Translate

Thursday, December 19, 2013

അല്മായ അസ്സംബ്ലി എന്തുകൊണ്ട്?

ശ്രീമാൻ കർദിനാൾ ആലഞ്ചേരി ക്ക് ഒരു തുറന്ന കത്ത് 

Dear Respected Cardinal Alanchery and Bishops, 

            My humble greetings for a PEACE-FILLED HAPPY CHRISTMAS!

            This note is in continuation of my visit to the Cardinal and Bishop Adayanthrath last week.After that a light struck me like a thunderbolt. Christmas was the beginning of God's open dialogue with man in raw flesh -- a dialogue that is not seen happening between his self-declared or appointed representatives and their flock called the laity. The latter today are up in arms against the hierarchy, in spite of the fact there are ever so many exemplary leaders(Pope) and inspiring & zelous  followers in the church.

            Lack of open dialogue has resulted in the proliferation of laity initiated websites, like Almayasabdam, Soul and vision etc. mentioned in my questionnaire I presented for your kind consideration. But who will bell the cat, to start the dialogue if both the parties are talking through megaphones but facing their backs to each other and not face to face. "Help them to face each other, do your little bit!" I felt a voice telling me. So I am taking the initiative of passing on to you some of the burning issues discussed by laymen with conviction and action.

           What is given below is the latest one in Almayasabdam by Zacharias Nedunkanal. (email: <znperingulam@gmail.com>).  I humbly propose to introduce to you some such writers and thinkers among the laity to your kind consideration in the coming days. If you find their views good and noble, well and good; if not just throw them in the dustbin. No complaints whatsoever, but do send a word of reply to the writer from you or your PRO, imitating Pope Francis distantly at least.

           Pardon my audacity in doing this. If the Pope takes kindly to such letters, why shouldn't you, I thought. HAPPY CHRISTMAS AND A PEACE FILLED NEW YEAR!

           james kottoor 

മെത്രാൻ സിനഡും അല്മായ അസ്സംബ്ലിയും 

      "ദൈവോന്മുഖമായി ഒരുമിച്ചുകൂടി സഭാനവീകരണത്തിന് ഇന്നാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്ന സദുദ്ദേശ്യത്തോടെ 20.02. 2014 മുതൽ പാലായിൽ ഒരു അല്മായ അസ്സംബ്ലി സമ്മേളിക്കുകയാണ്. കാത്തലിക് ലേമെൻസ് അസോസിയേഷൻ (കോഴിക്കോട്) ആണിതിന് മുൻകൈയെടുക്കുന്നത്. പാലായിൽത്തന്നെ ഗംഭീര സന്നാഹങ്ങളോടെയും വിശ്വാസികളിൽ നിന്ന് സ്വരൂപിച്ചെടുത്ത കോടികൾ മുടക്കിയുള്ള പ്രൌഢികളോടെയും ആ സമയത്തുതന്നെ സംഭവിക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിനു സമാന്തരമായി ഈ അല്മായ അസ്സംബ്ലി വിളിച്ചുകൂട്ടുന്നതിന്റെ കാരണം എന്തൊക്കെയെന്ന് കുറച്ചൊന്നാലോചിക്കുന്നത് വിശ്വാസികൾക്കും അവരെ നയിക്കുന്നുവെന്ന ധാരണയിൽ ജീവിക്കുന്ന മെത്രാന്മാർക്കും ഉപകാരപ്രദമാകും.

       വിശ്വാസികളെ നയിക്കുന്നത് തങ്ങളാണെന്ന മിഥ്യാധാരണയിലാണ് ഇന്ത്യയിലെ മെത്രാന്മാർ ജീവിക്കുന്നത്. മറുവശത്ത്‌, വളരെയധികം വിശ്വാസികൾ സഭയുടെ ശ്രേഷ്ഠഭാഗമായി പൌരോഹിത്യശ്രേണിയെയും സന്യസ്തരെയും  കാണുന്നുണ്ടെങ്കിലും, സഭയെന്ന സമൂഹത്തെപ്പറ്റി ചരിത്രപരമായും യുക്തിപരമായും അതിലുപരി സുവിശേഷങ്ങളുടെ വെളിച്ചത്തിലും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു നല്ല ശതമാനം സഭാമക്കൾക്ക് കാര്യങ്ങളുടെ കിടപ്പിൽ തെല്ലും തൃപ്തിയില്ല. ഈയതൃപ്തി അവർ നവീകരണപ്രസ്ഥാനങ്ങളിലൂടെയും എഴുത്തിലൂടെയും സംവാദങ്ങളിലൂടെയും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ചുരുക്കം ചിലരൊഴിച്ച്, പുരോഹിതരോ മെത്രാന്മാരോ അതെപ്പറ്റി അന്വേഷിക്കുകയോ, പഠിക്കുകയോ അത്തരം സംവാദങ്ങളിൽ പങ്കുചേരാൻ സന്മനസ്സു കാണിക്കുകയോ ചെയ്യുന്നില്ല. ഈ ചുരുക്കം ചിലരിൽ ഒരാളാണ് 2007 ആദ്യം വരെ തൃശൂർ അതിരൂപതാ ബിഷപ്‌ ആയിരുന്ന ജേക്കബ്‌ തൂങ്കുഴി. 19.11. 2001ന് താമരശ്ശേരി രൂപതാ അസ്സംബ്ലി സമ്മേളിച്ചുകൊണ്ടിരുന്ന ഹാളിനു മുമ്പിൽ പ്രതിഷേധിച്ച കാത്തലിക് ലേമെൻസ് അസോസിയേഷനെപ്പറ്റി അദ്ദേഹം പറഞ്ഞതിതാണ്: 'ഈ അസ്സംബ്ലിഹാളിനു മുമ്പിൽ അലായരായ നമ്മുടെ സഹോദരങ്ങൾ ഉപവസിച്ചുകൊണ്ട് ഉന്നയിക്കുന്ന ആവശ്യങ്ങളായ അപ്പോസ്തല പ്രവർത്തനങ്ങളിലൂന്നിയുള്ള പള്ളിപ്രവർത്തനങ്ങളും നാം തിരസ്ക്കരിച്ച മാർത്തോമ്മാ പൈതൃകവും പാരമ്പര്യങ്ങളും ഉൾക്കൊള്ളേണ്ടവയാണ്. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്, അതുകൊണ്ടവ തള്ളിക്കളയാവുന്നവയല്ല.' (എഷ്യാനെറ്റ് ന്യൂസ് ചാനൽ). മെത്രാന്മാരുടെ സഭാവിരുദ്ധ പ്രവർത്തനങ്ങളും ജീവിതശൈലിയും അവർ സ്വമേധയാ തിരുത്തണമെന്നും ബൈബിൾവിരുദ്ധ കാനൻ നിയമങ്ങൾക്ക് വിധേയമായി ചേരുന്ന രൂപതാ അസംബ്ലികളും മെത്രാൻ സിനഡുകളും അല്മായർക്ക് ബാധകമല്ലെന്നുമാണ് നവീകരണ പ്രസ്ഥാനങ്ങളുടെയെല്ലാം കാഴ്ചപ്പാട്.


       നമ്മുടെ മിക്ക പുരോഹിതരെയുംകാൾ ആഴമായും വ്യക്തമായും സഭയുടെ വിശ്വാസങ്ങളെപ്പറ്റിയും അവയുടെ പ്രവർത്തനരീതികളെക്കുറിച്ചും ആധികാരികമായി പഠിച്ചിട്ടുള്ള ധാരാളം അല്മായർ ഇവിടെയുണ്ടെങ്കിലും അവരുടെ സ്വരത്തിന് ശ്രദ്ധകൊടുക്കാനുള്ള എളിമയോ സമയമോ ഇന്നും സഭാനേതൃത്വത്തിനില്ല എന്നതാണ് സത്യം. ഈ നേതൃത്വം തന്നെ തീര്ത്തും നാമമാത്രവും പണസമാഹരണത്തിലും പണവ്യയത്തിലും ഊന്നിയതുമായി അധഃപ്പതിച്ചുപോയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കാണേണ്ടത് കാണാനും കേള്ക്കേണ്ടത് കേൾക്കാനും കഴിവില്ലാത്തെ ഒരു നേതൃത്വമാണ് ഇന്ന് ഇന്ത്യയിലെ ക്രിസ്തീയ സമൂഹത്തിനുള്ളത്. അല്മായരും പുരോഹിതരും പരസ്പര സമ്പർക്കമില്ലാതെ ഇങ്ങനെ നീങ്ങിയാൽ അത് സഭയുടെ ആദ്ധ്യാത്മികമായ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് അനുഭവത്തിൽ നിന്ന് കാണാവുന്നതേയുള്ളൂ. പരസ്പരം സംഭാഷിക്കാനും നിഷ്പക്ഷമായി ചിന്തിക്കാനും ഇരു ഭാഗവും സന്നദ്ധത കാണിക്കുക എന്നതാണ് അതിനുള്ള ഒരേയൊരു പ്രതിവിധി. ഇപ്പോഴത്തെ സ്ഥിതിയെന്തെന്നാൽ, അല്മായരെ ശ്രദ്ധിക്കാനോ അവർ അയക്കുന്ന കത്തുകൾക്ക് മറുപടി കൊടുക്കാനോ, ടെലഫോണ്‍ വിളിച്ചാൽ അതൊന്നെടുക്കാനോ പോലുമുള്ള മര്യാദ ഒരു മത്രാനുംതന്നെ കാണിക്കുന്നില്ല. 'നമ്മോടിവരൊക്കെ എന്ത് പറയാനാ' എന്ന ഗർവ്വാണ് ഇവിടുത്തെ സഭാനേതൃത്വത്തിന്റെ പൊതുവായ പെരുമാറ്റശൈലി. മറ്റു രാജ്യങ്ങളിലൊന്നും ഇതല്ല അവസ്ഥ. മെത്രാന്മാരിൽ ഭൂരിഭാഗവും സാധാരണ പൌരന്മാരെപ്പോലെ എല്ലാവരോടും ഇടപഴകിയും മാനുഷികമായ മര്യാദച്ചട്ടങ്ങൾ പാലിച്ചുമാണ് ജീവിക്കുന്നത്. ഇപ്പോഴത്തെ പോപ്പാകട്ടെ, എല്ലാ അതിരുകളെയും തൂത്തുമാറ്റി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, അവരുടെ സുഖാസുഖങ്ങളിൽ പങ്കുചേരാൻപോലുമുള്ള സന്മനസ്സു കാണിക്കുന്നു. ഇതൊന്നും നമ്മുടെ മെത്രാൻമാർ അറിഞ്ഞ മട്ടേയില്ല. ആരും അടുത്തു ചെല്ലരുതാത്ത രാജാക്കന്മാരും രാജകുമാരന്മാരുമാണ് തങ്ങളെന്നാണ് അവരിൽ മിക്കവരുടെയും ഭാവം. തങ്ങളാണ് സഭയെന്നു സ്വയം കരുതുകയും ആ ചിന്ത സാധാരണ ജനങ്ങളിൽ കുത്തിവയ്ക്കാൻ വേണ്ടതൊക്കെ ചെയ്യാനുംവേണ്ടി ഏതു കോമാളിവേഷവും അവർ കെട്ടും. യൂറോപ്പിലും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുംമറ്റുമാകട്ടെ, നേരെ മറിച്ച്, സഭയിലെ സാധാരണ അംഗങ്ങളാണ് സഭയുടെ കാതൽ എന്ന് വിശ്വാസികൾ എത്രയോ നാൾ മുമ്പുതൊട്ട് മനസ്സിലാക്കുകയും അത് നേതൃസ്ഥാനീയരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുകയും ചെയ്തുകഴിഞ്ഞു.

      ഇവിടെ, അവരുടെ ആർഭാടജീവിതത്തിനിടെ, എല്ലാ വർഷവും ഒരിക്കൽ മെത്രാന്മാർ ഒരുമിച്ചു കൂടുന്നു, അല്മായർ ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നു, അവർ അനുസരിക്കേണ്ട നിയമങ്ങൾ ഉണ്ടാക്കുന്നു. എല്ലാം കഴിഞ്ഞ്, വിവരങ്ങൾ അറിയിക്കാൻ, പള്ളികളിൽ ഇടയലേഖനങ്ങൾ വായിക്കുന്നു. അല്മായ
രുമായി യാതൊരുവിധത്തിലുമുള്ള  ആലോചനയുമില്ല. തിരിച്ചെന്തെങ്കിലും ചോദിക്കാൻ വെറും ആടുകൾക്ക് എന്തവകാശം എന്നാണ് ഭാവം. എന്തുകൊണ്ട് അവർ അവരുടെ സിനഡുകളിൽ അല്മായരെ ഭാഗഭാക്കുകളാക്കുന്നില്ല? എന്തുകൊണ്ട് ഇന്ത്യയിലെ സഭകളുടെ ഒരു സംയുക്ത സിനഡു് നാളിതുവരെ വിളിച്ചുകൂട്ടിയില്ല? ഇവരെന്തിന് അടച്ചുപൂട്ടിയിരുന്നു കാര്യങ്ങൾ ചര്ച്ചചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു? ഏതു നൂറ്റാണ്ടിലാണിവരൊക്കെ ജീവിക്കുന്നത്?

      ഈയിടെ ഡോ. ജെയിംസ്‌ കോട്ടൂർ വിളിച്ചപ്പോൾ, അദ്ദേഹം ചില മെത്രാന്മാരെ നേരിട്ട് കണ്ടു സംസാരിച്ച കാര്യം പറഞ്ഞു. അവരിൽ പലർക്കും സഭയിൽ അല്മായർ ചര്ച്ചചെയ്യുന്ന വിഷയങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ല. മിക്കവർക്കും ഇന്റർനെറ്റ്‌ പോലുള്ള വിവര സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനറിയില്ല. അദ്ദേഹം നിർദ്ദേശിച്ചു: 'നിങ്ങൾ മനുഷ്യരുടെ ലോകത്തിൽ നിന്നും മറഞ്ഞും അവരുടെ ചിന്താരീതികൾ ഒന്നുമറിയാത്തതുപോലെയും ജീവിക്കുന്നതിനു പകരം മനുഷ്യരുമായി ബന്ധപ്പെട്ടു ജീവിക്കാൻ തുടങ്ങുക. സ്വയം അതിനുള്ള കഴിവാർജ്ജിക്കാനാവില്ലെങ്കിൽത്തന്നെ, ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന സെക്രെട്ടറിമാരെ നിയമിക്കുക. സര്ഗധനരായ അല്മായർ എഴുതുന്നവ വായിക്കാനും അവയോടു പ്രതികരിക്കാനും സമയംകണ്ടെത്തുക. ലോകപരിചയവും നിഷ്പക്ഷ ചിന്തക്ക് തയ്യാറുമുള്ള, പക്വതയുള്ള ഒരു കൂട്ടം സഹായികളെ (അതിൽ അൽമായരും ആകാം!) നിയമിക്കുക. 
കീശയിൽ പണം വീഴുന്നിടത്തൊക്കെ ഓടിനടക്കാതെ, ഒരു ജനസമ്പർക്കപരിപാടിക്ക് തുടക്കമിടുക. അല്മായരിൽ നിന്ന് നിങ്ങൾക്ക് കിട്ടുന്ന കാതലുള്ള കത്തുകൾക്ക് മറുപടി കൊടുക്കുന്ന മര്യാദ ശീലിക്കുക.' അദ്ദേഹം കണ്ടു സംസാരിച്ചവരിൽ ശ്രീമാൻ ആലഞ്ചേരിയും ഉണ്ടായിരുന്നുവത്രേ. എന്നാണ് നിങ്ങൾ അലമായരെ സഭയുടെ കാതലായ ഭാഗമായി അംഗീകരിക്കാൻ പോകുന്നത് എന്ന ചോദ്യവും അദ്ദേഹം മെത്രാന്മാരോട് ചോദിച്ചു.

      ആ ചോദ്യം തന്നെയാണ് പാലായിൽ കൂടുന്ന അല്മായ അസ്സംബ്ലിയും മെത്രാന്മാരോട് ചോദിക്കാനുദ്ദേശിക്കുന്നത്. അക്കൂടെ മറ്റു പലതും. Catholic Laymen's Association, 
കേരള കാത്തലിക് ഫെഡറേഷന്‍, Syromalabar Faith & Voice, Soul & Vision, KCRM ന്റെ അല്മായശബ്ദം, സത്യജ്വാല തുടങ്ങിയ മാദ്ധ്യമങ്ങൾ വിളിച്ചത്തുകൊണ്ടുവന്ന സഭാധികാരികളുടെ നൂറുകണക്കിനുള്ള അതിക്രമങ്ങളും വിശ്വാസികളുടെ മേലുള്ള അനീതിപരമായ അതിരുകടന്ന കയ്യേറ്റങ്ങളും ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് ചോദിക്കുകയും, ഇതുവരെ പരിഹാരം കാണാത്തവയ്ക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതിനുള്ള ആഹ്വാനവും അതിൽ പെടും. നേതൃത്വവും ജനവും രണ്ടു തട്ടിൽ കഴിയാതെ, സുവിശേഷമൂല്യങ്ങളെ ജീവിതത്തിൽ പകർത്താൻ സഹവർത്തിത മനോഭാവത്തോടെ സത്വരം വഴികൾ കണ്ടെത്തുക എന്നതാണ് ഇന്നിന്റെ ആവശ്യമെങ്കിൽ സഭയെ മൊത്തത്തിൽ പ്രതിനിധീഭവിപ്പിക്കുന്ന ഒരു സിനഡ് ഉടനടി വിളിച്ചുകൂട്ടേണ്ടതുണ്ട്. അത്തരമൊരു സമ്മേളനത്തിൽ മാത്രമേ, ഉദാഹരണത്തിന്, 'ചർച് ആക്റ്റ്' നടപ്പിലാക്കുന്നതിനെതിരെ ഏതേതു കാരണങ്ങളാണ് മെത്രാന്മാർക്ക് നിരത്താനുള്ളത് എന്ന സുപ്രധാന ചോദ്യം ഫലപ്രദമായി ചോദിക്കാൻ അവസരം കിട്ടൂ. സഭയുടെ പൊതുമുതൽ വ്യയം ചെയ്യുന്നതിൽ നിലനില്ക്കുന്ന വൻ ധൂർത്തും സുതാര്യതയില്ലായമയും ഇന്ന് ഭാരതസഭയെ ബാധിക്കുന്ന ഏറ്റവും വലിയ ന്യൂനതയാണ്. നമ്മുടെ മെത്രാന്മാരുടെ മനസ്സാക്ഷി മടിയിലും മണിപ്പേർസ് മനസ്സിലും ആണ്. അതിനൊരു വ്യത്യാസമുണ്ടാകാതെ സഭ വിശുദ്ധീകരിക്കപ്പെടുകയില്ല. 

കിടക്കക്കടിയിൽ കുന്നുപോലെയടുക്കിയിരിക്കുന്ന രൂപാക്കെട്ടുകളുടെ മുകളിൽ കിടന്നുറങ്ങുന്നതുകൊണ്ടാണ് ഇന്ത്യയിലെ ധാരാളം മെത്രാന്മാർക്ക് നടുവേദനയുള്ളത്‌ എന്ന് സൂചിപ്പിക്കുന്ന ഒരു കാർട്ടൂണ്‍ ഒരിക്കൽ കാണാനിടയായി. നല്ല കാര്യങ്ങൾക്കായി ചെലവാക്കുമെന്ന വിശ്വാസത്തിൽ അതി ദരിദ്രരുള്പ്പെടെയുള്ള സഭാമക്കൾ നേർചപ്പെട്ടിയിൽ ഇടുന്ന കാശാണിതെല്ലാം. അവയെല്ലാം സ്വന്തമാക്കിവയ്ക്കുന്നവരോട് ഇങ്ങനെയല്ലേ പറയാനാവൂ? "ഇവിടുത്തെ തല ഉഷ്ണിച്ചിരിക്കുന്നു. ഇവിടുന്ന് പതിവായി ആട്ടിയ എണ്ണ തേച്ച് നീരാട്ടു കഴിക്കുക. നെല്ലിക്കാത്താളി തേച്ചാൽ കൂടുതൽ നന്ന്. എന്നിട്ട്‌ നന്നായി ഉറങ്ങുക. തെറ്റിദ്ധരിക്കരുതേ, അദ്ധ്വാനം കൂടാതെ അമൃതേത്തു കഴിക്കുമ്പോൾ ഉണ്ടാകുന്ന ദീനമാണിത്. ഇടയുള്ളപ്പോൾ എന്തെങ്കിലും ജോലി ചെയ്യുക. എന്നാൽ എല്ലാം ശരിപ്പെടും." (കർമവിപാകം, വി.ടി. ഭട്ടതിരിപ്പാട്) 

      നമ്മുടെ മെത്രാന്മാർ അനങ്ങാപ്പാറകളാണ്. കഴിഞ്ഞ ഒക്റ്റോബറിൽ പോപ്‌ മെത്രാന്മാർക്ക് പ്രധാനപ്പെട്ട ഒരു ചുമതല കൊടുത്തിരുന്നു. തങ്ങളുടെ പരിധിയിൽപെട്ട കുടുംബങ്ങളുടെ ഒരു സമൂല സർവേ നടത്തുക. മറ്റു മിക്ക രാജ്യങ്ങളിലും ഇക്കാര്യത്തിനായി ചോദ്യക്കടലാസ് അല്മായർക്ക് ലഭ്യമാക്കിക്കഴിഞ്ഞു. ഇവിടെ അതേപ്പറ്റി കേട്ടുകേഴ്വി പോലുമില്ല! അങ്ങനെയൊന്ന് ഇവിടെ നടത്തുമെങ്കിൽ, അതിനു സമാന്തരമായി മെത്രാന്മാരുടെ കർത്തവ്യങ്ങൾ അവർ എങ്ങനെ നിർവഹിക്കുന്നു എന്നതിനെപ്പറ്റി അല്മായരുടെ ഒരു വിധിയെഴുത്തും നടത്തേണ്ടതുണ്ട്. സഭ നവീകരിക്കപ്പെടണമെങ്കിൽ ഇതൊക്കെ ആവശ്യമാണ്‌. അതിനൊന്നും തയ്യാറല്ലാത്തവർ സഭയുടെ ഭാഗമല്ല എന്നാണർത്ഥം. 
യേശുവിന്റെ മനുഷ്യബന്ധിയായ ഉൾക്കാഴ്ച്ചകളെ പാടേ മറന്നിട്ട്, ക്രിസ്തുസഭയെ നശകുശമാക്കിയ പൌരോഹിത്യത്തോട് ഏതു നയമാണ് ഇനി വേണ്ടതെന്നതിനെപ്പറ്റിയും സാരമായ വിചിന്തനങ്ങൾ ആവശ്യമായിത്തീർന്നിരിക്കുന്നു.   

      തന്റെ ദൈവം കത്തോലിക്കാ ദൈവമല്ലെന്ന് പോപ്‌ ഫ്രാൻസിസ് പ്രഘോഷിച്ച നിലക്ക്, ഇന്നത്തെ സഭയുടെ വിശ്വാസപ്രമാണം പുതുക്കിയെഴുതേണ്ടി വരും. കാരണം, അനുദിന ക്രിസ്തീയജീവിതത്തിൽ യാതൊരു പ്രാധാന്യവും പ്രസക്തിയുമില്ലാത്ത ഒത്തിരിക്കാര്യങ്ങൾ അതിൽ പറയുന്നുണ്ട്. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം തുടങ്ങുന്നത് Credo in unum Deum എന്നാണ്, അതായത്, ഞാൻ ഏകദൈവത്തിൽ വിശ്വസിക്കുന്നു. പക്ഷേ, അതുകഴിഞ്ഞുവരുന്നതൊക്കെ ഏക ദൈവം എന്ന ആശയത്തിൽ വെള്ളംചേർക്കുന്ന വാക്യങ്ങളാണ്. അറുപഴഞ്ചനായ ഈ വിശ്വാസചട്ടക്കൂട് പുനർചിന്തനത്തിനു  വിധേയമാക്കി, പുതുതായി സ്വാംശീകരിച്ചിട്ടുള്ള മാനുഷികമൂല്യങ്ങൾ കൂടി ഉൾപ്പെടുത്തി തിരുത്തിയെഴുതേണ്ടതുണ്ട്.

      ഒട്ടും അപ്രധാനമല്ലാത്ത മറ്റൊരു സംഗതി, ഇറ്റലിയിലുള്ള വത്തിക്കാൻ എന്ന പീക്കിരി രാജ്യത്തുണ്ടാക്കിയ കാനോണ്‍ നിയമം ഒരു കാരണവശാലും ഇന്ത്യയിലെ വിശ്വാസികളെ ബാധിക്കുന്നില്ല എന്നുറപ്പുവരുത്തുക എന്നതാണ്. ഭാരതസഭയുടെ തനതു പൈതൃകം വീണ്ടെടുത്ത്, മറ്റാരുടെയും അടിമയല്ലാത്ത സർവ സ്വതന്ത്രയായ ദേശീയസഭയായി സ്വയം പ്രഖ്യാപിക്കുക എന്നത് അപ്പോൾ അനിവാര്യമാകും. രണ്ടാം വത്തിക്കാൻ കൌസിൽ അതിനുള്ള അനുമതിയും സ്വാതന്ത്ര്യവും തന്നിട്ടുതന്നെ അഞ്ചു ദശാബ്ദങ്ങൾ ആകാൻ പോകുന്നു! ഒന്നും സംഭവിച്ചില്ല! കാരണം, അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വേർതിരിവില്ലാത്ത ആദ്ധ്യാത്മിക ശുശ്രൂഷകർ നയിക്കുന്ന ഒരു വിശ്വാസസമൂഹമായി ഭാരതത്തിലെ സഭ രൂപാന്തരം പ്രാപിക്കുന്നത് ഇഷ്ടപ്പെടാത്ത വ്യർഥവും സ്വാർഥവുമായ ഒരു പൌരോഹിത്യാധിപത്യമാണ് ഇവിടെ കൊടികുത്തിവാഴുന്നത്. മേൽ സൂചിപ്പിച്ച അത്യുദാത്തമായ ആ ലക്ഷ്യത്തിലേയ്ക്ക് സഹകരിച്ചു നീങ്ങാൻ ഇപ്പോഴത്തെ നേതൃത്വം തയ്യാറാണോ എന്നതായിരിക്കും 
മെത്രാന്മാരുടെ സിനഡിനു മുമ്പിൽ അല്മായ അസ്സംബ്ലി ഉയർത്തുന്ന പരമപ്രധാനമായ ചോദ്യം."
      Zacharias Nedunkanal Tel. 9961544169

3 comments:

  1. കേരളത്തിലെ കത്തോലിക്കാ സഭയില്‍ ഒരു പൊട്ടിത്തെറി വളരെ ആസന്നമാണെന്ന് സര്‍വ്വര്‍ക്കും അറിയാം. മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ചു ബിഷപ്പായി സ്ഥാനം ഏറ്റപ്പോള്‍ അത്മായര്‍ക്ക് ഒരു പ്രതീക്ഷക്കു വകയുണ്ടായിരുന്നു. ആ പ്രതീക്ഷയും അസ്ഥാനത്തായി. അങ്ങേയറ്റം ആര്‍ഭാടമായി നടത്തപ്പെടുന്ന സ്വീകരണങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ സ്വീകരിക്കുകയും, അവസാനം ഇത്രയൊന്നും വേണ്ടായിരുന്നില്ലെന്ന് ഉപദേശിച്ചു പിരിയുകയും ചെയ്യുന്ന അദ്ദേഹത്തിന് ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാനുള്ള ശേഷിയില്ലായെന്നത് ഒരു സത്യം തന്നെ. ലോകത്താകമാനമുള്ള സീറോ മലബാര്‍ സഭയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളെല്ലാം കൂടി ചേര്‍ത്തു വെച്ചാല്‍ ആരും ഞെട്ടുക തന്നെ ചെയ്യും. അമേരിക്കയില്‍ ദേവാലയത്തിലെ തിരശ്ശില വിശ്വാസികള്‍ വലിച്ചു കീറി, മാര്‍ത്തോമ്മാ കുരിശു പള്ളി മുറ്റത്തിട്ടു പെട്രോള്‍ ഒഴിച്ചു കത്തിച്ചു, കുര്‍ബാന സമയത്ത് താമരക്കുരിശു മാറ്റി അള്‍ത്താരയില്‍ കുരിശു രൂപം വെയ്ക്കുന്നു, ഒരു വീട്ടില്‍ കയറി അവിഹിതം കാണിക്കാന്‍ ഒരുങ്ങിയ വൈദികനെ അടികൊടുത്ത് ഓടിക്കുന്നു, വൈദികന്‍ സഭയില്‍ നിന്ന് രാജി വെയ്ക്കുന്നു, വൈദികനെ നാടുകടത്തുന്നു അങ്ങിനെ പലതും...ഇവിടെ കേരളത്തില്‍ അത്മായര്‍ ശക്തി പ്രാപിക്കുന്നു, കപ്യാരെ പറഞ്ഞു വിട്ടാലും, ഗ്രോട്ടോ അടിച്ചു തകര്‍ത്താലും വിശ്വാസികള്‍ സംഘടിക്കുന്നു, മേലധികാരികളെ മൂക്കു കൊണ്ട് ക്ഷാ വരപ്പിക്കുന്നു, മെത്രാന്‍ സമ്മേളനം ഒരിടത്ത് നടക്കുമ്പോള്‍, അതിന്‍റെ തന്നെ അരികില്‍ അത്മായാ സമ്മേളനം നടക്കുന്നു... നിരവധി പ്രസിദ്ധീകരണങ്ങള്‍ നാനാ ഭാഷകളിലായി ലോകമെങ്ങും നിറഞ്ഞു നിന്ന് വിഴുപ്പലക്കുന്നു.
    ഇന്നത്തെ കത്തോലിക്കാ സഭയില്‍ സംതൃപ്തരായ യുവ തലമുറ തുലോം കുറവ്. അതില്‍ ഒരു വലിയ മാറ്റം സമീപ കാലത്ത് ഉണ്ടാവാനും പോണില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഗമനം അത്മായാ മുന്നേറ്റത്തിന് ശക്തി പകര്‍ന്നുവെന്നത് സത്യം. ക്രിമിനല്‍ കുറ്റവാളികളുടെ സംഖ്യ കത്തോലിക്കരുടെ ഇടയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു, നിരവധി ഉത്തരവാദിത്തപ്പെട്ട വൈദികരെയാണ് മദ്യപിച്ചു വാഹനം ഓടിച്ചതിനും, അവിഹിതങ്ങള്‍ക്കുമായി സമീപ കാലത്ത് പരസ്യ വിചാരണ ചെതത്.നീതിയെന്നതു മേലധികാരികളുടെ കൈയ്യില്‍ നിന്ന് പ്രതീക്ഷിക്കുകയെ വേണ്ടായെന്ന നിലവാരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. വിവരമുള്ള മെത്രാന്മാരുടെയും എണ്ണം കുറവ്. അവര്‍ക്ക് പണം മാത്രം മതി. 25 കോടി അപഹരിച്ച മോനിക്കാ കേസ് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ നാണക്കേട്‌ ഉടനെങ്ങും മാറുമെന്നും തോന്നുന്നില്ല.
    ഇവിടെ ഒരു പൊട്ടിത്തെറി കാണാന്‍ ഒരു കണിയാന്റെയും ആവശ്യമില്ല. എല്ലാ ഇടവകകളിലും തന്നെ അസ്വസ്ഥരായ അത്മായരുടെ കൂട്ടായ്മകള്‍ ആയിക്കഴിഞ്ഞു. അത്മായാ പ്രതിനിധി എന്ന പേരില്‍ ഒരാളെ വെച്ച് അയാളെക്കൊണ്ട് പാദം കഴുകിപ്പിച്ചാല്‍ തീരുന്നതല്ല ഇന്നത്തെ പ്രശ്നങ്ങള്‍. ഒരു ചര്‍ച്ച മാത്രമല്ല അടിയന്തിര ശാസ്ത്രക്രിയും ആവശ്യമാണ്‌. പ്രതീക്ഷ ഞാനും കൈവെടിയുന്നില്ല.

    ReplyDelete
  2. "മുറുക്കിക്കൊട്ടുന്നത് നിർത്താനാണ്"! പൌരോഹിത്യം പാപക്കുഴിയിൽ അനുദിനം മുങ്ങിത്താണുകൊണ്ടിരിക്കെ, പാപമോചനക്കുമ്പസാരക്കൂടുകൾ കാലിയാക്കുവാൻ ഇനിയും കാലം അധികം കാത്തിരിക്കില്ല ! കയ്യാപ്പായുടെ സുന്നഹദോസു "അവനെ കുരിശിക്കാൻ" അന്ന് കൂടിയെങ്കിൽ, ഇന്നത്തെ കളർ ളോഹകളുടെ സുന്നഹദോസുകൾ അവൻറെ നാമംപോലും കുരിശിലേറ്റുവാൻ പുതിയപുതിയ കുതന്ത്രങ്ങൾ മെനയുവാൻ വേണ്ടിമാത്രമാകുന്നു! ഇന്നത്തെ ക്രിസ്തുമതം ക്രിസ്തു ഭാവന ചെയ്തതല്ല , പകരം കുബുദ്ധികളായ പുരോഹിതരുടെ സ്വാർത്ഥമിമിക്സ്ഷോകളാണെന്ന അവബോധം, എന്ന കലികാലദുഖസത്യം, ആവരേജു മനസുകൾക്കു വെളിവായതുകാരണം ,അനേകായിരങ്ങൾ ഈ ചാതിക്കുഴിയിൽ നിന്നും കയറിക്കൊണ്ടിരിക്കയാണ്! ചതിക്കപ്പെട്ടവരുടെ തലമുറകളുടെ ഒന്നാം സുന്നഹദോസാണിതു ! നമുക്കുമൊന്നിക്കാം ..ഉണരൂ മനസുകളേ...

    ReplyDelete
  3. ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയാത്തതാണ് , ജാതി വ്യവസ്ഥയിൽ ബ്രാഹ്മണാധിപത്യം എന്നപോലെ പുരോഹിതാധിപത്യവും . ജനങ്ങളുടെ ചിന്താശേഷിക്കും , എന്തിനു ആത്മാവിനു വരെ വിലയിട്ടിരിക്കുന്ന ഈയൊരു അധികാര-ചൂഷക സംവിധാനം ജനങ്ങളാൽ തന്നെ തിരസ്കരിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാവണം . അത് സാധ്യമെന്ന് അമേരിക്കയിലെയും ആഫ്രിക്കയിലെയും അനുഭവങ്ങൾ തന്നെ തെളിയിക്കുന്നുണ്ടല്ലോ .
    മനുഷ്യന്, ആത്യന്തികമായി വേണ്ടത് ചിന്താസ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവുമാണെന്നു തിരിച്ചറിയാത്ത ഒരു നേതൃത്വം , അതേതു തുറയിലായാലും നമുക്ക് വേണ്ടേ വേണ്ട !

    ReplyDelete