Translate

Wednesday, December 30, 2015

ജയിൽ ബന്ധനം അഭിമുഖീകരിക്കുന്ന സനൽ ഇടമറുകും സഭയുടെ ഫത് വയും
By ജോസഫ് പടന്നമാക്കൽ

യുക്തി വാദിയും  ചിന്തകനും വാഗ്മിയും അനേക പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീ സനൽ ഇടമറുക് ഇന്ന് ഇന്ത്യയിലെ നിയമത്തിന്റെ കുരുക്കിൽപ്പെട്ട് സ്വന്തം രാജ്യത്തു വരാൻ സാധിക്കാതെ യൂറോപ്പിലുള്ള  ഫിൻലാൻഡിൽ  പ്രവാസ ജീവിതം നയിക്കുകയാണ്.ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ ക്രൂശിതനായ യേശുവിന്റെ രൂപത്തിൽനിന്നും പ്രവഹിച്ചിരുന്ന വിശുദ്ധ ജലം  അത്ഭുതമല്ലെന്നു  തെളിയിച്ചതുകൊണ്ടാണ് സഭയുടെ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയെ വിമർശിച്ചതിന് 'മതനിന്ദ'യെന്ന (ബ്ലാസ്പ്പമി) നിയമത്തിന്റെ മറവിൽ മൂന്നു വർഷം ജയിൽ ശിക്ഷയും ഭീമമായ പിഴയും കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് അദ്ദേഹത്തിനെതിരായ കേസുകൾ ഇന്ന് നിലവിലുള്ളത്. ഇന്ത്യൻ യുക്തി വാദി സംഘടനകളുടെ പ്രസിഡണ്ടെന്ന നിലയിലും ഒരു സാമൂഹിക സേവകനെന്ന നിലയിലും അദ്ദേഹം ഇതിനോടകം പ്രസിദ്ധനായി തീർന്നിരിക്കുന്നു.  ബാബാമാരുടെയും പുരോഹിതരുടെയും ജനങ്ങളെ പറ്റിക്കുന്ന അത്ഭുതങ്ങളുടെ ചുരുളുകളഴിച്ചുകൊണ്ട് ടെലിവിഷൻ മീഡിയാകളിൽ കൂടി സത്യം ബോധ്യപ്പെടുത്തുകയെന്ന ദൗത്യമായിരുന്നു ശ്രീ സനൽ നിർവഹിച്ചു കൊണ്ടിരുന്നത്.


2013 ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൂമാനിസ്റ്റ്റ് മാഗസിനിൽ സനൽ ഇടമറുകും ജെർണലിസ്റ്റ് 'റയൻ ഷാഫറു'മായുള്ള  ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സംഭാഷണ രൂപേണയുള്ള പ്രസ്തുത ലേഖനത്തിൽ  സനൽ ഇടമറുകിന്റെ  വ്യക്തിപരമായ ജീവിതവും വളർച്ചയും സഭയിൽ നിന്നും നിയമത്തിന്റെ കുരുക്കില്നിന്നും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും  വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പിതാവ് പ്രസിദ്ധ യുക്തിവാദിയായ ജോസഫ് ഇടമറുകും മാതാവ്  ഹൈന്ദവ കുടുംബത്തിൽ ജനിച്ച  സോലെയുമായിരുന്നു.   അവരുടെ ഗ്രാമത്തിന്റെ പേരായ  'ഇടമറുക്' പിന്നീട് പേരിന്റെ കൂടി കൂട്ടിച്ചേർത്തതാണ്. അദ്ദേഹത്തിൻറെ മാതാപിതാക്കൾ വ്യത്യസ്ത മതക്കാരായതുകൊണ്ട് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അക്കാലങ്ങളിൽ ശക്തമായ എതിർപ്പുകളെ  നേരിടേണ്ടി വന്നിരുന്നു. മാതാപിതാക്കൾ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. സനൽ ജനിക്കുന്ന സമയം ക്രിസ്ത്യാനികളായി   മതം മാറാൻ  ശക്തമായ പ്രേരണ വന്നതിനാൽ  മാതാപിതാക്കൾ അവിടെ നിന്നും നാട് വിടുകയാണുണ്ടായത്. എവിടെ പോകണമെന്നറിയാതെ  മഴയുള്ള ഒരു രാത്രിയിൽ, തുറന്ന ആകാശത്തിൽ,  ജനിച്ചു വീണ കുഞ്ഞായ സനലിനെയും വഹിച്ചുകൊണ്ട് മാതാപിതാക്കൾ  സ്വന്തം കുടുംബത്തിൽ നിന്നും രക്ഷപ്പെട്ട കഥ സനൽ തന്നെ അദ്ദേഹത്തിൻറെ അഭിമുഖക്കുറിപ്പുകളിൽ  വിവരിക്കുന്നുണ്ട്.


ഓർത്തോഡോക്സ്  സഭയിൽ നിന്നു വളരെയേറെ പീഡനങ്ങൾ സഹിച്ച ഒരു കുടുംബ പശ്ചാത്തലത്തിലാണ് 'സനൽ' മാതാപിതാക്കൾക്കൊപ്പം വളർന്നത്‌. അദ്ദേഹത്തിൻറെ അമ്മാവൻ ഓർത്തോഡോക്സ് സഭയിലെ ബിഷപ്പായിരുന്നു. സനലിന്റെ പിതാവിനെ ( ജോസഫ് ഇടമറുക് ) 'യേശു ഒരു മനുഷ്യാനായിരുന്നുവെന്ന' ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ സഭയിൽ നിന്നു പുറത്താക്കി. വിവാദപരമായ  ഈ പുസ്തകം എഴുതിയതുമൂലം സമൂഹം മുഴുവൻ ജോസഫ് ഇടമറുകിനോട് അക്കാലങ്ങളിൽ ശത്രുതാ മനോഭാവം പുലർത്തിയിരുന്നു. കുടുംബത്തിനു പേരുദോഷം വരുത്തിയെന്നു പറഞ്ഞ്  ജീവനു ഭീഷണികളുമുണ്ടായി. അവിടെനിന്നും രക്ഷപ്പെട്ട് ഒരു ഹിന്ദു പണ്ഡിതനൊപ്പം പിന്നീട് ഇവരുടെ കുടുംബം താമസം തുടങ്ങി.


സനലിനെ സംബന്ധിച്ചടത്തോളം അദ്ദേഹമെന്നും സ്വന്തം പിതാവിൽ ആവേശഭരിതനായിരുന്നു.  ജീവിച്ചിരുന്ന നാളുകളിൽ,  തനതായ ആദർശങ്ങൾ ബലി കഴിച്ചുകൊണ്ട് ഒരു വിട്ടുവീഴ്ചക്കും അദ്ദേഹത്തിൻറെ പിതാവ് തയ്യാറല്ലായിരുന്നു. തന്മൂലം നിയമത്തിന്റെ കുരുക്കിൽ  അനേക തവണകൾ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1970-ൽ പിതാവായ ഇടമറുക് തന്റെ വിവാദപരമായ പുസ്തം പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രസ് വിലയ്ക്ക് വാങ്ങി. പ്രസ്സിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്ന സമയം നിസാര കാരണങ്ങൾ പറഞ്ഞ് അപ്രതീക്ഷിതമായി  പിതാവിനെ അറസ്റ്റ് ചെയ്യുകയും പ്രസ് കണ്ടു കെട്ടുകയും ചെയ്തു. പോലീസ് അക്കാലത്ത് അദ്ദേഹത്തിൻറെ പിതാവിനെ മൃഗീയമായി ഉപദ്രവിക്കുകയും എഴുത്തുകൾ അവസാനിപ്പിച്ചില്ലെങ്കിൽ വിരലുകൾ മുറിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.  ഇടതു പക്ഷ ചിന്താഗതിയുള്ള ഒരു പത്രത്തിന്റെ എഡിറ്ററായതു കാരണം 1975-ൽ  അടിയന്തിരാവസ്ഥ കാലത്തു വീണ്ടും  അറസ്റ്റു ചെയ്തു. അക്കാലത്ത് അടിയന്തരാവസ്ഥയുടെ പേരിൽ കേരളത്തിൽ നിന്നും അറസ്റ്റ്  ചെയ്ത ഏക പത്രാധിപർ അദ്ദേഹം മാത്രമായിരുന്നു.


സനൽ, ചെറുപ്പകാലം മുതൽ സംഗീതത്തിലും കേരളത്തിലെ പാരമ്പര്യ കലകളിലും കഥകളിയിലും തല്പ്പരനായിരുന്നു. കഥകളിയിൽ വിജയകരമായി പഠനം പൂർത്തിയാക്കി നല്ലയൊരു കലാകാരനുമായി അറിയപ്പെട്ടിരുന്നു. സ്വന്തം പിതാവിന്റെ ലൈബ്രറിയിൽ നിന്നും യുക്തി ചിന്തകളെ സംബന്ധിച്ച പുസ്തകങ്ങൾ വായിക്കുകയെന്നതും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. അക്കാലങ്ങളിൽ ഉണ്ടായിരുന്ന യുക്തിവാദികളും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും  ഗഹനമായ ചർച്ചകൾ നടത്തിയിരുന്നതും  അദ്ദേഹത്തിൻറെ പിത്രുഭവനത്തിലായിരുന്നു.  ദൈവ വിശ്വാസമില്ലാതെ സനൽ വളർന്നെങ്കിലും മാതാപിതാക്കൾ ഒരിയ്ക്കലും അങ്ങനെയുള്ള ചിന്താഗതികൾക്ക് പ്രേരിപ്പിച്ചിരുന്നില്ല. സനൽ യുക്തിവാദിയാകാനുള്ള സാഹചര്യവും അദ്ദേഹം തന്നെ  വിവരിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ അയൽവക്കത്തുണ്ടായിരുന്ന സൂസനെന്ന യുവതിയായ ദേശീയ സ്പോർട്സ് താരം കാൻസർ രോഗത്തിന് അടിമപ്പെട്ടു. പ്രാർത്ഥനകളിൽ മാത്രം വിശ്വസിച്ചിരുന്ന  വെന്തിക്കോസ് വിഭാഗത്തിലെ തീവ്ര മതവിശ്വാസികളായ  മാതാപിതാക്കൾ  സൂസന് ചീകത്സ നല്കാൻ സമ്മതിച്ചില്ല. ആ യുവതിയുടെ മരണം  അന്നു ബാലനായിരുന്ന സനലിനെ വേദനിപ്പിക്കുകയും ഒരു യുക്തിവാദി  ചിന്തകനാക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഇടയിൽ യുക്തി വാദികളുടെ സംഘടന രൂപികരിക്കുകയും അന്ധ വിശ്വാസങ്ങൾക്കെതിരെ പോരാടുകയും ചെയ്തു.


സനൽ പറയുന്നു , "ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചില്ല. ഞാനൊരിയ്ക്കലും മാമ്മോദീസാ മുങ്ങിയിട്ടില്ല. എനിക്കൊരു മതമില്ല. ദൈവത്തിലോ പിശാചിലോ യഹോവായിലോ, യേശുവിലോ അള്ളായിലോ ശിവനിലോ  ജൂപ്പിറ്ററിലോ  ബഹു ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല. ഞാനൊരു യുക്തിവാദിയാണ്.ആരും ഒരു മതത്തിൽ ജനിക്കുന്നുമില്ല. എന്റെ മാതാപിതാക്കൾ  യാതൊരു മതത്തിലും വിശ്വസിക്കാതിരുന്ന യുക്തിവാദികളായിരുന്നു. യേശു കരയുന്നുവെന്ന് വിശ്വാസികൾ പറഞ്ഞപ്പോൾ നിങ്ങൾക്കു  തെറ്റു പറ്റി, അവിടെ ക്രൂശിതനായ രൂപം കരയുന്ന കാരണം പ്ലംബിഗ് തകരാറു കൊണ്ടായിരുന്നു." ഈ ഉറച്ച തീരുമാനത്തിൽ മാറ്റമില്ലാതെ  നില്ക്കുന്ന കാരണം കഴിഞ്ഞ രണ്ടുമൂന്നു വർഷമായി സ്വന്തം രാജ്യത്തു പ്രവേശിക്കാനാവാതെ സനൽ  ഇന്നും പ്രവാസ ജീവിതം നയിക്കുകയാണ്.


2012-ൽ  ബോംബയിലെ  വേളാങ്കണ്ണി പള്ളിയിലെ  ക്രൂശിത രൂപത്തിൽ നിന്നും വിശുദ്ധ ജലം വരുന്ന അത്ഭുത ക്രിയകളെ  അദ്ദേഹം  വീക്ഷിച്ചുകൊണ്ടിരുന്നു. കുരിശു രൂപം നിലകൊള്ളുന്ന ഭിത്തിയിൽ നിന്നുമാണ് വെള്ളം കുരിശു രൂപത്തിൽക്കൂടി പുറത്തു വരുന്നതെന്ന് കണ്ടു പിടിച്ചു. ഈ സത്യം ശ്രീ സനൽ ഇടമറുക് ടീ.വിയിൽ റിപ്പോർട്ട് ചെയ്യുകയും ശാസ്ത്രത്തിനെതിരായ ഇത്തരം അത്ഭുതങ്ങൾ പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നതിൽ വിമർശിക്കുകയും ചെയ്തു. അദ്ദേഹം  കത്തോലിക്കാ സഭയെ വിമർശിച്ചതുമൂലം പ്രശ്നം സങ്കീർണ്ണമാവുകയും സഭയ്ക്കുള്ളിൽ വലിയ ഒച്ചപ്പാടാവുകയും ചെയ്തു. കുപിതരായ വിശ്വാസികൾ  അദ്ദേഹത്തിനെതിരെ ശത്രുതാ മനോഭാവം പുലർത്തുകയും ഔദ്യോഗിക തലങ്ങളിൽ  പരാതികൾ അയക്കുകയുമുണ്ടായി.  ഇന്ത്യൻ ശിക്ഷാ നിയമം 295 (എ)   അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസ്സുകൾ സഭ ഫയൽ ചെയ്യുകയും ചെയ്തു. മതവികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്ന പേരിൽ  'മത നിന്ദ ' (ബ്ലാസ്പ്പമി) നിയമവും കേസിനോടൊപ്പം ഉള്പ്പെടുത്തി. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന  അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കുറ്റാരോപണങ്ങൾക്കെതിരെ അദ്ദേഹത്തിൻറെ വക്കീലന്മാർ വാദഗതികളുമായി രംഗത്തുണ്ട്. ജാമ്യമില്ലാ വാറണ്ട് നിലവിലുള്ളതിനാൽ ഇന്ത്യയിൽ  വരാൻ കഴിയാതെ   അദ്ദേഹത്തിന് പ്രവാസിയായി യൂറോപ്പിൽ കഴിയേണ്ടി വരുന്നു.


2012 ജൂലൈ നാലാം തിയതി ഡൽഹി പോലീസ് സനലിനെ അറസ്റ്റ് ചെയ്യുന്നതിനായി  അദ്ദേഹത്തിൻറെ  വസതിയിൽ എത്തിയിരുന്നു. ബോംബെ മെട്രോപൊളിറ്റൻ മജിസ്ട്രെറ്റിന്റെ  വാറന്റ് സഹിതം ഡൽഹി കോർട്ടിന്റെ ആജ്ഞ പ്രകാരമാണ് പോലീസ് അദ്ദേഹത്തെ തേടിയെത്തിയത്. അന്ന് സനൽ വീട്ടിലുണ്ടായിരുന്നെങ്കിൽ  അറസ്റ്റു വരിച്ച് ജയിലിൽ പോകേണ്ടി വരുമായിരുന്നു. അദ്ദേഹം  വിദേശ യാത്രയിലായിരുന്നതു കൊണ്ട് കയ്യാമം വെക്കാൻ സാധിച്ചില്ല. അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്ന് പോലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞുമില്ല. നാടകീയമായ ഈ സംഭവങ്ങൾക്കുശേഷം സനലിനെതിരെയുള്ള പീഡനങ്ങൾ അതീവ ഗുരുതരമാവുകയും ചെയ്തു. കുരിശിൽ കൂടിയുള്ള വെള്ളമൊഴുക്കൽ അത്ഭുതമല്ലെന്നും പ്ളംമ്പിംഗ്  തകരാറെന്നും അദ്ദേഹം ലോകത്തെ അറിയിച്ചത് അദ്ദേഹത്തിനെതിരായ മത നിന്ദ വകുപ്പനുസരിച്ചുള്ള കുറ്റാരോപണമായി സഭ കരുതി. ക്ഷമിക്കാൻ സാധിക്കാത്തവിധം സഭാധികാരികൾ നടപടികൾക്ക് തുടക്കമിട്ടു. അന്നു ഭരിച്ചിരുന്ന ഇന്ത്യാ സർക്കാരിന്റെ പൂർണ്ണമായ പിന്തുണ സഭയ്ക്കു  ലഭിക്കുകയും ചെയ്തു. ഭാരതത്തെ സംബന്ധിച്ചടത്തോളം കത്തോലിക്കാ സഭ ഒരു ന്യൂന സമുദായമെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള കേസുകളിൽ ലോകം മുഴുവനുമുള്ള ക്രിസ്ത്യൻ സഭകളുടെ പിന്തുണ സഭയ്ക്കു ലഭിയ്ക്കാറുണ്ട്. പാശ്ചാത്യ സഭയിൽ നഷ്ടപ്പെട്ട പ്രതാപം ഭാരത സഭയില്ക്കൂടി വീണ്ടെടുക്കാനാണ് സഭ ശ്രമിക്കുന്നത്. കറുത്ത യുഗങ്ങൾ ഇന്ത്യയിൽ വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് 'സനൽ' ഒരു ടീവി പ്രോഗ്രാമിൽ പറയുകയുമുണ്ടായി.


സഭയും സനലുമായി നടക്കുന്ന  വിവാദപരമായ ഈ പ്രശ്നത്തിൽ സനലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വാർത്തകളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. യുക്തിബോധമുള്ളവർ സനലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും നല്കിവരുന്നു. ക്രൂശിതനായ രൂപത്തിൽക്കൂടി ഒഴുകിയത് അത്ഭുത വെള്ളമല്ലെന്നുള്ള സത്യം  പൊതു ജനങ്ങളുടെ മുമ്പിലായിരുന്നു അദ്ദേഹം തെളിയിച്ചത്. സ്വതന്ത്രമായി സംസാരിക്കാനുള്ള പൂർണ്ണാവകാശം ഭാരതത്തിലെ  ഭരണഘടന ഓരോ പൗരനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ  അറിവുകൾ ജനങ്ങളിൽ പകർന്നു കൊടുക്കുന്നത് ഒരു കുറ്റമായി കരുതാനും സാധിക്കില്ല.   ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് പ്രകാരം  മാനുഷിക സാംസ്ക്കാരിക മുന്നേറ്റങ്ങൾക്കായുള്ള സനലിന്റെ പ്രവർത്തനങ്ങൾ തികച്ചും  നിയമത്തിന്റെ വ്യവസ്ഥകളിലും  അടിസ്ഥാനത്തിലും തന്നെയായിരുന്നു.  ആഗോള മനുഷ്യാവകാശ തത്ത്വങ്ങളുടെ ലംഘനമാണ് സഭയുടെ സനലിനെതിരെയുള്ള ഈ കുറ്റാരോപണമെന്നതിലും സംശയമില്ല. അധികാരവും പണവുമുള്ള സഭയുമായി ഏറ്റു മുട്ടുമ്പോൾ പ്രതികാരത്തിനായി മോഹിക്കുന്ന സഭാ ഭാഗത്തുനിന്നും പലവിധ കള്ളക്കേസുകളും  പ്രതീക്ഷിക്കാം. പതിനായിരക്കണക്കിനു ഒപ്പുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  യുക്തിവാദി സംഘടനകൾ  വത്തിക്കാനിൽ പെറ്റീഷനുകൾ അയച്ചിട്ടും പ്രയോജനമില്ലാതെ  സഭ നിശബ്ദത പാലിക്കുന്നതും മനുഷ്യത്വത്തോട് ചെയ്യുന്ന ഒരു കൊടും ക്രൂരത തന്നെയാണ്. കരുണയുടെ കണികപോലും കാണികാണാത്ത കഠിന ഹൃദയരാണ് '2015-2016' വർഷത്തെ കരുണയുടെ വർഷമായി' ആഘോഷിക്കുന്നതെന്നും ഓർക്കണം.


യേശുവിന്റെ പ്രതിമയിൽ സംഭവിക്കുന്ന  ഈ വെള്ളമൊഴുക്കലിനെ സ്ഥലവാസികൾ ഒരു അത്ഭുതമെന്നു പ്രഖ്യാപിച്ചു. അനേകർ വെള്ളം പരിശൂദ്ധമെന്നു കരുതി ശേഖരിക്കാനും തുടങ്ങി. ബോംബയിലെ വേളാങ്കണ്ണി പള്ളി ഒരു തീർത്ഥാടക കേന്ദ്രമാക്കാനുള്ള ശ്രമത്തിലുമായിരുന്നു. സനൽ,  'ഇത് വിശുദ്ധ ജലമല്ല പ്ലംബിഗ് തകരാറെന്നു  പ്രഖ്യാപിച്ചപ്പോൾ' അതിന്റെ പ്രത്യാഘാതം  ഭയങ്കരമായിരുന്നു. ഭാവിയിൽ ഒരു തീർത്ഥാടക കേന്ദ്രം വഴി സഭയ്ക്ക് നേടാവുന്ന സമ്പത്താണ് അവിടെ നഷ്ടപ്പെട്ടത്. "ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ കുരിശു രൂപത്തിൽനിന്നും അടർന്നു വീഴുന്ന വെള്ളത്തിനെ ചൊല്ലിയുള്ള  കബളിപ്പിക്കലുകൾ  പുറം ലോകത്തെ അറിയിച്ചത്  പൊതു ജനാരോഗ്യം കണക്കിൽപ്പെടുത്തിയും കൂടിയാണെന്നും " സനൽ പറഞ്ഞു. രോഗം ഭേദപ്പെടുമെന്നു വിചാരിച്ച്
വിശ്വാസികൾ ആ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.  കുഴൽ വാഹിനികളിലെ തകരാറുമൂലം അഴുക്കു ചാലുകളിൽ നിന്ന് മലിന വെള്ളം ഭിത്തി വഴി ക്രൂശിത രൂപത്തിൽ ക്കൂടി വരുന്നതെന്ന വസ്തുത അവർക്കറിയില്ലായിരുന്നു. പരിശുദ്ധ ജലമെന്നു കരുതി  കുരിശു രൂപത്തിൽനിന്നും വരുന്ന  അഴുക്കു വെള്ളം കുടിച്ചാൽ  ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സനൽ അന്ന് കണ്ടുനിന്നവരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. കരുണയുടെ ഈ വർഷത്തിലും  പ്രതികാര മനോഭാവത്തോടെ   സഭ സനിലെനെതിരെ  നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു.


സനലിനെതിരെയുള്ള  കേസുകൾ  പിൻവലിക്കാൻ  ഇന്ത്യൻ  സർക്കാരിനെ സ്വാധീനിക്കണമെന്ന് സനലും യൂറോപ്പിലെ യുക്തിവാദി സംഘടനകളും യൂറോപ്യൻ സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 'മതനിന്ദ' അഥവാ 'ബ്ലാസ്പ്പമി'   ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഒരു അപരിഷ്കൃത നിയമമാണ്. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിയമങ്ങൾക്കു ഭേദഗതി വരാതെ ഇന്നും 'മതനിന്ദാ നിയമം' ഇന്ത്യൻ ഭരണഘടനയിൽ ഒരു അപവാദമായി തുടരുന്നു. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും തടസമാകുന്നു.  കൊളോണിയൽ കാലത്തെ ഈ 'മതനിന്ദ' നിയമം മാറ്റപ്പെട്ടില്ലെങ്കിൽ മതത്തിനെതിരെ സംസാരിക്കുന്ന ആരെയും കുഴപ്പത്തിലാക്കാം.  "പാകിസ്ഥാനിൽ ഒരു പെണ്‍കുട്ടി മത നിന്ദ നടത്തിയെങ്കിൽ അതിൽ പ്രതികരിക്കാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും" സനൽ ഇടമറുക് പറഞ്ഞു. കാരണം മത നിന്ദയെന്നാരോപിച്ച്  ഈ രാജ്യത്തിലെ പൌര ജനങ്ങളെ അറസ്റ്റ് ചെയ്യുന്ന കാഴ്ചകളാണ് ഇന്ത്യയിലും സംഭവിക്കുന്നത്‌. ഇതൊരു കാലഹരണപ്പെട്ട നിയമമാണ്.അതിന്റെ മറവിൽ  ഹിന്ദു, മുസ്ലിം ക്രിസ്ത്യാനികളായ മതഭ്രാന്തർ നിയമത്തെ വളച്ചൊടിച്ച് ബലഹീനരെ അടിച്ചമർത്താൻ ശ്രമിക്കുന്നു. വിരോധം തീർക്കാനും മത നിന്ദയുടെ ഈ നിയമത്തെ ആയുധമാക്കുന്നു.


കുരിശു രൂപത്തിലെ അത്ഭുതങ്ങളെ അവഹേളിച്ചതിന് ക്ഷമാപണം നടത്തിയാൽ കേസുകൾ ഇല്ലാതാക്കാമെന്ന്  ബോംബയിലെ ആർച്ച് ബിഷപ്പ് ഗ്രേഷിയസ്  ഓസ്‌വാൾഡ്  പറഞ്ഞിരുന്നു.  സനൽ, കർദ്ദിനാളിന്റെ ക്ഷമാപണാവശ്യം നിരസിക്കുകയാണുണ്ടായത്. തെറ്റുകൾ ചെയ്യാത്ത താനെന്തിനു ക്ഷമ ചോദിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം  ഉറച്ചു തന്നെ നില്ക്കുന്നു.   യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സുഹൃത്തുക്കൾ  സനലിന്റെ ഈ നിലപാടിനെയും ചിന്താഗതികളെയും പിന്താങ്ങുന്നതു അദ്ദേഹത്തിന്  ബലം നല്കുന്നു.  ഈ പ്രശ്നത്തിൽ എന്തു വില കൊടുത്തും പൊരുതാൻ തന്നെയാണ് അദ്ദേഹം  തീരുമാനിച്ചിരിക്കുന്നത്. സനലിനെപ്പോലെ  പ്രസിദ്ധനായ ഒരാൾക്ക് മതത്തിന്റെ സ്വാധീനത്തിൽ പ്രവാസിയായി കഴിയേണ്ടി വന്നെങ്കിൽ  മതനിന്ദ നടത്തിയ സാധാരണക്കാരന്റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിൽ  ചോദിക്കാനാരുമില്ലാതെ  ജാമ്യമില്ലാതെ അവരെ നേരെ ജയിലിൽ അയക്കുമായിരുന്നു.


'മതനിന്ദ' ഇന്ത്യൻ ഭരണഘടന വ്യവസ്ഥയിലെ ബാലിശമായ ഒരു നിയമമാണ്. യുക്തിചിന്തയില്ലാത്തവർ എഴുതിയുണ്ടാക്കിയ ഒരു നിയമത്തിന്റെ പോരായ്മയാണ് ഇത് കാണിക്കുന്നത്. 'മതനിന്ദ'  നിയമങ്ങളുടെ കുരുക്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ  ജയിലിൽ അടയ്ക്കുകയോ വധിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ സനലിന്റെ കേസ്സിൽ ഒരു  അത്ഭുതം വെറും കള്ളമെന്നു തെളിയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള അത്ഭുതങ്ങൾ ബാബാമാരും മത പുരോഹിതരും ജനങ്ങളിൽ കുത്തി വെയ്ക്കുന്നതുമൂലം അവരിൽ   ഒരു തരം ഹിസ്റ്റീരിയാ വ്യാപിക്കുന്നു. മാനാസികാടിമത്വം സൃഷ്ടിക്കുന്നു. ഭ്രാന്തു പിടിച്ച ലോകം ഇവരുടെ മായാവേലകൾ  അപ്പാടെ വിശ്വസിക്കുകയും ചെയ്യുന്നു.


മതത്തെ ചോദ്യം ചെയ്യുന്ന ബുദ്ധി ജീവികളെയും കലാകാരന്മാരെയും ഈ നിയമത്തിന്റെ മറവിൽ നിശബ്ദരാക്കുന്ന ചരിത്രമാണ്‌ ഇന്ത്യയ്ക്കുള്ളത്.  ഈ നിയമത്തിന്റെ അപകടമെന്തന്നാൽ ഏതൊരു വർഗീയ ചിന്താഗതിക്കാരനും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച്  മറ്റൊരാളെ നിയമത്തിന്റെ മറവിൽക്കൂടി കുഴപ്പത്തിലാക്കാനും സാധിക്കുന്നു. മത നിന്ദാരോപണത്തിന്റെ പേരിൽ സംശയമുള്ളവരെ പോലീസിനു അറസ്റ്റു ചെയ്യാം. ജാമ്യമില്ലാ വകുപ്പായതുകൊണ്ട് കോടതിയുടെ കുറ്റ വിമുക്തനെന്ന തീരുമാനം വരെ ജയിലിലും കിടക്കണം.  ചിലപ്പോൾ കോടതിയുടെ ഒരു തീരുമാനത്തിനായി വർഷങ്ങൾ തന്നെ എടുത്തേക്കാം. അതുകൊണ്ട് ഈ നിയമത്തിന്റെ അപകടം കോടതിവിധിയല്ല, കോടതിയുടെ തീരുമാനത്തിനു മുമ്പുള്ള നീണ്ടകാല വിസ്താരമാണ്. ഇന്ത്യയുടെ മതനിന്ദ നിയമത്തിൽക്കൂടി പ്രസിദ്ധരായ പലരെയും കുറ്റവാളികളായി കോടതി വിധിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ പ്രസിദ്ധ യുക്തി ചിന്തകനായിരുന്ന ഇ.വീ. രാമസ്വാമി നായിക്കരെ മതനിന്ദ നിയമത്തിന്റെ പേരിൽ കീഴ്കൊടതിയും  സുപ്രീം കോടതിയും കുറ്റവാളിയായി വിധിച്ചു. സല്മാൻ റഷ്ഡിയുടെ സാറ്റനിക്ക് വേഴ്സസ് പോലെ അനേക പുസ്തകങ്ങളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.


കുരിശു  രൂപത്തിൽനിന്നും  വെള്ളം വരുന്നത്   അത്ഭുതമല്ലെന്നു  തെളിയിച്ചിട്ടും  സനലിന്റെ വാദഗതികളെ സഭാധികാരികൾ വിദ്വേഷത്തോടെ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വെള്ളം വരുന്നതെങ്ങനെയെന്ന സനലിന്റെ വിവരണം  ശ്രദ്ധിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. വിവാദപരമായ ടി.വി. വാർത്തകൾ സഭാധികാരികൾ നിരസിക്കുകയും സനലിന്റെ യുക്തിപരമായ  വാദങ്ങളിൽ യാതൊരു അർത്ഥവുമില്ലെന്നു വാദിക്കുകയും ചെയ്തു. ഈ പ്രശ്നം കൂടുതൽ രാഷ്ട്രീയ വൽക്കരിക്കാനാണ് സഭ ശ്രമിച്ചത്. വത്തിക്കാൻ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.  സനലിന്റെ കേസ്സിൽ ബോംബെ ഹൈക്കോർട്ടും ഡൽഹി ഹൈക്കോർട്ടും  ജാമ്യം നിഷേധിച്ചിരിക്കുകയാണ്.


ഇന്ത്യയിലെ നിയമ വ്യവസ്ഥ അപ്പാടെ കുത്തഴിഞ്ഞതെന്നും  സമൂലമായ മാറ്റങ്ങളാവശ്യമെന്നും സനൽ പറയുന്നു. നീതി എന്നും  അധികാരവും പണവും രാഷ്ട്രീയ സാമൂഹിക സാമുദായിക പിന്തുണയുള്ളവരുടെയും  പക്ഷത്തുമായിരിക്കും. മതഭ്രാന്തരെയും  സമുദായ പ്രമാണികളെയും പ്രീതിപ്പെടുത്തിക്കൊണ്ട്  പോലീസ് എക്കാലവും വിവേകമില്ലാതെ പ്രവർത്തിക്കും. സനൽ ചെയ്ത കുറ്റം സഭ വിശ്വസിക്കുന്ന ഒരു രൂപത്തിലെ വ്യാജ അത്ഭുതത്തിന്റെ സത്യാവസ്ഥ പൊതുജനത്തെ അറിയിക്കുകയും അതിനെ  വിമർശിച്ചുവെന്നതുമാണ്. മത വിശ്വാസികളായ പൗരന്മാരെ സംരക്ഷിക്കുകയെന്നതു സർക്കാരിന്റെ ചുമതല തന്നെ. അതെ സമയം മതത്തെ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമല്ല. മതമെന്നു പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്നമാണ്. മതങ്ങൾ തമ്മിൽ വൈരാഗ്യം സൃഷ്ടിക്കുന്നത്  മത രാഷ്ട്രീയ പുരോഹിതരുടെ ചരടുവലിയിലുമായിരിക്കും. വിശ്വാസികളുടെമേൽ മാനസ്സികാടിമത്വം അടിച്ചേൽപ്പിച്ചിരിക്കുന്നതുകൊണ്ട് നീതിയും നിയമവും എന്നും പൌരാഹിത്യത്തിനൊപ്പമായിരിക്കും.  വോട്ടുബാങ്കിനായി രാഷ്ട്രീയക്കാരുടെ കൈകളിലും 'മതനിന്ദാ നിയമം'  ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ '51 എ' വകുപ്പ് അനുശാസിക്കുന്നത്  'ഏതൊരു പൗരനും ശാസ്ത്രീയ ഗവേഷണത്തിനും മാനുഷിക പുരോഗതിക്കും അന്വേഷണത്തിനും സാമൂഹിക പരിഷ്ക്കാരങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നുള്ളതാണ്. ബോംബയിലെ തന്റെ പ്രവർത്തനം, സാധാരണക്കാരെ സാംസ്ക്കാരിക മുന്നേറ്റത്തിനായി  ബോധവൽക്കരിക്കുക മാത്രമായിരുന്നുവെന്ന് സനൽ അവകാശപ്പെടുന്നു.


EMalayalee:

Cover Page: Malayalam Daily News:
Joseph EdamarukTuesday, December 29, 2015

വിശുദ്ധ ചന്തകൾ

റാഫേലച്ചൻ സഹായമെത്രാനായി സ്ഥാനമേൽക്കുന്നുവെന്നു കേട്ടതേ, തൃശ്ശൂർകാരൻ ജോൺസൺ വൈദ്യരു പറഞ്ഞതാ സംഗതി കുഴപ്പമാകുമെന്ന്. അദ്ദേഹത്തിന്റെ ആരെയും മയക്കുന്ന പഞ്ചാരവർത്തമാനം വിശ്വസിക്കരുതെന്നു പറഞ്ഞപ്പോൾ ഞാനിത്രയും ഓർത്തില്ല. ഒരത്മായനെ ഒറ്റപ്പെടുത്തി ചിട്ട പഠിപ്പിക്കാനുള്ള ഒരു വികാരിയച്ചന്റെ ഇംഗിതത്തിന് ആ കുടുംബത്തെ വിട്ടുകൊടുത്ത മെത്രാനെ വിശ്വസിച്ചേൽപ്പിക്കാൻ കൊള്ളാം, വിദേശ മലയാളികളെ. രണ്ടര വർഷം ഈ കേസ് മുമ്പിൽ കിടന്നിട്ടും ആർക്കും അതു പരിഹരിക്കാൻ ആഗ്രഹമില്ലായിരുന്നു; ജില്ലാ കളക്റ്റർക്കാവട്ടെ പത്തു മിനിറ്റു പോലും വേണ്ടിയിരുന്നില്ലെന്നും കേൾക്കുന്നു. ഇത്തരക്കാരണല്ലോ സഭ ഭരിക്കുന്നതെന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. വിശ്വാസികൾ എക്കാലവും മെത്രാന്മാരുടെ താളത്തിനു തുള്ളുമെന്നായിരിക്കും ഇവരൊക്കെ ധരിച്ചിരിക്കുന്നത്. ഗതികെട്ടാൽ വിശ്വാസികൾ എന്തു ചെയ്യുമെന്ന് വിശദമായി അറിയണമായിരുന്നെങ്കിൽ കുരീപ്പുഴ പോയി അന്വേഷിച്ചാൽ മതിയായിരുന്നു. ഒരു കുര്യൻസാറിനെ പള്ളിക്കു പുറത്തടക്കിയപ്പോൾ എന്തു സംഭവിച്ചെന്നു പാലായിലെ ദൈവശാസ്ത്രജ്ഞനോടു ചോദിച്ചാലും മതിയായിരുന്നു. കോതമംഗലം മെത്രാനോടു ചോദിച്ചാലും കാര്യമറിയാമായിരുന്നു. ഇതൊന്നുമല്ലെങ്കിൽ പുറത്തായ കന്യാസ്ത്രിക്കു പന്ത്രണ്ടര ലക്ഷം നഷ്ടപരിഹാരം കൊടുത്ത എറണാകുളംകാരോടൂ ചോദിച്ചാലും മതിയായിരുന്നു. ഏതായാലും ഈ സംഭവം ലോകം മുഴുവൻ ഞങ്ങൾ എത്തിച്ചിട്ടുണ്ട്, തട്ടിൽ മെത്രാൻ പോവുന്നിടത്തൊക്കെ ഇതറിയാവുന്നവരും ഉണ്ടായിരിക്കട്ടെ. ആ വലിയ വിസിറ്റേറ്ററുടെ കീഴിൽ അത്മായർ എത്ര സുരക്ഷിതരായിരിക്കുമെന്ന് എല്ലാവരും അറിയട്ടെ. 

നോയമ്പ് വീടൽ പ്രമാണിച്ചു വിസ്തരിച്ചൊന്നു കുമ്പസ്സാരിച്ചേക്കാമെന്നു കരുതി വെള്ളിയാഴ്ച പള്ളിയിൽ പോയ ഒരു വിശ്വാസിക്ക്, അച്ചൻ പോത്തിന്റെ തൊലി പൊളിക്കുന്നതാണു കാണാൻ സാധിച്ചതെങ്കിൽ ഒരതിശയവുമില്ല. ഒരഞ്ചു കൊല്ലംകൂടി കഴിയുമ്പോൾ സർവ്വത്രാധി ഇറച്ചികളും അച്ചൻ വെഞ്ചരിക്കണമെന്നു വന്നാലും ഒരതിശയവും വേണ്ട (നോയമ്പിന് ഇറച്ചി വിതരണം നടന്നതു ചങ്ങനാശ്ശേരി രൂപതയിലെ ഒരു പള്ളിയിൽ). എല്ലാ പള്ളികളും ജെരൂസലേം പള്ളിയുടെ ഒരു പരുവത്തിൽ ആക്കുകയെന്നതാണ് അച്ചന്മാരുടെ ലക്‌ഷ്യം. അവിടെ പള്ളി മതിൽക്കകത്തു കടന്നാൽ ബലിമൃഗങ്ങളെ വിൽക്കുന്നവരും നാണയകൈമാറ്റക്കാരും എല്ലാമുണ്ടായിരുന്നു. ഇപ്പോൾ തന്നെ നമ്മുടെ പള്ളികളിലും കേക്ക് ഇറച്ചി കൊന്ത കുരിശ് പുസ്തക വില്പ്പനശാലകൾ, മൂരി മുരിങ്ങക്കാ എത്തക്കാ കോഴി കപ്പ ചേന കാച്ചിൽ എല്ലാം ലേലം വിളിക്കുന്ന കൗണ്ടറുകളും ഉണ്ട്. ചുരുക്കത്തിൽ, എല്ലാ പള്ളിയങ്കണങ്ങളും വിശുദ്ധ ചന്തയാക്കുകയാണ് മെത്രാന്മാരുടെ ലക്ഷ്യം. അവസാനം കുർബാന ചൊല്ലാൻ വേറേ കെട്ടിടം പണിയേണ്ടിയും വന്നേക്കാം; യേശുവിനെ കേൾക്കാൻ പെന്തിക്കോസുകാരുടെ പിന്നാലെ പോകേണ്ടിയും വന്നേക്കാം.

വന്നു വന്ന്, ഈ കാനോൺ നിയമങ്ങളൊക്കെ ആർക്കു വേണ്ടിയാണെന്നാണ് സംശയം. കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ രണ്ട് ആണ്മക്കളുടേയും കല്യാണം മെത്രാൻ ആശീർവ്വദിച്ചു. രണ്ടു പേരും സീറോ കത്തോലിക്കാ പെൺകുട്ടികളെയല്ല കെട്ടിയത്. ഈ കഴിഞ്ഞ നോയമ്പിൽ ഒരു വിളിച്ചു ചൊല്ലലും ഇല്ലാതെയും കേരളത്തിൽ രണ്ടു കത്തോലിക്കാ വിവാഹങ്ങൾ നടന്നു. കേട്ടത് ശരിയെങ്കിൽ ഇതിലാരും വിവാഹ ഒരുക്ക ധ്യാനങ്ങളിൽ പങ്കെടുത്തിട്ടില്ല. പണവും സ്വാധീനവുമുണ്ടോ എന്തും നടക്കും എന്ന സ്ഥിതിയിലേക്കു നാം വന്നു കഴിഞ്ഞോ? ഞാനിപ്പറഞ്ഞതൊന്നും കാനോണിനു വിരുദ്ധമായിരിക്കണമെന്നില്ല, പക്ഷെ, ഈ അവകാശങ്ങളൊക്കെ ഇപ്പോഴും പാവങ്ങൾക്ക് അപ്രാപ്യമായ കാര്യങ്ങളാണെന്നേ പറഞ്ഞുള്ളൂ. ധ്യാനങ്ങളിൽ അത്തരക്കാരെ പങ്കെടുപ്പിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ലെന്നും ബന്ധപ്പെട്ടവർക്കറിയാം. 

ധ്യാനം എന്നു പറഞ്ഞാൽ, അത് കരിസ്മാറ്റിക് ആണെങ്കിലും പ്രിസ്മാറ്റിക് ആണെങ്കിലും മൂന്നു കാര്യങ്ങൾ അടിച്ചേൽപ്പിച്ചിരിക്കും. ഒന്നാമത്തേത് - നിങ്ങൾ സീറോമലബാർ റീത്താണെങ്കിൽ രക്ഷ ഉറപ്പ്, മറ്റുള്ളവർക്കു മിക്കവാറും നിത്യനരകം തന്നെ (ലത്തീൻ റീത്തിൽപെട്ട മാർപ്പാപ്പാക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക!); രണ്ടാമത്തേത് - അച്ചന്മാരുടെ കുറ്റം പറഞ്ഞാൽ ദൈവശിക്ഷ (അത്, എഡ്വിനച്ചനായാലും കൊക്കനച്ചനായാലും); മൂന്നാമത്, അവർ പറയുന്നതാണ് ശരിയായ വചനം (അത്, ദൈവത്തിനും മാലാഖാക്കും വേണ്ടി പള്ളിയിൽവെച്ചു പരസ്യമായി ക്ഷമപറയുകയും പരാതിക്കാരന് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്ത ഫാ. നോബി അംബൂക്കൻ ആണെങ്കിലും)"തട്ടിപ്പ് ആത്മീയതാ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. ചെല്ലുന്നവന്റെ ഉള്ളിൽ ഭയവും കുറ്റബോധവും വളർത്തിവിടുക. ജീവിക്കാനാവശ്യമുള്ള ഒരുവന്റെ സകല ആത്മവിശ്വാസവും കെടുത്തുക. പിന്നെ ശിഷ്ടകാലം അവൻ അവർക്കു പിന്നാലെ നടന്നുകൊള്ളും." ഇതു ഫാ. ജോസഫ് പുത്തൻപുരയച്ചൻ എന്ന ധ്യാന പ്രസംഗകൻ പറഞ്ഞത്. കരിസ്മാറ്റിക്കുകളുടെ വഴിയേ പോകുന്ന വിശ്വാസികളെയാണ് പൊതുവേ മന്ദബുദ്ധികൾ എന്നു വിളിക്കുന്നത്. വല്യ ഒരുദാഹരണമാണ് ഒല്ലൂരിൽ കണ്ടത്. പള്ളിക്കാർ വെടിക്കൊട്ട് നടത്തി, ഒരു വീടിനു നാശനഷ്ടമുണ്ടാക്കുന്നു; അതിനു പരാതി പറഞ്ഞ ഇടവകക്കാരന്റെ നേരെ പള്ളിയിലെ മുഴുവൻ ആളുകളേയും നിരത്തി പ്രകടനം നടത്തിക്കുന്നു, പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരവും നല്കി മാപ്പും പറഞ്ഞു പള്ളി തലയൂരുകയും ചെയ്യുന്നു. പ്രകടനത്തിനു വന്നവരെ ഞാൻ എന്താ വിളിക്കേണ്ടത്? 

കേരള കത്തോലിക്കാ സഭയുടെ ഒരു സവിശേഷത എന്ന് പറഞ്ഞാൽ, അച്ചന്മാരുടെ നടപടിക്രമങ്ങളെ 'അതേ അച്ചോ' പറഞ്ഞുകൊണ്ടു പിന്തുടരാത്തവർ അവരാരായിരുന്നാലും മനുഷ്യരേയല്ലെന്ന രീതിയിലുള്ള പെരുമാറ്റമാണ്. ഇത്തരം ഒരു ചിന്തയോടെപോയി പ്രകടനക്കാരെ നേരിട്ടതുകൊണ്ടാണോ തൊടുപുഴക്കാരൻ വികാരിയെ സമരക്കാർ മർദ്ദിച്ചതെന്നു ഞാൻ സംശയിക്കുന്നു. സർവ്വലോകവും അവരുടെ മുന്നിൽ മുട്ടു മടക്കണം എന്നു ചിന്തിക്കുന്ന കുറെ അച്ചന്മാരെങ്കിലും സഭയിൽ ഉണ്ട്. പരി. ആത്മാവ് സ്വന്തം പോക്കറ്റിൽ എന്ന വിചാരത്തിലാണു ചില ധ്യാനഗ്രൂപ്പുകൾ നടക്കുന്നതു തന്നെ. അവരൊക്കെ പരി. ആത്മാവിന്റെ കൈയ്യിൽ നിന്നും മുറക്കു വാങ്ങിക്കുന്നുമുണ്ട്. അവരെ അനുസരിക്കാത്ത ആരെയും അവർ അംഗീകരിക്കില്ല. ഇതിനൊരപവാദം വേണമെങ്കിൽ, സ്ഥലത്തെ എം എൽ എ യോ, മുഴുത്ത പോലീസുകാരനൊ, മന്ത്രിയോ, കാര്യത്തിനുകൊള്ളുന്ന നേതാവോ ആരെങ്കിലും ആയിരിക്കണം. പള്ളിയിൽ കയറാത്തതുകൊണ്ട് പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ്, പാലാ പൂവരണിക്കാരത്തി അവിവാഹിതയായ മേഴ്സി മാത്യുവിനെപ്പോലും. ദയാഭായി എന്നു ലോകം മുഴുവൻ വിളിച്ചാദരിക്കുന്ന ഈ സ്ത്രീ ചെയ്ത കുറ്റം സീറോ മലബാറിൽ വിശ്വസിക്കുന്നില്ല, പ്ലാറ്റ്ഫോമുകളിൽ കിടന്നുറങ്ങുന്നു എന്നതൊക്കെ. വെള്ളാപ്പള്ളി നടേശനെ സിനഡിൽ വിളിച്ചാദരിക്കാമെങ്കിൽ, ഈ സ്ത്രീയെ ഇടവകയിൽ വിളിച്ചെങ്കിലും ആദരിച്ചൂടെ ദൈവശാസ്ത്രജ്ഞാ. സ്വന്തം സർഗ്ഗശേഷി ഉപയോഗിച്ചു വളരുന്ന ഒരു മനുഷ്യനേയും അംഗീകരിക്കാത്ത ഭോഷന്മാരെ നാമെന്താണു വിളിക്കേണ്ടത്? എവിടെയാണിവരുടെ മനുഷ്യത്വം? 

കഴിഞ്ഞ വർഷത്തെ (2015) ലെ ഏറ്റവും വലിയ തമാശകൾ കേൾക്കണങ്കിൽ മെത്രാന്മാരുടെ പ്രസംഗങ്ങൾ ഒരിക്കൽ കൂടി കേട്ടാൽ മാത്രം മതി. കാനോണിൽ ഡോക്ട്രറേറ്റ് ഉള്ള ഒരു മെത്രാനു സാമാന്യബോധം പോലും ഇല്ലെന്നു സാക്ക് എഴുതിയതു ഞാനോർക്കുന്നു. മാർക്ക് ആന്റണിയുടെ പ്രസംഗത്തോട് കിടപിടിക്കുന്ന ഒന്നാണ് കാഞ്ഞിരപ്പള്ളി അറക്കൽ തോമസ് ചേട്ടന്റെ ശവസസ്കാരചടങ്ങിൽ പൊടുന്നനെ പള്ളിയിൽ പ്രത്യക്ഷപ്പെട്ട അറക്കൽ മെത്രാൻ നടത്തിയത്. ഈ തോമസ് ചേട്ടന്റെയും ഭാര്യ മോനിക്കായുടെയും ഭൂമി രൂപത ചതിച്ചു തട്ടിപ്പറിച്ചെടുത്തെന്ന് ആരോപിച്ച് ഈ മെത്രാന്റെ പേരിൽ ഒരു കേസുണ്ട്. തോമസ് ചേട്ടനു മിണ്ടാൻ വയ്യാതെ വന്നെങ്കിലും ബോധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ഈ തോമസ് ചേട്ടനും കൂടി ഒപ്പിട്ടാണ് മോനിക്കാ കോടതിയിൽ മെത്രാനെതിരെ കേസ് ഫയൽ ചെയ്തത്. കേസ് ഒത്തുതീർക്കാൻ പല ചർച്ചകൾ നടന്നെങ്കിലും, ഈ ദമ്പതികൾ സ്ഥലം പൂർണ്ണമനസ്സോടെ എഴുതിക്കൊടുത്തതാണെന്നായിരുന്നു പ്രതികളൂടെ വാദം. എന്നാൽ മെത്രാൻ പള്ളിയിൽ പറഞ്ഞത്, ഈ തോമസ്ചേട്ടൻ ആകാവുന്ന കാലത്തു മൂന്നു പ്രാവശ്യമെങ്കിലും തന്നെ കണ്ട് തങ്ങളുടെ സർവ സ്വത്തുക്കളും ഏറ്റെടുക്കണമെന്ന് ആവശ്യ്യപ്പെട്ടിരുന്നു എന്നാണ്. തോമസ്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ അതു പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിനു സംസാരശേഷി തിരിച്ചു കിട്ടിയേനെയെന്നെ എനിക്കു പറയാനുള്ളൂ. 

ഏതെങ്കിലും ഒരു മെത്രാന്റെ പ്രസംഗവും ഒരാവശ്യത്തിന് ഒരൽപ്പം കരുണതേടി അവരെ സമീപിക്കുമ്പോൾ കിട്ടുന്ന അനുഭവവുംകൂടി തട്ടിച്ചുനോക്കുക. രണ്ടും ചേർന്നു വരുന്നെങ്കിൽ ഉടൻ മേലോട്ടു നോക്കുക: കാക്ക മലർന്നു പറക്കുന്നതു കാണാം. ഏതു നിയമത്തിനും അപവാദങ്ങളുള്ളതുപോലെ ഇതിനും ധാരാളം അപവാദങ്ങൾ കാണും. അതൊന്നും എന്റെ കുറ്റമായി കരുതരുത്. ഒല്ലൂർ തെക്കിനിയത്തു റാഫേലിന്റെ അനുഭവം കേട്ടപ്പോൾ ഞാൻ പറഞ്ഞതാണു ശരിയെന്നു തോന്നുന്നു. 2016 ൽ നടക്കാൻ പോകുന്ന തമാശ, സ്വന്തം ചിന്താശക്തി ഉപയോഗിക്കാൻ തീരുമാനിക്കുന്ന കൂടുതൽ കത്തോലിക്കാ യുവാക്കൾ മുന്നോട്ടു വരികയായിരിക്കും. ലോകത്ത് ഇത്രയും വലിയ എതിർപ്പ് ഉള്ളിൽ നിന്നു നേരിടുന്ന മറ്റൊരു മതം ആർക്കെങ്കിലും കാണിച്ചുതരാൻ പറ്റണമെന്നില്ല. ക്രൈസ്തവ ലോകത്ത് യേശുവിൽ നിന്നും ഇത്രമേൽ അകന്ന ഒരുമതവും ആർക്കും കാണിച്ചു തരാൻ പറ്റണമെന്നില്ല. 

2015, അത്മായാ പോരാളികൾക്ക് സന്തോഷം നല്കിയത് തന്നെയായിരിക്കണം. തുടക്കത്തിലെ എറണാകുളം സമ്മേളനം നല്കിയ നേട്ടങ്ങളും ഒടുക്കത്തിൽ ഒല്ലൂർ നല്കിയ ആവേശവും അത്ര ചെറുതല്ലല്ലോ. 2015 വർഷത്തെ നികൃഷ്ടജീവി അവാർഡ് തൃശ്ശൂരു തന്നെ ഇട്ടിട്ട് (ഇണങ്ങുന്നവർ എടുക്കട്ടെ) നമുക്കു രണ്ടായിരത്തി പതിനഞ്ചിനോട് വിട പറയാം! 

Saturday, December 26, 2015

കത്തോലിക്കാ സഭക്കെന്തു പറ്റി?

ജോസഫ് മറ്റപ്പള്ളി 

വളരെ അഭിമാനകരമായ ഒരു പൈതൃകവും പാരമ്പര്യവും ഉണ്ടെന്നഭിമാനിച്ചുകൊണ്ട്, റോമിൽ നിന്നു മതിയായ സ്വാതന്ത്ര്യവും നേടി ഒരു മേജർ ആർച്ച് ബിഷപ്പിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച സീറോ മലബാർ റീത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമെന്നു പറയാതെ വയ്യ. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പൌവ്വത്തിലിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചുള്ള മാർത്തോമ്മവത്കരണം വരുത്തിവെച്ച വിനകൾ കാണുവാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായിരിക്കുകയാണ്. കേരള കത്തോലിക്കന്റെ ഹൃദയത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്രൂശിതരൂപം പറിച്ചെടുത്ത്, പകരം താമരക്കുരിശു സ്ഥാപിച്ചത്. മാർത്തോമ്മ കൊത്തിയതാണ് താമരക്കുരിശെന്നു വ്യഖ്യാനിക്കപ്പെട്ടെങ്കിലും, പരിശുദ്ധാത്മാവാണെന്നു സ്വയം അഭിമാനിച്ച മാനി എന്ന പേർഷ്യൻ രാജാവിന്റെ ചിഹ്നമാണിതെന്നും പോർട്ടുഗീസുകാരാണിതിവിടെ കൊണ്ടുവന്നതെന്നും തെളിയിക്കപ്പെട്ടത്, മെത്രാൻസംഘത്തെ ഇന്നും ചിന്തിപ്പിക്കുന്നില്ലായെന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നു. താമരക്കുരിശിനെ സീറോ മലബാറിന്റെ ഒരടയാളമായി കണ്ടാൽ മതിയെന്നാണ് പാരമ്പര്യവാദികൾ ഇപ്പോൾ പറയുന്നത്. ഏതായാലും, മാർ പവ്വത്തിന്റെ തേരോട്ടം തടയാൻ അന്ന് മുന്നിട്ടിറങ്ങിയ വൈദികർക്കും, ഒളിപ്പോരു നടത്തിയ മെത്രാന്മാർക്കും കഴിഞ്ഞിരുന്നില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിതിക കത്തോലിക്കാ തീവ്രവാദികളായി നാം മാറിയേനെ. മാർ പൌവ്വത്തിൽ മേജർ ആർച്ച് ബിഷപ്പാവാതെ തടയാൻ ഈ നീക്കത്തിനു കഴിഞ്ഞെങ്കിലും, പവ്വം വിഭാവനം ചെയ്ത മെത്രാന്മാർക്കുള്ള വിശേഷാധികാരങ്ങൾ എല്ലാ മെത്രാന്മാർക്കും സ്വീകാര്യമായിരുന്നു, അതു നിലനിർത്താൻ മാർത്തോമ്മാ പാരമ്പര്യവാദം ആവശ്യമാണെന്നും അവരറിഞ്ഞു. ലോകത്തെവിടെയുമായിരിക്കുന്ന കേരള കത്തോലിക്കനേയും ആവേശം കൊള്ളിക്കാൻ ഇതിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നും മെത്രാന്മാർക്കറിയാമായിരുന്നു. 

ഇടവകജനത്തിന്റെ നിയന്ത്രണത്തിലിരുന്ന സ്വത്തുക്കൾ രൂപത കൈയ്യടക്കിയതും, വിചിത്രമായ ആരാധനാക്രമങ്ങൾ അവതരിപ്പിക്കപ്പെട്ടതും, പുത്തൻ പെരുമാറ്റചട്ടങ്ങൾ നിലവിൽ വന്നതും, വൈദികരുടെ ഇശ്ചക്കൊത്തു തുള്ളാൻ പാകത്തിൽ പരുവപ്പെടുത്തപ്പെട്ട പാരീഷ് കൗണ്‍സിലുക ഉണ്ടായിക്കൊണ്ടിരുന്നതുമെല്ലാം അത്മായരെ ചിന്തിപ്പിച്ചുവെങ്കിലും ഒരു മുന്നേറ്റത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല, അതുണ്ടാക്കാതിരിക്കാനും സഭാധികാരികൾക്കു കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ സഭയെ ഏറ്റവും സഹായിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങൾ തന്നെ ആയിരുന്നുവെന്ന് പറയാതെ വയ്യ. ഒരർദ്ധബോധാവസ്ഥ സൃഷ്ടിക്കുന്ന കൂട്ട അല്ലെലൂജാകൾക്ക് അനേകായിരം അന്ധഭക്തരെയും അത്രയും തന്നെ മന്ദബുദ്ധികളേയും ഒറ്റയടിക്കു സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് സത്യം. ഇടയിലൂടെ കുരിശു മാറിയതും, ശുദ്ധീകരണസ്ഥലം അപ്രത്യക്ഷമായതും, നിരവധി പുണ്യവാന്മാർ രംഗപ്രവേശനം ചെയ്തതും, ഭണ്ഡാരകുറ്റികളുടെ എണ്ണം കൂടിയതും, വേദപാഠക്ലാസ്സുകൾ സഭാനിയമങ്ങളുടെ പഠനവേദികളായി മാറിയതുമൊന്നും അധികംപേർ ശ്രദ്ധിച്ചില്ല. പിരിവുകളുടേയും അനാവശ്യ അലങ്കാരങ്ങളുടേയും സംസ്കാരം നിലവിൽ വന്നപ്പോളാണ്‌ ജനം കാര്യമായി പ്രതികരിച്ചു തുടങ്ങിയത്. എന്നിട്ടും, പരിദേവനങ്ങൾ കേൾക്കാൻ ആരും തയ്യാറായില്ല. ഇപ്പോൾ, അത് കേട്ടിട്ടും പ്രയോജനമില്ലാത്തത്ര രൂക്ഷമായ ഒരന്തരീക്ഷം തന്നെയാണു സഭയിൽ സംജാതമായിരിക്കുന്നത്. 

കൂദാശകളായിരുന്നു വിശ്വാസികളെ ചിട്ട പഠിപ്പിക്കാൻ സഭ ഉപയോഗിച്ചു പോന്ന ആയുധം. പക്ഷെ, അവ വിശ്വാസികളുടെ അവകാശമാണെന്നും അത് നിഷേധിക്കാനാവില്ലെന്നും കാണിച്ചു പുറത്തു വന്ന നിരവധി കോടതി വിധികൾ സഭാധികാരികളെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇപ്പോൾ ആ ആയുധം വിട്ട്, പ്രതിക്ഷേധിക്കുന്നവരെ ഒറ്റപ്പെടുത്തി ഊരുവിലക്കി നിർവ്വീര്യമാക്കുക എന്ന പഴയ തന്ത്രമാണ്  പുറത്തെടുത്തിരിക്കുന്നത്. ആ ആയുധവും ഇപ്പോൾ തിരിച്ചെടുക്കേണ്ടതായി വന്നിരിക്കുകയാണ്. തൃശ്ശൂർ രൂപതയിൽപെട്ട ഒല്ലൂർ ഇടവകയിലെ തെക്കിനിയത്ത് റാഫേലിനെ ഒറ്റപ്പെടുത്താൻ പള്ളിയിൽ വിളിച്ചുപറയുകയും, ഇടവകക്കാരെ തെരുവിലിറക്കി അദ്ദേഹത്തിനെതിരെ പ്രകടനം നടത്തിക്കുകയും ചെയ്ത സഭ, അതുകൊണ്ടും അരിശം തീരാഞ്ഞിട്ടു പ്രസ്താവന അടിച്ചിറക്കി, എല്ലാ കുടുംബകൂട്ടായ്മകളിലും അടുത്ത ഇടവകകളിലും അത് പ്രചരിപ്പിച്ചിരിക്കുകയാണ്. 

എന്താണ് റാഫേൽ ചെയ്ത കുറ്റം? ഒരുറച്ച കത്തോലിക്കനായ റാഫേൽ വീടു വെച്ചത്, പള്ളിമതിലിനോടു ചേർന്ന്. പള്ളിപ്പെരുന്നാളിനൊടനുബന്ധിച്ചു നടത്തിയ വെടിക്കൊട്ടിൽ റാഫേലിന്റെ വീടിനു കേടുപാടുകളുണ്ടാവുന്നു. റാഫേൽ പള്ളിയിലും, അവിടെ പ്രശ്നം തീരാഞ്ഞിട്ടു കോടതിയിലും പോകുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാധികാരികൾ പരാതി പരിശോധിക്കുകയും പരമ്പരാഗതമായി നടത്തിപ്പോന്ന വെടിക്കെട്ട് അനുവദിക്കുകയും ചെയ്തു. എങ്കിലും ആ വർഷം നടന്ന വെടിക്കെട്ടും നിയമപരിധിക്കുള്ളിലുള്ളതായിരുന്നില്ല. എല്ലാവരും പിരിഞ്ഞതിനു ശേഷം കുഴിമിന്നി എന്നറിയപ്പെടുന്ന അത്യുഗ്ര ശബ്ദമുള്ള അമിട്ട് പള്ളിമതിൽക്കകത്തുനിന്ന് പൊട്ടി, റാഫേലിന്റെ വീടിനു വീണ്ടും തകരാറുണ്ടാവുകയും ചെയ്തു. പരാതിക്കാരന്റെ കഷ്ടനഷ്ടങ്ങൾ പരിശോധിക്കാൻ രൂപതയും തയ്യാറായില്ല. പരാതി പിൻവലിക്കണം എന്ന ആവശ്യം റാഫേലും പരിഗണിച്ചില്ല. കേസ് കോടതിയിൽ!

ഇങ്ങിനെയിരിക്കുംപോഴാണ് റഫേലിന്റെ മകൻ സഞ്ജുവിന്റെ വിവാഹം നിശ്ചയിക്കപ്പെടുന്നത്. ഇതൊരവസരമാക്കി റാഫേലിനെ ഒതുക്കാമെന്നു കരുതിയ പള്ളിക്കാർക്ക്‌ തെറ്റി. റാഫേൽ വഴങ്ങിയുമില്ല, വിവാഹം വിളിച്ചു ചൊല്ലേണ്ടിയും വന്നു. ഈ ജനുവരി ആദ്യം സഞ്ജുവിന്റെ വിവാഹമാണ്. അത് ഒല്ലൂർ പള്ളിയിൽവെച്ചുതന്നെ നടത്താനുള്ള ക്രമീകരണം റാഫേലും, എങ്ങിനെയും മുടക്കാനുള്ള തന്ത്രവുമായി പള്ളിയും നീങ്ങുന്നു - വർഷം കരുണയുടേതും. ഈ കേസിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, വധുവിന്റെ വീട്ടുകാരും റാഫേലിനോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്നതാണ്; മാത്രമല്ല, സഭയോടു മുട്ടാൻ അവരും മടിക്കുന്നില്ലായെന്നതും ശ്രദ്ധിക്കണം. ഇതാണ് ഈ കേസിനെ വേറിട്ടു നിർത്തുന്നത്. സഭയുടെ ഭീഷണികൾക്കു വഴങ്ങാതെ, അച്ചനേയും മെത്രാനേയും നേരിടാൻ ഒരു കൂട്ടം വിശ്വാസികൾ ഒരുമിക്കുന്നുവെന്നതു തമാശയായിക്കാണാൻ, ചിന്തിക്കുന്ന സഭാധികാരികൾക്ക് സാധിക്കണമെന്നില്ല. സമയത്തു വേണ്ട നടപടി സ്വീകരിച്ചു പരിഹരിക്കാമായിരുന്ന ഈ കേസിൽ ഉണ്ടാകാൻ പോകുന്ന വിധി കേരള കത്തോലിക്കാ സഭയിൽ ഏല്പിക്കുന്നത് ചെറിയ പ്രത്യാഘാതം ആയിരിക്കില്ല. ഈ സംഭവം വെളിച്ചത്തു കൊണ്ടുവരാൻ പോകുന്നത് മേജർ ആർച്ച് ബിഷപ്പിന്റെ കഴിവില്ലായ്മ മാത്രമല്ല.

നല്ലത് പറയുകയും, ചെയ്യുന്നത് മുഴുവൻ വിരുദ്ധമായിരിക്കുകയും ചെയ്യുന്ന മെത്രാന്മാരെ ഇന്ന് ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല. രണ്ടു മെത്രാന്മാരെയാണ് സമീപകാലത്തു നികൃഷ്ടജീവി എന്ന് രാഷ്ട്രീയ നേതാക്കന്മാർ വിളിച്ചത്. സഭയുടെ ഭാഗത്തുനിന്ന് പോലും അതിനെ കാര്യമായി പ്രതിരോധിച്ചില്ലെന്നോർക്കണം. ലോകമാസകലം സഭാധികാരികളെ ചോദ്യം ചെയ്യുന്ന കത്തോലിക്കർ ഉണ്ടായിരിക്കുന്നുവെന്നത് നിസ്സാരമായി കാണാൻ ആവില്ല. എവിടെ എന്തതിക്രമം ഉണ്ടായാലും മറകൂടാതെ വിശദാംശങ്ങൾ ലോകത്തെ അറിയിക്കാൻ സ്വതന്ത്ര ബ്ലോഗ്ഗുകളും വാർത്താ ചാനലുകളുമായി അത്മായർ മുന്നേറുന്നു; സഭ വിസ്വാസികളോടു കാണിക്കുന്ന അനീതികൾ ഒന്നൊഴിയാതെ കോടതികളിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. പൊതുസമൂഹം കോതമംഗലം രൂപതയെ അക്ഷരാർത്ഥത്തിൽ മുട്ടു കുത്തിച്ചത്‌ നാം കണ്ടു, ഫാ കൊക്കനെ രക്ഷപ്പെടാതെ നോക്കിയതും അത്മായ പോരാളികൾ തന്നെ. അതായത്, കഥ പൂർണ്ണമായും മാറിക്കൊണ്ടിരിക്കുന്നുവെന്നർത്ഥം. അനുദിനം ഫെയിസ്ബുക്കിലൂടെ സഭാവിരുദ്ധ കുറിപ്പുകൾ ലക്ഷക്കണക്കിനു പേരുടെ മുമ്പിലെത്തുന്നു. ഒരു വിപ്ലവം സഭക്കുള്ളിൽ ആസന്നമാണെന്നു തന്നെയാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. തോൽക്കുന്നതെപ്പോഴും സഭ പടുത്തുയർത്താൻ വിയർപ്പ് ചിന്തിയ വിശ്വാസികളായിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ട! 

ഈ സഹോദരിമാരെ കണ്ടില്ലന്ന് നടിക്കരുത്‌
സനൽ ഇടമറുകിനെ കത്തോലിക്കാ സഭാനേതൃത്തം ഭയക്കുന്നു.


Friday, December 25, 2015

മാർപ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം


സഭയുടെ മൂല്യങ്ങൾ തിരിച്ചു പിടിക്കുവാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം


ആത്മിയമൂല്യങ്ങളും ധാർമ്മികമൂല്യങ്ങളും നഷ്ടപ്പെട്ട് കത്തോലിക്കാസഭയിന്ന് ആഡംബരത്തിന്റെയും ധൂർത്തിന്റെയും പണസമ്പാദനത്തിന്റേതുമായ അഴുക്കുചാലുകളിലൂടെയാണ് പോകുന്നത് എന്ന് മാർപ്പാപ്പ നമ്മെ ഈ ക്രിസ്തുമസ് ദിനത്തിൽ ഓർമ്മിപ്പിക്കുകയാണ്.ഭൗതികതയുടെ പൈശാചിക ബന്ധനത്തിൽ നിന്നും പുരോഹിതരും മേലധ്യക്ഷൻമാരും പിൻതിരിയണമെന്ന് പലതവണ അദ്ദേഹം ആഹ്വാനം ചെയ്തിട്ടും ഭൂരിപക്ഷം പേരും എങ്ങനെയും പണം സമ്പാദിച്ചാൽ മതിയെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണവരെന്നു മനസ്സിലാക്കിയ പാപ്പ, ഇക്കാര്യത്തിൽ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് ഈ ക്രീസ്തുമസ് ദിനത്തിൽ ലോകത്തിനു നൽകുന്നത്.


ഈ സന്ദേശം ഉൾക്കൊള്ളുവാനും അനുസരിക്കുവാനും അതിനുവേണ്ടി പ്രവർത്തിക്കുവാനും ഓരോ കത്തോലിക്കനും കടമയുണ്ട്. പത്യേകിച്ച് . കെ. സി. ആർ എം . പോലുള്ള സംഘടനകൾക്ക്.

 

ആദ്യ പടിയെന്ന നിലയിൽ, ആഡംബര പള്ളികളും പാരിഷ് കെട്ടിടങ്ങളും നിർമ്മിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ അഡ്മിഷന് ഡോണേഷൻ  കൈക്കുലിവാങ്ങുക, ബൈബിൾ തന്നിഷ്ടത്തിന് വ്യാഖ്യാനിച്ച് ധ്യാനങ്ങൾ നടത്തുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത് പണസമ്പാദനം നടത്തി വിശ്വസികളെ ചൂഷണം ചെയ്യുന്ന പുരോഹിതർക്കും  അതിന് ഒത്താശ ചെയ്യുന്ന വ്യക്തികൾക്കുമെതിരെ ശക്തമായി പ്രതിക്ഷേധിക്കുന്നതിനും അവരെ അതിൽ നിന്നും  തടയുന്നതിനും അവരോട് നിസ്സഹകരിക്കുന്നതിനും, വിശ്വാസികൾ  മുന്നോട്ടു വന്ന് മാർപ്പാപ്പക്ക് ശക്തമായ പിൻതുണ നൽകണമെന്ന ക്രിസ്തുമസ്സ ് സന്ദേശമാണ് കേരളാ കത്തോലിക്കാ സഭാനവികരണ പ്രസ്ഥാന (കെസി. ആർ. എം. ) ത്തിനു നൽകുവാനുള്ളത്.


"ഒരു ജാതി, ഒരുമതം, ഒരു ദൈവം, ഒരു സെമിത്തേരി മനുഷ്യനു"

"ഒരു ജാതി, ഒരുമതം, ഒരു ദൈവം,  ഒരു സെമിത്തേരി മനുഷ്യനു"

"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍" കണക്കെ അസംബ്ലിയില്‍ ഉറങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാരേ, നിങ്ങള്‍ സ്ഥിരം പ്രീണിപ്പിക്കുന്ന ഈ അച്ചായ 'ന്യൂനപക്ഷത്തെ' അവരുടെതന്നെ ചോരകുടിച്ചു ജീവിക്കുന്ന പുരോഹിതവര്‍ഗം , സെമിത്തേരിയില്‍ പോലും  അവരെ പിഴിയുന്നതും പീഡിപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? ഓരോ ഗ്രാമത്തിനും ഒരു പൊതു സെമിത്തേരി സര്‍ക്കര്‍വകയായി ഉണ്ടാക്കിയാല്‍, സര്‍ക്കാരിനു വരുമാനവും ജനത്തിനു സ്വസ്ഥതയും കൂടും ! പാരീശ പാതിരിമാരുടെ പള്ളിയുടെ പേരിലുളള ഈ പകല്‍കൊള്ള ഇല്ലാതാവുകയും ചെയ്യും! വിദേശയാത്രാവിവരണം നാളെ നിങ്ങള്‍ കുറിക്കുമ്പോള്‍ ഒരു മറുനാടന്‍ സെമിത്തേരി കണ്ടാതായും ,ഉദ്യാന സമാനമായ ആ                കുഴിമാടപ്പൂന്തോട്ടം നിങ്ങളുടെ കല്ലുപോലുള്ള ഹൃദയങ്ങളെ വല്ലാതെ ആകര്‍ഷിച്ചത് കാരണം നമ്മുടെ നാട്ടിലും ഓരോ പഞ്ചായത്തിലും ഓരോ സെമിത്തേരി പൊതുജനത്തിനായി തുറക്കാന്‍ ഇടയാക്കിയതായും എഴുതാന്‍ ഇടവരട്ടെ, ആശംസിക്കുന്നു ഞാന്‍!

"മാറ്റങ്ങൾക്ക് മാത്രം മാറ്റമില്ല , മറ്റുള്ള എല്ലാറ്റിനും 'മാറ്റം' അനിവാര്യമാണുതാനും" എന്ന മഹാസത്യം ഇവിടെ ചിന്തനീയമാണ് ! "മാറ്റുവീൻ ചട്ടങ്ങളെ "// മാറ്റുവീൻ മതങ്ങളെ // മാറ്റുവീൻ ആചാരങ്ങളെ //മാറ്റുവീൻ വിശ്വാസങ്ങളെ//മാറ്റുവീൻ 'വിലവിവരപ്പട്ടിക' //എന്നാണെങ്കിൽ , ഉടനെ പള്ളിപ്പറമ്പിന്റെ വിലയും മാറ്റുവീൻ// കല്ലറ വാടകയും, പിന്നെ കാലാവധിയും മാറ്റുവീൻ എന്നകുമല്ലോ ! ആദാമിന്റെ കാലത്തു, പിന്നെ കര്ത്താവിന്റെ കാലത്തും പള്ളിക്കല്ലറയും  കാലവധിവച്ച 'വാടകയും'. പുതുക്കിയ വാടകയും ഇല്ലായിരുന്നല്ലോ! പക്ഷെ ദേവാലയം കര്ത്താവിന്റെ തിരുനാവിൽ  "കള്ളന്മാരുടെ ഗുഹ" ആയതോടെ , ദേവാലയത്തിൽ "പരിശുദ്ധ ചന്ത" തുടങ്ങിയതോടെ, സംഗതിക്കാകെ മാറ്റമായി ! കുർബാനപ്പീീസു കാലാകാലമായി കത്തനാരുകൂട്ടി , ആരും വാദിച്ചില്ല; "മാനിഷാദാ" "അരുത് കാട്ടാളാ " എന്ന് ഒരുവന്പോലും ആക്രോശിച്ചുമില്ല! എന്നാലിപ്പോൾ കല്ലറ വാടകയും, കാലാവധിയും കൂട്ടിയപ്പോൾ എന്നാത്തിന്  വെറുതെയീ നാണംകെട്ട പൊല്ലാപ്പിനായി കുറെ അവിശ്വാസികളായ ജനം കലഹിക്കുന്നു ?ഛെ ..ചേ..  
പരിശുദ്ധ പള്ളിച്ഛന്തയിലെ, എന്നും വിലകൂട്ടാവുന്ന ഏക സാധനമാണ് കല്ലറയ്ക്കുള്ള 'ഭൂമി' (ഇടം)! ഇടം കൊടുക്കുന്നവൻ "ഇടയൻ",എന്ന് ചിന്തിക്കുന്നവൻ "ഇടത്തിന് "വിലയും വാടകയും തോന്ന്യവാസിയായി കൂട്ടുന്ന ആർത്തിമൂത്ത കത്തനാരെ 'ഇടയൻ' എന്ന് വിളിക്കാമോ?  ഇവന്റെ തോന്യാസ ജല്പനങ്ങളെ 'ഇടയ ലേഖന'മെന്നു കരുതാമോ?   
മനനമുള്ള മനുഷ്യാ ,"ഘര് വാപ്പസി"യാണ് നിനക്കുത്തമം! സനാതന ഭാരതീയ മതത്തിൽ കത്തനാരുടെ കൊള്ളയ്ക്കും കൊള്ളയിടീലിനും ഇടമില്ല ! അഗ്നിയിൽ നിന്നും ഉരുവായതിനെ (ദേഹത്തെ) അഗ്നിയിൽത്തന്നെ അമര്ത്തി,അതിനെ ഇല്ലാതെയാക്കാതെ പലതാക്കുന്നതാണ് ഉത്തമം !!    

(Bishop Sunny Abraham Panachamootil we want private cemetery.that can be used by all.....like the arrangements in അമേരിക്ക)

ഇന്നലെ ഞാൻ അല്മായശബ്ദത്തിലും ഫേസ് ബുക്ക്‌ ലും കൊടുത്തിരുന്ന ഈ സെമിത്തേരി പ്രശ്നത്തിനു ഒരു നിര്‍ദ്ദേശം കൊടുത്ത -Bishop Sunny Abraham പനച്ചമൂടിൽ-നു നന്ദി ! ഓരോ ഗ്രാമത്തിലും തല്‍ക്കാലം സാധ്യമല്ലങ്കില്‍, ഓരോ താലൂക്കിലെങ്കിലും ഒരു പൊതു സ്മശാനം ജനനന്മയ്ക്ക് നമ്മുടെ സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ഒരു പൂവടിപോലെ മനോഹരമായി കിടക്കുന്ന യൂറോപ്പിലെ സ്മശാനങ്ങള്‍ നമ്മുടെ മന്ത്രിമാര്‍ ഒന്നുപോയി കണ്ടിരുന്നെങ്കില്‍ , തമ്മിലടി നിര്‍ത്തി അവര്‍ ഈ നാട്ടിലും നന്മ ചെയ്യാന്‍ തുടങ്ങിയെനേം ..  എങ്കില്‍ ജനത്തെ ശവത്തിന്റെ പേരിലും പിഴിയുന്ന പുരോഹിത ഹുങ്ക് ഒന്ന് ശമിച്ചെനെം ! അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ പറഞ്ഞ ക്രിസ്തുവും സന്തോഷിച്ചേനേം .. "ഒരു ജാതി, ഒരുമതം, ഒരു ദൈവം,  ഒരു സെമിത്തേരി മനുഷ്യനു"എന്ന നാരായണീയ ചിന്ത മാലഖമാരോടൊപ്പം നമുക്കും പങ്കിടാം ...


       
  

Thursday, December 24, 2015

വിശുദ്ധമാംസം! വിശുദ്ധപടക്കം! !

പ്രത്യേക ലേഖകന്‍

(ചങ്ങനാശ്ശേരി അതിരൂപതയിലെ മാമൂട് ഇടവകയില്‍ പള്ളിപണി നടക്കുകയാണ്. അതിനു പണമുണ്ടാക്കാന്‍ ഇറച്ചി, കേക്ക്, പടക്കം ആദിയായ ക്രിസ്മസ് ഉല്പന്നങ്ങളുടെ ബിസിനസ്സ് മുഴുവന്‍ ഒരുപാട് സാധാരണ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിച്ചുകൊണ്ട് പള്ളി ഏറ്റെടുത്തതായി അറിയാന്‍ കഴിഞ്ഞു. ഇതു ശരിയാണോ എന്നറിയാന്‍ ഞങ്ങളുടെ പ്രത്യേക ലേഖകന്‍ മാമൂട് പള്ളിവികാരിയുമായി ഫോണില്‍ നടത്തിയ സംഭാഷണമാണ് താഴെ കൊടുത്തിരിക്കുന്നത്.)

ലേഖകന്‍: മാമൂടു പള്ളിയിലെ വികാരിയാണോ?
അച്ചന്‍: അതേല്ലോ.
ലേഖകന്‍: അച്ചോ, അവിടെ പോത്തിറച്ചി വില്‍ക്കുന്നുണ്ടെന്നു കേട്ടല്ലോ.
അച്ചന്‍: ഉണ്ടായിരുന്നു, മുഴുവന്‍ വിറ്റുപോയല്ലോ. പക്ഷേ, ഞങ്ങള്‍ക്കിവിടെ പടക്കമുണ്ട് കേട്ടോ; ശിവകാശിയില്‍നിന്നു കൊണ്ടുവന്ന ഒറിജിനല്‍ പടക്കം.
ലേഖകന്‍: പടക്കംകൊണ്ടു കാര്യമില്ലച്ചോ, പോത്തിറച്ചിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. 50 കിലോയെങ്കിലും വേണം. ഒരു കുടുംബയോഗത്തിനു വേണ്ടിയാണ്. (അച്ചന്റെ മനസ്സിലൊരു കട്‌ലേറ്റ് പൊട്ടി!)
അച്ചന്‍: എങ്കില്‍ ഞാനൊന്നന്വേഷിക്കട്ടെ; ചിലപ്പോള്‍ തീര്‍ന്നുകാണില്ല.
ലേഖകന്‍: അച്ചോ, കിലോയ്‌ക്കെത്ര വില വരുമായിരിക്കും?
അച്ചന്‍: 350/- രൂപായെങ്കിലും വേണം. ഒന്നാന്തരം പോത്താണ്. (സമീപപ്രദേശങ്ങളില്‍ വില 280/- രൂപയാണ്).
ലേഖകന്‍: പൈസ ഒരു പ്രശ്‌നമല്ലച്ചോ. ഒരു നല്ല സംരംഭമല്ലേ? അതിന്റെ ഭാഗമാകാനാണ് ഞങ്ങള്‍ അവിടുന്നുതന്നെ വാങ്ങാമെന്നുവച്ചത്.
അച്ചന്‍: നിങ്ങള്‍ എവിടുന്നാ വിളിക്കുന്നത്?
ലേഖകന്‍: കോട്ടയത്തു നിന്നാണച്ചോ.
അച്ചന്‍: (പൊട്ടച്ചിരിച്ചുകൊണ്ട്) മാമൂടു പള്ളിയില്‍ പോത്തു വില്‍ക്കുന്നുണ്ടെന്നു കോട്ടയത്തെങ്ങനെയറിഞ്ഞു?
ലേഖകന്‍: ആ ഇടവകയിലെ ഒരു വീട്ടുകാരുടെ ബന്ധു ഞങ്ങളുടെ സുഹൃത്താണ്. അദ്ദേഹം വഴിയാണറിഞ്ഞത്.
അച്ചന്‍: 50 കിലോ ആയതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും ഞാനന്വേഷിക്കാം. (പുറത്തു നിന്ന് 280/- രൂപയ്ക്ക് 50 കിലോ വാങ്ങി, ആശീര്‍വദിച്ച് ആനാം വെള്ളവും തളിച്ച് 350/- രൂപയ്ക്കു തരാനായിരിക്കും അച്ചന്റെ പദ്ധതി).
ലേഖകന്‍: എന്നാല്‍, കുറേക്കഴിഞ്ഞ് ഞാനങ്ങോട്ടു വിളിച്ചോളാം.
അച്ചന്‍: അതുവേണ്ട, ഞാന്‍ അങ്ങോട്ടു വിളിച്ചോളാം.

കരുണയും കത്തനാരന്മാരും...

മോഡി വന്നുപോയതേ കുമ്മനം രാജശേഖരനെ ഡൽഹിക്ക് വിളിപ്പിച്ചു. മോഡിയെ കാണാൻ വന്ന മേജർ ആർച്ച് ബിഷപ്പിനേയും കൂടി ആരെങ്കിലും ഡൽഹിക്ക് വിളിപ്പിക്കുമെന്നോ ഏതെങ്കിലും ഭാരവാഹിത്വം അങ്ങേർക്കു കൊടുത്തേക്കുമെന്നോ ഞാൻ പേടിച്ചു പോയി. ഭാഗ്യത്തിന് അങ്ങിനെയൊന്നും സംഭവിച്ചില്ല. കുറെക്കാലമായി മോഡിയെ പ്രകീർത്തിച്ചുകുഴഞ്ഞ നാവുകൾ ഇവിടെ ധാരാളം. എല്ലാത്തിനും പ്രതിഫലമായി കോട്ടയത്ത് നിന്നുള്ള ഒരിഷ്ടതാരത്തെ കേന്ദ്രത്തിൽ മന്ത്രിയാക്കാമെന്നു ധാരണയായിട്ടുണ്ടെന്നു കേൾക്കുന്നു. ബി ജെ പി ക്ക് കേരളത്തിൽ കത്തോലിക്കരെ ഒതുക്കണം ഒതുക്കണം എന്നാഗ്രഹമില്ലാഞ്ഞിട്ടല്ല. ഓരോന്ന് പ്ലാനിട്ടു വരുമ്പോൾ എത്ര പേരാ കാൽക്കൽ. ശശികല ടീച്ചർ ഓർത്തിരിക്കുന്നത് ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ കത്തോലിക്കനു കിട്ടുന്ന ആനുകൂല്യങ്ങൾ മുഴുവൻ വിശ്വാസികളാ ആസ്വദിക്കുന്നതെന്നാ. മൊത്തം മെത്രാന്മാർക്കും അച്ഛന്മാർക്കും ഒള്ളതല്ല്യോ! ഒന്നിനും ആരും കണക്കു കൊടുക്കേണ്ട (ഇന്ത്യയിൽ ആരെയും കണക്ക് ബോധിപ്പിക്കാതെ പണം കൈകാര്യം ചെയ്യാൻ അവകാശമുള്ള മതവിഭാഗമാണ്‌ ക്രിസ്ത്യാനികൾ!), മെത്രാന്മാരുടെ നേതൃത്വത്തിൽ ജാലിയൻവാലാ കാട്ടിയാലും, പശ്ചിമഘട്ടക്കാർ സർക്കാർ ഓഫീസ് കത്തിച്ചാലും അത് തീവ്രവാദമല്ല, അദ്ധ്യാപകരെ നിയമിച്ച് എത്ര കാശു വാങ്ങിയാലും ആർക്കും ചോദിക്കാൻ അവകാശമില്ല, ഒരരമനയും പരിശോധിക്കാൻ ആർക്കും ധൈര്യമില്ല, വിശ്വാസികളുടെ നേരെ എങ്ങിനെ മെക്കിട്ടു കേറാനും മെത്രാന്മാർക്ക് സ്വാതന്ത്ര്യം ....... അങ്ങിനങ്ങിനെ. പണവും ആൾ ബലവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും എന്തുമാവാം. ഇവർക്കൊരു മൂക്ക് കയറിട്ട്‌ നേരെ നടത്താൻ ചിലപ്പോൾ കുമ്മനത്തിനു കഴിഞ്ഞേക്കാം. രാജ്യം മുഴുവൻ ആഞ്ഞു പിടിച്ചിട്ടും അഭയയുടെ ഘാതകരെ ശിക്ഷിക്കാൻ കഴിഞ്ഞോ? പാലായിൽ കൊലപാതകം ഒതുക്കാൻ കൂട്ടുനിന്ന കന്യാസ്ത്രികളുടെ ഒരു സെയിഫ്ടിപിൻ പോലും ഊരാൻ ആർക്കെങ്കിലും കഴിഞ്ഞോ? 

എല്ലാരും ഓർക്കുമായിരിക്കും ആലഞ്ചേരിപിതാവിന്  ഈ സഭയിലെ ഉടായിപ്പുകൾ പരിഹരിക്കാൻ കഴിവില്ല, അദ്ദേഹം ഒരു മന്ദബുദ്ധിയാണെന്നൊക്കെ. ഇതിനൊക്കെ മറുപടി പറഞ്ഞത് ഇന്ത്യ റ്റുഡേക്കാരാ. അവർ കത്തോലിക്കാ സഭയേപ്പറ്റി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'അനുസരണയില്ലാത്ത ഇടയന്മാർ' എന്നായിരുന്നു. ആലഞ്ചേരി പറഞ്ഞാൽ ആരു കേൾക്കാൻ? ഏറ്റവും വലിയ ജ്ഞാനികളും വിശൂദ്ധരുമായവർ ഇവിടെയാണെന്നു ഭാവിക്കുന്ന ചങ്ങനാശ്ശേരിക്കാർ, തൊഴിലാളി പാർട്ടി ഉണ്ടാക്കി ഇലക്ഷനിൽ മത്സരിച്ചു 18 പേരെ വിജയിപ്പിച്ചു. ആലഞ്ചേരിയുടെ പോളിസി കാക്കാനാട്ടു മതിയെന്നായിരിക്കണം അവരുദ്ദേശിച്ചത്. അവിടങ്ങിനെയെങ്കിൽ ബാക്കി രൂപതക്കാരുടെ കാര്യം എന്ത് പറയാൻ? ഒരു വൈദികന്റെ മറവിൽ തട്ടിപ്പറിച്ചെടൂത്തു എന്ന് പറയുന്ന പണം തിരികെ കൊടുക്കാൻ പാലായിലുള്ള ഒരു അച്ചനോട് ആലഞ്ചേരി പറഞ്ഞിട്ട്‌ എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. അതായത്, അച്ചന്മാരുപോലും വകവെക്കാത്ത ഒരു വല്യ പിതാവ്. അദ്ദേഹം ഒല്ലൂരും തലോറുമൊക്കെ എന്ത് സംഭവിക്കുന്നുവെന്നറിയാൻ പത്രം നോക്കി ഇരിക്കട്ടെ. ഇങ്ങിനെയൊരു നേതാവു സഭക്കൊരു ബാദ്ധ്യതയാണെന്നു പറയാതെ വയ്യ. ഏതായാലും ലോകമാസകലം സീറോ മലബാർ ഇപ്പോൾ അവഹേളനാ പാത്രമായിട്ടുണ്ട്. ബ്രിസ്ബണിലും കോളയാടും മാത്രമല്ല, വിശ്വാസികൾ പള്ളിക്ക് പാര പണിതത്; കാനഡാ അര രൂപതയിലും അത്മായർ പണി തുടങ്ങി. അവിടുത്തെ കള്ളുവേലി മെത്രാന് അതുമിതുമൊക്കെ പണിതാൽ കൊള്ളാമെന്നുണ്ട്, കേരളത്തിൽ ജനിച്ച കത്തോലിക്കരെല്ലാം കാൽക്കീഴിൽ വന്നാൽ കൊള്ളാമെന്നുണ്ട്. പക്ഷെ, സംഗതി പഴയതുപോലെ അങ്ങ് എറിക്കുന്നില്ല. നിലവിൽ അവിടുത്തെ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തിനു കുഴപ്പമൊന്നുമില്ലെന്നാണ് അവിടുള്ളവർ പറയുന്നത്. മുൻ അനുഭവങ്ങളാണ് അവരെക്കൊണ്ടിതു പറയിപ്പിക്കുന്നത്. തുള ചെറുതാണെങ്കിലും കപ്പൽ മുങ്ങാൻ അത് മതി കാരണം തമ്പ്രാക്കന്മാരെ.

കരുണയുടെ വർഷം വരുന്നുവെന്നു കേട്ടപ്പോഴെ ഞാൻ നിശ്ചയിച്ചതാ ആർക്കിട്ടോ വെച്ചിട്ടുണ്ടെന്ന്. ബംബർ ഭാഗ്യവാൻ ഒല്ലൂർ തെക്കിനിയത്ത് റാഫേൽ ആയിപ്പോയി എന്നേയുള്ളൂ. മെത്രാന്മാരുടെ പ്രസംഗം കേട്ടാൽ ആരും കോരിത്തരിക്കും. കരുണ കാണിക്കാൻ കിട്ടുന്ന അവസരങ്ങൾ കളയരുതെന്നാണ് റമീജിയൂസ് പറയുന്നത്. എന്നിട്ടദ്ദേഹം കാട്ടിയതോ, കുടുംബ കല്ലറകളൂടെ ആയുസ്സ് 50 വര്ഷമായി നിശ്ചയിച്ചു. ഇക്കാലമത്രയും ആയുസ്സ് നിശ്ചയിക്കാഞ്ഞതിന്റെ പേരിൽ ഒരു കുഴപ്പവും ഒരിടത്തും ഉണ്ടായിരുന്നില്ലെന്നോർക്കണം. റബ്ബറിനും ഏലത്തിനുമൊന്നും വിലയില്ലാതെ വിഷമിക്കുന്ന കർഷകരെ രക്ഷിക്കാൻ അദ്ദേഹം വേറൊരു വഴിയും കണ്ടില്ല. പള്ളി സ്വത്തുക്കൾ അത്മായർ ഭരിച്ചുകൊണ്ടിരുന്ന കാലത്താണ് സഭ വളർന്നതെന്നു മനസ്സിലാക്കിയാൽ നല്ലത്. ശരിക്കും കരുണയുടെ സന്ദേശം എങ്ങിനെയിരിക്കുമെന്ന് ലോകത്തെ അറിയിച്ചത്  ഒല്ലൂർ കത്തോലിക്കരാണെന്നു പറയാതെ വയ്യ. വഴിയേ വന്ന പത്രക്കാരോട് പോലും അവർ കരുണ കാണിച്ചു. സർവ്വർക്കും  കരുണ കൊടുത്തേ അടങ്ങൂവെന്ന് നിർബന്ധമുള്ള തൃശ്ശൂർ അതിരൂപത, വെടിക്കെട്ട്‌ കേസ് റാഫേൽ തന്നെ പിൻവലിക്കണം, അതാണ്‌ കരുണ എന്ന നിഗമനത്തിലെത്തിയിരുന്നു. ഇപ്പോൾ ഈ കരുണക്കൊന്ത ചോല്ലാതിരിക്കാൻ മുഖ്യധാര പത്രങ്ങൾക്കും വയ്യാതായിട്ടുണ്ട്. പണ്ടുകാലം മുതലേ ഉടുത്തുപോന്ന കോണകം ഇപ്പോഴും ഉടുക്കണമെന്നും അന്നത്തെ വെടിക്കൊട്ട് ഇപ്പോഴും നടത്തണമെന്നുമൊക്കെ പറയുന്ന പാരമ്പര്യവാദികളുടെ കാര്യം എന്ത് പറയാൻ! കരുണയുടെ വാതിലുകൾ തുറക്കാൻ നടക്കുന്ന അഭിനവ ശ്രേഷ്ടന്മാർക്ക് പറ്റിയ പേരിടാൻ കുമ്മനത്തിനെ വിളിക്കണോ, പിണറായിയെ വിളിക്കണോ വെള്ളാപ്പള്ളിയെ വിളിക്കണോ?

ബർണ്ണാർഡ് ഷായുടെ അടുത്ത്, ഒരു വൈദികന്റെ ശവസംസ്കാരത്തിനു പിരിവെടുക്കാൻ പോയ ആളുകളുടെ കഥ ആരോ പറഞ്ഞത് ഇയ്യിടെ കേട്ടു. പിശുക്കനായ ഷാ ഒരു പൗണ്ട് ചോദിച്ച അവർക്ക് രണ്ട് പൗണ്ട് കൊടുത്തിട്ട് രണ്ടു പേരുടെ ശവസംസ്കാരം നടത്താൻ ആവശ്യ്യപ്പെട്ടത്രെ. കേരളത്തിലും ആ സ്ഥിതി ആയിട്ടുണ്ട്. ഒല്ലൂരെ അച്ചൻ പറഞ്ഞത് ഒരിടവകക്കാരൻ ദൈവത്തിനും മാലാഖാക്കുമെതിരെ കേസ് കൊടുത്തിരിക്കുന്നു എന്നാണ്. ദൈവത്തിനും കൊക്കനുമെതിരെ ഇപ്പോൾ തന്നെ തൃശ്ശൂരിൽ ഒരു കേസു നിലവിലുണ്ട്. ഏതായാലും തെക്കിനിയത്തു റാഫേലിനും വീട്ടുകാർക്കും ദീർഘായുസ്സും സർവ്വൈശ്വര്യങ്ങളും ഉറപ്പ്. പള്ളിക്ക് ക്വസ്റ്യൻ മാർക്കിട്ട പുലിക്കുന്നൻ സാർ ഇപ്പോൾ 92ൽ; ഓർമ്മക്കൊരു കുറവുമില്ല. ബനഡിക്റ്റച്ചനെ തൂക്കിക്കൊല്ലാൻ വിധിച്ച കുഞ്ഞിരാമൻ വൈദ്യരും 90 കഴിഞ്ഞാ മരിച്ചത്. അദ്ദേഹത്തിന്റെ മകനാണ്‌, കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ്‍. അച്ചന്മാരുടെ പ്രാക്ക്  കിട്ടുകയെന്നത്‌ ഐശ്വര്യമായാണു ഇപ്പോൾ പൊതുവേ കരുതപ്പെടുന്നത്. 

സത്യത്തിൽ സി. ലിസ്സാ മരിയായുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതു പോലും വേദനയോടെയാണ്. അടിയിൽവരെ കൽപടവുകളുള്ള കിണറ്റിൽ സിസ്റർ രക്ഷപ്പെടാൻ ഒരു ശ്രമവും നടത്തിയില്ലെന്നും, കിണറിന്റെ മൂടിക്കു സ്ഥാനചലനം ഉണ്ടായിരുന്നില്ലെന്നും, ലോകചരിത്രത്തിൽ ആദ്യമായി ഈ മൃതദേഹം മാത്രം കമഴ്ന്നു കിടന്നെന്നും,  കിണറ്റിൽചാടിയ വകയിൽ ഉണ്ടായ മുറിവിലെ ചോര വെള്ളത്തിൽ കിടന്നുണങ്ങിയെന്നും ഒക്കെ ഫെയിസ് ബുക്കിൽ നിന്നും വായിക്കുന്നു. അന്വേഷിക്കാൻ ആരോ വരുന്നെന്നു കേട്ടതേ മഠം പൂട്ടി സ്ഥലംവിട്ട കന്യകമാർ ആരോടെങ്കിലും എന്നെങ്കിലും സമാധാനം പറയേണ്ടി വരുമെന്നോർക്കുക. അച്ചന്മാരുടെയും കാന്യാസ്ത്രിമാരുടേയും ലോകം വേറൊന്നാണ്‌. എത്ര കൊടുങ്കാറ്റുണ്ടായാലും ദൈവത്തെ വിളിച്ചാൽ രക്ഷിക്കപ്പെടും എന്ന് അവർ പ്രസംഗിക്കും. അവർക്ക് പനി വന്നാൽ ഏതെങ്കിലും രോഗശാന്തിക്കാരന്റെ അടുക്കൽ പോയി അടയിരിക്കുമോ? ഇല്ല. അവർ നേരെ ഏതെങ്കിലും സൂപ്പെർ സ്പെഷ്യാലിറ്റിയിലോട്ട് പിടിക്കും. സാധാരണക്കാരോട് ഏതെങ്കിലും രോഗശാന്തിയിലോട്ടു പിടിപ്പിച്ചോളാനും പറയും. കുർബ്ബാന സമയത്തു ഭൂമികുലുക്കം വന്നാൽ എല്ലാവരും പള്ളിക്ക് പുറത്തേക്ക് തന്നെയേ ഓടൂ. അത്ര ദൃഢമാണ് വിശ്വാസികളുടെയും നിലവാരം. 

"പ്രപഞ്ചത്തിന്റെയും  മനുഷ്യസമൂഹത്തിന്റെയും താളലയം സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ക്രിസ്മസ്" മാർ ആലഞ്ചേരി (കടപ്പാട്, ദീപിക - 24-12-2015). കേരളം വിട്ട് പ്രപഞ്ചത്തിന്റെ കാര്യമേ വല്യപിതാവ് ഇനി പറയാൻ ഇടയുള്ളൂ. 

കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു.

കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു കൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ കൽപ്പനയിൽ വ്യാപക പ്രതിഷേധം; കുടുംബക്കല്ലറയിൽ സംസ്‌കരിക്കണമെങ്കിൽ പള്ളി പറയുന്ന തുക കൊടുക്കണമെന്ന് ബിഷപ്പ്: ആറടി മണ്ണിനു തുക നിശ്ചയിച്ച മെത്രാനു വിശ്വാസി അയച്ച കത്ത് മറുനാടന്

December 23, 2015 | 01:00 PM | Permalinkആർ കെ നീലകണ്ഠൻ

കോഴിക്കോട്: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചുകൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ പുതിയ സഭാകൽപ്പനയ്‌ക്കെതിരെ സഭാ വിശ്വാസികളുടെ പ്രതിഷേധം. ഇത് പുനർവിചിന്തനം നടത്തി പിൻവലിക്കണമെന്നാവശ്യപ്പെട്ടു താമരശേരി ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിലിന് സഭാവിശ്വാസിയായ സി.കെ ജോസഫ് അയച്ച കത്ത് മറുനാടൻ മലയാളിക്ക് ലഭിച്ചു. കുടുംബക്കല്ലറ എന്നാൽ കുടുംബത്തിന്റെ ആയുഷ്‌ക്കാലമത്രയും കുടുംബത്തിൽപ്പെട്ട അംഗങ്ങളുടെ സംസ്‌കാരത്തിനായി എടുത്തിട്ടുള്ളതാണ്. എന്നാൽ നിലവിൽ എടുത്ത കുടുംബക്കല്ലറകൾ ഉപയോഗിക്കാൻ ഒരു കുടുംബത്തിനു 50 വർഷമേ അധികാരമുള്ളൂവെന്നാണ് താമരശേരി മെത്രാന്റെ പുതിയ കല്പന. അമ്പതു വർഷത്തിനു ശേഷം അന്നു പള്ളി നിശ്ചയിക്കുന്ന തുക നൽകി മാത്രമേ വീണ്ടും കുടുംബക്കല്ലറകൾ പള്ളികൾ നൽകാവൂ എന്നുള്ളതാണ് സഭയുടെയും മെത്രാന്റെയും പുതിയ നിയമം.

വിശ്വാസികളുടെ ആത്മീയ ശുശ്രുഷകൾക്ക് വില നിശ്ചയിച്ചു ബോർഡുകളിൽ പരസ്യപ്പെടുത്തി കണക്കുപറഞ്ഞു പണം ഇടാക്കുന്ന കച്ചവടസമ്പ്രദായം മഹാപാതകമാണെന്നും അതിനു വിശ്വാസികൾ കൂട്ടുനില്ക്കരുതെന്നും കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുണ്ടെന്നു സി.കെ ജോസഫ് താമരശേരി ബിഷപ്പിനയച്ച കത്തിൽ പറയുന്നു. ആദ്യം ഒരു ഭീമമായ തുക വാങ്ങി വീണ്ടും അതേ കാര്യത്തിനായി തുക വാങ്ങിക്കുന്ന പദ്ധതി സഭയ്ക്കു പണത്തിനോടുള്ള അത്യാർത്തിയാണു പ്രകടമാക്കുന്നതെന്നും കത്തിൽ പറയുന്നു. സഭയും മെത്രാനും പുനർചിന്തനം നടത്തി ഇപ്പോൾ എടുത്ത നടപടി പിൻവലിക്കണമെന്നു കത്തിലൂടെ സി.കെ ജോസഫ് ആവശ്യപ്പെടുന്നു.

സെപ്റ്റംബർ 15 മുതലാണ് സഭയുടെ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇപ്പോൾ ഒന്നര ലക്ഷം കൊടുത്ത കുടുംബക്കാർ അമ്പതു വർഷം കഴിഞ്ഞു വീണ്ടും തുക അടച്ചാൽ മാത്രമാണ് പിന്നെ ഒരു കുടുംബത്തിന് സംസ്‌ക്കരിക്കാനായി കല്ലറ ലഭിക്കുകയെന്നു പറയുന്ന സഭയുടെ പുതിയ നിയമനടപടികൾ ശരിയല്ലെന്നും, ആറടി മണ്ണ് മതി ഒരു മനുഷ്യന് അന്ത്യവിശ്രമം കൊള്ളാനെന്നും രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വിതിയും മാത്രമുള്ള കല്ലറകൾക്കു സഭ കണക്കു പറഞ്ഞു കാശ് മേടിക്കുന്നത് മനുഷ്യത്വരഹിതവും പാപവുമാണെന്നും സി.കെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പുതിയ നിയമം അനുസരിച്ച് അമ്പതുവർഷം കഴിഞ്ഞു ഒരു കുടുംബം പണം നല്കിയില്ലെങ്കിൽ ആ കല്ലറ പിന്നിട് പണം കൊടുത്ത വേറെ കുടുംബത്തിനു നൽകും. ഒരു കുടുംബത്തിന്റെ കുടുംബക്കല്ലറകളിൽ വേറൊരു കുടുംബത്തിന്റെ സംസ്‌കാരം നടത്തിയാൽ അത് സഭാവിശ്വാസികളുടെ ഇടയിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും പിന്നെ നിയമനടപടികളും കോടതി പ്രശ്‌നങ്ങളും മറ്റുമായി വലിയ വഴക്കിനു വഴിവയ്ക്കുമെന്നും പള്ളികളിൽ വിശ്വാസികൾ തമ്മിലുള്ള അസഹിഷ്ണുതകൾ പ്രത്യക്ഷപ്പെടാൻ ഇതു കാരണമാകുമെന്നും സി.കെ ജോസഫ് പറയുന്നു.

ഇങ്ങനെ ഒരു നിയമം സഭ കൊണ്ടുവന്നത് തികച്ചും ഏകപക്ഷിയമാണെന്ന് സി.കെ ജോസഫ് പറയുന്നു. ഒരു പള്ളി ഇടവകയിലും ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തിയതായി അറിയില്ല. ഇടവക അംഗങ്ങളോടോ, ഇപ്പോൾ നിലവിൽ കുടുംബകല്ലറകളുള്ള കുടുംബക്കരോടോ ഒരു അഭിപ്രായം പോലും ചോദിക്കാതെ തികച്ചും സഭ ഇതിൽ ജനാധിപത്യമര്യാദ പാലിച്ചിട്ടില്ലെന്നും സി.കെ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതുവരെ കത്തിന് മെത്രാന്റെയോ സഭയുടെ ഭാഗത്തുനിന്നോ തിരിച്ചു യാതൊരു മറുപടിയും കിട്ടിയിട്ടില്ലെന്നും സി.കെ ജോസഫ് പറഞ്ഞു. പേരാമ്പ്രയിൽ കടത്തുകടവ് സ്വദേശിയാണ് സി.കെ ജോസഫ്. റിട്ടയർ ചെയ്ത അദ്ധ്യാപകനായ ഇദ്ദേഹം ഇപ്പോൾ സ്വന്തം കൃഷി നോക്കിനടത്തുകയാണ്.

50- 60 വർഷങ്ങൾക്കു മുൻപ് മലബാറിലേക്ക് കുടിയേറിയ കത്തോലിക്കാവിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടുന്ന രുപതയാണ് താമരശേരി രൂപത. മലബാറിലും, കോഴിക്കോടുമായി താമരശേരി രൂപതയ്ക്ക് ഏതാണ്ട് 200 പള്ളികളാണുള്ളത്. ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു പല പള്ളിയും കുടുംബകല്ലറക്കായി വാങ്ങിക്കുന്നത്. ഓരോ പള്ളിയിലും ഓരോ തുകയാണ് ഇപ്പോൾ വാങ്ങുന്നത്. പണ്ട് തുകയ്ക്ക് പരിധി നിശ്ചയിച്ചിരുന്നില്ല. ഇപ്പോൾ പരിധി നിശ്ചയിക്കുമ്പോൾ അതിനോടോപ്പം ഇതിനുവേണ്ടിയുള്ള തുകയും നിശ്ചയിക്കപ്പെടും. പെട്ടെന്നുള്ള സഭാ കല്പന വളരെ വിഷമത്തോടെയാണ് പല സഭാ വിശ്വാസികളും കാണുന്നത്.

copy from, Marunaadan Malayalee:

Tuesday, December 22, 2015

കൂദാശക്കെട്ടുകൾ !

കൂദാശക്കെട്ടുകൾ !

ഒരിക്കൽ ഒരിടത്ത് ഒരു മനുഷ്യൻ ഒരു കഴുതസവാരിക്ക് പോയി . യാത്ര തീരും മുൻപേ അതിഭയങ്കരമായ കാറ്റും മഴയും വരികയാൽ , അടുത്തുകണ്ട വീട്ടിൽ ഇയാൾ മഴ നനയാതെ അഭയം തേടി . മഴയത്ത് തന്റെ കഴുത്ത ഓടിപോയെങ്കിലോ എന്ന ആശങ്ക കാരണം അയാള് വീട്ടുടയനോട് 'കഴുതയെ കെട്ടിയിടാൻ ഇത്തിരി കയർ' ചോദിച്ചു . ഉത്തരമായി വീട്ടുടയൻ ,"ഇവിടെ കയറില്ല പക്ഷെ ഞാൻ കഴുതയെ കെട്ടിയിട്ടുകൊള്ളാം" എന്ന് വഴിയാത്രക്കാരനോട് പറഞ്ഞിട്ട്, കഴുതയെ അടുത്ത മരത്തിന്റെ മൂട്ടിലേക്ക് തെളിച്ചു.. മരത്തിന്റെ മൂട്ടിൽ എത്തിയ കഴുതയെ അയാൾ കയറുകൊണ്ട് കഴുതയുടെ കഴുത്തിലും, തുടർന്ന് ആ കയർ  മരത്തിലും  കെട്ടിയിടുന്നതായി കൈകൊണ്ട്  ആഗ്യം കാണിച്ചു മടങ്ങി.. മഴ തോരുംവരെ കഴുത്ത അവിടെത്തന്നെ കെട്ടിയിടപ്പെട്ട  കഴുതകണക്കെ നിലയുറപ്പിച്ചു! .
 മഴ തോർന്നതു കാരണം വഴിയാത്രക്കാരൻ യാത്ര തുടരാൻ ഒരുങ്ങി കഴുതയെ തെളിച്ചു, കഴുത്ത അനങ്ങുന്നില്ല ! ഒടുവിൽ അരിശം മൂത്ത് അടിച്ചു . അടി കൊണ്ടിട്ടും കഴുതയ്ക്   ചലനമില്ല, അനങ്ങുന്നുമില്ല! സഹികെട്ട് യാത്രക്കാരൻ വീട്ടുടയനെ വിളിച്ചു "താങ്കള് എന്താണ് എന്റെ കഴുതയെ ച്യ്തത് ,വല്ല ദുർമന്ത്രവാദവും ആണോ" എന്ന് കയർത്തു! ഉടനെ വീട്ടുടയൻ  കഴുതയുടെ അരികിൽ വന്നു, അതിനെ മരത്തിൽ നിന്നും കെട്ടഴിച്ചു വിടുന്നതായി കൈകൊണ്ടു ആഗ്യം കാണിച്ചു പുറകിൽ ഒരു കൊച്ചടിയും കൊടുത്തു..കഴുത്ത ഓടടാ ഓട്ടം! 
      
പള്ളിയിൽ പാതിരി ഈ മാതിരി 'കൂദാശ' കെട്ടുകൊണ്ട് ജനമാകുന്ന കഴുതമനസുകളെ  കെട്ടിയിട്ടിരിക്കയാണ്‌ സത്യം! ഇനിയും ക്രിസ്തു വന്നു "ഇതുകെട്ടല്ല ,പുരോഹിതന്റെ ചെപ്പടി വിദ്യയുമല്ല ,പിന്നെയോ നിങ്ങളുടെ 'ആത്മീയ അന്ധത' ഒന്ന് മാത്രമാണെന്ന് വാദിച്ചാലും അതിയാനു വീണ്ടും കുരിശുമരണം ഫലം !
ഒല്ലൂരിലെ മനനമുള്ളവൻ  ഈ കിട്ടിയ തക്കം നോക്കി കള്ളപ്പുരോഹിതന്റെ അടിമത്തത്തിൽനിന്നും കള്ളക്കൂടാശ കെട്ടുകളിൽ നിന്നും ഒരിക്കലായി രക്ഷപെടുവാൻ "ഘര് വാപ്പാസി" അനുകരിക്കും! ഒല്ലൂരിൽ ഇതിനു തുടക്കം കുറിച്ചാൽ കേരളമാകെ അതിന്റെ ഫലം ലഭിക്കും നിശ്ചയം ! മേലിൽ ഈ 'പുരോഹിത'/ തെമ്മാടിക്കൾ പാവം ജനമെന്ന ഇരുകാലി ആടുകളെ തൊടാനും ഒന്ന് അറയ്ക്കും!      

ഒരിക്കൽ അബ്രഹാം പിതാവായ തേരഹിന്റെ മതം വെടിഞ്ഞതുപോലെ / പണ്ട് നമ്മുടെ ഇന്ത്യൻ പിതാക്കന്മാർ  അവരുടെ പിതാക്കന്മാരുടെ സനാതനമതം വെടുഞ്ഞു, ഈ അവിഞ്ഞ പാതിരിപ്പുരകെ പോയതുപോലെ, ഇപ്പോഴിതാ ഈ ഒല്ലൂർ കുടുംബത്തിനും ഒരു സുവർന്ണാവസരം വന്നിരിക്കുന്നു , മടങ്ങിപോകാൻ! പള്ളിയിലെ ദൈവത്തെ അറിയാത്ത പാതിരിയുടെ 'ജല്പനക്കൂദാസ' വെടിഞ്ഞു ഓടുവാൻ /സബ് രെജിസ്ടർ ഓഫീസിൽ (സര്ക്കാര് സാക്ഷി വിവാഹിതരാകുവാൻ) ദൈവമായി തന്ന ഈ സുവര്ന്നകാലം പാഴാക്കരുതേ ...  ഘര് വപ്പാസി.!  

ROY MANAPPALLIL : TELEFILM-SANTHWANAM

Monday, December 21, 2015

janam-tv-reporters-attacked-in-ollur

http://joyvarocky.blogspot.in/2015/12/janam-tv-reporters-attacked-in-ollur.html

Sunday, December 20, 2015

സിസ്റ്റർ ലിസാ മരിയായുടെ മരണം കൊലപാതകമൊ......?ക്രിസ്തുമസാഘോഷങ്ങളുടെ ചരിത്രവും വിമർശനങ്ങളും


By ജോസഫ് പടന്നമാക്കൽ

ലോകമാകമാനമുള്ള ക്രിസ്ത്യാനികൾ ക്രിസ്തുമസിനെ അദ്ധ്യാത്മികതയുടെയും പരിശുദ്ധിയുടെയും ദിനമായി  ആചരിച്ചു വരുന്നു. 'ക്രിസ്തുമസ്'  വിവിധ രാജ്യങ്ങളുടെ  മതപരവും സാംസ്ക്കാരികവും സാമൂഹികവുമായ  ആഘോഷ ദിനമാണ്. എങ്കിലും  ആധുനിക ലോകം ക്രിസ്തുമസിനെ  വ്യവസായിവൽക്കരിച്ചിരിക്കുന്നതായും കാണാം. സമ്മാനങ്ങൾ കൈമാറുക, ക്രിസ്തുമസ് മരം അലങ്കരിക്കുക, പള്ളിയിൽ പോവുക, ബന്ധുക്കളും സുഹൃത്തുക്കളുമായി ഭക്ഷണം പങ്കു വെക്കുക, സാന്റാ ക്ലോസിന്റെ വരവ് കാത്തിരിക്കുക  എന്നിങ്ങനെയുള്ള  ക്രിസ്തുമസ് ദിനത്തിലെ പരമ്പരാഗതങ്ങളായ  ആചാരങ്ങൾ നൂറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്നു.ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ജന്മദിനം ഘോഷിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടിലാണ്  സഭാധികാരികൾ യേശുവിന്റെ ജന്മ ദിനാ ഘോഷത്തിനു തുടക്കമിട്ടത്.

2012-ലെ ക്രിസ്തുമസ് കാലത്ത്   ബനഡിക്റ്റ്  മാർപാപ്പാ യേശുവിന്റെ ശൈശവ കാലങ്ങളെ വിവരിച്ചുകൊണ്ടു  'നസ്രത്തിലെ യേശു'വെന്ന (ജീസസ് ഓഫ് നസറത്ത്)  ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. "ആറാം  നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ,'ഡയോനിസിയസ്  എക്സിഗൂസ്' എന്നു പേരുള്ള ഒരു ക്രിസ്ത്യൻ പുരോഹിതൻ തയ്യാറാക്കിയ ക്രിസ്ത്യൻ കലണ്ടർ തികച്ചും അബദ്ധങ്ങൾ നിറഞ്ഞതാണെന്നു"   മാർപാപ്പായുടെ  പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. സഭ അംഗികരിച്ച  ഈ കലണ്ടറിലുള്ള  യേശുവിന്റെ ജനനതിയതിയും മാസവും വർഷവും  ശരിയല്ലെന്നും  അനേക വർഷങ്ങളുടെ വ്യത്യാസത്തിലാണ് കലണ്ടറുണ്ടാക്കിയിരിക്കുന്നതെന്നും  ബനഡിക്റ്റിന്റെ ഈ ഗവേഷണ ഗ്രന്ഥത്തിലുണ്ട്. ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി ആഘോഷിക്കുന്നത് തികച്ചും നിരർത്ഥകമാണെന്നു മാർപാപ്പായുടെ  പുസ്തകത്തിൽ നിന്നും മനസിലാക്കാം. ഉണ്ണിയേശു പിറന്നപ്പോൾ മാലാഖമാർ ഗാനങ്ങൾ ആലപിച്ചുവെന്നത്  തെറ്റായ വിശ്വാസമായും  മാർപാപ്പയുടെ പുസ്തകത്തിലുണ്ട്. ഭാവനകളിൽ നെയ്തെടുത്ത ക്രിസ്തുമസ് ഗാനങ്ങൾ ചരിത്രത്തിലെ യേശുവിനെപ്പറ്റിയുള്ളതല്ല.  സ്വർഗത്തിൽ വസിക്കുന്ന മനുഷ്യനെപ്പോലുള്ള ചിറകുള്ള  മാലാഖമാർ   യേശു ജനിച്ച സമയം ചുറ്റിനുമുണ്ടായിരുന്നുവെന്നത് വെറും കെട്ടു കഥകളായും കരുതണം.  മാലാഖമാർ പാടിയെന്നനുമാനിക്കുന്ന കരോളുകളും  ക്രിസ്തുമസ് സംബന്ധിച്ചുള്ള മറ്റു കൂത്താട്ടങ്ങളും ചരിത്രത്തിലെ യേശുവുമായി ബന്ധപ്പെടുത്താൻ സാധിക്കില്ല.


ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിൽ വ്യക്തമായി ഒന്നും സൂചിപ്പിച്ചിട്ടില്ല. ബൈബിളിൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രിസ്തുവിന്റെ ജനനം വസന്തകാലത്തിലോ മഴക്കാലത്തിലോ ആയിരിക്കാം. രണ്ടു പ്രധാന കാരണങ്ങളാണ് അതിനു തെളിവുകളായി ചൂണ്ടി കാണിക്കുന്നത്. ഒന്നാമത്തേതു ക്രിസ്തു ജനിച്ച സമയം ആട്ടിടയർ തങ്ങളുടെ ആടുകളെ മേയിച്ചുകൊണ്ട് മേച്ചിൽ സ്ഥലങ്ങളിലുണ്ടായിരുന്നുവെന്നു ലൂക്കിന്റെ സുവിശേഷത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യേശുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആട്ടിടയന്മാർ ശൈത്യ കാലത്ത് ആടു മാടുകളെ മേയിച്ചിരുന്നുവെന്നത്  തികച്ചും  യുക്തിക്കു ചേരുന്നതുമല്ല.  കന്നുകാലികൾ മേയുന്നത് സാധാരണ പുല്ലുകൾ നിറഞ്ഞ വസന്തത്തിലോ  മഴക്കാലങ്ങളിലോ ആയിരിക്കും. ഡിസംബർ മാസം യഹൂദാദേശം മുഴുവൻ ശൈത്യം നിറഞ്ഞ പ്രദേശങ്ങളാണ്. രണ്ടാമത്, തണുപ്പുകാലത്ത് യേശുവിന്റെ മാതാപിതാക്കൾ സെൻസസ് വിവരങ്ങൾ  രജിസ്റ്റർ ചെയ്യാൻ ബെദലഹേമിൽ വരാനും   സാധ്യതയില്ല. ജനങ്ങൾക്കു  അനുയോജ്യമായ കാലാവസ്ഥകളും കണക്കാക്കി മാത്രമേ ഇങ്ങനെയുള്ള രാജവിളംബരങ്ങൾ പ്രഖ്യാപിക്കാനും സാധ്യതയുള്ളൂ. ഡിസംബർ മാസത്തിലെ ശൈത്യത്തിൽ   നടന്നു പോവുന്ന വഴികൾ കുണ്ടും കുഴികളും ചെളികളും നിറഞ്ഞതായിരിക്കും. ദുർഘടമായ വഴികളിൽക്കൂടി രാജ്യം മുഴുവനുമുള്ള ജനം  നടന്ന് സെൻസസ് എടുക്കുകയെന്ന രാജ വിളംബരവും  പ്രായോഗികമായിരിക്കില്ല. രോഗം ബാധിച്ചവരും കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നവരും കഠിനമായ  ശൈത്യത്തിലകപ്പെട്ടു അപകടപ്പെടാനാണ് സാധ്യത.  ഇക്കാരണങ്ങൾകൊണ്ട് പേഗൻ മതങ്ങളെ തൃപ്തിപ്പെടുത്താൻ ഡിസംബർ ഇരുപത്തിയഞ്ചാം  തിയതി ക്രിസ്തു ജനിച്ച ദിവസമായി തെരഞ്ഞെടുത്തതായിരിക്കണം.


ഡിസംബർ ഇരുപത്തിയഞ്ചാം തിയതി പേഗൻ ദൈവമായ സൂര്യന്റെ ജന്മദിനമായി പുരാതന റോമ്മാക്കാർ ആചരിച്ചിരുന്നു. പേഗൻ മതങ്ങളെ ആകർഷിക്കാൻ  അന്നേ ദിവസം സഭാധികാരികൾ സൌകര്യപൂർവ്വം ക്രിസ്തു ജനിച്ച ദിനവുമാക്കി. ബൈബിൾ പ്രകാരം ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിക്കാൻ സാധ്യതയുണ്ടോ?  ക്രിസ്തുവിന്റെ ജനന ദിവസത്തെപ്പറ്റി ബൈബിളിലോ പുരാതന ഗ്രന്ഥങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല. യുക്തിപൂർവ്വം ചിന്തിക്കുകയാണെങ്കിൽ 'ഡിസംബർ ഇരുപത്തിയഞ്ച്'  ക്രിസ്തു ജനിച്ച ദിനമായി ഗണിക്കാനും സാധിക്കില്ല.


യൂറോപ്പും ലോകത്തിലെ മറ്റു ശൈത്യ ഭൂവിഭാഗങ്ങളും സാധാരണ ആഘോഷങ്ങൾ കൊണ്ടാടുന്നത്  ഡിസംബറിനോടടുത്ത  മാസങ്ങളിലാണ്. യൂറോപ്യൻ ജനത യേശു ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ തണുപ്പ് കാലത്തിലെ രാത്രി കാലങ്ങൾ കൊണ്ടാടുവാൻ വിളക്കുകൾ കത്തിക്കുമായിരുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതോറും രാത്രിയെ വെളിച്ചമാക്കി അവർ ആഘോഷിച്ചിരുന്നതായി  കാണാം. സ്കാൻഡിനേവിയൻ  രാജ്യങ്ങളിൽ നോർക്സ് വർഗക്കാർ ഡിസംബർ ഇരുപത്തിയൊന്നാം തിയതി ഒരു പവിത്ര ദിനമായി ആചരിച്ചിരുന്നു.  രാത്രി കാലങ്ങളിൽ അസ്തമിച്ച സൂര്യൻ മടങ്ങി വരാൻ വേണ്ടി ഓരോ വീടുകളിലും അപ്പനും മക്കളുംമൊത്ത്  തടിക്കഷണങ്ങൾ  ശേഖരിച്ചു  കൂമ്പാരങ്ങളാക്കി   കത്തിക്കുമായിരുന്നു. ജ്വലിക്കുന്ന തീയെ നോക്കിക്കൊണ്ട്‌ തടികൾ കത്തി തീരുന്നവരെ  അന്നേ ദിനങ്ങളിൽ  ഉത്സവമായി കൊണ്ടാടിയിരുന്നു.   സാധാരണ രണ്ടാഴ്ച കാലത്തോളം  ആഘോഷങ്ങൾ നീണ്ടു നിന്നിരുന്നു. കത്തുന്ന തീയിലെ ഓരോ തീ നാളവും പുതുവർഷത്തിൽ ജനിക്കാൻ പോകുന്ന ഒരു പന്നികുട്ടിയുടെയോ പശുകുട്ടിയുടെയോ   ജനനത്തെ സൂചിപ്പിക്കുന്നതായി നോർക്സ് വർഗക്കാർ വിശ്വസിച്ചിരുന്നു.


യൂറോപ്യരെ  സംബന്ധിച്ച് ഇത്തരം ആഘോഷങ്ങൾക്കുള്ള അനുയോജ്യമായ സമയം ശൈത്യകാലമായ ഡിസംബർ  മാസത്തിലെ അവസാന നാളുകളായിരുന്നു. കന്നുകാലികളെ കൂടുതലായും കൊല്ലുന്നതും ശൈത്യകാലത്തായിരിക്കും. വിറങ്ങലിച്ച തണുപ്പത്ത് കന്നുകാലികൾക്ക് തീറ്റ തേടി  പോവേണ്ട ബുദ്ധിമുട്ടുകളും  വരില്ല. പച്ചയായ നല്ല മാംസം ലഭിക്കുന്നതും ഡിസംബർ മാസത്തിലായിരിക്കും. വസന്തകാലത്തിലും ശിശിരകാലത്തിലും സൂക്ഷിച്ചു വെച്ച  വൈൻ കുടിക്കാൻ പാകമാകുന്നതും ഡിസംബർ  മാസത്തിലായിരിക്കും.


ജർമ്മനിയിലുണ്ടായിരുന്നവർ പേഗൻ ദൈവമായ  ' ഓടനെ' ആരാധിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു.  ശക്തനായ 'ഒടൻ' ദൈവത്തെ ജർമ്മനിയിലുള്ളവർ  ഭയപ്പെട്ടിരുന്നു. ഈ ദൈവം രാത്രികാലങ്ങളിൽ ആകാശത്തുകൂടി സഞ്ചരിക്കുന്നുവെന്നും ഭൂമിയിലെ ജനങ്ങളെ വീക്ഷിക്കുന്നുണ്ടെന്നും ആരൊക്കെ ഐശ്വര്യം കൈവരിക്കണമെന്നും നശിക്കണമെന്നും തീരുമാനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു. ശൂന്യാകാശത്തിൽ  ദൈവമായ 'ഒടൻ'  സഞ്ചരിക്കുന്നതുകൊണ്ട് മനുഷ്യരെല്ലാം വീടിനു പുറത്തിറങ്ങാതെ രാത്രികാലങ്ങളിൽ സുരക്ഷിതരായി  വാതിലടച്ച് വീടിനുള്ളിൽത്തന്നെ കഴിഞ്ഞിരുന്നു.


റോമിൽ  കൃഷിയുടെ ദേവനായ ശനിഗ്രഹത്തിന്റെ  ആഘോഷങ്ങളും നടത്തിയിരുന്നത് ഡിസംബർ  മാസത്തിലായിരുന്നു.  ശൈത്യം തുടങ്ങുന്ന കാലം മുതൽ ആ മാസത്തിലെ പൂർണ്ണ ചന്ദ്രനെ കാണുന്നവരെ ആഘോഷം തുടർന്നിരുന്നു. അന്നേ ദിവസം ഭക്ഷണവും ലഹരി പദാർത്ഥങ്ങളും ഓരോ വീടുകളിലും ധാരാളമായി ശേഖരിച്ചിരുന്നു. അടിമകളെ മോചിപ്പിച്ച് അവരെ ഈ ദിവസങ്ങളിൽ  യജമാനൻമാരാക്കുന്ന ചടങ്ങുകളും  ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. കൃഷിക്കാർ പട്ടണങ്ങളിലെത്തി പട്ടണജനങ്ങളോടൊപ്പം ആഘോഷങ്ങളിൽ പങ്കുകൊള്ളുമായിരുന്നു. ഡിസംബർ മാസത്തിലെ ശൈത്യകാലങ്ങളിൽ  കുട്ടികൾക്കായും ആഘോഷങ്ങളുണ്ടായിരുന്നു. കൂടാതെ സൂര്യ ദേവനായ 'മിത്രാ'യെ പൂജിച്ചിരുന്നതും ഡിസംബർ മാസത്തിലായിരുന്നു.' മിത്രാ'  ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ഒരു പാറപ്പുറത്തു ജനിച്ചുവെന്നാണ് വിശ്വാസം. മിത്രാ ദൈവത്തിന്റെ ജനനം ഏറ്റവും പരിശുദ്ധമായ ദിനമായി റോമ്മാക്കാർ കരുതിയിരുന്നു.


പൌരാണിക കാലം മുതൽ റോമിൽ ഡിസംബർ  മാസം  ഇരുപത്തിയഞ്ചാം തിയതി പവിത്രദിനമായി ആചരിച്ചിരുന്നു. നന്മ നേരാനുള്ള അവസരവും കൂടാതെ  സാധുക്കളോട് ദയയോടെ പെരുമാറുകയും അവരെ സഹായിക്കുകയും  സമ്മാനങ്ങൾ കൈമാറുകയും ചെയ്യുകയെന്നത് ഈ ദിവസത്തിന്റെ പ്രത്യേകതയായിരുന്നു. മരങ്ങളും അലങ്കരിക്കുമായിരുന്നു. റോമ്മാക്കാരുടെ ഈ ആഘോഷ വേളകളിൽ ക്രിസ്തു ജനിച്ചിട്ടുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളുണ്ടായിരുന്നില്ല. അവരുടെ അന്നുണ്ടായിരുന്ന ആഘോഷങ്ങളെ 'സാറ്റുനർലിയാ' എന്നു പറഞ്ഞിരുന്നു. ഇത് പേഗൻ മതക്കാരുടെ ശൈത്യകാല ഉത്സവമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള  ഉത്സവങ്ങൾ  'സാറ്റുനർലിയാ'യുടെ തുടർച്ചയാണ്. 'സാറ്റുനർലിയാ' ആചരിക്കുന്ന വേളയിൽ ധനികരായവർ താമസിക്കാൻ ഇടമില്ലാത്തവർക്കു  പാർപ്പിടവും വാടകയുക്ക് താമസിക്കുന്നവർക്കു  ഒരു മാസത്തെ വാടകയും  നല്കിയിരുന്നു. യാതൊരു ബിസിനസ്സും അന്നേ ദിവസം അനുവദിച്ചിരുന്നില്ല. കളി തമാശുകൾ, കുളി, നഗ്നരായി പാട്ടും കൂത്തും  തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.


'സാറ്റുനർലിയാ'  കൃഷിക്കാരുടെ ഉത്സവമായി ആദ്യം ആരംഭിച്ചു.  അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്തു  ഡിസംബർ  പതിനേഴുമുതൽ രണ്ടു ദിവസത്തെ ആഘോഷമായിരുന്നത് പിൽക്കാലങ്ങളിൽ ഏഴു ദിവസങ്ങളാക്കിക്കൊണ്ട് മാറ്റങ്ങൾ വരുത്തി.  ആചാരങ്ങൾ  പിന്നീട് ഡിസംബർ ഇരുപത്തിയഞ്ചാതിയതി മുതൽ  തുടങ്ങി.  ആഘോഷ വേളകളിൽ വധ ശിക്ഷ നടപ്പാക്കിയിരുന്നില്ല. യുദ്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നു. കോണ്‍സ്റ്റാന്റിൻ  ചക്രവർത്തിയുടെ മതപരിവർത്തനത്തോടെ ക്രിസ്ത്യാനികൾക്കെതിരെയുള്ള മതപീഡനങ്ങൾ അവസാനിച്ചു. എങ്കിലും ഏറെ നാളത്തേയ്ക്ക് ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൻറെ ഔദ്യോഗിക മതമായിരുന്നില്ല.  ക്രിസ്തുമതാഘോഷങ്ങളും പേഗനാഘോഷങ്ങളും ഒരേ കാലത്ത് ഒന്നിച്ചു കൊണ്ടാടിയിരുന്നു. കോണ്‍സ്റ്റാന്റിനു ശേഷം ഒരു നൂറ്റാണ്ടു കൂടി 'സാറ്റുനർലിയാ' ദിനങ്ങൾ  ക്രിസ്ത്യാനികളും പേഗൻ വിശ്വാസികളും, ഒന്നിച്ചാഘോഷിച്ചിരുന്നു.


റോമ്മാക്കാരുടെ പേഗൻദൈവമായ  'സാറ്റുനർലിയാ' ആഘോഷദിനമായ ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ചരിത്രം ചൂണ്ടി കാണിക്കുന്നു. ഡിസംബർ ഇരുപത്തിയഞ്ച് ക്രിസ്തു ജനിച്ച ദിനമായി സഭ തെരഞ്ഞെടുത്തത് സഭയിലേയ്ക്ക ആകൃഷ്ടരായ റോമ്മാക്കാരുടെ  പാരമ്പര്യങ്ങളും മാമൂലുകളും അതേപടി സ്വീകരിക്കുവാനായിരുന്നു. സഭയിൽ  പോപ്പ് ജൂലിയസ് ഒന്നാമനാണ്‌  ഡിസംബർ ഇരുപത്തിയഞ്ചാം തിയതി ക്രിസ്തു ജനിച്ച ദിനമായി പ്രഖ്യാപിച്ചത്. 'ദേശീയ ജനതയുടെ ആഘോഷമെന്നായിരുന്നു' ആദ്യകാലങ്ങളിൽ ഈ ദിനത്തെ വിളിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടിൽ ഈ ആഘോഷം ഈജിപ്റ്റിലും പിന്നീട് ആറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും വ്യാപിച്ചു. എട്ടാം നൂറ്റാണ്ടിൽ സ്കാൻഡിനേവിയാ മുഴുവനായും ക്രിസ്തുമസാഘോഷങ്ങൾ പടർന്നു. ഗ്രീക്ക്, റഷ്യൻ ഓർത്തോഡോക്സ് സഭകൾ ഡിസംബർ ഇരുപത്തിയഞ്ച് കഴിഞ്ഞു പതിമൂന്നു ദിവസങ്ങൾക്കു ശേഷം ക്രിസ്തുമസ് ആഘോഷിക്കുന്നു. ഏതാണ്ട് ഈ സമയങ്ങളിലാണ് മൂന്നു രാജാക്കന്മാരുടെ ദിനവും ആഘോഷിക്കാറുള്ളത്‌. ഈ ദിനങ്ങളിൽ കിഴക്കുനിന്നുള്ള മൂന്നു ബുദ്ധി ജീവികൾ പുൽക്കൂട്ടിൽ കിടക്കുന്ന യേശുവിനെ വന്നു കണ്ടുവെന്ന് വിശ്വസിക്കുന്നു.


റോമ്മായുടെ  പാരമ്പര്യമായി ആഘോഷിച്ചിരുന്ന ശൈത്യകാലാഘോഷങ്ങൾ കൃസ്തുമസ് ദിനമാക്കിയാൽ കൂടുതൽ സ്വാഗതാത്മകമായിരിക്കുമെന്നും സഭാധികാരികൾ കരുതി കാണും. മദ്ധ്യകാലമായപ്പോഴേയ്ക്കും പേഗൻ മതങ്ങളുടെ സ്ഥാനത്തു ക്രിസ്തു മതം  തെരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം പെഗനീസത്തിലുണ്ടായിരുന്ന മദ്യ ലഹരികളും ആഘോഷങ്ങളുടെ ഭാഗമായി. ക്രിസ്ത്യാനികൾ പള്ളികളിലെ കർമ്മങ്ങളിൽ പങ്കെടുത്തശേഷം ആദ്യകാലാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.  ഒരു യാജകനെ അധികാര ദുർവിനിയോഗിയായ രാജാവിന്റെ വേഷം കെട്ടിക്കുകയും  ദരിദ്രരായവർ പണക്കാരുടെ വീടുകളിൽ പോവുകയും നല്ല ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീട്ടുടമകൾ ഭക്ഷണം നല്കാൻ തയ്യാറായില്ലെങ്കിൽ  അവരുടെ വീട് കൊള്ളയടിക്കുകയും സാധാരണമായിരുന്നു. സമൂഹത്തിൽ പണക്കാരായവർ പാവങ്ങളെ സഹായിക്കുകയും അവരുടെ കടങ്ങൾ വീട്ടി കൊ ടുക്കുകയും ക്രിസ്തുമസ്  കാലത്ത് പേഗൻ മതങ്ങളുടെ തുടർച്ചയെന്നോണം  ചെയ്തിരുന്നു.


ബൈബിളിൽ ക്രിസ്തുവിന്റെ ജന്മദിവസത്തെപ്പറ്റി യാതൊന്നും പരാമർശിച്ചിട്ടില്ലാത്തതു കൊണ്ടും  ക്രിസ്തു ജനിച്ച വ്യക്തമായ ദിനം ചരിത്രത്തിൽ രേഖപ്പെടുത്താതുകൊണ്ടും  ക്രിസ്തു മതത്തിന്റെ ഉപവിഭാഗമായ പ്യൂരിറ്റൻ മതക്കാർ  ക്രിസ്തുമസ് ആഘോഷിച്ചിരുന്നില്ല. യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും  ക്രിസ്തുമസാഘോഷങ്ങളിൽ പലവിധ  പരിവർത്തനങ്ങളും വന്നു. 1645-ൽ 'ഒലിവര് ക്രോം വെൽ' യൂറോപ്പിൻറെ രാജാവായി. പ്യൂരിറ്റൻ മതവിശ്വാസിയായ അദ്ദേഹം ക്രിസ്തുമസാഘോഷങ്ങൾ രാജ്യത്ത് നിരോധിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരം ചാൾസ്  രണ്ടാമൻ രാജാവായപ്പോൾ വീണ്ടും ആഘോഷങ്ങൾ തുടങ്ങുകയും ക്രിസ്തുമസ് ദിനം പൊതു ഒഴിവു ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.


1620 ൽ  രാജ്യത്തോട് വിട വാങ്ങിയ തീർഥാടകരായ അമേരിക്കൻ കുടിയേറ്റക്കാർ ക്രോം വെൽ രാജാവിനെക്കാളും തീവ്രമായ പ്യൂരിറ്റൻ മതവിശ്വാസികളായിരുന്നു. അതിന്റെ പരിണിതഫലമായി കുടിയേറ്റ പ്യൂരിറ്റൻ തലമുറക്കാരുടെ സ്വാധീനത്തിൻമേൽ 1659 മുതൽ 1681- വരെ ക്രിസ്തുമസ് ബോസ്റ്റണിൽ  നിരോധിച്ചിരുന്നു. ആരെങ്കിലും ക്രിസ്തുമസ് ദിനമാഘോഷിച്ചാൽ അഞ്ചു ഷില്ലിംഗ് പിഴ ശിക്ഷ നല്കിയിരുന്നു. അമേരിക്കൻ വിപ്ലവ ശേഷം ക്രിസ്തുമസാഘോഷങ്ങൾ പുനസ്ഥാപിച്ചു. 1870 ജൂണ്‍ ഇരുപത്തിയാറു വരെ അമേരിക്കൻ ഐക്യനാടുകളിൽ ക്രിസ്തുമസ് ഒരു ഫെഡറൽ അവധി ദിനമായിരുന്നില്ല.  അമേരിക്കയിൽ വ്യാപകമായി ക്രിസ്തുമസാഘോഷങ്ങൾ  കൊണ്ടാടുവാൻ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടുമുതലാണ്‌.  വെറും സാധാരണ അവധി ദിവസത്തെക്കാൾ ക്രിസ്തുമസ് ദിനത്തെ കുടുംബങ്ങൾ ഒത്തൊരുമിച്ചുള്ള ആഘോഷദിനമാക്കി മാറ്റിയെടുക്കുകയും ചെയ്തു.  ക്രിസ്തുമസാഘോഷങ്ങളെ സമാധാനത്തിന്റെ പ്രതീകമായി പരിഗണിക്കാനും തുടങ്ങി. പത്തൊമ്പതാം  നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ വർഗസമരം അമേരിക്കാ മുഴുവനായുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ  സമയവുമായിരുന്നു. അസഹയീനതയും അസഹിഷ്ണതയും  ജനങ്ങളെ ക്രിസ്തുമസ് കാലങ്ങളിൽ കൊള്ളകൾക്ക് പ്രേരിപ്പിച്ചു. ക്രിസ്തുമസ് കാലത്തുള്ള ആക്രമണവും കൊള്ളയും കാരണം ന്യൂയോർക്കു പട്ടണത്തിൽ പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി. സമൂഹത്തിലെ  ഉയർന്നവരായവർ   പൊതു സ്ഥലങ്ങളിൽ ക്രിസ്തുമസാഘോഷിക്കാതെ  സുരക്ഷിതത്വത്തിന്റെ പേരിൽ  വീടുകളിൽ മാത്രമാക്കുകയും ചെയ്തു.


പാവങ്ങളോടുള്ള സഹാനുഭൂതിയും ത്യാഗ മനസ്തിതിയുടെ അടിസ്ഥാനവുമായി ക്രിസ്തുമസ് കരോളിനെ കരുതുന്നു. ക്രിസ്തുമസിന്റെ പ്രാധാന്യത്തെ മനസിലാക്കാനും  കുട്ടികളും മുതിർന്നവരുമായി   വൈകാരിക ഐക്യത്തിനും മുൻഗണന നല്കിക്കൊണ്ട്  1800- കളിൽ കുട്ടികൾക്ക് ക്രിസ്തുമസ് കാലങ്ങളിൽ  സമ്മാനങ്ങളും നല്കാൻ തുടങ്ങി. പുതിയതായി വന്ന കുടിയേറ്റക്കാരുടെയും കത്തോലിക്കരുടെയും എപ്പിസ്ക്കൊപ്പൽകാരുടെയും ആചാര രീതികളെയും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമാക്കി. ക്രിസ്തുമസാഘോഷങ്ങളിലെ പിന്നീടുള്ള  നൂറു വർഷങ്ങൾ   വിവിധ സംസ്ക്കാരങ്ങളിൽ നിന്നും ആചാരങ്ങളിൽനിന്നും  പകർത്തിയെടുത്തതായിരുന്നു. ക്രിസ്തുമസ് മരങ്ങൾ അലങ്കരിക്കലും കാർഡുകൾ അയയ്ക്കലും സമ്മാനങ്ങൾ നല്കലും ക്രിസ്തുമസാഘോഷങ്ങളുടെ ഭാഗമായി. തുടങ്ങി. വളരുന്ന രാഷ്ട്രത്തിൽ പുതിയതായി വന്ന കുടിയേറ്റക്കാരുടെ താല്പര്യവും ക്രിസ്തുമസാഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിച്ചിരുന്നതു കാണാമായിരുന്നു.

Cover Page: Malayalam Daily News

EMalayaleeഇടുക്കി രൂപതാമെത്രാനെതിരെ ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ് പെരുന്തോട്ടം


ജാതി മത വ്യവസ്ഥകൾ  മറന്നു സ്‌നേഹം പങ്കിടുന്നതാകണം ക്രിസ്തീയ വിശ്വാസമെന്ന ്ചങ്ങനാശ്ശേരി അതിരുപതാമെത്രാൻ മാർ ജോസഫ്  പെരുന്തോട്ടം പറഞ്ഞു.

 പാലാരുപതാ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കത്തോലിക്കർ ജാതി മാറി സ്‌നേഹിക്കരുതെന്നും കല്യാണം കഴിക്കരുതെന്നും ഇടുക്കി രൂപതാമെത്രാൻ പറയുന്നു. ഇവരണ്ടും ജനങ്ങൾ വിശ്വസിക്കുമോ ആവോ.

 വൻ പണക്കാരുടേയോ സിനിമാതാരങ്ങളേയോ ചിലപ്പോൾ സമുദായം മാറി കല്യാണം കഴിക്കുവാൻ അനുവദിച്ചേക്കാം . പണസഞ്ചിക്കു കനമില്ലാത്ത ഒരു പാവപ്പെട്ടവന്റെ കെട്ടുകല്ല്യാണം പള്ളിയിൽ വച്ച് ഇങ്ങനെ നടത്തിക്കൊടുത്ത് ഒരു മാതൃക കാണിക്കുവാൻ ക്രീസ്ത്യാനികളാണെന്നു കള്ളം പറഞ്ഞും രേഖ ചമച്ചും നടക്കുന്ന കത്തോലിക്കരായ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് പറയണം. മറ്റു ജതിക്കാരുടെ പണത്തിനു മാത്രമേ നമുക്ക് അയിത്തമില്ലാതെയുള്ളൂ.

 

ആഡംബര ജീവിതവും ധൂർത്തും വെടിഞ്ഞ് പുരോഹിതർ പാവപ്പെട്ടവരിലേയ്ക്കും വേദനിക്കുന്നവരിലേയ്ക്കും  ഇറങ്ങിച്ചെന്ന് അവരുടെ ഇടയിൽ പ്രവർത്തിക്കുകയും അവരോട് കരുണകാണിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ഇത് കരുണയുടെവർഷമായി ആചരിക്കണമെന്നും തീരുമാനിച്ചു. പക്ഷേ നമ്മളിവിടെ നിരവധി പള്ളികൾ തീർത്ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിച്ച് നേർച്ചക്കുറ്റികളുടെ എണ്ണം കൂട്ടുകയും ലക്ഷങ്ങൾ ചിലവഴിച്ച്  കൺവൺഷനുകൾ നടത്തി കോടികൾ സമ്പാദിക്കുന്നതിനും കരുണയുടെ വർഷത്തിൽ കരുണകാണിക്കുവാൻ വിശ്വാസികൾ പള്ളിയിൽ പോവുകയും  അവിടെ പണം നിക്ഷേപിക്കുകയും ചെയ്താൽ മതിയെന്നും തീരുമാനിച്ചത്രേ.കോടികൾ മുടക്കിപണിത പള്ളികളുടെആഡംബരവാതിലുകളിൽ കുരിശുകൊണ്ട് മുട്ടിത്തുറന്ന് നേർച്ചയിട്ടാൽ കരുണയായിയെന്ന പുതിയ കണ്ടുപിടിത്തവും കേരളസഭ കണ്ടെത്തിയിരിക്കുന്നു.


 പക്ഷേ അധ്യക്ഷൻ പാലാരൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പറയുന്നു,ദ്രവ്യാഗ്രഹങ്ങളെ ത്യജിക്കുമ്പോഴാണ് ദൈവാനുഭവം ഉണ്ടാവുകയെന്ന്. അതു ശരിയാണെങ്കിൽ കോടികൾ ചിലവിട്ട് ആഡംബര പള്ളികളും പാരീഷ്ഹാളുകളും നിർമ്മിക്കുകയും അതുവഴി കോടാനുകോടി രൂപ മെത്രാൻമാരുണ്ടാക്കുകയും അതിൽ വിശ്വാസികൾ പങ്കെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവർക്കാർക്കും ദൈവാനുഗ്രഹമില്ലന്നല്ലേ പറയുന്നത്. അങ്ങനെയെങ്കിൽ വിശ്വാസികൾ ഇപ്പോഴത്തെ വഴിവിട്ട് ദൈവത്തിന്റെ വഴിക്കു തിരിയണം.സഭയുടെ കീഴിലുള്ള ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കോടികളുടെ കൈക്കൂലിയും വേണ്ടെന്നു വയ്ക്കുവാൻ സഭാനേതൃത്വം തയ്യാറാണോയെന്നു പറയണം 

.

 

ത്രിശൂരും കോളയാടും കട്ടപ്പനയും തീക്കോയിയും കുരീപ്പുഴയും തൊടുപുഴയുമുൾപ്പെടെ നൂറുകണക്കിനു പള്ളികളിലെ പുരോഹിതർ  വിശ്വാസികളെ രണ്ടും മൂന്നും തട്ടുകളാക്കി അവരുടെ സ്‌നേഹബന്ധം തകർക്കുന്നതും തമ്മിലടിപ്പിക്കുന്നതും സ്‌നേഹം പങ്കിടലിന്റെ ഭാഗമായിരിക്കാം.  പാലാ രൂപതക്ക് കീഴിൽ തന്നെയുള്ള കുറെ പുരോഹിതർ വിശ്വാസികളുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായും ചില പുരോഹിതരെ നാട്ടുകാർ കയ്യോടെ പിടികൂടിയതും,  മുൻ പുരോഹിതൻ കണിയാരശ്ശേരിയുടെ 35 ലക്ഷം  തട്ടിയെടുത്ത തുക തിരികെ നൽകണമെന്ന്  ആലഞ്ചേരി പിതാവു പറഞ്ഞിട്ടു പോലും കൂട്ടാക്കാതെ പണം തട്ടിയെടുക്കുവാൻ പാലാ രൂപത കൂട്ടുനിന്നതും ദ്രവ്യത്തോടുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടാണോ ദൈവാനുഹ്രഹം വേണ്ടെന്നു വച്ചിട്ടാണോ ആവോ.അടുത്തകാലത്തായി 20-ൽ അധികം കന്യാസ്ത്രീകൾ ദൂരുഹ സഹചര്യത്തിൽ മരണമടഞ്ഞതും, കന്യാസ്ത്രീകളായ നിരവധി സഹോദരിമാർക്ക് മനോനില തകരാറിലായതും എങ്ങനെയാണോ ആവോ. പാലായിൽ കൊല്ലപ്പെട്ട സിസ്റ്റർ അമലയുടെ കൊലപാതകം മറച്ചുവച്ച് കൂടെയുള്ള കന്യാസ്ത്രീകൾ തെളിവുനശിപ്പിച്ചതും സ്‌നേഹംകൊണ്ടും സ്വർഗ്ഗരാജ്യം പ്രതീക്ഷിക്കുന്നതുകൊണ്ടുമാവാം. കരുണനിറഞ്ഞ ഇത്തരം കൺവൺഷനുകളും പ്രസ്ഥാവനകളും മാസം തോറും ഉണ്ടായിരുന്നു എങ്കിൽ എന്ന് സാധാരണ വിശ്വസികൾ ആഗ്രഹിച്ചു പോകുന്നു  ,എളുപ്പത്തിൽ സ്വർഗ്ഗത്തിലെത്തുകയും ചെയ്യാമല്ലോ എന്ന ചിന്തയും.....