Translate

Thursday, August 30, 2018

ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ഓഡിറ്റ് വേണം;

സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്
(മംഗളം ദിനപത്രം ആഗസ്റ്റ് 23)

ന്യുഡല്‍ഹി : രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങളെയും ധര്‍മ്മസ്ഥാപനങ്ങളെയും ശുദ്ധീകരിക്കാനുള്ള നീക്കവുമായി സുപ്രീം കോടതി. എല്ലാ മതകാര്യ സ്ഥാപനങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ശുചിത്വം, ആസ്തി, വരുമാനം, കണക്കുകള്‍ എന്നിവ വ്യക്തമാക്കണമെന്നും ഇതുസംബന്ധിച്ച പരാതികളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക്  പരിശോധന നടത്താമെന്നും അവയിലെ റിപ്പോര്ട്ട്  ഹൈക്കോടതിക്ക് അയയ്ക്കണമെന്നും ഇത്തരം കേസുകളെ പൊതുതാത്പര്യ ഹര്‍ജികളായി പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ക്കും  മുസ്ലീം പള്ളികള്‍ക്കും  ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും  അടക്കം എല്ലാ ആരാധനാലയങ്ങള്‍ക്കും  ബാധകമാണ്. ജില്ലാ മജിസ്‌ട്രേറ്റുകള്‍ സമര്‍പ്പി ക്കുന്ന റിപ്പോര്‍ട്ടുകള്‍ പൊതുതാത്പര്യ ഹര്‍ജികളായി പരിഗണിച്ച് ഹൈക്കോടതി ഉചിതമായ ഉത്തരവുകള്‍ നല്കണണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ സന്ദര്‍ശകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, നടത്തിപ്പുകാരുടെ പ്രാപ്തിക്കുറവ്, ശുചിത്വപരിപാലനം, നേര്‍ച്ചകളുടെ ഉപയോഗം, ആസ്തികളുടെ സംരക്ഷണം തുടങ്ങിയവയൊക്കെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മാത്രമല്ല, കോടതിയുടെ പരിഗണനയിലും വരുന്ന വിഷയങ്ങളാണെന്നാണ് കോടതി കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മൃണാളിനി പധ്വി എന്നയാള്‍ സമര്‍പ്പി ച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സെപ്തംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കും.

Friday, August 24, 2018

കുമ്പസാരം


(സത്യജ്വാല ആഗസ്റ്റ് 2018, എഡിറ്റോറിയൽ) 

സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗിക്കാന്‍ ക്രൈസ്തവപുരോഹിതര്‍ കുമ്പസാരത്തെ ഒരുപാധിയാക്കുന്നു എന്നു തെളിയിക്കുന്ന സംഭവങ്ങള്‍ പുറത്തായതോടെ കേരളത്തില്‍ കുമ്പസാരമെന്ന കൂദാശതന്നെ ഒരു വിവാദവിഷയമായിരിക്കുകയാണ്. പുരോഹിതശ്രേഷ്ഠരും സഭാവക്താക്കളും സഭയുടെ ആധികാരികസംഘടനകളും ചില രാഷ്ട്രീയനേതാക്കളും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, യേശു സ്ഥാപിച്ച കുമ്പസാരമെന്ന കൂദാശ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യഭാഗമാണെന്നും, അതു വേണ്ടെന്നുവയ്ക്കാനോ അതില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനോ ആവില്ലെന്നും, കുമ്പസാരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ വിശ്വാസികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും, സഭ അതിനാരെയും നിര്‍ബന്ധിക്കുന്നില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, സ്വതന്ത്രചിന്തകരും സഭാനവീകരണപ്രവര്‍ത്തകരും, സ്വതന്ത്രബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കുന്ന വാര്‍ത്താചാനലുകളുടെ പ്രഗല്ഭരായ അവതാരകര്‍ ഒരുക്കിത്തരുന്ന ചര്‍ച്ചാവേദികളില്‍ മറുവാദങ്ങളുന്നയിച്ച് അതിനെയെല്ലാം യാഥാസ്ഥിതികമെന്നും പുരോഹിതസൃഷ്ടമെന്നും ചൂഷണോപാധിയെന്നും ക്രിസ്തുവിരുദ്ധമെന്നും അപഹസിച്ചൊതുക്കുകയും ചെയ്യുന്നു. കുമ്പസാരരഹസ്യംവച്ചു ബ്ലാക്‌മെയില്‍ ചെയ്ത് ഒരു വീട്ടമ്മയെ പല പുരോഹിതര്‍ ലൈംഗികമായി ദുരുപയോഗിച്ച സംഭവത്തിന്റെയും മറ്റു പരാതികളുടെയും അടിസ്ഥാനത്തില്‍, ദേശീയ വനിതാകമ്മീഷന്‍ കേന്ദ്രഗവണ്മെന്റിനു കുമ്പസാരം നിരോധിക്കണമെന്ന ശിപാര്‍ശ നല്‍കുകകൂടി ചെയ്തതോടെ കുമ്പസാരം എന്ന കൂദാശ ഇപ്പോള്‍ പ്രതിക്കൂട്ടിലുമായിരിക്കുന്നു! ഈ സാഹചര്യത്തില്‍ കുമ്പസാരമെന്ന ക്രൈസ്തവ ആചാരത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപീകരിച്ചു മുന്നോട്ടുപോകാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്.
കുമ്പസാരമുള്‍പ്പെടെ കത്തോലിക്കാസഭയുടെ ഏഴു കൂദാശകളും യേശു സ്ഥാപിച്ചവയാണെന്നാണ് കത്തോലിക്കാസഭയുടെ ആധികാരിക നിലപാട്. സഭാപഠനമനുസരിച്ച് കൂദാശകളോരോന്നും ആന്തരികമായ ദൈവവരപ്രസാദത്തിന്റെ ഓരോ സ്രോതസുകളാണ്. അങ്ങനെ നോക്കുമ്പോള്‍ കുമ്പസാരത്തിലൂടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകമാത്രമല്ല ചെയ്യുന്നത്, അതിലൂടെ ഒരാള്‍ക്ക് സവിശേഷമായ ദൈവവരപ്രസാദം ലഭിക്കുകകൂടി ചെയ്യുന്നു.
കുമ്പസാരം യേശു സ്ഥാപിച്ചതാണെന്ന് സമര്‍ത്ഥിക്കാന്‍ സഭ ഉദ്ധരിക്കുന്നത് മുഖ്യമായും, ''....പിതാവ് എന്നെ അയച്ചിരിക്കുന്നതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.... അവന്‍ പറഞ്ഞു:  പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ ക്ഷമിച്ചാല്‍ അവ ക്ഷമിക്കപ്പെടും. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ നിലനിര്‍ത്തിയാല്‍ അവ നിലനിര്‍ത്തപ്പെടും'' (യോഹ. 20:21-23) എന്ന ബൈബിള്‍ വാക്യങ്ങളാണ്. യേശു ഇതു പറയുന്നത്, ഭയം നിമിത്തം വാതിലടച്ച് ഇരുന്നിരുന്ന, തോമാശ്ലീഹാ ഒഴികെയുള്ള ശ്ലീഹന്മാരോടുമാത്രമാണ്. അതുകൊണ്ടാണ,് ഈ പാപമോചനാധികാരം അപ്പോസ്തലന്മാര്‍ക്കുമാത്രമായി നല്‍കപ്പെട്ടതാണെന്ന് ആധികാരികസഭ വാദിക്കുന്നത്. 
''യഹൂദര്‍ ഭക്ഷണത്തിനുമുമ്പും പിമ്പും പിറ്റേന്നു രാവിലെയും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞിരുന്നു''വെന്നും, ''പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥിച്ചിരുന്നു'' ('How did Christ said the First Mass' by Fr. James L. Meagher. DD, Page 323, സ്വന്തം തര്‍ജ്ജമ) എന്നും മറ്റുമുള്ള യഹൂദ പാരമ്പര്യങ്ങളുദ്ധരിച്ച്, കുമ്പസാരപാരമ്പര്യം പഴയനിയമകാലം മുതലുണ്ട് എന്ന വാദവും സഭകള്‍ ഉയര്‍ത്തുന്നുണ്ട്.
ആദിമസഭയിലും കുമ്പസാരിക്കുന്ന സമ്പ്രദായമുണ്ടായിരുന്നെന്ന് സ്ഥാപിക്കാന്‍, ''വിശ്വാസം സ്വീകരിച്ച പലരും വന്ന് തങ്ങളുടെ ചെയ്തികള്‍ ഏറ്റുപറഞ്ഞ് കുറ്റം സമ്മതിച്ചു'' (അപ്പോ.പ്രവ. 19:18) എന്ന വാക്യം സഭാധികൃതര്‍ ഉദ്ധരിച്ചുകാണുന്നു. ആദിമസഭാപിതാക്കന്മാരുടെ പ്രബോധനങ്ങളടങ്ങിയ 'ഡിഡാക്കെ' (Didache) യില്‍നിന്ന്, ''നിങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയണം. ദുഷിച്ച മനഃസാക്ഷിയുമായി നിങ്ങള്‍ പ്രാര്‍ത്ഥനയ്ക്കു പോകരുത്. ഇതാണ് വെളിച്ചത്തിന്റെ വഴി'' എന്ന ബെര്‍ണബാസിന്റെ AD 74-ലെ കത്തിന്റെ ഭാഗം, ബൈബിളില്‍ കാണുന്ന ആദിമസഭയ്ക്കുശേഷവും കുമ്പസാരം സഭയില്‍ തുടര്‍ന്നിരുന്നു എന്നു കാണിക്കാന്‍ ആധികാരികസഭ എടുത്തു കാട്ടാറുണ്ട്. സമാനമായ ഒരു സമ്പ്രദായം 'പിഴമൂളല്‍' എന്ന പേരില്‍ കേരള നസ്രാണിസഭയിലും 1599-ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ ഉണ്ടായിരുന്നു എന്ന് ഇവിടെ നമുക്കുക്കോര്‍ക്കാം.
ഓരോ മനുഷ്യനെയും അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ച് അവരോരുത്തരെയും പുതിയ മനുഷ്യരാക്കി, ദൈവരാജ്യപൗരന്മാരാക്കി, രൂപാന്തരപ്പെടുത്തുകയെന്നതായിരുന്നുവല്ലോ യേശുവിന്റെ ലക്ഷ്യംതന്നെ. അങ്ങനെ നോക്കുമ്പോള്‍, ആദിമസഭയിലും കേരളസഭയിലും നിലനിന്നിരുന്ന, പാപങ്ങള്‍ ഏറ്റുപറയുന്നതും പിഴമൂളുന്നതുമായ രീതി യേശുവിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമാണെന്നുകാണാം. എന്നാല്‍, ഇതൊക്കെ പൊതുകുമ്പസാരത്തിന്റെ ഗണത്തിലാണു വരുന്നതെന്നും അതൊന്നും കുമ്പസാരത്തിന്റെ ഇന്നത്തെ രീതിയെ, പുരോഹിതന്റെ അടുത്ത് പാപങ്ങള്‍ രഹസ്യമായി ഏറ്റുപറയുന്ന സമ്പ്രദായത്തെ, പിന്തുണയ്ക്കുന്നില്ലെന്നും അല്പമൊരു താരതമ്യത്തില്‍നിന്നുതന്നെ ആര്‍ക്കും കണ്ടെത്താനാകും.
അനുതാപം, പാപങ്ങളുടെ ഏറ്റുപറച്ചില്‍ എന്നീ ക്രൈസ്തവമൂല്യങ്ങളുടെ മറവില്‍, പാപമോചനാധികാരം തങ്ങളുടെ കുത്തകയാക്കിവച്ച് വിശ്വാസികളെ തങ്ങളുടെ ആദ്ധ്യാത്മിക അടിമകളാക്കാന്‍ പൗരോഹിത്യം സൃഷ്ടിച്ചെടുത്ത ഒന്നാണ് ഇന്നത്തെ രഹസ്യക്കുമ്പസാരസമ്പ്രദായം എന്നു കരുതേണ്ടിയിരിക്കുന്നു. അല്ലായിരുന്നെങ്കില്‍, യോഹന്നാന്റെ മുമ്പുദ്ധരിച്ച വാക്യങ്ങളിലെ (20:21-23) യേശുവിന്റെ പ്രഖ്യാപനത്തിലൂടെ പാപമോചനാധികാരം ലഭിച്ച അപ്പോസ്തലന്മാര്‍ അന്നത്തെ വിശ്വാസികളെ കുമ്പസാരിപ്പിക്കാതിരിക്കുമായിരുന്നോ? അപ്പോസ്തല പ്രവര്‍ത്തനങ്ങളിലോ ശ്ലീഹന്മാരുടെ ലേഖനങ്ങളിലോ അവര്‍ വിശ്വാസികളെ കുമ്പസാരിപ്പിച്ചതിന്റെ ഒരു പരാമര്‍ശംപോലും ഇല്ലതാനും.
എന്നിരുന്നാലും, യോഹന്നാന്റെ 20:21 മുതല്‍ 23 വരെയുള്ള മുമ്പുദ്ധരിച്ച വാക്യങ്ങളെ നാം എങ്ങനെ മനസ്സിലാക്കണം  എന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു. ഭയന്നു വാതിലടച്ചിരുന്ന 10 അപ്പോസ്തലന്മാര്‍ക്കു മാത്രമായാണ് യേശു പ്രത്യക്ഷപ്പെട്ട് പാപമോചനാധികാരം നല്‍കിയത് എന്നു കരുതാമോ? യേശുവിനെപ്പോലൊരാള്‍ അങ്ങനെ വിഭാഗം തിരിച്ച് ഉപദേശങ്ങളും കല്പനകളും നല്‍കുമെന്നു കരുതാനാകുമോ? ഒരു ലോകഗുരുവിന്റെ എല്ലാ ഉപദേശങ്ങളും കല്പനകളും സര്‍വ്വാശ്ലേഷി ആയിരിക്കില്ലേ? ശ്ലീഹന്മാരിരുന്ന മുറിയില്‍ മറ്റാരും ഇല്ലായിരുന്നു എന്നതുകൊണ്ട്, യേശു പറഞ്ഞ പാപമോചനാധികാരം അവരുടെമാത്രം കുത്തകയായിത്തീരുന്നതെങ്ങനെ? (അങ്ങനെയെങ്കില്‍, ഈ അധികാരത്തില്‍ പങ്കുപറ്റാന്‍ കഴിയാതെപോയ തോമാശ്ലീഹാ സ്ഥാപിച്ച സഭകളിലെ കുമ്പസാരം എങ്ങനെ സാധുവാകും? എന്നൊരു ചോദ്യവും ഉ യരുന്നുണ്ട്) ഏതായാലും യേശുവിന്റെ അപ്പോസ്തലന്മാര്‍ ആരെയും കുമ്പസാരിപ്പിച്ചില്ല എന്നതില്‍ നിന്നുതന്നെ, ഈ വചനഭാഗവുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ പുരോഹിതവ്യാഖ്യാനങ്ങളും പ്രബോധനങ്ങളും അസ്ഥാനത്താണെന്നു തെളിയുന്നുണ്ട്.
പാപമോചനാധികാരം പരിശുദ്ധാത്മാവിനെ സ്വീകരിക്കന്നവര്‍ക്കു മാത്രമുള്ളതാണെന്ന്,  'പരിശുദ്ധാത്മാവിനെ സ്വീകരിക്കുക' എന്നു പറഞ്ഞതിനുശേഷമാണ് പാപമോചനാധികാരത്തെപ്പറ്റി യേശു ഇവിടെ പറഞ്ഞിരിക്കുന്നത് എന്നതില്‍നിന്നു വ്യക്തമാണ്. അതാണ് അടിസ്ഥാന യോഗ്യത. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന, ദൈവാരൂപിയില്‍ വസിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുന്ന അധികാരത്തെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നത്. യേശുവിന്റെ ഉപദേശപ്രകാരം അനുതപിച്ച് പരിശുദ്ധാരൂപിയെ സ്വീകരിച്ച് ആദ്ധ്യാത്മികരൂപാന്തരം പ്രാപിക്കുന്ന എല്ലാവരും ദൈവികമനുഷ്യരാണ്, അഥവാ ദൈവപുത്രന്മാരാണ്. 'ഞാന്‍ ഭാവ' (ego)ത്തെ മറികടന്ന് ദൈവികതയെ പുല്‍കുന്ന അവര്‍ക്ക് മറ്റു മനുഷ്യരുടെ ഹൃദയങ്ങളെ കാണാനും ദൈവികമായ തലത്തില്‍നിന്ന് അവരുടെ പാപങ്ങള്‍ മോചിക്കാനുമുള്ള ധാര്‍മ്മികാധികാരം ഉണ്ടായിരിക്കുമെന്നാണ് യേശു പഠിപ്പിക്കുന്നത്.
പാപമോചനാധികാരം ആര്‍ക്കും പ്രത്യേകമായി യേശു പതിച്ചുനല്‍കിയിട്ടില്ല എന്നതിന് ബൈബിളില്‍ വേറെയും തെളിവുണ്ട്. മത്തായിയുടെ 18-ാം അദ്ധ്യായം 18 -ാം വാക്യം ഇങ്ങനെ പറയുന്നു: ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും'' പാപംപോക്കാനും നിലനിര്‍ത്താനുമുള്‍പ്പെടെ മനുഷ്യനുള്ള ആദ്ധ്യാത്മികാധികാരമാണ് ഇവിടെയും യേശു പ്രഖ്യാപിക്കുന്നത്. ഇത് യേശു പറയുന്നത് തന്നെ ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരോടുമായാണ്; അല്ലാതെ, അപ്പോസ്തലന്മാരോടു മാത്രമായിട്ടായിരുന്നില്ല.
സഭയിലെ കേവലം നൈയാമികമായ കൈവയ്പുവഴി അപ്പോസ്തലികപിന്തുടര്‍ച്ചയും അവര്‍ നേടിയിരുന്ന ഈ ആദ്ധ്യാത്മികാധികാരവും കൈവരുമെന്നാണ് നമ്മുടെ സഭാമേലാളന്മാര്‍ വിചാരിച്ചുവച്ചിരിക്കുന്നത്. ആദ്ധ്യാത്മികാധികാരം വ്യാവഹാരികമായ അര്‍ത്ഥത്തിലുള്ള അധികാരമല്ല എന്നുപോലും അവര്‍ മനസ്സിലാക്കുന്നില്ല. വ്യക്തിസത്തയെ അതിജീവിച്ച് ദൈവികസത്തയെ പ്രാപിച്ചവര്‍ക്ക്, ദൈവികകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ധാര്‍മ്മികമായ അധികാരമാണുള്ളത്. എളിമയോടും സ്‌നേഹത്തോടും കരുണയോടും ക്ഷമയോടുംകൂടി മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്താനും ആത്മീയമായി ഊട്ടിവളര്‍ത്താനുമുള്ള ധാര്‍മ്മികശക്തിയും അതിന്റെ വിനിയോഗവുമാണത്; അല്ലാതെ, വ്യാവഹാരികാര്‍ത്ഥത്തിലുള്ള ഭരണാധികാരമല്ല.
ഈ ആദ്ധ്യാത്മികാധികാരമാണ് യേശുവിനുണ്ടായിരുന്നത്. ആ അധികാരത്തിന്റെ പ്രയോഗമായിട്ടായിരുന്നു, 'മകനേ, ധൈര്യമായിരിക്കൂ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'വെന്ന് തളര്‍വാതരോഗിയോട് യേശു പറഞ്ഞതും, തുടര്‍ന്ന് 'മനുഷ്യപുത്രന് ഭൂമിയില്‍ പാപമോചനാധികാരമുണ്ടെന്ന് നിങ്ങള്‍ അറിയാന്‍വേണ്ടി' എന്നു പറഞ്ഞുകൊണ്ട്, 'എഴുന്നേല്‍ക്കുക, നിന്റെ കിടക്കയുമെടുത്ത് വീട്ടില്‍ പോകുക' എന്ന് കല്പിച്ചതും (മത്താ. 9:2-6). ഈ കല്പന അധികാരത്തെ ദ്യോതിപ്പിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ആത്മീയശക്തിയില്‍ ഊന്നിനിന്നുള്ള ശുശ്രൂഷയുടെ പ്രകാശനമാണ്. ഇങ്ങനെ കല്പിക്കാനും പാപമോചനം നല്‍കാനുമുള്ള 'അധികാരം' ആദ്ധ്യാത്മികത ആര്‍ജ്ജിക്കുന്ന ഈ ഭൂമിയിലെ ഓരോ മനുഷ്യനുമുണ്ട് എന്നാണ് യേശു ഇവിടെ പ്രഖ്യാപിക്കുന്നത്. ''എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും; ഇവയേക്കാള്‍ വലിയ പ്രവൃത്തികള്‍ ചെയ്യും'' (യോഹ. 14:12) എന്ന് യേശു ഉറപ്പു നല്‍കിയതും ഈ ഭൂമിയിലെ മനുഷ്യപുത്രന്മാരോടാണ് എന്നിവിടെ ഓര്‍ക്കാം. മനുഷ്യനെ ദൈവികതയിലേക്ക് ഉയര്‍ത്തുകയാണ്, ഉയരാന്‍ ക്ഷണിക്കുകയാണ് യേശു.
പാപമോചനാധികാരത്തിന്റെ ഉയര്‍ന്ന തലത്തെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍, ആദ്ധ്യാത്മികമായ ഔന്നത്യത്തിലെത്താത്ത സാധാരണ മനുഷ്യര്‍ക്കും പാപമോചനാധികാരമുണ്ട് എന്ന് യേശുവും പുതിയനിയമലേഖനകര്‍ത്താക്കളും നമ്മെ പഠിപ്പിക്കുന്നുണ്ട്. യേശു പറയുന്നു: ''നിന്റെ സഹോദരന്‍ നിന്നോട് തെറ്റുചെയ്താല്‍, നീയും അയാളും മാത്രമുള്ളപ്പോള്‍ തെറ്റ് അയാളെ ധരിപ്പിക്കുക. നീ പറയുന്നത് അയാള്‍ ചെവിക്കൊണ്ടാല്‍ നീ നിന്റെ സഹോദരനെ നേടിക്കഴിഞ്ഞു''(മത്താ. 18:15). അങ്ങനെ ചെവിക്കൊള്ളുമ്പോള്‍ അയാള്‍ തന്റെ കുറ്റം മനഃസ്താപത്തോടെ സമ്മതിക്കുകയാണ്. നീ നിന്റെ സഹോദരനെ നേടിക്കഴിഞ്ഞു എന്നു പറയുമ്പോള്‍ അയാളോടു ക്ഷമിച്ച് പാപവിമുക്തനാക്കിയെന്നും മനസിലാക്കാം. അതുപോലെതന്നെയാണ്, 'നിന്റെ സഹോദരന് നിന്നോട്  പിണക്കമുണ്ട് എന്നോര്‍മ്മിക്കുകയാണെങ്കില്‍... ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക' (മത്താ. 5:23-24) എന്ന കല്പനയും. ഇവിടെ, പിണക്കമുണ്ടെന്ന് ഓര്‍മിക്കുമ്പോള്‍തന്നെ അതില്‍ പശ്ചാത്താപമുണ്ട്. രമ്യതയിലെത്തുമ്പോള്‍ മറുഭാഗത്ത് ക്ഷമിക്കലും പാപവിമുക്തിയുമുണ്ട്. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ, 'ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ' എന്ന ഭാഗത്ത് മാനുഷികതലത്തിലുള്ള ഈ പരസ്പരകുമ്പസാരത്തിന്റെയും അതുവഴിയുള്ള പാപവിമോചനത്തിന്റെയും വലിയൊരു ദര്‍ശനംതന്നെ നമുക്ക് കാണാനാകും. ''അതിനാല്‍, നിങ്ങള്‍ അന്യോന്യം പാപങ്ങള്‍ ഏറ്റുപറയുക'' (യാക്കോ. 5:16) എന്ന യാക്കോബ് ശ്ലീഹായുടെ ഉപദേശവും സുവിശേഷത്തില്‍ ഉടനീളമുള്ള സമാന ഉപദേശങ്ങളും പരസ്പരം ക്ഷമിച്ച് പാപം പോക്കാനുള്ള മനുഷ്യന്റെ കടമയും അധികാരവും സ്ഥാപിക്കുന്നുണ്ട്.
അങ്ങനെനോക്കുമ്പോള്‍, പാപമോചനത്തിന് മൂന്നുവിധത്തിലുള്ള പാരമ്പര്യങ്ങളാണ് സഭയ്ക്കുള്ളത് എന്നു കണാനാകും: (1) ദൈവാരൂപിയില്‍ വസിക്കുന്ന മനുഷ്യന്‍ ആദ്ധ്യാത്മികാധികാരത്തോടെ നടത്തുന്ന പാപവിമോചനം, (2) തമ്മില്‍ത്തമ്മില്‍ കുറ്റം ഏറ്റുപറഞ്ഞും ക്ഷമിച്ചുമുള്ള പാപവിമോചനം, അഥവാ പരസ്പര കുമ്പസാരം, (3) സമൂഹമധ്യേ പാപങ്ങള്‍ ഏറ്റുപറഞ്ഞും പിഴമൂളിയും ദൈവത്തോടു ക്ഷമയാചിച്ചുമുള്ള പൊതുകുമ്പസാരം. ഇതിനപ്പുറം, പുരോഹിതനോട് പാപങ്ങള്‍ രഹസ്യമായി ഏറ്റുപറഞ്ഞുള്ള ഒരു കുമ്പസാരപാരമ്പര്യം പഴയനിയമത്തിലോ പുതിയനിയമത്തിലോ ആദിമസഭയിലോ ഭാരതസഭയിലോ കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. അപ്പോള്‍പിന്നെ, ഇത് യേശു സ്ഥാപിച്ച കൂദാശയാണെന്ന് എങ്ങനെ പറയാന്‍ കഴിയും?
കത്തോലിക്കാസഭയില്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്ന കുമ്പസാരമെന്ന കൂദാശ സ്ഥാപിച്ചത് യേശുവല്ല; മറിച്ച്, 1215-ലെ 4-ാമത് ലാറ്ററന്‍ കൗണ്‍സിലില്‍വച്ച് ഇന്നസെന്റ് 3-ാമന്‍ മാര്‍പാപ്പയാണ്. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിച്ചില്ലെങ്കില്‍ അത് അതില്‍ത്തന്നെ ചാവുദോഷമായിരിക്കുമെന്ന അന്നത്തെ പ്രഖ്യാപനം ഇന്നും തിരുസഭയുടെ അഞ്ചുകല്പനകളിലൊന്നായി ഒരു മാറ്റവും കൂടാതെ തുടരുന്നു. അപ്പോഴാണ്, പുരോഹിതശ്രേഷ്ഠരും സഭാവക്താക്കളുമൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് കുമ്പസാരിക്കാന്‍ ആരെയും സഭ നിര്‍ബന്ധിക്കുന്നില്ല എന്നു പറയുന്നത്!
സാധാരണ വിശ്വാസികളെ സംബന്ധിച്ച്, കുമ്പസാരം ഒരു തഴക്കദോഷംപോലെ ഒഴിവാക്കാനാവാത്ത  ഒന്നായിത്തീര്‍ന്നിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അത് പെട്ടെന്ന് നിറുത്തല്‍ ചെയ്യുന്നത് അവരില്‍ വലിയ മാനസികപ്രശ്‌നങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് ഇപ്പോഴത്തെ കുമ്പസാരരീതിനിലനിര്‍ത്തിക്കൊണ്ടുതന്നെ, അതു നിര്‍ബന്ധമല്ല എന്ന് സഭ ആധികാരികമായി പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒപ്പം സ്ത്രീകളില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുരോഹിതഭീതി ഒഴിവാക്കിക്കൊടുക്കാന്‍, കുമ്പസാരത്തിന് കന്യാസ്ത്രീകളെ അധികാരപ്പെടുത്താനാവശ്യമായ നടപടികളും സ്വീകരിക്കേണ്ടിയിരിക്കുന്നു.  തുടര്‍ന്ന്, കേരളസഭയുടെ വിശുദ്ധ പാരമ്പര്യമായ 'പിഴമൂളല്‍' എന്ന പൊതുകുമ്പസാരരീതി ഈ സഭയില്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍, കേരളസഭയുടെ ഈ പൂര്‍വ്വപാരമ്പര്യം എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാന്‍ സീറോ-മലബാര്‍, സീറോ-മലങ്കര സഭകള്‍ക്കുകഴിയും- മെത്രാന്‍ സിനഡ് തീരുമാനിച്ചാല്‍ മാത്രംമതി. പാപങ്ങള്‍ പൊതുവായി ഏറ്റുപറയുന്ന ആദിമസഭാസമ്പ്രദായത്തിലേക്ക് മാറണമെന്ന ആവശ്യം ലത്തീന്‍ സഭയിലും ഉയരണം. ഒപ്പംതന്നെ, ഒരാള്‍ ആരോടു ദ്രോഹംചെയ്‌തോ, അയാളോട് നേരിട്ട് ക്ഷമചോദിച്ചും പരിഹാരംചെയ്തുമുള്ള പരസ്പരകുമ്പസാരവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. യേശുവിന്റെ പ്രബോധനങ്ങള്‍ക്കും ആദിമസഭാപാരമ്പര്യങ്ങള്‍ക്കും അനുസൃതമായ ഈ രണ്ടു രീതികളും ഹൃദയശുദ്ധീകരണത്തെ സഹായിക്കും.
മൈക്കിള്‍ ഡി. അന്റോണിയോ എന്ന ചിന്തകന്‍ എഴുതിയ 'History of confession is a tale of sexual obsession, exploitation' എന്ന പഠനത്തിലെ ഒരു വാക്യം ഇങ്ങനെയാണ്: ''പുരോഹിതര്‍ നൂറ്റാണ്ടുകളായി, തെളിവെടുപ്പു പരിശോധകരെ (forensic interrogators) പ്പോലെ, തങ്ങള്‍ക്കു സ്വയം ഏറ്റവും ലജ്ജ സ്വയംതോന്നിയ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പുരുഷന്മാരെയും സ്ത്രീകളെയുംകുട്ടികളെയും നിര്‍ബന്ധപൂര്‍വ്വം പ്രേരിപ്പിച്ചുപോരുന്നു. ലൈംഗികപാപം കേന്ദ്രീകരിച്ചുള്ള വൈദികരിലെ  'ലൈംഗികചിന്താബാധ' (sexual obsession) നമ്മോടു പറയുന്നത്, അവര്‍ സ്വയം ഈ പാപബോധത്താല്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ്.'' (NCR News letter, 2014 ഏപ്രില്‍ 25 -മെയ് 8, സ്വന്തം തര്‍ജ്ജമ). പ്രമുഖ സഭാനിരീക്ഷകനായ ജോണ്‍ കോണ്‍വെല്‍ (John Cornwell ) തന്റെ 'The Dark Box' എന്ന ഗ്രന്ഥത്തില്‍ പറയുന്നത്, ''ഇന്നത്തെ രീതിയിലുള്ള കുമ്പസാരമാണ്, പുരോഹിതരുടെ ബാലലൈംഗികപീഡനംമുതല്‍ സന്ന്യസ്തസമൂഹങ്ങളുടെ ശോഷണംവരെ സഭ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം'' എന്നാണ്. തന്റെ ബാല്യകാലത്തെ അയവിറക്കിക്കൊണ്ട്, ഏഴു വയസ്സുമുതല്‍ കുട്ടികള്‍ കുമ്പസാരിക്കണമെന്ന 10-ാം പീയൂസ് മാര്‍പാപ്പയുടെ കല്പന കത്തോലിക്കാ
സമൂഹത്തെ എത്ര പ്രതികൂലമായി ബാധിച്ചു എന്നദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു: ''.....ശുദ്ധതയ്‌ക്കെതിരായ പാപം, അതെത്ര നിസ്സാരമായിട്ടുള്ളതായാലും പറഞ്ഞുകുമ്പസാരിക്കേണ്ട ചാവുദോഷമാണെന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഒരു കൊച്ചുകുട്ടിയുടെ ചിന്തയിലും പ്രവൃത്തിയിലും ശുദ്ധതയ്‌ക്കെതിരായ എന്തു പാപമാണാവോ ഉണ്ടാകുക? എന്റെ ബാല്യകാലത്ത്  ഇതൊരു വലിയ പ്രശ്‌നമായിരുന്നു. കാരണം, അത്ര ചെറുപ്രായത്തില്‍ത്തന്നെ സ്വന്തം ശരീരത്തെയോര്‍ത്ത് ലജ്ജിക്കാനാവശ്യപ്പെടുന്ന ഒരു പ്രബോധനമായിരുന്നു, അത്. അതിന്റെ ഫലം, പാപബോധത്താല്‍ ഗ്രസിക്കപ്പെട്ട നിരവധി കത്തോലിക്കാ തലമുറകള്‍ ജന്മംകൊണ്ടു എന്നതായിരുന്നു'' (സ്വന്തം തര്‍ജ്ജമ).
ബാലികാ-ബാലന്മാര്‍ മാത്രമല്ല, കന്യാസ്ത്രീകളുള്‍പ്പെടെ ധാരാളം സ്ത്രീകളും പുരോഹിതരുമായി ലൈംഗികബന്ധത്തിനു വിധേയപ്പെടാനും അവര്‍ മുഖേന പീഡിപ്പിക്കപ്പെടാനും ഇന്നത്തെ കുമ്പസാരസമ്പ്രദായം ഒരു മറയായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണെന്ന് ഇന്നെല്ലാവര്‍ക്കും അറിയാം. കുമ്പസാരരഹസ്യംപോലും പാലിക്കാതെ അതും വിലപേശലിന് ഉപാധിയാക്കുന്ന ഈ കാലഘട്ടം, ഇന്നത്തെ അക്രൈസ്തവവും അശാസ്ത്രീയവുമായ കുമ്പസാരസമ്പ്രദായത്തെ പുനഃപരിശോധിക്കാനും പരിഷ്‌ക്കരിക്കാനും നമ്മെ നിര്‍ബന്ധിതരാക്കുന്നു. കാലത്തിന്റെ ഈ വിളികേള്‍ക്കാന്‍ സഭാദ്ധ്യക്ഷന്മാര്‍ സ്വയം തയ്യാറായാല്‍ അത് അവര്‍ക്കു നല്ലത്. അതല്ലെങ്കില്‍, രഹസ്യകുമ്പസാരം നിരോധിക്കണമെന്ന് വിശ്വാസിസമൂഹംതന്നെ ഗവണ്മെന്റിനോട് വൈകാതെ ആവശ്യപ്പെട്ടെന്നു വന്നേക്കാം.                                                         
ജോർജ് മൂലേച്ചാലിൽ എഡിറ്റര്‍-94970 88904 

Thursday, August 23, 2018

പശുവും പുല്ലും!

ഇപ്പന്‍ (ഫോണ്‍: 9446561252)

(സത്യജ്വാല ആഗസ്ത് 2018) 
(പ്രാവിന്റെ ചിറകടിയൊച്ച......)
റൂഹാ     :           എടാ ശപ്പാ, ഏറ്റു വല്ലതും കഴിക്കെടാ.
ഞാന്‍   :           തമ്പുരാനെങ്ങനെ അറിഞ്ഞു ഞാന്‍ പട്ടിണിയാണെന്ന്?
റൂഹാ     :           നിന്റെ കെട്ടിയോളു പറഞ്ഞു.
ഞാന്‍   :           അപ്പം അങ്ങേയ്‌ക്കെന്നോട് സ്‌നേഹമുണ്ട്.
റൂഹാ     :           നിന്നോടു മാത്രമല്ല, കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ കളപറിക്കാനിറങ്ങിയ എല്ലാവരോടും സ്‌നേഹമുണ്ട്. അതിരിക്കട്ടെ, നിന്റെ നിരാഹാരസത്യഗ്രഹത്തിന്റെ ഉദ്ദേശ്യം?
ഞാന്‍   :           പൊന്നുടയതേ, സത്യഗ്രഹമൊന്നുമില്ല. ഉത്തരംമുട്ടിയിട്ടു വിശപ്പുകെട്ടുപോയതാണ്.
റൂഹാ     :           അതെന്താ ഉത്തരം മുട്ടാന്‍?
ഞാന്‍   :           ദേശീയവനിതാക്കമ്മീഷന്‍ കുമ്പസാരം സംബന്ധിച്ച് കേന്ദ്രത്തിന്റെ മുമ്പില്‍ നിരോധനനിര്‍ദ്ദേശം വച്ചല്ലോ.
റൂഹാ     :           അതിനെന്താ? വനിതകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കലാണല്ലോ അവരുടെ ജോലി.
ഞാന്‍   :           അതല്ല, അതിനെക്കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ കമന്റുകള്‍!
റൂഹാ     :           അതിനെന്താ, അവനും അഭിപ്രായസ്വാതന്ത്ര്യമുണ്ടല്ലോ.
ഞാന്‍   :           മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം കൊടുത്ത മറുപടികളുടെ പഴുതില്ലാത്ത യുക്തിയാണ് എന്റെ ഉത്തരവും അന്നവും മുട്ടിച്ചത്.
റൂഹാ     :           അതു യുക്തിയല്ലെടാ, അതിന്റെ പേരാണ് കുയുക്തി.
ഞാന്‍   :           അദ്ദേഹം IAS കാരനല്ലേ തമ്പുരാനേ?
റൂഹാ     :           രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ അവന്‍ 'I'നഷ്ടപ്പെട്ട ASS ആയി. എന്നുവച്ചാല്‍ വ്യക്തിത്വം നഷ്ടപ്പെട്ട കഴുത! ഇതവന്റെമാത്രം ഗതികേടല്ല. ജാതിമതാധിഷ്ഠിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന എല്ലാവന്റെയും ഗതികേടാണ്; നീ പ്രവേശിച്ചാല്‍ നിന്റെയും. വോട്ടുബാങ്കിന്റെ ഗോര്‍ഡിയല്‍ കുരുക്കിലാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരെല്ലാം.
ഞാന്‍   :           സമര്‍ത്ഥരായ നല്ല മനുഷ്യര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണ്ട എന്നാണോ? മാലാഖമാര്‍ അറച്ചുനില്‍ക്കുന്നിടത്തേക്ക് ചെകുത്താന്‍മാര്‍ ഇരച്ചുകയറില്ലേ?
റൂഹാ     :           കൈക്കൂലിമേടിക്കാത്ത അല്‍ഫോന്‍സിനെ എനിക്കും ഇഷ്ടമാണ്. അവന് കഴിവുമുണ്ട്. നന്മയും സാമര്‍ത്ഥ്യവും ഉള്ളവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുക തന്നെ വേണം. പക്ഷേ, ഏറ്റവും സുന്ദരമായ പുഷ്പങ്ങള്‍ ഈശ്വരാര്‍ച്ചനയ്ക്കുള്ളതാണ്. എല്ലാ സാമൂഹിക പരിഷ്‌കരണങ്ങളുടെയും ഈറ്റില്ലമായ മതപരിഷ്‌കരണരംഗത്ത് അവര്‍ പ്രവര്‍ത്തിക്കണം. കാലോചിതമായി ആശയങ്ങള്‍ ഉല്പാദിപ്പിച്ച് അവയെ ത്യാഗപൂര്‍ണ്ണമായ കഠിനപ്രയത്‌നത്തിലൂടെ ജനകീയ
മാക്കി പുരോഗമനപരമായ നിയമനിര്‍മ്മാണത്തിനും നിയമഭേദഗതിക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത് മതരംഗത്തും സാമൂഹികരംഗത്തൂം പ്രവര്‍ത്തിക്കുന്ന പരിഷ്‌കര്‍ത്താക്കളാണ്. ഇതു കട്ടാരമുള്ളുകള്‍ കൊള്ളുന്ന കളപറിക്കലാണ്. സമൂഹം ഒരു ആശയത്തെ ഏറ്റുവാങ്ങാന്‍ പാകപ്പെട്ടുകഴിയുമ്പോള്‍ രാഷ്ട്രീയസംവിധാനം അതനുസരിച്ചു നിയമം നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ജുഡീഷ്യറി അതിനെ വ്യാഖ്യാനിക്കുന്നു. ഉദ്യോഗസ്ഥസംവിധാനം അതു നടപ്പാക്കുന്നു.
ഞാന്‍   :           പ്രഭോ, അല്‍ഫോന്‍സിന്റെ യുക്തിയില്‍ കഴമ്പില്ലേ? വല്ലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നുവെന്നുവെച്ച് റോഡും ഡ്രൈവിങ്ങും നിരോധിക്കാന്‍ പറ്റുമോ? ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം ഒരു അപൂര്‍വ്വസംഭവമല്ലേ?
റൂഹാ     :           അതു വെളിച്ചത്തുവന്ന ഒരു സംഭവം. വെളിച്ചത്തുവരാത്ത എത്രയോ സംഭവങ്ങള്‍! മറ്റൊരു സ്ത്രീയുടെ ആത്മഹത്യയിലേക്കു നയിച്ചില്ലേ കുമ്പസാര രഹസ്യച്ചോര്‍ച്ച? ചോറു വെന്തോന്നു
നോക്കാന്‍ എല്ലാ ചോറും ഞെക്കിനോക്കേണ്ടതില്ല. വനിതാകമ്മീഷന്‍ കുമ്പസാരം നിരോധിക്കണമെന്നുപറഞ്ഞപ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരുടെ ചെവിയില്‍ കുമ്പസാരിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നേ ഉദ്ദേശിച്ചു കാണൂ. കന്യാസ്ത്രീകള്‍ സ്ത്രീകളെ കുമ്പസാരിപ്പിക്കുന്ന ഏര്‍പ്പാടിനും  പിഴമൂളലിനും അവര്‍ക്ക് എതിര്‍പ്പുണ്ടാവില്ല. റോഡും ഡ്രൈവിങ്ങും അനുവദിച്ചിരിക്കുന്നു എന്നുവച്ച് റോഡ് നിയമങ്ങളും ഡ്രൈവിങ്ങ് നിയമങ്ങളും വേണ്ടാ
ന്നാണോ? മദ്യപിച്ചിട്ടുള്ള ഡ്രൈവിംഗ്  നിരോധിച്ചിട്ടില്ലേ? കുമ്പസാരം അപകടരഹിതമാക്കണമെന്നല്ലേ നിങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ.
ഞാന്‍   :           അല്‍ഫോന്‍സ് വേറൊരു യുക്തിയും പറഞ്ഞു. കുമ്പസാരം 2000 വര്‍ഷമായി തുടരുന്ന ആചാരമാണെന്ന്. അതുകൊണ്ടത് അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന്.
റൂഹാ     :           ശാന്തം പാപം! 13-ാം നൂറ്റാണ്ടില്‍ ഇന്നസെന്റ് മൂന്നാമന്‍ എന്ന വിദ്വാന്‍ തുടങ്ങിവച്ചതാണ് കുമ്പസാരം. ഇണചേരാനുള്ള ലൈസന്‍സ് നഷ്ടപ്പെട്ട പുരോഹിതന് അനുവദിച്ച ഇടക്കാലാശ്വാസം! ഇനി 2000 വര്‍ഷമായി തുടരുന്നതാണെന്നിരിക്കട്ടെ. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ തുണിയുടുക്കാതെ നടന്നതിനുശേഷമാണ് നീയൊക്കെ പച്ചിലകൊണ്ടെങ്കിലും നാണം മറച്ചുതുടങ്ങിയത്. അതു
കൊണ്ട് തുണി ഉടുക്കാതെ നടക്കണമെന്ന് അല്‍ഫോന്‍സ് പറയുമോ?
ഞാന്‍   :           ലോകം മുഴുവന്‍ കോടിക്കണക്കിനു ക്രിസ്ത്യാ
നികള്‍ അനുഷ്ഠിക്കുന്ന ആചാരമാണെന്നാണ് അല്‍ഫോന്‍സിന്റെ അടുത്ത വാദം.
റൂഹാ     :           ലോകം മുഴുവന്‍ ഒരു കാലത്ത് കോടിക്കണക്കിനാളുകള്‍ നഗ്നരായി വിലസിയിരുന്നു. ചുണയുണ്ടെങ്കിലവന്‍ ആ വേഷത്തില്‍ ഒരു പത്രസമ്മേളനം നടത്തട്ടെ. ചരിത്രത്തില്‍ ഏറ്റവും അധികം പരിഹാസം നേരിടേണ്ടിവന്നത് ആദ്യം തുണിയുടുത്ത സാധുവിനായിരിക്കണം. മണ്ടാ, എത്ര കൊല്ലങ്ങളായി ചെയ്യുന്നു, എത്രപേര്‍ ചെയ്യുന്നു എന്നതൊന്നുമല്ല ശരിയുടെ മാനദണ്ഡം. ശരിയുടെ മാനദണ്ഡം ശരിമാത്രമാണ്.
ഞാന്‍   :           ബൈബിളില്‍ കുമ്പസാരത്തെ സാധൂകരിക്കുന്ന വചനങ്ങളുണ്ടെന്ന് ചിലര്‍ പറയുന്നു.
റൂഹാ     :           എന്തായാലും പുരോഹിതന്റെ ചെവിയില്‍ പെണ്ണുങ്ങള്‍ ലൈംഗികപാപങ്ങള്‍ പറയണമെന്ന് എഴുതിയിട്ടില്ലല്ലോ. ഇനി അങ്ങനെ ബൈബിളില്‍ എഴുതിയിട്ടുണ്ടെങ്കില്‍ത്തന്നെ അത് യേശു പറഞ്ഞതാണെന്ന് എങ്ങനെ ഉറപ്പിക്കാം? 1500 വര്‍ഷം കത്തനാന്മാരുടെ കക്ഷത്തിലായിരുന്നല്ലോ ബൈബിള്‍. താനൊരു പുസ്തകാരാധകനല്ലെന്ന് നെഹ്‌റു പറഞ്ഞിരുന്നു. പുസ്തകം- അതു മത ഗ്രന്ഥമായാലും -വിമര്‍ശബുദ്ധ്യാ വായിക്കാനുളളതാണ്.
ഞാന്‍   :           പ്രഭോ അങ്ങ് നിരീശ്വരനായ നെഹ്‌റുവിനെ ഉദ്ധരിക്കുകയോ?
റൂഹാ     :           ഉള്ളതു പറയുന്നവനെ ഉടയതമ്പുരാനും അംഗീകരിക്കും.
ഞാന്‍   :           കുമ്പസാരരഹസ്യം സൂക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷികളായവരെ ഓര്‍ക്കണമെന്ന് കുമ്പസാരത്തിന്റെ അപ്പോസ്തലന്മാര്‍ സാമൂഹികമാധ്യമങ്ങളില്‍ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്നു.
റൂഹാ     :           അങ്ങനെ 'രക്തസാക്ഷി'യായ ഒരു എമ്പോക്കിയുടെ പിറകേ നീയുള്‍പ്പെടെയുള്ള കെ.സി.ആര്‍.എം കമ്മീഷന്‍ മന്ദമരുതി പ്രദേശത്ത് കറങ്ങിനടന്നിട്ട് എന്തായി? അവന്‍ കൊടും കുറ്റവാളിയാണെന്നുള്ളതിന് മറിയക്കുട്ടിയുടെ രക്തംതന്നെ സാക്ഷി.
ഞാന്‍   :           കുമ്പസാരത്തില്‍നിന്നു ലഭിക്കുന്ന മാനസിക സംഘര്‍ഷലാഘവത്തെ നിഷേധിക്കാനാവുമോ?
റൂഹാ     :           അതിനു പെണ്ണുങ്ങള്‍ കാമഭ്രാന്തുപിടിച്ച പുരോഹിതന്മാരുടെ ചെവികടിക്കാന്‍ പോവുകയല്ല വേണ്ടത്. സൈക്കോളജി പഠിച്ചവരുടെ അടുത്ത് ബന്ധുമിത്രാദികളോടൊപ്പം പോകണം.
ഞാന്‍   :           ചാനല്‍ ചര്‍ച്ചയ്ക്കിടക്ക് ഒരു വിദ്വാന്‍ പറയുന്നതുകേട്ടു, ഓര്‍ത്തഡോക്‌സ് സഭയിലല്ലേ കുമ്പസാരചൂഷണം നടന്നതെന്ന്. കത്തോലിക്കാസഭയുടെ ചരിത്രത്തിലിതുവരെ നടന്നിട്ടില്ലത്രേ!
റൂഹാ     :           700 വര്‍ഷങ്ങളായി അവന്‍ കത്തോലിക്കാ കുമ്പസാരക്കൂടുകളില്‍ പൊരുന്നയിരിക്കുകയായിരുന്നോ, ഇത്ര ആധികാരികമായി പറയാന്‍? 14-ാമത്തെ വയസ്സില്‍ നിനക്കൊരു ദുരനുഭവം ഉണ്ടായില്ലേ, കത്തോലിക്കാ കുമ്പസാരക്കൂട്ടില്‍ വെച്ച്? ആര്‍ക്കെ
ങ്കിലും ഒരനുഭവം ഉണ്ടായാല്‍ അതുമാത്രംമതി, ഈ വൃത്തികെട്ട അനാചാരം അവസാനിപ്പിക്കാന്‍.
ഞാന്‍   : അങ്ങനെയെങ്കില്‍, സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കട്ടെ എന്നാണോ അങ്ങയുടെ നിര്‍ദ്ദേശം?
റൂഹാ     :           സ്വവര്‍ഗ്ഗാനുരാഗിയായ ഒരു കന്യാസ്ത്രീ പെണ്‍കുട്ടികളെ കുമ്പസാരിപ്പിച്ചാലും ഈ അപകടസാധ്യതയുണ്ട്, പശുവിന്റെ മുമ്പില്‍ പുല്ലിട്ടുകൊടുക്കുന്നതുപോലെ. ആരുടെയെങ്കിലും ചെവിയില്‍ പാപം പറഞ്ഞേ തീരൂ എന്നു നിര്‍ബന്ധമുള്ള പെണ്ണുങ്ങള്‍ക്കുവേണ്ടി ഒരഡ്ജസ്റ്റ്‌മെന്റ് എന്ന് ഓര്‍ത്താല്‍ മതി, നിങ്ങളുടെ നിര്‍ദ്ദേശം. തിന്മ കുറഞ്ഞ ചെകുത്താനെ സ്വീകരിക്കല്‍, അത്രതന്നെ! എന്റെ അഭിപ്രായത്തില്‍ പിഴമൂളല്‍ ആണ് ഏറ്റവും യോഗ്യം.
ഞാന്‍   :           കുമ്പസാരത്തിനിടയില്‍ ഗുരു മൂരിശൃംഗാരമോഹിതനായാല്‍ പരാതിപ്പെടാന്‍ സഭയ്ക്കുള്ളില്‍ത്തന്നെ പല വേദികളുണ്ടെന്നാണ് ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന കപ്യാരന്മാര്‍ വാദിക്കുന്നത്.
റൂഹാ     :           സിംഹത്തിനു വായ് നാറ്റമുണ്ടെന്ന് ഏതേലും മൃഗം പരാതിപ്പെടാന്‍ പോകുമോടാ? കുറുക്കന്മാരോടു ചോദിച്ചാല്‍ത്തന്നെ ജലദോഷമുള്ള
തുകൊണ്ട് മണം മനസ്സിലാകില്ലെന്നു പറഞ്ഞു ഒഴിയുകയേ ഉള്ളൂ.
ഞാന്‍   :           വിശ്വാസികളില്‍ ആര്‍ക്കും പരാതിയില്ലെങ്കില്‍ പാവം പിതാക്കന്മാര്‍ എന്തു ചെയ്യും?
റൂഹാ     :           പാവപ്പെട്ടവനെ തല്ലിയതിനു പോലീസ് സ്റ്റേഷന്‍ മാര്‍ച്ചു നടത്തുന്ന പൊന്‍കുന്നം വര്‍ക്കിയുടെ മുമ്പാകെ അവനെ കൊണ്ടുചെന്നു നിറുത്തിയിട്ട് എസ്.ഐ പറഞ്ഞു, 'ഇവന് പരാതിയില്ലല്ലോ' എന്ന്. 'അവനു പരാതിയില്ലെങ്കില്‍ ആണുങ്ങള്‍ക്ക് പരാതിയുണ്ടെടാ' എന്നുപറഞ്ഞുകൊണ്ട് വര്‍ക്കി മാര്‍ച്ചു തുടര്‍ന്നു. അന്ധവിശ്വാസികള്‍ക്ക് പരാതിയില്ലെങ്കിലെന്താ, നിങ്ങള്‍ക്കു പരാതി ഉണ്ടല്ലോ. അറിവില്ലാത്തവര്‍ക്കുവേണ്ടി അറിവുള്ളവര്‍ക്കു കൊടുക്കാനുള്ളതാണ് പൊതുതാല്പര്യ ഹര്‍ജി.
ഞാന്‍   :           കുമ്പസാരം നിര്‍ബന്ധമല്ലെന്ന് ഒരു വിശുദ്ധ ഗുണ്ട ഗര്‍ജ്ജിക്കുന്നതു കേട്ടു.
റൂഹാ     :           കണ്ട അണ്ടനും അടകോടനുമൊക്കെ വിളിച്ചുകൂവുന്നതിനെല്ലാം മറുപടി പറയേണ്ട ഗതികേടിലാണല്ലേ ഞാന്‍. ആണ്ടുകുമ്പസാരം മുടക്കി ചാവുദോഷം ചെയ്ത് ഒറ്റപ്പെട്ട കുടുംബത്തില്‍നിന്ന് നീയൊക്കെ പെണ്ണെടുക്കുമോ? ഫ്രാങ്കോയെപ്പോലെയുള്ള ആത്മീയ അധോലോകനേതാക്കന്മാരെ അജയ്യരാക്കുന്ന നിന്റെയൊക്കെ അജ്ഞതയാണ് യഥാര്‍ത്ഥ പ്രശ്‌നം.
ഞാന്‍   :           കുമ്പസാരം സംബന്ധിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയല്ലോ.
റൂഹാ     :           അത്, അനുകൂലവാര്‍ത്ത സൃഷ്ടിക്കാന്‍ ശത്രുക്കള്‍ നല്‍കിയ ഹര്‍ജിയല്ലേ. തള്ളാതെ നിവൃത്തിയില്ലാത്ത രീതിയില്‍ ഹര്‍ജി തയ്യാറാക്കിയാല്‍ ജഡ്ജിമാരെന്തുചെയ്യും?
ഞാന്‍   :           തമ്പുരാനേ, പൂച്ചക്കാട്ടിലച്ചന്‍ പറഞ്ഞല്ലോ, അച്ചന്മാര്‍ എല്ലാ വര്‍ഷവും കുമ്പസാരിപ്പിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് മെത്രാന്റെ അടുത്തുനിന്നും പുതുക്കിവാങ്ങേണ്ടതുണ്ടെന്ന്. പുതുക്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറുള്ള കുമ്പസാരഗുരുക്കന്മാരുടെ അടുത്ത് ഞങ്ങള്‍ കുമ്പസാരിക്കുന്നതിലെന്താ കുഴപ്പം?
റൂഹാ     :           മെത്രാന്മാര്‍ ബലാല്‍സംഗ കേസുകളില്‍ പ്രതികളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നീയെന്താ അല്‍ഫോന്‍സിനു പഠിക്കുകയാണോ? ഈനാഞ്ചാത്തി മരപ്പട്ടിക്കു കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റല്ലേടാ അത്? ഞാനിനീം നിന്നാല്‍ നിയിങ്ങനെ ഓരോരോ ഊളന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. എനിക്കു വേറെ പണിയുണ്ട്. നീ എഴുന്നേറ്റ് കഞ്ഞികുടിക്ക്. പാവം, അവളുറക്കമിളച്ചു കാത്തിരിക്കുന്നു.
(അകന്നുപോകുന്ന പ്രാവിന്റെ ചിറകടി യൊച്ചകള്‍)

സീറോ മലബാർ സഭയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും പുനർമൂല്യ നിർണയവുംചാക്കോ കളരിക്കൽ 

"Has Europe lost its soul?" എന്ന പ്രയോഗം നാം കേട്ടിട്ടുണ്ട്. അതുപോലെ മനുഷ്യനോമതമോ സഭയോ എന്തുമായിക്കൊള്ളട്ടെ അതിനെല്ലാം അതിന്‍റ്റേതായ ഒരു ആത്മാവ് ഉണ്ടാവണം. ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ആത്മാവ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഭയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അതിരൂക്ഷമായ അനിഷ്ട സംഭവങ്ങള്‍. ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ കുറിക്കട്ടെ: നമ്മുടെ കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രുപത്തിനുപകരം പാഷാണ്ഡകുരിശായ മാനിക്കേയന്‍കുരിശിനെ 'മാര്‍തോമാകുരിശ്' ആക്കി വിശ്വാസികളുടെ എതിര്‍പ്പിനെ അവഗണിച്ച് പള്ളികളായ പള്ളികളിലെല്ലാം വണക്കത്തിനായി ചങ്ങനാശ്ശേരിയിലെ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. റോമന്‍ സാമ്രാജ്യാതൃത്തിയിലുള്ള പൗരസ്ത്യ സഭകളില്‍പെടാത്ത, മാര്‍തോമായാല്‍ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിതമായ നസ്രാണി കത്തോലിക്കാസഭയെ രണ്ടാംനൂറ്റാണ്ടിലോ മൂന്നാംനൂറ്റാണ്ടിലോ സ്ഥാപിതമായ ഇറാഖിലെ കല്‍ദായ സഭയുടെ പുത്രീസഭയാക്കി. 1991ല്‍, റോമന്‍ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നമ്മുടെ നസ്രാണിസഭയ്ക്കും പൗരസ്ത്യ കാനോന്‍നിയമം ബാധകമാക്കി. നസ്രാണികളുടെ വിലപ്പെട്ട പൈതൃകമായിരുന്ന പള്ളിപൊതുയോഗത്തെ നിര്‍ജീവമാക്കി പകരം പാശ്ചാത്യ സഭയിലുള്ള വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാരിഷ്കൗണ്‍സില്‍ നടപ്പിലാക്കി. തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തലോരില്‍ കാനോന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി നിലവിലുണ്ടായിരുന്ന ആശ്രമംവക ഇടവകപ്പള്ളി നിര്‍ത്തല്‍ചെയ്ത് പുതിയ ഇടവക സ്ഥാപിച്ചു. സഭയുടെ തലവനും നായകനുമായ മേജര്‍ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി രൂപതവക വസ്തു കള്ളക്കച്ചവടം നടത്തി രൂപതയെ കടക്കെണിയിലാക്കി. മെത്രാന്മാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ഇടയില്‍ സ്ത്രീകളോടും കുട്ടികളോടുമുള്ള ലൈംഗിക അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. സഭയുടെ പൊതുസ്വത്ത് അത്തരം ലൈംഗിക കുറ്റവാളികളെ നിയമത്തില്‍നിന്നും രക്ഷപെടുത്താന്‍ സഭാധികാരികള്‍ ചിലവഴിക്കുന്നു. പുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ പുണ്യദേവാലയങ്ങള്‍ ഇടിച്ചുനിരത്തി ഇടവകക്കാരെ കുത്തിപ്പിഴിഞ്ഞ്‌ കോടികള്‍ ശേഖരിച്ചു പുതിയ മെഗാപള്ളികള്‍ പണിയുന്നു. ലളിത ജീവിതത്തിലൂടെ വിശ്വാസികള്‍ക്കു മാതൃകയാകേണ്ട മെത്രാന്മാരും വൈദികരും അത്യാഢംബര ജീവിതം നയിച്ച്‌ ലോകരുടെ മുമ്പില്‍ ഉതപ്പിനു കാരണക്കാരാകുന്നു.

സമ്പത്തിനോടുള്ള അത്യര്‍ത്തി സഭാധികാരികളെ വിഴുങ്ങിക്കളയുന്നു. അനധികൃതമായി ഭൗതിക സമ്പത്തു സമാഹരിക്കുന്നതും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലൈംഗികമായി ചൂഷണംചെയ്യുന്നതും വിശ്വാസികളെ ബൗദ്ധിക അടിമത്തത്തില്‍ നിലനിര്‍ത്തുന്നതും ഹൃദയമില്ലാത്ത വൈദികരാണ്. അപ്പോള്‍ മൂല്യ വിചാരമില്ലാത്ത സഭാതലവന്മാരുടെയും ശുശ്രൂഷകരുടെയും ദുഷ്പ്രവര്‍ത്തികളാണ്‌ സീറോമലബാര്‍ സഭയുടെ ആത്മാവ്‌ നഷ്ടപ്പെടാന്‍ കാരണം. സീറോ മലബാര്‍ കത്തോലിക്കാസഭ ലോകം മുഴുവന്‍ പടര്‍ത്തിയാലും അതിന്‍റെ ആത്മാവു നശിച്ചാല്‍ എന്തുഫലം?

ഈ അവസരത്തില്‍ നല്ല വൈദികരുടെ മൗനം അവരെ ഒരു വിധത്തില്‍ അപ്രസക്തരും മറ്റൊരു വിധത്തില്‍ പ്രസക്തരുമാക്കുന്നു. കാനോന്‍ നിയമത്തിന്‍റെ ബലത്തില്‍ മെത്രാന്മാര്‍ നമ്മുടെ പൂര്‍വ്വീകര്‍ പണിയിച്ച പള്ളികളുടെ താക്കോല്‍ പിടിച്ചു പറിച്ചപ്പോള്‍ ഇടവകവൈദികരുടെ മൗനം മെത്രാന്മാര്‍ക്ക് അനുകൂലമായ ശബ്ദത്തിന്‍റെ പെരുമഴയായിരുന്നു. അവര്‍ മെത്രാന്മാര്‍ക്കു അനുകൂലമായി നിന്ന് മൗനത്തിലൂടെ പ്രസക്തരായി. മെത്രാന്മാരുടെ തീരുമാനത്തിനെതിരായി വിശ്വാസികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഒച്ചപ്പാടുണ്ടാകാതെ മൗനം പാലിച്ചതിനാല്‍ അവര്‍ ദൈവജനമധ്യത്തില്‍ അപ്രസക്തരുമായി. എന്നുമാത്രമല്ലാ, വിശ്വാസികള്‍ക്ക് അവരുടെ മൗനം ദോഷകരമായി തീരുകയും ചെയ്തു. അപ്പോള്‍ അവരും അവരുടെ മൗനത്തിലൂടെ മെത്രാന്മാര്‍ക്കു അനുകൂലികളും കൂട്ടുപ്രതികളും ആകുന്നു. സഭാമേലധ്യക്ഷന്മാരുടെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച കരിസ്മാറ്റിക് ധ്യാന പ്രസ്ഥാനങ്ങള്‍ ഇടവകകളിലെ പരമ്പരാഗതമായ വാര്‍ഷിക ധ്യാനങ്ങളുടെ പ്രസക്തി ഫലപ്രദമായി ഇല്ലാതാക്കി. രോഗ സൗഖ്യ വാഗ്ദാനങ്ങളോടെ ആത്മീയ കമ്പോളത്തില്‍ മൊത്തക്കച്ചവടത്തിനിറങ്ങിയ കുറെ വായാടി വൈദികര്‍ പാവം വിശ്വാസികളുടെ പണസഞ്ചിയില്‍ കണ്ണുവെക്കുക മാത്രമല്ല അവരെ പൗരോഹിത്യത്തിന്‍റെ അടിമകളാക്കാനുള്ള സകല കുതന്ത്രങ്ങളും ഉപയോഗിച്ച് ചിന്തിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ആട്ടിന്‍പറ്റത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തു. വിശ്വാസംതന്നെ പരിഹാസ വിഷയമായിരിക്കുയാണിന്ന്.

നസ്രാണികളുടെ സംസ്കാരത്തിലധിഷ്ഠിതമായ മൂല്ല്യങ്ങളെ മുറുകെ പിടിച്ചില്ലായെങ്കില്‍ സൃഷ്ടിപരമായ അത്തരം വിഭ്രാന്തി സഭയുടെ അടിത്തറമാന്തും. മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്രപരമായ അനന്യതയെതിരിച്ചറിയാന്‍ പാടില്ലാത്തവിധം പട്ടക്കാരും മേല്പട്ടക്കാരും കൂടി കഴിഞ്ഞ മുപ്പതു വർഷങ്ങള്‍കൊണ്ട്‌ ക്രൈസ്തവ വിശ്വാസത്തിലും ഈശ്വരജ്ഞാനത്തിലും ആത്മീയതയിലും മുന്നിട്ടുനിന്നിരുന്ന നസ്രാണിസഭയെ നശിപ്പിച്ചുകളഞ്ഞു. ഓരോ സീറോ മലബാര്‍ സഭാപൗരനും തലയില്‍മുണ്ടിട്ടു നാണം മറച്ച്‌ നടക്കേണ്ട ഗതികേടിലായ ഈ കാലഘട്ടത്തില്‍ നാമും ചോദിക്കേണ്ട ഒരുചോദ്യമാണ് Has Syro-Malabar Church lost its Soul? 

ദൈവ കല്‍പനയ്ക്കും സ്വാഭാവികനീതിയ്ക്കും യോജിച്ചരീതിയിൽ നമ്മുടെ പൂര്‍വ്വീകർ  ‍ജീവിച്ചു. അവരുടെ ചവിട്ടടികളെ നാം പിന്തുടരുന്നില്ലായെങ്കില്‍സമുദായം അധഃപതിച്ചു നശിക്കും. 

നാമെല്ലാം മനുഷ്യരാണ്; ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ‍ജീവിക്കുന്നവരാണ്. കെട്ടിച്ചമച്ചതും തകര്‍ന്ന സങ്കേതവുമായ സഭ നമ്മെ വട്ടംചുറ്റിയിരിക്കയാണ്. അസമത്വത്തെ വിതക്കുന്ന ഈ നൂറ്റാണ്ടിലെ സീറോമലബാർ ‍സഭയുടെ ഭൗതിക പുരോഗതി അഴിമതിയിൽ ‍കൂടിയാണ്; വഞ്ചനയില്‍കൂടിയാണ്. സഭാമേലധ്യക്ഷന്മാർ ‍സമൃദ്ധിയുടെ സുവിശേഷം (Prosperity Gospel) ജീവിതശൈലിയാക്കുമ്പോൾ ‍പാവങ്ങള്‍ക്ക് വൃത്തികെട്ട നുണയുടെ വഞ്ചനാപരമായ ദൈവശാസ്ത്രമാണ്. വേലചെയ്ത് വൻ‍തുക സമ്പാദിക്കാത്ത ഇവരുടെ ജീവിതശൈലി ധനവാന്മാരുടേതുപോലെയാണ്. അതുകൊണ്ട്‌ സമൃദ്ധിയുടെ സുവിശേഷം സദ്വാര്‍ത്തയല്ലായെന്ന്‌ നാം മനസിലാക്കണം. പരിപൂര്‍ണരാകാൻ ‍ആഗ്രഹിച്ച്‌ സഭാശുശ്രൂഷയ്ക്കായി ജീവിതം സമര്‍പ്പണം ചെയ്തിരിക്കുന്നവർ ‍എങ്ങനെ ഉള്ളവർ ‍ആയിരിക്കണമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം യേശു ഉത്‌ബോധിപ്പിച്ചിട്ടുണ്ട്. "പരിപൂര്‍ണരാകാൻ ‍നീ ഇച്ഛിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്കു സ്വര്‍ഗത്തിൽ ‍നിക്ഷേപം ഉണ്ടാകും. പിന്നെവന്ന് എന്നെ അനുഗമിക്കുക" (മത്താ. 19:21). പരിപൂര്‍ണനാകാൻ ‍ആഗ്രഹിച്ച്‌ സഭാശുശ്രൂഷയ്ക്കായി ജീവിതം സമര്‍പ്പണം ചെയ്തിരിക്കുന്ന സഭാ തലവനും കര്‍ദിനാളുമായ ഒരു വ്യക്തി ആദായനികുതി വകുപ്പിന്‍റെ തിണ്ണനിരങ്ങേണ്ടിവരുന്ന അവസ്ഥ സഭയുടെ ആത്മാവിനെ കാര്‍ന്നു തിന്നുകയല്ലേ ചെയ്യുന്നത്? ലൈംഗിക സദാചാരത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന പുരോഹിതൻ ‍കൗമാരപ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഗര്‍ഭവതിയാക്കി ജയിലിൽ ‍കിടക്കുമ്പോൾ ‍സഭയുടെ ആത്മാവ്‌ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? സമര്‍പ്പിതജീവിതം നയിക്കുന്ന സഹോദരിയെ അവരുടെ മേലധികാരിതന്നെ ലൈംഗികമായി ചൂഷണംചെയ്യുമ്പോള്‍ സഭയുടെആത്മാവ്‌ നശിക്കുകയല്ലേ ചെയ്യുന്നത്? കൂദാശ ലൈംഗികതയ്ക്കുള്ള വഴികാട്ടിയായി ദുരുപയോഗിക്കുമ്പോൾ ‍ദൈവകോപം വിളിച്ചു വരുത്തുകമാത്രമല്ല, സഭയുടെ ആത്മാവിനെ നശിപ്പിക്കുകകൂടി ചെയ്യുന്നു.

കോട്ടയത്തുനിന്നുള്ള 87 വയസ്സു പ്രായമുള്ള ഒരു വല്ല്യച്ചനുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ സംസാരിക്കുവാനിടയായി. അദ്ദേഹം പറയുകയാണ് വടവാതൂര്‍സെമിനാരി കുറെ ന്യൂജന്‍ ഗുണ്ടാഅച്ചന്മാരെ ഇറക്കിവിടുന്നുണ്ടെന്ന്. ചെറുപ്പക്കാരായ ഇന്നത്തെ വികാരിമാരുടെ കൈയ്യിലിരിപ്പാണ് അദ്ദേഹത്തെകൊണ്ട് അത് പറയിപ്പിക്കാൻ ‍ഇടയാക്കിയത്. അധികാരധാര്‍ഷ്ട്യം, സുഖലോലുപജീവിതം, മേലധികാരികളെ ധിക്കരിക്കുക, ഏതുവിധേനെയും സ്വത്ത്‌ സമ്പാദിക്കുക, നീതിബോധമില്ലാതെ പെരുമാറുക, സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗിക്കുക, അനാവശ്യമായി മരാമത്ത് പണികളിലേര്‍പ്പെടുക, അല്മായരെ അവഗണിക്കുക എന്നുവേണ്ട ഒരു സാധാരണ വിശ്വാസി ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തികൾ ‍ദൈവത്തിന്‍റെ പേരിൽ ‍അവർ ചെയ്യുന്നു. നസ്രാണി ക്രിസ്ത്യാനികളുടെ സഹജമായ ആത്മീയതയെ തകര്‍ത്ത്‌ സഭയെ കൊല്ലുന്നത് ഇത്തരം ഗുണ്ടാവൈദികരാണ്. 

സഭയ്ക്ക്‌ നിത്യകളങ്കം വരുത്തിവെയ്ക്കുന്ന പട്ടക്കാരെയും മേല്‍പട്ടക്കാരെയും സംരക്ഷിക്കുന്ന സഭ യേശുവിന്‍റെ സഭയല്ല. അതു പിശാചു ബാധിച്ച സഭയാണ്. നരകത്തിൽ ‍നിപതിച്ച സഭയാണ്.

കൊക്കനും എഡ്വിനും റോബിനും സോണിയും ഫ്രാങ്കോയുമെല്ലാം സഭയ്ക്ക് പുറത്താക്കപ്പെടേണ്ടവരാണ്. മേജറും പീലിയാനിക്കലും ജയിലിൽ ‍കിടക്കണ്ടവരാണ്. ഈ വഞ്ചകരുടെ മൂടുതാങ്ങുന്നത് സഭയുടെ ശവക്കുഴിമാന്തലിനു കാരണമാകും.

അല്മായരെ നിങ്ങൾ ഉണരുവിൻ. നിങ്ങളും നിങ്ങളുടെ പൂര്‍വികരും ദാനമായി നല്‍കിയ പള്ളിസ്വത്തുക്കളാണ് അവർ ‍വിറ്റുനശിപ്പിക്കുന്നത്; ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവർക്കു ‌നഷ്ടപരിഹാരമായിനല്‍കുന്നത്; കോടതികളിൽ ‍കേസുനടത്താനായി ദുര്‍വ്യയം ചെയ്യുന്നത്; ആഢംബര ജീവിതത്തിനു ചിലവഴിക്കുന്നത്. സര്‍വതിന്മകളുടെയും നിദാനമായ ദ്രവ്യാഗ്രഹം (1 തിമൊ. 6: 10) സഭാ മേലധികാരികളെ കീഴ്‌പ്പെടുത്തിയിരിക്കുകയാണിന്ന്. നിങ്ങൾ ഒന്നേ ചെയ്യേണ്ടു. പള്ളിക്കായി ചില്ലികാശുപോലും ദാനംചെയ്യാതിരിക്കുക. അവർ ‍താനേ നന്നായിക്കൊള്ളും. സഭയിലെ സന്ന്യാസിനികളെ നിങ്ങൾ ഉണരുവിന്‍. നിങ്ങള്‍ പട്ടക്കാരുടെ ദാസികളല്ലെന്നും അവരുടെ അനുദിന ജീവിതസുഖത്തിന് അവർ ‍പറയുന്നതു മുഴുവൻ ‍ചെയ്തു കൊടുക്കാനല്ല മഠങ്ങളിൽ ‍ചേര്‍ന്നതെന്നും തിരിച്ചറിയുവിന്‍. നിങ്ങളുടെ ചാരിത്രത്തിനു വില പേശാൻ ‍സഭാധികാരികളെ നിങ്ങൾ ‍അനുവദിക്കരുത്. നിങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ശക്തികളെ നിങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഏതിര്‍ക്കണം. വൈദികരെ നിങ്ങൾ ‍ഉണരുവിൻ. നിങ്ങളുടെ കൂട്ടു ശുശ്രൂഷകര്‍ നിങ്ങളുടെ അന്തസ്സിനു കളങ്കം വരുത്തി വയ്ക്കുന്ന പ്രവര്‍ത്തികളിൽ ‍ഏര്‍പ്പെട്ടാൽ ‍നിങ്ങൾ അത് മേലധികാരികളെ അറിയിക്കുവിന്‍. തെറ്റു ചെയ്യുന്നവർ ‍ശിക്ഷ അനുഭവിക്കട്ടെ. നിങ്ങളുടെ മൗനം നിങ്ങൾക്കു ‌ദോഷമായി ഭവിക്കുന്നുയെന്ന്‌ നിങ്ങൾ ‍തിരിച്ചറിയുവിന്‍. സഭയുടെ നാശത്തിന് അതു കാരണമാകും.

മൂല്യം നശിച്ചുകൊണ്ടിരിക്കുന്ന സഭ, ആത്മാവ്‌ നശിച്ചുകൊണ്ടിരിക്കുന്ന സഭ, ഹൃദയമില്ലാത്ത സഭ, വിശ്വാസികളുടെ സത്യസന്ധതയെ ത്യാഗം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സഭ യഥാര്‍ത്ഥത്തില്‍ സ്‌നേഹം എന്ത് എന്നറിയുന്നില്ല. സ്‌നേഹമാണ് കുരിശ്.

Thursday, August 2, 2018

ബിഷപ്പുമാര്‍ ജീവിക്കുന്നത് നാടുവാഴി തമ്പ്രാക്കന്മാകരെപ്പോലെ;


ക്രൈസ്തവസഭകളിലെ ജീര്‍ണതകള്‍ 

എബ്രഹാം മാത്യു

ക്രൈസ്തവ സഭകളുടെ ആഗോള ജീര്‍ണ്ണത കേരള സഭകളിലും സാന്നിദ്ധ്യം ഉറപ്പിച്ചു. ക്രിസ്തു സ്വയം പീഡനം ഏറ്റുവാങ്ങി; കേരളത്തിലെ വിശ്വാസികള്‍ പീഡനം ഏറ്റുവാങ്ങുന്നു; വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നു. അധികാരവും സമ്പത്തും സുഖഭോഗങ്ങളുമാണ് സഭകളില്‍ ഇന്നു കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എബ്രഹാം മാത്യു. 
രാജഭരണം തീര്‍ന്നതോടെ നാടുവാഴികളും ജന്മികളും കാലഹരണപ്പെട്ടു എന്നാണ് പഠിച്ചിട്ടുള്ളത്. എന്നാല്‍ ക്രൈസ്തവ സംഘടിത സഭകളില്‍ ബിഷപ്പുമാര്‍ ജീവിക്കുന്നത്, പഴയ നാടുവാഴി തമ്പ്രാക്കന്മാരെ പോലെയാണ്. അവര്‍ താമസിക്കുന്ന വീട് അരമന’, പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശം കല്പന’, കല്പന പുറപ്പെടുവിക്കുന്നത് നാംഎന്നെഴുതിക്കൊണ്ട്. ഇവരിലാരെങ്കിലും വീണു ചത്താല്‍ കാലം ചെയ്തു’; ‘രാജാവ് തീപ്പെട്ടഎന്നുപറയുംപോലെ. രാജാവ് തീപിടിച്ചു മരിച്ചു എന്നാണ് തീപ്പെട്ടു എന്നതിന്റെ അര്‍ത്ഥമെന്ന് വളരെക്കാലം കരുതിയിരുന്നു. കാലം ചെയ്തു എന്നതിന്റെ ശരിയായ അര്‍ത്ഥം ഇവര്‍ കാലത്തെ പിന്നോട്ടു നയിക്കാന്‍ ആവത് ചെയ്തു എന്ന് അദ്ദേഹം പ്രസാധകന്‍ മാസികയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസാധകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം
കാലം ചെയ്യേണ്ട നാടുവാഴിത്തം: എബ്രഹാം മാത്യു
പത്തുവര്‍ഷംമുന്‍പ് ജര്‍മ്മനിയില്‍ കുറച്ചുദിവസം താമസിച്ച കാലത്ത് ഒരു ഗ്രാമീണ ദേവാലയം സന്ദര്‍ശിച്ചു. മുറ്റത്തെ ചെടികളും പൂക്കളും വകഞ്ഞുമാറ്റി നടന്നുചെന്നു. വൈദികന്‍ മലയാളി! കുണ്ടറ സ്വദേശി. ആളനക്കമില്ലാത്ത പള്ളി. രണ്ടാംലോക മഹായുദ്ധത്തെ അതിജീവിച്ച സ്മാരകം. പറഞ്ഞിട്ടെന്ത്; ഞായറാഴ്ച കുര്‍ബാനയ്ക്ക് കഷ്ടിച്ച് പത്തുപേരെന്ന് ദുഃഖിതനായ മലയാളി വൈദികന്‍. മറ്റൊരിടത്ത് പള്ളിക്കുമുന്‍പില്‍ ബോര്‍ഡ് – For Sale. യൂറോ കണക്ക് മറന്നു. നിസ്സാരസംഖ്യ. കൂടെവന്ന ജര്‍മ്മന്‍ മലയാളിയോട് ഇത്ര കുറഞ്ഞ തുകയ്ക്ക് ഈ വലിയ പള്ളി വാങ്ങിക്കൂടേ എന്നു തിരക്കി. മെയിന്റനന്‍സ് കോസ്റ്റ് വലിയ തുകയാകുമെന്ന കണക്കയാള്‍ പറഞ്ഞു കേള്‍പിച്ചു; പ്രത്യേകിച്ചും ഐസ് വീഴുന്ന സീസണില്‍. പൂക്കള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ തിരികെ നടന്നു. പുരാതന ശില്പമാതൃക; ആത്മാവില്ലാത്ത ശരീരംപോലെ ആര്‍ക്കുംവേണ്ടാത്ത പള്ളി. 
ഈ ഗതി കേരളത്തില്‍ എന്നുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. പ്രത്യേകിച്ചും ഈ മതാത്മക കാലത്ത്. ക്രിസ്തു പറഞ്ഞതുപോലെ എന്റെ ആലയം ദേവാലയം, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു.കച്ചവടക്കണ്ണുള്ള ക്രൈസ്തവ വിശ്വാസികള്‍ ഉള്ളിടത്തോളം കേരളത്തില്‍ പള്ളികള്‍ പൂട്ടില്ല. പക്ഷേ ആത്മാവില്ലാത്ത വെറും കെട്ടിടമായി അതു നിലനില്‍ക്കും. ദൈവവിശ്വാസി, ആശ്വാസത്തിന് വേറെ വഴിനോക്കും. കള്ളന്മാരുടെ ഗുഹയിലേക്ക് എന്തിനുവരണം? വിശ്വാസികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികാര ദുര്‍മ്മോഹികളും, ആഭാസന്‍മാരുമായ ഒരുകൂട്ടം പൗരോഹിത്യ മേധാവികള്‍ക്കെതിരെ മരണമണി മുഴങ്ങുന്നു. ഇനി കൂട്ടമണി ആവുകയേ വേണ്ടൂ. 
ഈ കുറിപ്പ് എഴുതുമ്പോഴും ജലന്ധര്‍ ബിഷപ്പിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല. തന്നെ ബിഷപ്പ് ബലാത്സംഗം ചെയ്തുവെന്ന് ഒരു കന്യാസ്ത്രീ രേഖാമൂലം പരാതി നല്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടോ? വാദി പ്രതിയാകാനിടയുണ്ട്. ഇതാണ് പൗരോഹിത്യം. കാനോന്‍ നിയമമാണ് നിയമമെന്ന് ഇവര്‍ പറയും; നാട്ടിലെ നിയമവും ഇവര്‍ക്കുവേണ്ടിയാണ്. കുറച്ചുകാലം മുന്‍പ് കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ ഒരു വീട്ടമ്മ പീഡനപരാതി നല്കി. പരാതിക്കുപിന്നില്‍ ഗുഢാലോചന നടന്നതായി ആരോപണം ഉണ്ട്, ദുരൂഹതയും. ഏതായാലും പരാതി കിട്ടി അടുത്തദിവസം എംഎല്‍എ അറസ്റ്റ് ചെയ്യപ്പെട്ടു. മാസങ്ങളോളം അദ്ദേഹം ജയിലില്‍ കിടന്നു. ഇതിനെക്കാള്‍ ഗുരുതരമായ പരാതിയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്നത്. ചിലര്‍ സമന്മാര്‍; മറ്റു ചിലര്‍ കൂടുതല്‍ സമന്മാര്‍. 
ക്രൈസ്തവ സഭകളുടെ ആഗോള ജീര്‍ണ്ണത കേരള സഭകളിലും സാന്നിദ്ധ്യം ഉറപ്പിച്ചു. ക്രിസ്തു സ്വയം പീഡനം ഏറ്റുവാങ്ങി; കേരളത്തിലെ വിശ്വാസികള്‍ പീഡനം ഏറ്റുവാങ്ങുന്നു; വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നു. അധികാരവും സമ്പത്തും സുഖഭോഗങ്ങളുമാണ് സഭകളില്‍ ഇന്നു കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം. മധ്യകാലത്തെ ഇരുണ്ട സദാചാരവും, ഗര്‍വ്വും, അത്യാസക്തിയും സഭകളുടെ ആത്മീയത ചോര്‍ത്തുന്നു. മധ്യതിരുവിതാംകൂറില്‍ ഒരു അമേരിക്കന്‍ സുവിശേഷകന്‍ സ്വയം പ്രഖ്യാപിത ബിഷപ്പായി. തോട്ടങ്ങളും ഭൂസ്വത്തുക്കളും, വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടുവരുന്ന പട്ടിണിപാവങ്ങളുമാണ് ഇദ്ദേഹത്തിന്റെ കൈമുതല്‍. അമേരിക്കയില്‍ നിന്നുള്ള കോടാനുകോടി തുകയാണ് സഭയുടെ മൂല്യം. അമേരിക്കയില്‍നിന്നുള്ള ഒഴുക്കുനിന്നതായി കേള്‍ക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തീറ്റിപ്പോറ്റുന്ന സ്വയം പ്രഖ്യാപിത ബിഷപ്പും, തിന്നിട്ടും മതിവരാത്ത രാഷ്ട്രീയ പാര്‍ട്ടികളും; ഇതാണു കേരളം.

ഇന്ന്, ക്രിസ്തുവും ബൈബിളുമായി ക്രൈസ്തവ സഭയ്ക്ക് പ്രത്യേക ബന്ധമൊന്നുമില്ല. ഇന്നത്തെ ഒരാചാരവും ആദിമ ക്രൈസ്തവ സഭകള്‍ പിന്തുടര്‍ന്നിട്ടില്ല; മാത്രവുമല്ല പിന്നീട് ക്രൈസ്തവ സഭകളില്‍ വന്നുചേര്‍ന്ന പല ദുരാചാരങ്ങള്‍ക്കുമെതിരെ നവീകരണം’’പോലുള്ള പ്രസ്ഥാനങ്ങള്‍ ശക്തമായ എതിര്‍ശബ്ദമാകുകയും പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് ജന്മം നല്കുകയും ചെയ്തു. കൈമുത്ത്, കുമ്പസാരം, കൊടിമരം, പെരുന്നാളുകള്‍, റാസ, കണ്‍വന്‍ഷനുകള്‍ തുടങ്ങിയവ കാലാകാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്. കാലം കഴിയുന്തോറും കൂടുതല്‍ ദുരാചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാനാണ് സംഘടിത സഭകള്‍ ശ്രമിച്ചിട്ടുള്ളത്. ഇന്നും തുടരുന്നു.
ഓര്‍ത്തഡോക്‌സ് സഭയെ പിടിച്ചുകുലുക്കിയ കുമ്പസാര വിവാദത്തോടെ, രഹസ്യ കുമ്പസാരത്തെക്കുറിച്ച് നാടെങ്ങും ചര്‍ച്ച നടക്കുകയാണ്. ഒന്നു കുമ്പസാരിക്കണമല്ലോ എന്നു പറഞ്ഞാല്‍ അതിന് മറ്റൊരു ലൈംഗികചുവയുള്ള അര്‍ത്ഥം ലഭിക്കുന്നു. കുമ്പസാരം, കുപ്രസിദ്ധമായ ഒരു ക്രൈസ്തവ കൂദാശയായി അര്‍ത്ഥം മാറുന്നു. ആദിമസഭകളില്‍ കുമ്പസാരം എന്നൊരേര്‍പ്പാടുണ്ടായിരുന്നില്ല. അതും കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നുമുതല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നതിന് കൃത്യമായ കണക്കില്ല. ആത്മീയാനുഭവത്താല്‍ നിറയപ്പെട്ട പങ്കുവയ്ക്കലായിരുന്ന കുമ്പസാരം, ആസക്തന്മാരായ പുരോഹിതന്മാരുടെ കാലത്ത് ഗോസിപ്പിംഗിനുള്ള ഉപാധിയായും സെക്‌സിലേക്കുള്ള ആദ്യ പടിവാതിലായും അത് രൂപം മാറി.
രഹസ്യ കുമ്പസാരത്തെ ബൈബിള്‍ സാധൂകരിക്കുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കുമ്പസാരം ബൈബിള്‍ വിരുദ്ധമാണ്. ദൈവത്തിനുവേണ്ടി മനുഷ്യനായ മധ്യസ്ഥന്‍ കുമ്പസാരിപ്പിക്കുന്നുവെന്നാണ് സഭാനിലപാട്. എന്നാല്‍ ബൈബിളില്‍ തിമോഥിയോസിന്റെ ലേഖനങ്ങളില്‍ ഉള്‍പ്പെടെ പലേടത്തും ക്രിസ്തുവല്ലാതെ മറ്റൊരു മധ്യസ്ഥന്‍ ഉണ്ടാകരുതെന്ന് ബോധ്യപ്പെടുത്തുന്നു. ദൈവപ്രകൃതമുള്ള ക്രിസ്തുവിന് മാത്രമേ ദൈവത്തിനുവേണ്ടി മധ്യസ്ഥനാകുവാന്‍ കഴിയൂവെന്നും ബൈബിള്‍ പറയുന്നുണ്ട്. ഒരു വിവാദമുയരുമ്പോള്‍, നൂറ്റാണ്ടുകളായി ഏതെങ്കിലും സഭകള്‍ തുടരുന്ന ആചാരങ്ങള്‍ ഒറ്റയടിക്ക് അവസാനിപ്പിക്കൂ എന്നു നിര്‍ദ്ദേശിക്കുവാന്‍ അവകാശമില്ല; കാലോചിതമായ പരിഷ്‌കരണം ഉണ്ടാകണം; കുമ്പസാര കൂദാശ ഇന്നത്തെ നിലയില്‍ ജീര്‍ണ്ണിച്ചുകഴിഞ്ഞു. ഭരണഘടനകള്‍ ഭേദഗതി ചെയ്യപ്പെടുന്നു; നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടുന്നു. പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുബന്ധങ്ങളും, തുടര്‍പഠനങ്ങളും ഉണ്ടാകുന്നു. കുമ്പസാരംപോലെ മനുഷ്യസൃഷ്ടിയായ ആചാരങ്ങള്‍ മാത്രം ഇങ്ങനെ അചുംബിത പുഷ്പങ്ങളായി നില്‌ക്കേണമോ എന്ന് വിശ്വാസികള്‍ ആലോചിക്കണം. 
സഭകളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ, എതിര്‍ശബ്ദങ്ങള്‍ തിരുത്തല്‍സ്വരങ്ങളായി മുഴങ്ങുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനും, ആക്ഷേപിക്കുവാനുമാണ് തിമിരവിശ്വാസികളായ ചില സഭാംഗങ്ങള്‍ രംഗത്തുവരുന്നത്. തട്ടിപ്പുകാരായ വൈദികന്മാരുടെയും ബിഷപ്പുമാരുടെയും മാഫിയ സംഘം സഭകളിലുണ്ട്. എതിര്‍ശബ്ദം കേള്‍പിക്കുന്നവരെ ഇവര്‍ വളഞ്ഞിട്ടാക്രമിക്കും. യാക്കോബായ സഭ നിരണം ഭദ്രാസന ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ഫാദര്‍ മാത്യൂസ് വാഴക്കുന്നവും വ്യത്യസ്ത വേദികളില്‍ തിരുത്തല്‍ ശക്തികളാകാന്‍ ശ്രമിക്കുന്നതു കണ്ടു. ഒരു ഘട്ടത്തില്‍ ബിഷപ്പിന്റെ കുപ്പായം വലിച്ചെറിഞ്ഞ് സഭയ്ക്കു പുറത്തു കടക്കാന്‍ താന്‍ ആഗ്രഹിച്ചുവെന്നായിരുന്നു ഗീവറുഗീസ് മാര്‍ കൂറിലോസിന്റെ വെളിപ്പെടുത്തല്‍. ആഡംബരങ്ങള്‍ക്കും, ദുരാചാരങ്ങള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ അതിനൊപ്പം നില്‌ക്കേണ്ട സഭാവിശ്വാസികള്‍ പള്ളിമേല്‍ക്കോയ്മയെ പിന്തുണച്ച് ഇത്തരക്കാര്‍ക്കെതിരെ തിരിയുന്ന വിചിത്രകാഴ്ചയാണ് നാട്ടിലുള്ളത്. മത മേധാവിത്വത്തിന്റെ ചൂഷണനാമമായ തിരുമേനിഎന്നു തന്നെ വിളിക്കേണ്ടെന്ന് പരസ്യമായി നിര്‍ദ്ദേശിച്ച ആളാണ് ഗീവറുഗീസ് മാര്‍ കൂറിലോസ്. ചെറിയ കാര്‍ ഉപയോഗിക്കുന്നു. ഏതു സംഭാവനയ്ക്കും കൃത്യമായ രസീത് നല്കുന്നു. ഇതൊന്നും ശരിയല്ല, നമുക്കൊരു വിലയൊക്കെ വേണ്ടേ, മിനിമം ബെന്‍സില്‍ പോകൂ എന്നാണ് ഒരുകൂട്ടം വിശ്വാസികളുടെ നിലപാട്. സഭകളുടെ കൊള്ളയ്ക്കും അധികാര സ്ഥാപനത്തിനും വിനീത വിധേയരാകാന്‍ വിശ്വാസി റെഡി. ഇത്തരം വിധേയന്മാര്‍ ഉള്ളിടത്തോളം ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര കുംഭകോണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനും ഭീഷണിപ്പെടുത്താനുമാണ് ചില വിശ്വാസികള്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഫാ. മാത്യൂസ് പത്തനംതിട്ട എസ്.പി.യ്ക്ക് പരാതി നല്കിയിരിക്കുകയാണ്. തീവ്രവാദത്തിന്റെ പ്രതിധ്വനി ക്രൈസ്തവ സഭകളിലും ഉയര്‍ന്നു തുടങ്ങി. 
ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി സഭകളെ ഇങ്ങനെ കുറ്റപ്പെടുത്താമോ? എല്ലാ വൈദികരും കന്യാസ്ത്രീകളും കുറ്റക്കാരാണോ എന്നൊക്കെയുള്ള ചോദ്യം ഉയരാറുണ്ട്. ചോദ്യം ശരിയാണ്; എല്ലാവരും അങ്ങനെയല്ല; പലതരക്കാര്‍ പലവിധത്തില്‍. കത്തോലിക്കാ സഭ പ്രത്യേകിച്ചും അനാഥാലയങ്ങളും ആശ്വാസകേന്ദ്രങ്ങളും നടത്തി സാമൂഹ്യസേവനം ചെയ്യുന്നത് ചെറുതായല്ല കാണേണ്ടത്. സമൂഹത്തിനാകെ മാതൃകയായ എത്രയോ അറിയപ്പെടാത്ത വൈദികര്‍ ഓരോ നാട്ടിന്‍പുറങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ സമ്മതിക്കുമ്പോള്‍ തന്നെ ഒറ്റപ്പെട്ട സംഭവങ്ങളെ സഭാനേതൃത്വം കുഴിച്ചുമൂടുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനരോഷത്തിനുകാരണം. ജീര്‍ണ്ണതകളെ മൂടിവയ്ക്കുന്നു എന്നതാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. ബിഷപ്പുമാരും വൈദികസമൂഹവും സാധാരണ ക്രിമിനലുകളെപ്പോലെ പെരുമാറുന്നു എന്നതാണ് ജീര്‍ണ്ണത. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇവര്‍ രക്ഷനേടാന്‍ നോക്കുന്നു. ഭരണകൂടങ്ങളെ ചൊല്പടിയില്‍ നിര്‍ത്തി നിയമത്തെ വെല്ലുവിളിക്കുന്നു. സംഘടിത സഭകളില്‍ ക്രിമിനല്‍വത്ക്കരണം ശക്തിപ്രാപിക്കുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലെന്നാണ് ഇവര്‍ കരുതുന്നത്. ഇത്തരം ജീര്‍ണ്ണതകളാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. 
രാജഭരണം തീര്‍ന്നതോടെ നാടുവാഴികളും ജന്മികളും കാലഹരണപ്പെട്ടു എന്നാണ് പഠിച്ചിട്ടുള്ളത്. എന്നാല്‍ ക്രൈസ്തവ സംഘടിത സഭകളില്‍ ബിഷപ്പുമാര്‍ ജീവിക്കുന്നത്, പഴയ നാടുവാഴി തമ്പ്രാക്കന്മാരെ പോലെയാണ്. അവര്‍ താമസിക്കുന്ന വീട് അരമന’, പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശം കല്പന’, കല്പന പുറപ്പെടുവിക്കുന്നത് നാംഎന്നെഴുതിക്കൊണ്ട്. ഇവരിലാരെങ്കിലും വീണു ചത്താല്‍ കാലം ചെയ്തു’; ‘രാജാവ് തീപ്പെട്ടുഎന്നുപറയുംപോലെ. രാജാവ് തീപിടിച്ചു മരിച്ചു എന്നാണ് തീപ്പെട്ടു എന്നതിന്റെ അര്‍ത്ഥമെന്ന് വളരെക്കാലം കരുതിയിരുന്നു. കാലം ചെയ്തു എന്നതിന്റെ ശരിയായ അര്‍ത്ഥം ഇവര്‍ കാലത്തെ പിന്നോട്ടു നയിക്കാന്‍ ആവത് ചെയ്തു എന്നാണ്. നാടുവാഴിത്തം കാലം ചെയ്യട്ടെ.