Translate

Monday, August 31, 2015

ഖർ വാപസി (homecoming of the homeless) എന്നാൽ എന്താണ്?

അവർണർ യഥാർഥത്തിൽ ഹിന്ദുക്കളാണോ? ഹിന്ദുമതവും സനാതന ഹിന്ദുത്വവും പാശ്ചാത്യരുടെ കണ്ടുപിടുത്തമാണ്. നമ്മൾ കൈകാര്യം ചെയ്യുന്നത് ജാതികളെയാണ്, മതങ്ങളെയല്ല. തങ്ങളുടെ അംഗസംഖ്യ കൂട്ടാൻവേണ്ടി സവർണവർഗ്ഗം കീഴാളരെ എങ്ങനെ ഹിന്ദുക്കളാക്കുന്നു ... തങ്ങളുടെ ആധിപത്യം എങ്ങനെ നിലനിർത്തുന്നു... 'ഹിന്ദുമത'ത്തിൽ നിന്ന് ആരും പുറത്തുപോയിട്ടില്ലെങ്കിൽ പിന്നെ ആരാണ് അങ്ങോട്ട്‌ തിരിച്ചുവരുന്നത്? മതമാറ്റം നടന്നിട്ടില്ലെങ്കിൽ തിരിച്ചുപോകുന്നത് ആര്? എങ്ങനെ? എങ്ങൊട്ട്? ...തുടങ്ങിയവ ശരിക്ക് മനസ്സിലാക്കേണ്ടതുണ്ട്.

ഖർ വാപസി (homecoming of the homeless) എന്നാൽ എന്താണ്? ശ്രീ Sunny M. Kapikkadൻറെ ശ്രദ്ധിച്ചുകേൾക്കേണ്ട ഒരു പ്രഭാഷണം - ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

https://www.youtube.com/watch?v=ZdvKso0HU-s&feature=youtu.be&a


(യച്ചുതന്നത് : Joy Paul Puthussery)
 

കത്തോലിക്കാസഭയുടെ പത്തുമുറിവുകള്‍

ശ്രീ ജോസഫ് കാലായില്‍ 
പുസ്തകപരിചയം
കെ.കെ.ജോസ് കണ്ടത്തില്‍
വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ എന്ന യാഥാര്‍ത്ഥ്യം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം അല്‍മായരില്‍ ദൃഢമാവുകയും, സഭാനവീകരണം എന്ന ആശയം ശക്തമാവുകയും ചെയ്തു. നവീകരണവുമായി ബന്ധപ്പെട്ട് പല അത്മായപ്രസ്ഥാനങ്ങളും പ്രവര്‍ ത്തനമാരംഭിച്ചു. ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഈ വഴിയിലെ ശക്തമായ, ശ്രദ്ധേയമായ, ഒരു കാല്‍വയ്പ്പാണ് ശ്രീ ജോസഫ് കാലായില്‍ രചിച്ച 'കത്തോലിക്കാ സഭയുടെ പത്തു മുറിവുകള്‍' എന്ന പുസ്തകം. 

സഭ മുറിവേറ്റുകിടക്കുകയാണ്. മുറിവുകളില്‍നിന്നും രക്തം ഒഴുകിക്കൊണ്ടിരിക്കുന്നു. യേശു കാണിച്ചുതന്ന വഴിയിലൂടെ സഭ നയിക്കപ്പെട്ടെങ്കില്‍ മാത്രമേ മുറിവുകള്‍ക്ക് ശാശ്വതസൗഖ്യം ലഭിക്കുകയുള്ളൂ. ഈ മുറിവുകള്‍ ഉണക്കുന്നതിന് സഭയുടെ നേതൃത്വശ്രേണിയിലാണ് പരിവര്‍ത്തനമുണ്ടാകേണ്ടത്.
ആരാധനക്രമങ്ങള്‍ പുനരുദ്ധരിക്കുക, കുടുംബത്തെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കുക, സഭാനിയമങ്ങള്‍ പരിഷ്‌ക്കരിക്കുക, അത്മായര്‍ക്ക് സഭാഭരണത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുക, പുരോഹിതര്‍ക്ക് വിവാഹവും സ്ത്രീകള്‍ക്ക് പൗരോഹിത്യവും അനുവദിക്കുക, ദരിദ്രരോട് പക്ഷം ചേരുക, പുരോഹിതര്‍ ആത്മീയകാര്യങ്ങള്‍മാത്രം ശ്രദ്ധിക്കുക, ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കുക... ഇത്രയും ചെയ്യുവാന്‍ സഭാധികാരികള്‍ മനസ്സുവച്ചെങ്കില്‍മാത്രമേ സഭയുടെ മുറിവുകള്‍ ഉണങ്ങുകയുള്ളൂ.

സഭ നിലനില്‍ക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യുവാന്‍ പാടില്ല എന്ന് ശ്രീ ജോസഫ് കാലായില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്, ഈ ഗ്രന്ഥത്തില്‍. യേശു ധനത്തെ സ്‌നേഹിച്ചില്ല. യേശു ശിഷ്യന്മാര്‍ ധനത്തിന്റെ പിന്നാലെ പോയതുമില്ല. ദാസന്റെ രൂപംധരിച്ച യേശുവിനെ പിന്തുടരുവാനാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പുരോഹിതരെ ഉല്‍ബോധിപ്പിക്കുന്നത്. അതിനുപകരം, ചക്രവര്‍ത്തിമാരായി ഭരണം നടത്തിയാല്‍ അല്‍മായര്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടേയിരിക്കും, ശ്രീ ജോസഫ് കാലായില്‍ മുന്നറിയിപ്പു നല്‍കുന്നു. 

സഭയെ സ്‌നേഹിക്കുകയും സഭ നിലനിന്നു കാണണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വിലാപങ്ങള്‍ വനരോദനമായി മാറാതിരിക്കേണ്ടതുണ്ട്.
റവ.ഡോ.ജെയിംസ് ഗുരുദാസിന്റെ പ്രൗഢഗംഭീരമായ അവതാരിക ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടിയിട്ടുണ്ട്. സഭയെയും യേശുവിനെയും സ്‌നേഹിക്കുന്ന എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്. പ്രസക്തമായ വിഷയങ്ങളും സത്യസന്ധ വസ്തുനിഷ്ടവുമായ പ്രതിപാദനശൈലിയും ഏതുതരം വായനക്കാരെയും ആകര്‍ഷിക്കും... വിശ്വാസികളില്‍ അറിവിന്റെ വെളിച്ചം വീശുവാനും സഭാധികാരികളുടെ കണ്ണുതുറപ്പിക്കുവാനും ഈ പുസ്തകം പര്യാപ്തമാകട്ടെ!

ഗ്രന്ഥകാരന്റെ ഫോണ്‍ നമ്പര്‍: 9447663433
കുറിപ്പ്: കെ.സി.ആര്‍.എം. പ്രസാധനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥം 'സത്യജ്വാല' സൗജന്യനിരക്കില്‍ വിതരണം ചെയ്യുന്നു. 100 രൂപാ വിലയുള്ള ഗ്രന്ഥം ലഭിക്കാന്‍ 70 രൂപാ എം.ഒ. ആയോ  Kerala Catholic Church Reformation Movement-ന്റെ പേരില്‍, പാലായില്‍ ബ്രാഞ്ചുള്ള ഏതെങ്കിലും ബാങ്കിലെ ചെക്കായോ  സര്‍ക്കുലേഷന്‍ മാനേജരുടെ വിലാസത്തില്‍ അയച്ചാല്‍ മതിയാവും. അല്ലെങ്കില്‍, സത്യജ്വാല മാസികയുടെ കവര്‍ രണ്ടാം പേജില്‍ കൊടുത്തിട്ടുള്ള ബാങ്ക് വിവരങ്ങള്‍ വച്ച് കെ.സി.ആര്‍..എം. അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തിട്ട് ശ്രീ. മാത്യു തറക്കുന്നേലിനെ (സര്‍ക്കുലേഷന്‍ മാനേജര്‍) ഫോണിലൂടെയോ ഒരു കാര്‍ഡിട്ടോ വിവരമറിയിച്ചാലും മതി. 
'സത്യജ്വാല'യുടെ വരിസംഖ്യയും വിതരണം ചെയ്യുന്ന മറ്റു പുസ്തകങ്ങളുടെ വിലയും അയയ്ക്കുന്നതിന് മുകളില്‍ കൊടുത്തിട്ടുള്ള അതേരീതി തന്നെ അവലംബിച്ചാല്‍ മതിയാവും.

Friday, August 28, 2015

മെത്രാന്മാരെല്ലാരുമൊന്നുപോലെ...

സീറോ മലബാർ സഭക്കു  സ്വയംഭരണം (സൂയി യൂറിസ്) കിട്ടിയതിന്റെ 25 ആഘോഷിക്കുന്നു. വേണ്ടായിരുന്നു! ഇതിന്റെ തുടങ്ങൽ യൂറിസുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളാം വൈദികർ തെരുവിലിറങ്ങിയതും, അവരോടുറപ്പുപറഞ്ഞ കാര്യങ്ങൾ പാലിക്കാൻ എനിക്കു കഴിയാതിരുന്നതും ഓർമ്മ വരും.... റോമിന് പോയ പരാതികളും ..... തൂണും ചാരി നിന്നയാൾ മേജറായതും, നേരത്തെ മേജറായിരുന്നയാൾ മൈനർ ആയതും, പിന്നെ നമ്മുടെ സ്റ്റെയിൻലെസ്സ് സ്റ്റീൽ ചാപ്പലിൽ നിന്ന് ഒരുമാതിരി മഞ്ഞ കലർന്ന പുക വന്ന കഥയുമെല്ലാം ഓർമ്മവരുന്നു. അതെല്ലാം കരയിപ്പിക്കുന്ന കഥകൾ! ഇറ്റാലിയൻ നാവികർ വെടിവെച്ചതും, മത്തായി ചാക്കോക്ക് അന്ത്യകൂദാശ കൊടുത്തതും, ഇടുക്കിയിൽ പടക്കം പൊട്ടിയതും, സൂയി യൂറിസിനോട് എനിക്കു പറയാനുണ്ട്. നത്താലെ, മോനിക്കാ, കൈവെട്ട്, വഴിവെട്ട്, കുഴിവെട്ട് തുടങ്ങി ചീഞ്ഞ കുറെ കഥകളും പലർക്കും പറയാനുണ്ടാവും. ഇതുമായി ബന്ധമില്ലെങ്കിലും, അമേരിക്കയുമായി അങ്ങോട്ടും ഇങ്ങോട്ടും കള്ളന്മാരെ കൈമാറുന്ന ഒരു പാരമ്പര്യ്ം കേരളത്തിൽ നിലവിൽ വന്നോയെന്ന്,  എല്ലാരും സംശയിക്കുന്നുവെന്നും ഞാൻ സൂയി യൂറിസിനോട്  നേരിട്ടു പറയും. ദൈവത്തിന്റെ ഇടപെടൽ കാണാൻ നോഹക്ക് 120 വർഷങ്ങൾ വേണ്ടിവന്നു എന്നൊരാരോപണം ഉണ്ട്. കാനാൻ ദേശത്തേക്കു കയറാൻ ഇസ്രായേൽ മക്കൾക്ക് നാൽപ്പതു വർഷങ്ങൾ വേണ്ടിവന്നില്ലേ? അതുപോലെ ഇവിടെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാവാനും അൽപ്പ സമയംകൂടി വേണ്ടിവരും - ചർച്ച് ആക്റ്റ് ചൂടുപിടിച്ചു വരുന്നുണ്ട്. സന്തോഷിക്കാൻ സഭക്കു നല്ല വാർത്തകളുമുണ്ട്, അംഗസംഖ്യ കുറയുന്നു. അതു പരമസുഖം പുറം ചൊറിയുന്ന തെക്കേ ഇന്ത്യയിലാണു കൂടുതൽ. അതിവേഗം എല്ലാ പള്ളികളുടെയും പണി നടക്കട്ടെ!

കേരളത്തിലുള്ള മെത്രാന്മാരെല്ലാം കേരളത്തിനു പുറത്തുള്ള രൂപതകളിൽ പോയി ദരിദ്രരുമായി കൂടുതൽ ബന്ധമുള്ള ക്രിസ്തുവുമായി അടുക്കാൻ പരിശീലിക്കണമെന്നു നമ്മുടെ സിനഡ് തീരുമാനിച്ചിരിക്കുന്നു. (ഇതു തന്നെയാണോ അവരുദ്ദേശിക്കുന്നതെന്നു നിശ്ചയമില്ല, പത്രത്തിൽ വായിച്ചതാ.) ഞാൻ ഇന്നേവരെ ആരുടേയും കാലുപിടിച്ചിട്ടില്ല; പക്ഷേ, ഞാനിപ്പോ അതിനു തയ്യാറാണ്. സിനഡിന്റെ ഉദ്ദേശ്യം അത് തന്നെയാണെങ്കിൽ, മാർ ആലഞ്ചേരിയുടെ വിശുദ്ധിയെ (ഹിസ് ബിയാറ്റിറ്റ്യുഡ്)  കാലുപിടിച്ചു ഞാൻ കരഞ്ഞപേക്ഷിക്കുന്നു, ദയവായി ആ സാഹസം ചെയ്യരുത്. വിഷം വെള്ളത്തിൽ കലക്കിയാൽ വിഷം വെള്ളമാവുകയല്ല, വെള്ളം വിഷമാകുകയാണു ചെയ്യുന്നതെന്ന ഒന്നാം ക്ലാസ്സിലെ അറിവുപോലും സിനഡിനില്ലാതെ പോയല്ലൊ! അങ്ങോട്ടുള്ള കാറു കൂലിയും വിമാനക്കൂലിയുമെല്ലാം അത്മായന്റെ അക്കൗണ്ടിൽ നിന്നാണല്ലോ പോകുന്നതും. നിർബന്ധമാണെങ്കിൽ ഞാനൊരുപായം പറയാം. എല്ലാരും ആഢയാഭരണങ്ങളെല്ലാം ഉപേക്ഷിച്ച് പൊയ്ക്കാട്ടുശ്ശേരിയിലുള്ള (ആലുവാക്കടുത്ത്) ജെറമ്മിയാസ് ഹോമിൽ പോയി രണ്ടു ദിവസം അവിടുത്തെ പാവങ്ങളോടൊപ്പം കഴിയുക. ഫാ. സാജൻ പാറക്കൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തുതരും; ഒറ്റ വ്യവസ്ഥ, അവിടെ പോയി അതു നവീകരിക്കാൻ ഒരു പദ്ധതിയും ഇടരുത്, അവിടെ നേർച്ചപ്പെട്ടികൾ വെയ്ക്കരുത് (മൈക്രോ ഫൈനാൻസിങ്ങും പാടില്ല), അവിടെ നൊവേനകൾ ചൊല്ലരുത്, അവരോടു പ്രസംഗിക്കുകയും ചെയ്യരുത്; കണ്ടാൽ മതി. അതിന്റെ നടത്തിപ്പിനു മാസം രണ്ടര ലക്ഷം മതി; അതു ദൈവം കൃത്യസമയത്തവിടെ എത്തിച്ച് ആ പാവങ്ങളെ ദൈവം എങ്ങിനെ സംരക്ഷിക്കുന്നുവെന്നു കണ്ടാസ്വദിച്ചിരിക്കുക. ഒരാൾ സൂററ്റിനു പോവുക. അവിടെ ബീനാ റാവു എന്നൊരു സ്ത്രീ അവിടുത്തെ ചേരികളിലുള്ള സർവ്വ കുട്ടികൾക്കും വേണ്ടത്ര വിദ്യാഭ്യാസം സൗജന്യമായി കൊടുക്കുന്നു, (8 സെന്ററുകളിലായി 4500 പേർ), ദിവസം രണ്ടു മണിക്കൂർ വീതം. അവരെ കണ്ടു സംസാരിക്കുക (പക്ഷെ, അല്ലേലൂജായെന്നു മിണ്ടിപ്പോകരുത്!) അടുത്തയാൾ നാഗ്പ്പൂരിനു പോവുക. അവിടെ മാമ്മോദീസാ  മുങ്ങിയ, എന്നാൽ പള്ളിയിൽ പോകാത്ത ഒരു മലയാളി സന്യാസി നടത്തുന്ന ധർമ്മഭാരതി ആശ്രമം ഉണ്ട്. നിരവധി കേന്ദ്രങ്ങളിലായി അവർ 'എല്ലാവർക്കും അത്താഴം' എന്നൊരു പരിപാടി നടത്തുന്നുണ്ട്. വിശപ്പിന്റെ വിലയേപ്പറ്റി ആ മെത്രാൻ അടുത്ത സിനഡിൽ വിവരിക്കട്ടെ. അടുത്തയാൾ തമിൾനാട്ടിൽ ഭൂതപ്പാണ്ടി എന്ന സ്ഥലത്ത് കുരിശുമലക്കാരുടെ ഒരാശ്രമം ഉണ്ട്; അവിടെ പോകുക. നാഗർകോവിൽ വരെ കാറിനും, അവിടെനിന്നു ബസ്സിനും പോയി ഈ ആശ്രമം കണ്ടുപിടിക്കുക. അവിടെ ആരു വന്നാലും അലൂമിനിയം പാത്രത്തിൽ കഞ്ഞിയും പയറും മാത്രമേ കിട്ടൂ, അതെല്ലാവർക്കും കിട്ടും. അവിടെ വൃദ്ധരായ കുറേ അന്തേവാസികളുണ്ട്. അവരുടെ മുഖം വടിക്കുന്നത് ഇതു നടത്തുന്ന അച്ചന്മാരു തന്നെയാണ്. അവിടെ പോകുന്ന മെത്രാൻ ഇക്കാര്യത്തിൽ അവരെ കുറച്ചു നാൾ സഹായിക്കുക. ഒരാൾ ചിറമേൽ അച്ചന്റെ കൂടെ കൂടി കിഡ്നി എങ്ങിനെ പ്രവർത്തിക്കുന്നു എന്നു പഠിക്കട്ടെ. ഇതൊന്നും പോരെങ്കിൽ അരമനകളുടെ നിയന്ത്രണത്തിലല്ലാത്ത വേറെയും നിരവധി ചാരിറ്റി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്; എവിടെങ്കിലും പോവുക.

ഈ കേരളത്തിൽ, ആശ്രമങ്ങളിൽ ഒളിവിൽ  കഴിയുന്ന (കത്തോലിക്കാ സഭയിൽ ഉടുപ്പിട്ടിട്ട്) അനേകം പേരുണ്ട്, അവർക്കാശ്രമങ്ങളുമുണ്ട് - കാസർഗോഡ് മുതൽ കളയിക്കാവിള വരെ. കഴിഞ്ഞ 25 വർഷങ്ങളായി കാവാലം ലിസ്സ്യു പള്ളിയുടെ കരയിൽ പത്തുസെന്റ് സ്ഥലത്ത് മുളംങ്കൂട്ടങ്ങളുടെ നടുവിൽ ഏറെയും സ്വന്തം കൈകളിൽ പണിത തേക്കാത്ത ഒരു വീട്ടിൽ ഒരു കൊച്ചു മനുഷ്യൻ താമസിക്കുന്നുണ്ട്- ജോണ്‍ വിനയാനന്ദ്‌ എന്ന മിഷനറി വൈദീകൻ. അവിടെ പോയാൽ തറയിൽ പണിത കട്ടിലിലോ നിലത്തോ ഇരുന്നു വിശ്രമിക്കാം. പക്ഷേ, ഇത്തരം സ്ഥാപനങ്ങളിലേക്കു മെത്രാന്മാർ പോവരുത്; അവർ വയലന്റ് ആയേക്കും. ഇതു വികാരി ജനറാളന്മാർക്കും അരമന ഭരിക്കുന്ന മറ്റു വൈദികർക്കും ഉപയോഗപ്പെടുത്താം. ഇതൊക്കെ അന്തസ്സിനു ചേരുന്നതല്ലെന്നു തോന്നുന്നവർ കുരിശുമലയിൽ പോയി പശുവിനു പുല്ലു പറിച്ചു കൊടുത്താലും മതി. എന്തായാലും എന്തോ എവിടെയോ കുറവുണ്ടെന്നു മെത്രാന്മാർക്കു തോന്നിയെങ്കിൽ ... അല്ലേലൂജാ! എന്റെ പ്രാർത്ഥന ഫലിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ! മേജർ ആർച്ച് ബിഷപ്പ് ഒരിടത്തും പോവണ്ട; പകരം ഒരു പണി തരാം. നമ്മുടെ സ്വന്തം പള്ളികളുണ്ടല്ലൊ, അവിടെ ഞായറാഴ്ച്ചകളിൽ അച്ചന്മാർ നടത്തുന്ന തോന്നിയപോലികൾ (ഹോമിലികൾ എന്ന് ഇംഗ്ലീഷിൽ) റിക്കോഡ് ചെയ്ത് അതാതു ദിവസം തന്നെ ഓൺ ലൈനിൽ കാക്കനാട്ട് എത്തിക്കാൻ പറയുക. അതിൽ എട്ടെണ്ണം വെച്ച് ദിവസവും കേൾക്കുകയും, ഇതിനു ശേഷവും ബോധം പോയില്ലെങ്കിൽ ആ വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. അടുത്ത ദിവസം ഒരു മാന്യ വികാരിയച്ചൻ ഒരിടവകക്കാരനെ ഉപമിച്ചത് പന്നിയോടാണ്. 

ഈ ഓണത്തിനു പൂക്കളമിടാൻ  കെ സി ആർ എം കാർക്ക് ഇടമില്ലല്ലൊ; അടുത്ത വർഷം ഉണ്ടാകും, പാലായിൽ തന്നെ. ആരെങ്കിലും ഒരു പത്തു സെന്റിനുള്ള വക തരാതിരിക്കില്ല; റജിയുടെ അഭ്യർത്ഥന പലരും കേട്ടിട്ടുണ്ടാവും. തത്ക്കാലം നിങ്ങൾ ലോക വ്യാപകമായി ഒരു മത്സരം സംഘടിപ്പിക്കുക. ഞായറാഴ്ച്ച തോന്നിയപോലികളുടെ റെക്കോർഡ് അത്മായരോട് അയച്ചു തരാൻ പറയുക. തോന്നിയപോലികൾ മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്ത് അല്മായശബ്ദത്തിന് അയക്കുക വലിയ ബുദ്ധിമുട്ടുള്ള പണിയല്ല.  തിരഞ്ഞെടുത്ത തോന്നിയപോലികൾ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കുക, സമ്മാനാർഹമായ റിക്കോർഡിങ്ങിനു സത്യജ്വാല അഞ്ചു വർഷത്തേക്ക് ഫ്രീ കൊടുക്കുക. എല്ലാവരും എല്ലാം കേൾക്കട്ടെ! തോന്നിയപോലികൾ റെക്കോഡ് ചെയ്യാൻ, മൊബൈലിൽ ഏതെങ്കിലും Voice Recorder ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുക. പള്ളിയിൽ കയറുന്നതിനു മുമ്പു മൊബൈൽ സൈലന്റ് മോഡിൽ ആക്കിയിട്ട്, വോയിസ് റെക്കോർഡർ ഓൺ ചെയ്യുക. മൊബൈൽ പോക്കറ്റിൽ തന്നെ കിടക്കട്ടെ; പ്രസംഗം തുടങ്ങുമ്പോൾ ചുവന്ന ബട്ടണിൽ കൈ തൊടുക, തീരുമ്പോൾ പോസ് ബട്ടണിലും തൊടുക. ഇതു വീട്ടിൽ ചെന്നു സൗകര്യമായിട്ടു സേവ് ചെയ്യാവുന്നതേയുള്ളൂ. ന്യു ജനറേഷൻ സ്മാർട് ഫോണുക്കളിലെല്ലാം തന്നെ തുടർച്ചയായി മണിക്കൂറുകളോളം Voice Recorder പ്രവർത്തിക്കും, നേരിയ ശബ്ദവും വ്യക്തമായി റിക്കോർഡ് ചെയ്യുകയും ചെയ്യും. പിന്നീട്, ഈ ഫയൽ തുറന്നിട്ട്, ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുക, ഇമെയിൽ തിരഞ്ഞെടുത്തിട്ട്, സെലക്റ്റ് ചെയ്ത ഫയൽ, almayasabdam@gmail.com എന്ന വിലാസത്തിൽ ഒരു ചെറിയ വിശദീകരണം സഹിതം അറ്റാച്ച് ചെയ്ത് അയച്ചു കൊടുക്കുക. കെ സി ആർ എം കാർ ഇതെല്ലാം ഡൗൺ ലോഡ് ചെയ്ത് ഫയലിൽ സൂക്ഷിക്കുക. തോന്നിയപോലികൾ ഒതുക്കാൻ ഇതു പ്രയോജനപ്പെട്ടേക്കും. ഈ ഓഡിയോ ഫയലുകൾ കേൾക്കാനുള്ള സൗകര്യം മിക്ക മെയിലുകളിലുമുണ്ടെന്നും ഓർക്കുക. 

മേജർ ആർച്ച് ബിഷപ്പ് സ്ഥാനചിഹ്നങ്ങളൊക്കെ അണിഞ്ഞു നടക്കുന്ന ഒരു പടം ഞാൻ കാണാനിടയായി. എനിക്കോർമ്മ വന്നത് ഇന്തുമേനോൻ എഴുതിയ ചന്ദുലേഖ എന്ന നോവലാണ്. ഇത്തരം ചിത്രങ്ങൾ കണ്ടാൽ പുതിയ സാഹിത്യ ശാഖകൾ ഇനിയും ഉണ്ടാകാൻ ഇടയുണ്ട്. എന്തോ ഒരു പന്തികേട് എനിക്കു തോന്നാതിരുന്നില്ല. ഓണം ആയതുകൊണ്ട് ഞാനൊന്നും പറയുന്നില്ല. ഈ സീസണിൽ പല വേഷത്തിൽ ആളുകൾ ഇറങ്ങുമല്ലൊ! കത്തോലിക്കരും ഓണം ഏറ്റെടുത്തിരിക്കുന്നു. വിഷുവിനും ഓണത്തിനും പാട്ടുകുർബ്ബാനയായി; ഇനി മകര വിളക്കും ശിവരാത്രിയും കൂടി നമുക്ക് ആഘോഷിക്കാം. ഇത്രയും ആകുമ്പോഴേക്കും എല്ലാം ഇട്ടെറിഞ്ഞിട്ട് പൊക്കോളും, സർവ്വ ഹിന്ദുക്കളും.  

വന്നു വന്ന് നാലു മെത്രാന്മാർ കൂടിയാലും, നാനൂറു കൂടിയാലും ചർച്ചയുടെ ആദ്യത്തെ ഇനം അല്മായനെ സഭാ നടത്തിപ്പിൽ സഹകരിപ്പിക്കുകയെന്നതായി മാറിയിരിക്കുന്നു. പാലായിൽ അത്മായരുടെ മഹാസമ്മേളനം വരുന്നു. വിശദമായ റിപ്പോർട്ടിൽ, ഓരോ മൂലയിൽ നിന്നും ഓരൊ വൈദികരുടെ മേൽനോട്ടത്തിൽ ജാഥാകൾ വരും. അതിനേയും അത്മായാ സമ്മേളനം എന്നു വിളിക്കാനാണുത്തരവ്. 2017 ൽ സൂയി യൂറിസിനെ വരവേൽക്കാൻ ആയിരക്കണക്കിനല്മായരേയാണ് ഇപ്പോഴേ ഒരുക്കുന്നത്. അതിനാവശ്യമായ ജന്തുക്കളുടെയും കായ്കനികളുടെയും കണക്ക് 2016 അവസാനം എടുക്കും. സൂയി യൂറിസിനു വിശന്നാൽ കാര്യം അറിയും. ഒരുക്കധ്യാനങ്ങളും പ്രാർത്ഥനകളും ഉടൻ തുടങ്ങും. ഏതായാലും കാനഡാക്കു പോകാൻ തയ്യാറെടുത്തിരിക്കുന്ന അത്മായർ ശ്രദ്ധിക്കുക, കഴിയുമെങ്കിൽ സ്ഥലം മാറിപ്പോവുക. അവിടുള്ളവർ എത്രയും നേരത്തെ ഓടി അമേരിക്കാ വിടുകയും ചെയ്യുക. ടൊറന്റോവിൽ ഒരര രൂപത വരുന്നു, പക്ഷേ മെത്രാൻ മുഴു മെത്രാനാണെന്നോർക്കുക. സംശയം ഉള്ളവർ ചിക്കാഗോയിൽ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുക. 

എന്നെ ദഹിപ്പിച്ചാൽ മതി എന്നു പറയുന്ന വിശ്വാസികളുടെ എണ്ണം കൂടുന്നു - ശവപ്പെട്ടിയും വേണ്ട, കച്ചയും വേണ്ട, കുഴിക്കാണവും വേണ്ട, പള്ളിവാടകയും വേണ്ട, പാട്ടുകാരുമില്ല, ജാഥായുമില്ല, അച്ചനു കാശും കൊടുക്കേണ്ട, സർവ്വോപരി ശവക്കോട്ടയിൽ വർഷാവർഷം ഒപ്പീസും ചൊല്ലിക്കേണ്ടല്ലോ!

എന്റെ ഓണപ്പാട്ടിങ്ങിനെ:

സീറോ മലബാറന്നുണ്ടായ ശേഷം
മെത്രാന്മാരെല്ലാരുമൊന്നുപോലെ
പള്ളിയായും പള്ളിക്കൂടമായും 
നാട്ടാരെ നന്നായ് പിഴിഞ്ഞുപോന്നു....! 

"ഓണം" = ദൈവം മനസ്സിൽ ഉള്ള അവസ്ഥ! / ദൈവത്തെ തന്നിലെതന്നെ (താനാകുന്ന) 'ബോധചൈതന്യമായി' സ്വയമറിയുന്നവൻ അനുഭവിക്കുന്ന അവസ്ഥ! / ആ ദൈവത്തിൽ ആശ്രയിക്കുന്ന അവസ്ഥ! / അപ്പോൾ താനും ദൈവവും ഒന്നാണന്നറിയുന്ന അവസ്ഥ! ("ഞാനും പിതാവും ഒന്നാകുന്നു ") / തന്നെപ്പോലെ തന്റെ അയല്ക്കാരനെയും എന്നും  സ്നേഹിക്കുന്ന അവസ്ഥ ! ആയതിനാൽ , "മാതാപിതാ = ഗുരുദൈവം"  എന്നറിഞ്ഞും ഓണം ആഘോഷിക്കുവീൻ ! ഏവര്ക്കും എന്റെ ഓണാശംസകൾ...... 

Wednesday, August 26, 2015

ഓണവും കുർബാനയും

മാവേലിക്കും ഇരിക്കട്ടെ ഒരു ദിവ്യബലി . 
വിവേകശൂന്യരും ആശയദരിദ്രരുമായ പാതിരിപ്പടയുടെ അർത്ഥശൂന്യമായ വിക്രിയകൾ വിശ്വാസസമൂഹത്തിന്റെ ആരാധനയെ പരിഹാസ്യമാക്കുന്നു.

ഓണം ഒരു മനോഹര സങ്കല്പവും സാമൂഹിക ആചാരവും തന്നെ. 
അതിൽ കൊരുത്തു കെട്ടിയിരിക്കുന്ന മിത്തോളജിയിൽ അടിമുടി പൊരുത്തക്കേടുകൾ ഉണ്ട് . മറ്റുപലതിലും എന്നപോലെ ഇതിലും  ഒരു ബ്രാഹ്മണ കൌശലം ഉണ്ടെന്നുവേണം മനസിലാക്കാൻ .
പ്രജാക്ഷേമ തല്പരനായി നാടുഭരിച്ചുകൊണ്ടിരുന്ന ഒരു രാജാവിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് നീതിമത്ക്കരിക്കാനാകാത്ത പ്രവർത്തിയാണ്. ഈ അന്യായം ഒരു ദൈവം ചെയ്യുക! അതെന്തു ദൈവം! 
ഭൂമിയിലേക്ക്‌ ഒരാളെ ചവിട്ടി തേക്കുക. അടുത്ത വർഷം വന്നു പ്രജകളെ കണ്ടുപോകാൻ അനുവാദം കൊടുക്കുക . ഈ വരവ് മലയാളികൾ ആഘോഷിക്കുക . അന്തോം കുന്തോം ഇല്ലാത്ത ഈ മലയാളി കാര്യങ്ങൾ മനസിലാക്കുന്നത്‌ എവിടംകൊണ്ടാ ?. ഇതിന്റെ പേരില് കോടികൾ അടിച്ചു മാറ്റുന്നത് ഇന്ന് കച്ചവടക്കാരാണ്. ഓണം ഇന്ന് വെറും വ്യാപാരമേള മാത്രമാണ് .

Andrews Millennium Bible in FB:
Harvest festival is celebrated in all cultures from the beginning of cultivation. Onnam is actually a Buddhist celebration. Later Brahmin priests transformed it to the Vamana legend. If the people of Kerala are not cultivating and harvesting, they should not celebrate Onnam.

Zacharias Nedunkanal അങ്ങനെ നോക്കിയാൽ പങ്കുവയ്ക്കലിന്റെ പ്രതീകമായി യേശു അപ്പം മുറിക്കാൻ പറഞ്ഞതിന്റെ ഓർമയായി ആചരിക്കുന്ന കുർബാന ദിവസവും 'കാണുന്ന' ക്രിസ്ത്യാനികൾ ചെയ്യുന്നത് എന്തൊരു വിഡ്ഢിത്തമാണ്. എതെങ്കിലും ക്രിസ്ത്യാനി, കുർബാനയിൽ കാർമികരായ അച്ചന്മാരും മെത്രാന്മാരുമുള്പ്പെടെ, അന്യന്റെ മുതൽ കട്ടെടുക്കാനും തട്ടിപ്പറിക്കാനുമല്ലാതെ തനിക്കുള്ളത് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നുണ്ടോ? ഓണം വർഷത്തിൽ ഒന്നേയുള്ളൂ. കുര്ബാന എന്ന നാടകം ദിവസവും ആയിരക്കണക്കിന് പള്ളികളിൽ ആവർത്തിക്കപ്പെടുന്നു!

Sunday, August 23, 2015

Selfie: വിശുദ്ധ കലാപങ്ങൾ - Part 2 | 8th May 2015 | Full Episode


കത്തോലിക്കാസഭക്ക് പുത്തൻ നിശാബോധവുമായി കെ. സി. ആർ .എം

പ്രസിഡന്റായി  കെ. ജോർജ്ജ് ജോസഫ്  കാട്ടേക്കര തിരഞ്ഞെടുക്കപ്പെട്ടു.

കത്തോലിക്കാ സഭക്ക്  കൈമോശം വന്നു പോയിട്ടുള്ള  ആത്മീയ ചൈതന്യം തിരികെകൊണ്ടുവരുന്നതിനുവേണ്ടി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെ.സി. ആർ. എം. ന്റെ പുതിയ അമരക്കാരെ പാല ടോംസ് ചെയ്ബറിൽ കൂടിയ പൊതുയോഗം തിരഞ്ഞെടുത്തു.
ലീഗൽ അഡൈ്വസർ  അഡ്വ. ഇന്ദുലേഖ ജോസഫ്   (ഹൈക്കോർട്ട്.) 
  2016 - ലെ പുതിയ ഭാരവാഹികളും  കമ്മറ്റിയംഗങ്ങളും.
 പ്രസിഡന്റ് - കെ. ജോർജ്ജ് ജോസഫ്  കാട്ടേക്കര

 വൈ. പ്രസിഡന്റ് - പ്രൊഫ. ജോസഫ് വർഗീസ്  (ഇപ്പൻ)

 ജന. സെക്രട്ടറി - കെ. കെ. ജോസ് കണ്ടത്തിൽ

 സെക്രട്ടറി- ജോസഫ്  വെളുവിൽ  കളമശ്ശേരി

 ഓർഗനൈസിംഗ്  സെക്രട്ടറി - റെജി ഞള്ളാനി  കട്ടപ്പന

 ജോ.സെക്രട്ടറിമാർ - 1. ജോർജ്ജ് മൂലേച്ചാലിൽ

                                     2. സി. സി. ബേബിച്ചൻ  തൊടുപുഴ

                                     3. സി. വി.  സെബാസ്്‌ററ്യൻ

                                     4 . മോളി ജോർജ്ജ്  കണിയാരശ്ശേരിൽ

ട്രഷറർ.               മാത്യു എം. തറക്കുന്നേൽ.

     
                       എക്്‌സീക്യൂട്ടിവ്   കമ്മറ്റിയംഗങ്ങൾ

                                  ----------
1. അഡ്വ. എം. ജെ. ചെറിയാൻ
  ഹൈക്കോർട്ട്, 
 2. അഡ്വ. ഇന്ദുലേഖ ജോസഫ്.  ഹൈക്കോർട്ട്.
3.  അഡ്വ. ജോസ് ജോസഫ്  അരയകുന്നേൽ ,
 4.  അഡ്വ. ജോസ് പാലിയത്ത്.
5. ജോസഫ് കാലായിൽ , വാഴക്കുളം,
 6.  പി.ജെ. എബ്രാഹം, പേടിക്കാട്ടുകുന്നേൽ ,വാഴക്കുളം 
7.   കുഞ്ഞുമോൻ സെബാസ്റ്റ്യൻ മണ്ണേയ്ക്കനാട്.
 8.  ജോസ് പൂവത്തോട്ട്  മണ്ണേയ്ക്കനാട്.
9.  ഇ. ആർ . ജോസഫ് , കൊച്ചുപറമ്പിൽ കോട്ടയം.
10. ജോസ് കാരുപറമ്പിൽ , തൊടുപുഴ. 
11.  ലൂക്കോസ് മാത്യു ഉഴവൂർ, 
12. ഒ. ഡി. കുര്യാക്കോസ് , ഒഴാക്കൽ. അരുവിത്തുറ. 
13.  കെ. എം. മാണി. പതിയിൽ മോനിപ്പള്ളി. 
 14 .  പി . എസ്.  ജോസഫ്.  പനച്ചിക്കവയലിൽ , തീക്കോയി.
 15 . സി. ഒ. ഫ്രാൻസീസ്  ചക്കുളിക്കൽ  മരങ്ങാട്ടുപള്ളി.
16.  സാജു തറപ്പേൽ അടിവാരം
17 . കെ. വി. ജോസഫ് നെടുംങ്കണ്ടം എന്നിവരെ തിരഞ്ഞെടുത്തു. 

കെ. സി. ആർ . എം -ന്റെ  ലീഗൽ അഡ്വൈസറായി  അഡ്വ. ഇന്ദുലേഖ ജോസഫിനെ   (ഹൈക്കോർട്ട്)  തിരഞ്ഞെടുത്തു. 

അനിശ്ചിതത്വത്തിന്റെ സൌന്ദര്യം

നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബോധമില്ലെങ്കില്‍ നിത്യതക്ക് എന്തര്‍ത്ഥം?) ചലിച്ചില്ലെങ്കിലും അതുണ്ട്; പക്ഷേ, നാം ഉണ്ടായിരിക്കണമെന്നില്ല. ശൂന്യതയെ പരമമായ യാഥാര്‍ത്ഥ്യമായും അനന്തതയെ ശൂന്യതയുടെ നാനാവിധത്തിലുള്ള ആവിഷ്കാരമായും കാണാന്‍ ശ്രമിച്ചിരുന്ന ഒരു ഗണിതജ്ഞന്‍ ഇന്ത്യക്കുണ്ടായിരുന്നു: ശ്രീനിവാസ രാമാനുജന്‍. പൂജ്യത്തെ (ഒരു പൌരസ്ത്യ മനസ്സിന് മാത്രം ഭാവനയില്‍ മനനം ചെയ്യാനാവുന്ന, ശൂന്യതയെന്ന പരമമായ യാഥാര്‍ത്ഥ്യം) അനന്തതകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അന്ത്യമില്ലാത്ത സംഖ്യയിലെ ഓരോ അക്കങ്ങളാണ്‌ നാമും സൃഷ്ടിയിലെ ഓരോ കണികയും എന്ന് സാത്വികമായി ചിന്തിക്കാന്‍ അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു.

നമ്മുടെ പൂര്‍വ്വികന്മാരുടെ പൂര്‍വ്വികര്‍ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിച്ചു. വെറുതേയിരിക്കാനുള്ള സമയം ലഭ്യമായതോടെ, തന്റെ ഉള്ളിലേയ്ക്ക് നോക്കാനുള്ള ബൌദ്ധികവാസന കുരുത്ത്, പയ്യെ പുഷ്പിച്ചു. ആ ഒളിഞ്ഞുനോട്ടമാണവനെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ അദ്ഭുതത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. അതായത്, ഈ പ്രപഞ്ചവും ഈ ഞാനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഒരേ പരമാണുക്കള്‍ കൊണ്ടാണെന്ന അറിവ്. ഏതു ഭാവനയെയും വെല്ലുന്നയത്ര വിദൂരതയില്‍ കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലും എന്റെ ശരീരത്തിലും ചലിക്കുന്നത്‌ ഒരേ അണുതന്നെയാണെന്ന സത്യം. അതിസൂക്ഷ്മകണങ്ങളുടെ ഈ മഹാവിസ്തൃതിയില്‍ അതികൃത്യമായ ഊര്‍ജ്ജഭാവങ്ങള്‍ സങ്കലിതമാവുമ്പോഴും വെളിയില്‍ നിന്നുള്ള വീക്ഷണത്തില്‍ അനിശ്ചിതത്വമാണവിടെ ഭരിക്കുന്നതെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കാഴ്ചപ്പാട്.

ഇതിന്റെ പരിണതിയായിരിക്കാം, ജീവിതത്തെ കൃത്യമായ രീതിസംവിധാനങ്ങളിലൂടെ (methodology) കെട്ടിപ്പടുക്കുക എന്നതിലും സന്തുഷ്ടവും ആരോഗ്യകരവും അതിനെ വരുന്നതുപോലെ സ്വീകരിക്കാനുള്ള തന്റേടവും ശുഭാപ്തിവിശ്വാസവുമാണ് എന്ന കണ്ടെത്തല്‍. Let go of planning and embrace not knowing what will happen. Let go of productivity and be open to new ideas and spontaneous creativity. എന്ത് നേടണം, എവിടെയെത്തണം എന്നൊക്കെ തീരുമാനിച്ചിട്ട്‌ പ്രവര്‍ത്തിക്കുന്നതിലും എത്രയോ സ്വാതന്ത്ര്യവും സന്തുഷ്ടിയും തരുന്നതാണ്, ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യാനാവുന്നതും ചെയ്യുക, ഫലമെന്തുമാകട്ടെ എന്ന കൂസലില്ലായ്മ. അതാണല്ലോ മഹത്തായ ഗീതാദര്‍ശനവും. എല്ലാ സൌന്ദര്യദര്‍ശനത്തിലും ഈ അനിശ്ചിതത്വം അനിവാര്യമാണ്. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും, സംഖ്യകളുടെ സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ രാമാനുജനുണ്ടായിരുന്ന കഴിവ് അനന്യമായിരുന്നു. അശിക്ഷണവും ക്രമരാഹിത്യവും നിലനില്‍ക്കെത്തന്നെ ഗണിതസിദ്ധാന്തങ്ങളുടെ സൌന്ദര്യത്തിലേയ്ക്ക് ചെന്നുപെട്ട വിശിഷ്ട ബുദ്ധികളായിരുന്നു ഐന്‍സ്റ്റയിനും (Albert Einstein) അദ്ദേഹത്തിന്‍റെ മുന്നോടി പ്വാന്‍ഗ്കരെയും (Henri Poincaré). രാമാനുജന്റെ കാര്യത്തിലെന്നപോലെ, ഇവരിരുവരുടെയും ഗണിതചേതനയുടെ ഭാഗമായി, പുതിയ ഗണിതസ്വത്വങ്ങള്‍ അബോധമനസ്സില്‍ ഉരുത്തിരിഞ്ഞ്‌, പ്രത്യക്ഷമനസ്സിലേയ്ക്ക് സംവേദനം നടത്തുകയായിരുന്നു. വിശദാംശങ്ങളെ അവഗണിക്കാനാകുക എന്നതാണ് ഗിരിശൃംഗങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വേണ്ടുന്ന ഒരു മാനസികഘടകം. ഏതാണ്ട് ഈ അര്‍ത്ഥത്തിലായിരിക്കണം ഫ്രീഡ്രിഹ് നീററ്ഷേ (Friedrich Nietzsche) പറഞ്ഞത് : അനിര്‍ണ്ണീത നിലങ്ങളില്‍ നിന്നാണ് നൃത്തം ചെയ്യുന്ന താരങ്ങള്‍ ജനിക്കുന്നത്.

യുവത്വത്തിന്റെ അതിപ്രസരങ്ങളെല്ലാം ശമിച്ച്, പലതും നേടിയശേഷം ജോലിയില്‍നിന്നു വിരമിച്ച്, മനസ്സില്ലാമനസ്സോടെ നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും, അവിടെ ചെന്നിട്ട്, ഇനിയും, വരുമാനമുള്ള എന്തെങ്കിലും കളിച്ചുവയ്ക്കാന്‍ വെമ്പെല്‍കൊള്ളൂന്ന പല പ്രവാസികളെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത ഒരവസ്ഥയനുമാനിക്കാനേ അവര്‍ക്കാകുന്നില്ല. ഭൌതിക/സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്ത മാനസിക സ്വസ്ഥതയോടെയുള്ള വിശ്രമജീവിതം എന്തോ പാപമാണെന്നതുപോലെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. പണ്ടില്ലാതിരുന്ന, എന്നാല്‍, ഏറ്റവും ക്രിയാത്മകവും അതേ സമയം ശ്രമരഹിതവുമായ സൌന്ദര്യാസ്വാദനത്തിനായി, ഉഴിഞ്ഞുവയ്ക്കാനുള്ള ഒരവസരം കൈവന്നതിന്റെ സന്തോഷം തിരിച്ചറിയാതെപോകുന്നത് എത്ര ദയനീയമാണ്!

ശ്രമരഹിതമായ സൌന്ദര്യാസ്വാദനത്തിന് ഇന്നെന്നെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്, വെറും നിസ്സാരരായി കാണപ്പെടുന്ന കുറേ ചെറു പ്രാണികളാണ് - അവരില്പ്പെടുന്നു ചെറുതേന്‍ ഉണ്ടാക്കുന്ന ഈച്ചകള്‍. വെറുതേ ഒരു രസത്തിന്, ഒരു കലത്തില്‍ ഞാന്‍ സംഭരിച്ചുവച്ച തേനീച്ചക്കുടുംബം ഇന്ന് ആറായി പെരുകിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശേഷിച്ച് ഒന്നുമറിഞ്ഞിട്ടല്ല, ആദ്യത്തെ കൂട്ടത്തെ പകുത്ത് ഞാനൊരു പരീക്ഷണം നടത്തിയത്. ഒരു ചിരട്ടയില്‍ കുറേ മുട്ടകള്‍ മാത്രമാണ് ഏതാനും ഈച്ചകളോടെ ഞാന്‍ മാറ്റിവച്ചത്. ബാക്കി കണക്കുകൂട്ടലുകളെല്ലാം, കൃതകൃത്യതയോടെ പരിശ്രമശാലികളായ ആ മിണ്ടാപ്രാണികള്‍ വളരെ ഭംഗിയായി ചെയ്തു - അനാവശ്യ വിടവുകള്‍ അടക്കുക, കയറിയിറങ്ങാന്‍ ഒരു വളച്ചുവാതിലുണ്ടാക്കുക, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെ പൂമ്പൊടി ശേഖരിക്കുക, സശ്രദ്ധം മുട്ട വിരിയിച്ച് പുതിയ ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതെല്ലാം. അക്കൂടെ, നമുക്ക് സൌജന്യമായി എടുത്തുപയോഗിക്കാന്‍ അതിമധുരമായ, ഔഷധഗുണങ്ങള്‍ ഏറെയുള്ള തേനുണ്ടാക്കുകയും! അവരുടെ പോക്കും വരവും, വൈവിധ്യമാര്‍ന്ന ജോലിവിഭജനവുമൊക്കെ കണ്ടുകൊണ്ടിരിക്കുക എത്ര ധന്യമായ സൌന്ദര്യാരാധനയാണ്! ഗണിതത്തിന്റെ സരളതയും സങ്കീര്‍ണ്ണതയും അണുസമാനമായ ഈ ചെറുജീവികളില്‍ സംഗമിക്കുന്നതും അതിവിസ്മയനീയമായ അണുവിസ്ഫോടനങ്ങളിലൂടെ ആകാശഗംഗകള്‍ രൂപംകൊള്ളുന്നതും തമ്മില്‍ എന്തുണ്ട് വ്യത്യാസം?
- See more at: http://znperingulam.blogspot.in/2012/03/blog-post_16.html#sthash.XGytsACv.go2sA3tT.dpuf

Saturday, August 22, 2015

ജപ്പാൻ ജനതയിൽ നിന്ന് പഠിക്കേണ്ടവ


അന്യനോടുള്ള ബഹുമാനം എന്താണ്, അവരോട് എങ്ങനെ പെരുമാറണം എന്ന് ആരും നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. അടിസ്ഥാനപരമായ ധാർമികാവബോധംപോലും  ഇല്ലാത്തതുകൊണ്ടാണ് മൂന്നിൽ അധികം വ്യക്തികൾ ഒരുമിച്ചാൽ അതൊരു വർഗീയമായ കൂട്ടുകെട്ടിലേക്ക് നീങ്ങുവനുള്ള സാധ്യത ഈ നാട്ടിൽ കണ്ടുവരുന്നത്‌. വിദ്യാലയങ്ങൾ എങ്ങനെ പ്രവർത്തികണം എന്നത് നാം ജപ്പാൻകാരിൽ നിന്ന് പഠിക്കണം. അവിടെ ആദ്യ ക്ലാസുകളിലൊന്നും പുസ്തകമില്ല. എതിക്സാണ് (ധാർമികത) ആദ്യം പറഞ്ഞുകൊടുക്കുക. സ്വന്തം ആരോഗ്യ പരിപാലനം, ഭക്ഷണം സമയമെടുത്ത് ചവച്ചരച്ചു കഴിക്കേണ്ടതിന്റെയും ആവശ്യത്തിനു വെള്ളം കുടിക്കെണ്ടതിന്റെയും  പ്രാധാന്യം, അന്യരെ സഹായിക്കാവുന്ന വഴികൾ, അന്യരോട് സംസാരിക്കേണ്ട രീതികൾ, പരിസര ശുചിത്വം, റോഡുകളിൽ പെരുമാറേണ്ട മര്യാദകൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ അടിസ്ഥാനപരമാണ് എന്ന് നമ്മൾ മനസ്സിലാക്കാത്തതുകൊണ്ടാണ് നമ്മുടെ സമൂഹം വളരെ പരിതാപകരമായ അവസ്ഥയിൽ എത്തിനിൽക്കുന്നത്.
ഈ വക കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്ന എത്ര സാറന്മാരും റ്റീച്ചർമാരും നമ്മുടെ സ്കൂളുകളിൽ ഉണ്ട്? നമ്മുടെ വേദാദ്ധ്യയനക്ലാസ്സുകളിൽ എങ്കിലും ഈ ശ്രദ്ധയുണ്ടോ? ഏതെങ്കിലും ഒരു വികാരിയച്ചൻ ഞായാഴ്ച്ചത്തെ പ്രസംഗത്തിൽ ഇത്തരം കാര്യങ്ങൾ പരാമര്ശിക്കാറുണ്ടോ? നമ്മുടെ എല്ലാ മതങ്ങളിലെയും വേദപഠനം നിറുത്തിയിട്ട്‌ മേല്പറഞ്ഞ ധാർമിക ബോധം ആണ് കുഞ്ഞുങ്ങൾക്ക്‌ ആദ്യം ലഭ്യമാക്കേണ്ടത്‌. ജപ്പാൻ ജനതയിൽ നിന്ന് നാം പഠിക്കേണ്ട ഏതാനും കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.

1. ഒന്ന് മുതൽ ആറുവരെ ക്ലാസ്സുകളിൽ ധാർമികാദ്ധ്യയനം ആണ് പ്രാഥമികം. വ്യക്തിത്വ രൂപവത്ക്കരണമാണ് ഈ വർഷങ്ങളിൽ നടക്കുക എന്നതുകൊണ്ട്‌ പരീക്ഷയില്ല.
2. വിദ്യാലയത്തിൽ കുട്ടികളും വാദ്ധ്യാന്മാരും ചേർന്നുള്ള പരിസരം വെടിപ്പാക്കലാണ് ആദ്യ പരിപാടി. അതുകൊണ്ട് വീട്ടിലും വഴിയിലും ശുചിത്വം അവര്ക്കൊരു ശീലമാണ്.
3. അര മണിക്കൂർ എടുത്ത് നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കണമെന്നും വിദ്യാലയത്തിലും ഭക്ഷണത്തിനുശേഷം ബ്രഷ് ഉപയോഗിച്ച് വായ്‌ വൃത്തിയാക്കണമെന്നും, കുട്ടികളെല്ലാം വെള്ളം കൊണ്ടുവരികയും ക്ലാസ്സുകൾക്കിടയിൽ അത് കുടിച്ചിരിക്കണമെന്നും നിർബന്ധമുണ്ട്.
 4. റോഡുകൾ വൃത്തിയാക്കുന്നവരെ അവർ 'ആരോഗ്യപരിപാലകർ' (health engineers) എന്ന് വിളിക്കുകയും അവര്ക്ക് ഉയർന്ന ശമ്പളം കൊടുക്കുകയും ചെയ്യുന്നു.
5. നമ്മെപ്പോലെ പ്രകൃതിദത്തമായ സാമ്പത്തിക സ്രോതസ്സുകൾ തീരെയില്ലാഞ്ഞിട്ടും, ഭൂചലനം നിത്യമെന്നോണം നാശനഷ്ടങ്ങൾ വരുത്തിയിട്ടും, അവർ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിലും ആരോഗ്യ ശ്രേയസിലും ലോകത്തെ അമ്പരപ്പിക്കുന്നു.
6. പൊതു ഗതാഗത ഉപയോഗസമയത്തും ഭക്ഷണശാലകളിലും സമ്മേളനങ്ങളിലും മൊബൈൽ ഫോണിന്റെ ഉപയോഗം അനുവദിക്കുന്നില്ല.
7. എത്ര ധനികരായിരുന്നാലും അവർ വേലക്കാരെകൂടാതെ ഗാർഹിക കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നു.
8. ട്രെയ്നുകൾ സമയം പാലിക്കാതെ വരുന്നത് ഒരു വർഷത്തിൽ ആകെ ഏഴു സെക്കന്റാണ്‌! സാരമായ എന്തെങ്കിലും അപകടം കാരണമായില്ലെങ്കിൽ, വൈദ്യുതിയും ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു മിനിറ്റുപോലും ഉണ്ടാകാറില്ല.
നമുക്ക് നാണം തോന്നേണ്ടതല്ലേ?

'രൂപത നമ്മുടെ വീട്'

എന്റെ നാക്ക് കരിനാക്കായതാണോ, അതോ ഏതെങ്കിലും മുൻ എ കെ സി സി ക്കാരന്റെ പ്രാക്ക് കിട്ടിയതാണോന്നറിയില്ല, എ കെ സി സി ക്ക് ഈ ദുർഗ്ഗതി ഉണ്ടായത്. അങ്കമാലിയിൽ മോചനയാത്രയുടെ അവസാനം തടിച്ചു കൂടിയത് ആയിരത്തോളം പേരായിരുന്നു എന്നാണു കേട്ടത്. ഫെയിസ് ബുക്കിൽ കണ്ടത് 'ഫയങ്കരം!' എന്നാണ്. പണമിടപാടുകൾ തീർക്കാൻ എത്തിയവരും, ഈവന്റ് ഓർഗനൈസർമാരും അവരുടെ പണിക്കാരും, സമ്മാനം മേടിക്കാൻ എത്തിയവരും, മൈക്ക് സെറ്റുകാരും, സ്റ്റേജിൽ ഇരിക്കാൻ എത്തിയവരും അവരുടെ ഡ്രൈവർമാരും, വോളണ്ടിയർമാരും, പത്രക്കാരും ഒഴിച്ചാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ വളരെ കുറവ്. ഇനി മേൽ എ കെ സി സി സമ്മേളനങ്ങളിൽ സ്റ്റേജിൽ ഇരിക്കുന്ന ഓരോരുത്തരും പത്തു പേരെ വീതം കൊണ്ടുവന്നിരിക്കണം എന്നു നിബന്ധന വെയ്ക്കുക. കെ സി ആർ എം കാർ എറണാകുളത്തു നടത്തിയ മുൻ വൈദിക/കന്യാസ്ത്രി മാരുടെ സമ്മേളനത്തിൽ വന്നു പോയവരുടെ സംഖ്യ ഇതിന്റെ മൂന്നിരട്ടിവരും. ഇതെങ്ങനെ സംഭവിച്ചുവെന്നു ഞാനെന്റെ കർത്താവിനോട് ചോദിച്ചു; ഞെട്ടിക്കുന്ന ചില ദർശനങ്ങളാണ് എനിക്കുണ്ടായത്. സിംഹത്തിന്റെ തലയുള്ള കലപ്പയേന്തിയ ഏതാനും പേർ ചാട്ടകളുമായി ഒരു കാറിന്റെ പിന്നാലെ ഓടുന്നതു ഞാൻ കണ്ടൂ. അവർക്കു പിന്നിൽ രണ്ട് ഓക്സിലിയറി രഥങ്ങളും കണ്ടു. എനിക്കൊന്നും മനസ്സിലായില്ല. താമസിയാതെ എല്ലാവർക്കും എന്തെങ്കിലുമൊക്കെ മനസിലാകാതെ പോവില്ല. 'സീറോ മലബാർ സഭയുടെ ശബ്ദം കത്തോലിക്കാ കോൺഗ്രസ്സ്' എന്നു ബാനറിൽ എഴുതി വെച്ചിട്ട്, അമരത്തു ഭൂതങ്ങളേപ്പോലെ മെത്രാന്മാർ ഇരുന്നാൽ ഇങ്ങനെയിരിക്കും. എങ്കിലും, എ കെ സി സിയും കത്തോലിക്കാ സഭയും അറ്റുപോകുമെന്നാരും ആശിക്കേണ്ടാ. ആഫ്രിക്കൻ പായലുപോലെ, എത്ര വാരിയാലും മനുഷ്യർക്കു ശല്യമായി അതവിടെത്തന്നെ കാണൂം. ഓർക്കുമ്പോൾ സങ്കടം വരും, മോചനയാത്ര തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്ന റബറിന്റെ വിലയും ഇപ്പോഴത്തേതും തട്ടിച്ചു നോക്കിയാൽ! 

മിക്ക രൂപതകളും തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ സങ്കടങ്ങൾ കേട്ട് മിക്ക മെത്രാന്മാരുടേയും മനസ്സു കണ്ടമാനം അലിയുന്നു; തിരുവനന്തപുരംകാർക്കു മുക്കുവരുടെ കണ്ണുനീർ വലകൊണ്ടുതന്നെ തുടക്കണം, ചങ്ങനാശ്ശേരിക്കാർ ദളിതരുടെ കഷ്ടപ്പാടുകൾ തീർക്കാൻ നീതി ഞായറുമായി കോട്ടയത്ത് (ഹോ! ദളിതർ രക്ഷപ്പെട്ടു), ഇൻഫാമുമായി കാഞ്ഞിരപ്പള്ളി, പെരിയ ദൈവശാസ്ത്രജ്ഞനായ പാലാ പിതാവിന്റെ അനുഗ്രഹത്തോടെ മതശാന്തി യാത്ര പാലായിൽ (അൾത്താര മുതൽ മദ്ബഹാ വരെ എന്നു പറഞ്ഞു കളിയാക്കണ്ട, ഇതു ബിഷപ്പ് ഹൗസ് മുതൽ ഷാലോം ഹൗസ് വരെയുള്ള ഒരു ബൈക്ക് ഷോ ആയിരുന്നു). ബൈക്കുകൾ കടന്നുപോയ വഴിയരുകിൽ ഉണ്ടായിരുന്നവരെല്ലാം മതമൈത്രി ടാറിട്ട വഴികളിൽ നടപ്പാക്കാൻ തീരുമാനിച്ചതായും കേട്ടു. ആലപ്പുഴ രൂപത ഓട്ടോ റിക്ഷാക്കാരുടെ പിന്നാലെ, എടത്വായിൽ തെരുവു നാടകം, ഒരു കൊച്ചുപുര പൊളിക്കാൻ കാക്കനാട്ടുകാർ ഒന്നടങ്കം.... അങ്ങിനെ പോകുന്നു. ചെകുത്താനു വിശ്വാസികളെ തട്ടിക്കൊണ്ടു പോകാൻ നല്ല അവസരം; വിശ്വാസികളെ നോക്കാൻ ആരുമില്ലല്ലോ! ഇപ്പോ 'ദീപിക നമ്മുടെ ഭാഷ' പദ്ധതി കത്തോലിക്കാ സ്കൂളുകളിലെല്ലാം നടപ്പാക്കുന്നുണ്ട്. എങ്ങനെയെങ്കിലും പത്രം തുടരണമല്ലൊ. അധികം താമസിയാതെ 'രൂപത നമ്മുടെ വീട്' എന്ന പേരിൽ എല്ലാ പള്ളികളിലും ഇതുപോലൊരു പദ്ധതി നടപ്പാകാൻ ഇടയുണ്ട്. ഏകെസിസിയുടെ കാര്യത്തിലാണെങ്കിൽ ഒരു തിടനാടു മോഡലും പ്രതീക്ഷിക്കാം. ആദ്യം ദൈവം സൂചനൾ തരും, വിവരമുള്ളവർ അതിന്റെ അർത്ഥം മനസ്സിലാക്കും, ഈജിപ്തിലെ ഫറവോനേപ്പോലെ.

അബുദാബിയിൽ ക്ഷേത്രം പണിയാൻ ഒരു മുസ്ലീം അഞ്ചേക്കർ സ്ഥലം  സംഭാവന ചെയ്തു. സുൽത്താനാണേൽ ക്ഷേത്രം പണിയാൻ മോഡിക്കനുമതിയും കൊടുത്തു. കേരള കത്തോലിക്കർ മതമൈത്രിയുടെ വക്താക്കളാണെന്നു കാണിച്ചു കൊടുത്തിട്ടും അവരെന്താ നമുക്കൊരു രൂപതക്കുള്ള സൗകര്യം തരാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. താനെയിൽ (മുംബെക്കടുത്ത്) ഒരു പള്ളിയിൽ നടന്നതു പി റ്റി എ മീറ്റിങ്ങ്. പതിവു ഗോഗ്വാ വിളികളും, മൊബൈൽ ഫോൺ വിളികളും, സിഗററ്റ് വലിയും എല്ലാം മംഗളമായി ഒരു നാലു മണിക്കൂർ നടന്നു കഴിഞ്ഞപ്പോഴാണ് വിശ്വാസികൾ ഇടപെട്ടത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ പൊതു ചർച്ചയും മുറക്കു നടക്കുന്നു. വിദേശങ്ങളിൽ നമ്മുടെ സ്വന്തം പള്ളികൾ അകത്തോലിക്കർക്കു പോലും നാമിപ്പോൾ വാടകക്കു കൊടുക്കുന്നു. ഒരു കത്തിദ്രൽപള്ളിക്കു വാടക 1000 ഡോളർ. അതു പണിത അത്മായനും പള്ളി ഉപയോഗിക്കണമെങ്കിൽ എന്തെങ്കിലും കൊടുക്കേണ്ടി വരും. പള്ളിക്കെന്തു കിട്ടിയാലും പത്തു ശതമാനം രൂപതക്കാണല്ലൊ! ഒരു കത്തോലിക്കാ പള്ളി വന്നാൽ അതു ഭൂമിക്കു പുണ്യമാണെന്നുള്ള സങ്കൽപ്പം പിന്നെങ്ങിനെ മറ്റുള്ളവർക്കുണ്ടാകും? നമുക്കെന്താ പരമ പവിത്രമായിട്ടുള്ളതെന്നു ചോദിച്ചാൽ മറുപടിയില്ല. ഇപ്പോ കാണുന്ന പള്ളി തന്നെ എപ്പോ പോയെന്നു ചോദിച്ചാൽ മതി. പള്ളി മാറുമ്പോൾ രൂപങ്ങളും മാറും. ചങ്ങനാശ്ശേരി കുറുമ്പനാടം പള്ളി ഇടവക പവ്വത്തു ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച്, ഇയ്യിടെ 85 പൂർത്തിയാക്കിയ പി ജെ ജോസഫ് എന്ന പിതാവിന്റെ കാലം വരെയേ താമരക്കുരിശിനും ഗാരന്റിയുള്ളൂ. 

അരുവിക്കരെ അടിയൊഴുക്കുകൾ കാണാൻ പറ്റിയില്ലെന്നു കമ്മ്യുണിസ്റ്റുകാർ പറഞ്ഞു. അടിയൊഴുക്കു കാണാൻ കുനിഞ്ഞു നോക്കണം; ഇതു കേട്ടതേ ഉത്തരവാദിത്വപ്പെട്ട പലരും കുനിഞ്ഞു നോക്കാൻ തുടങ്ങിക്കഴിഞ്ഞു. ആർക്കു വേണേലും ഞാനൊരുപകാരം ചെയ്യാം, അടിയൊഴുക്കു കണ്ടുപിടിക്കുന്ന ഒരാപ്പുണ്ടാക്കിത്തരാം. ഒരാപ്പും ഇല്ലാതെ കാര്യങ്ങൾ കാണാൻ ശേഷിയുള്ള മാർ വിജാഗിരിമാർ ധാരാളം നമുക്കുണ്ടന്നു ഞാൻ മറക്കുന്നില്ല. ഇപ്പോ എല്ലായിടത്തും മാതൃകാ മോഡലുകളാണ്: മാതൃകാ കൃഷിത്തോട്ടം, മാതൃകാ പോലീസ് സ്റ്റേഷൻ, മാതൃകാ ദമ്പതികൾ, മാതൃകാ വിദ്യാലയം, മാതൃകാ അദ്ധ്യാപകൻ, മാതൃകാ പോസ്റ്റ് ഓഫീസ് എന്നിങ്ങനെ. കാഞ്ഞിരപ്പള്ളി രൂപതയിലെ കോരുത്തോട്ടിൽ മാതൃകാ ഷാപ്പും പ്രവർത്തിക്കുന്നു (ഈ ഷാപ്പിനു പക്ഷേ രൂപതയുമായി ഒരു ബന്ധവുമില്ല). രൂപതാടിസ്ഥാനത്തിൽ ഒരു മാതൃകാ പള്ളി ഒരനുഭവമായിരിക്കും. ഞങ്ങളുടെ കാഞ്ഞിരപ്പള്ളിയിൽ അത്തരം പള്ളികൾ ധാരാളം ഉണ്ട്. അടുത്ത കാലത്ത്, അതിലൊരെണ്ണത്തിൽ ജോലി ചെയ്ത ഒരു കൊച്ചച്ചൻ ആറുമാസം കഴിഞ്ഞപ്പോൾ സ്ഥലം മാറി. ആപ്പില്ലാതെ അടിയൊഴുക്കുകൾ കാണാൻ ശേഷിയുള്ള അവിടുത്തെ മാതൃകാ വികാരിയച്ചൻ ഇടവകക്കാരോടു പറഞ്ഞു, കൊച്ചച്ചനു ചേരുന്ന ഒരു സമ്മാനം കൊടുത്തു മാതൃകയാകണമെന്ന്. അദ്ദേഹം മുന്നോട്ടു വെച്ച മൂന്ന് ഓപ്ഷനുകൾ, ഡാഷ് 1, ഡാഷ് 2, മാരുതി കാർ എന്നിവയായിരുന്നു. ഡാഷ് ഒന്ന് രണ്ട് എന്നീ സാധനങ്ങൾ എവിടെ കിട്ടും എന്നറിയാതിരുന്നതുകൊണ്ട്, ഇടവകക്കാർ പിരിവെടുത്തു കാർ തന്നെ വാങ്ങി. പുറമേ ചിരിച്ചുകൊണ്ടാണ് താക്കോൽ കൊടുത്തതെന്നു പറയാതെ വയ്യ. ഏതായാലും, ഈ നിർദ്ദേശം വെച്ച വികാരിയച്ചന് ഇപ്പോൾ ളോഹയില്ല.


ഇന്ത്യാ ഗവണ്മെന്റിന്റെ  കണക്കനുസരിച്ചു ഭാരതത്തിൽ 4'00'000 പിച്ചക്കാരുണ്ട്, ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിൽ. ന്യു ജനറേഷൻ തെണ്ടികളേയും, പള്ളിയിരക്കലുകാരെയും പരിഗണിച്ചിരുന്നെങ്കിൽ കേരളം അവിടേയും റ്റോപ്പിൽ നിന്നേനെ. 

Friday, August 21, 2015

കന്യാസ്ത്രീകൾക്ക് ശിരോവസ്ത്രം ആവശ്യമൊ

 

ആര്‍ഭാടപ്പള്ളികള്‍:

മാര്‍പ്പാപ്പായെയും മാര്‍ ആലഞ്ചേരിയെയും പിന്തുണയ്ക്കുക

2015 ആഗസ്റ്റ് ലക്കം സത്യജ്വാലയുടെ മുഖക്കുറി
ഇടപ്പള്ളിയില്‍ അത്യാഡംബരകരമായ ആര്‍ഭാടപ്പള്ളി പണിതതിനെ വിമര്‍ശിച്ച്, അതിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വ്വഹിച്ച സീറോ-മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി സംസാരിച്ചത് കേരളത്തില്‍ വലിയൊരു ആശയചര്‍ച്ചയ്ക്കു കളമൊരുക്കുകയുണ്ടായി. മിക്കവാറും എല്ലാ പത്രങ്ങളിലും ആനുകാലികപ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും നവസോഷ്യല്‍ മീഡിയാകളിലും ഈ വിഷയത്തില്‍ നല്ല രീതിയില്‍ ചര്‍ച്ച നടന്നു. ആഡംബരവും പ്രൗഢിയും പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പള്ളിപണിയോടുള്ള കടുത്ത എതിര്‍പ്പും അത് അക്രൈസ്തവവും യേശുവിന് എതിര്‍സാക്ഷ്യവുമാണെന്ന വിലയിരുത്തലുമാണ് അതിലൂടെയെല്ലാം പ്രകടിപ്പിക്കപ്പെട്ടത്. കൂടാതെ, ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍, പുരോഹിതരും രൂപതകളും വന്‍ അഴിമതി നടത്തുന്നുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നു. യുവതലമുറയുടെ ഏറ്റവും വലിയ അഭിപ്രായപ്രകടനവേദിയായിക്കഴിഞ്ഞിട്ടുള്ള 'ഫേസ്ബുക്ക്' പോലുള്ള ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയാകളില്‍ വന്ന കമന്റുകളൊക്കെത്തന്നെ, ഈ വിഷയത്തില്‍ മാര്‍ ആലഞ്ചേരി പ്രകടിപ്പിച്ച വികാരത്തോട് അനുഭാവം പുലര്‍ത്തിയും, ആര്‍ഭാടഭ്രമത്തിനടിമകളായിത്തീര്‍ന്നിരിക്കുന്ന സഭാധികാരികള്‍ക്കെതിരെ പരിഹാസ-ശകാരങ്ങള്‍ വര്‍ഷിച്ചുള്ളതുമായിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

എന്നാല്‍, ഇതൊന്നും കാണുകയോ കേള്‍ ക്കുകയോ ചെയ്യുന്നതായി ഭാവിക്കാതെ, ആഡംബരപ്പള്ളികളുടെ നിര്‍മ്മാണമത്സരം തുടരുകയാണ്, മറ്റു മെത്രാന്മാരും അവരുടെ ഒത്താശയില്‍ വികാരിമാരും. ഉദാഹരണത്തിന്, ഇപ്പോഴിതാ ഇടപ്പള്ളിപ്പള്ളിയെ വെല്ലുന്ന ഒരു പള്ളിസൗധം പണിയാന്‍ ചങ്ങനാശ്ശേരി രൂപതാധികാരികള്‍ സര്‍വ്വസന്നാഹങ്ങളോടെയും ഒരുങ്ങുന്നു. വെറും 40 വര്‍ഷംമാത്രം പഴക്കമുള്ള പ്രസിദ്ധമായ പാറേല്‍പള്ളിയാണ് പൊളിച്ചു നവീകരിച്ച് വന്‍തീര്‍ത്ഥാടനകേന്ദ്രമാക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ എസ്റ്റിമേറ്റ് തുക 18 കോടി! ബാക്കി കോടികള്‍ എത്രയെന്ന് പണി കഴിയുമ്പോളറിയാം. അഭിഷിക്തരുടെ പോക്കറ്റുകളിലേക്ക് ഒഴുകിപ്പോകുന്ന കോടികള്‍ എത്രയെന്ന് കണക്കാക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

ഈ മാസം (2015 ആഗസ്റ്റ്) 15-ാം തീയതി ശിലാസ്ഥാപനം നടത്താന്‍ പ്ലാനിട്ടിരിക്കുന്ന ഈ അത്യാഡംബര പള്ളിപണിക്കെതിരെ അതുസംബന്ധിച്ചു കൂടിയ ആദ്യ പൊതുയോഗത്തില്‍ത്തന്നെ ഇടവകക്കാരുടേതായി ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. അതു പൂര്‍ണ്ണമായി അവഗണിച്ചു മുന്നോട്ടു പോകുകയായിരുന്നു, രൂപതാധികാരം. ഇപ്പോ ഴും, പാറേല്‍ ഇടവകക്കാര്‍ക്കിടയിലും ചങ്ങനാശ്ശേരി രൂപതയിലാകെത്തന്നെയും ഈ പള്ളിപണിക്കെതിരെ അമര്‍ഷവും മുറുമുറുപ്പുമുണ്ടെങ്കിലും, പുരോഹിതപ്പേടിയും മെത്രാന്‍ പേടിയുംമൂലം സ്വകാര്യകുശുകുശുപ്പുകളിലും പേരില്ലാനോട്ടീസുകളിലും അതെല്ലാം ഒതുക്കുകയാണവര്‍. 
ഫേസ്ബുക്ക്-വാട്ട്‌സ്അപ്പ് ജീവിതമല്ലല്ലോ സഭാജീവിതം. അവിടെയൊക്കെ മീശ പിരിച്ചുനിന്ന് അട്ടഹസിക്കാം; സഭാജീവിതത്തില്‍ മീശയെല്ലാം താഴുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു!

സഭാവിശ്വാസികളില്‍ സംഭവിച്ചുകാണുന്ന ഈ പൗരുഷചോര്‍ച്ച ഗൗരവതരമായ പരിചിന്തനം ആവശ്യപ്പെടുന്ന ഒരു വിഷയമാണ്. കാരണം, സത്യദര്‍ശനത്തിന്റെയും ആശയദാര്‍ഢ്യത്തിന്റെയും കര്‍മ്മധീരതയുടെയും അവതാരമായ യേശുവിനെ ജീവിതത്തില്‍ പകര്‍ ത്താന്‍ കടപ്പെട്ടിരിക്കുന്ന സഭാവിശ്വാസികളില്‍ ഇത്ര ധാര്‍മ്മികഭീരുത്വം ഉണ്ടാകുന്നെങ്കില്‍, അതു പരിഹരിക്കേണ്ട ഒരു വൈരുദ്ധ്യംതന്നെയാണ്. ഓരോ സഭാംഗത്തിന്റെയും യേശുവിലുള്ള ധീരതയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും സഭയിലെ പുരോഹിതവാഴ്ച അവസാനിപ്പിക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായോടൊപ്പംനിന്ന് ഈ നഷ്ടവീര്യം പുനരാര്‍ജിക്കാന്‍ വിശ്വാസികള്‍ സംഘടിതശ്രമം നടത്തേണ്ടിയിരിക്കുന്നു.

ഒരുപക്ഷേ അങ്ങനെയൊരു ശ്രമമുണ്ടായേക്കാം എന്നു മുന്‍കൂട്ടിക്കണ്ടായിരിക്കണം, കേരളത്തിലെ പുരോഹിതന്മാര്‍ ഭക്തിയില്‍ ദൈവഭയത്തിന്റെ ഡോസ് ഒന്നിനൊന്നു കൂട്ടിക്കൊണ്ടിരിക്കുന്നത്. മനുഷ്യരിലെ ദൈവഭക്തിയെ ദൈവഭയമാക്കിമാറ്റി അവരെ തങ്ങളുടെ റിമോട്ട് കണ്‍ട്രോളിനുകീഴില്‍ കൊണ്ടുവരാനുള്ള പ്രവണത, ഇപ്പോള്‍ എണ്ണത്തില്‍ കൂടിക്കൊണ്ടിരിക്കുന്ന മരാമത്തച്ചന്മാരില്‍ വ്യാപകമായി കാണാം. അതുകൊണ്ടാണ് പള്ളിപണി സംബന്ധിച്ചുംമറ്റുമുള്ള കാര്യങ്ങളാലോചിക്കാന്‍ കൂടുന്ന പള്ളിപ്പൊതുയോഗങ്ങള്‍ പള്ളിക്കുള്ളില്‍വച്ചു നടത്താന്‍ അവര്‍ പ്രത്യേകം താല്‍പ്പര്യപ്പെട്ടുതുടങ്ങിയിരിക്കുന്നത്. അള്‍ത്താരയില്‍ കര്‍ത്താവെഴുന്നള്ളിയിരിക്കുന്നു എന്ന ചിന്തയില്‍, പുരോഹിതനെതിരെ അവിടെ ആരുടെയും നാവുയരരുത് എന്നതാണ് അതിന്റെ ലക്ഷ്യം. ദൈവനാമത്തെയും മനുഷ്യരുടെ വിശ്വാസത്തെയും ദൈവഭക്തിയെയും കാര്യസാധ്യത്തിനുവേണ്ടി ദുരുപയോഗിക്കുകയാണിവിടെ, പുരോഹിതര്‍. ഇത്തരം മനഃശാസ്ത്രകുതന്ത്രങ്ങള്‍ ദൈവത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിച്ച് മനുഷ്യരില്‍ മാനസ്സികാടിമത്തം സൃഷ്ടിക്കുന്നത് ദൈവദൂഷണമല്ലാതെ മറ്റെന്താണ്?

ഈ ദൈവദൂഷണത്തെ, ചങ്ങനാശ്ശേരി അരമനവാഴുന്ന 'ഭാവനാശാലി'കളായ പുരോഹിതര്‍ നൂറ്റൊന്നാവര്‍ത്തിച്ചു വീര്യം കൂട്ടിയാണ് വിശ്വാസികളില്‍ പ്രയോഗിച്ചത് എന്നറിയുന്നു. പള്ളിക്കകത്തു പൊതുയോഗം കൂടി വിശ്വാസികളുടെ നാവടപ്പിക്കുന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടായിക്കഴിഞ്ഞു. തങ്ങളുടെ കൈപ്പിടിയില്‍ സാക്ഷാല്‍ യേശുക്രിസ്തു ഇരിക്കുമ്പോള്‍, എന്തിന് അള്‍ത്താരമാത്രം കാട്ടി പേടിപ്പിക്കണം! ദിവ്യകാരുണ്യആരാധനയുള്ളപ്പോള്‍ എന്തിനു പൊതുയോഗം ചേരണം! ഇതു സംബന്ധിച്ചു രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ എഴുതിയിരിക്കുന്നത് കാണുക: ''ഇടവകയിലെ വിവിധ വാര്‍ഡുകള്‍ക്കായി 2015 ജൂലൈ 5 മുതല്‍ 12 വരെ തീയതികളില്‍ വൈകുന്നേരം 6.00-ന് ജപമാലയും 6.30 മുതല്‍ 7.30 വരെ ദിവ്യകാരുണ്യ ആരാധനയും നടത്തുന്നതാണ്. ആരാധനയുടെ അവസരത്തില്‍ത്തന്നെ ദൈവാലയനിര്‍മ്മാണത്തിനുള്ള 'സാമ്പത്തികസമ്മതപത്രം', നല്‍കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ പരമാവധി ചൈതന്യത്തില്‍, എഴുതി കുടുംബനാഥന്‍ (നാഥ) ഒപ്പുവച്ചത് കുടുംബമായി എത്തി ദിവ്യകാരുണ്യനാഥന്റെ പക്കല്‍ സമര്‍പ്പിക്കണം.'' അതെ, യേശുക്രിസ്തുവിനെത്തന്നെ നേരിട്ടുപയോഗിച്ചുള്ള മനശ്ശാസ്ത്രകുതന്ത്രമാണ് പൗരോഹിത്യം പാറേല്‍ ഇടവകക്കാരുടെമേല്‍ പ്രയോഗിച്ചിരിക്കുന്നത്. ജനിച്ചപ്പോള്‍ മുതല്‍ കുര്‍ബാനയില്‍ യേശുക്രിസ്തുവിനെ കണ്ട് കുര്‍ബാനഭക്തരായിത്തീര്‍ന്നിരിക്കുന്ന സാധാരണ വിശ്വാസികളെ വീഴ്ത്താന്‍ ഇതുപോലൊരു കെണി കണ്ടുപിടിക്കാന്‍ പുരോഹിതര്‍
ക്കല്ലാതെ ആര്‍ക്കാണു കഴിയുക!

'സമ്മതപത്രം എന്ന ചതിക്കുഴി' എന്ന പേരില്‍, 'പാറേല്‍ ഇടവകക്കാര്‍' ആരുടെയും പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ച നോട്ടീസില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''...ഇടവകയുടേതല്ലാത്ത ദേവാലയനിര്‍മ്മിതിയില്‍ നമ്മുടെ പങ്കാളിത്തം സമ്മതപത്രം എന്ന കരാറില്‍ ഒപ്പിടുവിച്ച്, പിന്നീട് പിന്മാറാനാവാത്തവിധം കെണിയില്‍പ്പെടുത്തി ചതിക്കുഴിയില്‍ വീഴിക്കുകയാണ് മേലാളന്മാരുടെ ഉദ്ദേശ്യം. പള്ളിനിര്‍മ്മാണക്കമ്പനി നന്മളെ ചതിക്കുകയാണ്. പള്ളിപണി പൂര്‍ത്തിയാകാന്‍ പത്തു വര്‍ഷമെടുത്താല്‍ അത്രയുംകാലം സമ്മതപത്രത്തില്‍ പറയുന്ന തുക കൊടുക്കണം. അല്ലെങ്കില്‍ നമ്മുടെ പേരില്‍ കുടിശ്ശികയായി മാറുകയും നമ്മള്‍ പള്ളിക്കു കടക്കാരായി മാറുകയും ചെയ്യുന്നു.
സ്വന്തം കാര്യസാധ്യത്തിനായി ദിവ്യകാരുണ്യ ഈശോയെ വില്‍ക്കുകയാണ്. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍വച്ച് എടുത്ത പ്രതിജ്ഞയാണ്, സമ്മതപത്രത്തിനെതിരു നിന്നാല്‍ ദൈവകോപമുണ്ടാകും എന്നു പറഞ്ഞ് പിന്നീടു ഭയപ്പെടുത്താനാണ് കുത്സിതശ്രമം...''

പേരുവയ്ക്കാന്‍ ഭയമുള്ളവരെങ്കിലും, എത്ര കൃത്യമായിട്ടാണ് പാറേല്‍ ഇടവകക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്! കൂദാശകളെ വില്പനച്ചരക്കാക്കുന്നത് മഹാപാതകമാണെന്നു പറഞ്ഞ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ, ദിവ്യകാരുണ്യ ഈശോയെത്തന്നെ കാര്യസാധ്യത്തിനായി വില്‍ക്കുന്ന ഈ ചങ്ങനാശ്ശേരി മാതൃകയെക്കുറിച്ചറിഞ്ഞിരുന്നെങ്കില്‍ എന്തു പറയുമായിരുന്നുവോ, ആവോ?

ആത്മീയതയെ കച്ചവടച്ചരക്കാക്കുന്ന ചങ്ങനാശ്ശേരിയിലെ മഹാപുരോഹിതരുടെ പരിശുദ്ധാത്മാവിനെതിരായുള്ള ഈ മഹാപാപത്തില്‍ പ്രബുദ്ധരായ വിശ്വാസികള്‍ വശംവദരാകേണ്ടതുണ്ടോ? മാര്‍പ്പാപ്പായുടെ ഉപദേശനിര്‍ദ്ദേശങ്ങളെ തരിമ്പും വകവയ്ക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത ചങ്ങനാശ്ശേരി രൂപതാധികാരികളെയും അവര്‍ നിയോഗിക്കുന്ന വികാരിമാരെയും വിശ്വാ സികള്‍ അനുസരിക്കേണ്ടതുണ്ടോ? ആത്മീയതയെന്നാല്‍ എന്തെന്നറിഞ്ഞുകൂടാത്ത ഇവര്‍ ചൂണ്ടിക്കാട്ടുന്ന ദൈവശാപത്തില്‍ വിശ്വസിക്കേണ്ടതിന്റെയോ ഭയപ്പെടേണ്ടതിന്റെയോ ആവശ്യമുണ്ടോ? ദൈവശാപമെന്ന ഒന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും, പരിശുദ്ധ കുര്‍ബാനയെയും ദൈവാരാധനയെയും കരുക്കളാക്കി യേശുവിനെ അവഹേളിക്കുകയും ദൈവസങ്കല്പത്തെ വികലമാക്കുകയും ചെയ്യുന്ന ഈ ദുഷ്ടപൗരോഹിത്യത്തിനെതിരെയായിരിക്കും പതിക്കുക. യേശുവിന്റെ തീക്ഷ്ണദൃഷ്ടിയും കൈയിലെ ചാട്ടവാറും അവര്‍ക്കെതിരെ ഉയരാതിരിക്കില്ല. ചങ്ങനാശ്ശേരിയിലുയരാന്‍ പോകുന്ന ഈ പൊങ്ങച്ച ബാബേല്‍ ഗോപുരം കേരളകത്തോലിക്കാ സഭയിലെ ദുഷ്ടപൗരോഹിത്യ ലോബിയുടെ തകര്‍ച്ച ആസന്നമാക്കുന്നു.

ജപമാലയും ദിവ്യകാരുണ്യവും ആരാധനയും പുരോഹിതനിര്‍ദ്ദേശങ്ങളുടെ 'പരമാവധി ചൈതന്യ'വും ഒക്കെ ഉണ്ടായിരുന്നിട്ടും ഈ 'സമ്മത പത്ര'പരിപാടി വിജയിച്ചില്ല എന്നാണറിയുന്നത്. ചെറിയൊരു ന്യൂനപക്ഷം ശുദ്ധാത്മാക്കള്‍ മാത്രമേ സമ്മതപത്രം 'ദിവ്യകാരുണ്യനാഥ'ന്റെ പക്കല്‍ സമര്‍പ്പിക്കാന്‍ തയ്യാറായുള്ളുവത്രെ! അധികാരികള്‍ ഔദാര്യപൂര്‍വ്വം അവധി നീട്ടിക്കൊടുത്ത് ദൈവശാപത്തില്‍നിന്നും പാറേല്‍ ഇടവകക്കാരെ സംരക്ഷിക്കുവാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. 
പുതിയ സമ്മര്‍ദ്ദപദ്ധതികളും തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ടാകണം... 

യേശുവിനെ ഉപയോഗിച്ച് മനുഷ്യരുടെ ഭക്തിയെ ഭയമാക്കിമാറ്റി സാമ്പത്തികചൂഷണത്തിനു തയ്യാറായി എന്ന ഒറ്റ കാരണം കൊണ്ടുതന്നെ, ഈ ആര്‍ഭാടപ്പള്ളിപണിയുമായി നിസ്സഹകരിക്കുകയാണ്, പാറേല്‍ ഇടവകയിലെയും ചങ്ങനാശ്ശേരി രൂപതയിലെയും വിശ്വാസികള്‍ ചെയ്യേണ്ടത്.
കേരളകത്തോലിക്കാ പുരോഹിതരില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ആര്‍ഭാടപ്പള്ളിഭ്രാന്തിനെ ചികിത്സിക്കാന്‍, കേരളത്തിലെ പ്രബുദ്ധരായ മുഴുവന്‍ കത്തോലിക്കരുടെയും ശ്രദ്ധ ചങ്ങനാശ്ശേരി രൂപതയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായ പാറേല്‍ പള്ളിപണിപ്രശ്‌നത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. പാറേല്‍ ഇടവകയിലെയും ചങ്ങനാശ്ശേരി രൂപതയിലെയും ചിന്തിക്കുന്ന സുമനസ്‌കരെ കണ്ടെത്തി ഇക്കാര്യത്തില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. അവരുമായി കൈകോര്‍ത്തുനിന്ന്, എല്ലാ ആര്‍ഭാടപ്പള്ളി പണികള്‍ക്കും ഉടനടി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന്, സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനോടും സീറോ-മലബാര്‍ സഭാസിനഡിനോടും ആവശ്യപ്പെടേണ്ടതുണ്ട്. ദൈവഭയമുയര്‍ത്തിയുള്ള എല്ലാത്തരം പുരോഹിതനയസമീപനങ്ങളെയും ചെയ്തികളെയും സഭയില്‍ നിരോധിക്കണമെന്ന ആവശ്യവും സംഘടിതമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു....

യേശുവിന്റെ ജീവിതലാളിത്യം മുഖമുദ്രയാക്കിയിട്ടുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായെയും, സഭയില്‍ ആര്‍ഭാടനിര്‍മ്മിതികളും ആഡംബരങ്ങളും ഒഴിവാക്കണമെന്നു നിര്‍ദ്ദേശിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആലഞ്ചേരിയെയും അംഗീകരിക്കാനും അനുസ്സരിക്കാനും സീറോ-മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്മാരും ബാധ്യസ്ഥരാണെന്ന വസ്തുത അവരെ ഓര്‍മ്മിപ്പിക്കാന്‍ സഭാപൗരന്മാരെന്ന നിലയില്‍ വിശ്വാസികള്‍ക്ക് അവകാശവും കടമയുമുണ്ട്.                    
                                                                        -എഡിറ്റര്‍