Translate

Tuesday, January 30, 2018

സഭയിലെ ഭൂമി കുംഭകോണം: ചര്‍ച്ച് ആക്ടിന്റെ അനിവാര്യത

http://www.janmabhumidaily.com/news806336

Monday 22 January 2018

ജനുവരി 22, 2018 - ജന്മഭൂമി ദിനപത്രത്തിൽ ശ്രീ. ജോർജ് മൂലേച്ചാലിൽ  ('സത്യജ്വാല' മാസിക എഡിറ്റര്‍) പ്രസിദ്ധീകരിച്ച ലേഖനം


പുലിക്കുന്നേലിന്റെ സഭാവിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയും പ്രസക്തിയും സ്വീകാര്യതയും അദ്ദേഹത്തിന്റെ മരണത്തോടെ കൂടിയിട്ടുണ്ട്. കാരണം, എന്തെല്ലാമാണോ അദ്ദേഹം മുമ്പു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നത്, അതൊന്നും അന്നു മനസ്സിലാക്കാന്‍ തയ്യാറാകാതിരുന്നവര്‍ക്കുകൂടി തെളിഞ്ഞുകാണാന്‍ കഴിയുംവിധം അതെല്ലാം ഇന്നു മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

യേശു കുരിശില്‍ മരിച്ച സമയത്ത് 'ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറിപ്പോയി' എന്നും, 'ഭൂമികുലുങ്ങി' എന്നുമൊക്കെ, ആലങ്കാരികമായിട്ടാകാം, സുവിശേഷത്തില്‍ എഴുതിയിട്ടുണ്ട്. പരസ്പരബന്ധം പ്രത്യക്ഷത്തില്‍ കാണാനാവില്ലെങ്കിലും, ഈയിടെ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചതിനോടനുബന്ധിച്ചും ചില തിരശ്ശീല കീറലുകളും ഭൂമികുലുക്കങ്ങളും അദ്ദേഹം അംഗമായിരുന്ന സിറോ-മലബാര്‍ സഭയില്‍ സംഭവിക്കുകയുണ്ടായി.
ദൈവാലയത്തെ കൊള്ളക്കാരുടെ ഗുഹയാക്കിമാറ്റിയ യഹൂദപൗരോഹിത്യത്തിനെതിരെ ചാട്ടവാറുയര്‍ത്തുകയാണ് യേശു ചെയ്തതെങ്കില്‍, ഭാരതകത്തോലിക്കാസമൂഹം ആര്‍ജിച്ച മുഴുവന്‍ സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഒരു വിദേശമതനിയമത്തിലൂടെ ഒറ്റയടിക്കു കൈയ്ക്കലാക്കി സഭയെ കൊള്ളക്കാരുടെ പറുദീസയാക്കിയ കത്തോലിക്കാപുരോഹിതഘടനയ്‌ക്കെതിരെ ഗര്‍ജ്ജിക്കുകയാണ് പുലിക്കുന്നേല്‍ ചെയ്തത്. യേശുവിനെ, റോമന്‍ സാമ്രാജ്യത്വവുമായിച്ചേര്‍ന്ന് കുരിശിലേറ്റുവാന്‍ യഹൂദപൗരോഹിത്യത്തിനുകഴിഞ്ഞുവെങ്കില്‍, ഇന്ത്യയില്‍ ജനാധിപത്യം പുലര്‍ന്നിരുന്നതിനാല്‍, പുലിക്കുന്നേലിനെ പരമാവധി ഒരു 'സഭാദ്രോഹി'പ്പട്ടം നല്‍കി ഒറ്റപ്പെടുത്താന്‍മാത്രമേ ഇവിടുത്തെ മഹാപുരോഹിതര്‍ക്കു കഴിഞ്ഞുള്ളൂ. പുരോഹിതാനുഷ്ഠാന വിക്രിയകള്‍ക്ക് തന്റെ ശവശരീരംപോലും വിട്ടുകൊടുക്കാതിരിക്കാന്‍ പുലിക്കുന്നേല്‍ ശ്രദ്ധിക്കുകയും ചെയ്തു.
കാലത്തിന്റെ അനുകൂലത വച്ചുനോക്കുമ്പോള്‍, പുലിക്കുന്നേലിന്റെ സഭാവിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തിയും പ്രസക്തിയും സ്വീകാര്യതയും അദ്ദേഹത്തിന്റെ മരണത്തോടെ കൂടിയിട്ടുണ്ട്. കാരണം, എന്തെല്ലാമാണോ അദ്ദേഹം മുമ്പു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നത്, അതൊന്നും അന്നു മനസ്സിലാക്കാന്‍ തയ്യാറാകാതിരുന്നവര്‍ക്കുകൂടി തെളിഞ്ഞുകാണാന്‍ കഴിയുംവിധം അതെല്ലാം ഇന്നു മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. യൂറോപ്പില്‍ ഇരുണ്ട നൂറ്റാണ്ടുകള്‍ക്കു ജന്മംകൊടുത്ത പാപ്പാസാമ്രാജ്യത്തെ ചൂണ്ടിക്കാട്ടി, ഇപ്രകാരം പോയാല്‍ അതു കേരളത്തിലും സംഭവിക്കും എന്നദ്ദേഹം പ്രവചിച്ചിരുന്നു. അന്നദ്ദേഹത്തെ നിഷേധിച്ചുപറഞ്ഞവരുള്‍പ്പെടെ ഇന്ന്, ഇന്ത്യയിലെ സഭകളെല്ലാം ഇരുണ്ടയുഗത്തിലേക്കുള്ള തിരിച്ചുപോക്കിലാണെന്നു വിലയിരുത്തുന്നു. സഭയില്‍ പുരോഹിതഫാസിസം അപകടകരമായ വിധത്തില്‍ വളര്‍ന്നുവരുന്നു.
മനുഷ്യരെ അശരണരും, തങ്ങളുടെ ആശ്രിതരും അടിമകളുമാക്കുന്നതിനായി പൗരോഹിത്യം പെറ്റുകൂട്ടുന്ന അന്ധവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും തിരുശേഷിപ്പുഭക്തിയെയുമെല്ലാം നിശിതമായി വിമര്‍ശിച്ചിരുന്നുവെങ്കിലും, പുലിക്കുന്നേല്‍ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് സര്‍വ്വാധിപത്യപരമായ സഭയുടെ പുരോഹിതഘടനയ്‌ക്കെതിരെ ആയിരുന്നു. യേശു 'വിജാതീയ'മെന്നു വിശേഷിപ്പിക്കുകയും അരുതെന്നു പറഞ്ഞു വിലക്കുകയും ചെയ്ത അതേ റോമന്‍ അധികാരഘടനയെ സഭയിലേക്കു സന്നിവേശിപ്പിച്ച് സഭയെ യേശുവിരുദ്ധമാക്കിയിരിക്കുന്നു എന്നതായിരുന്നു അദ്ദേഹമുയര്‍ത്തിയ സഭാവിമര്‍ശനങ്ങളുടെയും ആണിക്കല്ല്. സഭയിലെ ഈ അടിസ്ഥാനവൈരുദ്ധ്യം ബൈബിള്‍ വാക്യങ്ങള്‍ നിരത്തിയും ലോകചരിത്രം വിശകലനംചെയ്തും അദ്ദേഹം വ്യക്തമാക്കിക്കൊണ്ടേയിരുന്നു. റോമിന്റെ ആധിപത്യം എത്തുന്നതുവരെ, പൗരോഹിത്യമോ ആധിപത്യമോ കൂടാതെ 16 നൂറ്റാണ്ടുകാലം പുലര്‍ന്നിരുന്ന കേരളത്തിലെ ക്രൈസ്തവസഭയ്ക്ക്, ആ പഴയ പാരമ്പര്യത്തിലേക്കു തിരികെപ്പോകാനും സ്വതന്ത്രരാകാനും അവകാശവും കടമയുമുണ്ടെന്ന്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രികളുദ്ധരിച്ച് അദ്ദേഹം വീറോടെ വാദിച്ചു. എന്നാല്‍, റോമന്‍സഭാസംവിധാനം തങ്ങള്‍ക്കു തരുന്ന സാമ്പത്തിക-അധികാരസുഖങ്ങള്‍ വിട്ടുകളയാന്‍ മനസ്സുള്ളവരായിരുന്നില്ല, കേരളത്തിലെ മെത്രാന്മാര്‍. അതുകൊണ്ട്, തങ്ങളുടെ തനതു ഭാരതസഭാപൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ്, കേരളസഭയ്ക്ക് കല്‍ദായപൈതൃകമാണുള്ളതെന്നു വാദിക്കുകയും ആ സഭയ്ക്കു ബാധകമായ കാനോന്‍നിയമം കേരളസഭയ്ക്കുകൂടി ബാധകമാക്കുകയുമാണ് അവര്‍ ചെയ്തത്. മെത്രാന്മാര്‍ക്കെതിരെയുള്ള പുലിഗര്‍ജ്ജനം ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിയത് ഈ ഘട്ടത്തിലായിരുന്നു.
തുടര്‍ന്നാണ്, ഒരു സിവില്‍നിയമംകൊണ്ടു മാത്രമേ പൗരോഹിത്യത്തെ തളയ്ക്കാനാവൂ എന്നദ്ദേഹം തിരിച്ചറിഞ്ഞതും, 'ചര്‍ച്ച് ആക്ട്' എന്ന ആശയം മുന്നോട്ടുവച്ചതും. 2004 ആഗസ്റ്റ് 21-ന്, കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ അദ്ദേഹംതന്നെ വിളിച്ചുചേര്‍ത്ത പ്രമുഖരായ ക്രൈസ്തവനേതാക്കളുടെ യോഗത്തില്‍, 'ക്രൈസ്തവരുടെ സമൂഹസമ്പത്തു ഭരിക്കാന്‍, രാഷ്ട്രത്തിന്റേതായ ഒരു നിയമം വേണം' എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയിലെ മറ്റെല്ലാ മതസ്ഥരുടെയും പൊതുസ്വത്തുഭരിക്കാന്‍ പ്രത്യേകംപ്രത്യേകം നിയമങ്ങളുണ്ടായിരിക്കേ, ക്രൈസ്തവസമൂഹത്തിന്റെ മതസ്വത്തു ഭരിക്കാന്‍മാത്രം നിയമനിര്‍മ്മാണം നടത്താത്തത് മതവിവേചനമാണെന്ന വാദവും അദ്ദേഹമുയര്‍ത്തി. 
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട നിയമപരിഷ്‌കരണ കമ്മീഷന്റെ പരിഗണനയ്ക്ക് ഈ വിഷയംകൂടി ഉള്‍പ്പെടുത്തുകയുണ്ടായി. ആവശ്യമായ പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കുംശേഷം 2009 ജനു. 26-ന്, ‘The Kerala Christian Church Properties and Institutions Trust Bill  2009 എന്ന കരടുനിയമം നിയമമാക്കാന്‍ ശുപാര്‍ശചെയ്ത് ജസ്റ്റീസ് കൃഷ്ണയ്യര്‍, അന്നത്തെ നിയമമന്ത്രി എം.വിജയകുമാറിന് സമര്‍പ്പിച്ചു. അത് ചര്‍ച്ചചെയ്തു നിയമമാക്കാനുള്ള നടപടികള്‍ വൈകാതെ തുടങ്ങുന്നതാണെന്ന്, മന്ത്രി പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍, മെത്രാന്മാര്‍ ഇളകിവശായി. വിമോചനസമരകാലത്ത് അവര്‍, 'പള്ളിവക സ്‌കൂളുകളെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചെടുക്കാന്‍ പോകുന്നു' എന്നു പ്രചരിപ്പിച്ച അതേ ശൈലിയില്‍, ഈ നിയമനിര്‍മ്മാണത്തിനെതിരെയും  ഇടയലേഖനമിറക്കുകയും, അച്ചന്മാരെക്കൊണ്ടു പ്രസംഗിപ്പിക്കുകയും വിശ്വാസികളെക്കൊണ്ട് സര്‍ക്കാരിന് 'മാസ് പെറ്റീഷ'നുകള്‍ അയപ്പിക്കുകയും ചെയ്തു. അതോടെ, രണ്ടാം വിമോചനസമരം ഭയന്ന്, 'ചര്‍ച്ച് ആക്ട്' ചര്‍ച്ചചെയ്തു നടപ്പാക്കാനുള്ള ഉദ്യമം ആ സര്‍ക്കാര്‍ മാറ്റിവച്ചു. മെത്രാന്മാരോടുള്ള ഭയപ്പാടുമൂലം തുടര്‍ന്നുവന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഉറക്കം നടിക്കുകയാണുണ്ടായത്. 
കേരളകത്തോലിക്കാസഭയില്‍ ഇന്നു നടന്നുവരുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും, ലൈംഗികപീഡനങ്ങളുള്‍പ്പെടെയുള്ള എല്ലാ പീഡനങ്ങള്‍ക്കും, അനധികൃതഭൂമി ക്രയവിക്രയങ്ങള്‍ക്കും, കുരിശുനാട്ടിയുള്ള വനം കൈയേറ്റങ്ങള്‍ക്കും, ന്യൂനപക്ഷാവകാശത്തിന്റെ പേരുപറഞ്ഞുള്ള വര്‍ഗ്ഗീയരാഷ്ട്രീയനീക്കങ്ങള്‍ക്കുമെല്ലാം അടിസ്ഥാനകാരണം, സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ ഒരു ആധികാരികനിയമം ഇന്ത്യയിലില്ല എന്നതാണ്. ഒരു വിദേശമതനിയമത്തിന്റെ അടിസ്ഥാനത്തിലാണ്, ഒരു പരമാധികാരരാഷ്ട്രമായ ഇന്ത്യയില്‍ ഇവിടുത്തെ ക്രൈസ്തവര്‍ ആര്‍ജിച്ച സ്വത്തു ഭരിക്കപ്പെടുന്നത് എന്നതാണ്. 
കാനോന്‍ നിയമം ഇന്ത്യക്കാരായ ക്രൈസ്തവരുടെ സഭാസ്വത്തുക്കളുടെമേല്‍ മെത്രാന്മാര്‍ക്കു നല്‍കുന്നത് സര്‍വ്വാധികാരമാണ്. ഒരു പരമാധികാരരാഷ്ട്രമായ ഇന്ത്യയിലെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാനുള്ള അധികാരം താന്‍ നിയോഗിക്കുന്ന ഒരു മെത്രാനു നല്‍കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പാപ്പയ്ക്ക് അവകാശമുണ്ടാകുന്നതെങ്ങനെ എന്ന ഭരണഘടനാപരമായ ചോദ്യംകൂടി ഇവിടെ ഉയരുന്നുണ്ട്. എന്തായാലും, ഈ നിയമത്തിന്റെ തണല്‍പറ്റി ഓരോ രൂപതയിലെയും മെത്രാന്മാര്‍ എത്രയോ നാളുകളായി നിര്‍ബാധം സ്ഥലങ്ങള്‍ വില്‍ക്കുകയും ആ തുകകള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു! സഭയില്‍ തുടരുന്ന ഈ നിയമരാഹിത്യത്തിന്റെ അപകടം മനസ്സിലാക്കി 1980-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റീസ് ടി.സത്യദേവ് ഒരു ഉത്തരവ് പുറപ്പെടുവിച്ച വാര്‍ത്ത 1980 നവംബര്‍ 12-ലെ 'ഹിന്ദു'വില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്, 'സഭാസ്വത്തുഭരണത്തില്‍ ഒരു നിയമം ആവശ്യമായിരിക്കുന്നു' (Law for management of church property needed)എന്നാണ്. 
എറണാകുളത്തെ ഭൂമികുംഭകോണത്തിനെതിരെ വിശ്വാസികള്‍ കോടതിയില്‍ കേസുകൊടുത്താലും വിധി മേജര്‍ ആര്‍ച്ചുബിഷപ്പിനനുകൂലമാകാനാണു സാധ്യത. കാരണം, കാനോന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ചു ബിഷപ്പിന്റേതാണ് ആ സ്ഥലമൊക്കെയും! അതുകൊണ്ടാണ്, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന നികുതി വെട്ടിപ്പിനും  കള്ളപ്പണത്തിനും എതിരായിമാത്രം കേസുനല്‍കിയിരിക്കുന്നത്.
നഷ്ടക്കച്ചവടമായിപ്പോയതില്‍ രൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്ക് എതിര്‍പ്പുണ്ടായതുകൊണ്ടു മാത്രമാണ് ഈ ഭൂമികുംഭകോണം പുറത്തായതും വിവാദമായതും. അതുകൊണ്ടാണ്, അവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല കണ്ടെത്തി പ്രശ്‌നം അപ്പാടെ കുഴിച്ചുമൂടാന്‍ വൈദികസമിതി തലത്തിലും മെത്രാന്‍സമിതി തലത്തിലും നീക്കങ്ങളുണ്ടായിരിക്കുന്നത്.
എന്നാല്‍, കുടത്തില്‍നിന്നു പുറത്തുചാടിയ ഈ ഭൂമികുംഭകോണക്കേസ് തിരിച്ചു കുടത്തിനുള്ളിലാക്കി അടയ്ക്കാനാവുമെന്നു തോന്നുന്നില്ല. കോടികളുടെ വിശ്വാസവഞ്ചനയില്‍ ഞെട്ടിയുണര്‍ന്ന വിശ്വാസികള്‍ അതു സമ്മതിക്കുകയില്ലതന്നെ.  മറ്റു രൂപതകളിലെ സമാന കുംഭകോണവാര്‍ത്തകള്‍ ഒന്നൊന്നായി പുറത്താക്കുന്ന പരിശ്രമത്തിലുമാണവര്‍. ചുരുക്കത്തില്‍, സഭാധികൃതര്‍ സഭയെ വഞ്ചിച്ചിരിക്കുന്നുവെന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നുമുള്ള ചിന്ത സഭാസമൂഹത്തില്‍ വ്യാപകമായിക്കഴിഞ്ഞു. 
 ('സത്യജ്വാല' മാസികയുടെ എഡിറ്ററാണ് ലേഖകന്‍. ഫോണ്‍: 9497088904)

 2:45 am IST

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭൂമി കച്ചവടവും മെത്രാന്മാരുടെ എപ്പിക്കൂരിയനിസവും

എം.എല്‍. ജോര്‍ജ് മാളിയേക്കല്‍ ഫോണ്‍: 9400953632
(ജന. സെക്രട്ടറി, Catholic  Laymen's Association)

പരേതനായ മേജര്‍ ആര്‍ച്ച്ബിഷപ്പ് വര്‍ക്കി വിതയത്തില്‍, സീറോ-മലബാര്‍ സഭയില്‍ പിശാച് ബാധിച്ചിരിക്കുന്നു എന്ന് സ്ഥിരീകരിച്ചിട്ടുള്ളത് ഇന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കയാണ്. പിശാചുബാധ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കാലത്തോളമായി. വിശുദ്ധ ഇടങ്ങളില്‍ വ്യാപരിക്കുന്ന മെത്രാന്മാരിലും അവരുടെ അനുയായികളായ ഒരു വിഭാഗം വൈദികരിലുമാണ് ഈ ബാധ പ്രവേശിച്ചിട്ടുള്ളത്. അധികാരവും ആധിപത്യവും ആര്‍ഭാടവും ധൂര്‍ത്തും കാപട്യവും ചൂഷണവും ആഭിചാരവും അസന്മാര്‍ഗ്ഗികതയും വഞ്ചനയും തട്ടിപ്പും സ്വാര്‍ത്ഥതയും സുഖലോലുപതയും കൈമുതലാക്കി കത്തോലിക്കാ മെത്രാന്മാര്‍ ദൈവനിഷേധപ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ച് ക്രിസ്തീയ ജീവിത ശൈലി കൈവിട്ടിരിക്കയാണ്.
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെല്ലാവരും ഒരു സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിത്തീരുകയും ചെയ്യുമ്പോഴാണ് ക്രിസ്തീയ ജീവിതശൈലി ഉടലെടുക്കുന്നത്. എ.ഡി. 52-ല്‍ യേശുവിന്റെ 12 ശിഷ്യരില്‍ ഒരാളായ വി. തോമ്മാശ്ലീഹായാല്‍ ഭാരതത്തില്‍ തുടക്കമിട്ട ക്രൈസ്തവസഭ ക്രിസ്തീയ ജീവിതശൈലിയില്‍ അടിയുറച്ചതാണ്. വിശ്വാസിസമൂഹം ഒരു ഹൃദയവും ഒരു ആത്മാവുമായി വ്യാപരിച്ചു. സഭാസ്വത്തുക്കള്‍ ആരും തങ്ങളുടെ സ്വന്തമെന്ന് അവകാശപ്പെട്ടിരുന്നില്ല. എല്ലാം പൊതുവായിരുന്നു. ദേശിയതയില്‍ അടിയുറച്ച് ജനാധിപത്യവ്യവസ്ഥിതിയിലാണ് സഭ പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. ഇതു തികച്ചും ക്രൈസ്തവമായിരുന്നു.
സഭാപ്രവര്‍ത്തനം ആത്മീയ മണ്ഡലമെന്നും ഭൗതികമണ്ഡലമെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുന്ന മെത്രാന്മാരെയും വൈദികരെയും ഭൗതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്നും യേശു വിലക്കിയിട്ടുള്ളതാണ് (മത്താ. 10:9-10, മര്‍ക്കോ. 6:7-9, ലൂക്കാ 9:3-6). ആത്മീയശുശ്രൂഷയ്ക്കായി സത്യപ്രതിജ്ഞ എടുക്കാത്തവരായ അല്‍മായസമൂഹത്തെ ഭൗതികമണ്ഡലത്തിന്റെ ശുശ്രൂഷയ്ക്കായി യേശു ചുമതലപ്പെടുത്തി (അപ്പ.പ്രവ. 6:2-4, ലൂക്കാ 10:8). സ്വകീയരും ലൗകികരായിരിക്കുന്നവരും ലോകത്തില്‍ ജീവിച്ചുകൊണ്ട് സഭയുടെ ദൗത്യത്തില്‍ പങ്കുചേരുന്നവരും, പട്ടമോ സന്ന്യാസവ്രതമോ സ്വീകരിക്കാത്തവരുമായ ക്രിസ്തീയവിശ്വാസികളെയാണ് അല്‍മായര്‍ എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. മാമ്മോദീസവഴി അല്‍മായര്‍ യേശുക്രിസ്തുവിനോടു ചേര്‍ന്ന് ഒരു ശരീരമായിത്തീരുന്നു. അവര്‍ യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിലും രാജത്വത്തിലും സ്വര്‍ഗ്ഗീയമായ രീതിയില്‍ പങ്കുകാരാണ്. ഭൗതികമായ എല്ലാ വ്യവഹാരങ്ങളിലും ജോലികളിലും ഏര്‍പ്പെട്ടുകൊണ്ട് കുടുംബസംബന്ധവും സാമൂഹികവുമായ ജീവിതത്തില്‍ തങ്ങളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന ലോകത്തിലെ സാധാരണ സാഹചര്യത്തിലാണ് അല്‍മായര്‍ ജീവിക്കുന്നത്. സഭയുടെ ഭൗതിക കാര്യങ്ങളെ ദൈവേഷ്ടപ്രകാരം നിയന്ത്രിച്ചും നിര്‍വ്വഹിച്ചും ക്രമീകരിച്ചും സ്വന്തം ദൈവവിളിക്കനുസൃതമായി ദൈവരാജ്യം അന്വേഷിച്ചും ജീവിക്കുക എന്നതാണ് അല്‍മായരുടെ പ്രഥമമായ കടമ. ഇങ്ങനെ അല്‍മായര്‍ ജീവിതമാതൃകയിലും വിശ്വാസം, ശരണം, ഉപവി എന്നീ ദീപ്തിയാലും മറ്റുള്ളവര്‍ക്ക് യേശുവിനെ വെളിപ്പെടുത്തിക്കൊടുക്കുന്നു. ഇതനുസരിച്ചാണ് അല്‍മായര്‍ സഭയിലെ ഭൗതികകാര്യങ്ങളുടെ ശുശ്രൂഷാ ചുമതല നിര്‍വ്വഹിച്ചുപോന്നിട്ടുള്ളത്. അതോടൊപ്പം വിശ്വാസം, പ്രത്യാശ, ഉപവി ഇവയില്‍ തിളങ്ങിക്കൊണ്ട് സഭാസമൂഹത്തില്‍ നീതിപൂര്‍വ്വകമായ നിയമനിര്‍മ്മാണം നടത്താനും ലോകവിശുദ്ധീകരണത്തിന്റെ പുളിമാവാകാനും അല്‍മായര്‍ക്കാണ് അവകാശവും കടമയും ദൈവവിളിയുമുള്ളത്. ''ഒരു ഭൃത്യന് രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോട് ഭക്തികാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ച് സേവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല' (ലൂക്കാ 16:13).
ആത്മീയ മണ്ഡലത്തില്‍ വ്യാപരിക്കുന്ന മെത്രാന്മാര്‍ക്കും അവരുടെ അനുയായികളായ വൈദികര്‍ക്കും യേശു നല്‍കിയിട്ടുള്ള നിര്‍ദ്ദേശമാണത്. ഈ ക്രിസ്തീയ തത്ത്വങ്ങളെ അവഗണിച്ച് മെത്രാന്മാര്‍ ആത്മീയമണ്ഡലത്തിന്റെയും ഭൗതികമണ്ഡലത്തിന്റെയും കൈകാര്യസ്ഥരായതാണ് ഇന്ന് സഭ നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും അപവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും ദുഷ്‌പ്പേരിനും കാരണമായിട്ടുള്ളത്. ആത്മീയ ശുശ്രൂഷ മറികടന്ന് മെത്രാന്മാര്‍ ഭൗതികശുശ്രൂഷയുടെ കൈകാര്യസ്ഥരായതോടെ അവര്‍ ആഭിചാരകാര്‍മ്മികരായി മാറി. ആഭിചാരം എന്നാല്‍ ഇംഗ്ലീഷില്‍ 'ബ്ലാക്ക് മാജിക്ക്' എന്നാണര്‍ത്ഥം. ക്രിസ്തീയ ആത്മീയത എന്ന വ്യാജേന തങ്ങള്‍ക്ക് വിലക്കപ്പെട്ട ഭൗതികം കൈകാര്യംചെയ്യുമ്പോള്‍ ആഭിചാരം ഉടലെടുക്കുന്നു. ഇത്തരം ആഭിചാരപ്രവൃത്തികളാണ് ഇന്ന് കത്തോലിക്കാസഭയില്‍ നടമാടുന്നത്.
യേശുനാഥന്‍ ശിഷ്യരെ അടുത്തുവിളിച്ചു പറഞ്ഞു: ''വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്തം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നു എന്നും നിങ്ങള്‍ക്കറിയാമല്ലോ? എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രെ (മര്‍ക്കോ. 10: 42-45, മത്താ. 20: 25-28, ലൂക്കാ. 22:24-27). കത്തോലിക്കാമെത്രാന്മാര്‍ ക്രിസ്തീയതയ്‌ക്കെതിരായി അധികാരവും ആധിപത്യവും സ്ഥാപിച്ച് ദൈവജനത്തിനുമേല്‍ യജമാനത്തം പുലര്‍ത്തുന്നതിനുവേണ്ടി വിശ്വാസത്തിന്റെ ഭാഗമെന്ന വ്യാജേന ഏകാധിപത്യ കാനന്‍നിയമങ്ങള്‍ നിര്‍മ്മിച്ചു നടപ്പിലാക്കി ആഭിചാരകര്‍മ്മങ്ങളില്‍ അഭിരമിക്കുകയാണ്.
''ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുവകകളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു'' (കൊളോ. 3:1-4) ആത്മീയശുശ്രൂഷയ്ക്ക് സത്യപ്രതിജ്ഞ എടുത്തിട്ടുള്ള മെത്രാന്മാരും വൈദികരും ജഡികമായി മരിച്ച് ആത്മാവില്‍ പുനര്‍ജന്മം സ്വീകരിച്ചവരാണ്. അവര്‍ സ്വര്‍ഗ്ഗരാജ്യകാര്യങ്ങള്‍ അന്വേഷിക്കേണ്ടവരാണ്. ഭൂമിയിലുള്ള ഭൗതികകാര്യങ്ങള്‍ അന്വേഷിക്കേണ്ടവരല്ല. എന്നാല്‍, ആത്മീയശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാരും വൈദികരും ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യേണ്ടതിനുപകരം മാമോനില്‍ പരസ്യമായി സ്ഥിതിചെയ്തുകൊണ്ട് ബ്രഹ്മരക്ഷസ്സുകളുടെ അവതാരങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മരക്ഷസ്സ് എന്നാല്‍ ബ്രഹ്മജ്ഞാനം നേടിയശേഷം അതില്‍നിന്നു വ്യതിചലിച്ച് പാപം ചെയ്തുനശിച്ച പരേതാത്മാക്കളാണ്.
യേശു ശിഷ്യന്മാരോട് പറഞ്ഞു: സഞ്ചിയോ രണ്ടുടുപ്പോ ചെരിപ്പോ മടിശ്ശീലയോ നിങ്ങള്‍ കൊണ്ടുപോകരുത്. നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും ആ വീടിന് സമാധാനം ആശംസിക്കണം. അവര്‍ നിങ്ങള്‍ക്ക് വിളമ്പുന്നത് ഭക്ഷിക്കുവിന്‍ (ലൂക്കാ 10). എന്നാല്‍ മെത്രാന്മാര്‍ യേശുവിന്റെ ഈ കല്പന ലംഘിച്ച് എളിമയിലും ലാളിത്യത്തിലും പങ്കുകാരാകാതെ ആര്‍ഭാടവും ധൂര്‍ത്തും കാപട്യവും ചൂഷണവും കൈമുതലാക്കി, യേശുവിനുപകരം ഇടതുവശത്തെ ക്രൂശിതനായ കവര്‍ച്ചക്കാരന്റെ ജീവിതശൈലി പിന്‍തുടര്‍ന്ന് സഭാസമ്പത്ത് കവര്‍ന്നു ഭക്ഷിച്ചുകൊണ്ടിരിക്കയാണ്. അല്‍മായസമൂഹം വിയര്‍പ്പുചിന്തി കഠിനാദ്ധ്വാനംചെയ്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വരൂപിച്ച സഭാസമ്പത്തുകള്‍ തങ്ങളുടെ ആഡംബരജീവിതത്തിനും ആര്‍ഭാടത്തിനുമായി ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുകയാണ്.
ക്രൈസ്തവസഭ രൂപംപ്രാപിച്ചിട്ടുള്ളതുതന്നെ ട്രസ്റ്റ് ആയിട്ടാണ്. ട്രസ്റ്റിന്റേതായ എല്ലാ മാനദണ്ഡങ്ങളും അവഗണിച്ചുകൊണ്ട് സഭയ്ക്കും സമൂഹത്തിനും യാതൊരു ഗുണവും ലഭിക്കാത്തതും വന്‍സാമ്പത്തികനഷ്ടം വരുത്തിക്കൊണ്ട് വിദേശരാഷ്ട്രങ്ങളിലേക്കുള്ള വിമാനയാത്രകളും രാജകീയപര്യടനങ്ങളും കോടികള്‍ മുടക്കിയുള്ള മെത്രാസനമന്ദിരങ്ങളും അതിലെ അത്യാധുനിക സജ്ജീകരണങ്ങളും ജീവിതചര്യകളും ദശലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാറുകളും, തിന്നുകുടിച്ച് ഉന്മത്തരാകാന്‍ ആവശ്യമായ വൈനറികളും ഭോഗാസക്തിയെ തൃപ്തിപ്പെടുത്താനുള്ള സംവിധാനങ്ങളും രൂപതകള്‍തോറും നടപ്പിലാക്കിക്കൊണ്ട് മെത്രാന്മാര്‍ എപ്പിക്യൂരിയന്‍ ജീവിതക്രമത്തിനുതകുന്നതെല്ലാം സ്വായത്തമാക്കിയിരിക്കയാണ്. എപ്പിക്കൂരിയനിസം - ഇന്ന് തിന്നുകുടിച്ച് ആനന്ദിക്കുക, നാളെ നമ്മുടേതല്ല എന്നതാണ്. പള്ളികള്‍, ആശുപത്രികള്‍, അനാഥമന്ദിരങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പാര്‍പ്പിടങ്ങള്‍ തുടങ്ങിയ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിശ്വാസികള്‍ നല്‍കിവരുന്ന കോടിക്കണക്കിനു രൂപ യഥാവിധി വിനിയോഗിക്കാതെ വകമാറ്റി ചെലവഴിച്ച് തട്ടിപ്പുനടത്തിയശേഷം ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി സഭാവിശ്വാസികളുടെപേരില്‍ വിദേശത്തു പോയി അവരറിയാതെ പണം സമാഹരിച്ച് മെത്രാന്മാര്‍ തദ്ദേശിയരും വിദേശിയരുമായ അല്‍മായരെ ഇരട്ടത്തട്ടിപ്പിന് വിധേയരാക്കുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയും സംഘവും എറണാകുളം അതിരൂപതയില്‍ നടത്തിയിട്ടുള്ള ഭൂമിവില്പന.
ക്രിസ്തീയസഭ ഒരു ട്രസ്റ്റ് ആയതിനാല്‍ സഭയുടെ കണക്കില്‍ പൊരുത്തക്കേടും നീക്കിബാക്കിയില്‍ കുറവും കണ്ടാല്‍ നഷ്ടം വരുത്തിയ വ്യക്തി ആരാണോ, അവരില്‍നിന്ന് ആ നഷ്ടം ഈടാക്കണമെന്നാണ് സഭാനിബന്ധന. സഭാസ്വത്തുക്കളുടെ വില്പന യാതൊരു കാരണവശാലും രഹസ്യമാകാന്‍ പാടില്ല. മുന്‍കൂറുള്ള പരസ്യനോട്ടീസിന്റെ അടിസ്ഥാനത്തില്‍ ലേലമോ വില്പനയോ ആകാം. ഏതാണോ കൂടുതല്‍ അഭികാമ്യമായിട്ടുള്ളത് അതാണ് സ്വീകരിക്കേണ്ടത്. എല്ലാ ഇടപാടുകളും പണം സ്വീകരിച്ചുമാത്രം നടത്തേണ്ടതും പ്രതിഫലത്തുക അതാതു ദിവസത്തെ സഭാ കണക്കില്‍ ഉണ്ടാകേണ്ടതുമാണ്. പൂര്‍ണ്ണമായ പ്രതിഫലം പറ്റാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ കൊടുത്ത വ്യക്തി വസ്തുവിന്റെ യഥാര്‍ത്ഥ വില (Market Value) സഭയില്‍ അടയ്ക്കുവാന്‍ ബാധ്യസ്ഥനാണ്. സഭയുടെ സ്ഥലങ്ങളോ കെട്ടിടങ്ങളോ ഉരുപ്പടികളോ വില്‍ക്കുകയോ പാട്ടത്തിനു കൊടുക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യേണ്ടത് സഭയുടെ നൈയാമികമായ എല്ലാ നടപടിക്രമങ്ങള്‍ പാലിച്ചും നിയമോപദേശങ്ങള്‍ തേടിക്കൊണ്ടുമായിരിക്കണമെന്നാണ് സഭയുടെ ചട്ടം. സഭയുടെ ആരംഭംമുതല്‍ നിലനിന്നുപോരുന്നതാണ് ഈ ആചാരം. ഒരു ആചാരം 30 വര്‍ഷം തുടര്‍ച്ചയായി നിലനിന്നു പോന്നാല്‍ ആ ആചാരത്തിന് നിയമത്തിന്റെ പ്രാബല്യമുണ്ട്. അത് കാനന്‍ നിയമത്തിനെതിരാണെന്നോ കാനന്‍നിയമത്തില്‍ ഇല്ലാത്തതാണെന്നോ ഉള്ള തടസ്സവാദങ്ങള്‍ ഉന്നയിക്കാന്‍ മെത്രാന്മാര്‍ക്കോ പോപ്പിനുപോലുമോ അധികാരമില്ല. ഈ വസ്തുത പോപ്പിനും എല്ലാ മെത്രാന്മാര്‍ക്കും അറിവുള്ളതുമാണ്.
വസ്തുതകള്‍ ഇതായിരിക്കെ, ഒരു വിഭാഗം മെത്രാന്മാരും വൈദികരും വിവാദമായ ഭൂമി വില്പനയിടപാടിലെ കാനോനിക നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് നടപടികള്‍ ആവശ്യപ്പെട്ട് പോപ്പിനെ സമീപിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. അല്‍മായ സമൂഹത്തിന്റെ അധികാരാവകാശങ്ങള്‍ക്ക് പുകമറസൃഷ്ടിക്കുന്നതിനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. വത്തിക്കാന്‍ രാഷ്ട്രത്തലവനായ പോപ്പിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിയമപരമായ യാതൊരവകാശവും ഇല്ല. പോപ്പിന് ഇക്കാര്യത്തില്‍ തീര്‍പ്പെടുക്കാന്‍ അവകാശം ലഭിക്കണമെങ്കില്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്കു വിധേയമായി പോപ്പ് ഇവിടെ വസ്തുവകകള്‍ സമ്പാദിച്ചിരിക്കണം. ഇന്‍ഡ്യന്‍ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പോപ്പില്‍ നിക്ഷിപ്തമാക്കാത്ത സമ്പത്തിന്മേല്‍ പോപ്പിന് യാതൊരുവിധ അവകാശാധികരങ്ങളും ഇല്ല. പോപ്പിന്റെ പ്രതിനിധികളായ ഇന്‍ഡ്യയിലെ മെത്രാന്മാര്‍ക്കും യാതൊരുവിധ അവകാശങ്ങളും ഇല്ല. എറണാകുളം അതിരൂപതയിലെ വസ്തുവില്പന ഇന്‍ഡ്യന്‍ ട്രസ്റ്റ് ആക്ടിന്റെയും ഭൂനിയമങ്ങളുടെയും ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടീസ് ആക്ടിന്റെയും ലംഘനമാണ്. ശതകോടിയില്‍പരം രൂപ മൂല്യമുള്ള ഭൂമി തുച്ഛമായ വിലകാണിച്ച് പ്രമാണങ്ങള്‍ ചമച്ചതും, ക്രൈസ്തവസമൂഹത്തെ വഞ്ചിച്ചതും, സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലും പൊതുഖജനാവിലെത്തിച്ചേരേണ്ടതായ ലക്ഷക്കണക്കിന് രൂപ ഖജനാവിലടയ്ക്കാതെ സര്‍ക്കാരിനെ വെട്ടിച്ചതും ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് വത്തിക്കാനിലെ പോപ്പല്ല, ഈ വസ്തുവകകള്‍ സമ്പാദിച്ച ഇവിടത്തെ വിശ്വാസിസമൂഹവും ഇവിടെ ഭരണം നടത്തുന്ന സര്‍ക്കാരുമാണ്. അതിനാല്‍ ഭരണം കൈയാളുന്ന സര്‍ക്കാര്‍ ഈ കുറ്റകത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. അതോടൊപ്പംതന്നെ, സഭാസമ്പത്തിന്റെ ഉടമകളായ വിശ്വാസി (അല്‍മായ) സമൂഹവും കുറ്റവാളിക്കെതിരെ ക്രിമിനലായും സിവില്‍ ആയും നിയമനടപികള്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരേണ്ടതാണ്. (തുടരും)


Monday, January 29, 2018

മെത്രാന്‍തിരഞ്ഞെടുപ്പ് സുവിശേഷവല്‍ക്കരിക്കുക, ചര്‍ച്ച് ആക്ട് അംഗീകരിക്കുക

2018 ജനുവരി ലക്കം സത്യജ്വാലയില്‍നിന്ന്

[സീറോ - മലബാര്‍ സിനഡ് മുമ്പാകെ, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' 2011 മെയ് 23-നു സമര്‍പ്പിച്ച അവകാശപത്രിക. കടപ്പാട്: 'ഓശാന', 2011 ജൂലൈ ലക്കം]

കത്തോലിക്കാസഭയിലെ മെത്രാന്‍നിയമനം സുവിശേഷമൂല്യങ്ങള്‍ക്കോ ജനാധിപത്യമര്യാദകള്‍ക്കോ നിരക്കാത്ത രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ഞങ്ങളുടെ സുചിന്തിതമായ അഭിപ്രായം. പരിശുദ്ധാരൂപിയുടെ ഇടപെടലോടെയാണെന്നുള്ള അവകാശവാദം നിങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പലപ്പോഴും ചില മെത്രാന്മാരുടെ സ്‌പോണ്‍സറിങ്‌വഴി അവരുടെ പാര്‍ശ്വവര്‍ത്തികളും പാദസേവകരുമായി അറിയപ്പെടുന്ന പുരോഹിതരെയാണ് മെത്രാന്മാരായി ആയുഷ്‌കാലത്തേക്ക് നിയമിക്കുന്നത്. യൂദാസിന്റെ ആത്മഹത്യക്കുശേഷം ആദിമസഭയില്‍ പകരക്കാരനായി മത്തിയാസിനെ കണ്ടെത്തിയത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയായിരുന്നുവെന്ന് നടപടിപുസ്തകം അദ്ധ്യായം 1, 23 മുതല്‍ 26 വരെ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം നൂറ്റാണ്ടില്‍ സഭയെ നയിച്ച ഹിപ്പോളിറ്റസ് മാര്‍പാപ്പയും ഇങ്ങനെ എഴുതുന്നു: ''മേലന്വേഷകനെ (മെത്രാനെ) ജനങ്ങള്‍ തിരഞ്ഞെടുത്തശേഷംവേണം വാഴിക്കാന്‍. എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരാള്‍ നിര്‍ദ്ദേശിക്കപ്പെട്ടശേഷം ജനങ്ങള്‍ ദൈവത്തിന്റെ ദിനത്തില്‍ പ്രബോധകരുടെയും (പുരോഹിതരുടെയും) മേലന്വേഷകരുടെയും (മെത്രാന്മാരുടെയും) സാന്നിദ്ധ്യത്തില്‍ യോഗംചേര്‍ന്ന് അംഗീകരിക്കുകയും അതിനുശേഷംമാത്രം മേലന്വേഷകര്‍ (മെത്രാന്മാര്‍) കൈവെപ്പുശുശ്രൂഷ നടത്തുകയും വേണം'' (The Faith of the Early Fathers, Vol 1, page 166).
മേലുദ്ധരിച്ച സുവിശേഷതത്വങ്ങള്‍ക്കും സഭാപാരമ്പര്യത്തിനും കടകവിരുദ്ധമായ രീതിയിലാണ് സീറോ-മലബാര്‍ സഭ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആറു മെത്രാന്മാരെ നിയമിച്ചത്. കല്‍ദായവല്‍ക്കരണമെന്ന വിതണ്ഡവാദമുയര്‍ത്തി സഭയെ പിളര്‍പ്പിന്റെ വക്കോളമെത്തിക്കുകയും അര്‍ദ്ധനഗ്നനായി കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിനെ കുരിശോടെ പള്ളികളില്‍നിന്ന് എടുത്തുമാറ്റുകയും, പകരം പാഷണ്ഡകുരിശായ മാനിക്കേയന്‍കുരിശിനെ മാര്‍ത്തോമാകുരിശെന്ന ഓമനപ്പേരിട്ട് പ്രതിഷ്ഠിക്കുകയുംചെയ്ത മാര്‍ പവ്വത്തില്‍ അതിമെത്രാന്‍, തന്റെ ഭരണകാലത്ത് പൗരസ്ത്യതിരുസംഘത്തില്‍ അവിഹിതസ്വാധീനം ചെലുത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ മെത്രാന്മാരും അതിമെത്രാന്മാരുമായി നിയമിച്ചത് കേരളസഭയില്‍ കോളിളക്കമുണ്ടാക്കിയിരുന്നു. സഹായമെത്രാനായി രണ്ടുവര്‍ഷംപോലും തികയാത്ത മാര്‍ താഴത്ത്‌മെത്രാന്‍ ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം മെത്രാന്‍ പദവിയിലിരുന്ന സീനിയര്‍ മെത്രാന്മാരുടെ തലയ്ക്കു മുകളിലൂടെ അവിഹിതമായി ഇരട്ടപ്രൊമോഷന്‍ നേടി തൃശൂര്‍ അതിമെത്രാനായ ചരിത്രവും കേരളകത്തോലിക്കര്‍ മറന്നിട്ടില്ല.
സീറോ-മലബാര്‍ സഭയിലെ മെത്രാന്‍തിരഞ്ഞെടുപ്പ് ഇന്നത്തെ മെത്രാന്‍ സ്‌പോണ്‍സറിങ് സമ്പ്രദായത്തിനുപകരം ജനാധിപത്യ-സുവിശേഷാനുസൃതമാക്കാന്‍ ഇനിയെങ്കിലും വേണ്ടപ്പെട്ടവര്‍ തയ്യാറാകണം. ഇതിനായി ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുകയാണ് ആദ്യം വേണ്ടത്. ഈ കമ്മീഷന്‍ സഭയിലൊട്ടാകെയുള്ള പുരോഹിതരില്‍നിന്ന് ഒരു അര്‍ഹതാ മെറിറ്റ്‌ലിസ്റ്റ് തയ്യാറാക്കണം. ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കുകയും അതില്‍ 10 വര്‍ഷമെങ്കിലും ഇടവകവൈദികനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള വൈദികരെമാത്രമേ ഈ അര്‍ഹതാലിസ്റ്റില്‍ ഉള്‍പ്പെടുത്താവൂ. വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തനപരിചയം, കാര്യപ്രാപ്തി, അത്മായരോടുള്ള മാന്യമായ പെരുമാറ്റം, സര്‍വോപരി അവശരോടും ആലംബഹീനരോടുമുള്ള കാരുണ്യം എന്നിവയായിരിക്കണം അര്‍ഹതാലിസ്റ്റില്‍ പേരുള്‍പ്പെടുത്താനുള്ള മാനദണ്ഡം. ഈ അര്‍ഹതാലിസ്റ്റില്‍നിന്ന് മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും അത്മായര്‍ക്കും തുല്യപ്രാതിനിധ്യമുള്ള സിനഡായിരിക്കണം മെത്രാനെ തിരഞ്ഞെടുക്കേണ്ടത്.
മെത്രാന്‍ 5 വര്‍ഷത്തില്‍ക്കൂടുതല്‍ ഒരു രൂപതയില്‍ സേവനംചെയ്യാന്‍ പാടില്ല. അതിനുശേഷം മറ്റേതെങ്കിലും രൂപതയിലേക്കു സ്ഥലംമാറിപ്പോകണം. പരമാവധി 15 വര്‍ഷമായിരിക്കണം ഒരു മെത്രാന്റെ സേവനകാലാവധി. വിരമിക്കുന്ന മെത്രാനോ അതിമെത്രാനോ പിന്നീട് എല്ലാ ആദ്ധ്യാത്മികഭൗതികസ്ഥാനങ്ങളില്‍നിന്നും ഒഴിവായി പ്രാര്‍ത്ഥനാരൂപിയിലും ആദ്ധ്യാത്മികശുശ്രൂഷയിലും വിശ്രമജീവിതം നയിക്കേണ്ടതാണ്.
മുന്‍കാലങ്ങളിലെ തെറ്റിന്റെ തനിയാവര്‍ത്തനംതന്നെയാണ് ഇപ്പോള്‍  നടക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പ് തിരഞ്ഞെടുപ്പിലും അരങ്ങേറാന്‍ പോകുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പായി ഒരു പുരോഹിതനെയോ അത്മായനെയോവരെ നിയമപരമായി തെരഞ്ഞെടുക്കാമെന്നിരിക്കെ, തെരഞ്ഞെടുപ്പിനുള്ള ഇലക്‌ടൊറല്‍ കോളജായ സിനഡില്‍ പുരോഹിതര്‍ക്കും അത്മായര്‍ക്കും പ്രാതിനിധ്യം വേണമെന്ന ആവശ്യം തികച്ചും ന്യായവും ജനാധിപത്യപരവുമാണ്. ജനാധിപത്യസംവിധാനത്തിലൂടെ മെത്രാന്‍, അതിമെത്രാന്‍, മേജര്‍ ആര്‍ച്ചുബിഷപ്പ് എന്നീ സ്ഥാനികളുടെ തെരഞ്ഞെടുപ്പ് സുവിശേഷവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇന്ന് സഭയില്‍ നിലവിലുള്ള സര്‍വാധിപത്യ സമ്പ്രദായത്തിനു അറുതിവരികയും അവര്‍ക്ക് വിശ്വാസികളോട് ആത്മീയപ്രതിബദ്ധത വളരുകയും സഭ യേശുമാര്‍ഗ്ഗത്തില്‍ പുരോഗമിക്കുകയും ചെയ്യും. ആയതിനാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റേതുള്‍പ്പെടെ എല്ലാ മെത്രാന്‍ തെരഞ്ഞെടുപ്പിലും അത്മായപ്രതിനിധികള്‍ക്ക് പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നു ഞങ്ങള്‍ ശക്തിയുക്തം ആവശ്യപ്പെടുന്നു.
കേരളക്രൈസ്തവ സമൂഹത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കു തിരികൊളുത്താനുതകുന്ന 'ചര്‍ച്ച് ആക്ട് ' എന്നു ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഠവല ഗലൃമഹമ ഇവൃശേെശമി ഇവൗൃരവ ജൃീുലൃശേല െ& കിേെശൗേശേീി െഠൃൗേെ ആശഹഹ-2009' നിയമപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്രൈസ്തവ സംഘടനകളും അവയുടെ ഏകോപനസമിതിയായ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലും ശക്തമായ ബോധവല്‍ക്കരണ, പ്രചാരണ, സമരപരിപാടികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിവരുന്നു. പത്മഭൂഷന്‍ എം.വി.പൈലി, പത്മഭൂഷന്‍ ജസ്റ്റീസ് കെ.ടി.തോമസ്, മുന്‍മന്ത്രി പ്രൊഫ. എന്‍.എം.ജോസഫ്, ഓശാന പത്രാധിപരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയ ക്രൈസ്തവസമുദായത്തിലെ ഉന്നതശീര്‍ഷര്‍ ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചും, അതു നടപ്പിലാക്കുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ കടമയാണെന്നു പ്രഖ്യാപിച്ചും സമൂഹമദ്ധ്യത്തിലേക്കു ഇറങ്ങിക്കഴിഞ്ഞു. പ്രമുഖരായ ചില വൈദികര്‍പോലും ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചുതുടങ്ങിയിരിക്കുന്നു.
എന്നാല്‍ കേരളത്തിലെ മെത്രാന്മാര്‍മാത്രം ഇതൊന്നും അറിഞ്ഞില്ലെന്നമട്ടില്‍ ഉറക്കംനടിച്ചു കഴിയുന്നു. ഈ രണ്ടു വര്‍ഷക്കാലയളവില്‍ സിനഡുകളായും സംസ്ഥാനതല മെത്രാന്‍ കോണ്‍ഫറന്‍സുകളായും (KCBC) കത്തോലിക്കാ മെത്രാന്മാര്‍ പല കാര്യങ്ങളും ചര്‍ച്ചചെയ്‌തെങ്കിലും, സമുദായത്തെ സംബന്ധിച്ച് അതിപ്രധാനമായ ചര്‍ച്ച് ആക്ടിനെപ്പറ്റിമാത്രം യാതൊരു അഭിപ്രായപ്രകടനവും നടത്തിയതായി സമൂഹം അറിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ മറ്റു പല വിഷയങ്ങളെ സംബന്ധിച്ചും ഒട്ടേറെ ഇടയലേഖനങ്ങളും സര്‍ക്കുലറുകളും ഇറക്കിയെങ്കിലും ചര്‍ച്ച് ആക്ടിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു പ്രസ്താവനപോലും നടത്തിയിട്ടില്ല.
നിങ്ങള്‍ മെത്രാന്മാരോട് ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഈ മുഖംമൂടി അഴിച്ചുവച്ച് ഇനിയെങ്കിലും ചര്‍ച്ച് ആക്ടിനെ സംബന്ധിച്ചു പ്രതികരിക്കണമെന്നാണ്. ചര്‍ച്ച് ആക്ടില്‍ ബൈബിളിലെ പഠനങ്ങള്‍ക്കോ, സംപൂജ്യമായ നമ്മുടെ പൂര്‍വപാരമ്പര്യങ്ങള്‍ക്കോ, മാര്‍ത്തോമാമാര്‍ഗത്തില്‍ അധിഷ്ഠിതമായ പള്ളിയോഗസമ്പ്രദായത്തിനോ നിരക്കാത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കു ബാധ്യതയുണ്ട്. ഇനി  എതിര്‍ക്കപ്പെടേണ്ടതായി യാതൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍പ്പോലും, 'ആദ്ധ്യാത്മികാധികാരം പുരോഹിതര്‍ക്കും ഭൗതികാധികാരം അത്മായര്‍ക്കും' എന്ന  അടിസ്ഥാനപ്രമാണത്തിന് വിരുദ്ധമല്ലാത്ത വിധത്തില്‍ ചര്‍ച്ച് ആക്ടിനെ കൂടുതല്‍ ബൈബിളധിഷ്ഠിതവും ഭാരതീയ ക്രൈസ്തവപാരമ്പര്യങ്ങള്‍ക്ക് അനുയോജ്യവുമാക്കി മാറ്റുന്നതിനുള്ള സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും പൊതുസ്വത്തുക്കള്‍ നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമപ്രകാരമാണ് ഭരിക്കേണ്ടതെന്ന് ഭരണഘടനയുടെ 26-ാം അനുച്ഛേദം അനുശാസിക്കുന്നു. ഇപ്രകാരം രൂപംകൊടുത്ത നിയമങ്ങള്‍ക്കു വിധേയമായാണ് ക്രൈസ്തവരൊഴികെ മറ്റെല്ലാ മതസ്ഥരുടെയും മതസമ്പത്തും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത്. നിയമത്തിനുമുമ്പില്‍ ക്രൈസ്തവരോടുമാത്രമുള്ള ഈ വിവേചനത്തിനെതിരെയാണ് ക്രൈസ്തവജനത ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.
ചര്‍ച്ച് ആക്ട് നിയമമാക്കേണ്ടത് ഭാരതത്തിലെ ക്രൈസ്തവസമൂഹത്തെ സംബന്ധിച്ച് അടിയന്തിരാവശ്യമാണെന്ന അവബോധം കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു മതസ്ഥരെപ്പോലെ ഇവിടുത്തെ ക്രൈസ്തവര്‍ക്കും തങ്ങളുടെ മതസ്വത്ത് ഭരണഘടനയ്ക്കു വിധേയമായി പൗരാവകാശത്തോടെ ഭരിക്കാന്‍ അവകാശമുണ്ടെന്ന് അവരിന്നു കൂടുതല്‍കൂടുതലായി മനസ്സിലാക്കിവരുന്നു. തീര്‍ച്ചയായും അധികം വൈകാതെ ഇവിടത്തെ ക്രൈസ്തവസമൂഹം നേരിടുന്ന മതവിവേചനം നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകും. ഇത്തരുണത്തില്‍ തിരസ്‌കൃതരും പരിഹാസ്യരും ആയിത്തീരാതിരിക്കാനെങ്കിലും നിങ്ങള്‍ മൗനം വെടിഞ്ഞേ മതിയാകൂ. ആയതിനു പ്രാരംഭമെന്നനിലയില്‍ 2011 മെയ് 23 മുതല്‍ ചേരുന്ന സീറോ-മലബാര്‍ മെത്രാന്‍ സിനഡില്‍ത്തന്നെ ചര്‍ച്ച് ആക്ട് ചര്‍ച്ച ചെയ്യണമെന്നും ഇതു സംബന്ധമായ ഔദ്യോഗികതീരുമാനം കൈക്കൊള്ളണമെന്നും 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ആവശ്യപ്പെടുന്നു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനുവേണ്ടി,

ജോയി പോള്‍ പുതുശ്ശേരി (ജനറല്‍ സെക്രട്ടറി)

Sunday, January 28, 2018

ജോസഫ് പുലിക്കുന്നേല്‍, ഒരു ചരിത്രനായകന്‍

ജയിംസ് ഐസക്, കുടമാളൂര്‍

മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന വിപ്ലവകാരിയാണ്. കത്തോലിക്കാസഭ മാര്‍ട്ടിന്‍ ലൂഥറിനെ ഔദ്യോഗികമായി പുറത്താക്കി. മുന്‍പതിവനുസരിച്ച് അദ്ദേഹത്തെ ചുട്ടുകൊല്ലാന്‍ സഭാമേധാവിത്വത്തിനു കഴിഞ്ഞില്ല. ലൂഥര്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ സഭാനവീകരണത്തിനു വഴിതെളിച്ചു. എങ്കിലും ഒട്ടേറെ സ്വതന്ത്രസഭകളായി ക്രൈസ്തവസമൂഹം പിളര്‍ന്നു.
കേരളസഭയില്‍ നിലനില്‍ക്കുന്ന പൗരോഹിത്യമേധാവിത്വം, സാമ്പത്തികചൂഷണം, അന്ധവിശ്വാസപ്രചരണം ഇവയെല്ലാം ചൂണ്ടിക്കാട്ടി സഭയിലെ വിപ്ലവകാരിയായി അറിയപ്പെട്ട ജോസഫ് പുലിക്കുന്നേല്‍ ഔദ്യോഗികമായി സഭയില്‍നിന്നു വേര്‍പെട്ടില്ല. എന്നാല്‍ സഭയുടെ ചിട്ടവട്ടങ്ങളില്‍നിന്നു ബോധപൂര്‍വ്വം ഒഴിഞ്ഞുമാറിയിരുന്നു. കുറവിലങ്ങാട്ട് ശ്രീ. വി.കെ. കുര്യനു സംഭവിച്ചതുതന്നെ തനിക്കും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ വളരെ തന്ത്രപൂര്‍വ്വം സഭയുടെ കൂദാശകള്‍ വേണ്ടാ എന്നും മൃതദേഹം ഓശാനമൗണ്ടില്‍ സൗകര്യപ്രദമായ സ്ഥലത്ത് ദഹിപ്പിക്കണമെന്നും വില്‍പത്രത്തില്‍ രേഖപ്പെടുത്തി. സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വലിയ വിവാദമാണ് ഒഴിവായത്. പുലിക്കുന്നേലിന്റെ മൃതദേഹം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച കൂരിയാബിഷപ്പും പാലാരൂപതാ സഹായമെത്രാനും ആദരണീയമായ മാതൃകകാട്ടി.
എല്ലാ മലയാളപത്രങ്ങളും ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ മഹത്വം എടുത്തുകാട്ടി ലേഖനങ്ങള്‍ എഴുതി. കത്തോലിക്കാപത്രം എന്നഭിമാനിക്കുന്ന ദീപികയ്ക്കുമാത്രം ഒന്നും പറയാനില്ലായിരുന്നു. ദീപികയ്ക്കു എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമിയിടപാടുകളും വാര്‍ത്തയല്ല. ഈ വിഷയം ചാനലുകളും മറ്റു പത്രങ്ങളും ചര്‍ച്ചയ്ക്കുവിധേയമാക്കിയെങ്കിലും ദീപിക മൗനം പാലിച്ചു. എന്തിന്? പുലിക്കുന്നേല്‍ ആരോഗ്യത്തോടെ ജീവിച്ചിരുന്നെങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമായിരുന്നു.
ഓശാനയുടെ ആദ്യലക്കം മുതലാണ് ശ്രീ. പുലിക്കുന്നേലുമായി അടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രോട്ടസ്റ്റന്റ് വീക്ഷണങ്ങളെ ഞാന്‍ വിമര്‍ശിച്ചിരുന്നെങ്കിലും ചരിത്രപണ്ഡിതനായ അദ്ദേഹത്തിന്റെ ബോധ്യങ്ങളെ ആദരിച്ചിരുന്നു. 'ഇതാ, നിഷ്‌കപടനായ ഒരു ഇസ്രായേല്‍ക്കാരന്‍' എന്ന് നാഥാനിയേലിനെക്കുറിച്ചു കര്‍ത്താവു പറഞ്ഞതുപോലെ, 'തന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ഒരു യഥാര്‍ത്ഥക്രിസ്ത്യാനി' (കത്തോലിക്കന്‍ അല്ല) എന്ന് ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചും പറയാം.
എളിയവനായ എന്റെ അഭിപ്രായങ്ങളും ഓശാനയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാസംതോറുമുള്ള പ്രസിദ്ധീകരണം മുടങ്ങിയശേഷവും മൂന്നുമാസം കൂടുമ്പോള്‍ ഓശാന പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴും എന്തെങ്കിലും എഴുതാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.
പുലിക്കുന്നേലുമായി ചേര്‍ന്ന് സഭയെ നശിപ്പിക്കാനാണ് ഞാന്‍ ഒരുമ്പെടുന്നതെന്നു സ്വന്തം ഇടവകവികാരി എന്നെ കുറ്റപ്പെടുത്തി. എന്നാല്‍ സദുദ്ദേശ്യത്തിന്റെ പേരിലാണ് ഞാന്‍ ചെറുലേഖനങ്ങള്‍ എഴുതിയിരുന്നത്. ഞാന്‍ അയച്ച എല്ലാ ലേഖനങ്ങളും ഓശാന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി. അല്‍ഫോന്‍സാമ്മയുടെ നാമകരണവേളയില്‍ ചങ്ങനാശ്ശേരിയില്‍നിന്നുള്ള 'സത്യദര്‍ശനമാല' ഒരു വിശേഷാല്‍പതിപ്പ് ഇറക്കി. അതില്‍ വിചിത്രമായ ഒരു ഐക്കണ്‍ കണ്ടു. ചെമപ്പുനിറമുള്ള അകവസ്ത്രവും നീല പുറം വസ്ത്രവും ധരിച്ച് കൈയില്‍ മാര്‍ത്തോമ്മാസ്ലീവായും പിടിച്ചുനില്‍ക്കുന്ന അല്‍ഫോന്‍സാമ്മയുടെ ചിത്രമാണ് സത്യദര്‍ശനമാലയില്‍ കണ്ടത്. അതുകണ്ട ദിവസംതന്നെ ഞാന്‍ ഒരു കുറിപ്പു തയ്യാറാക്കി, 'അല്‍ഫോന്‍സാമ്മ അപമാനിതയാകുന്നു' എന്ന തലക്കെട്ടില്‍ ലഘുലേഖയായി അച്ചടിച്ച് കുറെ സുഹൃത്തുക്കള്‍ക്ക് അയച്ചു. ലഘുലേഖ എവിടെയോ കണ്ട ശ്രീ. പുലിക്കുന്നേല്‍ എന്നെ ഫോണില്‍ വിളിച്ച്, സത്യദര്‍ശനമാലയുടെ കോപ്പിയും എന്റെ ലഘുലേഖയും ഉടന്‍ അയച്ചു കൊടുക്കണം എന്നു നിര്‍ദ്ദേശിച്ചു. ഞാന്‍ തയ്യാറാക്കിയ ലഘുലേഖയുടെ നൂറുക്കണക്കിനു കോപ്പികള്‍ ഓശാന വിതരണം ചെയ്യുകയും മാസികയുടെ സപ്ലിമെന്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്തായാലും അല്‍ഫോന്‍സാമ്മയുടെ ഐക്കണ്‍ പിന്നീട് ഒരിടത്തും കണ്ടില്ല.

ശ്രീ. ജോസഫ് പുലിക്കുന്നേല്‍ കേരളസഭയില്‍ സൃഷ്ടിച്ച ചലനങ്ങള്‍ വിശദമായ ഒരു ചര്‍ച്ചയ്ക്കു വിധേയമാകണം. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാജ്ഞലികള്‍!

Saturday, January 27, 2018

എൻറെ മരണാനന്തര ശേഷക്രിയകൾചാക്കോ കളരിക്കൽ

ഈ അടുത്ത കാലത്ത്, മരണാനന്തര ശുശ്രൂഷ സംബന്ധിച്ചുള്ള രണ്ടു സംഭവങ്ങൾ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുകയുണ്ടായി. ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ ഭൗതിക ശരീരം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ദഹിപ്പിക്കുകയുണ്ടായി. ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ച അദ്ദേഹത്തിൻറെ ഭാര്യയെയും സ്വന്തം സ്ഥലത്തുവെച്ച് ദഹിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം ശ്രീ സാമുവേൽ കൂടൽ അദ്ദേഹത്തിൻറെ സ്വന്തം ഭവനത്തിൽവെച്ച് മൂത്തമകനെകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ഭാര്യയെയും അവരുടെ വീട്ടുവളപ്പിൽവെച്ച് ശവദാഹം നടത്തിക്കൊള്ളാമെന്ന് ക്ഷണിക്കപ്പെട്ട അനേകരുടെ മുൻപിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് യു ട്യൂബിൽ കാണാനിടയായി, ഈ രണ്ട് ക്രിസ്തീയ മഹൽ വ്യക്തികളും മരണാനന്തരശുശ്രൂഷ എപ്രകാരം ആയിരിക്കണമെന്നുള്ളതിൻറെ വലിയ ഓരു മാതൃക ലോകർക്ക് കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. അവർക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.
2007-ൽ ഇടമറ്റംകാരനും CGH-Earth Group (Casino Hotel Group)-ൻറെ ഉടമയുമായിരുന്ന ശ്രീ. ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ  മേജർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽനിന്നും അദ്ദേഹത്തിൻറെ ഭൗതികശരീരം ദഹിപ്പിക്കാനുള്ള അനുവാദം വാങ്ങിയെന്നും അദ്ദേഹം മരിച്ചപ്പോൾ ശവദാഹം നടത്തിയെന്നും അന്ന് എവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു. കത്തോലിക്കാ സഭയിലെ പരമാധികാരം അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് നാം എന്തിന് വീണ്ടും അനുവാദം വാങ്ങിക്കണം? സീറോ-മലബാർ സഭയിലെ എല്ലാകാര്യങ്ങളും അങ്ങനെയൊക്കെതന്നെ ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടല്ലേ പെസഹാവ്യാഴാഴ്ച സ്ത്രീകളുടെ പാദങ്ങൾ കഴുകണ്ടെന്ന് സീറോ-മലബാർ സഭാധികാരം തീരുമാനിച്ചത്. പോപ്പിനെ വേദപാഠം പഠിപ്പിക്കുന്ന മെത്രാന്മാർ! വിശ്വാസികളെയും പ്രത്യേകിച്ച് സ്ത്രീകളെയും വെറും അടിമകളായി കാണാനേ, അഹങ്കാരികളായ ഇന്ത്യയിലെ മെത്രാന്മാർക്ക് കഴിയൂ. അവരോട് സഹതാപം തോന്നുന്നു.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മൃതശരീരത്തെ ചിതയിൽവെച്ചോ ക്രെമറ്റോറിയം (Crematorium) ഉപയോഗിച്ചോ ദഹിപ്പിക്കുന്ന രീതിയെ നാം പ്രോത്സാഹിപ്പിക്കണ്ടതാണ്. അത് ഭാരതിയ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു പാരമ്പര്യമാണ്. ഉദാഹരണത്തിന് ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിക്കുകാർ, ജൈനമതക്കാർ എല്ലാം ശവദാഹമാണ് അവരുടെ സമുദായങ്ങളിൽ കാലാകാലങ്ങളായിട്ട് നടത്തികൊണ്ടിരിക്കുന്ന സമ്പ്രദായം. ലോകത്തിലെ പല പ്രാചീന സംസ്ക്കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. ഇരുപതിനായിരം വർഷങ്ങൾക്കുമുൻപ് ആസ്ട്രേലിയായിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ, യൂറോപ്യൻ, ഹിന്ദുതട സംസ്കാരങ്ങളിലെല്ലാം മൃതശരീരം ദഹിപ്പിക്കൽ ഉണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടോടുകൂടി ശവം മണ്ണിൽ സംസ്ക്കരിക്കുന്നതിലേയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ തിരിഞ്ഞത് ക്രിസ്ത്യൻ സ്വാധീനംകൊണ്ടുമാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാർ ശവദാഹം നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികൾ ശവദാഹം ചെയ്യാൻ പാടില്ലെന്ന് 789-ൽ വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവർത്തി ചാർലിമെയ്ൻ കല്പന പുറപ്പെടുവിച്ചതു കൂടാതെ നിയമവിരുദ്ധമായി പെരുമാറുന്നവർക്ക് വധശിക്ഷയും പ്രഖ്യാപിച്ചു. 

മരണശേഷം പുന:രുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവമുൻപാകെ പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് മൃതശരീരം മണ്ണിൽ സംസ്ക്കരിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. കൂടാതെ, ശാസ്ത്രീയ അറിവിൻറെ പോരായ്മമൂലമാവാം, ദൈവത്തിനും ക്രിസ്ത്യാനികൾക്കും വിരുദ്ധമായ വൃത്തികെട്ട ഒരു പ്രവർത്തിയായി ശവദാഹത്തെ സഭ കാണാൻ ഇടയായത്. നിത്യരക്ഷയുടെ അതീന്ദ്രിയമായ അഥവ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം; സൃഷ്ടിയായ ആത്മാവ് സൃഷ്ടാവിൽ (ബ്രഹ്മനിൽ) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ തിരിച്ചറിവിൻറെയും മൃതശരീരം ദാഹിപ്പിക്കുന്നതിലെ ശാസ്ത്രീയ ഗുണത്തിൻറെയും അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്ക സഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കൽ അനുവദിച്ചത്. കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ശവദാഹത്തെ മുടക്കിയിരുന്നെങ്കിലും 1963-ൽ മാർപാപ്പ ആ മുടക്കിനെ നീക്കം ചെയ്തു. 1966-ൽ കത്തോലിക്കാ പുരോഹിതർക്ക് ശവദാഹ ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കാനും മാർപാപ്പ അനുവാദം നൽകി.

ശാസ്ത്രീയമായും സാമൂഹ്യമായും മതപരമായും മൃതശരീരം അഗ്നിക്കിരയാക്കുന്നതാണ് മണ്ണിൽ സംസ്ക്കരിക്കുന്നതിലും അഭികാമ്യം. മണ്ണിൽ സംസ്ക്കരിച്ചാൽ മൃതശരീരം ജീർണിക്കുമ്പോൾ അതിൽനിന്നും ഒഴുകിവരുന്ന ദ്രാവകം കുടിവെള്ളത്തിൽ കലർന്ന് അശുദ്ധമാകാൻ ഇടയുണ്ട്. ശവസംസ്കാരത്തിന് സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിധിയുള്ളതിനാൽ മൃതശരീരം ദഹിപ്പിക്കുന്നതാണ് പ്രായോഗികം. തന്നെയുമല്ല, ജനസംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ശവസംസ്കാരത്തിൻറെ ഫലമായി രോഗങ്ങൾ ഉണ്ടാകാം. മൃഗങ്ങളും പക്ഷികളും മറ്റും ഭക്ഷിച്ചെന്നിരിക്കാം. ഇതെല്ലാം ഒഴിവാക്കാൻ മൃതശരീരം ദഹിപ്പിക്കൽ സഹായകമാണ്.

കത്തോലിക്കരുടെ ഇടയിൽപോലും, അമേരിക്കയിൽ ഇന്ന് 35-40% വരെ ശവം ദഹിപ്പിക്കലാണ് ചെയ്യുന്നത്. മൃതശരീരം ദഹിപ്പിക്കൽ അമേരിക്കൻ സംസ്കാരത്തിൽ പെട്ടതല്ലെങ്കിലും അതിൻറെ ശാസ്ത്രീയമായ ഗുണങ്ങളാണ് (സുരക്ഷിതവും ആരോഗ്യപരവും ഏറ്റവും ചിലവുകുറഞ്ഞതും) അവരെ അതിന് പ്രേരിപ്പിക്കുന്നത്. യൂറോപ്പിൽ നൂറുവർഷങ്ങൾക്കു മുൻപുമുതൽ മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങൾ (crematorium) നിർമിച്ചുതുടങ്ങിയിരുന്നു.  

ഭാരതസംസ്ക്കാരം മൃതശരീരത്തെ ദഹിപ്പിക്കലാണെന്നിരുന്നിട്ടും ആഗോള കത്തോലിക്ക സഭ മൃതശരീരം ദഹിപ്പികുന്നതിന് അനുകൂലനിലപാടാണെന്നിരുന്നിട്ടും എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്ക സഭാധികാരം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിൽ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ തീർച്ചയായും കാണും. സഭാപൗരർക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി) പള്ളിപറമ്പിലെ ശവസംസ്ക്കാരം വഴി ഇടവകാംഗങ്ങളെ സാമ്പത്തീകമായി കുത്തിപ്പിഴിയാനും (കല്ലറവില്പന) അത് ഏറെ പ്രയോജനപ്പെടും. മൃതശരീരം ദഹിപ്പിക്കുന്നതിനും അതല്ലെങ്കിൽ പൊതുശ്മശാനങ്ങളിലോ സ്വന്തം വീട്ടുവളപ്പിലോ സംസ്കരിക്കുന്നതിനും വിശ്വാസികൾ മുൻപോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദഹിപ്പിച്ചാലും സംസ്ക്കരിച്ചാലും മരണാനന്തര കർമ്മങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പള്ളിയിൽ നടത്താവുന്നതാണ്. ശവം ദഹിപ്പിക്കലും സംസ്ക്കരിക്കലും ഓരോ വ്യക്തിയുടെയും ആഗ്രഹത്തിന് വിട്ടുകൊടുക്കേണ്ടതാണ്. സഭാധികാരികൾ വ്യക്തികളുടെ തീരുമാനത്തിൽ കൈകടത്തുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾ ഇനിയും വളരെയധികം വളരാനിരിക്കുന്നു. വിശ്വാസികളുടെ അറിവില്ലായ്മയെയും അന്ധവിശ്വാസത്തെയും മൂഢത്വത്തെയും പുരോഹിതർ ചൂഷണം ചെയ്യുന്നു. അതിന് ഒരു അറുതിവരാൻ വിശ്വാസികളെ നാം ബോധാവൽക്കരിക്കണ്ടിയിരിക്കുന്നു.

ഏറ്റവും കുറഞ്ഞ ചിലവിന് ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit) പൊതുപ്രദർശനമോ (funeral visitation or wake) പുരോഹിത സാന്നിധ്യമോ പ്രാർത്ഥനകളോ ഒന്നുമില്ലാതെ കഴിവതും വേഗം (സാധിക്കുമെങ്കിൽ 24 മണിക്കൂറിനുള്ളിൽ) എൻറെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്നാണ് ഞങ്ങളുടെ ഫാമിലി ട്രസ്റ്റിൽ ഞാൻ എഴുതിവെച്ചിരിക്കുന്നത് എന്ന വിവരം ഞാനിവിടെ പരസ്യപ്പെടുത്തുന്നു.

ഈ പരസ്യപ്പെടുത്തൽ വഴി ശവദാഹത്തിനുള്ള ഉത്തേജനം ആർക്കെങ്കിലും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ശവദാഹം തീരുമാനിച്ചുവെച്ചിരിക്കുന്ന വ്യക്തികൾ ശ്രീ സാമുവേൽ കൂടലിനെപ്പോലെ അവരുടെ തീരുമാനം പരസ്യപ്പെടുത്തി മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യൂന്നു.
ശ്രീ കൂടലിൻറെ യു ട്യൂബ് വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക:
https://www.facebook.com/boccaro.ckanil/videos/2102882346601810/?hc_ref=ARQ19BVYW5BD625vh_g2mxn8d9Dozqgphyb9SXaKs1PXbRm0wrTrrnuW16yooPw5hds


താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള ഓൺലൈൻ പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു, വായിക്കുക. 


Wednesday, January 24, 2018

ഇന്ത്യയിൽ ഏറ്റവും അധികം അംഗങ്ങളുള്ള മാർത്ത മറിയം ഫെറോന ദേവാലയത്തിന് ഇനി...

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യങ്ങ'ളായി!


പ്രൊഫ: പി. എല്‍ ലൂക്കോസ്  ഫോണ്‍: 944-657-81742018 ജനുവരി ലക്കം ‘സത്യജ്വാല’യില്‍നിന്ന്

[മുഖ്യമായും, 'കാതലായ വിശ്വാസസത്യ'മായി കത്തോലിക്കാസഭ പഠിപ്പിക്കുന്ന 'ഉത്ഭവപാപ'ത്തെക്കുറിച്ച് വിശദമായ ഒരു വിമര്‍ശനാത്മകപഠനം. സുദീര്‍ഘമായ ഈ പഠനപ്രബന്ധം ആറു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു]
ഭഗവത്ഗീതയുമായി തുലനംചെയ്താല്‍, യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ വ്യാഖ്യാനം ആവശ്യമില്ലാത്ത വിധം വ്യക്തവും സരളവുമായിരുന്നു. ഗുരുതരമായ രീതിയില്‍ മാറ്റിമറിക്കാതെയും വളച്ചൊടിക്കാതെയും യേശുവിന്റെ വചനങ്ങള്‍ നാലു സുവിശേഷങ്ങളില്‍ വായിക്കാം. ക്രിസ്തീയസഭകള്‍ അവരുടെ വിശ്വാസസംഹിതകളും ആചാരാനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തുന്നതും ക്രോഡീകരിക്കുന്നതും ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍മാത്രം അധിഷ്ഠിതമായിട്ടായിരിക്കണം. എന്നാല്‍, കത്തോലിക്കാസഭയുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ബൈബിള്‍ വചനങ്ങള്‍ മാത്രമല്ല, പാരമ്പര്യവുംകൂടി ആധാരമാക്കണം എന്ന വാദഗതി അംഗീകരിക്കപ്പെട്ടതോടെ സഭാപിതാക്കന്മാ രെന്നും വേദപാരംഗതന്മാരെന്നും അറിയപ്പെടുന്ന ചിലരുടെ ഭാവനാവിലാസങ്ങള്‍ യേശുവിന്റെ അനുശാസനങ്ങളില്‍ മായംചേര്‍ത്തു.  തത്ഫലമായി യേശു പഠിപ്പിച്ച കാര്യങ്ങള്‍ പലതും തമസ്‌കരിച്ചും ചിലത് ദുര്‍വ്യാഖ്യാനിച്ചും മറ്റു ചിലത് വക്രീകരിച്ചും സുബദ്ധങ്ങള്‍ കണ്ടില്ലെന്നു നടിച്ച് അബദ്ധങ്ങള്‍ തിരുകിക്കയറ്റിയും വളരെ വികലമായ രീതിയിലാണ് അടിസ്ഥാനവിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ തട്ടിക്കൂട്ടിയിരിക്കുന്നത്! ഷെയ്ക്‌സ്പിയറുടെ നാടകങ്ങള്‍ പഠിച്ചു പരീക്ഷയെഴുതുമ്പോള്‍ നാടകത്തിലുള്ള പ്രസക്തമായ ഭാഗങ്ങള്‍ വേണ്ട വിധം ഉദ്ധരിച്ചും വ്യാഖ്യാനിച്ചും ഉത്തരമെഴുതിയതുകൊണ്ടുമാത്രം ഉയര്‍ന്ന മാര്‍ക്കു കിട്ടുകയില്ല. ഷെയ്ക്‌സ്പിയറുടെ ഓരോ വാക്കിലും വരികളിലും എന്തെല്ലാം സൂചനകളും അര്‍ത്ഥങ്ങളുമാണു വ്യംഗ്യമായിരിക്കുന്നത് എന്നു സമര്‍ത്ഥിക്കാന്‍ എ. സി. ബ്രാഡ്‌ലിയെപ്പോലുള്ള അനേകം ഷെയ്ക്‌സ്പിയര്‍ നിരൂപകന്മാരുടെ അഭിപ്രായങ്ങള്‍ കൂടി ആവശ്യാനുസരണം ഉദ്ധരിച്ചാലേ ഉയര്‍ന്ന മാര്‍ക്കു കിട്ടുകയുള്ളു. അതുകൊണ്ട്, മഹാകവി ഇപ്പോള്‍ തിരിച്ചു വന്ന് അദ്ദേഹത്തിന്റെ നാടകങ്ങളെ അധികരിച്ചുള്ള പരീക്ഷയെഴുതിയാല്‍ തീര്‍ച്ചയായും തോറ്റു പോകുമെന്ന് സരസനായ ഒരു പ്രൊഫസര്‍ പറയുമായിരുന്നു. അതുതന്നെയായിരിക്കും യേശു ക്രിസ്തു ഇപ്പോള്‍ തിരിച്ചു വന്നാലുള്ള സ്ഥിതിയും. വിവിധ ക്രൈസ്തവസഭകള്‍ യേശുവിന്റെപേരില്‍ പഠിപ്പിക്കുന്നതും പ്രസംഗിക്കുന്നതും യേശു കേട്ടാല്‍ അന്തം വിട്ട് ഇതൊന്നും ഞാനൊരിക്കലും പറഞ്ഞിട്ടില്ല എന്നു വിളിച്ചു കൂവിക്കൊണ്ട് തിരിഞ്ഞോടും! ചങ്ങനാശ്ശേശി പ്രാദേശിക സഭയുടെ പള്ളികളിലും അള്‍ത്താരകളിലും പ്രതിഷ്ഠിച്ചിരിക്കുന്ന മാര്‍ത്തോമ്മാ കുരിശു കാണുമ്പോള്‍ യേശു തീര്‍ച്ചയായും ഞെട്ടിപ്പോകും!
വിശ്വാസം സംബന്ധിച്ചുള്ള തികച്ചും ലളിതമായ കാര്യങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കി അവതരിപ്പിച്ച് “ഇത് ആര്‍ക്കും മനസ്സിലാക്കാനാവാത്ത പരമരഹസ്യമാണ്” എന്നവകാശപ്പെടുന്ന പ്രവണതയാണ് ആദ്യമൂന്നുനൂറ്റാണ്ടുകള്‍ക്കുശേഷം സഭാചരിത്രത്തില്‍ കാണുന്നത്. Mystify ചെയ്തിട്ട് (നിഗൂഢമാക്കിയിട്ട്) Mystery (അപൂര്‍വ്വ ജ്ഞാനികള്‍ക്കുമാത്രം ഗ്രഹിക്കാനാവുന്ന പരമരഹസ്യം) ആണെന്നു പറഞ്ഞ് വിശ്വാസികളെ സംഭ്രമിപ്പിക്കുക! ഒരുദാഹരണം: യഹൂദരെപ്പോലെ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ജിവിച്ചിരുന്ന ക്രിസ്ത്യാനികളും ഏക ദൈവത്തിലാണ് വിശ്വസിച്ചിരുന്നത്. യേശുവും തന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവും രണ്ടല്ല, ഒന്നു തന്നെയാണെന്ന് പലവട്ടം യേശു തറപ്പിച്ചു പറഞ്ഞതായി ബൈബിളില്‍ കാണാം. താനല്ലാതെ, തന്നെ മറികടന്ന്, തനിക്കപ്പുറം പിതാവിനെ കാണിച്ചുതരണമെന്നാവശ്യപ്പെടുന്ന ഫിലിപ്പോസിനുള്ള യേശുവിന്റെ മറുപടി ശാസനാരൂപത്തിലാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായം 9 മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കണം.
യേശുവിന്റെ വ്യക്തമായ ഈ വാക്കുകള്‍ തിരസ്‌കരിച്ചിട്ട്, ‘വെളിപാടു' ലഭിച്ച സഭാപിതാക്കന്മാര്‍ A.D. 325-ല്‍ ഇപ്പോള്‍ ടര്‍ക്കിയുടെ ഭാഗമായ നിഖ്യാ( ചകഇഅഋഅ) യില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത സൂനഹദോസില്‍ ഏക ദൈവത്തിനു പകരം പരിശുദ്ധത്രിത്വത്തെ കണ്ടെത്തി! എന്നിട്ടോ, സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന പ്രഗത്ഭനായ സര്‍ജന്റെ കരവിരുതോടെ, അല്ലെങ്കില്‍ മഹാമാന്ത്രികനായ മുതുകാടിന്റെ മാന്ത്രിക വടി ഉപയോഗിച്ച്, ത്രിത്വത്തിലുള്ള മൂന്നാളുകളെ വേര്‍തിരിച്ച് മാലോകരെയെല്ലാം കാണിച്ചു! എന്നിട്ടു പ്രഖ്യാപിച്ചു, വിശുദ്ധ ത്രിത്വത്തിന്റെ ഈ നിഗൂഢരഹസ്യമാണ് കത്തോലിക്കാസഭയുടെ ഏറ്റവും വലിയ വിശ്വാസസത്യം എന്ന്! കൃത്യം ഒരു നൂറ്റാണ്ടു കഴിഞ്ഞ് ത്രിത്വത്തിന്റെ രഹസ്യത്തെക്കുറിച്ച് ആലോചിച്ചാലോചിച്ച് കടപ്പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന സെയിന്റ് അഗസ്റ്റിന്റെ തല പുകഞ്ഞുപോയെന്നും, അവസാനം കക്കകൊണ്ട് കടലിലെ വെള്ളം മുഴുവന്‍ കോരിവറ്റിക്കാന്‍ ശ്രമിച്ച മാലാഖ പറഞ്ഞിട്ടാണ് ആലോചന നിറുത്തിയതെന്നും കഥയുണ്ടാക്കി പ്രചരിപ്പിച്ചു! ദൈവം ഏക ശക്തിയാണെന്നും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയെന്നും പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്ന അരൂപിയും ( spirit) സര്‍വ്വശക്തനുമായ ദൈവത്തിന്റെ കൃപയും ശക്തിയും വിവിധ രൂപത്തിലും ഭാവത്തിലും അനുഭവപ്പെടുന്നതാണ് പരിശുദ്ധാത്മാവും പുത്രനുമെന്നും മനസ്സിലാക്കാനും അതു വിശ്വസിക്കാനും സാധാരണ ജനങ്ങള്‍ക്ക് എളുപ്പമായിരുന്നു. അതിനു പകരം, അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരസദസ്സിലെന്നപോലെ പുത്രനെയും പരിശുദ്ധാത്മാവിനെയും ഇരുവശത്തുമിരുത്തി നടുക്ക് സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന പിതാവായ ദൈവത്തെ ചിത്രീകരിക്കാനാണ് സഭയുടെ ശ്രമം. സദസ്സു നിറയെ സദാസമയവും “സ്‌തോത്രം” എന്ന് ആലപിക്കാന്‍ മാലാഖാമാരും, തപ്പും തകിലും കൊട്ടാന്‍ പുണ്യവാന്മാരും ഉണ്ടല്ലോ! ത്രിത്വത്തിന്റെ രഹസ്യം വെളിപാടുവഴി മനസ്സിലാക്കിയവര്‍ ‘യഹോവയായ ദൈവമേ’, അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ’ എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നത് എത്ര വലിയ വിവരക്കേടാണ്! എബ്രഹാമും പിന്‍തലമുറകളും വിശ്വസിച്ചതു ത്രിത്വത്തിലല്ല; യഹോവ ത്രിത്വമല്ല.; യഹൂദന്മാര്‍ക്ക് ത്രിത്വമെന്നു പറയുന്നത് പൊറുക്കാനാവാത്ത ദൈവദൂഷണമാണ്. ‘ത്രിത്വം’ എന്ന വാക്ക് യേശു ഒരിക്കല്‍പോലും ഉച്ചരിച്ചിട്ടില്ല എന്ന സത്യം അവഗണിച്ചത് എന്തുകൊണ്ടാണ്?
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനും കരിസ്മാറ്റിക് പ്രസ്ഥാനക്കാരുടെ ആഗമനത്തിനുംശേഷം ഇപ്പോള്‍ സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതു പരിശുദ്ധാത്മാവാണ്! അടുത്ത കാലത്ത് ചങ്ങനാശ്ശേരി പ്രാദേശികസഭയില്‍ പരിശുദ്ധാത്മാവ് കൂടുതല്‍ അധികാരം പിടിച്ചെടുത്തു! പരിശുദ്ധ ത്രിത്വം എന്നു കേള്‍ക്കുമ്പോഴെല്ലാം മൂവരും ചേര്‍ന്നുള്ള ഒരു സമഭുജ ത്രികോണമാവും ( Equilateral Triangle) നമ്മുടെ മനസ്സില്‍ വരുന്നത്. എട്ടാം നൂറ്റാണ്ടില്‍ സഭ തയ്യാറാക്കിയ വിശ്വാസപ്രമാണത്തില്‍ (Apostles’ Creed) പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നാണുള്ളത്. എന്നാല്‍ ചങ്ങനാശ്ശേരിയിലെ രണ്ടു മെത്രാപ്പോലീത്താമാര്‍ക്ക് പുതിയതായി ലഭിച്ച വെളിപാട് (= സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടുന്ന e-mail) അനുസരിച്ച് അവരുടെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരിയിലെ ദൈവശാസ്ത്രജ്ഞന്മാരെല്ലാം ഒത്തു ചേര്‍ന്ന് പരിശുദ്ധത്രിത്വമാകുന്ന ത്രികോണം അടിച്ചുപരത്തി പരിശുദ്ധാത്മാവിനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു. അടുത്ത കാലംവരെ പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെട്ടിരുന്ന പരിശുദ്ധാത്മാവ്, പുത്രനെ തള്ളി മാറ്റിയിട്ട് പിതാവില്‍നിന്നു നേരിട്ടാണ് ഇപ്പോള്‍ പുറപ്പെടുന്നത്! യോഹന്നാന്റെ സുവിശേഷം 15-ാം അദ്ധ്യായം 26-ാം വാക്യം കണ്ടില്ലെന്നു നടിക്കുന്നില്ല. “പിതാവില്‍ നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് ”എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, “ഞാന്‍ (പുത്രന്‍) പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍” എന്ന ആദ്യഭാഗം ശ്രദ്ധിക്കാതിരിക്കരുത്. ദൈവശാസ്ത്രപണ്ഡിതനല്ലാത്തതുകൊണ്ട് ത്രിത്വത്തെക്കുറിച്ചുള്ള പരാമര്‍ശം ഇവിടെ നിറുത്തുന്നു. ഒരിക്കലും വിശ്വസിക്കാന്‍ തോന്നിയിട്ടില്ലാത്തതും അതിവിചിത്രവുമായ മറ്റൊരു വിശ്വാസസത്യം അവതരിപ്പിക്കുന്നതിനുള്ള ആമുഖമായി ത്രിത്വത്തിന്റെ കാര്യം സൂചിപ്പിച്ചുവെന്നേയുള്ളൂ.
ഉത്ഭവപാപം
കാര്യങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കുന്നതിനുള്ള പ്രായമായപ്പോള്‍മുതല്‍ ഉത്ഭവപാപത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അബദ്ധജഡിലമെന്നും അപഹാസ്യമെന്നും കരുതുന്ന  ഈ വിശ്വാസരഹസ്യത്തിന് സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഉല്പത്തിപ്പുസ്തകത്തിലുള്ള സൃഷ്ടിയുടെ വിവരണം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമല്ലെന്ന് ആറു ദശവത്സരങ്ങള്‍ക്കുമുമ്പ് പണ്ഡിതനായ ഒരു ജസ്വീറ്റ് വൈദികന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍മുതല്‍, സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അബദ്ധവിശ്വാസം അധികം താമസിയാതെ തിരുത്തും എന്നു പ്രതീക്ഷിച്ചിരുന്നു. അനേകലക്ഷം വര്‍ഷങ്ങള്‍ നീണ്ടുപോയ പരിണാമപ്രക്രിയവഴിയല്ലേ മനുഷ്യന്‍ ഇന്നത്തെ രൂപത്തിലെത്തിയത് എന്ന ചോദ്യത്തിന് ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞന്മാര്‍ അക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു 12-ാം പിയൂസ് മാര്‍പാപ്പായുടെ മറുപടി. പരിണാമത്തിലൂടെയാണ് എന്നു തെളിഞ്ഞാല്‍ ആ പ്രക്രിയയുടെ പിന്നിലുള്ള പ്രേരകശക്തി ദൈവമാണെന്നു വിശ്വസിച്ചാല്‍മതി എന്നാണ് പരിണതപ്രജ്ഞനായ മാര്‍പാപ്പാ പറഞ്ഞത്.
രണ്ടാം വത്തിക്കാന്‍ സുനഹദോസു നടക്കുന്ന കാലത്ത് കത്തോലിക്കാ മതവിശ്വാസിയും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്ന ജോണ്‍ ഹ്യൂര്‍സെലര്‍  സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്ന് റോമിലേക്ക് ഒരു ചോദ്യം അയച്ചുകൊടുത്തു. നരവംശത്തിന്റെ ഉത്ഭവം പണ്ടു വിശ്വസിച്ചിരുന്നതുപോലെ ഒരു ജോഡി മാതാപിതാക്കളില്‍ നിന്നല്ല , ഒട്ടനവധി മാതാപിതാക്കളില്‍ നിന്നാണ് എന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെപ്പറ്റി സഭയുടെ അഭിപ്രായം എന്താണെന്നായിരുന്നു ചോദ്യം. കാര്‍ഡിനല്‍ ടിസ്സറാങിന്റെ മറുപടി, ശാസ്ത്രജ്ഞന്മാര്‍ സ്വതന്ത്രമായി ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യം വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു. ഉത്ഭവപാപത്തെപ്പറ്റി 1966 ജൂലെ 11-ാം തീയതി നടന്ന സിമ്പോസിയത്തില്‍ പങ്കെടുത്ത ദൈവശാസ്ത്രജ്ഞന്മാരോട്, വത്തിക്കാന്‍ കൗണ്‍സില്‍ തുടര്‍ന്നു നടത്താനുള്ള കൃത്യമായ ദിശാബോധം നല്കിയ പണ്ഡിതപ്രവരനായ പോള്‍ ആറാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടതു്, ഉത്ഭവപാപത്തിന് ആധുനികകാലത്തെ മനുഷ്യര്‍ക്കു ബോദ്ധ്യമാവുന്ന രീതിയില്‍ പ്രസക്തമായ ഒരു വിശദീകരണം നല്കാനായിരുന്നു എന്ന് റവ. ഡോ. സിപ്രിയന്‍ ഇല്ലിക്കമൂറിയുടെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെ, ഉത്ഭവപാപത്തിന്റെ വിഴുപ്പുഭാണ്ഡം താഴെയിറക്കാനുള്ള സാദ്ധ്യത തെളിയുന്നു എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, പൂര്‍വ്വാധികം ഭീകരതയോടെ ഈ പാപത്തെ അരക്കിട്ടുറപ്പിക്കാന്‍ സഭ നടത്തുന്ന ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ഇരുട്ടുള്ള മുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ പൊട്ടക്കണ്ണന്‍ തപ്പിപ്പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ, ലോകാരംഭത്തില്‍ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കുന്ന ആദവും ഹവ്വയും ചെയ്‌തെന്നു പറയുന്ന ഏതോ തെറ്റില്‍ നിന്നുണ്ടായ ഉത്ഭവപാപത്തെ 'കാതലായ ഒരു വിശ്വാസസത്യ'മായി പുനഃപ്രതിഷ്ഠിച്ച് ഈ തീരാക്കളങ്കം അംഗീകരിച്ചില്ലെങ്കില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസംതന്നെ അപകടത്തിലാകുമെന്നുള്ള ഭീഷണി വായിച്ചതിന്റെ പ്രതികരണമാണ് ഈ ദീര്‍ഘലേഖനം. കത്തോലിക്കാ വിശ്വാസസംഹിതകളെല്ലാം ക്രോഡീകരിച്ച് ‘Catechism of the Catholic Church’ എന്ന പേരില്‍ ഒരു ഔദ്യോഗിക ഗ്രന്ഥം അടുത്ത കാലത്ത് റോമില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലാണ് ഈ ഭീഷണി അടിച്ചുറപ്പിച്ചിരിക്കുന്നത്. (തുടരും) 

Monday, January 22, 2018

ബാലികാ പീഢനക്കേസിൽ ഷിക്കാഗോ സീറോ മലബാർ രൂപതയും പ്രതി

ഫാദർ സക്കറിയാസ് തോട്ടുവേലിൽ 
ജോസഫ് പടന്നമാക്കൽ 

ഏകദേശം രണ്ടുകൊല്ലംമുമ്പ് ഫ്ലോറിഡായിൽ ഒരു സീറോ മലബാർ പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കഥ ചില ഓൺലൈൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അമേരിക്കൻ മലയാളികൾക്ക് അപമാനകരമായ ഒരു വാർത്ത സമ്മാനിച്ചിട്ടാണ്, പ്രതിയായ ഫാദർ സക്കറിയാസ് തോട്ടുവേലിൽ രാജ്യം വിട്ടിരിക്കുന്നത്. കേസിൽ നിന്നും രക്ഷപെടാനും പ്രതി രാജ്യം വിടാനും ഷിക്കാഗോയിലെ സീറോമലബാർ രൂപത വേണ്ട സഹായസഹകരണങ്ങൾ നൽകിയെന്നാണ് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നത്. 

അടുത്ത കാലത്ത് പുരോഹിതരുടെ ലൈംഗികപരമ്പരകൾ വർത്തമാന പത്രങ്ങളിൽ നിത്യ സംഭവങ്ങളായിരുന്നു. ഭൂമി മാഫിയാകളുടെയും ഷോപ്പിംഗ് കോമ്പ്ലെക്സുകളുടെയും വ്യവസായ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സീറോ മലബാർ നേതൃത്വം പുരോഹിതരുടെ ലൈംഗിക അരാജകത്വത്തെപ്പറ്റി വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഒരു പുരോഹിതൻ പുറം രാജ്യത്താണെങ്കിൽ സാമ്പത്തിക നേട്ടത്തിന്റെ വീതം വിദേശത്തു പറഞ്ഞുവിടുന്ന മെത്രാനും ലഭിക്കും. അതുകൊണ്ടു പുരോഹിതരുടെ ലൈംഗിക വീഴ്ചകളിൽ സാധാരണ രീതിയിൽ രൂപതാ മെത്രാന്മാർ അറിഞ്ഞില്ലെന്ന് ഭാവിക്കുകയേയുള്ളൂ.

പുരോഹിതൻ പീഡകനാണെങ്കിലും കുറ്റങ്ങൾ അതിന് ഇരയാകുന്നവരുടെ ചുമലിൽ കെട്ടിവെക്കും. അത് പൗരാഹിത്യ ലോകത്തിന്റെ മറ്റൊരു അടവാണ്. കേസുകൾ ഉണ്ടാവുകയാണെങ്കിൽകൊലക്കേസ്സാണെങ്കിൽ തന്നെയും ഇന്ത്യയിലാണെങ്കിൽ പണത്തിന്റെ സ്വാധീനത്തിലോ രാഷ്ട്രീയ പിടിപാടിലോ ഒതുക്കി തീർക്കാൻ സാധിക്കും. ഇന്ത്യയിൽ ഒരു പുരോഹിതനെതിരെ ലൈംഗികാപവാദ കേസുണ്ടായാൽ സാധാരണരീതിയിൽ അതിനുത്തരവാദിയായ പുരോഹിതനെ മറ്റു പള്ളികളിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കിൽ സ്ഥാനക്കയറ്റത്തോടെ സഭയുടെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ആണ് പതിവ്. അമേരിക്കയിലെ കർശനമായ നിയമ വ്യവസ്ഥിതിയിൽ ഒരുവൻ കേസിലകപ്പെട്ടു പോയാൽ നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. ഇവിടെ രാഷ്ട്രീയ സ്വാധീനമോ സഭയുടെ സാമ്പത്തിക കരുത്തോ വിലപ്പോവുകയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള സ്ത്രീ പീഡനവും ബാലപീഡനവും സംബന്ധിച്ചുള്ള കേസുകൾമൂലം അമേരിക്കൻ പള്ളികൾക്ക് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്.

ലോകമാകമാനം പരന്നിരിക്കുന്ന പുരോഹിതരുടെ ലൈംഗിക വീഴ്ചകൾ ഷിക്കാഗോ സീറോ മലബാർ രൂപതയിലെ വൈദികരുടെയിടയിലും തുടക്കം മുതലുണ്ടായിരുന്നു. ശരിയായ ഔഷധം കൊടുത്ത് ഇത്തരക്കാരായ പുരോഹിതരെ ഷിക്കാഗോയിലെ വലിയ ഇടയൻ നേരായ രീതിയിൽ നയിച്ചില്ലെങ്കിൽ രൂപത അധികം താമസിയാതെ പാപ്പരാകേണ്ടി വരും. കേസുകൾ പലതും ഉണ്ടായെങ്കിലും വിശ്വാസ സമൂഹം സഭയുടെ മാനം രക്ഷിക്കാൻ പലപ്പോഴും അത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.

ഫ്ലോറിഡയിലെ നിയമം അനുസരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സാധിക്കാതെ വരുകയോ പ്രതി രാജ്യം വിടുകയോ ചെയ്‌താൽ സാധാരണ കേസ് തള്ളി കളയുകയാണ് പതിവ്. പ്രതിയുടെ അഭാവത്തിൽ ഇരയായ കുട്ടിയുടെ മാതാപിതാക്കൾ ഷിക്കാഗോ രൂപതയ്ക്കെതിരെ മൂന്നര മില്യൺ ഡോളർ നഷ്ടപരിഹാരമായി കേസ് കൊടുത്തിരിക്കുകയാണ്. പ്രതിയ്ക്ക് രക്ഷപെടാൻ സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഷിക്കാഗോ രൂപതയെന്നാണ് വാദി ഭാഗം പരാതി. ഗുരുതരമായ ഈ ലൈംഗിക കേസിൽ നിന്നും ഷിക്കാഗോ രൂപതയ്ക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും രക്ഷപെടാൻ സാധിക്കില്ലെന്നുള്ളതാണ് വിലയിരുത്തൽ.

വിദേശപ്പണം കൊയ്യാമെന്നുള്ള മോഹത്തിലാണ് അടുത്തകാലത്ത് ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും കാനഡയിലുമെല്ലാം സീറോ മലബാർ സഭയുടെ രൂപതകളും കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിടപാടുകൾ കൊണ്ട് വലിയ പ്രശ്നത്തിലായിരിക്കുന്ന കാക്കനാട്ടുളള സീറോ മലബാർ പാസ്റ്ററൽ നേതൃത്വത്തിന് ഫ്ലോറിഡയിൽ നിന്നുമുള്ള പുരോഹിതനെതിരായ ഈ കേസ് കാര്യമായ പ്രശ്‍നങ്ങളുണ്ടാക്കില്ലായിരിക്കാം. കാരണം വിദേശത്തുള്ള സീറോ മലബാർ രൂപതകൾ കാക്കനാടുളള കർദ്ദിനാളിന്റെ കീഴിലായിരിക്കില്ല.

9-12-2017 ലാണ് ഫ്ലോറിഡായിൽനിന്നും ഒരു കുടുംബം ഷിക്കാഗോ രൂപതയ്ക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫാദർ സക്കറിയാസ്തോട്ടുവേലിൽ വികാരിയായിരുന്ന ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ ചർച്ച് ഓഫ് ഫ്ലോറിഡാ പള്ളിയും (Our Lady of Health Syro Malabar Church of Florida)  ഷിക്കാഗോ രൂപതയ്‌ക്കൊപ്പം ഈ കേസിൽ പ്രതിയാണ്. .

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ബലമായി ലൈംഗിക പീഡനം നടത്തിയ പുരോഹിതന്റെ കുറ്റപത്രത്തിൽ പറയുന്നു; 'ആദ്യകാലങ്ങളിൽ ആദ്ധ്യാത്മികതയുടെ ഭാഗമായി ഫാദർ സക്കറിയാസ് തോട്ടുവേലിൽ എന്ന ഈ പുരോഹിതൻ പെൺകുട്ടിയുടെ തലയിൽ കൈ വെക്കുമായിരുന്നു. അന്നൊന്നും ഇയാളുടെ മനസ്സിൽ ആളിക്കത്തുന്ന ലൈംഗിക വികാരങ്ങളെപ്പറ്റി പെൺകുട്ടിയ്ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് കുമ്പസാരക്കൂട്ടിൽ കുട്ടിയുടെ കൈകൾ പുരോഹിതന്റെ തുടയിന്മേൽ സ്പർശിച്ചു പ്രാർഥിക്കാൻ ആവശ്യപ്പെടാനും തുടങ്ങി. 2011 സെപ്റ്റംബർ മുതൽ പെൺകുട്ടിയുടെ പ്രായം പതിനേഴിനും പതിനെട്ടിനുമിടയിലായിരുന്ന സമയങ്ങളിൽ പുരോഹിതൻ കുമ്പസാര വേളയിൽ കുട്ടിക്ക് പതിനെട്ടു വയസായോയെന്നു അന്വേഷിക്കുവാനും ആരംഭിച്ചു. പതിനെട്ടു വയസ്സായാൽ അമേരിക്കയിൽ പ്രായപൂർത്തിയായെന്നു നിയമം അനുശാസിക്കുന്നു. 

ഒരു ദിവസം ഫാദർ സക്കറിയാസ് തോട്ടുവേലിൽ കുർബാനയ്ക്ക് പോകുംമുമ്പ് പെൺകുട്ടിയെ ബലമായി ആലിംഗനം ചെയ്യുകയും മുഖത്ത് ശക്തിയായി ഉമ്മ വെച്ച് പാട് വരുത്തുകയും ഒപ്പം മാറിടത്തു പിടിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ കുർബാനയ്ക്ക് പോകും മുമ്പ് തോട്ടുവേലി ആ കുട്ടിയുടെ ബ്ലൗസിന് മുകളിൽകൂടി കൈ ഇടുകയും മാറിടത്തിൽ ബലമായി പിടിക്കുകയും ചെയ്തു. മറ്റൊരു ദിവസം പള്ളിയിൽ സുരക്ഷിതമായി ഒന്നിൽകൂടുതൽ ഡ്രസ്സുകൾ ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും തൊട്ടുവേലി പുറകിൽ നിന്ന് കൈകോർക്കുക്കയും മുലഞെട്ടുകൾ ഞെരിക്കുകയും ചെയ്തു. ബലമായി മറ്റു ലൈംഗിക ചേഷ്ടകൾക്കും ശ്രമിച്ചു. അയാൾ ചുണ്ടുകൊണ്ടു വന്നു ഉമ്മവെക്കാൻ ശ്രമിച്ചപ്പോൾ കുതറി മാറുകയും ചെയ്തു. അതിനു മുമ്പ് ഉമ്മ കഴുത്തിൽ കൊടുക്കുകയും ചെയ്തു. അരയ്ക്കു താഴെ സ്വകാര്യ ഭാഗത്തേക്ക് കൈകളിടാൻ ശ്രമിച്ചെങ്കിലും അയാൾക്ക് സാധിച്ചില്ല.'

പുരോഹിതനിൽനിന്നുമേറ്റ ലൈംഗിക പീഡനശേഷം പെൺകുട്ടിയ്ക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നില്ലെന്നും മാനസികമായി തകർന്നുവെന്നും അതിനുള്ള നഷ്ടപരിഹാരവും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകളെ കൗൺസിലിംഗ് വിഷയങ്ങളിൽ സഹായിക്കുന്ന ജോലികളായിരുന്നു ഫാദർ തോട്ടുവേലിൽ നിർവഹിച്ചിരുന്നത്. കൗൺസിലിംഗ് നടത്തിയിരുന്നത് അദ്ദേഹത്തിൻറെ ഓഫീസിലെ മുറിയിലായിരുന്നു. പെണ്ണുങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയെന്നത് ഈ പുരോഹിതന്റെ സ്ഥിരം വിനോദമായിരുന്നു.

വൈദികൻ ഒളിവിൽ പോവാൻ എല്ലാ വിധ സഹായങ്ങളും ഷിക്കാഗോ രൂപത നല്കിയെന്നാരോപിച്ചാണ് കേസ്.  ഒളിവിൽ പോയ പുരോഹിതനെ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ രൂപതയ്ക്ക് വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് അറിയുന്നത്. ഭീമമായ ഒരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ ആഗോള തലത്തിൽ സീറോ മലബാർ സഭയ്ക്ക് വലിയ പ്രത്യേഘാതങ്ങൾ നേരിടേണ്ടി വരും.
വിശ്വാസികളുടെ സുരക്ഷിതത്വം പുരോഹിതരിൽ നിന്നും കാത്തു സൂക്ഷിക്കേണ്ട കടമ ഒരു ബിഷപ്പിന്റെ കീഴിലുള്ള രൂപതയ്ക്കുണ്ട്. ഇതിനുമുമ്പും പുരോഹിതർക്കെതിരെ പരാതികളുണ്ടായ സന്ദർഭങ്ങളിലെല്ലാം ഷിക്കാഗോ രൂപത ഗൗനിക്കാതിരിക്കുകയായിരുന്നു. കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞതുകൊണ്ട് പുരോഹിതനെ കേസ് വിസ്താരത്തിനായി നാട്ടിൽനിന്നും മടക്കി കൊണ്ടുവരേണ്ട ജോലിയും രൂപതയ്ക്ക് വന്നുകൂടിയിരിക്കുകയാണ്.

നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്ന പുരോഹിതർക്ക് ഈ കേസ് ഒരു മുന്നറിയിപ്പുകൂടിയുമായിരിക്കും. അമേരിക്കയിലും ബ്രിട്ടനിലുംകാനഡയിലുമുള്ള മലയാളി സ്ത്രീകൾ നാട്ടിൽനിന്നും വരുന്ന ചെറുപ്പക്കാരായ പുരോഹിതരെ തീറ്റാനുള്ള മത്സരത്തിലാണ്. വിവാഹം കഴിക്കാത്ത ഈ പുരോഹിതർ അവരുടെ നേരമ്പോക്കായി സ്ത്രീ ജനങ്ങളുമായുള്ള സൗഹാർദ്ദം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാരായ അമ്മമാരുടെ കൈകളിൽ നിന്നും കൊച്ചിനെ മേടിക്കുകഅടുക്കളയിൽ ചെന്ന് സ്ത്രീകൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഉപ്പുണ്ടോയെന്ന് സഹായിക്കുക മുതലായ ടെക്ക്നിക്കുകളും പുരോഹിതരുടെ അടവുകളിലുണ്ട്. മിക്ക ദിവസവും സദ്യയുണ്ണാൻ വരുന്ന പുരോഹിതരെ സൽക്കരിക്കുന്ന സ്ത്രീകളുടെ മാനസികാവസ്ഥ ഭർത്താക്കന്മാരായ നല്ല കുഞ്ഞാടുകൾക്ക്  മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. നാടും വീടും വിട്ടു വരുന്ന പുരോഹിതരോട് ഇവർക്ക് വലിയ സഹതാപവുമാണ്. പല സ്ത്രീകളും പുരോഹിതരുടെ ഫ്രിഡ്ജ്, കോഴിയിറച്ചിയും കാളയിറച്ചിയും പച്ചക്കറികളുമായി നിറക്കാനുള്ള മത്സര ഓട്ടത്തിലുമാണ്

ബില്യൺ കണക്കിന് ഡോളാറാണ് അമേരിക്കൻ രൂപതകൾ ഇപ്പോൾ ലൈംഗിക പീഡനത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ സഭകൾക്ക് അതിനുള്ള  സാമ്പത്തിക ശക്തിയുമുണ്ട്. എന്നാൽ തികച്ചും അമേരിക്കയിലെ പുതിയ പ്രസ്ഥാനമായ സീറോ മലബാർ രൂപതയ്ക്ക് ഗുരുതരമായ തെളിവുകളോടെയുള്ള ഒരു കേസിനെ താങ്ങാനുള്ള കഴിവുണ്ടായിരിക്കില്ല. ഇത്തരം കേസുകളിലെ ഭവിഷ്യത്തുകളെപ്പറ്റി സീറോ മലബാർ രൂപതയിൽ വന്നെത്തുന്ന പുതിയ  പുരോഹിതർക്ക് അറിവുമുണ്ടായിരിക്കില്ല. അവർക്ക് ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിണതഫലങ്ങളെ സംബന്ധിച്ചുള്ള വേണ്ടത്ര പ്രായോഗിക പരിജ്ഞാനം നൽകാറുമില്ല. അതുകൊണ്ട് പുരോഹിതർ അബദ്ധങ്ങളിലും ചാടാറുണ്ട്.

അറിവില്ലായ്മ മൂലം ചിലപ്പോൾ പുരോഹിതർ തെറ്റുകളിൽ അകപ്പെടാറുണ്ട്. 2015 ഫെബ്രുവരിയിൽ ഫ്ലോറിഡയിൽ, പാം ബീച്ചിലെ ഒരു പള്ളിയിലുണ്ടായിരുന്ന ഫ്രാൻസിസ്‌ക്കൻ പുരോഹിതനായ ഫാദർ ജോസ് പള്ളിമറ്റം ഒരു കേസിൽ കുടുങ്ങി ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുകയും അതിനുശേഷം രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അദേഹത്തിന് ആരോ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി കൊടുത്തു. അത് എങ്ങനെ പ്രവർത്തിക്കണമെന്ന് അറിഞ്ഞുകൂടായിരുന്നു. പള്ളിയിൽ വരുന്ന ഒരു പതിനാലുകാരന്റ്‌ സഹായം അഭ്യർത്ഥിക്കുകയും അവൻ നോക്കിയപ്പോൾ അതിൽ നിറയെ ലൈംഗിക പടങ്ങൾ  നിറച്ചിരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഈ വൈദികനുനേരെ കേസ് കൊടുക്കുകയും അറിയാത്ത ഒരു കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വന്നു. കൂടെയുള്ള വെള്ളക്കാരൻ ഒരു പുരോഹിതൻ അദ്ദേഹത്തെ ഒറ്റുകൊടുത്തുകൊണ്ടു കളിച്ച കളിയാണെന്നും റിപ്പോർട്ടുകളുണ്ട്. അയാളായിരുന്നു ഫാദർ പള്ളിമറ്റത്തിനെതിരെയുള്ള പ്രധാന സാക്ഷി.   

ഒരു കുടുംബമായി ചങ്ങാത്തം കൂടിയാൽ ആ കുടുംബം തകർത്തിട്ടേ സാധാരണ പുരോഹിതർ മടങ്ങി പോവൂ. എത്രയെത്ര സംഭവങ്ങളുണ്ടായാലും കുഞ്ഞാടുകൾ പഠിക്കില്ല. അവർക്കെന്നും പുരോഹിതൻ കാണപ്പെട്ട ദൈവം തന്നെ. കുട്ടികളെ വേദപാഠത്തിനു വിടുമ്പോൾപള്ളിയിൽ വിടുമ്പോൾ മാതാപിതാക്കൾ ഒരു പുരോഹിതനുമായുള്ള അടുപ്പം സാധാരണ ശ്രദ്ധിക്കാറില്ല. കുട്ടികൾ സന്മാർഗ നിരതരാകുമെന്ന പ്രതീക്ഷയിൽ വീട്ടമ്മമാർക്ക് പുരോഹിതരെ അത്രമാത്രം വിശ്വാസമാണ്. കുട്ടികളുടെ വേഷംതലമുടി ചീകൽചൂരിദാറിന്റെ ഇറക്കം കുറയൽ മുതലായവകൾ ചില പുരോഹിതരുടെ വിമർശന വിഷയങ്ങളായിരിക്കും. ഉടുപ്പിന്റെ ഇറക്കം കുറഞ്ഞാൽ പുരോഹിതർക്ക് കുർബാന കൊടുക്കാൻ പോലും തോന്നില്ലെന്നുള്ള ധ്യാന ഗുരുക്കന്മാരുടെ പ്രസംഗങ്ങളും സാധാരണമാണ്. ലൈംഗിക മോഹങ്ങളിൽനിന്നും പ്രകടമാകുന്ന പുരോഹിതരുടെ പാകതയില്ലാത്ത ഇത്തരം പ്രസംഗങ്ങൾ അവരുടെ അവിവാഹിത ജീവിതത്തിൽ കഴിയുന്നതുകൊണ്ടുള്ള പ്രതിഫലനങ്ങളാണ്. അത്തരം പുരോഹിതർക്ക് മാനസിക കേന്ദ്രങ്ങളിൽ ചീകത്സയും ആവശ്യമാണ്. 


Father Joseph Palimatton of the Palm Beach Diocese in Florida

കൂടുതൽ വിവരങ്ങൾക്ക്: മറുനാടൻ മലയാളി 


വിട പറയാതെ.... ഒരു പ്രണാമം!

സത്യജ്വാലയുടെ 2018 ജനുവരി ലക്കത്തിൽനിന്ന് 

KCRM-ന്റെ ആശയഗുരുവും സത്യജ്വാലയുടെ തലതൊട്ടപ്പനുമായ പുലിക്കുന്നേല്‍സാറിന്റെ ഭൗതികശരീരം പഞ്ചഭൂതങ്ങളായി അമ്മയായ ഭൂമിയില്‍ ലയിച്ചുകഴിഞ്ഞിരിക്കുന്നു....... എന്നാല്‍,
സഭയില്‍നിന്ന് യേശുവിനെ പുകച്ചുപുറത്താക്കി കോണ്‍സ്റ്റന്റൈന്‍ സിംഹാസനാരൂഢനായതിന്റെയും, പൗരോഹിത്യമില്ലാത്ത യേശുവിന്റെ സഭയില്‍ യഹൂദ-റോമന്‍പൗരോഹിത്യങ്ങളിണചേര്‍ന്നുണ്ടായ രാജകീയപൗരോഹിത്യം നുഴഞ്ഞുകയറി അധികാരമരുതാത്ത സഭയെ ശ്രേണീബദ്ധ അധികാരഘടനയാക്കിയതിന്റെയും, പാരസ്പര്യ, സ്‌നേഹ, സേവനകൂട്ടായ്മാജീവിതമെന്ന ജീവിതാനുഷ്ഠാനത്തെ കേവലം അനുഷ്ഠാനജീവിതമാക്കിയതിന്റെയും, കേരളസഭയുടെ തനിമയാര്‍ന്ന അപ്പോസ്തലിക പൈതൃക-പാരമ്പര്യങ്ങളെ കൊന്നുകുഴിച്ചുമൂടി ഇവിടെയും റോമന്‍ മതസാമ്രാജ്യപുരോഹിതക്കോട്ടകള്‍ തീര്‍ത്തതിന്റെയും,
യേശുവിന്റെ സ്‌നേഹനിയമത്തെ തള്ളിമാറ്റി യേശുവിരുദ്ധമായ കാനോന്‍നിയമം അടിച്ചേല്‍പ്പിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ മതസ്വത്തുക്കള്‍ പിടിച്ചെടുത്തുകൊണ്ട് നഷ്ടപ്പെട്ട പാപ്പാസാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള വത്തിക്കാന്‍ മതരാഷ്ട്രത്തിന്റെ നിതാന്തപരിശ്രമങ്ങളുടെയും, യേശുവിന്റെ കാലത്തെ സാന്‍ഹെദ്രീന്‍ പുരോഹിതസംഘത്തെ അനുകരിച്ച്, പാദ്രുവാദോ, പ്രൊപ്പഗാന്താ ഫീദേ, പൗരസ്ത്യതിരുസംഘം മുതലായ പുരോഹിതസംഘങ്ങളെ വത്തിക്കാന്‍ കാലാകാലങ്ങളില്‍ സൃഷ്ടിച്ച് കേരളസഭയ്ക്കുമേല്‍ വ്യവസ്ഥാപിച്ചതിന്റെയും....ഇതിന്റെയെല്ലാം പിന്നിലുള്ള പുരോഹിതരാഷ്ട്രീയത്തിന്റെയും ചരിത്രവഴി ഓതിത്തന്ന ആ മൗലികപ്രതിഭ മണ്ണിലലിയാതെ ഒരു പ്രകാശധോരണിയായി ഞങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നു... ആ വെളിച്ചം ഞങ്ങളിതാ ഏറ്റുവാങ്ങുന്നു.
മഹാധിഷണയുടെ ആസ്ഥാനമായിരുന്ന ആ മസ്തിഷ്‌കം ചാമ്പലായിക്കഴിഞ്ഞിരിക്കുന്നു....... എന്നാല്‍, കേരളസഭയുടെ തനിമ വീണ്ടെടുക്കുന്നതിനുവേണ്ടി ആ മസ്തിഷ്‌ക്കമൊഴുക്കിയ വിയര്‍പ്പിനേക്കുറിച്ചോര്‍ക്കുമ്പോള്‍,
പ്രശ്‌നത്തിരമാലകളിലും ഉലയാതെനിന്ന് ബുദ്ധികൂര്‍മ്മതയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി പ്രശ്‌നപരിഹാരങ്ങളുടെ നവംനവങ്ങളായ ആശയമുത്തുകള്‍ പൊക്കിയെടുത്തതിനേക്കുറിച്ചോര്‍ക്കുമ്പോള്‍,
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ നൂറുകണക്കായ ഡിക്രികളില്‍നിന്ന് കേരളനസ്രാണിസഭയുടെ തനിമ വീണ്ടെടുക്കാനാവശ്യമായ ഡിക്രികള്‍ കണ്ടെത്തി പ്രബോധിപ്പിച്ചതിനേക്കുറിച്ചോര്‍ക്കുമ്പോള്‍,
അതിനെ പ്രതിരോധിക്കാനും, ഭാരതസഭയ്ക്കു ബാധകമല്ലാത്ത പൗരസ്ത്യകാനോന്‍നിയമം അടിച്ചേല്‍പ്പിക്കാനുംവേണ്ടി, സ്വപൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ് കല്‍ദായപൈതൃകവാദവുമായെത്തിയ അധികാരക്കൊതിയന്മാരായ മെത്രാന്മാര്‍ക്കെതിരെ മുഴക്കിയ ഗര്‍ജ്ജനപരമ്പരകളേക്കുറിച്ചോര്‍ക്കുമ്പോള്‍, എല്ലാ അന്യപൈതൃകവാദങ്ങളെയും കാനോന്‍നിയമവകുപ്പുകളെയും അസ്തമിപ്പിക്കാന്‍പോരുന്ന 'ചര്‍ച്ച് ആക്ട്' എന്ന ആശയം കണ്ടെത്തി അവതരിപ്പിച്ചതിനേക്കുറിച്ചോര്‍ക്കുമ്പോള്‍....അപ്പോഴൊക്കെയും, ആ മസ്തിഷ്‌കത്തിലുയര്‍ന്ന കമ്പനങ്ങളുടെ അതേ താളത്തില്‍ ഞങ്ങളുടെ ആയിരക്കണക്കിനു മസ്തിഷ്‌കങ്ങളും പ്രകമ്പിതമാകുന്നു.... ആ കമ്പനങ്ങളെ ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങളായി ഞങ്ങളിതാ ഏറ്റുവാങ്ങുന്നു... അത്മായരിലാരെയെങ്കിലും നിയമക്കുരുക്കുകളില്‍പ്പെടുത്തിയൊതുക്കാന്‍, കൂദാശാവിലക്കികളും കല്യാണം മുടക്കികളും മരിച്ചടക്കുവിലപേശികളുമായ ദുഷ്ടപൗരോഹിത്യം തുനിയുന്നു എന്നറിയുന്ന നിമിഷത്തില്‍, എല്ലാം മറന്ന് ഒരു കൊടുങ്കാറ്റായെത്തി ഏതു സഭാകാര്യവും ഒറ്റയ്ക്ക് നിയമാനുസൃതം നടത്തിക്കൊടുത്ത ആ മഹാചങ്കൂറ്റത്തിന്റെ ശക്തിയും,
വിതണ്ഡവാദങ്ങളുയര്‍ത്തുന്ന പുരോഹിതരെയും പുരോഹിതഭക്തരെയും അവരുടെ നിലവാരമനുസ്സരിച്ച്, ചിരിച്ചുതള്ളിയും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളെയ്തും ദാര്‍ശനികമായും ദൈവശാസ്ത്രപരമായും അങ്കംവെട്ടിയും നിലംപരിശാക്കുന്ന ആ പേനായുടെ മൂര്‍ച്ചയും ഞങ്ങളെ വിട്ടുപോകാതെ തൊട്ടുനില്‍ക്കുന്നു. ആ ശക്തിയും മൂര്‍ച്ചയും ഞങ്ങളിതാ ഞങ്ങളിലേക്ക് ആവാഹിക്കുന്നു....
ദൈവത്തിന്റെ വന്‍സൈന്യനിരയെന്ന ഭാവത്തില്‍ വ്യാജദൈവികതയുടെ മാര്‍ച്ചട്ടയണിഞ്ഞണിനിരന്ന് വാള്‍ചുഴറ്റി അട്ടഹസിച്ചു നില്‍ക്കുന്ന പുരോഹിതഗോലിയാത്തുകളുടെ പടമുഖത്തേക്ക്, സത്യത്തിലൂന്നിയ ചങ്കൂറ്റത്തിന്റെ മാര്‍ച്ചട്ട ധരിച്ച് യേശുവചസ്സുകളെന്ന കവണയുമായി ഒറ്റയ്ക്കു കയറിച്ചെന്നു ഗര്‍ജ്ജിച്ച ആ 'കേരളക്രൈസ്തവകേസരി'യുടെ ഗര്‍ജ്ജനാരവങ്ങള്‍ അത്മായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധകാഹളമായി ഈ ആശയശിഷ്യരില്‍ അലയടിക്കുന്നു, അത് കേരളമാകെ വ്യാപിക്കുന്നു...
പുലിക്കുന്നേല്‍ സാര്‍ ഈ ആശയശിഷ്യരില്‍ ഉയിര്‍ത്തെണീറ്റിരിക്കുന്നു! ചര്‍ച്ച് ആക്ടിന്റെ ദീപശിഖാപ്രയാണം പുതുശക്തിയോടെ, ഇതാ ഞങ്ങള്‍ പുനരാരംഭിക്കുന്നു.
അതുകൊണ്ട്, വിട പറയാതെ ഒരു പ്രണാമം! ഗുരോ, പ്രണാമം!

Sunday, January 21, 2018

പുലിയുടെ ആത്മബലി

2018  ജനുവരി ലക്കം 'സത്യജ്വാല'യിൽനിന്ന് 


Friday, January 19, 2018

ഡൽഹി ലത്തീൻ അതിരൂപതയും ഫരിദാബാദ്‌ സീറോ-മലബാർ രൂപതയും


ചാക്കോ കളരിക്കൽ

ഡൽഹിയിൽ സീറോ-മലബാർ രൂപത ഫരിദാബാദ്‌ ആസ്ഥാനമാക്കി മാർച്ച് 06, 2012-ൽ സ്ഥാപിതമായി. അതിനുശേഷം 2014-ൽ ഡൽഹി രൂപതാധ്യക്ഷനും ഫരിദാബാദ്‌ രൂപതാധ്യക്ഷനും ചേർന്ന് ജോയിൻറ് പാസ്റ്ററൽ കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ആ രേഖയിൽ ഡൽഹിയിലെ ലത്തീൻ പള്ളികളിൽ തലമുറകളായി അംഗത്വമെടുത്ത് വേണ്ട അജപാലനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സീറോ-മലബാർ കുടുംബ പശ്ചാത്തലമുള്ള എല്ലാ അല്മായരും ഓട്ടോമാറ്റിക്കായി ഫരിദാബാദ്‌ സീറോ-മലബാർ രൂപതയിലെ ഇടവകകളിലെ അംഗങ്ങളാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡൽഹി ലത്തീൻ രൂപതയിലെ സേവനത്തിൽ തൃപ്തരും സീറോ-മലബാർ റീത്തുമായി പ്രായോഗികമായി യാതൊരു ബന്ധവും ഇല്ലാത്ത അനവധി കുടുംബങ്ങൾ മെത്രാന്മാരുടെ ഏകപക്ഷീയമായ ആ തീരുമാനത്തെയും അവർ പുറപ്പെടുവിച്ച സംയുക്ത രേഖയെയും നഖശിഖാന്തം ഏതുർക്കുകയുണ്ടായി. 'ലെയ്റ്റി4യൂണിറ്റി' എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ച് ആ സംഘടനയുടേതായി മാർപാപ്പയ്ക്ക് ഒരു നിവേദനം 2014 മെയ് മാസത്തിൽ നല്‌കുകയുണ്ടായി. ലത്തീൻ ഇടവകകളിൽ തുടരാൻ അനുവദിക്കണമെന്നും മാമോദീസ, സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയ കൂദാശകൾ രണ്ട്  റീത്തുകളും സഹകരിച്ച് വിശ്വാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ നിർവ്വഹിച്ചുതരണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ആ നിവേദനത്തിൻറെ അടിസ്ഥാനത്തിൽ 2016 ജനുവരി 28-ന് പൗരസ്ത്യ തിരുസംഘത്തലവൻ കർദിനാൾ സാൻഡ്രി ഒരു "പ്രബോധനം" രണ്ടു മെത്രാന്മാർക്കും നൽകുകയുണ്ടായി. ആ മറുപടിയും അത് എപ്രകാരമാണ് മനസ്സിലാക്കി പ്രാബല്യത്തിൽ വരുത്തേണ്ടത് എന്നതു സംബന്ധിച്ച രണ്ട് രേഖകളാണ് താഴെ കൊടുത്തിരിക്കുന്നത്. ആ "പ്രബോധനം" ഡൽഹിയ്ക്കു മാത്രമല്ല സാർവത്രിക സഭയ്ക്കും ബാധകമാണെന്ന് എല്ലാ സീറോ-മലബാറുകാരും മനസ്സിലാക്കിയിരിക്കേണ്ടതാണ്.
ഡൽഹി അതിരൂപതാതിർത്തിയിൽ വസിക്കുന്ന സീറോ-മലബാർ വിശ്വാസികളിൽ ചിലർ ലത്തീൻ പള്ളികളിൽ കൂദാശകൾ സ്വീകരിക്കുന്നതിനു അനുവാദം ചോദിച്ചുകൊണ്ട് പൗരസ്ത്യ തിരുസംഘത്തിന് നൽകിയ അപേക്ഷക്കുള്ള മറുപടിയിലെ നിബന്ധനകൾ
പരിഭാഷകൻ: ജോസഫ് കളരിക്കൽ, ഫ്‌ളോറിഡ
ഡൽഹി അതിരൂപതാതിർത്തിക്കുള്ളിൽ വസിക്കുന്ന സീറോ-മലബാർ വിശ്വാസികൾക്ക് അതിരൂപത കുറെ കൊല്ലങ്ങളായിട്ട് അജപാലന ശുശ്രൂഷകൾ ഉദാരമായി നൽകിയിരുന്നു. എന്നാൽ സീറോ-മലബാർ വിശ്വാസികൾക്കായി ഫരിദാബാദ് രൂപതാസ്ഥാപനത്തോടെ, ലത്തീൻ സഭാന്തരീക്ഷത്തിൽ ഏറെക്കാലം ജീവിച്ച കുറെ പൗരസ്ത്യസഭാ വിശ്വാസികൾക്ക് വിദ്വേഷം അനുഭവപ്പെട്ടതിൽ അതിശയപ്പെടാനില്ല. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട എല്ലാവരും പരസ്പര ധാരണയോടും ബഹുമാന പൂർവ്വവും പെരുമാറിയാൽ, ഇന്നത്തെ നിയമത്തിൻറെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുതന്നെ, ഈ സാഹചര്യത്തെ സന്തോഷത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കും.
ആദ്യമേതന്നെ ചില നിയമ വാദമുഖങ്ങൾ റഫറൻസ് പോയൻറുകളായി ഓർമ്മിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഒരു വ്യക്തിയുടെ റീത്ത് സ്വയം തീരുമാനിക്കാനുള്ള പൊതു അവകാശം നിലനിൽക്കുന്നില്ല; മറിച്ച്, അയാളുടെ സ്വന്തം റീത്തിനെ സാധിക്കുന്ന വിധത്തിൽ അനുധാവനം ചെയ്യാനുള്ള കടമയുമുണ്ട് (cfr. CCEO can. 40 3 and can. 35). എന്നിരുന്നാലും, മറ്റൊരു സ്വയംഭരണാധികാര സഭയിലേയ്ക്ക് മാറാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ആ സാഹചര്യത്തിൽ ബന്ധപ്പെട്ട മെത്രാന്മാർ, മാറ്റം ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ, അത് സുഗമമാക്കാൻ തയ്യാറാണ്. അപ്പോസ്തലിക സിംഹാസനത്തിൻറെ സമ്മതം ഒരുപക്ഷെ കരുതാം (cfr CCEO can. 32 2). CCEO can. 37 - അത്തരത്തിലുള്ള മാറ്റങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

മുകളിൽ പരാമർശിച്ചത് ഓർമിക്കുമ്പോൾ അതിൻറെ വെളിച്ചത്തിൽ ചില സീറോ-മലബാർ വിശ്വാസികൾക്ക് അവരുടെതന്നെ സ്വയംഭരണാധികാര സഭയിൽ പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ലത്തീൻ സഭയെ ഉപേക്ഷിക്കാൻ ആഗ്രഹമില്ലെങ്കിൽ, അവർക്ക് സ്വയംഭരണാധികാരമുള്ള ഏതു സഭയിലെയും ആരാധനക്രമങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ട് (cfr. CCEO can. 403 1, CIC can. 923). ഒരു സ്വയംഭരണാധികാരമുള്ള സഭയിൽനിന്നും കൂദാശകൾ സ്വീകരിക്കുന്ന പതിവുകൊണ്ട് ആ സഭയിലെ അംഗമാകുമെന്ന് സൂചിപ്പിക്കുന്നില്ലായെന്ന് ലത്തീൻ സഭയുടെ കാനോൻ നിയമത്തിൽ ഊന്നിപ്പറയുന്നുണ്ട് (CIC can. 112 2).
തത്ഫലമായി, ഒരു സീറോ-മലബാർ വിശ്വാസി നിയമത്തിൻറെ ബലത്താൽത്തന്നെ അയാളുടെ വീട് സ്ഥിതിചെയ്യുന്ന സീറോ-മലബാർ ഇടവകയിലെ അംഗമായിരുന്നാലും (CCEO can. 112 2), ലത്തീൻ ഇടവകയിലെ ജീവിതത്തിലും പ്രവർത്തനങ്ങളിലും പൂർണ്ണമായി ഉൾപ്പെടാം. അത്തരത്തിലുള്ള വിശ്വാസികളെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട അവസ്ഥ മനസ്സിലാക്കി ഇടവക വികാരിമാർ ആ വിശ്വാസികളുടെ വിശ്വാസ ജീവിതത്തെ ശാന്തവും സുന്ദരവുമാക്കാനുള്ള പ്രവർത്തനം സുഗമമാക്കേണ്ടാതാണ്.
പ്രായോഗികമായി, ഒരു വിശ്വാസിയുടെ നിയമപ്രകാരമുള്ള വൈദികന് പകരക്കാരനായി ലത്തീൻ വൈദികൻ, നിലവിലുള്ള നിയമമനുസരിച്ച്, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വിവാഹം എന്നീ കൂദാശകൾ നിർവഹിച്ചുകൊടുക്കേണ്ടതാണ്. ജ്ഞാനസ്നാനത്തിന് ലത്തീൻ വൈദികൻ പൗരസ്ത്യ സഭയിലെ വൈദികനോട് (cfr. CCEO can. 677 1, 678 and 683) അഭ്യർത്ഥിക്കേണ്ടതാണ്. ലത്തീൻ ഇടവകയിലെ ജ്ഞാനസ്നാനത്തിൻറെ രജിസ്റ്ററിൽ, സീറോ-മലബാർ സഭയിലെ അംഗമാണെന്ന് വ്യക്തമാക്കി ചേർക്കേണ്ടതാണ്. കൂടാതെ, ലത്തീൻ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് അറിയിപ്പിനായി മാമ്മോദീസാസർട്ടിഫിക്കറ്റ് അയയ്ക്കണം. സ്ഥൈര്യലേപനത്തിൻറെ കാര്യത്തിലും അതേ പ്രക്രിയ ആയിരിക്കണം. വിവാഹ കാര്യത്തിലാണെങ്കിൽ, പാർട്ടിയിലെ ഒരു കക്ഷി ലത്തീൻ സഭാംഗമാണെങ്കിൽ ലത്തീൻ വികാരിയായിരിക്കും അർഹതപ്പെട്ടയാൾ. പകരം, വിവാഹം രണ്ട് പൗരസ്ത്യ സഭാംഗങ്ങൾ തമ്മിലാണെങ്കിൽ, ലത്തീൻ വികാരി പൗരസ്ത്യ സഭയിലെ വികാരിയോട് അനുമതിപത്രം ആവശ്യപ്പെടണം. ഒരു പാർട്ടി അകത്തോലിക്കാ ക്രിസ്തീയ വിഭാഗത്തിൽ പെട്ടതോ അഥവാ അന്യമതത്തിൽ പെട്ടതോ ആയിരുന്നാൽ പൗരസ്ത്യ സഭയിലെ ഹയരാർക്കിക്കാണ് അർഹതയുള്ളത്. ഈ സാഹചര്യങ്ങളിലെല്ലാം, ലത്തീൻ സഭയിലെ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് ഒരു അറിയിപ്പ് അയയ്‌ക്കേണ്ടതാണ്. ഇത്തരത്തിലുള്ള സഭയുടെ അകത്തുള്ള സഹകരണം, വിശ്വാസികളുടെ ആധ്യാത്മിക നന്മ അന്തിമ ലക്ഷ്യമായി കണ്ട്, ബഹുമാനത്തോടും, പ്രായോഗികതയോടും, കൃത്യതയോടെയും സംഭവിക്കണം.
ഡൽഹിയിലെ ഒരു ലത്തീൻ ഇടവകയിലെ സീറോ-മലബാർ വിശ്വാസി മേല്പറഞ്ഞ കൂദാശകൾ കേരളത്തിൽ നടത്താൻ ആവശ്യപ്പെടുമ്പോൾ വൈദികർ സഹകരണ മനോഭാവത്തോടെ ചെയ്തുകൊടുക്കണമെന്ന് സീറോ-മലബാർ സഭയിലെ മെത്രാൻ സിനഡിലെ അംഗങ്ങൾ അവരുടെ വൈദികരോട് ആവശ്യപ്പെടണം. രജിസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ആധാരരേഖ (ഉദാ: ഫ്രീ സ്റ്റേറ്റ് സർട്ടിഫിക്കറ്റ്), മാമ്മോദീസ സ്വീകരിച്ച സ്ഥലത്തെ സീറോ-മലബാർ വികാരിയുടെയോ ലത്തീൻ വികാരിയുടെയോ, സ്വീകാര്യമായിരിക്കും. മറ്റേതെങ്കിലും സാക്ഷ്യപ്പെടുത്തലുകൾ ആവശ്യമെങ്കിൽ (ഉദാ: ഒരാൾ നിലവിൽ സഭാജീവിതം നയിക്കുന്നുണ്ടോ) അത്, വ്യക്തി സാധാരണ പോകുന്ന ലത്തീൻ ഇടവകയിലെ വികാരി നല്കേണ്ടതാണ്.
ചുരുക്കത്തിൽ, സീറോ-മലബാർ സംജ്ഞയുള്ള വിശ്വാസികൾ ഫരീദാബാദ് രൂപതാതിർത്തിക്കുള്ളിൽ വസിക്കുമ്പോൾ, ലത്തീൻ ഇടവകയിൽ ഇടയ്ക്കിടെ പോയാലും, രൂപതാമെത്രാൻറെ അധീനതയിലായിരിക്കും. എന്നിരുന്നാലും, അവരുടെ സാഹചര്യം മനസ്സിലാക്കാവുന്നതാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ പ്രചോദനത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. ലത്തീൻ ഇടവകയിലെ പൂർണ്ണ ഇടപെടലുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവരായിട്ടോ സീറോ-മലബാർ ഇടവകയിൽ താഴ്ത്തപ്പെട്ടവരായിട്ടോ ഇപ്പറഞ്ഞ അംഗങ്ങൾക്ക് തൊന്നാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങൾ വിശ്വാസികളുടെ പക്ഷത്തുനിന്നും സന്തോഷപൂർവ്വം സ്വീകരിക്കാനും കൂടാതെ സഭാ ശുശ്രൂഷകർ സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ വിവിധ സഭകളിലെ വിശ്വാസികളുടെ ഉചിതമായ സഹപ്രവർത്തനത്തെ വളർത്തുവാനും അഭ്യർത്ഥിക്കുന്നു.

വിശ്വാസികളുടെ ആവശ്യങ്ങളെ മനസ്സിലാക്കികൊണ്ടും നിലവിലുള്ള കാനോനിക മാനദണ്ഡങ്ങളെ പാലിച്ചുകൊണ്ടും ലത്തീൻ സഭയിലെയും സീറോ-മലബാർ സഭയിലെയും വികാരിമാരുടെ വൈദിക തീക്ഷ്ണതയിലുള്ള ആത്മവിശ്വാസത്തിലും ഈ തിരുസംഘം പൊതു സ്വഭാവമുള്ള ഒരു പ്രത്യേക 'ഇൻഡൽട്ട്' (indult) നൽകാനുള്ള ആവശ്യമോ അവസരമോ ആയി ഈ സാഹചര്യത്തെ പരിഗണിക്കുന്നില്ല.
വത്തിക്കാൻ സിറ്റി, 28 ജനുവരി 2016
ഒപ്പ്
ലയണാർഡോ  കാർദ്ദിനാൾ സാൻഡ്രി
പ്രീഫെക്ട്
ഒപ്പ്
സിറിൽ വസിൽ, എസ്‌. ജെ.
മെത്രാപ്പോലീത്ത സെക്രട്ടറി

സീറോ- മലബാർ വാദവിഷയത്തിന് റോമിൽനിന്നുലഭിച്ച “പ്രബോധന” ത്തെ (Instruction) മനസ്സിലാക്കേണ്ടത്
പരിഭാഷകൻ: ചാക്കോ കളരിക്കൽ

മെയ് 24, 2014-ൽ പരിശുദ്ധ പിതാവിന് "ക്രിസ്തു വിഭജിക്കപ്പെട്ടതോ" എന്ന ശീർഷകത്തിൽ നമ്മൾ സമർപ്പിച്ച പരാതിയ്ക്ക് വ്യക്തവും, നിശ്ചിതവും, സമഗ്രവുമായ ഒരു മറുപടി റോമിൽനിന്നുണ്ടായി എന്നുള്ള വിവരം ഇപ്പോൾ ആഗോളവ്യാപകമായി അറിയപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ തിരുസംഘത്തലവൻ ലിയനാർഡോ കർദിനാൾ സാൻഡ്രി ജനുവരി 28, 2016-ൽ ഒപ്പിട്ട ആ മറുപടി, ഔപചാരിക രൂപത്തിലുള്ള "പ്രബോധനം" വ്യാപകമായി പ്രചരി പ്പിക്കപ്പെട്ടിട്ടുണ്ട്.

അത് 1993-ൽ കല്ല്യാൺ (ബോംബെ) രൂപതയ്ക്ക് നൽകിയ "ഇൻഡൾറ്റ് (Indult) അഥവാ സഭാനിയമങ്ങളിൽ നിന്നുള്ള ഒഴിവാക്കൽ അല്ല എന്നുള്ളകാര്യം ശ്രദ്ധിക്കേണ്ടതാണ്, പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലുള്ള സഭാനിയമ പരിധിയിൽ പെടുന്നതാണെന്ന് ആ "പ്രബോധനം" വ്യക്തമായി പ്രസ്താവിക്കുന്നു. ആ വ്യക്തമായ പ്രസ്താവനയും - കൂടാതെ ഹർജി നൽകാനിടയായ സാഹചര്യവും - സാർവ്വലൗകികമായി ഉപയോഗമുള്ളതുമാണ്. വ്യക്തത, ശക്തി, "പ്രബോധന" ത്തിൻറെ ദൃഢമായ സ്വഭാവമെല്ലാം വെച്ചുനോക്കുമ്പോൾ അതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്ന തത്ത്വം സാർവത്രികമാണെന്ന് വ്യക്തമാണ്.

അങ്ങനെ ഇവിടെയും (ഡൽഹിയിലും) സാർവ്വത്രികസഭയിലും, ഡൽഹിയിൽ സംഭവിച്ചതുപോലുള്ള സാഹചര്യങ്ങളിൽ, റീത്തിനെ തെരഞ്ഞെടുക്കുന്ന പ്രശ്നത്തിന് എന്നന്നേയ്ക്കുമായി തീർപ്പുണ്ടായി.

സീറോ-മലബാർ കുടുംബപശ്ചാത്തലമുള്ള വിശ്വാസികളെ എപ്രകാരം ബഹുമാനിക്കണമെന്നും സഹായിക്കണമെന്നും നിർബന്ധങ്ങളൊന്നുമില്ലാതെ എല്ലാ കൂദാശകളും ലത്തീൻ സഭയിൽനിന്നോ സീറോ-മലബാർ സഭയിൽനിന്നോ ലഭിക്കുമെന്നും ആ "പ്രബോധനം" വ്യക്തമാക്കിയിട്ടുണ്ട്. അതിൻറെ പശ്ചാത്തലത്തിൽ, ലത്തീൻ/സീറോ-മലബാർ അജപാലകർ "സന്തോഷകരമായ സഹകരണത്തിലൂടെ" അത് സംഭവിക്കുന്നത് ഉറപ്പാക്കണമെന്നും ആ രേഖ പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്.

ആ "പ്രബോധനം" ഇന്ത്യയിൽ കിട്ടി മൂന്നുമാസം കഴിഞ്ഞപ്പോൾ നമ്മുടെ ഒരു പ്രതിനിധി കർദിനാൾ സാൻഡ്രിയെ ഔപചാരികമായി കാണുകയുണ്ടായി. തിരുസംഘത്തലവൻ രണ്ടു കാര്യങ്ങൾ വ്യക്തമാക്കി: 1) "സാധ്യമാകുന്നിടത്തോളം" ("പ്രബോധന" ത്തിൽ കാണുന്ന പദപ്രയോഗവും അദ്ദേഹം ആവർത്തിച്ചതുമായ) സീറോ-മലബാർ കുടുംബപശ്ചാത്തലമുള്ളവർ കഴിവതും സീറോ-മലബാർ സഭയെ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണം. 2) സഭ എന്നും വൈവിധ്യത്തെ സ്‌നേഹിക്കുന്നു; എങ്കിലും ആ വൈവിധ്യം സഭയിൽ വിഭജന കാരണമാകാൻ ഉദ്ദേശിച്ചിട്ടില്ല.

2016-റിലെ പന്തക്കുസ്ത ഞായറാഴ്ച പരാതിക്കാർ ഒരു പൊതുയോഗം വിളിച്ചുകൂട്ടുകയുണ്ടായി. അതിൽ എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുകയുണ്ടായി. ആ സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിക്കാത്തവർക്കുവേണ്ടി - ഈ പ്രശനത്തിന് പ്രസക്തിയുള്ള ലോകത്തിൽ എവിടെയുള്ളവരായാലും - ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ പരിശോധനയ്ക്കായി ഒരിക്കൽക്കൂടി യഥാർത്ഥ "പ്രബോധനം" അവതരിപ്പിക്കുന്നു. എന്നാൽ ഇപ്രാവശ്യം ഖണ്ഡികകൾ തിരിച്ച് അത് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ സംബന്ധിക്കുന്ന വിശദീകരണങ്ങളും അഭിപ്രായങ്ങളും അടങ്ങിയിട്ടുണ്ട്.

"പ്രബോധന" ത്തിൻറെ ആത്മാവറിഞ്ഞ് നിങ്ങൾ പഠിച്ചതിൻപ്രകാരമുള്ള അഭിപ്രായങ്ങളെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ അന്വേഷണങ്ങൾക്ക് ഞങ്ങൾ ഉത്തരം തരാൻ പരിശ്രമിക്കുന്നതും ആവശ്യമുള്ളിടത്ത് വ്യക്തത നൽകുന്നതുമാണ്. തിരുസംഘാധ്യക്ഷനെ കാണുകയും "പ്രബോധന" ത്തെ വിശദമായി പഠിക്കുകയും ചെയ്ത ഞങ്ങൾക്ക് അതിൻറെ അർത്ഥവും ഉദ്ദേശവും വ്യക്തമാണ്; ആവശ്യമെങ്കിൽ "പ്രബോധന" ത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാഖ്യാനമുണ്ടായാൽ കൂടുതൽ വിശദീകരണത്തിനായി തിരുസംഘത്തെ സമീപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരുമാണ്.

ലെയ്റ്റി 4 യൂണിറ്റി ഏകോപനസമിതി
ന്യൂ ഡൽഹി

http://www.malayalamdailynews.com/?p=366999