Translate

Tuesday, December 22, 2020

കെസിആർഎം നോർത്ത് അമേരിക്കയുടെ മുപ്പത്തിമൂന്നാമത് സൂം മീറ്റിംഗ് റിപ്പോർട്ട്

ചാക്കോകളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്ക, നവംബർ 11, 2020 ബുധനാഴ്ച്ച സംഘടിപ്പിച്ച മുപ്പത്തിമൂന്നാമത് സൂം മീറ്റിംഗ് റിപ്പോർട്ട് ചുവടെ കൊടുക്കുന്നു.

മോഡറേറ്റർ ശ്രീ എ സി ജോർജിന്റെ ആമുഖത്തിനുശേഷം മുഖ്യപ്രഭാഷകൻ ഡോ. പോൾ വെളിയത്തിൽ 'മതരഹിത ആത്മീയത' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. തനിക്ക് ഏറ്റം ഇഷ്ടപ്പെട്ട വ്യക്തിപരമായ ഒരു വിഷയമാണ് മതരഹിത ആത്മീയത എന്ന പരസ്യപ്രസ്താവനയോടെയാണ് അദ്ദേഹം തന്റെ വിഷയാവതരണം ആരംഭിച്ചത്.

മതരഹിത ആത്മീയതയെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ചില സംജ്ഞകളെ (ലേൃാ)െ നിർവചിക്കേണ്ടതായിട്ടുണ്ട്. 'ഞാൻ ആത്മീയനാണ്, പക്ഷേ ഞാൻ മതവിശ്വാസിയല്ല' എന്ന പ്രയോഗം മനുഷ്യരുടെ സാധാരണ സംഭാഷണത്തിൽ കേൾക്കാറുള്ളതാണ്. ഒരാൾ മതവിശ്വാസിയാണ് എന്നു പറഞ്ഞാൽ എന്താണ്? ആത്മീയനാണ് എന്നു പറഞ്ഞാൽ എന്താണ്? ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും ആത്മീയനുമാകാമോ? മതവിശ്വാസിയാകാതെ ആത്മീയനാകാമോ? യേശു ആത്മീയനായിരുന്നോ? ഇപ്രകാരമുള്ള പല ചോദ്യങ്ങളും ഉണ്ടാകാം. ഒരാൾ ആത്മീയത ഉള്ളവനാണ് എന്ന് സാധാരണ പറഞ്ഞാൽ അയാൾ ഒരു സംഘടിത മതത്തിലെ അംഗമാണ് എന്നാണ് മനസ്സിലാക്കുക. ഒരു കത്തോലിക്കനാണെങ്കിൽ ഞായറാഴ്ചകളിൽ പള്ളിയിൽ പോകുക; ആണ്ടിലൊരിക്കൽ കുമ്പസാരിക്കുക; പത്തു കല്പനകൾ പാലിക്കുക, ആചാരങ്ങൾ അനുഷ്ഠിക്കുക തുടങ്ങിയ സഭയുടെ നിബന്ധനകൾ അനുസരിച്ച് ജീവിക്കുന്നു.എന്നാൽ ഒരു ആത്മീയ മനുഷ്യൻ അത്യാവശ്യമായിട്ടും സംഘടിത മതത്തിലെ വിശ്വാസി ആയിരിക്കണമെന്നില്ല.

ആത്മീയതയെപ്പറ്റി പറയുമ്പോൾ മതബന്ധിത ആത്മീയത, മതേതര ആത്മീയത, മതരഹിത ആത്മീയത എന്നിങ്ങനെ മൂന്നുതരം ആത്മീയത ഉള്ളതായി കാണാം. മതബന്ധിത ആത്മീയതയുള്ള ഒരാളാണെങ്കിൽ അയാളുടെ മതത്തിലെ പാരമ്പര്യങ്ങളും ആചാരങ്ങളുംഅനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്നവനായിരിക്കും.അയാൾ മതനിയമങ്ങളെയോ മതശ്രേണിയെയോ ഒന്നും ചോദ്യം ചെയ്യുകയില്ല. ബഹുഭൂരിപക്ഷം വിശ്വാസികളും അത്തരക്കാരാണ്.താൻ പിന്തുടരുന്ന മതത്തിലെ ഇഷ്ടപ്പെടാത്ത നിയമങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും തള്ളിക്കളയുകയും ചിലപ്പോഴൊക്കെ അതിനെ വിമർശിക്കുകയും മതം എതിർക്കുന്ന ചില കാര്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന രണ്ടാമതൊരുകൂട്ടർ ഉണ്ട്. ജനനനിയന്ത്രണത്തെ എതിർക്കുകയും വിവാഹിത പൗരോഹിത്യത്തെയും സ്ത്രീ പൗരോഹിത്യത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു കത്തോലിക്ക വിശ്വാസി രണ്ടാമത്തെ കൂട്ടത്തിൽ പെട്ട വ്യക്തിയാണ്. അത്തരക്കാരെയാണ് 'കഫറ്റേരിയ കാത്തോലിക്' എന്ന പേരിൽ പൊതുവിൽ അറിയപ്പെടുന്നത്. മൂന്നാമത്തെ കൂട്ടരാണ് മതരഹിത ആത്മീയതക്കാർ. അവർ മതമില്ലാതെ ആത്മീയരായി ജീവിക്കുന്നു. അവർക്ക് സംഘടിത മതത്തിൽ അംഗത്വമുണ്ടാകില്ല. അവർ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കില്ല. മതത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ പരസ്യമായി വിമർശിക്കാൻ ധൈര്യം ഉള്ളവരാണ്, അവർ.

ചുരുക്കം ചില വ്യക്തികളെങ്കിലും മതാധിഷ്ഠിതവും മതാതീതവും മതരഹിതവുമായ ആത്മീയതകളിൽകൂടി കടന്നു പോയിട്ടുള്ളവരാണ്. വിഷയാവതാരകനായ ഡോ. പോൾ വെളിയത്തിൽ ആ വഴിയെ സഞ്ചരിക്കാൻ ഇടയായ ഒരു വ്യക്തിയാണെന്ന് തുറന്നു പറയുന്നുണ്ട്. അദ്ദേഹം ഒരു കത്തോലിക്ക പുരോഹിതനായിരുന്നപ്പോൾ മതബന്ധിത ആത്മീയതയിലാണ് ജീവിച്ചത്. സഭ പഠിപ്പിച്ചിരുന്ന ഒന്നിനെയും ചോദ്യം ചെയ്യാതെ സഭാശ്രേണിയുടെ കല്പനകളെ അനുസരിച്ച് സഭയ്ക്കുള്ളിൽ എല്ലാം വിശ്വസിച്ച്  ജീവിച്ചു. ഇടപ്പള്ളി പള്ളിയിൽ അസ്സിസ്‌തേന്തി അച്ചൻ ആയിരിക്കുമ്പോൾ ആ പള്ളിയിലെ ചില ആചാരങ്ങളിലെ കഴമ്പില്ലായ്മ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് ഉപരിപഠനകാലത്തോടെ സ്വതന്ത്രമായി ചിന്തിക്കാൻ ആരംഭിച്ചു. ലോകപ്രസിദ്ധ ട്രാപ്പിസ്റ്റ് സന്യാസി തോമസ് മെർട്ടന്റെ പുസ്തകങ്ങളും ഭഗവത് ഗീതയും തമ്മിലുള്ള ഒരു താരതമ്യ പഠനമായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പഠനത്തിൻറെ കാതൽ.   അതോടെ സ്വാതന്ത്രചിന്തയ്ക്ക് ആക്കം ഏറി. പഠനശേഷം കേരളത്തിൽ തിരിച്ചെത്തി വൈദികവൃത്തി തുടർന്നപ്പോൾ അറിവിന്റെ മണ്ഡലവും പ്രായോഗികജീവിതവും തമ്മിൽ പൊരുത്തപ്പെടാതെയായി. മനസ്സിന്റെ ആ വിയോജിപ്പ് (വൈജ്ഞാനിക വിവേകം - രീഴിശശേ്‌ല റശരെലൃിാലി)േ സഭയുടെ സത്യസന്ധനായ ഒരു ഇടനിലക്കാരനാകാൻ സാധിക്കാത്ത സ്ഥിതിയിലെത്തിക്കുകയും അവസാനം പൗരോഹിത്യം ഉപേക്ഷിക്കുകയും ചെയ്തു. അപ്രകാരം മതബന്ധിത ആത്മീയതയുടെയും മതാതീത ആത്മീയതയുടെയും മതരഹിത ആത്മീയതയുടെയും വ്യക്തമായ പരിണാമം ഡോ. വെളിയത്തിലിന്റെ ജീവിതത്തിൽ അനുഭവിച്ചറിയാൻ സാധിച്ചു.

മതരഹിത ആത്മീയത വളരെ വിമോചനപരമായ, കൂടുതൽ ജീവൻ നൽകുന്ന, ആനന്ദദായകമായ, ആധികാരികമായ ഒരനുഭവമായിരിക്കും നൽകുന്നത്. കാരണം, മന്റസിദ്ധാന്തങ്ങളിൽനിന്നും മത മേധാവികളുടെ കല്പനകളിൽനിന്നുമെല്ലാം മോചനം ലഭിച്ച് സ്വതന്ത്രനാകുന്നു. 'വളരെ വിലപിടിച്ച ഒരു മുത്ത് കണ്ടെത്തിയപ്പോൾ അയാൾ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി' (മത്താ. 13: 46) എന്ന സുവിശേഷഭാഗം ഇവിടെ കൂട്ടിവായിക്കാവുന്നതാണ്.ആ അതുല്യപരിണാമത്തിന് ആദ്യമായി ബൗദ്ധിക അന്ധകാരത്തിൽനിന്നും മനുഷ്യർ ഉണരണം. എന്നുവെച്ചാൽ, സാമൂഹിക-മത ഹിപ്‌നോസിസിൽനിന്നും പുറത്തുവരണം. അതിന് ജീവിതത്തിൽ അറിയാതെ പിഠിച്ചവയെ വീണ്ടും ബോധപൂർവം പഠിച്ച് മനസ്സിലാക്കണം. മനുഷ്യരാശി ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുമ്പോഴും ദൈവങ്ങളെപറ്റിയോ മതങ്ങളെ സംബന്ധിച്ചോ മതങ്ങൾ അടിച്ചേൽപ്പിക്കുന്ന വിശ്വാസങ്ങളെപ്പറ്റിയോ ബോധപൂർവമായ ഒരു പഠനം നടക്കുന്നില്ല; ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല; നിർണായകമായ വിശകലനം ചെയ്യപ്പെടുന്നില്ല. 'ഞാൻ ആര്?' എന്ന ചോദ്യത്തിന് സ്വയം തിരിച്ചറിയൽ സംഭവിക്കുന്നില്ല. മനുഷ്യർ ആദ്യം ആത്മീയരാണ്. രണ്ടാമതാണ് മനുഷ്യൻ. മത്സ്യം വെള്ളത്തിലെന്നതുപോലെ മനുഷ്യർ ദിവസത്തെ ഇരുപത്തിനാല് മണിക്കൂറും ആത്മീയരാണ്. മനുഷ്യന് ആത്മീയരല്ലാതെ ജീവിക്കാൻ സാധിക്കുകയില്ല. ആത്മീയവും ആത്മീയതയും രണ്ടാണ്. ആദ്യത്തെ ശ്വാസം മുതൽ അന്ത്യശ്വാസം വരെ ഒരു വ്യക്തി ആത്മീയമായി ജീവിക്കുന്നു. അത് പരമമായ ഒരു സത്യമാണ്.

മതരഹിത ആത്മീയതയിലെത്തുക അത്ര എളുപ്പമല്ല. കാരണം മതത്തിന്റെ ഭാണ്ഡക്കെട്ടുകളെ വലിച്ചെറിയുക അത്ര എളുപ്പമല്ല. എന്നാൽ മതമില്ലാതെ ആത്മീയമായി ജീവിക്കുന്നത് വിലതീരാത്ത മുത്ത് കൈവരിച്ചതുപോലെ സന്തോഷകരവും സംതൃപ്തിദായകവുമാണ്. മതരഹിത ആത്മീയത അനുദിനം വർദ്ധിച്ചുവരുന്നതായിട്ടാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.

വിഷയാവതരണത്തിനുശേഷം സജീവവും സുദീർഘവുമായ ചോദ്യോത്തരങ്ങളും ചർച്ചയും നടക്കുകയുണ്ടായി. ഡോ. വെളിയത്തിലിന്റെ ഈ വിഷയത്തിലുള്ള ആഴമായ അറിവ് വിഷയാവതരണത്തിൽ വളരെ പ്രകടമായിരുന്നു. ചർച്ചയിൽ സംബന്ധിച്ച എല്ലാവരുംതന്നെ അദ്ദേഹത്തെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ഡോ. വെളിയത്തിലിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

'ആത്മീയയാത്ര' നോട്ടുകെട്ടുകൾക്കുവേണ്ടി!

സിസ്റ്റർ ലൂസി കളപ്പുര

അടുക്കിയടുക്കിവച്ച നോട്ടുകെട്ടുകളുടെ ചിത്രങ്ങൾകൊണ്ട് നിറഞ്ഞ ഒരു പത്രത്താളിലൂടെയാണ്  ആത്മീയയാത്രാ നേതാവ് കെ പി യോഹന്നാന്റെ കോടികളുടെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകൾ അറിയുന്നത്. ഇവിടെ ജനങ്ങൾ കോവിഡ് 19 എന്ന മഹാമാരിയുടെ ഭീഷണിയിലും സാമ്പത്തികമായ വളരെയധികം ബുദ്ധിമുട്ടുകളിലുംകൂടി കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങൾ പട്ടിണിമരണത്തിന് ഇരകളാകുന്ന ഒരു രാജ്യത്ത്  കോടികളുടെ കള്ളപ്പണം സമ്പാദിക്കുന്ന ഇടയന്മാരെക്കുറിച്ചുള്ള വിവരം നമ്മെ ഞെട്ടിക്കുന്നു. ഒട്ടിയ വയറുമായി കരയുന്ന കുഞ്ഞുങ്ങൾക്കും പാവങ്ങൾക്കുമായി എന്ന് തെറ്റിദ്ധരിപ്പിച്ച് കൈവശപ്പെടുത്തുന്ന കോടികൾ സ്വന്തം ധനമാക്കി മാറ്റിയിരിക്കുന്ന കെ പി യോഹന്നാൻമാർ നാടിന് ശാപമാണ്. കോവിഡിന്റെ പോർക്കളത്തിൽ ഒത്തിരിപ്പേരുടെ ജോലികൾ നഷ്ടപ്പെട്ടിരിക്കുന്നു. ഇനി എങ്ങനെ മുന്നോട്ടു ജീവിക്കും എന്ന ആകുലതയിലും വ്യാകുലതയിലും ജനം തേങ്ങുന്നു. അതിനിടയിൽപ്പോലും യാതൊരു ജാള്യതയുമില്ലാതെ കോടിക്കണക്കിന് പണം പിരിച്ചെടുത്ത് രഹസ്യഅറകളിൽ സൂക്ഷിച്ച് ക്രയവിക്രയംചെയ്യാൻ കെ പി യോഹന്നാനും കൂട്ടരും കാണിച്ച ആർത്തി എല്ലാ അതിരുകളും കവിഞ്ഞുപോയി.

'ആത്മീയയാത്ര' എന്ന പേരിൽ ചതിക്കപ്പെട്ട വിശ്വാസിസമൂഹത്തിന്റെ ദയനീയ മുഖങ്ങളും, ആത്മീയയാത്രാ നേതാവിന്റെ കോടികളുടെ തട്ടിപ്പും കണ്ട് ലോകം മുഴുവൻ ഞെട്ടിയിരിക്കുന്നു! കണ്ണടച്ച്, ഉദാരമായി, ഇത്തരം കള്ളനാണയങ്ങൾക്ക് വകതിരിവില്ലാതെ പണം കൊടുക്കുന്നതിലൂടെയാണ് തട്ടിപ്പിന്റെ രുചി കയറി ആർത്തിയോടെ കൈയിട്ടുവാരാൻ അവർ തുടങ്ങുന്നത്. കെ പി യോഹന്നാൻ സ്വയം രൂപീകരിച്ചെടുത്ത സഭ തട്ടിപ്പിനുള്ള സഭയാണെന്ന് തിരിച്ചറിയാൻ കടുത്ത വിശ്വാസികൾക്ക് ഇനിയും കഴിയുമെന്ന് തോന്നുന്നില്ല. ഇവിടെ ക്രിസ്തു എവിടെയാണ് പ്രസംഗിക്കപ്പെടുന്നത്? ഇവരെങ്ങനെയാണ് ക്രിസ്തുവിനെ ജീവിക്കുന്നത്? കാലിത്തൊഴുത്തിൽ ചാണകമണത്തിനിടയിൽ ജനിച്ചുവീണ, ഒരു മുഴം തുണി ചുറ്റി ചോരചിന്തി കുരിശിൽ തുങ്ങിമരിച്ച ക്രിസ്തുവിനെയാണോ, അതോ മുപ്പതു വെള്ളിക്കാശിനായി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെയാണോ, ഇവർ പ്രസംഗിക്കുന്നത്?

കണക്കില്ലാത്ത കള്ളപ്പണത്തിനും അഴിമതിക്കും ലൈംഗികചൂഷണങ്ങൾക്കുമിടയിൽ ക്രിസ്തു ഓരോ ദിവസവും വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നു! ഇപ്രകാരം ക്രിസ്തുവിനെ കൊല്ലുന്നവർതന്നെ, ക്രിസ്തു എന്നിലും നിന്നിലും ഉയിർക്കണം എന്ന് വാശിപിടിച്ച്, പാവങ്ങളുടെ വിയർപ്പിന്റെ രുചി പുരണ്ട അപ്പക്കഷ്ണത്തിനായി രാജ്യരാജ്യാന്തരം ചുറ്റിക്കറങ്ങി സമൂഹത്തെയും നാടിനെയും വഞ്ചിക്കുന്നു. കണ്ണ് തുറന്നാൽ നാം കാണുന്നത് ആത്മീയ അന്തപ്പുരങ്ങളിലെ ഇത്തരം തട്ടിപ്പുകളും ചതികളുംമാത്രമാണ്.

ബിലീവേഴ്സ്  ചർച്ചിലെ അതികായകൻ കെ പി യോഹന്നാൻവരെ എത്തിയിരിക്കുന്ന ഈ അന്വേഷണം ഒരു അന്വേഷണപരമ്പരയായി മാറേണ്ടിയിരിക്കുന്നു. എല്ലാ സഭകളിലെയും എല്ലാ മെത്രാന്മാരുടെയും ആത്മീയ കോട്ടകൊത്തളങ്ങളും അന്തപ്പുരങ്ങളും അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു. പല മെത്രാന്മാർക്കുമെതിരെയുള്ള ഭൂമികുംഭകോണക്കേസുകളും സാമ്പത്തിക അഴിമതിക്കേസുകളും ഇന്നും ഇഴഞ്ഞുനീങ്ങുകയാണ്. ലൈംഗികചൂഷണ കേസുകളിൽ പണം മുടക്കി വഴിമുടക്കുകയാണ്. ഈ സാമ്പത്തിക-ലൈംഗിക 'ആത്മീയ യാത്രകൾ' എങ്ങോട്ടാണ് എന്നോർത്ത് സാധാരണ വിശ്വാസികൾപോലും ഭയപ്പെടുകയാണിന്ന്.

ഇവിടെയാണ് ചർച്ച് ആക്ട് ബിൽ നടപ്പിലാകേണ്ടതിന്റെ ആവശ്യകത. സഭാനേതൃത്വങ്ങൾക്കിടയിലെ അനധികൃതമായ സ്വത്തുസമ്പാദനവും സാമ്പത്തികഅഴിമതിയും ഒരു പരിധിവരെയെങ്കിലും തടയാൻ ചർച്ച് ആക്ട് വന്നേ തീരൂ.  ക്രിസ്തുവിന്റെ നാമത്തിൽ സ്ഥാപിതമായ സഭകളെ കഴുകി ശുദ്ധിചെയ്‌തെടുക്കാനുള്ള  സമയം അതിക്രമിച്ചിരിക്കുന്നു. അരമനകളുടെ അകത്തളങ്ങളിൽ പലയിടങ്ങളിലും ചെറുതും വലുതുമായ ഇത്തരം  ആത്മീയയാത്രാ നേതാക്കന്മാർ പതുങ്ങിയിരിക്കുന്നുണ്ട്. അവരെ ധീരതയോടെ  നിയമത്തിനുമുമ്പിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്.

രാപകൽ അധ്വാനിച്ച് കഷ്ടപ്പെട്ട് കുടുംബത്തെ സംരക്ഷിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ് യഥാർത്ഥ ആത്മീയയാത്രയുടെ നേതാക്കന്മാർ എന്ന് തിരിച്ചറിയുക. അവർതന്നെയാണ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ എന്നും അംഗീകരിക്കുക. അല്ലാത്തവർ കള്ളന്മാരും കവർച്ചക്കാരുമാണെന്ന് അവർതന്നെ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. സ്വദേശത്തും വിദേശത്തും ജോലിചെയ്ത് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഓരോരുത്തരോടും സ്‌നേഹത്തോടെ പറയുകയാണ്, നിങ്ങളുടെ അധ്വാനത്തിന്റെ മൂല്യം ഈ കള്ളന്മാരുടെ കൈകളിൽ എത്തരുത്. പാവങ്ങൾക്കാണ്, പള്ളിക്കാണ്, പുണ്യവാളനാണ് എന്നൊക്കെ പറഞ്ഞു കൈനീട്ടുന്ന ആത്മീയ കള്ളനാണയങ്ങളെ  തിരിച്ചറിയുക. നിങ്ങളാണ് നിങ്ങളുടെ ആത്മീയനേതാവ്. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ദയയുടെയും പങ്കുവയ്ക്കലിന്റെയും നേതാവും നീതന്നെ!

ദൈവത്തിനും നിങ്ങൾക്കുമിടയിൽ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല.