക്കലും നീതീകരിക്കാനാവാത്ത ഇത്തരമൊരു തീരുമാനത്തിന് CMC മേജർ സുപ്പീരിയർമാർ വശംഗതരായത് സഭയ്ക്കുള്ളിലെ പുരുഷാധിപത്യവ്യവസ്ഥിതി അവരുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന അടിമത്തവും ഭയവുംമൂലമാണെന്ന കാഴ്ചപ്പാടാണ് ഞങ്ങൾക്കുള്ളത്. CMC - യിൽ മേജർ സുപ്പീരിയർമാരെ പള്ളിവികാരിയും കുറെ ഇടവകക്കാരുംചേർന്ന് ഏഴു മണിക്കൂർ സമയം പള്ളിമുറിയിൽ തടവിലാക്കിയ മുൻസംഭവം ഈ അവസരത്തിൽ ഓർമ്മിക്കുന്നത് ഉചിതമായിരിക്കും.
സുവിശേഷമൂല്യങ്ങളും, ഒപ്പം ലിംഗസമത്വവും മനുഷ്യാവകാശങ്ങളും മനുഷ്യാന്തസ്സും ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളും ആവശ്യപ്പെടുന്നത് സി.എം.സി. സിസ്റ്റർമാർതന്നെ അവരുടെ രണ്ടു സ്‌കൂളുകളും കൈകാര്യം ചെയ്യണമെന്നും, ഇടവകസമൂഹം അതിനവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകണമെന്നുമാണ്. അതിനു തയ്യാറായാൽ അതു തീർച്ചയായും യേശുശിഷ്യരുടെ സമൂഹമായ സഭയുടെ അന്തസത്തയുടെയും അവരിൽ നിക്ഷിപ്തമായ അവിടുത്തെ ദൗത്യത്തിന്റെയും, തന്റെ ജനത്തിനുവേണ്ടി നിസ്വാർത്ഥമായും അനുകമ്പയോടുംകൂടി നടത്തുന്ന സേവനത്തിന്റെയും സമ്പൂർണ്ണമായ പ്രകടനമായിരിക്കും.
മെത്രാൻമാരും സന്ന്യസ്തരും തമ്മിലുണ്ടായിരിക്കേണ്ട പരസ്പരബന്ധങ്ങൾസംബന്ധിച്ച രേഖയിൽ ഇങ്ങനെ പറയുന്നു: 'കന്യാസ്ത്രീകൾ തങ്ങളുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവരുടെ ജീവിതദൗത്യം നിർവ്വഹിക്കുമ്പോൾ, അവരുടെ സാമൂഹികാന്തസ്സ് പരിപോഷിപ്പിക്കുന്നതിനും അവരുടെ സാമ്പത്തികജീവിതത്തിലും സാമൂഹികസ്വാതന്ത്ര്യത്തിലുമുണ്ടാകേണ്ട നിയമപരമായ തുല്യാവകാശം ഉറപ്പാക്കുന്നതിനും, ശേഷിയിലും സംഘാടനത്തിലും പുരുഷസ്വഭാവം അമിതമായ നമ്മുടെ സംസ്‌കാരത്തിൽ പരസ്പരധാരണയും സംവേദനക്ഷമതയും കാരുണ്യവും സാമൂഹികബോധവും ഐക്യബോധവും കൊണ്ടുവരാൻ അവരുടെ സ്‌ത്രൈണമായ സർഗ്ഗാത്മകസംഭാവനകളെ ഉപയുക്തമാക്കുന്നതിനും മെത്രാൻമാർ അവരെ പ്രത്യേകം തുണയ്‌ക്കേണ്ടതുണ്ട്.'
അങ്ങനെയിരിക്കെ, CMC മേജർ സുപ്പീരിയർമാർ ഇപ്പോൾ നടത്തിയിരിക്കുന്ന ഇഷ്ടദാന ഓഫർ അതിരൂപത സ്വീകരിക്കുന്നതും, അവിടുത്തെ സ്‌കൂളുകളുടെ നടത്തിപ്പ് ഞാറയ്ക്കൽ ഇടവകയുടെ ചുമതലയിലാക്കുന്നതും സഭയെ സംബന്ധിച്ച് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുംവിധം അങ്ങേയറ്റം ഹാനികരമായിരിക്കും. മാത്രമല്ല, അതു പൊതുസമൂഹത്തെ ദ്രോഹിക്കലുമായിരിക്കും. അതിരൂപത ഈ ഇഷ്ടദാന ഓഫർ സ്വീകരിക്കുന്നപക്ഷം മറ്റു രൂപതകളും സന്ന്യസ്തരുടെ, വിശിഷ്യാ കന്യാസ്ത്രീകളുടെ, ഉടമസ്ഥതയിലുള്ള വസ്തുവകകൾ അവകാശപ്പെടുംവിധം അതൊരു കീഴ്‌വഴക്കമാകുമെന്നും ഞങ്ങൾ ആശങ്കപ്പെടുന്നു. സഭയിൽ സ്ത്രീകളുടെ സ്ഥാനം, അന്തസ്സ്. തുല്യത എന്നിങ്ങനെ സഭയിലെ സ്ത്രീപ്രശ്‌നം മുഴുവനായി ഇവിടെ ഉയർന്നുവരുന്നു. ഏതെങ്കിലും പരിഗണനയോ നഷ്ടപരിഹാരമോകൂടാതെ, തങ്ങളുടെ സ്വത്തുക്കൾ രൂപതയ്ക്കു നൽകുവാനുള്ള ഇന്നത്തെ ഇങഇ സഭാധികൃതരുടെ തീരുമാനം, ദീർഘകാലം ഈ ആവശ്യത്തെ ചെറുത്തുനിന്ന അന്നത്തെ ഇങഇ സഭാധികാരികളെയും അതിനുവേണ്ടി അളവറ്റ രീതിയിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ അന്നത്തെ ഞാറയ്ക്കൽ കന്യാസ്ത്രീകളെയും അധിക്ഷേപിക്കലാണ്; അവരെമാത്രമല്ല, മുഴുവൻ കന്യാസ്ത്രീസമൂഹത്തെയും.
പ്രിയപ്പെട്ട ആർച്ചുബിഷപ്പ്, സ്വാഭാവികനീതി ആവശ്യപ്പെടുന്ന നടപടിക്രമങ്ങൾ പാലിക്കാതെ പ്രസ്തുത വസ്തുവകകൾ ഏറ്റുവാങ്ങുന്നതിലൂടെ, വിവേചനത്തിന്റെയും അനീതിയുടെയും പുരുഷാധിപത്യത്തിന്റെയും മനുഷ്യത്വഹീനവും അക്രൈസ്തവവുമായ മൂല്യങ്ങൾക്ക് മേലൊപ്പുചാർത്തുകയായിരിക്കും അങ്ങു ചെയ്യുന്നത്. CMC കന്യാസ്ത്രീകളുടെ പ്രാഥമികലക്ഷ്യം മിഷൻ സേവനമായിരുന്നെങ്കിൽ, സ്ഥലമുടമസ്ഥതയുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിന്നു രണ്ടാമത്തെ ഒരു കാര്യമായിത്തീർന്നതുപോലെ തോന്നിപ്പോകും. ഈ പ്രവൃത്തി, ഭൂമികുംഭകോണവിവാദവും മറ്റു വിവാദങ്ങളുംകൊണ്ട് ഇപ്പോൾത്തന്നെ പെട്ടുകിടക്കുന്ന സീറോ-മലബാർ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും പ്രതിച്ഛായാനഷ്ടം കൂട്ടുകമാത്രമേ ചെയ്യൂ. ദയവായി ഈ നീക്കത്തിൽനിന്നു പിൻവാങ്ങി അങ്ങയുടെ കഴിവുറ്റ മാർഗ്ഗദർശനത്തിലൂടെ രൂപതയ്ക്കു നഷ്ടപ്പെട്ട അതിന്റെ അവികലമായ അവസ്ഥയും വിശ്വാസ്യതയും വീണ്ടെടുക്കണമെന്നും, തുല്യത, നീതി എന്നീ ക്രിസ്ത്യൻ മൂല്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഹൃദയംഗമമായ ആദരവോടും പ്രാർത്ഥനയോടുംകൂടി വിശ്വസ്തതാപൂർവ്വം,
            സിസ്റ്റർ ഡൊറോത്തി ഫെർണാണ്ടസ്  PBVM  (നാഷണൽ കൺവീനർ) 
            സിസ്റ്റർ മഞ്ജു കുളപ്പുറം  SCSC (നാഷണൽ സെക്രട്ടറി)
            ഫാദർ ആനന്ദ് മാത്യു  IMS (നാഷണൽ ട്രഷറർ)
            ഫാദർ ജേക്കബ് പീനിക്കാപ്പറമ്പിൽ  CMI (കോർ കമ്മിറ്റി മെമ്പർ)
            സിസ്റ്റർ ജൂലി  SSPS  (കോർ കമ്മിറ്റി മെമ്പർ)
            ഫാദർ സെഡ്രിക് പ്രകാശ്  SJ (കോർ കമ്മിറ്റി മെമ്പർ)
            സിസ്റ്റർ സുജിത  SND  (കോർ കമ്മിറ്റി മെമ്പർ)
            ബ്രദർ വർഗീസ് തെക്കനാത്ത്  SG (കോർ കമ്മിറ്റി മെമ്പർ)
            സിസ്റ്റർ ലെന  SCN  (കോർ കമ്മിറ്റി മെമ്പർ) 
            സിസ്റ്റർ ജെസിൻ  SJC  (കോർ കമ്മിറ്റി മെമ്പർ)
(2020 മാർച്ച് 21-ലെ ഈ നിവേദനത്തിന്റെ കോപ്പി, സി.എം.സി. സുപ്പീരിയർ ജനറൽ, അപ്പസ്‌തോലിക് നൂൺഷ്യോ, കർദ്ദിനാൾ ആലഞ്ചേരി, സി.ബി.സി.ഐ. -യുടെ മുഖ്യഭാരവാഹികൾ, 'Covsecrated life'- മായി ബന്ധപ്പെട്ട വത്തിക്കാൻ തിരുസംഘം പ്രീഫെക്ട് (കർദ്ദിനാൾ) ഉൾപ്പെടെ 16- സഭാസ്ഥാനികൾക്ക് അയച്ചുകൊടുത്തിട്ടുള്ളതായി കാണുന്നു-എഡിറ്റർ)

No comments:

Post a Comment