Translate

Saturday, February 29, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത്‌ ടെലികോൺഫെറൻസ്, മാർച്ച് 11, 2020-ന്


 

ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത്‌  ടെലികോൺഫെറൻസ് മാർച്ച് 11, 2020 (March 11, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും’. വിഷയം അവതരിപ്പിക്കുന്നത്: ആർച്ച്ഡയോസിസൻ മൂവ്മെൻറ് ഫോർ ട്രാൻസ്പരൻസി (Archdiocesan Movement for Transparency)-യുടെ സ്പോക്സ് പേഴ്സൺ ശ്രീ ഷൈജു ആൻറണി (Shyju Antony) ആയിരിക്കും.


ശ്രീ ഷൈജു ആൻറണി എറണാകുളം-അങ്കമാലി തിരൂപതയിലെ ഒരു അംഗമാണ്. അദ്ദേഹം സേവ് ഔർ സിസ്റ്റേഴ്സ് (SOS) എന്ന സംഘടനയുടെ  ജോയിൻറ് കൺവീറാണ്. പന്ത്രണ്ടു വർഷം തിരുവനന്തപുരത്ത് ദൂർ ദർശനിൽ (Door Darsan) ന്യൂസ് റീഡർ ആയിരുന്നു. ഡിവൈൻ റീട്രീറ്റ് സെൻററിൽ പ്രീച്ചറായും എറണാകുളം-അങ്കമാലി തിരൂപതയിൽ ഇവാൻജെലൈസേഷൻ ഡിപ്പാർട്മെൻറ് അംഗമായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി ബിസ്നെസ്സിൽ ഏർപ്പെട്ടിരിക്കുന്നു.

കേരളത്തിലെ എല്ലാ രൂപതകളിലും ഭൂമിവില്പനകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോടികൾ വരുമാനമുള്ള രൂപതകൾക്ക് എങ്ങനെ കടം വരുന്നു? കടം വീട്ടാൻ എന്തിന് ഭൂമി വിൽക്കുന്നു? പൂർവീകർ പള്ളികൾക്കുവേണ്ടി സമ്പാദിച്ച വസ്തുവകകൾ വിറ്റുതുലയ്ക്കാൻ ആരിവർക്ക് അനുവാദം നൽകി? അത്തരം ചോദ്യങ്ങൾക്കൊന്നും സഭയിൽ ഇന്ന് സ്ഥാനമില്ല. ഒരു രൂപതയും ആരെയും കണക്ക് ബോധിപ്പിക്കാറുമില്ല. അല്മായരെ അപ്പാടെ അവഗണിക്കുന്ന, മാറ്റിനിർത്തുന്ന അജപാലകർ അവർക്ക് തോന്നിയവിധത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നു.

സീറോ-മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയും എറണാകുളം-അങ്കമാലി തിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഭൂമിവിൽപ്പന സംബന്ധിച്ച ആരോപണങ്ങൾ 2017 മുതൽ സഭാവിശ്വാസികളും മറ്റ് ജനവിഭാഗങ്ങളും ശ്രവിച്ചുകൊണ്ടാണിരിക്കുന്നത്. ഭൂമി വിൽപ്പനയിൽ എറണാകുളം-അങ്കമാലി തിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്ന് ഒരു വിഭാഗം വൈദികരും അല്മായരും ആരോപിക്കുന്നു. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിന് 100 കോടിയുടെ ഭൂമി വിറ്റെന്നും എന്നാൽ കടം 90 കൂടിയായി ഉയരുകയും ഭൂമി അതിരൂപതയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നുമാണ് ആരോപണം. ഭൂമി വിവാദത്തിൽ വൈദികരും അല്മായരും ആലഞ്ചേരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യ പ്രതിഷേധം നടന്നതും എറണാകുളം-അങ്കമാലി തിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം  ചെയ്തതുമെല്ലാം നമുക്കറിവുള്ളതാണ്. മാർ ആലഞ്ചേരിയുടെ പേരിൽ അനവധി കോടതി വ്യവഹാരങ്ങൾ നിലവിലുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. എറണാകുളം-അങ്കമാലി തിരൂപത വിവാദ ഭൂമി ഇടപാടിലെ അറിയാക്കഥകൾ ഈ സംഭവുമായി ഏറ്റവുമധികം ഇടപെട്ടിട്ടുള്ള ശ്രീ ഷൈജു ആൻറണിയിൽനിന്നും നമുക്ക് നേരിട്ടു ശ്രവിക്കാം. സംഭവത്തിൻറെ നിജസ്ഥിതി മനസ്സിലാക്കാനും സംശയത്തെ ദൂരീകരിക്കാനുമുള്ള ഒരു സുവർണാവസരമാണിത്.

അവതരണത്തിനുശേഷം ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീടുള്ള ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


മാർച്ച് 11, 2020 Wednesday evening 09 pm EST (New York Time)


Moderator: Mr. A. C. George


The number to call: 1-605-472-5785; Access Code: 959248#


Please see your time zone and enter the teleconference accordingly.

Sunday, February 23, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക ഫെബ്രുവരി 12, 2020 ബുധനാഴ്ച്ച നടത്തിയ ഇരുപത്തിനാലാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടമണിക്കൂറോളം നീണ്ടുനിന്ന ആ യോഗത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികംപേർ പങ്കെടുത്തു. മോഡറേറ്റർ ശ്രീ എ സി ജോർജിൻറെ ആമുഖത്തിനുശേഷം മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ സെക്രട്ടറി ശ്രീ  ജോസഫ് വെളിവിൽ ആയിരുന്നു. വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ’.

വിഷയാവതാരകൻ ശ്രീ ജോസഫ് വെളിവിലിനെ ടെലികോൺഫെറൻസിൽ സംബന്ധിച്ചവർക്ക് പരിചയപ്പെടുത്തികൊണ്ട് ചാക്കോ കളരിക്കൽ സംസാരിച്ചു. അതിനുശേഷം ജോസഫ്‌സാർ ഒരു ആമുഖത്തോടെയാണ് വിഷയാവതരണത്തിലേയ്ക്ക് കടന്നത്.

മുൻകാലങ്ങളിൽ ഒരു കുടുംബത്തിൽ വൈദികനോ കന്ന്യാസ്ത്രിയോ ഉണ്ടെന്നുള്ളത് അഭിമാനമായിരുന്നു. എട്ടും പത്തും മക്കളുള്ള കുടുംബങ്ങളിൽ പെൺമക്കളെ വിവാഹം കഴിപ്പിച്ചുവിടുക ബുദ്ധിമുട്ടായിരുന്നു. അക്കാരണം കൊണ്ടുതന്നെ ദരിദ്രകുടുംബങ്ങളിലെ അനേകം പെൺകുട്ടികൾ കന്ന്യാസ്ത്രികളാകാൻ മഠങ്ങളിൽ ചേർന്നിരുന്നു. പ്രേമനൈരാശ്യം ബാധിച്ചവരും കാണാൻ സൗന്ദര്യം കുറഞ്ഞവരും വിദ്യാഭ്യാസത്തിന് വകയില്ലാത്തവരുമെല്ലാം കന്ന്യാസ്ത്രി ജീവിതം തെരഞ്ഞെടുത്തു.ദൈവവിളി എന്നുപറയുന്നത് അർത്ഥരഹിതമാണ്. കാരണം, പതിനഞ്ചും പതിനാറും വയസുള്ള പെൺകുട്ടികളെ സുന്ദര വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ച്‌ മഠങ്ങളിൽ ചേർക്കുകയാണ് ചെയ്യുന്നത്. എട്ടും പൊട്ടും തിരിയാത്ത പ്രായമാണത്. അവിടെ ചെന്ന് പെട്ടുപോയശേഷം വർഷങ്ങൾ കഴിഞ്ഞാണ് അവർ പുറംലോകം എന്തെന്നറിയുന്നത്. ഇന്ന് അതിനെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കേരളത്തിൽ കന്ന്യാസ്ത്രികളാകാൻ കുട്ടികളെ കിട്ടാനുള്ള പ്രയാസം കാരണം തമിഴുനാട് ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പെൺകുട്ടികളെ മഠങ്ങളിൽ ചേരാൻ കേരളത്തിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നുണ്ട്. ഇത്രയും കാര്യങ്ങൾ ആമുഖമായി സംസാരിച്ചശേഷം അദ്ദേഹം വിഷയത്തിലേക്ക് കടന്നു.

കൈരളി ചാനലിൽ 'വിശുദ്ധ കലാപം' എന്ന പേരിൽ രണ്ട് എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തിരുന്നെന്നും അതെല്ലാവരും ഒന്നുകാണണമെന്നും അതു കണ്ടാൽ കന്ന്യാസ്ത്രികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാകുമെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി. തൃശൂർ സെൻറ് മേരീസ് കോളേജിൻറെ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ജസ്മി 'ആമേൻ' എന്ന തൻറെ ആത്മകഥയിൽ മഠാധികാരികളിൽനിന്നും അവർ അനുഭവിക്കേണ്ടിവന്ന അനിഷ്ടസംഭവങ്ങളും ചൂഷണങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജനിച്ചുവളർന്ന നാടിനെയും വീടിനെയും മാതാപിതാക്കളെയും മറ്റ് കുടുംബാഗംങ്ങളെയും സമൂഹത്തെയും ഉപേക്ഷിച്ച് മഠത്തിൽ ചേരുന്ന ഒരു സഹോദരി ആ മഠത്തിലെ പൂർണ അംഗമാണ്. അവരെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സഭാധികാരികളുടെ കർത്തവ്യമാണ്. പക്ഷെ ഇന്ന് സംഭവിക്കുന്നത് നേരെ മറിച്ചാണ്. ഒരു സഹോദരിയ്ക്ക് മഠത്തിൽ നിന്നുപോകാൻ സാധിക്കയില്ലെങ്കിൽ ചെവിക്കുപിടിച്ച് അവരെ പുറംതള്ളുകയാണ് ചെയ്യുന്നത്. നാല് മതിൽകെട്ടുകളിലെ അടിമകളാണ് കന്ന്യാസ്ത്രികൾ. ആര് എന്തുപറഞ്ഞാലും അതാണ് സത്യം. അവർക്ക് അഭിപ്രായ സ്വാതന്ത്ര്യമേയില്ല. അധികാരികൾ പറയുന്നതു മുഴുവൻ അനുസരിക്കണം. അധികാരികൾക്കെതിരായി ശബ്ധിച്ചാൽ ശിക്ഷണ നടപടി എടുക്കും. അതല്ലായെങ്കിൽ അവരുടെ കണ്ണിലെ കരടാകും, ബ്ലാക്ക്  ലിസ്റ്റിൽ പെടുത്തും, ഒറ്റപ്പെടുത്തും, മാനസികരോഗിയാക്കും. അനുസരണ എന്ന ഒറ്റ വ്രതത്താൽ മഠങ്ങളിൽ അവർ കന്ന്യാസ്ത്രികളെ ഒതുക്കിക്കളയും.

കന്ന്യാസ്ത്രികളെ പുരോഹിതർക്ക് ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നത് സുപ്പീരിയേഴ്സ് ആണ്. മുതിർന്ന കന്ന്യാസ്ത്രികളും ചെറുപ്പക്കാരികളായ കന്ന്യാസ്ത്രികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ലൈംഗികമായി പിടിച്ചുനിൽക്കാൻ എത്ര സന്ന്യാസിനികൾക്ക് സാധിക്കുന്നുണ്ട് എന്ന വിഷയം പഠനാർഹമാണ്. ദീർഘകാലമായി കന്ന്യാസ്ത്രികളെ മെത്രാന്മാരും പുരോഹിതരും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ദുഃഖസത്യം മാർപാപ്പ ഈയിടെ സമ്മതിക്കുകയുണ്ടായി. അഭയാകേസിനുമുമ്പ് കന്ന്യാസ്ത്രികളുടെ പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഒരു കന്ന്യാസ്ത്രിയും പീഡിപ്പിക്കപ്പെട്ടെന്ന് പുറത്ത് പറയുകയില്ല, മാതാപിതാക്കളോടോ സഹോദരങ്ങളോടൊപോലും. അത് അവരുടെ അഭിമാനത്തിൻറെ പ്രശ്നമാണ്. ദേവാലയങ്ങളോട് ചേർന്ന് ധാരാളം മഠങ്ങൾ ഇന്നുണ്ട്. പുരോഹിതർക്ക് ദാസവേല-തുണി അലക്കി ഇസ്തിരിയിട്ടു കൊടുക്കുക, ഭക്ഷണം പാകംചെയ്ത് കൊടുക്കുക, മുറ്റം അടിച്ചുവാരി കൊടുക്കുക-ചെയ്തുകൊടുക്കാൻ കന്ന്യാസ്ത്രികൾ നിർബന്ധിതരാകുന്നു. ഇതിനൊന്നുമല്ല അവർ മഠത്തിൽ ചേരുന്നത്. മഠാധികാരികളോട് എതിർത്താൽ അവരെ മാനസികരോഗിയാക്കി മരുന്ന് കൊടുക്കും. പിന്നീട് ദുരൂഹ മരണം സംഭവിച്ചാൽ മനോരോഗം ചാർത്തി ആ മരണത്തെ ആത്മഹത്യയാക്കും.  കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മുപ്പതോളം കന്ന്യാസ്ത്രികളാണ് ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ മരണപ്പെട്ടിട്ടുള്ളത്. വാട്ടർടാങ്കിൽ മരിച്ചനിലയിൽ, ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ. കിണറ്റിൽവീണ് മരിച്ചനിലയിലെല്ലാം കന്ന്യാസ്ത്രികളെ കണ്ടിട്ടുണ്ട്. അതുപോലുള്ള അനേകം സംഭവങ്ങളിൽ കാരണം കണ്ടുപിടിക്കാൻ ഇതുവരെയും സഭാധികാരം മെനക്കെട്ടിട്ടില്ല. അത്തരം സംഭവങ്ങളിലെ പ്രതികൾ പുരോഹിതരെങ്കിൽ സഭാധികാരം പുരോഹിതൻറെ കൂടെയെ നിൽക്കൂ. കന്ന്യാസ്ത്രികളുടെ കൂടെ നിന്ന ഒരു ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല.

അനേകം ഉയർന്ന തസ്തികകളിൽ-പ്രഫെസർമാർ, ഡോക്‌ടർമാർ, എഞ്ചിനീയർമാർ, നഴ്സുമാർ, അധ്യാപകർ-കന്ന്യാസ്ത്രികൾ ജോലിചെയ്ത് അവരുടെ സഭയ്ക്കുവേണ്ടി സമ്പാദിക്കുന്നുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവർ കൃഷിയിലേർപ്പെട്ടും പോർക്കിനെ വളർത്തിയും ആശ്രമം വൃത്തിയാക്കിയും കുശിനിവേല ചെയ്തും മഠത്തിൻറെ സാമ്പത്തിക ഉന്നമനത്തിനായി തേനീച്ചകളെപ്പോലെ വേലചെയ്യുന്നു. കോടാനുകോടിയുടെ വരുമാനമാണ് ഇവരുടെ പ്രയഗ്നംക്കൊണ്ട് സഭ സമ്പാദിക്കുന്നത്. കന്ന്യാസ്ത്രിയായ മകൾ ഉന്നത ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച് മഠത്തിന് നൽകിയിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ള അപ്പൻ രോഗശയ്യയിൽ കിടക്കുമ്പോൾപോലും നൂറുരൂപ നൽകാൻ അവൾക്ക് സാധിക്കുകയില്ല. കന്ന്യാസ്ത്രികൾക്ക് മാസച്ചിലവിന് നല്കുന്ന തുകതന്നെ വളരെ തുച്ചം. മഠത്തിൽ കന്ന്യാസ്ത്രികൾ രണ്ടു തട്ടിലാണ്. മെത്രാൻറെയോ, പുരോഹിതൻറെയോ കുടുംബത്തിൽനിന്നു വരുന്നവർ, ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽനിന്നു വരുന്നവർ, ഉന്നത നിലവാരത്തിൽ ജോലിചെയ്യുന്നവർ എല്ലാം ഒരു തട്ടിലും പാവപ്പെട്ട കുടുംബങ്ങളിൽനിന്നു വരുന്നവർ, വലിയ വിദ്യാഭ്യാസ യോഗ്യതകളില്ലാത്തവർ എല്ലാം വേറൊരു തട്ടിലുമായിരിക്കും.

ഒരു കന്ന്യാസ്ത്രിക്ക് മഠജീവിതവുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കാതെ പോയാൽ കാര്യം വളരെ ഗുരുതരമാകും. മഠത്തിൽനിന്നും അവർക്ക് ജീവിതാംശമൊന്നും കൊടുക്കുകയില്ല. അവർക്ക് പിന്നീട് പാർക്കാൻ ഒരു ഇടമില്ല. കുടുംബക്കാർക്ക് അവരെ വേണ്ട. സമൂഹത്തിനും വേണ്ട. ജീവിക്കാനുള്ള വരുമാനമില്ല. മഠംചാടി എന്ന പേരും കിട്ടും. സമീപകാലത്ത് മഠത്തിൽനിന്നു പോകാൻ ഇടയായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ, സിസ്റ്റർ ഡെൽസി,  സിസ്റ്റർ ബീന തുടങ്ങിയ കുറെ കന്ന്യാസ്ത്രികൾക്കുണ്ടായ ദുരനുഭവങ്ങൾ ജോസഫ്‌സാർ വിശദമായി പറയുകയുണ്ടായി. കന്ന്യാസ്ത്രികൾക്ക് അവരുടെ സുപ്പീരിയറോടോ പ്രൊവിൻഷ്യാളിനോടോ ജനറാളിനോടോ മാത്രമേ പരാതിപ്പെടാൻ നിർവാഹമുള്ളൂ. അവിടെനിന്ന് നീതിലഭിക്കുന്നില്ലെങ്കിൽ മാത്രമാണ് മെത്രാൻറെയടുത്ത് പരാതിപ്പെടാറുള്ളത്. ഒരു സാധാരണ കന്ന്യാസ്ത്രിയ്ക്ക് ആ അധികാരികളിൽനിന്നും നീതി ലഭിക്കുന്നില്ല എന്നതിനുള്ള തെളിവുകൾ ദിനംപ്രതി നാം കേട്ടുകൊണ്ടാണിരിക്കുന്നത്. ഈ മെത്രാന്മാരും കന്ന്യാസ്ത്രി മേലധികാരികളും ആണോ ക്രിസ്തുവിൻറെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്നത്? ഇവർ പറയുന്നതുവേറെ പ്രവർത്തിയ്ക്കുന്നതുവേറെ. കന്ന്യാസ്ത്രികൾ മഠങ്ങൾക്കുള്ളിലായാലും മഠത്തിൽനിന്ന് പുറംചാടിപോയാലും അവർക്ക് സുരക്ഷിതത്വം ഇല്ലെന്നുള്ളതാണ് ഈ വിഷയത്തിലെ ഒന്നാമത്തെ ദുരന്തം. സഭാധികാരം ഈ വിഷയത്തിൽ നീതിപൂർവമായ നിലപാടെടുക്കുന്നില്ല എന്നതാണ് രണ്ടാമത്തെ ദുരന്തം.

സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭാധികാരികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ധീര വനിതയാണ് സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ ലൂസിക്ക് കന്ന്യാസ്ത്രികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി നല്ല അറിവും ബോധവും ബോധ്യവുമുണ്ട്. വളരെ ശക്തമായ നിലപാടെടുക്കാൻ ധൈര്യമുള്ള സിസ്റ്റർ ലൂസി പയറ്റുന്നത് തനിയ്ക്ക് ലഭിക്കേണ്ട നീതിയ്ക്കുപരി അടിച്ചമർത്തപ്പെട്ടു കിടക്കുന്ന മാറ്റ് കന്ന്യാസ്ത്രികൾക്ക് നീതി ലഭിക്കണമെന്നാണ്. 'ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി' എന്ന കൂട്ടയ്മ സിസ്റ്ററിൻറെ ധീരമായ സമരത്തിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകികൊണ്ടാണിരിക്കുന്നത്. ഫ്രാങ്കോ മെത്രാനെതിരായി കുറവിലങ്ങാട്ടെ കന്ന്യാസ്ത്രികൾ വഞ്ചീസ്‌ക്വയറിൽ നടത്തിയ സമരത്തിന് സിസ്റ്റർ ലൂസി ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്-അനുസരണക്കേടു നടത്തി, ചൂരിദാറിട്ടു, അനുവാദം കൂടാതെ ഭക്തഗാന സീഡിയിറക്കി എന്നെല്ലാം അവർക്കെതിരായി കുറ്റം ആരോപിച്ചാലും-സഭാമേലധികാരികൾക്ക് അവരോട് പകയുണ്ടാകാൻ കാരണമായത്. ഫ്രാങ്കോ വിഷയത്തിലെ പ്രധാന സാക്ഷികൾ അഗസ്റ്റിൻ കാട്ടുതറ അച്ചനും സിസ്റ്റർ ലിസി വടക്കേലുമാണ്. ദുരൂഹസാഹചര്യത്തിൽ കാട്ടുതറ അച്ചൻ മരിച്ചു. സിസ്റ്റർ ലിസി വടക്കേലിനെ ഇപ്പോൾ പലവിധത്തിൽ പീഡിപ്പിക്കുകയും മൊഴിമാറ്റിപ്പറയാൻ സമർദ്ധം ചെലുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതെല്ലാംകൂടി കൂട്ടിവായിക്കുമ്പോൾ സിസ്റ്റർ ലൂസിയെ പുകച്ച് പുറം ചാടിക്കുക എന്ന നയത്തിലേയ്ക്കാണ് സഭ നീങ്ങിയത് എന്നതാണ് സത്യം. ഒന്നര ലക്ഷത്തിനുമേൽ വിശ്വാസികൾ പങ്കെടുത്ത തിരുവനന്തപുരത്തു നടന്ന 'ചച്ച് ആക്ട് ക്രൂസേഡ്' യോഗം ഉൽഘാടനം ചെയ്ത് പ്രസംഗിച്ചത് സിസ്റ്റർ ലൂസി കളപ്പുരയാണ്. പൊതുജനം അവർക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണത്. സ്വന്തം മകളെ മഠത്തിൽ വിട്ടാൽ അവർക്കുണ്ടാകാവുന്ന ദുരവസ്ഥകളെപ്പത്തി ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്.

കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾക്ക് എന്താണ് പരിഹാരമാർഗം? ചർച്ച് ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കുകയാണ് ഇതിനുള്ള ഒരു ഒറ്റമൂലി. ഇരുപത്തൊന്നു വയസും ഡിഗ്രിയുമുള്ള പെൺകുട്ടികളെ മഠങ്ങളിലേയ്ക്ക് അർത്‌ഥികളായി സ്വീകരിക്കാവൂ. ചുരുങ്ങിയത് അതെങ്കിലുമായിരിക്കണം അവരുടെ മിനിമം യോഗ്യത. യാതൊരു കാരണവശാലും പുരുഷന്മാരെ മഠങ്ങളിൽ അന്തിയുറങ്ങാനോ താമസിക്കാനോ അനുവദിക്കരുത്. കർശന നിരോധനത്തിന് വിധേയമാക്കേണ്ട ഒരു കാര്യമാണിത്. ലൈംഗിക പീഡനത്തിനിരയായി നീതിലഭിക്കാത്ത കന്ന്യാസ്ത്രികളുടെ പരാതികളെ ഗൗരവപരമായി പരിഗണിച്ച് വേണ്ട നിയമനടപടികൾ സ്വീകരിക്കാൻ  സർക്കാർ സന്നദ്ധത കാണിക്കണം. മഠങ്ങളിൽനിന്നും പുറംതള്ളപ്പെടുകയോ സ്വമനസാ പുറത്തോട്ടു പോരുകയോ ചെയ്യുന്നവരെ പുനരധിവസിപ്പിക്കാൻ മഠവും സഭ മൊത്തത്തിലും വേണ്ട നടപടികൾ സ്വീകരിക്കണം. മഠംവിട്ടുപോകുന്ന കന്ന്യാസ്ത്രികൾക്ക് മഠത്തിൽനിന്ന് പെൻഷൻ നൽകാനുള്ള നിയമം സർക്കാർ കൊണ്ടുവരണം.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി.

ഇന്ന് കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികളെ നേരിൽ കണ്ടറിഞ്ഞ് പഠിച്ചിട്ടുള്ള ശ്രീ ജോസഫ് വെളിവിലിൻറെ വിഷയാവതരണം വളരെ ഹൃദ്യവും പ്രസക്തവുമായിരുന്നു. സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്ന ഈ വിഷയത്തെ സംബന്ധിച്ചുള്ള ആഴമായ പഠനങ്ങൾക്ക് ജോസഫ്‌സാറിൻറെ വിഷയസമീപനം വളരെ വിലപ്പെട്ടതാണ്. ചർച്ചയിൽ സംബന്ധിച്ച എല്ലാവരുംതന്നെ ജോസഫ്‌സാറിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ജോസഫ്‌സാറിനും നന്ദി പറഞ്ഞുക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് മാർച്ച് 11, 2020 (March 11, 2020) ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് ആർച്ച്ഡയോസിസൻ മൂവ്മെൻറ് ഫോർ ട്രാൻസ്പരൻസി (Archdiocesan Movement for Transparency)-യുടെ സ്പോക്സ് പേഴ്സൺ ശ്രീ ഷൈജു ആൻറണി ആയിരിക്കും. വിഷയം: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്‌ഥാന മുന്നേറ്റങ്ങളും.
 
 
 
 

Wednesday, February 19, 2020

സത്യജ്വാല 2020 ഫെബ്രുവരി ലക്കം ഉള്ളടക്കം

https://almayasabdam.com/wp-content/uploads/2014/10/0220.pdf      

മുകളിൽ സെലക്ട് ചെയ്ത് ലിങ്കിൽ ചെന്ന് മാസിക വായിക്കാം



 

Tuesday, February 11, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോൺഫെറൻസ് ഫെബ്രുവരി 12, 2020-ന്


ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോൺഫെറൻസ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.
വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ’. വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ജനറൽ സെക്രട്ടറി ശ്രീ ജോസഫ് വെളിവിൽ (Joseph Velivil). അദ്ദേഹത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജനുവരി 28-ലെ ടെലികോൺഫെറൻസ് ക്ഷണക്കുറിപ്പിൽ നൽകിയിരുന്നു.

 
കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ അനവധിയാണ്. അധികാരികളിൽനിന്നുള്ള മാനസിക പീഡനത്തെയും പുരോഹിതരിൽനിന്നുള്ള ലൈംഗികാക്രമണങ്ങളെയും തുടർന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് പെരുവഴിയിലേയ്ക്ക് വെറുംകൈയ്യോടെ ഇറങ്ങേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകളുടെ ദയനീയമാ അവസ്ഥയെ സംബന്ധിച്ച് മനസ്സിലാക്കുകയും അവരെ തൻറെ കഴിവിൻറെ പരിധിയിൽ നിന്നുകൊണ്ട് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സുമനസ്ക്കനാണ് ശ്രീ ജോസഫ് വെളിവിൽ. കൂടാതെ, കന്ന്യാസ്ത്രികൾ നേരിടുന്ന ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും അദ്ദേഹം ആഴത്തിൽ പഠിച്ചിട്ടുണ്ട്. ആ വിഷയത്തിൽ പതിറ്റാണ്ടുകൾ പയറ്റി തെളിയുകയും ചെയ്തിട്ടുണ്ട്. സഭ അതിൻറെ മൂല്യങ്ങൾക്കനുസൃതമായി കന്ന്യാസ്ത്രികളോട് പെരുമാറുകയും പുരോഹിത ലൈംഗിക പീഡനങ്ങളെ എത്രയും വേഗം പരിഹരിച്ച്‌ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ കന്ന്യാസ്ത്രികൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുമായിരുന്നു. വിശ്വാസികൾക്കും പുരോഹിതർക്കും സഭാധികാരികളുടെ നീതിപൂർവമായ അത്തരം നീക്കം ആശ്വാസകരമാകുമായിരുന്നു. കത്തോലിക്ക സഭയുടെ സൽപ്പേരിന് കളങ്കം വരാതെ സൂക്ഷിക്കുകയും ചെയ്യാമായിരുന്നു.

സംഘടിത സഭയുടെ ശക്തികൊണ്ട് നിസ്സഹായരായ കന്ന്യാസ്ത്രികളെ എങ്ങനെയെല്ലാം ഉപദ്രവിക്കുമെന്നും വേട്ടയാടുമെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നും ശ്രീ ജോസഫ് വെളിവി ൻറെ പ്രഭാഷണത്തിൽ വിശദീകരിക്കുന്നതായിരിക്കും. അദ്ദേഹത്തെ ശ്രവിക്കുന്നതിനും പിന്നീടുള്ള ചർച്ചയി പങ്കെടുക്കുന്നതിനും നിങ്ങളെല്ലാവരേയും ഫെബ്രുവരി 12-ലെ ടെലികോൺഫെറൻസിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.

Saturday, February 8, 2020

ശ്രീ കുര്യൻ പാമ്പാടി 'ഇ-മലയാളി' യിൽ പ്രസിദ്ധീകരിച്ച "മാർ പൗവത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ" എന്ന ലേഖനത്തിനൊരു വിയോജനക്കുറിപ്പ്


കുര്യൻ പാമ്പാടിയുടെ 'ഇ-മലയാളി'യിലെ ലേഖനത്തിൻറെ ലിങ്ക്:

ചാക്കോ കളരിക്കൽ

ശ്രി കുര്യൻ പാമ്പാടി '-മലയാളി'യിൽ പ്രസിദ്ധീകരിച്ച "മാർ പൗവ്വത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ" എന്ന ലേഖനം വായിച്ചു. സത്യത്തിൽ ആ ലേഖനം എന്നെ അത്ഭുതപ്പെടുത്തി. ആധുനിക കാലത്ത് മാർതോമാ നസ്രാണി സഭയുടെ നാശത്തിൻറെ വിത്ത് വർഷങ്ങൾക്കുമുമ്പ് ചങ്ങനാശ്ശേരിയിലാണ് വിതച്ചത്. വിതക്കാരൻ മാർ പൗവ്വത്തിലും.

പോര്‍ച്ചുഗീസുകാരുടെ വരവോടെ ലത്തീന്‍ സഭയുടെ നിര്‍ദയമായ അധീശത്തിനു കീഴിലമര്‍ന്നിരുന്ന പൗരസ്ത്യ സ്വതന്ത്ര സുറിയാനി സഭയില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവ മുദ്രാവാക്യം ഉറക്കെ പ്രഖ്യാപിച്ച ആളാണ് ജോസഫ് മാര്‍ പവ്വത്തില്‍.” ഒരു വ്യക്തിയെ പൊക്കിപ്പറയാൻവേണ്ടി അർത്ഥശൂന്യമായ ഇത്തരം പ്രസ്താവം, മിതമായ ഭാഷയിൽ പറഞ്ഞാൽ, അപലപനീയമാണ്.പ്രാര്‍ത്ഥനകളിലും വിശ്വാസ പ്രമാണങ്ങളിലും കുര്‍ബ്ബാനയിലും കേരളസഭയില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സുറിയാനി പാരമ്പര്യം പുനസ്ഥാപിക്കാന്‍,………”. ആഗോള കത്തോലിക്ക സഭയിൽ വിശ്വാസപ്രമാണം ഒന്നായിരിക്കെ സുറിയാനി പാരമ്പര്യത്തിലെ വിശ്വാസപ്രമാണം എങ്ങനെ പുനഃസ്ഥാപിക്കും? എനിക്കൊരു പിടിയും കിട്ടുന്നില്ല. 'ലത്തീൻ മേധാവിത്തം' അവസാനിപ്പിക്കാൻ മാർ പൗവ്വത്തിലിനെ മറ്റൊരു ഗാന്ധിയാക്കിയത് അല്പം കടന്നുപോയെന്നും തോന്നുന്നു!

പോർച്ചുഗീസുകാരുടെ ലത്തീനീകരണത്തിൽനിന്നും മാർതോമാ നസ്രാണി ക്രിസ്ത്യാനികളെ റോമിലെ പൗരസ്ത്യസംഘത്തിൻറെ കീഴിലാക്കി സുറിയാനീകരിക്കാൻ  സത്യത്തിൽ മാർ പൗവ്വത്തിൽ കൂട്ടുനിൽക്കുകയല്ലേ ചെയ്തത്? സ്ഥാനമാനങ്ങൾക്കായി സ്വന്തം സഭയെ ഒറ്റിക്കൊടുക്കുന്നവർ ഒരികലും ഗാന്ധിയാവില്ല. കത്തോലിക്ക കുട്ടികൾ കത്തോലിക്ക സ്കൂളുകളിൽ പഠിക്കണമെന്ന് തിരുവനന്തപുരത്തുവെച്ച് പരസ്യമായി പ്രസംഗിച്ച മാർ പൗവ്വത്തിലിൻറെ സിരകളിൽകൂടി എക്യൂമെനിസം ഓടുന്നുണ്ടെന്ന് അനുമാനിക്കാൻ വയ്യ.

കത്തോലിക്ക സഭ വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മ ആണെന്ന് അറിയാത്തവരല്ല നമ്മൾ. ഓരോ വ്യക്തിസഭയും ഉണ്ടാകുവാൻ കാരണം അവയുടെ തനതായ പാരമ്പര്യമാണ്. പാരമ്പര്യം അപ്പോസ്തലിക ശുശ്രൂഷയിൽ അടിസ്ഥാനം ഉള്ളതാണ്. ദൈവആരാധനയിലും (liturgy) സഭാഭരണത്തിലും (administration) ദൈവശാസ്ത്രത്തിലും (theology) വലിയ വ്യത്യാസങ്ങൾ സഭകൾ തമ്മിലുണ്ട്. ഇങ്ങനെ തികച്ചും വ്യത്യസ്തവും തനതായ പാരമ്പര്യവും ഉണ്ടായിരുന്ന സഭയാണ് സീറോ മലബാർ മാർതോമ നസ്രാണി കത്തോലിക്ക സഭ.

മാർതോമ ക്രിസ്ത്യാനികളുടെ ഒരു വിഭാഗമായ സീറോ മലബാർ സഭയുടെ പൈതൃകത്തെ മാർ പൗവ്വത്തിൽ എങ്ങനെ വികൃതമാക്കി എന്നാണ് നാം പഠിക്കേണ്ടത്. നസ്രാണി കത്തോലിക്ക സഭയുടെ പാരമ്പര്യം അഥവാ പൈതൃകം എന്താണെന്ന് ആദ്യംതന്നെ തീരുമാനിക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് പ്രഫ. കെ. എം. ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒൻപത് പ്രമുഖ സഭാംഗങ്ങൾ മെത്രാൻ സിനഡിനോടും റോമിലെ പൗരസ്ത്യ കാര്യാലയത്തോടും അഭ്യർത്ഥിച്ചതാണ്. അവർ  അത് കേട്ടതായിട്ടുപോലും നടിച്ചില്ല. നസ്രാണിസഭയിലെ ഇന്നത്തെ അരാജകത്വത്തിനുള്ള പ്രധാന കാരണം സീറോ മലബാർ സഭയുടെ പൈതൃകമെന്തെന്ന് നിർണയിച്ച് നിർവചിക്കാതെപോയതാണ്. വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയവും മാർ പവ്വത്തിലുംകൂടി മാർതോമായാൽ  ഒന്നാം നൂറ്റാണ്ടിൽതന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ പുത്രീസഭയായി വ്യാഖ്യാനിച്ച് പൗരസ്ത്യസഭകളിൽ പെടുത്തി. ആദ്യകാലങ്ങളിൽ  സഭയ്ക് അഞ്ചു പേട്രിയാർക്കേറ്റുകളായിരുന്നു ഉണ്ടായിരുന്നത് (റോം, കോൻസ്റ്റൻറിനോപ്പിൾ, ജെറുശലേം, അലക്സാന്ത്രിയ, അന്തിയോക്യാ). റോമാ സാമ്രാജ്യത്തെ കോൻസ്റ്ററ്റൈൻ ചക്രവർത്തി രണ്ടായി വിഭജിച്ചപ്പോൾ റോം പാശ്ചാത്യദേശത്തും മറ്റ് നാല് പേട്രിയാക്കേറ്റുകൾ പൗരസ്ത്യദേശത്തുമായി. അങ്ങനെയാണ് പാശ്ചാത്യസഭകളും പൗരസ്ത്യസഭകളും ഉണ്ടാകുന്നത്. റോമാസാമ്രാജ്യത്തിൻറെ ഭാഗമല്ലാത്തതും തോമാ അപ്പോസ്തലനാൽ  ഒന്നാം നൂറ്റാണ്ടിൽതന്നെ സ്ഥാപിതമായതുമായ മലങ്കരയിലെ നസ്രാണി സീറോ മലബാർ  കത്തോലിക്കാസഭ എങ്ങനെ പൗരസ്ത്യസഭകളിൽ  പെടും? സീറോ മലബാർ സഭ ഒരു അപ്പോസ്തലിക സഭയാണ്. അതിന് അതിൻറേതായ പാരമ്പര്യം, ശിക്ഷണം, ഭരണസമ്പ്രദായം, ദൈവാരാധന രീതികള്‍ എല്ലാം ഉണ്ടായിരുന്നു. അങ്ങനെ പാശ്ചാത്യ/പൗരസ്ത്യസഭകളിൽപെടാത്ത വ്യക്തിസഭയാണ് സീറോ മലബാർ സഭ. ഓരോ വ്യക്തിസഭയും ഉണ്ടാകാൻ കാരണം അവയുടെ തനതായ പാരമ്പര്യമാണെന്ന് എല്ലാവർക്കും അറിയാം.

ലിറ്റർജി (Liturgy) - സീറോ മലബാർ സഭയുടെ ലിറ്റർജി കല്‍ദായമാണെന്നുള്ളതിന് എന്തു തെളിവാണുള്ളത്? അവരുടെ കത്തനാരന്മാർ കല്‍ദായ കുർബ്ബാന ചൊല്ലിയിരുന്നില്ലല്ലോ. (ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ 'ഭാരത നസ്രാണികളുടെ ആരാധനക്രമ വ്യക്തിത്വം - ഒരു പഠനം' എന്ന ലഘുലേഖ കാണുക). ഫ്രാൻസീസ് റോസ് മെത്രാൻ (1599-1624) നസ്രാണികൾക്കായി കുർബ്ബാന പരിഷ്‌ക്കരിച്ച് നടപ്പിലാക്കിയപ്പോൾ അന്നുവരെ നസ്രാണികളുടെ ആരാധന ഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി എന്ന കാരണത്താൽ (റോസ് മെത്രാൻറെ സഭാരാഷ്ട്രീയ നീക്കമാറിരുന്നു, അത്) നസ്രാണികളുടെ ലിറ്റർജി എങ്ങനെ കല്‍ദായമാകും? പതിനാറാം നൂറ്റാണ്ടു മുതൽ നസ്രാണിസഭ പദ്രുവാദോ/പ്രൊപ്പഗാന്താ ഭരണത്തിൻ കീഴിൽ‍ ആയിരുന്നല്ലോ. എങ്കിൽ പിന്നെ എന്തുകൊണ്ട് നസ്രാണികളുടെ ലിറ്റർജി പാശ്ചാത്യമാക്കണമെന്ന് പറഞ്ഞുകൂടാ? ഒരു സമൂഹത്തിൻറെ ആരാധന രീതികള്‍ സമൂഹത്തിൻറെ സംസ്കാരത്തിൽ‍ അധിഷ്ഠിതമായിരിക്കണം. പൗരസ്ത്യസംഘവും മാർ പവ്വത്തിലും ചുരുക്കം ചില മെത്രാന്മാരുംകൂടി അങ്ങനെ ഒരു ലിറ്റർജിക്ക് സാദ്ധ്യത ഇല്ലാതാക്കി. കല്‍ദായ ലിറ്റർജി സഭയിൽ  അടിച്ചേൽപിച്ചു. അങ്ങനെ അവർ കുതികാലുവെട്ടിത്തരം കാണിച്ചതിൻറെ പരിണിതഫലമാണ് സീറോ മലബാർ സഭ ഇന്ന് നാശത്തിലേക്ക് (വടക്ക്-തെക്ക് ചേരിതിരിഞ്ഞുള്ള വഴക്ക്) മൂക്കുകുത്തിക്കൊണ്ടിരിക്കുന്നത്. കല്‍ദായ കുർബാനയും ക്ലാവർ കുരിശുമായാൽ‍ രണ്ടാംവത്തിക്കാൻ‍ കൗൻസിൽ‍ നിർ‍ദേശിച്ച സഭാ നവീകരണമായി എന്നാണ് ഇക്കൂട്ടർ‍ ധരിച്ചുവശായിരിക്കുന്നത്.

സഭാഭരണം (Administration) - നസ്രാണി സഭയുടെ പള്ളി ഭരണം പലതട്ടിലുള്ള പള്ളിയോഗങ്ങൾ‍ (ഇടവക പള്ളിയോഗം, പ്രാദേശികയോഗം, പള്ളിപ്രതിപുരുഷമഹായോഗം അഥവാ സിനഡ്) വഴിയാണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരുന്നത്. പള്ളിയോഗത്തെ ദുർബലപ്പെടുത്തി ഉപദേശകസമിതിയായ പാശ്ചാത്യരീതിയിലുള്ള പാരീഷ് കൗണ്‍സിൽ നടപ്പിൽ വരുത്തി. പള്ളിഭരണം അങ്ങനെ ലത്തീനീകരിച്ചു. കാരണം പള്ളി ഭരണം മുഴുവൻ മെത്രാൻറെയും പള്ളിവികാരിയുടെയും കക്ഷത്തിൻ തന്നെ വേണം. കാനോൻ നിയമമെന്ന പാശ്ചാത്യ കാട്ടാളനിയമം സീറോ മലബാർ സഭയിലും പൗരസ്ത്യ കാര്യാലയം കെട്ടിയേല്പിച്ചു. എന്തുകൊണ്ട് നമ്മുടെ മെത്രാന്മാർ അതിനെ എതിർത്ത് മാർതോമായുടെ മാർഗത്തിലും വഴിപാടിലും അധിഷ്ഠിതമായ ഒരു കാനോൻ നിയമം നിർമിക്കാൻ പൗരസ്ത്യ കാര്യാലയത്തോട് ആവശ്യപ്പെട്ടില്ല?  പട്ടക്കാരെയും മേല്‍പട്ടക്കാരെയുമാണ്‌ ഇത്തരം സത്യങ്ങൽ സാധാരണ വിശ്വാസികൾ പറഞ്ഞ് മനസ്സിലാക്കേണ്ടത്. പട്ടക്കാരെയും മേല്‍പട്ടക്കാരുമാണ്‌ സഭയിൽ വഴക്കിനും വക്കാണത്തിനുമുള്ള കരിന്തിരി കത്തിക്കുന്നത്. കാനോൻ നിയമമുപയോഗിച്ച് 1991- പള്ളിക്കാരുടെ സ്വത്തുമുഴുവൻ മെത്രാന്മാർ പിടിച്ചെടുത്തു. മാർതോമായുടെ മാർഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ അവർ നശിപ്പിച്ചുകളയുകയാണ് ചെയ്തത്.

ദൈവശാസ്ത്രം (Theology) - എന്തു തിയോളജിയാണ് നമുക്കുള്ളത്? പാശ്ചാത്യരുടെ ദൈവശാസ്ത്രമാണല്ലോ ദൈവശാസ്ത്രം! ദൈവം സ്‌നേഹമാകുന്നു എന്ന നസ്രാണി സങ്കല്പത്തെ മാറ്റി ദൈവം കർക്കശമായ നിയമങ്ങളുണ്ടാക്കി, അതു പാലിക്കുന്നവനേ സ്വർഗരാജ്യമുള്ളു എന്ന പാശ്ചാത്യ ദൈവശാസ്ത്രത്തിലേക്ക് മാറി. അതുകൊണ്ടാണല്ലോ ഉദയമ്പേരൂർ സൂനഹദോസിൽ കൊണ്ടുവന്ന കുമ്പസാരം ഇന്നും തുടരുന്നത്. സ്‌നേഹനിധിയായ ദൈവത്തോട് ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നസ്രാണികളുടെ താരിപ്പ്. 'പിഴമൂളൽ' എന്നാണ് അതിനെ അറിയപ്പെട്ടിരുന്നത്. അതുമാറ്റി കുമ്പസാരക്കൂട്ടിലിരിക്കുന്ന അംശമുള്ള പട്ടക്കാരനോട് പാപത്തിൻറെ എണ്ണം, വണ്ണം എല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. ദൈവം സ്നേഹമാകുന്നു എന്ന ദൈവശാസ്ത്രത്തെ തമസ്കരിച്ച് ദൈവം നീതിന്യായ വിധികർ‍ത്താവായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. നമ്മെ എല്ലാം ലത്തീനികരിച്ചു എന്ന് വിലപിക്കുന്നവർ  കുമ്പസാരം നിർത്തൽ ചെയ്ത് നമ്മുടെ പഴയ പാരമ്പര്യമായ പിഴമൂളലിലേയ്ക് തിരിച്ചുപോകണമെന്ന് തോന്നാത്തതെന്തുകൊണ്ട്? ചുരുക്കിപ്പറഞ്ഞാൽ ലിറ്റർജി കല്‍ദായം. സഭാഭരണം പാശ്ചാത്യം. ദൈവശാസ്ത്രം പാശ്ചാത്യം. അപ്പോൾ നസ്രാണി സഭ എങ്ങനെ തനതായ പൈതൃകമുള്ള വ്യക്തിസഭയാകും? നസ്രാണിസഭ യാഥാർത്ഥ വ്യക്തിസഭ ആകണമെങ്കിൽ ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമായ ഒരു ലിറ്റർജി വികസിപ്പിച്ചെടുക്കണം. പള്ളി ഭരണം പണ്ടത്തെപ്പോലെ മാർതോമായുടെ മാർഗത്തിലും വഴിപാടിലും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം; പള്ളിയോഗതീരുമാനപ്രകാരം ആയിരിക്കണം. അത് രാഷ്ട്രനിയമത്തിന് വിരുദ്ധമായിരിക്കാൻ പാടില്ല. സഭാസ്വത്തുക്കൾ ഭരിക്കാൻ ഗവൻമെൻറ് നിയമമുണ്ടാക്കിയാൽ (Church Trust Bill) സഭയിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന അനീതികൾക്ക് തൃപ്തികരമായ ഒരു ശമനമുണ്ടാകുമെന്നുള്ളത് തീർച്ചയായ കാര്യമാണ്. മറിച്ച് കൽദായകുർബാനയും പുറംതിരിഞ്ഞ് ബലിയാർപണവും ശീലതൂക്കലും ക്ലാവർകുരിശും പാശ്ചാത്യപള്ളിഭരണവും കിഴക്കിൻറെ കാനോൻ നിയമവും നസ്രാണി എണങ്ങരുടെ തലയിൽ കെട്ടിയേല്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ സഭ നാശത്തിലേക്കേ നീങ്ങൂ. ചങ്ങനാശ്ശേരിയിൽ മാർ പൗവ്വത്തിൽ വിതച്ച നാശത്തിൻറെ വിത്ത് പിഴുതുകളഞ്ഞേ മതിയാവൂ.

മാനവും മഹത്വവും ദൈവത്തിനുള്ളതാണ്. ചെറിയ കാര്യങ്ങളുടെ പേരിൽ വർഗീയത സൃഷ്ടിക്കുന്നവരുടേതല്ല. ആത്മീയ ഗുരുക്കളായ വൈദികരും മെത്രാന്മാരും എന്തിന് സഭയുടെ ഭൗതിക സ്വത്തുക്കൾ ഭരിക്കണം?! സഭാസ്വത്തിൻറെ അവകാശികളായ വിശ്വാസികൾ അത് കൈകാര്യം ചെയ്യട്ടെ. മാർ പൗവ്വത്തിലിന് നവതി ആശംസകൾ നേരുമ്പോൾത്തന്നെ അദ്ദേഹം സീറോ മലബാർ സഭയുടെ രക്ഷകനോ ഘാതകനോയെന്ന് സഭയിലെ വിശ്വാസികൾ വിലയിരുത്തട്ടെ.