Translate

Thursday, September 26, 2019

ഫാദർ റോയി കണ്ണംചിറ സിഎംഐ-യുടെ സെപ്റ്റംബർ 15, 2019 മാനന്തവാടി ദ്വാരകയിലെ പ്രസംഗത്തിന് ഒരു വിയോജനക്കുറിപ്പ്



ചാക്കോ കളരിക്കൽ

സെപ്റ്റംബർ 15, 2019-ൽ മാനന്തവാടി ദ്വാരക പാസ്റ്ററൽ സെൻറ്ററിൽവെച്ച് "സമർപ്പിത സംഗമം" എന്ന പേരിൽ വിവിധ സന്ന്യാസിനീസമൂഹത്തിൻറെ ഒരു സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തിലെ ഒരു പ്രാസംഗികനായിരുന്നു ഫാദർ റോയി കണ്ണംചിറ സിഎംഐ. "തീ പാറുന്ന വാക്കുകളുമായി" എന്നു വിശേഷിപ്പിച്ച ആ പ്രസംഗത്തിൻറെ അർത്ഥസൂന്യതയെ തുറന്നു കാണിക്കാനാണ് ഞാൻ ഇതെഴുതി പ്രസിദ്ധീകരിക്കുന്നത്.

പരസ്യമായി പറയേണ്ടതില്ലെന്ന് വിചാരിച്ചിരുന്ന ചില രഹസ്യങ്ങളുടെ പരസ്യപ്രഖ്യാപനത്തിനുള്ള അർത്ഥപൂർണമായ ഒരു സമ്മേളനമാണ് അത് എന്ന് ഫാദർ റോയി തൻറെ പ്രസംഗത്തിൻറെ ആരംഭത്തിൽ പറയുകയുണ്ടായി. എന്താണാവോ ആ രഹസ്യങ്ങൾ? ന്യൂനപ്പട്ടികയുടെ ആധ്യാത്മികതയും കണക്കുപെരുക്കലും ഉടുപ്പ്-ഉടല് എന്ന പുതിയ ദൈവശാസ്ത്രവും ഒരു പോക്കറ്റിലെ ദുർഗന്ധവും മറുപോക്കറ്റിലെ സുഗന്ധവും എല്ലാം സന്ന്യസ്തജീവിതശൈലിയെ പൊക്കിപ്പറയാൻവേണ്ടി രൂപകല്പനചെയ്ത് അവതരിപ്പിച്ച ആ പ്രസംഗം വിദ്യാസമ്പന്നരും പ്രബുദ്ധരുമായ നസ്രാണികൾ  ശ്രവിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ആ പ്രസംഗത്തിൽ യാതൊരു കഴമ്പുമില്ലെന്നും സന്ന്യസ്തജീവിതശൈലിയെ പൊക്കിപ്പറയുന്ന പരസ്യപ്പെടുത്തലുമാണെന്നുമാണ്. ഇതാണോ പറയേണ്ടതില്ലെന്നു വിചാരിച്ച രഹസ്യം? ഇതിൽ ഒരു രഹസ്യവുമില്ല. വിവാഹിതരായി കുഞ്ഞുങ്ങളെ ജനിപ്പിച്ച് നെറ്റിയിലെ വിയർപ്പുകൊണ്ട് കുടുംബംപോറ്റി ജീവിക്കുന്ന കുടുംബജീവിതശൈലിയാണ് ഉത്തമ ക്രൈസ്തവജീവിതശൈലിയെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സുവിശേഷസാക്ഷ്യമല്ലേ സത്യം?

തിരുവനന്തപുരത്തുനടന്ന ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ കായികമത്സരത്തിൽ പങ്കെടുത്ത ഒരു കുട്ടിയുടെ വിസർജ്യം ഒരു കന്ന്യാസത്രീ തൂവാലയിൽ പൊതിഞ്ഞ് പോക്കറ്റിലിട്ട സംഭവം കന്ന്യാസ്ത്രികളുടെ പ്രവർത്തിയെ പൊക്കിപ്പറയാൻവേണ്ടി ഫാദർ റോയി വികാരഭരിതനായി അവതരിപ്പിക്കുന്നതു കേട്ടപ്പോൾ സത്യത്തിൽ അദ്ദേഹത്തോട് എനിക്ക് സഹതാപം തോന്നി. കാരണം ഈ ലോകം മുഴുവൻ ലക്ഷക്കണക്കിന് നേഴ്സുമാർ രാപകലില്ലാതെ കോടിക്കണക്കിന് ജനങ്ങളുടെ മലമൂത്ര വിസർജനമെടുക്കുന്നു. നക്കാപ്പിച്ച ശമ്പളം നൽകി രാപകലില്ലാതെ ആശുപത്രികളിൽ പണിയെടുക്കുന്ന നേഷ്സുമാർ അല്പം ശമ്പളം കൂട്ടിത്തരാൻ ആവശ്യപ്പെട്ടാൽ 'സഭയെ നശിപ്പിക്കുന്നവർ' എന്ന് മുദ്രകുത്തുന്ന സഭാധികാരത്തിൻറെ വക്താവിന്‌ കന്ന്യാസ്ത്രികളുടെ പ്രവർത്തികളെമാത്രം പൊക്കിപ്പറയുന്നതിലെ അനൗചിത്യം എന്തേ മനസ്സിലാക്കാൻ സാധിക്കാതെ പോയത്? അങ്കമാലിയിലെ പെരുവഴിയിൽകൂടി ളോഹയിട്ടവർ നേഴ്സുമാർക്കെതിരായി മുദ്രാവാക്യം മുഴക്കി നീങ്ങുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതവും ലജ്ജയും തോന്നി. ഉടുപ്പിനുള്ളിൽ (ളോഹയ്ക്കുള്ളിൽ) ഒരുടലുണ്ടെങ്കിൽ നേഷ്സുമാരുടെ ഉടുപ്പിനുള്ളിലും ഒരുടലുണ്ടെന്ന് നാം ഓർമിക്കണം. സന്ന്യസ്തരായ സ്ത്രീകളുടെ പ്രവർത്തികളെ താഴ്ത്തിപ്പറയുകയല്ല ഞാനിവിടെ. അടിമത്തത്തിൽകൂടിയുള്ള സേവനത്തെക്കാൾ കുടുംബത്തെ പോറ്റാൻവേണ്ടി ശമ്പളം വാങ്ങിക്കൊണ്ട് സ്വാതന്ത്യത്തോടെ ജോലി ചെയ്യുന്ന നേഷ്സുസഹോദരികളെ പൊക്കിപ്പറഞ്ഞില്ലെങ്കിലും സഭയെ നശിപ്പിക്കുന്നവർ എന്നുപറഞ്ഞ് ആക്ഷേപിക്കരുത്.

സഭ എന്നുപറഞ്ഞാൽ ദൈവജനത്തിൻറെ കൂട്ടായ്മയാണെന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്. സഭ പട്ടക്കാരുടെ കൂട്ടായ്മയല്ല; സന്ന്യസ്തരുടെ കൂട്ടായ്മയല്ല. വൈദികർ ഇന്ന് വിശ്വാസികൾക്ക് ചെയ്തുകൊടുക്കുന്ന ആധ്യാത്മികാവശ്യങ്ങൾക്ക് പാരിതോഷികങ്ങൾ എണ്ണിവാങ്ങിക്കുന്നുണ്ട്. അപ്പോൾ അവർ ഇടവകക്കാർക്ക് സേവനമല്ല, മറിച്ച് മെത്രാൻ നിയോഗിച്ച ഇടവകയിലെ ജോലി നിറവേറ്റുകയാണ്‌ ചെയ്യുന്നത്. പാരിതോഷികം പറ്റാതെ സഹജീവികൾക്ക് സൗജന്യമായി ചെയ്തുകൊടുക്കുന്നതിനെയാണ് സേവനം എന്ന പദംകൊണ്ട് നാം നനസ്സിലാക്കുന്നത്.

സന്ന്യാസജീവിതശൈലി തെരെഞ്ഞെടുത്തു, ളോഹയിട്ടു എന്ന കാരണത്താൽ ക്രിസ്തുവിൻറെ പാതകളെ അവർ പിന്തുടരുന്നു എന്ന് പണ്ടുകാലങ്ങളിൽ വിദ്യാവിഹീനരായ വിശ്വാസികൾ അന്ധമായി വിശ്വസിച്ചിരുന്നു. അക്കാലം മാറി. ക്രിസ്തു എന്തായിരുന്നുയെന്നും എന്തിനുവേണ്ടി നിലകൊണ്ടുയെന്നും നമ്മിൽനിന്ന് എന്താഗ്രഹിക്കുന്നുയെന്നും ഇന്ന് സാധാരണ വിശ്വാസികൾക്കുപോലും അറിയാം. ചാരമെറിഞ്ഞ് സാത്താനെഒഴിപ്പിക്കുന്ന കാലം കഴിഞ്ഞുപോയി. ഇടതുകരംകൊണ്ട് കൊടുക്കുന്നത് വലതുകരം അറിയരുതെന്ന് പറഞ്ഞു പഠിപ്പിച്ച ക്രിസ്തുനാഥൻറെ ശിഷ്യരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന പുരോഹിതവർഗം സ്വയം പുകഴ്‌ത്തലിനും അധികാരത്തിനുംവേണ്ടി യഥാർത്ഥ ക്രിസ്തിയ വിശ്വാസികളെയും സന്ന്യസ്ത ജീവിതം ആഗ്രഹിക്കുന്ന കന്ന്യാസ്ത്രികളെയും സ്വന്ത ഇഷ്ടപ്രകാരം ദാസ്യവൃത്തിക്കും ലൈംഗിക ആഗ്രഹപൂർത്തിക്കും ഉപയോഗിക്കുന്നത് അപലപനീയമാണ്. ഒരു മെത്രാനോ വൈദികനോ തെറ്റുചെയ്താൽ എന്തുകൊണ്ട് നിങ്ങൾ ആ വ്യക്തിയുടെ പ്രവർത്തിയെ സമൂഹത്തിൽ തള്ളിപ്പറയുന്നില്ല? തള്ളിപ്പറയുന്നില്ലാ എന്നുമാത്രമല്ല, അയാളെ ജനമധ്യത്തിൽ സാധൂകരിക്കാൻ നിങ്ങൾ നിങ്ങളുടെ അളവില്ലാത്ത സമ്പത്തും രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കുന്നു. അത് വിശ്വാസികളിൽ ഏൽപ്പിക്കുന്ന മുറിവിൻറെ ആഴം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? വളരെ ദയനീയമായ അവസ്ഥ.

അടുത്തകാലങ്ങളിൽ വൈദികർക്ക് ഉടുപ്പിട്ടുകൊണ്ട് പെരുവഴിയിൽകൂടി നാണംകെട്ടിട്ട് നടക്കാൻ സാധിക്കാത്തതിൻറെ കാരണം ഉടുപ്പിനുള്ളിലുള്ള ഉടലിൻറെ ചൊറിച്ചിലുകൊണ്ടാണെന്ന് ഫാദർ റോയി മനസ്സിലാക്കണം. അല്മായരായ ഞങ്ങൾക്കുള്ള നാണത്തിനും നിങ്ങളല്ലേ കാരണക്കാർ? ന്യൂജൻ സന്ന്യസ്തരുടെയും വൈദികരുടെയും കൈയ്യിലിരുപ്പ് വളരെ മോശം. ഇടവക സ്നേഹികളായ ദേശത്തുപട്ടക്കാർ ഇന്ന്  അന്ന്യം നിന്നുപോയി. മെത്രാന് ഓശാനപാടുന്ന ഗുണ്ടാ അച്ചന്മാരുടെ വിളയാട്ടമാണിപ്പോൾ. അതുകൊണ്ടല്ലേ കന്ന്യാസ്ത്രികളിൽനിന്ന് ലൈംഗികസഹായസന്നദ്ധത ലഭിക്കാൻ അവരുടെ സാമ്പത്തികവും ആധ്യാത്മികവുമായ ശക്തികൾ ദുരുപയോഗം ചെയ്യുന്നത്? സാധാരണ വിശ്വാസികൾക്കെല്ലാം ആ സത്യമറിയാം. അതിന് ചാനലുകാരെ 'ചാനൽ തമ്പുരാക്കന്മാർ' എന്നോ 'മാധ്യമ പ്രഭുക്കളെന്നോ' വിളിച്ച് ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല. ചാനലുകാരോ വിശ്വാസികളോ ഭൂമി കള്ളക്കച്ചവടം നടത്തിയില്ല; കന്ന്യാസ്ത്രികളെ ലൈംഗികമായി പീഡിപ്പിച്ചില്ല; പെൺകുട്ടികളെ ഗർഭിണികളാക്കിയില്ല; ബാലപീഡനം നടത്തിയിട്ടില്ല; പാവപ്പെട്ടവരുടെ ബാങ്ക്‌ലോൺ തട്ടിയെടുത്തില്ല. അഭിവന്ദ്യരായ പുരോഹിതവർഗം നാറ്റിച്ച് ഗുണംവരുത്തിയതിന് ചാനലുകാർ എന്തുപിഴച്ചു? ദൈവജനം എന്തുപിഴച്ചു? സഭയിലെ ഭിന്നിപ്പിൻറെ ആത്മാവ് വിമതരിലോ മാധ്യമങ്ങളിലോ അല്ല. അത് സഭയിൽ തെറ്റുചെയ്‌ത വിമതപുരോഹിതരിലാണ്. ഈ സത്യം സഭാധികാരം തിരിച്ചറിയണം. ചെയ്ത തെറ്റ് മറച്ചുവയ്ക്കാതെ അംഗീകരിക്കുകയും തെറ്റ് തിരുത്തുകയും ചെയ്യുന്ന ഒരു സഭാശൈലി ആരംഭിച്ചേ തീരൂ. അതിന് ഇനിയെങ്കിലും വൈകരുത്. 'ബിസിനസ് ആസ് യൂഷ്യൽ' ഇനി ചിലവാകുകയില്ല.

വഞ്ചി സ്‌ക്വയറിൽ വന്നിരുന്ന കന്ന്യാസ്ത്രികളും പുരോഹിതരും ഇന്നനുഭവിക്കുന്ന വേദനകളുടെയും യാതനകളുടെയും തിരസ്കരണങ്ങളുടെയും കാരണം ഉടുപ്പിൻറെ അടിമത്തം കൊണ്ടുമാത്രമാണ്. ഞങ്ങൾ അടിമകളല്ലായെന്ന് തൊണ്ടകീറിക്കാറിയിട്ട് കാര്യമില്ല.  ളോഹധാരികൾക്ക് അടിമകളാകാതിരിക്കാൻ നിങ്ങളുടെ നിയമം അനുവദിക്കുന്നില്ലല്ലോ. അനുസരണത്തിൻറെ കീഴ്വഴക്കം നിയമാനുസൃണമാക്കുന്ന വിദ്യയുടെ ഉപജ്ഞാതാക്കളാണല്ലോ സഭാധികാരികൾ. സന്ന്യാസസഭകളിലെ അനുസരണസംസ്കാരത്തിലൂടെ ഒരു വ്യക്തിയെ എത്രയോ ദ്രോഹിക്കാവോ അത്രയും ദ്രോഹിച്ചിട്ട് അവരെ സഫീറയെന്നുവിളിക്കാൻ ഒരു വൈദികമനസ്സിനേ സാധിക്കൂ. അത് മനസ്സിലാക്കാൻ PhD-യുടെ ആവശ്യമില്ല. സന്ന്യസ്തസഭകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവരെ സഫീറമാരാക്കി, സഫീറസിൻഡ്രം ബാധിച്ചവരാക്കി പുശ്ചിച്ചവഹേളിക്കാൻ ശ്രമിക്കുന്നതിനുപകരം കാലഹരണപ്പെട്ട നിയമസംഹിതകളെ കാലോചിതമായി തിരുത്തിയെഴുതി നവീകരിക്കുന്നതിനുള്ള ആർജവമാണ് കാണിക്കേണ്ടത്. കുറെ കന്ന്യാസ്ത്രികളെ തടുത്തുകൂട്ടി ന്യായീകരണ തൊഴിലാളികൾ സന്ന്യാസജീവിതശൈലിയുടെ മഹത്വത്തെപ്പറ്റി പൊക്കിപ്പറഞ്ഞ് കൈയ്യടിവാങ്ങി സ്വയം തൃപ്തിപ്പെടാമെന്നല്ലാതെ ഇത്തരം പ്രസംഗങ്ങൾക്ക് പൊതുജനമധ്യത്തിൽ പ്രസക്തിയൊന്നുമില്ല.

നൂറ്റാണ്ടുകളായി കന്ന്യാസ്ത്രികളുടെ തലച്ചോറിനെ മരവിപ്പിച്ച് അവരെ അടിമകളാക്കി. അത് ആഗോളസഭയുടെ നേട്ടം. കേരളസഭയിൽ ശാലോമും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുംകൂടി കഴിഞ്ഞ 20-30 വർഷങ്ങൾകൊണ്ട് വിശ്വാസികളുടെ തലച്ചോറും മരവിപ്പിച്ച് അവരെയും അടിമകളാക്കി. ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ കേരളസഭയുടെ നേട്ടം! സന്ന്യസ്തരുടെ ഇടയിലെ അവിശ്വസനീയമായ അജ്ഞത അപാരം തന്നെ!!

ഒരുകാലത്ത് സഭ ഒരു സാമ്രാജ്യത്വസ്ഥാപനമായിരുന്നു. യേശുവുമായി ആ സഭയ്ക്ക് പുലബന്ധംപോലുമില്ല. അതിന്ന് തകർന്നുകൊണ്ടിരിക്കുന്നത് അവർ കാണുന്നു. സീറോ മലബാർ സഭയിലും തകർച്ചകൾ നടക്കുന്നു. അതവരുടെ പെരുമാറ്റദൂഷ്യംകൊണ്ടാണ് സംഭവിക്കുന്നത് എന്നവർക്കറിയാം. ആ തർച്ചയുടെ കാരണങ്ങളെ വെള്ളപൂശാനുള്ള ബഹളത്തിൻറെ ഭാഗമാണ് മാനന്തവാടിയിലെയും തൃശൂരിലെയുമെല്ലാം സന്ന്യസ്തസംഗമം. കുമാരൻ നോബിളായിരുന്നു തൃശൂർ സംഗമത്തിലെ പ്രധാനപ്രഭാഷകൻ എന്നുകേൾക്കുമ്പോൾത്തന്നെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, അതിലെ പൊള്ളത്തരവും അപഹാസ്യതയും. ആത്മീയത നഷ്ടപ്പെട്ട സന്ന്യാസം ഉടലില്ലാത്ത ളോഹമാത്രമാണെന്ന്, ചിന്തിക്കുന്ന വിശ്വാസികൾ തിരിച്ചറിയുന്നു.

തിരുത്തലിന് തയ്യാറാകാതെ, കുറ്റം മുഴുവൻ ചാനലുകാരുടെ തലയിൽ കെട്ടിവെച്ച് ഇനിമുതൽ അന്തിച്ചർച അവസാനിപ്പിച്ച് വാപൊത്തിയിരുകൊള്ളണമെന്ന് പ്രഖ്യാപിക്കാൻ ന്യായീകരണസിൻഡ്രം ബാധിച്ച മെത്രാന്മാർക്കും വൈദികർക്കുമേ കഴിയൂ. ആയിരക്കണക്കിന് കോടികളുടെ ആസ്‌തിയുള്ള സീറോ മലബാർ സഭയെയോ അതിൻറെ ഭാഗമായ സിഎംഐ സഭയെയോ ആരും തൊട്ടുകളിക്കുകയില്ലായെന്ന വൈദികഹുങ്കാണ് ചാനലുകാരെ അടച്ചാക്ഷേപിക്കാനും അവർക്ക് മുന്നറിയിപ്പുനൽകാനും റോയി അച്ചനെ പ്രേരിപ്പിച്ച ഘടകം. മൗനംകൊണ്ടു പ്രതികരിച്ചുമടുത്ത സഭാധികാരം ചുണക്കുട്ടികളായ എകെസിസി ചെറുപ്പക്കാരെയും കെസിവൈഎം ചെറുപ്പക്കാരെയും ഇറക്കി പ്രതികരിക്കുമെന്നാണ് റോയി അച്ചൻ പറഞ്ഞവസാനിപ്പിച്ചത്. ഉമ്മാക്കികാണിച്ച് പേടിപ്പിക്കുന്ന കാലം കഴിഞ്ഞുപോയി റോയിയച്ചോ. നാലുംമൂന്നുമേഴ് ചുണകുട്ടികളെ അച്ചന് കിട്ടിയാൽ ഭാഗ്യം. കന്ന്യാസ്ത്രികൾക്ക്‌ നീതി ലഭിക്കില്ല എന്ന ഘട്ടം വന്നാൽ സമരത്തിന് പിന്തുണയല്ല ഡിവൈഎഫ്ഐ തന്നെ രംഗത്തേക്കിറങ്ങുമെന്ന് ശ്രീ എം സ്വരാജിൻറെ പ്രഖ്യാപനം റോയ്‌ അച്ചൻ അറിഞ്ഞോ ആവോ? ശോചനീയമായ അവസ്ഥ.

യേശുപഠനങ്ങൾ പവിത്രമാണ്. കത്തിലിക്ക സഭ പവിത്രമാണോ? കോൺസ്റ്റാൻറ്റൈൻ സ്ഥാപിച്ച സഭ പവിത്രമാണോ? മതവിചാരണകോടതികളിലൂടെ ലക്ഷങ്ങളെ കൊന്നൊടുക്കിയ സഭ പവിത്രമാണോ? യഹൂദരെയും സ്ത്രീകളെയും നിത്യശത്രുക്കളായി കണ്ട സഭ പവിത്രമാണോ? സഭാചരിത്രം വായിച്ചുപഠിച്ചിട്ടുള്ള റോയി അച്ചൻ പാംബ്ളാനി മെത്രാൻ കള്ളം പറയുന്ന അതേ ലാഘവത്തോടെ സഭയുടെ പവിത്രചരിത്രം പറഞ്ഞത് മനഃസാക്ഷികുത്തോടെയല്ലേ? സത്യത്തോട് ചേർന്നുനിന്ന് നുണപറയുന്ന വർഗമായിമാറി വൈദികരും സന്ന്യസ്തരും. കോടതികളിലെ മൊഴിമാറ്റവും ആ സംസ്കാരത്തിൻറെ ബഹിർസ്പുരണമാണ്. എത്രനാൾ നുണപറഞ്ഞ് കോടതികളെയും ജനങ്ങളെയും പറ്റിക്കാൻ കഴിയും? തിരുസഭ നന്മമാത്രമാണ് ചെയ്യുന്നതെന്നു പറയുന്നത് കേട്ടുകേട്ടു ഞാൻ മടുത്തു. രക്തസാക്ഷികളുടെ രക്തത്തിലാണ് സഭ കെട്ടിപ്പടുത്തതെന്ന പ്രസംഗവും കേട്ടുകേട്ട് ഞാൻ മടുത്തു.

സഭയിന്ന് സാരമായ പ്രതിസന്ധീഘട്ടത്തിലാണ്. കന്ന്യാസ്ത്രീമഠങ്ങൾ തരിശായിക്കൊണ്ടിരിക്കുന്നു. മഠങ്ങൾ പൂട്ടാൻ താഴും താക്കോലും വാങ്ങിക്കേണ്ട ഗതികേടിലാണ്, സഭ. സഭയുടെ തലപ്പത്തിരിക്കുന്നവരുടെ കൈയ്യിലിരിപ്പിൻറെ ഗുണംകൊണ്ട് ആ പൂട്ടൽ ധൃതിയിൽത്തന്നെ സംഭവിക്കുകയും ചെയ്യും.

ഫാദർ റോയിയുടെ പ്രസംഗത്തിൻറെ ലിങ്ക്:

Tuesday, September 17, 2019

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസ് ഒക്ടോബർ 09-ന്



ചാക്കോ കളരിക്കൽ

ഓഗസ്റ്റ് 10, 2019-ന് ഷിക്കാഗോയിൽ നടന്ന കെസിആർഎം നോർത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിനുശേഷം സെപ്റ്റംബറിൽ നടക്കേണ്ട ടെലികോൺഫെറൻസ് ഒഴിവാക്കുകയാണ് ചെയ്തത്. സംഘടനാപ്രവർത്തനങ്ങളിൽ താല്പര്യമുള്ള അനേകരുടെ നിർദേശപ്രകാരം ഈ വരുന്ന ഒക്ടോബർ മാസത്തിൽ അത് വീണ്ടും ആരംഭിക്കുകയാണ് എന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

ഒക്ടോബർ 09, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസിൽ ന്യൂ യോർക്കിൽ നിന്നുള്ള ശ്രീ ജോസഫ് പടന്നമാക്കൽ "പുരോഹിത മേധാവിത്വവും കന്ന്യാസ്ത്രി ജീവിതവും" എന്ന വിഷയത്തെ ആസ്‌പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്.

അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ഇടയിൽ അതുല്ല്യ പ്രഭയായി ശോഭിക്കുന്ന ശ്രീ ജോസഫ് പടന്നമാക്കൽ പ്രസിദ്ധിയേറിയ അലിഗർ മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി 45 വർഷങ്ങൾക്കുമുമ്പ് അമേരിക്കയിലേയ്ക്ക് കുടിയേറി ന്യൂ യോർക്കിൽ താമസമാക്കിയ ആളാണ്. വിവിധ വിഷയങ്ങളെ സംബന്ധിച്ച് മുന്നൂറിൽപരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തെ പല സംഘടനകളും പ്രസിദ്ധീകരണക്കാരും അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചിട്ടുള്ള അദ്ദേഹം ലോകത്തിലെ രണ്ടാമത്തെ വായനശാലയായ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ തെക്കേ ഇന്ത്യൻ ഭാഷാവിദഗ്‌ധനും കാറ്റലോഗറുമായി മുപ്പതുവർഷത്തിനുമേൽ സേവനം ചെയ്തു. ഇപ്പോൾ അദ്ദേഹം വിശ്രമജീവിതം നയിക്കുന്നു. ഏതാനും വർഷങ്ങളായി കത്തോലിക്ക സഭയിലെ അധികാരതലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക/സാമ്പത്തിക അരാജകത്വത്തെ പണ്ഡിതോചിതമായി വിശകലനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി ലേഖനങ്ങളുടെ ഉടമയാണ് ശ്രീ പടന്നമാക്കൽ. സഭയിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളെ ഭയമൊട്ടുമില്ലാതെ തുറന്നെഴുതാനുള്ള സ്വാഭാവിക കരുത്ത് ആർജിച്ച അദ്ദേഹം ബുദ്ധിമാന്ന്യം സംഭവിച്ച കുഞ്ഞാടുകളുടെ ധാരാളം വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

യേശുവിൻറെ വചനങ്ങളെ മറന്ന് ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാമേലദ്ധ്യക്ഷന്മാരും പുരോഹിതരും സുലഭമായ ഇക്കാലത്ത് സാമ്പത്തിക അഴിമതിയും ലൈംഗിക ചൂഷണങ്ങളും ആഡംബര ജീവിതവും  ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പൊതുസേവനത്തിനായി ജീവിതം മുഴുവൻ സമർപ്പിക്കുന്ന കന്ന്യാസ്ത്രികളെവരെ പീഡിപ്പിക്കുമ്പോൾ സഭയിലെ അഴുക്കിൻറെ ആഴം ഊഹിക്കാവുന്നതേയുള്ളു. തെറ്റുകൾ മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നുപറയുന്ന പ്രവാചകധർമം സഭയിൽ അന്ന്യംനിന്നുപോയി. എന്നുമാത്രമല്ലാ, റോബിനെപ്പോലെ കഠിന തെറ്റുചെയ്യുന്നവരെ സഭാധികാരം സംരക്ഷിക്കാൻ തത്രപ്പെടുകയും ചെയ്യുന്നു. ആലഞ്ചേരിയും പീലിയാനിക്കലും ഫ്രാങ്കോയും റോബിനും നോബിളുമൊക്കെയാണ് സഭയെ നശിപ്പിക്കുന്ന വിമതർ. ഇവരുടെ കൈയ്യിലാണോ സ്വർഗ്ഗത്തിൻറെ താക്കോൽ? രാജകീയ പുരോഹിതഗണമായ ദൈവജനത്തെ അടിച്ചമർത്തി ഭരിക്കാനുള്ള തുറുപ്പുചീട്ടാണ് ആ താക്കോൽ.

അടുത്തകാലത്തായി കന്ന്യാസ്ത്രി മഠങ്ങളിൽ നടക്കുന്ന ലൈംഗിക അരാജകത്വത്തിൻറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞുകൊണ്ടിരിക്കയാണ്. സിസ്റ്റർ ജെസ്മി, മേരി ചാണ്ടി, അനീറ്റ, മേരി സെബാസ്റ്റ്യൻ, ലിസി വടക്കേൽ, ലൂസി കളപ്പുര തുടങ്ങിയ കന്ന്യാസ്ത്രികൾ 'അനുസരണം' എന്ന വാക്കിൻറെ അർത്ഥം 'അടിമക്കൾ' എന്നല്ലായെന്ന് അവരുടെ മേലധികാരികളെ ധരിപ്പിക്കാൻ പരിശ്രമിച്ചവരും പരിശ്രമിക്കുന്നവരുമാണ്. അപ്പോൾ ഇതാ പുരോഹിത പ്രേരണയാൽ കന്ന്യാസ്ത്രികൾ അടിമകളല്ല എന്ന മുദ്രാവാക്യവുമായി അടിമകളായ കന്ന്യാസ്ത്രികൾ പെരുവഴിയിൽ ഇറങ്ങിയിരിക്കുകയാണ്. ഫ്രാങ്കോ വാദികൾ സഭയെ നാറ്റിച്ചതിന് അതിരില്ല.

കന്യസ്ത്രീജീവിതത്തിൽ പുരോഹിതാധിപത്യം എത്ര രൂക്ഷമെന്ന് ശ്രീ പടന്നമാക്കലിൻറെ വിഷയ വിശകലനത്തിൽകൂടി നമുക്ക് നനസ്സിലാക്കാൻ സാധിക്കുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. അതിനു ശേഷമുള്ള ചർച്ചയിൽ പങ്കുചേരാൻ നിങ്ങൾ ഏവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

ഒക്ടോബർ 09, 2019 ബുധനാഴ്ച (October 09, 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#