Translate

Sunday, June 30, 2019

*വത്തിക്കാൻ നിർദ്ദേശത്തിന്റെ മറവിൽ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നവർ*

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട്, June 24 ന് നുൺഷ്യോയിൽ നിന്നും June 26 ന് ഓറിയന്റൽ കോൺഗ്രിയേഷൻ പ്രീഫെക്ടിൽ നിന്നും ആലഞ്ചേരി പിതാവിന് ലഭിച്ച രണ്ട് എഴുത്തുകൾ ആണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ഈ എഴുത്തുകളിലെ നിർദ്ദേശങ്ങൾ വായിച്ചാൽ മനസ്സിലാകുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
1. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളെ തുടർന്ന് താൽക്കാലികമായി നിയോഗിക്കപ്പെട്ട അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ.ജേക്കബ് മനത്തോടത്ത് പിതാവ് സമർപ്പിച്ച റിപ്പോർട്ടും നിർദ്ദേശങ്ങളും ഓറിയന്റൽ കോൺഗ്രിയേഷൻ പഠന വിധേയമാക്കി. തുടർന്ന്, ഉത്തരവാദിത്വം പൂർത്തിയാക്കിയ പിതാവിനെ ആ ചുമതലയിൽ നിന്ന് ഒഴിവാക്കി.
ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരാണ് കുറ്റവാളി എന്നോ, ആരാണ് നിരപരാധിയെന്നോ റോം അറിയിച്ചിട്ടില്ല. എറണാകുളം- അങ്കമാലി അതിരൂപതയുടെ സ്ഥിരമായ തുടർഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുക ആഗസ്റ്റ് മാസത്തിൽ നടക്കുന്ന സിനഡിലാണ്. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, അതിനുള്ള നിർദ്ദേശങ്ങൾ റോമിൽ നിന്ന് സിനഡിന് നൽകപ്പെടും.
വസ്തുത ഇതായിരിക്കേ, മനത്തോടത്ത് പിതാവ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലഞ്ചേരി പിതാവ് കുറ്റവിമുക്തനായി എന്ന പ്രചാരണം തെറ്റാണ്. അപ്പസ്തോലിക് അഡ്മിനിട്രേറ്റർ വന്നപ്പോൾ സസ്പെന്റ് ചെയ്യപ്പെട്ട എറണാകുളം - അങ്കമാലി അതിരൂപതാ ഭരണാധികാരം, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഇല്ലാതായപ്പോൾ സ്വാഭാവികമായും ആലഞ്ചേരി പിതാവിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.
2. രൂപതാ ഭരണാധികാരിയായ മെത്രാനെ ഭരണ നിർവ്വഹണത്തിൽ സഹായിക്കേണ്ടവരാണ് സഹായമെത്രാന്മാർ.
ആലഞ്ചേരി പിതാവിൽ നിന്ന് മനത്തോടത്ത് പിതാവിലേക്ക് രൂപതാ ഭരണം കൈമാറിയപ്പോളും സഹായമെത്രാന്മാരുടെ ഉത്തരവാദിത്വം താത്കാലികമായി സസ്പെന്റ് ചെയ്യപ്പെടുകയും, പിന്നീട് മനത്തോടത്ത് പിതാവ് അവ അവരെ തന്നെ ഏൽപ്പിക്കുകയുമാണ് ഉണ്ടായത്. സമാനമായ രീതിയിൽ, മനത്തോടത്ത് പിതാവ് ഉത്തരവാദിത്വം മാറിയപ്പോൾ അദ്ദേഹത്തിന്റെ സഹായമെത്രാന്മാരായ രണ്ടു പേരുടെയും ഉത്തരവാദിത്വങ്ങൾ സസ്പെന്റ് ചെയ്യപ്പെട്ടു. അവർക്കുള്ള പുതിയ ഉത്തരവാദിത്വങ്ങൾ, ആഗസ്റ്റിലെ സിനഡ് തീരുമാനത്തെ തുടർന്നാണ് നൽകപ്പെടുക. അതു വരെ അവർക്ക് ഉചിതമായ അജപാലന ഉത്തരവാദിത്വങ്ങളും മറ്റ് ചുമതലകളും ആവശ്യമെങ്കിൽ മേജർ ആർച്ച് ബിഷപ്പിന് ഏൽപ്പിച്ച് കൊടുക്കാവുന്നതാണ്. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കുന്നതു വരെ എവിടെയാണ് താമസിക്കേണ്ടത് എന്ന് ആലഞ്ചേരി പിതാവുമായി ആലോചിച്ച് അവർക്ക് തീരുമാനിക്കാം എന്നും നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുണ്ട്.
പക്ഷെ, ഈ നിർദ്ദേശത്തിന്റെ മറവിൽ, "നിങ്ങൾ ഇനി അരമനയിൽ താമസിക്കരുത്, നാളെ തന്നെ ഇവിടെ നിന്ന് പൊയ്ക്കൊള്ളണം" എന്ന് കൽപിച്ച് അവരെ പടിയിറക്കി വിടുകയായിരുന്നു ഉണ്ടായത്.
3. മനത്തോടത്ത് പിതാവ് മാറിയതോടെ രൂപതാ ഭരണം, ആലഞ്ചേരി പിതാവിലേക്ക് തിരികെ എത്തിയെങ്കിലും അത് നിർവ്വഹിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ റോം ഏർപ്പെടുത്തിയിട്ടുണ്ട്.
a) ആലഞ്ചേരി പിതാവിൽ നിന്ന് മനത്തോടത്ത് പിതാവിലേക്ക് ഭരണ ചുമതല എത്തിയപ്പോൾ കൂരിയായിലെ ഓഫീസ് ബെയറേഴ്സിനെ നിലനിർത്താനോ മാറ്റാനോ ഉള്ള അവകാശം അദ്ദേഹത്തിന് നൽകിയിരുന്നു. ഇപ്പോൾ മനത്തോടത്ത് പിതാവിൽ നിന്ന് ആലഞ്ചേരി പിതാവിലേക്ക് വീണ്ടും ഭരണ ചുമതല എത്തുമ്പോഴും ഓഫീസ് ബെയറേഴ്സിനെ നിലനിർത്താനോ മാറ്റാനോ ഉള്ള അവകാശം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ അവകാശം പെർമനന്റ് സിനഡുമായുള്ള കൺസൽട്ടേഷനോടു കൂടെ മാത്രമേ നിർവ്വഹിക്കാവൂ എന്ന് റോം നിബന്ധന വെച്ചിട്ടുണ്ട്. അതോടൊപ്പം, ആഗസ്റ്റിലെ സിനഡിൽ രൂപതയുടെ ഭരണസംവിധാനം കൃത്യമായി നിശ്ചയിക്കപ്പെടുന്നതുവരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം എന്നും നിർദ്ദേശമുണ്ട്.
എന്നാൽ, പിതാവിനെ അന്ധമായി പിന്തുണയ്ക്കുന്നവര താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പെർമനന്റ് സിനഡ് ഇതൊക്കെ അറിയുന്നുണ്ടോ ആവോ?
b) രൂപതയുടെ സാമ്പത്തിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ കർശനമായ നിബന്ധനകൾ റോം വച്ചിട്ടുണ്ട്. സാമ്പത്തികമായ എല്ലാ കാര്യങ്ങളും പെർമെനന്റ് സിനഡിന്റെ അറിവോടും സഹായത്തോടും കൂടെ മാത്രമേ നിർവ്വഹിക്കാവൂ. രൂപതയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. പക്ഷെ എല്ലാ സാമ്പത്തിക നടപടികളും, രാഷ്ട്ര നിയമങ്ങൾ പാലിച്ച് കൊണ്ട് ആയിരിക്കണം.
സാമ്പത്തിക കാര്യങ്ങളിൽ വിശ്വസ്തത കാണിച്ചില്ല എന്നും രൂപതക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നും രാഷട്ര നിയമങ്ങൾക്ക് വിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്നും ആലഞ്ചേരി പിതാവിനെതിരെ എറണാകുളം രൂപത ഉന്നയിച്ച പ്രധാന പരാതികളായിരുന്നു. ഈ മൂന്നു കാര്യങ്ങളും റോമും ശരിവയ്ക്കുന്നുവോ?
റോമിൽ നിന്നുള്ള നിർദ്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിച്ച്, അവയുടെ ചൈതന്യത്തിന് വിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.
a ) June 27 ന് മൂന്നരയോടെ മാത്രമേ ഈ കാര്യങ്ങൾ വെളിപ്പെടുത്തുകയും എക്സിക്യൂട്ട് ചെയ്യുകയും ചെയ്യാവൂ എന്ന് കൃത്യമായ നിർദ്ദേശം ഉണ്ടായിരിക്കേ,
June 26 ന് രാത്രിയിൽ അരമനയിലെത്തി
സ്ഥാനമേറ്റതെന്തിന്?
June 27 ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ ഈ വിവരങ്ങൾ പ്രചരിപ്പിച്ചതെന്തിന്?
b) സഹായ മെത്രാന്മാർ അരമനയിൽ താമസിക്കരുതെന്ന് നിർദ്ദേശമില്ലാതിരിക്കെ, അവരെ അരമനയിൽ നിന്ന് നിർബന്ധപൂർവ്വം ഇറക്കിവിട്ടതെന്തിന്?
c) അന്ധമായി പിൻതുണച്ചവരെ കൂരിയായിൽ നിയമിക്കുകയും,
സത്യസന്ധമായി കാര്യങ്ങൾ നടക്കണമെന്ന് നിലപാട് എടുത്തവരെ പ്രതികാരബുദ്ധിയോടെ ശിക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?
d) "സ്നേഹത്തിന്റെ ഭാഷയിൽ ഇനി എല്ലാവരോടും സംസാരിക്കണം, സ്നേഹത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണം" എന്നൊക്കെ ക്യാമറയ്ക്ക് മുന്നിൽ നല്ലിടയനായി ഭംഗിയായി അഭിനയിച്ചിട്ട്, തന്റെ ആളുകളെ വച്ച് ഒരു പാർട്ടി ഓഫീസ് പിടിച്ചടക്കുന്നത് പോലെ അരമന പിടിച്ചടക്കി പ്രതികാരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്നതെന്തുകൊണ്ട്?
e) രൂപതക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ഉള്ള നിർദ്ദേശത്തിന്റെ മറവിൽ, ഭൂമാഫിയയുടെ താൽപര്യ സംരക്ഷണാർത്ഥം കോട്ടപ്പടി ഭൂമി വിൽക്കാൻ ശ്രമിക്കുന്നത് എന്തിന്?
ആഗസ്റ്റിലെ സിനഡിൽ റോമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ ഉണ്ടാവേണ്ടത്. പക്ഷെ, സത്യത്തോടൊപ്പമല്ല, സഭാദ്ധ്യക്ഷനൊപ്പമാണ് സിനഡ് ഇതുവരെ നിന്നിട്ടുള്ളത്. ആലഞ്ചേരി പിതാവിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒരു തീരുമാനവുമെടുക്കാൻ പെർമനന്റ് സിനഡോ ,സീറോ മലബാർ സിനഡോ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ, ഒരു വ്യക്തി സഭയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാനുള്ള വത്തിക്കാന്റെ വൈമനസ്യം ഉപയോഗപ്പെടുത്തി, റോമിന്റെ നിർദ്ദേശങ്ങളും അട്ടിമറിക്കപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ഒന്നുറപ്പ്: വത്തിക്കാൻ നിർദ്ദേശത്തിന്റെ മറവിൽ സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനും നീതിയെ അടിച്ചമർത്താനും ശ്രമിച്ചാൽ, സത്യത്തെയും ക്രിസ്തുവിനെയും സ്നേഹിക്കുന്നവർ പ്രതികരിക്കാതിരിക്കില്ല.
വാട്സ് ആപ്പ് മെസേജ്

Tuesday, June 25, 2019

New office bearers of All Kerala Church Act Action Council

   New office bearers of All Kerala Church Act Action Council
centre
Adv. Boris Paul (President)
Adv. Joseph Velivil (Secretary) 
 Prof. Philomina Joseph (Vice President) 

ഇനിയും കബളിപ്പിക്കപ്പെടാൻ തയ്യാറല്ല

(from a watts app group)

പ്രിയ സഹോദരങ്ങളേ,
                ഈ കാലഘട്ടത്തിൽ മതാധികാരത്തിന് ഇത്രമേൽ സ്വാധീനവും ശക്തിയുമുണ്ടെന്ന് കരുതിയിരുന്നില്ല. യേശുവിൻറെ ദാരുണമായ മരണം മതാധികാരത്തിൻറെയും രാഷ്ട്രീയാധികാരത്തിൻറെയും സമ്പന്നരുടെയും ഗൂഢാലോചനയുടെ ഫലമായിരുന്നു. ദൈവം അത് രക്ഷാകരമാക്കി അവരെയെല്ലാം പരാജയപ്പെടുത്തി. ഈ വിവാദവും ദൈവം ഇടപെട്ടു നിസ്സഹായരുടെ പക്ഷം ചേർന്ന് വിജയിപ്പിക്കും എന്നൊരു ഉറപ്പുണ്ട്. ഒരിക്കൽ കൂടി ഭൂമി വിവാദത്തിൻറെ നാൾ വഴികൾ അറിയാത്തവർക്കായിട്ടു വസ്തു നിഷ്ഠമായി അവതരിപ്പിക്കട്ടെ. വ്യാജരേഖ വിവാദം തെളിഞ്ഞു വന്നതിൻറെ കാരണവും നമുക്ക് മനസ്സിലാകും. വ്യാജമല്ല വിവാദരേഖയാണെന്ന് ബോധ്യമാകും 
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിവിവാദവും ധാര്‍മ്മികമായ വീഴ്ചകളും കേരളസമൂഹത്തിൽ  ചര്‍ച്ചാവിഷയമായപ്പോള്‍ അതിരൂപതയിലെ വൈദികരെയും സത്യാന്വേഷണത്തില്‍ പങ്കാളികളായ അത്മായരെയും സഹായ മെത്രാന്മാരെയും പ്രതിക്കുട്ടില്‍ നിര്‍ത്തുവാനുള്ള ശ്രമമാണ് മറ്റു പല രൂപതകളിലെയും ചില വൈദികരും സമര്‍പ്പിതരും അത്മായരും നടത്തിയത്. സത്യം എന്തെന്നറിയുവാന്‍ പോലും താല്‍പര്യമില്ലാതെ നടത്തിയ ഈ ശ്രമങ്ങളെയെല്ലാം വളരെ കൗതുകത്തോടെയും എന്നാല്‍ വളരെ വേദനയോടെയുമാണ് ഞങ്ങള്‍ കണ്ടത്.  സഭയുടെ അഭിമാനവും (ദുരഭിമാനം), വ്യക്തികളുടെ അധികാരവുമാണ്  സത്യത്തിന് സാക്ഷികളാകുന്നതിനേക്കാള്‍ പ്രധാനമെന്ന് വിളിച്ചോതുന്ന സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിച്ചതും പ്രചരിപ്പിച്ചതും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരോടൊപ്പം നിലകൊണ്ട അത്മായരും രണ്ടു സഹായ മെത്രാന്മാരും സഭയുടെ ഭാഗമല്ലായെന്ന രീതിയിലുള്ള അധിക്ഷേപങ്ങളാണ്, ചില വൈദികരുടെ പിന്‍ബലത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍, സഭാ സ്നേഹത്തിന്‍റെ മറവില്‍ ക്രിമിനല്‍ മനസ്സുള്ള ചില വ്യക്തികള്‍ - അത്മായരും വൈദികരും - നടത്തിയത്. കുറച്ചു പേര്‍ക്ക് സത്യമെന്തന്നറിയാമെങ്കിലും അവര്‍ നിശബ്ദരായിരിക്കാനുള്ള നിലപാടാണെടുത്തത്. സത്യമെന്തന്നറിയാത്ത കേരള സഭയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായര്‍ക്കും വേണ്ടിയാണ് ഈ കുറിപ്പ്.    മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സന്നിഹിതനായ അതിരൂപത ആലോചനാസമിതി യോഗത്തിന്‍റെയും സാമ്പത്തികകാര്യസമിതി യോഗത്തിന്‍റെയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് പ്രഥമമായും ഇത് തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സുദൃഢവും സുസ്ഥിരവുമായ സാമ്പത്തിക സ്ഥിതിയിന്മേല്‍ നടത്തിയ അപക്വവും ദൂരുഹവും അധാര്‍മ്മികവുമായ ഇടപെടലുകള്‍വഴി അതിരൂപതയ്ക്കുണ്ടായ തകര്‍ച്ച മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ വിശദീകരണം.
മെഡിക്കല്‍ കോളേജില്‍ തുടങ്ങുന്ന പ്രശ്നം: മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെ കാലത്ത് അതിരൂപതയുടെ പല വേദികളിലും ചര്‍ച്ച ചെയ്ത് വേണ്ടെന്ന് വച്ച മെഡിക്കല്‍ കോളേജ് സംരംഭം 2013 ഏപ്രില്‍ മാസം 22 ന് നടന്ന ആലോചനസമിതിയോഗത്തില്‍ വീണ്ടും അവതരിപ്പിച്ചു. തുടര്‍ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമറിയാക്കാമെന്ന കര്‍ദ്ദിനാളിന്‍റെ അഭിപ്രായത്തോടെ അന്നത്തെ ചര്‍ച്ച അവസാനിക്കുന്നു. അന്നു (2013 ഏപ്രില്‍ 22) തന്നെ നടന്ന സാമ്പത്തികകാര്യസമിതി യോഗത്തില്‍ മെഡിക്കല്‍ കോളേജിന് സ്ഥലം വാങ്ങുന്നതിനും പണിയുന്നതിനും വേണ്ടി 125 കോടി രൂപ ലോണ്‍ എടുക്കാന്‍ തീരുമാനിക്കുന്നു. 2013 ആഗസ്റ്റ് 2 ന് കൂടിയ സാമ്പത്തിക കാര്യ സമിതിയോഗത്തില്‍ കേരള സര്‍ക്കാരില്‍ നിന്നും എന്‍ ഒ സി. കിട്ടിയ കാര്യം അന്നത്തെ പ്രോക്കുറേറ്റര്‍ (ഫാ. മാത്യു മണവാളന്‍) അറിയിക്കുന്നു. 20 ഏക്കര്‍ വാങ്ങുന്നതിന് ധാരണയായതായി അറിയിക്കുന്നു.
                2014 ഏപ്രില്‍ 7 ന് നടന്ന ആലോചന സമിതിയോഗത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടാവുകയും സമയബന്ധിതമായി മെഡിക്കല്‍ കോളേജിനുവേണ്ടി ഭൂമി വാങ്ങണമെന്ന് കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിക്കുകയും ആലോചനസമിതി യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. 2015 മാര്‍ച്ച 31 ന് കൂടിയ സാമ്പത്തികകാര്യസമിതി യോഗത്തില്‍ മറ്റുര് 23.22 ഏക്കര്‍ സ്ഥലം വാങ്ങാന്‍ റെഡിയാണെന്നും 2015 ഏപ്രില്‍ മാസം രജിസ്റ്റര്‍ ചെയ്യാമെന്നും പുതിയ പ്രോക്കുറേറ്റര്‍ ഫാ. ജോഷി പുതുവ അറിയിക്കുന്നു. ആകെ 58.20 കോടി രൂപയുടെ ലോണ്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു.
                2015 ഡിസംബര്‍ 2 ന് കൂടിയ ആലോചന സമിതിയോഗത്തില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതി രൂപീകരണവും വിശദമായ പഠനവും ഉണ്ടാവണമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അന്നു തന്നെ (2015 ഡിസംബര്‍ 2) കൂടിയ സാമ്പത്തികകാര്യസമിതി യോഗത്തില്‍ 23.19 ഏക്കര്‍ സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തെന്നും ആകെ വന്ന ചിലവ് 59.90325 കോടി രൂപയാണെന്നും ഫാ.ജോഷി അറിയിക്കുന്നു. അതിരൂപതയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് പ്രോക്കുറേറ്റര്‍ പറഞ്ഞു. സ്ഥലം വില്‍ക്കുന്നതിന് സമിതി എതിരായിരുന്നെങ്കിലും പ്രശ്നപരിഹാരമായി താഴെ പറയുന്ന സ്ഥലങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ വില്‍ക്കാന്‍ ധാരണയായി. വരന്തരപ്പിള്ളി, കുണ്ടന്നൂര്‍, പൂക്കാട്ടുപടി, അബ്ദേകര്‍ സ്റ്റേഡിയത്തിനു സമീപമുള്ള സ്ഥലം. ഈ സ്ഥലങ്ങള്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ കളമശ്ശേരിയിലുള്ള സ്ഥലം വില്‍ക്കുക. ഫാ. ജോഷിയെ സ്ഥല വില്‍പനക്ക് സഹായിക്കാന്‍ മി. ജേക്കബ്ബ് മാപ്പിളശ്ശേരിയെയും മി. പി.പി. സണ്ണിയെയും സമിതി ചുമതലപ്പെടുത്തി. തുടര്‍ന്നു നടന്ന സാമ്പത്തിക കാര്യസമിതിയോഗത്തില്‍ വില്‍പനയ്ക്കായുള്ള സ്ഥലങ്ങളുടെ മറ്റൊരു ലിസ്റ്റ് പ്രൊക്കുറേറ്റര്‍ അവതരിപ്പിച്ചു. കുണ്ടന്നൂര്‍, മരട്, നിലംപതിഞ്ഞമുകള്‍, കരുണാലയം, തൃക്കാക്കര 2 സ്ഥലങ്ങള്‍,കളമശ്ശേരി, വരന്തരപ്പിള്ളി, അബ്ദേകര്‍ സ്റ്റേഡിയത്തിനടുത്തുള്ള സ്ഥലം, മറ്റൂര്‍ - ഈ സ്ഥലങ്ങള്‍ വിറ്റു സാമ്പത്തിക ഭാരം കുറയ്ക്കുക. സ്ഥലങ്ങളുടെ രേഖകള്‍ ശരിയായിട്ടില്ലായെന്ന് അറിയിക്കുന്നു. 2016 മാര്‍ച്ച് 18 ന് നടന്ന സാമ്പത്തികകാര്യസമിതി യോഗത്തില്‍ കര്‍ദ്ദിനാളിന്‍റെ നിര്‍ദ്ദേശപ്രകാരം സ്ഥലവില്‍പനയുടെ ഉത്തരവാദിത്വം ഫാ. ജോഷിയെ ഏല്‍പിക്കുന്നു. രേഖകള്‍ ഉള്ള സ്ഥലങ്ങള്‍ വില്‍ക്കാനുള്ള അനുവാദവുംകൊടുക്കുന്നു.
2016 ജൂലൈ 6 ന് കൂടിയ ആലോചന സമിതിയോഗത്തില്‍ അതിരൂപതയ്ക്ക് 68 കോടിയുടെ ബാധ്യതയുണ്ടെന്നുപറയുന്നു.  അത് മറികടക്കാന്‍ വെറെ 5 സ്ഥലങ്ങള്‍ വില്‍ക്കുന്ന കാര്യം അവതരിപ്പിക്കുന്നു. സീപോര്‍ട്ട്- എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് തൃക്കാക്കരയുള്ള സ്ഥലം, ഭാരതമാത കോളേജിന് എതിര്‍വശത്തുള്ള സ്ഥലം,  കരുണാലയത്തോടു ചേര്‍ന്നുള്ള സ്ഥലം, നിലംപതിഞ്ഞമുകളിലുള്ള സ്ഥലം, മരടിലുള്ള സ്ഥലം. മുകളില്‍ പറഞ്ഞ സ്ഥലം മുഴുവന്‍ ഒരാള്‍ (സാജൂ വര്‍ഗ്ഗീസ്?) വാങ്ങാമെന്നേറ്റിട്ടുള്ളതുകൊണ്ട്സെന്‍റിന് 9 ലക്ഷം രൂപ വെച്ച് കൊടുക്കാവുന്നതാണെന്നഭിപ്രായപ്പെടുന്നു. 
                2016 ജൂണ്‍ മാസം 15 ന് കൂരിയ മീറ്റിംഗില്‍ എടുത്ത തീരുമാനമായിട്ട് 6 സ്ഥലങ്ങള്‍ സെന്‍റിന്9.05 ലക്ഷത്തില്‍ താഴെയല്ലാത്ത വിലയ്ക്ക് വില്ക്കുവാന്‍ ഫാ. ജോഷിയെ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധികാരപ്പെടുത്തുന്നു. പ്രസ്തുത സ്ഥലങ്ങള്‍ വില്‍ക്കുവാനായി ഫാ. ജോഷി ശ്രീ. അജാസിനെ (വീ.കെ. ഏജന്‍സീസ്) കത്തുവഴി അധികാരപ്പെടുത്തുന്നു. ഇതിനു ശേഷമാണ് ആലോചനസമിതിയോഗത്തില്‍ സ്ഥലവില്‍പ്പനെയെക്കു റിച്ച് 2016 ജൂലൈ 6ന് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 2016 സെപ്റ്റംബര്‍ 1 മുതല്‍ സ്ഥലങ്ങളുടെ വില്‍പനകള്‍ നടക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് യാതൊരു വിവരവും അതിനുശേഷം നടന്ന സാമ്പത്തിക കാര്യസമിതിയില്‍ അറിയിക്കുന്നില്ല. ഈ സ്ഥലങ്ങളുടെ വില്‍പനയാണ് അതിരൂപതയ്ക്ക് സാമ്പത്തികമായ കനത്ത നഷ്ടം ഉണ്ടാക്കിയതും കള്ളപ്പണ ഇടപാടുകളില്‍ മെത്രാപ്പോലീത്തായും ഫാ. ജോഷിയും സംശയത്തിന്‍റെ നിഴലില്‍ വരുന്നതും.
                2017 മാര്‍ച്ച് 9 ന് കൂടിയ സാമ്പത്തിക കാര്യസമിതിയോഗത്തില്‍ അതിരൂപതയുടെ സാമ്പത്തിക ബുദ്ധിമുട്ട് തരണം ചെയ്യാന്‍ വീണ്ടും പുതിയ ചില നിര്‍ദ്ദേശങ്ങള്‍ പ്രൊക്കുറേറ്റര്‍ വയ്ക്കുന്നു. പെരുമാനൂര്‍, കുണ്ടന്നൂര്‍, സ്റ്റേഡിയത്തിന് അടുത്തുള്ള സ്ഥലം, നൈപൂണ്യ സ്കൂളിന് എതിര്‍വശത്തുള്ള സ്ഥലം തുടങ്ങിയവ കോട്ടപ്പടിയില്‍ കണ്ടെത്തിയ (ആര് കണ്ടെത്തി?) 70 ഏക്കര്‍ സ്ഥലവുമായി വച്ച് മാറുക. അതിനു ശേഷം ഈ 70 ഏക്കര്‍ സ്ഥലം സെന്‍റിന് 1.50 ലക്ഷം രൂപയ്ക്ക് മറിച്ചു വില്‍ക്കുക (ഇതിനെയല്ലെ റിയല്‍ എസ്റ്റേറ്റ് എന്ന് വിളിക്കുക). ഒരാള്‍ (സാജു വര്‍ഗ്ഗീസ്?) വാങ്ങാന്‍ തയ്യാറായി വന്നിട്ടുണ്ട്. വളരെ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം സമിതിയംഗങ്ങള്‍ വച്ച നിര്‍ദ്ദേശം ഇതാണ്. -70 ഏക്കറിനെകുറിച്ച് വിശദമായ അന്വേഷണത്തിനു ശേഷം നമുക്ക് എക്സ്ചെയ്ഞ്ച് ചെയ്യുകയോ അല്ലെങ്കില്‍ നമ്മുടെ തന്നെ സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്ക് കൊടുക്കുകയോ ചെയ്യാവുന്നതാണ്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം വിചിത്രമെന്ന പോലെ ഈ 70 ഏക്കര്‍ വില്‍ക്കുന്നതിന് ഒരു പത്രവാര്‍ത്ത തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് പ്രൊക്കുറേറ്റര്‍ തന്നെ പറയുകയും ആ വാര്‍ത്ത  വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു.
ഇനി നമ്മള്‍ ശ്രദ്ധിക്കണം - ഇതിനു മുന്‍പ് തന്നെ 2017 ഫെബ്രുവരി മാസം 22 ന് ദേവികുളത്ത് 17ഏക്കര്‍ സ്ഥലം അതിരൂപതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മീറ്റിംഗിലും ഈ വിവരം ചര്‍ച്ച ചെയ്തിട്ടില്ല. 2017 ഏപ്രില്‍ 7 ന് കോട്ടപ്പടിയില്‍ 25 ഏക്കര്‍ സ്ഥലം അതിരൂപതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മീറ്റിംഗിലും ചര്‍ച്ച ചെയ്തിട്ടില്ല.
                2017 ഏപ്രില്‍ മാസത്തില്‍ നടന്ന ആലോചനസമിതിയോഗത്തില്‍ അതിരൂപത എവിടെയെങ്കിലും ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യം ഉന്നയിച്ചപ്പോള്‍ ڇഇല്ല ڈഎന്നായിരുന്നു മെത്രാപ്പോലീത്തായുടെയും പ്രൊക്കുറേറ്ററുടെയും മറുപടി എന്ന് ചോദ്യകര്‍ത്താവ് തന്നെ വൈദിക സമിതിയില്‍ അറിയിക്കുകയുണ്ടായി. ആ യോഗത്തിന് മൂന്നു ദിവസത്തിനു ശേഷം കോട്ടപ്പടിയില്‍ (കോതമംഗലം) 25 ഏക്കര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു വാങ്ങിയെന്നതാണ് പിന്നീട് അറിയുന്നത് . തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആ സ്ഥലത്ത് This property belongs to the Archdiocese of Ernakulam for Hospital Project എന്ന ബോര്‍ഡ് കാണുന്നതും അതിരൂപത വൈദികകൂട്ടായ്മയുടെ വാട്ട്സ്  ആപ്പ് ഗ്രൂപ്പില്‍ അതിന്‍റെ ഫോട്ടോ ഇടുന്നതും. അതിന്‍റെ വെളിച്ചത്തിലാണ് വൈദികരുടെ കൊയിനോനിയ സമ്മേളനത്തില്‍ (2017 സെപ്റ്റംബര്‍ 19-20, 26-27) ഈ സ്ഥലത്തെക്കുറിച്ച് മെത്രാപ്പോലീത്തായോട് വൈദികര്‍ ചോദിച്ചതും അദ്ദേഹം വ്യക്തമായ മറുപടി പറയാതെ പ്രൊക്കുറേറ്ററച്ചന്‍ പറയുമെന്ന് പറഞ്ഞ് സമ്മേളനത്തില്‍ നിന്നും പോകുന്നതും. പ്രൊക്കുറേറ്ററിനോട് ചോദിച്ചപ്പോള്‍ ഉണ്ടായ രൂക്ഷമായ പ്രതികരണമാണ് ഇതിന്‍റെ പിന്നില്‍ എന്തോ ദൂരൂഹതകള്‍ ഉണ്ടല്ലൊയെന്ന് അച്ചന്മാരെ ചിന്തിപ്പിച്ചത്. തുടര്‍ന്ന് കുറച്ച് വൈദികരുടെ നേതൃത്വത്തില്‍ വസ്തുതകുളും സത്യവും തേടിയുള്ള യാത്രയായിരുന്നു. ആ അന്വേഷണമാണ് സ്ഥലം വാങ്ങിയതിന്‍റെ മാത്രമല്ല സ്ഥലം അനധികൃതമായി വിറ്റതിന്‍റെ വിവരങ്ങളും ലഭ്യമാകുന്നതിന് കാരണമായത്.
                2017 സെപ്റ്റംബര്‍ 13 ന് കൂടിയ സാമ്പത്തിക കാര്യസമിതിയോഗത്തില്‍ പ്രൊക്കുറേറ്റര്‍ അറിയിക്കുന്നു - സെന്‍റിന് 9.05 ലക്ഷം വച്ചു 5 സ്ഥലങ്ങളുടെ വില്‍പന ഏതാണ്ട് പൂര്‍ത്തിയായി. അതു വഴി നമുക്ക് 26 കോടി രൂപ ലഭിച്ചു. അവര്‍ 8 കോടി രൂപ നമ്മുടെ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. നമുക്ക് കിട്ടാനുള്ള 18 കോടി രൂപ തരാമെന്നും ഏറ്റിട്ടുണ്ട്. എന്നാല്‍ സെന്‍റിന് 4.47 ലക്ഷം വച്ചാണ് കിട്ടിയിട്ടുള്ളതെന്ന് വില്‍പന രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. രേഖകള്‍ പ്രകാരം 13,51,44260 രൂപയാണ് കാണുന്നത്. ബാക്കി തുക കള്ളപ്പണമാണല്ലൊ. അത് ലഭിച്ചോ? വീണ്ടും പ്രൊക്കുറേറ്റര്‍ പറയുന്നത് കേള്‍ക്കുക: കോട്ടപ്പടിയില്‍ സ്ഥലം വാങ്ങാന്‍ നമ്മള്‍ അഡ്വാന്‍സ് കൊടുത്തെങ്കിലും (സ്ഥലം വാങ്ങാന്‍ പത്രവാര്‍ത്ത തടസ്സമാണെന്ന് 2017 മാര്‍ച്ച് 9 ന് പറഞ്ഞയാളാണ് പ്രൊക്കുറേറ്റര്‍.  അപ്പോള്‍ ആരു പറഞ്ഞിട്ട് അഡ്വാന്‍സ് കൊടുത്തു?) ആ വില്‍പന നടന്നില്ല.               
അതിരൂപത ബാധ്യതയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും അതിരൂപതയ്ക്ക് പുറത്ത് സ്ഥലം വാങ്ങാന്‍ശ്രമിച്ചത് എന്തിനാണ്? (ശ്രദ്ധിക്കണം - ഏപ്രില്‍ മാസത്തില്‍ കോട്ടപ്പടിയില്‍ രജിസ്റ്റര്‍ ചെയ്ത 25ഏക്കര്‍ സ്ഥലത്തെക്കുറിച്ച് മിണ്ടുന്നില്ല - അറിയാവുന്നവര്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മാത്രം). സ്ഥല വില്‍പന നടക്കാതെ പോയതിന് പരിഹാരമായിട്ട് 5 ഏക്കര്‍ സ്ഥലം അതിരൂപതയ്ക്ക് സമ്മാനമായി എഴുതി തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അറിയിക്കുന്നു (സ്ഥലം തന്നോ അതോ അഡ്വാന്‍സ് തിരിച്ചു തന്നോ?). ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ അവശേഷിക്കുന്നു. വളരെ വിചിത്രവും ദുരൂഹവുമായ ഈ പശ്ചാത്തലത്തിലാണ് അനധികൃതമായ വില്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച വൈദികര്‍ എല്ലാ ഫൊറോന വികാരിമാരെയും അറിയിച്ച് ഓരോ ഫൊറോനയില്‍ നിന്നും രണ്ടോ മുന്നോ പേര്‍ വച്ച് യോഗം കൂടി വിശദമായ ചര്‍ച്ച നടത്തിയത്. ആ സമ്മേളനത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 22 വൈദികര്‍ മെത്രാപ്പോലീത്തായുമായി 2017 നവംബര്‍ 6 ന് കൂടികാഴ്ച്ച നടത്തി. ആ യോഗത്തിനു മുന്‍പ് ദേവികുളത്ത് സ്ഥലം വാങ്ങിയതിന്‍റെ രേഖയും അവര്‍ക്ക ലഭിച്ചു. (ഈ വിവരം വൈദകിര്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് കര്‍ദ്ദിനാളും ഫാ.ജോഷിയും, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടനും ഒഴികെ ആര്‍ക്കും അറിയില്ല). സാമ്പത്തികമായ പ്രശ്നങ്ങളെല്ലാം നവംബര്‍ 30 ന് പരിഹരിക്കുമെന്ന് ആ യോഗത്തില്‍ വച്ച് മെത്രാപ്പോലീത്ത ഉറപ്പ് നല്‍കി. ബാക്കി തുക സാജു വര്‍ഗ്ഗീസിന്‍റെ അടുത്തുനിന്നും കിട്ടുമെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു. സാജു വര്‍ഗ്ഗീസ് എന്ന ഇടനിലക്കാരന്‍  Fraud ആണെന്ന് കര്‍ദ്ദിനാളിനെ അറിയിച്ചപ്പോള്‍ കര്‍ദ്ദിനാളിന്‍റെ മറുപടി ഇതായിരുന്നു, “he is reliable”
വൈദീകർ സമര്‍പ്പിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ 2017 നവംബര്‍ 7 ന് വിളിച്ചു ചേര്‍ത്ത സാമ്പത്തികകാര്യ സമിതിയോഗത്തില്‍ "പുതിയ വെളിപ്പെടുത്തലുകളു"മായി പ്രൊക്കുറേറ്റര്‍ വരുന്നു. കോട്ടപ്പടി യില്‍ 25 ഏക്കറും ദേവികുളത്ത് 17 ഏക്കറും വാങ്ങിയെന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. Archdiocesan Institutes’ Central Office (AICO) പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 10 കോടി രൂപ ലോണെടുത്ത വിവരവും (അതിന്‍റെ ചെയര്‍മാന്‍ മാര്‍ എടയന്ത്രത്ത് അറിയാതെ) അറിയിക്കുന്നു. ഈ രണ്ടു സ്ഥലം വാങ്ങിയതും ലോണെടുത്തതും സാമ്പത്തികകാര്യ സമിതിയിലൊ, ആലോചനസമിതിയിലൊ അറിയിച്ചില്ലായെന്നുള്ള കുറ്റസമ്മതം ആലോചനസമിതിയില്‍ നടത്തുന്നു.(കര്‍ദ്ദിനാള്‍ അറിയിക്കണ്ടായെന്നു പറഞ്ഞതുകൊണ്ടാണ് സഹായമെത്രാന്മാരോട് പറയാതിരുന്നതെന്ന് പി. ഒ. സി. യില്‍ കൂടിയ പ്രശ്ന പരിഹാരം കണ്ടെത്താനുള്ള യോഗത്തില്‍ വച്ച് സമ്മതിക്കുന്നു). അതിരൂപതയ്ക്ക് കിട്ടാനുള്ള പണത്തിനായി മി. സാജു വര്‍ഗ്ഗീസ് (കര്‍ദ്ദിനാള്‍ പരിചയപ്പെടുത്തി കൊടുത്ത ഇടനിലക്കാരന്‍) മുകളില്‍ പറഞ്ഞ രണ്ടു സ്ഥലങ്ങളും വിറ്റ്, അതില്‍ നിന്നും ലഭിക്കുന്ന പണം നവംബര്‍ 30 ന് മുമ്പ് ബാങ്കില്‍ നിക്ഷേപിക്കുമെന്ന ഉറപ്പും സമിതിയംഗങ്ങള്‍ക്കു നല്‍കുന്നു.
നമ്മള്‍ ഇവിടെ ശ്രദ്ധിക്കണം - കോട്ടപ്പടിയില്‍ സ്ഥലം വാങ്ങാന്‍ അതിരൂപത 6 കോടി രൂപ ലോണെടുത്തിരിക്കുന്നു. കൂടാതെ 9.38 കോടി രൂപ അഡ്വാന്‍സ് നല്‍കിയതായും കാണുന്നു. ദേവികുളത്ത് 17 ഏക്കര്‍ സ്ഥലം വാങ്ങാന്‍ അതിരൂപത അക്കൗണ്ടില്‍ നിന്നും 25 ലക്ഷം രൂപ കൊടുത്തിരിക്കുന്നു. ആ സ്ഥലങ്ങള്‍ സാജൂ വര്‍ഗ്ഗീസ് വിറ്റ് അതിരൂപതയുടെ കടം വീട്ടുമെന്ന് പ്രൊക്കുറേറ്റര്‍ പറയുന്നു. എല്ലാവരും ഏറ്റവും നല്ല തമാശപോലെ കേട്ടിരിക്കുന്നു.
അതിരൂപതയിലെ വൈദികര്‍ പുറത്തു കൊണ്ടുവന്ന വസ്തുതകളുടെ വെളിച്ചത്തില്‍ 2017 നവംബര്‍ 9 ന് ആലോചന സമിതിയോഗം വിളിക്കുന്നു. പ്രൊക്കുറേറ്റര്‍ ആലോചനാസമിതിയോഗത്തില്‍ കൊടുക്കന്ന വിശദീകരണം ശ്രദ്ധിക്കണം. നൈപുണ്യയുടെ എതിര്‍വശത്തും, ഭാരതമാതായുടെ അടുത്തും കരുണാലയത്തിനു സമീപവും, നിലം പതിഞ്ഞ മുകളിലുള്ളതും, മരടിലുള്ളതുമായ സ്ഥലങ്ങള്‍ക്ക് ശരിയായ രേഖകളില്ലായെന്ന് അദ്ദേഹം പറയുന്നു. ഈ സ്ഥലങ്ങളുടെ വില്പനയെല്ലാം 1-09-2016 മുതല്‍ 16-08-2017 വരെയുള്ള കാലയളവില്‍ കഴിഞ്ഞതാണെന്നോര്‍ക്കണം. ഈ സ്ഥലങ്ങളെല്ലാം സാജൂവര്‍ഗ്ഗീസ് എന്ന വ്യക്തിക്ക് കൊടുത്തുവെന്നും അയാള്‍ തരാനുള്ള 27കോടിരൂപയില്‍ 8.95 കോടി രൂപ അതിരൂപതയ്ക്ക് നല്‍കിയെന്നും ബാക്കി തരാനുള്ള 18 കോടി രൂപയ്ക്ക് ഈടായി ദേവികുളത്തുള്ള 17 ഏക്കര്‍ സ്ഥലം അതിരൂപതയുടെ പേരില്‍ താല്ക്കാലികമായി എഴുതി തന്നെന്നും അറിയിക്കുന്നു. തരാനുള്ള തുക തന്നു കഴിയുമ്പോള്‍ ഈ സ്ഥലം സാജുവിന് തിരിച്ചു കൊടുക്കുമെന്നും പറയുന്നു. സാമ്പത്തിക കാര്യസമിതിയിലെ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്ന വളരെ വിചിത്രമായ കാര്യം ശ്രദ്ധിക്കുക - സാജു അതിരൂപതയ്ക്ക് തരാനുള്ള 18 കോടി രൂപ തരാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് കോട്ടപ്പടിയിലുള്ള 20 ഏക്കര്‍ സ്ഥലം അദ്ദേഹം എടുക്കുകയും  5 ഏക്കര്‍ അതിരൂപതയ്ക്ക് ദാനം ചെയ്യുകയും മുഴുവന്‍ തുകയും നമുക്ക് തരികയും ചെയ്യുമെന്ന്. നവംബര്‍ 30 ന് മുന്‍പ് സാജു മുഴുവന്‍ തുകയും തരുമെന്ന് പ്രോക്കുറേറ്റര്‍ വാക്കു പറയുന്നു. അടുത്ത വിചിത്രമായ കാര്യം ഇതാണ്. സാജു മുഴുവന്‍ തുകയും തന്നു കഴിയുമ്പോള്‍ കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 17 ഏക്കറും സാജുവിന്‍റെ പേരില്‍ എഴുതി കൊടുക്കണം. ഇതെന്തു കച്ചവടമാണെന്ന് ചോദിക്കാന്‍ ആരുമില്ലാതെ പോയല്ലൊയെന്നാണ് സങ്കടം.
വൈദികരുടെ ആവശ്യപ്രകാരവും ഫൈനാന്‍സ് കൗണ്‍സിലിന്‍റെ തീരുമാന പ്രകാരവും മി. സി. എം. ജോസഫ്,  മി. സി. വി. അലക്സാണ്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി സാമ്പത്തിക കാര്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കുന്നു.  2017 നവംബര്‍ 29 ന് കൂടിയ വൈദിക സമിതിയോഗത്തില്‍ മി. ജോസഫ് താല്‍കാലിക റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു
. അതിരൂപതയില്‍ സാമ്പത്തികമായ അച്ചടക്കമില്ലായെന്നും സാമ്പത്തികമായ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. തുടര്‍ന്ന് വൈദിക  സമിതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത്, കര്‍ദ്ദിനാള്‍ മൂന്നു വൈദികരെയും മൂന്നു അത്മായരെയും ഉള്‍പ്പെടുത്തി ആറംഗ സമിതിയെ ഈ പ്രശ്നം പഠിക്കാന്‍ നിയമിക്കുകയാണ്. അവരോട് എത്രയും പെട്ടെന്ന് interimറിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശം വയ്ക്കുകയാണ്.
ഡിസംബര്‍ 15 ന് കര്‍ദ്ദിനാളിന്‍റെ അസാന്നിദ്ധ്യത്തില്‍ (അദ്ദേഹം ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടു.) അദ്ദേഹത്തിന്‍റെ അനുമതിയോടെ വൈദിക സമിതിയോഗം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്‍റെയും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിന്‍റെയും സാന്നിദ്ധ്യത്തില്‍ കൂടുകയാണ്. കമ്മിറ്റിയുടെ കണ്‍വീനര്‍ interim റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. കാനന്‍ നിയമ ലംഘനങ്ങളും സിവില്‍ നിയമ ലംഘനങ്ങളും നടന്നിട്ടുള്ളതായും സമിതികളെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതായും അതിരൂപതയിലെ സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചതായും കണ്ണായ സ്ഥലങ്ങള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉടനെ വൈദിക സമ്മേളനം വിളിച്ചുകൂട്ടാനും ഈ വിവരങ്ങള്‍ അതിരൂപത വൈദകിരെ അറിയിക്കാനും വൈദിക സമിതി ആവശ്യപ്പെടുന്നു. കര്‍ദ്ദിനാളുമായി ആലോചിച്ച് വേണ്ടതു ചെയ്യാമെന്ന് വികാരി ജനറാള്‍ അറിയിക്കുന്നു.
2017 ഡിസംബര്‍ 16 രാത്രിയിലാണ് രൂപതയ്ക്കു പുറത്തുള്ള ചില വ്യക്തികളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ എറണാകുളം അതിരൂപതയിലെ വൈദികരെ അധിക്ഷേപിച്ചുകൊണ്ടും മാര്‍ ആലഞ്ചേരിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന് തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും ഭൂമിവിവാദം ചര്‍ച്ചാ വിഷയമാക്കിയത്. നുണകള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോഴും മെത്രാപ്പോലീത്താ നിശ്ബ്ദത പാലിച്ചതുകൊണ്ട് സത്യം എന്തെന്ന് അറിയിക്കുക അതിരുപതയിലെ വൈദികരുടെ ബാധ്യതയായി. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ നിരന്തരമായ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ ബാധ്യസ്ഥരുമായി. അങ്ങനെയാണ് ഈ വിഷയം പൊതുജന മധ്യത്തില്‍ കൂടുതല്‍ ചര്‍ച്ചയായത്. കേരളസമൂഹം മുഴുവന്‍ തന്നെ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴും ഇതിലുണ്ടായ വിഴ്ച്ചകളെക്കുറിച്ചോധാര്‍മ്മികമായ തന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ചോ ഒരു വാക്ക് ഉരിയാടാന്‍ സന്നദ്ധനാകാതെ സ്വയം സംരക്ഷണവലയം തീര്‍ക്കാന്‍ സമൂഹത്തില്‍ യാതൊരു ബഹുമാനവും അര്‍ഹിക്കാത്ത വ്യക്തികള്‍ രംഗത്ത് വന്ന് മെത്രാപ്പോലീത്തായുടെ മൗനാനുവാദത്തോടെ അഴിഞ്ഞാടുകയായിരുന്നു. ഇത് നമ്മള്‍ തിരിച്ചറിയാതെ പോകരുത്.
വൈദികസമിതിയുടെ നിര്‍ദ്ദേശപ്രകാരം, കര്‍ദ്ദിനാളിന്‍റെ അനുമതിയോടെ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രിസ്ബിറ്റേരിയം 2017 ഡിസംബര്‍ 21  ന് വിളിച്ചു കൂട്ടി. പ്രിസ്ബിറ്റേരിയം വിളിച്ചുകൂട്ടാനുള്ള അനുവാദം നല്‍കികൊണ്ടുള്ള മാര്‍ ആലഞ്ചേരിയുടെ കത്ത് വായിക്കുകയും ആ കത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ വൈദിക സമിതിയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നുനും ഉത്തരമില്ലായിരുന്നു. മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ തന്‍റെ ഭാഗത്തുനിന്നുണ്ടായ ഗൗരവതരമായ വീഴ്ച്ച സമ്മതിക്കുകയും വൈദിക സമ്മേളനത്തില്‍ മാപ്പ് പറയുകയും ചെയ്തു. പ്രോക്കുറേറ്റര്‍ തന്‍റെ ഭാഗത്തുനിന്നും വിഴ്ചകളുണ്ടായത് സമ്മതിച്ച് മാപ്പ് ചോദിച്ചെങ്കിലും വൈദിക സമ്മേളനത്തില്‍ കൂരിയയെയും പ്രത്യേകിച്ച് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെയും വെല്ലുവിളിച്ച് സംസാരിക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് കൂരിയയില്‍ ഉണ്ടായ കാര്യങ്ങള്‍ തുറന്നുപറയാന്‍ നിര്‍ബ്ബന്ധിതനായി.
മാര്‍ ആലഞ്ചേരി പിതാവ് 2018 ജനുവരി 4 ന് വൈദിക സമിതി വിളിച്ചുകൂട്ടിയത് അദ്ദേഹം നിയമിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. റിപ്പോര്‍ട്ടിലൂടെ പല സത്യങ്ങളും പുറത്ത് വരുമെന്നതുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നതുപോലെ, വൈദിക സമിതിയില്‍ പങ്കെടുക്കാതിരിക്കാന്‍ വേണ്ടി മൂന്നു അത്മായര്‍ തന്നെ തടഞ്ഞു വച്ചിരിക്കുകയാണെന്ന നാടകം കളിച്ചത് കേരളസമൂഹം മനസ്സിലാക്കിയതാണ്. വൈദിക സമിതിയോഗം അന്നു കൂടാനായില്ല. എന്നാല്‍ പിറ്റെദിവസം അന്വേഷണ കമ്മിറ്റിയംഗങ്ങള്‍ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിനെ നേരില്‍ കണ്ടു സമര്‍പ്പിച്ചു.
വീണ്ടും ജനുവരി 30 ന് വൈദിക സമിതിയോഗം വിളിച്ചുകൂട്ടുകയുണ്ടായി. അന്നും ഏകദേശം ഒന്നരമണിക്കൂറിനുശേഷം വേറെ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞും താന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടില്ലെന്നു പറഞ്ഞും യോഗത്തില്‍ നിന്നും ഇറങ്ങി പോയി. വൈദികസമിതി, ആലോചനസമിതി, സാമ്പത്തികസമിതി, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്റേറിയം എന്നിവയുടെ യോഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പലവട്ടം കൂടിയെങ്കിലും, ഇവയിലൊന്നിലും സാമ്പത്തിക അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പോ പ്രോക്കുറേറ്ററോ തയ്യാറായില്ല. സിറോമലബാര്‍ സഭാസിനഡിനോട് ഉചിതമായ പരിഹാരം കണ്ടെത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല,  പ്രശ്നങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമം സിനഡിലെ ചില അംഗങ്ങള്‍ നടത്തുകയും ചെയ്തു. അതോടെ അതിരൂപതയില്‍  സംഘര്‍ഷം മുറുകുകയും സിവില്‍ കോടതിയില്‍ കേസുവരികയും, ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടകത്തണമെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് മേജര്‍ ആര്‍ച്ച് ബിഷ്പ്പ് അന്വേഷണത്തിന് വിധേയനാകണമെന്ന് അതിരൂപതയിലെ വൈദികരും അത്മായരും ആവശ്യപ്പെട്ടത്.
കത്തോലിക്കാ സഭയ്ക്ക് മുഴുവന്‍ ഈ വിഷയം ഹാനികരമായ പശ്ചാത്തലത്തിലും, ഇതരസമൂഹങ്ങള്‍ക്ക് മുമ്പില്‍ എതിര്‍സാക്ഷ്യത്തിന് കാരണമായതിനാലും, കേരള കത്തോലിക്കാ മെത്രാന്‍ സമിതി അദ്ധ്യക്ഷനായ ലത്തീന്‍ സഭയിലെ ആ.ര്‍ച്ച്ബിഷപ്പ് സൂസയ്പാക്യവും,ഭാരതമെത്രാന്‍ സമിതിയുടെ മുന്‍ അദ്ധ്യക്ഷനായ മലങ്കരസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസും മുന്‍കൈയ്യെടുത്ത് അതിരൂപതയിലെ വൈദികരും, വിശ്വാസികളും ഉന്നയിച്ച ഭൂമിയിടപാടിലെ ധാമ്മികവും, നിയമപരവുമായ പ്രശ്നങ്ങള്‍ക്ക് നീതിയുക്തവും, സത്യസന്ധവുമായ പരിഹാരം കാണാനുള്ള മദ്ധ്യസ്ഥശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഭൂമി ഇടപാടില്‍ വെറും "സാങ്കേതികപിഴവു" മാത്രമല്ല ധാമ്മിക അപചയങ്ങളും സംഭവിച്ചിട്ടുണ്ടെന്ന്  ഈ യോഗത്തിലാണ് ഇതാദ്യമായി മാര്‍ ആലഞ്ചേരി സമ്മതിച്ചത്. എങ്കിലും ഭൂമി വിവാദവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇപ്പോഴും ദൂരൂഹതയില്‍ തുടരുകയും, ഉത്തരം കിട്ടാതിരിക്കുകയും ചെയ്യുന്നു. അന്വേഷണകമ്മീഷന്‍റെ കണ്ടെത്തലുകളുടെയും, പിന്നീട് ലഭ്യമായ ചില രേഖകളുടെയും വെളിച്ചത്തില്‍ മാര്‍ ആലഞ്ചേരിയുടെ കുറ്റസമ്മതത്തെക്കുറിച്ച് ഗൗരവമായ സംശയങ്ങള്‍ നിലനില്ക്കുന്നു.
                തന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ മാര്‍ ആലരേരി ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ അത് പ്രശ്നപരിഹാരത്തിനുള്ള ആദ്യപടിയായി കരുതാമെന്ന്  വൈദിക സമിതിഅംഗങ്ങള്‍ 2018 മാര്‍ച്ച് 24ന് കൂടിയ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വിശുദ്ധവാരത്തിന്‍റെ പടിക്കല്‍ എത്തി നില്ക്കുന്ന സാഹചര്യത്തില്‍  ഇത് ജനങ്ങള്‍ക്ക്  ഒരു നല്ല സമ്പേശമായിരിക്കുമെന്നും  പ്രശ്നപരിഹാരത്തിനു തുടക്കമായി എന്ന്  മന്ന ുമെത്രാന്മാരുടെയും ഒരു സംയുക്ത പ്രസ്താവന കൊടുക്കാനും തീരുമാനമായി.
                എന്നാല്‍ സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും സന്യാസസഭകളിലെ  മേജര്‍ സൂപ്പീരിയര്‍മാര്‍ക്കും,സഭയിലെ ഭൂമിവിവാദം സന്തോഷകരമായി പരിഹരിച്ചു എന്നും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവക്കുും നന്ദി പറഞ്ഞുെ കാണ്ടും മാര്‍ ആലരേരി അന്നു വൈകുന്നേരം തന്നെ സന്ദേശം അയച്ചു. താന്‍ കൂടി ഒപ്പിട്ട സംയുക്ത പത്രപ്രസ്താവനയെ അപഹസിച്ചുകൊണ്ടുള്ള ഒരു വിശ്വാസവഞ്ചനയാണ് ഇതിലൂടെ നടത്തിയത്.
                അനുരഞ്ജനത്തിനും പ്രശ്നപരിഹാരത്തിനുമുള്ള പ്രത്യക്ഷമായ യാതൊരു നടപടികളും ഉണ്ടായില്ലെന്നു മാത്രമല്ല, അതിരൂപതയുടെ സ്തംഭനം തുടരുകയും, വൈദികരെയും വിശ്വാസികളെയും നിരാശയിലേക്ക് തള്ളിവിട്ടുകൊണ്ട് പല ഇടവകകളിലും വിശ്വാസികളെ തമ്മില്‍ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുന്ന തന്ത്രങ്ങളും നടന്നു വരുന്നു.
സഭയ്ക്കും അതിരൂപതയ്ക്കും മാർ ആലഞ്ചേരിയുടെ .പ്രവർത്തികൾ വഴി നഷ്ടമായ ധാര്‍മ്മികനിലവാരം വീണ്ടെടുക്കുവാനും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനും പര്യാപ്തമായ രീതിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെട്ട ഭൂമി വിവാദത്തെക്കുറിച്ചു പഠിച്ച്  പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് സ്വതന്ത്രാധികാരമുള്ള വിദഗ്ദരുടെ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും. അതുവരെ ആരോപണവിധേയനായ കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും  അതിരൂപതയിലെ ദൈവജനവും വൈദികരും മാർപ്പാപ്പയോടു അഭ്യർത്ഥിച്ചിരുന്നു.  
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകരുടെയും അത്മായരുടെയും അപേക്ഷ പരിഗണിച്ചാണ് മാർപ്പാപ്പ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. അദ്ദേഹത്തിന് കൊടുത്ത നിർദേശപ്രകാരം സ്വന്ത്ര ഏജൻസിയെ വയ്ക്കുകയും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു റോമിന് സമർപ്പിക്കുകയും ചെയ്തു. അതിൻറെ വെളിച്ചത്തിലുള്ള നടപടികൾ കർദ്ദിനാളിനു അനുകൂലമാകില്ലായെന്നു ഉറപ്പായപ്പോൾ വ്യാജരേഖ എന്ന വിവാദം സൃഷിക്കുകയും പുകമറ ഉണ്ടാക്കുകയും ആണ് ചെയ്തിരിക്കുന്നത്. 
ബാങ്കിൻറെയും ഉന്നത ചില സ്ഥാപനങ്ങളുടെയും പേരിൽ "വ്യാജ രേഖ" ഉണ്ടാക്കിയെന്നാരോപണം ഉയർന്നിട്ടും എന്താണ് ഈ സ്ഥാപനങ്ങളോ ബാങ്കോ ഒരു പരാതിയും പോലീസിൽ കൊടുക്കാത്തത്. സ്വയം ഈ രേഖകൾ പരസ്യപ്പെടുത്തിയിട്ടു എന്നെ അപമാനിച്ചേ എന്ന് പറഞ്ഞു മാർ ആലഞ്ചേരി പരാതി കൊടുത്തെങ്കിൽ എന്തൊക്കെയോ ഇവിടെ മൂടി വയ്ക്കാൻ ഉന്നതങ്ങളിലുള്ളവർക്കുണ്ട് എന്നത് നിസ്സംശയം പറയാം. കർദ്ദിനാളിനെ അനുകൂലിക്കുന്നവരായ കൂലി എഴുത്തുകാരെ പോലെ നുണകൾ പടച്ചു വിടാൻ സാധിക്കാത്തതുകൊണ്ടാണ് സത്യം മാത്രം വളരെ മൃദവായ ഭാഷയിൽ എഴുതുന്നത്. 
ഭൂമി വിവാദവുമായി ബന്ധപെട്ടു ഒരു ദിവസം മുഴുവൻ  2018 ൽ പി.ഒ. സി യിൽ വച്ച് ആർച്ച്ബിഷപ്പ് സൂസൈപാക്യത്തിൻറെയും മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പ് ക്ളീമിസ് മെത്രാപ്പോലീത്തയുടെയും ആർച്ച്ബിഷപ്പ് മൂലക്കാട്ടിൻറെയും ആർച്ച്ബിഷപ്പ് താഴത്തിൻറെയും പെരുംതോട്ടത്തിന്റേയും കൂരിയ ബിഷപ്പ് വാണിയപുരക്കലിന്റെയും മാർ പൊരുന്നേടത്തിന്റെയും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ നിന്നും പി ഒ സി യിലേക്ക് ക്ഷണിക്കപ്പെട്ട അതിരൂപതയിലെ വൈദീകർ കർദ്ദിനാൾ ആലഞ്ചേരിയോട് ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാതെ ഒഴിഞ്ഞു മാറിയതും സത്യമെന്തെന്നു ബോധ്യപെട്ടിട്ടും അഭിവന്ദ്യ മെത്രാന്മാർ മൗനം അവലംബിച്ചിതും മറന്നിട്ടില്ല. അനുരഞ്ജനപെടാനുള്ള വാതിലുകൾ അന്നും അതിരൂപതയിലെ വൈദീകരും അത്മായരും തുറന്നിട്ടിരുന്നു ഇപ്പോൾ ഒരു സർക്കുലർ ഇറക്കി ആരോപിക്കപ്പെട്ട അഴിമതി ഇല്ലായെന്ന് ആരെയാണ് ബോധ്യപ്പെടുത്താൻ. കെ.സി. ബി. സി ശ്രമിക്കുന്നത്. സ്വയം വിഡ്ഢി വേഷം കെട്ടേണ്ടി വരുന്നത് ആർക്കുവേണ്ടിയാണ്. പി.ഒ.സി യിലെ പരാന്ന ഭോജികളായി കഴിയുന്നവർ  എഴുതി തയ്യാറാക്കിയ സർക്കുലർ അപ്പാടെ വിവരമുള്ള, നീതിബോധമുള്ള വിശ്വാസികളും അച്ചന്മാരും  വിഴുങ്ങുമെന്നു കരുതിയോ?

2019-ലെ തിരഞ്ഞെടുപ്പുഫലം - ഒരു ക്രിസ്തീയവിചിന്തനം

ജോര്‍ജ് മൂലേച്ചാലില്‍ - 9497088904
(എഡിറ്റോറിയല്‍, സത്യജ്വാല, ജൂണ്‍ 2019)
മറ്റെല്ലാവരെയും അവനവനെയെന്നപോലെ കണ്ടുള്ള, അപരന്റെ കുറ്റങ്ങള്‍ ചികയുന്നതിനുമുമ്പ് സ്വന്തം തെറ്റുകുറ്റങ്ങള്‍ കണ്ടറിഞ്ഞുള്ള ജീവിതസമീപനത്തെയാണ് യേശുവിന്റെ പ്രമാണതത്ത്വങ്ങളനുസരിച്ച് 'ക്രിസ് തീയം' എന്നു പറയാവുന്നത്. പ്രമാണതത്ത്വങ്ങളുടെ തലത്തില്‍ മതങ്ങളൊന്നുംതമ്മില്‍ വൈരുദ്ധ്യങ്ങളില്ല എന്നതിനാല്‍,'ക്രിസ്തീയത' ഏതെങ്കിലുമൊരു മതത്തിനോ മതസ്ഥര്‍ക്കോ വിരുദ്ധമാകുന്നില്ല. മതദര്‍ശനങ്ങള്‍ വിവിധ ഭാഷകള്‍പോലെയാണ്. അവയുടെ അക്ഷരങ്ങളും വ്യാകരണവും വ്യത്യസ്തങ്ങളാണെങ്കിലും അവ തമ്മില്‍ ഭിന്നതയ്ക്കിടമില്ല; എല്ലാ ഭാഷകളും ആശയാവിഷ്‌ക്കാരം, ആശയവിനിമയം എന്നീ ദൗത്യങ്ങള്‍ ഒരുപോലെ നിര്‍വ്വഹിക്കുന്നു. ഭാഷകളുടെ കാര്യത്തിലെന്നപോലെ മതങ്ങളും ബാഹ്യതലത്തില്‍ വ്യത്യസ്തങ്ങളും ആന്തരികമായി സമാനവുമാണ്.
ഇത്രയും പറഞ്ഞത്, 'ഒരു ക്രിസ്തീയവിചിന്തനം' എന്ന തലക്കെട്ട് വായിക്കുമ്പോള്‍, അതൊരു വിഭാഗീയസമീപനമായിരിക്കില്ലേ എന്നൊരു വിചാരം, ഇന്നത്തെ നിലയില്‍ ആര്‍ക്കും ഉണ്ടായേക്കാം എന്നു തോന്നിയതുകൊണ്ടാണ്. ഓരോരുത്തരും സഹജമായിത്തന്നെ സ്വന്തം മാതൃഭാഷയിലാണ് ചിന്തിക്കുന്നതും ഭാവന ചെയ്യുന്നതും എഴുതുന്നതും പറയുന്നതുമെല്ലാം. അതാണെളുപ്പവും. അതുപോലെ, ഓരോ മതസ്ഥരെ സംബന്ധിച്ചും തങ്ങളുടെ മതസംസ്‌കാരത്തില്‍ നിന്നുകൊണ്ട് കാര്യങ്ങളെ സമീപിക്കാനും വിലയിരുത്താനുമാണ് എളുപ്പം. അതില്‍ വിഭാഗീയത അശ്ശേഷമില്ലതന്നെ.
എന്നാല്‍ ഇന്നത്തെ 'മത'ങ്ങളുടെ പ്രാര്‍ത്ഥനകളില്‍പ്പോലും വിഭാഗീയതയും രാഷ്ട്രീയവുമാണ് പലപ്പോഴും നമുക്കു കാണാന്‍ കഴിയുന്നത്. അതിനര്‍ത്ഥം അതു ശരിയായ മതമോ ശരിയായ പ്രാര്‍ത്ഥനയോ അല്ലെന്നുമാത്രമാണ്. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഇനിയും ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കുന്നതിനായി ഒരു പ്രാര്‍ത്ഥനായജ്ഞത്തിന് ആഹ്വാനംചെയ്ത് ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ (Anil Couto) കഴിഞ്ഞ മെയ് ആദ്യം ഒരു ഇടയലേഖനം ഇറക്കുകയുണ്ടായി. 2018 മെയ് 13 മുതല്‍ വെള്ളിയാഴ്ചകള്‍തോറും ഒരു നേരത്തെ ആഹാരമുപേക്ഷിച്ചും പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്തും 2019-ലെ ഇലക്ഷന്‍വരെ പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അതിലെ താത്പര്യം (കാണുക, 'സത്യജ്വാല 2018 ജൂലൈ ലക്കം മുഖക്കുറി). പല കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാരും, ഇതിന്റെ ചുവടുപിടിച്ച് തങ്ങളുടെ രൂപതകളിലും ഒരു വര്‍ഷത്തെ സമാനമായ പ്രാര്‍ത്ഥനായജ്ഞത്തിന് ആഹ്വാനംചെയ്തു എന്നാണറിയുന്നത്.
എന്നാല്‍ ഈ 'പ്രാര്‍ത്ഥന'കളെയെല്ലാം തകിടംമറിച്ച്, 2019 മെയ് 23-ന് തിരഞ്ഞെടുപ്പുഫലം വന്നു. ദേശീയരാഷ്ട്രീയം ബി.ജെ.പി. കൂടുതല്‍ ശക്തിയോടെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു! കേരളത്തില്‍ സീറ്റൊന്നും നേടാനായില്ലെങ്കിലും, ബി.ജെ.പി വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു എന്നതില്‍നിന്ന് ആ പാര്‍ട്ടി ഇവിടെയും വിജയപാതയില്‍ത്തന്നെയാണെന്നും കാണണം.
സഹസ്രാബ്ദങ്ങളായി സര്‍വ്വമതസമഭാവന പുലര്‍ത്തുകയും, അനേകം മതദര്‍ശനങ്ങള്‍ക്കു ജന്മംനല്‍കുകയും, പുറമേ നിന്നുള്ള മതദര്‍ശനങ്ങളെ സ്വാഗതംചെയ്യുകയും ചെയ്തുപോന്ന ലോകത്തിലെ ഒരേയൊരു ഭൂപ്രദേശമായ ഇന്ത്യയെ സംബന്ധിച്ച്, ഹിന്ദുത്വത്തിലൂന്നിയുള്ള ബി.ജെ.പി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഈ വളര്‍ച്ച ആശങ്കാജനകംതന്നെയാണ്; സംശയമില്ല. കാരണം, ഹൈന്ദവ അഥവാ ഭാരതീയ ആദ്ധ്യാത്മികദര്‍ശനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രമാണതത്ത്വങ്ങളില്‍നിന്നകന്ന് വിഭാഗീയസമീപനങ്ങള്‍ക്ക് ഇന്ത്യയിലെ ഭൂരിപക്ഷഹിന്ദുക്കള്‍ വിധേയപ്പെട്ടു എന്നാണല്ലോ ഇത് കാണിക്കുന്നത്. ഭാരതസംസ്‌കൃതിയുടെ തനിമയും മഹിമയും ഈ മഹാരാജ്യത്തുനിന്നു പൊയ്‌പ്പോകുകയാണോ എന്ന മൗലികചോദ്യമാണ് ഇവിടെ ഉല്‍ക്കണ്ഠ ഉയര്‍ത്തുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇവിടുത്തെ ഭൂരിപക്ഷഹൈന്ദവസമൂഹത്തെയോ, അവരെ മതാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ 1914 മുതല്‍ ശ്രമിച്ചുതുടങ്ങിയ ഹിന്ദുമഹാസഭയെയോ 1924-ല്‍ ജന്മംകൊണ്ട രാഷ്ട്രീയ സ്വയംസേവക് സംഘി(RSS)നെയോ, തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടിയായി രൂപംകൊണ്ട 'ജനസംഘ'ത്തെയോ, അതിന്റെ പുതിയരൂപമായ ബി.ജെ.പി.യെയോ കുറ്റപ്പെടുത്താന്‍ വലിയ പഴുതൊന്നും നമുക്കു കണ്ടെത്താനാവുകയില്ല. കാരണം, ഇവിടെ മുഗളരുടെയും ബ്രിട്ടീഷുകാരുടെയും നേതൃത്വത്തില്‍ നൂറ്റാണ്ടുകള്‍ അരങ്ങുവാണ ഇസ്ലാമിക - ക്രൈസ്തവമത രാഷ്ട്രീയാധിനിവേശങ്ങളും മറ്റു പടയോട്ടങ്ങളും കൂട്ടമതപരിവര്‍ത്തനങ്ങളും ഹിന്ദുമതാചാരങ്ങളെയും സംസ്‌കാരത്തെയും ഇകഴ്ത്തിക്കാട്ടലും നിന്ദിക്കലുമെല്ലാം ഹൈന്ദവജനതയുടെ ആത്മാഭിമാനത്തിനു വരുത്തിയ ഉണങ്ങാത്ത മുറിവും, ഈ ന്യൂനപക്ഷമതവിഭാഗങ്ങള്‍ ഇന്നും ഇവിടെ പുലര്‍ത്തുന്ന ഔദ്ധത്യഭാവവും, ഭരണകൂട ഒത്താശയോടെ നിര്‍ബാധം തുടരുന്ന അവരുടെ ശാക്തീകരണവും രാഷ്ട്രീയസ്വാധീനവുമെല്ലാം ചേര്‍ന്ന് ഉളവാക്കിയ അരക്ഷിതത്വബോധമാണ്, മതാടിസ്ഥാനത്തില്‍ സ്വയം സംഘടിപ്പിച്ചുകൊണ്ടുമാത്രമേ ഇന്ത്യയില്‍ തങ്ങള്‍ക്കു തലയുയര്‍ത്തി നിലനില്‍ക്കാനാവൂ എന്ന ചിന്തയിലേക്ക് ഇവിടുത്തെ ഭൂരിപക്ഷസമുദായത്തെ നയിച്ചത് എന്നതാണ് സത്യം. അതുകൊണ്ട്, 'അളമുട്ടിയാല്‍ ചേരയും കടിക്കും' എന്ന ന്യായത്താല്‍ അവരുടെ ഈ പ്രതിരോധം ന്യായീകരിക്കപ്പെടുന്നു.
പക്ഷേ, മറ്റൊരു രാജ്യത്തും ഒരു ന്യൂനപക്ഷസമുദായത്തിനും അനുഭവിക്കാന്‍ സാധിച്ചില്ലാത്തത്ര സ്വാതന്ത്ര്യവും സുരക്ഷിതത്വവും പ്രത്യേക അവകാശങ്ങളും അനുഭവിച്ചുപോരുന്ന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ ഒരിക്കലും നിലയ്ക്കാത്ത വിലപേശലുകള്‍ക്കും മതരാഷ്ട്രീയത്തിനും ഒരു ന്യായീകരണവും കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല. അതുപോലെതന്നെ, ന്യൂനപക്ഷാവകാശം പറഞ്ഞുള്ള ഈ സമുദായനേതൃത്വങ്ങളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ഭീഷണികള്‍ക്കും ഭീരുക്കളെപ്പോലെ വഴങ്ങി ന്യൂനപക്ഷപ്രീണനം മത്സരിച്ചു നടത്തിവരുന്ന ഇടുതു-വലതു കക്ഷികളുടെ സമീപനശൈലികള്‍ക്കും ഒരു നീതീകരണവുമില്ല.
ആലോചിച്ചുനോക്കിയാല്‍, നിലയ്ക്കു നില്‍ക്കാന്‍ തയ്യാറാകാത്ത ന്യൂനപക്ഷമതനേതൃത്വങ്ങളും, അവരെ നിലയ്ക്കുനിര്‍ത്താന്‍ കെല്‌പോ കാഴ്ചപ്പാടോ ഇല്ലാത്ത ബി.ജെ.പി ഒഴികെയുള്ള ഇന്നത്തെ രാഷ്ട്രീയകക്ഷി നേതൃത്വങ്ങളുമാണ്, ഭൂരിപക്ഷമതസ്ഥരെ പ്രകോപിപ്പിച്ചു പ്രകോപിപ്പിച്ച് വിഭാഗീയമായി സ്വയം സംഘടിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നും മതരാഷ്ട്രീയത്തിലേക്കു തള്ളിവിട്ടതെന്നും കാണാനാകും. ഇവിടെ, ഹിന്ദുത്വരാഷ്ട്രീയമെന്നത് രോഗലക്ഷണംമാത്രമാണെന്നും, രോഗകാരണം ന്യൂനപക്ഷമതനേതൃത്വങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടിനേതൃത്വങ്ങളുടെയും തെറ്റായ സമീപനമാണെന്നുമാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
രോഗകാരണത്തെ ഉന്മൂലനം ചെയ്യാതെയുള്ള രോഗചികിത്സ അശാസ്ത്രീയമാണെന്നും ഫലം ചെയ്യില്ലെന്നും എല്ലാവര്‍ക്കും അറിയാം. അങ്ങനെയെങ്കില്‍, ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭൂരിപക്ഷവര്‍ഗ്ഗീയതയെന്ന രോഗത്തിനുള്ള ചികിത്സ ആരംഭിക്കേണ്ടതെവിടെയാണ്? ഉത്തരം വളരെ വ്യക്തമാണ്. അതു മതന്യൂനപക്ഷജനവിഭാഗങ്ങളില്‍ത്തന്നെയാണു തുടങ്ങേണ്ടത്. തങ്ങളിലെ മതവര്‍ഗ്ഗീയതയുടെ പത്തി സ്വയം താഴ്ത്താനാവശ്യമായ അവബോധത്തിലേക്ക് അവര്‍ ഉണരണം. അതിന്, തങ്ങളുടേതുമാത്രമാണ് ശരിയായ മതമെന്ന മൗലികവാദപരമായ സമീപനത്തില്‍നിന്ന് അവര്‍ പിന്‍മാറിയേ പറ്റൂ. ഇന്ത്യന്‍ മണ്ണിലും ഇന്ത്യന്‍ സംസ്‌കാരത്തിലും പിറന്നുവീണിട്ട്, തലപൊക്കാറാകുമ്പോള്‍മുതല്‍ യൂറോപ്യന്‍ സംസ്‌കാരത്തിലും അറേബ്യന്‍ സംസ്‌കാരത്തിലും ഊന്നിനിന്ന് ഈ സംസ്‌കാരത്തെ നിന്ദിക്കുകയും, ഇവിടുത്തെ മനുഷ്യരെ രക്ഷിക്കാനെന്ന മട്ടില്‍ മതപരിവര്‍ത്തനത്തിലൂടെ തങ്ങള്‍ ചെന്നുപെട്ട അന്യസംസ്‌കാരങ്ങളിലേക്ക് ആളെ കൂട്ടുകയും ചെയ്യുകയെന്ന ദേശദ്രോഹപരിപാടി അവസാനിപ്പിക്കാതെ ഇനി തരമില്ല. ''ഓരോ സമുദായത്തിനും അള്ളാഹു ഓരോ ആരാധനക്രമവും കര്‍മ്മമാര്‍ഗ്ഗവും നിശ്ചയിച്ചുതന്നിരിക്കുന്നു. അവരവര്‍ അതാത് അനുസരിക്കട്ടെ. ഇക്കാര്യത്തില്‍ പരസ്പരം വഴക്കടിക്കരുത്. മതകാര്യങ്ങളില്‍ ബലപ്രയോഗം പാടില്ല'' (വി. ഖുറാന്‍ - 22:34, 67; 45:28) എന്ന് വി. ഖുറാന്‍തന്നെ കല്പിച്ചിരിക്കുന്നു എന്നതില്‍നിന്ന്, എല്ലാ ജനതകളിലും സംസ്‌കാരങ്ങളിലും ഉദയംകൊള്ളുന്ന മതദര്‍ശനങ്ങള്‍ ശരിയാണെന്നുതന്നെയാണ് ഖുറാനും അര്‍ത്ഥമാക്കുന്നത് എന്നു വരുന്നു. മതപരിവര്‍ത്തനത്തിനെതിരെ യേശുവും പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട്, മതഗ്രന്ഥങ്ങളെ ഉപരിപ്ലവമായും നിക്ഷിപ്തതാല്പര്യങ്ങളോടെയും വ്യാഖ്യാനിച്ച് മതപരിവര്‍ത്തനത്തെ സാധൂകരിക്കുന്ന പുരോഹിതന്മാരുടെയും മതപണ്ഡിതന്മാരുടെയും സങ്കുചിതവാദങ്ങള്‍ക്കെതിരെ ആഴത്തിലുള്ളതും സ്വതന്ത്രവുമായ മതവ്യാഖ്യാനങ്ങളുമായി അതാതു സമുദായങ്ങളിലെ ധിഷണാശാലികളായ ഉത്പതിഷ്ണുക്കള്‍ രംഗത്തു വരേണ്ടിയിരിക്കുന്നു.
തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന മതപരമായ കടമ സ്വന്തം സമുദായത്തിന്റെ ശാക്തീകരണമാണെന്ന്, പ്രത്യേകിച്ചും ന്യൂനപക്ഷമതനേതൃത്വങ്ങള്‍ കാലങ്ങളായി കരുതിപ്പോരുന്നു. സ്വയംശാക്തീകരണലക്ഷ്യവും സമുദായശാക്തീകരണലക്ഷ്യവുമൊക്കെ ഏതു മതത്തിന്റെയും പ്രമാണതത്ത്വങ്ങള്‍ക്കെതിരാണെന്നും, മറ്റുള്ളവരുടെയും മറ്റു സമുദായങ്ങളുടെയും ശാക്തീകരണം ലക്ഷ്യംവയ്ക്കുന്നതാണ് ആദ്ധ്യാത്മികതയെന്നും പഠിപ്പിക്കേണ്ട ഈ മതനേതൃത്വങ്ങള്‍ വിശ്വാസികളെ യഥാര്‍ത്ഥ മതത്തില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണിന്ന്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന പ്രബോധനത്തിന്, 'സ്വന്തം സമുദായത്തെപ്പോലെതന്നെ മറ്റു സമുദായങ്ങളെയും സ്‌നേഹിക്കുക' എന്ന അര്‍ത്ഥവുമുണ്ട് എന്ന് അവരെ തിരിച്ചു പഠിപ്പിക്കാന്‍ കെല്പുള്ള ആധ്യാത്മിക കരുത്തന്മാര്‍ ഈ സമുദായങ്ങളില്‍ ധാരാളമായി ഉണ്ടാകേണ്ടതുണ്ട്. അപ്പോള്‍, ഭൂരിപക്ഷമതസ്ഥര്‍ക്കില്ലാത്ത പ്രത്യേക സൗജന്യങ്ങളും അവകാശങ്ങളും അനുഭവിക്കുന്നത് അപമാനവും അധാര്‍മ്മികവുമാണെന്നു മനസ്സിലാക്കി, അവ സ്വയം വേണ്ടെന്നുവച്ച് അന്തസ്സ് കാട്ടുന്ന സമൂഹങ്ങളായി ഇന്നത്തെ ന്യൂനപക്ഷങ്ങള്‍ മാറും. ഇതെല്ലാം ഗുണപരമായ (positive) അനുരണനങ്ങള്‍ ഭൂരിപക്ഷഹിന്ദുസമൂഹത്തിലുണ്ടാക്കുകയും ന്യൂനപക്ഷസമുദായങ്ങള്‍ ഇന്ത്യയില്‍ ആദരണീരായിത്തീരുകയും, ഭാരതത്തിന്റെ സഹജമായ സര്‍വ്വമതസമഭാവനയിലേക്ക്, ഇന്ത്യയുടെ സാംസ്‌കാരികത്തനിമയിലേക്ക്, ഹൈന്ദവസമുദായം തിരികെപ്പോകുകുയം ചെയ്യും.
എന്നാലിന്ന്, ഇതിന്റെയെല്ലാം നേര്‍വിപരീതകാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം മതമൗലികവാദവും വര്‍ഗ്ഗീയതയും ദേശവിരുദ്ധമനോഭാവവും മറച്ചുപിടിച്ച് ഇന്ത്യയിലെ ന്യൂനപക്ഷമതനേതൃത്വങ്ങള്‍ 'ഹിന്ദുമതഫാസിസ'ത്തിനെതിരെ ആക്രോശിക്കുന്നു! തങ്ങളുടെതന്നെ പൈതൃകമാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന വസ്തുതയ്ക്കുനേരെ കണ്ണടച്ചുകൊണ്ടും, പ്രീണിപ്പിച്ചും ബലംപ്രയോഗിച്ചും പീഡിപ്പിച്ചും മതംമാറ്റപ്പെട്ടവരും വിദേശമതരാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടവരുമായ ഹിന്ദുക്കളായിരുന്നു തങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെന്ന സത്യം വിസ്മരിച്ചുകൊണ്ടും നടത്തുന്ന ഈ നെറികെട്ട ആക്രോശങ്ങള്‍ ആത്മനിഷേധമാണെന്ന് ഇവരറിയുന്നില്ല; അത്, ഇരിക്കുന്ന കമ്പ് ചുവടേ മുറിക്കുന്നതിനു തുല്യമാണെന്നും ഇവരറിയുന്നില്ല.
മതമൗലികവാദത്തിന്റെയും മതാധിനിവേശങ്ങളുടെയും സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഈ മതന്യൂനപക്ഷങ്ങളുടെ ഇന്നും തുടരുന്ന മൗലികവാദസമീപനത്തിനും സാമൂഹികകടന്നുകയറ്റങ്ങള്‍ക്കുമെതിരെ ഒരു ചെറുവിരല്‍പോലും ഉയര്‍ത്താന്‍ ഭയക്കുന്ന ഇവിടുത്തെ രാഷ്ട്രീയകക്ഷികളും അവയുടെ നേതൃത്വങ്ങളും, അവരെ പ്രീണിപ്പിച്ച് നാലു വോട്ടുനേടാന്‍വേണ്ടി അതേ ആക്രോശം കൂടുതല്‍ ഉച്ചത്തില്‍ മുഴക്കുന്നു! ബുദ്ധിപരമായ സത്യസന്ധത എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞ ഇവിടുത്തെ ബുദ്ധിജീവികളുടെയും പുരോഗമനവാദികളുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും സമീപനവും വ്യത്യസ്തമല്ല. ന്യൂനപക്ഷവര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണുതകള്‍ക്കുംമുമ്പില്‍ നട്ടെല്ലു വളച്ചുനിന്ന് ഭൂരിപക്ഷമതഫാസിസത്തിനെതിരെ അവരും ഓരിയിടുന്നു! സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന ദേശീയ പത്രമാധ്യമങ്ങളെപ്പോലെ, ശരിയായ ആശയരൂപീകരണത്തിലും പ്രവര്‍ത്തനമാര്‍ഗ്ഗദര്‍ശനത്തിലും ജനങ്ങള്‍ക്കു ധീരമായി നേതൃത്വംനല്‍കേണ്ട ഇന്നത്തെ മുഖ്യധാരാമാധ്യമങ്ങളാകട്ടെ, യാതൊരുവിധ ലക്ഷ്യബോധമോ ആശയവ്യക്തതയോ വിശകലനശേഷിയോ പ്രകടിപ്പിക്കാതെ, കാര്യങ്ങളെ പോകുന്നവഴിയേ അടിച്ചുതെളിച്ചും, പരസ്യദാതാക്കളായ മതനേതാക്കളെയും കോര്‍പ്പറേറ്റ് ഭീമന്മാരെയും പ്രീണിപ്പിക്കാന്‍ വാര്‍ത്തകള്‍ അവസരവാദപരമായി മൂടിവച്ചും വേണ്ടപ്പോള്‍ പൊലിപ്പിച്ചും കേവലം ഉദരസേവ നടത്തുന്നവയായിരിക്കുന്നു...  എന്നാല്‍, ഭൂരിപക്ഷസമുദായത്തിന്റെ സ്വാതന്ത്ര്യസമരഘട്ടമായി ഈ കാലത്തെ കാണുന്ന ഹിന്ദുത്വവാദികളുടെ മാധ്യമപ്രവര്‍ത്തനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനുതകുംവിധം ശക്തിയുക്തം മുന്നേറുകയും ചെയ്യുന്നു. വേണമെന്നുവെച്ചാല്‍, ഏതാനും വര്‍ഷത്തിനകം ഇവിടുത്തെ ന്യൂനപക്ഷങ്ങളെ കാല്‍ക്കീഴിലാക്കി ഭരിക്കാന്‍ കഴിയുംവിധം ഹിന്ദുത്വപ്രസ്ഥാനങ്ങളും ബി.ജി.പി.യും രാഷ്ട്രീയ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണെന്ന് അല്പം ദീര്‍ഘവീക്ഷണത്തോടെ നോക്കിയാല്‍ ആര്‍ക്കും കാണാനാകും. ന്യൂനപക്ഷമതനേതൃത്വങ്ങളുടെ ശക്തിപ്രകടനങ്ങളും പ്രകോപനങ്ങളും ഇപ്പോഴത്തേതുപോലെ തുടരുന്നപക്ഷം, ഈ സാഹചര്യം വളരെ വേഗം ഇവിടെ ആഗതമാകുകയും, ന്യൂനപക്ഷപീഡനത്തിനും കലാപങ്ങള്‍ക്കുംവരെ ഇടയാകുകയും ചെയ്യും എന്നും കാണേണ്ടിയിരിക്കുന്നു.
അതുകൊണ്ട്, ന്യൂനപക്ഷമതസ്ഥരിലെ വിവേകമതികള്‍ ഉണര്‍ന്നു ചിന്തിക്കുകയും രക്ഷാമാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യേണ്ട സമയമാണിത്. തങ്ങളെ മതത്തിന്റെയും ദൈവത്തിന്റെയുംപേരില്‍ അപകടകരങ്ങളായ ആഴക്കുഴികളിലേക്ക് അന്ധമായി നയിക്കുന്ന പുരോഹിത-മതപണ്ഡിതവിഭാഗങ്ങളെ സമുദായനേതൃത്വത്തില്‍നിന്നുമാറ്റി നിര്‍ത്തി, തങ്ങളുടെ മതങ്ങളുടെ പ്രമാണതത്ത്വങ്ങളും മൂല്യസംഹിതയും ഉള്‍ക്കൊണ്ടവരുടെ പുതിയ നേതൃന്നിരകള്‍ ആ രംഗത്തേക്കു കടന്നുവരേണ്ട ചരിത്രമുഹൂര്‍ത്തമാണിത്. ഈ പുതിയ നേതൃത്വങ്ങള്‍, ബലിയനുഷ്ഠാനങ്ങളേക്കാള്‍ സഹോദരരുമായുള്ള അനുരഞ്ജനപ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നവരാകയാല്‍, യേശു കല്പിച്ച മാതൃകയില്‍ (മത്താ. 5:23-26), കാഴ്ചവസ്തുക്കള്‍ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട്, തങ്ങളോടു പിണക്കവും അമര്‍ഷവുമുണ്ടെന്നറിയാവുന്ന ഹിന്ദു സഹോദരങ്ങളുമായി രമ്യപ്പെട്ടിട്ടുമാത്രമേ, അതിനെന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്തിട്ടുമാത്രമേ, ബലിപീഠത്തിങ്കലെത്തി കാഴ്ച അര്‍പ്പിക്കുകയുള്ളു. ഇത്തരമൊരു നേതൃന്നിരയും ഈ വിധത്തില്‍ ദുരഭിമാനം വിട്ടുള്ള അനുരഞ്ജനശ്രമങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷസമുദായങ്ങളില്‍നിന്നുണ്ടാകുന്നുവെങ്കില്‍, മുമ്പു സൂചിപ്പിച്ചപ്രകാരം, ലോകത്തിനു മാതൃകയായി ഇന്ത്യ വീണ്ടുമൊരു സര്‍വ്വമതസൗഹാര്‍ദ്ദവേദിയായിത്തീരും. മറിച്ചാണെങ്കിലോ? എങ്കില്‍, യേശു തുടര്‍ന്നു പറയുന്നതുപോലെ, ''...പ്രതിയോഗി നിന്നെ ന്യായാധിപന്റെ കൈയില്‍ ഏല്പിക്കും. ന്യായാധിപന്‍ കാവല്‍ക്കാരന്റെ കൈയില്‍ ഏല്പിക്കും. നീ കാരഗൃഹത്തിലാകുകയും ചെയ്യും. സത്യമായി ഞാന്‍ നിന്നോടു പറയുന്നു: അവസാനത്തെ ചില്ലിക്കാശും കൊടുത്തു തീര്‍ക്കാതെ അവിടെനിന്നു നിനക്കു മോചനമില്ല'' (മത്താ. 5:25-26). ഇവിടെ ന്യായാധിപന്‍ ഭൂരിപക്ഷസമുദായത്തിലെ വോട്ടര്‍മാരായിരിക്കും എന്ന വ്യത്യാസമേ ഉള്ളൂ. അവര്‍ക്ക് ഇവിടുത്തെ ന്യൂനപക്ഷങ്ങളോട് കുറച്ചൊന്നുമല്ല കണക്കുതീര്‍ക്കാനുള്ളത് എന്നോര്‍ക്കുക. അതുകൊണ്ട് എന്തു വിലകൊടുത്തും രമ്യപ്പെടുകയെന്നതാണ് കരണീയമായിട്ടുള്ളത്.
ഇലക്ഷന്‍ ഫലത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, കേരളത്തിലെ കാര്യംകൂടി പ്രതിപാദിക്കേണ്ടതുണ്ടല്ലോ. ജാതി - മതമേധാവിത്വങ്ങള്‍ക്കും ജന്മിത്ത-മുതലാളിത്തശക്തികള്‍ക്കുമെതിരെ ത്യാഗനിര്‍ഭരമായി ആദര്‍ശശുദ്ധിയോടും ധീരതയോടുംകൂടി പൊരുതിയ കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഓര്‍മ്മകള്‍ അല്പംകൂടി ബാക്കിനില്‍ക്കുന്ന എന്നതുകൊണ്ടുമാത്രമാണ്, കമ്മ്യൂണിസത്തിന്റെ കേരളത്തിലെ ഈ വാലറ്റത്തിന് അല്പം ജീവന്‍ ബാക്കിനില്‍ക്കുന്നത് എന്നു പറഞ്ഞാല്‍ അതു തെറ്റാകാനിടയില്ല. ജന്മി - മുതലാളി - പുരോഹിതചൂഷണങ്ങള്‍ക്കെതിരെ ജനപക്ഷത്തുനിന്നു പടനയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമിന്ന്, പ്രത്യേകിച്ച് ന്യൂനപക്ഷമതനേതൃത്വങ്ങള്‍ക്കുമുമ്പില്‍ പേടിച്ചു വിറയ്ക്കുന്നതും, മുതലാളിത്തത്തിന്റെ ഉന്നതരൂപമായ കോര്‍പ്പറേറ്റുകള്‍ക്കു കുടപിടിച്ച് ചുവപ്പു പരവതാനി വിരിക്കുന്നതുമാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്! അതിന്റെകൂടെ, ന്യൂജെന്‍ കമ്യൂണിസ്റ്റുകാരുടെ യജമാനഭാവവും ധാര്‍ഷ്ട്യവും ഗുണ്ടായിസവും അഴിമതിയും ആഡംബരത്വരയും, മുതലാളിത്തത്തെ വെല്ലുന്ന ജനവിരുദ്ധവികസനസങ്കല്പവും എല്ലാം ചേര്‍ന്നുള്ള കമ്മ്യൂണിസത്തിന്റെ ഈ വികലപരിണാമം കണ്ട് ജനങ്ങള്‍ അതില്‍നിന്ന് ഓടിയകലുകയാണിന്ന്. 
കമ്മ്യൂണിസത്തിന്റെ ആഗമനംകണ്ട്, യൂറോപ്പിലെ ഭൂരിഭാഗം ഭൂമിയും കൈവശപ്പെടുത്തിയ ക്രൈസ്തവപുരോഹിതജന്മിത്വം ഞെട്ടിവിറക്കുകയാണെന്ന  അര്‍ത്ഥത്തില്‍ മാര്‍ക്‌സ് എഴുതിയിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഈ മാര്‍ക്‌സിന്റെ കേരളത്തിലെ അനുയായികള്‍, ക്രൈസ്തവരുടെ മുഴുവന്‍ പൊതുസ്വത്തും കൈയടക്കിയ ഇവിടുത്തെ പുരോഹിതജന്മിത്വത്തെകണ്ട് ഞെട്ടിവിറയ്ക്കുന്നതിലെ വിരോധാഭാസം കാണാതിരിക്കാന്‍ ആര്‍ക്കു കഴിയും? അതേ ഭയപ്പാടുമൂലം, കുരിശുനാട്ടിയുള്ള സഭാദ്ധ്യക്ഷന്മാരുടെ ഭൂമികൈയേറ്റങ്ങള്‍ക്കും, വമ്പിച്ച ഭൂമികുംഭകോണങ്ങള്‍ക്കും, കന്യാസ്ത്രീപീഡനമുള്‍പ്പെടെയുള്ള പുരോഹിത അതിക്രമങ്ങള്‍ക്കും പരോക്ഷമായി ചൂട്ടുപിടിച്ച് അവരെ കൂടെനിര്‍ത്താന്‍ നോക്കുന്ന ഇന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരും പാര്‍ട്ടികളും, തങ്ങളുടെ ഈ അല്പത്വംകൊണ്ടുതന്നെ, ക്രൈസ്തവസമുദായമുള്‍പ്പെടെ എല്ലാ മതസമൂഹങ്ങളെയും സംബന്ധിച്ച് പരിഹാസപാത്രങ്ങളായിരിക്കുന്നു!
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഈ ഗവണ്‍മെന്റു കാണിച്ച അമിതാവേശത്തെയും, യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭാക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി വന്ന വിധി നടപ്പാക്കുന്നതില്‍ കാട്ടിയ നിഷ്‌ക്രിയത്വത്തെയും ഒന്നു താരതമ്യംചെയ്തു നോക്കിയാല്‍മാത്രംമതി, പിണറായി സര്‍ക്കാരിന്റെ സുപ്രീം കോടതിയോടുള്ള ബഹുമാനത്തിലെ വൈരുദ്ധ്യവും നവോത്ഥാന മുദ്രാവാക്യത്തിലെ കാപട്യവും തിരിച്ചറിയാന്‍. സഭാക്കേസിലെ വിധി നടപ്പാക്കാന്‍ പോയാല്‍ യാക്കോബായ സഭാപൗരോഹിത്യം പിണങ്ങും. അതുകൊണ്ട് ആ വിധിക്കെതിരെ കണ്ണടയ്ക്കുന്നു. എന്നാല്‍, ഹിന്ദുമതനേതൃത്വത്തെ എതിര്‍ക്കുന്നതും നിന്ദിക്കുന്നതും  'നവോത്ഥാന'മാണല്ലോ. അതുകൊണ്ട്, എന്തു വിലകൊടുത്തും ആ വിധി നടപ്പാക്കുകയും ചെയ്യുന്നു!
അവാര്‍ഡ് പ്രഖ്യാപിച്ച കാര്‍ട്ടൂണില്‍ ഫ്രാങ്കോയുടെ മുഖവും അംശവടിയുമുള്ളതിനാല്‍ അത് മതനിന്ദയാണെന്ന് ഏതാനും മെത്രാന്മാര്‍ പറഞ്ഞയുടനെ, അവാര്‍ഡ് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു! അതേ സമയം എം.എഫ്.ഹൂസൈനെപ്പോലുള്ള കലാകാരന്മാര്‍  ഹിന്ദുദേവതകളെ ഹിന്ദുക്കള്‍ക്ക് അഹിതമായ വിധത്തില്‍ ചിത്രീകരിച്ചാലോ, അതിവര്‍ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യം! ഇപ്രകാരം, ന്യൂനപക്ഷ മതാധിപത്യത്തിന് വഴങ്ങിക്കൊടുക്കുകയും ഭൂരിപക്ഷമതസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഈ നാണംകെട്ട ഇരട്ടത്താപ്പു സമീപനം കമ്മ്യൂണിസമാണുപോലും! യഥാര്‍ത്ഥത്തില്‍, കമ്മ്യൂണിസത്തിന്റെ അന്തകരായിത്തീര്‍ന്നിരിക്കുകയാണ്, കേരളത്തിലെ ഇന്നത്തെ കമ്മ്യൂണിസ്റ്റു നേതാക്കന്മാര്‍.
ഒരു ഇടതു സര്‍ക്കാര്‍തന്നെ നിയോഗിച്ച നിയമപരിഷ്‌ക്കരണകമ്മീഷന്‍ ശിപാര്‍ശചെയ്ത ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെതിരെ ഏതാനും മെത്രാന്മാര്‍ ഒന്നു നെറ്റിചുളിച്ചപ്പോഴേ മുഖ്യമന്ത്രി അവരെ വിളിച്ചുവരുത്തി,  'ഒരു കാരണവശാലും ഞങ്ങളിതു പാസ്സാക്കില്ല' എന്നു പറഞ്ഞ്  ആശ്വസിപ്പിച്ചുവിട്ടതോടെ, അതിന്റെ അനിവാര്യത ബോധ്യപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം ക്രൈസ്തവരും ഇടതുകക്ഷികളെ കൈവിട്ടു. ബി.ജി.പി നേതാവ് കുമ്മനം രാജശേഖരന്‍ മെത്രാന്മാരുടെമുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തില്ലായിരുന്നുവെങ്കില്‍, ആ പാര്‍ട്ടിക്ക് കുറെ ക്രൈസ്തവ വോട്ടുകള്‍ക്കൂടി കിട്ടിയേനെ. അങ്ങനെ,  മറ്റൊരു ഓപ്ഷനും ഇല്ലാതിരുന്നതിനാലാണ് എല്ലാവരും ചേര്‍ന്ന്, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്-നെ വിജയിപ്പിച്ചത്.
അതുകൊണ്ട്, കേരളത്തില്‍ ഇക്കാലമത്രയും തുടര്‍ന്നുപോന്ന, വലതുമന്തുകാലും ഇടതുമന്തുകാലും മാറിമാറിച്ചവിട്ടിയുള്ള ഭരണം ഇനിയങ്ങോട്ടു നടക്കുമെന്ന് കരുതേണ്ടതില്ല. ഇടതുമന്തുകാലിന്റെ ചലനശേഷി ഏതാണ്ട് തീര്‍ന്നിരിക്കുന്നു.  കേരളത്തിന്റെ രാഷ്ട്രീയപന്ത്, അടുത്ത അസംബ്ലി ഇലക്ഷനോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുമുന്നണിയുടെ കാല്‍ക്കീഴിലാകാനാണിട. അവര്‍ വൈകാതെ നേരിടാന്‍പോകുന്ന പ്രതിപക്ഷം ബി.ജെ.പി ആയിരിക്കാനും സാധ്യതയുണ്ട്. ബി.ജെ.പി-യുടെ ഹിന്ദുത്വവര്‍ഗ്ഗീയതയെ നിര്‍വീര്യമാക്കാന്‍ അവര്‍ക്കു ചെയ്യാനുള്ളതും മുമ്പു സൂചിപ്പിച്ച കാര്യങ്ങള്‍തന്നെയാണ്. അതിനവരെ ധൈര്യപ്പെടുത്തുകയെന്നതാണ് പ്രധാനമായും മതന്യൂനപക്ഷസമുദായങ്ങളിലുയര്‍ന്നുവരേണ്ട വിവേകമതികളായ പുത്തന്‍ നേതൃന്നിരയ്ക്ക് ചെയ്യാനുള്ളത്. ഭൂരിപക്ഷസമുദായത്തിന് ദോഷമോ നഷ്ടമോ വരുന്ന, അവരെ പ്രകോപിപ്പിക്കുന്ന യാതൊരു സാമുദായികപക്ഷപാതവും കാട്ടുവാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും ഒരു ഗവണ്‍മെന്റിനെയും അവരിനി അനുവദിക്കരുത്. ന്യൂനപക്ഷപ്രീണനം ആരു നടത്തിയാലും അതു താമസംവിനാ ന്യൂനപക്ഷങ്ങള്‍ക്കുതന്നെ വിനയായിത്തീരുമെന്നതിനെക്കുറിച്ചും, മതപുരോഹിതരുടെയും മതനേതാക്കളുടെയും രാഷ്ട്രീയ ഇടപെടലുകള്‍ തങ്ങളെ അടിമത്തത്തിലേക്കേ നയിക്കൂ എന്നതിനേക്കുറിച്ചും ന്യൂനപക്ഷസമുദായങ്ങളെ ബോധ്യപ്പെടുത്താനും അവര്‍ക്കു കഴിയണം. അപ്പോഴേ, ഒഴുക്കിനൊത്തൊഴുകാന്‍ മാത്രമറിയുന്ന, ഇന്നത്തെ രാഷ്ട്രീയകക്ഷികള്‍ക്കും അതു ബോധ്യമാകൂ. സാമുദായികസംഘര്‍ഷങ്ങളില്‍ പരസ്പരമുള്ള അനുരഞ്ജനശ്രമങ്ങളെ പ്രോത്സാഹിപ്പിക്കല്‍, ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്നു നോക്കാതെ നീതിനടപ്പാക്കല്‍, മതസ്വത്തുക്കളുടെ ഭരണം ജനകീയവും ഭരണഘടനാപരവുമാക്കല്‍, ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ പാശ്ചാത്യവികസനസങ്കല്പങ്ങളില്‍നിന്നു മാറി, കോണ്‍ഗ്രസ് സ്വയം കളഞ്ഞുകുളിച്ച ഗാന്ധിയന്‍ മൂല്യസങ്കല്പത്തിലുള്ള ഗ്രാമവികസനസങ്കല്പത്തിലേക്കു നയംമാറ്റല്‍ എന്നിങ്ങനെ കേരളത്തില്‍ പുതിയൊരു നയസമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമെങ്കില്‍ ഇവിടെ എല്ലാ വിഭാഗങ്ങളുടെയും വര്‍ഗ്ഗീയതയ്ക്കു ശമനമുണ്ടാകും. മറിച്ചായാല്‍, കേരളവും ഇന്ത്യയാകെയും മതവര്‍ഗ്ഗീയതയുടെ യുദ്ധക്കളമാകുകയും ചെയ്യും. 2019-ലെ ഇലക്ഷന്‍ഫലം മുന്നോട്ടുവയ്ക്കുന്നത് ഈ രണ്ട് ഓപ്ഷനു കളാണ്.
അതുകൊണ്ട്, മതവര്‍ഗ്ഗീയതയെന്ന തിന്മയെ അതേ നാണയത്തില്‍ ചെറുത്തു തോല്പിക്കാമെന്ന വ്യാമോഹം ആരും, പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍ വച്ചുപുലര്‍ത്താതിരിക്കട്ടെ; മറിച്ച്, ഏതു വര്‍ഗ്ഗീയതയെയും ഏതു തിന്മയെയും നന്മകൊണ്ട് നിര്‍വീര്യമാക്കാനുള്ള കല അഭ്യസിക്കാന്‍ എല്ലാവരും തങ്ങളുടെ മതങ്ങളുടെ പ്രമാണതത്ത്വങ്ങളിലേക്കും മൂല്യസംഹിതകളിലേക്കും തിരിയട്ടെ!                    
 -എഡിറ്റര്‍

Sunday, June 23, 2019

സുവിശേഷത്തിലെ യേശുവിനെ തേടി



(ശ്രീ ജോർജ് തൈല ജൂൺ 12, 2019-ൽ നടന്ന കെസിആർഎം നോർത് അമേരിക്കയുടെ 18-മത് ടെലികോൺഫെറൻസിൽ അവതരിപ്പിച്ച പ്രബന്ധം)

1982-ൽ കോട്ടയത്ത് കാണക്കാരിയിലുള്ള വികാസ് ട്രെയിനിംഗ് സെൻറെറിൽ ഒരു നേതൃത്വ പരിശീലന ക്യാമ്പ് നടക്കുകയായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്ന യുവാക്കൾ, വിവിധ മതക്കാരും വിവിധ ജാതിയിൽപ്പെട്ടവരും ക്യാമ്പിൽ എത്തിയിട്ടുണ്ടായിരുന്നു.

സ്വയം പരിചയപ്പെടുത്തൽ പരിപാടിയിൽ ഒരു സംഘടനയുടെ പ്രധിനിധി ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ സംഘടനയുടെ ദൗത്യം ബൈബിളിലെ യേശുവിനെ സമൂഹത്തിൽ അവതരിപ്പിക്കുക എന്നതാണ്” എന്ന്. ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു പ്രയോഗമായി തോന്നി, അത്.

സുവിശേഷത്തിലെ യേശു എന്നൊരു പ്രത്യേക യേശു ഉണ്ടോ? ക്രിസ്ത്യാനികളെല്ലാവരും ആരാധിക്കുന്ന യേശു അല്ലാതെ വേറൊരു യേശു ഉണ്ടോ? നമ്മൾ സുവിശേഷം വായിക്കാറുണ്ടല്ലോ - പള്ളിയിലും വേദപാഠക്ലാസ്സിലും വീട്ടിലും ഒക്കെ. യേശുവിൻറെ ജനനം, മരണം, ഉയിർപ്പ്‌, സ്വർഗാരോഹണം എന്നെല്ലാം സുവിശേഷത്തിൽ പറഞ്ഞിട്ടുള്ളത് നമുക്കറിയാം. പിന്നെ സുവിശേഷത്തിലെ യേശുവിനെ സമൂഹത്തിൽ അവതരിപ്പിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങളാണ് എന്നെ വീണ്ടും സുവിശേഷപഠനത്തിലേയ്ക്ക് നയിച്ചത്. യേശുവിനെ തേടിയുള്ള ഈ യാത്ര ഒരു ജീവിത യാത്രയായി മാറിയിരിക്കുകയാണ്, ഇപ്പോൾ. യേശുവിനെ അറിയണമെങ്കിൽ സുവിശേഷം വെറുതെ വായിച്ചുവിട്ടാൽ പോരാ എന്നു മനസിലായിരിക്കുന്നു. കുർബാനയിലും പ്രാർത്ഥനകളിലും കേൾക്കുന്നതുപോലെ എട്ടോ പത്തോ വചനങ്ങൾ വായിച്ചുകേട്ടിട്ട് അതിനെ മാത്രം ആസ്‌പദമാക്കി ഒരു പ്രസംഗവും കേട്ടാൽ പോരാ. ഓരോ സുവിശേഷവും മുഴുവനായി പഠിച്ചാലേ അതിൻറെ രൂപഘടനയും അന്തരാർത്ഥങ്ങളും മനസ്സിലാകുകയൊള്ളു. പള്ളിയിലെ സക്രാരിയുടെ മുമ്പിൽ, സക്രാരിയിലെ യേശുവിൻറെ മുമ്പിൽ ഉള്ള ആവരണം പോലെതന്നെ സുവിശേഷത്തിലും പലതരത്തിലുള്ള ആവരണങ്ങൾ ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം അതിൽ കാണാം. കാലാകാലങ്ങളിൽ ക്രിസ്ത്യൻ സഭകളിൽ ഉണ്ടായിട്ടുള്ള ജയാപജയങ്ങളുടെയും കുരിശുയുദ്ധങ്ങളുടെയും കലാപങ്ങളുടെയും കഥ അതിൽ കേൾക്കാം. കാലാകാലങ്ങളിൽ ചോർന്നുപോയവയും ചോർത്തിക്കളഞ്ഞവയും കൂട്ടിച്ചേർത്തുകെട്ടിയവയും എല്ലാം ഉണ്ടാകാം.

എന്നിരുന്നാലും, ബൈബിൾ (പഴയനിയമവും പുതിയനിയമവും) ഇന്നും പഠനവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥമാണ്. സമ്പൂർണ ബൈബിൾ 680-ൽപരം ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയനിയമം ആകട്ടെ 1500-ൽപരം ഭാഷകളിൽ ഇപ്പോൾ ലഭ്യമാണ്. മലയാളത്തിലെ ആദ്യത്തെ ബൈബിൾ 1811-ൽ ആണ് ഉണ്ടായത്. ഫീലിപ്പോസ്‌ റമ്പാൻ എന്ന ഒരു പ്രഫസർ സുറിയാനിയിൽനിന്ന് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു. അതിനുശേഷം മലയാളത്തിൽ പല പരിഭാഷകളും ഉണ്ടായിട്ടുണ്ട്. കെസിബിസി ബൈബിൾ കമ്മീഷൻ തയ്യാറാക്കിയ പിഒസി ബൈബിൾ എന്ന് അറിയപ്പെടുന്ന വിവർത്തനം കത്തോലിക്കാസഭയിലെ ഔദ്യോഗിക മലയാളം ബൈബിളായി കണക്കാക്കപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും പ്രധാനപ്പെട്ട വിവർത്തനങ്ങൾ New Revised Standard Version, King James Version, New International Version എന്നിവയാണ്. കൂടാതെ, New English Bible, Today's English Version അഥവാ Good News Bible എന്നിങ്ങനെ പല വിവർത്തനങ്ങളും ലഭ്യമാണ്.

ബൈബിൾ ഒരു അവലോകനം

യേശുവിനു മുമ്പും പിമ്പുമായി എഴുതപ്പെട്ട പല പുസ്തകങ്ങൾ ചേർന്നതാണ് ബൈബിൾ. യേശുവിൻറെ മരണശേഷംയേശുവിനെപ്പറ്റി എഴുതപെട്ട  27പുസ്തകങ്ങളും എല്ലാ ക്രിസ്ത്യൻ സമുദായങ്ങളും അംഗീകരിക്കുന്നുണ്ട്. അവയെ പുതിയനിയമം എന്നു വിളിക്കുന്നു. എന്നാൽ പഴയ നിയമത്തിലേയ്ക്കു വരുമ്പോൾ ഓരോ ക്രൈസ്തവ വിഭാഗവും അംഗീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ വ്യത്യാസങ്ങളുണ്ട്. കത്തോലിക്കാസഭയിൽ പഴയനിയമം 46 പുസ്തകങ്ങളാണെങ്കിൽ പൗരസ്ത്യസഭകളിൽ 51 പുസ്തകങ്ങളും പ്രൊട്ടസ്റ്റൻറ്സഭകളിൽ 39 പുസ്തകങ്ങളുമാണ്. പുതിയനിയമത്തിലെ 27 പുസ്തകങ്ങൾ താഴെ പറയുന്നവയാണ്:

സുവിശേഷങ്ങൾ - 4, അപ്പോസ്തലന്മാരുടെ നടപടി - 1, പൗലോസിൻറെ ലേഖനങ്ങൾ - 13, യാക്കോബിൻറെ ലേഖനം - 1, പത്രോസിൻറെ ലേഖനങ്ങൾ - 2, യോഹന്നാൻറെ ലേഖനങ്ങൾ - 3, യൂദായുടെ ലേഖനം - 1, എബ്രായക്കാർക്കെഴുതപ്പെട്ട ലേഖനം - 1, വെളിപാടിൻറെ പുസ്തകം - 1. നാലു സുവിശേഷങ്ങൾ ഏതൊക്കെയാണെന്ന് എല്ലാവർക്കും അറിയാമെല്ലോ: മത്തായി എഴുതിയ സുവിശേഷം, മാർക്കോസ് എഴുതിയ സുവിശേഷം, ലൂക്കാ എഴുതിയ സുവിശേഷം, യോഹന്നാൻ എഴുതിയ സുവിശേഷം. എല്ലാ സുവിശേഷങ്ങളും ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടത്. സുവിശേഷങ്ങൾ എഴുതപ്പെട്ട സമയത്ത് അവയ്ക്ക് ആരുടേയും പേര് കൊടുക്കപ്പെട്ടിരുന്നില്ല. ഇന്നുള്ള പേരുകൾ രണ്ടാം നൂറ്റാണ്ടിൽ കൊടുക്കപ്പെട്ടതാണ്. ക്രിസ്ത്യാനികളുടെ രണ്ടാം തലമുറക്കാരായിരിക്കണം സുവിശേഷങ്ങൾ എഴുതിയുണ്ടാക്കിയതെന്ന് പണ്ഡിതന്മാർ കരുതുന്നു. അങ്ങനെ സുവിശേഷങ്ങൾ ദൃക്‌സാക്ഷി വിവരങ്ങൾ അല്ല എന്ന് വരുന്നു. എന്നാൽ യോഹന്നാൻറെ സുവിശേഷം അദ്ദേഹംതന്നെ എഴുതിയെന്നു കരുതുന്ന പണ്ഡിതന്മാരുമുണ്ട്.

സുവിശേഷങ്ങളുടെ ഉത്ഭവം എങ്ങനെ?

1. യേശുവിൻറെ മരണത്തിനു തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ അവിടുത്തെ ശിഷ്യന്മാരിൽനിന്നും പിൻഗാമികളിൽനിന്നും ലഭിച്ച വിവരങ്ങളും വിവരണങ്ങളും സാക്ഷ്യങ്ങളും യേശുവിൻറെ വചനങ്ങൾ, പ്രബോധനങ്ങൾ, കഥകൾ, ഉപമകൾ എന്നിവയെല്ലാം വായ്മൊഴിയായി (Oral Tradition) പ്രചരിച്ചിരുന്നു.

2. യേശുവിൻറെ അനുയായികൾ എഴുതിയുണ്ടാക്കി ഉപയോഗിച്ചിരുന്ന സംഗ്രഹങ്ങൾ (Written Collections) ലഭ്യമായിരുന്നു.

3. സുവിശേഷങ്ങളുടെ രീതിയിൽ എഴുതിയ, പിന്നീട് നഷ്ടപ്പെട്ടുപോയ കൃതികൾ ഉണ്ടായിരുന്നു. അവയെ പ്രോട്ടോ ഗോസ്പെൽസ് (Proto Gospels ) എന്നു വിളിച്ചിരുന്നു.

4. ക്യു സോഴ്സ്സ് (Q Sources) എന്നു ബൈബിൾ പണ്ഡിതന്മാർ വിളിക്കുന്ന ഒരു സംഗ്രഹം ഉണ്ടായിരുന്നു.

ഇങ്ങനെ പല മൂലകൃതികൾ ഉപയോഗിച്ച് എഴുത്തുകാർ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിച്ച്, ക്രമീകരിച്ച് ഉണ്ടാക്കിയെടുത്തവയാണ് സുവിശേഷങ്ങൾ.

ആദ്യം എഴുതപ്പെട്ട സുവിശേഷങ്ങളിൽനിന്നും പ്രബോധനങ്ങളും അത്ഭുതപ്രവർത്തനങ്ങളും സംഭവങ്ങളും എടുത്ത് പിന്നീട് എഴുതപ്പെട്ട സുവിശേഷങ്ങളിൽ ഉപയോഗിക്കുന്നതും കാണാം. മർക്കോസ്, മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളിൽ പരസ്പര സാമ്യമുള്ള ധാരാളം ഭാഗങ്ങൾ ഉണ്ട്. സംഭവങ്ങളിലും സന്ദേശങ്ങളിലും അത്ഭുതങ്ങളിലും ഭാഷയിലും ശൈലിയിലും ഉള്ള സാമ്യംകൊണ്ട് ഈ മൂന്ന് സുവിശേഷങ്ങളെ സമവീക്ഷണ സുവിശേഷങ്ങൾ (Synoptic Gospels) എന്നു വിളിക്കുന്നു.

സുവിശേഷങ്ങളുടെ കാലക്രമം

1. മർക്കോസിൻറെ സുവിശേഷം - AD 66-70; 2. മത്തായിയുടെ സുവിശേഷം - AD 85-90; 3. ലൂക്കായുടെ സുവിശേഷം - AD 85-90; 4. യോഹന്നാൻറെ സുവിശേഷം AD- 90-110.

കാനോനിക പുസ്തകങ്ങൾ

പുതിയനിയമത്തിലെ ഇപ്പോൾ ഉള്ള 27 പുസ്തകങ്ങൾ AD 367-ൽ അലക്‌സാണ്ഡ്രിയായിലെ മെത്രാനായിരുന്ന അത്തനേഷ്യസ് കാനോൻ (Canon) എന്ന പേരിൽ സ്വരൂപിച്ചെടുത്തതാണ്‌. കാനോനിൽ പെടാത്ത ചില സുവിശേഷങ്ങൾ ഉണ്ട്: തോമസിൻറെ സുവിശേഷം, പത്രോസിൻറെ സുവിശേഷം, യൂദായുടെ സുവിശേഷം, മേരിയുടെ സുവിശേഷം മുതലായവ. അവകൾ അപ്പോക്രിഫൽ ഗോസ്പെൽസ്‌ (Apocryphal Gospels) എന്ന പേരിൽ അറിയപ്പെടുന്നു.

സുവിശേഷപഠനം ബൈബിൾപഠനം

സുവിശേഷങ്ങൾ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായിട്ട് സമഗ്രമായ പഠനങ്ങൾക്കു വിധേയമായിട്ടുണ്ട്. ബൈബിളിലെ ഓരോ പുസ്‌തകങ്ങളും, ഭാഗങ്ങളും അവയുടെ ഉത്ഭവം, രൂപഘടന, സാഹിത്യശൈലി, ചരിത്രം, പഴയ ഗ്രന്ഥച്ചുരുളുകൾ എന്നിവയും വിശദമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷ പഠനത്തിനു സഹായകമായ പല പുസ്‌തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. കൂടാതെ ഇന്ന് ആർക്കും എളുപ്പം ഉപയോഗിക്കാവുന്ന ഒരു സങ്കേതം ഏറ്റവും സുലഭമായ ഇൻറെർനെറ് (Internet) സംവിധാനം തന്നെയാണ്.

ഓരോ സുവിശേഷങ്ങളുടെയും സവിശേഷതകൾ

മാർക്കോസ് - യേശുവിനെ ദൈവം എന്ന് വിളിക്കുന്നില്ല; ദൈവത്തിൻറെ സന്ദേശ വാഹകൻ എന്ന് വിളിക്കുന്നു. യേശുവിൻറെ കന്യകാ ജനനത്തെപ്പറ്റി മർക്കോസ്‌ ഒന്നും പറയുന്നില്ല. യേശുവിൻറെ വംശാവലി ഉൾപ്പെടുത്തിയിട്ടില്ല. മർക്കോസിൻറെ സുവിശേഷം 16: 8-ൽ ആദ്യം അവസാനിക്കുന്നു. പിന്നീട് 16: 9-20 കൂട്ടിച്ചേർത്തിരിക്കുന്നു. മർക്കോസിൻറെ സുവിശേഷം റോമിലുള്ള ക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതപ്പെട്ടതാണ്.

മത്തായി - മർക്കോസിൻറെ സുവിശേഷത്തിൽനിന്നും ധാരാളം ഭാഗങ്ങൾ എടുത്ത് ഭേദഗതികളോടുകൂടി ചേർത്തിരിക്കുന്നു. ക്യു സോഴ്സ്സ്  എന്ന അജ്ഞാതമൂലം ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, മത്തായിമാത്രം ഉപയോഗിച്ചിരിക്കുന്ന മൂലങ്ങളുമുണ്ട്. യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ സുവിശേഷമാണിത്. ക്രിസ്‌തുമതം യഹൂദമതത്തിൻറെ തുടർച്ചയാണെന്നും അതിൻറെ പൂർത്തീകരണവുമാണെന്നാണ് പ്രധാന പ്രമേയം. യഹൂദർ പ്രതീക്ഷിച്ചിരുന്ന സ്വർഗരാജ്യമാണ് ക്രിസ്‌തുമതം എന്നതാണ് രണ്ടാമത്തെ പ്രമേയം. യേശുവിൻറെ വംശാവലി ഈ ഉദ്ദേശത്തോടെ ചേർക്കപ്പെട്ടതാണ്.

ലൂക്കാ - ലൂക്കായും മത്തായിയെപ്പോലെ മർക്കോസിൻറെ സുവിശേഷത്തിൽനിന്നും ധാരാളം കോപ്പിയടിച്ച് ചേർത്തിരിക്കുന്നു. ക്യു സോഴ്സ്സ് ഉപയോഗിച്ചിരിക്കുന്നു. ലൂക്കാമാത്രം ഉപയോഗിച്ചിരുന്ന മൂലങ്ങളുമുണ്ട്. ലൂക്കായുടെ സുവിശേഷം പുറജാതിക്കാരെ ഉദ്ദേശിച്ച് എഴുതിയതാണ്. രക്ഷ എല്ലാവർക്കും വേണ്ടിയാണ്, യഹൂദർക്കുവേണ്ടി മാത്രമല്ല എന്നതാണ് ലൂക്കായുടെ സുവിശേഷത്തിലെ   മുഖ്യപ്രമേയം. ലൂക്കായിൽ മാത്രമുള്ളതും എന്നാൽ നമുക്ക് ചിരപരിചയമുള്ളതുമായ ഭാഗങ്ങൾ: മാലാഖ മേരിയെ മംഗളവാർത്ത അറിയിക്കുന്നു; യേശുവിൻറെ കന്യകാജനനം; ഇടയന്മാരും കിഴക്കുനിന്നുള്ള രാജാക്കന്മാരും ഉണ്ണിയേശുവിനെ ദർശിക്കാൻ വരുന്നു; തിരുകുടുംബത്തിൻറെ ഈജിപ്തിലേയ്ക്കുള്ള പലായനം; ദേവാലയത്തിൽ യേശു വേദജ്ഞരോട് സംവദിക്കുന്നു.

യോഹന്നാൻ - മറ്റു മൂന്നു സുവിശേഷങ്ങളിൽനിന്നും വ്യത്യസ്തമാണ് യോഹന്നാൻറെ സുവിശേഷം. ഉയർന്ന സാഹിത്യ നിലവാരവും പ്രതീകാത്മകതയും ഈ സുവിശേഷത്തിൽ പ്രകടമാണ്. യേശുവിൻറെ വാക്കുകളും പ്രവർത്തികളും വഴി അവിടുത്തെ വ്യക്തിത്വത്തെ വെളിപ്പെടുത്തുകയാണ് യോഹന്നാൻറെ സുവിശേഷത്തിൻറെ ലക്‌ഷ്യം. അത്ഭുതപ്രവർത്തികളെ യോഹന്നാൻ അടയാളങ്ങൾ എന്നാണു വിളിക്കുന്നത്.അതുകൊണ്ട് ഈ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകം എന്നു വിളിക്കാറുണ്ട്. "ആദിയിൽ വചനമുണ്ടായി" എന്ന ഒരു ഗാനത്തോടുകൂടിയാണ് സുവിശേഷം ആരംഭിക്കുന്നത്. അനുബന്ധമായി അദ്ധ്യായം 21: 1-25 വാക്യങ്ങളും ഉണ്ട്. യോഹന്നാൻ യേശുവിനെ ആരംഭത്തിൽത്തന്നെ ദൈവമെന്ന് വിളിക്കുന്നു. നിത്യവചനം (Logos) ആയ ദൈവത്തിൻറെ അവതാരമായ യേശു മാംസമായി നമ്മിൽ വസിച്ചു. യോഹന്നാൻറെ സുവിശേഷത്തിൽ ഉപമകൾ ഇല്ല; രൂപാന്തരീകരണമില്ല; ജ്ഞാനസ്നാനമില്ല; രണ്ടാമത്തെ ആഗമനമില്ല; മരുഭൂമിയിൽ വച്ചുള്ള പരീക്ഷണങ്ങൾ ഇല്ല; ജനനം, ബാല്യം ഇവയുടെ പരാമർശം  ഇല്ല. യോഹന്നാൻറെ സുവിശേഷത്തിൽ മാത്രം കാണുന്ന ഭാഗങ്ങൾ: കാനായിലെ കല്ല്യാണം, സമറിയാക്കാരി സ്ത്രീയുമായി കിണറ്റിൻ കരയിൽ വച്ചുള്ള സംഭാഷണം, ജന്മനാ അന്ധനായ ആളെ സുഖമാക്കിയത്, ലാസറിനെ ഉയർപ്പിക്കുന്നത്, സ്വർഗത്തിൽനിന്നിറങ്ങിയ അപ്പത്തെക്കുറിച്ചുള്ള ഉപദേശം, വ്യഭിചാരത്തിനു പിടിക്കപ്പെട്ട സ്ത്രീയുടെ വിസ്താരം, ശിഷ്യരുടെ പാദം കഴുകുന്നത്, സംശയാലുവായ തോമായ്ക്ക് യേശു പ്രത്യക്ഷപ്പെടുന്നത്.

രണ്ടായിരം വർഷം മുമ്പ് എഴുതപ്പെട്ട സുവിശേഷങ്ങളിൽ കാലക്രമേണ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണങ്ങൾ: 1. യേശുവിൻറെ ഉയിർപ്പിനെക്കുറിച്ചും പിന്നീടുണ്ടായ പ്രത്യക്ഷങ്ങളെക്കുറിച്ചും ഉള്ള വിവരണങ്ങളിൽ പല വൈരുദ്ധ്യങ്ങളും കാണാൻ സാധിക്കും. 2. മർക്കോസിൻറെ സുവിശേഷത്തിന് രണ്ടാമതൊരു ഭാഗംകൂടി ചേർത്തിട്ടുണ്ട്. 3. യോഹന്നാൻ 8: 7- ൽ വ്യഭിചാരിണിയുടെ വിസ്താരത്തിൽ "നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യത്തെ കല്ല് എറിയട്ടെ" എന്ന വാക്യം പിന്നീട് കൂട്ടിച്ചേർത്താണ് എന്നു കാണുന്നു. അതുപോലെ ആയിരക്കണക്കിനു മാറ്റങ്ങൾ വേറെയും കാണപ്പെടുന്നുണ്ട്. എങ്കിലും സുവിശേഷ പഠനത്തിലൂടെ യേശുവിൻറെ അടിസ്ഥാന സന്ദേശങ്ങളും പ്രബോധനങ്ങളും പ്രവർത്തികളും അക്കാലത്തെ ജീവിത സാഹചര്യങ്ങളും അന്നത്തെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സ്ഥിതികളും ജനങ്ങളുടെ ജീവിതാവസ്ഥയും എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഇപ്പറഞ്ഞ കാര്യങ്ങൾ ഗ്രഹിക്കാൻ അല്‌പം ചരിത്രപഠനം നമുക്ക് പ്രയോജനകരമായിരിക്കും. BC 587-ൽ ബാബിലോണിലെ രാജാവായിരുന്ന നെബുക്കദ്നേസർ (Nebuchadnezzar) യൂദയാരാജ്യത്തെ കീഴ്പ്പെട്ട്ത്തി, അനേകം യഹൂദരെ അടിമകളാക്കി ബാബിലോണിലേയ്ക്ക് കൊണ്ടുപോയി. BC 516-ൽ അടിമത്തത്തിൽനിന്നു തിരിച്ചെത്തിയതോടെ യഹൂദ പുരോഹിത വർഗം അടിക്കടി ശക്തി ആർജിക്കാൻ തുടങ്ങി. ബാബിലോൺകാർ നശിപ്പിച്ച ദേവായത്തിനുപകരം പുതിയ ഒരു ദേവാലയം നിർമിക്കപ്പെട്ടു, പുതിയ ആരാധന സമ്പ്രദായങ്ങൾ നടപ്പാക്കി. നിയമങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ ഉണ്ടായി. സമൂഹത്തിൻറെ ഉന്നത ശ്രേണികളിൽ പുരോഹിത വർഗത്തിനുപുറമെ സദ്ദുക്കിയർ, ഫരിസേയർ മുതലായ പണ്ഡിതവർഗവും ഭൂഉടമകളും ഉണ്ടായി.

BC 63-ൽ റോമാസാമ്രാജ്യം പലസ്തീനയെ അതിൻറെ ഭാഗമാക്കി. വടക്കൻ ഭാഗമായ ഗലീലിയിൽ ഹെറോദേസിനെ രാജാവാക്കി. തെക്കൻ ഭാഗമായ യൂദയായിൽ സീസറിൻറെ കീഴിലുള്ള ഒരു പ്രീഫെക്റ്റിനെയും നിയമിച്ചു. യേശുവിൻറെ കാലത്ത് പീലാത്തോസ് പ്രീഫെക്റ് ആയിരുന്നു എന്നും ഹെറോദേസിൻറെ മകൻ അർക്കലാവോസും പിന്നീട് അന്തിപാസ്, ഫിലിപ്പ് എന്നിവരും പിന്തുടർച്ചക്കാർ ആയിരുന്നുവെന്നും സുവിശേഷത്തിൽ നാം വായിക്കുന്നു.

റോമാക്കാരുടെ ഭരണകാലത്ത് ക്രമസമാധാനം പാലിക്കുന്നതിനും കരം പിരിക്കുന്നതിനും അവരെ സഹായിക്കുവാൻ പുരോഹിതവർഗവും സാൻഹെദ്രീനും സദ്ദ്യൂക്യർ ഫരിസേയർ മുതലായ ഉന്നത വർഗക്കാരും സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. റോമാക്കാർ ഏർപ്പെടുത്തിയിരുന്ന കരങ്ങൾക്കു പുറമെ മറ്റു പല ചിലവുകൾക്കും പണം ജനങ്ങളിൽനിന്നും പിരിച്ചിരുന്നു. പുരോഹിത വർഗങ്ങൾക്കുള്ള ജീവിത ചിലവുകൾ, ക്ഷേത്രസംരക്ഷണത്തിനുള്ള ചിലവുകൾ, അനുദിന യാഗങ്ങൾക്കുള്ള ഫീസ്, നേർച്ചകൾ, വഴിപാടുകൾ, ശുദ്ധീകരണത്തിനുള്ള അർപണങ്ങൾ എന്നിങ്ങനെ വമ്പിച്ച തുക ജനങ്ങളിൽനിന്ന് ഈടാക്കിയിരുന്നു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കർഷകരും തൊഴിലാളികളുമായിരുന്നു ഈ സാമ്പത്തികഭാരം വഹിച്ചിരുന്നത്.

യേശുവിൻറെ കാലത്തെ യഹൂദജനത്തെ രണ്ടുവർഗങ്ങളായി തിരിക്കാം - ഉയർന്ന ജാതിക്കാരും സാധാരണ ജനങ്ങളും.

ഉയർന്ന ജാതിക്കാർ ആരൊക്കെയായിരുന്നു? ഭരണവർഗം: റോമൻ സാമ്രാജ്യത്തിൻറെ അധിപന്മാരും റോമിൻറെ പ്രതിനിധികളായിരുന്ന രാജാവും ഫ്രീഫെക്റ്റും റോമൻ സൈന്യവും ഭരണാധികാരികളും ഉദ്യോഗസ്ഥരും. പുരോഹിതവർഗം: പ്രധാന പുരോഹിതരും മറ്റ് പുരോഹിതരും. സമ്പന്നവർഗം: ഭൂഉടമകൾ, കച്ചവടക്കാർ, മറ്റ് ധനവാന്മാർ. പണ്ഡിതവർഗം: സദ്ദൂക്കർ അഥവാ നിയമജ്ഞർ. മറ്റ് ഉന്നതർ: ഫരിസേയർ.അധികാരവും സമ്പത്തും സ്ഥാനവും ഇവർക്കായിരുന്നു. ജനസംഖ്യയിൽ ഒരു ചെറിയ വിഭാഗമായിരുന്നു ഇവർ.

സാധാരണ ജനങ്ങൾ ആരൊക്കെയായിരുന്നു? കർഷകർ, തൊഴിലാളികൾ, ചുങ്കം പിരിക്കുന്നവർ, കൂലിവേലക്കാർ, മീൻ പിടുത്തക്കാർ, കുഷ്ടരോഗികൾ, അന്ധർ, ബധിരർ, മാനസിക രോഗികൾ, പിന്നോക്ക വിഭാഗക്കാർ, പരദേശികൾ, ആട്ടിടയന്മാർ, കാലികളെ മേയ്ക്കുന്നവർ, പലവിധ രോഗങ്ങളാലും ദുഃഖങ്ങളാലും ജീവിത ഭാരങ്ങളാലും വലയുന്നവർ.

സുവിശേഷത്തിലെ യേശു സാധാരണ ജനങ്ങളുടെ കൂടെ ചേർന്നു. അവരോടു ഇടപെട്ട് അവരുടെ ജീവിത പ്രശ്നങ്ങൾ മനസിലാക്കി. അവരോടൊത്ത് ഭക്ഷണം കഴിച്ചും അന്തിയുറങ്ങിയും അവിടുന്ന് എല്ലായിടത്തും സഞ്ചരിച്ചു. യേശുവിന് ഓഫീസില്ലായിരുന്നു; അരമനയോ അംശവടിയോ മോതിരമോ ഇല്ലായിരുന്നു! മലകളിലും താഴ്വരകളിലും കടലോരങ്ങളിലും തോണിയിലും തിരമാലയിലും കടലിലും കൊടുങ്കാറ്റിലും പാടങ്ങളിലും കിണറ്റുകരയിലും മരിച്ചവീട്ടിലും അവരുടെ കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും അവരോടു ചേർന്ന് വസിച്ചു. എല്ലാവരും യേശുവിൽ ആകൃഷ്ടരായി. പുരുഷാരം അവിടുത്തെ പിന്തുടർന്നു. അവിടുത്തെ കാണുവാനും പ്രബോധനങ്ങൾ കേൾക്കുവാനും അത്ഭുതങ്ങൾ ദർശിക്കുവാനും വേണ്ടി എല്ലാവരും അവിടുത്തെ അനുഗമിച്ചു. യേശു ഗ്രാമങ്ങളും പട്ടണങ്ങളും സന്ദർശിച്ച് അവരോടു സംസാരിച്ചു. ദൈവരാജ്യത്തിൻറെ ദർശനത്തെ അവർക്ക് മനസിലാക്കികൊടുത്തു. ഉപമകളിലൂടെയും സരസമായ കഥകളിൽ കൂടെയും ലളിതമായ ഭാഷയിൽ അവിടുന്ന് സംസാരിച്ചു. ഇടയാനില്ലാതെ അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയവരെകണ്ട്‌ യേശുവിന് അവരോട് അനുകമ്പ തോന്നി. സിനഗോഗിൽവച്ച് അവിടുന്ന് പ്രഖ്യാപിച്ചു: "കർത്താവിൻറെ അരൂപി എൻറെമേൽ ഉണ്ട്; കാരണം, ദരിദ്രരോടു സുവിശേഷം അറിയിക്കുവാൻ അവൻ  എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ദികൾക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവൻ എന്നെ അയച്ചിരിക്കുന്നു (ലൂക്കാ: 4. 18). യേശു ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്നു. രോഗികളെ അവിടുന്നു സുഖപ്പെടുത്തി; വിശന്നപ്പോൾ അവർക്കു ഭക്ഷണം നൽകി; മാനസികമായും ആത്മീയമായും തളർന്നവർക്ക് സൗഖ്യവും പ്രത്യാശയും ഏകി. അതേസമയം മതത്തിലും സമൂഹത്തിലും നിലനിന്നിരുന്ന ദുരാചാരങ്ങളെയും ചൂഷണ വ്യവസ്ഥിതികളെയും അവിടുന്ന് ശക്തമായ ഭാഷയിൽ അപലപിച്ചു. അതുകൊണ്ടുതന്നെ ചൂഷകവർഗം  അവിടുത്തെ കുരിശിൽ തറച്ചു.

സുവിശേഷ വായനയിലൂടെ നമ്മൾ യേശുവിൻറെ ദർശനങ്ങളും പ്രവർത്തനങ്ങളും അത്ഭുത പ്രവർത്തികളും ഹൃദിസ്ഥമാക്കുന്നു. അതോടൊപ്പം അതിൽകൂടി ഉരിത്തിരിഞ്ഞുവരുന്ന, അവയുടെ സാരാംശം എന്ന് വിളിക്കാവുന്ന അഞ്ചുവാക്കുകൾ ശ്രദ്ധിക്കുക: സ്നേഹം, സത്യം, സമത്വം, സ്വാതന്ത്ര്യം, നീതി.

സ്നേഹം - ഇതാണെൻറെ പുതിയ കല്പന: ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കക (യോഹ. 15: 12). എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ശത്രുക്കളെ സ്നേഹിക്കുവിൻ നിങ്ങളെ പീഢിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ (മത്താ. 5: 44). ഒരു നിയമജ്ഞൻ വന്ന് അവരുടെ വിവാദം കേട്ടു. അവൻ നന്നായി ഉത്തരം പറയുന്നുവെന്ന് മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലെ കേൾക്കുക: നമ്മുടെ ദൈവമായ  കർത്താവാണ് ഏക കർത്താവ്. നീ നിൻറെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപോലെതന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക. ഇവയെക്കാൾ വലിയ കല്പന ഒന്നുമില്ല (മാർക്കോ. 12: 28-31; മത്താ. 22. 34-40; ലൂക്കാ. 10. 25-28).

സത്യം - സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ. 8: 32). വഴിയും സത്യവും ജീവനും ഞാനാകുന്നു (യോഹ. 14: 6). സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല (മാർക്കോ. 2: 27). സത്യാന്വേഷണത്തിൻറെ മാർഗം മനുഷ്യസാധാരണമായ അനുഭവങ്ങളുടെ അപഗ്രഥനത്തിലൂടെയാണ് മുന്നോട്ടു പോവുക.

സമത്വം - യേശു എല്ലാവിധ ആളുകളോടുംകൂടെ സഹവസിച്ചിരുന്നു. മീൻ പിടുത്തക്കാർ, ചുങ്കം പിരിക്കുന്നവർ, കുഷ്ഠരോഗികൾ, യാചകർ, ഉന്നതകുലത്തിലുള്ളവർ, ധനവാന്മാർ, കാനനായ വംശത്തിൽ പെട്ടവർ എല്ലാവരും യേശുവിന് സ്വീകാര്യർ ആയിരുന്നു.

സ്വാതന്ത്ര്യം - കർത്താവിൻറെ അരൂപി (നിശ്വാസം) എൻറെമേലുണ്ട്; ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ എന്നെ അയച്ചിരിക്കുന്നു. (ലൂക്കാ. 4: 18-19). യേശുവിൻറെ രോഗശാന്തി ശുശ്രൂഷകൾ, അന്ധർ, ബധിരർ, മുടന്തർ, തളർവാദരോഗികൾ, കുഷ്ഠരോഗികൾ മുതലായവരെ സുഖപ്പെടുത്തിയതും അശുദ്ധാത്മാക്കളെ പുറത്താക്കിയതും മരിച്ചവരെ ഉയർപ്പിച്ചതും വിടുതൽ അഥവാ വിമോചന ശുശ്രൂഷകൾ ആയിരുന്നു.

നീതി - നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ! അവർക്കു സംതൃപ്തി ലഭിക്കും (മത്താ. 5: 6). നീതിയ്ക്കുവേണ്ടി പീഢനമേൽക്കുന്നവർ ഭാഗ്യവാന്മാർ! സ്വർഗരാജ്യം അവരുടേതാണ് (മത്താ. 5: 10).

സുവിശേഷത്തിലെ യേശുവിനെ തേടുന്ന നമ്മൾ ഈ അഞ്ചു പദങ്ങളും അവയുടെ അന്തരാർത്ഥങ്ങളും ഗ്രഹിക്കേണ്ടിയിരിക്കുന്നു.

സുവിശേഷത്തിലെ യേശുവിനെ കണ്ടെത്തുന്നതോടൊപ്പം യേശുവിൻറെ ഇന്നത്തെ സഭയിലേയ്ക്കു നമുക്കുനോക്കാം.

1. ഇന്നത്തെ നമ്മുടെയിടയിലെ ഉന്നതവർഗം ആരൊക്കെയാണ്? ഭരണവർഗം: ഗവണ്മെൻറ്, മന്ത്രിമാർ, ഉദ്യോഗസ്ഥവർഗം, പോലീസ്, രാഷ്ട്രീയ പാർട്ടികൾ, പാർട്ടിപ്രവർത്തകർ, നീതിന്യായം, കോടതി

മതനേതാക്കൾ: പുരോഹിതവർഗം, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ (തിരുമേനിമാർ), ഇടയന്മാർ

സമ്പന്നവർഗം: ധനവാന്മാർ, ഭൂവുടമകൾ, ബിസിനസ്സുകാർ, ഹോസ്പിറ്റൽ, കോളേജുകൾ, വൻ വരുമാനമുള്ള ദേവാലയങ്ങൾ

എണ്ണത്തിൽ ചെറിയൊരു വിഭാഗമാണ് ഉന്നതവർഗം. എങ്കിലും ഇവർക്കുള്ളതാണ് ധനവും അധികാരവും ബഹുമാനവും. ക്രൈസ്തവഭാഷയിൽ രാജ്യവും ശക്തിയും മഹത്വവും അവരുടേതാകുന്നു.

2. ഇനി ഇന്നത്തെ സാമാന്യജനം ആരൊക്കെയാണെന്ന് നോക്കാം:

കൃഷിക്കാർ, വീട്ടുജോലിക്കാർ, മറ്റു പലവക ജോലിക്കാർ, മൽസ്യത്തൊഴിലാളികൾ, അല്മേനികൾ (വിശ്വാസികൾ, സഭാതനയർ, കുഞ്ഞാടുകൾ), പുതുക്രിസ്ത്യാനികൾ, പുലയർ, പറയർ, കൂലിവേലക്കാർ, ബംഗാളികൾ, ആദിവാസികൾ, വികലാംഗർ (ബുദ്ധിമാദ്യം, Autism മുതലായവ ബാധിച്ചവർ), മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർ, മാനസികരോഗികൾ, എയിഡ്‌സ്‌ രോഗികൾ, മറ്റു രോഗികൾ, ലൈംഗിക പീഢനങ്ങൾക്ക് ഇരയായവർ, തൊഴിൽ രഹിതർ, ചാളയിലും വഴിവക്കിലും ഉറങ്ങുന്നവർ, ചൂഷണത്തിന് ഇരയാകുന്നവർ, അന്ധവിശ്വാസങ്ങളിൽ അടിപ്പെട്ടവർ ഇങ്ങനെ പോകുന്നു അവരുടെ നീണ്ടനിര.

ഇന്ന് യേശു വരുകയാണെങ്കിൽ ആരുടെ പക്ഷത്തുചേരും? ദേവാലയത്തിൻറെ മറകൾനീക്കി യേശു ഇറങ്ങിവരുമോ? എന്നാൽ എന്തുപറയും? എന്തുചെയ്യും? നമ്മോട് എന്താവശ്യപ്പെടും? KCRM പ്രവർത്തകർക്ക് എന്തുസന്ദേശമാണ് യേശു തരുന്നത്?

കടപ്പാട്:

1. നാളയിലേയ്‌ക്കൊരു നീൾകാഴ്ച

ലേഖകൻ: സാമുവൽ രായൻ, എസ്. ജെ.

എഡിറ്റേഴ്‌സ്: പി. കെ. മൈക്കിൾ തരകൻ; എസ്. പൈനാടത്ത്, എസ്. ജെ.

പ്രസിദ്ധീകരണം: St. Pauls, Broadway, Ernakulam, Kerala