Translate

Wednesday, October 28, 2020

ചർച്ച് ആക്ടിനുവേണ്ടിയുള്ള സമരത്തെ അട്ടിമറിക്കുന്നത് ആര്?

 ചർച്ച് ആക്ടിനുവേണ്ടിയുള്ള സമരത്തെ അട്ടിമറിക്കുന്നത് ആര്?

ബർ യൂഹാനോൻ റമ്പാൻ (ഡയറക്ടർ, MACCABI),  

ഫോൺ: 9645939736

[ചർച്ച് ആക്ടിനുവേണ്ടിയുള്ള തന്റെ നിരാഹാരത്തിന്റെ 33-ാം ദിവസം 'എന്തുകൊണ്ട് ചർച്ച് ആക്ടിനുവേണ്ടിയുള്ള സമരത്തെ, രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും അട്ടിമറിക്കാനും മാധ്യമങ്ങൾ ഇതു കണ്ടില്ലെന്നു നടിക്കാനം ശ്രമിക്കുന്നു?' എന്ന i2i യൂട്യൂബ് ചാനലുകാരുടെ ചോദ്യത്തിനു മറുപടിയായി യൂഹാനോൻ റമ്പാച്ചൻ നൽകിയ മറുപടി. വീഡിയോയിൽനിന്ന് കേട്ടെഴുതിയത്.]

നമ്മുടെ രാജ്യത്ത് മുക്കിലും മൂലയിലും നടക്കുന്ന ചെറിയകാര്യങ്ങൾപോലും സൂക്ഷ്മതയോടെ രേഖപ്പെടുത്തുകയും പത്രമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും സോഷ്യൽ മീഡിയായിലൂടെയുമെല്ലാം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്ന പത്രമാധ്യമങ്ങളും ക്രൈസ്തവസഭകളിലെ മേലധ്യക്ഷന്മാരും ഭരണ-പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയക്കാരും മൂടിവയ്ക്കുന്ന ഒരു വിഷയമാണ് ചർച്ച് ആക്ട് സമരം. എന്തുകൊണ്ടാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും വിഷയംമാത്രം മൂടിവയ്ക്കുന്നതെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് മതമേലധ്യക്ഷന്മാർ ചർച്ച് ആക്ട് വേണ്ട എന്ന് തെറ്റിദ്ധാരണകൾ ജനങ്ങളിൽ പടർത്തി പ്രചരിപ്പിക്കുന്നത്?

എന്തുകൊണ്ടാണ് ചർച്ച ആക്ട് സംബന്ധിച്ച വാർത്തകൾ മീഡിയാ മുക്കുന്നതെന്ന് ആദ്യം പറയാം. കോടാനുകോടി രൂപായുടെ കണക്കിൽപ്പെടാത്ത, കണക്കില്ലാത്ത സ്വത്താണ് ഇന്ന് ക്രൈസ്തവസഭകൾക്കുള്ളത്. സ്വത്തിന് കണക്ക് (മരരീൗിമേയശഹശ്യേ മിറ ൃേമിുെമൃലിര്യ) ഉണ്ടാകണമെന്ന്  ആവശ്യപ്പെടുന്ന ചർച്ച് പ്രോപ്പർട്ടീസ് ബിൽ വരാൻ മതമേലധ്യക്ഷന്മാർക്കു താത്പര്യമില്ല. അതുകൊണ്ടാണ് അവരുടെ പണക്കൊഴുപ്പ് കാണുന്ന മാധ്യമങ്ങൾ അതിൽ ഭ്രമിച്ച് മാധ്യമധർമം മറന്നുപോകുന്നത്. 2019 നവംബർ 27-നു നടന്ന രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്ത, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ നടന്ന, ക്രൈസ്തവസമൂഹത്തിന്റെ കേരളത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രകടനം എന്നു വിശേഷിപ്പിക്കാവുന്ന 'ചർച്ച് ആക്ട് ക്രൂസേഡ്' എന്ന മഹാസമരത്തെ ലോകത്താരും അറിയില്ലാത്ത വിധത്തിൽ വാർത്തകളിൽനിന്ന് മാധ്യമങ്ങൾ ഒഴിവാക്കിയത് ബോധപൂർവമായിരുന്നു.

എന്തുകൊണ്ടാണ് രാഷ്ട്രീയക്കാർ ഇതിനെ എതിർക്കുന്നത്? അവർ ഇന്നും വിമോചനസമരത്തിന്റെ 'ഹാങ്ങ് ഓവറിൽ'നിന്ന് മാറിയിട്ടില്ല. ഇടയലേഖനങ്ങൾ കേട്ട് അതനുസരിച്ച് വോട്ടുചെയ്യുന്ന അടിമകളാണ് ക്രൈസ്തവർ എന്നാണ് അവരുടെ വിചാരം. എന്നാൽ ക്രൈസ്തവർ വളരെ മാറി. വിദ്യാഭ്യാസം നേടി രാഷ്ട്രീയപ്രബുദ്ധർ ആയിത്തീർന്നിട്ടുള്ള ക്രൈസ്തവരുടെ പുതിയ തലമുറ ഏതെങ്കിലും ഇടയൻ ഇറക്കുന്ന ഇടയലേഖനത്തിന് അനുസരിച്ചല്ല ഇന്ന് വോട്ടു ചെയ്യുന്നത്.

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്തുകൊണ്ടാണ് മതമേലധ്യക്ഷന്മാർ ചർച്ച് ആക്ടിനെ എതിർക്കുന്നത് എന്നതാണ്. കേരളത്തിലെ ക്രൈസ്തവസഭകളിലെ സ്വത്തു ഭരിക്കാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 26 ഡി പ്രകാരം സിവിൽനിയമങ്ങൾ രൂപീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഓരോ സഭയിലും പുരോഹിതാധിപത്യത്തിന് പഴുതുള്ള കാനോൻനിയമങ്ങളുടെയോ സഭാഭരണഘടനകളുടെയോ അടിസ്ഥാനത്തിലാണ് സ്വത്തുഭരണം. പുരോഹിതർ അഴിമതിക്കാരായാൽ സഭാസ്വത്തുക്കളുടെ യഥാർഥ ഗുണഭോക്താക്കളായ സഭാംഗങ്ങൾക്ക് വലിയ നഷ്ടമുണ്ടാകും. അതിന്റെ  ഉദാഹരണങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമികുംഭകോണവും ഓർത്തഡോക്സ്-യാക്കോബായ സഭകളിലെ പള്ളിതർക്കങ്ങളും കൈയേറ്റങ്ങളുംമറ്റും. സി.എസ്. സഭയുടെ സ്വത്തുഭരണം അഡ്മിനിസ്ട്രേറ്റർ ട്രൈബ്യൂണലാണ് നടത്തുന്നത് എന്ന് അതിലെ 99 ശതമാനം അംഗങ്ങളും ഇനിയും അറിഞ്ഞിട്ടില്ല.

എല്ലാം നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനാണ് ഇന്ത്യയെ ഒരു റിപ്പബ്ലിക്ക് ആക്കിയിരിക്കുന്നത്. എന്നാൽ ക്രൈസ്തവസഭാസ്വത്തുക്കൾ ഭരിക്കാൻ ഇനിയും ഇന്ത്യയിൽ ഒരു സിവിൽനിയമം ഉണ്ടായിട്ടില്ല. അതുകൊണ്ട് അവയിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ സർക്കാരിനെ ബോധിപ്പിക്കാൻ നിയമപരമായ ബാധ്യതയില്ല. പണം എവിടെനിന്നു വന്നെന്നോ എവിടേക്കു പോകുന്നുവെന്നോ ആരെയും ബോധിപ്പിക്കേണ്ട ബാധ്യതയില്ലാത്തതിനാൽ, സഭകൾക്കുള്ളിലുള്ള കോർപ്പറേറ്റുകളുടെയും വൈദികമേലധ്യക്ഷന്മാരുടെയും ഏതു കള്ളപ്പണവും സഭകളുടെ ഭണ്ഡാരത്തിലേക്കു സുരക്ഷിതമായി കൊണ്ടുവന്നു സൂക്ഷിക്കാൻ കഴിയും. അതിനാൽ അവയ്ക്ക് സ്വിസ്ബാങ്കുപോലെ പ്രവർത്തിക്കാൻ സാധിക്കും. പണം ഉപയോഗിച്ച് ഏതു ബിസ്സിനസ്സും കണക്കില്ലാതെ നടത്താം എന്നതിനാൽ അതുപയോഗിച്ച് വീണ്ടും കള്ളപ്പണം കുമിഞ്ഞു കൂടും. അതിനേത്തുടർന്ന് സഭകളിൽ സ്വത്തുതർക്കങ്ങളും അവയേത്തുടർന്ന് വിശ്വാസപരമായ തർക്കങ്ങളും തമ്മിലടികളും ഉണ്ടാകുന്നു. സാഹചര്യത്തിലാണ് സഭാസ്വത്തുക്കൾ ഭരിക്കാൻ  ഒരു സിവിൽനിയമം അനിവാര്യമായിരിക്കുന്നത്.

നമ്മുടെ പണം എന്തിനെല്ലാം ഉപയോഗിച്ചെന്നും എങ്ങനെയെല്ലാം ലാഭ-നഷ്ടങ്ങളുണ്ടായി എന്നും എല്ലാവർക്കും അറിയാൻ കഴിയണം. അവ സഭാധികാരികൾ തന്നിഷ്ടംപോലെ ഉപയോഗിച്ചാൽ അതു സാധിക്കണം എന്നില്ല. അതിനാൽ അവ ഓരോ ഇടവകയിലും ഇടവകയോഗാംഗങ്ങളും തുടർന്ന് രൂപത, അതിരൂപത ഭദ്രാസനം മുതലായ തലങ്ങളിൽ സംസ്ഥാനതലംവരെ പള്ളിപ്രതിപുരുഷന്മാർ ചേർന്ന് തീരുമാനിച്ചു നടപ്പാക്കണം. അതിന് എല്ലാ തലങ്ങളിലും അല്മായരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാണ് ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ കമ്മീഷൻ ശിപാർശചെയ്തിട്ടുള്ളത്. ഇതിൽ രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ ട്രൈബൂണലിനെയോ അല്ല സ്വന്തം സഭയിലെ വിശ്വസ്തരായ വിശ്വാസികളെ സഭാസ്വത്തുക്കളുടെ ഭരണത്തിൽ പങ്കാളികളാക്കണം എന്ന, അവയുടെ നടത്തിപ്പിൽ അക്കൗണ്ടൻസിയും ട്രാൻസ്പേരൻസിയും ഉണ്ടാകണമെന്ന, നിർദേശമാണ് 2009-ലെ ചർച്ച് ബില്ലിന്റെ കരടിലുള്ളത്.

ഇതു നടപ്പിലാക്കുന്നില്ലെങ്കിൽ യൂറോപ്പിൽ ഇന്നു സംഭവിച്ചിട്ടുള്ളതുപോലെ, പള്ളികൾ ബാറുകളോ പബ്ബുകളോ കല്യാണമണ്ഡപങ്ങളോ ഒക്കെയായി മാറും. ഇപ്പോൾത്തന്നെ യാക്കോബായ സഭയുടെ പഴന്തോട്ടം പള്ളി പിടിച്ചടക്കിയ ഓർത്തഡോക്സ് സഭ അതിന്റ അൾത്താര വിവാഹമണ്ഡപമാക്കി മാറ്റിയിരിക്കുകയാണ്! ഇത് മറ്റു സഭകളിലും സംഭവിക്കാതിരിക്കണമെങ്കിൽ ചർച്ച് ആക്ട് വന്നേതീരൂ. അതിന് എതിർനില്ക്കുന്നവർ യൂദാ സ്കറിയാത്തായുടെ പിൻഗാമികളാണെന്ന് എനിക്കു വിളിച്ചു പറയേണ്ടിവരും.

 

 

'’കാനോൻ നിയമങ്ങൾ സിവിൽ നിയമങ്ങൾക്കു തുല്യമല്ല''

'കാനോൻ നിയമങ്ങൾ സിവിൽ നിയമങ്ങൾക്കു തുല്യമല്ല'

ബർ യൂഹാനോൻ റമ്പാൻ (ഡയറക്ടർ, MACCABI), ഫോൺ: 9645939736

(റമ്പാച്ചന്റെ പ്രഭാഷണഭാഗമടങ്ങുന്ന വീഡിയോ കാണാൻ ലിങ്ക് സന്ദർശിക്കുക)

https://youtu.be/hlz86vFLLRI

1960 മാർച്ച് 14-നു മുംബൈ ഹൈക്കോടതി നടത്തിയിട്ടുള്ള ഒരു വിധിയുണ്ട്. അതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കാൻ ആർക്കും ധൈര്യമുണ്ടായിട്ടില്ല. അതിൽ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്: ''ഒരു സഭയുടെയും കാനോൻ നിയമങ്ങൾ instrument of trust ആയി കണക്കാക്കാനാവില്ല.'' സഭകൾക്കുള്ളിൽ സഭകൾ ഉണ്ടാക്കുന്ന സഭാനിയമങ്ങളെ അവയുടെ സ്വത്തു ഭരിക്കുന്നതിനുള്ള നിയമമായി കണക്കാക്കാനാവില്ല എന്നർഥം. ഭരണഘടനയിലെ ആർട്ടിക്കിൾ 26 ഡി പ്രകാരം നിയമസഭയിൽ പാസ്സാക്കുന്ന സിവിൽനിയമത്തിന്റെ അടിസ്ഥാനത്തിലേ സഭാസ്വത്തുക്കൾ ഭരിക്കാൻ പാടുള്ളു. ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചിട്ടുള്ള തികച്ചും ജനാധിപത്യസ്വഭാവമുള്ള ചർച്ച് ബിൽ - 2009 പാസ്സാക്കിയാലേ, അതിന്റെ അടിസ്ഥാനത്തിലേ, സഭകളിലെ അഴിമതിയും സഭകൾ തമ്മിലുള്ള സ്വത്തുതർക്കങ്ങളും ശാശ്വതമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്ന ബോധ്യം ജനങ്ങൾക്കും സർക്കാരിനും ഉണ്ടായേ മതിയാവൂ.