Translate

Saturday, December 31, 2011

എന്റെ ദൈവം (മോചന കാഹളം)


മാന്യന്മാരെ മാത്രം മാനിച്ചിടും മഹാ-
മാന്യനല്ല മമ താതന്‍ ദൈവം.
അന്തസ്സുള്ളോരുടെ ഭാഗം പിടിക്കുമൊ-
രന്തസ്സുകാരനല്ലെന്റെ താതന്‍.
പ്രീശരില്‍ പൂമാല ചാര്‍ത്തിടും സ്വര്‍ലോക
പ്രീശനല്ലെന്നുള്ളിലുള്ള ദൈവം.
ജീവന്‍ ഹനിച്ചും പലിശ പൂജിച്ചിടും
നീചനാം ഷൈലോക്കല്ലെന്റെ താതന്‍.
ചുങ്കക്കാരൊപ്പം വീരുന്നു കഴിയ്ക്കുവാന്‍
ശങ്കിയ്ക്കില്ലെന്‍ നാഥനായ ദൈവം.
വേശ്യയെ പുല്കാന്‍ മടിയ്ക്കില്ലൊരിക്കലു-
മീശന്‍, മനസ്സാക്ഷി ശുദ്ധമെങ്കില്‍.
ഒന്നുമേ സ്വന്തമല്ലെന്നുള്ള ബോധ്യമാ-
ണെന്നും മനസ്സിനു സ്വര്‍ഗ്ഗശാന്തി.
ഉള്ളതിന്‍ നാഥന്‍ താനെന്നുള്ള തോന്നലാ-
ലുള്ളില്‍ ഭവിച്ചിടും നിത്യനാശം.
തന്നിലെ ശോഭ തന്‍ സ്വന്തമാണെന്നുള്ള
ചിന്തയാല്‍ ചന്ദ്രന്‍ ദുഷിച്ചിടുന്നു.
മിന്നിത്തിളങ്ങി വിളങ്ങിടുമിന്ദുവീന്‍
ചന്തമേറും പ്രഭ സൂര്യനല്ലേ.

അനുരണനങ്ങള്‍::                
ജോര്‍ജ് മൂലേച്ചാലില്‍

ഈ കവിതയില്‍, ദൈവത്തെയും ദൈവസാന്നിദ്ധ്യത്തെയും കുറിച്ചുള്ള തന്റെ സങ്കല്പങ്ങള്‍ ലളിതസുന്ദരമായി കോറിയിടുകയായണ്, ഗുരുദാസച്ചന്‍. ലോകനീതിയനുസ്സരിച്ചുള്ള മാന്യതയോ അന്തസ്സോ ഒന്നുമല്ല; മറിച്ച്, മനഃശുദ്ധിയാണ് ദൈവസാന്നിദ്ധ്യത്തിനാധാരം എന്ന സത്യാവബോധം അനുവാചകരിലുണര്‍ത്തുന്നു, അദ്ദേഹം.

മനഃശുദ്ധിയുടെ സ്വഭാവമെന്തെന്നും അതിന്റെ ഫലമെന്തെന്നുംകൂടി ഈ കവിത വ്യക്തമാക്കുന്നുണ്ട്. ഉള്ളതെല്ലാം നല്‍കപ്പെട്ടവ മാത്രമായിരിക്കെ, അതിന്റെയെല്ലാം ഉടമസ്ഥനും നാഥനുമായി സ്വയം കരുതാന്‍മാത്രം അന്ധമായ അഹന്ത നിറഞ്ഞവരാണ്, അങ്ങനെ മനഃശുദ്ധി നഷ്ടമാക്കിയവരാ രാണ് മനുഷ്യരിലേറെയും. അങ്ങനെ സ്വയം ദൈവം ചമയുന്നവര്‍ യഥാര്‍ത്ഥ ദൈവസാന്നിദ്ധ്യത്തിനുള്ള വഴി സ്വയം കൊട്ടിയടയ്ക്കുകയാണെന്നു കാണാം. ഞാനെന്ന ഭാവം (ego) തിങ്ങിനിറഞ്ഞിരിക്കുന്ന മനസ്സുകളിലേയ്ക്ക് കടക്കാന്‍ ദൈവികതയ്ക്ക്, സത്യബോധത്തിന്, യാതൊരു മാര്‍ഗ്ഗവുമില്ല. കോശം തന്റെ ജീവന് ആധാരമായിരിക്കുന്ന ഓക്‌സിജനു വഴിതടഞ്ഞാല്‍ സ്വയം ദുഷിക്കുമെന്നതുപോലെ, മുന്തിരിവള്ളിയുമായി ബന്ധമറ്റ ശാഖകള്‍ കരിഞ്ഞുണങ്ങിപ്പോകുമെന്നതുപോലെ, സൂര്യപ്രഭയെ തടഞ്ഞാല്‍ ചന്ദ്രന്‍ പ്രകാശിക്കുകയില്ല എന്നതുപോലെ, ദൈവസാന്നിദ്ധ്യമറ്റുപോകുന്ന മനുഷ്യനും ആന്തരികമായി ദുഷിക്കുന്നു. ഈ ദുഷിപ്പിന്റെ ഫലം സംഘര്‍ഷവും അശാന്തിയുമാണ്, കരച്ചിലും പല്ലുകടിയുമാണ്.

എന്നാല്‍, 'ഒന്നുമേ സ്വന്തമല്ലെ'ന്നുള്ള സത്യബോധത്തിലെത്തിയാലോ? എങ്കില്‍, 'എന്നും മനസ്സിനു സ്വര്‍ഗ്ഗശാന്തി'യാണ്. ഓഷോ രജനീഷ് പറഞ്ഞിട്ടുള്ളതുപോലെ, ഞാനെന്ന ഭാവം കൊഴിച്ചുകളഞ്ഞവരുടെ മനസ്സ് ദൈവത്തിന്റെ ചുണ്ടുകളില്‍ പൊള്ളയായ പുല്ലാംകുഴലുകളായി മാറുന്നു. തങ്ങളുടെ ഒഴിഞ്ഞു ശുദ്ധമായ മനസ്സുകളിലൂടെ ഒഴുകിപ്പരക്കുന്ന ദൈവികമായ സ്വര്‍ഗ്ഗീയസംഗീതത്തിന്റെ ലഹരിയില്‍, ഭാരമേതുമില്ലാതെ അനുനിമിഷം നൃത്തം ചവിട്ടുകയാണവര്‍! സ്വര്‍ഗ്ഗശാന്തിയിലും സ്വര്‍ഗ്ഗീയാനന്ദത്തിലുമാണവര്‍!

ഈ സ്വര്‍ഗ്ഗീയ ശാന്തിയുടെയും ആനന്ദത്തിന്റെയും അനുഭൂതിയില്‍ ജീവിക്കാന്‍ വേണ്ടുന്ന ശാരീരികവും മാനസ്സികവുമായ എല്ലാ സിദ്ധി-വൈഭവങ്ങളോടുംകൂടി ജന്മംകൊണ്ട മനുഷ്യവംശത്തിന് അവ വേണ്ടുംവണ്ണം അനുഭവിക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഈ കവിത വായിക്കുന്ന സഹൃദയരുടെ ഉള്ളിലുടക്കാതിരിക്കില്ല. വച്ചുനീട്ടപ്പെട്ടിരിക്കുന്ന ഈ വരപ്രസാദത്തിനു നേരെ കണ്ണുകളടച്ചുകൊണ്ട്, മനുഷ്യകോടികള്‍ തങ്ങളുടെ ജീവിതത്തെ പാഴാക്കിക്കളയുകയാണല്ലോ എന്ന ചിന്ത അവരില്‍ ദുഃഖമുണര്‍ത്തുകയും ചെയ്യും. തീര്‍ച്ചയായും, ഈ ദുരവസ്ഥയുടെ കാരണമന്വേഷിക്കാനും അവര്‍ക്കിതൊരു പ്രേരണയാകും.
മനസ്സിന്റെ സിംഹാസനത്തില്‍ അവനവനെത്തന്നെ കയറ്റിയിരുത്തുന്ന മൗഢ്യത്തിന് എന്തുകൊണ്ട് മനുഷ്യരെല്ലാവരും കീഴ്‌പ്പെടുന്നു? ഈ അന്ധതയ്ക്ക് അവരോരോരുത്തരുമാണോ കുറ്റക്കാരായിരിക്കുന്നത്? അതോ, കുറ്റകരമായ ഒരു സാഹചര്യത്തിന്റെ ഇരകള്‍ മാത്രമാണോ അവര്‍?

മനുഷ്യരില്‍ ഉണര്‍ത്തിയെടുക്കേണ്ട ഒന്നാണ് ആത്മീയത. അതുണര്‍ത്തപ്പെടുംവരെ, ഓരോ മനുഷ്യനും അവനവന്‍കേന്ദ്രീകൃതനാ(self-centred)യിരിക്കും. തന്റെ അസ്തിത്വത്തിന്റെ കേന്ദ്രം തന്നിലല്ലെന്നും, അത് ഏകമായിരിക്കുന്ന ഒരു ആകമാന അസ്തിത്വത്തിലാണെന്നുമുള്ള അവബോധം (whole centred conciousness) സ്വയം മനനം ചെയ്‌തോ ഗുരുക്കന്മാര്‍ വഴിയോ ഉണര്‍ത്തപ്പെടുവരെ മനുഷ്യനിലെ ആദ്ധ്യാത്മികതലം മയങ്ങിക്കിടക്കുകയേയുള്ളൂ. ഈ ഉണര്‍ത്തലിനാണ് ആദ്ധ്യാത്മികാചാര്യന്മാരും അവര്‍ വിഭാവനം ചെയ്തിട്ടുള്ള മതസംവിധാനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആചാര്യന്മാരെത്തന്നെ പൂജാവിഗ്രഹങ്ങളാക്കിക്കൊണ്ട് ബലിപൂജാദികളുടെ വേദികളാക്കി മാറ്റുന്നു, മതങ്ങളില്‍ കയറിക്കൂടുന്ന പൗരോഹിത്യം. തന്‍കാര്യവ്യഗ്രമായ വ്യാമോഹങ്ങളില്‍ വീണുകിടക്കുന്ന മനുഷ്യരെ അതില്‍നിന്നു മോചിപ്പിക്കുന്നതിനു പകരം, സ്വകാര്യ സ്വര്‍ഗ്ഗമെന്ന മറ്റൊരു വ്യാമോഹംകൂടി പുരോഹിതന്‍ അവരില്‍ നിക്ഷേപിക്കുകയാണ്! ഈ സാഹചര്യത്തില്‍, സ്വര്‍ഗ്ഗംകൂടി സ്വന്തമാക്കാന്‍, സ്വാഭാവികമായും, അവര്‍ പുരോഹിതസൃഷ്ടവും അതിവിശാലവുമായ അനുഷ്ഠാനവഴിയിലേക്കു തിരിയുന്നു. 'ഒന്നുമേ സ്വന്തമല്ലെന്നുള്ള ബോധ്യ'ത്തില്‍നിന്ന്, ആദ്ധ്യാത്മികതയില്‍ നിന്ന്, അവര്‍ അകന്നകന്നു പോകുകയാണ്.

ഇവിടെ ആരാണ് കുറ്റക്കാര്‍? സാധ്യമാകുമായിരുന്ന സ്വര്‍ഗ്ഗശാന്തിയും പരസ്പരാനന്ദവും മനുഷ്യര്‍ക്കിവിടെ നഷ്ടമാകുകയാണ്. അവരത് ബോധപൂര്‍വ്വം നഷ്ടപ്പെടുത്തുകയാണെന്നു പറഞ്ഞുകൂടാ. അവര്‍ അന്ധരായിരുന്നു, അതെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല, എന്നേയുള്ളൂ. എന്നാല്‍, മനുഷ്യരുടെ കണ്ണു തുറപ്പിക്കാനും ആദ്ധ്യാത്മികവെളിച്ചം വീശി അവരെ ശരിയായി വഴിനടത്താനും നിയോഗിക്കപ്പെട്ടവരെന്നും ആ നിയോഗം ഏറ്റെടുത്തവരെന്നും അവകാശപ്പെടുന്ന പൗരോഹിത്യം ഇക്കാര്യത്തില്‍  കുറ്റവിമുക്തരാണോ? തീര്‍ച്ചയായുമല്ല. കാരണം, ഒറ്റയ്ക്കും സംഘാതമായും തങ്ങളുടെ ആചാര്യത്വപരമായ ഉത്തരവാദിത്വങ്ങളില്‍നിന്നു ബോധപൂര്‍വ്വം മാറിനില്‍ക്കുകതന്നെയായിരുന്നവര്‍. പകരം, പാപബോധമുണര്‍ത്തിയും അധികാരം പ്രയോഗിച്ചും തങ്ങളുടെ അനുഷ്ഠാനമാര്‍ഗ്ഗത്തിലൂടെ മനുഷ്യരെ തങ്ങളുടെ പിന്നില്‍ അണിനിരത്തുകയായിരുന്നവര്‍. ഓരോരുത്തരുടെയും ഉള്ളിലുള്ള 'ഗുരുത്വ'ത്തെ ഊതിയുണര്‍ത്താന്‍ ബാധ്യസ്ഥരായിരുന്ന അവര്‍, അതിന്റെ നാമ്പുകള്‍തന്നെ നുള്ളിക്കളയുകയായിരുന്നു... ചുരുക്കത്തില്‍, തങ്ങളുടെ 'മത'പ്രവര്‍ത്തനങ്ങള്‍കൊണ്ട് മനുഷ്യരെ ഇരട്ടി നരകത്തിനു യോഗ്യരാക്കുകയായിരുന്നു, പൗരോഹിത്യം.

വ്യക്തികളെ കുറ്റം വിധിക്കാതെ, അവരെ അങ്ങനെ ആക്കിത്തീര്‍ക്കുന്ന മതവിരുദ്ധമായ പുരോഹിതവ്യവസ്ഥയെയാണ് മാറ്റിമറിക്കേണ്ടത് എന്ന ആശയവുമുള്ളവര്‍ക്ക്, അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പകരാന്‍ ഈ കവിത ഉതകുമെന്നു തോന്നുന്നു. തന്നില്‍ സ്വതസിദ്ധമായിരിക്കുന്ന ആധ്യാത്മിക ആചാര്യത്വമായിരിക്കണം ഇത്തരം കവിതകളെഴുതാന്‍ ഗുരുദാസച്ചനെ പ്രേരിപ്പിക്കുന്നത്. തീര്‍ച്ചയായും, ഈ കാലഘട്ടം ആവശ്യപ്പെടുന്നത് അദ്ദേഹത്തെപ്പോലുള്ള ആദ്ധ്യാത്മിക ഗുരുക്കന്മാരെയാണ്.

ക്നാനായ്ക്കാര്‍ വസിഷ്ഠമുനിയുടെ സന്തതികളോ?

പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷമാണ് സുറിയാനി ക്രിസ്ത്യാനികള്‍ റോമയുടെ കീഴിലുള്ള കത്തോലിക്കാ മതം സ്വീകരിച്ചത്. പതിനാലാംനൂറ്റാണ്ടിനുമുമ്പ് സുറിയാനി ക്രിസ്ത്യാനികള്‍ ബാബിലോണിയായിലെ പാത്ര്യാര്‍ക്കീസിന്റെ കീഴില്‍ ആയിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ നാട്ടുക്രിസ്ത്യാനികളുമായിട്ടുള്ള സങ്കരംവഴി ഇവര്‍ ‍ ഒരു സമിശ്രവര്‍ഗമായി തീര്‍ന്നു. ക്നാനായ്ക്കാരുടെ ഭക്ഷണ രീതികളും പോര്‍ട്ടുഗീസുകാരുടെപോലെ തന്നെയാണ്. കള്ളും പന്നിയും പെണ്ണുമായി ജീവിച്ച സംസ്ക്കാരരഹിതരായ ഒരു ജാതിയായിരുന്നു പോര്ടുഗീസുകാര്‍. പന്നി മുസ്ലിം സമുദായവും ഗോമാംസം  ഹിന്ദുക്കളും ഉപയോഗിക്കുകയില്ല. അന്ന് മാംസം കഴിക്കുന്നവര്‍ നാട്ടുപറയന്മാരും പിന്നെ പോര്ട്ടുഗീസുകാരുമായിരുന്നു.  ക്നാനായ്ക്കാരുടെ എല്ലാ പഴയപള്ളികളും പോര്‍ട്ടുഗീസ്മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവരില്‍ നല്ലവണ്ണം വെളുത്ത ക്നാനായ്ക്കാര്‍ യൂറോപ്യന്മാരെപ്പോലെയാണെങ്കിലും ആരും  യഹൂദരെപ്പോലെയല്ല.

ചേരരാജ്യത്തിന്റെ തലസ്ഥാനം മഹാദേവര്‍ പട്ടണമായിരുന്നു. എട്ടാംനൂറ്റാണ്ടില്‍ മാത്രമാണ് കൊടുങ്ങല്ലൂര്‍ ചേരരാജ്യത്തിന്‍റെ തലസ്ഥാനം ആയത്. അതിനുമുമ്പ് ചേരരാജാക്കാന്മാര്‍ മുസീരിപട്ടണത്തില്‍ താമസിച്ചു.  അന്ന് തലസ്ഥാനം തമിഴ്നാട്ടിലെ കരൂര്‍ ആയിരുന്നു. തമിഴിലെ സംഘംസാഹിത്യം പുരാതന കേരളത്തിലെ ‍ ക്രിസ്ത്യാനികളെപ്പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ല. അതെസമയം ഗ്രീക്കുകാരെപ്പറ്റിയും റോമാക്കാരെപ്പറ്റിയും പല പരാമര്‍ശനങ്ങളുമുണ്ട്.

ക്നാനായ് ക്രിസ്ത്യാനികള്‍ എ. ഡി. 345 ല്‍ വന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല് ‍ചേരമാന്‍ പെരുമാക്കമാരുടെ കാലം 800 എ.ഡി. മുതല്‍ 1102 എ. ഡി. വരെയായിരുന്നു. ക്നനായ് ഇസ്രായേല്‍ ദേശത്താണ്.

ചില തെളിവുകളെ ആധാരമാക്കി അന്നുണ്ടായിരുന്ന ഹിന്ദുക്കള്‍ പോര്ടുഗീസുകാരുടെ വരവോടെ കാളയെ തിന്നുവാന്‍ തുടങ്ങി. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കള്‍ അയിത്തം കല്‍പ്പിച്ചു അവരെ ജാതിക്കു പുറത്താക്കുകയും മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് ക്രിസ്ത്യാനികളായി മതംമാറിയെന്നും ഹിന്ദുക്കളുടെ ചില രേഖകളില്‍ കാണുന്നു. ക്നാനയ്ക്കാരെ അയിത്തം കല്പ്പിച്ചതുകൊണ്ട് സുറിയാനി ക്രിസ്ത്യാനികളും ഇവരെ ഒറ്റപ്പെടുത്തി. അങ്ങനെ ക്നാനായ് ക്രിസ്ത്യാനികള്‍ സ്വവംശത്തില്നിന്ന് മാത്രം (endogamous group) വിവാഹം കഴിക്കുന്ന ഒരു വര്‍ഗമായി തീര്‍ന്നു.

ക്നനായ്കാരെ ചരിത്രപരമായി അറിയപ്പെടുന്നത് തെക്കുംഭാഗരെന്നാണ്. ക്നാനായ് എന്നുള്ള പദം ഇരുപതാംനൂറ്റാണ്ടു മുതല്‍ പ്രയോഗത്തില്‍ വന്നു. അതുകൊണ്ട് ഇവര്‍ ക്നാനായ്ദേശത്ത് നിന്നുള്ളവെരെന്നു യാതൊരു ചരിത്രരേഖകളുമില്ല. മാക്കില്‍ മെത്രാന്റെ കള്ളകഥളെന്നുവേണം അനുമാനിക്കുവാന്‍.

ക്നാനായിക്കാര്‍ക്ക് മറ്റുള്ള ക്രിസ്ത്യാനികളെക്കാള്‍ വളരെയധികം യഹൂദപാരമ്പര്യമുണ്ടെന്നു പല ലേഖനങ്ങളും അവകാശപ്പെടുന്നു. എന്നാല്‍ മറ്റു നസ്രാണികളും ക്നാനായ്ക്കാരും പിന്തുടരുന്ന പെസ്സഹാ അപ്പം മുറിക്കല്‍ ക്നാനായ് യാക്കൊബക്കാരുടെയിടയിലില്ല. പകുതിയോളം ക്നാനായ്ജനത ഈ പാരമ്പര്യം പിന്തുടരുന്നുമില്ല. ഇതു തികച്ചും നസ്രാണി പാരമ്പര്യമാണ്. ക്നാനായ് പാരമ്പര്യമല്ല. ക്നാനായ്ക്കാരുടെ കാള ഇറച്ചിതീറ്റി ഇവരെ മറ്റു സമുദായക്കാര്‍ അകറ്റികാണും.

ക്രിസ്ത്യാനികളുടെ ആരംഭത്തിനുമുമ്പ് ഗോമാംസം തിന്നുന്നവര്‍ കേരളത്തിലെ ചണ്ടാളജാതിയില്പ്പെട്ട പറയന്മാരായിരുന്നു. പുരാതനകാലത്ത് ചണ്ടാലന്മാര്‍ ഉന്നതകുലജാതരായിരുന്നുവെന്നു പാരമ്പര്യം പറയുന്നു. ചണ്ടാലജനത വസിഷ്ഠമുനിയുടെ സന്താനങ്ങളെന്നു പുരാണം പറയുന്നു. ഇവരുടെ ഗോമാംസം ഭക്ഷണം മറ്റുള്ള ജാതികള്‍ ഇവര്‍ക്ക് ഭ്രുഷ്ടു കല്‍പ്പിച്ചു. പിന്നീടു വന്ന നമ്പൂതിരികളും ഇവരെ ഒറ്റപ്പെടുത്തി. ചരിത്രപരമായിട്ടു തെളിവ് ഇല്ലെങ്കിലും  മറ്റുള്ള സമുദായത്തില്നിന്നും ഇവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്നതും ഒരു കാരണമാകാം.

പറയന്മാരുടെ പ്രധാനപുരോഹിതനെ പാരമ്പര്യമായി കൈക്കാരനെന്നു പറഞ്ഞുവന്നിരുന്നു. സുറിയാനി ക്രിസ്ത്യന്നികളുടെ പള്ളികളിലും കൈക്കാരന്‍ എന്നുള്ള പ്രയോഗം വളരെ കൌതുകമുണര്‍ത്തുന്നു.  എന്തുകൊണ്ട് കൈക്കാരന് പകരം അധികാരിയെന്ന പ്രയോഗം സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നില്ല. സുറിയാനി ക്രിസ്ത്യാനികളുടെ കൈക്കാരന്പദവീ അതാതു പള്ളിഇടവകകളില്നിന്നു എന്നും ഉയര്‍ന്ന കുടുംബത്തില്നിന്ന് തിരഞ്ഞെടുക്കുന്ന വ്യക്തിയായിരുന്നു.

ക്നനായ്ക്കാര്‍ യഹൂദരെപ്പോലെ വെളുത്ത നിറക്കാരോ? ക്നനായില്‍നിന്നു നാലാംനൂറ്റാണ്ടില്‍  കുടിയേറിയവര്‍ എന്ന് ഇവര്‍ അവകാശ പ്പെടുന്നു. ഇവര്‍ സുറിയാനി ക്രിസ്ത്യാനികളുമായി ഒരിക്കലും സങ്കരവര്‍ഗം ആയിട്ടില്ല. നാട്ടുക്രിസ്ത്യാനികളുമായി വൈവാഹിക ബന്ധത്തിലും ഇവര്‍ ഏര്‍പ്പെടുകയില്ലായിരുന്നു. സ്വന്തം വംശീയനിയമം ലംഘിക്കുന്നവര്‍ക്കെതിരെ  സമുദായം വിലക്ക് കല്‍പ്പിച്ചിരുന്നു. വംശീയപവിത്രത സൂക്ഷിക്കുന്നതിനായിരുന്നു ഈ ഭ്രിഷ്ട്ടു വിധിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ സിറിയാക്കാരെപ്പോലെയോ ക്നാനയ്ക്കാരെപ്പോലെയോ യാതൊരു ദേഹപ്രക്രുതിയുമില്ല. മറിച്ചു കൂടുതലും കറുപ്പോ ഇരുനിറക്കാരോ ആണ്. ഇവര്‍  തനി കേരളജനതയെപ്പോലെയാണ് . മിഡില്ഈസ്ടോ ക്നനായ്ക്കാരോ എന്ന ഇവരുടെ നരവംശശാസ്ത്രവാദം  മിഥ്യായാണെന്ന് സംശയിക്കേണ്ടിരിക്കുന്നു. യഹൂദന്മാര്‍ രണ്ടായിരം വര്‍ഷങ്ങളോളം ഇവിടെ താമസിച്ചിട്ടും അവരുടെ നിറത്തിനോ സംസ്ക്കാരത്തിനോ ഏറ്റകുറച്ചില്‍ വരാതെ  മടങ്ങി ഇസ്രായിലേക്ക് പോയി.

പറയന്മാരുടെ തലവന്‍ (മൂപ്പന്‍) മരിക്കുന്നസമയം സാധാരണ നിയമങ്ങളനുസരിച്ചു മരിച്ചശരീരം മലര്‍ത്തിയടക്കുന്നതിനു പകരം ഇരുത്തിയാണ്‌ അടക്കുന്നത്. ക്നാനായ്ക്കാരും

സുറിയാനിയാക്കോബക്കാരും ബിഷപ്പ്മാരെ അടക്കുന്നത് ഇരുത്തി ഈ പറയരുടെ ആചാരത്തിലാണ്. മറ്റുള്ള ക്രിസ്ത്യന്സമൂഹത്തിന്റെ ഇടയില്‍ ഈ ആചാരം ഇല്ല. ഇങ്ങനെയുള്ള ശവസംസ്ക്കാര കര്‍മ്മങ്ങള്‍ പറയരും ക്നനായ് ക്രിസ്ത്യാനികളും തമ്മില്‍ സാംസ്കാരിക സാമൂഹികരംഗങ്ങളിലും നരവംശശാസ്ത്രത്തിലും വളരെയേറെ സാമ്യംകാണുന്നു. ചരിത്രത്തില്‍ എവിടെയോ ഇവര്‍ തമ്മിലുള്ള ബന്ധം അറ്റുപോയിയെന്നു തീര്‍ച്ചയാണ്.

മിഷനറിമാര്‍ വരുന്നതിനുമുമ്പ് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പല ഹിന്ദു ആചാരങ്ങളും കടന്നുകൂടിയിരുന്നു. അതിലൊന്നായിരുന്നു പറയരുടെ ഇടയില്‍ ഉണ്ടായിരുന്ന മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ബലിയിടല്‍. മിഷിനറിമാര്‍ ഈ ആചാരങ്ങള്‍ക്ക് അറുതിവരുത്തി മരിച്ചര്‍വര്‍ക്ക് ബലിയിടലിനു പകരം കുര്‍ബാനയും ഒപ്പീസുമാക്കി. മരിച്ചവര്‍ക്കുള്ള ഈ പ്രാകൃതബലിയിടലില്‍ രക്തം, മാംസം, ലഹരി മദ്യങ്ങള്‍ ഇവകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തരം ആചാരങ്ങള്‍ ക്രിസ്ത്യാനികളുടെയിടയില്‍ ബ്രിട്ടീഷ് മിഷനറിമാര്‍ തങ്ങളുടെ അധികാരം ഉപയോഗിച്ചു സാമൂഹ്യപരിഷ്കരണത്തിനായി നിറുത്തല്‍ ചെയ്തു. ഇന്നും മരിച്ച ആത്മാക്കളുടെ പേരിലുള്ള ഇത്തരം ആചാരങ്ങള്‍ പറയ, പുലയ വേട്ടവ ,മന്നാന്‍ എന്നീ ജാതികളുടെ ഇടയില്‍ നിലവിലുണ്ട്. ഇതെല്ലാം വാസ്തവത്തില്‍ സുറിയാനിക്രിസ്ത്യാനികളുടെ ഒരു പ്രാകൃത സംസ്ക്കാരമായിരുന്നു.

എ.ഡി. 345-ല്‍ പേര്‍ഷ്യന്‍ കച്ചവടക്കാരനായ ക്നനായ് തൊമ്മന്റെ നേത്രത്വത്തില്‍ ഒരു സംഘം ക്രിസ്ത്യാനികള്‍ കുടിയേറ്റം നടത്തിയെന്ന് പറയുന്നു. ചേരരാജാവിന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരാണ് തോമ്മായും കൂട്ടരും വന്നെത്തിയതെന്നു വിശ്വസിക്കുന്നു.  അദ്ദേഹം അന്നു ഭരിച്ചിരുന്ന ചേരരാജാവിനെ മുഖംകാണിച്ചു.  345 എ.ഡി.യില്‍ കേരളംഭരിച്ച ചേരരാജാവിന്റെ വിവരങ്ങളോ, പേരോ സംബന്ധിച്ചു ക്രിസ്ത്യാനികളുടെ ഇടയില്‍ ഇന്നും അഭിപ്രായസമന്വയമില്ല.

രാജാവ് ഒരു ചെമ്പുതകിടുമുഖേന ഈ സമുദായത്തിന് എഴുപത്തിരണ്ടു വിശേഷാവകാശങ്ങള്‍ നല്‍കിയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഈ ചെമ്പുതകിടിനെ ക്നനായ് തൊമ്മന്‍ ചെപ്പെടുവെന്നു അറിയപ്പെടുന്നു. എന്നാല്‍ ആ എഴുപത്തിരണ്ടു അവകാശങ്ങളും അക്കാലത്ത് കേരളത്തില്‍ എല്ലാജാതികള്‍ക്കും  തുല്യമായി കല്‍പ്പിച്ചിരുന്നു.  അതുകൊണ്ടു ക്നനായ് ക്രിസ്ത്യാനികള്‍ ഒരു പ്രഭുസമുദായമോ വിദേശികളായ കുടിയേറ്റക്കാരോ ആണെന്നു കരുതുവാന്‍ സാധിക്കുകയില്ല.  അവരുടെ അവകാശങ്ങള്‍ പുരോഹിതസമുദായം കെട്ടിചമച്ച പച്ചകള്ളങ്ങളാണ്.അവര്‍ പറയുന്ന ഈ ചെപ്പെടിന്റെ ചരിത്രം സവര്‍ണ്ണ ജാതിയുടെ മഹത്വം പറഞ്ഞു മറ്റു സമുദായങ്ങളുടെ കണ്ണില്‍ പോടിയിടുന്നതിനാണ്.

ക്നനായ്ക്കാരുടെ ചേരമാന്‍ പെരുമാള്‍ നല്‍കിയ എഴുപത്തിരണ്ടു പ്രത്യേക അവകാശങ്ങളെപ്പറ്റി സൂചിപ്പിച്ചുവല്ലോ. എന്നാല്‍ പലതും കാലാകാലങ്ങളില്‍ സൌകര്യപൂര്‍വ്വം കൂട്ടിചേര്‍ത്തതാണ്.

നെട്ടൂര്‍പ്പെട്ടി ഉപയോഗിക്കുവാനുള്ള അവകാശമാണ് നാലാംനൂറ്റാണ്ടിലുള്ള ഈ ചെമ്പുതകിടിലുള്ളത്.

ഇളംചുവപ്പുള്ള തടികൊണ്ട് നെട്ടൂര്‍ എന്ന സ്ഥലത്തു ഒമ്പതാംനുറ്റാണ്ടില്‍ ഇത്തരം പെട്ടികള്‍ നിര്‍മ്മിച്ചിരുന്നു. അക്കാലത്ത് ‍ഉന്നത കുടുംബങ്ങള്‍ നെട്ടൂര് പെട്ടി ഉപയോഗിച്ചിരുന്നു. ഇത്തരം തടികള്കൊണ്ടായിരുന്നു പടിപ്പുരകളും വീടിന്റെ ആനവാതിലും കെട്ടിയിരുന്നത്. ഒമ്പതാംനൂറ്റാണ്ടിനുമുമ്പ് ഈ തച്ചു ശാസ്ത്രം കേരളത്തില്‍ നിലവിലുണ്ടായിരുന്നില്ല. അങ്ങനെ എ. ഡി. 345 ല്‍ ലഭിച്ചെന്നു പറയുന്ന ക്നാനായ് തൊമ്മന്റെ ചെപ്പേട്‌ കൃത്രിമം ആണെന്നും വരുന്നു.

എ.ഡി. 800 വരെ കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. മലയാളഭാഷ ഉണ്ടായിരുന്നില്ല. പ്രത്യേകതരം ലിപികളോട് കൂടിയ തമിഴ്ഭാഷയായിരുന്നുണ്ടായിരുന്നത്. എന്നാല്‍ ചെമ്പു തകിടിലുള്ളത് മദ്ധ്യകാലത്തിനു ശേഷം ഉണ്ടായിരുന്ന ഒരു തരം മലയാളലിപിയിലാണ്‌.മലയാളഭാഷ ഉണ്ടായതുതന്നെ പതിനെട്ടാംനൂറ്റാണ്ടിനു ശേഷവും.അതിനുമുമ്പ് ഗ്രന്ഥങ്ങള്‍ മുഴുവന്‍ തമിഴിലായിരുന്നു. മലയാളഭാഷയുടെ ആവിര്‍ഭാവത്തിനു മുമ്പ് തമിഴ്സങ്കരമായ വട്ടെഴുത്ത് ഭാഷയിലായിരുന്നു എഴുത്തുകളെല്ലാം.  കൂടാതെ തുടക്കത്തില്‍ ലഭിച്ച ചെമ്പുതകിട് ആരുടേയും കൈവശമില്ലതാനും. ഇക്കാരണങ്ങളില്നിന്നെല്ലാം ചെമ്പുതകിടിന്റെ കഥകളും കെട്ടുകഥകള് തന്നെയല്ലേ?.

ക്നനായ്ക്കാരുടെ വിവാഹരീതികളും കേരളത്തിലൊഴികെ ലോകത്ത് മറ്റൊരു സ്ഥലത്തും കാണുവാന്‍ സാധിക്കുകയില്ല.  വിവാഹത്തിന് മുമ്പ് തലമുടിവെട്ടിക്കുക, എണ്ണപുരട്ടുക, ചാരംകെട്ടുക, നാദംവിളി, താലികെട്ടുക മുതലായവകളെല്ലാം നൂറ്റാണ്ടുകളായി ഈ നാട്ടിലെ വേട്ടവര്‍, വേലന്മാര്‍ പറയര്‍ എന്നീ ജാതികളിലുണ്ടായിരുന്ന ശരിപകര്‍പ്പാണ്. ചുരുക്കത്തില്‍ ക്നാനായ്സമുദായം കൂടുതല്പേരും കേരളത്തിലെ പ്രാകൃതവര്‍ഗക്കാരുടെ പിന്ഗാമികളോ പോര്‍ട്ഗീസുകാരുമായിയുള്ള സങ്കരവര്‍ഗമോ ആണ്.  അല്ലാതെ നരവംശശാസ്ത്രത്തില്‍ രക്തശുദ്ധിയോ വര്‍ഗശുദ്ധിയോ ഉള്ളവരല്ല

ക്നനായ്ക്കാര്‍ യഹൂദരുടെ ഭാഷയായ ഹീബ്രു സംസാരിക്കുമോ? അങ്ങനെ അവകാശപ്പെടുന്നുണ്ടങ്കില്‍ തികച്ചും മനുഷ്യരെ പറ്റിക്കുവാന്‍ വിലക്കുവാങ്ങിയ ഭാഷയെന്നേ സാധാരണക്കാര്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ക്നനായ്ക്കാരും മലയാളം സംസാരിക്കുന്നവര്‍ ആണ്. അനേകര്‍ ഇസ്രെയിലില്‍ പോയി ഹീബ്രു പഠിക്കുന്നുണ്ട്; വരുംതലമുറയെ നുണകള്‍ പറഞ്ഞു അവരുടെ തറവാടിത്ത്വം നിലനിര്‍ത്തുവാന്‍.

ക്നാനായ്പള്ളിയിലെ കുര്‍ബാന സമയത്തുള്ള കൂട്ടമണിയടി പൂജാ സമയങ്ങളില്‍ തുള്ളി നടക്കുന്ന വെളിച്ചപ്പാടുമായി, ജിങ്കില്ബെല്ല്സ്മായി സാമ്യമുണ്ട്‌.  വനവാസികളും ഇത്തരം ബെല്ലുകള്‍ ഉപയോഗിക്കുമായിരുന്നു. കേരളത്തിലെ ശാത്താന്പൂജ നടത്തുന്നവരും മണിനാദം പുറപ്പെടുവിച്ചു കൊണ്ടുള്ള കൈമണി ബെല്ലുകള്‍‍ ഉപയോഗിച്ചിരുന്നു. അവരുടെ മന്ത്രവാദം മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ബെല്ലടിച്ചു മന്ത്രവാദികളും ഇങ്ങനെ ഉച്ചത്തില്‍ മണിനാദത്തിന്‍റെ ശബ്ദം കേള്‍പ്പിക്കും. ഇക്കാരണങ്ങള്കൊണ്ടെല്ലാം ക്നനായ്ക്കാക്കാരുള്പ്പെടെ സുറിയാനി ക്രിസ്ത്യാനികളാകമാനം കേരളത്തിലെ ആദ്യമ മനുഷ്യരില്‍ നിന്നുള്ളവരാണെന്ന് തീര്‍ച്ചയായും പറയുവാന്‍ സാധിക്കും.

അല്ലാതെ കെട്ടുകഥയായ നമ്പൂതിരിമാര്‍ മാര്‍ഗം കൂടിയവരല്ല.  ഇവര്‍ വസിഷ്ഠ മുനികളുടെ സന്തതികള്‍ തന്നെ.

സഹോദരാ നമ്മള്‍ എല്ലാം ദൈവമക്കള്‍ ആണ്. പുരോഹിതമെത്രാന്മാരുടെ ‍കെട്ടുകഥയായ രക്തശുദ്ധി വാദം ഉപേക്ഷിക്കൂ!!! ചിന്തിക്കൂ!!!

'വിശുദ്ധ'രാകാന്‍ വ്യാജസര്ട്ടിഫിക്കറ്റ്


'വിശുദ്ധ'രാകാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ്

(ലോനപ്പന്‍ നമ്പാടന്റെ ''സഞ്ചരിക്കുന്ന വിശ്വാസി'' എന്ന ആത്മകഥയില്‍നിന്നും എടുത്ത ഒരു അദ്ധ്യായമാണ് താഴെ കൊടുക്കുന്നത്.)

1980-ല്‍ മന്ത്രിയായിരിക്കുമ്പോള്‍ നാട്ടില്‍നിന്നും ഹോളിഫാമിലി (തിരുക്കുടുംബം) മഠത്തിലെ മേലധികാരികളായ ചില കന്യാസ്ത്രീകള്‍ തിരുവനന്തപുരത്തു ഞാന്‍ താമസിച്ചിരുന്ന മന്ത്രിമന്ദിരമായ അജന്ത ബംഗ്ലാവില്‍ വന്നു. രാവിലെയായിരുന്നു അവര്‍ എത്തിയത്. അന്നു സഭയുമായി ഞാന്‍ വളരെ അടുപ്പത്തിലായിരുന്നു. തങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്തിനുവേണ്ടിയാണെന്നു ഞാന്‍ തിരക്കിയപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു:

''മരിച്ചുപോയ തിരുക്കുടുംബാംഗമായ മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചു മാഷിനു കിട്ടിയ അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തി ഒരു സര്‍ട്ടിഫിക്കറ്റ് തരണം.''

''സര്‍ട്ടിഫിക്കറ്റ് എന്തിനുവേണ്ടിയാണ്?'' ഞാന്‍ വീണ്ടും ചോദിച്ചു.

''റോമിലേക്ക് അയയ്ക്കാന്‍വേണ്ടിയാണ്.'' കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

പുത്തന്‍ ചിറയിലെ മറിയം ത്യേസ്യയെ വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരാളെ വിശുദ്ധയാക്കാന്‍ ചില നിബന്ധനകളുണ്ട്.

മരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞശേഷമേ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ പാടുള്ളൂ. ജീവിച്ചിരിക്കുന്ന കാലത്തും മരണശേഷവും രണ്ട് അത്ഭുതപ്രവര്‍ത്തികള്‍ വീതമെങ്കിലും ചെയ്തിരിക്കണം. ഇക്കാര്യങ്ങള്‍ റോമിനെ ബോധ്യപ്പെടുത്തുകയും വേണം. അതിനുവേണ്ടിയാണ് എന്റെ സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ എന്റെ സര്‍ട്ടിഫിക്കറ്റിനു പ്രാധാന്യംകൂടുകയും ചെയ്യുമല്ലോ.

ഞാന്‍ എം.എല്‍.എ ആയതും മന്ത്രിയായതും മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചതുകൊണ്ടാണെന്നു ഞാന്‍ സര്‍ട്ടിഫിക്കറ്റു കൊടുത്താല്‍ മരണാനന്തര അത്ഭുതപ്രവൃത്തിയായി അത് പരിഗണിക്കുമെന്നു കന്യാസ്ത്രീകള്‍ കരുതി. വാസ്തവത്തില്‍ മറിയം ത്യേസ്യായെക്കുറിച്ച് എനിക്കു യാതൊരു അറിവുമില്ലായിരുന്നു. ഞാന്‍ അവരോടു പ്രാര്‍ത്ഥിച്ചിട്ടില്ല. എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചിട്ടുമില്ല. അത്തരത്തിലുള്ള എന്നോടാണു സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.

കന്യാസ്ത്രീകളുടെ നിര്‍ബന്ധത്തിനു വഴങ്ങി വലിയ രണ്ടു ലെറ്റര്‍ പാഡ് എടുത്ത് അവര്‍ക്കു കൊടുത്തശേഷം ഞാന്‍ പറഞ്ഞു.

''ആവശ്യമായ വിവരങ്ങള്‍ ഇതില്‍ ടൈപ്പുചെയ്തു കൊണ്ടുവരിക.''

എന്റെ മൂത്ത സഹോദരിയുടെ മക്കള്‍ പാവുളയും ഫ്രെഡറിക്കും ഹോളിഫാമിലി കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളായിരുന്നു.

കന്യാസ്ത്രീകള്‍ ലെറ്റര്‍ പാഡുമായി പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്തു. ലെറ്റര്‍ പാഡിലെഴുതിയ വാചകങ്ങള്‍ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. വാചകങ്ങള്‍ ഇപ്രകാരമായിരുന്നു.

''മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചതിനാല്‍ എനിക്കു ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ എം.എല്‍.എ.യും മന്ത്രിയും ആയതും ആ പ്രാര്‍ത്ഥനയുടെ ഫലമാണ്.''

പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചിരുന്നതെങ്കിലും ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു സീലുവെച്ചു നല്‍കി. കന്യാസ്ത്രീകള്‍ ആഹ്ലാദത്തോടെ നന്ദി പറഞ്ഞു പോകുകയും ചെയ്തു. എന്റെ പി.എ.യായ ആന്റോ കോക്കാട് ഈ സംഭവത്തിനു സാക്ഷിയായിരുന്നു.

ഞാന്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചു കൊടുത്തുവെന്നു ഞാന്‍ പിന്നീട് അറിഞ്ഞു.

ഇരിങ്ങാലക്കുട ബിഷപ്പ് ഡോ. ജെയിംസ് പഴയാറ്റില്‍ റോമില്‍ പോയപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ മറിയം ത്രേസ്യായോടു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി നടന്ന ഒരു അത്ഭുതപ്രവര്‍ത്തിയെക്കുറിച്ചു വായിച്ചു.

ഈ അത്ഭുതപ്രവര്‍ത്തി നടന്നതായി പറയുന്നത് ഇരിങ്ങാലക്കുട രൂപതയില്‍പ്പെട്ട താഴേക്കാടു പള്ളി ഇടവകയിലായിരുന്നു. ഇരിങ്ങാലക്കുട ബിഷപ്പിന്റെ രൂപതയില്‍പ്പെട്ട ഇടവകയാണിത്. അവിടെ നടന്ന അത്ഭുതപ്ര വര്‍ത്തിയെപ്പറ്റി ബിഷപ്പ് കേട്ടിട്ടുപോലുമില്ലായിരുന്നു. താഴേക്കാട് ഇടവകയില്‍ പ്പെട്ട കാലിനു സുഖമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അസുഖം മറിയം ത്രേസ്യ യോട് പ്രാര്‍ത്ഥിച്ചു സുഖപ്പെടുത്തി. പള്ളിപ്പാടന്‍ മാത്യൂസിന്റെ മകളുടെ കാലാണു സുഖപ്പെടുത്തിയത്. ഇതായിരുന്നു അത്ഭുതപ്രവര്‍ത്തി. പഴയാറ്റില്‍ ബിഷപ്പ് നാട്ടിലെത്തിയശേഷം ഈ അത്ഭുതപ്രവര്‍ത്തിയെപ്പറ്റി വികാരി ഫാ. ജോസ് യു. വാഴപ്പിള്ളിയോട് അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ അത്ഭുതപ്രവര്‍ത്തി വ്യാജമാണെന്നു ബോധ്യപ്പെട്ടു. അക്കാര്യം ബിഷപ്പിനു റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബിഷപ്പിന്റെ കുടുംബക്കാരനായ ഡോ. സണ്ണി പഴയാറ്റിലാണ്. വീടും പുത്തന്‍ചിറയാണ്. ആധുനികവൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്താണ് മറിയം ത്രേസ്യയോടു പ്രാര്‍ത്ഥിച്ച് അസുഖം മാറ്റിയത് എന്നായിരുന്നു സര്‍ട്ടിഫിക്കറ്റിലെ ഒരു പരാമര്‍ശം. ഇതേ ഡോക്ടര്‍തന്നെയാണ് എവുപ്രാസ്യാമ്മയെ വിശുദ്ധയാക്കുന്നതിനുള്ള ഒരു അത്ഭുതപ്രവര്‍ത്തിയും സാക്ഷ്യപ്പെടുത്തിയത്. വാസ്തവത്തില്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോ. സണ്ണി പഴയാറ്റിലിനു യോഗ്യതയില്ല. എവുപ്രാസ്യാമ്മയുടെ വീട് ഇരിങ്ങാലക്കുടയിലെ കാട്ടൂരാണ്.

ഇടവക വികാരിയും ബിഷപ്പും അറിയാതെയാണ് ഈ അത്ഭുതപ്രവര്‍ത്തി നടന്നതായുള്ള സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചത്. കളവു പുറത്തായതോടെ കുട്ടിയുടെ വീട്ടുകാര്‍ വികാരിയച്ചനെ കൈയേറ്റം ചെയ്തു. അതോടെ അദ്ദേഹം സ്ഥലം മാറിപ്പോയി. ഇതു സംബന്ധിച്ചു പോലീസ് കേസ് എടുത്തിരുന്നു.

ക്രിസ്തുവും സഭയുടെ വിശുദ്ധരും

ക്രൈസ്തവരില്‍ അന്ധവിശ്വാസവും വിഗ്രഹാരാധനയും വര്‍ധിച്ചുവരികയാണ്. സ്രഷ്ടാവിനു പകരം സൃഷ്ടിയെയാണ് ആരാധിക്കുന്നത്. സഭാധികാരികളുടെ വഴിപിഴച്ച നയമാണ് ഇതിനു കാരണം. ക്രിസ്തുവിനെക്കാള്‍ പ്രാധാന്യം വിശുദ്ധന്മാര്‍ക്കാണ്. അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരാണ്. പള്ളികളും പെരുന്നാളുകളുമെല്ലാം വിശുദ്ധരുടെ പേരിലാണ്. എല്ലാ പള്ളികളിലും ഇപ്പോള്‍ ഊട്ടു പെരുന്നാളുകളാണ്. ക്രിസ്തുവിന്റെ പേരില്‍ മാത്രം ഊട്ടില്ല! പത്രങ്ങളിലും ടി.വി. ചാനലുകളിലും മറ്റും പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്നു. ജനക്കൂട്ടം വരുന്നതിനനുസരിച്ചു നേര്‍ച്ച പിരിവും വര്‍ദ്ധിക്കും. വിശുദ്ധന്മാര്‍ പ്രധാന വരുമാനസ്രോതസ്സുകളാണ്. ക്രിസ്തുവിന്റെ അമ്മ പരിശുദ്ധമറിയം പല പേരുകളിലാണ് അറിയപ്പെടുന്നത്. അമലോത്ഭവമാതാവ്, ഫാത്തിമാമാതാവ്, ഉത്തരീയമാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണിമാതാവ്, ഒട്ടകമാതാവ്, കൊരട്ടിമുത്തി എന്നീ വിവിധ നാമധേയങ്ങളില്‍ പള്ളികളും കപ്പേളകളും സ്ഥാപിച്ചു നേര്‍ച്ചപ്പെട്ടികള്‍ വെച്ചു ലക്ഷക്കണക്കിനു രൂപ നേര്‍ച്ച പിരിക്കുന്നുണ്ട്. ക്രിസ്തുവിനെക്കാളും വിശുദ്ധരെക്കാളും പ്രാധാന്യം ഇപ്പോള്‍ വസ്തുക്കള്‍ക്കാണു നല്‍കുന്നത്.

തിരുനാളിനു രൂപക്കൂട്ടില്‍ വെച്ചിരുന്ന ക്രിസ്തുവിനെയും, കൊരട്ടിമുത്തിയെയും തൊട്ടുമുത്താതെ താഴെ വെച്ചിട്ടുള്ള സ്വര്‍ണ്ണപൂവന്‍കുല മുത്തി നേര്‍ച്ചയിട്ട് വിശ്വാസികള്‍ മടങ്ങുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പും മാതാവിന്റെ വളയും മാലാഖയുടെ മീനും ആരാധിക്കപ്പെടുന്നു. യേശുവിന്റെ പേരില്‍ പെരുനാളുകള്‍ കുറവാണ്. നേര്‍ച്ചപ്പിരിവുണ്ടാകില്ല. കുര്‍ബാനയുടെ തിരുനാള്‍, ക്രിസ്തുരാജതിരുനാള്‍, തിരുഹൃദയതിരുനാള്‍ എന്നിവയെല്ലാം ഇല്ലാതാക്കി. പഴയ വിശുദ്ധര്‍ക്കു പുറമെ 10 പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകൂടി തൃശ്ശൂരിലെ ഒരു ധ്യാനകേന്ദ്രം റോമില്‍നിന്നും കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഓരോ സഭയ്ക്കും ഓരോ വിശുദ്ധനെ നല്‍കുവാനാണു റോമിന്റെ തീരുമാനം. ഒരാളെ വിശുദ്ധനാക്കണമെങ്കില്‍ കോടിക്കണക്കിനു രൂപ ചെലവ് വരും. വിശുദ്ധനായാല്‍ ലോകം മുഴുവനും പള്ളികളും കപ്പേളകളും സ്ഥാപിച്ചു. നേര്‍ച്ചപ്പെട്ടികള്‍ വെക്കാം. വിഗ്രഹങ്ങളും ചിത്രങ്ങളും വിറ്റു കാശുണ്ടാക്കാം. ചാവറ അച്ചന്‍ സി.എം.ഐ. സഭയുടെ പ്രതിനിധിയായിട്ടാണു വിശുദ്ധനാകുന്നത്. അല്‍ഫോന്‍സാമ്മ സീറോ മലബാര്‍ സഭയുടെ ക്ലാരമഠത്തിന്റെ പ്രതിനിധിയായി ഇതിനകം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. മറിയം ത്രേസ്യാ ഹോളിഫാമിലി തിരുക്കുടുംബസഭാംഗമാണ്. എവുപ്രാസ്യാമ്മ സി.എം.സി. സഭയുടെ പ്രതിനിധിയാണ്. മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭയിലെ അംഗമാണ്.

വിശുദ്ധരാക്കണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ രണ്ടും മരണശേഷം രണ്ടും അത്ഭുതങ്ങള്‍ ചെയ്തിരിക്കണമെന്നാണു നിയമം. ഇവരൊന്നും ഒരത്ഭുതവും ചെയ്തിട്ടില്ല. മറിയം ത്രേസ്യയുടെ മരണാനന്തരം അവരുടെ പേരില്‍ അത്ഭുത പ്രവര്‍ത്തികള്‍ അടിച്ചേല്പിക്കുകയാണുണ്ടായത്. നിരന്തരമായി അത്ഭുതങ്ങള്‍ ചെയ്ത് ശക്തി കുറഞ്ഞതിനാല്‍ പഴയ വിശുദ്ധര്‍ക്കു പകരം പുതിയ വിശുദ്ധരെ കണ്ടെത്തണം. കത്തോലിക്കാസഭയില്‍ ഓരോ വര്‍ഷവും നൂറുകണക്കിനു വിശുദ്ധരെ സൃഷ്ടിക്കുന്നുണ്ട്.

മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ഫാദര്‍ ബനഡിക്ടിനെ കത്തോലിക്കാ സഭ വിശുദ്ധന്‍ ആക്കാന്‍ പോവുകയാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നവരെയും കത്തോലിക്കാസഭ ഭാവിയില്‍ വിശുദ്ധരാക്കുമെന്നുറപ്പാണ്.

ജീവിതകാലത്തു സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്തത് മദര്‍തെരേസ മാത്രമാണ്. അവര്‍ അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. അവരെയും വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇവരെക്കാള്‍ മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണ്! കൊല്ലപ്പെട്ട് 18 വര്‍ഷത്തിനുശേഷം കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് അത്ഭുതം തന്നെയാണ്.!

കന്യാസ്ത്രീകളുടെ പാരിതോഷികം

ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളജും മാളയിലെ കാര്‍മല്‍ കോളജും 1980-ല്‍ ഞാന്‍ ഗതാഗതമന്ത്രിയായിരിക്കുമ്പോള്‍ പ്രത്യേകം താല്‍പര്യം എടുത്ത് അനുവദിപ്പിച്ചതാണ്. ചാലക്കുടി കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നു വിദ്യാഭ്യാസമന്ത്രിയായിരുന്ന ബേബി ജോണായിരുന്നു. അതേസമയം മാളയിലെ കോളജ് ഉദ്ഘാടനത്തില്‍നിന്നും ഇടതുപക്ഷക്കാരെ ഒഴിച്ചു നിര്‍ത്തി.

ഇരിങ്ങാലക്കുട ബിഷപ്പ് ഡോ. ജയിംസ് പഴയാറ്റിലിനെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കുകയായിരുന്നു കന്യാസ്ത്രീകളുടെ തീരുമാനം. പക്ഷേ, കോണ്‍ഗ്രസ് പ്രമാണിമാര്‍ സമ്മതിച്ചില്ല. അങ്ങനെയാണ് കെ. കരുണാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ കോളജിനുവേണ്ടി കരുണാകരന്‍ ഒരു സഹായവും ചെയ്തിട്ടില്ല. ഞാനിന്നുവരെ ആ കോളജിന്റെ പടിപോലും കണ്ടിട്ടില്ല.

ചാലക്കുടി കോളജിലെ കന്യാസ്ത്രീകള്‍ എന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഞാന്‍ താല്പര്യം എടുത്തതുകൊണ്ടുമാത്രമാണ് അവര്‍ക്കു കോളജ് കിട്ടിയതെന്ന് അവര്‍ അറിഞ്ഞിരുന്നു. ഒരു ദിവസം ഈ കന്യാസ്ത്രീകള്‍ എന്റെ വീട്ടില്‍വന്നു ഭാര്യയുടെ കൈയില്‍ ഒരു കവര്‍ കൊടുത്തു. എന്താണു കവറില്‍ എന്നു ഭാര്യ തിരക്കിയപ്പോള്‍ എനിക്കു തരാന്‍ പറഞ്ഞതിനുശേഷം അവര്‍ തിരിച്ചുപോയി. വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ കവര്‍ എടുത്ത് എനിക്കു തന്നശേഷം കന്യാസ്ത്രീകള്‍ ഏല്പിച്ചതാണെന്നു ഭാര്യ പറഞ്ഞു. നിവേദനമായിരിക്കുമെന്നു കരുതി ഞാന്‍ കവര്‍ തുറന്നു നോക്കിയപ്പോള്‍ രണ്ടായിരം രൂപ.

കോളജ് കിട്ടിയതിന്റെ പാരിതോഷികമായിരുന്നു രണ്ടായിരം രൂപ. പിറ്റേന്നു മകള്‍ വഴി സംഖ്യ മടക്കിക്കൊടുത്തു.

പിന്നീട് ഒരിക്കല്‍ ഞാനും ഭാര്യയും തിരുവനന്തപുരത്തായിരുന്നപ്പോള്‍ ഇതേ കന്യാസ്ത്രീകള്‍ വലിയൊരു പൊതിക്കെട്ട് പേരാമ്പ്രയിലെ വീട്ടിലേല്പിച്ചു. ഞങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ പൊതിക്കെട്ട് കണ്ടു തുറന്നുനോക്കി. അത് ഒരു സീലിങ് ഫാനായിരുന്നു.

എന്റെ പഴയ വീട്ടില്‍ ഫാനില്ലായിരുന്നു. ഇതറിയാമായിരുന്നതിനാലാണു കന്യാസ്ത്രീകള്‍ ഫാന്‍ ഞാന്‍ അറിയാതെ വീട്ടില്‍ കൊണ്ടുവന്ന് ഏല്പിച്ചത്. ഇത് മടക്കിത്തരരുതെന്നു കന്യാസ്ത്രീകള്‍ ഫോണില്‍ വിളിച്ച് അപേക്ഷിച്ചു. ഞാന്‍ സമ്മതിച്ചു. പിറ്റേന്നു ഞാന്‍ പഠിപ്പിച്ചിരുന്നപേരാമ്പ്ര സ്‌കൂളിലേക്കു ഫാന്‍ കൊടുത്തയച്ചു. ഇപ്പോഴും ഓഫീസ് മുറിയില്‍ ആ ഫാന്‍ എന്റെ പേരില്‍ കറങ്ങുന്നുണ്ട്.

പ്രതികരണം:           ജോസഫ് പുലിക്കുന്നേല്‍

അത്ഭുതങ്ങേളാട് അത്ഭുതങ്ങള്‍

കത്തോലിക്കാ സഭയുടെ അതിപ്രധാന വരുമാനസ്രോതസ് പുണ്യവാന്മാരാണ്. മുന്‍കാലങ്ങളില്‍ വിദേശീയരായ പുണ്യവാന്മാരായിരുന്നു മലയാളികളുടെ ആശ്രയം. വി. സെബസ്ത്യാനോസ്, വി. ഗീവര്‍ഗീസ്, വി. അന്തോനീസ് എന്നിങ്ങനെ പോകുന്നു വിദേശ പുണ്യവാന്മാരുടെ പട്ടിക. ഇവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന് ഇന്നും സംശയമാണ്. എങ്കിലും അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് പണം വാരുന്നു. ക്രിസ്തുവിന്റെ മാതാവായ കന്യാമറിയം ഒന്നേയുള്ളൂ. പക്ഷേ വിവിധരൂപങ്ങളില്‍ കന്യാമറിയം സ്വര്‍ഗ മധ്യസ്ഥയായി പ്രഖ്യാപിക്കുന്നു. അമലോത്ഭവമാതാവ്, വേളാങ്കണ്ണി മാതാവ്, കൊരട്ടി മുത്തി, ലൂര്‍ദ്ദ് മാതാവ് എന്നിങ്ങനെ പോകുന്നു ഈ വിവിധ വേഷങ്ങള്‍. അരുവിത്തുറ പള്ളിയിലെ ഗീവര്‍ഗീസിന് താടിയുണ്ട്. ഭരണങ്ങാനം പള്ളിയിലെ ഗീവര്‍ഗീസിന് എലിവാലന്‍ മീശയെയുള്ളൂ. പക്ഷേ ഈ വ്യത്യാസങ്ങളൊന്നും അവരുടെ അത്ഭുതപ്രവര്‍ത്തനങ്ങളിലില്ലപോലും.

(From December 2011 issue of Hosana)