പ്രശ്‌നം കുര്‍ബാനക്രമമല്ല;
ഈ സഭയുടെ പാരമ്പര്യത്തെ ലംഘിച്ചതാണ്
(ജൂലൈ 2011 ല്‍ ജോസഫ് പുലിക്കുന്നേല്‍
ഓശാനയില്‍ എഴുതിയ ഈ ലേഖനം ഇനിയും വിശ്വാസികളെങ്കിലും ഒന്നു വായിച്ചു പഠിച്ചെങ്കില്‍..)
മാര്‍ ആലഞ്ചേരി നേരിടുന്ന ആദ്യത്തെ
വെല്ലുവിളി നമ്മുടെ കത്തോലിക്കാ മാസികകളുടെ പ്രശംസാ വെടിക്കെട്ടിന്റെ ആകര്‍ഷണീയതയില്‍
മനംമയങ്ങാതെ മനുഷ്യനായി തന്നെ ജീവിക്കുക എന്നതാണ്. ഒരാള്‍ മെത്രാ നായാല്‍, ആര്‍ച്ചു
ബിഷപ്പായാല്‍, കര്‍ദ്ദിനാളായാല്‍ അദ്ദേഹത്തിന് ഉള്ളതും ഇല്ലാത്തതുമായ ഗുണഗണങ്ങളെപ്പറ്റിയുള്ള
പ്രശംസാ വചനങ്ങള്‍ കൊണ്ട് അദ്ദേഹത്തെ അമാനുഷനായി ഉയര്‍ത്തുക എന്നത് ഇവിടുത്ത മാധ്യമങ്ങളുടെ
- പ്രത്യേകിച്ചു കത്തോലിക്കാ മാധ്യമങ്ങളുടെ - കടമയായി അവര്‍ കണക്കാക്കുന്നു. ഈ പ്രശംസാ
വചനങ്ങള്‍ ഏതു മനുഷ്യ നിലേയും മനുഷ്യത്വത്തെ ചോര്‍ത്തിക്കളയും എന്നതിനു സംശയമില്ല.
ദൈവശാസ്ത്രപരമായി മെത്രാന്‍
ഒരു രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷകന്‍ മാത്രമാണ്. എന്നാല്‍ ഈ കാഴ്ചപ്പാടില്‍നിന്നും
കാതങ്ങള്‍ ഉയരത്തില്‍ മെത്രാനെ പ്രതിഷ്ഠിച്ച് സമൂഹത്തിന്റെ തറയാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുകയാണ്
ഇന്ന് കത്തോലിക്കാ മാധ്യമങ്ങള്‍ ചെയ്യുന്നത്. മെത്രാന്‍ സ്ഥാനമോ, ശ്രേഷ്ഠ മെത്രാന്‍
സ്ഥാനമോ എല്ലാം ഭൗതിക സ്ഥാനങ്ങളായി കണ്ട് അവരെ ആദ്ധ്യാത്മികതയില്‍നിന്നും നിവര്‍ത്തിക്കാനാണ്
ഈ പ്രശംസകരായ പ്രലോഭകര്‍ ആദ്യമേ പരിശ്രമിക്കുന്നത്.
2011 ജൂണ്‍ 8-ാം തീയതിയിലെ
''സത്യദീപ''ത്തിന്റെ മുഖലേഖനത്തില്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാര്‍ ആലഞ്ചേരിയുമായി
നടത്തിയ അഭിമുഖത്തിലെ ആദ്യത്തെ ചോദ്യംതന്നെ ഇത്തരം ഒരു അവസ്ഥയിലേക്കാണ് മാര്‍ ആലഞ്ചേരിയെ
എത്തിച്ചിരിക്കുന്നത്.
ചോദ്യമിതാണ്. ''സീറോ മലബാര്‍
സഭയുടെ വലിയ ഇടയനാകുമ്പോള്‍ പിതാവിന് സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്താണ്?''
മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യമേ
ചെയ്യേണ്ടത് സഭയില്‍ ഈ പിതാവു വിളി അവസാനിപ്പിക്കുകയാണ്. കാരണം, അദ്ദേഹം യേശുവിനെ അനുകരിച്ച്
സഭാകൂട്ടായ്മയെ നയിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ യേശുവിന്റെ കല്പനകളെ ആദ്യമേ അനുസരിക്കണം.
''എന്നാല്‍ ഗുരു എന്നു നിങ്ങള്‍
വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരരാണ്.
ഭൂമിയില്‍ ഒരു മനുഷ്യനെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം, നിങ്ങള്‍ക്ക് ഒരു
പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗസ്ഥനാണ്. നിങ്ങള്‍ നായകന്മാര്‍ എന്നും വിളിക്കപ്പെടരുത്.
കാരണം, നിങ്ങള്‍ക്ക് ഒരു നായകനേയുള്ളൂ. അതു ക്രിസ്തുവാണ്. നിങ്ങളില്‍ ഏറ്റം വലിയവന്‍
നിങ്ങളുടെ ഭൃത്യനായിരിക്കണം. സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; സ്വയം താഴ്ത്തുന്നവനോ
ഉയര്‍ത്തപ്പെടും.'' (മത്താ. 23:8-12).
ഈ അഭിമുഖത്തില്‍ ഫാ. കുര്യാക്കോസ്
മുണ്ടാടന്‍ മാര്‍ ആലഞ്ചേരിയോട് ഇങ്ങനെ ചോദിച്ചു.
''ഈ വിഷയത്തില്‍ വര്‍ക്കി പിതാവ്
വളരെയധികം താത്പര്യമെടുത്തു നീങ്ങിയിരുന്നു. ഏതാണ്ട് പ്രശ്‌നപരിഹാര സാദ്ധ്യതകള്‍ ഉരുത്തിരിഞ്ഞതായും
തോന്നിയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ ഇനിയും താമസം എന്തായിരിക്കാം?''
(ഉത്തരം): ''വര്‍ക്കി പിതാവിന്റെ
ആഗ്രഹമനുസരിച്ച് നമുക്കു കിട്ടേണ്ട അവകാശാധികാരങ്ങള്‍ എന്തുകൊണ്ട് ഇനിയും താമസിക്കുന്നു
എന്നുള്ളത് സീറോ മലബാര്‍ സിനഡിനും ഉത്തരം കിട്ടാത്ത ഒരു പ്രശ്‌നമാണ്. പടിപടിയായി ഈ
പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകുമെന്നാണ് പരിശുദ്ധ സിംഹാസനത്തില്‍ നിന്നും കിട്ടുന്ന
സൂചനകള്‍. ഇനിയങ്ങോട്ട് സിനഡിനോടൊത്ത്, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഒരു പ്രധാന ദൗത്യമായി
ഇത് അവശേഷിക്കുന്നു.''
ഏതു രോഗത്തിനും ശമനമുണ്ടാക്കുന്നതിന്
ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തണം. രോഗ നിര്‍ണയം തെറ്റാണെങ്കില്‍ ചികിത്സയും തെറ്റാകും.
കഴിഞ്ഞ ഓശാനയില്‍ ഞാന്‍ എഴുതിയതുപോലെ
ഇന്ത്യന്‍ സഭയ്ക്കും റോമിനുംവന്ന ഏറ്റവും വലിയ തെറ്റ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അനുസരിച്ച് ഈ അപ്പോസ്തല
സഭയ്ക്ക് ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ പൗരസ്ത്യ സംഘം കൊള്ളയടിച്ചു മാറ്റി എന്നുള്ളതാണ്. ഈ പ്രശ്‌നങ്ങളൊന്നും സഭാംഗങ്ങള്‍ ഉണ്ടാക്കിയതല്ല.
മെത്രാന്മാരും റോമായും സൃഷ്ടിച്ചതാണ് ഈ പ്രശ്‌നങ്ങള്‍.
മെത്രാന്മാരുണ്ടാക്കിയ ഈ പ്രശ്‌നങ്ങള്‍ക്ക്
പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്
ഇവിടുത്തെ അല്‍മായര്‍ 1987 ജൂലൈ 25-ാം തീയതി റോമിന് ഒരു മെമ്മോറാണ്ടം നല്‍കുകയുണ്ടായി.
അതില്‍ സഭയിലെ 1001 പ്രമുഖരായ അല്‍മായര്‍ ഒപ്പിട്ടിരുന്നു. ആദ്യത്തെ ഒപ്പുകാര്‍ താഴെ
പറയുന്നവരായിരുന്നു.
1. ഷെവ. കെ. സി. ചാക്കോ, എറണാകുളം,
2. ഷെവ. ഡോ. കെ.ജെ.ജേക്കബ്, കണ്ടോത്ത്, കോട്ടയം, 3. ശ്രീ. വി.വി.ജോസഫ് ഐ.എ.എസ്. റിട്ട.
ചങ്ങനാശ്ശേരി, 4. ശ്രീമതി ആനി തയ്യില്‍ (എക്‌സ് മെമ്പര്‍ മൈനോരിറ്റി കമ്മീഷന്‍) എറണാകുളം,
5. പ്രൊഫ. പി.റ്റി. ചാക്കോ, കോതമംഗലം, 6. ശ്രീ. മാത്തച്ചന്‍ എം. കുരുവിനാക്കുന്നേല്‍,
പാലാ, 7. ശ്രീ. കെ. അലക്‌സാണ്ടര്‍ തോമസ്, ആനത്താനം, കാഞ്ഞിരപ്പള്ളി, 8. അഡ്വ. ഇ.എം.
ജോസഫ് (എക്‌സ് പ്രസിഡണ്ട് ഓള്‍ കേരള കാത്തലിക് കോണ്‍ഗ്രസ്), പാലാ. (മെമ്മോറാണ്ടം അന്യത്ര)
പക്ഷേ ഇവിടുത്തെ മെത്രാന്മാരോ
റോമിലെ അധികാരികളോ ഇത്തരം ഒരു മെമ്മോറാണ്ടം കിട്ടിയതായി ഒരു മറുപടിപോലും അയച്ചില്ല!!
ഇതില്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും തയ്യാറായില്ല. കാരണം
അല്‍മായര്‍ പുറജാതിക്കാരാണല്ലോ!
മാത്രമല്ല പ്രാദേശിക തലത്തില്‍
''മൂപ്പവകാശം'' മെത്രാന്മാരില്‍ ആര്‍ക്കാണ് എന്നു വരുത്തിതീര്‍ക്കാനാണ് അവര്‍ പരിശ്രമിച്ചത്.
അതായത് എറണാകുളം രൂപതയും ചങ്ങനാശ്ശേരി രൂപതയും തമ്മിലുള്ള ഒരു സംഘട്ടനം! അങ്ങനെ സഭയ്ക്കുള്ളിലെ
പ്രശ്‌നം വര്‍ഗീകരിച്ചതോടെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം എന്തെന്നുള്ള അന്വേഷണം നടത്താനായില്ല.
എറണാകുളത്തെ അച്ചന്മാര്‍ ഒരു വശത്തും ചങ്ങനാശ്ശേരിയിലെ അച്ചന്മാര്‍ മറുഭാഗത്തും നിന്ന്
സഭയിലെ പ്രശ്‌നം അവരുടെ അഭിമാന പ്രശ്‌നമാക്കി മാറ്റി.
''വിഭജിച്ചു ഭരിക്കുക'' എന്ന
സാമ്രാജ്യ തന്ത്രം വളരെ സമര്‍ത്ഥമായി റോമാ ഇവിടെ പ്രയോഗിച്ചു. പ്രശ്‌നങ്ങള്‍ കൂടുതല്‍
കൂടുതല്‍ രൂക്ഷമായി. ചങ്ങനാശ്ശേരിയും എറണാകുളവും തമ്മിലുള്ള അധികാര അഭിമാന പ്രശ്‌നമല്ല
വഴക്കിനു നിദാനമെന്ന് പ്രശ്‌നങ്ങള്‍ ആഴമായി പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.
പ്രശ്‌നം ആരംഭിച്ചത് ലിറ്റര്‍ജി
പരിഷ്‌കരണത്തോടനുബന്ധിച്ചാണ്. ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ പവ്വത്തിലും കുറെ ന്യൂനപക്ഷമെത്രാന്മാരും
കല്‍ദായ കുര്‍ബാനക്രമം അതേപടി ഈ സഭ അംഗീകരിക്കണമെന്ന് വാദിച്ചപ്പോള്‍ മാര്‍ പാറേക്കാട്ടില്‍
കുര്‍ബാനക്രമം പരിഷ്‌കരിച്ച് മാത്രം അംഗീകരിക്കണമെന്നുള്ള വാദവുമായി വന്നു. ആ വാദം
മൂന്നില്‍ രണ്ട് ഭാഗം മെത്രാന്മാര്‍ ചേര്‍ന്ന് അംഗീകരിച്ച് ഒരു കുര്‍ബാനക്രമത്തിന്
രൂപംകൊടുത്ത് റോമിന് അയച്ചു. എന്നാല്‍ ന്യൂനപക്ഷ മെത്രാന്മാരാണ് ''കൂടുതല്‍ ബുദ്ധിയുള്ളവര്‍''
(ടമിശീൃ ുമൃ)െ എന്ന് വിധിച്ചുകൊണ്ട് ഭൂരിപക്ഷ മെത്രാന്മാരുടെ അഭിപ്രായത്തെ പൗരസ്ത്യ
സംഘം നിരാകരിക്കുകയായിരുന്നു. ഇത് വത്തിക്കാന്‍ കൗണ്‍സില്‍ ഈ സഭയ്ക്കു നല്‍കിയ അവകാശങ്ങളുടെമേലുള്ള
കടന്നുകയറ്റമായിരുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യ ദേശത്തെ
സഭകള്‍ക്കുള്ള ഡിക്രിയില്‍ ഇങ്ങനെ പറയുന്നു. ''അതിനാല്‍ പൗരസ്ത്യ സഭകള്‍ക്കും പാശ്ചാത്യ
സഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശങ്ങളും
കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു...... നിയമാനുസൃതമായ
ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ
സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ.... കാലത്തിന്റെയോ വ്യക്തികളുടെയോ സാഹചര്യങ്ങള്‍ക്ക്
അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍
പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്.'' ( രണ്ടം വത്തിക്കാന്‍
കൗണ്‍സില്‍ പ്രമാണരേഖകള്‍)
ഈ അവകാശം ഇന്ത്യയിലെ സഭയ്ക്ക്
ലഭിച്ചതായിരുന്നു. എന്നാല്‍ പൗരസ്ത്യ സംഘം അനധികൃതമായി ഈ അവകാശത്തെ കവര്‍ന്നെടുത്തു.
ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ആരംഭിച്ചത്.
മാര്‍ പവ്വത്തില്‍ കല്‍ദായ കുര്‍ബാനക്രമം
നമ്മുടെ പാരമ്പര്യമാണെന്നും അതു പുനരുദ്ധരിക്കണമെന്നും വാദിച്ചപ്പോള്‍ മാര്‍ പാറേക്കാട്ടില്‍
കല്‍ദായ കുര്‍ബാന ക്രമം ഒരു ചുമരാണെന്നും ആ ചുമരിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ എന്നും
പറയുകയുണ്ടായി. ഇവിടെ രണ്ടുപേരും ചരിത്രസത്യങ്ങളെ വിസ്മരിച്ചു.
പോര്‍ട്ടുഗീസുകാര്‍ വരുന്നതിനുമുമ്പ്
നമ്മുടെ കത്തനാരന്മാര്‍ കല്‍ദായ കുര്‍ബാന ഒരിക്കല്‍പോലും ചൊല്ലിയിരുന്നില്ല. ഉദയംപേരൂര്‍
സൂനഹദോസിനുശേഷം റോസ് മെത്രാനാണ് സുറിയാനി കുര്‍ബാനക്രമം നമ്മുടെമേല്‍ അടിച്ചേല്‍പിച്ചത്.
(കാണുക നമ്മുടെ കത്തനാരന്മാര്‍ കല്‍ദായകുര്‍ബാന ചൊല്ലിയിരുന്നുവോ? ഒരു ഐ.ഐ.സി.എസ്.
പ്രസിദ്ധീകരണം) ഈശോസഭക്കാരും കര്‍മ്മലീത്താക്കാരും നമ്മുടെ പഴയ പാരമ്പര്യങ്ങളെ മുഴുവന്‍
മുച്ചൂടും നശിപ്പിക്കുകയുണ്ടായി. മെനേസീസ് മെത്രാന്‍തന്നെ ഇതിനു മുന്‍കൈ എടുത്തിരുന്നു.
അന്നുവരെ നമുക്കുണ്ടായിരുന്ന പാരമ്പര്യങ്ങളെല്ലാം നെസ്‌തോറിയന്‍ പാരമ്പര്യമായി വിധിച്ച്
നമ്മുടെ ഗ്രന്ഥങ്ങളെല്ലാം ചുട്ടുകളയുകയാണുണ്ടായത്. അതുകൊണ്ട് പോര്‍ട്ടുഗീസൂകാര്‍ക്കു
മുമ്പ് ഇവിടെ നിലനിന്നിരുന്ന കുര്‍ബാനക്രമത്തെക്കുറിച്ച് പോര്‍ട്ടുഗീസുകാരുടെ രേഖകളില്‍നിന്നുമാത്രമാണ്
നാം മനസ്സിലാക്കുന്നത്.
ആയിടെ കുര്‍ബാനക്രമതര്‍ക്കത്തെക്കുറിച്ച്
ഒരു സമ്മേളനം ആലുവായില്‍വെച്ച് നടക്കുകയുണ്ടായി. കപ്പൂച്ചിന്‍ വൈദികനായിരുന്ന പരേതനായ
ഇഗ്നേഷ്യസാണ് എന്നെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ഈ സമ്മേളനത്തില്‍ ജസ്റ്റിസ് വിതയത്തില്‍,
ജസ്റ്റിസ് വടക്കേല്‍, ഷെവ. കെ. സി. ചാക്കോ, പ്രൊഫ. പി.റ്റി ചാക്കോ മുതലായവര്‍ പ്രസംഗിച്ചതോര്‍ക്കുന്നു.
അന്ന് ലിറ്റര്‍ജി കമ്മീഷന്റെ സെക്രട്ടറിയായിരുന്ന
ഫാ. നരികുളവും പങ്കെടുത്തു. പ്രസംഗിച്ചവരെല്ലാം മാര്‍ പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍
രൂപംകൊടുത്ത കുര്‍ബാനക്രമമാണ് അംഗീകരിക്കേണ്ടത് എന്ന വാദം ഉന്നയിക്കുകയുണ്ടായി. അതിനപ്പുറം
പ്രശ്‌നകാരണങ്ങളെക്കുറിച്ച് ഒന്നുംതന്നെ ചര്‍ച്ച ചെയ്തില്ല.
മുഖ്യ പ്രാസംഗികരുടെ പ്രസംഗങ്ങള്‍
കഴിഞ്ഞപ്പോള്‍ സദസ്സില്‍ ആര്‍ക്കെങ്കിലും അഭിപ്രായം പറയണമെങ്കില്‍ ആകാം എന്ന് അധ്യക്ഷന്‍
ക്ഷണിച്ചു. ഞാനും പ്ലാറ്റ്‌ഫോമില്‍ എത്തി. നിലവിലുള്ള ഈ ആരാധനാക്രമ വിവാദത്തിനു കാരണം
നാം കല്‍ദായ സഭയുടെ പാരമ്പര്യമുള്ളവരാണ് എന്ന റോമിന്റെ മുന്‍വിധിയാണെന്നും ആ മുന്‍വിധിയെ
യുക്തിപൂര്‍വം ചരിത്രത്തിന്റെ തെളിവുകള്‍കൊണ്ട് എതിര്‍ക്കാനാണ് ഈ സഭ പരിശ്രമിക്കേണ്ടതെന്നും
ഹൈരാര്‍ക്കിക്കലായോ ലിറ്റര്‍ജിക്കലായോ നമുക്ക് കല്‍ദായ സഭയുമായി ഒരു ബന്ധവുമില്ല എന്നുമാണ്
നാം റോമിനോട് പറയേണ്ടത്. നമ്മുടെ പാരമ്പര്യം കല്‍ദായമാണെന്നു സമ്മതിച്ചാല്‍ പിന്നീട്
മാര്‍ പവ്വത്തിലിന്റെ നിലപാട് ആയിരിക്കും ശരി എന്നുഞാന്‍ പറഞ്ഞു നിര്‍ത്തി. സദസ്യരില്‍
ഭൂരിപക്ഷം പേര്‍ക്കും ഞാന്‍ അപരിചിതനായിരുന്നു. യോഗം കഴിഞ്ഞ് ഫാ. നരികുളം എന്നോട് സംസാരിച്ചു.
നമ്മുടെ പാരമ്പര്യം കല്‍ദായമല്ലെന്ന് റോമിനോട് പറഞ്ഞാല്‍ റോം അതു സ്വീകരിക്കില്ല. ആ
വാദം റോമിന് സ്വീകാര്യമല്ലാത്തതിനാല്‍ ഈ പ്രശ്‌നത്തില്‍ ആ വാദം നാം ഉന്നയിക്കാന്‍ പാടില്ല
എന്ന് അദ്ദേഹം എന്നോട് ഉപദേശിച്ചു. ആ മീറ്റിംഗില്‍ വെച്ചാണ് ഞാന്‍ ആദ്യമായി പരേതനായ
ഫാ. ജോര്‍ജ് കുഴിപ്പറമ്പിലിനെ കാണുന്നത്. നമ്മുടെ പാരമ്പര്യം കല്‍ദായമല്ല എന്ന് സ്ഥാപിക്കാനുള്ള
തെളിവുകളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വളരെ ആത്മാര്‍ത്ഥതയുള്ള ഒരു സത്യാന്വേഷിയാണ്
ഫാ. ജോര്‍ജ് കുഴിപ്പറമ്പില്‍ എന്ന് എനിക്കു മനസ്സിലായി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്
എല്ലാ രേഖകളും ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. ആ രേഖകള്‍വെച്ച് ഞാന്‍ ഓശാനയിലും എഴുതി.
നമ്മുടെ പാരമ്പര്യം കല്‍ദായമാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനയെ അന്നുവരെ ആരും ചോദ്യം
ചെയ്തിരുന്നില്ല. നാം പട്ടിയാണെങ്കില്‍ മാത്രം കുരയ്ക്കണം എന്ന ഒരു ലേഖനം ഞാന്‍ എഴുതിയതും
ഓര്‍ക്കുന്നു.
കുര്‍ബാനക്രമവിവാദത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന
അതിപ്രധാനമായപ്രശ്‌നം നാം ഒരു പൗരസ്ത്യ സഭയാണോ എന്നതാണ്. പൗരസ്ത്യ സഭകളെക്കുറിച്ച്
വ്യക്തമായ നിര്‍വചനങ്ങളുണ്ട്. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ സഭകളോ ആ സഭകളുടെ പുത്രീ
സഭകളോ മാത്രമാണ് പൗരസ്ത്യ സഭകള്‍. നാലാം നൂറ്റാണ്ടില്‍ മാത്രം സ്ഥാപിതമായ കല്‍ദായ സഭയുടെ
പാരമ്പര്യമല്ല ഒന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നസ്രാണിസഭയ്ക്കുള്ളത്. നാലാം നൂറ്റാണ്ടുമുതല്‍
കഠിനമായ മതമര്‍ദ്ദനത്തിന് ഇരയായി തീര്‍ത്തും നാമമാത്രമായ ഒരു നെസ്‌തോറിയന്‍ സഭയായിരുന്നു
കല്‍ദായര്‍ക്കുണ്ടായിരുന്നത്. മതമര്‍ദ്ദനത്തെതുടര്‍ന്ന് പേര്‍ഷ്യയില്‍നിന്നും കേരളത്തില്‍
കുടിയേറി പാര്‍ത്തവരുടെ ക്ഷണമനുസരിച്ച് കല്‍ദായ നെസ്‌തോറിയന്‍ മെത്രാന്മാര്‍ ഇവിടെ
വന്നിരുന്നു എന്നത് ശരിയാണ്. നമ്മുടെ പള്ളികളില്‍ ആരാധന നടത്തുന്നതിന് നാം അവരെ അനുവദിച്ചു
എന്നതിനപ്പുറം കല്‍ദായ സഭയുമായി നസ്രാണികള്‍ക്ക് ഹൈരാര്‍ക്കിക്കലായ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
നസ്രാണിസഭയെ ഒരു പൗരസ്ത്യ സഭയായി ഇന്നുവരെ റോമാ പ്രഖ്യാപിച്ചിട്ടുമില്ല.
പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമത്തില്‍
വ്യക്തമായി ഇങ്ങനെ എഴുതിയിരിക്കുന്നു: കാനോന 28: 2 ''മറിച്ച് പ്രസ്താവിക്കാത്തപക്ഷം,
ഈ നിയമസംഹിതയില്‍ പ്രതിപാദിച്ചിരിക്കുന്ന റീത്തുകള്‍ അലക്‌സാണ്ഡ്രിയന്‍, അന്ത്യോക്യന്‍,
അര്‍മേനിയന്‍, കാല്‍ഡിയന്‍, കോണ്‍സ്റ്റാന്റിനോപോളിറ്റന്‍ പാരമ്പര്യങ്ങളില്‍നിന്ന് ഉദ്ഭവിച്ചിട്ടുള്ളവയാണ്.''
പൗരസ്ത്യ കാനോന്‍ നിയമത്തെ നൈയാമികമായി
പ്രഖ്യാപിച്ചുകൊണ്ട് ജോണ്‍ പോള്‍ മാര്‍പാപ്പാ എഴുതിയ മുഖവുര താഴെ കൊടുക്കുന്നു. "In
such a wondrous variety of rites, that is in the liturgical, theological,
spiritual and disciplinary patrimony of the individual Churches, which from
venerable traditions take their origin from Alexandria, Antioch, Armenia,
Chaldea and Constantinople, the sacred canons deservedly are considered to be
clearly a conspicuous part of this same patrimony, which constitutes a single
and common foundation of canons for ordering all of the Churches.’
പൗരസ്ത്യ സഭകളെക്കുറിച്ചുള്ള
ആധികാരിക നിര്‍വചനങ്ങള്‍ താഴെ കൊടുക്കുന്നു.
1. "In the term
Eastern Churches, the geographical reference derives from the world-view of
antiquity, and means the Eastern part of the Roman empire..... Accordingly, we
understand by the Eastern Churches those Churches which originated in the
Eastern empire and those which were dependent on them" (Sacramentum Mundi:
An Encyclopedia of Theology, Vol-II, Edited by Karl Rahner with Cornelius Ernst
and Kevin Smith, Page 120, 121)
2. "The designation
'Eastern' (or 'Oriental') churches has become a customary way of identifying
that large number of christian churches whose distant origins are rooted in
eastern regions of the ancient Roman Empire, as opposed to the Western or Latin
regions that included Italy, Spain, Gaul and Africa. It is a way of denoting
churches associated with the ancient sees of Antioch, Alexandria, Jerusalem and
the New Rome, Byzantium or Constantinople, although in modern times members of
these Eastern churches are found through in modern times members of these
Eastern churches are found throughout the world in the 'diaspora' (The New
Dictionary of Theology, Editors : Joseph A, Komonchak, Mary Collins and Dermot
A Lane. Page 301, Year 1993.)
ഏവര്‍ക്കും അറിയാവുന്നതുപോലെ
ഭാരത സഭ പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ല. അപ്പോള്‍ നൈയാമികവും പരമ്പരാഗതവുമായ
അര്‍ത്ഥത്തില്‍ നസ്രാണി സഭ ഒരു പൗരസ്ത്യ സഭയല്ല എന്നു വ്യക്തം. നസ്രാണി സഭ ഒരു പൗരസ്ത്യ
സഭയല്ലെങ്കില്‍ നാം എങ്ങനെ പൗരസ്ത്യ സംഘത്തിന്റെ ഭരണത്തിന്‍കീഴില്‍പെടും? എങ്ങനെ പൗരസ്ത്യ
കാനോന്‍ നിയമം നമുക്കു ബാധകമാകും? പൗരസ്ത്യ കാനോന്‍ നിയമവും മാര്‍പാപ്പായുടെ മുഖവുരയും
അനുസരിച്ച് നാം പൗരസ്ത്യ സഭയല്ല.
1599 -ല്‍ ഉദയംപേരൂര്‍ സൂനഹദോസില്‍വെച്ചാണ്
നസ്രാണി സഭ മാര്‍പാപ്പായെ തങ്ങളുടെ ആദ്ധ്യാത്മിക തലവനായി അംഗീകരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍
ഈ അംഗീകരണത്തിനുശേഷം ഈശോ സഭ നസ്രാണി സഭയുടെ മേല്‍ പോര്‍ട്ടുഗീസ് രാജാവില്‍ നിന്നും
മേല്‍ചാര്‍ത്ത് വാങ്ങി. ഈശോസഭക്കാരുടെ ഭരണം
അസഹനീയമായപ്പോള്‍ നമ്മുടെ പൂര്‍വികര്‍ അവര്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. സഭ രണ്ടായി
പിളര്‍ന്നു. ഈശോസഭക്കാര്‍ കേരളത്തില്‍നിന്നും നിഷ്‌ക്രമിച്ചതോടെ കര്‍മ്മലീത്താ സഭ നമ്മുടെ
സഭയുടെ മേല്‍ മാര്‍പാപ്പായില്‍നിന്നും മേല്‍ചാര്‍ത്തു വാങ്ങി. അവരുടെ ഭരണവും ഇവിടെ
കലഹം വിതച്ചു. പിന്നീട് നാം കര്‍മ്മലീത്തരില്‍നിന്നും വിമോചിതരായി.
ഇപ്പോഴിതാ മാര്‍പാപ്പായില്‍നിന്നും
മേല്‍ചാര്‍ത്തു വാങ്ങി പൗരസ്ത്യ സംഘം നസ്രാണികളുടെമേല്‍ അനധികൃതമായി ഭരണം നടത്തുന്നു.
ഇതിന് ഇവിടുത്തെ കുറെ മെത്രാന്മാര്‍ പിന്തുണ നല്‍കുകയും ചെയ്തു. കേരള സഭയിലെ ഇന്നത്തെ
പ്രശ്‌നം ഈ മേല്‍ചാര്‍ത്തുകാര്‍ സൃഷ്ടിച്ചതാണ്. കുര്‍ബാന ചൊല്ലുമ്പോള്‍ വൈദികന്‍ മുമ്പോട്ടു
നില്‍ക്കണോ പിന്തി രിഞ്ഞു നില്‍ക്കണോ എന്നുള്ളതല്ല പ്രശ്‌നം. പാറേക്കാട്ടില്‍ മെത്രാന്റെയോ
വര്‍ക്കി മെത്രാപ്പോലീത്തായുടെയോ സമീപനം എന്തായിരുന്നാലും അല്ലെങ്കില്‍ പവ്വത്തില്‍
മെത്രാന്റെ ആഗ്രഹാഭിലാഷങ്ങളെ മാറ്റിവെച്ച്, ആകമാന നസ്രാണിസഭയുടെ താല്പര്യമാണ് മാര്‍
ആലഞ്ചേരി പഠിക്കേണ്ടത്.
ഇവിടെ അതിപ്രധാനമായ മറ്റൊരു
പ്രശ്‌നമുണ്ട്. ഈ സഭയില്‍ കലഹം ആരംഭിച്ചതിനുശേഷം മാര്‍പാപ്പാ നിയമിച്ച രണ്ടു കമ്മീഷനുകള്‍
ഇവിടെവന്ന് പ്രശ്‌നം പഠിക്കുകയുണ്ടായി. മോണ്‍സിഞ്ഞോര്‍ റ്റാഫ്ട് ഉള്‍പ്പെട്ട മൂന്നംഗ
കമ്മീഷന്‍. ആ കമ്മീഷന്റെ റിപ്പോര്‍ട്ട് എവിടെ? ആ റിപ്പോര്‍ട്ട് എന്തെന്നറിയാന്‍ നസ്രാണിസഭയ്ക്ക്
അവകാശമുണ്ട്. കേരളത്തില്‍ ഉടനീളം യാത്ര ചെയ്ത് വൈദികരെയും അല്‍മായരെയും മെത്രാന്മാരെയും
കണ്ട് രൂപംകൊടുത്ത ഈ റിപ്പോര്‍ട്ട് എന്തിനാണ് ഇനിയും മറച്ചുവയ്ക്കുന്നത്. അതുപോലെതന്നെ
മാര്‍പാപ്പാ മാര്‍ കാട്ടുമനയെ അപ്പോസ്തലിക് കമ്മീഷനായി നിയമിക്കുകയുണ്ടായി. ഗഹനമായ
പഠനത്തിനുശേഷം അദ്ദേഹവും ഒരു റിപ്പോര്‍ട്ട് മാര്‍പാപ്പായ്ക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടും
എന്തെന്നറിയാന്‍ സഭയ്ക്ക് അവകാശമുണ്ട്. മാര്‍ ആലഞ്ചേരി നമ്മുടെ അവകാശങ്ങളെ റോമാ പിടിച്ചുവയ്ക്കുന്നു
എന്ന് ആനുഷംഗികമായി സമ്മതിച്ചിട്ടുണ്ട്. ആ
അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് അദ്ദേഹം പരിശ്രമിക്കുമെന്നും പറയുന്നു. നമ്മില്‍നിന്നും
റോമാ (മാര്‍പാപ്പായല്ല പൗരസ്ത്യസംഘം) പിടിച്ചുവച്ചിരിക്കുന്ന അവകാശങ്ങള്‍. വത്തിക്കാന്‍
സൂനഹദോസ് നമുക്കു നല്‍കിയ പരമമായ അവകാശത്തെയും സ്വാതന്ത്ര്യത്തെയുമാണ് അനധികൃതമായി
പൗരസ്ത്യ സംഘം കവര്‍ന്നെടുത്തത്. പൗരസ്ത്യ സംഘം നമ്മുടെമേല്‍ പിടിമുറുക്കുന്നതിനുവേണ്ടി
പല തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്. തങ്ങള്‍ ക്കിഷ്ടമുള്ളവരെ മെത്രാന്മാരാക്കി
സിനഡ് നിറച്ച് തങ്ങളുടെ ഭരണം മുന്നോട്ടു കൊണ്ടുപോകാം എന്നതാണ് പൗരസ്ത്യ സംഘത്തിന്റെ
തന്ത്രം.
നമ്മുടെ പുരാതന പാരമ്പര്യത്തിലേക്ക്
- മാര്‍ത്തോമ്മായുടെ നിയമത്തിലേക്ക് - മടങ്ങിപ്പോകാതിരിക്കാന്‍ എല്ലാവിധ തന്ത്രങ്ങളും
പൗരസ്ത്യ തിരുസംഘം ആവിഷ്‌കരിക്കുന്നു. നസ്രാണി സഭയുടെ അവകാശം മാര്‍ത്തോമ്മാനിയമം പുനഃസ്ഥാപിക്കലാണ്.
ഈ അവകാശത്തിനുവേണ്ടി മാര്‍ ആലഞ്ചേരി പ്രവര്‍ത്തിക്കുമോ എന്ന വെല്ലുവിളിയാണ് അദ്ദേഹം
സ്വീകരിക്കേണ്ടത്. ഇന്ന് സഭയില്‍നിന്നും ധാരാളം പേര്‍ ഇതര സഭകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
നല്ല കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. അവയെ പ്രാവര്‍ത്തികമാക്കാന്‍ ഇച്ഛാശക്തിയും ത്യാഗമനോഭാവവും
ആവശ്യമാണ്. പരേതനായ വര്‍ക്കി വിതയത്തില്‍ നല്ലവനായിരുന്നു. നല്ല ചിന്തകളും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അവയൊന്നും
നടപ്പിലാക്കാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല, വിസില്‍ ഊതാത്ത അമ്പയറെപ്പോലെ
അദ്ദേഹം കളിക്കളത്തില്‍ നിന്നു. വിസില്‍ ഊതിയാല്‍ ഫൗള്‍ ചെയ്തവര്‍ എന്തു വിചാരിക്കും
എന്ന് അദ്ദേഹം ഭയപ്പെട്ടു.
http://www.marunadanmalayali.com/news/keralam/george-alenchery-102716
ReplyDelete