Translate

Wednesday, March 14, 2018

ക്രൈസ്തവസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം : അടിയന്തിരാവശ്യം



രാഷ്ട്രീയ പാര്‍ട്ടികളുടെയും സമൂഹനേതാക്കന്മാരുടെയും അറിവിലേക്ക്
ജോസഫ് പുലിക്കുന്നേല്‍
ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനം നടത്തുന്നു; ഗുരുവായൂരും അങ്ങനെതന്നെ. പക്ഷേ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ശബരിമലയിലേയും ഗുരുവായൂരിലേയും മേല്‍ശാന്തിമാര്‍ ആര്‍ക്ക് വോട്ട് കൊടുക്കണമെന്നും വോട്ടു കൊടുക്കരുതെന്നും ഇടയലേഖനങ്ങള്‍ ഇറക്കാറില്ല. ക്ഷേത്രങ്ങളില്‍ വോട്ടിനെക്കുറിച്ച് ശാന്തിമാര്‍ പ്രസംഗിക്കാറുമില്ല. വര്‍ക്കലയിലുള്ള ശിവഗിരിയിലെ മേല്‍ ശാന്തിയും ഇടയലേഖനങ്ങള്‍ ഇറക്കാറില്ല.
 കത്തോലിക്കാ സഭയിലെ മെത്രാന്മാരാണ് തെരഞ്ഞെടുപ്പുകാലത്ത് ഇടയലേഖനങ്ങള്‍ എഴുതി ''ദൈവത്തെ രക്ഷിക്കാന്‍'' ആകുലപ്പെടുന്നത്. പുരോഹിതരാണ് പള്ളികള്‍ തോറും ഇതേ ആവശ്യത്തിന് പ്രസംഗിക്കുന്നത്.
എന്തുകൊണ്ടാണിത്? ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ്; ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യം നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ പൗരന്മാര്‍ ജീവിക്കുന്ന സമൂഹത്തിനുള്ളില്‍ അവരുടെ പൗരസ്വാതന്ത്ര്യം ഉറപ്പാക്കണം. പൗരന്മാരുടെ സ്വാതന്ത്ര്യം സമൂഹത്തിനുള്ളില്‍ എവിടെയെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നുവോ ആ ബന്ധനങ്ങളില്‍നിന്നെല്ലാം അവരെ വിമോചിപ്പിക്കുമെങ്കില്‍ മാത്രമേ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമായ സ്വതന്ത്രവോട്ടവകാശത്തെ സംരക്ഷിക്കാനാവൂ.
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അയ്യപ്പനെയും ഗുരുവായൂരപ്പനെയും ശ്രീനാരായണഗുരുവിനെയും സംരക്ഷിക്കാന്‍ മേല്‍ശാന്തിമാരും ശാന്തിമാരും ഇറങ്ങിപ്പുറപ്പെടാത്തതിന് കാരണമെന്താണ്? ഇതിനു കാരണം ഈ  ആചാര്യര്‍ക്ക് ഗുരുവായൂരിലും ശബരിമലയിലും ശിവഗിരിയിലും വന്നു വീഴുന്ന് കാണിക്കപ്പണത്തിന്റെ ഉടമാവകാശമോ ഭരണാവകാശമോ ഇല്ല എന്നതുതന്നെ. എന്നാല്‍ ഇന്ന് പള്ളികളായ പള്ളികളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും വന്നു വീഴുന്ന കോടിക്കണക്കായ കാണിക്കകളുടെ ഉടമാവകാശവും ഭരണാവകാശവും മെത്രാന്മാര്‍ക്കും പുരാഹിതര്‍ക്കും മാത്രമുള്ളതാണ്.
ഇന്ന് കത്തോലിക്കാ സഭാംഗങ്ങളുടെ സ്വാതന്ത്ര്യത്തെ മെത്രാന്മാര്‍ സഭാനിയമങ്ങളിലൂടെ ബന്ധിച്ചിട്ടിരിക്കുന്നു. വിശ്വാസികളെ അവര്‍ വെറും ''ആടുകളായി'' കണക്കാക്കുന്നു. ആ ബന്ധനത്തിന്റെ ചങ്ങലകള്‍ മെത്രാന്മാര്‍ നിര്‍മ്മിക്കുന്നത് അവരുടെ ഭൗതികാധികാരത്തിന്റെ മൂശയിലാണ്. ഈ ഭൗതികാധികാരത്തിന്റെ അടിക്കല്ല് ആരോടും കണക്കുപറയാതെ അവര്‍ സമൂഹത്തിന്റെ പൊതുസമ്പത്ത് കൈകാര്യം ചെയ്യുന്നു എന്നതുമാണ്.
ഒരുകാലത്ത് ഹൈന്ദവസമൂഹത്തിലെ ദേവസ്വങ്ങളുടെയും ബ്രഹ്മസ്വങ്ങളുടെയുമെല്ലാം ഉടമാവകാശവും ഭരണാവകാശവും ബ്രാഹ്മണന്മാരുടേതായിരുന്നു. ആരോടും കണക്കു പറയാതെ ദേവന്മാരുടെ പേരില്‍ ലഭിക്കുന്ന വരുമാനം വച്ചനുഭവിക്കാനുള്ള അവകാശവും അവര്‍ക്കുണ്ടായിരുന്നു. ഈ അവകാശമാണ് ബ്രാഹ്മണരെ ഹൈന്ദവസമൂഹത്തില്‍ എതിര്‍ക്കാന്‍ പാടില്ലാത്ത ശക്തിയായി ഉയര്‍ത്തിയത്. ജാതി വ്യവസ്ഥയുടെ ബന്ധനം ഹൈന്ദവ സമൂഹത്തിന്റെമേല്‍ അടിച്ചേല്‍പ്പിച്ചതും ബ്രാഹ്മണരുടെ ഈ സാമ്പത്തിക ശക്തിയായിരുന്നു.
200 കൊല്ലം മുമ്പ് തിരുവിതാകൂറിലെ ഏറ്റവും വലിയ വരുമാനമുള്ള ക്ഷേത്രം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രം ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ ഭരണം അന്ന് പോറ്റിമാരുടെ കൈയ്യിലായിരുന്നു. ഈ പോറ്റിമാരുടെ അധികാര ഭരണം തകര്‍ത്തുകൊണ്ടാണ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാകൂറില്‍ രാജാധികാരം  പ്രതിഷ്ഠിച്ചത് എന്നോര്‍ക്കുക.
കേരളത്തിലെ കത്തോലിക്കാ സമൂഹത്തിന്റെ ഉള്‍ഘടനാ വ്യവസ്ഥയെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സാമൂഹികചിന്തകന്മാര്‍ക്കും ഇന്നുള്ള അറിവ് കേവലം ഉപരിപ്ലവമാണ്. ഇവിടെയെല്ലാം കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നു എന്ന തെറ്റായ ധാരണ രാഷ്ട്രീയപാര്‍ട്ടികളിലും ജനനേതാക്കന്മാരിലും വ്യാപകമായി പ്രചരിപ്പിച്ചു പോന്നു. ഇതിന്റെ ഫലമായി സഭയ്ക്കുള്ളില്‍ നടമാടുന്ന ഏകാധിപത്യഭരണത്തെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും വളരെ കുറച്ച് അറിവ് മാത്രമേയുണ്ടായിരുന്നുള്ളു.
സ്വദേശീയവും വിദേശീയവുമായ കോടിക്കണക്കിനു പണം ആരോടും കണക്കു പറയാതെ വിനിയോഗിക്കാനുള്ള മെത്രാന്മാരുടെയും പുരോഹിതരുടെയും അധികാരം ഇന്ന് കത്തോലിക്കാ സമുദായത്തെ ഒരു അടിമപ്പടയാക്കിത്തീര്‍ത്തിരിക്കുകയാണ്.
 തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മെത്രാന്മാര്‍ ഇടയലേഖനങ്ങള്‍ എഴുതുന്നത് അവരുടെ ഈ സാമ്പത്തിക ''നാട്ടുരാജ്യവ്യവസ്ഥ'' നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്. തങ്ങളുടെ സമൂദായാംഗങ്ങളെല്ലാം തങ്ങളുടെ വോട്ടുബാങ്കുകളാണെന്നും തങ്ങളുടെ സാമ്പത്തിക-അധികാര സാമ്രാജ്യത്തിലെ അവകാശങ്ങളെ ഏതെങ്കിലും വിധത്തില്‍ ഹനിക്കുന്നതിന് നടപടികളുണ്ടായാല്‍ ഈ വോട്ടു ബാങ്കിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തിരിക്കുമെന്നു ഇവര്‍ ഭീഷണിപ്പെടുത്തുന്നു!!!
 ഇന്ന് ക്രൈസ്തവസമൂഹത്തിനുള്ളിലുള്ള ഓര്‍ത്തഡോക്‌സ് സഭയിലും യാക്കോബായസഭയിലും മാര്‍ത്തോമ്മാ സഭയിലും സി.എസ.്‌ഐ. സഭയിലും ഒരതിര്‍ത്തിയോളം ആഭ്യന്തര ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഈ സഭകളില്‍ മെത്രാന്മാരെ തെരഞ്ഞെടുക്കുന്നത് സഭാംഗങ്ങളാണ്. ഓരോ ഇടവകയുടെയും സമ്പത്ത് ഭരിക്കാനുള്ള അവകാശവും ഒരതിര്‍ത്തിയോളം സമുദായത്തില്‍ നിക്ഷിപ്തമാണ്. തന്മൂലം അവിടെ മെത്രാന്മാര്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എളുപ്പമല്ല. അതുകൊണ്ട് അവര്‍ കഴിവതും ആദ്ധ്യാത്മിക ശുശ്രൂഷാരംഗത്ത് അവരുടെ സേവനം ഒതുക്കി നിര്‍ത്തുന്നു.
 കത്തോലിക്കാസഭയുടെ ആഭ്യന്തര ഘടനയും അതിനു പിമ്പിലുള്ള നിയമങ്ങളും പഠിക്കുമ്പോള്‍ മാത്രമേ സഭ ഒരു ആദ്ധ്യാത്മിക സംഘടനയല്ലെന്നും മറിച്ച് ആദ്ധ്യാത്മികതയുടെ പേരില്‍ കെട്ടിപ്പടുത്ത ഒരു വമ്പിച്ച സാമ്പത്തിക സംഘടനയാണ് എന്നും  മനസ്സിലാക്കാനാവുകയുള്ളു. ഈ സാമ്പത്തിക ഘടനാ വ്യവസ്ഥയുടെ കേന്ദ്രം വൈദേശികമാണെന്നുംകൂടി മനസ്സിലാക്കുമ്പോള്‍ മാത്രമാണ്  ഈ വ്യവസ്ഥയുടെ അപകടത്തെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം ഉണ്ടാവുക. കത്തോലിക്കാ സഭ ഇന്ന് ഭരിക്കപ്പെടുന്നത് റോമിലെ വെള്ളക്കാര്‍ 1987-ലും 1992-ലും രൂപംകൊടുത്ത രണ്ടു കാനോന്‍ നിയമങ്ങള്‍ അനുസരിച്ചാണ്. ഈ കാനോന്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ സഭാവക എല്ലാ സമ്പത്തുക്കളുടെയും സ്ഥാപനങ്ങളുടെയും പരമോന്നത ഭരണാധികാരി റോമിലെ മാര്‍പാപ്പായാണ്. 1992-ല്‍ രൂപം കൊടുത്ത പൗരസ്ത്യ കാനോന്‍ നിയമം വകുപ്പ് 1008  ഇങ്ങനെ പറയുന്നു: 
''1. സഭാസ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും റോമാമാര്‍പാപ്പായാണ്.
2. ഭൗതികവസ്തുക്കള്‍ ഏതു നൈയാമികവ്യക്തി നിയമാനുസൃതമായി സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിക്കായിരിക്കും റോമാമാര്‍പാപ്പായുടെ പരമാധികാരത്തിന്‍കീഴില്‍ അവയുടെ ഉടമസ്ഥാവകാശം.''
അതായത് പള്ളിയും പള്ളിവക വസ്തുക്കളും സ്ഥാപനങ്ങളും ആരു സമ്പാദിച്ചതായാലും ആരുടെ ഉടമസ്ഥതയിലായാലും ഈ കാനോന്‍ നിയമം അനുസരിച്ച് അവയുടെയെല്ലാം പരമോന്നത ഭരണാധികാരി വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവന്‍കൂടിയായ മാര്‍പാപ്പായാണ്. മാര്‍പാപ്പാ നിയമിക്കുന്ന മെത്രാന്മാരാണ് രൂപതയിലെ എല്ലാ സ്വത്തുക്കളും ഭരിക്കുന്നത.് ഈ മെത്രാന്മാര്‍ സ്വത്തുക്കള്‍ ഭരിക്കുന്നത് കാനോന്‍ നിയമത്തിലൂടെ മാര്‍പാപ്പാ നല്‍കിയ അധികാരത്തിന്റെ പിന്‍ബലത്തിലാണ്.
കാനോന 190 ഇങ്ങനെ പറയുന്നു: ''നിയമപരമായ എല്ലാ കാര്യങ്ങളിലും രുപതാമെത്രാന്‍ രൂപതയെ പ്രതിനിധാനം ചെയ്യുന്നു.
കാനോന 191 1.  തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ (legislative) ഭരണനിര്‍വ്വഹണ (executive) നീതിന്യായ (judicial) അധികാരത്തോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു.
2. നിയമനിര്‍മ്മാണ അധികാരം രൂപതാമെത്രാന്‍ നേരിട്ട് (personally) വിനിയോഗിക്കുന്നു. ഭരണനിര്‍വ്വഹണാധികാരം അദ്ദേഹം വിനിയോഗിക്കുന്നത് നേരിട്ടോ അല്ലെങ്കില്‍ പ്രോട്ടോസിഞ്ചെല്ലൂസോ, സിഞ്ചെല്ലൂസോ വഴിയാണ്. നിതിന്യായാധികാരം അദ്ദേഹം വിനിയോഗിക്കുന്നത് നേരിട്ടോ അല്ലെങ്കില്‍ ജുഡീഷ്യല്‍ വികാരിയും ജഡ്ജിമാരും വഴിയോ ആണ്.''
അതായത് മാര്‍പാപ്പാ ഇന്ത്യയിലെ കത്തോലിക്കരുടെ ആദ്ധ്യാത്മികാചാര്യന്‍ മാത്രമല്ല ആ ആചാര്യസ്ഥാനത്തിന്റെ മറവില്‍ എല്ലാ സമ്പത്തുക്കളുടെയും സ്ഥാപനങ്ങളുടെയും പരമോന്നത ഭരണാധികാരികൂടിയാണ്.
ഇവിടെ അതിപ്രധാനമായ ഒരു നിയമപ്രശ്‌നം ഉന്നയിക്കപ്പെടേണ്ടതുണ്ട്. മാര്‍പാപ്പാ ആദ്ധ്യാത്മികാചാര്യന്‍ മാത്രമല്ല; ഒരു വിദേശ രാഷ്ട്രത്തലവന്‍ കൂടിയാണ്. ആ വിദേശരാഷ്ട്രത്തലവന് അദ്ദേഹം നിര്‍മ്മിക്കുന്ന ഒരു നിയമത്തിലൂടെ ഇന്ത്യയിലെ സഭകളുടെ സമ്പത്ത് തന്റെ ഭരണാധികാരത്തിന്‍ കീഴിലാണെന്ന് പ്രഖ്യാപിക്കാന്‍ അവകാശമോ അധികാരമോ ഉണ്ടോ? കാനോന്‍ നിയമം വളരെ വ്യക്തമായി പറയുന്നു. സഭാവക സമ്പത്തിന്റെ ഉടമാവകാശി ആരായിരുന്നാലും ആ ഉടമാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണാധികാരം മാര്‍പാപ്പാ ഏറ്റെടുക്കുകയാണ്. ഇതിന് എന്ത് നിയമസാധുതയാണുള്ളത്? ഒരാളോ ഒരു സമൂഹമോ സ്വത്തു സമ്പാദിച്ചാല്‍ അത് ഭരിക്കാനുള്ള അവകാശവും ആ സ്വത്തിന്റെ ഉടമസ്ഥനാണെന്നുള്ളതാണ് ഇന്ത്യയിലെ നിയമം. അങ്ങനെയിരിക്കെ മതനിയമത്തിന്റെ പേരില്‍ ഒരു വിദേശ ഭരണാധികാരിക്ക് ഇന്ത്യയിലെ സഭകളുടെ ഭൗതിക സമ്പത്തിന്റെ ഭരണം ഏറ്റെടുത്ത് അവ ഭരിക്കുന്നതിന് മറ്റൊരാളെ ഏല്പ്പിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്റെ ലംഘനമല്ലേ? മെത്രാന് നല്കിയിരിക്കുന്ന അധികാരം ''നിയമനിര്‍മ്മാണാധികാരവും'' ''നിയമനിര്‍വ്വഹണാധികാരവും'' ''നിയമവ്യാഖ്യാനാധികാരവും'' ആകയാല്‍ വിശ്വാസികളായ ഉടമസ്ഥന്മാര്‍ക്ക് തങ്ങള്‍ സമ്പാദിച്ച വസ്തുക്കളുടെമേല്‍ യാതൊരധികാരവും ഇല്ലെന്ന് വ്യക്തമാകുന്നു. മുന്‍കാലത്ത് നാട്ടുരാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന അധികാരത്തോടുകൂടിയാണ് മെത്രാന്മാര്‍ ഇന്ന് രൂപതകളെ ഭരിക്കുന്നത്. ഈ സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമകളായ വിശ്വാസികള്‍ മെത്രാന്റെ കേവലം പ്രജകള്‍ മാത്രമാണ്. ഇവര്‍ക്ക് നൈയാമികമായി അവരുടെ സ്വന്തമായ സ്വത്തിന്റെമേല്‍ ഒരവകാശവും ഇല്ല.
 കാനോന്‍ നിയമം 1012 ഇങ്ങനെ പറയുന്നു: ''രൂപതയുടെ നന്മയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍, ധനകാര്യകൗണ്‍സിലിന്റെ സമ്മതത്തോടുകൂടി തന്റെ അധികാരപരിധിയില്‍പ്പെട്ട നൈയാമികവ്യക്തികള്‍ക്കോരോന്നിനും അവയുടെ വരുമാനത്തിന് ആനുപാതികമായി നികുതി ചുമത്തുവാന്‍ രൂപതാമെത്രാന് അവകാശമുണ്ട്. എന്നാല്‍ വി.കുര്‍ബാനയുടെ ധര്‍മ്മത്തില്‍ നിന്നു നികുതി ഈടാക്കുവാന്‍ പാടില്ല.''
അതായത് വത്തിക്കാന്‍ രാഷ്ട്രാധിപനായ മാര്‍പാപ്പാ ഇന്ത്യയിലെ സഭയുടെ സ്വത്തുക്കളെ ഭരിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെടുന്ന മെത്രാന്മാര്‍ക്ക് അവരുടെ പ്രജകളും കത്തോലിക്കരുമായ ഇന്ത്യന്‍പൗരന്മാരുടെമേല്‍ നികുതി ചുമത്താന്‍ അവകാശമുണ്ട്!  ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാരായ കത്തോലിക്കരുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം മറ്റൊരു രാഷ്ട്രത്തിലെ തലവന് ഉണ്ടെന്നര്‍ത്ഥം!!
 ആദ്ധ്യാത്മിക ശുശ്രൂഷകരായി നിയോഗിക്കപ്പെടുന്ന മെത്രാന്മാര്‍ക്ക് ്പൗരന്മാരുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍ ഉണ്ടാകുന്നത് ഇന്ത്യയുടെ പരമാധികാരത്തെതന്നെ ചോദ്യം ചെയ്യുന്നതല്ലേ? വിവാഹത്തിന് നികുതി, മരിച്ചടക്കിന് നികുതി, ഓരോ ആദ്ധ്യാത്മിക കൂദാശകള്‍ക്കും നികുതി. ഇതിനുപുറമേ മറ്റു നികുതികള്‍. ഈ നികുതികള്‍ ആരെങ്കിലും കൊടുക്കുന്നതിനു തയ്യാറാകുന്നില്ലെങ്കില്‍ അവരെ സഭയില്‍ നിന്നു പുറന്തള്ളാനുള്ള അടിയന്തിര അധികാരങ്ങളും മെത്രാന്മാര്‍ക്കുണ്ട്. ഇന്ത്യയിലെ പൗരന്മാരായ ''മെത്രാന്റെ പ്രജകള്‍ക്ക്'' അവരുടെ ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കായി അവര്‍ പണം മുടക്കി സ്ഥാപിച്ച സ്ഥാപനങ്ങളില്‍ ഇന്ന് യാതൊരവകാശവുമില്ല. ഇങ്ങനെ ഇന്ത്യാക്കാരായ സഭാംഗങ്ങളുടെ യാതൊരു പ്രാതിനിധ്യവുമില്ലാതെ അവരുടെതന്നെ സമ്പത്തുഭരിക്കാന്‍ മതനിയമത്തിലൂടെ ആര്‍ക്കെങ്കിലും അധികാരം കൊടുക്കുന്നത് നമ്മുടെ ഭരണ ഘടനയ്ക്ക് യോജിച്ചതാണോ? ആദ്ധ്യാത്മികതയുടെ പേരില്‍ മെത്രാന്മാര്‍ ഏറ്റെടുത്തിരിക്കുന്ന ഈ ഭൗതികാധികാരം പൗരന്മാരെ കേവലം ''പ്രജകളാക്കി'' മാറ്റുന്നു. ഈ പ്രജകളോടാണ് ''മതനാട്ടുരാജാക്കന്മാരായ'' ഭരണകര്‍ത്താക്കളായ മെത്രാന്മാര്‍ തങ്ങളുടെ പ്രജകളുടെ വോട്ടുകള്‍ മെത്രാന്മാര്‍ക്കിഷ്ടമുള്ള രാഷ്ട്രീയപാര്‍ട്ടിക്കു നല്‍കണമെന്ന് ഇടയലേഖനങ്ങളിലൂടെ അഭ്യര്‍ത്ഥിക്കുന്നത്. തങ്ങളുടെ പ്രജകളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അധികാരത്തിന്റെ ചങ്ങലകൊണ്ട് ഇവര്‍ ബന്ധിച്ചിരിക്കുകയാണ്. ഈ ബന്ധനത്തില്‍നിന്നും കത്തോലിക്കരെ വിമോചിപ്പിക്കാത്തിടത്തോളം കാലം അവര്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരായിത്തീരും എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്ര ചിന്തകരും മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു.
ഇവിടെയാണ് ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അടുത്തയിടെ നിര്‍ദ്ദേശിച്ച ചര്‍ച്ച് ആക്ടിന്റെ പ്രാധാന്യം. ക്രൈസ്തവരെ ഇന്ത്യയിലെ സ്വതന്ത്ര പൗരന്മാരായി പ്രവര്‍ത്തിപ്പിക്കുന്നതിന് അവരെ ഇന്നത്തെ സാമ്പത്തിക ബന്ധനങ്ങളില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്രരാക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി മതങ്ങള്‍ വിശ്വസിക്കാനും ആചരിക്കാനും അവകാശമുണ്ട്. എന്നാല്‍ ഈ അവകാശത്തിന്റെ മറവില്‍ പുരോഹിതര്‍ക്ക് വിശ്വാസികളുടെ പൊതുസമ്പത്ത് തട്ടിയെടുത്ത് ഭരിച്ച് അവരെ അടിമകളാക്കാന്‍ അവകാശമില്ല. ഈ അവകാശമല്ല ഭാരത ഭരണഘടന നല്‍കുന്ന മതാവകാശം. ഇന്ത്യന്‍ ഭരണഘടന 26-ാം വകുപ്പനുസരിച്ച് മതാചരണത്തോടു ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവര്‍ത്തനത്തെയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവര്‍ത്തനത്തേയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ ആയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്റ്റേറ്റിന് അധികാരമുണ്ട്. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീമുകളുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് വഖഫ് നിയമവും ഹിന്ദുക്കളുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് ഹിന്ദു എന്‍ഡോവുമെന്റ് ആക്ടും  ഗുരുദ്വാരകള്‍ ഭരിക്കുന്നതിന് ഗുരുദ്വാരാ ആക്ടും പാര്‍ലമെന്റുകളും അസംബ്ലികളും പാസ്സാക്കിയിട്ടുള്ളത് എന്നോര്‍ക്കുക. ക്രൈസ്തവരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് നിയമം ഉണ്ടാക്കുന്നത് ഒരിക്കലും ഭരണഘടനയ്ക്ക് വിരുദ്ധമല്ല. മാത്രമല്ല ഭരണ ഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവ്യവസ്ഥയില്‍  പൗരന്മാരുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതവുമാണ്.
ഇവിടെ മറ്റൊരു കാര്യം കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. കോടതികളെല്ലാം പറഞ്ഞ ഒരു കാര്യം ഉണ്ട്. ഭരണഘടന 29-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള സാംസ്‌കാരികാവകാശത്തിന്റെ ഭാഗമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം നിലനിര്‍ത്തുന്നതിന് വിദ്യാലയങ്ങള്‍ സ്ഥാപിക്കാം എന്നുള്ളത്. എന്നാല്‍ ഇന്ന് ഈ അധികാരത്തിന്റെ ഉപഭോക്താക്കള്‍ പുരോഹിതരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം കത്തോലിക്കാസഭയിലെങ്കിലും പൂര്‍ണ്ണമായും പുരോഹിതരില്‍ നിക്ഷിപ്തമാണ്. കത്തോലിക്കാ സഭയിലെ വിദ്യാലയങ്ങള്‍ എല്ലാംതന്നെ മതനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭരിക്കുന്നത് പുരോഹിതരാണ്. പുരോഹിതര്‍ക്ക് ഈ അധികാരം ലഭിക്കുന്നത് കാനോന്‍ നിയമം അനുസരിച്ച് മാര്‍പാപ്പായില്‍നിന്നാണ്. കത്തോലിക്കാ വിദ്യാലയങ്ങള്‍ എല്ലാം സഭാ വക ആകയാല്‍ ഈ വിദ്യാലയങ്ങളുടെ ഭരണാധികാരി റോമിലെ മാര്‍പാപ്പായാണ്എന്ന് വരുന്നു. ഈ വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് പണം കൊടുക്കുന്നതൊഴിച്ചാല്‍ സഭാംഗങ്ങള്‍ക്ക് അവയുടെ നടത്തിപ്പില്‍ ഇന്ന് നൈയാമികമായി ഒരവകാശവുമില്ല.
ഇന്ത്യന്‍ ഭരണഘടന പൗരന്മാരായ ന്യൂനപക്ഷസമുദായത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം മതനിയമത്തിലൂടെ ഇന്ന് പുരോഹിതാവകാശമാക്കി മാറ്റിയിരിക്കുകയാണ്. ഈ വ്യവസ്ഥയും നിയമത്തിലൂടെ മാറ്റപ്പെടേണ്ടതുണ്ട്.
സമുദായാംഗങ്ങളുടെ അംഗത്വം ഉള്ളതും അവര്‍ തെരഞ്ഞെടുക്കുന്നതുമായ മാനേജിംഗ് ബോര്‍ഡ് ഭരിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമേ ന്യൂനപക്ഷവിദ്യാലയങ്ങളായി നിര്‍വചിക്കാവൂ. സമുദായത്തിന്റെ പണംകൊണ്ട് സ്ഥാപിക്കപ്പെടുന്ന വിദ്യാലയങ്ങളിലെനിയമനങ്ങള്‍ ഇന്ന് പുരോഹിതാധികാരത്തിന്‍ കീഴിലാണ് നടത്തപ്പെടുന്നത്. ഇത് മാറണം. ഈ വിദ്യാലയങ്ങളെ നിയന്ത്രിക്കാന്‍ ഇന്ന് സമുദായത്തിന് യാതൊരധികാരവുമില്ല.
വിദ്യാലയത്തിന്റെ മാനേജിംഗ് ബോര്‍ഡുകളെ നിയമിക്കുന്നത് മെത്രാനാണ്. ഈ അവസ്ഥ പൂര്‍ണമായും മാറ്റിയേ മതിയാവൂ. ഗവണ്‍മെന്റില്‍നിന്നും ഓരോ വര്‍ഷവും കോടാനുകോടി രൂപയാണ് ന്യൂനപക്ഷാവകാശത്തിലൂടെ പുരോഹിതരുടെ കൈകളിലേക്ക് ഒഴുകുന്നത്. ഈ വിദ്യാലയങ്ങളിലെ നിയമനങ്ങളെ തങ്ങളുടെ കൈവശം വച്ചുകൊണ്ട് അവര്‍ വിശ്വാസികളുടെമേല്‍ മനഃശാസ്ത്രപരമായ ആധിപത്യം നേടുന്നു. ഈ വിദ്യാലയങ്ങളിലെ പ്രവേശനങ്ങള്‍ സാമുദായികാടിസ്ഥാനത്തിലല്ല മറിച്ച് മതാടിസ്ഥാനത്തിലാണ് നല്‍കുന്നത്. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം പുരോഹിതന്‍ നിര്‍ദ്ദേശിക്കുന്ന മതവിദ്യാഭ്യാസ യോഗ്യതയും അദ്ധ്യാപകനിയമനത്തിനും വിദ്യാലയങ്ങളിലെ പ്രവേശനത്തിനും ഇന്ന് നൈയാമികമായി അനുപേക്ഷണീയമാണെന്നുള്ള അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. തന്മൂലം ചെറുപ്രായത്തില്‍ തന്നെ പുരോഹിതരുടെ അടിമപ്പാളയത്തില്‍ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ഉദ്യോഗാര്‍ത്ഥികളെ അടിമകളാക്കുന്നു. മതതീവ്രവാദത്തിന്റെ ഈറ്റില്ലമായി ഈ മതപാഠശാലകള്‍ മാറുന്നുണ്ടുതാനും. മതപാഠശാലകളിലെ പഠനം ഇന്ന് ഒരു കത്തോലിക്കന്റെ പൗരജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നുള്ള കാഴ്ചപ്പാട് പുരോഹിതര്‍ ജനമനസ്സില്‍ കെട്ടി വയ്ക്കുന്നു.
ഇവിടെയാണ് ഈ ഇടയലേഖനങ്ങളെ തീവ്രവാദമുഖമാക്കി അവതരിപ്പിക്കുന്നത് എന്നു കൂടി ഓര്‍ക്കുക. ആരോടും കണക്കുപറയാതെ പുരോഹിത കൈവശമുള്ള കോടാനുകോടി സമ്പത്ത് നാളെ  മതതീവ്രവാദത്തിന്റെ വിളഭൂമിയായാല്‍ അല്‍ഭുതപ്പെടാനില്ല. ഒരു കാലത്ത് ഇന്ത്യയുടെ മേല്‍ കൊളോണിയലിസം കെട്ടിവച്ച വിദേശ രാഷ്ട്രങ്ങള്‍ അതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയത് മതപ്രചാരണത്തിലൂടെയാണെന്നോര്‍ക്കുക. ഇന്ന് വടക്കേ ഇന്ത്യയില്‍ നടത്തപ്പെടുന്നു എന്നാരോപിക്കപ്പെടുന്ന മതപരിവര്‍ത്തനത്തിന്റെ പിമ്പില്‍ പ്രവര്‍ത്തിക്കുന്നതും ഇതേ ലക്ഷ്യമാണ് എന്നോര്‍ക്കുക. ഒരു കാലത്ത് പാശ്ചാത്യര്‍ ഇന്ത്യയിലും ആഫ്രിക്കയിലും പ്രയോഗിച്ച അതേ തന്ത്രമാണ് വിപുലമായ തോതില്‍ ഇന്നും വടക്കേ ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത്.
കേരളത്തില്‍നിന്നും ധാരാളം മെത്രാന്മാരെ വടക്കേ ഇന്ത്യയിലേക്കു നിയമിക്കുന്നുണ്ട്. സമൂഹസേവനത്തിന്റെ പേരില്‍ അവര്‍ രൂപതകള്‍ സ്ഥാപിച്ച് അവിടെ കുട്ടി രാജാക്കന്മാരായി വിലസുന്നു. ഇവര്‍ മതവിദ്വേഷത്തിന്റെ വിഷവിത്ത് പലപ്പോഴും വ്യാപകമായ തോതില്‍ വിതക്കുന്നുമുണ്ട് എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മനസ്സിലാക്കേണ്ട കാലമായി. പോര്‍ട്ടുഗീസുകാരും മിഷനറിമാരും  തെക്കേഅമേരിക്കയിലും ഗോവായിലും അനുവര്‍ത്തിച്ച അതേ നയമാണ് വടക്കേ ഇന്ത്യയിലും ഇന്ന് അരങ്ങേറുന്നത്. അവിടെ സംഘര്‍ഷം ഉണ്ടായാല്‍ അതിന്റെ കുറ്റം അവിടുത്തെ ഹിന്ദുക്കളുടെ മാത്രമല്ല. സേവനത്തിലൂടെ മതം മാറ്റം നടത്തുന്നതിന് എത്തുന്ന മിഷനറിമാര്‍ ഈ സാമൂഹികാസ്വാസ്ത്യതയ്ക്കും കാരണമാണെന്ന കാര്യം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മറക്കാതിരിക്കുക.
ആരോടും കണക്കു പറയാതെ പുരോഹിത ഹസ്തങ്ങളിലെത്തുന്ന കോടാനുകോടി രൂപ രാജ്യത്തിന് അപകടകരം കൂടിയാണ്. ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുക ഇവിടുത്തെ സാധാരണ ക്രൈസ്തവരാണ്. അവര്‍ ഇന്ത്യയുടെ സാംസ്‌കാരിക രാഷ്ട്ര വ്യവസ്ഥയില്‍ ഇഴുകിചേര്‍ന്ന് എന്നും പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. എന്നാല്‍ പുരോഹിതര്‍ അവരെ പ്രലോഭനങ്ങളിലൂടെയും അധികാര ധാര്‍ഷ്ട്യത്തിലൂടെയും ഇന്ന് അപകടമേഖലയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
തങ്ങളുടെ അധികാര രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ എതിര്‍ത്തു തോല്‍പിക്കാന്‍ ഇന്ത്യയുടെ മതേതരത്വത്തെ അവര്‍ കപടമായി ഉപയോഗിക്കുന്നുണ്ട.് കേരളത്തില്‍ ക്രൈസ്തവരുടെ ''അന്തിക്രിസ്തു''വായി കമ്മ്യൂണിസ്റ്റുകാരെ വിവരിക്കുമ്പോള്‍ വടക്കേ ഇന്ത്യയില്‍  ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും വിവരിക്കുന്നു എന്നുമാത്രം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുരോഹിത ആധിപത്യത്തിന്റെ ഈ കപട രാഷ്ട്രീയം മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു. പ്രശസ്തനായ കഥകളി നടന്‍ തോട്ടം നമ്പൂതിരിയെപ്പോലെ ഒരു കണ്ണുകൊണ്ട് ശൃംഗാരവും മറുകണ്ണുകൊണ്ട് രൗദ്രവും അഭിനയിക്കുന്നതുപോലെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളെയും തങ്ങളുടെ വരുതിക്കു വരുത്തുവാന്‍ സഭാധികാരം കോടിക്കണക്കിനു രൂപ ഇന്ന് സ്വതന്ത്രമായി വിനിയോഗിക്കുകയാണ്. പുരോഹിത രാഷ്ട്രീയം കേരളത്തിലും ഇന്ത്യയിലും അവസാനിപ്പിക്കണമെങ്കില്‍ ചര്‍ച്ച് ആക്ട് അടിയന്തിരാവശ്യമാണെന്ന് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചിന്തിക്കേണ്ട കാലമായിരിക്കുന്നു. അതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വസ്തുതകള്‍ ശരിയായി പഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1 comment:

  1. http://www.mathrubhumi.com/tv/ReadMore1/43315/hc-unhappy-over-delay-in-registering-case-against-cardinal/M

    ReplyDelete