josephpulikunnel.com എന്ന വെബ്സൈറ്റിന്റെ ആമുഖം
കേരള ക്രൈസ്തവചരിത്രത്തില് ആര്ക്കും അവഗണിക്കാനാവാത്ത കുറെ ചരിത്രരേഖകളുടെ സമാഹരണമാണ് ഈ സംരംഭമെന്ന് ഇതേറ്റെടുക്കുമ്പോള്ത്തന്നെ എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഭാവിയില് കേരള ക്രൈസ്തവചരിത്രം പഠിക്കാന് തുനിയുന്ന ഏവര്ക്കും ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം (ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന് സ്റ്റഡീസ് IICS) ഒരാഗോള സാന്നിധ്യമായി മാറണമെന്നുള്ള വ്യക്തമായ ഉള്ക്കാഴ്ചയോടെയാണ് ഇതിലെ ലേഖനങ്ങള് സമാഹരിക്കുന്നതും ഇന്റര്‌നെറ്റില് ലഭ്യമാക്കുന്നതും. ഇതിലെ പ്രധാന ലേഖനങ്ങളുടെ ഇംഗ്ലീഷ് വിവര്ത്തനം കൂടി ലഭ്യമാക്കാന് കഴിഞ്ഞാലേ ഈ സംരംഭം പൂര്ണമാകൂ എന്നും ഞാന് കരുതുന്നുണ്ട്.
ശ്രീ ജോസഫ് പുലിക്കുന്നേലിന്റെയും ഓശാനയുടെയും ഇടപെടലുകള് കേരളക്രൈസ്തവചരിത്രത്തെ മാത്രമല്ല, ആഗോള സഭാ നവീകരണത്തെയും ഉത്തേജിപ്പിക്കാന് പോന്നതാണ് എന്നതാണ് വാസ്തവം. ജോണ് ഇരുപത്തിമൂന്നാമന് രണ്ടാം വത്തിക്കാന് കൗണ്‌സിലിലൂടെ തുടക്കമിട്ട സമൂല സഭാനവീകരണത്തിന് ഫ്രാന്‌സീസ് മാര്പ്പാപ്പായുടെ ആഹ്വാനങ്ങളിലൂടെയും പ്രവര്ത്തനങ്ങളിലൂടെയും പുതുജീവന് ലഭിച്ചിരിക്കുന്ന ഈ ദശാസന്ധിയില് പോര്ട്ടുഗീസുകാരുടെ അധിനിവേശത്തിനുമുമ്പുള്ള കേരളസഭയുടെയും ശ്രീ പുലിക്കുന്നേലിന്റെയും ക്രാന്തദര്ശിത്വത്തിന്റെ നിദര്ശനങ്ങളാണ് ഈ ലേഖനങ്ങള്.
സഭാനവീകരണപ്രവര്ത്തനങ്ങളില് ഏര്‌പ്പെടുന്നവര്ക്കും സഭാചരിത്ര പഠിതാക്കള്ക്കും ഏറെ പ്രയോജനപ്രദമാകണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്, ലേഖനങ്ങളിലെ വിഷയങ്ങള് സൂചിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ കാലക്രമമനുസരിച്ച് ഈ ലേഖനങ്ങള് സമാഹരിച്ചിരിക്കുന്നത്. ഭാവിയില് കേരളസഭ ആഗോളസഭയ്ക്കുതന്നെ വഴികാട്ടുമെന്നും അന്ന് ഇതില് ഉള്‌ക്കൊള്ളിച്ചിട്ടുള്ള ലേഖനങ്ങള് അനേകം ചരിത്ര വിദ്യാര്ഥികള് പഠനവിധേയമാക്കുമെന്നുമാണ് എന്റെ പ്രത്യാശ.
ക്രൈസ്തവര് ഏവരും ക്രിസ്തീയതയുടെ അടിസ്ഥാനഗ്രന്ഥമായി കണക്കാക്കുന്ന ബൈബിളിലെ യേശുവിന്റെ ഉള്ക്കാഴ്ച സ്വാംശീകരിച്ചുകൊണ്ട് വ്യാഖ്യാനിച്ചുകൊണ്ടല്ലാതെ സഭാനവീകരണം സാധ്യമല്ല എന്നതാണ് ഈ ലേഖനത്തിലുള്ള കൃതികളില് ആദ്യന്തം സ്വീകരിച്ചിരിക്കുന്ന ചിന്താധാര. ശ്രീരാമകൃഷ്ണ പരമഹംസരെയും നാരായണഗുരുവിനെയും പോലുള്ള ഇതര മതാചാര്യന്മാരുടെ യേശുവിനെക്കുറിച്ചുള്ള സ്വാനുഭൂതിഗതമായ ദര്ശനങ്ങള് ഉള്‌ക്കൊള്ളാനുള്ള വിശാലവീക്ഷണം ശ്രീ പുലിക്കുന്നേലിനുണ്ടെങ്കിലും കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം യേശുവിന്റെ ദര്ശനമുള്‌ക്കൊള്ളുന്ന ഒരു സ്വര്ഗരാജ്യം ഭൂമിയില് കെട്ടിപ്പടുക്കുകയാണെന്ന വ്യക്തമായ ബോധ്യത്തോടെയാണ് ഇതിലെ ലേഖനങ്ങള് എഴുതപ്പെട്ടിട്ടുള്ളതും അവയുടെ പ്രചോദനത്തോടെ സഭാനവീകരണശ്രമങ്ങള് നടത്തപ്പെട്ടിട്ടുള്ളതും.
താന് പാതി ദൈവം പാതി എന്ന ചൊല്ല് അന്വര്ഥമാക്കിക്കൊണ്ട് ആഗോളസഭയില് ഫ്രാന്‌സീസ് മാര്പ്പാപ്പായും ഭാരത രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങളും ഇതിലെ മിക്ക നിര്‌ദ്ദേശങ്ങളും നടപ്പിലാക്കാന് സഹായകമായ ചരിത്ര സാഹചര്യങ്ങള് ഒരുക്കിത്തരും എന്നാണ് ഞാന് വിശ്വസിക്കുന്നത്.
എനിക്കു ലഭിച്ച ചരിത്രനിയോഗത്തില് ചാരിതാര്ഥ്യത്തോടെ
ജോസാന്റണി
No comments:
Post a Comment