ചാക്കോ കളരിക്കൽ
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വതന്ത്രചിന്തകർക്ക് പള്ളിക്കകത്ത് സ്ഥാനം ഇല്ലെന്നു പറഞ്ഞാൽ അതൊരു കപട പ്രസ്താവനയാകില്ല. പള്ളിയോടും പട്ടക്കാരോടും 'ആമേൻ' മൂളി ബുദ്ധിയും മനസ്സും അടിയറവുവെയ്ക്കുന്നത് സമകാലിക വിപല്സന്ധിയാണ്. അടിച്ചമർത്തിലിലൂടെ മൃഗതുല്യരായി ജീവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗമാണ് ക്രൈസ്തവർ. പൌരോഹിത്യത്തിനു മേല്‍ക്കോയ്മയുള്ള, ഉച്ഛനീചത്വ സ്വഭാവമുള്ള സഭാശ്രേണിയുടെ ഏറ്റവും അടിത്തട്ടിലാണ് ക്രിസ്തീയ വിശ്വാസികൾ. സ്വന്തം അദ്ധ്വാനംകൊണ്ട് ഉപജീവനം നടത്തുന്ന, അവർക്കുമുകളിലുള്ള മുഴുവൻ പേരുടെയും ഭാരംപേറി ജീവിക്കുന്ന അവർ താഴ്ത്തപ്പെടുകയാണിന്ന്. ഈ സമൂഹം ഞെട്ടിയുണരണമെങ്കിൽ ഭാവനയെ കൈവെടിഞ്ഞ് യാഥാർത്ഥ്യത്തെ പുണരണം. എന്നുവെച്ചാൽ, സ്വന്തം ബുദ്ധിയേയും മനസ്സിനെയും സ്വാതന്ത്ര്യത്തെയും ബോധപൂർവ്വം ഉപയോഗിക്കണം എന്നർത്ഥം. കൂടാതെ, കത്തോലിക്കാസഭയിലെ അഴുക്കുചാലുകളെയും പുഴുക്കൂത്തുകളെയും അനാവരണം ചെയ്ത് ഒരു ശസ്ത്രക്രിയ്ക്ക് സഭയെ വിധേയമാക്കണം.
യേശുവിന്‍റെ വചനങ്ങൾ ജീവിതദർശിയാകുമ്പോൾ സഭാബന്ധത്തിന്‍റെ ചരടിൽ കുടുങ്ങേണ്ട കാര്യമില്ലെന്നും ദൈവജനത്തിനെല്ലാം ഒരേ ചോരയും ഒരേ മനസ്സുമാണെന്നും നാം മനസ്സിലാക്കണം. സഭയുടെ അധികാരശ്രേണിപോലും അനാവശ്യമാണ്. ഒരു വിശ്വാസിക്കു ശ്വസിക്കാൻ സഭയുടെ കാറ്റുവേണ്ട; അവർക്കു കുടിക്കാൻ വെള്ളം കലർന്ന രക്തം വേണ്ട; അവർക്ക് വിശപ്പടക്കാൻ കല്ദായമാകുന്ന ഭക്ഷണവും വേണ്ട. ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാ മേലാധ്യക്ഷന്മാരോടും പുരോഹിതരോടും നമുക്ക് പുച്ഛം തോന്നേണ്ടതാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും വികാരി ചതിക്കും എന്ന നിലപാടായിരിക്കണം നമ്മുടേത്. എന്നാൽ പുണ്യപുരോഹിതരെ ആദരവോടെ നാം കാണണം. അടുത്ത കാലത്തായി വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയാ എന്നിവിടങ്ങളിൽ നടമാടിയ വൈദികരുടെ കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള അറിവ് മതസംഘടനാ വിരുദ്ധ ധാരണയെ സിമന്റിട്ടുറപ്പിക്കാനേ കഴിയുന്നൊള്ളു. ബാലപീഢകരായ വൈദികരും അവർക്ക് സംരക്ഷണം നല്‍കിയ മേലധ്യക്ഷന്മാരും അവരുടെ സ്ഥാനത്തിന്‍റെയും കുപ്പായത്തിന്‍റെയും വില അഗ്നികുണ്ഡത്തിലെറിഞ്ഞു നശിപ്പിച്ചു കളയുകയാണ് ചെയ്തത്. സഭാധികാരത്തിന്‍റെ ദുർനടപടികൾകാരണം ആയിരങ്ങൾ സഭവിട്ടു പോകുമ്പോൾ മതംമാറ്റം മാത്രമല്ല സഭയ്ക്കെതിരായി അത്രയും ശത്രുക്കൾകൂടി വർദ്ധിക്കുകയാണ് ചെയ്യുന്നതെന്ന് വിവേകാനന്ദനെപ്പോലെ നാമും മനസ്സിലാക്കണം.
ആഡംബര വേഷഭൂഷാദികളും അധികാര ചിഹ്നങ്ങളും പേറി കൊട്ടാരങ്ങളിൽ കഴിയുന്ന തിരുമേനിമാർ കല്പ്പിക്കുന്നതുമാത്രമാണ് ശരിയെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ ഓരോ വിശ്വാസിയും പ്രവാചകരാകേണ്ടതുണ്ട്. തെറ്റുകൾ മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നു പറയുന്നതാണ് പ്രവാചകധർമ്മം. ഇന്നു ക്രിസ്ത്യാനികൾ തെറ്റി ധരിച്ചിരിക്കുന്നത് സഭയെന്നാൽ സഭയിലെ അധികാര വർഗ്ഗമായ മെത്രാന്മാരും പുരോഹിതരുമെന്നാണ്. ഈ ധാരണയെ മാറ്റി ദൈവജനമാണ് സഭയെന്നും ആ സഭയുടെ തലവൻ യേശുവാണെന്നും സാധാരണ വിശ്വാസികൾ മനസ്സിലാക്കണം. സഭയെ ശുശ്രുഷിക്കുന്നവർ ഭൗതികസ്ഥാനമാനങ്ങളില്‍നിന്നും വിട്ടുമാറി നില്‍ക്കണം. ആധ്യാത്മികകാര്യങ്ങളിലെ അധികാരമേ യേശു തന്‍റെ ശിഷ്യന്മാർക്ക് നല്‍കിയിരുന്നുള്ളൂ. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണമെന്നാണ് യേശു അവരെ ഉപദേശിച്ചത്. യേശുതന്നെ തന്‍റെ ശിഷ്യരുടെ കാലുകൾ കഴുകി മാതൃക കാണിച്ചുകൊടുക്കുകയും ചെയ്തു. യേശു സ്വർഗ്ഗത്തിന്‍റെ താക്കോൽ പത്രോസിനെ എല്പ്പിച്ചെന്നും അനന്തരാവകാശിയായി പോപ്പിനാണ് ആ താക്കോലിന്‍റെ അധികാരമെന്നൊക്കെയുള്ള പ്രഘോഷണങ്ങൾ വെറും ഭോഷ്ക്കാണെന്ന് സാധാരണ വിശ്വാസി തിരിച്ചറിയണം. ദൈവജനമാകുന്ന രാജകീയ പുരോഹിത ഗണത്തെ അടിച്ചമർത്തി ഭരിക്കാനുള്ള തന്ത്രത്തിലെ തുരുപ്പുചീട്ടുമാത്രമാണത്.
സ്വർഗ്ഗം മോഹിച്ചോ നരകം പേടിച്ചോ അല്ല മനുഷ്യൻ നന്മ ചെയ്യേണ്ടത്. പലസ്തീനായിലെ യേശുവെന്ന പരമപൂജിതനായ പച്ച മനുഷ്യൻ പഠിപ്പിച്ച സാമൂഹിക പാഠമായിരിക്കണം അതിന്‍റെ പിന്നിൽ. സ്വർഗ്ഗവും നരകവുമൊക്കെ ഭാവനകൊണ്ടു മനസ്സിൽ കുടിയിരുത്തുന്നതാണെന്നു ഒരു ക്രിസ്ത്യാനി മനസ്സിലാക്കണം. ക്രിസ്തുമതവക്താക്കൾ പറഞ്ഞു പേടിപ്പിക്കുന്ന ഇടമാണ് നരകം. ആ നരകത്തെ പേടിച്ചു സ്വർഗ്ഗത്തിന്‍റെ പുറകെ ഓടുന്നവർ പള്ളികളിൽ വെച്ചിരിക്കുന്ന അര്‍ത്ഥശൂന്യങ്ങളായ തിരുശേഷിപ്പ് വണക്കങ്ങളിലും വഴിപാടുകളിലും നേർച്ച കാഴ്ചകളിലും ചെന്നുപെടും. വിശ്വാസികളിൽ അന്ധവിശ്വാസത്തിന്‍റെ വിത്തുകൾ പാകി പുരോഹിതർ അതിനെ നൂറുമേനിയായി വിളയിച്ചു കൊയ്തെടുക്കുന്ന തന്ത്രങ്ങളാണതൊക്കെ. ലക്‌ഷ്യം പണം സമ്പാദനം മാത്രം. ഇത്തരം ക്രിസ്തീയതക്കുമപ്പുറം 'നിൻറെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക' എന്നുപദേശിച്ച യേശുവിനെ സ്വീകരിക്കുന്നവരാണ് ഭാഗ്യവന്മാർ. എന്നാൽ അടുത്തകാലംവരെ ഒരു വിശ്വാസിയെയും തിരുവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻവരെ സഭ അനുവദിച്ചിരുന്നില്ല. ആരെങ്കിലും വിശുദ്ധഗ്രന്ഥം വായിച്ചു പഠിച്ചാൽ, മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്‌താൽ ഇങ്ക്വിസിഷൻവഴി അയാളെ ജീവനോടെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നു. ആര്യന്മാർ എഴുതിയ വേദം കേൾക്കുന്ന ശൂദ്രന്‍റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നൊരു ബ്രാഹ്മണ നിയമമുണ്ടായിരുന്നുവെങ്കിലും ശൂദ്രനെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നില്ല.
ചിന്തയില്ലാത്ത ഭോഷന്മാരെ അടിമകളാക്കി അവരുടെ അദ്ധ്വാനത്തിന്‍റെ ഫലം അനുഭവിച്ചു പുരോഹിതർ സുഖിച്ചു കഴിയുന്നത് തീർച്ചയായും വർത്തമാനകാലത്തിന്‍റെ നൊമ്പരമാണ് . കത്തോലിക്കാസഭ അനുദിനം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതിൻറെ പ്രധാന കാരണവും അതാണ്.
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തവൻ തൻറെ മതത്തിനായി ചാകും. അവന് മത സൗഹാർദ്ദവും വേണ്ട മനുഷ്യ സൗഹാർദ്ദവും വേണ്ട. പുരോഹിത വർഗ്ഗം അങ്ങനയെ വിശ്വാസിയെ പഠിപ്പിക്കൂ.
അരമനകളിൽ സുഖജീവിതം കഴിക്കുന്നവർ, പട്ടുവസ്ത്രങ്ങൾ ധരിക്കുന്നവർ, ഏകാധിപത്യഭരണം നടത്തുന്നവർ മറ്റുള്ളവരോട് എങ്ങനെ വിശ്വസിക്കണം, എങ്ങനെ ജീവിക്കണമെന്നൊക്കെ കല്പിക്കുന്നത് അവരുടെമേല്‍ മെക്കിട്ടുകയറലുതന്നെയാണ്. സമീപകാലത്ത് അന്തരിച്ച കർദിനാൾ കാർലോ മാർട്ടിനി പറഞ്ഞത് സഭ ഇന്ന് ഇരുനൂറു വർഷങ്ങൾക്കു പിന്നിലാണെന്നാണ്. കഴിഞ്ഞ നാല്പ്പതുവർഷങ്ങൾകൊണ്ട് കത്തോലികാ സഭയിലെ മെത്രാന്മാരുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ അയ്യായിരത്തിനുമേൽ. അതിയാഥാസ്ഥിതിക ചിന്തകരായ പുരോഹിതരെ തെരഞ്ഞെടുത്ത് എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയർത്തുകയാണ് റോം ചെയ്തുകൊണ്ടിരിക്കുന്നത്. പുരോഗമന ചിന്തയുള്ള ഒരൊറ്റ വൈദികനും മെത്രാൻപദവി കാംക്ഷിക്കേണ്ട. ഈ ദുർവിധിയിൽ ദൈവജനം ദു:ഖിതരാണ്. സഭയിലെ കീറാമുട്ടി പ്രശ്നങ്ങളായ പൌരാഹിത്യത്തിലെ മൂല്യച്യുതി, ലൈംഗിക സദാചാരമില്ലായ്മ, സ്വവർഗരതി, വൈദിക ബ്രഹ്മചര്യം, വൈദിക ബാലരതി, വൈദികക്ഷാമം, സ്ത്രീവിവേചനം, സ്ത്രീ പൌരാഹിത്യം, സഭാഭരണം, സാമ്പത്തികസുതാര്യത, മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, വൃദ്ധരും യാഥാസ്ഥിതികരുമായ മെത്രാന്മാരും മാർപാപ്പമാരും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ആരാധനക്രമം തുടങ്ങിയ വിഷയങ്ങളിൽ ദൈവജനത്തിന്‍റെ ശബ്ദത്തിനു യാതൊരു വിലയും സഭാധികാരികൾ നല്‍കുന്നില്ല. നീതി ലഭിച്ചില്ലങ്കിൽ സംസ്കൃതസമൂഹംപോലും അതിനായി പോരാടുമെന്ന ബാലപാഠംപോലും സഭാഭരണാധികാരികൾക്ക് അറിയില്ല. അതൃപ്തരായ ദൈവജനം സഭയില്‍നിന്നുകൊണ്ട് പരിശുദ്ധാത്മാവിൻറെ പ്രചോദനത്താൽ ധൈര്യം സംഭരിച്ചുകൊണ്ട് മാറ്റത്തിനായി മുറവിളികൂട്ടുമ്പോൾ വേറൊരുപറ്റം വിശ്വാസികൾ നിരാശരായി സഭ വിട്ടുപോവുന്നു. ‘അറിവിനെ അതിക്രമിക്കുന്ന ക്രിസ്തു സ്നേഹത്തെ മനസ്സിലാക്കി’യവരാണ് മനംമടിപ്പില്ലാതെ ഇന്നും അജിയോർണമെൻറ്റോ (aggiornamento)യ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ദൈവത്തിന്‍റെ വികാരിയും ദൈവത്തിന്‍റെ ഔദ്യോഗിക ദ്വിഭാഷിയും തെറ്റാവരക്കാരനുമായ പോപ്പിന്‍റെ തീരുമാനം സ്ഥിരവും സമ്പൂർണവും അത്യന്തികവുമാകയാൽ കത്തോലിക്കാസഭ പോപ്പാകുന്ന വ്യക്തിയിൽ തൂങ്ങി നില്‍ക്കുകയാണ്. രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ 'ദൈവജനം' എന്ന ആശയം കാറ്റിൽ പറന്നതുപോലെ സംഘാതാത്മകത (collegiality) യും കാറ്റില്‍ പറന്നുപോയി.
സീറോമലബാർസഭ മുഴുവനായിത്തന്നെ ഇന്ന് അലങ്കോലപ്പെട്ടുകിടക്കുകയാണ്. ലോകത്തൊരിടത്തുമില്ലാത്ത ബുർഷ്വാ മനസ്ഥിതിയാണ് സഭാധികാരികള്‍ക്ക്. ശുശ്രൂഷ എന്ന വാക്ക് അവർ കേട്ടിട്ടില്ലെന്നു തോന്നും, അവരുടെ പ്രവൃത്തികൾകണ്ടാൽ. ജനങ്ങളെ ഭരിച്ചും ജമ്പോ ദേവാലയങ്ങൾ പണുതും ഷോപ്പിംഗ് കൊമ്പ്ലെക്സുകൾ നിർമ്മിച്ചും എസ്റ്റെറ്റുകൾ വാങ്ങിയും അന്ധവിശ്വാസം പ്രചരിപ്പിച്ചും മനിക്കേയൻ കുരിശിൻറെയും ആരാധനാക്രമത്തിൻറെയും പേരിൽ സഭയിൽ കലഹമുണ്ടാക്കിയും അവർ വാണരുളുന്നു. അവർ വസിക്കുന്ന അരമനകളുടെ അടുത്ത് ചെല്ലാൻ ഒരു സാധാരണ വിശ്വാസി മടിക്കും; ഭയപ്പെടും. അത്രയ്ക്കും കെട്ടിലും മട്ടിലുമാണ് എല്ലാ അരമനകളും. വിശ്വാസികളെ അടിമകളാക്കി ഭരിക്കുന്നതിൽ അവർ തൃപ്തി നേടുന്നു. സീറോ മലബാർ സഭയ്ക്ക് സ്വയംഭരണം ലഭിച്ചപ്പോൾ മാർത്തോമായുടെ മാർഗ്ഗത്തിലേക്കു തിരിച്ചു പോകണ്ടതിനുപകരം കല്‍ദായ ലിറ്റർജിയും ലത്തീൻ സഭാഭരണ സമ്പ്രദായവും പുതിയ കാനോൻ നിയമവും പൊതുയോഗത്തെ നിർജ്ജിവമാക്കി വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിലുംകൊണ്ട് നമ്മുടെ മേല്പട്ടക്കാർ തൃപ്തരായി. കല്ദായീകരണത്തിന്‍റെ ഭാഗമായി മാനിക്കേയൻ കുരിശും അള്‍ത്താരയുടെ മുമ്പിൽ ശീലതൂക്കലും നടപ്പിലാക്കി. അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും കാരണം എല്ലാ രൂപതകളും ഇത്തരം മാറ്റത്തിനു സഹകരിക്കുന്നില്ലതാനും. അങ്ങനെ നൂറ്റാണ്ടുകളോളം സ്വരുമയിലും പരസ്പര സ്നേഹത്തിലും കഴിഞ്ഞിരുന്ന നസ്രാണി കത്തോലിക്കാസഭ വിഭാഗീയ ചിന്തകള്‍കൊണ്ട് ആകെ താറുമാറാകുകയും ചെയ്തു. തൃശൂരുനിന്ന് ഒരു വല്ല്യച്ചൻ ചങ്ങനാശേരിയിലെത്തിയാൽ ചങ്ങനാശേരിയിലെ ഒരു കൊച്ചച്ചന്‍ എങ്ങനെ കുർബ്ബാന ചെല്ലണമെന്ന് വല്ല്യച്ചനെ പഠിപ്പിക്കേണ്ട ഗതികേടിലെയ്ക്ക് സഭ അധപതിച്ചുപോയി. അറിവും പക്വതയും എളിമയും നേത്രുത്വ ഗുണവും വിട്ടുവീഴ്ചാ മനോഭാവവുമെല്ലാമുള്ള മെത്രാന്മാരുടെ അഭാവവും അതെസമയം മർക്കടമുഷ്ടിയുള്ള ചില മെത്രാന്മാരുടെ അതിപ്രസരിപ്പും സീറോ മലബാർസഭയിൽ ഉണ്ടായതാണ് ആ സഭയുടെ നാരായവേരിനു കോടാലിവയ്ക്കാൻ പ്രധാന കാരണം. നമ്മുടെ സഭയ്ക്ക് എന്താണ് കുഴപ്പം എന്നു ചോദിക്കുന്ന ഉപരിപ്ലവകാരികളുണ്ട്. കുഴപ്പം എന്തെന്നറിയാൻ ഒരിരുപതുകൊല്ലംകൂടി ജീവിച്ചിരുന്നാൽ മതി.
റോമിൻറെ തീരുമാനത്തിനു നിർദ്ദേശങ്ങൾക്കും ഘടക വിരുദ്ധമായി തെക്കുംഭാഗക്കാരെയും വടക്കുംഭാഗക്കാരെയും ജാതീയമായി വേർതിരിച്ച് ജാതി മാറിക്കെട്ടി എന്നുപറഞ്ഞ് ഇടവകയിലെ അംഗത്വം മുടക്കാനുള്ള തീണ്ടൂരമിറക്കാൻ ചില സീറോ മലബാർ മെത്രാന്മാർ തയ്യാറായി. മനഃസാക്ഷി നഷ്ടപ്പെട്ട ഈ അഭിവന്ദ്യന്മാരെ കുലംകുത്തികളെന്നല്ലേ വിളിക്കേണ്ടത്? നഷ്ടപ്പെട്ടുപോയ ഒരാടിനെപോലും തേടിനടക്കാൻ ഉപദേശിച്ച യേശുവിൻറെ അനുയായികൾ എന്നു പറഞ്ഞുനടക്കാൻ ഇവർക്ക് നാണമില്ലേ? വർഗ്ഗീയമനോഭാവം കൊടികുത്തി വാഴുന്നത് ക്രിസ്ത്യാനികളിൽ തന്നെ. ജാതി വ്യവസ്ഥയുള്ള ഹിന്ദു സഹോദരങ്ങളെ എന്തിനു നാം കുറ്റം പറയണം?
യേശുവിന്‍റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികൾ "മനസ്സുള്ളവർ സഭയിൽ നിന്നാൽമതി" എന്നുവരെ പ്രഖ്യാപിക്കുമ്പോൾ അവരുടെ അഹന്ത എന്തുമാത്രമെന്ന് നാം ചിന്തിക്കണം. ഭോഷന്മാരായ വിശ്വാസികൾ സഭയിൽ എന്നും കാണുമെന്ന് സഭാധികാരത്തിനറിയാം. എന്നാൽ ബഹുഭൂരിപക്ഷം വിശ്വാസികളും സഭയുടെ ഇന്നത്തെ നിലപാടിൽ വേദനിക്കുന്നവരാണ്. എടുക്കാൻ പ്രയാസമുള്ള ചുമടുകൾ വിശ്വാസികളുടെ ചുമലിൽ സ്ഥാപിതസഭ കെട്ടി വെയ്ക്കുന്നത് കഷ്ടമാണ്. കാലോചിതമായ പരിഷ്കാരങ്ങളും പരിവർത്തനങ്ങളും നവീകരണങ്ങളും സഭയിൽ വരുന്നില്ലങ്കിൽ വിശ്വാസികൾ സ്വയം ചുമടുകൾ വലിച്ചെറിഞ്ഞു സ്വതന്ത്രരാകും.
യേശുവിലും അദ്ദേഹത്തിന്‍റെ വചനങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന സഭാനവീകരണക്കാർ സഭയുടെ സംഘിടിതശ്രേണിയെയും അതിന്‍റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിർക്കുന്നത്. ദൈവവിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും ഉറച്ച ക്രൈസ്തവതയെ അവർ എതിർക്കുന്നില്ല;. മറിച്ച് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. സഭാവിമർശന തൂലികയുമായി ഇറങ്ങുന്നവരെ അവിശ്വാസികളെന്ന് മുദ്രയടിക്കാൻ പ്രതിലോമകക്ഷികൾ എന്നും തയ്യാറാണ്. വിമർശനങ്ങളുടെ ശരങ്ങൾ പാഞ്ഞുവരുമ്പോൾ അതിനെ നേരിടാൻ തക്കവിധം കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടി ആവശ്യമാണ്. മദമിളകി വരുന്ന കാട്ടാനയെയും വെട്ടാൻ വരുന്ന കാട്ടുപോത്തിനെയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും സഭാവിമർശകർക്കുണ്ടാകണം. സഭാനവീകരണത്തെ മുൻകണ്ട് ചില പുസ്തകങ്ങൾ ഞാൻ പ്രസിദ്ധീകരിച്ചപ്പോൾ എന്നെ വട്ടനും, വിഡ്ഢിയും, വിവരദോഷിയും, കിണറ്റിൽ കിടക്കുന്ന തവളയും, ഭീരുവും, പാമരനും, അധഃപതിച്ചവനും എന്നെല്ലാം ചിത്രീകരിച്ചു. സമീപകാലത്ത് സാമൂഹിക പരിഷ്കർത്താവും അനുഗ്രഹീത കവിയും എഴുത്തുകാരനുമായ ശ്രീ സാമുവൽ കൂടലിന് വധഭീഷണി ഉണ്ടായെന്ന് അല്മായശബ്ദം ബ്ലോഗിലും ഫേസ്ബുക്കിലുമെല്ലാം വായിക്കാനിടയായി. സഭാമേലധികാരികളുടെ കൊള്ളരുതാത്ത പ്രവൃത്തികളെ വിമർശിച്ചതിനുള്ള ശിക്ഷ ഫാത്വാ (Fatwa) വഴി കൂടലിനെ ഇല്ലാതാക്കുകയാണോ? ഇവരിലും ഇവരുടെ ശിങ്കിടികളിലും കുടികൊള്ളുന്ന താലിബാനിസവും കപട ആത്മീയതയും പത്തിവിടർത്തുന്നതിൻറെ ലക്ഷണമാണ് ഇത്തരം വധശിക്ഷ ഭീഷണികൾ. മെത്രാന് തൻറെ രൂപതയിലും വികാരിക്ക് തൻറെ ഇടവകയിലും ഏതു തോന്യാസവും ചെയ്യാം. വിശ്വാസിക്രിമികൾക്ക് ഒന്നും എതിർത്തുപറയാൻ പാടില്ല.
ckalarickal10@hotmail.com
"നേരറിയാൻ സിബി " എന്നതുപോലെ ഇന്നത്തെ ക്രിസ്തീയ സഭകളും, അവയെ കയ്യാളുന്ന നിക്രിഷ്ട ജീവികളായ പുരോഹിത, കൂദാശത്തൊഴിലാളികളും, പ്രസംഗത്തൊഴിലാളികളും, അവരെ തീറ്റിപ്പോറ്റേണ്ടുന്ന ദുർവിധിയിലായ പാവം ദൈവജനവും എന്തെന്ന് , അമേരിക്കക്കാരൻ ചാക്കോ കളരിക്കൽ വിശദീകരിക്കുന്ന ഈ രചന ഒരുവട്ടം വായിച്ചില്ലായെങ്കിൽ , എന്റെയച്ചായന്മാരെ നിങ്ങൾ നേരറിയാതെ ചത്തുപോകുമേ.. ഒരു വാചകം സാമ്പിളിന് ചുവടെ ചേർക്കുന്നു !
"യേശുവിലും അദ്ദേഹത്തിന്‍റെ വചനങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന സഭാനവീകരണക്കാർ സഭയുടെ സംഘിടിതശ്രേണിയെയും അതിന്‍റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിർക്കുന്നത്. ദൈവവിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും ഉറച്ച ക്രൈസ്തവതയെ അവർ എതിർക്കുന്നില്ല;. മറിച്ച് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. സഭാവിമർശന തൂലികയുമായി ഇറങ്ങുന്നവരെ അവിശ്വാസികളെന്ന് മുദ്രയടിക്കാൻ പ്രതിലോമകക്ഷികൾ എന്നും തയ്യാറാണ്. വിമർശനങ്ങളുടെ ശരങ്ങൾ പാഞ്ഞുവരുമ്പോൾ അതിനെ നേരിടാൻ തക്കവിധം കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടി ആവശ്യമാണ്. മദമിളകി വരുന്ന കാട്ടാനയെയും വെട്ടാൻ വരുന്ന കാട്ടുപോത്തിനെയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും സഭാവിമർശകർക്കുണ്ടാകണം. സഭാനവീകരണത്തെ മുൻകണ്ട് ചില പുസ്തകങ്ങൾ ഞാൻ പ്രസിദ്ധീകരിച്ചപ്പോൾ എന്നെ വട്ടനും, വിഡ്ഢിയും, വിവരദോഷിയും, കിണറ്റിൽ കിടക്കുന്ന തവളയും, ഭീരുവും, പാമരനും, അധഃപതിച്ചവനും എന്നെല്ലാം ചിത്രീകരിച്ചു. സമീപകാലത്ത് സാമൂഹിക പരിഷ്കർത്താവും അനുഗ്രഹീത കവിയും എഴുത്തുകാരനുമായ ശ്രീ സാമുവൽ കൂടലിന് വധഭീഷണി ഉണ്ടായെന്ന് അല്മായശബ്ദം ബ്ലോഗിലും ഫേസ്ബുക്കിലുമെല്ലാം വായിക്കാനിടയായി. സഭാമേലധികാരികളുടെ കൊള്ളരുതാത്ത പ്രവൃത്തികളെ വിമർശിച്ചതിനുള്ള ശിക്ഷ ഫാത്വാ (Fatwa) വഴി കൂടലിനെ ഇല്ലാതാക്കുകയാണോ? ഇവരിലും ഇവരുടെ ശിങ്കിടികളിലും കുടികൊള്ളുന്ന താലിബാനിസവും കപട ആത്മീയതയും പത്തിവിടർത്തുന്നതിൻറെ ലക്ഷണമാണ് ഇത്തരം വധശിക്ഷ ഭീഷണികൾ. മെത്രാന് തൻറെ രൂപതയിലും വികാരിക്ക് തൻറെ ഇടവകയിലും ഏതു തോന്യാസവും ചെയ്യാം. വിശ്വാസിക്രിമികൾക്ക് ഒന്നും എതിർത്തുപറയാൻ പാടില്ല.
ക്രിസ്തുവിന്‍റെ വചനങ്ങളെ പിന്തുടരുന്ന സഭാനവീകരണക്കാരുടെ ശ്രമങ്ങളെ ആദരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നല്കുകയും അവരോട് സഹകരിക്കുകയുമാണ് സാധാരണ സഭാപൗരർക്ക് ഇന്നു ചെയ്യാവുന്ന കാര്യം."