ജോര്‍ജ് മൂലേച്ചാലില്‍
സത്യജ്വാല മാര്‍ച്ച് 2018 എഡിറ്റോറിയല്‍
കുറെ
നാളായി കേരളകത്തോലിക്കാസമൂഹത്തെയാകെ നാണക്കേടിന്റെ പാതാളക്കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ്,
സീറോ-മലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമികുംഭകോണവിഷയത്തില്‍
അദ്ദേഹം പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തെ ന്യായീകരിക്കാന്‍, കാനോന്‍നിയമം പൊക്കിപ്പിടിച്ച്
അദ്ദേഹമുയര്‍ത്തുന്ന അവകാശവാദങ്ങള്‍ കേട്ട് പരിഷ്‌കൃതസമൂഹമെന്നല്ല, നിരക്ഷരകുക്ഷികള്‍പോലും
മൂക്കത്തു വിരല്‍വയ്ക്കുകയാണ്. സഭ ഒരു ട്രസ്റ്റല്ലെന്നും, തന്റെ രൂപതയുടെ സ്വത്തുക്കള്‍
സ്വകാര്യസ്വത്തുപോലെ ക്രയവിക്രയം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്നും, അതിലിടപെടാന്‍
വിശ്വാസികള്‍ക്ക് അവകാശമില്ലെന്നും, സഭാസ്വത്തുഭരണം ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കുകീഴില്‍
വരില്ലെന്നും, തന്നെ ശിക്ഷിക്കാന്‍ മാര്‍പാപ്പായ്ക്കുമാത്രമേ അധികാരമുള്ളൂവെന്നുമൊക്കെയുള്ള
ധാര്‍ഷ്ട്യപ്രസ്താവനകള്‍ നടത്തി ഇന്ത്യന്‍ ഭരണഘടനയെയും എന്തിന്, സ്വന്തം ഇന്ത്യന്‍പൗരത്വത്തെത്തന്നെയും
നിന്ദിക്കുകയാണദ്ദേഹം. സഭയെ നൂറ്റാണ്ടുകള്‍ നീണ്ട ഇരുണ്ടയുഗത്തിലേക്കു വലിച്ചിഴച്ച
മുന്‍കാല മാര്‍പാപ്പമാരുടെയും മെത്രാന്മാരുടെയും നിലവാരത്തിലേക്ക് സ്വയം അധഃപതിക്കുകയാണോ
അദ്ദേഹം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാല്‍,
ഇന്ത്യയിലെ കത്തോലിക്കാസമൂഹം വത്തിക്കാന്റെ ഒരു കോളനിയാണെന്നും, കത്തോലിക്കാസഭ ഒരു
ഭൗതികസാമ്രാജ്യമാണെന്നും, സമ്രാട്ടായ മാര്‍പാപ്പയ്ക്കുവേണ്ടി ഇവിടെ അധികാരഭരണംനടത്താന്‍
നിയോഗിതനായ വൈസ്രോയിയാണ് അദ്ദേഹമെന്നും ആര്‍ക്കും തോന്നിപ്പോകും. ഇന്ത്യയുടെ മണ്ണില്‍
ചവിട്ടിനിന്ന്, റോമന്‍ അധികാരമദം പൊട്ടി ദേശദ്രോഹം വമിക്കുന്ന ഇത്തരം ധിക്കാരവചനങ്ങള്‍
ഉരുവിട്ടുകൊണ്ടിരിക്കുന്ന സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നടപടിയെ അപലപിക്കാന്‍
ആദ്യം തയ്യാറാകേണ്ടത് ഇവിടുത്തെ കത്തോലിക്കാസമൂഹംതന്നെയാണ്. അല്ലെങ്കില്‍, അദ്ദേഹം
പുലര്‍ത്തുന്ന ദേശവിരുദ്ധതയും ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവും വത്തിക്കാന്‍ഭക്തിയും
പിന്‍ചെല്ലുന്നവരാണ് ഇവിടുത്തെ കത്തോലിക്കര്‍ എന്നു വിലയിരുത്തപ്പെടാനും, ക്രൈസ്തവര്‍ക്കെതിരെ
ഒരു സാമുദായിക ധൃവീകരണം രൂപപ്പെടാന്‍പോലും ഇടയുണ്ട്. അല്ലെങ്കില്‍ത്തന്നെ, അദ്ദേഹം
സമുദായത്തിന് ഉണ്ടാക്കിവയ്ക്കുന്ന നാണക്കേടുകള്‍ ഏറ്റെടുക്കാനുള്ള ബാധ്യത ഈ സമുദായത്തിനില്ല;
അത് അദ്ദേഹത്തിന്റെ തലയിലേക്കുതന്നെ വച്ചുകൊടുക്കുകയാണ് സമുദായത്തിന് അന്തസ്.
മാര്‍ ആലഞ്ചേരിയെപ്പറ്റി ഇത്രയും
പറഞ്ഞതുകൊണ്ട് മറ്റു മെത്രാന്മാരുടെ കാര്യം വ്യത്യസ്തമാണെന്ന് അര്‍ത്ഥമില്ല. 'തനിക്കെതിരെ
നടപടിയെടുക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്കു മാത്രമേയുള്ളൂ' എന്ന വാദമൊഴികെയുള്ള അദ്ദേഹത്തിന്റെ
മറ്റെല്ലാ വാദങ്ങളും മറ്റു മെത്രാന്മാരും വിവിധ കോടതികളില്‍ മുമ്പ് ഉന്നയിച്ചിട്ടുള്ളതാണ്.
പൗരസ്ത്യകാനോന്‍ നിയമം സീറോ-മലബാര്‍ സഭയ്ക്കു ബാധകമായതിനുശേഷമുണ്ടായ അതിരമ്പുഴ പള്ളിക്കേസിലും
എടത്വാപള്ളിക്കേസിലും സമാനവാദഗതികളുന്നയിച്ചുള്ള സത്യവാങ്മൂലമാണ്, അന്ന് ചങ്ങനാശ്ശേരി
ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ കോടതിയില്‍ നല്‍കിയത്. മാര്‍ത്തോമ്മാ
സ്ഥാപിച്ച ഇന്ത്യന്‍ അപ്പോസ്തലികസഭയുടെ തുടര്‍ച്ചയാണ് സീറോ-മലബാര്‍ സഭയെന്നും, 'മാര്‍ത്തോമ്മായുടെ
മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) ആണ് ഈ സഭയുടെ പാരമ്പര്യനിയമമെന്നുമുള്ള പള്ളിക്കാരുടെ
വാദത്തെ നിരാകരിക്കാന്‍, മാര്‍ത്തോമ്മായുടെ നിയമമെന്ന ഒരു നിയമമില്ല എന്ന വാദമാണ് അദ്ദേഹം
മുന്നോട്ടുവച്ചത്. ''... അവരുടെ (മാര്‍ത്തോമ്മാ ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ
ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു....''
എന്ന് 1996-ല്‍ റോമില്‍ ചേര്‍ന്ന സീറോ-മലബാര്‍ സിനഡില്‍ മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി
വാചാലനായതും ഇതേ മാര്‍ പൗവ്വത്തിലായിരുന്നു എന്നോര്‍ക്കുക!
പൗരസ്ത്യസഭയല്ലാത്ത കേരളസഭയ്ക്ക്
പൗരസ്ത്യകാനോന്‍നിയമം ബാധകമല്ലെന്നു വാദിച്ചും എല്ലാ സീറോ-മലബാര്‍ മെത്രാന്മാരെയും
പ്രതിചേര്‍ത്തും ശ്രീ ജോസഫ് പുലിക്കുന്നേലും, സമാനവാദങ്ങളുന്നയിച്ച് 'കാത്തലിക് ലേമെന്‍സ്
അസ്സോസിയേഷ'നുവേണ്ടി ശ്രീ. എം.എല്‍. ജോര്‍ജും കൊടുത്തിട്ടുള്ള കേസുകളില്‍ അന്നത്തെ
എല്ലാ സീറോ-മലബാര്‍ മെത്രാന്മാരും സംയുക്തമായി നല്‍കിയ സത്യവാങ്മൂലങ്ങളിലും, ഇപ്പോള്‍
മാര്‍ ആലഞ്ചേരി പറഞ്ഞിട്ടുള്ള അതേ വാദഗതികള്‍തന്നെയാണ് ഉന്നയിച്ചിരുന്നത്. ഇതില്‍,
എം.എല്‍. ജോര്‍ജിന്റെ 1998-ലെ ഛട ചീ. 184 എന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ് കോടതിയിലെ
കേസില്‍, മേജര്‍ ആര്‍ച്ചുബിഷപ്പ് ഉള്‍പ്പെടെ മുഴുവന്‍ സീറോ-മലബാര്‍ മെത്രാന്മാര്‍ക്കുംവേണ്ടി
അന്നത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് പരേതനായ മാര്‍ വര്‍ക്കി വിതയത്തിലും പര്‍ട്ടിക്കുലര്‍
ലോകമ്മീഷന്‍ ചെയര്‍മാനായിരുന്ന ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയും ചേര്‍ന്ന് ഒപ്പിട്ടുകൊടുത്ത
സത്യവാങ്മൂലത്തില്‍ കൂടുതല്‍ കടുത്തതും തങ്ങളുടെ സഭാപൈതൃകത്തെയും പാരമ്പര്യങ്ങളെയും
കുറിച്ച് കേരളക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന ധാരണകളെയെല്ലാം തകിടംമറിക്കുന്നതുമായ
വിചിത്രവാദഗതികളുമുണ്ടായിരുന്നു. ഉദാഹരണത്തിന,് അതിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ:
''.... സീറോ-മലബാര്‍ സഭ ക്രിസ്തുവിന്റെ 12 ശിഷ്യരിലൊരാളായ മാര്‍ത്തോമ്മാശ്ലീഹായാല്‍
സ്ഥാപിതമായതല്ല; ബര്‍ത്തുലോമ്യായാല്‍ സ്ഥാപിതമായതാണ്. 'മാര്‍ത്തോമ്മായുടെ മാര്‍ ഗ്ഗവും
വഴിപാടും' അനുസരിച്ചല്ല ഈ സഭയുടെ ഭരണം നടത്തിപ്പോന്നിട്ടുള്ളത്. സഭയുടെ പള്ളികളും സ്ഥാപനങ്ങളും
സ്വത്തുക്കളും ജീവകാരുണ്യപ്രവര്‍ത്തനം മുന്‍ നിര്‍ത്തിയുള്ളതോ, മതപരമായി പൊതുവായിട്ടുള്ളതോ,
ട്രസ്റ്റോ, ട്രസ്റ്റിന്റെ നിര്‍വ്വചനത്തില്‍പ്പോലുമോ വരുന്നതല്ല. അത്മായര്‍ക്ക് (പള്ളിക്കാര്‍ക്ക്)
ഇവകളില്‍ യാതൊരു വക നിയന്ത്രണമോ അവകാശാധികാരങ്ങളോ ഇല്ല. ഇവകളുടെ ഭൗതിക ഉടമ റോമിലെ പോപ്പ്
അവര്‍കളാണ്: പോപ്പിന്റെ സര്‍വ്വാധികാരങ്ങളും പോപ്പിന്റെ പ്രതിനിധികളായ ഇവിടുത്തെ അതാതു
രൂപതാമെത്രാന്മാര്‍ക്ക് ഡെലിഗേറ്റ് ചെയ്തിട്ടുള്ളതാണ്....'' ഇതേ വാചകങ്ങളുള്ള സത്യവാങ്മൂലങ്ങളാണ്,
ടി.ജെ. വര്‍ഗീസ് മുതല്‍പേര്‍ തിരൂര്‍ കോടതിയില്‍ കൊടുത്ത കേസിലും, മാര്‍ വര്‍ക്കി വിതയത്തിലും
ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയും ഇടവക വികാരിയും കൊടുക്കുകയുണ്ടായത്. വി.വി. ജോയി മുതല്‍
പേര്‍ മുവാറ്റുപുഴ സബ്‌കോടതിയില്‍ കൊടുത്ത കേസില്‍ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാനായിരുന്ന
ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടില്‍ കൊടുത്തതും ഇതേ ഉള്ളടക്കമുള്ള സത്യവാങ്മൂലമായിരുന്നു.
ലത്തീന്‍ റീത്തിലുണ്ടായിട്ടുള്ള
എല്ലാ സഭാക്കേസുകളിലും, മുമ്പുമുതലേ സഭാസ്വത്തുക്കള്‍ മാര്‍പാപ്പയുടേതാണെന്നും തങ്ങളുടെ
സമ്പൂര്‍ണ്ണ ഭരണാധികാരത്തിന്‍കീഴിലുള്ളവയാണെന്നുമുള്ള വാദഗതികള്‍തന്നെയാണ് മെത്രാന്മാര്‍
കൊടുത്തുപോന്നിട്ടുള്ളത്. മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ്പായിരുന്ന ഡോ. ആര്‍ അരുളപ്പയ്‌ക്കെതിരെ
ഉണ്ടായ ഒരു കേസില്‍ അദ്ദേഹമുന്നയിച്ചതും സമാനവാദങ്ങളായിരുന്നു. ഈ വാദമുഖങ്ങളെ ഖണ്ഡിക്കാനും
സഭാസ്വത്തുഭരണത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ഇജഇ 92-ാം വകുപ്പ് അപര്യാപ്തമാണെന്നും
അതുകൊണ്ട്, സഭാസ്വത്തുക്കളുടെ ഭരണം സംബന്ധിച്ച് അടിയന്തിരമായി ഒരു നിയമനിര്‍മ്മാണം
നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും ഈ കേസുകേട്ട ജസ്റ്റീസ് ടി. സത്യദേവ്
1980 നവം. 12-ലെ തന്റെ വിധി പ്രസ്താവത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. (ഇതു സംബന്ധിച്ച്
1980 നവം. 13-ലെ 'ഹിന്ദു' പത്രത്തില്‍ ശ്രദ്ധേയമായ ഒരു വാര്‍ത്താലേഖനം വന്നിരുന്നു.)
ഇതെല്ലാമെഴുതിയത്, മാര്‍ ആലഞ്ചേരി
മുന്നോട്ടുവച്ചിട്ടുള്ള അസത്യജഡിലവും അക്രൈസ്തവവും ഭരണഘടനാവിരുദ്ധവും സഭാവിരുദ്ധവും
അധാര്‍മ്മികവും കപടവുമായ അവകാശവാദങ്ങളൊന്നും ഒറ്റപ്പെട്ടതല്ലെന്നും, മിക്ക മെത്രാന്മാരും
ഒറ്റ സ്വരത്തില്‍ യാതൊരു ഉളുപ്പുമില്ലാതെ കോടതികളില്‍ പറഞ്ഞുപോന്നിട്ടുള്ളതാണെന്നും
വ്യക്തമാക്കാന്‍വേണ്ടിയാണ്. അതൊന്നും അന്നു വാര്‍ത്തയായില്ല. ഒരു ചലനവും സൃഷ്ടിച്ചുമില്ല.
മാര്‍ ആലഞ്ചേരിയുടെ ദൗര്‍ഭാഗ്യത്തിന്, സഭയെയാകെ ഉലയ്ക്കുന്ന തരത്തില്‍ അദ്ദേഹം നടത്തിയ
പ്രമാദമായ ഭൂമികുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ ജനവും മാധ്യമങ്ങളും സാകൂതം ചെവികൂര്‍പ്പിച്ചിരുന്നപ്പോളായിപ്പോയി,
അദ്ദേഹത്തിന്റെ ജല്പനങ്ങള്‍ എന്നുമാത്രം! അതുകൊണ്ട്, അദ്ദേഹംമാത്രം മോശക്കാരനും പരിഹാസ്യനും
ആയിരിക്കുകയാണ്. വാസ്തവത്തില്‍, മാര്‍ ആലഞ്ചേരിയെപ്പോലെതന്നെ വിശ്വാസിസമൂഹത്തിന്റെ
അപലപനം അര്‍ഹിക്കുന്നവരാണ്, യേശുവിന്റെ സുവിശേഷം മാറ്റിവച്ച് കാനോന്‍നിയമമെന്ന മാമോന്‍നിയമത്തെ
മാറോടുചേര്‍ത്ത് ദൈവജനത്തിന്റെ സ്വത്തുവകകള്‍ സൂത്രത്തില്‍ കൈയ്ക്കലാക്കുകയും അതു സംരക്ഷിക്കാന്‍
വേണ്ടി കോടതികളില്‍ കള്ള സത്യവാങ്മൂലങ്ങള്‍ നല്‍കി വാദിക്കുകയും ചെയ്തിട്ടുള്ള എല്ലാ
മെത്രാന്മാരും. പക്ഷേ, എത്ര അപലപിച്ചാലും എത്ര നാണംകെട്ടാലും ഇതേ നിലപാടുതന്നെ തുടര്‍ന്നും
സ്വീകരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാണ് എന്നതാണ് മറ്റൊരു കാര്യം. തങ്ങളുടെ അമിതാധികാര-നിക്ഷിപ്തതാല്പര്യങ്ങള്‍
സംരക്ഷിക്കുന്നതിന് മറ്റു വാദങ്ങളൊന്നും എവിടെയും കണ്ടെത്താന്‍ അവര്‍ക്കാവില്ല എന്നതാണ്
അതിനു കാരണം. കാനോന്‍ നിയമമല്ലാതെ അവര്‍ക്കു മറ്റൊരാശ്രയമില്ലതന്നെ.
നാമിവിടെ വ്യക്തതയോടെ മനസ്സിലാക്കേണ്ട
ഒരു കാര്യം അധികാരദാഹികളെയും ദ്രവ്യാഗ്രഹികളെയും സഭയുടെ ഉന്നതപീഠങ്ങളിലേക്കു മാടിവിളിച്ച്
ആത്മീയത ചോര്‍ത്തിക്കളയുന്ന കാനോന്‍നിയമമെന്ന സാമ്രാജ്യത്വമതനിയമമാണ് ഇതിലെല്ലാം ഒന്നാംപ്രതി
എന്നുള്ളതാണ്. അതിന്റെ ഉപാസകരായിരിക്കുന്ന മെത്രാന്മാര്‍ സഹതാപമര്‍ഹിക്കുന്ന സഹപ്രതികള്‍മാത്രമാണ്.
അതുകൊണ്ട്, പുരോഹിതാധിപത്യപരവും
വൈദേശികവും അക്രൈസ്തവവുമായ കാനോന്‍നിയമത്തെ ഇന്ത്യയില്‍നിന്നു നാടുകടത്തുക; പകരം, ജനാധിപത്യപരവും
ദേശീയവും ക്രൈസ്തവവുമായ മാര്‍ത്തോമ്മായുടെ നിയമത്തെ, അഥവാ അതിന്റെ ആധുനിക ആവിഷ്‌ക്കാരമായ
ചര്‍ച്ച് ആക്ടിനെ, ഇന്ത്യന്‍ സഭകളിലേക്കു തിരികെ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളില്‍ ഉറച്ചുനിന്നു
പ്രവര്‍ത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാകേണ്ടിയിരിക്കുന്നു.
കാനോന്‍ നിയമം ക്രിസ്തീയതയെ
ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന ഒന്നാണെന്ന് അതു വ്യവസ്ഥാപിച്ചിരിക്കുന്ന ശ്രേണീബദ്ധമായ
അധികാരഘടനയില്‍നിന്നുതന്നെ വ്യക്തമാണ്. യേശുവിന്റെ സഭ വിഭാവനംചെയ്യുന്നത്, ഒരേ സ്‌നേഹപിതാവിന്റെ
മക്കളെന്ന നിലയില്‍ തുല്യതയും സാഹോദര്യവും പുലര്‍ത്തുന്നവരുടെ സ്‌നേഹക്കൂട്ടായ്മയാണെങ്കില്‍,
വിവിധ അധികാരത്തട്ടുകള്‍ സൃഷ്ടിച്ച് മനുഷ്യരുടെ തുല്യതയും സാഹോദര്യവും അസാദ്ധ്യമാക്കിക്കൊണ്ട്,
പൗരോഹിത്യാധികാരത്തിനുകീഴിലുള്ള ഒരു രാജാ-പ്രജാസംവിധാനത്തില്‍ വിശ്വാസിസമൂഹത്തെ ആക്കിത്തീര്‍ക്കുക
എന്നതാണ് കാനോന്‍നിയമം ചെയ്യുന്നത്. യേശുവിന്റെ സഭ ശുശ്രൂഷാപരമാണെങ്കില്‍, കാനോന്‍നിയമപ്രകാരമുള്ള
സഭ അധികാരപരമാണ്. അധികാരവും സമ്പത്തും സ്വയം വേണ്ടെന്നുവയ്ക്കുവാനുള്ള ആത്മീയപ്രചോദനമാണ്
യേശുവിന്റെ സഭയില്‍ വിശ്വാസികള്‍ക്കുണ്ടാകേണ്ടതെങ്കില്‍, റോമന്‍ കാനോന്‍നിയമസഭയില്‍
സമ്പത്തും അധികാരവും എങ്ങനെയും പിടിച്ചെടുക്കാനുള്ള സ്വാര്‍ത്ഥ-രാഷ്ട്രീയപ്രേരണകളാണ്
അവര്‍ക്കുണ്ടാകുന്നത്. ഒന്നാമന്‍ അവസാനക്കാരനാകാനുള്ള യേശുവിന്റെ കല്പനയ്‌ക്കെതിരെ,
ഒന്നാമന്‍ കൂടുതല്‍ ഒന്നാമനാകാനും അവസാനക്കാരനെ കൂടുതല്‍ അവസാനക്കാരനായി തള്ളിയകറ്റാനുമുള്ള
വ്യഗ്രതയാണ്, വിജാതീയമെന്ന് യേശു വിശേഷിപ്പിച്ച റോമന്‍ സാമ്രാജ്യത്വ അധികാരഘടനയുടേതന്നെ
പുനരാവിഷ്‌ക്കാരമായ റോമന്‍ കാനോന്‍നിയമസഭാഘടന മനുഷ്യനില്‍ സൃഷ്ടിക്കുന്നത്. ഇപ്രകാരം
യേശുവിന് എതിര്‍സാക്ഷ്യം വഹിച്ച് ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ ക്രൈസ്തവസഭകള്‍
നടത്തിയ യുദ്ധസമാനസന്നാഹങ്ങളാണ്, ലോകത്തെ മൂല്യബോധമില്ലാത്ത, അഥവാ കച്ചവടമൂല്യങ്ങള്‍
മാത്രമുള്ള, ഒരു ആഗോള ചന്തവ്യവസ്ഥിതിയിലേക്കു നയിച്ചിരിക്കുന്നതെന്ന് സൂക്ഷ്മമായി നോക്കിയാല്‍
ആര്‍ക്കും കാണാനാകും. ഇന്ത്യയിലെങ്കിലും ഈ
ദുരവസ്ഥയെ മാറ്റിമറിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിന്, കാനോന്‍നിയമത്തെ ഇന്ത്യയില്‍നിന്ന്
ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു. അതിനുപകരം, ഇവിടെ നിലനിന്നിരുന്ന, നമ്മുടെ പുരാതന
പള്ളിയോഗസഭാപാരമ്പര്യത്തെ ഇവിടുത്തെ ക്രൈസ്തവസമൂഹത്തിന്റെ ദേശീയനിയമമാക്കി വ്യവസ്ഥാപിക്കേണ്ടിയിരിക്കുന്നു.
ഇതു രണ്ടും ഒരേയൊരു ആവശ്യത്തിന്റെ രണ്ടു വശങ്ങള്‍മാത്രമാണ്. ചര്‍ച്ച് ആക്ട് നടപ്പാക്കുക
എന്ന മുദ്രാവാക്യത്തിലൂടെ, നാം ഇതു രണ്ടുമാണ് ലക്ഷ്യമിടുന്നത്.
കേരളക്രൈസ്തവസമൂഹത്തിനാകെ ഒരു
പുതിയ പ്രതീക്ഷ നല്‍കിക്കൊണ്ട്, ഈ ഒരേയൊരു ആവശ്യത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ഒരു
അഖിലകേരളപ്രസ്ഥാനം ഉണ്ടായിരിക്കുന്നുവെന്നത് ഏറെ ശുഭോദര്‍ക്കമാണ്. 2018 ഫെബ്രു.
24-ന് എറണാകുളം ഐ.എം.എ. ഹാളില്‍ ചേര്‍ന്ന വിവിധ സ്വതന്ത്രസഭാസംഘടനകളുടെ നേതൃതലകൂടിയാലോചനായോഗത്തില്‍
ജന്മംകൊണ്ട 'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍' (AKCA Action Council) കേരളസഭാചരിത്രത്തില്‍ ഒരു വഴിത്തിരിവിനു തുടക്കംകുറിച്ചിരിക്കുകയാണ്. ഈ അഖിലകേരള
ചര്‍ച്ച് ആക്ട് പ്രസ്ഥാനത്തിന്റെ ഉദയത്തോടെ കാനോന്‍നിയമവും ചര്‍ച്ച് ആക്ടും നേര്‍ക്കുനേര്‍
വന്നിരിക്കുന്നു; എറണാകുളത്തെ 'മേജര്‍'ഭൂമികുംഭകോണത്തിലൂടെ കുടത്തിനുപുറത്തു ചാടിയ
കുംഭകോണപരമ്പരകളുടെയും രൂപതാതല അഴിമതികളുടെയും ഭൂതം പര്‍വ്വതാകാരമായി വളരുകയാണ്. അതിനനുസരിച്ച്,
വിശ്വാസിസമൂഹം അവഗണിച്ചു തള്ളിയിരുന്ന ചര്‍ച്ച് ആക്‌ടെന്ന ആശയം അവരുടെ മനസുകളിലും വളരുകയാണ്.
കാനോന്‍നിയമത്തിന്റെ നിഷ്ഠൂരശക്തിക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ 'ചര്‍ച്ച്
ആക്ട്' കരുത്തു നേടുകയാണ്. കാനോന്‍നിയമത്തെ മണിമഞ്ചലിലേറ്റി കിതച്ചുനില്‍ക്കുന്ന 'അഖിലകേരള
കത്തോലിക്കാ മെത്രാന്‍സംഘ' (KCBC) വും ചര്‍ച്ച് ആക്ടിനെ ഹൃദയത്തിലേറ്റി ഊര്‍ജ്ജസ്വലമായി
നിലകൊള്ളുന്ന 'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സി' (AKCA Action Council) ലും ഇതാ മുഖാമുഖം വന്നിരിക്കുന്നു.
ഒരു പുതിയ ധര്‍മ്മയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. വിശ്വാസികളുടെ അവകാശാധികാരങ്ങള്‍
കവര്‍ന്നെടുത്തു സൃഷ്ടിച്ച സ്വയംസംരക്ഷണ നൈയാമികവ്യവസ്ഥകളുടെ ഇരുമ്പുചട്ടകളും അവരുടെ
സ്വത്തുക്കള്‍ കവര്‍ന്നെടുത്താര്‍ജ്ജിച്ച മസില്‍പവറുമായി ഗോലിയാത്തിനേപ്പോലെയാണ് KCBC നിലകൊള്ളുന്നതെങ്കില്‍, സത്യത്തിന്റെ കവണയില്‍, നീതിയുടെ കല്ലുകളുമായി, ദൈവികമായ ധാര്‍മ്മികശക്തിയൊന്നില്‍മാത്രം
ഊന്നിയ ബാലകനായ ദാവീദിനേപ്പോലെയാണ് 'AKCA ആക്ഷന്‍ കൗണ്‍സില്‍' ഈ ധര്‍മ്മയുദ്ധത്തില്‍
ചുവടുറപ്പിച്ചിരിക്കുന്നത്.
എറണാകുളം ഭൂമിവിവാദവുമായി ബന്ധപ്പെട്ടുണ്ടായ
മാര്‍ച്ച് 6-ലെ ഹൈക്കോടതി വിധിയും, 'കര്‍ദ്ദിനാള്‍ രാജാവല്ല' എന്നും, 'ആരും നിയമത്തിനതീതരല്ല,
കാനോന്‍ നിയമത്തിനു പ്രസക്തിയില്ല' എന്നും മറ്റുമുള്ള അതിലെ പരാമര്‍ശങ്ങളും ജനമനസ്സുകളെ
ചര്‍ച്ച് ആക്ടിലേക്കു വലിയ രീതിയില്‍ ആകൃഷ്ടമാക്കാന്‍ പര്യാപ്തമായിട്ടുണ്ട്. കേരളത്തിലെ
സ്വതന്ത്രസഭാപ്രസ്ഥാനങ്ങളുടെയും ഇപ്പോഴുണ്ടായിരിക്കുന്ന 'AKCA ആക്ഷന്‍ കൗണ്‍സിലി'ന്റെയും
ശക്തി ഇരട്ടിപ്പിക്കാനും ഈ കോടതിവിധി ഒരു നിമിത്തമായിരിക്കുന്നു.
''AKCA ആക്ഷന്‍ കൗണ്‍സിലി'ന്റെ ആഭിമുഖ്യത്തില്‍ വൈകാതെതന്നെ
നടത്താനിരിക്കുന്ന 'ചര്‍ച്ച് ആക്ട് വിളംബര സെക്രട്ടറിയേറ്റുമാര്‍ച്ചും ധര്‍ണ'യും ചര്‍ച്ച്
ആക്ടിന്റെ അനിവാര്യതയെക്കുറിച്ച് ഗവണ്‍ മെന്റിന്റെയും ക്രൈസ്തവരുള്‍പ്പെടെയുള്ള മുഴുവന്‍
കേരളജനതയുടെയും ശ്രദ്ധയാകര്‍ഷിക്കാനുദ്ദേശിച്ചുള്ളതാണ്. തുടര്‍ന്നു നടത്താനുദ്ദേശിക്കുന്ന
'ചര്‍ച്ച് ആക്ട് സംസ്ഥാനജാഥ'യോടെ, ക്രൈസ്തവരുടെ വോട്ടുബാങ്ക് ഇനിമേല്‍ മെത്രാന്മാരുടെ
കൈയിലാവില്ല എന്ന സന്ദേശം ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളും ഗവണ്‍മെന്റും ഉള്‍ക്കൊള്ളും
എന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇവിടെ നിലനിന്നിരുന്ന കിരാതമായ ജന്മിത്വത്തെ, അന്നത്തെ
കുടിയാന്മാര്‍ക്കും അടിയാളര്‍ക്കുമൊപ്പംനിന്ന് ചെറുത്തുതോല്പിച്ച രാഷ്ട്രീയപാരമ്പര്യത്തിന്
കേരളത്തില്‍ വീണ്ടും ചോരയോട്ടമുണ്ടാകുമെന്നും, അത് കേരളക്രൈസ്തവസമൂഹത്തിന്റെ പൊതുസ്വത്തുക്കളും
സ്ഥാപനങ്ങളും കൈയടക്കി വളര്‍ന്നുകൊണ്ടിരിക്കുന്ന പുരോഹിതജന്മിത്വത്തിനെതിരെ, അവകാശാധികാരങ്ങള്‍
ചോര്‍ന്ന് അടിയാളരായിത്തീര്‍ന്നിരിക്കുന്ന വിശ്വാസിസമൂഹത്തോടൊപ്പം നില്‍ക്കുമെന്നുമാണ്
പ്രതീക്ഷിക്കപ്പെടുന്നത്. സഭാസമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിയമനീക്കങ്ങളുള്‍പ്പെടെ
വിപുലമായ പ്രവര്‍ത്തനപദ്ധതികളാണ്, 'അഗഇഅ അരശേീി
ഇീൗിരശഹ' വിഭാവനം ചെയ്തിട്ടുള്ളത്.
സഭ ഒരു ട്രസ്റ്റല്ലപോലും! വിശ്വാസികള്‍
ആരുമല്ലപോലും! കര്‍ദ്ദിനാളിനെയും മെത്രാന്മാരെയും വേദപാഠം പഠിപ്പിക്കാന്‍ കേരളത്തിലെ
ഏത് എളിയ വിശ്വാസിക്കും കഴിയുന്ന സാഹചര്യമുണ്ടായിരിക്കുന്നു! ''വിശ്വാസം സ്വീകരിച്ച
എല്ലാവരും ഒരു സമൂഹമായി. എല്ലാ വസ്തുക്കളും അവര്‍ക്കു പൊതുവായിരുന്നു'' (അപ്പോ.പ്രവ.
2:44-47) എന്ന ആദിമസഭയെപ്പറ്റിയുള്ള പരാമര്‍ശംമാത്രംമതി, ക്രൈസ്തവസഭ രൂപംകൊണ്ടതുതന്നെ
പൊതുട്രസ്റ്റായിട്ടാണെന്നു സ്ഥാപിക്കാന്‍. വിശ്വാസികള്‍ 'രാജകീയപുരോഹിതഗണ'മാണെന്ന
(1 പത്രോ. 2:9) പത്രോസ് ശ്ലീഹായുടെ ഒറ്റ പ്രഖ്യാപനംമതി, സഭയില്‍ അവര്‍ക്കുള്ള പ്രാധാന്യം
വ്യക്തമാക്കാന്‍. സ്വകാര്യസ്വത്തുപോലെ രൂപതാസ്വത്തുക്കള്‍ ക്രയവിക്രയംചെയ്യാന്‍ രൂപതാധികാരിക്ക്
അധികാരമുണ്ടുപോലും! അതേക്കുറിച്ച് ചോദിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലപോലും! സഭാസംവിധാനത്തെയും
ഭരണക്രമത്തെയുംകുറിച്ച്, 12 അപ്പോസ്തലന്മാര്‍ ഒന്നിച്ചുകൂടി നടത്തിയ ആദ്യപ്രഖ്യാപന
(അപ്പോ.പ്രവ. 6:2-4) മാണ് സഭാനടത്തിപ്പിലെ എക്കാലത്തെയും മാര്‍ഗ്ഗരേഖയെന്ന് നമ്മുടെ
കര്‍ദ്ദിനാളിനും മെത്രാന്മാര്‍ക്കും അറിയില്ലെന്നോ?
'സീറോ-മലബാര്‍ സഭയെ പിശാചുബാധിച്ചിരിക്കുന്നു'
എന്ന് മുന്‍ സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ മുമ്പ്
ഒരു പ്രസ്താവന നടത്തുകയുണ്ടായി. (അദ്ദേഹത്തെയും ഈ പിശാചു ബാധിച്ചിരുന്നുവെന്നതു വേറൊരു
സത്യം.) ഈ പിശാചാണ് മാര്‍ ആലഞ്ചേരിയെക്കൊണ്ടും മറ്റെല്ലാ മെത്രാന്മാരെക്കൊണ്ടും ദൈവത്തിനും
സഭയ്ക്കും നിരക്കാത്ത ഇത്തരം അസത്യപ്രസ്താവനകള്‍ നടത്തിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു.
ഈ പിശാചിനെ സഭയില്‍നിന്ന് ഉച്ചാടനംചെയ്യാന്‍ സഭാമക്കള്‍ ഒന്നടങ്കം തയ്യാറായേപറ്റൂ.
അതിന്റെ ആദ്യപടി, ഈ പിശാചിന്റെ ഇരിപ്പിടമായ കാനോന്‍നിയമത്തെ അറബിക്കടലില്‍ എറിയുക എന്നതാണ്;
ഒപ്പം, ചര്‍ച്ച് ആക്ടിനെ മാറോടുചേര്‍ക്കുക എന്നതും.
ഭൂമി വിവാദം സഭയിലുണ്ടായത് നല്ലതിന്റെ തുടക്കമാണെന്നും ചിന്തിക്കാം. വിശ്വാസികളായ ഒരു വലിയ വിഭാഗത്തിന് സഭയിലെ കപട പുരോഹിതരുടെ വേലത്തരങ്ങൾ മനസിലാകാനും തുടങ്ങി. എറണാകുളത്ത് മാത്രമല്ല ഭാരതത്തിൽ എല്ലായിടത്തും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഇവന്മാർ തട്ടിയെടുത്തു കൊണ്ടിരുന്ന കാര്യങ്ങൾ പൊതു ജനത്തിനു മനസിലായി തുടങ്ങിയിരിക്കുന്നു. അഞ്ചുവർഷം മുമ്പ് ഇതിനെതിരേ പ്രതികരിക്കാൻ അല്മായ ശബ്ദവും സത്യജ്വാലായും പോലുള്ള ചുരുക്കം ചില മാധ്യമങ്ങളെയുണ്ടായിരുന്നുള്ളൂ. ഇന്ന് സോഷ്യൽ മീഡിയാ മുഴുവൻ സഭയുടെ തട്ടിപ്പ് വിവരങ്ങൾ വെടിക്കെട്ടുപോലെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നു.
ReplyDeleteസഭയിൽ തട്ടിപ്പ് പണ്ട് മുതലേയുണ്ടായിരുന്നു. എന്നാൽ സഭയുടെ ഏറ്റവും വലിയ ആദ്യത്തെ തട്ടിപ്പ് ഫാരീസ് അബുബേക്കറും കാഞ്ഞിരപ്പള്ളി മെത്രാനും ദീപിക വിറ്റു മുതലാക്കിയതാണ്. എറണാകുളം ഭൂമിയിടപാടുകളിലെ തട്ടിപ്പിന്റെ പിന്നിലും ആ മുസ്ലിമും ബിഷപ്പും ഉണ്ടെന്ന് ശ്രീ പി.സി. ജോർജ് എം.എൽ.എ പ്രഖ്യാപിച്ചിരിക്കുന്നു. യൂട്യൂബിൽ വിശദമായി അദ്ദേഹം പറയുന്നുണ്ട്.
എറണാകുളം അങ്കമാലിയിലെ പുരോഹിതർ പൊതുവെ ചെറ്റകളാണ്. പലരും തറവാടികളായ വീട്ടിലെ മുതലാളിമാരുടെ വേലക്കാരികളിൽ നിന്നും വ്യപിചരിച്ചുണ്ടായ മക്കളെന്നു ശ്രീ പി.സി.ജോർജ് പറയുന്നു. അഭിമാനമില്ലാത്ത ഈ പുരോഹിതർ പാരമ്പര്യമുള്ള കുടുംബങ്ങളുടെ വീട്ടുപേരും വെച്ച് ചന്തമുട്ടന്മാരെപ്പോലെ തെരുവകളിൽ പ്രകടനത്തിനിറങ്ങിയിരിക്കുകയാണ്. അങ്കമാലി തൊട്ടു തൃശൂർ വരെയുള്ള പുരോഹിതരെ വിലയിരുത്തുകയാണെങ്കിൽ കൂടുതൽ അന്തസുള്ള പുരോഹിതർ സഭയ്ക്കുളളത് പാലാ, ചങ്ങനാശേരി എന്നിങ്ങനെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ളവരെന്നു കാണാം.
എന്തായാലും വിശ്വാസികളുടെ മനസ്സ് മാറിക്കൊണ്ടിരിക്കുന്നു. ചർച്ച് ആക്റ്റിന്റെ പ്രസക്തിയും മനസിലാക്കിത്തുടങ്ങി. പള്ളിക്കുഞ്ഞാടുകളുടെയിടയിൽ ഒരു രഹസ്യ സർവ്വേ നടത്തുകയാണെങ്കിൽ ഭൂരിഭാഗം വിദ്യാസമ്പന്നരായവർ ചർച്ച് ആക്റ്റിനെ അനുകൂലിക്കും. പുരോഹിതരിൽ ഏറിയ പങ്കും ചർച്ച് ആക്റ്റ് നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്. കാരണം, എന്റെ ദേവാലയം കള്ളന്മാരുടെ ഗുഹയല്ലെന്ന് പറഞ്ഞത് ക്രിസ്തുവാണ്. അധികാരമില്ലാത്ത പുരോഹിതർക്ക് സഭയിലെ കള്ളപുരോഹിതർ ആരൊക്കെയെന്ന് വ്യക്തമായി അറിയാം.
തട്ടിപ്പുകാരുടെയും കള്ളന്മാരുടെയും കുപ്പായമണിഞ്ഞിരിക്കുന്ന യൂദാസുകളുടെയും കൈവശത്തിലിരിക്കുന്ന സഭാസ്വത്തുക്കൾ വിശ്വാസികളുടെ സംരക്ഷണയിൽ വന്നെത്തുന്ന കാലം അധികം അകലെയല്ല. ആർക്കും എല്ലാവരെയും എല്ലാക്കാലത്തും ഒരു പോലെ വിഡ്ഢികളാക്കാൻ സാധിക്കില്ല.
ശ്രീ ജോർജ് മൂലേച്ചാലിന്റെ സത്യജ്വാലയിൽ വന്ന ഈ ലേഖനം വളരെ നന്നായിരിക്കുന്നു. ആശയങ്ങളും നിറഞ്ഞിരിക്കുന്നു. പ്രശംസിക്കുന്നു.