അലോഷ്യസ് ജോസഫ്
(സത്യജ്വാല 2016 ജൂണ്‍ലക്കം 'രസഗുള'യില്‍നിന്ന്)
ദൂരസ്ഥനഗരങ്ങളില്‍ വസിക്കുന്ന നമ്മുടെ ഒരു ബന്ധു നാട്ടില്‍പുറത്തു
മരണമടഞ്ഞ വാര്‍ത്ത വന്നാല്‍ നാം എങ്ങനെയാണു പ്രതികരിക്കുക? എ.ടി.എമ്മില്‍
നിന്നോ കടം വാങ്ങിയോ ആകാവുന്ന കാശു സംഭരിച്ച്, കിട്ടുന്ന
ബസില്‍ അല്ലെങ്കില്‍ തീവണ്ടിയില്‍ കയറി കഷ്ടപ്പെട്ടു ഞെങ്ങിഞെരുങ്ങി, മണിക്കൂറുകളുടെ യാതനയ്‌ക്കൊടുവില്‍ ഗ്രാമത്തിലെത്തി ശവസംസ്‌കാരചടങ്ങുകളില്‍
സഹായിച്ചു സഹകരിക്കും. എന്നാല്‍ പോങ്ങുംമൂട്ടിലെ ഞങ്ങളുടെ അല്‍ഫോന്‍സാകൊച്ചുപള്ളിയില്‍
ആരുടെയെങ്കിലും ബന്ധു മരിച്ചാല്‍ പ്രതികരണം നാടകീയമാണ്. ഉദാഹരണത്തിന്: 'അറിഞ്ഞില്ലേ, നമ്മുടെ ചാക്കോച്ചന്റെ അപ്പന്റെ
അനുജന്റെ ഭാര്യേടെ അനിയത്തിയുടെ അമ്മായിഅപ്പന്റെ പെങ്ങളുടെ ഭര്‍ത്താവു
മരിച്ചുപോയെന്ന്. ഇടവകയുടെ അനുശോചനം അറിയിക്കാന്‍ നമുക്കു പോകണ്ടേ!' എന്ന് കപ്യാര്‍-വാലാട്ടിസംഘത്തിലൊരാള്‍ അടിയന്തരപ്രമേയം
അവതരിപ്പിക്കുന്നു. 'അതിനെന്താ, നമുക്കു
പൊയ്ക്കളയാം', എന്നു കപ്യാരദ്ദേഹം. ഉടന്‍ ഫോണ്‍ ചെയ്ത്
മണിയന്‍പിള്ളയുടെ എ.സി. ഇന്നോവ കാര്‍ വരുത്തുന്നു. കപ്യാരും രണ്ടു മൂന്നു
പിണിയാളുകളും കയറുന്നു. വണ്ടി ഓട്ടം തുടങ്ങുന്നു. പത്തറുപതു മൈലകലെയുള്ള
ഗ്രാമത്തില്‍ചെന്ന്, ചോദിച്ചും പറഞ്ഞും വീടു കണ്ടെത്തി,
ചാക്കോച്ചന്റെ പള്ളിക്കാരെന്ന ലേബലില്‍ അഹങ്കാരപ്രകടനം നടത്തി,
രാത്രി വൈകി പള്ളിയില്‍ തിരിച്ചെത്തുന്നു. ഇറങ്ങുമ്പോള്‍ ഡ്രൈവര്‍
ഒഴികെ മറ്റാര്‍ക്കും സുബോധമില്ല. കാരണം, മരണം അവരെ അത്രകണ്ട്
ദുഃഖാര്‍ത്തരാക്കിയിരിക്കുന്നു. അത്രയൊന്നും പള്ളിയില്‍ സഹകരിക്കാത്ത
ചാക്കോച്ചന്റെ കണ്ണുനീര്‍ തുടയ്ക്കാന്‍ കപ്യാരും സംഘവും സ്വന്തം പോക്കറ്റില്‍നിന്ന്
ഇത്രയേറെ കാശുചെലവാക്കി പോയല്ലോ എന്നു നാം ആരാധനാഭാവത്തോടെ ചിന്തിക്കും. പക്ഷേ,
ചിന്തിക്കാന്‍ വരട്ടെ. സ്വന്തം ചെലവിലല്ല, പള്ളിഫണ്ടിലെ
കാശുകൊണ്ടാണ് ഈ ചരമാഘോഷത്തിന് അവര്‍ പോയിവന്നത്. ഇത് കുറഞ്ഞത് ആണ്ടില്‍ പത്തുപ്രാവശ്യമെങ്കിലും
ഞങ്ങളുടെ പള്ളിയില്‍ അരങ്ങേറുന്ന നാടകം. അവരെ തടുക്കാന്‍ വല്യച്ചനു ശക്തിയില്ല.
കാരണം, അദ്ദേഹവും ഇതേ കൃഷിയില്‍ കര്‍ഷകശ്രീ അവാര്‍ഡിനു
യോഗ്യനാണ്. 'പള്ളീടെ കാശ്, പിള്ളേടെ
കാറ്, തള്ളടാ തള്ള്.....' എന്നാണു
പുതിയ പഴഞ്ചൊല്ല്.
No comments:
Post a Comment