Translate

Friday, March 16, 2018

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യ'ങ്ങളായി!


പ്രൊഫ: പി. എല്‍. ലൂക്കോസ് ഫോണ്‍: 944 657 8174

''രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടും 1985 - ലെ മെത്രാന്മാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധ കമ്മിറ്റി തയ്യാറാക്കിയതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ അപ്പസ്‌തോലികാനുശാസനത്തോടുകൂടി  1992-ല്‍ പ്രസിദ്ധീകരിച്ചതുമായ 'Catechism of the Catholic Church' എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണ് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പി. ഓ. സിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം.' കത്തോലിക്കാസഭ വിശ്വസിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതെല്ലാം ഈ ഗ്രന്ഥത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. ഭാവിയില്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിവേണം മതബോധനഗ്രന്ഥങ്ങള്‍ രചിക്കാന്‍'' (ഒന്നാം പതിപ്പിന്റെ പ്രസ്താവനയില്‍ നിന്ന്). കത്തോലിക്കാ സഭയുടെ ഏറ്റവും ആധികാരികരേഖയായ ഈ ഗ്രന്ഥത്തിന്റെ 2011-ല്‍ ഇറക്കിയ രണ്ടാം പതിപ്പിന്റെ 100 മുതല്‍ 107 വരെ പേജുകളില്‍ 'ഉത്ഭവപാപം-കാതലായ ഒരു വിശ്വാസസത്യം' എന്ന തലക്കെട്ടിലുള്ള പ്രബോധനത്തില്‍നിന്ന് പ്രസക്തമെന്നു കരുതുന്ന ചില വാക്യങ്ങള്‍ ഈ ഗ്രന്ഥം വായിക്കാത്തവര്‍ക്കുവേണ്ടി താഴെ ഉദ്ധരിക്കുന്നു:
            ''പാപത്തിന്റെ പ്രഭവമായി ആദത്തെ മനസ്സിലാക്കുന്നതിന് കൃപാവരത്തിന്റെ പ്രഭവമായി ക്രിസ്തുവിനെ മനസ്സിലാക്കണം...... ക്രിസ്തുരഹസ്യത്തെ വികലമാക്കിക്കൊണ്ടുമാത്രമേ ഉത്ഭവപാപത്തെ
ക്കുറിച്ചുള്ള വെളിപാടിനെ അനുചിതമായി (?) തിരുത്തുവാന്‍ നമുക്കു കഴിയുകയുള്ളുവെന്നു ക്രിസ്തുവിന്റെ മനോഭാവമുള്ള സഭയ്ക്കു നന്നായി അറിയാം..... നമ്മുടെ ആദിമാതാപിതാക്കന്മാര്‍ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചുവെന്ന് വെളിപാടുവഴി നമുക്കു വിശ്വാസപരമായ സ്ഥിരീകരണം ലഭിച്ചിരിക്കുന്നു. പിശാചിന്റെ പ്രലോഭനത്തിനു വിധേയനായ മനുഷ്യന്‍ അവന്റെ സ്രഷ്ടാവിലുള്ള വിശ്വാസം അവന്റെ ഹൃദയത്തില്‍ നിര്‍ജ്ജീവമാക്കി;. സ്വാതന്ത്ര്യം ദുര്‍വിനിയോഗിച്ചുകൊണ്ടു ദൈവകല്പന ലംഘിച്ചു. മനുഷ്യന്റെ ആദ്യപാപം ഇതില്‍ അടങ്ങിയിരിക്കുന്നു. സര്‍വ്വമനുഷ്യരും ആദത്തിന്റെ പാപത്തില്‍  ഉള്‍പ്പെടുന്നു. വി. പൗലോസ് പ്രസ്താവിക്കുന്നു.; ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി...... ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോക
ത്തില്‍ പ്രവേശിച്ചു........ അപ്രകാരം എല്ലാവരും  പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു... നാമെല്ലാവരും പാപത്തോടുകൂടെ ജനിക്കത്തക്കവിധം ആദം നമ്മിലേക്ക് ആത്മാവിന്റെ മരണമാകുന്ന പാപം പകര്‍ന്നുതന്നു..... വിശ്വാസം നല്കുന്ന ഈ ഉറപ്പു നിമിത്തം, വ്യക്തിപരമായ പാപമൊന്നും ചെയ്തിട്ടില്ലാത്ത ശിശുക്കള്‍ക്കുപോലും പാപമോചനത്തിനായി സഭ മാമ്മോദീസ നല്കുന്നു. ആദത്തിന്റെ പാപം എങ്ങനെയാണ് അവന്റെ സര്‍വ്വസന്തതികളുടെയും പാപമായിത്തീര്‍ന്നത്? ആദത്തില്‍ മനുഷ്യവംശം മുഴുവനും ഒരു മനുഷ്യന്റെ ഏക ശരീരം പോലെയാണ്. മനുഷ്യവംശത്തിന്റെ ഈ ഐക്യംമൂലം സര്‍വ്വമനുഷ്യരും ആദത്തിന്റെ പാപത്തില്‍ പങ്കുകാരായി. ഉത്ഭവപാപത്തിന്റെ സംക്രമണം നമുക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാകാത്ത ഒരു രഹസ്യമാണ്. പ്രജനനത്തിലൂടെ അതായത്, ഉത്ഭവശുദ്ധിയും നീതിയും നഷ്ടപ്പെട്ട മനുഷ്യപ്രകൃതിയുടെ സമ്പ്രദാനത്തിലൂടെയാണ് ഈ പാപം സമസ്തമാനവരാശിയിലേക്കും സംക്രമിക്കുന്നത്..... മാമ്മോദീസാ ക്രിസ്തുവിന്റെ കൃപാവരത്തിന്റെ ജീവന്‍ പ്രദാനംചെയ്തുകൊണ്ടു മനുഷ്യനിലെ ഉത്ഭവപാപം നീക്കിക്കളയുകയും അവനെ തിരികെ ദൈവത്തിങ്കലേക്കു കൊണ്ടുവരുകയും ചെയ്യുന്നു.'''
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ ഈ വാചകക്കസര്‍ത്ത് രസാവഹമായ രണ്ടു മൂന്നൂ കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒന്ന്, തിരുവനന്തപുരത്തുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സ്വര്‍ണ്ണവും രത്‌നങ്ങളും കുമിഞ്ഞുകൂടിക്കിടക്കുന്നതുപോലെ കത്തോലിക്കാവിശ്വാസം വെളിപാടുകളുടെയും രഹസ്യങ്ങളുടെയും വലിയ ഒരു നിലവറയാണ്. ആര്‍ക്കൊക്കെ എപ്പോഴെല്ലാം എവിടെയൊക്കെ
വെച്ചാണ് ഈ വെളിപാടുകള്‍ ലഭിച്ചത് എന്നു സഭ വ്യക്തമാക്കുന്നില്ല. വിശ്വാസികള്‍ക്കു ഗ്രഹിക്കാനാവാത്ത മഹാരഹസ്യങ്ങളുടെ ചുരുളുകള്‍ അഴിച്ച മഹാപ്രതിഭകള്‍ ആരൊക്കെയാണെന്നു സഭ പറയുന്നില്ല. അതൊക്കെ മറ്റൊരു രഹസ്യമായി തുടരട്ടെ! രണ്ട്, മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ ഇന്നോളം അറിയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഗുരുതരമായ സാംക്രമികരോഗം 20-25 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, ആദത്തിന്റെ കാലംമുതല്‍, ഓരോ തലമുറയിലേക്കും സംക്രമിച്ചുകൊണ്ടിരിക്കുന്ന ഉത്ഭവപാപമാണ്. അതിനു സഭ കണ്ടെത്തിയിരിക്കുന്ന ഒരേയൊരു പ്രതിവിധി-ഒറ്റമൂലി-മാമ്മോദീസമാത്രമാണ്. പ്രജനനം (ഗര്‍ഭധാരണം, പ്രസവം) വഴിയാണ് ഈ രോഗം പകരുന്നതെന്നു കൃത്യമായി കണ്ടെത്തിയതുകൊണ്ടാണോ വൈദികരുടെ വിവാഹം സഭ മുടക്കിയത്? രോഗം പിടിപെട്ടിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണല്ലോ. വൈദികരെപ്പോലെ കഴിയുന്നിടത്തോളം വിശ്വാസികള്‍ വിവാഹം കഴിക്കരുതെന്നു സഭ നിഷ്‌കര്‍ഷിക്കുന്നതല്ലേ ഉത്ഭവപാപം തടയാനുള്ള ഉത്തമമാര്‍ഗ്ഗം? അപ്പോള്‍ ഇടയന്മാര്‍ക്ക് 'അജപാലന ശുശ്രൂഷ' നടത്താനുള്ള ആടുകളുടെ എണ്ണം കുറഞ്ഞു പോകും എന്നൊരു ദോഷമുണ്ട്! 'മനുഷ്യപ്രകൃതിയുടെ സമ്പ്രദാനത്തിലൂടെയാണ് ഈ പാപം സമസ്ത മാനവരാശിയിലേക്കും സംക്രമിക്കുന്നത്' എന്നുള്ള അത്ഭുതകരമായ കണ്ടുപിടുത്തം സഭ നടത്തിയത് ഉത്ഭവപാപം കണ്ടുപിടിച്ചതോടുകൂടി ആയിരിക്കണമല്ലോ. അപ്പോള്‍ പാരമ്പര്യശാസ്ത്രശാഖ (Genetics) യുടെ ആദിപിതാവ് 19-ാം നൂറ്റാണ്ടില്‍ ആസ്ട്രിയയില്‍ ജീവിച്ചിരുന്ന അഗസ്റ്റീനിയന്‍ സന്യാസിയും സസ്യശാസ്ത്രജ്ഞനുമായിരുന്ന ഫാ. ഗ്രിഗറി മെന്‍ഡല്‍ അല്ലെന്നും ജനിതകശാസ്ത്രം നാലാം നൂറ്റാണ്ടില്‍ത്തന്നെ കത്തോലിക്കാസഭ വികസിപ്പിച്ചെടുത്തതാണെന്നും ശാസ്ത്രലോകം അംഗീകരിക്കാത്തത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്! എന്നാല്‍, അനേകലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ആദിമാതാപിതാക്കളുടെ പാപം ഇപ്പോഴും നവജാതശിശുക്കളിലേക്കു സംക്രമിച്ചുകൊണ്ടിരിക്കുന്ന ജനിതകശാസ്ത്രമാണ് സഭ വികസിപ്പിച്ചെടുത്തത് എന്നറിയുമ്പോള്‍ കത്തോലിക്കര്‍ക്കെല്ലാം മുഴുവട്ടാണെന്ന് ലോകം മുഴുവന്‍ വിധിയെഴുതും!
കഴിഞ്ഞ പതിനാറു നൂറ്റാണ്ടു കാലം ഒരു ദുര്‍ഭൂതത്തെപ്പോലെ കത്തോലിക്കാസഭയെ ആവേശിച്ച ഉത്ഭവപാപം എങ്ങനെയാണുണ്ടായത്? ഉത്ഭവപാപം ഉണ്ടെന്നും അതിന്റെ ബന്ധനത്തില്‍നിന്നു മാനവകുല
ത്തെ മോചിപ്പിക്കാനാണ് യേശുക്രിസ്തു ഭൂമിയില്‍ അവതീര്‍ണ്ണനായതെന്നും കുരിശില്‍ മരിച്ചതെന്നും ഉറച്ചു വിശ്വസിക്കുകയും ദിവ്യരക്ഷകന്‍ പാപവിമോചകന്‍ എന്നൊക്കെ യേശുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്ന നമ്മള്‍, ജന്മപാപത്തെപ്പറ്റി ഒരു വാക്കെങ്കിലും യേശു ഉച്ചരിച്ചതായി നാലു സുവിശേഷങ്ങളിലും കാണുന്നില്ല എന്ന സത്യം ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. പഴയനിയമത്തിന്റെ കാനോനികമായി അംഗീകരി
ക്കപ്പെട്ടിട്ടുള്ള 45 ഗ്രന്ഥങ്ങളിലോ സുവിശേഷങ്ങളും ശ്ലീഹന്മാരെഴുതിയ ലേഖനങ്ങളും ഉള്‍പ്പെടെയുള്ള 27 പുതിയനിയമഗ്രന്ഥങ്ങളിലോ ഉത്ഭവപാപത്തെപ്പറ്റി യാതൊരു സൂചനയുമില്ല. യേശുവിനെ അടുത്തറി
ഞ്ഞിരുന്ന അവിടുത്തേ ശിഷ്യന്മാരില്‍നിന്നും അവരുടെ അനുയായികളില്‍നിന്നും യഥാര്‍ത്ഥ ക്രിസ്തീയവിശ്വാസം നേരിട്ടു ലഭിച്ചവരും ആദ്യത്തെ നാലു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരുമായ ക്രിസ്ത്യാനികള്‍ ഉത്ഭവപാപത്തില്‍ വിശ്വസിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവുകളോ രേഖകളോ ലഭിച്ചിട്ടില്ല. ഉത്ഭവപാപത്തെക്കുറിച്ചുള്ള വെളിപാടായി ക.സ.മ. ഗ്രന്ഥം ഉദ്ധരിച്ചിരിക്കുന്നത് പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ അഞ്ചാം അദ്ധ്യായത്തിലുള്ള 12-ഉം 19-ഉം വാക്യങ്ങളാണ്. ഉത്ഭവപാപത്തെപ്പറ്റി യാതൊന്നുംതന്നെ പൗലോസ് ശ്ലീഹാ സൂചിപ്പിച്ചിട്ടില്ലെങ്കിലും പ്രധാനമായും മേല്പറഞ്ഞ 12-ാം വാക്യം ദുര്‍വ്യാഖ്യാനിച്ചാണ് ഈ ദുര്‍ഭൂതത്തിനു ജന്മം കൊടുത്തിരിക്കുന്നത്.
ദൈവശാസ്ത്രപണ്ഡിതനല്ലാത്ത ഒരു അത്മായന്‍ സഭയുടെ ഗഹനമായ വിശ്വാസസത്യത്തെക്കുറിച്ച് എഴുതുമ്പോള്‍ വിശ്വാസ്യത കുറഞ്ഞാലോ എന്നു ഭയമുള്ളതുകൊണ്ട് പ്രഗത്ഭനായ ഒരു ദൈവശാസ്ത്രജ്ഞന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കാം. റവ. ഡോക്ടര്‍ സിപ്രിയന്‍ ഇല്ലിക്കമുറി OFM Cap. ജര്‍മ്മനിയിലെ മ്യൂന്‍സ്റ്റര്‍ സര്‍വ്വകലാശാലയില്‍ വിശ്വവിഖ്യാതരായ ദൈവശാസ്ത്രജ്ഞരുടെ കീഴില്‍ പരിശീലനംനേടുകയും ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സെമിനാരികളില്‍ ദൈവശാസ്ത്രാദ്ധ്യാപകനായി വളരെക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ്. ഇംഗ്ലീഷ്, ജര്‍മ്മന്‍, മലയാളം ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പോള്‍ ആറാമന്‍ മാര്‍പാപ്പാ ആഹ്വാനം ചെയ്തതുപോലെ ഉത്ഭവപാപത്തെപ്പറ്റി കാലാനുസൃതവും പ്രസക്തവുമായ പുനര്‍വിചിന്തനം നടത്തുന്ന ദൈവശാസ്ത്രജ്ഞന്മാരുടെകൂടെയാണ് ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ഉല്പത്തി രണ്ടും മൂന്നും അദ്ധ്യായങ്ങള്‍ നാം ധരിച്ചുവച്ചിരുന്ന രീതിയില്‍ ഉത്ഭവപാപത്തെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ലെന്നാണ് ആധുനിക ബൈബിള്‍ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം. 'ആദം' (ha adam) എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ മനുഷ്യന്‍ എന്നാണ്. മനുഷ്യസമൂഹമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാതെ ആദ്യത്തെ മനുഷ്യന്റെ പേരായിരുന്നില്ല ആദം എന്നത്. മനുഷ്യകുലത്തിന്റെ ആദിമാതാപിതാക്കള്‍ രണ്ടു വ്യക്തികളായിരുന്നില്ല (monogenism); പ്രത്യുത, പല വ്യക്തികളായിരുന്നു (polygenism) എന്നാണ് മാനവശാസ്ത്രവിദഗ്ദ്ധന്മാര്‍ ഇന്നു പൊതുവേ അഭിപ്രായപ്പെടുന്നത്. ബൈബിളിന്റെ പ്രബോധനവും ഈ അഭിപ്രായവുമായി യാതൊരു പൊരുത്തക്കേടുമില്ല.... ആദത്തിന്റെയും ഹവ്വയുടെയും പാപത്തിനുശേഷം ലോകത്തില്‍ പാപം വളരെ വേഗം വര്‍ദ്ധിച്ചു പെരുകിയതായി ഉല്പത്തിയുടെ പുസ്തകം പറയുന്നുണ്ടെങ്കിലും അത് ഈ ആദ്യപാപത്തിന്റെ ഫലമായിരുന്നുവെന്ന് ഉല്പത്തിപ്പുസ്തകത്തില്‍ ഒരിടത്തും സൂചിപ്പിക്കുന്നില്ല. ആദത്തിന്റെയും ഹവ്വയുടെയും പാപത്തെപ്പറ്റി പഴയനിയമത്തിന്റെ മറ്റു ഭാഗങ്ങളില്‍ കാര്യമായ പരിചിന്തനമൊന്നും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. ഉത്ഭവപാപമുണ്ടെന്ന് ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല. പഴയനിയമത്തില്‍ ഒരിടത്തും ഉത്ഭവപാപത്തെക്കുറിച്ചു പറയുന്നില്ല എന്നതു തന്നെയാണ് അതിനു കാരണം. ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിന് ആധാരമായി വി. ആഗസ്തീനോസും പരമ്പരാഗത ദൈവശാസ്ത്രജ്ഞരും ത്രെന്ത്രോസ് സുനഹദോസും ചൂണ്ടിക്കാട്ടുന്നത് റോമാ 5: 12-21 വാക്യങ്ങളാണ്. ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു.; അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു (5:12), ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും (5:19). ആദത്തിന്റെ പാപം വഴി പാപം ആദ്യമായി ലോകത്തില്‍ പ്രവേശിച്ചു; പിന്നീട് എല്ലാ മനുഷ്യരും പാപംചെയ്തു; അങ്ങനെ എല്ലാവരും പാപികളായിത്തീര്‍ന്നു; പാപത്തിന്റെ ശിക്ഷയായ മരണം എല്ലാവര്‍ക്കും അനുഭവപ്പെടുന്നു. ഇതാണ് 5:12-ല്‍ പ്രകടമാകുന്ന പൗലോസ് ശ്ലീഹായുടൈ വീക്ഷണം. അന്നത്തേ യഹൂദര്‍ ധരിച്ചിരുന്നതുപോലെ പൗലോസും ശാരീരികമായ മരണത്തെ പാപത്തിനുള്ള ശിക്ഷയായിട്ടാണ് കരുതുന്നത്... ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ എന്ന് 5:19-ല്‍ പറയുമ്പോഴും ഒരു മനുഷ്യന്റെ അനുസരണക്കേട് മറ്റുള്ളവര്‍ക്ക് അവരുടെ സമ്മതമോ പ്രവൃത്തിയോ ഒന്നും കൂടാതെ പാപമായിത്തീര്‍ന്നുവെന്ന് അര്‍ത്ഥമില്ല. ആദത്തിന്റെ പാപത്തിന് ആദ്യത്തെ പാപമെന്ന നിലയിലും ലോകത്തിലേക്കു പാപത്തിനു പ്രവേശനം നല്കി എന്ന നിലയിലുംമാത്രമേ പൗലോസ് ശ്ലീഹായുടെ വീക്ഷണത്തില്‍, മറ്റുള്ളവരുടെ പാപവുമായി ബന്ധമുള്ളു. അല്ലാതെ, ആദത്തിന്റെ പാപം മറ്റു മനുഷ്യര്‍ക്കു പരമ്പരാഗതമായ ധാരണയിലുള്ള ഉത്ഭവപാപത്തിനു കാരണമായി എന്ന് പൗലോസ് വിവക്ഷിക്കുന്നില്ല. അങ്ങനെ കൃത്യമായി പറഞ്ഞാല്‍, മേല്പറഞ്ഞ ലേഖനഭാഗത്ത് പൗലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ പറയുന്നില്ല. ആഗസ്റ്റിനോസ് പുണ്യവാനാണ് ആദ്യമായി ഉത്ഭവപാപത്തെപ്പറ്റി സ്പഷ്ടമായി പറയുന്നത്. ഉത്ഭവപാപത്തിന് ഉപോത്ബലകമായി ആഗസ്തിനോസ് ഉപയോഗിച്ച വിശുദ്ധഗ്രന്ഥഭാഗം റോമാ 5;12-21 തന്നെയായിരുന്നു. ഇതില്‍ സുപ്രധാന വാക്യമായ 5 :12-ന് ശരിയായ ഒരു വ്യാഖ്യാനമല്ല അദ്ദേഹം നല്കിയത്'' (വചനം വിശ്വാസം ജീവിതം ക:43-54)
റവ. ഡോ. സിപ്രിയന്‍ ഇല്ലിക്കമുറിയുടെ വ്യക്തവും സത്യസന്ധവുമായ അപഗ്രഥനത്തില്‍നിന്ന് പൗലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി ഒരക്ഷരംപോലും എഴുതിവച്ചിട്ടില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. മാജിക്ക്കാരന്‍ തന്റെ തൊപ്പിയില്‍നിന്നു മുയലിനെ പുറത്തെടുക്കുന്നതുപോലെ പൗലോസ് ശ്ലീഹായുടെ അക്ലിഷ്ടമെന്നു കരുതേണ്ട വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചാണ് ആഗസ്തിനോസ് ഉത്ഭവപാപം കണ്ടെത്തിയത്. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലുള്ള സുതാര്യമായ രണ്ടു വാചകങ്ങള്‍ക്ക് ആഗസ്തിനോസ് നല്‍കിയ നൂറു ശതമാനം തെറ്റായ വ്യാഖ്യാനം പൊക്കിപ്പിടിച്ചുകൊണ്ടാണ്, ''നമ്മുടെ ആദിമാതാപിതാക്കന്മാര്‍ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചുവെന്ന് വെളിപാടുവഴി നമുക്ക് വിശ്വാസപരമായ സ്ഥീരീകരണം ലഭിച്ചിരിക്കുന്നു'' (ക.സ.മ.ഗ്രന്ഥം  പേജ് 100) എന്ന് റോമന്‍ ക്യൂരിയ (Curia) നിയമിച്ച വിദഗ്ദ്ധന്മാര്‍ എഴുതിവച്ചിരിക്കുന്നത്! സഭ കൊട്ടിഘോഷിക്കുന്ന വെളിപാടുകള്‍ എന്തുമാത്രം പൊള്ളയാണെന്നു തെളിയിക്കാന്‍ ഏറ്റവും നല്ല ഉദാഹരണം ഇതാണ്. ഉള്ളി തൊണ്ടുപൊളിച്ചാല്‍ ഒന്നുമില്ലാതാകുന്നതുപോലെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഇല്ലാതാകുന്ന അടിത്തറയില്‍ 'കാതലായ വിശ്വാസ സത്യ'ങ്ങള്‍ കെട്ടിപ്പൊക്കുന്നത് എത്ര ഗര്‍ഹണീയമാണ്! വിശ്വാസികളെ കബളിപ്പിച്ച് തങ്ങളുടെ ചൊല്പടിയില്‍ നിറുത്താനായി സഭാധികാരികള്‍ കരുതിക്കൂട്ടി തയ്യാറാക്കുന്ന തന്ത്രങ്ങളല്ലേ ഇതെല്ലാം? ''നിങ്ങള്‍ക്ക് കുറച്ചുപേരെ എല്ലാക്കാലത്തും വിഡ്ഢികളാക്കാം; എല്ലാവരെയും കുറേക്കാലത്തേക്ക് വിഡ്ഢികളാക്കാം; എന്നാല്‍ എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാനാവില്ല'' എന്നു പറഞ്ഞത് ഏബ്രഹാം ലിങ്കണാണെന്നു തോന്നുന്നു. കത്തോലിക്കാസഭ പതിനാറു നൂറ്റാണ്ടുകളായി വിശ്വാസികളെ വിഡ്ഢികളാക്കുകയാണ്.
(തുടരും)

No comments:

Post a Comment