Translate

Saturday, March 17, 2018

മർച്ചോ പുർത്താ!

വന്നുവന്ന് പള്ളിക്കാര്യം ക്നാനായാക്കാർ DNA ടെസ്റ്റ് എടുത്തതുപോലായിരിക്കുന്നു -  അവകാശപ്പെട്ടതു പോലെ കത്തോലിക്കാ സഭയിൽ കർത്താവിന്റെ അംശമില്ല. ക്നാനായാക്കാരുടെ റിസൽറ്റ്  വന്നപ്പോൾ 96%വും സൗത്ത് ഏഷ്യൻ വംശഗുണമാണു കാണിച്ചതെന്ന് അമേരിക്കൻ കാനായുടെ ദേശീയ പ്രസിഡന്റെഴുതിയിരിക്കുന്നു. ക്നായിതൊമ്മൻ ക്നാനായാക്കാരോടു പൊറുക്കുക! ഒരു ലക്ഷം തവളകൾക്ക് ഓർഡറെടുത്ത കർഷകന്റെ കാര്യം പറഞ്ഞപോലായി മറൈൻ ഡ്രൈവിലെ അത്മായാസമ്മേളനത്തിന്റെ കാര്യം. ചിന്തിക്കുന്നതു പോലല്ലല്ലോ കാര്യങ്ങൾ. സഭ മുഴുവൻ ഇളകുമെന്നു കരുതിയെങ്കിലും അഞ്ഞൂറുപേരേ അവിടെ ഉണ്ടായിരുന്നുള്ളൂവത്രെ! കർഷകനോർത്തത് കുളത്തിൽ കുറഞ്ഞത് ഒരു ലക്ഷം തവളകളെങ്കിലും കാണുമെന്നാണ്. അമ്മാതിരി കാറിച്ചയായിരുന്നു വെളുക്കോളം; പിടിച്ചു വന്നപ്പോഴോ, വെറും പതിനാറെണ്ണം മാത്രം. മൊത്തം നിരപ്പാക്കാനായിരുന്നു ആഹ്വാനമെങ്കിൽ മെറീനാബീച്ചും തികയാതെ വന്നേനെയെന്നതു വേറൊരു കാര്യം. 

കൊല്ലപ്പെട്ട തേലക്കാട്ടച്ചനെ കുറ്റപ്പെടുത്തിയും, കൊന്ന കപ്യാരെ ന്യായീകരിച്ചും ധാരാളം പോസ്റ്റുകൾ ഉണ്ടായി. അതുകണ്ട് അച്ചന്റെ ബന്ധുക്കളാരും സങ്കടപ്പെടണ്ട; എല്ലാം തന്നെ എറണാകുളവും കഴിഞ്ഞ് കാലത്തിനു പിന്നിലേക്ക് പീലി വിടർത്തി കുട്ടനാടു വഴി ചങ്ങനാശ്ശേരിക്കും, കാലത്തിനു മുന്നിലേക്ക് തൃശൂർ വഴി ഹെലികോപ്റ്ററിൽ മാനന്തവാടിക്കും, പിന്നെ ഹൈദ്രാബാദ് ഹരിയാന വഴി ഡൽഹിക്കുമൊക്കെ പോകേണ്ട ഏറുകളായിരുന്നു. പണ്ട് എനിക്കറിയാവുന്ന ഒരച്ചൻ മരിച്ചപ്പോൾ എത്രപേരാ കരയാനുണ്ടായിരുന്നത്! പലർക്കും ലക്ഷങ്ങൾ കിട്ടാനുണ്ടായിരുന്നു; ഇപ്പഴും അവർ കരഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാരും മലയാറ്റൂരിൽ ഇല്ലായിരുന്നു - പിന്നെന്താ? പത്തു കി.മീറ്റർ അകലെ ഇൻഫോ പാർക്കിന്റെ അടുത്തുനിന്നാണേൽ നിലക്കാത്ത കൂവിച്ചയാണു കേൾക്കുന്നത്. അവിടെയടുത്തുള്ള പള്ളിയിൽ  പത്തു വൈദികർക്ക് ആഹാരം കൊടുത്തതിന്റെ ചിലവായി പത്തുലക്ഷം എന്നൊരു കണക്കു മിന്നായം പോലെ എവിടെയോ കണ്ടെന്നാണ് ജനം ആരോപിക്കുന്നത്. ഈ പത്തു കന്യകന്മാർ തിന്നതെന്താണെന്നറിയാൻ അന്യമതസ്ഥരും കൗതുകപൂർവ്വം കാത്തിരിക്കുന്നുവെന്നും കേൾക്കുന്നു. ഇടക്കുള്ള  അങ്കമാലിയിലാണെങ്കിൽ കുർബ്ബാന സമയം മാറ്റുമോയെന്നു സംശയം. വിശ്വാസികൾക്കു ബാക്കി ചൊല്ലാനും സമയം കൊടുക്കണ്ടേ? 'കത്തോലിക്കാ സഭയും' നടത്തിപ്പുകാരും കൂടെയുണ്ടെങ്കിൽ ക്രിസ്ത്യാനി പിന്നെന്തിനു സംശയിക്കാതിരിക്കണം?

ഇതിനേക്കാൾ മണ്ടന്മാരായ ഉപദേശകരെ വല്യപിതാവിനു കിട്ടാതെ പോയോ, അതോ ഇതിനേക്കാൾ മണ്ടനായ വല്യപിതാവിനെ ഉപദേശകർക്കു കിട്ടാതെ പോയോ? 25 വർഷങ്ങൾ കാനോൻ കളിച്ചതിന്റെ ഫലം! സർവ്വതിന്റെയും ബുദ്ധി കെട്ടെന്നു തോന്നുന്നു! പരി.ആത്മാവിന്റെ ലക്ഷണങ്ങളിൽ സമാധാനം ഉണ്ട്. എറണാകുളത്തുള്ളതു പരി. ആത്മാവല്ലെന്നുറപ്പിക്കാം. പരി. ആത്മാവിനെ സ്വീകരിക്കാൻ കമ്മറ്റിയുണ്ടാക്കുന്നതിനു പകരം കേസുകൾ നടത്താനാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്. അത്മായർക്കു ലീഗൽ ഫോറം ഉണ്ടാക്കാമെങ്കിൽ സിനഡിനെന്താ കേസുഫോറം ഒരെണ്ണം ഉണ്ടാക്കിയാൽ? അറുപതിനുമേൽ നാട്ടുരാജാക്കന്മാരുണ്ടല്ലൊ! ഇവർക്കെന്താ ഒരു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചാൽ? കേസിന്റെ കാര്യത്തിൽ, അതുണ്ടാക്കിയവർക്കു തന്നെയാണ് നടത്താനും അർഹത. ആലഞ്ചേരിപ്പിതാവിന്റെ പേരിലുള്ള കേസുകൾ നടത്താൻ അറക്കൽ പിതാവിനെയും, അറക്കൽ പിതാവിന്റെ പേരിൽ വരാൻ സാദ്ധ്യതയുള്ള കേസുകൾ നടത്താനുള്ള ഉത്തരവാദിത്വം എടയന്ത്രത്തു പിതാവിനെയും ഏൽപ്പിക്കാം. കട്ടക്കു കട്ട നിൽക്കട്ടെ! വല്ലോരും കേസു നടത്തിക്കോളൂന്ന് കേട്ടപ്പോൾ പലർക്കും സന്തോഷമായിക്കാണും. മെത്രാന്മാർ കേസു നടത്തുകയും, അത്മായർ പള്ളി നടത്തുകയും ചെയ്യുന്ന ഒരു നല്ലകാലം വരില്ലെന്നാരറിഞ്ഞു? പക്ഷെ, അവിടെയും കരിഞ്ഞ മണം; ഇടയന്ത്രം പിതാവാണോ രാജാവിന്റെ ഉപമ വക്കീലിനു പറഞ്ഞുകൊടുത്തതെന്ന സംശയം ഒരു കൂട്ടർക്ക്, സിനഡിന്റെ കുറിപ്പിൽ, അതിറക്കിയവന്റെ ഒപ്പില്ലെന്നും ചിലർക്കു പരാതി. എന്തായാലും വൈദികർ പ്രകടനമായി അരമനയിലേക്കു മാർച്ചു ചെയ്തെന്നു വച്ച് അത്മായൻ അതു ചെയ്യാൻ പാടില്ല. അത്മായനില്ലേ ഒരു നിലവാരം? കുടുംബത്തൊരച്ചനുണ്ടാകുമ്പോഴും മെത്രാനുണ്ടാകുമ്പോഴുമൊക്കെ പല വീട്ടുകാർക്കും ഒരു തള്ളലാരുന്നു. അതു കംപ്ലീറ്റ് മാറിയെന്നു തോന്നുന്നു! ഇനിമേൽ മെത്രാന്മാരുടെ പേരിനു വീട്ടു പേരുകൊണ്ട് തൊങ്ങൽ വെക്കുന്ന പരിപാടി മാറ്റി, വീട്ടുനമ്പർ വെക്കുക (ഉദാ: മാർ കുട്ടപ്പൻ 3/സി കോട്ടയം മുനിസിപ്പാലിറ്റി തിരുമേനി); അവരുടെ ബന്ധുക്കളെങ്കിലും തലയിൽ മുണ്ടിടാതെ നടക്കട്ടെ! 
 
എങ്കിലും സിനഡ്, അറക്കൽ മെത്രാനെ കണ്ണടച്ചു വിശ്വസിച്ചതിന്റെ കാരണം അത്രക്കങ്ങു ക്ലിയറല്ല. അദ്ദേഹത്തിന്റെ കൈയ്യീന്നല്ലേ ദീപിക പോയത്? ആ കഥയും ഈ കഥയും തമ്മിൽ ബന്ധമുണ്ടെന്നു പി സി ജോർജ്ജ് ചാനലിലൂടെ തറപ്പിച്ചു പറയുന്നു. കഴിഞ്ഞ പ്രാവശ്യം പി.സി ജോർജ്ജിനെ തോൽപ്പിക്കാൻ ഇദ്ദേഹം ശ്രമിച്ചുവെന്നാരോ പറഞ്ഞു കേട്ടതിന്റെ വൈരാഗ്യം കൊണ്ടാണോ ജോർജ്ജിതു പറഞ്ഞതെന്നു സംശയമുണ്ട്. അറക്കൽ മെത്രാനോടു നന്ദി പറയുകയല്ലെ ജോർജ്ജ് ചെയ്യേണ്ടത്? ജോർജ്ജിനു വൻ ഭൂരിപക്ഷമല്ലേ കിട്ടിയത്. മോനിക്കാ തോമസിനെ അറക്കൽ പിതാവ് ഒരൊറ്റ ചരമപ്രസംഗത്തിലൂടെ തോൽപ്പിച്ചുവെന്നത് സത്യമാണ് (മാർക്ക് ആന്റണീ, മാപ്പ്!). അതുപോലാണോ ഇത്? ഒരു പക്ഷെ, കണ്ണന്താനം സാർ പട പടേന്നു കേന്ദ്രമന്ത്രിയായതിനു പിന്നിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ടെന്ന് മറ്റു പിതാക്കന്മാർ സംശയിച്ചിട്ടുണ്ടാവാം! ഏതായാലും കേസ് നടത്താൻ അറിയാവുന്നവരുടെ കൈയ്യിൽ കേസ് വന്നപ്പോൾ സ്റ്റേ വന്നതു കണ്ടോ? റോമിൽ പോലും സ്വന്തംഭാഗം പറഞ്ഞു ജയിക്കാൻ കഴിയാത്ത മൂലേക്കാട്ട് തിരുമേനിയെ കേസ് കമ്മിറ്റിയിൽ വച്ചതിന്റെ കാര്യവും ക്ലിയറല്ല. ബോംബ് വെക്കാൻ പോയ ചിറക്കടവുകാരൻ തീവ്രവാദിയോട് പോലീസ് ചോദിച്ചു, ഇതുറപ്പിക്കുന്ന സമയത്തെങ്ങാനും പൊട്ടിയാൽ എന്തു ചെയ്യുമായിരുന്നെന്ന്. അയാൾ പറഞ്ഞത്, കൈയ്യിൽ രണ്ടെണ്ണംകൂടിയുണ്ടായിരുന്നെന്നാണ്. സഭാ തർക്കത്തിലുള്ളവരുടെ കൈകയ്യിലുണ്ടായിരുന്ന ഒരെണ്ണം പൊട്ടി. ഇനിയും ആ സൈസ്സ് കൈയ്യിൽ കാണുമായിരിക്കും. അഭയാക്കേസ് വന്ന കാലത്തു തന്നെ കേസ് നടത്താൻ ഒരു സിനഡു കമ്മറ്റി ഉണ്ടാക്കേണ്ടതായിരുന്നു. രാമപുരത്തു പോലീസ് സ്റ്റേഷനു വേണ്ടി സർക്കാരിനു മെമ്മോറാണ്ടം കൊടുത്തവർ വേണ്ടത്ര കേസുകളുണ്ടാക്കിക്കൊള്ളാമെന്നു കൂടി സർക്കാരിനുറപ്പു കൊടുത്തിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇക്കാര്യം എല്ലാ പിതാക്കന്മാരും വൈദികരും ശ്രദ്ധിച്ചാൽ സിനഡിന്റെ കേസുകമ്മറ്റി പിരിച്ചുവിടേണ്ടി വരില്ല! 

എറണാകുളം സിറ്റിക്കുള്ളിൽ പലതും സംഭവിക്കും. അവിടെപ്പോയി വല്ലയിടത്തും നിന്ന്, അതുമിതും ചിന്തിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പൻസാറിനോട് ചോദിക്കുക. വൈദികസമിതിക്കു പങ്കെടുക്കാൻ മേജറിനു പോലും പറ്റിയിട്ടില്ല. ഇപ്പൻസാറിനു 'ചർച്ച് ആക്റ്റ് കടലാസുകളും പോയി', പഴം പൊരിയും കിട്ടി. പോലീസ് വണ്ടിക്കു കൈ കാണിച്ചതുപോലെയായി കാര്യങ്ങൾ. സഭയെയോ, മെത്രാനെയൊ, കർദ്ദിനാളിനെയോ എറണാകുളം നഗരത്തിൽവെച്ച്  ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നു സാർ അറിഞ്ഞിരുന്നില്ല. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അറിയാൻ വേണ്ടിയാണു ഞാനിതെഴുതുന്നത്. എന്നാൽ, കോതമംഗലം അനുരജ്ഞനത്തിന്റെ പാതയിലാണ്. അറേബ്യായിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും കൊണ്ടുവന്നിട്ടും മാക്ബത്തിന്റെ കൈകളിൽ പറ്റിയ കറയൊന്നും മായ്ക്കാൻ ഷേക്സ്പിയറിനായില്ല; എങ്കിലും, ഒരാളുടെ രണ്ടേക്കർ സ്ഥലം തിരിച്ചുകൊടുക്കാൻ തീരുമാനിച്ചത് സന്തോഷകരം. അവിടെ 20 വീടുകളുണ്ടാകുമെന്നും അതാണ് സ്വർഗ്ഗത്തിലെണ്ണപ്പെടുന്നതെന്നും അവർക്കുമറിയാം നമ്മക്കുമറിയാം. വെട്ടിലായത് കാഞ്ഞിരപ്പള്ളിക്കാരാ. അന്യരുടെ കാരുണ്യത്തിൽ കഴിയുന്ന ജർമ്മൻകാരിക്ക് കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് കത്തുകൾ വല്ലതും വന്നാൽ പോസ്റ്റുമാന്റെ അപ്പനും അമ്മക്കുമൊന്നും അവർ വിളിക്കാതിരുന്നാൽ മതിയായിരുന്നു. കപ്യാരന്മാരും പോസ്റ്റ്മാൻമാരും വെറും സാധുക്കളാണെന്നറിയുക. ജർമ്മൻ പൗരയെ സംബന്ധിച്ചിടത്തോളം ഇനിയെന്തു കിട്ടിയതുകൊണ്ടും കാര്യമില്ല. തട്ടുദോശ തിന്നു പരിചയമായിപ്പോയി. കൊച്ചു കൊച്ചു വഴക്കുകളിൽ ഓരോരുത്തരെ ഒതുക്കി ഒതുക്കിയാണ് ഇത്രയും ശത്രുക്കളെ സഭ ഉണ്ടാക്കിയത്. ആ പാരമ്പര്യം എവിടെ ചെന്നാലും കളയാനൊക്കുമോ?

തൃശ്ശൂർ നിന്ന് തട്ടിൽ മെത്രാൻ പോയപ്പോഴും എറണാകുളത്തു നിന്നു പുത്തൂർ മെത്രാൻ പോയപ്പോഴും ചിരിച്ചവരുണ്ടല്ലൊ, അവരെല്ലാം ഇപ്പോൾ അനുഭവിക്കുന്നു. പലരും കളിക്കുന്നുമുണ്ട്; ആലഞ്ചേരിക്കു ശേഷം ഒരു മേജറെ ആവശ്യമായി വന്നാലോ? മേജറാവാൻ അത്മായനു പടില്ലെന്നു കാനോനിലില്ലല്ലൊ! വടക്കേ ഇൻഡ്യയിൽ നിന്നു വരെ അത്മായർ മൽസരരംഗത്തുണ്ടെന്നു കേൾക്കുന്നു. ഉള്ള രൂപതയുടെ രാജാവായി വവ്വാലിനെപ്പോലെ മാർപ്പാപ്പാക്കും വിശ്വാസികൾക്കും പിടി കൊടുക്കാതെ വല്ലിടത്തും മരണം വരെ തൂങ്ങിക്കിടക്കുന്നതല്ലേ നല്ലത്? പക്ഷെ, ഒരു കുഴപ്പം കാണുന്നു, ചിലപ്പോൾ ജയിലിൽ കിടന്നു തൂങ്ങേണ്ടിയും വരും. ഏതായാലും, ഏതു മെത്രാനാ ആദ്യം ജയിലിൽ പോകുന്നതെന്ന് ഒരു വർഷത്തിനുള്ളിൽ അറിയാം.

കൃഷി വായ്പയെടുത്ത പെണ്ണുങ്ങൾ കിട്ടിയതും കൊണ്ട് ബാങ്കിന്റെ മുമ്പിൽ കാറിലിരുന്ന രക്ഷകനച്ചൻ കാണാതെ പിന്നിലൂടെ രക്ഷപ്പെടുകയായിരുന്നു. അന്നിവർക്കൊരു പ്രാക്കു കിട്ടിയതാ, പള്ളിയോടു കളിച്ചാൽ ഓട്ടോറിക്ഷായിടിച്ചു ചാകത്തേയുള്ളെന്ന്. ശാപം ഏറ്റത് പ്രാകിയോന്റെ മുന്നിൽ വേലിയേലിരുന്ന ഓന്തിനായിപ്പോയി! ശതോത്തരജൂബിലി ദണ്ഡവിമോചനാശിർവ്വാദം ഉണ്ടായപ്പോഴെങ്കിലും എവമ്മാരു മനസ്സു തിരിയുമെന്നു ഞാൻ കരുതി! സഭ രക്ഷപ്പെടാൻ ഒരുപായമുണ്ട്, കഷായവും രസായനവുമായി കഴിയുന്ന വയസ്സന്മാരെ മുഴുവൻ മാറ്റി സഖാവ് കാനം രാജേന്ദനെ പണിയേൽപ്പിക്കുക! സമാധാനത്തിൽ പോവാൻ പവ്വത്തിൽ തിരുമേനിക്കെങ്കിലും കഴിയട്ടെ. 

ഈ വർഷത്തെ 'നികൃഷ്ട ജീവി ഓഫ് ദി ഇയർ' അവാർഡ് എറണാകുളത്താർക്കെങ്കിലും കൊടുത്തേക്കാം അല്ലെ? 

No comments:

Post a Comment