Translate

Sunday, April 29, 2018

പള്ളിയോഗപുനഃസ്ഥാപനം ചര്‍ച്ച് ആക്ടിലൂടെ


ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍, സത്യജ്വാല, ഏപ്രില്‍ 2018)

ലോകമെമ്പാടുമുള്ള മുഴുവന്‍ ക്രൈസ്തവരുടെയും പൊതു പൈതൃകമാണ് സഭായോഗസമ്പ്രദായം. കാരണം, ആദിമസഭാപൈതൃകത്തിനും പാരമ്പര്യങ്ങള്‍ക്കും ഉടമകളാണ്, ഇന്നലത്തെയും ഇന്നത്തെയും നാളെത്തെയും എല്ലാ ക്രൈസ്തവരും. ആദിമസഭയില്‍ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് യോഗം ചേര്‍ന്നായിരുന്നുവെന്ന് 'അപ്പോസ്‌തോല പ്രവര്‍ത്തനങ്ങ'ളില്‍ നാം വായിക്കുന്നു. യൂദാസിനു പകരം മത്ഥിയാസിനെ തിരഞ്ഞെടുത്തത് പത്രോസ് സ്വയമായോ അപ്പോസ്തലരോടുമാത്രം കൂടിയാലോചിച്ചോ ആയിരുന്നില്ല; മറിച്ച്, നൂറ്റി യിരുപതോളം വിശ്വാസികള്‍ ഒത്തുകൂടിയ ഒരു യോഗത്തിലായിരുന്നു (അപ്പോ. പ്രവ.1: 15-26). സഭയിലെ ആദ്ധ്യാത്മിക - ഭൗതികശുശ്രൂഷകളെ വേര്‍തിരിച്ചുകൊണ്ട് അപ്പോസ്തലന്മാര്‍ നടത്തിയ പ്രഖ്യാപനത്തിലൂടെ (അപ്പോ.പ്രവ. 6: 2-4), സഭയുടെ ഈ യോഗസമ്പ്രദായം ആധികാരികമായി വ്യവസ്ഥാപിക്കപ്പെടുകയുംചെയ്തു. അതനുസരിച്ച് സഭയുടെ ആദ്ധ്യാത്മിക-ഭൗതികശുശ്രൂഷകരെ വിശ്വാസിസമൂഹം യോഗംചേര്‍ന്നു തിരഞ്ഞെടുക്കുന്ന സമ്പ്രദായം രൂപപ്പെട്ടു.
ഈ യോഗസമ്പ്രദായം ഒരു സാമൂഹികവിപ്ലവംകൂടി ആയിരുന്നു. റോമന്‍സാമ്രാജ്യത്തിന്റെ ശ്രേണീബദ്ധമായ (hierarchical) ആധിപത്യഭരണവ്യവസ്ഥ അജയ്യമായി നിലനിന്നിരുന്ന അക്കാലത്ത് ജനങ്ങള്‍ക്ക് സ്വയം ഭരിക്കാം എന്നു ചിന്തിക്കാന്‍പോലും നിര്‍വ്വാഹമില്ലായിരുന്നു. അപ്പോഴാണ്, യേശുവിന്റെ സ്‌നേഹദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങേയറ്റം വികേന്ദ്രീകൃതവും ജനാധിപത്യപരവും അധികാരം തീണ്ടാത്തതുമായ ഒരു പുതിയ മാനുഷിക ജീവിതവ്യവസ്ഥ അവതരിക്കപ്പെടുന്നത്. റോമന്‍ അധികാരവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞവരെ സംബന്ധിച്ച്, സ്വാതന്ത്ര്യവും സ്വയംനിര്‍ണ്ണയാവകാശവും സ്വയംഭരണാവകാശവും പ്രദാനംചെയ്യുന്ന ഈ ശുശ്രൂഷാവ്യവസ്ഥിതി അവരുടെ അന്തസ്സിനെ ഉയര്‍ത്തുന്ന ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും നാന്ദിയായിരുന്നു. ഈ  ആദിമസഭാസംവിധാനത്തില്‍ ആകൃഷ്ടരാകാനും അതിലേക്ക് ആളുകള്‍ ഒഴുകിയെത്താനും കാരണമായത് ഇക്കാരണത്താലാകണം.  ക്രിസ്തീയതയുടെ വ്യാപനത്തെ റോമന്‍ സാമ്രാജ്യം ഒരു വെല്ലുവിളിയായിക്കണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയത്, നിലവിലിരുന്ന രാജകീയഅധികാരവ്യവസ്ഥിതിയെ അടിയേ തകര്‍ക്കാന്‍പോരുന്ന ഒരു വിപ്ലവമാണത് എന്നു തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു.
ആമുഖമായി ഇത്രയും പറഞ്ഞത്, രണ്ടുകാര്യങ്ങളില്‍ ഊന്നാനാണ്. ഒന്ന്, പള്ളിയോഗസഭാഭരണസമ്പ്രദായം കേരളനസ്രാണികള്‍ക്കുമാത്രം അവകാശപ്പെടാവുന്ന ഒരു പാരമ്പര്യമല്ല; അതു റീത്തുഭേദമെന്യേ, എല്ലാ കത്തോലിക്കാ വിഭാഗങ്ങളുടെയും വിശ്വാസഭേദമെന്യേ, എല്ലാ ക്രൈസ്തവസഭാവിഭാഗങ്ങളുടെയും പൊതുപൈതൃകമാണ്.
രണ്ടാമതായി, അതിലളിതമായ ഈ യോഗസമ്പ്രദായമാണ് ക്രിസ്തീയജീവിതത്തിന് അടിത്തറ തീര്‍ക്കുന്നത് എന്നതാണ്.  ഇതിനെ താത്വികമായി ഇങ്ങനെ കാണാം: യേശുവിന്റെ സ്‌നേഹദര്‍ശനത്തിന്റെ സാമൂഹിക രൂപം ദൈവരാജ്യമാണ്. അത് ഭൂമിയില്‍ സംസ്ഥാപിക്കുപ്പെടുന്നത് മനുഷ്യരുടെ കൂട്ടായ്മകളിലൂടെയാണ്. ഈ കൂട്ടായ്മകളാണ് സഭകള്‍ എന്നറിയപ്പെടുന്നത്. സ്‌നേഹത്തിലധിഷ്ഠിതമായ ഈ സഭാകൂട്ടായ്മകളുടെ സാമൂഹിക നടത്തിപ്പ് അധികാരപരമാകാനാവില്ല എന്നു നാം ഓര്‍ക്കണം. കാരണം, സ്‌നേഹമുള്ളിടത്ത് അധികാരമില്ല; അത് നിഷിദ്ധമാണുതാനും. അവിടെയാണ്, തുല്യതയും പാരസ്പര്യബോധവും ഉള്ളവരുടെ കൂടിയാലോചനായോഗങ്ങള്‍ എന്ന വഴി തെളിഞ്ഞുവരുന്നത്. ആദിമസഭയില്‍ ഈ വഴി തെളിഞ്ഞുവരുന്നത് നാം കാണുന്നുണ്ട്. ചുരുക്കത്തില്‍, യോഗസമ്പ്രദായമില്ലെങ്കില്‍ ക്രിസ്തീയസമൂഹമോ ക്രിസ്തീയജീവിതമോ ഇല്ല. അത് ക്രിസ്തീയതയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അവശ്യം ആവശ്യമായ അടിസ്ഥാന സംവിധാനം (infrastructure) തന്നെയാണ്.
തങ്ങളുടെ ചെറുകൂട്ടായ്മാസമൂഹത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ വളര്‍ച്ച ഉറപ്പുവരുത്തിക്കൊണ്ട്, ആ സമൂഹത്തിനാവശ്യമായ കാര്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നത് പരസ്പരതുല്യതയിലുള്ള സ്വതന്ത്രചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും പ്ലാനിങ്ങിനും നടത്തിപ്പിനും സഭായോഗം എന്നൊരു വേദി ഉള്ളതുകൊണ്ടാണ്. അതില്ലാതായാല്‍, ആ നിമിഷം അധികാരവ്യവസ്ഥ സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറുകയും തുല്യത നഷ്ടപ്പെടുകയും സഭ അധികാരികളും അധീനരുമായി വിഭജിക്കപ്പെടുകയും, അങ്ങനെ  സഭ സഭയല്ലാതാകുകയും ചെയ്യും. അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന്, ഇന്നത്തെ ഏതു സഭയിലേക്കു നോക്കിയാലും കാണാന്‍ സാധിക്കും. അതുകൊണ്ട് നസ്രാണിക്രൈസ്തവരുടെ പള്ളിയോഗപാരമ്പര്യം മാത്രമല്ല, മുഴുവന്‍ ക്രൈസ്തവസഭകളുടെയും സഭായോഗപാരമ്പര്യം വീണ്ടെടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. അങ്ങനെമാത്രമേ, ഏതു സഭയെയും ക്രിസ്തീയതയിലേക്കു നവീകരിക്കാനാവൂ. നസ്രാണികള്‍ തങ്ങളുടെ മാര്‍ത്തോമ്മാ പാരമ്പര്യത്തിലുള്ള പള്ളിയോഗസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍, ലത്തീന്‍ പാരമ്പര്യത്തിലുള്ളവര്‍ ആദിമസഭാപാരമ്പര്യപ്രകാരമുള്ള സഭായോഗസമ്പ്രദായം വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇവ രണ്ടും ഉള്ളടക്കത്തില്‍ ഒന്നുതന്നെ ആയതിനാല്‍, ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി തമ്മില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാവുന്നതുമാണ്. ഈ രണ്ട് പാരമ്പര്യങ്ങളിലുംപെട്ട സഭകള്‍ കേരളത്തിലുണ്ട് എന്നതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.
ലോകത്തിലുള്ള മുഴുവന്‍ സഭകളേയും ലത്തീനികരിക്കാനുള്ള, അതായത് പാശ്ചാത്യസഭാസമ്പ്രദായങ്ങള്‍ ഇതര സഭകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമമായിരുന്നു രണ്ടാം വത്തിക്കാന്‍ സുനഹദോസുവരെ കത്തോലിക്കാസഭ തുടര്‍ന്നുപോന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ് ആദ്യമായി, പൗരസ്ത്യദേശത്തെ സഭകള്‍ക്കുള്ള ഡിക്രികളിലൂടെ, മറ്റുസഭകളെ തങ്ങളുടെ പൂര്‍വ്വപാരമ്പര്യത്തിലേക്കു തിരിച്ചു
പോകാന്‍ അനുവദിക്കുകയും അതിന് ആഹ്വാനംചെയ്യുകയും ചെയ്തത്. അതൊരു മഹത്തായ സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നെങ്കിലും, പാശ്ചാത്യസഭ  എവിടേക്കും തിരിച്ചുപോകേണ്ടതില്ലാത്ത ക്രിസ്തീയതയുടെ ഒരു മാതൃകയായി തുടര്‍ന്നും നിലനിന്നതിനാല്‍, അത് ഉദ്ദേശിച്ച ഫലം കണ്ടില്ല. വാസ്തവത്തില്‍ വേണ്ടിയിരുന്നത്, പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ സഭകളും അവയുടെ പൂര്‍വ്വപാരമ്പര്യത്തിലേക്ക്, ആദിമസഭാപാരമ്പര്യത്തിലേക്ക്, തിരികെ പോകണം എന്ന ആഹ്വാനവും അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായിരുന്നു. കാരണം, പാശ്ചാത്യസഭയും കാലത്തിന്റെയോ വ്യക്തികളുടെയോ  ആയ ചരിത്രസാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ട് 4-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ത്തന്നെ ക്രിസ്തീയതയില്‍നിന്നു വ്യതിചലിച്ചുപോയിട്ടുള്ളതാണ്.
കേരളനസ്രാണിസഭയെ സംബന്ധിച്ച്, ആദിമസഭാപാരമ്പര്യത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ ആദ്യപടി, മാര്‍ത്തോമ്മായുടെ പേരിലറിയപ്പെടുന്ന അതിന്റെ പള്ളിയോഗപാരമ്പര്യം വീണ്ടെടുക്കുക എന്നുള്ളതാണ്; അങ്ങനെ, പാശ്ചാത്യരീതിയിലുള്ള പുരോഹിതമേല്‍ക്കോയ്മാ സമ്പ്രദായത്തിനു അറുതിവരുത്തുകയെന്നതാണ്. 
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം, ഈ ലക്ഷ്യംവച്ച് ധാരാളം പഠനങ്ങളും ആശയപ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായെങ്കിലും, തീരുമാനങ്ങളെടുക്കുവാനും നടപടിക്രമങ്ങള്‍ തീരുമാനിക്കാനുമുള്ള അവകാശം പാശ്ചാത്യസമ്പ്രദായപ്രകാരമുള്ള മെത്രാന്‍സിനഡിനുമാത്രമായിരുന്നതിനാല്‍ ഫലംകാണുകയുണ്ടായില്ല. അതായത്, പൗരസ്ത്യദേശത്തെ ഒരു സഭയായ കേരളസഭയുടെ തനിമയും പാരമ്പര്യവും എന്തെന്നും, എങ്ങനെ അതു വീണ്ടെടുക്കാമെന്നും, വീണ്ടെടുക്കണമോ എന്നുതന്നെയും തീരുമാനിക്കാനുള്ള സംവിധാനം പൂര്‍ണ്ണമായും പാശ്ചാത്യമായിരുന്നു. ജനാധിപത്യം നടപ്പാക്കാന്‍ രാജാക്കന്മാരെ ചുമതലപ്പെടുത്തുന്നതുപോലെയായിരുന്നു, ഫലത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനങ്ങള്‍.
എന്നാല്‍, സ്വന്തം സഭയുടെ തനിമയെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും അതിന്റെ അവിഭാജ്യഘടകമായിരുന്ന പള്ളിയോഗസമ്പ്രദായത്തെക്കുറിച്ചും അതു വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിശ്വാസിസമൂഹത്തിനിടയില്‍ വ്യാപകമായ ഒരവബോധമുണ്ടാകാന്‍ അതവസരമുണ്ടാക്കി. പക്ഷേ, പള്ളിയോഗപാരമ്പര്യം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് അവര്‍ നടത്തിയ നിരവധിയായ സമരങ്ങളും നല്‍കിയ നിവേദനങ്ങളും പാഴായിപ്പോയി. പാശ്ചാത്യശൈലിയിലുള്ള തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സഭയുടെ തനതുവ്യക്തിത്വവും പാരമ്പര്യങ്ങളും മെത്രാന്മാര്‍ മറച്ചുവയ്ക്കുകയും അതിനെ നിഷേധിച്ചുപറയുകയും ചെയ്തു. ഇന്ത്യന്‍ സഭയുടെമേല്‍ അധികാരമില്ലാതിരുന്ന പൗരസ്ത്യസംഘവുമായി ഒത്തുകളിച്ച് ഈ സഭയെ കല്‍ദായസഭയുടെ ഭാഗമാക്കുകയും, പാശ്ചാത്യകാനോന്‍നിയമം അനുകരിച്ചുണ്ടാക്കിയ പൗരസ്ത്യകാനോന്‍നിയമം ഈ സഭയ്ക്കു ബാധകമാക്കുകയുമാണവര്‍ ചെയ്തത്. അങ്ങനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാഴ്‌വാക്കുകളായിത്തീര്‍ന്നു. പാശ്ചാത്യസഭയുടെ മേല്‍ക്കോയ്മയില്‍നിന്നും മേല്‍ക്കോ
യ്മാസംവിധാനത്തില്‍നിന്നും രക്ഷപ്പെടാന്‍ അവസരം ലഭിച്ച സഭകള്‍, കേരളസഭയുള്‍പ്പെടെ, 'പൗരസ്ത്യം' എന്ന ലേബലൊട്ടിച്ച്, പാശ്ചാത്യസമ്പ്രദായത്തില്‍ത്തന്നെ വ്യവസ്ഥാപിക്കപ്പെടുകയാണുണ്ടായത്. പാശ്ചാത്യസങ്കല്പപ്രകാരമുള്ള അതേ പുരോഹിത മേല്‍ക്കോയ്മാസംവിധാനം പൗരസ്ത്യകാനോന്‍ നിയമത്തിന്റെ ബലത്തില്‍ കൂടുതല്‍ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നു.
ഈ സാഹചര്യമാണ്, ചര്‍ച്ച് ആക്ട് എന്ന ആശയം ഉടലെടുക്കാന്‍ കാരണമാക്കിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കേരളസഭയുടെ പള്ളിയോഗസമ്പ്രദായം വീണ്ടെടുക്കുന്നതില്‍ നമ്മുടെ മെത്രാന്മാര്‍ വിവേകത്തോടും സഭാസ്‌നേഹത്തോടുംകൂടി സഹകരിച്ചിരുന്നെങ്കില്‍, സഭാസ്വത്തുക്കള്‍ ഭരിക്കാന്‍ ഒരു നിയമം നിര്‍മ്മിച്ചുതരണമെന്ന ആവശ്യം ഗവണ്‍മെന്റിനുമുമ്പില്‍ ആരും ഉയര്‍ത്തുമായിരുന്നു എന്നു തോന്നുന്നില്ല. കാരണം, അത് മറ്റൊരു മതസമൂഹത്തിലും ഇല്ലാതിരുന്നത്ര ജനാധിപത്യപരമായിരുന്നു. ഇവിടുത്തെ ഹൈന്ദവസമൂഹം ബ്രാഹ്മണപുരോഹിതാധിപത്യത്തില്‍ അമര്‍ന്നിരുന്ന കാലഘട്ടംമുഴുവനും പരസ്പരതുല്യതയും ജനാധിപത്യവും പ്രഖ്യാപിച്ച് നിലനിന്ന ഒന്നായിരുന്നു, നമ്മുടെ പള്ളിയോഗപാരമ്പര്യം എന്നു നാമോര്‍ക്കണം. കേരളത്തിലെ പ്രബുദ്ധരായ വിശ്വാസി സമൂഹത്തിനുമുമ്പില്‍ ആ മഹത്തായ പാരമ്പര്യത്തെ തള്ളിക്കളയുകയാണ് നമ്മുടെ മെത്രാന്മാര്‍ ചെയ്തത്. സ്വാഭാവികമായും വിശ്വാസിസമൂഹം അടുത്ത വഴി അന്വേഷിച്ചു എന്നുമാത്രം. ഇതുകൊണ്ട് തങ്ങള്‍ക്കുണ്ടായ നഷ്ടമെത്രയെന്ന് നമ്മുടെ മെത്രാന്‍സംഘം ഇന്നോളം മനസ്സിലാക്കിയിട്ടില്ല. ഒന്നാമതായി, സമ്പത്തിലും അധികാരത്തിലും മനസ്സുനട്ട അവര്‍ക്ക്, ആദ്ധ്യാത്മികത നഷ്ടമായി. പിന്നെ, വിശ്വാസിസമൂഹത്തില്‍നിന്നു ലഭിക്കുമായിരുന്ന സ്‌നേഹ-ബഹുമാനങ്ങള്‍ നഷ്ടമായി. പകരം, വിശ്വാസിസമൂഹം അവരെ കൂക്കിവിളിക്കുകയും കോടതി കയറ്റുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ആത്മാവു നഷ്ടപ്പെടുത്തിക്കൊണ്ട് മറ്റുള്ളതെല്ലാം നേടാന്‍ ശ്രമിക്കുന്ന അന്തസ്സാരശൂന്യരുടേതിനു സമാനമായിരിക്കുന്നു, കേരളമെത്രാന്‍ സംഘത്തിന്റെയും പുരോഹിത അനുയായികളുടെയും ഇന്നത്തെ അവസ്ഥ.  സഭാകേന്ദ്രങ്ങളിലേക്കുള്ള നിവേദനസമര്‍പ്പണങ്ങള്‍ നിര്‍ത്തി ഗവണ്‍മെന്റിനെ സമീപിക്കുവാന്‍ പ്രബുദ്ധരായ വിശ്വാസിസമൂഹം തീരുമാനിച്ച നിമിഷംമുതല്‍, ഈ പുരോഹിതദുഷ്പ്രഭുത്വം സാമൂഹികതിരസ്‌കാരത്തിന്റെ രുചി അറിഞ്ഞുതുടങ്ങി. ഇന്നത്, അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. അതിനനുസൃതമായി ചര്‍ച്ച് ആക്ടിനുവേണ്ടിയുള്ള മുറവിളിയും ഉച്ചത്തില്‍ മുഴങ്ങുകയാണ്.
കേരളസഭയുടെ പള്ളിയോഗപാരമ്പര്യവും ചര്‍ച്ച് ആക്ടും
16 നൂറ്റാണ്ടുകാലം അഭംഗുരം നിലനിന്ന കേരളക്രൈസ്തവരുടെ പള്ളിയോഗ സഭാഭരണസമ്പ്രദായത്തെപ്പറ്റി, മെത്രാന്മാരുള്‍പ്പെടെ നമ്മുടെ പുരോഹിതശ്രേഷ്ഠര്‍ എഴുതിവച്ചിട്ടുള്ള നിരവധിയായ ചരിത്രഗ്രന്ഥങ്ങളിലൂടെയും പഠനപ്രബന്ധങ്ങളിലൂടെയും നമുക്ക് വ്യക്തമായൊരു ധാരണ കിട്ടിയിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ചരിത്രപണ്ഡിതനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതിയിരിക്കുന്നു:
''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു. പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം, പേജ്: 198-199).
കേരളക്രൈസ്തവരുടെ സഭാഭരണസമ്പ്രദായമനുസരിച്ച്, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം മെത്രാന്മാര്‍ക്കോ വൈദികര്‍ക്കോ ആയിരുന്നില്ലെന്നും മറിച്ച്, വിശ്വാസിസമൂഹത്തിനായിരുന്നുവെന്നുമുള്ള ഈ ചരിത്രവസ്തുത റവ. ഡോ. എ.എം. മുണ്ടാടന്‍ (സി.എം.ഐ.), റവ. ഡോ. പ്ലാസിഡ് പൊടിപാറ (സി.എം.ഐ.), റവ. ഡോ. ജോസ് കുറിയേടത്ത്, റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിങ്ങനെ വേറെയും ഒട്ടുവളരെ സഭാചരിത്രകാരന്മാര്‍ തങ്ങളുടെ ആധികാരികപഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
'സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പ്രസ്പഷ്ടമാക്കുന്ന' കേരളക്രൈസ്തവരുടെ പല തട്ടുകളുള്ള ഈ പള്ളിയോഗസമ്പ്രദായം അറിയപ്പെട്ടിരുന്നത് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) എന്നാണ്. അതേക്കുറിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ചു ബിഷപ്പായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് : ''അവരുടെ (കേരള ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (തോമായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം... മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, page 71-72, തര്‍ജ്ജമ സ്വന്തം).
ഇപ്പോള്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ സഭാസമ്പ്രദായത്തെക്കുറിച്ച്, 'Law of Thomas' എന്ന പേരില്‍ ഒരു പഠനഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ''മാര്‍ത്തോമ്മായുടെ നിയമം ഒരു ക്രൈസ്തവജീവിതസമ്പ്രദായമെന്ന നിലയില്‍, ക്രിസ്തുവിലും അവിടുത്തെ പ്രബോധനങ്ങളിലും അധിഷ്ഠിതമായിരുന്നു'' എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യപ്രകാരമുള്ള സഭാഭരണസമ്പ്രദായം എപ്രകാരമുള്ളതായിരുന്നു എന്ന് അതില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം. - മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം അല്ലെങ്കില്‍ പള്ളിയോഗം'' - (Law of Thomas, page : 41-42, തര്‍ജ്ജമ സ്വന്തം).
നിര്‍ദ്ദിഷ്ട ട്രസ്റ്റ്ബില്‍ വിഭാവനം ചെയ്തിരിക്കുന്നത് 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ അതേ മാതൃകയില്‍ മൂന്നു തലങ്ങളിലുള്ള യോഗസമ്പ്രദായമാണ് എന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. ചുരുക്കത്തില്‍, കേരളക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌കാരമാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതു മനസ്സിലാക്കാന്‍ നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ടിന്റെ ഉള്ളടക്കം എന്താണെന്ന് നോക്കിയാല്‍ മതി. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അതില്‍ കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്:
''സഭയുടെ ലൗകികകാര്യങ്ങളുടെയും സമ്പത്തിന്റെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിയുക്തവുമായ ഭരണസംവിധാനമാണ് ബില്‍ ലക്ഷ്യംവയ്ക്കുന്നത്. നിയമപ്രകാരം രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്. പുരാതനകാലം മുതലേ കേരളത്തിലെ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല എന്നത് പല വിധത്തിലുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്.  ഈ സാഹചര്യത്തില്‍, സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ഒരു ജനാധിപത്യചട്ടക്കൂടു രൂപപ്പെടുത്തി, ലൗകികസ്വത്തുക്കളുടെ ഭരണം ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപമാതൃക (Christian Modality)യിലേക്കു കൊണ്ടു വരുന്നതിന് ഈ ബില്‍ ഉദ്ദേശിക്കുന്നു.
സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ഈ ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും അടിസ്ഥാനഘടകം ഇടവകയാണ്. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. അടിസ്ഥാനഘടകമായ ഇടവകകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ഈ മൂന്നുതലങ്ങളിലുമുള്ള ട്രസ്റ്റ് അംഗങ്ങളെയും ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റികളെയും തെരഞ്ഞെടുക്കുന്നു.''
കൂടാതെ, 'സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന് ഉദ്ദേശ്യമില്ലെ'ന്നു പ്രസ്താവിക്കുന്നുമുണ്ട,് ഇതില്‍.
ഈ ട്രസ്റ്റ് ബില്‍ അനുസരിച്ച്:
1. ഓരോ ഇടവകയിലെയും 18 വയസ്സിനുമേലുള്ള എല്ലാ സ്ത്രീപുരുഷന്മാരും ഇടവക ട്രസ്റ്റ് അസംബ്ലി (ഇടവക പൊതുയോഗം) അംഗങ്ങളാണ്. അവരാണ്, അവര്‍ തെരഞ്ഞെടുക്കുന്ന  ട്രസ്റ്റ്  കമ്മറ്റിക്കാരിലൂടെയും ട്രസ്റ്റിമാരിലൂടെയും (കൈക്കാരന്മാര്‍)  തങ്ങളുടെ പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും പള്ളിയോഗതീരുമാനപ്രകാരം ഭരിക്കുക. ഇടവക ട്രസ്റ്റ് അസംബ്ലി (പൊതുയോഗം)ക്കും ട്രസ്റ്റ് കമ്മറ്റിയോഗത്തിനും വികാരി ആധ്യക്ഷ്യം വഹിക്കുന്നു.
2. രൂപതാ ട്രസ്റ്റ് അസംബ്ലിയിലേക്ക് ഓരോ ഇടവകയിലെയും 300 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഇടവകപൊതുയോഗം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഈ രൂപതാ ട്രസ്റ്റ് അസംബ്ലി തങ്ങളില്‍നിന്ന് 25 പേരുടെ ഒരു രൂപതാ ട്രസ്റ്റ് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നു. ഈ കമ്മറ്റിയാണ് രൂപതാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം നിര്‍വഹിക്കേണ്ടത്. രൂപതാ ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മറ്റിയുടെയും യോഗങ്ങള്‍ക്ക് മെത്രാനാണ് ആധ്യക്ഷ്യംവഹിക്കുക.
3. സംസ്ഥാനതലത്തില്‍, ആകമാന വ്യക്തിസഭാതല (ഉദാ: സീറോ-മലബാര്‍ സഭ) ട്രസ്റ്റ് അസംബ്ലി യിലേക്ക് ഓരോ ഇടവകയും ഓരോ അംഗത്തെ തെരഞ്ഞെടുത്ത് അയയ്ക്കുന്നു (കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവനുസരിച്ച് പ്രതിനിധികളുടെ എണ്ണം കൂടാം). വ്യക്തിസഭകളുടെ ഭൗതികഭരണനിര്‍വഹണം ഈ ട്രസ്റ്റ് അസംബ്ലി തെരഞ്ഞെടുക്കുന്ന 101 അംഗങ്ങളുടെ ട്രസ്റ്റ് കമ്മറ്റിയില്‍ നിക്ഷിപ്തമാണ്. ഈ യോഗത്തിന് ആദ്ധ്യക്ഷ്യം വഹിക്കുന്നത് ആകമാനവ്യക്തിസഭകളുടെ തലവനായിരിക്കും.
ഈ എല്ലാ തലങ്ങളിലും, തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര കണക്കുപരിശോധകര്‍ (internal auditors) ഉണ്ടായിരിക്കും. രൂപതാതലത്തിലും വ്യക്തിസഭാതലത്തിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ടും കണക്കുകള്‍ പരിശോധിപ്പിക്കണം. എല്ലാ തലത്തിലുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയോടെ ഗവണ്‍മെന്റ് നിയോഗിക്കുന്ന സഭാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയുംവേണം -ചര്‍ച്ച് ആക്ടിന്റെ രത്‌നച്ചുരുക്കം ഇതാണ്. 
ഇങ്ങനെ, ഇടവകതലത്തിലും രൂപതാതലത്തിലും സംസ്ഥാനതലത്തിലും വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികളുടേതായ ട്രസ്റ്റുകള്‍ രൂപീകരിക്കണമെന്നും സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് ഈ ട്രസ്റ്റുകളെ ചുമതലപ്പെടുത്തണമെന്നും വ്യവസ്ഥചെയ്തുള്ള ഒരു നിയമനിര്‍മ്മാണനിര്‍ദ്ദേശമാണ് ചര്‍ച്ച് ആക്ട് എന്നറിയപ്പെടുന്ന (The Kerala Christian Church Properties and Institutions Trust Bill).
            ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തില്‍ത്തന്നെ, നമ്മുടെ പരമ്പരാഗതപള്ളിയോഗസമ്പദായവും നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് വിഭാവനംചെയ്യുന്ന സഭാഭരണസംവിധാനവുംതമ്മില്‍ ഒരു താരതമ്യപഠനം നടത്താനും, അവയുടെ അന്തഃസത്തയില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നു കണ്ടെത്താനും ആര്‍ക്കും സാധിക്കും. ഈ സഭയുടെ പൂര്‍വ്വപാരമ്പര്യമായ പള്ളിയോഗഭരണസമ്പ്രദായത്തെ നിയമമായി പ്രഖ്യാപിക്കുന്നു എന്നേയുള്ളു, ഇവിടെ. മുമ്പ്, ഇടവകകളും രൂപതകളും വ്യക്തിസഭകളും ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍, ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ അവ ഇനി രജിസ്റ്റര്‍ ചെയ്യപ്പെടും. ഗവണ്‍മെന്റുമായി ബന്ധപ്പെടാന്‍ ഇനിയൊരു സഭാകമ്മീഷണര്‍ ഉണ്ടാകും എന്നൊരു വ്യത്യാസവുമുണ്ട്. ഉണ്ടാകാന്‍പോകുന്ന മറ്റൊരു മാറ്റം, മുമ്പ് കുടുംബനാഥന്മാര്‍ക്കുമാത്രമേ യോഗാംഗത്വമുണ്ടായിരുന്നുള്ളുവെങ്കില്‍, ഇനിയത് 18 വയസ്സുതികഞ്ഞ എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും ഉണ്ടാകും എന്നതാണ്.
ആകെമൊത്തം നോക്കുമ്പോള്‍, ചര്‍ച്ച് ആക്ടിലൂടെ സംഭവിക്കുന്നത്, ഭാരതസഭയ്ക്കു കൈമോശം വന്നിരുന്ന പള്ളിയോഗ സഭാഭരണസമ്പ്രദായത്തിന്റെ കാലാനുസൃതപുനഃസ്ഥാപനംതന്നെയാണ്. ഉദയംപേരൂര്‍ സൂനഹദോസിലൂടെ ഈ സഭയ്ക്കു നഷ്ടപ്പെട്ട ഭാരതീയത്തനിമയുടെ വീണ്ടെടുപ്പുകൂടിയാണിത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ പോര്‍ട്ടുഗീസുകാര്‍ നടത്തിയ ആധിപത്യശ്രമങ്ങള്‍ക്കെതിരെ ഒരു നൂറ്റാണ്ടുകാലം പൊരുതി പരാജയപ്പെട്ട നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ക്ക് നാം നേടിക്കൊടുക്കുന്ന മഹത്തായ ഒരു വിജയമകുടവുമാണിത്. പാശ്ചാത്യരീതിയിലുള്ള സഭാധികാരത്തെ ഇനിമേല്‍ അനിസരിക്കില്ലെന്ന ശപഥംചെയ്തു നടത്തിയ കൂനന്‍കുരിശു സത്യത്തെ വഞ്ചിച്ച നമ്മുടെ പിതാമഹന്മാര്‍ക്കുള്ള ശാപമോക്ഷവുമാണിത്. ഈ സഭയുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശകാനോന്‍നിയമത്തിലെ അധീശത്വവകുപ്പുകളെ മറികടക്കലാണിത്. അക്രൈസ്തവമായ റോമന്‍ അധികാരഘടനയെ സഭയില്‍നിന്ന് ഉച്ചാടനംചെയ്യലും, യേശുവിന്റെ ശുശ്രൂഷാഘടനയെ സഭയിലേക്ക് ആവാഹിക്കലുമാണിത്...
അതുകൊണ്ട്, ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള നമ്മുടെ പരിശ്രമങ്ങളെ ആരും വിലകുറച്ചു കാണേണ്ടതില്ല. ചരിത്രത്തിലിടംപിടിക്കുന്ന മഹത്തായ ഒരു സ്വാതന്ത്ര്യസമരമാണത്; സുബോധമുള്ള എല്ലാവരും അണിചേരേണ്ട സ്വാതന്ത്ര്യസമരം!   
 - എഡിറ്റര്‍

Friday, April 27, 2018

നിലയ്ക്കാത്ത പള്ളിപ്പിരിവിനെതിരെ പ്രതികരിച്ചതിന് വികാരിയുടെ അള്‍ത്താരപ്രസംഗവുംകൈക്കാരന്റെ വധഭീഷണിയുംകയ്യേററ ശ്രമവും

പി.സി റോക്കി മൊ: 9961217493

''എന്റെ ജനത്തിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നു!''

സാമുവൽ കൂടൽ 9447333494 

''മിസ്രയിമിൽ ഫറവോന്റെ അടിമകളായി കഴിയുന്ന എന്റെ ജനത്തിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നു'' എന്ന് മോശയോട് അരുളിയവൻ ഇന്ന് നമ്മോടു കൽപ്പിക്കുന്നു, ''വേഗം കർമ്മനിരതരായി ആ കണ്ണുനീർ തുടയ്ക്കുവാൻ''! ''യേശുവേ അച്ഛന്റെ ഭ്രാന്തു മാറ്റണേ..'' എന്ന കത്തോലിക്കാ തടവറകളിലെ [പള്ളികളിലെ] എന്റെ ജനത്തിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നു!'' എന്ന് സൈന്യങ്ങളുടെ യഹോവാ അരുളിച്ചെയ്യുന്നു! കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ!

നാനാവിധ നാസൂലങ്ങളും ളോഹയിൽ കയറിക്കൂടി, ക്രിസ്‌തു വെറുത്ത, അവനു വേണ്ടാത്ത പൗരോഹിത്യം നാടാകെ നാറ്റകേസാകുമ്പോൾ , നാസറായാനും നസ്റാണിക്കും കേരളത്തിലും പൊറുതിമുട്ടി! പള്ളിയായ പള്ളികളിൽ സദാ കൂട്ടമുറവിളി " ''യേശുവേ അച്ഛന്റെ ഭ്രാന്തു മാറ്റണേ.''എന്ന്!

''ഞാൻ ആകുന്നവൻ ഞാനാകുന്നു'', ''ഹെർമോണിലെ മഞ്ഞു ഞാനാകുന്നു'', ''ശാരോനിലെ പനിനീർപ്പൂക്കൾ ഞാനാകുന്നു",''താഴ്വാരങ്ങളിലെ താമരപ്പൂക്കൾ ഞാനാകുന്നു" ,''ഞാനും പിതാവും ഒന്നാകുന്നു'', ''ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു'',"പിതാവേ നീ എന്നിലും ഞാൻ നിന്നിലും ആയിരിക്കുന്നതുപോലെ ഇവരും നമ്മിൽ ഒന്നാകേണ്ടതിനു തന്നെ",തുടങ്ങി ,"എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു"എന്നുവരെ പറഞ്ഞ യേശു നമ്മെ വിളിക്കുന്നു ഈ ഇരുകാലിയാടുകളായി പള്ളിയെന്ന പാതിരിയുടെ ജയിലറയിൽ പാതിരിയുടെ നാനാതറി ഭ്രാന്തിനെച്ചൊല്ലി കരയുന്ന ജനത്തിന്റെ കണ്ണീരൊപ്പി അവരെ ആശ്വസിപ്പിക്കാൻ,നമ്മോടാഹ്വാനം ചെയ്യുന്നു! മന നമുള്ള ദൈവജനമേ, ഉണരൂ വേഗം! 

ക്രിസ്തീയതയിലെ ''അദ്വൈതം'' കാണാത്ത കുരുടന്മാരായ വഴികാട്ടികൾ, അവരുടെ മനസിന്റെ മായയിൽ തോന്നിയ ''ദ്വൈതം'' ജനത്തിന്റെ കാതിലോതിയോതി, ജനത്തിന്റെ ''ജന്മമഹിമയെ'' ഇല്ലാതെയാക്കി കുരുടന്മാരാക്കിക്കളഞ്ഞു! എന്നിലെ ''ഞാനെന്ന ബോധചൈതന്യം'' തന്നെയാണ് ദൈവമെന്നറിയാതെ, പോഴൻ പാതിരിയൂരുവിട്ട ഓരോചൊല്ലും വേദമാക്കി, ക്രിസ്തീയതയിലെ ''സ്നേഹമെന്ന'' വേദാന്തരഹസ്യം മറച്ചുവച്ചുകളഞ്ഞ കൊടുംചതി പ്രപഞ്ചമാനസം കലുഷമാക്കുന്നു! പുതിയ സുവിശേഷത്തിനായി ഉണരുക വേഗം സീയോനെ...  

അവനെ പിടിച്ചു...!

നാട്ടുകാരെ രസിപ്പിക്കേണ്ട ജോലിയിപ്പോൾ സീറോ മലബാറുകാർ ഏറ്റെടുത്തെന്നു തോന്നുന്നു. ചങ്ങനാശ്ശേരിക്കാരൻ പീലിയാനിക്കലച്ചൻ പാവം പിടിച്ച കുട്ടനാട്ടുകാരുടെ നൂറ്റമ്പതു കോടി വെട്ടിച്ചെന്നു പറഞ്ഞെന്തൊരു ബഹളമാ! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട വൈദികനെ പുണ്യവാനാക്കാൻ കാരണം കണ്ടെത്തിയവർക്കാണോ ഒരച്ചനെ രക്ഷപ്പെടുത്താൻ ബുദ്ധിമുട്ട്? അച്ചൻ അച്ചന്റെ വഴിക്കു പോകും! നൂറ്റമ്പതു കോടി ഒരു ളോഹയുടെ പോക്കറ്റിൽ കൊള്ളില്ലെന്ന് കുട്ടനാട്ടുകാരും ഓർക്കുക! മിക്ക പള്ളികളിലുള്ള അച്ചന്മാരും കൽദായാ-ലത്തിൻ ഭേദമില്ലാതെ മനുഷ്യരെ പറ്റിക്കുന്നു - കുറേ അരമനകളിലും ഏൽപ്പിക്കുന്നു. എങ്കിലും, കൽദായാവാദികളെ സൂക്ഷിച്ചേ തീരൂ; അവർ കോടിയിൽ താഴെയുള്ള കേസൊന്നും ഇപ്പോൾ പിടിക്കില്ലെന്നു മാത്രമല്ല, ഒരു കാര്യവും അണുവിട വിട്ടുകൊടുക്കുകയുമില്ല. തോമ്മാശ്ളീഹാ ഇവിടെ വന്നതിനു തെളിവില്ലെന്നു ലത്തീൻവാദി തേലക്കാട്ടച്ചൻ പറഞ്ഞാൽ തോമ്മാശ്ളീഹാ ഗുജറാത്തിലെ ബറൂച്ചിലും വന്നിരുന്നുവെന്ന് കൽദായാവാദികൾ പറയും; അവിടെയും വന്നിട്ടില്ലെന്നു തേലക്കാട്ടച്ചൻ പറഞ്ഞാൽ, കൽക്കട്ടായിലും വന്നിട്ടുണ്ടെന്നവർ പറഞ്ഞെന്നിരിക്കും. നിലക്കൽ പൊങ്ങിയതുപോലെ കൽക്കട്ടായിലും കുരിശു പൊങ്ങിയെന്നുമിരിക്കും! അവരോടു തർക്കിക്കാതിരിക്കുകയാ ഭേദം! എന്നും താമസിച്ചു ജോലിക്കു വരുന്നതിന്റെ പേരിൽ വഴക്കു കേട്ടുകൊണ്ടിരുന്ന ഒരു തൊഴിലാളി, വൈദ്യരുടെ അടുത്തു പോയി നേരത്തെ എണീൽക്കാൻ ഗുളിക വാങ്ങിച്ചു കഴിച്ച കഥയോർമ്മ വരുന്നു. ഗുളിക ഫലിച്ചു, നേരത്തെ അയാൾ എണീക്കുകയും റഡിയാവുകയും ചെയ്‌തു. പക്ഷേ, ഓഫീസിലെത്തിയ അയാളോട് മുതലാളി ചോദിച്ചത്, ഇന്നലെയും മിനിയാന്നും എവിടെയായിരുന്നെന്നാണ്. കഴിച്ച കൽദായാ ഗുളിക ഫലിച്ചുവെന്നാണ് കൽദായാവാദികളുടെയെല്ലാം വിചാരം.
പീലിയാനിക്കേസ് അങ്ങോട്ടു മൂത്താൽ മൂന്നര കോടി ജനങ്ങളുള്ള കേരളത്തിലെ ഒരു പൗരന് 150 കോടിയുടെ വീതമായി അവകാശപ്പെട്ട 50 രൂപാ വീതം തിരിച്ചു കൊടുത്തു പ്രശ്നം തീർക്കും. പക്ഷെ, വീതം ചോദിച്ചാരെങ്കിലും വന്നാൽ, എന്താ നടക്കുന്നതെന്നും പറയാം. കൗണ്ടറിൽ ഒരാൾ വന്നുവെന്നു സങ്കൽപ്പിക്കുക. "നിനക്കെത്ര കിട്ടാനുണ്ട്?" കൗണ്ടർ. "അമ്പത്‌ രൂപാ!" അപേക്ഷകൻ. "ഞങ്ങളെത്ര തരാനുണ്ട്?"  കൗണ്ടർ. "അമ്പതു രൂപാ."  അപേക്ഷകൻ. "അമ്പതു രൂപാ നിങ്ങൾക്ക് കിട്ടാനുമുണ്ട് അമ്പതു രൂപാ ഞങ്ങൾ തരാനുമുണ്ട് - തീർന്നില്ലേ?" കൗണ്ടർ. സുബോധമുള്ളവരാരും സീറോ മലബാർ വൈദികരോടു തർക്കിക്കാൻ പോവില്ല. എങ്ങിനെ ഒരു കുട്ടിയുടെ ആദ്യകുർബാന വിലക്കാം, എങ്ങിനെ ഒരു കല്യാണക്കുറി തടയാം, എങ്ങിനെ വിശ്വാസിയെ പിഴിയാം, എങ്ങിനെ അവനെ കുഴിച്ചിടാതിരിക്കാം - ഇതിലൊക്കെയാണവർ ഗവേഷണം നടത്തുന്നത്. ജനം പള്ളിക്കകത്തേക്കു കയറിത്തുടങ്ങി. നിവൃത്തിയില്ലാഞ്ഞിട്ടായിരിക്കണമല്ലോ, കപ്യാരും അറിയാതെ കത്തിയെടുത്തുപോയത്. എപ്പോഴും വക്കീൽ നോട്ടിസും കൊണ്ടു നടക്കാൻ എല്ലാർക്കും പറ്റിയെന്നിരിക്കില്ലല്ലൊ! 
എന്റെ മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ച ഒരു ഫെയിസ്ബുക്ക് പോസ്റ്റ് യാദൃശ്ചികമായി കാണാനിടയായി. അതൊരു വൈദികനെപ്പറ്റി അദ്ദേഹത്തെ പഠിപ്പിച്ച ഗുരു എഴുതിയതാണെന്നാണ്  പറഞ്ഞിരിക്കുന്നത്. "32 വർഷത്തോളം നീണ്ടു നിന്ന എന്റെ അദ്ധ്യാപന ജീവിതത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കടന്നു പോയിട്ടുണ്ട്. അവരെയൊക്കെ എന്റെ സ്വന്തം മക്കളെ പോലെ കരുതി പഠിപ്പിക്കാനും വളർത്താനും ശ്രമിച്ചിട്ടുണ്ട്. മോനേ, നോബിളെ, നീ എന്റെ നേരെ പ്രയോഗിച്ച പദങ്ങൾ ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ. 'കമ്മ്യൂണിസ്റ്റുകാരൻ, നിരീശ്വരവാദി, യുക്തിവാദി, അധികാരമോഹി, ഗൂഢാലോചനക്കാരൻ, തരംതാണവൻ, നിലവാരമില്ലാത്തവൻ, വൃത്തികെട്ട മനസ്സ്, അഭിനവ യൂദാസ്.... ' എനിക്ക് നേരെ നീ തൊടുത്തു വിട്ട വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. നിന്നെയും നിന്റെ അമ്മയെയും പാഠങ്ങൾ പഠിപ്പിച്ച ഒരു അദ്ധ്യാപകനാണ് ഞാൻ. നീ പ്രയോഗിച്ച വാക്കുകൾക്കപ്പുറത്തേക്കുള്ള വാക്കുകളുടെ കൂരമ്പുകൾ പ്രയോഗിക്കാൻ എനിക്കറിയാം. എന്റെ സംസ്കാരം അതിന് ഇപ്പോൾ പാകമല്ല. നിന്നെപ്പോലെ ഞാനും അധ:പതിക്കുന്നത് ശരിയല്ലല്ലോ." കേരളത്തിലെ -------- രൂപതയിലുണ്ടായ തർക്കമാണിതെന്നു പോസ്റ്റിലുണ്ട്. എങ്കിലും, 'നോബിൾ' എന്നു ബഹുമാനത്തോടെയാണ്  വൈദികനെ ഈ ഗുരുനാഥൻ അഭിസംബോധന ചെയ്തിരിക്കുന്നത്. ഇവനെയൊക്കെ ഏതു സെമ്മിനാരിയാണോ പഠിപ്പിച്ചത്? ഇവനൊക്കെ ചിലവിനു കൊടുക്കുന്നത് ഏതു രൂപതയാണോ?
ളോഹയിട്ടു പട്ടവും സ്വീകരിച്ചു കഴിഞ്ഞാൽ ഏതോ മാസ്മരിക ലോകത്താണു സീറോ വൈദികർ. അതുറപ്പാ! തലശ്ശേരിയിൽ നിന്നൊരു വൈദികനെപ്പറ്റിയും മീഡിയായിൽ വാർത്ത വന്നിരുന്നു. പോസ്റ്റ് ഇപ്രകാരമാണ്: “ഈ അച്ചൻ എന്റെ കുഞ്ഞിന്റെ ആദ്യ കുർബാന സ്വീകരണം മുടക്കിയിരിക്കുകയാണ്. എന്റെ പേര് -------. വീട്ടു പേര് --------: ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപ് --------- ഇsവകയിൽ നിന്നും കണ്ണൂർ ജില്ലയിലെ ----------- ഇടവകയിൽ ചേർന്നവരാണ്. എന്നാൽ ഞങ്ങളെ ഇടവകയിൽ ചേർത്ത അച്ചൻ ഒരു വർഷത്തിനു ശേഷം മാറി പുതിയ അച്ചൻ വന്നപ്പോൾ ഞങ്ങളുടെ ഇടവകാതിർത്തി മാറി എന്നു പറഞ്ഞ് മറെറാരു പള്ളിയിൽ പോകാൻ പ്രേരിപ്പിച്ചു. എന്നാൽ ഞങ്ങൾക്കതിനു താൽപര്യമില്ലായിരുന്നു. കാരണം, എന്റെ വീടിന് ഏറ്റവും അടുത്തുള്ളതും സൗകര്യപ്രദമായതുമായ പള്ളി ഞാൻ ചേർന്ന പള്ളി തന്നെയായിരുന്നു. അതിനു ശേഷം അച്ചൻ ഞങ്ങളുടെ വിശ്വാസ സംബന്ധമായ ഒരു കാര്യങ്ങളും ചെയ്തു തരുന്നില്ല. തൊട്ടടുത്ത ക്രിസ്ത്യൻ വീട്ടുകാരോടും അച്ചൻ ഇങ്ങനെയാണ് ചെയ്തത്. അവർ കുടുംബ സമേതം മറ്റൊരു വിശ്വാസത്തിലേക്ക് പോയി. ഞങ്ങൾ രൂപതയിൽ പരാതി ബോധിപ്പിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല. അവസാനം ഞാൻ തളിപ്പറമ്പ് മുൻസിഫ് കോടതി മുൻപാകെ പരാതി നൽകുകയും അതുപ്രകാരം ഞങ്ങളുടെ വിശ്വാസ സംബന്ധമായ കാര്യങ്ങൾക്ക് ഒരു തടസവും പാടില്ല, അതായത് ഞങ്ങളുടെ വിശ്വാസപരമായ ഏത്കാര്യങ്ങളും നടത്തിത്തരണമെന്നുള്ള ഉത്തരവ് കോടതി നടപ്പാക്കിയിരിക്കെയാണ് അച്ചൻ എന്റെ കുട്ടിയുടെ ആദ്യ കുർബ്ബാന സ്വീകരണം മുടക്കിയിരിക്കുന്നത്. മതപഠനത്തിന് കുട്ടി പോയിക്കൊണ്ടിരുന്നുവെങ്കിലും അതേ മനോഭാവത്തോടെ ആദ്യ കുർബാന ക്ലാസിൽ ചെന്നിരുന്ന കുട്ടിയെ അച്ചൻ പുറത്താക്കുകയായിരുന്നു. അത് ആ കുട്ടിയിൽ വളരെ വേദനയുളവാക്കിയതിനാലാണ് ഞാൻ ഈ പോസ്റ്റിടുന്നത്." ടെസ്റ്റ്യുബ് ശിശുക്കളേപ്പറ്റി കേട്ടിട്ടില്ലേ? ആ വർഗ്ഗത്തിൽപെട്ടവർക്ക് ചിലപ്പോൾ അനുകമ്പയെന്ന വികാരം കാണണമെന്നില്ല. അവർക്കു കൃത്യമായ മാതാപിതാക്കന്മാരില്ലാത്തതുകൊണ്ട് നാണവും ഉണ്ടായിരിക്കണമെന്നില്ല. 
എന്തെല്ലാം സംഭവിച്ചാലും സാന്തായുടെ പട്ടിയെപ്പോലെയാ വിശ്വാസികൾ! സാന്താ പട്ടിയെ വിറ്റു. "എങ്ങിനെയാ, ഇതു വിശ്വസ്ഥനാണോ?" പട്ടിയെ കച്ചവടം ചെയ്തയാൾ ചോദിച്ചു. "തീർച്ചയായും;" സാന്താ തുടർന്നു, "നേരത്തെ മൂന്നുപ്രാവശ്യം വിറ്റിട്ടും തിരിച്ചു വന്നിരുന്നു." ആരെത്ര തേച്ചാലും മെത്രാന്മാരുടെ നിഴലിൽ കടിച്ചു തൂങ്ങിനിൽക്കുന്ന കുറെ വിശ്വാസികളുണ്ട് - അവരാണു സഭയുടെ ശാപം!

Monday, April 23, 2018

സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമോ? - ജോസഫ് പുലിക്കുന്നേല്‍ II

(ഓശാനമാസികയുടെ 2009 ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍ രണ്ടു ഭാഗമായി പ്രസിദ്ധീകരിക്കുന്നു)

for the first part visit http://almayasabdam.blogspot.in/2018/04/blog-post_21.html

III മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''ഈശോ പരസ്യ ജീവിതമാരംഭിക്കുന്നത് വളരെ തനിമയുള്ള രീതിയിലാണ്. ഐസയാസ് പ്രവാചകനെ കൂട്ടുപിടിച്ച്: ''ദരിദ്രരോടു സുവിശേഷമറിയിക്കുവാനും ബന്ധിതര്‍ക്കു മോചനം നല്‍കാനും അന്ധര്‍ക്കു കാഴ്ച നല്‍കാനും  അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം നല്‍കാനും കര്‍ത്താവിനു സ്വീകാര്യമായ വത്സരമൊരുക്കാനും'' (ലൂക്കാ 4: 19). ഇതാണു വാസ്തവത്തില്‍ ക്രൈസ്തവരുടെ ഭരണഘടന. ഈ ഭരണഘടന വലിയൊരു ബോധിനിയാണ്. മനുഷ്യരേയും ദൈവത്തേയും കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തന രേഖയാണിത്. ഈ മാഗ്നാകാര്‍ട്ടായില്‍ നിന്നാണ് മറ്റെല്ലാം ഉരുത്തിരിയുന്നത്. രാഷ്ട്രീയക്കാരില്‍നിന്ന് ഏറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെങ്കിലും സഭ ഒരിക്കലും സ്റ്റേറ്റിന് എതിരല്ല. രാഷ്ട്രനിര്‍മ്മാണത്തില്‍ എന്നും തത്പരയുമാണ്.''
മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവന തികച്ചും ശരിയാണ്. യേശുവിന്റെ ഈ ദൗത്യം ഇന്നത്തെ സഭ ഏറ്റെടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ദരിദ്രരോട് സുവിശേഷം അറിയിക്കുക എന്നാല്‍ അധഃസ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പക്ഷം ചേര്‍ന്ന് അവര്‍ക്ക് വിമോചനത്തിന്റെ സുവിശേഷം നല്‍കുക എന്നതാണ്. കേരളത്തിലെ സഭ ഇന്ന് ആരോടാണ് പക്ഷം ചേരുന്നത്. ദരിദ്രരോടാണോ സമ്പന്നന്മാരോടാണോ? ഇന്ന് മെത്രാന്മാര്‍ സമൂഹത്തിലെ സമ്പന്നന്മാരേക്കാള്‍ സമ്പന്നമായ ആഡംബരങ്ങളോടുകൂടി ജീവിക്കുന്നു. ദരിദ്രര്‍ക്ക് അവര്‍ നല്‍കുന്നത് കൂദാശ മാത്രമാണ്. അടിച്ചമര്‍ത്തപ്പെട്ടവരും അധഃകൃതരുമായ ജനങ്ങളെ പുനരുദ്ധരിക്കുന്നതിന് മുന്നോട്ടു വന്നത് ഗവണ്‍മെന്റാണ്. അധഃസ്ഥിതരായ കുടികിടപ്പുകാര്‍ക്ക് അഞ്ചു സെന്റ് വീതം ഭൂമി നല്കിയതും കുടിയാന്മാര്‍ക്ക് സംരക്ഷണം നല്‍കിയതും 1957-ലെ ഇ.എം.എസ്സ്. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് . ഇതിനെയെല്ലാം സഭ സംഘടിതമായി എതിര്‍ക്കുകയായിരുന്നു. തൃശൂരിലെ പള്ളി-കുടികിടപ്പുകാര്‍ക്കുണ്ടായ അനുഭവം ഫാ. വടക്കന്‍ തന്റെ അനുഭവ കഥയില്‍ വിവരിക്കുന്നു.
''തൃശൂര്‍ രൂപത ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയാണ്. ഈ രൂപതയിലെ ഏറ്റവും വലിയ ഇടവകപ്പള്ളിയാണ് ഒല്ലൂര്‍. ഒല്ലൂര്‍ പള്ളി കേരളത്തിലെ വലിയൊരു ഭൂവുടമയാണ്. കാഞ്ഞാണി-അന്തിക്കാട് പ്രദേശങ്ങളില്‍ത്തന്നെ ഒല്ലൂര്‍പ്പള്ളിയുടെ പറമ്പില്‍ അന്‍പതിലേറെ കുടികിടപ്പു കുടുംബങ്ങളുണ്ടായിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നിട്ടും കുടികിടപ്പവകാശം കൊടുക്കാന്‍ പള്ളി മേധാവികള്‍ സമ്മതിച്ചില്ല. കുടികിടപ്പുകാര്‍ കുറെ ക്ഷമിച്ചു. അവസാനം അവര്‍ കുരിയച്ചിറപ്പള്ളിയില്‍ വന്ന് എന്നെ കണ്ടു. 1970-ല്‍ ഞാനന്നു വികാരിയായി കൂദാശ മുടക്കപ്പെടാതെ ഇഷ്ടപുത്രനായി കഴിയുകയാണ്. അതിനാല്‍ എന്തു ചെയ്യും? ആ പാവങ്ങളുടെ ഭാഗത്തു നിന്നാല്‍ പള്ളി കോപിക്കും. പള്ളിയുടെ ഭാഗത്തു നിന്നാല്‍ ആദ്യം ദൈവം എന്നെ പരിത്യജിക്കും, പിന്നാലെ ദൈവത്തിന്റെ ഇഷ്ടപുത്രരായ ആ പാവങ്ങളും. ഞാന്‍ കുറെനേരം ദുര്‍ബലനായിപ്പോയി. പിന്നീട് എനിക്കു പ്രകാശം കിട്ടി. പള്ളിയായാലും പടച്ചോനായാലും അവകാശപ്പെട്ട ഭൂമിക്കുവേണ്ടി പടപൊരുതുക എന്നു ഞാന്‍ അവരെ ആഹ്വാനം ചെയ്തു. അതിനെത്തുടര്‍ന്ന് വളരെ സംഘര്‍ഷാവസ്ഥകള്‍ ആ പ്രദേശത്തുണ്ടായി. അവസാനം ഉഗ്ര സമ്പത്തുള്ള ഒല്ലൂര്‍പള്ളി തോറ്റു. ഒന്നുമില്ലാത്ത ആ പാവങ്ങള്‍ ജയിച്ചു. 10 സെന്റ് ഭൂമി വീതം എല്ലാവര്‍ക്കും പള്ളികൊടുക്കേണ്ടി വന്നു. ഇങ്ങനെയുള്ള പല സംഭവങ്ങളും തൃശൂര്‍ രൂപതയുടെ വിവിധ പള്ളികളിലുണ്ടായി. നിയമം പാസ്സായിട്ടു കൊല്ലം നാലായിട്ടും പല പള്ളികളും കുടികിടപ്പവകാശം ഇനിയും കൊടുത്തിട്ടില്ല. പാവറട്ടി മുതലായ പള്ളികളുടെ പറമ്പില്‍ താമസിക്കുന്ന കുടികിടപ്പുകാരെ അവകാശം കൊടുക്കാതെ ഇന്നും പള്ളിമേധാവികള്‍ പീഡിപ്പിക്കുകയാണ്. ഈയിടെ ഒരു കുടികിടപ്പുകാരന്‍ എന്നെ വന്നു കണ്ടു. പള്ളിപ്പറമ്പിലെ 10 സെന്റ് ചോദിച്ചതിന് അദ്ദേഹത്തെ മതപരമായി ശിക്ഷിക്കുമെന്നു ബിഷപ്പ് ഭീഷണിപ്പെടുത്തിയത്രേ! അനാഥശാലയുടെ നാലു ചുമരുകള്‍ക്കപ്പുറം പുരോഗമനചിന്ത പടരാത്ത ആ അഗതികളുടെ 'പിതാവി'നെപ്പറ്റി എനിക്ക് അനുകമ്പ തോന്നുകയാണ്. എന്തിന് ഒരാളെ പറയുന്നു. തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങിയാല്‍ കേരളത്തിലെ മിക്ക മെത്രാന്മാരും 'മഴുത്തായ' എടുക്കും. അവര്‍ക്കു കോളജുകളെക്കാള്‍ പ്രിയങ്കരങ്ങളാണ് അവരുടെ ആയിരക്കണക്കിന് ഏക്കറുള്ള എസ്റ്റേറ്റുകള്‍. (എന്റെ കുതിപ്പും കിതപ്പും, ഫാ. ജോസഫ് വടക്കന്‍, പേജ്  263,264) ഇത് തൃശൂര്‍ മാത്രം നടന്ന സംഭവമല്ല. മറ്റു പല പള്ളികളിലും കൊവേന്തകളിലും ഇതേ നയമാണ് മേധാവികള്‍ സ്വീകരിച്ചത്.
ദരിദ്രരായിരുന്ന അധ്യാപകരുടെ തുച്ഛമായ ഗ്രാന്റു പോലും കൈയ്യിട്ടു വാരിയ പാരമ്പര്യമാണ് സഭയ്ക്കുള്ളത്. നിരീശ്വരരെന്ന് മാര്‍ കല്ലറങ്ങാട്ട് വിധിക്കുന്ന കമ്മ്യൂണിസ്റ്റു ഗവണ്മെന്റാണ് കുടികിടപ്പുകാര്‍ക്ക് ഭുമിയും കുടിയാന്മാര്‍ക്ക് സ്വാതന്ത്ര്യവും അധ്യാപകര്‍ക്ക് ശമ്പളവും കൊടുത്തിരുന്നത്. യേശുവിന്റെ പ്രഖ്യാപനം സഭ അനുസരിച്ചിരുന്നെങ്കില്‍ നിരീശ്വരന്മാരും കമ്മ്യൂണിസ്റ്റുകാരും കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. മനുഷ്യരെയും ദൈവത്തേയും കൂട്ടിയോജിപ്പിക്കുന്ന ഈ മാഗ്നാകാര്‍ട്ടാ കേരളത്തില്‍ നടപ്പാക്കിയത് നിരീശ്വരരായ കമ്മ്യൂണിസ്റ്റുകാരാണെന്ന് ഓര്‍ക്കുന്നത് നന്ന്. അതുകൊണ്ടുതന്നെയാണ് അവര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരരായതും.
IV മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''പൊതുസമൂഹത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് ദിശാബോധവും ധാര്‍മികബോധവും ആത്മീയ വീക്ഷണങ്ങളും നഷ്ടപ്പെടുമ്പോള്‍ സഭയും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടി വരുന്നു. അത് മത്സരിക്കാനുള്ള ഇടപെടലല്ല. അത് പ്രതിപക്ഷത്തിന്റെ റോളുമല്ല, വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ രംഗങ്ങളില്‍ പൊതുസമൂഹം പങ്കാളിത്തമാവശ്യപ്പെടുമ്പോള്‍ സഹകരിക്കാനുള്ള ബാധ്യത സഭയ്ക്കുണ്ട്. സഭാസമൂഹത്തിന്റെ കൂട്ടായ്മയും കെട്ടുറപ്പും തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോഴും ഭരണാധികാരികള്‍ അവരുടെ രാഷ്ട്രീയാധികാരം ദുരുപയോഗം ചെയ്യുമ്പോഴും സഭയ്ക്ക് ഇടപെടേണ്ടിവരും. അഭിപ്രായ സമന്വയങ്ങളും ബോധവത്കരണവും നടത്തേണ്ടിവരും. മുല്യാധിഷ്ഠിത നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. ''സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും'' (മത്താ. 22:21) എന്ന തിരുവചനത്തിനു പരിശുദ്ധ പിതാവും വില്‍ ഡ്യൂറന്റും ഒരുപോലെ പ്രാധാന്യം നല്‍കുന്നു.''
''സഭ'' എന്ന വാക്കിനെന്താണര്‍ത്ഥം? സഭ എന്നാല്‍ വിശ്വാസികളുടെ സ്വതന്ത്രകൂട്ടായ്മ എന്നാണര്‍ത്ഥം. ഈ സഭയ്ക്ക് തീര്‍ച്ചയായും രാഷ്ട്രീയത്തിലിടപെടാന്‍ അവകാശമുണ്ട്. കാരണം ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാരാണ് സഭാംഗങ്ങള്‍. തങ്ങളുടെ ധര്‍മ്മ നിയമങ്ങള്‍ക്കെതിരായി രാഷ്ട്രം നീങ്ങുമ്പോള്‍ പൗരരെന്ന നിലയില്‍ കൂട്ടായി ആലോചിച്ച് അതിനോടു പ്രതികരിക്കാന്‍ അവര്‍ക്കവകാശമുണ്ട്.
എന്നാല്‍ ഇന്ന് സഭയെന്നു വിവക്ഷിക്കപ്പെടുന്നത് മെത്രാന്മാരേയും പുരോഹിതരെയുമാണ്.  ഇവരാരെയും സഭാംഗങ്ങള്‍ തെരഞ്ഞെടുത്തവരല്ല.
ബഹുമാന്യനായ മാര്‍ കല്ലറങ്ങാട്ട് പറയുന്ന ''കൂലീനമായ ജനാധിപത്യം'' അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
മാര്‍ കല്ലറങ്ങാടിനോട് ബഹുമാനപുരസ്സരം ചോദിക്കട്ടെ; അങ്ങയുടെ മെത്രാന്‍ സ്ഥാനം ആരുതന്നതാണ്? വത്തിക്കാനിലെ രാഷ്ട്രാധിപന്‍കൂടിയായ മാര്‍പാപ്പാ തന്നതല്ലേ? അങ്ങയെ പാലാ മെത്രാനായി നിയമിക്കുന്നതില്‍ പാലായിലെ വിശ്വാസികള്‍ക്കോ വൈദികര്‍ക്കോ എന്തു പങ്കാണ് ഉണ്ടായിരുന്നത്? ഒരു പങ്കും ഉണ്ടായിരുന്നില്ല. അപ്പോള്‍ അങ്ങ് സംസാരിക്കുന്നത് സഭയ്ക്കുവേണ്ടിയല്ല മറിച്ച് അങ്ങയെ നിയമിച്ച അധികാരിക്കുവേണ്ടിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാരെ പ്രതിനിധാനം ചെയ്യാനുള്ള അവകാശം പൗരന്മാര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മാത്രമാണ്. അവര്‍ തെരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ആ സമൂഹത്തെ പ്രതിനിധീകരിക്കാന്‍ അവകാശമുള്ളു. മാര്‍ കല്ലറങ്ങാട്ടിന് ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ സംസാരിക്കാന്‍ അവകാശമുണ്ട്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പക്ഷേ സഭയെ പ്രതിനിധീകരിക്കാന്‍ അവകാശമില്ല.
കേരളത്തിലെ ക്രൈസ്തവ സഭ തനിമയാര്‍ന്ന ജനാധിപത്യ മൂല്യം കാത്തു സൂക്ഷിച്ചിരുന്നു എന്ന് മാര്‍ കല്ലറങ്ങാട്ടും സമ്മതിക്കുമെന്നാണ് എന്റെ വിശ്വാസം. ''മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും'' ആയിരുന്നു ഇന്ത്യയിലെ ക്രൈസ്തവരുടെ പാരമ്പര്യ സമൂഹ നിയമം. ഈ പാരമ്പര്യ നിയമത്തില്‍ മെത്രാന്മാര്‍ക്ക് ആദ്ധ്യാത്മിക ശുശ്രൂഷ ചെയ്യാനല്ലാതെ സഭയെ പ്രതിനിധീകരിക്കാന്‍ എന്ത് അധികാരമാണുണ്ടായിരുന്നത്? സഭാ ശുശ്രൂഷകരായ വൈദികരെപോലും ഇടവക യോഗമാണ് തെരഞ്ഞെടുത്തിരുന്നത്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രയോ മുമ്പു തന്നെ ഈ ജനാധിപത്യ വ്യവസ്ഥ ക്രൈസ്തവര്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു.
പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനുശേഷം ലത്തീന്‍ സഭയുടെ കടന്നു കയറ്റത്തിലാണ് ഈ തനിമയാര്‍ന്ന പാരമ്പര്യം നഷ്ടപ്പെട്ടത്. അങ്ങു തന്നെ ''കുലീനമെന്നു'' പറയുന്ന ജനാധിപത്യ വ്യവസ്ഥയെ തച്ചുതകര്‍ത്തതിനു ശേഷം ''മെത്രാന്മാരാണ് സഭ എന്ന വാദം'' അംഗീകരിക്കാന്‍ വിഷമമുണ്ട്.
റോമാ തന്നെ ആയിരിക്കണമോ കാലാകാലത്തോളം സഭയുടെ കേന്ദ്രമെന്ന ചോദ്യത്തിന് ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ വര്‍ക്കി വിതയത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ''എനിക്ക് അങ്ങനെ തോന്നുന്നില്ല''.
റോമിലെ മനുഷ്യ നിര്‍മ്മിതമായ കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേക്ക് അധികാരം ലഭിച്ചത്. ആ കാനോന്‍ നിയമം അനുസരിച്ചുള്ള അധികാരം എങ്ങിനെ ഇന്ത്യയില്‍ സാധൂകരണാര്‍ഹമാകും?
സഭാംഗങ്ങള്‍ക്ക് ഇന്ത്യയിലെ പൗരന്മാരെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വതന്ത്രമായി ഇടപെടാന്‍ അവകാശമുണ്ട്. എന്നാല്‍ മെത്രാന്മാര്‍ സഭാംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ലാത്തതിനാല്‍ അവര്‍ക്ക് സഭയെ പ്രതിനിധീകരിച്ച് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ രാഷ്ട്രത്തിനുള്ളില്‍ ഒരു ഏകാധിപത്യ മതരാഷ്ട്രം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. സഭയും മെത്രാനും രണ്ടാണ്. വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ. മെത്രാന്‍ അവരുടെ ആത്മീയ ശുശ്രൂഷകര്‍ മാത്രമാണ്; നേതാവല്ല. സഭാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ മെത്രാന്മാര്‍ ഇന്ന് നിഷേധിച്ചുകൊണ്ടിരിക്കുകയാണ് എന്നും കൂടി ഓര്‍ക്കുക.  

Saturday, April 21, 2018

കൊള്ളാനുള്ളത് കൊള്ളാതെ ....!

സംഗതി ചെറുതാണെങ്കിലും സർവ്വടത്തും സംസാരം ഷംഷാബാദ്! തട്ടിൽ മെത്രാനെപ്പോലെ കഴിവുള്ള പിതാക്കന്മാർ അധികം കാണില്ല, അല്ലായിരുന്നെങ്കിൽ ഇത്രേം വലിയ രൂപതയുടെ ചുമതല മാർപ്പാപ്പാ അദ്ദേഹത്തിനു കൊടുക്കുമായിരുന്നോ? വിസിറ്റേറ്ററായി നിയമിച്ചപ്പോൾ ലോകമെമ്പാടുമുള്ള എന്റെ സീറോമക്കൾക്ക് ഒരാപത്തും വരാതെ നോക്കണം, അവരെ പിതാവിന്റെ കൈകളിൽ ഏൽപ്പിക്കുന്നുവെന്നു മാർപ്പാപ്പാ പറഞ്ഞിരുന്നതായും  പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ സാമർത്ഥ്യം കാരണമാണ് തൃശ്ശൂർ നിന്നദ്ദേഹത്തിന് ഹൈദ്രാബാദിനു  പോകേണ്ടി വന്നതെന്ന് എല്ലാവർക്കും തന്നെയറിയാം. അഹമ്മദാബാദിലുള്ള SMC4U എന്ന സംഘടനക്കാർക്ക് മെത്രാനോടു ചിലതു പറയാനുണ്ടെന്നു പറഞ്ഞു, മെത്രാനിതാ ആ നഗരത്തിലുള്ള എല്ലാവരെയും ചർച്ചക്കു ക്ഷണിച്ചിരിക്കുന്നു - പെണ്ണു ചോദിച്ചു വരുന്നവരും, കുമ്പസ്സാരിക്കാനുള്ളവരും, സഹായം ചോദിച്ചു വരുന്നവരുമെല്ലാം ഇവിടെ വരണം. ഇപ്പോ താഴത്തു പിതാവ് അവിടുത്തെ വികാരി ജനറാളിനോട് പിറു പിറുക്കുന്നുണ്ടാവാം, "വിജയാ, എന്താടാ ഈ ബുദ്ധി നമുക്കു നേരത്തെ തോന്നാത്തതെന്ന്." ഒല്ലൂരുകാരുടെ പ്രശ്നം തീരാൻ രൂപതയടച്ച് ഒരു മീറ്റിങ് വിളിച്ചാൽ മതിയായിരുന്നല്ലൊ! ആളില്ലെങ്കിലും പണിയുണ്ട്. പണ്ട് കാഞ്ഞിരപ്പള്ളി മെത്രാൻ ഒരു പ്രതിക്ഷേധയോഗത്തിൽ പങ്കെടുത്തു. പിറ്റേന്ന് പി സി ജോർജ്ജ് പറഞ്ഞപ്പോഴാണ് ഫോട്ടോയിൽ കാണുന്നവരിൽ ബംഗാളികളുണ്ടെന്ന് എല്ലാവർക്കും മനസ്സിലായത്. തൃശ്ശൂരിൽ പി സി ജോർജ്ജില്ലല്ലൊ! 

പണ്ടൊരദ്ധ്യാപകൻ കുട്ടികളെ ആർക്കിയോളജി ഡിപ്പാർട്ട്മെന്റുകാരുടെ ഒരു പ്രദർശനം കാണിക്കുകയായിരുന്നു. "ഈ അസ്ഥികൂടം നെപ്പോളിയൻ ബോണപ്പാർട്ടിന്റെയാ," സാർ പറഞ്ഞു. "അപ്പോളതോ?" ഒരു കൊച്ചസ്ഥികൂടം കാട്ടി കുട്ടി ചോദിച്ചു. "അത് നെപ്പോളിയൻ കൊച്ചായിരുന്നപ്പോഴത്തേതാ." സാറു പറഞ്ഞു. ഒരു കൂട്ടരുടെ കസ്റ്റഡിയിൽ 60 വയസ്സിൽ മൈലാപ്പൂരിൽ വെച്ചു മരിച്ച തോമ്മാശ്ളീഹായുടേതുണ്ടെങ്കിൽ, 80 വയസ്സിൽ എഡേസ്സയിൽ മരിച്ച തോമ്മാശ്ളീഹായുടെ  തിരുശേഷിപ്പു വേറൊരു കൂട്ടരുടെ കൈയ്യിലുമുണ്ട്. വേറെയും കാണണം! പണ്ടൊരു കമ്പ്യുട്ടറുകാരനെ ജോലിക്കു വെച്ച മുതലാളിയുടെ കഥയാണോർമ്മ വരുന്നത്. അയാൾ നോക്കിയപ്പോൾ അവൻ ജോലിസമയം കഴിഞ്ഞും ജോലി ചെയ്യുന്നു. മുതലാളി ചെന്നവനോടു ചോദിച്ചു, ഇന്നെന്തു ജോലിയായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്ന്. കീബോർഡിലെ അക്ഷരങ്ങളെല്ലാം തെറ്റിക്കിടക്കുകയായിരുന്നു, അതെല്ലാം ഓർഡറിലാക്കുകയായിരുന്നു ഇതുവരെയെന്നാണയാൾ പറഞ്ഞത്. അതുപോലെ, ഇക്കാലമത്രയും സഭയെ ഒരോർഡറിലാക്കുകയായിരുന്നു നമ്മുടെ മെത്രാന്മാരെന്നാണ്, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കണ്ടാൽ നമുക്കു മനസ്സിലാവുക. പള്ളികൾ ഒന്നൊന്നായി ഓർഡറിലായിക്കൊണ്ടിരിക്കുന്നു. ധ്യാനഗുരുവാരാണെന്നറിഞ്ഞപ്പോൾ വേറെയാളെ വിളിക്കാൻ പറഞ്ഞത് പാലായടുത്തുള്ള ഒരിടവകക്കാർ. കപ്യാർ കത്തിയെടുക്കുന്നു (മലയാറ്റൂർ), കുർബ്ബാന അടിച്ചു പിരിയുന്നു (ഒല്ലൂർ), വിശ്വാസികൾ കൊടുത്ത സ്വർണ്ണം വാഴക്കുല തൂക്കുന്ന ത്രാസ്സുകൊണ്ട് തൂക്കി മാറ്റുന്നു (കൊരട്ടി), .... പറയാൻ തുടങ്ങിയാൽ വൈകിയാലും തിരില്ല. 

സീറോമലബാർ കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ നിൽപ്പു കണ്ടാൽ ഒരു കുടിയൻ കള്ളും വാങ്ങി വീട്ടിലെത്തി, വിജയഭാവത്തിൽ തിരിഞ്ഞു നോക്കുന്നതുപോലുണ്ട്. ഷാപ്പിൽ നിന്നും തിരിച്ചുള്ള അയാളുടെ യാത്ര സൈക്കിളിലായിരുന്നു. കള്ളുകുപ്പി, നല്ലപോലെ കടലാസിൽ പൊതിഞ്ഞ് കാരിയർ ബോക്സിൽ വച്ചാണ് യാത്ര തുടങ്ങിയത്. അൽപ്പം കഴിഞ്ഞപ്പോളൊരു ചിന്ത, സൈക്കിളെന്നും മറിയാറുള്ളതല്ലേ, ഇന്നും മറിഞ്ഞാലോ? കുപ്പി പൊട്ടി മുഴുവൻ കള്ളും പോകും! മുഴുവൻ പോയെന്നു വേണ്ട, അൽപ്പം കുടിച്ചു; അങ്ങിനെ പലപ്രാവശ്യം ചിന്തിച്ചു ചിന്തിച്ചു കള്ളു മുഴുവനും വീട്ടിലെത്തുന്നതിനു മുന്നേ തീർന്നു; ചിന്തിച്ചതുപോലെ തന്നെ സൈക്കിൾ നാലുവട്ടം മറിയുകയും കുപ്പി പൊട്ടുകയും ചെയ്തു. അയാളുടെ ദീർഘവീക്ഷണവും സീറോ മെത്രാന്മാരുടെ ദീർഘവീക്ഷണവും വല്യ വ്യത്യാസം വരാൻ കാര്യമില്ല. അതുകൊണ്ടാണല്ലൊ ഷംഷാബാദ് ഇത്രയും പുകയുന്നത്. സൂചികൊണ്ടെടുക്കേണ്ട പ്രശ്നമായിരുന്നുവെന്നാണ് ഞാൻ കേട്ടത്.  മെത്രാന്മാരായിരുന്നല്ലോ സഭയെ എക്കാലവും വെള്ളം കുടിപ്പിച്ചുകൊണ്ടിരുന്നത്! അതിൽ സ്വന്തം രൂപതയിലൊഴിച്ച് മറ്റൊരിടത്തും പെൺകുട്ടികളെ ആരും മാനഭംഗം ചെയ്യാൻ പാടില്ലയെന്ന അഭിപ്രായക്കാരുമുണ്ട്, രൂപതക്കാർക്കല്ലാതെ ആർക്കും വാറ്റുലൈസൻസ് കൊടുക്കരുതെന്ന ആശയക്കാരുമുണ്ട്, പരാതികൾ സ്റ്റേഷനിലാണ് കൊടുക്കേണ്ടതെന്ന അഭിപ്രായക്കാരുമുണ്ട്, ഈ തേങ്ങാ മുഴുവൻ എന്റേതാണെന്ന് പറയുന്ന ഷംഷാബാദ് സിൻഡ്രോംകാരുമുണ്ട്. 

ആളനക്കമുള്ള പാലായിൽ പോകാതെ കാടുപിടിച്ചു കിടന്ന ചേർപ്പുങ്കൽ പോയി (അവിടെ ചെരിപ്പു കിടപ്പുണ്ടായിരുന്നതുകൊണ്ടാണ് ആ സ്ഥലത്തിനൊരു ചെരിപ്പുങ്കൽ പേരുതന്നെ ഉണ്ടായത്) കുരിശു സ്ഥാപിച്ച തോമ്മാശ്ളീഹായുടെ പിന്മുറക്കാർക്ക് ഇതു വന്നാൽ പോര! പാലായിൽ ഒരു പറമ്പിൽ തന്നെ രണ്ടു പള്ളികളും (പുത്തൻ പള്ളി, പഴയപള്ളി) അതിന്റെ കുളിക്കടവിനക്കരെ ആറ്റിനപ്പുറത്ത് വേറൊരു പള്ളിയും (കത്തീദ്രൽ പള്ളി), അടുത്ത വളവുങ്കൽ പിന്നേം പള്ളിയും (കിഴതടിയൂർ) ഒക്കെയായി വിശ്വാസത്തിലവർ മൽസരിച്ചു മുന്നേറുമെന്ന് തോമ്മാശ്ളീഹാ കണ്ടിരുന്നു എന്നത് മതിയായ ഒരു ന്യായീകരണമല്ല. പാലാമെത്രാനെ ദൈവശാസ്ത്രജ്ഞൻ എന്നിപ്പോഴും വിശേഷിപ്പിക്കുന്നതിന്റെ കാരണം ഇനിയും മനസ്സിലാകാത്തവരുണ്ടോ? അത്രയും അറിവുണ്ടെങ്കിലേ അവിടെ പിടിച്ചു നിൽക്കാൻ പറ്റൂ. മൂന്നു 'ക' (കപ്പ, കള്ള്, കത്തി) യുടെ നാടാണ് പാലായെന്നതും സ്ളീഹാ അറിഞ്ഞിരുന്നിരിക്കും. ഓശാനയുടെയും, സത്യജ്വാലയുടെയും നാടാണല്ലൊ പാലാ. ഏതായാലും, നാം ചുമന്നോണ്ട് നടക്കുന്ന കുരിശും, തോമ്മാശ്ളീഹാ ചേർപ്പുങ്കൽ സ്ഥാപിച്ച കുരിശും, നിലക്കൽ കുഴിച്ചിട്ട കുരിശും, ചങ്ങനാശ്ശേരിക്കാർ ദർശനത്തിൽ കണ്ട കുരിശും, ആലഞ്ചേരിപ്പിതാവിനു നേരിടേണ്ടി വന്ന കുരിശും, ഇപ്പോൾ ലിസ്സി ആശുപത്രിയിൽ കിടക്കുന്ന കുരിശുമൊന്നും ഒന്നല്ല. താൻ മാമ്മോദീസാ മുക്കിയവർക്ക് ആദ്യകുർബ്ബാന പോലും കൊടുക്കാതെ സ്ഥലംവിട്ട തോമ്മാശ്ളീഹായോട് എനിക്കു വല്യ മതിപ്പൊന്നുമില്ല. കൊല്ലാൻ വന്ന നമ്പൂതിരിമാരോട് സഞ്ചിയിലുള്ളത് പെമ്പ്രന്നോത്തിയെയും മക്കളെയും ഏൽപ്പിക്കണം എന്നുപോലും അദ്ദേഹം പറഞ്ഞതായി ഒരു ചരിത്രത്തിലുമില്ലതാനും. ജീവഭയം അദ്ദേഹത്തിന് നന്നായുണ്ടായിരുന്നെന്ന് അദ്ദേഹം പാലാക്ക് പോയില്ലയെന്ന ഒറ്റ കാര്യത്തിൽ നിന്നും മനസ്സിലാക്കാം. മറ്റൊരു സൂചന, സീറോമലബാർ രൂപത വരാൻ സാദ്ധ്യതയുള്ളിടത്തൊന്നും അദ്ദേഹം പള്ളി സ്ഥാപിച്ചിട്ടില്ലെന്നതാണ്. സീറോമലബാറുകാരെ പറ്റിക്കാൻ കർത്താവിനെക്കൊണ്ട് കഴിഞ്ഞിട്ടില്ല, പിന്നാ വെറുമോരു തോമ്മാ! ഒക്കെയാണെങ്കിലും പാലാക്കാരോടു പറഞ്ഞിരുന്നെങ്കിൽ അഹമ്മദാബാദ് പ്രശ്നങ്ങൾക്കും പെട്ടെന്നു പരിഹാരം കണ്ടേനെ. അവരാളും തരവും ഒന്നും നോക്കുകേല. ഒറ്റപോക്കാ! പണ്ടൊരിക്കൽ അവർ ഒരു മിശിഹാനുഭവം നാടകം നടത്തി; കർത്താവു കുരിശിൽക്കിടക്കൂന്ന രംഗം വന്നു, കർട്ടൻ പൊങ്ങിയപ്പോൾ സർവ്വത്ര പുക, കുരിശിൽക്കിടക്കുന്ന കർത്താവിനെ കണ്ടപ്പോൾ ജനം മുഴുവൻ മുട്ടിന്മേൽ! കരിസ്മാറ്റിക്കുകാരുടേതുപോലുള്ള അലർച്ചക്കിടയിൽ കർത്താവിന്റെ വചനവും എല്ലാവരും കേട്ടു, "ഇടടാ കർട്ടൻ, നിർത്തടാ പുക!" ഈ പുക മൂക്കിലോട്ടടിച്ചാൽ ആർക്കാ അരിശം വരാത്തത്? 

ഷംഷാബാദ് മുഴുവൻ കണ്ടു തീരുമ്പോഴേക്കും തട്ടിപ്പിതാവ് തട്ടിപ്പോകാറായിരിക്കും. അദ്ദേഹം വായുവലിച്ചു കിടക്കുമ്പോൾ ചുറ്റും പാട്ടുകാർ ഇല്ലാതിരിക്കുന്ന ഒരു സമയം നോക്കി ഞാൻ ചെന്നു ചോദിക്കും, "തിരുമേനീ, സത്യത്തിൽ തോമ്മാശ്ളീഹാ ഇവിടെ വന്നിരുന്നോയെന്ന്." അദ്ദേഹത്തിന്റെ ദയനീയമായ നോട്ടം എനിക്കൊന്നു കാണണം! കാലിൽ പാമ്പു കടിച്ചാൽ വിഷം മേലോട്ടു കേറും; ഉച്ചിയിൽ കടികിട്ടിയാൽ വിഷം എങ്ങോട്ടു പോകും? അതാണു ഷംഷാബാദിന്റെ  ഇപ്പോഴത്തെ പ്രശ്നം!

സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമോ?

I

ജോസഫ് പുലിക്കുന്നേല്‍

(ഓശാനമാസികയുടെ 2009 ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍ രണ്ടു ഭാഗമായി പ്രസിദ്ധീകരിക്കുന്നു)

2009 ജൂണ്‍ 11-ാം തീയതിയിലെ ദീപിക ദിനപത്രത്തില്‍ ''സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമോ'' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിന്റെ ഒരു പഠനമാണ് താഴെ കൊടുക്കുന്നത്.
I മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''രാഷ്ട്രീയം അതില്‍തന്നെ അശുദ്ധമല്ല. രാഷ്ട്രീയത്തിലെ കുലീനത്വമുള്ള ഒരു വഴി - ജനാധിപത്യം- നമ്മള്‍ കണ്ടെത്തിയിട്ടും അതിനെ മനഃപൂര്‍വ്വം നാംതന്നെ അശുദ്ധമാക്കുകയാണ്. അടിസ്ഥാന മൂല്യങ്ങളേയും നീതിയേയും അപ്രസക്തമാക്കി പ്രത്യയശാസ്ത്രങ്ങളും വ്യക്തി താത്പര്യങ്ങളും ഒരു രാജ്യത്തെ കയറിഭരിക്കുമ്പോഴാണ്  രാജ്യം തകരുന്നത്. ജനാധിപത്യം തകര്‍ക്കപ്പെടുന്നത് ഒറ്റ രാത്രികൊണ്ടല്ല. മൂല്യനീരസം ഒരു അടിസ്ഥാന പ്രമാണംപോലെ കരുതുമ്പോള്‍ അത് സാവകാശം ജനാധിപത്യ മര്യാദകളെ കൊല ചെയ്യും. ഒരു രാജ്യം നിലനില്‍ക്കുന്നത് അവിടത്തെ ജനങ്ങളുടെ ബൗദ്ധിക നിലവാരംകൊണ്ടു മാത്രമല്ല. ഒരുപക്ഷേ, അതിനേക്കാള്‍ ജനങ്ങളുടെ സ്വഭാവശുദ്ധിയേയും ധാര്‍മിക ബോധത്തേയും ആശ്രയിച്ചാണ് അതിന്റെ നിലനില്‍പ്പ്.''
രാഷ്ട്രീയത്തിലെ ''കുലീനത്വമുള്ള ഒരു വഴിയാണ് ജനാധിപത്യം'' എന്ന് അദ്ദേഹം സമ്മതിക്കുന്നതില്‍ നന്ദി പറയാം. രാഷ്ട്രീയത്തില്‍ മാത്രമല്ല മതത്തിലും ജനാധിപത്യം കൂലീനത്വമുള്ള ഒരു വഴിയാണ്. ഈ കുലീനമായ വഴി ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ചത് യേശുവും അപ്പസ്‌തോലന്മാരുമായിരുന്നു. ആധ്യാത്മിക ശുശ്രൂഷകരെ ആദ്യമായി തെരഞ്ഞെടുത്ത മത സമൂഹം ക്രൈസ്തവരായിരുന്നു. യൂദാസിനു പകരം ആരെ നിയോഗിക്കണമെന്നുള്ള തീരുമാനം എടുത്തത് പത്രോസോ അപ്പസ്‌തോലന്മാരോ ആയിരുന്നില്ല മറിച്ച് നൂറ്റി ഇരുപതോളം സഹോദരന്മാര്‍ ചേര്‍ന്നായിരുന്നു. (അപ്പ. പ്രവ. 1-15)
യേശുവിനു ശേഷം സഭയുടെ ഭൗതിക വസ്തുക്കള്‍ ഭരിക്കേണ്ടത് ആര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അപ്പസ്‌തോലന്മാര്‍ ജനാധിപത്യ രീതിയാണ് നിര്‍ദ്ദേശിച്ചത്. ''ആ പന്ത്രണ്ടുപേര്‍ ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണ വിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം.'' (അപ്പ. പ്രവ. 6: 2-4). അതായത് സഭയുടെ ആദ്ധ്യാത്മിക പരിപാലകരായ അപ്പസ്‌തോലന്മാരും അപ്പസ്‌തോല പിന്‍ഗാമികളും പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും മാത്രം ഏര്‍പ്പെടണമെന്നായിരുന്നു അപ്പസ്‌തോല തീരുമാനം. ഭൗതിക വസ്തുക്കളുടെ ഭരണം സഭാംഗങ്ങള്‍ ജനാധിപത്യരീതിയില്‍ നടത്തണം.
ആദിമ സഭയില്‍ ആദ്ധ്യാത്മിക പരിപാലകരും അപ്പസ്‌തോല പിന്‍ഗാമികളുമായ മെത്രാന്മാരെ അതതു സഭകള്‍ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. നാലു നൂറ്റാണ്ടോളം സഭാഭരണ വ്യവസ്ഥയില്‍ ''ജനാധിപത്യമെന്ന കുലീന വഴി'' സഭയാണ് സ്വീകരിച്ചത്.
ക്രൈസ്തവ മതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും നാലാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ചാള്‍സ് ഒന്നാമന്‍ ചക്രവര്‍ത്തി അധികാരത്തിലേറുകയും ചെയ്തതോടെ മെത്രാന്മാരെ രാജാക്കന്മാര്‍ നിയമിക്കുന്ന പതിവ് നിലവില്‍ വന്നു. ജനങ്ങളില്‍നിന്നും മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം രാജാക്കന്മാര്‍ പിടിച്ചെടുത്തു. പിന്നീട് മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം രാജാക്കന്മാരില്‍ നിന്നും റോമിലെ മാര്‍പാപ്പാ പിടിച്ചെടുത്തു!! അങ്ങിനെ അപ്പസ്‌തോല കാലം മുതല്‍ നാലു നൂറ്റാണ്ടുകാലം വരെ നിലനിന്നിരുന്ന ''ജനാധിപത്യത്തിന്റെ കുലീന വഴി'' സഭ ഉപേക്ഷിച്ചു.
മാര്‍പാപ്പായെ നിയമിക്കാനുള്ള അധികാരത്തിനുവേണ്ടി രാജാക്കന്മാര്‍ പരസ്പരം മത്സരിച്ചു. രണ്ടും മൂന്നും മാര്‍പാപ്പാമാര്‍ ഒരേ അവസരത്തില്‍ സഭയെ ഭരിച്ച സംഭവങ്ങളുമുണ്ടായി. എന്തിന് മാര്‍പാപ്പാമാരെ ചില രാജാക്കന്മാര്‍ ബന്ധിച്ച് കാര്യം നേടുകയും ചെയ്തു. അങ്ങിനെ സഭയുടെ അടിസ്ഥാന മൂല്യ പ്രമാണം ലംഘിച്ച്  ജനാധിപത്യ മര്യാദകളെ സഭയ്ക്കുള്ളില്‍ കൊല ചെയ്തത് മാര്‍പാപ്പാമാരും മെത്രാന്മാരുമാണ്. ഇക്കാര്യം എന്തേ മാര്‍ കല്ലറങ്ങാട്ട് ചിന്തിക്കുന്നില്ല എന്നു വിനീതമായി ചോദിക്കട്ടെ!! 
II മാര്‍ കല്ലറങ്ങാട്ട് എഴുതുന്നു: ''രാഷ്ട്രീയത്തില്‍ സഭയ്ക്കുള്ള പങ്കെന്താണ്?  സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളില്‍ സഭ ഇടപെടണമെന്ന് വേദപുസ്തകവും ചരിത്രവും ആവശ്യപ്പെടുന്നു. പ്രവാചകന്മാര്‍ എല്ലാവരുംതന്നെ ഇസ്രായേലിലെയും അയല്‍രാജ്യങ്ങളിലെയും രാഷ്ട്രീയ സാമൂഹിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നു. യോഹന്നാന്‍ മാംദാനയും ഈശോതന്നെയും അവരുടെ സമൂഹത്തിലെ രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിന്റെ പ്രതിനിധികള്‍ രാഷ്ട്രീയാധികാരത്തിന്റെ ദുര്‍വിനിയോഗത്തിനെതിരെ ശബ്ദമുയര്‍ത്തുകയും നീതിപൂര്‍വം അധികാരം പ്രയോഗിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്നുണ്ട്.''
പഴയ നിയമത്തിലെ പ്രവാചകന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നില്ല. ദൈവജനമായ ഇസ്രായേലിനെ വഴിവിട്ട് ചരിക്കാന്‍ പ്രേരിപ്പിച്ച മഹാ പുരോഹിതര്‍ക്കെതിരെ ആയിരുന്നു അവര്‍ ഇടപെട്ടിരുന്നത്. ഇസ്രായേലിന്റെ ദേവാലയമായ ജെറൂശലേമിനെയും മഹാപുരോഹിതരെയും കുറിച്ച് എസെക്കിയേല്‍ ദീര്‍ഘദര്‍ശി ഇങ്ങനെ എഴുതി.
''ജെറൂശലേമിനോട്''പറയുന്നു: ''എന്നാല്‍ നീ നിന്റെ സൗന്ദര്യത്തില്‍ ആശ്രയം സമര്‍പ്പിച്ചു, നിന്റെ കീര്‍ത്തിയാല്‍ ഒരു വേശ്യയായി; വഴിപോക്കരോടെല്ലാം കൂത്താടി നീ മതിമറന്നു വ്യഭിചരിച്ചു. നിന്റെ വസ്ത്രങ്ങളില്‍ ചിതലെടുത്തു, നീ മനോഹരമായി അലങ്കരിച്ച പൂജാഗിരികള്‍ ഉണ്ടാക്കി അവയില്‍ വ്യഭിചരിച്ചു; ഇതുപോലെയുള്ള പ്രവൃത്തി മുമ്പെങ്ങും സംഭവിച്ചിട്ടില്ല; ഇനി സംഭവിക്കയുമില്ല. ഞാന്‍ നിനക്കു നല്കിയ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ എടുത്തു മനുഷ്യ രൂപങ്ങള്‍ നിര്‍മിച്ച് അവയുമായി നീ വ്യഭിചരിച്ചു. നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രം എടുത്ത് അവയെ മൂടി; എന്റെ തൈലവും ധൂപവും അവയുടെ മുമ്പില്‍ സമര്‍പ്പിച്ചു.'' (എസെക്കിയേല്‍ 16: 15-18).
യേശയ്യ ദീര്‍ഘ ദര്‍ശി ജെറൂശലേമിനോട് ഇങ്ങനെ പറഞ്ഞു: ''ജെറൂശലേം തകര്‍ന്നു കഴിഞ്ഞു, യഹൂദാ വീണുകഴിഞ്ഞു. കാരണം, അവരുടെ സംസാരവും ചെയ്തികളും കര്‍ത്താവിന്ന് എതിരാണ്; അവന്റെ മഹനീയ സാന്നിധ്യത്തെ ധിക്കരിക്കുന്നതാണ്. അവരുടെ പക്ഷപാതം അവര്‍ക്കെതിരെ സാക്ഷ്യം നല്കുന്നു; സൊദോമിനെപ്പോലെ അവര്‍ തങ്ങളുടെ പാപം ഉദ്‌ഘോഷിക്കുന്നു, അവര്‍ അതു മറയ്ക്കുന്നില്ല; അവര്‍ക്കു ദുരിതം! അവര്‍ സ്വയം നാശം വരുത്തി വച്ചിരിക്കുന്നു. നീതിമാന്മാരോട് അവരുടെ കാര്യം ഭദ്രമാണെന്ന് പറയുക. കാരണം, അവര്‍ തങ്ങളുടെപ്രവര്‍ത്തിയുടെ സല്‍ഫലം അനുഭവിക്കും ദുഷ്ടന്നു ദുരിതം!'' (യെശയ്യ 3: 8-10).
ഇസ്രായേല്‍ പുരോഹിതരോട് യിരെമ്യാ ദീര്‍ഘദര്‍ശി പറയുന്നു: ''ഇടയന്മാരേ, അലമുറയിട്ടു കരയൂ; ആട്ടിന്‍പറ്റത്തിന്റെ നാഥന്മാരേ, ചാരത്തില്‍ ഉരുളുവിന്‍; കാരണം, നിങ്ങളെ കശാപ്പു ചെയ്ത് എറിഞ്ഞുകളയുന്ന ദിനങ്ങള്‍ വന്നെത്തിയിരിക്കുന്നു; നല്ല ആണാടുകളെപ്പോലെ നിങ്ങള്‍ നിലം പതിക്കും. ഇടയന്മാര്‍ക്ക് അഭയകേന്ദ്രമുണ്ടാകില്ല; ആട്ടിന്‍പറ്റത്തിന്റെ നാഥന്മാര്‍ക്ക് രക്ഷപ്പെടാനും ആവില്ല. ശ്രദ്ധിക്കൂ, ഇടയന്മാരുടെ നിലവിളി, ആട്ടിന്‍പറ്റത്തിന്റെ നാഥന്മാരുടെ മുറവിളി! കാരണം, കര്‍ത്താവ് അവരുടെ മേച്ചില്‍പ്പുറം കൊള്ളയടിക്കുന്നു. കര്‍ത്താവിന്റെ ഉഗ്രകോപം നിമിത്തം, സമാധാനമുള്ള ആട്ടിന്‍പറ്റങ്ങള്‍ നശിച്ചുപോയിരിക്കുന്നു.'' (യിരെ. 25: 34-37)
എസെക്കിയേല്‍ പ്രവാചകന്റെ താക്കീത്: ''കര്‍ത്താവിന്റെ അരുളപ്പാട് എനിക്ക് ഉണ്ടായി: 'മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാര്‍ക്ക് എതിരെ പ്രവചിക്കുക; അവരോട്, ഇടയന്മാരോടു തന്നെ, പ്രവചിക്കുക. ഇങ്ങനെ പറയുക; കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു: തങ്ങളെത്തന്നെ തീറ്റിപോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ തീറ്റിപോറ്റേണ്ടത്? നിങ്ങള്‍ പാല്‍ കുടിക്കുന്നു; ആട്ടിന്‍രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തവയെ കശാപ്പു ചെയ്യുന്നു; എന്നാല്‍ ആടുകളെ നിങ്ങള്‍ തീറ്റിപ്പോറ്റുന്നില്ല. ദുര്‍ബലങ്ങളായവയ്ക്കു നിങ്ങള്‍ ശക്തി കൊടുത്തില്ല; രോഗമുള്ളവയെ ചികിത്സിച്ചു ഭേദമാക്കിയില്ല; മുറിവേറ്റവയെ വച്ചുകെട്ടിയില്ല; വഴിതെറ്റിപ്പോയവയെ തിരികെ കൊണ്ടുവന്നില്ല; കാണാതെ പോയവയെ അന്വേഷിച്ചില്ല; എന്നാല്‍ ബലം പ്രയോഗിച്ച് ക്രൂരമായി നിങ്ങള്‍ അവയെ ഭരിച്ചു. അങ്ങനെ ഇടയന്‍ ഇല്ലായ്കയാല്‍ അവ ചിതറിപ്പോയി വന്യമൃഗങ്ങള്‍ക്കെല്ലാം ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; എല്ലാ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അവ അലഞ്ഞുനടന്നു; എന്റെ ആടുകള്‍ ഭൂമുഖത്തെങ്ങും ചിതറിപ്പോയി; അവയെപ്പറ്റി ചോദിക്കാനോ അന്വേഷിക്കാനോ ആരും ഉണ്ടായിരുന്നില്ല. (എസെക്കി. 34:1-6)
പഴയനിയമ പ്രവാചകന്മാര്‍ ഇസ്രായേലി പുരോഹിതന്മാരുടെ അധര്‍മ്മവും ആ അധര്‍മ്മത്തിന്റെ ഫലമായി ഇസ്രായേലിനെതിരെ ദൈവത്തിന്റെ ഇടപെടലിനെയും കുറിച്ചാണ് പറഞ്ഞത്.
ഹേറോദേസിന്റെ നയവൈകല്യങ്ങളേയോ ഭരണവൈകല്യങ്ങ ളേയോ ആയിരുന്നില്ല യോഹന്നാന്‍ മാംദാനാ ശാസിച്ചത.് മറിച്ച് യഹൂദനെന്നു ഭാവിച്ചിരുന്ന ഹേറോദേസ് സഹോദര ഭാര്യയെ വിവാഹം കഴിച്ചതിലുള്ള അമര്‍ഷമായിരുന്നു. (ലേവ്യര്‍ 18:18) പഴയ നിയമശാസനങ്ങളുടെ ലംഘനം അധാര്‍മ്മികവും ദുര്‍മാതൃകയും ആയിരുന്നു. ആ അധാര്‍മ്മികതയെക്കുറിച്ച് ശാസിക്കാന്‍ ഓരോ യഹൂദനും കടമയുണ്ടായിരുന്നു. പക്ഷേ യോഹന്നാനു മാത്രമേ അതിന് ധാര്‍മ്മികമായ കരുത്ത് ഉണ്ടായിരുന്നുള്ളു എന്നു മാത്രം.
യേശു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ യഹൂദരെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിരുന്നത് റോമാക്കാരുടെ ആധിപത്യമായിരുന്നു.  ഈ ആധിപത്യത്തിനെതിരെ അനേകം കലാപങ്ങള്‍ യേശുവിന്റെ കാലത്തും നടന്നിരുന്നു. യേശുവില്‍നിന്ന് യഹൂദര്‍ പ്രതീക്ഷിച്ചിരുന്നതും റോമിനെതിരെ കലാപം നയിച്ച് ഇസ്രായേലിനെ അടിമത്തത്തില്‍ നിന്നും രക്ഷിക്കും എന്നായിരുന്നു. പക്ഷേ റോമന്‍ ഭരണകൂടത്തിനെതിരായോ ഹേറോദേസിന്റെ ഭരണത്തിനെതിരായോ യേശു ഒരക്ഷരം പറഞ്ഞില്ലെന്നു മാത്രമല്ല ''സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക'' എന്നു കല്പിച്ചു. അവിടുന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു. ''എന്റെ രാജ്യം ഐഹികമല്ല!'' അവിടുന്ന് അവതരിച്ചതും ജീവിച്ചതും ദൈവരാജ്യത്തിന്റെ നിര്‍മ്മാണത്തിനുവേണ്ടിയാണ്. ആ ദൈവരാജ്യ നിര്‍മ്മിതിക്ക് വിരുദ്ധമായിരുന്ന ശക്തികളെയാണ് അവിടുന്ന് ശക്തമായി വിമര്‍ശിച്ചത്. ആ ശക്തികള്‍ പുരോഹിതര്‍ ആയിരുന്നു. അതുകൊണ്ടാണ് അവിടുന്ന് ശക്തമായ ഭാഷയില്‍ പുരോഹിതരെയും ഫരിസേയരെയും നിയമജ്ഞരെയും വിമര്‍ശിച്ചത്. ''വെള്ളപൂശിയ ശവക്കല്ലറകളെ''ന്നും ''അന്ധരായ വഴികാട്ടികളെ''ന്നും ''കപട നാട്യക്കാരെ''ന്നും ''അണലിക്കൂട്ട''മെന്നും അവിടുന്ന് അവരെ വിമര്‍ശിക്കുകയുണ്ടായി. യേശു രാഷ്ട്രീയ വിമര്‍ശനം നടത്തിയെന്ന ബഹമാന്യനായ മാര്‍ കല്ലറങ്ങാടിന്റെ പ്രസ്താവന തികച്ചും വേദപുസ്തകപരമായി തെറ്റാണ്.

Tuesday, April 17, 2018

സത്യജ്വാല – ഏപ്രിൽ 2018

http://almayasabdam.com/sathyajvala/sathyajvala-2/സത്യജ്വാല – ഏപ്രിൽ 2018
പള്ളിയോഗപുന:സ്ഥാപനം ചർച്ച് ആക്റ്റിലൂടെ – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ചർച്ച് ആക്റ്റ് നിയമമാക്കാൻ AKCAAC യുടെ കർമ്മപദ്ധതി, സഭയെന്നാൽ അച്ചനും മെത്രാനും മാത്രമോ? -മാർ ജോസഫ് പാംപ്ലാനി, പാംപ്ലാനിപ്പിതാവിന്റെ വായിച്ചിരിക്കേണ്ട ലേഖനം – ഇപ്പൻ, സ്വന്തം ഉൾക്കാഴ്ച്ചയെ കാറ്റിൽപ്പറത്തുന്ന ബിഷപ്പ് പാംപ്ലാനി – എഡിറ്റർ, ക്രൈസ്തവരുടെ സാമൂഹ്യസമ്പത്ത് ഭരിക്കാൻ നിയമം ആവശ്യം – ജോസഫ് പുലിക്കുന്നേൽ (രണ്ടാം ഭാഗം), മേജർ ആർച്ച് ബിഷപ്പിന്റെ ഭൂമികച്ചവടവും മെത്രാന്മാരുടെ എപ്പിക്യുരിയനിസവും – എം എൽ ജോർജ്ജ് മാളിയേക്കൽ, പീഢാനുഭവദിനത്തിൽ നിയമത്തെ വെല്ലുവിളിച്ച്, കർദ്ദിനാൾ മാർ ആലഞ്ചേരിക്കു സ്നേഹപൂർവ്വം – പ്രൊഫ.(ഡോക്ടർ) എം പി മത്തായി, തിരുക്കർമ്മങ്ങളെ ആയുധമാക്കുന്ന ആലഞ്ചേരി – എഡിറ്റർ, പുരോഹിതന്മാരുടെ രാജ്യം ഐഹികമല്ല – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, മാർ ആലഞ്ചേരിയുടെ പാപപരിഹാരാർത്ഥം കുരിശിന്റെ വഴി, കർദ്ദിനാളിന്റെ ഭൂമിക്കേസ് ഒത്തു തീർക്കാൻ പണം വരുന്ന വഴികൾ, ഒരു ചങ്ങനാശ്ശേരി വാർത്തയും വിചിന്തനവും – ജയിംസ് ഐസക് കുടമാളൂർ, തമിഴ്നാട്ടിലും കത്തോലിക്കാ സഭയുടെ ഭൂമികുംഭകോണം -കടപ്പാട് ‘മാതൃഭൂമി’, കിടപ്പാടത്തിനു പണം നൽകിയ വിശ്വാസികൾ അങ്കലാപ്പിൽ, കൊരട്ടിമുത്തിയുടെ സ്വർണ്ണം കാണാതായ സംഭവം, ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാൻ ശ്രമമെന്ന്, കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമനെതിരെ കോടതി വിധി, അഭയാക്കേസ് … വിധി വരും മുമ്പേ വെല്ലുവിളി, KANA വിഭാവനം ചെയ്യുന്ന ഒരു ക്നാനായാ സമുദായം – അലക്സ് കാവുംപുറം (USA), ആടിക്കളിക്കടാ കുഞ്ഞുരാമാ ….- ജോയി ഒറവണക്കുളം (ചിക്കാഗോ), ആലഞ്ചേരിയും യോഗയും – റവ. ഡോ. ജെ ഔസേപ്പ്പറമ്പിൽ, പൗരോഹിത്യവും അവിഹിതാവസ്ഥയും – കെ സി ആർ എം (നോർത്ത് അമേരിക്കാ), ഈയൊരു കാര്യത്തിനു വേണ്ടിയാണ് ഞാൻ ലോകത്തിലേക്കു വന്നത് – ഡോ. ജെ സി കുമരപ്പ, മാർച്ച്മാസ പ്രവർത്തനങ്ങൾ – കെ സി ആർ എം (തൊടുപുഴ), ഷംഷാബാദ് സ്വപ്നങ്ങൾ – റോഷൻ ഫ്രാൻസിസ്‌, ആലഞ്ചരിയെ കടത്തിവെട്ടുന്ന റോമൻസ് – കെ സി ആർ എം റിപ്പോർട്ട് (പാലാ)……