Translate

Friday, December 10, 2021

സന്ന്യാസസഭകളുടെ അപചയം

KCRM ഡിസംബർ മാസ പരിപാടി  

2019 ഡിസംബർ 11 (രണ്ടാം ശനി) ഉച്ചയ്ക്ക് 2 മുതൽ 

പാലാ ടോംസ് ചേംബർ ഹാളിൽ

ചർച്ചാ സമ്മേളനവും പുസ്തകപ്രകാശനവും

മലയാളത്തിലെ ആത്മകഥാരചനയിൽ ഒരിതിഹാസമായിത്തീർന്നിരിക്കുന്നഅറ്റുപോകാത്ത ഓർമകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവിനെ  ശ്രവിക്കാൻ  KCRM പ്രവർത്തകർക്കും അനുഭാവികൾക്കും ഒരവസരം

ചർച്ചാ സമ്മേളനം

അധ്യക്ഷൻ: മാത്യു എം. തറക്കുന്നേൽ (ചെയർമാൻ, KCRM)

സന്ന്യാസസഭകളുടെ അപചയം

വിഷയാവതാരകൻ: ആചാര്യ സ്നേഹദാസ്

(ഡയറക്ടർ, സ്നേഹഗിരി പ്രകൃതി ആശ്രമം, കണ്ണൂർ)

പ്രതികരണപ്രസംഗങ്ങൾ:

പ്രൊഫ. ടി ജെ. ജോസഫ് (ന്യൂമാൻ കോളേജ് മുൻ അധ്യാപകൻ,

പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം (വൈസ് ചെയർമാൻ, KCRM)

കെ. ജോർജ്  ജോസഫ് (സെക്രട്ടറി, KCRM)

ആന്റോ മാങ്കൂട്ടം (ട്രഷറർ, KCRM )

ഡോ. എം കെ. മാത്യു
പ്രൊഫ. ഫിലോമിനാ ജോസഫ്
കെ കെ. ജോസ് കണ്ടത്തിൽ

കൂടാതെ സദസ്സിൽ നിന്നുള്ളവരും പ്രതികരിച്ചു സംസാരിക്കുന്നു.


ഒപ്പം, സ്നേഹയോഗ എന്ന മെഡിറ്റേഷൻ പ്രോഗ്രാമിന്റെ ഉപജ്ഞാതാവും പരിശീലകനുമായ ആചാര്യ സ്നേഹദാസ് താൻ അംഗമായിരുനന്ന സന്ന്യാസസഭയിൽനിന്നു നേിട്ട തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നടത്തുന്ന വിഷയാവതരണത്തിലേക്കും അദ്ദേഹത്തിന്റെ സവിശേഷജീവിതാനുഭവങ്ങളെക്കുറിച്ച് ഹക്കോവ സ്നേഹ എന്ന സ്പാനീഷ് വനിതയെഴുതിയ പുസതകത്തിന്റെ മലയാളപരിഭാഷയുടെ പ്രകാശന കർമത്തിലേക്കും എല്ലാ  KCRM സുഹൃത്തുക്കളെയും അനുഭാവികളെയും ഹാർദമായി ക്ഷണിക്കുന്നു.

പുസ്തകപ്രകാശനം

പുസ്തകം: കാട്ടിലച്ചന്റെ അതിജീവനകഥകൾ

By ഹക്കോബ സ്നേഹ (പരിഭാഷ ഡോ. എം ആർ ഗോപാലകൃഷ്ണൻ)

പ്രകാശനകർമം നിർവഹിക്കുന്നത് പ്രൊഫ. ടി. ജെ. ജോസഫ്

പുസ്തകം ഏറ്റുവാങ്ങുന്നത് ശ്രീ. ജെ. പി. ചാലി

Saturday, December 4, 2021

മെത്രാന്മാര്‍ സഭാശുശ്രൂഷകരോ സമുദായനേതാക്കളോ?


 ജോര്‍ജ് മൂലേച്ചാലില്‍

(ഒക്‌ടോബര്‍ 10-ന് JSL സംഘടിപ്പിച്ച ക്ലബ് ഹൗസ്
മീറ്റിംഗില്‍ അവതരിപ്പിച്ച പ്രബന്ധം)


പൊതുസമൂഹത്തിനെന്നപോലെ, ഏതൊരു സമുദായത്തിനും തനതു നേതൃത്വം ആവശ്യമാണ്. പുറത്തുനിന്ന് ആരും ഇടപെടുന്നില്ലെങ്കില്‍, ഓരോ സമുദായത്തിലും അതില്‍നിന്നുള്ള നേതാക്കള്‍ സ്വാഭാവികമായിത്തന്നെ ഉയര്‍ന്നുവരും. അങ്ങനെയുള്ളവരെ അതാതു സമുദായങ്ങള്‍ ഏകകണ്ഠമായോ ജനാധിപത്യമാര്‍ഗങ്ങളിലൂടെയോ തങ്ങളുടെ സമുദായനേതാക്കളായി അവരോധിക്കുകയും ചെയ്യും. സമുദായത്തിന്റെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഇത്തരം നേതാക്കള്‍ക്കാണ് പൊതുസമൂഹത്തില്‍ തങ്ങളുടെ സമുദായത്തെ പ്രതിനിധീകരിക്കാന്‍ ധാര്‍മ്മികാവകാശമുള്ളത്. ധാര്‍മ്മികാവകാശം മാത്രമല്ല, നൈയാമികമായും അവര്‍ക്കുമാത്രമേ അതിനവകാശമുള്ളൂ.

തങ്ങളെ പ്രതിനിധീകരിക്കാന്‍ ഇപ്രകാരം അവകാശം സിദ്ധിച്ച ഒരു നേതാവെങ്കിലും ഇന്ന് കേരള കത്തോലിക്കാസമുദായത്തിനുണ്ടോ എന്ന് ഈ സമുദായത്തിലുള്ളവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ്, കേരളക്രൈസ്തവരുടെ തലവനും നേതാവുമായി ജാതിക്കു കര്‍ത്തവ്യന്‍ എന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനി ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. 16-ാം നൂറ്റാണ്ടില്‍ ഈ സഭയ്ക്കുമേലുണ്ടായ പാശ്ചാത്യസഭയുടെ കടന്നുകയറ്റത്തിനെതിരെ ഒരു നൂറ്റാണ്ടുകാലം ഈ സമുദായം ചെറുത്തുനിന്നത് ഈ ജാതിക്കു കര്‍ത്തവ്യന്മാരുടെ നേതൃത്വത്തിലായിരുന്നു. 1599-ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനുശേഷം ഈ സ്ഥാനിയെ, ഇവിടെ അവരോധിക്കപ്പെട്ട പാശ്ചാത്യമെത്രാന്മാര്‍ക്കു കീഴില്‍ 'ആര്‍ച്ച് ഡീക്കന്‍' (Arch Deacon) എന്നു പേരുനല്‍കി തരംതാഴ്ത്തുകയും, നാട്ടുമെത്രാന്മാര്‍ വന്നതോടെ ആ സ്ഥാനിതന്നെ ഇല്ലാതാവുകയുമായിരുന്നു.

ജാതിക്കു കര്‍ത്തവ്യന്‍ എന്ന ആകമാന സഭാതലവന്‍ മാത്രമല്ല, ഇടവകതലത്തിലും, പല ഇടവകകള്‍ ചേര്‍ന്നുള്ള പ്രാദേശികതലങ്ങളിലും കേരളക്രൈസ്തവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുണ്ടായിരുന്നു. അതായത്, പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും തിരഞ്ഞെടുക്കുന്നവര്‍ അതാതു തലങ്ങളില്‍ ഈ സമുദായത്തിന്റെ നേതാക്കള്‍ തന്നെയായിരുന്നു. അന്നത്തെ നമ്മുടെ കത്തനാരന്മാര്‍ വ്യാപൃതരായിരുന്നത് ആദ്ധ്യാത്മികകാര്യങ്ങളില്‍ മാത്രമായിരുന്നു.

ഇപ്രകാരം, ഏറ്റം താഴേത്തട്ടുമുതല്‍ ഏറ്റം മുകള്‍ത്തട്ടുവരെ നേതാക്കളുടെ ബാഹുല്യമുണ്ടായിരുന്ന കേരള ക്രൈസ്തവസമുദായത്തിലാണ്, ഇന്ന് സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ നേതാവുപോലും ഇല്ലാത്ത ദുരവസ്ഥ ഉണ്ടായിരിക്കുന്നത് എന്നോര്‍ക്കുക. ഈ സാഹചര്യം എത്രയോ പ്രകടമായി കാണാവുന്നതായിട്ടും നമ്മുടെ സമുദായം അതു തിരിച്ചറിയാത്തത്, വ്യവസ്ഥാപിതസഭയുടെ അടിച്ചേല്‍പ്പിക്കപ്പെട്ട അധികാരവ്യവസ്ഥയോട് പൂര്‍ണമായി പൊരുത്തപ്പെട്ട് നാം നമ്മുടെ തനതു കാഴ്ച നഷ്ടപ്പെടുത്തിയതുമൂലമാണ്. ഈ അന്ധതയില്‍നിന്നു നാം മോചിതരായേ പറ്റൂ.

ഈ മോചനം സാധ്യമാണ് എന്നതിന് കേരളത്തിലെ ഹൈന്ദവസമുദായംതന്നെ ഉദാഹരണമാണ്. ഇവിടുത്തെ ക്രൈസ്തവസമുദായം തികഞ്ഞ ജനാധിപത്യരീതി പുലര്‍ത്തി മുന്നോട്ടുപോയിരുന്ന മുന്‍കാലത്ത്, കേരളത്തിലെ ഭൂരിപക്ഷ ഹിന്ദുസമുദായം ബ്രാഹ്മണപുരോഹിതരുടെ കടുത്ത ആധിപത്യത്തിന്‍കീഴില്‍ അടിമത്തം അനുഭവിക്കുകയായിരുന്നുവെന്ന് നാമോര്‍ക്കണം. ഇന്നു ചരിത്രപുരുഷന്മാരായിരിക്കുന്ന നിരവധി ആള്‍ക്കാരുടെ കഠിനപ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടുത്തെ ഹിന്ദുസമുദായം കണ്ണുതുറക്കുകയും പുരോഹിതനേതൃത്വത്തില്‍നിന്നു കുതറി സ്വതന്ത്രരാവുകയും ചെയ്തു എന്നത് നമുക്കു മാര്‍ഗ്ഗദര്‍ശകമാണ്. എന്നാല്‍ അവര്‍ സ്വതന്ത്രരായിക്കൊണ്ടിരുന്ന ആ സമയത്ത്,  കേരളക്രൈസ്തവസമുദായത്തിനുമേല്‍ പൗരോഹിത്യം പടിപടിയായി പിടിമുറുക്കിക്കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വാധിപതികളായിരുന്ന ബ്രാഹ്മണപുരോഹിതരെ ഹൈന്ദവസമുദായം കേവലം പൂജാരികളാക്കി മാറ്റിയപ്പോള്‍, പാശ്ചാത്യകൊളോണിയല്‍ സംവിധാനം ഒരുക്കിക്കൊടുത്ത അനുകൂല സാഹചര്യങ്ങളുപയോഗിച്ചും, റോമന്‍ പുരോഹിതാധിപത്യമാതൃക അനുകരിച്ചും കേരളക്രൈസ്തവസമുദായത്തില്‍ പുരോഹിതര്‍ സര്‍വ്വാധിപതികളാകുകയായിരുന്നു; സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തിലേക്ക് അവര്‍ അവരെത്തന്നെ അവരോധിക്കുകയായിരുന്നു; ഈ സമുദായത്തെ അവര്‍ നാഥനില്ലാക്കളരിയാക്കുകയായിരുന്നു; നമ്മെ അടിമത്തത്തിലേക്ക് ആഴ്ത്തുകയായിരുന്നു.

കേരളത്തിലെ സീറോ-മലബാര്‍ കത്തോലിക്കരുടെ കാര്യമെടുത്താല്‍, അവരുടെ സമുദായനേതാക്കള്‍ ഇപ്പോള്‍ മേജര്‍ ആര്‍ച്ചുബിഷപ്പും രൂപതാബിഷപ്പുമാരുമാണ്. സമുദായത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയകാര്യങ്ങളുള്‍പ്പെടെ ഏതു വിഷയത്തിലും സമുദായത്തെ പ്രതിനിധീകരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും, ഈ സമുദായം തിരഞ്ഞെടുക്കുകയോ ആ നിലയില്‍ അംഗീകാരം നേടുകയോ ചെയ്യാത്ത മെത്രാന്മാരോ അവര്‍ നിയോഗിക്കുന്ന പുരോഹിതരോ ആണ്. ദൈവശാസ്ത്രപരമായും സഭാപ്രബോധനങ്ങളനുസരിച്ചും അവര്‍ നിയോഗിക്കപ്പെടുന്നത് വിശ്വാസികള്‍ക്ക് ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനും അവരെ ആദ്ധ്യാത്മികമായി വളര്‍ത്തുന്നതിനുമാണ് എന്നു നാമോര്‍ക്കണം. കത്തോലിക്കാ വ്യാഖ്യാനപ്രകാരംതന്നെ അവരുടേത് ശുശ്രൂഷാ പൗരോഹിത്യവും അത്മായരുടേത് രാജകീയപൗരോഹിത്യവുമാണ്. അതായത്, ശുശ്രൂഷാപൗരോഹിത്യം എന്നു പറഞ്ഞുകൊണ്ട്, രാജകീയ പൗരോഹിത്യമുള്ളവരുടെമേല്‍ രാജഭരണം നടത്തുകയെന്ന കത്തോലിക്കാവിരുദ്ധതയാണ്, സമുദായനേതൃത്വം ഏറ്റെടുക്കുന്നതിലൂടെ ബിഷപ്പുമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഇവരെ നിയോഗിക്കുന്നത് വത്തിക്കാനെന്ന മറ്റൊരു രാഷ്ട്രത്തിന്റെ തലവനായ മാര്‍പാപ്പയാണ് എന്നതാണ്. അങ്ങനെ നിയോഗിക്കപ്പെടുന്ന മതസ്ഥാനികള്‍ക്ക് ആ സ്ഥാനംകൊണ്ടുതന്നെ, ഇന്ത്യയിലെ ഒരു ജനവിഭാഗത്തിന്റെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാനും തീരുമാനങ്ങളെടുക്കാനും അധികാരമുണ്ട് എന്നുവരുന്നത് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഒന്നല്ലേ എന്നു നാം ആലോചിക്കണം. മാത്രമല്ല, അത് തങ്ങളുടെ സമുദായത്തെ നേതൃത്വപരമായി സേവിക്കാനും നയിക്കാനുമുള്ള ഈ ജനവിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന്റെ നിഷേധവുമാണ്. കൂടാതെ, മതസ്ഥാനികള്‍ക്ക് വിശ്വാസിസമൂഹം കല്പിച്ചിരിക്കുന്ന ആദ്ധ്യാത്മികപരിവേഷത്തിന്റെ ദുരുപയോഗവുമാണത്. ആ നിലയില്‍ അതിനെ ദൈവദൂഷണമായും കാണേണ്ടതുണ്ട്.

ആദ്ധ്യാത്മികത മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്നുവെങ്കില്‍, ആദ്ധ്യാത്മികപരിവേഷം മനുഷ്യനെ അന്ധനാക്കുകയാണു ചെയ്യുന്നത്. എത്ര തെറ്റായ കാര്യവും ഏതു വിഡ്ഢിത്തവും ദൈവികപരിവേഷം ചാര്‍ത്തിനിന്ന് ഒരു മെത്രാന്‍ പറയുമ്പോള്‍, അവ പ്രകടമായിത്തന്നെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളായാല്‍പ്പോലും, അതെല്ലാം മതകാര്യങ്ങളാണെന്ന് അന്ധമായി വിശ്വസിക്കാനും അനുസരിക്കാനും തങ്ങള്‍ ബാധ്യസ്ഥരാണെന്ന് സാധാരണവിശ്വാസികള്‍ ധരിച്ചുവശാകുകയാണ്. ഇപ്രകാരം, മാര്‍പാപ്പമാര്‍ ഉള്‍പ്പെടെയുള്ള സഭാസ്ഥാനികള്‍ അടിച്ചേല്പിച്ച ആദ്ധ്യാത്മിക അന്ധതമൂലമാണ്, ഒരുകാലത്ത് കുരിശുയുദ്ധങ്ങളിലേക്കു ക്രൈസ്തവസമൂഹം കൂട്ടത്തോടെ എടുത്തുചാടി മുസ്‌ളീങ്ങളെ കൂട്ടക്കൊല ചെയ്തതും കൂട്ടമായിത്തന്നെ ചത്തൊടുങ്ങിയതും എന്നു കാണാന്‍ കഴിയും. ഇന്‍ക്വിസിഷന്‍ നടപടികളിലൂടെ ലക്ഷക്കണക്കിനു ക്രൈസ്തവരെ സഭാധികാരികള്‍ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ അന്നു വിശ്വാസികള്‍ക്കു കഴിയാതെപോയതും ആദ്ധ്യാത്മികപരിവേഷം ചാര്‍ത്തിനിന്ന് സഭാസ്ഥാനികള്‍ വിശ്വാസികളില്‍ സൃഷ്ടിച്ച ആദ്ധ്യാത്മിക അന്ധതമൂലമായിരുന്നു.

ഇതെല്ലാം മനുഷ്യചരിത്രത്തെ പിന്നോട്ടടിച്ച ദാരുണസംഭവങ്ങളായി ഇന്നു നാം വിലയിരുത്തുന്നുണ്ട്. മാത്രമല്ല, ഇതിന്റെയൊക്കെ പേരില്‍ ആധികാരികസഭ ലോകജനതയോട് മാപ്പുപറഞ്ഞിട്ടുമുണ്ട്. എന്നിട്ടും, ചരിത്രത്തില്‍നിന്ന് ഒരു പാഠവും പഠിക്കാത്തവരെപ്പോലെ മെത്രാന്മാര്‍ ഇന്നും സമാനനിലപാടുകള്‍  പുലര്‍ത്തുകയും, നമ്മുടെ കാഴ്ച വീണ്ടും മങ്ങിപ്പോകുകയുമാണ്. രൂപതയുടെ സ്വത്തുവകകളെല്ലാം തന്റെ സ്വന്തമാണെന്ന അബദ്ധധാരണയില്‍ അടുത്തകാലത്ത് പാലാ രൂപതാ ബിഷപ്പ് നടത്തിയ പ്രസവ ഓഫര്‍ പ്രഖ്യാപനത്തെയും, താന്‍ രൂപതാസമൂഹത്തിന്റെ അനിഷേധ്യനേതാവാണെന്ന ധാര്‍ഷ്ട്യത്തോടെ അദ്ദേഹം പള്ളിക്കുള്ളില്‍ മതസ്പര്‍ദ്ധ വിതച്ചുകൊണ്ടു നടത്തിയ പ്രസ്താവനയെയും കുറെപ്പേരെങ്കിലും അനുകൂലിക്കാനിടയായത് ഈ ആദ്ധ്യാത്മികപരിവേഷം സൃഷ്ടിച്ച അന്ധത ജനങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നതുകൊണ്ടാണ്.

എന്നാല്‍, ഈ രണ്ടു സംഭവങ്ങളിലും വിശ്വാസിസമൂഹത്തില്‍നിന്നുതന്നെ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ഉണ്ടായി എന്നത് തികച്ചും ശുഭോദര്‍ക്കമായ കാര്യമാണ്. എങ്കിലും, അദ്ദേഹം പറഞ്ഞ കാര്യങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ മാത്രമാണുണ്ടായത് എന്നും നാം കാണണം. തെറ്റുകള്‍ വിശകലനം ചെയ്യുന്നതിനേക്കാള്‍ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ കാര്യം, സമുദായനേതാവു ചമയാനുള്ള ബിഷപ്പിന്റെ അധികാരത്തെത്തന്നെ ചോദ്യംചെയ്യുക എന്നതിനായിരുന്നു. ബിഷപ്പിനെ തങ്ങളുടെ നേതാവായി വിശ്വാസികള്‍ തിരഞ്ഞെടുത്തിട്ടില്ല എന്നതുതന്നെ അതിന്റെ പ്രധാന കാരണം. ''ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും'' എന്ന യേശുവചസ്സനുസരിച്ചും, ദൈവികകാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ സീസര്‍ഭരണത്തിനിറങ്ങുന്നതു നിഷിദ്ധമാണ്. ഇതു മനസ്സിലാക്കാതെ ഇതിനെതിരെ മൗനം പാലിച്ചാല്‍, 'ക്രൈസ്തവം' എന്നു പേരിട്ട ഒരു തീവ്രമതഭരണവ്യവസ്ഥ (Theocracy) യ്ക്കു ചൂട്ടുകാണിക്കുന്നവരായിത്തീരും, നാം.

ആദ്ധ്യാത്മികാധികാരവും ഭൗതികാധികാരവും ഒരു മതാധികാരിയിലോ ഒരു മതസംവിധാനത്തിലോ കേന്ദ്രീകരിക്കപ്പെട്ടാല്‍ സംഭവിക്കുന്നതാണ് 'തിയോക്രസി' അഥവാ മതാധിപത്യഭരണം. അതു സംഭവിച്ചാല്‍, സഭയും സമുദായവും ഒന്നായിത്തീരും; സഭാധികാരികള്‍ സമുദായനേതാക്കളായിത്തീരും; സമുദായത്തിനു തനതു നേതാക്കളില്ലാതായിത്തീരും; സമുദായം സഭാധികാരികളുടെ കൈയിലെ പാവയായിത്തീരും; സമുദായാംഗങ്ങള്‍ വ്യക്തിത്വമില്ലാത്തവരായി മാറും; അവര്‍ മതാധികാരികളുടെ അടിമകളായിത്തീരും. മതയുദ്ധങ്ങളിലും വര്‍ഗീയകലാപങ്ങളിലും അവര്‍ കരുക്കളായിത്തീരും; ഇന്‍ക്വിസിഷനുകളില്‍ ഇരകളായിത്തീരും...

കേരളസഭയില്‍ ഇതെല്ലാം, മിതമായ രീതിയിലാണെങ്കിലും, ഇപ്പോള്‍ത്തന്നെ നടന്നുവരുന്നുണ്ട് എന്നതാണു വസ്തുത. പൗരോഹിത്യത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ആദ്ധ്യാത്മിക പരിവേഷംമൂലം അതു കാണപ്പെടുന്നില്ല എന്നേയുള്ളൂ. കേരളവും ഇന്ത്യയും ഒരു ബഹുമതസമൂഹമാണെന്നതും ഒരു മതേതര ഭരണഘടന ഇവിടെ നിലവിലുണ്ട് എന്നതും മാത്രമാണ്, പൂര്‍ണ്ണതോതിലുള്ള മതഭരണത്തിന് കത്തോലിക്കാസമുദായം വിധേയപ്പെടാതിരിക്കാന്‍ കാരണം. എങ്കിലും, കത്തോലിക്കാസമുദായത്തെ തങ്ങളുടെ മതഭരണത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ പുരോഹിതസംവിധാനം സാധിക്കുന്നതുപോലെയൊക്കെ ശ്രമിക്കുന്നുണ്ടെന്നു നിരീക്ഷിച്ചാല്‍ കാണാം. ഉദാഹരണത്തിന്, (1) ഒരു രാജാവിനെപ്പോലെ നിയമം നിര്‍മ്മിക്കുന്നതിനും നിയമം വ്യാഖ്യാനിക്കുന്നതിനും നിയമനിര്‍വഹണം നടത്തുന്നതിനും അധികാരമുള്ള സ്ഥാനിയായി ഓരോ ബിഷപ്പിനെയും നിയമിച്ചിരിക്കുന്നു. (2) പള്ളിയോഗങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലാതാക്കിയിരിക്കുന്നു. (3) ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ക്ക് വികാരിയുടെയോ വികാരി നിയോഗിക്കുന്ന വൈദികന്റെയോ കന്യാസ്ത്രീയുടെയോ സാന്നിദ്ധ്യത്തിലല്ലാതെ സ്വതന്ത്രമായി ഒന്നു കൂടിച്ചേരാനോ കൂട്ടായി പ്രാര്‍ത്ഥിക്കാന്‍പോലുമോ അവകാശമില്ലാതാക്കിയിരിക്കുന്നു. (4) പുരോഹിതനേതൃത്വത്തിന്‍ കീഴിലല്ലാതെ ഒരു സംഘടനയ്‌ക്കോ പ്രസ്ഥാനത്തിനോ കത്തോലിക്കാസമുദായത്തിനുള്ളില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. അഥവാ, സമുദായത്തിനുള്ളില്‍ സ്വതന്ത്രപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നപക്ഷം, അവയെ സഭാവിരുദ്ധപ്രസ്ഥാനങ്ങളായി മുദ്രകുത്തി വിശ്വാസികളെത്തന്നെ ഉപയോഗിച്ച് ഒറ്റപ്പെടുത്തുന്നു.

ഇപ്രകാരം, സഭാവിശ്വാസികളുടെ ചിന്താസ്വാതന്ത്ര്യത്തെയും സംഘടനാസ്വാതന്ത്ര്യത്തെയും നിരോധിച്ചുകൊണ്ട് സമുദായത്തില്‍ തനതുനേതൃത്വം ഉരുത്തിരിഞ്ഞുവരാതിരിക്കാനുള്ള ഒരുതരം വന്ധ്യംകരണസംവിധാനം ഘടനാപരമായിത്തന്നെ വ്യവസ്ഥാപിച്ചിരിക്കുകയാണ്, ആധികാരികസഭ. ഇതു തിരിച്ചറിഞ്ഞു പ്രതിരോധിക്കാത്തിടത്തോളംകാലം നേതൃത്വമില്ലാത്ത ഒന്നായി ഇവിടുത്തെ കത്തോലിക്കാസമുദായം തുടരുകതന്നെ ചെയ്യും. സമുദായത്തില്‍  നേതൃത്വശൂന്യത സൃഷ്ടിച്ച്, ആ ശൂന്യതയില്‍ സമുദായത്തിന്റെ നേതൃത്വത്തിലേക്ക് പൗരോഹിത്യം അനധികൃതമായി കടന്നുവന്ന് ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ്, ആദ്ധ്യാത്മികതയുടെ പ്രകാശവും പുളിമാവുമായി വര്‍ത്തിച്ച്, മനുഷ്യഹൃദയങ്ങളില്‍ വ്യക്തിപരമായും സാമുദായികമായുമുള്ള സ്വാര്‍ത്ഥചിന്തകളെ അലിയിച്ചില്ലാതാക്കി വിശ്വകുടുംബബോധത്തിലേക്ക് ഓരോരുത്തരെയും ഉയര്‍ത്താന്‍ നിയുക്തരായ മെത്രാന്മാര്‍, അതെല്ലാം വിട്ട് സാമുദായികത്വത്തിന്റെയും മതവര്‍ഗ്ഗീയതയുടെയും വിഷവിത്തുകള്‍ ദൈവാലയങ്ങള്‍ക്കുള്ളില്‍നിന്നുപോലും വിതയ്ക്കാന്‍ ധൈര്യപ്പെടുന്നത്. 'സ്വന്തം സമുദായത്തോട് മറ്റു സമുദായങ്ങള്‍ എങ്ങനെ പെരുമാറണമെന്നാഗ്രഹിക്കുന്നുവോ, അപ്രകാരം മറ്റുസമുദായങ്ങളോട് നിങ്ങളും പെരുമാറുക' എന്ന യേശുവിന്റെ പരസ്പരാനന്ദ തത്ത്വസംഹിത പഠിപ്പിക്കേണ്ട ആദ്ധ്യാത്മികാചാര്യന്മാര്‍ ഇതര സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം വിതയ്ക്കുന്നതും, സംരക്ഷകഭാവം എടുത്തണിഞ്ഞ് സമുദായത്തിനുമേല്‍ അധികാരം ഭരിക്കുന്നതും കത്തോലിക്കാസമുദായത്തിന് തനതുനേതൃത്വമില്ലാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ്, രാഷ്ട്രീയപ്രവര്‍ത്തനം സംബന്ധിച്ച് മാര്‍പാപ്പയുടെ വിലക്കു ലംഘിച്ചുകൊണ്ട്, ഇവിടുത്തെ മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും ഈ സമുദായത്തെ അനധികൃതമായി പ്രതിനിധീകരിക്കുന്നതും രാഷ്ട്രീയതല ചര്‍ച്ചകളില്‍വരെ പങ്കെടുക്കാന്‍ ധൈര്യം കാട്ടുന്നതും.

കേരള കത്തോലിക്കാസമുദായത്തിന്റെ സാമുദായികത്തനിമയും വ്യക്തിത്വവും ഇല്ലായ്മചെയ്യുന്നതും മറ്റു സമുദായങ്ങള്‍ക്കുമുമ്പില്‍ ഈ സമുദായത്തെ പരിഹാസപാത്രമാക്കുന്നതുമായ ഈ ദുരവസ്ഥയ്ക്ക് അന്ത്യംകുറിച്ചേ തീരൂ. ഇവിടുത്തെ ഹിന്ദുക്കളുടെ സാമുദായിക-രാഷ്ട്രീയ നായകത്വം പൂജാരിമാര്‍ക്കോ മഹാതന്ത്രിമാര്‍ക്കോ ഇല്ലാത്തതുപോലെതന്നെ, കേരളകത്തോലിക്കരുടെ സാമുദായിക-രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാനോ നേതൃത്വം നല്‍കാനോ, ഈ സമുദായത്തെ എവിടെയെങ്കിലും പ്രതിനിധീകരിക്കാനോ സഭയിലെ ഒരു മെത്രാനും മേജര്‍ ആര്‍ച്ചുബിഷപ്പിനും യാതൊരു അവകാശവുമില്ല എന്നു തറപ്പിച്ചു പറയാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു. ശുശ്രൂഷാപൗരോഹിത്യത്തിന്റെ ഈ രാജവാഴ്ചയ്ക്ക് അറുതിവരുത്തി അവരെ സഭാശുശ്രൂഷകസ്ഥാനത്തേക്കു തിരിച്ചയയ്ക്കാന്‍ രാജകീയപുരോഹിതഗണമായ നാം സടകുടഞ്ഞുണരേണ്ടിയിരിക്കുന്നു. പൗലോസിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും, സഭയുടെ സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരെ പടവെട്ടാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിച്ചു മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു, നാം.

അതിനു നാം തയ്യാറാകുന്നപക്ഷം, സഭാംഗങ്ങളുടെ അംഗീകാരമില്ലാത്ത മെത്രാന്മാരുടെ സമുദായനേതൃത്വത്തെയും, സമുദായത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ അവര്‍ ഏകപക്ഷീയമായെടുത്ത എല്ലാ തീരുമാനങ്ങളെയും രൂപംകൊടുത്ത എല്ലാ നിയമങ്ങളെയും ബഹിഷ്‌കരിക്കുന്നു എന്ന പ്രഖ്യാപനത്തോടെ സഭയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്കു തുടക്കംകുറിക്കാന്‍ നമുക്കു കഴിയും. നിരവധി പ്രശ്‌നങ്ങളാല്‍ സഭാനേതൃത്വം ആടിയുലഞ്ഞുനില്‍ക്കുന്ന ഈ സന്ദര്‍ഭം ഒരു സ്വാതന്ത്ര്യസമരത്തിനുള്ള ചരിത്രമുഹൂര്‍ത്തമാണെന്നു മനസ്സിലാക്കി, കഴിയുന്നത്ര സന്നാഹങ്ങളോടെ അതിനായി നാം തുനിഞ്ഞിറങ്ങേണ്ടിയിരിക്കുന്നു. ഈ സഭയിലെ ദൈവജനത്തെ സ്വാതന്ത്ര്യത്തിന്റെ സമരകാഹളം മുഴക്കിയുണര്‍ത്തുന്ന വചനപ്രഘോഷണങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പ്രാപ്തിയുള്ള അനേകര്‍ ഈ വിശ്വാസിസമൂഹത്തില്‍ത്തന്നെയുണ്ട്.

സമാന്തരമായി നാം ചെയ്യേണ്ട മറ്റൊരു കാര്യം, ഇടവകകളും രൂപതകളും എല്ലാ സഭാസ്ഥാപനങ്ങളും അതാത് പരിധിക്കുള്ളില്‍വരുന്ന മുഴുവന്‍ സഭാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റുകളായി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കുക എന്നതാണ്. ഈ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ, വെറും അത്മായരായിരുന്നവര്‍ സഭാപൗരന്മാരുടെ അന്തസിലേക്കുയരും എന്നതാണു കാര്യം. തുടര്‍ന്ന് അവരുടെ സംയോജിതശക്തിയില്‍, രൂപതാസിനഡുകളും സഭാസിനഡുകളും സഭയിലെ എല്ലാ വിഭാഗങ്ങളുടെയും മതിയായ പ്രാതിനിധ്യത്തോടെ നടത്താന്‍ ബിഷപ്പുമാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടാകും. അത്മായപ്രതിനിധികള്‍ക്കു ഭൂരിപക്ഷമുള്ള അത്തരം സഭാസിനഡുകള്‍ സഭയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിക്കും. ഈ സിനഡുകളിലൂടെത്തന്നെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനങ്ങളെ, അവയുടെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഈ സഭയില്‍ നടപ്പാക്കാന്‍ കഴിയും. 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്നറിയപ്പെടുന്ന നമ്മുടെ അപ്പോസ്തലിക പാരമ്പര്യം യേശുവിന്റെ പ്രബോധനങ്ങളുമായി ഒത്തുനോക്കിയും കാലാനുസൃതം പരിഷ്‌കരിച്ചും ഈ സഭയുടെ കാനോന്‍ നിയമമായി പ്രഖ്യാപിക്കാനും സഭാസിനഡിനു സാധിക്കും. അതോടെ, 'എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍' സഭ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു സ്വയാധികാരസഭയാകും. ഇടനില ഏജന്‍സികളില്‍നിന്നു മോചനം നേടി ഈ സഭ നേരിട്ട് മാര്‍പാപ്പയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന്‍കീഴിലാകും.

ഇപ്രകാരം, സഭ വീണ്ടും വിശ്വാസികളുടെ സമൂഹമായി മാറുന്നതോടെ, ഇടവകതലത്തിലും പ്രാദേശികതലങ്ങളിലും മുഴുവന്‍ സഭയുടെ തലത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് തങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളുണ്ടാകും. അങ്ങനെ നേതൃത്വസമൃദ്ധികൊണ്ട് ഈ സമുദായം അനുഗൃഹീതമാകും.

ഈ സ്വപ്നത്തിന്റെ, അഥവാ സാധ്യതയുടെ സാക്ഷാത്കാരം, ഇന്ന്, ഇപ്പോള്‍ത്തന്നെ നാം ഉറക്കമുണരുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

    ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍)

(ഒക്‌ടോബര്‍ 10-ന് JSL സംഘടിപ്പിച്ച ക്ലബ് ഹൗസ്
മീറ്റിംഗില്‍ അവതരിപ്പിച്ച പ്രബന്ധം)