Translate

Thursday, February 28, 2019

ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു



ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ യോഗം ചേരും. കരട് ബില്‍ തയ്യാറാക്കിയ കേരള നിയമപരിഷ്കരണ കമ്മീഷന്‍ ജസ്റ്റിസ് കെ.ടി തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തിനാണ് സഭകള്‍ ബില്ലിനെ പേടിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി തോമസ് ചോദിച്ചു.

ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ കരട് നിയമപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി തോമസ് തയ്യാറാക്കുകയും ചെയ്തതോടെയാണ് സഭകള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബില്ലിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യും. ജസ്റ്റിസ് കെ.ടി തോമസിനെ തലസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം അല്‍മായ സംഘടനകളും ഉന്നയിക്കുന്നുണ്ട്.
അതേസമയം കരട് മാത്രമാണ് തയ്യാറാക്കിയതെന്നും ബില്ല് വരുന്നതില്‍ സഭകള്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്നും ജസ്റ്റിസ് ചോദിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബില്ല് നടപ്പാക്കില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ നിയമപരിഷ്കണ കമ്മീഷന്റെ നീക്കമാണ് ഇപ്പോള്‍ സഭകളെ ചൊടിപ്പിച്ചിരിക്കുന്നത്.

Tuesday, February 26, 2019

സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിക്കണം: പോപ്പ് ഫ്രാന്‍സിസ്

https://www.asianetnews.com/news/pope-compares-child-sex-abuse-to-human-sacrifice-pnfm4e
https://www.asianetnews.com/news/leave-the-priesthood-pope-tells-gay-priests-pj57fz
 വത്തിക്കാന്‍ സിറ്റി: 
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മാര്‍പാപ്പ അറിയിച്ചു. 
കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണമാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇത്തരം  ഇത്തരക്കാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ  ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ്ഗ ലൈംഗിക താല്‍പ്പര്യങ്ങളുള്ള പുരോഹിതര്‍ ക്രൈസ്തവ ഗണത്തില്‍ ചേരുന്നവരല്ല, ഇത്തരത്തില്‍ ജീവിതം നയിക്കുന്നവര്‍ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കാനാണ് പുതിയ പുസ്തകത്തിലൂടെ മാര്‍പ്പാപ്പ വ്യക്തമാക്കിയത്.
മാര്‍പ്പാപ്പയുമായി സ്പാനിഷ് പുരോഹിതന്‍ ഫെര്‍ണാണ്ടോ പ്രാഡോ നടത്തിയ ദീര്‍ഘ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ സ്ട്രങ്ത് ഓഫ് വോക്കേഷന്‍' എന്ന പുസ്തകത്തിലാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 
 ഇന്നത്തെ സമൂഹത്തില്‍ പുരോഹിതന്‍/സന്യാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍പ്പാപ്പയുടെ നിലപാട് വ്യക്തമാക്കുന്നത് എന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരമായ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പമേറിയതാക്കണമെന്നും, തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പാപ്പ നേരത്തെ പറഞ്ഞിരുന്നു. സഭയ്ക്കുള്ളിലെ 'സ്വവര്‍ഗ്ഗ ലൈംഗികത' തന്നെ ആകുലപ്പെടുത്തുന്ന ഒന്നാണെന്ന് പ്രസ്തുത പുസ്തകത്തില്‍ മാര്‍പ്പാപ്പ പറയുന്നു.

Monday, February 25, 2019

കാലത്തിൻറ്റെ കോലംമാറുന്നതറിയാതെ പുലമ്പുന്ന ചിലപുരോഹിതന്മാർ!



ജോർജ് നെടുവേലിൽ - ഫ്ലോറിഡ.

അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക് നഗരംപോലെ ഇറ്റലിയുടെ സാമ്പത്തിക രാജധാനിയായി വിരാജിക്കുന്ന നഗരമാണ് മിലാൻ. രാപ്പകൽ വ്യത്യാസമില്ലാതെ ത്രസിക്കുന്ന മിലാൻനഗരം 2012 സെപ്റ്റംബർ 2-ന് പൊടുന്നനവേ നിശ്ചലമായി. ആയിരക്കണക്കിന്ക ത്തോലിക്കരുടെയും മറ്റു മതസ്ഥരുടെയും അവിശ്വാസികളുടെയും ആരാധനാപാത്രമായിരുന്ന    കാർലോ മാരിയോ മാർട്ടിൻ അന്നേദിവസം അവരെ ദുഖനിമഗ്നരാക്കിക്കൊണ്ട്  എന്നേക്കുമായി വിട്ടുപിരിഞ്ഞു. വർഷങ്ങളായി മിലാൻ നിവാസികളെ സേവിച്ചും സ്നേഹിച്ചും, അവരുടെ സ്നേഹാദരവുകൾ ആർജ്ജിച്ചും ജീവിച്ചിരുന്ന കർദിനാളായിരുന്നു കാർലോ. കാലത്തിൻറ്റെ മാറ്റങ്ങൾ മനസിലാക്കാത്ത,  മനസ്സിലാക്കാൻ മനസ്സുതുറക്കാത്ത കത്തോലിക്കാ സഭാധികാരികൾക്ക് ഒരു അപവാദമായിരുന്നു  കർദിനാൾ കാർലോ. അക്കാരണത്താൽ യാഥാസ്ഥിക സഭാനേതൃത്വത്തിന് അദ്ദേഹം അനഭിമതനുമായിരുന്നു .

മരണത്തിനു മൂന്നുനാൾ മുൻപ്, മരണക്കിടക്കയിൽ കിടന്നുകൊണ്ട് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഉച്ചരിച്ച വാക്കുകൾ ശ്രദ്ധിക്കുക: "കുറഞ്ഞത് 200 വർഷമെങ്കിലും പിന്നിലാണ് കത്തോലിക്കാ സഭയുടെ നിൽപ്പും നീക്കങ്ങളും. അവളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഏറെയും പൊള്ളയും ആടൊപവുമാണ്".

 സഭ 200 വർഷം പിന്നിലാണെന്നുള്ള, കാലം ചെയ്ത കർദിനാളിൻറ്റെ നിരീക്ഷണം യൂറോപ്യൻ സഭയെ സംബന്ധിച്ച് ശരിയാണെങ്കിലും, വികസിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ സഭയെ സംബന്ധിച്ചിടത്തോളം അഞ്ചു നൂറ്റാണ്ടെങ്കിലും പിന്നിലാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവ അക്കൂട്ടത്തിൽ ഉൾപ്പെട്ടവയാണ്. കടുത്ത യാഥാസ്ഥിതിക മാർപ്പാപ്പാമാരായ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ഇക്കാര്യത്തിൽ കുറ്റക്കാരാണെന്ന് പറയാതെ വയ്യ! അന്ധകാര യുഗത്തിലെ കത്തോലിക്കാസഭയുടെ മാറാല നിറഞ്ഞ ഇരുട്ടറകളും കൂരിരുട്ടുമായിരുന്നു അവർക്കു പഥ്യം. കാറ്റും വെളിച്ചവും കടന്നു വരാൻ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ തുറന്നിട്ട കതകുകളും ജനാലകളും, ഇരുട്ടും  നിഗൂഢതയും പൊടിയും ഇഷ്ട്ടപെട്ട പിൻഗാമികൾ കൊട്ടിയടച്ചു-കൊളുത്തിട്ടു. വളരെയേറെ പ്രതീക്ഷകൾ വാഗ്ദാനംചെയ്ത രണ്ടാം വത്തിക്കാൻ സൂനഹദോസിൻറ്റെ പുരോഗമനപരമായ ചിന്തകളെയും നിർദ്ദേശങ്ങളെയും പിന്നീട് വന്ന മിക്ക പാപ്പാമാരും അവഗണിച്ചു-അട്ടിമറിച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസിൻറ്റെ നിർദ്ദേശങ്ങൾ പാപ്പാസ്ഥാനത്തിൻറ്റെ പരമശക്തിക്ക് പാരയാകുമെന്നും, ഇന്നുവരെ സഭ അടിമകളാക്കി അടിച്ചമർത്തി നിറുത്തിയിരിക്കുന്ന അൽമേനികൾ ആളുകളിക്കാൻ ഇടയാക്കുമെന്നും വത്തിക്കാൻ ഭയപ്പെടുന്നു. 'ദാ വന്നു; ദേ പോയി'   എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിനെപ്പറ്റി പറയുന്നതിൽ പതിരില്ല.    

അന്ധകാര യുഗത്തിൻറ്റെ മുഖമുദ്രയായ അഞ്ജതയും അന്ധവിശ്വാസങ്ങളും മുറുകെപ്പിടിക്കുവാൻ മടിയില്ലാത്ത അനേകർ പുരോഹിത വേഷമണിഞ്ഞുകൊണ്ട് വിശ്വാസികളെ അബദ്ധപാതകളിലൂടെ തെളിക്കുവാൻ  പാടുപെടുന്നു. വികസ്വര രാജ്യങ്ങളെക്കാൾ വികസിക്കാൻ വീർപ്പുമുട്ടുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് ഇക്കൂട്ടർ വിലസുന്നത്.

അടുത്തൊരു ദിവസം ഒരു അമേരിക്കൻ പള്ളിയിൽ ഞായറാഴ്ച പരിപാടികളിൽ സംബന്ധിക്കാൻ സംഗതിയായി. പള്ളിവേല അന്വേഷിച്ചു കേരളത്തിൽ നിന്നും വന്ന ഒരു പുരോഹിതനായിരുന്നു കാർമ്മികൻ. വേനലിൻറ്റെ ആഗമനത്തിൽ ഇമ്മാതിരി പള്ളിത്തൊഴിലാളികൾ വേനൽപക്ഷികളെപോലെ കേരളത്തിൽനിന്നും അമേരിക്കയിലേക്ക് പറന്നെത്താറുണ്ട്-ഡോളർ വയലുകൾ തേടി. ഒന്നിലധികം വയലുകളിൽ പണിയെടുക്കുന്നതിൽ അവർ ഉത്സുകരാണ്. അധരസേവ ആയാസമുള്ള പണിയല്ലല്ലോ. വേതനമോ, വളരെ ആകര്ഷണീയവും. യേശുവിൻറ്റെ പേരിൽ വായനക്കിയാൽ കീശ നിറക്കാം. ആശ്വാസത്തോടെ മടങ്ങി പോകാം.  

അമേരിക്കൻ പള്ളിച്ചടങ്ങുകളുടെ ഇടക്കുള്ള പ്രസംഗം സാധാരണഗതിയിൽ അഞ്ചു മിനിറ്റിനുള്ളിൽ ഒതുങ്ങും. എന്നാൽ മലയാളി വൈദീകൻ ഇരുപതു മിനിറ്റോളം അത് വലിച്ചിഴച്ചു. പ്രധാനമായും രണ്ടു കാര്യങ്ങൾ പറയാനാണ് സമയം മെനക്കെടുത്തിയത്‌. മറ്റു ക്രിസ്തീയ സഭകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അവരുടെ കുറ്റങ്ങളേയും കുറവുകളെയും ഉയർത്തിക്കാണിക്കുവാൻ ഉത്സാഹിച്ചു. അമേരിക്കയിലെ വർദ്ധിതമായ വിവാഹമോചനത്തെ അപലപിച്ചു. പള്ളിക്കർമ്മങ്ങളിൽ മുടങ്ങാതെ സംബന്ധിക്കാൻ വിശ്വാസികൾ കാണിക്കുന്ന വിമുഖതയാണ് വിവാഹമോചനങ്ങളുടെ അടിസ്ഥാന കാരണമെന്ന് സമർത്ഥിക്കാൻ അദ്ദേഹം സാഹസപ്പെട്ടു. ശ്രോതാക്കളിൽ ചിലർ വാച്ചിൽ നോക്കുന്നതും അക്ഷമരാകുന്നതും ആരറിയാൻ? അമ്പതു വർഷമായി ഞാൻ തൊഴിലിൽ വിലസുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗപീഠം വിട്ടത്.

ഇനിയും, അന്ധകാരയുഗത്തിൻറ്റെ ആരാധകരായ ചില പുരോഹിതന്മാർ കേരളത്തിൽ അരങ്ങേറുന്ന മാമാങ്കങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം.

രണ്ടു മൂന്നു  വർഷങ്ങൾക്കു മുൻപ്, ഭാരതത്തിൻറ്റെ വത്തിക്കാനെന്നു പുകഴ്ത്തപ്പെടുന്ന പാലാ പട്ടണത്തിലെ അരുണാപുരിയിൽ ഒരു കത്തോലിക്കാ പുരോഹിതൻറ്റെ അരുളപ്പാടുണ്ടായി. റബ്ബർവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവിന് കാരണം കർഷകർ ദൈവത്തിൽനിന്നും അകലുന്നതുകൊണ്ടെന്നായിരുന്നു അദ്ദേഹത്തിൻറ്റെ കണ്ടുപിടിത്തം. റബ്ബറിന് ഉയർന്ന വില കിട്ടാൻ സഹായിക്കുന്ന ദൈവത്തിന് വാരിക്കോരി കൊടുക്കുന്നതിൽ കർഷകർ പിശുക്കുകാണിക്കുന്നുവെന്ന് ദൈവത്തിൻറ്റെ പ്രതിപുരുഷനായ പുരോഹിതൻ പരിതപിച്ചു. തനിക്കർഹമായ വിഹിതം തരാത്തവരെ താങ്ങാൻ തമ്പുരാൻ മടി കാണിക്കുന്നുവെന്നായിരുന്നു കർത്താവിൻറ്റെ പ്രതിപുരുഷൻറ്റെ ഭാഷ്യം. കർത്താവിൻറ്റെ തിരുമനസ്സറിഞ്ഞു വിശ്വാസികളെ അപ്പളപ്പോൾ  അറിയിക്കേണ്ടത് കർത്താവിൻറ്റെ പ്രതിപുരുഷന്മാരുടെ കടമയാണല്ലോ! കടമയാണ് പ്രസ്തുത പുരോഹിതൻ നിർവഹിച്ചതെന്ന് അദ്ദേഹത്തെ സഹിച്ച വിശ്വാസികൾ ആശ്വസിച്ചിട്ടുണ്ടാവും

വർഷങ്ങൾക്കു മുൻപ് സെക്കൻഡറാബാദിലെ ഒരു ചാപ്പലിൽ ഒരു തമിഴു പുരോഹിതൻ പൂജക്കിടയിൽ ആവേശവിവശനായി പേശിയതിങ്ങനെ:”ഉയിര് കൊടുത്ത ആണ്ടവന് മയിര് കൊടുക്ക മുടിയാതാതിരുപ്പതിയിൽ ബാലാജിക്ക്ഭക്തന്മാർ മയിരു മുറിച്ചു കൊടുക്കുന്ന പതിവുണ്ട്‌. അതിനെ ആധാരമാക്കിയായിരുന്നു അച്ചൻറ്റെ വേവലാതി.

വിശ്വാസികളുടെ ത്യാഗഫലമായ മയിരിനല്ല ഇവിടെ പ്രസക്തി. അതുമൂലം കെടക്കുന്ന കാശിനാണ്. യേശുവിൽ ആശ്വാസം അരുളാനും അതിൻറ്റെ പേരിൽ കീശയിൽ ആശ്വാസം കണ്ടെത്താനുമാണല്ലൊ ആയിരക്കണക്കിന് ക്രിസ്തീയമതങ്ങളും അവരുടെ പുരോഹിതന്മാരും ശ്വാസംമുട്ടുന്നതും ശാന്തി നേരുന്നതും. കേരളത്തിലെ മുക്കിലും മൂലയിലും മുറുക്കാൻകട പോലെ പൊന്തി വന്നിരിക്കുന്ന ധ്യാനകേന്ദ്രങ്ങളുടെ ആശയവും ആശയും മറ്റൊന്നല്ല. ധ്യാനകേന്ദ്രങ്ങലെ ധ്യാമകേന്ദ്രങ്ങൾ എന്ന് വിളിക്കുന്നതല്ലേ "ന്യായവും യുക്തവും'. കാശിൻറ്റെ തള്ളലുള്ള ഇടങ്ങളിലേക്കാണല്ലോ ധ്യാമകേന്ദ്രവേന്ദ്രൻമാരുടെ തള്ളൽ ശക്തമായിരിക്കുന്നത്.

ഇത്തരുണത്തിൽ നാം ഒരു കാര്യം ഓർക്കുന്നത് ഉത്തമമായിരിക്കും. ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും വച്ചുപുലർത്തുന്നതിനെതിരെ കണ്ഠക്ഷോഭം നടത്തുന്ന പുരോഹിതർ തന്നെയാണ് കൊടിമരം പണിയാനും കൊടികയറ്റാനും ഓണം ആഘോഷിക്കാനും മുത്തുക്കുടയും ചെണ്ടകൊട്ടും വെഞ്ചാമരവും ആലവട്ടവും ആഘോഷങ്ങളിൽ അണിനിരത്തുവാനും ആഹ്വാനം ചെയ്യുന്നത്. ചോദ്യം ചെയ്യാതെ അനുസരിക്കുന്നതാണല്ലോ അടിമകളായ പറ്റങ്ങളുടെ പതിവ്. അതിന് പറ്റിയ രീതിയിലാണല്ലോ പറ്റങ്ങളെ സഭ പോറ്റിയിരിക്കുന്നത്

എടുത്തുപറയാൻ ഏറെയുണ്ടെങ്കിലും ഒരു പുരോഹിതൻറ്റെ കോപ്രായം മനസ്സിൽനിന്നും മാറാതെ നിൽക്കുന്നതുകൂടി പറയേണ്ടിയിരിക്കുന്നു. ജീൻസും ടീഷർട്ടും ധരിച്ചു പള്ളിയിൽ കണ്ട കുമാരിമാരുടെയും യുവതികളുടെയും ജീൻസിനും ടീഷർട്ടിനും പിന്നിലുള്ളതിനെപ്പറ്റി ധ്യാനിച്ചും ആകുലപ്പെട്ടും ആക്രോശിക്കുന്ന ഒരു പുരോഹിതനെ യൂട്യൂബിൽ നാം കണ്ടു മടുത്തതാണല്ലോ! ജീൻസ്ധാരികളായ പെൺകുട്ടികളെ പള്ളിയിൽനിന്നും അടിച്ചു പുറത്താക്കാൻ  പുരോഹിതൻ പുലമ്പി. സുവിശേഷ സൂക്തങ്ങൾ ഏറെ ഉരുവിട്ടു.

പറ്റങ്ങൾ പതിച്ചു കൊടുത്തിരിക്കുന്ന അർഹതയില്ലാത്ത സ്ഥാനവും, ദൈവത്തിൻറ്റെ നാമത്തിൽ പറ്റങ്ങളെ പറ്റിച്ചു തട്ടിയെടുക്കുന്ന തുട്ടുകളും, സഭാപദവിയിലൂടെ കൈവന്നിരിക്കുന്നു അതിരുകടന്ന അധികാരങ്ങളും കത്തോലിക്കാ പുരോഹിതന്മാരെ അഹങ്കാരികളും അസന്മാർഗികളും അപഥസഞ്ചാരികളും ആക്കിയതിൽ അതിശയിക്കേണ്ടതില്ല.

മേൽ പറഞ്ഞവയെല്ലാം അടുത്തകാലത്ത് നടന്ന സംഭവങ്ങളാണ്. പെണ്കുട്ടികളുടെ ജീൻസ് ധാരണത്തിൻറ്റെ പേരിൽ വിഷം ചീറ്റിയ പുരോഹിതനെതിരെ പള്ളിക്കാരും പത്രക്കാരും മാധ്യമങ്ങളും വനിതാ സംഘടനകളും രംഗത്തു വന്നത് സ്വാഗതാർഹമാണ്.

ആറു പതിറ്റാണ്ടുകൾക്ക് മുൻപ് കുട്ടനാട്ടിലെ ഒരു ആശ്രമദേവാലയത്തിൽ ഒരു പുരോഹിതൻ പൂജാമധ്യേ നടത്തിയ പ്രസ്താവം പറയാതെ വയ്യ! തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ചിറക്കെട്ടും സ്വപ്നങ്ങളായി നിൽക്കുന്നകാലം. പുഞ്ചപ്പാടങ്ങളിൽ കൃഷിയിറക്കി ഞാറ് കാറ്റാടി പരുവത്തിലാകുന്ന സമയത്തായിരിക്കും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പേമാരിയുടെ വരവ്. കാര്യമായ ബലമില്ലാത്ത പുറംവരമ്പുകളെ തകർത്തുകൊണ്ട് കിഴക്കൻ വെള്ളം കൃഷി നശിപ്പിച്ചേ അടങ്ങൂ. വർഷാവർഷം കുട്ടനാടു കർഷകർക്ക് ഇതൊരു ശാപംപോലെ അനുഭവപ്പെട്ടിരുന്നു. ഇതിനെപ്പറ്റിയുള്ള പള്ളിലച്ചൻറ്റെ പ്രസ്താവം ഇങ്ങനെ ആയിരുന്നു: ‘പാടങ്ങൾ മടവീഴുന്നു; എന്തുകൊണ്ടെന്നാൽ സ്ര്തീകളുടെ വസ്ത്രധാരണമാകുന്നു' . ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം സ്ര്തീയുടെ തലയിൽ കെട്ടിവയ്ക്കാനാണല്ലൊ മതങ്ങളെല്ലാം ഉത്സാഹിക്കുന്നത്          

ഇടുക്കിയിലും എറണാകുളത്തും തൃശൂരും പുരോഹിതപ്രമാണിമാർ കുമ്പസാരത്തെപ്പറ്റിയും,  കുടുംബാസൂത്രണത്തെപ്പറ്റിയും, പരിശുദ്ധാരൂപിയുടെ പ്രത്യേകവരത്താൽ കൈവന്നിരിക്കുന്ന അധികാരാവകാശങ്ങളെപ്പറ്റിയും വായ്തുറക്കുകയും, അധികാരലഹരിയും അഹങ്കാരഗർവും ജീവൻകൊടുത്ത അന്തസ്സാരശൂന്യമായ ആടുലേഖനങ്ങൾ പടച്ചുവിടുകയും ചെയ്യുമ്പോൾ നാണിച്ചു ചൂളുന്നത് സഭയിലെ കീഴാളവർഗ്ഗമായ അൽമേനികളാണ്. 'ഞാൻ ഏതുമറിഞ്ഞില്ലേ രാമനാരായണാ' എന്ന ഭാവത്തിൽ സഭാപ്രമാണിമാർ രാജകീയ വസ്ത്രങ്ങളും സ്വർണ്ണക്കുരിശും അണിഞ്ഞു ചലിക്കുംകൊട്ടാരങ്ങളിൽ സർക്കീട്ടു നടത്തും. പുഞ്ചിരിച്ചുകൊണ്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങും.

പുരോഹിതന്മാരുടെ തൊഴി കൊള്ളുന്നതിൽ അഭിമാനിക്കുകയും തൊഴുതു നിൽക്കുകയും ചെയ്യുന്ന ഏഴകളായ വിശ്വാസിപറ്റങ്ങൾ ഏറിനിൽക്കുന്നിടത്തോളംകാലം സഭയും സഭാധികാരികളും അടിച്ചേൽപ്പിക്കുന്ന വ്യാകുലങ്ങൾ കർത്താവിൻറ്റെയും കന്യകാമറിയത്തിൻറ്റെയും വ്യാകുലങ്ങളോടു ചേർത്ത് കാഴ്ച്ചവെച്ചു കഴിയുവാനേ കേരളത്തിലെ കത്തോലിക്കാ വിശ്വാസികൾക്ക് വിധിച്ചിട്ടുള്ളു!

കേരള കത്തോലിക്കാ സഭാമേധാവികൾ മാറ്റത്തിന്റ്റെ മാറ്റൊലി ശ്രവിക്കാൻ മടി കാണിക്കുന്നുവെങ്കിലും, സഭാപറ്റങ്ങൾക്കിടയിൽ മാറ്റത്തിൻറ്റെ കാറ്റ് ആഞ്ഞടിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു വർഷം മുൻപ് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേൽസാറിനോട് നാം ഇക്കാര്യത്തിൽ കടപ്പെട്ടിരിക്കുന്നു. ഒറ്റയാൾ പട്ടാളത്തിൻറ്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ പടവെട്ടിൻറ്റെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. അഭിഷിക്തരെ ചോദ്യം ചെയ്യാനും വേണ്ടി വന്നാൽ കോടതികയറ്റാനുമുള്ള ധീരതയും കരുത്തും നമുക്ക് നേടിത്തന്നിട്ടാണ് അദ്ദേഹം പരലോകം പൂകിയത്. അവിടെയിരുന്നുകൊണ്ട്, കേരള വിശ്വാസസമൂഹത്തിലുണ്ടായ മാറ്റത്തിൽ അദ്ദേഹം നിർവൃതി കൊള്ളുന്നുണ്ടാവും.

ശ്രീ.പുലിക്കുന്നേൽസാർ കൊളുത്തിയ മാറ്റത്തിൻറ്റെ ദീപശിഖ അണഞ്ഞുപോകാതെ ഉത്തരോത്തരം ജ്വലിപ്പിക്കുന്നതിൽ ഉത്സാഹിക്കുന്ന ഒരു പ്രസിദ്ധീകരണം നമുക്കിന്ന് ഉണ്ടെന്നുള്ളത് ആശ്വാസകരവും അഭിമാനകരവുമാണ്. പാലായിൽ നിന്നും പസിദ്ധീകരിക്കുന്ന 'സത്യജ്വാല' മാസികക്ക്, സഭയിലെ മാറ്റത്തിനുവേണ്ടി മനംനൊന്ത് പരിശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ നല്ല വിശ്വാസികളും എല്ലാവിധത്തിലുമുള്ള പ്രോത്സാഹനങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

സത്യജ്വാല(മാസിക) : കേരളകത്തോലിക്കാ നവീകരണപ്രസ്ഥാനം ഒരുക്കുന്ന സ്വതന്ത്ര ചർച്ചാവേദി.

പ്രസാധകൻ: ശ്രീ. ജോർജ് മൂലേച്ചാലിൽ

പ്രസിദ്ധീകരിക്കുന്നത്: ഭാരതവത്തിക്കാനായ പാലായിൽനിന്ന്-മാസംതോറും

ഫോൺ : 8848827644. -മെയിൽ : josantonym@gmail.com.

  നാളിൽ നാളിൽ വളരട്ടെ ഉജ്ജ്വലമായി സത്യജ്വാല!