Translate

Friday, July 31, 2020

നാം മറന്ന സുവിശേഷം


ജോസഫ് മറ്റപ്പള്ളി ഫോണ്‍: 9495875338

 ['ലൂമന്‍ ഇന്ത്യ'യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞമാസം നടന്ന അന്തര്‍ദേശീയ ഓണ്‍ലൈന്‍ വീഡിയോ സെമിനാറില്‍ അത്മായസമൂഹത്തെ പ്രതിനിധീകരിച്ച് ലേഖകന്‍ നടത്തിയ പ്രഭാഷണം. ഇതു രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു]

 

ഭൂമിയിലെന്നല്ല പ്രപഞ്ചത്തില്‍ത്തന്നെ എന്ത് ക്രിയ നടന്നാലും അതിനുപിന്നില്‍ ഒരു പ്രാപഞ്ചികബുദ്ധിയുണ്ട്. സൗരയൂഥത്തിന്റെ ബുദ്ധിയെന്നത് ഒരു പ്രത്യേക ഗ്രഹത്തിലോ സൂര്യനിലോ അല്ല, സര്‍വ്വതിനെയും സ്പര്‍ശിച്ചിരിക്കുന്ന ശൂന്യതയിലാണെന്നു നമുക്കറിയാം. ആ പ്രവര്‍ത്തനങ്ങളെയെല്ലാം ദൈവേഷ്ടം എന്ന് നമുക്ക് വിശേഷിപ്പിക്കാം.
*
ദൈവത്തെ വിട്ട്  നിയമത്തിന്റെ പിന്നാലെ പോയതുകൊണ്ട് സംഭവിച്ചതാണ്, ഇന്ന് സഭയ്ക്കുണ്ടായിരിക്കുന്ന ഈ അപചയം. ഒരു സഭാംഗത്തിന്റെ  സ്വാതന്ത്ര്യത്തിനു വീഴുന്ന ആദ്യത്തെ വിലങ്ങിതാണ് - ദൈവം തോന്നിക്കുന്നതുപോലെ ചെയ്യാന്‍ അവനനുവാദമില്ല; ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന ദൈവത്തോട് കാനോന്‍ നിയമം നോക്കി സംവദിക്കേണ്ട ഗതികേട്!  നിങ്ങള്‍ക്കുവേണ്ടിയുംകൂടി ഞങ്ങള്‍ ചിന്തിച്ചുകൊള്ളാമെന്ന് പറയുന്ന ഒരു നേതൃത്വവും, 'ചിന്തിച്ചോ അച്ചാ, കാശെത്രയാണെന്നു പറഞ്ഞാമതി'യെന്നു പറയുന്ന കുറെ ആടുകളും കൂടിയായപ്പോള്‍ സുന്ദരന്‍ സഭയായി നാം!
*

ഇത് കേള്‍ക്കുകയോ കാണുകയോ ചെയ്യുന്ന ലോകമെമ്പാടുമുള്ളവര്‍ക്ക് ഒരു നല്ല ദിവസം ഞാന്‍ ആശംസിക്കുന്നു! ഭാരതകത്തോലിക്കാസഭ ചെയ്യേണ്ടി യിരുന്ന ഒരു വലിയ കാര്യമാണ് ബഹു. ജോസ് വള്ളിക്കാട്ട് എം എസ് റ്റി തുടങ്ങിവെച്ചിരിക്കുന്ന, കോവിഡാനന്തര സഭയെ ഉദ്ദേശിച്ചുള്ള ഈ ആഗോള വെബിനാര്‍. സമഗ്രമായ ഒരു ആത്മപരിശോധനയ്ക്കുള്ള സമയം വല്ലാതെ അതിക്രമിച്ചിരുന്നു. നേരത്തെ സംസാരിച്ച ബഹുമാനപ്പെട്ട വൈദികരായ ജോര്‍ജ്ജച്ചനും സൂരജച്ചനും നാലുപറയച്ചനു മൊക്കെ മറയില്ലാതെ പറഞ്ഞത് സമഗ്രമായ ഒരു മാറ്റം കൂടിയേ തീരൂവെന്നാണ്. അത്മായരും അഭിഷിക്തരുംതമ്മില്‍ ഇന്നു നടക്കുന്ന തെരുവുയുദ്ധം, ഒരു നിമിഷം പോലും തുടരാന്‍ അനുവദിച്ചുകൂടാ - വേണ്ടത് ഒരു മേജര്‍ ഓപ്പറേഷനാണ്. വിവേകമെന്നത് നമുക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണോ എന്നു ഞാന്‍ സംശയിക്കുന്നു. ദ്വാരത്തിന്റെ വലിപ്പം കുറവാണെന്നതിന്റെ പേരിലോ കപ്പല്‍ ഉമ്മിണി വലുതാണെന്ന അഹങ്കാരത്തിലോ ആണു പലരുമെന്നും ഞാന്‍ കരുതുന്നു. സഭയെന്ന വല്യാനയിപ്പോള്‍ ഒരു കൊച്ചു വൈറസിന്റെമുമ്പില്‍ പകച്ചു നില്‍ക്കുകയാണെന്നോര്‍ക്കുക.

ഇക്കഴിഞ്ഞ ദിവസം ഒരു വൈദികന്‍ എന്നോടു ഫോണില്‍ ചില കാര്യങ്ങള്‍ പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത്, കഴിഞ്ഞ 100 വര്‍ഷങ്ങളായി നിലനിന്നിരുന്ന സഭയുടെ സാമൂഹിക പഠനങ്ങള്‍ക്കപ്പുറത്തേക്കാണ് ഈ ചര്‍ച്ചകള്‍ പോകേണ്ടതെന്നാണ്; സഭയുടെ ഹൈരാര്‍ക്കിക്കല്‍ സംവാദഘടന മാറ്റപ്പെടണമെന്നും, അത്മായരുമായിക്കൂടി ആലോചനകള്‍ നടത്തിയിട്ടുവേണം തീരുമാനങ്ങളിലെത്താനെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അധികാരസ്ഥാനങ്ങള്‍ക്കും ചുറ്റും, പായല്‍പോലെ ഒട്ടിപ്പിടിച്ചിരിക്കുന്ന ജീവിക്കുന്ന  വാഴ്ത്തപ്പെട്ടവരെയല്ല അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഞാന്‍  കരുതുന്നു. എല്ലാറ്റിലുമുപരി, സഭ ഒരു മതമാണോ ജീവിതശൈലിയാണോ എന്നു നിര്‍വ്വചിക്കപ്പെടുകകൂടി വേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സഭാംഗങ്ങളുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തെ സംബന്ധിച്ച്, ഏതാനും കാര്യങ്ങള്‍ സവിനയം  അവതരിപ്പിക്കട്ടെ. സന്ന്യസ്തര്‍ക്കും വേണ്ടത്ര സ്വാതന്ത്ര്യം ഇവിടെയുണ്ടോയെന്ന് സംശയമുണ്ട്. ഒത്തിരി രാജി-മുങ്ങല്‍ കഥകള്‍ നാം സമീപകാലത്തു കേള്‍ക്കുന്നുണ്ടല്ലോ! നമ്മുടെ സഭയില്‍, മേലധികാരികളോട് ഒരു പരാതി പറഞ്ഞാല്‍, അതു കടുത്ത നീതിനിഷേധമാണെന്ന് ഉറപ്പാണെങ്കില്‍പ്പോലും, കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്; നിങ്ങളില്‍ പലരും കേട്ടിരിക്കും - 'എനിക്കു ചില പരിമിതികളുണ്ട്'! അത്മായരെ സംബന്ധിച്ചിടത്തോളം അവനു വേണ്ടത് നീതി നടത്തിക്കൊടുക്കാന്‍ കെല്‍പ്പുള്ള, പരിമിതികളില്ലാത്ത അധികാരികളെയാണ്. ഒരു ചര്‍ച്ച് ആക്ടില്‍ ഒതുങ്ങുന്നതല്ല ഞാനുദ്ദേശിക്കുന്ന സ്വാതന്ത്ര്യം. വളരെ മൗലികമായ ചില കാര്യങ്ങളാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. എന്നുമുതല്‍, ക്രിസ്ത്വാനുയായികള്‍ ഒരു മതമായി മാറിയോ, എന്ന് അതിനുള്ളില്‍ നിയമങ്ങളുണ്ടായോ അന്നുമുതല്‍ അത്മായര്‍ വിലങ്ങുകളിലാണെന്ന് പറയാം. ഇനി അഥവാ അവന്‍ സ്വതന്ത്രനാണെങ്കില്‍ അതവനെ ബോദ്ധ്യപ്പെടുത്തിയേ തീരൂ.

കോവിഡ്, രണ്ടുവര്‍ഷം കൂടിയെങ്കിലും ഭൂമുഖത്തുണ്ടാവും - കുറേ ലക്ഷം ജനങ്ങള്‍കൂടി മണ്ണടിയുകയും ചെയ്യുമെന്നത് ഉറപ്പാണ്. നാം വിശ്വാസികളില്‍ അടിച്ചേല്‍പ്പിച്ച പലതും അനാവശ്യമായിരുന്നെന്നോ അല്ലെങ്കില്‍ കാര്യം സാധിക്കാന്‍ അതിലും നല്ല ഉപായമുണ്ടായിരുന്നെന്നോ ചിന്തിക്കുന്ന ഒരു സമൂഹത്തെയാണ് കോവിഡാനന്തരം സഭ അഭിമുഖീകരിക്കേണ്ടിവരുന്നത്. സാമൂഹിക ജീവിതരീതിയും ആചാരരീതികളുമെല്ലാം മാറും. ബംഗാളിക്കുപകരം മാത്രമല്ല, കപ്യാര്‍ക്ക് പകരവും റോബോട്ടുകള്‍ വന്നേക്കാം. പള്ളികളില്‍ ചെന്നാലവിടെയും സാമൂഹിക അകലം പാലിക്കേണ്ടിയും വന്നേക്കാം. തൊഴില്‍രഹിത വൈദികരുടെ എണ്ണം കൂടുമെന്നുള്ളതും ഉറപ്പാണ്. ഇന്നു ഭൂമിക്ക് ഏറ്റവും ഭാരമായിരിക്കുന്ന രണ്ടു വിപത്തുകളായി മതങ്ങളെയും മനുഷ്യനെയും പ്രകൃതി മാര്‍ക്ക് ചെയ്തുകഴിഞ്ഞു.

ആദ്യകാല ക്രൈസ്തവകൂട്ടായ്മകളുടെ ചരിത്രം എടുത്തു നോക്കിയാല്‍, ഓരോ കൂട്ടായ്മയും അവരവരുടേതായ വ്യാഖ്യാനങ്ങളും അവരവരുടേതായ മനസ്സിലാക്കലുകളുമായി സന്തോഷപുരസ്സരം ജീവിച്ചു പോന്നിരുന്നുവെന്നു കാണാം. ഒരു കാലത്ത്, യേശു ദൈവമാണെന്നു വാദിച്ചവരും അല്ലെന്നു വാദിച്ചവരുമെല്ലാം ഉണ്ടായിരുന്നു - അതിലൊരു തീരുമാനമുണ്ടാവാന്‍ ഒത്തിരി അനുരഞ്ജന ചര്‍ച്ചകളും ഇവിടെ നടന്നിട്ടുണ്ടെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. നാം നോക്കുമ്പോള്‍ അതില്‍ തെറ്റുമുണ്ടാവാം ശരിയുമുണ്ടാവാം. ഒരു കാര്യം, ഒരേസമയം തെറ്റും ശരിയുമാകാമെന്നു ഗീതയും പറയുന്നു.  വിധിക്കരുതെന്നു യേശുവും പറഞ്ഞിട്ടുണ്ട്. കൂട്ടം വിട്ടു പോയ കുഞ്ഞാടിനെ തേടുന്ന ഒരിടയനായിമാത്രമല്ല യേശുവിനെ കാണേണ്ടത് - തിരഞ്ഞെടുക്കപ്പെട്ടവരെന്ന് അവകാശപ്പെടുന്നവരല്ലാതെയുള്ളവര്‍ക്കും സ്വര്‍ഗ്ഗത്തില്‍ മന്ദിരങ്ങളുണ്ടെന്നു പറഞ്ഞ വഴികാട്ടിയായുംകൂടിയാണ് യേശുവിനെ കാണേണ്ടത്. പുതിയ നിയമം മുഴുവന്‍ അരിച്ചെടുത്തു നോക്കിക്കൊള്ളൂ - മനുഷ്യന് രക്ഷ കിട്ടിയേക്കാമെന്നല്ല യേശു പറഞ്ഞത്, എല്ലാവര്‍ക്കും അതുണ്ടെന്നാണ്. ഒരു രജിസ്റ്റേര്‍ഡ് കൂട്ടായ്മയിലോ ഒരു മതത്തില്‍ത്തന്നെയോ യേശു വിശ്വസിച്ചിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. എന്റെയടുത്ത് വരുന്നവര്‍ ആളിനെക്കൂട്ടിയേ വരാവൂവെന്ന് യേശു ഒരിക്കലും പറഞ്ഞിട്ടില്ല - യേശു പ്രസംഗിച്ചത്, പ്രധാനമായും ആളുകൂടുന്ന നഗരങ്ങളിലുമല്ല. ദുഃഖിതര്‍ക്കും പീഡിതര്‍ക്കുമൊക്കെ യേശു കൊടുത്തത് ലൈഫ് പാസ്സാണ്. മനുഷ്യരെപ്പിടിക്കുന്ന മുക്കുവരെപ്പറ്റിയാണ് യേശു പറഞ്ഞത്, അല്ലാതെ സംഘടനകളെപ്പറ്റിയല്ല. 

ആദ്യകാലത്തുണ്ടായിരുന്നതുപോലെ ഒരു കൂട്ടായ്മാ ശുശ്രൂഷാസംസ്‌കാരമാണു നമുക്കുണ്ടായിരുന്നതെങ്കില്‍ ഇതിലേറെ ആളുകള്‍ വിശുദ്ധ ജീവിതം നയിക്കുമായിരുന്നെന്നു ഞാന്‍ കരുതുന്നു. എങ്കില്‍, എന്തു പ്രതിസന്ധിയാണെങ്കിലും കുലുങ്ങാത്ത ഒരു വിശ്വാസിസമൂഹവും നമുക്കുണ്ടാകുമായിരുന്നു. ഏതു തരം പീഡനത്തെയും അതിജീവിക്കാന്‍ ആദിമക്രിസ്ത്യാനികള്‍ക്ക് കരുത്തുണ്ടായിരുന്നു. സത്സംഗിനും സത്തുക്കളുടെ കൂട്ടായ്മകള്‍ക്കുമൊക്കെ അര്‍ത്ഥമുണ്ട്. സത്യത്തിലെത്തിച്ചേരാന്‍ പാകമാകുന്നിടംവരെ വിത്തുകളെ സംരക്ഷിക്കുകയെന്നത് കൂട്ടായ്മകളുടെ ലക്ഷ്യമാണ്. നെല്ല്, മുളച്ചുകഴിഞ്ഞാലും ചെടിയെ ഉള്ളിലൊതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ഉമി പോലെയാവാതെ, ചെടിയെ വളരാന്‍ അനുവദിക്കുകയും സന്തോഷത്തോടെ മറ്റൊന്നിനുവേണ്ടി അഴുകിയില്ലാതാവുകയും ചെയ്യുന്ന ഉമിയായി മാറുന്ന കൂട്ടായ്മകളായിരുന്നു മതങ്ങള്‍ക്കുപകരം നമുക്കിവിടെ വേണ്ടിയിരുന്നത്.

പക്ഷേ, സ്വാതന്ത്ര്യമെന്നത് ഉമിയില്‍നിന്ന് ചെടിയായി മാറിയതുകൊണ്ടുമാത്രം എളുപ്പത്തില്‍ കിട്ടുന്നതല്ല. 'Ye shall know the truth, and the truth shall make you free' (John 8:32). ഈ വചനം ശ്രദ്ധിച്ചുവായിച്ചാല്‍, സത്യം അറിയലുണ്ടായാലേ സ്വാതന്ത്ര്യത്തിലേക്കൊരാള്‍ ശരിക്കും വരുന്നുള്ളൂവെന്നാണ് യേശു പറഞ്ഞതെന്ന് മനസ്സിലാക്കാം. സത്യം അറിയാനുള്ള  മാര്‍ഗ്ഗമേതാണ്? അതു പറഞ്ഞാണ്, 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'യെന്ന  വ്യവസ്ഥകളുടെയും ഉപവ്യവസ്ഥകളുടെയും ഒരു സമാഹാരമെന്നു പറയപ്പെടുന്ന പ്രാര്‍ത്ഥന, യേശു അവസാനിപ്പിച്ചത്. 'Thy will be done on earth as it is in heaven,' എന്നു പറയുമ്പോള്‍ വളരെ നിസ്സാരമായി, ദൈവേഷ്ടം എന്നെങ്കിലും ഇവിടെ നിറവേറട്ടെ എന്നാശംസിച്ചുകൊണ്ട് കടന്നു പോകുന്നവര്‍, അതിന്റെ ശരിയായ അര്‍ത്ഥത്തിലേക്ക് കടന്നിട്ടില്ലായെന്നാണ് എനിക്ക് തോന്നുന്നത് - അതുകൊണ്ടാണ് സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാവാതെ പോയതും.  ഇവിടെ 'ഇഷ്ടം' എന്ന പദത്തിന് ഒരു വിശേഷണമുണ്ട്, 'അവിടുത്തെ' എന്ന്. അങ്ങനെ ഒരു തിരിവുണ്ടായത്, 'ഇവിടുത്തെ' എന്ന വിശേഷണം ചേര്‍ക്കാന്‍ പറ്റുന്ന ഒരുതരം ഇഷ്ടം കൂടിയുള്ളതുകൊണ്ടായിരിക്കണമല്ലോ?

ഭൂമിയിലെന്നല്ല പ്രപഞ്ചത്തില്‍ത്തന്നെ എന്ത് ക്രിയ നടന്നാലും അതിനുപിന്നില്‍ ഒരു പ്രാപഞ്ചികബുദ്ധിയുണ്ട്. സൗരയൂഥത്തിന്റെ ബുദ്ധിയെന്നത് ഒരു പ്രത്യേക ഗ്രഹത്തിലോ സൂര്യനിലോ അല്ല, സര്‍വ്വതിനെയും സ്പര്‍ശിച്ചിരിക്കുന്ന ശൂന്യതയിലാണെന്നു നമുക്കറിയാം. ആ പ്രവര്‍ത്തനങ്ങളെയെല്ലാം ദൈവേഷ്ടം എന്ന് നമുക്ക് വിശേഷിപ്പിക്കാം. പക്ഷേ, മനുഷ്യന്റെ കാര്യം പറയുമ്പോള്‍ ഒരു മനുഷ്യേഷ്ടംകൂടി അവിടെ വരും. കാരണം, അവന്‍ വിശേഷബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടവനാണ് - ഞാന്‍  ചിന്തിക്കുകയാണെന്നു ചിന്തിക്കാന്‍  കഴിയുന്ന ഇരട്ട ബോധം  നമ്മുടെ അറിവില്‍ അവനു മാത്രമേയുള്ളു. 36.5 ട്രില്യണ്‍ കോശങ്ങള്‍ പരസ്പരം സഹവര്‍ത്തിത്ത്വത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ആത്മാവും മനസ്സും ശരീരവുമുള്ള നാം ഏകനിയോഗത്തോടെ ചലിക്കുന്നത്. അല്ലെങ്കില്‍, ഒരു കണ്ണു മാങ്ങാ കാണുമ്പോള്‍ അടുത്ത കണ്ണ് തേങ്ങാ കാണുമായിരുന്നു. അതായത്, ഒരു ശരീരം പ്രവര്‍ത്തിക്കുന്നത് മനുഷ്യന് ലഭിച്ചിട്ടുള്ള വിശേഷബുദ്ധികൊണ്ടല്ല-അതിന്റെ പിന്നിലുള്ളയൊരു  മഹാബുദ്ധികൊണ്ടാണെന്നു കാണണം. നമുക്കറിയാം, ആകെയുള്ള ശരീരത്തില്‍ വെറും പത്തു ശതമാനം കാര്യങ്ങള്‍മാത്രമേ നമ്മുടെ നിയന്ത്രണത്തിലുള്ളുവെന്ന്. ഭക്ഷണം കഴിക്കാനോ കഴിക്കാതിരിക്കാനോ നമുക്ക് കഴിയുമായിരിക്കും, പക്ഷേ അത് ദഹിപ്പിക്കാനോ ദഹിപ്പിക്കാതിരിക്കാനോ നമുക്ക് കഴിയില്ല. ഹൃദയത്തിന്റെ ഇടിപ്പു നിര്‍ത്താനോ അതിന്റെ എണ്ണം  കൂട്ടാനോ നമുക്കു കഴിയില്ല. ഈ പത്തു ശതമാനം ജോലി ഇവിടെ നടക്കണമെന്നുണ്ടെങ്കിലും മഹാബോധത്തിന്റെ അനുവാദംവേണം.

ഇവിടെയാണ്, യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ കുരുക്ക്. സാധാരണ ജീവിതത്തില്‍ ചെയ്യേണ്ടതെന്തെന്ന് നമ്മുടെ കൊച്ചുബോധം നിശ്ചയിക്കുന്നു. അവനിട്ടെനിക്കടിക്കണം; മഹാബോധം പറയും, അടിച്ചോ! എനിക്കിപ്പോള്‍ അതു തിന്നണം, മഹാബോധം പറയും, തിന്നോ! അങ്ങനെ മഹാബോധം സമ്മതിച്ചിരുന്നില്ലെങ്കില്‍ ഈ പത്തു ശതമാനം നിയന്ത്രണങ്ങള്‍കൊണ്ട് നമുക്കിതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അടിക്കണമെങ്കിലും തിന്നണമെങ്കിലും കൈ പൊങ്ങണമല്ലോ! കൈ പ്രവര്‍ത്തിക്കാന്‍ പ്രതികരിക്കേണ്ട മസ്സിലുകളും സെന്‍ട്രല്‍ കമ്മ്യുണിക്കേഷന്‍ സിസ്റ്റവുമൊന്നും നമ്മുടെ കണ്‍ട്രോളിലുള്ളവയല്ല! പക്ഷേ, നാമെന്തുദ്ദേശിച്ചാലും അതിനനുസരിച്ചു ശരീരവും മനസ്സും മുഴുവന്‍ ചലിപ്പിക്കാന്‍ മഹാബോധം അനുവദിക്കുന്നു - അതുകൊണ്ട് നമ്മള്‍ ഇതെല്ലാം സാധിക്കുന്നു.

യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലേക്ക് വരാം. 'അവിടുത്തെയിഷ്ടം നിറവേറട്ടെ'യെന്നതാണത്. അതായത്, സദാ അവബോധത്തി (awareness)ലായിരുന്നുകൊണ്ട് എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് അവിടുത്തെയിഷ്ടം എന്താണെന്നന്വേഷിക്കുകയും അതിവിടെ നടപ്പാക്കുകയും ചെയ്യുന്നതുവഴി മഹാബോധത്തിന്റെയിഷ്ടം ഇവിടെ നിവൃത്തിയാക്കുകയെന്നതാണ് ഓരോരുത്തരും  ചെയ്യേണ്ടിയിരിക്കുന്നത്. സര്‍വ്വതിനെപ്പറ്റിയും സര്‍വ്വതും അറിയുന്ന ഈശ്വരനാകുന്ന  മഹാബോധത്തിനേ നമുക്കുചിതമായിരിക്കുന്നതെന്തെന്നു കാണാനാവൂ. ഒരു ക്രിസ്ത്യാനി, ഏതൊരു അസന്ദിഗ്ദ്ധാവസ്ഥയിലും അനുവര്‍ത്തിക്കേണ്ടത് ഈ മാര്‍ഗ്ഗമാണ്, അല്ലാതെ മറ്റൊരു നിയമവുമല്ല. ഓരോ അവസരത്തിലും എന്തു ചെയ്യണമെന്ന് ഞാനെന്റെ ഗുരുനാഥനോട് ചോദിക്കട്ടെയെന്ന് പറയുന്ന അധികം പേര്‍ ഇന്ന് കത്തോലിക്കാസഭയിയിലില്ല. ദൈവത്തെ വിട്ട്  നിയമത്തിന്റെ പിന്നാലെ പോയതുകൊണ്ട് സംഭവിച്ചതാണ്, ഇന്ന് സഭയ്ക്കുണ്ടായിരിക്കുന്ന ഈ അപചയം. ഒരു സഭാംഗത്തിന്റെ  സ്വാതന്ത്ര്യത്തിനു വീഴുന്ന ആദ്യത്തെ വിലങ്ങിതാണ് - ദൈവം തോന്നിക്കുന്നതുപോലെ ചെയ്യാന്‍ അവനനുവാദമില്ല; ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന ദൈവത്തോട് കാനോന്‍ നിയമം നോക്കി സംവദിക്കേണ്ട ഗതികേട്!  നിങ്ങള്‍ക്കുവേണ്ടിയുംകൂടി ഞങ്ങള്‍ ചിന്തിച്ചുകൊള്ളാമെന്ന് പറയുന്ന ഒരു നേതൃത്വവും, 'ചിന്തിച്ചോ അച്ചാ, കാശെത്രയാണെന്നു പറഞ്ഞാമതി'യെന്നു പറയുന്ന കുറെ ആടുകളും കൂടിയായപ്പോള്‍ സുന്ദരന്‍ സഭയായി നാം! 

ഓരോ വ്യക്തിയും, ഒരു പ്രത്യേക സാഹചര്യത്തില്‍ എന്താണു ചെയ്യേണ്ടതെന്നതിനെപ്പറ്റി ഒരു നിയമാവലി യേശു ഉണ്ടാക്കിയിട്ടില്ല. നല്‍കിയത് മാര്‍ഗ്ഗരേഖയാണ് - എവിടെയും പ്രയോഗിക്കാവുന്നവ. എന്തു ചെയ്താലും അതു സ്‌നേഹത്തില്‍ അടിസ്ഥാനമാക്കിയായിരിക്കണം എന്നേ നിഷ്‌കര്‍ഷിച്ചിട്ടുള്ളു. എന്താണ് പറയേണ്ടതെങ്കില്‍, അതപ്പോള്‍ പറയിപ്പിക്കുന്ന ഒരു പരി. ആത്മാവിനെയാണ് യേശു പരിചയപ്പെടുത്തിയത്. എനിക്കങ്ങനെ തോന്നിയതുകൊണ്ടാണങ്ങനെ ചെയ്തതെന്ന് ഒരു വിശ്വാസി വികാരിയച്ചനോട് പറഞ്ഞാല്‍, അവന്റെ ശവം ആ പള്ളി സിമിത്തേരിയില്‍ അടക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. കുറച്ചു കാലം മുമ്പ്, കുറവിലങ്ങാട്ടുകാരന്‍ കുര്യന്‍ സാറിനെ അടക്കിയത് പള്ളി സെമിത്തേരിയിലല്ല. സത്യത്തില്‍, സിസ്റ്റര്‍ ലൂസിക്കും പറ്റിയതതല്ലേ? ഇവിടെ, ആയിരിക്കുന്ന 700 കോടി ജനങ്ങളെപ്പറ്റിയും 700 കോടി പദ്ധതികളുള്ള ഒരു സ്രഷ്ടാവിനെയാണ് നാം കാണേണ്ടത്. എല്ലാവരെയും സ്വാതന്ത്ര്യത്തിനു വിട്ടാല്‍ അവന്‍ തുലയത്തേയുള്ളൂവെന്നാണ് സഭാധികാരികള്‍ എക്കാലവും ചിന്തിക്കുന്നത്. ആയിരം പുരോഹിതന്മാര്‍ ആയിരം മതങ്ങളെന്നാണ് ബുദ്ധിസ്റ്റുകളുടെ മാര്‍ഗ്ഗരേഖ. അതിന്റെപേരില്‍ ബുദ്ധിസം തകര്‍ന്നിട്ടില്ല. അമ്പലത്തില്‍ പോകാന്‍ നിര്‍ബന്ധിക്കാന്‍ ആരുമില്ലെങ്കിലും ഹിന്ദു ധര്‍മ്മവും പുഷ്ടിപ്പെടുകയാണു ചെയ്യുന്നത്.

പതിനെട്ടു പുരാണങ്ങളും എഴുതിയ വ്യാസന്‍ എഴുതി, 'അഷ്ടാദശാ പുരാണേഷു വ്യാസസ്യ വചനദ്വയം, പരോപകാര പുണ്യായ പാപായ പരപീഡനം' എന്ന്. അര്‍ത്ഥം, ഈ കഥകളും ഈ ഉപമകളുമെല്ലാം രചിച്ച എനിക്ക് രണ്ടേ രണ്ട് കാര്യമേ പറയാനുള്ളു - പരോപകാരം പുണ്യവും പരദ്രോഹം പാപവുമാണെന്നു മാത്രം. ഒരിതിഹാസവും എഴുതാതെ, യേശു പറഞ്ഞു: സ്‌നേഹിക്കുക, ശത്രുവിനെപ്പോലും സ്‌നേഹിക്കുക. ഇതാണ്, എനിക്ക് നല്‍കാനുള്ള സന്ദേശമെന്ന്. റീത്ത് ലത്തീനാണെങ്കിലും സുറിയാനിയാണെങ്കിലും ഈ തത്ത്വം പാലിക്കാന്‍ നാം തീര്‍ത്തും തല്പരരല്ല. കോവിഡാനന്തര ലോകത്തു ചെയ്യേണ്ടവകളുടെ ലിസ്റ്റിലല്ല ഇവയൊക്കെ നാം പെടുത്തേണ്ടത്. സഭ ചെയ്യാതിരുന്ന ഗുരുതരമായ തെറ്റുകളുടെ കൂട്ടത്തിലാണ് സഭ നടത്തിയ ഈ സ്വാതന്ത്ര്യനിഷേധം പെടുത്തേണ്ടത്.       (തുടരും)

Wednesday, July 29, 2020

ക്രിസ്തുമതം - ആദ്യനൂറ്റാണ്ടുകളിലും ഇന്നും


പ്രൊഫ. പി.സി ദേവസ്യ ചെയര്‍മാന്‍, KCRM - പാലാ ഫോണ്‍: 9961255175


ഒരു ആശയസംഹിത എന്നതിനേക്കാള്‍ ആദിമസഭ ഒരു ജീവിതക്രമം ആയിരുന്നു.  പരസ്പരം പങ്കുവയ്ക്കുന്ന ആ സാമൂഹികജീവിതത്തില്‍ ഉച്ചനീചത്വങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. പത്രോസിന്റെയോ പൗലോസിന്റെയോ പേരു പറഞ്ഞ് ഏകകേന്ദ്രസ്ഥമാകാതെ കൂട്ടായ ഒരു നേതൃത്വം അവര്‍ സ്വീകരിച്ചിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രചോദനം ഒരു വഴിയില്‍ക്കൂടിയേ ഉണ്ടാകൂ എന്ന വിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തു ആഗ്രഹിച്ചതുപോലെ, ''ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പോ.പ്രവ. 1:.8) എന്ന ആശംസ പൂര്‍ത്തീകരിക്കാന്‍ ആദിമക്രിസ്ത്യാനികള്‍ക്കു കഴിഞ്ഞു.


*
ഇന്നത്തെ സഭയാകട്ടെബലിയേപ്പറ്റി പറഞ്ഞതുമറന്ന്മറ്റുള്ളവരോട് കരുണകാണിക്കാനുള്ള നിര്‍ദ്ദേശം മറച്ചുവച്ച്, 'ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ!എന്ന് നമ്മേക്കൊണ്ട് മുകളിലേക്കുനോക്കി നിലവിളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വഴിതെറ്റിയ വേദോപദേശത്തിനാണ് നാം തിരുത്തല്‍ ആവശ്യപ്പെടുന്നത്.
*

പഴയനിയമം, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ ഒരു കഥയാണ്. മതം എന്ന നിലയിലുള്ള വിശദാംശങ്ങള്‍ ഒഴിവാക്കിയാല്‍ത്തന്നെ ഒരു രക്ഷകന്റെ വരവിനെ സംബന്ധിച്ചുള്ള സൂചനകള്‍ അതില്‍ എമ്പാടും നിറഞ്ഞുനില്പുണ്ട്. ദാവീദിന്റെ പരമ്പരയില്‍പ്പെട്ട ഒരു വീരനായകന്‍ വരും, യഹൂദരെ ഒന്നിപ്പിക്കും, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും ഇതൊക്കെ ആയിരുന്നു പ്രതീക്ഷകള്‍. അതിനിടയില്‍ രക്ഷകന്‍എന്ന് അവകശപ്പെട്ടുവന്ന പല കലാപകാരികളെയും റോമന്‍ ഭരണാധികാരികള്‍ വളഞ്ഞുപിടിച്ച് കുരിശില്‍തൂക്കി കൊല്ലുകയും ചെയ്തിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിലാണ് യേശു എന്ന ക്രിസ്തു ജനശ്രദ്ധ ആകര്‍ഷിച്ചത്. വളരെ നാളായി ആ നസ്രായന്‍ നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തന്നെയുമല്ല രാഷ്ട്രീയമായ ഒരു അവകാശവാദവും യേശു പുറപ്പെടുവിച്ചുമില്ല. പക്ഷേ, ആ രൂപത്തിലും ഭാവത്തിലും പ്രത്യേകതകള്‍ പലതും ഉണ്ടായിരുന്നു. അനുകമ്പാര്‍ദ്രമായ മുഖം, ആശ്വസിപ്പിക്കുന്ന വാക്കുകള്‍, സ്‌നേഹത്തിന്റെ പ്രവൃത്തികള്‍! തികഞ്ഞ ആധികാരികതയോടെയാണ് അദ്ദേഹം സംസാരിച്ചത്. സിനഗോഗുകളിലെ വായനകളില്‍ മാത്രമല്ല, പൊതുസ്ഥലങ്ങളിലെ പ്രസംഗങ്ങളില്‍പ്പോലും യേശു നടത്തിയ വിമര്‍ശനങ്ങള്‍ യൂദയായിലെ സമ്പന്നവിഭാഗത്തെ ചൊടിപ്പിച്ചു. പക്ഷേ, സാധാരണക്കാര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. കടല്‍ത്തീരത്തും മലയോരത്തും ജനങ്ങള്‍ ഒന്നിച്ചുകൂടി രാത്രിവരെ യേശുവിനെ കേട്ടിരുന്നു. നസ്രത്തിലെ ഗ്രാമങ്ങളിലും യൂദയായിലെ നഗരങ്ങളിലും ചുറ്റി സഞ്ചരിച്ച് രോഗികളെ സുഖപ്പെടുത്തി, പീഡിതരെ ആശ്വസിപ്പിച്ചു. ചക്രവര്‍ത്തിഭരണത്തെ യേശു വിമര്‍ശിച്ചില്ലെങ്കിലും യേശുവിന്റെ ജനപിന്തുണ റോമന്‍ഗവര്‍ണ്ണറെ ഭയപ്പെടുത്തി. ഫരിസേയരുടെയും പുരോഹിതരുടെയും ഭയം പകയായി വളര്‍ന്നു. രണ്ടുകൂട്ടരും ഒന്നിച്ച് ഗൂഢാലോചന നടത്തി, ദിവസം നിശ്ചയിച്ച്, രാത്രിയില്‍ പിടികൂടി വിസ്തരിച്ച് കലാപകാരി എന്നു മുദ്രകുത്തി ജനശ്രദ്ധ എത്തുംമുമ്പ് യേശുവിനെ അവര്‍ കുരിശില്‍ തൂക്കിക്കൊന്നു.

അവിടെമുതലായിരുന്നു അസാധാരണ സംഭവങ്ങളുടെ തുടക്കം. അതുവരെ അറിയപ്പെടാതിരുന്ന ക്രിസ്തു അനുയായികള്‍ സമൂഹത്തെ ഇളക്കിമറിച്ചു. അവരുടെ വാക്കുകള്‍ക്ക് തീനാളങ്ങളുടെ ചൂടും വെളിച്ചവും ഉണ്ടായിരുന്നു. ജനക്കൂട്ടത്തിന്റെ നേതൃത്വം പത്രോസിനാണെന്നു മനസ്സിലാക്കിയ ഫരിസേയപ്രമാണിമാരും പുരോഹിതന്മാരും അദ്ദേഹത്തെ 'സെന്‍ഹെദ്രിന്‍സംഘ'ത്തിന്റെ മുമ്പില്‍ എത്തിച്ചു ചോദ്യം ചെയ്തു. പക്ഷേ, ഭരണാധികാരികളെ  പ്രതിക്കൂട്ടിലാക്കത്തക്കവിധമായിരുന്നു പത്രോസിന്റെ നിലപാട്. ''ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു' (അപ്പോ.പ്രവ. 3: 15) എന്ന ഒരു വ്യക്തമായ 'ചാര്‍ജ്' ആണ് അവര്‍ക്കെതിരെ പത്രോസ് ഉയര്‍ത്തിയത്. ഞങ്ങള്‍ എല്ലാവരും അതിന് സാക്ഷികളാണ് എന്ന് എടുത്തു പറയുകയും ചെയ്തു. ''നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്ന യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ജനം മുഴുവനും വ്യക്തമായി അറിയട്ടെ'' (അപ്പോ. പ്രവ. 2: 36) എന്ന് തീര്‍പ്പുകല്പിക്കുകയും ചെയ്തു. അനുനയത്തിന് ക്രിസ്തു അനുയായികള്‍ വഴങ്ങിയില്ല. ''ദൈവത്തേക്കാളുപരി നിങ്ങളെ അനുസരിക്കുന്നത് ദൈവസന്നിധിയില്‍ ന്യായമാണോ'' എന്നായിരുന്നു മറുചോദ്യം.

ഒന്നും ചെയ്യാതെ സെന്‍ഹെദ്രിന്‍സംഘം പത്രോസിനെ തിരിച്ചയച്ചു. ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു (അപ്പോ.പ്രവ. 5: 26). തന്നെയുമല്ല, 'ഗമാലിയേ'ലിനെപ്പോലെയുള്ള ചില ആദരണീയര്‍ സംയമനം പാലിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്തിരുന്നു.

പക്ഷേ കാര്യങ്ങള്‍ അങ്ങനെ ഒതുക്കിത്തീര്‍ക്കാന്‍ റോമന്‍ അധികാരികള്‍ തയ്യാറായില്ല. അങ്ങനെ ആദിമക്രിസ്ത്യാനികളുടെ പീഡനകാലം ആരംഭിച്ചു. പിടിച്ചുനില്‍ക്കാന്‍ മാത്രമുള്ള ചില പിന്തുണ അവര്‍ക്കും കിട്ടി. ക്രിസ്തുവിനെപ്പോലെതന്നെ ഒരു 'യസീന്യ' ഗുരുവായിരുന്ന വധിക്കപ്പെട്ട സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാര്‍ ഇക്കാലമായപ്പോഴേക്കും ക്രിസ്ത്യാനികള്‍ക്ക് ഒപ്പം എത്തിയിരുന്നു. മര്‍ദ്ദകരുടെ അണിയിലെ ശക്തനായിരുന്ന സാവൂളും മാനസാന്തരപ്പെട്ട് ക്രിസ്തുശിഷ്യരോടൊപ്പം ചേര്‍ന്നിരുന്നു. പന്തക്കുസ്തായില്‍നിന്നു നേടിയ ആത്മാഭിഷേകം അവരെ മേല്‍ക്കുമേല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു.

അനുകൂലഘടകങ്ങള്‍ പിന്നെയുമുണ്ടായിരുന്നു. ഒരു ആശയസംഹിത എന്നതിനേക്കാള്‍ ആദിമസഭ ഒരു ജീവിതക്രമം ആയിരുന്നു.  പരസ്പരം പങ്കുവയ്ക്കുന്ന ആ സാമൂഹികജീവിതത്തില്‍ ഉച്ചനീചത്വങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. പത്രോസിന്റെയോ പൗലോസിന്റെയോ പേരു പറഞ്ഞ് ഏകകേന്ദ്രസ്ഥമാകാതെ കൂട്ടായ ഒരു നേതൃത്വം അവര്‍ സ്വീകരിച്ചിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രചോദനം ഒരു വഴിയില്‍ക്കൂടിയേ ഉണ്ടാകൂ എന്ന വിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തു ആഗ്രഹിച്ചതുപോലെ, ''ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പോ.പ്രവ. 1:.8) എന്ന ആശംസ പൂര്‍ത്തീകരിക്കാന്‍ ആദിമക്രിസ്ത്യാനികള്‍ക്കു കഴിഞ്ഞു.

സര്‍വ്വാദരണീയമായ ഈ സാമൂഹികക്രമവും ക്രൈസ്തവജീവിതവും ക്രിസ്തുവിനുശേഷം എത്രകാലം നിലനിന്നു എന്നതിന് വ്യക്തമായ തെളിവില്ല. പക്ഷേ ആത്മപ്രകാശത്താല്‍മാത്രം നയിക്കപ്പെടുന്ന ഈ ജീവിതസാക്ഷ്യത്തിന് എതിര്‍പ്പുകളെ ഏറെക്കാലം അതിജീവിക്കാന്‍ കഴിഞ്ഞില്ല. പ്രലോഭനങ്ങള്‍ക്കെതിരെ സ്ഥിരമായി പിടിച്ചുനില്‍ക്കാനും കഴിഞ്ഞില്ല. വിശപ്പിനോടും കായികശക്തിയോടും ഭൗതികഅധികാരത്തോടു ബന്ധപ്പെട്ട ത്രിവിധ പ്രലോഭനങ്ങളെ ക്രിസ്തുവിന് തോല്പിക്കാന്‍ കഴിഞ്ഞു. പക്ഷേ ആദിമക്രിസ്ത്യാനികള്‍ സാത്താനികമായ പ്രലോഭനങ്ങള്‍ക്കുമുമ്പില്‍ പതറിപ്പോയി. വിശപ്പും വേദനയും അനുഭവിച്ചു തളര്‍ന്നവര്‍ ചക്രവര്‍ത്തിയുടെ തണലും സംരക്ഷണവും ആഗ്രഹിച്ചുപോയി. പ്രതിയോഗികളെ തോല്പിക്കാന്‍ വേണ്ട ആയുധശക്തി ചക്രവര്‍ത്തി വാഗ്ദാനം ചെയ്തപ്പോള്‍ അവര്‍ കുരിശുയുദ്ധത്തിലെ പടയാളികളായി. മാര്‍പാപ്പായ്ക്കു ചക്രവര്‍ത്തിവേഷവും മെത്രാന്മാര്‍ക്ക് രാജകുമാരസ്ഥാനവും അനുയായികള്‍ക്ക് സ്ഥാനികപട്ടവും ചാര്‍ത്തിക്കിട്ടി. വിശ്വാസങ്ങള്‍ മാറിമറിഞ്ഞു. എ.ഡി.325-ലെ നിഖ്യാസൂനഹദോസിനേത്തുടര്‍ന്ന് നിഖ്യാവിശ്വാസപ്രമാണം പുറത്തുവന്നു. സര്‍വ്വശക്തനായ പിതാവും രക്ഷകനായ പുത്രനും രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കിയ പരിശുദ്ധാത്മാവുമൊക്കെ കര്‍ട്ടനു പിന്നിലേക്കു മാറി. അവരെയൊക്കെ കാണാതെ വിശ്വസിക്കാനേപറ്റൂ. പക്ഷേ, 'ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വ്വത്രികവുമായ സഭ' ദൃശ്യസാക്ഷ്യമാണ്, ക്രിസ്തുവിന്റെ ശരീരമാണ്. അപ്പോള്‍ സഭതന്നെയല്ലേ വലുത്? സഭ വലുതായപ്പോള്‍ മാര്‍പാപ്പായ്ക്ക് അപ്രമാദിത്വം കൈവന്നു. ക്രിസ്തുവിന്റെ ചൈതന്യവും പരിശുദ്ധാത്മാവിന്റെ പ്രകാശവുമെല്ലാം സഭ എന്ന ഒരേയൊരു സ്രോതസ്സില്‍ക്കൂടി ഒഴുകിവരാന്‍ തുടങ്ങിയപ്പോള്‍ സഭ ഏകകേന്ദ്രസ്ഥമായ 'നിലപാടുതറ'യില്‍ ഉറച്ചു. ഒരു ആട്ടിന്‍കൂട്ടവും ഒരു ഇടയനും എന്ന് പ്രഘോഷിച്ച് 'തിരുസഭ വിജയത്തിന്‍ തൊടുകുറി' അണിഞ്ഞു.

പുതിയ വിശ്വാസപ്രമാണം ഉണ്ടായതുപോലെതന്നെ, തിരുത്തലോടുകൂടിയ പുതിയ സുവിശേഷവും ഉണ്ടായിക്കാണാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ത്തന്നെ അക്ഷരംതിരിയാത്ത, മീന്‍മണം മാറാത്ത ശ്ലീഹന്മാര്‍ക്ക് എങ്ങനെ ലോകക്ലാസിക്കുകളില്‍പ്പെട്ട സുവിശേഷം എഴുതാന്‍ കഴിയും?

സഭ ഇന്ന് അവതരിപ്പിക്കുന്ന ക്രിസ്റ്റോളജിതന്നെ ആദിമസഭയുടെ വീക്ഷണത്തോട് വേണ്ടത്ര പൊരുത്തപ്പെടാത്തതാണ്. ഭരണം മാറുമ്പോള്‍ ചാര്‍ജുഷീറ്റുകള്‍ തിരുത്തപ്പെടുന്നത് ഇക്കാലത്തെ സാധാരണ സംഭവമാണ്. അതുപോലെതന്നെ സഭയിലും സംഭവിച്ചിരിക്കണം.

ക്രിസ്ത്വനുഭവം ഏറ്റവും ശക്തമായിരുന്ന ആദിമസഭയില്‍ ക്രിസ്തുവിന്റെ കൊലപാതകം ഒരു സജീവവിഷയമായിരുന്നു. പത്രോസിന്റെ 'ചാര്‍ജുഷീറ്റ്' ഇതായിരുന്നു: ''അധര്‍മ്മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍  തറച്ചുകൊന്നു'' (അപ്പോ.പ്രവ. 2: 24). നാലു സുവിശേഷങ്ങളിലെയും പീഡാനുഭവവായനകളിലൂടെ കടന്നുപോകുന്ന ഒരു സാധാരണ ക്രൈസ്തവന് പത്രോസിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവും ഇല്ല. എന്നാല്‍ ക്രിസ്തുവിന്റെ മരണത്തെ സംബന്ധിച്ച് ആദിമക്രിസ്ത്യാനികളുടെ നിലപാടല്ല ഇന്നത്തെ സഭയുടേത്. ഇന്ന് നമുക്ക് ക്രിസ്തുവിന്റെ മരണം കല്പിച്ചുകൂട്ടിയുള്ള ഒരു രക്ഷാകരപ്രവൃത്തിയാണ്. ആ നിലയ്ക്ക് അത് ഒഴിവാക്കാന്‍വയ്യാത്ത ഒരു 'സത്കര്‍മ്മ'വുമാണ്. അപ്പോള്‍ ഫരിസേയപ്രമാണിമാര്‍ക്കും സെന്‍ഹെദ്രിന്‍ സംഘത്തിനും ക്രിസ്തുവിന്റെ കുരിശുമരണത്തില്‍ ഒരു 'പോസിറ്റീവ് റോള്‍' ആണ് ഉള്ളതെന്നു വരുന്നു. അങ്ങനെവരുമ്പോള്‍ പത്രോസിന്റെ 'ചാര്‍ജു ഷീറ്റ്' തള്ളിപ്പോകാന്‍ എളുപ്പമായി. ഹരിസേയരും പുരോഹിത പ്രമാണിമാരും ഒരു പരുക്കും കൂടാതെ രക്ഷപെടും. മഹസ്സര്‍ തയ്യാറാക്കലും ശിക്ഷാവിധിയും ഒന്നും നടപ്പിലാക്കിയില്ലെങ്കിലും പ്രതികളെ അങ്ങനെ മനഃപൂര്‍വ്വം വെറുതെവിടുന്നത് ഒട്ടും ശരിയല്ല.

നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു മരിച്ചു എന്നു പറയുന്നതില്‍ വേറെയും കുഴപ്പങ്ങളുണ്ട്. പാപത്തിന്റെ പ്രതിവിധി മരണമാണോ? മരിച്ചേക്കാം എന്നുവച്ചാല്‍ പാപത്തിന്റെ ശിക്ഷ ഒഴിഞ്ഞുപോകുമോ? അങ്ങനെയെങ്കില്‍ യൂദാസിന്റെ മരണവും രക്ഷാകരമാണെന്നു പറയേണ്ടിവരും. അതുശരിയല്ല, മരണത്തിന് രക്ഷാകരമൂല്യം ഉണ്ടാകുന്നത് ആ ത്യാഗത്തില്‍നിന്ന് സ്‌നേഹത്തിന്റെ പുതുനാമ്പുകള്‍ പൊട്ടിവിരിയുമ്പോഴാണ്. സോക്രട്ടീസുമുതല്‍ ഗാന്ധിജിവരെമറ്റുള്ളവര്‍ക്കുവേണ്ടി ജീവത്യാഗം ചെയ്തവരൊക്കെ പുതുജീവന്റെ അച്ചാരമായിത്തീരുന്നത് അതുകൊണ്ടാണ്. ക്രിസ്തുവിന്റെ മരണം ആദിമക്രിസ്ത്യാനികള്‍ കരയാനുള്ള അവസരമാക്കിയില്ല. ഒരു പകലിന്റെ മരവിപ്പിനുശേഷം ഉത്ഥാനത്തിലേക്ക് അവര്‍ കണ്ണുതുറക്കുകയാണുണ്ടായത്. അതിനുശേഷം സ്വര്‍ഗ്ഗാരോഹണംവരെ അവിടുന്ന് അവരെ പിരിഞ്ഞില്ല. പിന്നെ പരിശുദ്ധാത്മാവിനെ കാത്തിരിപ്പിന്റെ നാളുകള്‍. ആ അത്ഭുതം സംഭവിച്ചതിനുശേഷം  ക്രിസ്ത്യാനികള്‍ 'മതിമറന്ന' അവസ്ഥയില്‍ ആയിരുന്നു. ക്രിസ്ത്വനുഭവം അവരെക്കൊണ്ടെത്തിച്ചത് സെന്‍ഹെദ്രിന്‍സംഘത്തെപ്പോലും ചോദ്യംചെയ്യുന്ന അവസ്ഥയിലായിരുന്നു. ഇതെല്ലാം മറന്നിട്ടാണ് ഇന്നത്തെ സഭ കുരിശിന്‍ചുവട്ടിലിരുന്ന്, 'പാപബോധം തരണേ, പശ്ചാത്താപം തരണേ' എന്നു വിലപിക്കുന്നത്!

ക്രിസ്തുവിന്റെ മരണവും പാപവുമായി കൂട്ടിയിണക്കുന്നതില്‍ അടിസ്ഥാനപരമായ തെറ്റുണ്ട്. ദൈവകല്പനയുടെ ലംഘനമാണ് പാപം എന്നാണ് വേദോപദേശം. പറുദീസായിലെ പഴം പറിച്ചുതിന്ന ധിക്കാരത്തിന് ഇത്ര കടുത്തശിക്ഷ ദൈവനീതിക്കു നിരക്കുമോ? പറുദീസായിലെ അതിക്രമം എന്ന ജന്മപാപം കായേന്റെ കാലത്ത് സോദരനിഗ്രഹമായി വളര്‍ന്നിട്ടും വ്യക്തിപരമായി കായേന് സംരക്ഷണം ഒരുക്കുകയാണ് ദൈവം ചെയ്തത് (ഉല്പ. 4: 15). സോദരരക്തം മണ്ണില്‍ ഒഴുക്കിയ വ്യക്തിപരമായ പാപം സാമൂഹികതിന്മയായി വളര്‍ന്ന നോഹിന്റെ കാലത്താണ് പാപത്തിന്റെ സാമൂഹികവ്യാപനത്തെ തടയാന്‍വേണ്ടി ദൈവം പൊതുവായ ശിക്ഷ വിധിച്ചത്.

ഒരുപടികൂടിക്കടന്ന്, പുതിയ നിയമത്തിലേക്കു വന്നപ്പോഴാകട്ടെ, ചുങ്കക്കാരനെയും, വ്യഭിചാരിയെയുമൊക്കെ സ്‌നേഹവും സാന്ത്വനവും നല്‍കി ചേര്‍ത്തുനിറുത്താനാണ് യേശു ശ്രമിച്ചത്. ചുരുക്കത്തില്‍, വ്യക്തിപരമായ പാപത്തെയല്ല, പാപം എന്ന അതിക്രമത്തെ വളര്‍ത്തുന്ന സാമൂഹികസാഹചര്യങ്ങളെയാണ് ക്രിസ്തു എതിര്‍ത്തത്. അക്കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ല. തന്നെയുമല്ല, എതിര്‍പ്പ് അതിക്രമങ്ങള്‍ക്കെതിരെയുള്ള പക്ഷംചേരലിലേക്കും, പക്ഷംചേരല്‍ ചെറുത്തുനില്പിലേക്കും, ചെറുത്തുനില്പ് സഹനത്തിലേക്കും, ചിലപ്പോള്‍ മരണത്തിലേക്കുംവരെ എത്തിച്ചേരാം എന്ന് യേശു കാണിച്ചുതരുന്നു. അവിടെ മരണം മരണമല്ല, ഉയിര്‍പ്പാണ്! ക്രിസ്തുവിന്റെ ഉയിര്‍പ്പും അതുതന്നെയാണ്. അടിസ്ഥാനപരമായ ഈ ക്രിസ്തുദര്‍ശനത്തെ ക്രൈസ്തവസഭ അപകടകരമായ വിധത്തില്‍ വകമാറ്റി വഴിമാറ്റിയിരിക്കുന്നു എന്നതാണ് നവീകരണവാദികളുടെ കണ്ടെത്തല്‍.

ക്രിസ്തുവിന്റെ മരണം പാപപരിഹാരത്തിനുവേണ്ടിയുള്ള ബലിയാണെന്നു പറയുന്നതും തെറ്റാണ്. കാരണം, പരിഹാരബലി എന്ന സങ്കല്പംതന്നെ പ്രാകൃതമതങ്ങളില്‍ നിന്നുവന്നതാണെന്ന് മതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. പഴയനിയമത്തിന്റെ ആദ്യഭാഗത്തൊക്കെ ദൈവപ്രീതികരമായ ബലികള്‍ക്കു പ്രാധാന്യമുണ്ട്. ലേവ്യരുടെ പുസ്തകത്തില്‍ ബലിവ്യവസ്ഥകള്‍ ദീര്‍ഘമായി വിവരിക്കുന്നുമുണ്ട് (ലേവ്യര്‍. 5: 1-5). പക്ഷേ, 'രക്തദാഹിയും ബലിഭോജിയുമായ ദൈവം' എന്ന സങ്കല്പം പഴയനിയമകാലത്തുതന്നെ തിരുത്തപ്പെട്ടു. ''നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്ക് എന്തിന്? .... കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്റെയോ രക്തംകൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല... നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കുവാന്‍ ശീലിക്കുവിന്‍. അനാഥരോട് നീതി ചെയ്യുവിന്‍, വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍'' (ഏശ. 1:11-17). വ്യക്തവും ശക്തവുമായ ഈ ആഹ്വാനം അന്നോ അതിനുശേഷം പുതിയനിയമകാലത്തോ ജനം ചെവിക്കൊണ്ടില്ല. അല്പം നിരാശ കലര്‍ന്ന സ്വരത്തില്‍ യേശു പറഞ്ഞു: ''ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍പോയി പഠിക്കുക'' (മത്താ. 8: 13). എന്നാല്‍ സഭ ക്രിസ്തുവില്‍നിന്ന് എന്തെങ്കിലും പഠിച്ചോ...? ഇല്ല എന്നു മാത്രമല്ല, ഇന്ന് സഭ സകലവിധ സൗഭാഗ്യങ്ങളും നിറഞ്ഞ് മുടിചൂടിയിട്ടും നമ്മുടെ സെമിനാരികളില്‍ പഠിപ്പിക്കുന്നതും ധ്യാനഗുരുക്കന്മാര്‍ പ്രസംഗിക്കുന്നതും സഭ പ്രയോഗിക്കുന്നതും ക്രിസ്തുവിന്റെ രക്തംകൊണ്ട് ബലിചെയ്യുന്ന ക്രിസ്റ്റോളജിയാണ്.

വാസ്തവത്തില്‍ നവീകരണപ്രവര്‍ത്തകര്‍ക്ക് ഒരു പുതിയ വേദോപദേശത്തിന്റെ ബാലപാഠമാണ് വേണ്ടത്. പറുദീസായിലെ 'അതിക്രമം' എന്ന 'ജന്മപാപം', അതു വളര്‍ന്നുണ്ടാകുന്ന ചൂഷണം എന്ന സാമൂഹികപാപം, ഈ പാപത്തിനു പരിഹാരമായി ചൂഷിതരുടെ പക്ഷംചേരുന്ന കാരുണ്യപ്രവര്‍ത്തനം ഇതാണ് രക്ഷാകരമായ സുവിശേഷപ്രവര്‍ത്തനം എന്ന് നാം വിശ്വസിക്കുന്നു. തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കുമ്പോള്‍ത്തന്നെ, ചൂഷണത്തെ എതിര്‍ത്തു തോല്പിക്കുന്ന രക്ഷാകരപ്രവര്‍ത്തനംവഴി ഇവിടെ ഈ ഭൂമിയില്‍ത്തന്നെ ദൈവരാജ്യം വരണമേ എന്നാണ് ക്രിസ്തു ആഗ്രഹിച്ചത്. അങ്ങനെയാണ് ക്രിസ്തു പ്രാര്‍ത്ഥിച്ചതും, അങ്ങനെ പ്രാര്‍ത്ഥിക്കാനാണ് നമ്മേ പഠിപ്പിച്ചതും.

ഇന്നത്തെ സഭയാകട്ടെ, ബലിയേപ്പറ്റി പറഞ്ഞതുമറന്ന്, മറ്റുള്ളവരോട് കരുണകാണിക്കാനുള്ള നിര്‍ദ്ദേശം മറച്ചുവച്ച്, 'ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ!' എന്ന് നമ്മേക്കൊണ്ട് മുകളിലേക്കുനോക്കി നിലവിളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വഴിതെറ്റിയ വേദോപദേശത്തിനാണ് നാം തിരുത്തല്‍ ആവശ്യപ്പെടുന്നത്.

Monday, July 27, 2020

കോവിഡും കുര്‍ബാനയും


ആന്റോ മാങ്കൂട്ടം

(അസ്സോസിയേറ്റ് എഡിറ്റര്‍, സഫലം മാസിക) ഫോണ്‍: 9447136392

കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടി പള്ളിവികാരിയുടെഒരു വിധവയുമായിട്ടുള്ള അവിഹിതബന്ധത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വന്ന സംഭവവും, ഈ വൈദികന്‍ ഇടുക്കിരൂപതയുടെ ഒരു മെത്രാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന അറിവും വിശ്വാസികളില്‍  ഒട്ടൊന്നുമല്ല ഞെട്ടലുളവാക്കിയത്.

*

ഇറ്റലിയിലെ ദേവാലയവാതിലുകള്‍ വിശ്വാസികളുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഒരുപക്ഷേ, സഭാചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും മാര്‍പാപ്പ ഏകനായി വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ചെയ്തത്. സമൂഹവ്യാപനം തടയാന്‍ ഇതുമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

*

യൂറോപ്പിലെ സഭ ഒരു കാലത്ത് ആഗോളസഭയുടെ ഈറ്റില്ലമായിരുന്നു. ഇറ്റലിയും ഇംഗ്ലണ്ടും ജര്‍മ്മനിയും ഫ്രാന്‍സും സ്‌പെയി നും ഇതിനു മകുടോദാഹരണങ്ങളാണ്. ഏതാണ്ട് നൂറു വര്‍ഷംകൊണ്ടാണ് യൂറോപ്പിലെ സഭ തകര്‍ന്നുതരിപ്പണമായത്.

*

ജൂലൈ മുതല്‍ ദേവാലയങ്ങള്‍ തുറക്കുവാനും കുര്‍ബാനകള്‍ അര്‍പ്പിക്കുവാനും സഭാനേതൃത്വം തീരുമാനിച്ചു. എന്നാല്‍, വൈദികമേലധികാരികളെ അമ്പരിപ്പിക്കുന്ന പ്രതികരണമാണ് വിശ്വാസികളില്‍നിന്നുണ്ടായത്.

*

കോവിഡ് 19 എന്ന മഹാവ്യാധി മനുഷ്യജീവിതത്തെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ഇക്കാലമത്രയും സ്വരുക്കൂട്ടിവന്ന ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാംസ്‌കാരിക, മത മേഖലകളില്‍ സമ്പൂര്‍ണ്ണവ്യതിയാനം അതുണ്ടാക്കിക്കഴിഞ്ഞു. ഇനി ഒരു തിരിച്ചുപോക്ക് എന്നുണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ പുതിയ ചിന്താസരണികള്‍ രൂപപ്പെട്ടുതുടങ്ങി. സാമ്പത്തിക രംഗം ആകെ താറുമാറായിക്കഴിഞ്ഞു. ആളുകള്‍ അന്തംവിട്ടു കഴിയുകയാണ്. പട്ടിണിമരണങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവുകള്‍ വന്നു തുടങ്ങി. ലോകമാസകലം ദാരിദ്ര്യത്തിന്റെ അലയടികള്‍ ദൃശ്യമായി. സമ്പന്നരാഷ്ട്രങ്ങളായ അമേരിക്കയും ജര്‍മ്മനിയും ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനും  ഇംഗ്ലണ്ടും ഇതികര്‍ത്തവ്യതാമൂഢതയില്‍ പകച്ചുനില്‍ക്കുകയാണ്.

കോവിഡ് മതരംഗത്ത് വളരെ വലിയ വ്യതിയാനമാണ് വരുത്തിവെച്ചത്. കോവിഡ് എന്ന മഹാമാരി ആദ്യമായി ആഞ്ഞടിച്ചത് ഇറ്റലി എന്ന ക്രൈസ്തവരാജ്യത്താണ്. ആ രാജ്യത്തെ സാധാരണ ജനങ്ങളുടെ മരണരോദനമാണ് ലോകത്ത് ആദ്യമായി അലയടിച്ചത്. മാര്‍പാപ്പയും ഡസന്‍കണക്കിന് കര്‍ദ്ദിനാളന്മാരും നൂറുകണക്കിന് മെത്രാന്മാരും ആയിരക്കണക്കിന് വൈദികരും കോവിഡിന്റെ മുമ്പില്‍ സ്തംഭിച്ചുപോയി. ഇത് ലോകജനത കണ്‍തുറന്നു കണ്ടതാണ്.

ഇറ്റലിയിലെ ദേവാലയവാതിലുകള്‍ വിശ്വാസികളുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഒരുപക്ഷേ, സഭാചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും മാര്‍പാപ്പ ഏകനായി വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ചെയ്തത്. സമൂഹവ്യാപനം തടയാന്‍ ഇതുമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

കേരളത്തില്‍

മാര്‍ച്ച് മൂന്നാംവാരംമുതല്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുവല്ലോ. തുടര്‍ന്നുള്ള നൂറ് ദിവസങ്ങള്‍ കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും വിശ്വാസികളുടെ മുമ്പില്‍ കൊട്ടിയടച്ചിരിക്കുകയായിരുന്നു. ആള്‍ദൈവങ്ങളും രോഗശാന്തിക്കാരും പ്രവാചകന്മാരും മാസ്‌ക് ധരിച്ച് മാളത്തില്‍ ഒളിച്ചു. ഒരു കത്തോലിക്കനെ സംബന്ധിച്ച,് അയാളുടെ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനമായ കാര്യമാണ് വി.കര്‍ബാന. ഇക്കഴിഞ്ഞ നൂറുദിവസത്തിനുള്ളില്‍ ജനപങ്കാളിത്തത്തോടെ ബലിയര്‍പ്പണം നടക്കുകയുണ്ടായില്ല.

ടെലിവിഷനെയും ഇന്റര്‍നെറ്റിനെയും മൊബൈല്‍ഫോണിനെയും ശപിച്ചുതള്ളിയ ആത്മീയപിതാക്കന്മാര്‍ ഇതിലൂടെയെല്ലാം വിശുദ്ധകുര്‍ബാന കാണുവാന്‍ വിശ്വാസികളെ നിര്‍ബന്ധിച്ചു. ആദ്യദിവസങ്ങളില്‍ ഒരു കൗതുകമെന്നോണം വിശ്വാസികള്‍ ടെലിവിഷനുമുമ്പിലും ഫോണിന്റെമുമ്പിലും സമയം ചെലവഴിച്ചു. ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ഈ ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ കാണുന്ന വിശുദ്ധകുര്‍ബാനയ്ക്ക് കര്‍ട്ടനിട്ടുകൊണ്ട് പതിവ് ടെലിവിഷന്‍ പരമ്പരകളിലേക്ക് വിശ്വാസികള്‍ മാറിപ്പോയി.

വര്‍ഷങ്ങളായി തങ്ങളുടെ നേര്‍ച്ചകാഴ്ചകള്‍കൊണ്ട് കുംഭവീര്‍പ്പിച്ച പുരോഹിതനേതൃത്വം പാവപ്പെട്ട വിശ്വാസികളെ മറന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധുക്കളായ വിശ്വാസികളുടെ ദാരിദ്ര്യദുഃഖമകറ്റാന്‍ വൈദികമേലാളന്മാര്‍ ഒട്ടും ശ്രദ്ധിച്ചില്ല. എന്നുമാത്രമല്ല, നൊവേനയും പെരുന്നാളുകളും ആഘോഷങ്ങളും നടത്തുവാന്‍ വലിയ ഫീസുമായി വരണമെന്നുള്ള ചിലരുടെ ആഹ്വാനങ്ങള്‍ ഒരുപിടി വിശ്വാസികളില്‍ കൗതുകവും വേദനയും അമര്‍ഷവും പുച്ഛവും ഉളവാക്കി എന്നതാണ് പച്ചപ്പരമാര്‍ത്ഥം. കാലാകാലങ്ങളില്‍ വിശ്വാസികളില്‍നിന്നു പിരിച്ചെടുത്ത പണത്തിന്റെ ഒരു നേരിയ അംശം തങ്ങളുടെ പട്ടിണിക്കാലത്ത് ലഭിക്കുമെന്ന് കുറെ വിശ്വാസികളെങ്കിലും പ്രതീക്ഷിച്ചു.  പക്ഷേ, ലഭിച്ചില്ല. (ഏതാനും ചില പള്ളികള്‍ ചില്ലറ സഹായങ്ങള്‍ ചെയ്തതായി കണ്ട വാര്‍ത്തകള്‍ മറക്കുന്നില്ല). തന്മൂലം, പള്ളിസംവിധാനത്തോടും പൗരോഹിത്യത്തോടും അവര്‍ രൂപപ്പെടുത്തിയ വിശ്വാസങ്ങളോടുമുള്ള മതിപ്പ് വിശ്വാസികളില്‍ സാവധാനം കുറഞ്ഞുതുടങ്ങി.

ഇതിനിടയിലാണ്, സഭാധികാരത്തിന്റെ നെറികേടുകള്‍ വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ കടന്നുവന്നത്.  തിരുവല്ല ബസേലിയന്‍ മഠത്തിലെ ദിവ്യ പി. ജോണ്‍ എന്ന സന്ന്യാസാര്‍ത്ഥിനി മഠത്തിലെ കിണറ്റില്‍വീണു മരിച്ച ദുരൂഹസംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് ഒരു മെത്രാനും ഒരച്ചനും ഒരു സന്ന്യാസസമൂഹവും ആവശ്യപ്പെട്ടില്ല എന്നത് സഭാധികാരത്തെ സംശയത്തോടെ വീക്ഷിക്കാന്‍ വിശ്വാസിസമൂഹത്തെ പ്രേരിപ്പിച്ചു.  ദിവ്യ പി. ജോണ്‍ മറ്റൊരു സിസ്റ്റര്‍ അഭയാ ആണെന്ന് വിശ്വസിക്കുന്നവര്‍ വളരെയുണ്ട് ഈ സഭയില്‍.

ചരിത്രത്തിലാദ്യമായി  വൈദികനും മരണക്കിണര്‍ തീര്‍ത്തിരിക്കുന്നു, സഭ. ഫാദര്‍ ജോര്‍ജ് എട്ടുപറയില്‍ എന്ന വൈദികന്റെ ജഢം പുന്നത്തുറ പള്ളിയിലെ കിണറ്റില്‍ പ്രത്യക്ഷപ്പെട്ടതിനുപിന്നില്‍ ചങ്ങനാശ്ശേരി മെത്രാന്റെ അദൃശ്യകരം ഉണ്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ദിവസംചെല്ലുന്തോറും കൂടിവരികയാണ്. അദ്ദേഹത്തിന്റെ ജഡം കിണറ്റില്‍ കണ്ടെത്തി മിനിറ്റുകള്‍ക്കുള്ളില്‍, അദ്ദേഹം ഒരു മാനസികരോഗിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള രൂപതാധികാരികളുടെയും സഹവൈദികരുടെയും ഉത്സാഹം നാം കണ്ടതാണ്. ഈ രണ്ടു ദുരൂഹമരണങ്ങളുടെയും കാര്യത്തിലുള്ള അന്വേഷണത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ എന്നതും സംശയാസ്പദമാണ്.

കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടി പള്ളിവികാരിയും  ഒരു വീട്ടമ്മയുമായിട്ടുള്ള അവിഹിതബന്ധത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വന്ന സംഭവവും, ഈ വൈദികന്‍ ഇടുക്കിരൂപതയുടെ ഒരു മെത്രാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന അറിവും വിശ്വാസികളെ ഒട്ടൊന്നുമല്ല ഞെട്ടിച്ചത്. അയാളെ വൈദികവൃത്തിയില്‍നിന്ന് ഇപ്പോഴും മാറ്റിയിട്ടില്ല എന്നതിലുള്ള അമര്‍ഷവും വിശ്വാസിസമൂഹത്തിനുണ്ട്.

ലോക്ഡൗണ്‍ തുടരുന്ന ഈ സമയത്താണ് മാനന്തവാടി രൂപതയിലെ കാരയ്ക്കാമലപള്ളിയിലെ വികാരിയും പള്ളിയുടെ സമീപത്തുള്ള എഇഇ മഠത്തിലെ മദര്‍സുപ്പീരിയറും തമ്മിലുള്ള ലൈംഗികവേഴ്ച സിസ്റ്റര്‍ ലൂസി കളപ്പുര നേരിട്ടു കണ്ടതും വാര്‍ത്തായതും. അവിടെയും, വികാരിയേയും മദര്‍ സുപ്പീരിയറിനെയും നിരപരാധികളായി ചിത്രീകരിക്കാനും സിസ്റ്റര്‍ ലൂസിയെ കുറ്റക്കാരിയാക്കാനുമാണ് സഭാധികാരം ശ്രമിച്ചത്.

തലശ്ശേരിരൂപതയിലെ പൊട്ടന്‍പ്ലാവ് എന്ന മലയോര ഇടവകയുടെ പള്ളിമുറിയില്‍ രണ്ട് മുന്‍ വികാരിമാര്‍ നടത്തിയ ലൈംഗികകേളികള്‍ സംബന്ധിച്ചുള്ള അവരുടെ ഏറ്റുപറച്ചിലിന്റെയും പൊട്ടിക്കരച്ചിലിന്റെയും ശബ്ദരേഖ പുറത്തുവന്നു. കേവലമൊരു കൂലിപ്പണിക്കാരനായ പോളേട്ടനെന്ന അടിയുറച്ച ക്രൈസ്തവവിശ്വാസിയുടെ  ഇടപെടലിലൂടെയാണ് ഇതു വെളിയില്‍ വന്നത്. തലശ്ശേരി സഹായമെത്രാന്‍ ജോസഫ് പാബ്ലാനിവരെ സംശയത്തിന്റെ നിഴലിലാണിന്ന്. മെത്രാന്‍, വൈദിക, കന്യാസ്ത്രീ അവിശുദ്ധകൂട്ടുകെട്ടിന്റെ വ്യാപ്തി സാധാരണക്കാരായ ജനത്തിനുമുന്നില്‍ കൂടുതല്‍ കൂടുതലായി അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞു; സഭാനേതൃത്വം വമിര്‍ശന ശരശയ്യയില്‍ക്കിടന്ന് പുളയുന്ന ഒരു കാലയളവായിത്തീര്‍ന്നിരിക്കുന്ന ഇന്ന്.

ഇതുകൊണ്ടെല്ലാംസഭാസമൂഹത്തിനും പൊതുസമൂഹത്തിനും മുമ്പില്‍ സഭാധികാരത്തിന്റെ പ്രതിച്ഛായ തീര്‍ത്തും തകര്‍ന്നിരിക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തമാണിത് എന്നു പറയാം. ഇക്കൂട്ടര്‍ അര്‍പ്പിക്കുന്ന കുര്‍ബാനാനുഷ്ഠാനത്തിനും മറ്റും എന്തു വിലയാണുള്ളത് എന്നുപോലും വിശ്വാസികള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.  

സഭ തകര്‍ച്ചയുടെ വക്കില്‍

യൂറോപ്പിലെ സഭ ഒരു കാലത്ത് ആഗോളസഭയുടെ ഈറ്റില്ലമായിരുന്നു. ഇറ്റലിയും ഇംഗ്ലണ്ടും ജര്‍മ്മനിയും ഫ്രാന്‍സും സ്‌പെയിനും ഇതിനു മകുടോദാഹരണങ്ങളാണ്. ഏതാണ്ട് നൂറു വര്‍ഷംകൊണ്ടാണ് യൂറോപ്പിലെ സഭ തകര്‍ന്നുതരിപ്പണമായത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍വരെ ഇവിടങ്ങളിലൊക്കെ വലിയ വിശ്വാസി സമൂഹങ്ങളുണ്ടായിരുന്നു. ഈ രാജ്യങ്ങളിലുള്ള മെത്രാന്മാരുടെയും വൈദികരുടെയും സന്യാസിനീ - സന്ന്യാസിമാരുടെയും പ്രവൃത്തികളുടെ ഫലമായിട്ടാണ് അവിടങ്ങളില്‍ സഭ നാമാവശേഷമായത്.

യൂറോപ്പില്‍ സഭ തകര്‍ന്നടിയുവാന്‍ നൂറോളം വര്‍ഷമെടുത്തെങ്കില്‍, കേരളസഭയില്‍ കേവലം നൂറു ദിവസംകൊണ്ടുതന്നെ ഇവിടത്തെ മെത്രാന്‍-വൈദിക-സന്ന്യസ്തകൂട്ടുകെട്ടിന്റെ പ്രവര്‍ത്തനദൂഷ്യംമൂലം കേരളസഭ തകര്‍ന്നു കഴിഞ്ഞു. ഇതു വെറുതെ പറയുന്നതല്ല.

മെയ്മാസത്തില്‍ കേരളമെത്രാന്മാര്‍ പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂണ്‍ രണ്ടാംവാരം പള്ളികള്‍ തുറക്കുന്നതിനും പ്രാര്‍ത്ഥനാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനും കേന്ദ്ര-കേരളസര്‍ക്കാരുകള്‍ അനുമതി നല്കി. വിശ്വാസിസമൂഹം ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തെത്തി. അങ്ങനെ പള്ളിതുറക്കല്‍ നീണ്ടുപോയി.

ജൂലൈ മുതല്‍ ദേവാലയങ്ങള്‍ തുറക്കുവാനും കുര്‍ബാനകള്‍ അര്‍പ്പിക്കുവാനും സഭാനേതൃത്വം തീരുമാനിച്ചു. എന്നാല്‍, വൈദികമേലധികാരികളെ അമ്പരിപ്പിക്കുന്ന പ്രതികരണമാണ് വിശ്വാസികളില്‍നിന്നുണ്ടായത്. സര്‍ക്കാര്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടുതന്നെ കുര്‍ബാനഅര്‍പ്പണം തുടര്‍ന്നു. ഇടവകയിലെ കൂട്ടായ്മകളിലൂടെ ശക്തമായ പ്രചാരണവും വൈദികരുടെ വ്യക്തിപരമായ ആവശ്യപ്പെടലുകളും ഉണ്ടായിട്ടുപോലും വിശ്വാസികള്‍ കാര്യമായി ദേവാലയങ്ങളില്‍ എത്തിയില്ലെന്നത് പൗരോഹിത്യത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. ചില പള്ളികളില്‍ പത്തും എട്ടും അഞ്ചും മൂന്നും വിശുദ്ധകുര്‍ബാനകള്‍ ചൊല്ലുവാന്‍ വൈദികര്‍ തയ്യാറായെങ്കിലും, വിശ്വാസികള്‍ ദേവാലയങ്ങളെ ഏതാണ്ട് ബഹിഷ്‌ക്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. പത്ത് കുര്‍ബാനയ്ക്ക് ആയിരം പേരെ പ്രതീക്ഷിച്ച പള്ളികളില്‍ നൂറില്‍ത്താഴെ വിശ്വാസികള്‍ മാത്രമാണെത്തിയത്. അതാണു പറഞ്ഞത്, നൂറുവര്‍ഷം കൊണ്ട് യൂറോപ്പില്‍ സംഭവിച്ച സഭാവിശ്വാസത്തകര്‍ച്ച നൂറുദിവസംകൊണ്ട് കേരളത്തില്‍ സാധിച്ചുവെന്ന്. ഈ തകര്‍ച്ചയുടെ മുഖ്യകാരണക്കാര്‍ കര്‍ദ്ദിനാളും മെത്രാന്മാരും വൈദികരുംതന്നെയാണ്. ഈ മൂവര്‍സംഘം അതു സമ്മതിച്ചു തരില്ല എന്നറിയാം. എങ്കിലും ഒരു ക്രൈസ്തവവിശ്വാസി എന്ന നിലയ്ക്ക്  ഭീകരമായ ഈ യാഥാര്‍ത്ഥ്യം കാണാതിരിക്കാന്‍ കഴിയില്ല.

ഇവരുടെ പാവങ്ങളോടുള്ള അവഗണനയും വിശ്വാസികളോടുള്ള മെക്കിട്ടുകയറ്റവും വൈദിക-സന്ന്യസ്ത ലൈംഗികബന്ധങ്ങളും സാമ്പത്തിക തിരിമറികളും ആര്‍ഭാടജീവിതവുമൊക്കെ ഒന്നിച്ചപ്പോള്‍, ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ കണ്ട വിശ്വാസിസമൂഹം താല്‍ക്കാലികമായെങ്കിലും ഇവരില്‍നിന്ന് ഓടി അകലുകയാണ്. കത്തോലിക്കാവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ കുര്‍ബാനയ്ക്കുപോലും അവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. ഒരു വിശ്വാസി എന്ന നിലയില്‍ എന്റെ സഭയുടെ ഈ അധഃപതനത്തില്‍ ഈയുള്ളവന് ദുഃഖമുണ്ട്. പഴയ ഒരു വാക്യം ഓര്‍മ്മ വരികയാണ്: ''കുറേക്കാലത്തേക്ക് എല്ലാവരെയും പറ്റിക്കാം, കുറേപ്പേരെ എക്കാലത്തും പറ്റിക്കാം, എന്നാല്‍ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാന്‍ പറ്റില്ല.'' അതാണ് ലോകനീതി.