Translate

Monday, June 1, 2020

കെസിആർഎം നോർത് അമേരിക്ക ടെലിയോഗ റിപ്പോർട്ട്


 
ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്കയുടെ പ്രസിഡണ്ട് ചാക്കോ കളരിക്കലിൻറെ അധ്യക്ഷതയിൽ, മെയ് 29, 2020 വൈകീട്ട് ഒൻപതുമണിക്ക് (EST) ഒരു ടെലിയോഗം നടക്കുകയുണ്ടായി. സംഘടനയുടെ ഭാരവാഹികളും അനുഭാവികളുമായ അനേകംപേർ ആ യോഗത്തിൽ പങ്കെടുത്തു. മൗന ഈശ്വര പ്രാർത്ഥനയോടെയാണ് ആ യോഗം ആരംഭിച്ചത്.

യോഗാധ്യക്ഷൻറെ ആമുഖ പ്രഭാഷണത്തിനുശേഷം സെക്രട്ടറി ശ്രീ ജെയിംസ് കുരീക്കാട്ടിൽ സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ വിശദീകരിച്ച് വിലയിരുത്തി. സഭാനവീകരണം ദുഷ്കരമായ ഒരു പ്രവർത്തനമാണെന്നും ഉള്ള പരിമിതിയിൽ നിന്നുകൊണ്ട് ചുരുങ്ങിയകാലയിളവിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സംഘടനയ്ക്ക് സാധിച്ചു എന്നും അദ്ദേഹം എടുത്തുപറഞ്ഞു. സ്വയ നവീകരണത്തിലൂടെ മറ്റുള്ളവരെയും സംഘടനാ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കണമെന്ന് എല്ലാവരെയും ഓർമപ്പെടുത്തി. കൂടുതൽ സജീവമായി സംഘടന മുൻപോട്ടു പ്രവർത്തിക്കാനുള്ള നിർദേശങ്ങൾ എല്ലാവരും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സംഘടനയുടെ വൈസ്പ്രസിഡണ്ട് ശ്രീ ജോസ് കല്ലിടുക്കിൽ ഓഗസ്റ്റ് 10, 2019-ൽ ഷിക്കാഗോയിൽ കൂടിയ ദേശീയ സമ്മേളനത്തെ സംബന്ധിച്ചും അവിടെ നടന്ന സജീവ ചർച്ചകളെപ്പറ്റിയും സോവനീറിൻറെ പ്രകാശനത്തെപ്പറ്റിയും പ്രത്യേകം എടുത്തുപറയുകയുണ്ടായി.  ന്യൂയോർക്കിൽനിന്നും എത്തി ആ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് പങ്കെടുക്കുകയും ഏതാനും ആഴ്ചകൾക്കുമുമ്പ് കോവിഡ് ബാധിച്ച് അകാലത്തിൽ മരണപ്പെടുകയും ചെയ്ത ശ്രീ ജോസഫ് പടന്നമാക്കലിനെ അനുസ്മരിച്ചു. കൗശലവും കാപട്യവും കൈമുതലായ സഭാനേതൃത്വം സ്വന്തം കാര്യസാധ്യത്തിനായി ഇടതു-വലതു വ്യത്യാസമില്ലാതെ സർക്കാരുകളെ സ്വാധീനിക്കുന്നുണ്ട്.  കന്യാസ്ത്രീകളെയും മറ്റ് സ്ത്രീകളെയും വൈദികർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ട്. മാധ്യമങ്ങളിലെ ദൈനംദിന വാർത്തയാണത്. ഈ അവസരത്തിൽ വൈദികരുടെ നിർബന്ധിത ബ്രഹ്മചര്യത്തിൽ ഇളവുവരുത്തി വിവാഹിത ജീവിതമോ അവിവാഹിത ജീവിതമോ തെരഞ്ഞെടുക്കാനുള്ള തീരുമാനം പട്ടം സ്വീകരിക്കുന്ന വ്യക്തികൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. കെസിആർഎം നോർത് അമേരിക്കയുടെ ഈ നിലപാട് സഭാധികൃതരെ അറിയിയ്ക്കുന്നത് നല്ലതാണ്. കെസിആർഎം നോർത് അമേരിക്കയുടെ പ്രവർത്തകർക്ക് സഭാ നേതൃത്വത്തിൽനിന്നും വിശ്വാസി സമൂഹത്തിൽനിന്നും കുടുംബാംഗങ്ങളിൽനിന്നുപോലും ഏറെ വെല്ലുവിളികൾ നേരിരേണ്ടിവരുന്നുണ്ട്. എങ്കിലും സാമൂഹിക പ്രതിബദ്ധതയും മനുഷ്യ സ്നേഹവുമുള്ള എല്ലാ വ്യക്തികളും ഇത്തരം കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംഘടനയുടെ ട്രഷറർ ശ്രീ ജോർജ് നെടുവേലിൽ പ്രതിമാസ ടെലികോൺഫെറെൻസിലെ പ്രഗത്ഭരായ വിഷയാവതാരകരെ പ്രശംസിച്ചുകൊണ്ടും ആ കോൺഫെറെൻസുകളിൽനിന്നും ഗ്രഹിക്കാൻ സാധിച്ച വിജ്ഞാനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുമാണ് സംസാരിച്ചു തുടങ്ങിയത്. ശ്രീ ജോസഫ് പടന്നമാക്കലിനെ വീണ്ടും അദ്ദേഹം അനുസ്മരിച്ചു. സംഘടനയ്ക്ക് സാമ്പത്തികം ആവശ്യമെങ്കിലും അതിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്നും സംഘടനയ്ക്ക് എപ്പോഴെല്ലാം സാമ്പത്തികസഹായങ്ങൾ വേണ്ടിവന്നിട്ടുണ്ടോ അപ്പോഴെല്ലാം സഹായം ലഭിച്ചിട്ടുണ്ടെന്നും ട്രഷറർ എന്ന നിലയ്ക്ക് അദ്ദേഹം സന്തുഷ്ടനാണെന്നും പറയുകയുണ്ടായി. സംഘടനയ്ക്ക് ഏപ്രിൽ 30, 2020-ന് $3475.15 ബാങ്ക് ബാലൻസ് ഉണ്ടെന്നും അറിച്ചു.

യോഗത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ പ്രധാനപ്പെട്ട പോയിൻറുകൾ ചുരുക്കമായി ചുവടെ ചേർക്കുന്നു:

1.  ക്നാനായ സമുദായ അംഗങ്ങൾ സമുദായം മാറി വിവാഹം ചെയ്‌താൽ അവരുടെ കുടുംബങ്ങൾക്ക് ക്നാനായ പള്ളികളിൽ അംഗത്വവും സഭാപരമായ ശുശ്രൂഷകളും നൽകുന്നില്ല. ആ നിലപാട് അക്രൈസ്തവമാണെന്നും അവർക്കും പള്ളിയംഗത്വം നൽകണമെന്ന് റോമിൽനിന്നും സീറോ മലബാർ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് വ്യക്തമായ നിർദേശം നല്കിയിട്ടും അദ്ദേഹം അത് നടപ്പിലാക്കുന്നില്ല. ഇതുസംബന്ധിച്ച് സംഘടന കൂടുതൽ ചർച്ചകളും പ്രവർത്തനങ്ങളും നടത്തണമെന്ന് നിർദേശമുണ്ടായി. അടുത്തുവരുന്ന രണ്ടുമാസങ്ങളിലെയും ടെലികോൺഫെറെൻസ് ഇതിനോടകം ഷെഡ്യൂൾ ചെയ്തുകഴിഞ്ഞതുകൊണ്ട് ഓഗസ്റ്റ് മാസത്തിലെ ടെലികോൺഫെറെൻസ് ക്നാനായ സ്വവംശവിവാഹ വിഷയത്തെ സംബന്ധിച്ചായിരിക്കും.

2.  കെസിആർഎം നോർത് അമേരിക്ക എന്ന സംഘടന സഭാ വിരുദ്ധമല്ല; മറിച്ച്, സഭയിലെ പൗരോഹിത്യ  മേധാവിത്വത്തിൻറെ അക്രൈസ്തവ നിലപാടുകൾക്ക് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുകയാണു ചെയ്യുന്നത്. സോഷ്യൽ മീഡിയ പരമാവധി ഉപയോഗിച്ച് സംഘടന മുന്നേറണം. അമേരിക്കയിലുള്ള പ്രതിഭാശാലികൾക്ക്  സംഘടനയുടെ പ്രതിമാസ ടെലികോൺഫെറെൻസിൽ വിഷയാവതരണത്തിന് അവസരം നൽകേണ്ടതാണ്.

3.  സഭയുടെ പാരമ്പര്യമനുസരിച്ച് പുരോഹിതരിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല കൂദാശകൾ പാരികർമം ചെയ്യലാണ്. അല്മായർക്കും അതാകാം എന്ന സ്ഥിതിവന്നാൽ പുരോഹിതരുടെ ആവശ്യമില്ല. പള്ളിസ്വത്തുഭരണത്തിന് ചർച്ച് ട്രസ്റ്റ് ബിൽ നടപ്പിലാക്കാൻ പരിശ്രമിക്കുക. സംഘടനയുടെ പ്രസ്താവിത ലക്‌ഷ്യം ഘട്ടംഘട്ടമായി നടപ്പിലാക്കാൻ പരിശ്രമിക്കുക.

4.  യേശുസന്ദേശം കൂടുതൽ പ്രചരിപ്പിക്കാനും മറിയത്തെ റോൾ മോഡൽ ആക്കാനും പരിശ്രമിക്കേണ്ടതാണ്.

5.  കോവിഡ് ബാധകാരണം സത്യജ്വാല്ല മാസിക തല്കാലത്തേയ്ക്ക് പ്രസിദ്ധീകരിക്കാൻ സാധിക്കാതെ പോയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അല്മായശബ്ദം ബ്ലോഗ് കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കേണ്ടതാണ്.

6.  പഴയ കാലങ്ങളിൽ കേരള സഭയിൽ മെത്രാന്മാരും വൈദികരും ദൈവജനത്തിനുവേണ്ടി ശുശ്രൂഷ, വിദ്യാഭ്യാസം, ആരോഗ്യം, ആതുരസേവനം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. ഇന്നവർ സുഖലോലുപത, അധികാരം, സമ്പത്ത്, ലൈംഗീകത തുടങ്ങിയ കാര്യങ്ങളിൽ മുഴുകുന്നു. അമേരിക്കയിൽ പോലും ഒരേ റീത്തിൽ ക്നാനായ പള്ളികൾ സ്ഥാപിച്ച് ജാതീയ വിഭാഗീയത സൃഷ്ടിച്ചിരിക്കുന്നു. സംഘടനയുടെ ധനകാര്യം മെച്ചപ്പെടുത്തി കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കണം.

7.  വൈദിക ബ്രഹ്മചര്യം ഓപ്ഷണൽ ആക്കാൻ നിർദേശിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം കെസിബിസിയ്ക്ക് അയക്കാനുള്ള പ്രമേയം പാസാക്കി.

No comments:

Post a Comment