Translate

Thursday, January 30, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിനാലാമത്‌ ടെലികോൺഫെറൻസ്, ഫെബ്രുവരി 12, 2020-ന്


ചാക്കോ കളരിക്കൽ

https://www.emalayalee.com/varthaFull.php?newsId=203748#


കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിനാലാമത്‌  ടെലികോൺഫെറൻസ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ’. വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ജനറൽ സെക്രട്ടറി ശ്രീ ജോസഫ് വെളിവിൽ (Joseph Velivil).

 
കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ അനവധിയാണെന്ന് നമുക്കറിയാം. അഭയ കേസുമുതൽ ഈ അടുത്തകാലത്ത്  എറണാകുളത്ത് പച്ചാളം സെൻറ് ജോസഫ് കോൺവെൻറിലെ കന്ന്യാസ്ത്രിയായിരുന്ന ഡെൽസിവരെ നീളുന്ന ഒരു ലിസ്റ്റാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ മുമ്പിലുള്ളത്. അധികാരികളിൽനിന്നുള്ള മാനസിക പീഡനത്തെയും പുരോഹിതരിൽനിന്നുള്ള ലൈംഗികാക്രമണങ്ങളെയും തുടർന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് പെരുവഴിയിലേയ്ക്ക് വെറുംകൈയ്യോടെ ഇറങ്ങേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകളുടെ അവസ്ഥ ദയനീയമാണ്. സഭ അതിൻറെ മൂല്യങ്ങൾക്കനുസൃതമായി കന്ന്യാസ്ത്രികളോട് പെരുമാറിയിരുന്നെങ്കിൽ, പുരോഹിത ലൈംഗിക പീഡനങ്ങളെ എത്രയും വേഗം പരിഹരിച്ച്‌ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ച് നീക്കം ചെയ്തിരുന്നെങ്കിൽ, കന്ന്യാസ്ത്രികൾക്ക് അവർ അർഹിക്കുന്ന ന്യായമായ നീതി ലഭിക്കുകയും നല്ലവരായ പുരോഹിതരുടെയും കത്തോലിക്ക സഭയുടെയും സൽപ്പേരിന് കളങ്കം വരാതെ സൂക്ഷിക്കുകയും ചെയ്യാമായിരുന്നു. കന്ന്യാസ്ത്രികളുടെയും വിശ്വാസികളുടെയും മാധ്യമങ്ങളുടെയും ശബ്ദം ശ്രവിക്കാൻ കൂട്ടാക്കാതെ, കാടൻ നീതിയുടെ വക്താക്കളായ സഭാധികാരികൾ 'സിസ്റ്റത്തെ ചൊറിയാൻ വരണ്ടെന്ന്' എന്നുവെച്ചാൽ, 'The Church is perfect exactly the way it is' എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. പുരോഹിതർ കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യം ദീർഘകാലം സഭാ മേലധികാരികൾ രഹസ്യമായി സൂക്ഷിച്ചു. തിനിടെ ലോകമെമ്പാടുമുള്ള കന്ന്യാസ്ത്രികൾക്കിടയിൽ #NunsToo ചലനവുമുണ്ടായി. ഒടുവിൽ പുരോഹിതർ കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സഭയിൽ തുടരുന്ന പ്രശ്നമാണെന്ന് ഫ്രാൻസിസ് പാപ്പ പറയേണ്ടിയും വന്നു. കാരുണ്ണ്യപ്രവർത്തികൾ, അനുകമ്പപ്രവർത്തികൾ, സ്നേഹപ്രവർത്തികൾ എല്ലാം ചെയ്യേണ്ട സഭ അനുസരണം എന്ന വ്രതത്തിൻറെ മറവിൽ നിലാരമ്പരും നിർദോഷികളുമായ കന്ന്യാസ്ത്രികൾക്കെതിരായി അച്ചടക്ക നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. സഭാനേതൃത്വത്തിന് യഥാർത്ഥ ജീവിതവുമായി സമ്പർക്കമേയില്ലായെന്നാണ് അത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.
കത്തോലിക്ക സഭ പുറംതള്ളുകയും സ്വയം വിട്ടുപോകുകയും ചെയ്യുന്ന കന്ന്യാസ്ത്രികൾ ഉപജീവനമാർഗമായി ലൈംഗിക തൊഴിലാളികളാകുന്നു എന്ന വർത്തവരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപ്പോൾ ദൈവതേജസിലും ദൈവചൈതന്യത്തിലും ദൈവസദൃശ്യത്തിലും ഉരുവാക്കപ്പെട്ട വ്യക്തിത്വത്തെ മനസ്സിലാക്കാനും അതിനനുസൃതമായി പെരുമാറാനും സഭാധികാരം പരാജപ്പെടുകയാണ്. കന്ന്യാസ്ത്രി മഠങ്ങളുടെ മേലധികാരികൾ സ്നേഹംകൊണ്ട് കുരിശുമരണം ഏറ്റെടുത്ത യേശുവിനെ തിരസ്കരിക്കുയാണ്.
കൊച്ചിയിൽ ജനിച്ചുവളർന്ന് എഞ്ചിനീറിംഗ് ബിരുദംനേടി മൂന്ന് പതിറ്റാണ്ടിലേറെക്കാലം വിദേശത്ത് ഔദ്യോഗിക ജീവിതം നയിച്ച ശ്രീ വെളിവിൽ തൻറെ വിരമിക്കലിനുശേഷം കൊച്ചിയിൽതന്നെ താമസമാക്കി. 2004 മുതൽ നാളിതുവരെ അദ്ദേഹം മുഴുവൻ സമയവും സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാവൃതനായിരിക്കുകയാണ്. കത്തോലിക്ക സഭയിൽ പ്രത്യേകിച്ച്  അദ്ദേഹം അംഗമായിരിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായത്തിൽ സഭാമേലധികാരികൾ ധിക്കാരപരമായി പെരുമാറിയാൽ അതിനെ അദ്ദേഹം സധൈര്യം ചോദ്യം ചെയ്യും. കൊച്ചി രൂപതയുടെ മുൻ ബിഷപ്പ് ജോൺ തട്ടുങ്കലിനെതിരായി സംഘടിപ്പിച്ച ജാഥയെ അദ്ദേഹം നയിച്ചു. കൊച്ചി ഭാഗത്ത് ഒരു പാവപ്പെട്ട വിശ്വാസിയെ വികാരി സിമിത്തേരിയിൽ അടക്കാൻ സമ്മതിച്ചില്ല. അതിനെതിരായി കേസുകൊടുത്ത് അനുകൂല വിധി സമ്പാദിച്ച് അയാളുടെ ശവശരീരം മാന്തിയെടുത്ത് സിമിത്തേരിയിൽ അടക്കം ചയ്യുകയും കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങികൊടുക്കുകയും ചെയ്തു. ദേവാലയങ്ങളിൽ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുന്നതിനെതിരെയും നിർബന്ധിത ദശാംശം പിരിക്കുന്നതിനെതിരെയും കേസുകൾകൊടുത്ത് അനുകൂല വിധികൾ സമ്പാദിച്ചിട്ടുണ്ട്. സഭാധികാരികളുടെ അക്രൈസ്തവ നിലപാടിനെ നിരന്തരം നിർഭയം വിമർശിക്കുന്ന ഒരാളാണ് ജോസഫ്‌സാർ. പാലായിലെ കെസിആർഎം സംഘടനാ പ്രവർത്തനങ്ങളിലെ സ്ഥിര സാന്നിധ്യമാണദ്ദേഹം. ചർച്ച് ട്രസ്റ്റ് ബില്ലിനുവേണ്ടി രാപകലില്ലാതെ യാത്രചെയ്ത് വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 27, 2019-ൽ തിരുവനന്തപുരത്തു നടന്ന ജാഥയും ധർണയും വിജയിപ്പിക്കാൻ റമ്പാച്ചനോടും അഡ്വ ബോറിസ് പോളിനോടുമൊപ്പംനിന്ന് അദ്ദേഹം നേതൃത്വം നൽകി. കേരള സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ 16 വർഷങ്ങൾക്കിടെ കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട്, സ്റ്റേറ്റ് പ്രസിഡണ്ട്, ജോയിൻറ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡണ്ട് തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട അനേകം പദവികൾ അലങ്കരിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളക്കൽ വിഷയത്തിലും സിസ്റ്റർ ലൂസി കളപ്പുര വിഷയത്തിലും ശ്രീ വെളിവിലിൻറെ പങ്കാളിത്തം എടുത്ത് പറയേണ്ടതുതന്നെയാണ്. അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയാണ് ശ്രീ ജോസഫ് വെളിവിൽ (Joseph Velivil).
സംഘടിത സഭയുടെ ശക്തികൊണ്ട് നിസ്സഹായരായ കന്ന്യാസ്ത്രികളെ എങ്ങനെയെല്ലാം ഉപദ്രവിക്കുമെന്നും വേട്ടയാടുമെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നും അക്കമിട്ട് വിശദീകരിക്കുന്ന  ഒരു ചരിത്രസംഭവമായിരിക്കും ശ്രീ ജോസഫ് വെളിവിലിൻറെ വരാൻപോകുന്ന ആ പ്രഭാഷണം. കാരണം, കന്ന്യാസ്ത്രികൾ നേരിടുന്ന ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും ആഴത്തിൽ പഠിക്കുകയും ആ വിഷയത്തിൽ പതിറ്റാണ്ടുകൾ പയറ്റി തെളിയുകയും ചെയ്തിട്ടുള്ള മികച്ച വ്യക്തിത്വത്തിൻറെ ഉടമയാണദ്ദേഹം. വരുവിൻ നമുക്ക് അദ്ദേഹത്ത ശ്രവിക്കാം.
അവതരണത്തിനുശേഷം ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീടുള്ള ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

 

സത്യജ്വാല 2020 ജനുവരി ലക്കം


https://almayasabdam.com/sathyajvala/sathyajvala-2/

മുകളിൽ ക്ലിക് ചെയ്ത്  സത്യജ്വാല 2020 ജനുവരി ലക്കം വായിക്കുക
ഉള്ളടക്കം  
ചർച്ച് ആക്റ്റും ആദിമസഭയും ‘ജസ്റ്റിസ് ഫോർ സി. ലൂസി’യും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), വലിയ മുക്കുവന്റെ പാളത്തൊപ്പി – പ്രൊഫ. പി. സി. ദേവസ്യ, ജോസഫ് പുലിക്കുന്നേൽ: ഒരനുസ്മരണം – ചാക്കോ കളരിക്കൽ (USA), ‘നോക്കുകൂലി സഭാനേതാക്കളുടെ’ കർഷക സ്നേഹം! – മാത്യു സ്റ്റാനി, കോർപ്പറേറ്റ് ഭീകരന്മാർക്കെതിരെ പാലാ രൂപത – സാബു എബ്രാഹം പാലാ, ഇതാ കർത്താവിന്റെ ദാസി – ബിന്റോ കെ ജോസ്, സി. ലിസ്സി വടക്കേലുമായി ഒരഭിമുഖം, കർത്താവിന്റെ നാമത്തിൽ – ഷൈജു ആന്റണി, സി. ലിസ്സി വടക്കേലിന് പോലീസ് വക ക്രിസ്മസ്സ് കേക്ക്, അസ്സീസ്സി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് നീതി പാലിക്കുക – ഡെൽസി ദേവസ്യ, സിവിൽ നിയമങ്ങളും മനുഷ്യാവകാശചട്ടങ്ങളും ലംഘിക്കാൻ കന്യാസ്ത്രി മഠങ്ങളെ അനുവദിക്കരുത്, ആനുകാലിക സഭാ വാർത്തകൾ – അഡ്വ. ബോറിസ് പോൾ, മതം മനുഷ്യനു വേണ്ടിയോ, മനുഷ്യൻ മതത്തിനു വേണ്ടിയോ?, എന്താണ് ‘Justice for Sr Lucy’ എന്ന കൂട്ടായ്മ? എങ്ങിനെയാണ് അതിന്റെ പ്രവർത്തനങ്ങൾ?, സി ലൂസി കളപ്പുരയുടെ രണ്ടാം അപ്പീൽ, അറിഞ്ഞിരുന്നില്ലെന്നു പറയരുത് – ജോസഫ് മറ്റപ്പള്ളി, ഏകദൈവ വിശ്വാസവും ത്രീത്വത്തിലെ വൈരുദ്ധ്യങ്ങളും – പ്രൊഫ. പി എൽ ലൂക്കോസ്, ക്രിസ്തുവിനെ മറക്കുന്ന ‘ക്രിസ്തീയ’ മാധ്യമങ്ങൾ – ലൂക്കോസ് ചുള്ളിക്കര, ‘പാപികളായ ഞങ്ങൾ’ – മേരിക്കുട്ടി മണ്ടളം, വിശ്വാസപരിശീലനമോ കാപട്യപരിശീലനമോ? – ജയിംസ് ഐസക്ക് കുടമാളൂർ, ‘അവതാര പുരുഷനെ’ യാക്കോബായാ സഭ ഒതുക്കുമോ? – ഫാ ഡാർളി എടപ്പങ്ങാട്ടിൽ, എയിഡഡ് വിദ്യാലയങ്ങളിൽ മാനേജ്മെൻ്റിനു സമ്പൂർണ്ണാധികാരമില്ല’, സുപ്രീം കോടതി – കെ ജോർജ്ജ് ജോസഫ്, മൃതദേഹ സംസ്കരണം സംബന്ധിച്ച ഓർഡിനൻസ് – മുഖ്യമന്ത്രിക്ക് CLA യുടെ നിവേദനം, ഡോ ആന്റണി കല്ലമ്പളളി  മറ്റൊരു പ്രഫ. റ്റി ജെ ജോസഫാകുമോ? – കെ ജോർജ്ജ് ജോസഫ്, നന്മ വറ്റാത്ത പുരോഹിതർ ഇപ്പോഴും ഉണ്ടെന്നു തെളിയിച്ച് ഫാ. ജോസ് ഡോമിനിക്ക് – സന്തോഷ് ജേക്കബ്, പത്മവ്യൂഹത്തിൽ കഴിയുന്ന പാവം ഫ്രാൻസിസ് പോപ്പ് –  ജോയി ഒറവണക്കുളം, റിപ്പോർട്ടുകൾ, അറിയിപ്പുകൾ 

Wednesday, January 15, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



കെസിആർഎം നോർത് അമേരിക്ക ജനുവരി 08, 2020 (January 08, 2020) ബുധനാഴ്ച്ച നടത്തിയ ഇരുപത്തിമൂന്നാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് കൊച്ചിയിൽനിന്ന് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികംപേർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ ബോറിസ് പോൾ (Adv Boris Paul) ആയിരുന്നു. വിഷയം: 'ക്രിസ്ത്യൻ സ്വത്തുഭരണത്തിലെ അഴിമതികളും ചർച്ച് പ്രോപ്പർട്ടീസ് ട്രസ്റ്റ് ബില്ലും'

വിഷയസംബന്ധമായി അവതരിപ്പിക്കപ്പെട്ട പ്രധാന പോയിൻറുകൾ: ചർച്ച് ട്രസ്റ്റ് ബിൽ ആവശ്യപ്പെടാനുള്ള കാരണങ്ങൾ, പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കേണ്ടത്തിൻറെ നിയമവശങ്ങൾ, ബില്ലിനെതിരായ സഭാമേലധികാരികളുടെ കള്ളപ്രചരണങ്ങൾ തുടങ്ങി വളരെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്വ ബോറിസ് പോൾ സംസാരിച്ചത്. ഇന്ന് സഭകളിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അഴിമതികൾ, ഭൂമി കള്ളക്കച്ചവടങ്ങൾ, ക്രിമിനൽ സ്വഭാവമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, അത് മൂടിവെയ്ക്കാൻ സഭകൾ ചിലവഴിക്കുന്ന കോടിക്കണക്കിനുവരുന്ന സമ്പത്തിൻറെ ദുർവിനയോഗം, അനാവശ്യമായ പള്ളികെട്ടിട/ആശുപത്രി/ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണങ്ങൾ, സഭാസ്ഥാപനങ്ങളിലെ കോഴവാങ്ങൽ തുടങ്ങിയ ദുഷ്പ്രവർത്തികൾകൊണ്ടാണ് ചർച്ച് ട്രസ്റ്റ് ബിൽ അനിവാര്യമെന്ന് സഭാംഗങ്ങൾ ചിന്തിച്ചുതുടങ്ങാനും ആവശ്യപ്പെടാനും കാരണമായത്.

1599-ലെ ഉദയമ്പേരൂർ സൂനഹദോസിലൂടെ മലങ്കര ക്രിസ്ത്യാനികളുടെ ജനാധിപത്യപള്ളിഭരണ സമ്പ്രദായം നഷ്ടപ്പെട്ടതാണ് സഭകളിൽ അഴിമതികൾ അഴിഞ്ഞാടാൻ കാരണമായത്. അന്നുമുതൽ ഇന്നുവരെ ഏകാധിപത്യ പുരോഹിത പള്ളിഭരണമാണ് സഭകളിൽ നടക്കുന്നത്. സഭകളിലെ നിയമാവലികളൊന്നും റെജിസ്റ്റേർഡല്ല. അതുകൊണ്ട് ആ നിയമാവലകൾക്ക് രാഷ്ട്ര നിയമ പ്രാബല്യമില്ല. മെത്രാന്മാരും പുരോഹിതരും ഭൂമി കള്ളവ്യാപാരം നടത്തിയാലും നിയമപരമായി അതിനെ എതിർക്കാൻ വിശ്വാസികൾക്ക് മാർഗങ്ങളില്ല. കൊല്ലം ലത്തീൻ രൂപതയിൽ സ്റ്റാൻലി റോമൻ (Stanley Roman) മെത്രാൻറെ കാലത്തെ ഭൂമിവ്യാപാരത്തിലെ ഏഴുകോടിയോളം രൂപ കണക്കിൽപ്പെടാതെ മറിച്ച കള്ളക്കളികളും ജോസഫ് ഫെർണാണ്ടസ് (Joseph Fernandez) മെത്രാൻറെ കാലത്ത് കൊട്ടിയത്തെ പുറമ്പോക്കുഭൂമിയ്ക്ക് കള്ളപ്പട്ടയം ഉണ്ടാക്കി പിന്നീട് മുന്നാധാര പരാമർശമില്ലാതെ നാല്പതോളം ആധാരങ്ങൾ ഉണ്ടാക്കിവിറ്റ ഭീകര അഴിമതികളെപ്പറ്റിയുമെല്ലാം അഡ്വ ബോറിസ് പോൾ വിശദീകരിക്കുകയുണ്ടായി. ഇതുസംബന്ധമായി കൊല്ലം മെത്രാന് എതിരായി ഇന്നും കേസ് നടക്കുകയാണ്, വളരെ സമ്പന്നമായ കൊല്ലം രൂപത നടത്തുന്ന ബിഷപ്പ് ജറോം എഞ്ചിനീറിംഗ് കോളേജ് 80 കോടി രൂപയുടെ കട ബാധ്യതയിലാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇതിനെല്ലാം കാരണം സഭാധികാരികളുടെ സ്വത്തുഭരണത്തിൽ സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നുള്ളതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉദ്യോഗനിയമനങ്ങൾക്കും പ്രവേശനങ്ങൾക്കും കോടികളാണ് കൊഴപ്പണമായി വാങ്ങിക്കുന്നത്. എവിടേയ്ക്കാണ് ഈ രഹസ്യ കള്ളത്തുക പോകുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ. സീറോ മലബാർ സഭയുടെ തലവൻ ജോർജ് ആലഞ്ചേരി മെത്രാപ്പോലീത്തയും ഭൂമി കുംഭകോണക്കേസിൽ പ്രതിയാണ്. കേരളത്തിലെ എല്ലാ ക്രിസ്ത്യൻ സഭകളിലും സാമ്പത്തിക സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നുള്ളത്‌ അല്മായർ മനസ്സിലാക്കണം. മേല്പറഞ്ഞ അഴിമതികളുടെ പശ്ചാത്തലത്തിലും ആ അഴിമതികളൊക്കെ കാണിച്ചുകൂട്ടാൻ തങ്ങൾക്ക് അധികാരമുണ്ട് എന്ന ധിക്കാര നിലപാടിൻറെ അടിസ്ഥാനത്തിലും വേണം ചർച്ച് ട്രസ്റ്റ് ബില്ലിൻറെ പ്രാധാന്യത്തെ വിലയിരുത്താൻ.

ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പുപ്രകാരം പള്ളി സ്വത്തുക്കളും സ്ഥാപനങ്ങളും നിയമപ്രകാരം മാത്രമാണ് ഭരിക്കേണ്ടത്. അത് ഒരു ഭരണഘടനാ ബാദ്ധ്യതകൂടിയാണ്. ചർച്ച് ട്രസ്റ്റ് ബില്ലിൻ പ്രകാരം ഓരോ ഇടവകയും ട്രസ്റ്റ് ആയി റെജിസ്റ്റർ ചെയ്യണം. ഇടവക, രൂപത, സംസ്ഥാനം എന്നിങ്ങനെ ത്രിതല ട്രൂസ്റ്റാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് പ്രതിനിധികളാൽ സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ഭരിക്കപ്പെടണം. ഏതെങ്കിലും ഒരു ട്രസ്റ്റോ, ട്രസ്റ്റിയോ നിയമലംഘനം നടത്തിയാൽ അത് ശിക്ഷാർഹവുമാണ്. സഭാസ്വത്തുക്കളുടെ ഉടമകളായ അല്മായർ പുരോഹിതരുടെ അടിമത്തത്തിൽനിന്നും മോചിതരാകുകയും ചെയ്യും.

പള്ളിപ്രസംഗങ്ങളും പ്രസ്താവനകളും ലഘുലേഖകളും ചർച്ച് ട്രസ്റ്റ് ബില്ലിനെതിരായി സഭാമേലധികാരികൾ പ്രചരിപ്പിക്കുന്നുണ്ട്. അത് അല്മായരെ അറിഞ്ഞുകൊണ്ട് തെറ്റിദ്ധരിക്കിക്കലാണ്.  ചർച്ച് ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയുടെയും ധർണയുടെയും വാർത്തകൾ മാധ്യമങ്ങളെ കൂട്ടുപിടിച്ചും സമ്മർദ്ദം ചെലുത്തിയും തമസ്ക്കരിക്കുന്നത് നാം കണ്ടുകൊണ്ടാണിരിക്കുന്നത്. ട്രൂസ്റ്റിൻറെ ഭരണത്തിൽ സർക്കാരിൻറെ ഇടപെടൽ ഒന്നുമില്ല. വിശ്വാസപരമായ വിഷയങ്ങളിലോ പുരോഹിത ശുശ്രൂഷാ കാര്യങ്ങളിലോ ട്രസ്റ്റ് ബില്ലിന് ബന്ധമില്ല. എന്നിരുന്നാലും 'പള്ളിസ്വത്തുക്കൾ സർക്കാരിന് അടിയറ വയ്ക്കുകയാണ്', 'എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്', 'സഭയെ തകർക്കാൻ സഭാവിരോധികൾ കണ്ടുപിടിച്ച തന്ത്രമാണ്' 'ഇതിലെ കാണാപ്പുറങ്ങൾ പഠിക്കണം', 'സഭ തകരും'  എന്നും മറ്റുമുള്ള സഭാധികാരികളുടെ ജല്പനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. കീശയിൽ ആശ്വാസം കാണുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 'അഭിഷിക്തരെ വിമർശിക്കരുത്' എന്ന് കേട്ടുപഠിച്ചിട്ടുള്ള അല്മായരെ ബോധവൽക്കരിച്ചാലേ സഭയിൽ കാതലായ മാറ്റങ്ങൾ സംഭവിക്കൂ. സഭകളിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകാനുള്ള ഒരു സമ്മർദ്ധശക്തിയാകണം, അല്മായർ.

ചർച്ച് ട്രസ്റ്റ് ബിൽ പാസായി നടപ്പിലായാൽ സഭാസ്വത്തുക്കൾ അതിൻറെ യഥാർത്ഥ അവകാശികളായ അല്മായ സമൂഹത്തിന് തിരിച്ചുകിട്ടും. ട്രസ്റ്റ് നിയമം വഴി സഭാസ്വത്തുക്കൾ ജനാധിപത്യപരമായും സുതാര്യമായും കാര്യക്ഷമമായും ഭരിക്കപ്പെടും. സഭാധികാരികളുടെ കുറ്റകൃത്യപ്രവണത ഇല്ലാതാകും. അവർക്ക് അവർ സ്വയം ഭരമേറ്റിരിക്കുന്ന ദൈവജന ശുശ്രൂഷയിൽ പരിപൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. നിരവധിയായ കേസുകൾ നടത്തിയുള്ള ധന ദുർവ്യയം ഇല്ലാതാകും. സഭകൾക്ക് നഷ്ടപ്പെട്ട മാനം തിരിച്ചുകിട്ടും. ചുരുക്കത്തിൽ ആദിമസഭയുടെ ആവേശത്തിലേയ്ക്ക്, ആത്മാവിലേക്ക് തിരിച്ചുപോകാനുള്ള ഇന്നത്തെ ഉത്തമവഴിയാണ് നിർദ്ദേശിച്ചിരിക്കുന്ന ചർച്ച് ട്രസ്റ്റ് ബിൽ.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി.

അഡ്വ ബോറിസ് പോളിൻറെ വിഷയാവതരണം വളരെ വ്യക്തതയോടെ ട്രസ്റ്റ് ബില്ലിൻറെ എല്ലാവശങ്ങളെയും വിശദീകരിച്ചുയെന്ന് കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് അഡ്വ ബോറിസ് പോളിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ജനറൽ സെക്രട്ടറി ശ്രീ ജോസഫ് വെളിവിൽ (Joseph Velivil) ആയിരിക്കും. വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ.


https://emalayalee.com/varthaFull.php?newsId=202874

കന്യാസ്ത്രീ പീഡനങ്ങളും ചർച് ആക്റ്റും

https://www.facebook.com/lucykalapurafcc/videos/483392598959171/

അഡ്വ . ബോബൻ വർഗീസ്

സ്ഥലം വിൽക്കാതെ നഷ്ടം നികത്താനാവില്ലെന്ന് കർദിനാൾ മാർ ആലഞ്ചേരി | 24 News



Tuesday, January 14, 2020

ഭരണങ്ങാനം വികാരിയുടെ കല്ലറഭാഷണം


==============

█ 09-01-2020-ന് രാവിലെ 10:30-ന് ഇടവകയിലെ ഒരു ശവസംസ്കാരശുശ്രൂഷയ്ക്കിടെ ഭരണങ്ങാനം വലിയ പള്ളിയുടെ ഉൾത്തളത്തിൽ ബഹു. പള്ളി വികാരി നടത്തിയ ഭാഷണത്തിന്റെ സംക്ഷിപ്ത രൂപം :
"മൂന്നേകാൽ കോടി* മുടക്കി നിർമ്മിച്ച പുതുക്കല്ലറയ്ക്ക് ഇടവകക്കാരനായ ഒരു വ്യക്തിയുടെ^ പരാതി നിമിത്തം പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകുന്നില്ല. ഈ ഇടവകാംഗത്തിന്റെ മാനസാന്തരത്തിനുവേണ്ടി ഈ ദേവാലയത്തിലും തുടർന്ന് ഇവിടുത്തെ സെമിത്തേരിയിൽ വച്ചും ( ----!! ) പ്രാർത്ഥനനടത്തണം".
█ ബഹുമാനപ്പെട്ട വികാരി എന്തിനാണിത് പറഞ്ഞത്?
പുതുക്കല്ലറയ്ക്കുവേണ്ടി നൽകിയ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്താണ് മേൽ ഭാഷണത്തിന് ബഹുമാനപ്പെട്ട വികാരിയെ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ.
█ എന്താണ് വസ്തുത?
കോടതിയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ കല്ലറയുടെ അനുമതി തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഉണ്ടായിട്ടില്ല.ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ പഞ്ചായത്തിൽ നിന്നും അപേക്ഷ
പ്രോസസ്സ് ചെയ്ത് അന്തിമാനുമതിനേടുന്നതിന് നിയമപരമായ തടസ്സമില്ല.

█ ഏതൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത്?
➤അസ്സൽ ആധാരം അഥവാ പട്ടയം.
➤ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിയമാവലിയും ട്രസ്റ്റ് സർക്കാരിൽ രജിസ്ട്രേഷൻ നടത്തിയ രേഖകളും

█ കരമടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ഇതിന് പകരം മതിയാകില്ലേ?
മതിയാകില്ല. ഇവ രണ്ടും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളല്ല. മാത്രമല്ല, 'ട്രസ്റ്റി' അപേക്ഷകനാകുമ്പോൾ ട്രസ്റ്റിന്റെ വിവരങ്ങളും നൽകേണ്ടതുണ്ട്.
█ ഇതൊക്കെ നമുക്ക് ചെയ്യാൻ സാധിക്കുമോ?
തീർച്ചയായും സാധിക്കും.
█ ആരാണ് വിശ്വാസികളിൽ നിന്ന് വാസ്തവം മറച്ചു വയ്ക്കുന്നത്? വാസ്തവവും നിജസ്ഥിതിയും ബോധ്യപ്പെടാൻ ആഗ്രഹിക്കുന്നവർ എന്ത് ചെയ്യും?
പഞ്ചായത്ത് ഒടുവിൽ നൽകിയ നോട്ടീസ് ഉൾപ്പെടെ പുതുക്കല്ലറയുടെ അപേക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച മുഴുവൻ രേഖകകളുടെയും പകർപ്പുകൾ വികാരിയിൽനിന്നോ നടത്തിപ്പുകാരിൽനിന്നോ വാങ്ങി പരിശോധിക്കാവുന്നതാണ്. ഈ രേഖകൾ നൽകാൻ ഇവർ വിമുഖത കാണിക്കുന്നപക്ഷം ഭരണങ്ങാനം ഗ്രാമപ്പഞ്ചായത്ത് ഫയൽ നമ്പർ - A3/7062/16- ന്റെ പകർപ്പ് വിവരാവകാശപ്രകാരം നേടി ബോധ്യപ്പെടാവുന്നതാണ്.
█ കല്ലറ പണിയുന്നതിൽ നടത്തിപ്പുകാരിൽനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ?
ഉടനടി വ്യക്തതവരുത്തി നിർണയിക്കേണ്ട വിഷയമാണിത്.
█ കുടുംബക്കല്ലറയ്ക്ക് പണം നൽകിയവർ അത് തിരിച്ചാവശ്യപ്പെട്ടാൽ ഇടവകയിൽനിന്ന് ആ തുക തിരിച്ചു നൽകാമോ?
ഇതിന് ഉത്തരം ലഭിക്കാൻ നിയമ-സങ്കീർണതകൾ കടന്നുള്ള തീരുമാനം ഉണ്ടാവണം. പുതുക്കല്ലറയ്ക്കുള്ള അപേക്ഷാ-നിർമ്മാണ നടപടികളിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് വീഴ്ചയുണ്ടോ എന്ന് കണ്ടെത്തി തീരുമാനിക്കേണ്ടിവരും.
█ ഉത്തരവാദിത്വരഹിതമായ പ്രവർത്തനങ്ങളിലൂടെ ഇടവകയ്ക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ആരാണുത്തരവാദി?
നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഉത്തരവാദിയെ / ഉത്തരവാദികളെ നിയമപരമായ അന്വേഷണം നടത്തി സ്ഥിരീകരിച്ച് നിയമനടപടികൾ സ്വീകരിക്കേണ്ടിവരും.
█ ഇനി എന്താണ് യഥാർത്ഥ പോംവഴി?
ഇടവകയിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് വോട്ടവകാശം നൽകി രജിസ്റ്റേർഡ് ട്രസ്റ്റ് രൂപീകരിക്കുകയാണ് പോംവഴി. ഇടവകയുടെ വസ്തുക്കളുടെ അവകാശം ഈ ട്രസ്റ്റിനായിരിക്കണം.
█ ട്രസ്റ്റ് രൂപീകരണത്തിന് ഇടവകാഗംങ്ങൾ തയ്യാറാകുമോ?
തീർച്ചയായും തയ്യാറാകും.
█ ആരെങ്കിലും ട്രസ്റ്റ് രൂപീകരണത്തിന് എതിർപ്പ് പ്രകടിപ്പിക്കുമോ?
അത്തരക്കാരെ കാത്തിരുന്ന്‌ കാണേണ്ടിവരും.
█ ട്രസ്റ്റ് രൂപീകരണത്തിന് ആരാണ് മുൻകൈ എടുക്കേണ്ടത്?
ഇടവകജനം തന്നെയാണ്.
█ സഭാധികാരികൾ മുന്നിട്ടിറങ്ങില്ലേ?
നിലവിലുളള സാഹചര്യങ്ങളിൽ സഭാധികാരികൾ ട്രസ്റ്റ് രൂപീകരണത്തിന് മുന്നിട്ടിറങ്ങാൻ സാധ്യത കുറവാണ് .
█ എന്തുകൊണ്ടാണത്?
കാരണം, ചർച്ച് ആക്ടിനെ ശക്തിയുക്തം എതിർത്തുകൊണ്ടിരിക്കുന്നത് സഭാധികാരികളാണ്.
█ ഭരണങ്ങാനം പള്ളിയിൽ ചർച്ച് ആക്ട് ആണോ നടപ്പിലാവുക?
അല്ല. ചർച്ച് ആക്ട് നിയമസഭ അംഗീകരിച്ച് തീരുമാനമായിട്ടില്ല.
█ അപ്പോൾ എന്തായിരിക്കും നടപ്പിലാക്കേണ്ടി വരിക?
നിലവിൽ രാജ്യത്തിലുള്ള സിവിൽ നിയമങ്ങളും ഇതിനോട് ബന്ധപ്പെട്ട ചട്ടങ്ങളുമായിരിക്കും ഈ ട്രസ്റ്റ് രൂപീകരണത്തിൽ ബാധകമാവുക .
█ എപ്പോഴാണ് ഇതിന് ആരംഭം കുറിക്കേണ്ടത്?
കല്ലറയുടെ ദൗർലഭ്യവും മറ്റിതര ആവശ്യങ്ങളും ഉള്ളതുകൊണ്ട് താമസംവിനാ ആരംഭിക്കണം.
█ ഇങ്ങനൊയൊക്കെ വന്നാൽ ഇതുവരെയുള്ള പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും അപ്രസക്തമാകില്ലേ?
കാലോചിതമായ പരിഷ്‌കാരങ്ങൾ എല്ലാക്കാര്യത്തിലും അനിവാര്യമാണല്ലോ?
█ തല്ക്കാലം ഇങ്ങനെയങ്ങുപോകട്ടെ, വരുന്നിടത്തു വച്ച് കണ്ടാലോ?
ഉടമസ്ഥാവകാശം സ്ഥാപിച്ചില്ലെങ്കിൽ ഭരണങ്ങാനം പള്ളിയുടെ വസ്തുവകകൾ സർക്കാരിലേക്ക് ഏറ്റെടുക്കാനുള്ള നടപടികളാണടുത്തത്. അതല്ല നമുക്ക് വേണ്ടത്?
█ കാനൻ നിയമങ്ങൾ അല്ലേ ഇവിടെ ബാധകം? പിന്നെന്താ ഇതൊക്കെ ?
കാനൻ നിയമങ്ങൾ ഇക്കാര്യങ്ങളിൽ ബാധകമല്ല. സഭയ്ക്കുള്ളിലെ നടത്തിപ്പുകാര്യങ്ങളിൽ ഇന്ത്യൻ നിയമങ്ങൾക്കു വിധേയമായി കാനൻ നിയമങ്ങൾ ഉപയോഗിക്കാം. കൃത്യമായി പറഞ്ഞാൽ ക്ലബ്ബുകളിലൊക്കെ നാം ഉപയോഗിക്കുന്ന നിയമ-വ്യവസ്ഥകൾ പോലെ.
================

* തുക കണക്കുകൾ നോക്കി സ്ഥിരീകരിച്ചിട്ടില്ല.
^ ഇയാൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്നത്രെ ഈ പ്രസംഗം ശ്രവിച്ച ഭൂരിഭാഗംപേർക്കും ഈ പ്രസംഗം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ഏതാനുംപേർക്കും മനസ്സിലായത്. സെമിത്തേരിയിൽ ചെല്ലുമ്പോൾ ടിയാനുവേണ്ടി പ്രാർത്ഥിക്കണമെന്ന പള്ളിവികാരിയുടെ വികാരപരമായ ആഹ്വാനമാണ് ആളുകളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.

Friday, January 10, 2020

'ക്രൂസേഡ് ഇതിഹാസ'ത്തിന്റെ ആഘാതതരംഗങ്ങള്‍!


ജോര്‍ജ് മൂലേച്ചാലില്‍ ഫോണ്‍:9497088904
സത്യജ്വാല 2019 ഡിസംബർ ലക്കത്തിൽനിന്ന്

തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ ആനകള്‍ പാപ്പാന്മാര്‍ക്കെതിരെ തടിച്ചുകൂടി ചിന്നംവിളിക്കുന്നതുപോലുള്ള ഒരു അപൂര്‍വ്വരംഗമായിരുന്നു നവംബര്‍ 27-ന് തിരുവനന്തപുരത്ത് കണ്ടത്. തങ്ങള്‍ പറയുന്നത് അനുസരിക്കേണ്ട ആടുകളായിക്കണ്ട് വിശ്വാസികളെ അവമതിച്ചിരുന്ന കള്ള ഇടയന്മാര്‍ക്കെതിരെയും, തങ്ങളെ അനുധാവനം ചെയ്യേണ്ട വെറും അണികളായിക്കണ്ട് ജനങ്ങളെ അവഗണിച്ചിരുന്ന കക്ഷിരാഷ്ട്രീയക്കാര്‍ക്കെതിരെയും ഉരുള്‍പൊട്ടിയൊഴുകിയ ജനശക്തിയുടെ മഹാപ്രകടനമാണിവിടെ ഉണ്ടായത്. തങ്ങള്‍ അനുസരിക്കേണ്ട കേവലം ആടുകളോ അണികളോ അല്ലെന്ന, അടിമകളല്ലെന്ന തിരിച്ചറിവില്‍ ജനങ്ങളില്‍ ഉരുണ്ടുകൂടുന്ന ഇത്തരം ശക്തിയുടെ കുത്തൊഴുക്കുകളാണ് ചരിത്രത്തില്‍ വഴിത്തിരിവുകളാകുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്, ഭരണാധികാരികളല്ല എന്ന സത്യം 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ലൂടെ ഒരിക്കല്‍ക്കൂടി വെളിവാകുകയാണ്.

ഒന്നും സംഭവിച്ചില്ലല്ലോ എന്നു പെട്ടെന്നു തോന്നാം. എന്നാല്‍ ക്രൂസേഡിന്റെ ആഘാതത്തില്‍ ബന്ധപ്പെട്ട അധികാരികളെ ആധി ബാധിച്ചിരിക്കുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ രക്ഷാമാര്‍ഗ്ഗം തേടിയുള്ള ഗൂഢാലോചനകള്‍ കൊഴുക്കുന്നു; ഹൃദയശസ്ത്രക്രിയ വേണ്ടിടത്ത് ബാന്‍ഡേജ് ചികിത്സാപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നു. നീതിനിഷേധത്തിന്റെ പതാകവാഹകര്‍ സമാധാനചര്‍ച്ചകള്‍ക്കു മാധ്യസ്ഥ്യംവഹിക്കാനൊരുങ്ങുന്നു.... ഉണര്‍ന്നുകഴിഞ്ഞ കേരളക്രൈസ്തവസമൂഹത്തിനുമുമ്പില്‍ ഇതെല്ലാം താമസംവിനാ പൊളിയുമെന്നുറപ്പാണ്. അങ്ങനെ 'ക്രൂസേഡ് ഇതിഹാസ'ത്തിന്റെ പ്രകാശഗോപുരം വീണ്ടും തെളിഞ്ഞുയര്‍ന്നു നില്‍ക്കുന്നതായി കാണപ്പെടുകതന്നെ ചെയ്യും.

അതു പ്രസരിപ്പിക്കുന്ന പ്രഭാപൂരം പെട്ടെന്നൊന്നും നിലയ്ക്കില്ല. ചര്‍ച്ച് ആക്ട് പാസ്സാകുംവരെ അത് വിശ്വാസിസമൂഹത്തെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും. ഇന്ത്യന്‍ സ്വാതന്ത്രസമരകാലത്ത് സംഭവിച്ചതുപോലെ, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ ചര്‍ച്ച് ആക്ട് സമരകാലത്തും, സത്യനിഷ്ഠയും നീതിബോധവും കര്‍മ്മധീരതയുമുള്ള അനേകമനേകം നേതാക്കള്‍ ഈ സമുദായത്തില്‍ ഉയര്‍ന്നുവരും. ലോകമാകെ ചിതറിത്തെറിച്ചുപോയെന്നു കരുതിയ കേരളയുവത്വം,  'Justice for Sr. Lucy' ഓണ്‍ലൈന്‍ കൂട്ടായ്മ ഉദാഹരിക്കുന്നതുപോലെ, ആഗോളതലത്തില്‍ കൈകോര്‍ത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലും കേരളസഭാകാര്യങ്ങളില്‍ ധീരമായി ഇടപെടും. പൗരോഹിത്യദുഷ്പ്രഭുത്വത്തിനെതിരെയുള്ള ഈ നൈതികപോരാട്ടങ്ങളെ പിന്തുണയ്ക്കാന്‍, കേരളസഭയെ റോമന്‍ കൈപ്പിടിയിലൊതുക്കുന്നതിനായി 16-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ സൈന്യസമേതം ഇവിടെത്തിയ ആര്‍ച്ച് ബിഷപ്പ് അലക്‌സീസ് മെനേസിസ് (Alexis Menesis)-നെ തുരത്തുന്നതിന് അന്നത്തെ ജാതിക്കു കര്‍ത്തവ്യന്മാരായിരുന്ന മാര്‍ അബ്രാഹത്തിന്റെയും മാര്‍ ഗീവര്‍ഗീസിന്റെയും പിന്നില്‍ ആയിരക്കണക്കിന് നായര്‍പട്ടാളക്കാര്‍ നസ്രാണിഭടന്മാരോടൊപ്പം അണിനിരന്നതുപോലെ, മത-സമുദായഭേദമില്ലാതെ കേരളപൊതുസമൂഹത്തിലെ സാംസ്‌കാരികധര്‍മ്മഭടന്മാര്‍ അണിനിരക്കും.

കൃഷ്ണനെ കൈവിട്ട് സൈന്യത്തെ സ്വീകരിച്ച ദുര്യോധനന്റെ കൗരവപ്പടയെപ്പോെല, യേശുവിനെ വേണ്ടെന്നുവച്ച് സ്ഥാന-മാനങ്ങളെയും സമ്പത്തിനെയും ആഞ്ഞുപുല്‍കിയിരിക്കുന്ന പുരോഹിതാധിപത്യ മാമോന്‍പടയും ഒരു മഹാപരാജയത്തിന്റെ വക്കിലേക്ക് ഉഴറിനീങ്ങുന്ന കാഴ്ച ക്രാന്തദര്‍ശികള്‍ക്ക് ഇപ്പോഴേ കാണാം. ദാവീദിന്റെ ഒരു കവണയ്ക്കു മുമ്പില്‍, എല്ലാ പടച്ചട്ടകളോടുംകൂടിനിന്ന ഗോലിയാത്തിന് അടിപതറിയതുപോലെ, യേശുവിന്റെ ഒരു ചാട്ടവാറിനുമുന്നില്‍ ദൈവാലയത്തിലെ പാതിരിക്കൊള്ളക്കാര്‍ പതറിപ്പോയതുപോലെ, നീതിയുടെ മാത്രം പടച്ചട്ടയണിഞ്ഞ ഒരുകൂട്ടം യേശുശിഷ്യര്‍ക്കുമുമ്പില്‍, നിയമത്തിന്റെയും വ്യവസ്ഥാപിതമായ സാമ്പത്തിക-അധികാരഘടനകളുടെയും പടച്ചട്ടയും വാളും പരിചയുമായി നില്‍ക്കുന്ന അഭിനവ സെന്‍ഹെദ്രീന്‍ സംഘം വിറകൊള്ളുകയാണ്. ആസന്നമായിരിക്കുന്ന ചര്‍ച്ച് ആക്ടിനു തടയിടാന്‍ 'കയ്യാഫാസും പീലാത്തോസും' കളിക്കുകയാണിവിടെ, മെത്രാന്‍ സംഘങ്ങളും ഭരണകൂടവും. ഓരോ ക്രൂശീകരണവും മഹത്വമേറിയ ഓരോ ഉയിര്‍പ്പാണെന്ന ഉള്‍ക്കാഴ്ച നേടിയിട്ടില്ലാത്ത അവര്‍ നീതിമാന്മാരെ ക്രൂശിക്കാന്‍ കുരിശുകള്‍ പണിതു വലയുകയാണ്.

ചരിത്രത്തിന്റെ അനിവാര്യത നൊന്തു പ്രസവിച്ച ബര്‍ യൂഹാനോന്‍ റമ്പാച്ചന്റെയും സിസ്റ്റര്‍ ലൂസി കളപ്പുരയുടെയും ദീപ്തമുഖങ്ങള്‍ സഭാനവീകരണമേഖലയെയാകെ ദീപ്തമാക്കും. എല്ലാവരെയും മാനിക്കാനുള്ള വിനയവും ഏതൊരധികാരിക്കുമെതിരെയും ഗര്‍ജ്ജിക്കാനുള്ള ധാര്‍മ്മികശക്തിയും ഒത്തുചേര്‍ന്ന റമ്പാച്ചനെ അനേകര്‍ 'റോള്‍ മോഡലാ'ക്കിയെത്തി ഈ മേഖലയെ സജീവമാക്കും. ഏതൊരു പന്തംകൊളുത്തി പ്രകടനത്തെയും കോലംകത്തിക്കലിനെയും അചഞ്ചലയായിനിന്ന് പുഞ്ചിരിയോടെ എതിരേല്ക്കുന്ന സിസ്റ്റര്‍ ലൂസി ക്രൈസ്തവസമുദായത്തിനാകെ പകര്‍ന്നുനല്‍കുന്ന ശക്തിയും ധൈര്യവും ആത്മവിശ്വാസവും എത്ര അപാരമാണ്! നീതിക്കുവേണ്ടി സ്വന്തം ജീവിതത്തെ എറിഞ്ഞുകൊടുക്കുന്ന സിസ്റ്ററിന്റെ ഈ ആത്മീയത, സ്വന്തം ജീവിതത്തെയോര്‍ത്തുള്ള ഭയംമൂലം സഭയിലെ അനീതികള്‍ക്കെതിരെ മൗനംപൂണ്ടിരിക്കുന്ന നിരവധി വൈദികരിലും സന്ന്യസ്തരിലും ലജ്ജയും കുറ്റബോധവും ഉണര്‍ത്തുകതന്നെ ചെയ്യും.  ഒരു ഘട്ടത്തില്‍ അവരില്‍ പലരും ധൈര്യമവലംബിച്ച് സഭാനവീകരണ മേഖലയിലേക്ക് രംഗപ്രവേശം നടത്തുകയും ചെയ്യും.

യേശുവിന്റെ ആത്മീയതയെ ആഴത്തിലറിഞ്ഞ് അതിന്റെ വെളിച്ചത്തില്‍, സിസ്റ്റര്‍ ലൂസിയുടെയും റമ്പാച്ചന്റെയും അവര്‍ക്കൊപ്പമുള്ളവരുടെയും പ്രവര്‍ത്തനങ്ങള്‍ക്കു സുവിശേഷസാധൂകരണം നല്‍കിയും, വെള്ളയടിച്ച പൗരോഹിത്യത്തിന്റെ ഉള്ളിലുള്ള ദുഷിപ്പുകളെ തുറന്നുകാട്ടിയും ശക്തമായ ഭാഷയില്‍ എഴുതാനും പറയാനും കെല്പും ധൈര്യവുമുള്ള റവ. ഡോ. വാത്സന്‍ തമ്പു എന്നൊരു മഹാപുരുഷനെയും കേരളസഭയ്ക്കു ലഭിച്ചിരിക്കുന്നു! ഈ മൂന്ന് അനുഗ്രഹങ്ങളും ഒത്തുകൂടിയപ്പോള്‍ സംഭവിച്ച അത്ഭുതമാണ്, ഇതിഹാസമായി മാറിയ 'ചര്‍ച്ച് ആക്ട് ക്രൂസേഡ്.' ഇനിയും തുടരുന്ന ഇവരുടെ സാന്നിധ്യത്തില്‍, വീണ്ടും വീണ്ടും ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും.

ഇവയുടെയെല്ലാം അലയടികള്‍ കേരളത്തിലെ ക്രൈസ്തവസഭകളിലെ പൗരോഹിത്യഘടനയെയും അതുമായി കൈകോര്‍ത്തുനില്‍ക്കുന്ന, അത്യധികം യാഥാസ്ഥികമായിരിക്കുന്ന ഇന്നത്തെ കക്ഷിരാഷ്ട്രീയനേതൃത്വത്തെയും വല്ലാതെ തളര്‍ത്തുകതന്നെ ചെയ്യും. എന്തിന്, ഈ പൗരോഹിത്യ-രാഷ്ട്രീയബന്ധത്തെ ഭയന്ന്, 'വെഞ്ചരിപ്പോടുകൂടി ഏതു സഭാസ്ഥാപനവും സഭാധികാരികളുടേതായിത്തീരും' എന്ന രീതിയില്‍ വിധി പ്രഖ്യാപിച്ചുപോരുന്ന നീതിന്യായകോടതികളും മാറിചിന്തിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങും. 2009-ലെ ചര്‍ച്ച് ആക്ടിന്റെ ചൈതന്യം തല്ലിക്കെടുത്തി 2019-ല്‍ മറ്റൊരു ചര്‍ച്ച് ആക്ട് അവതരിപ്പിച്ചു ലജ്ജിതമായ നിലവിലെ നിയമപരിഷ്‌കരണകമ്മീഷന്‍ അങ്ങനെയൊരു സാഹസത്തിന് ഇനി ധൈര്യപ്പെടാനും ഇടയില്ല.

നാമെല്ലാം ചേര്‍ന്ന് ഒരു മഹാവിജയമാക്കിത്തീര്‍ത്ത 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ന്റെ ചരിത്രപ്രസക്തി അനിഷേധ്യമാണ്. കേരളസഭയുടെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവു സൃഷ്ടിച്ചിരിക്കുന്നു!  ചര്‍ച്ച് ആക്ട് പ്രവര്‍ത്തനത്തില്‍, 'ക്രൂസേഡി' നു മുമ്പെന്നും പിമ്പെന്നും രണ്ടു ഘട്ടങ്ങളുണ്ടായിരിക്കുന്നു! 'ക്രൂസേഡ്' സംഭവിക്കുംവരെ, ചര്‍ച്ച് ആക്ടിനുവേണ്ടി നാം നടക്കുകയും കിതച്ചോടുകയുമായിരുന്നെങ്കില്‍, അതിനുശേഷം നാം പറക്കുകയാണ്. അത്രയ്ക്ക് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കുതിപ്പുമാണ് സ്വതന്ത്രസഭാപ്രസ്ഥാനങ്ങള്‍ക്കെല്ലാം 'ചര്‍ച്ച് ആക്ട് ക്രൂസേഡ്പ്രദാനം ചെയ്തിരിക്കുന്നത്. 'ക്രൂസേഡി' ന്റെ തുടര്‍പരിപാടികള്‍ അതു തെളിയിക്കാതിരിക്കില്ല.

തീര്‍ച്ചയായും, നമ്മുടെ 'ചര്‍ച്ച് ആക്ട് സ്വാതന്ത്ര്യസമരം' അതിന്റെ അന്തിമഘട്ടത്തിലാണ്. ആധികാരികസഭകളും മുഴുവന്‍ രാഷ്ട്രീയസംവിധാനങ്ങളും ഗുണകരമായ ഏതു മാറ്റത്തിനുമെതിരെ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുന്നു എന്നതാണ് പ്രശ്‌നം. ഇവിടെ, അതേ അനങ്ങാപ്പാറ മറിച്ചിട്ടുകൊണ്ടാണ് കഴിഞ്ഞവര്‍ഷം ഫ്രാങ്കോയെ അറസ്റ്റു ചെയ്യിക്കാന്‍ നാമുള്‍പ്പെടുന്ന ജനശക്തിക്കു കഴിഞ്ഞത് എന്നു നമുക്കോര്‍ക്കാം. ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നതിന്റെ ഏറ്റവുമടുത്ത ഉദാഹരണമാണത്. ചര്‍ച്ച് ആക്ടിന്റെ കാര്യത്തിലും, എല്ലാ അനങ്ങാപ്പാറകളെയും നാം, ജനങ്ങള്‍, മാറ്റിമറിക്കുകതന്നെ ചെയ്യും. അതിനുള്ള ശക്തിസ്രോതസ്സായി 'ചര്‍ച്ച് ആക്ട് ക്രൂസേഡ്' നിലകൊള്ളുന്നു.