ഫാ. ഡാര്‍ലി എടപ്പങ്ങാട്ടില്‍ ഫോണ്‍: 0484-2740515
'സഭയിലെ ഭൂമികുംഭകോണവും പുലിക്കുന്നേലിന്റെ
ഉയിര്‍ത്തെഴുന്നേല്പും' എന്ന ശീര്‍ഷകത്തില്‍ 'സത്യജ്വാല'യില്‍ വന്ന മുഖക്കുറി (ലക്കം:
ജനു. 2018) മുഖത്തടിയായി. അന്തരിച്ച ജോസഫ് പുലിക്കുന്നേലിന്റെ ജീവിതത്തെ അപഗ്രഥിച്ചു
കുറിച്ച ഓരോ വാക്കും തിരുസഭയ്ക്കുള്ള താക്കീതുമായി. സത്യജ്വാല നല്‍കുന്ന സൂചനകള്‍ കണ്ടില്ലാ-കേട്ടില്ലായെന്നു
നടിച്ച് സഭ മുന്നോട്ടുപോയാല്‍, പൗരോഹിത്യദുഷ്പ്രഭുക്കന്മാര്‍ ഇന്നല്ലെങ്കില്‍ നാളെ
ജനകീയവിചാരണ നേരിടേണ്ടിവരും. ഓരോ സഭയിലും പൗരോഹിത്യസ്ഥാനികള്‍ നടത്തുന്ന ഭൂമികുംഭകോണങ്ങളെക്കുറിച്ചും
അവിഹിതസ്വത്തു സമ്പാദനത്തെക്കുറിച്ചും ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ അന്വേഷിച്ചാല്‍
രാഷ്ട്രീയഭിക്ഷാംദേഹികള്‍പോലും ഞെട്ടിപ്പോകും!
85-ാം വയസ്സിലും യുവാവിന്റെ
ഊര്‍ജ്ജസ്വലതയോടെ തന്റെ ആദര്‍ശങ്ങളില്‍ അന്ത്യശ്വാസംവരെ ഉറച്ചുനിന്ന വ്യക്തിയാണ് ജോസഫ്
പുലിക്കുന്നേല്‍. വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകുന്നവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
കാലഘട്ടത്തില്‍ തിരുസഭയിലെ ജീര്‍ണ്ണതയ്‌ക്കെതിരെ അദ്ദേഹം പിന്‍വാങ്ങാതെ ഉറച്ചുനിന്നു.
ഇത്രയധികം മനഃശക്തിയുള്ള മറ്റൊരാളെ കേരളം കണ്ടിട്ടുണ്ടോ? കത്തോലിക്കാസഭയ്ക്കുണ്ടായിരുന്ന
ഏക പണ്ഡിതവിമര്‍ശകനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. കാനോന്‍നിയമം ഉള്‍പ്പെടെയുള്ള
എല്ലാ മതവിഷയങ്ങളിലും വിശ്വാസങ്ങളിലും അത്യധികമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
ഓശാനമൗണ്ട് എന്ന കാമ്പസ് അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍ വിത്തിട്ട ഭൂമികയാണ്. ഒരിക്കല്‍,
ഓശാനമൗണ്ട് സന്ദര്‍ശിച്ച എനിക്ക് അദ്ദേഹം നല്‍കിയ ഊഷ്മളസ്‌നേഹാദരവ് അവിസ്മരണീയമാണ്.
ക്രൈസ്തവപൗരോഹിത്യത്തിന്റെ അപ്രമാദിത്വത്തിനെതിരെ
നിരന്തരം ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ച പുലിക്കുന്നേല്‍ കഥാവശേഷനാകുമ്പോള്‍,
സഭാധികാരത്തിനെതിരായി അരനൂറ്റാണ്ടോളം അദ്ദേഹം നടത്തിയ നീണ്ടപോരാട്ടം നിലയ്ക്കരുത്.
അത് 'സത്യജ്വാല'യുടെയും 'ഓശാന'യുടെയും പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ സ്മരണ
എന്നും നിലനിര്‍ത്തണം. മതനിഷേധമല്ല, മതത്തിന്റെ നവീകരണമാണ് ലക്ഷ്യമെന്ന് ജോസഫ് സാര്‍
എന്നും പറഞ്ഞിരുന്നു. സഭാസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളെയും അഴിമതിയെയും
പൗരോഹിത്യത്തിന്റെ ആഡംബരഭ്രമത്തെയും പൊതുവേദിയില്‍ വിമര്‍ശിക്കാന്‍ മുന്നോട്ടുവന്ന
അദ്ദേഹത്തിന്റെ അനുയായികളായി 'സത്യജ്വാല' പ്രവര്‍ത്തകര്‍ മാറുമെന്ന് പ്രതീക്ഷിക്കുകയാണ്.
''അസാധാരണനായ ഒരു പോരാളി. കത്തോലിക്കാസഭയിലെ
പൗരോഹിത്യത്തിനെതിരെ നാവും തൂലികയും ഒരുപോലെ വിനിയോഗിച്ച അതുല്യനായ പോരാളി. സര്‍വ്വശക്തമായ
സഭയെ നേര്‍ക്കുനേര്‍നിന്ന് ഒറ്റയ്ക്കു ചോദ്യംചെയ്യാന്‍ ആത്മബലവും ആര്‍ജ്ജവവും കാണിച്ചു
ധിഷണാശാലി'' പ്രമുഖകഥാകൃത്തും ജോസഫ് സാറിന്റെ സഹോദരീപുത്രനുമായ ശ്രീ. സക്കറിയയുടെ ഈ
വിലയിരുത്തലായിരിക്കും ചരിത്രം അദ്ദേഹത്തെക്കുറിച്ച് അടയാളപ്പെടുത്തുക.
നിര്‍ദ്ധനരും നിരാലംബരും നിസ്സഹായരുമായ
ഏഴകള്‍ക്ക് എന്നും താങ്ങും തണലുമായി നിലകൊണ്ട ജോസഫ് സാറിന്റെ ആശയദര്‍ശങ്ങള്‍ അദ്ദേഹം
ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയും മനുഷ്യസ്‌നേഹിയും ആണെന്ന് തെളിയിച്ചു. ''വേര്‍ഡ്‌സ്
ആര്‍ മോര്‍ പവര്‍ഫുള്‍ ദാന്‍ വെപ്പണ്‍സ്'' എന്ന ആപ്തവാക്യത്തെ നേരോടെ, നിര്‍ഭയം, നിരന്തരം
39 വര്‍ഷം മുടങ്ങാതെ പ്രസിദ്ധീകരിച്ച 'ഓശാന' മാസികയിലൂടെ വായനക്കാരെ അറിയിച്ചു. മറ്റൊരു
പ്രസിദ്ധീകരണത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര പരമാര്‍ത്ഥങ്ങളും സംഭവങ്ങളും
നേരായ വിവരങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാറിന് കഴിഞ്ഞുവെന്നത് ചില്ലറക്കാര്യമല്ലെന്നു
നാം ഓര്‍ക്കണം. 'ഓശാന' മലയാളികള്‍ക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ഓശാന
ബൈബിള്‍ എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
ഇത്രയേറെ സങ്കീര്‍ണ്ണവും സംഭവബഹുലവും
അനുഭവസമ്പന്നവുമായ ഒരു സാഹസികജീവിതജൈത്രയാത്രയ്ക്കു ഭാഗ്യമുണ്ടായ ക്രൈസ്തവലോകത്തെ ഏകവ്യക്തി
ജോസഫ് പുലിക്കുന്നേലായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. അദ്ദേഹത്തിന്റെ
അനിതരസാധാരണകഴിവും കാര്യശേഷിയും മഹത്വവും മേന്മയും മഹിമയും നന്മയും എല്ലാം അതര്‍ഹിക്കുന്ന
ഗൗരവത്തോടും പ്രാധാന്യത്തോടുംകൂടി ഉള്‍ക്കൊള്ളാന്‍ കത്തോലിക്കാസഭയ്ക്കു കഴിഞ്ഞില്ലല്ലോ
എന്ന ദുഃഖം അവശേഷിക്കുന്നു!
No comments:
Post a Comment