Translate

Wednesday, April 22, 2015

പൗരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച്

ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍ 

സമ്പാദനം, തര്‍ജ്ജമ, അവതരണം : സക്കറിയാസ് നെടുങ്കനാല്‍

ക്രാന്തദര്‍ശിയും സ്വതന്ത്രചിന്തകനുമായിരുന്ന ഫാ. എസ്. കാപ്പന്‍ എന്ന ഈശോസഭാവൈദികന്‍ തന്റെ ആത്മകഥാക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന  ‘Ingathering’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''ഹൈസ്‌കൂളില്‍ കര്‍മലീത്താക്കാരുടെ ബോര്‍ഡിംഗ് ഹൗസില്‍ കഴിഞ്ഞിരുന്ന എന്നെ ഭക്തിയെന്ന മയക്കുമരുന്ന് അടിമയാക്കി. അനുദിനകുര്‍ബാന, ആഴ്ചാവസാനത്തെ കുമ്പസാരം, മണിക്കൂറുകളോളം നീണ്ടുനിന്ന പ്രാര്‍ഥന എന്നിവ എന്റെ സ്വഭാവത്തിന്റെ ഭാഗമായി. തിരുഹൃദയത്തോടും ക്രിസ്തുരാജനോടുമുള്ള ഭക്തിയില്‍ താന്‍ അഭിരമിച്ചു. ഒരു വല്ലാത്ത പാപബോധം എന്നെ മാനസ്സികമായി വലച്ചുകൊണ്ടിരുന്നു. എത്ര ഏറ്റുപറഞ്ഞാലും മുഴുവന്‍ പാപങ്ങളും അവയുടെ തരവും ശരിക്കു വെളിപ്പെടുത്തിയില്ല എന്ന ഭയത്താല്‍ വീണ്ടും വീണ്ടും കുമ്പസാരക്കൂട്ടിലേക്കു പൊയ്‌ക്കൊണ്ടിരുന്നു. മറുവശത്താകട്ടെ, സ്‌ത്രൈണമായ സൗന്ദര്യത്തെപ്പറ്റിയുള്ള ജിജ്ഞാസയില്‍ നിന്നും വശ്യതയില്‍നിന്നും അകലാന്‍ എനിക്കാകുമായിരുന്നില്ല. കൃത്രിമമായ ഈ വടംവലി എന്നിലുള്ള കവിയെയും കലാകാരനെയും കൊല്ലുകയായിരുന്നു. അസ്വാഭാവികമായ എന്റെ ഭക്തിമൂലം ഞാനൊരു sexual neurotic ആയി മാറി. ഒരു വശത്ത്, സ്ത്രീകളെപ്പറ്റി അറിയാനുള്ള ആഗ്രഹം, മറുവശത്ത് ഒരു സ്ത്രീയുടെ മുഖത്തു നോക്കാന്‍പോലും ധൈര്യമില്ലായ്മ. പുരോഹി തനായിക്കഴിഞ്ഞും ഈ ദുരവസ്ഥയിലായിരുന്നു, ഞാന്‍. അതില്‍നിന്ന് എനിക്ക് ഏതാണ്ടൊരു മോചനം കിട്ടിയത്, വളരെ നീണ്ട മാനസികപിരിമുറുക്കത്തിനും അദ്ധ്വാനത്തിനും ആത്മശോധനയ്ക്കും ശേഷമാണ്. വൈദികപരിശീലനം എനിക്കു നല്കിയത് ഒരു pessimistic spirituality ആണ്. സ്‌നേഹിക്കാതിരിക്കുക എന്നതു മാത്രമാണ് പാപം എന്ന തിരിച്ചറിവ് ഉണ്ടായതോടെയാണ് സ്വാതന്ത്ര്യം എന്തെന്ന് ഞാനനുഭവിച്ചുതുടങ്ങിയത്. യേശുവിന്റെ സന്ദേശത്തിന്റെ കാതല്‍ അതാണെന്നു മനസ്സിലാക്കാന്‍ എനിക്ക് നീണ്ട വര്‍ഷങ്ങള്‍ വേണ്ടിവന്നു.''
തുടര്‍ന്ന് അദ്ദേഹം പറയുന്നു, ''സഭ വിശ്വാസികളിലും വൈദികപരിശീലനം പുരോഹിതരിലും കുത്തിവയ്ക്കുന്ന അകാരണമായ, അന്ധമായ പാപബോധം ചെയ്യുന്ന ദ്രോഹത്തിന് ഒരു കണക്കുമില്ല. എന്തുമാത്രം ആത്മാക്കളാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്! എത്ര ആയിരങ്ങളാണ് സന്തുഷ്ടി എന്തെന്ന് ഒരിക്കലും തിരിച്ചറിയാതെ നശിക്കുന്നത്! ഇത്തരം കപടഭക്തി എത്രമാത്രമാണ് ആദ്ധ്യാത്മികസൗന്ദര്യത്തെ ചവുട്ടിമെതിക്കുന്നത്! The fear of sin coupled with frustrated sexuality is at the root of the oppressiveness that is found in the churches - agrressiveness that takes the form of over-discipline, regimentation, authoritar- ianism and dogmatism. The sense of sin also underpins the political economy of the churches.''
കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഈ പാപബോധവും ഭംഗംവരുത്തപ്പെട്ട വിഫലലൈംഗീകതയുമില്ലായിരുന്നെങ്കില്‍ ക്രൈസ്തവജീവിതം മറ്റൊന്നാകുമായിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ''ഈ നശിച്ച പാപബോധം ഇല്ലായിരുന്നെങ്കില്‍,  ഇന്നത്തേതുപോലെ ഞായറാഴ്ച്ചക്കുര്‍ബാനയില്‍ സംബന്ധിക്കുന്നവരോ കുമ്പസാരിക്കുന്നവരോ കൂദാശകള്‍ സ്വീകരിക്കുന്നവരോ നേര്‍ച്ചയിടുന്നവരോ ഉണ്ടാകുമായിരുന്നില്ല. പള്ളികള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നു, വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജോലിയില്ലാതാകുമായിരുന്നു. സഭയുടെ സമ്പത്തിന്റെ ഇന്നത്തെ സ്രോതസ്സ് അതിരില്ലാത്ത ഈ പാപബോധമാണ്''.
സെമിനാരിയില്‍ ചേരുന്നതുവരെ, തന്റെ പിതാവുമൊത്തുള്ള കായികാദ്ധ്വാനത്തെ വളരെയധികം ആസ്വദിച്ചിരുന്നെന്നും പ്രകൃതിയുമായി താദാത്മ്യപ്പെട്ടുള്ള ആ ജീവിതത്തില്‍ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും പറഞ്ഞിട്ട് ഫാ. കാപ്പന്‍ ഇങ്ങനെ കുണ്ഠിതപ്പെടുന്നു: ''ഈശോസഭയില്‍ ചേര്‍ന്ന് ദാരിദ്ര്യം, ബ്ര ഹ്മചര്യം, അനുസരണ എന്നീ വ്രതങ്ങള്‍ സ്വീകരിച്ചതോടെ പ്രകൃതിയുമായുള്ള ആ ബന്ധം തകര്‍ന്നു. അമ്മയായ ഭൂമിയെ മറക്കുകയെന്നതായിരുന്നു അതിന്റെ ഫലം.'' (Ingathering, ഒന്നാം ഭാഗം,  ജീവന്‍ ബുക്‌സ്).
ഇതു 100% സത്യമാണെന്നതിന് ഇന്നത്തെ വൈദികരെയും മേല്പ്പട്ടക്കാരെയും നിരീക്ഷിക്കുകയേ വേണ്ടൂ. പ്രകൃതിയില്‍ നിന്നു വെട്ടിമാറ്റപ്പെട്ട വികലസ്വത്വങ്ങളാണ് അവരില്‍ 99%വും. ശരിക്കും ജെറുശലേമിലെ കഴുതകള്‍
!

1 comment:

  1. മനുഷ്യശരീരത്തിൽ ഒരു പ്രീ-പ്രോഗ്രാമ്മ്ട് ചിപ്പ് ഘടിപ്പിച്ചു വച്ചാലെന്നവണ്ണം, അവനെ സ്വാർത്ഥതയിൽ അഭിരമിക്കാൻ പ്രേരണ നൽകുന്ന സർവ ആരാധനാസമ്പ്രദായങ്ങളുടെയും പ്രാർത്ഥനകളുടെയും ഉള്ളറ, ആത്മീയത എന്ന വ്യാജേന തികഞ്ഞ കന്പോളമനശാസ്ത്രമാണ്. അതാണ് ഒരു സാധാരണ നസ്രാണി തന്റെ വിശ്വാസ സത്യമായി കെട്ടിച്ചുമന്നു നടക്കുന്നത്. പൌരോഹിത്യശിക്ഷണം, സ്നേഹിക്കാതിരിക്കുകയാണ് പാപമെന്നും, യേശുവിന്റെ സന്ദേശത്തിന്റെ കാതൽ അതാണെന്നും ഒരിക്കലും പറയില്ല. കാരണം, വൃതങ്ങൾക്കുമീതെ അവിടെ മറ്റു പ്രതിഷ്ഠകൾ ഒന്നുമില്ല. ചേതനയിൽ സ്വഭാവികമായ വൈകാരികതയുടെ സന്തുലനാവസ്ഥയിൽ നിന്നുകൊണ്ട് തങ്ങളെ തന്നെയൊന്നു കാണാനുള്ള സ്വാതന്ത്ര്യം പണയംവെക്കുന്ന പ്രകൃതിവിരുദ്ധ ഏർപ്പാടാണല്ലോ ഈ വൃതങ്ങൾ! അങ്ങനെ നോക്കിയാൽ, വിളക്കിനെ പറയുടെ കീഴിൽ തന്നെ കൊണ്ടുപോയി വെയ്ക്കുന്ന പരിപാടിയുടെ പേരാണ് പൌരോഹിത്യം!

    ReplyDelete