Translate

Wednesday, December 25, 2013

സര്‍വ്വത്ര കണ്ഫ്യുഷന്‍

ആകെ കണ്ഫ്യുഷന്‍, സര്‍വ്വത്ര കണ്ഫ്യുഷന്‍! എന്നെ സ്നേഹിക്കുന്നവര്‍ക്കും ഇത് കിട്ടിയോന്നു ഞാന്‍ സംശയിക്കുന്നു. തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു ഡോക്ടര്‍ താമസ്സിക്കുന്നുണ്ട്. അവര്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്. പ്രായം പത്ത്, എട്ട്. അവരുടെ കൂടെ ക്യാരംസ് കളിക്കാനും മേളിക്കാനും ഞാന്‍ കൂടും; അവര്‍ക്കെന്നോട് ബഹുമാനവും സ്നേഹവുമുണ്ട്. ഞാന്‍ വീട്ടിലെക്കു വന്നപ്പോള്‍ രണ്ടുപേരും കുണുങ്ങിക്കൊണ്ട് വരാന്തയില്‍, അവരുടെ വീട്ട് വാതില്‍ക്കല്‍ നില്‍പ്പുണ്ട്. പള്ളിയില്‍ പോയി ക്രിസ്മസ്സ് കുര്‍ബാനയും കൂടി  20കി മീ. ഓളം ഡ്രൈവ് ചെയ്തു തിരിച്ചു വന്ന ക്ഷിണത്തിലായിരുന്നു ഞാന്‍. അവരുടെ പപ്പാ നാട്ടില്‍ നിന്ന് രാവിലെ വരുമെന്ന് എനിക്കറിയാമായിരുന്നു; പപ്പയെ നോക്കി നില്‍ക്കുകയാണെന്നു ഞാന്‍ കരുതി.  അങ്ങോട്ടു മിങ്ങോട്ടും ‘ഹൈ’ പറഞ്ഞു കഴിഞ്ഞപ്പോള്‍ മൂത്തവള്‍ പറഞ്ഞു, “അങ്കിളിനോട് ഒരു കാര്യം പറയാനുണ്ട്.” “എന്താ?” ഞാന്‍ ചോദിച്ചു. “അത് പറയാമോ എന്നെനിക്കറിയില്ല.” ഞാന്‍ ആശ്ചര്യപൂര്‍വ്വം അവളുടെ മുഖത്തേക്ക് നോക്കി. അവള്‍ തുടര്‍ന്നു, “എങ്ങിനെ പറയണമെന്ന് എനിക്കറിയത്തില്ല.” വാസ്തവത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു കാമുകി കാമുകനോട് പറയുന്നപോലെയാണ് അവള്‍ കാര്യങ്ങള്‍ പറയുന്നത്. “ഇപ്പ പറയണ്ടടീ.” അനുജത്തി പറഞ്ഞു. ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കാര്യം എന്താണെന്ന് പറഞ്ഞില്ല.

ഞാന്‍ പള്ളിയില്‍ നിന്ന് വന്നത് തന്നെ അപ്പാടെ കണ്ഫ്യുഷനുമായായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ചന്‍റെ ക്രിസ്മസ് പ്രസംഗത്തെപ്പറ്റി ഓര്‍ത്തു. എന്തൊരു വിഢ്ഡിത്വമായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പോളോ 13 ല്‍ ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങ്‌ അവിടെ സ്ഥാപിച്ച ഫലകത്തില്‍ സങ്കിര്‍ത്തനങ്ങളിലെ ഒരു വാചകമാണുണ്ടായിരുന്നതെന്ന് പറഞ്ഞാല്‍ കണ്ഫ്യുഷന്‍ ഉണ്ടാകാതിരിക്കുന്നതെങ്ങിനെ? സംഗതിക്ക് ക്രിസ്മസ്സുമായി വല്ല ബന്ധമുണ്ടോ, അതുമില്ല. അപ്പോളോ 13 ചന്ദ്രനില്‍ ഇറങ്ങിയില്ലെന്നു വാദിക്കുന്നവര്‍ ഉണ്ടാക്കിയ കണ്ഫ്യുഷന്‍ വേറെ കിടക്കുന്നു. ചിത്രത്തില്‍ കാണുന്ന പതാക പാറിക്കളിക്കാന്‍ അവിടെന്താ  കാറ്റുണ്ടായിരുന്നോ, ചിത്രത്തിന് നിഴലുകള്‍ കാണുന്നു; അവിടെന്താ സൂര്യനുണ്ടായിരുന്നോ എന്നു തുടങ്ങി നിരവധിയായ ചോദ്യങ്ങള്‍ക്ക് ആരും മറുപടി പറഞ്ഞിട്ടില്ല. അതിന്‍റെ കൂടെ ഇതും കൂടി ആയാല്‍ എങ്ങിനെ പൊറുക്കും?

വായിച്ച സുവിശേഷ ഭാഗം സര്‍വ്വത്ര കണ്ഫ്യുഷന്‍. കൂടും കുടുക്കയും എടുത്തു ജന്മനാട്ടില്‍ പോയി പേരെഴുതിപ്പിക്കേണ്ട ഒരു സെന്സസ്സും അവിടെ നടന്നിട്ടില്ലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ബേതലഹേമില്‍ ആടും കുതിരയുമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ എഴുതിയിരിക്കുന്നു. മാലാഖമാര്‍ വന്ന്‌ ആട്ടിടയന്മാരോട് ദിവ്യ ജനനത്തിന്‍റെ കഥ പറഞ്ഞുവെന്നു തന്നെ വെയ്ക്കുക. പക്ഷേ, ബഹുസഹശ്രം പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം ഉള്ള ഒരു നക്ഷത്രം ഭൂമിക്കരുകില്‍ വന്നിട്ട് മറ്റാരും കണ്ടില്ലെന്നുള്ള വാദം എങ്ങിനെ വിശ്വസിക്കും? പിന്നെയും കണ്ഫ്യുഷന്‍! രാജ്യത്തോട്ടാകയുള്ള മുഴുവന്‍ ശിശുക്കളെയും കൊന്നതായി ഒരു രാജ്യത്തിന്‍റെയും ഒരു ചരിത്രത്തിലുമില്ല, ഐതിഹ്യങ്ങളിലുമില്ല; അത് ശരിയാണെങ്കില്‍ തന്നെ ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കണ്ടപ്പോള്‍ യേശുവിന് കുറഞ്ഞത്‌ മൂന്നു വയസ്സെങ്കിലും കാണും. സൂചനകള്‍ എടുത്തു ചരിത്രകാരന്മാര്‍ പറയുന്നത് യേശു ജനിച്ചത് BC അഞ്ചിലോ ആറിലോ ആയിരിക്കാം എന്നാണ്. ആകെ കണ്ഫ്യുഷന്‍!

ഒന്ന് മയങ്ങാമെന്ന് കരുതി ഒന്ന് ചെരിഞ്ഞു. മയക്കം വന്നതേ, കോളിംഗ് ബെല്‍! വാതില്‍ തുറന്നു, അതാ നിക്കുന്നു, ഡോക്ടര്‍ സാമുവേല്‍. “ങാ ... യാത്രയൊക്കെ എങ്ങിനുണ്ടാരുന്നു?” ഞാന്‍ ചോദിച്ചു. “നെടുമ്പാശ്ശേരിയില്‍ നിന്ന് ഒരു മണിക്കൂര്‍ ലേറ്റായി. വേറെ കുഴപ്പമൊന്നും ഇല്ലായിരുന്നു.” അയാള്‍ പറഞ്ഞു. “കുട്ടികള്‍ കാത്തു നില്‍ക്കുന്ന കണ്ടു.” ഞാന്‍ പറഞ്ഞു. “അതോ, അത് ചക്ക വറുത്തത് അടിക്കാനാ. കൊടുത്തുവിട്ടിട്ടുണ്ടെന്നു വല്യമ്മച്ചി വിളിച്ചു പറഞ്ഞാരുന്നു. ചക്ക ആയി വരുന്നതേയുള്ളൂ നാട്ടില്‍. വല്യമ്മച്ചി ഒരെണ്ണം കടം മേടിച്ചു വറുത്തു കൊടുത്ത് വിട്ടതാ.” സാമുവേല്‍ പറഞ്ഞു. കൈയ്യിലിരുന്ന ഒരു മലയാളം പത്രം എന്‍റെ നേരെ നീട്ടിയിട്ട് അയാള്‍ തുടര്‍ന്നു, “ഇതാ ഇന്നത്തെ പത്രമാ, രാജാക്കന്മാര്‍ മൂന്നായിരുന്നില്ല പന്ത്രണ്ടായിരുന്നുവെന്നു എഴുതിയിരിക്കുന്ന കണ്ടോ? വായിച്ചോ.” ഇത്രയും പറഞ്ഞിട്ട് സാമുവേല്‍ പോയി.
ഞാന്‍ പത്രം തിരിച്ചും മറിച്ചും നോക്കി. സംഗതി കണ്ടു പിടിച്ചു. ക്രിസ്മസ് പതിപ്പില്‍ ഒരു ലേഖനം. ‘കിഴക്ക് നിന്നെത്തിയ ജ്ഞാനികള്‍’. സ്വര്‍ണ്ണം, കുന്തിരിക്കം മീറാ എന്നിവ കൊണ്ടുവന്നതില്‍ നിന്നും ഇവര്‍ മൂന്നുപേരായിരുന്നുവെന്നു പ്രഖ്യാപിച്ചത് ഒറിജന്‍ എന്ന വേദജ്ഞാനിയായിരുന്നുവെന്നു ലേഖനം പറയുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍  ഗാസ്പര്‍, മെല്ക്കിയോര്‍, ബെല്‍ത്താസര്‍ എന്നതാണ് ഇവരുടെ പേരുകള്‍. ഇവര്‍ക്ക് വേറെയും പേരുകളുണ്ടെന്നു ലേഖനത്തില്‍ പറയുന്നുണ്ട്. ഈ കിഴക്കെന്നു പറഞ്ഞാല്‍ മെസോപ്പോട്ടെമിയായോ പേര്‍ഷ്യയൊ ആവാം, പക്ഷേ സമ്മാനങ്ങള്‍ വെച്ചു നോക്കിയാല്‍ തെക്കന്‍ അറെബ്യായെയാണ് സൂചിപ്പിക്കുന്നതെന്നും ലേഖനം പറയുന്നു. പക്ഷേ, പൌരസ്ത്യ കഥകള്‍ അനുസരിച്ചു ഇവര്‍ പന്ത്രണ്ടു പേരുണ്ടായിരുന്നുവെന്ന് കാണാമെന്നും ലേഖനം പറയുന്നു. ജ്ഞാനികളില്‍ ഒരാള്‍ ഇന്ത്യയിലെ ഗോണ്ടാഫോരെസ് രാജാവായിരിക്കാമെന്നും ലേഖനം സൂചിപ്പിക്കുന്നു. ജ്ഞാനികള്‍ തിബറ്റുകാരായിരിക്കുമെന്നും, അവരാണ് ദിവ്യ ജനനങ്ങള്‍ തപ്പി സഞ്ചരിക്കാറുള്ളതെന്നുമുള്ള സ്വകാര്യ കണ്ടെത്തലുമായി സംതൃപ്തിയോടെ കഴിയുമ്പോഴാണ് പന്ത്രണ്ടു ജ്ഞാനികളെ കണ്ടു പിടിക്കേണ്ട ജോലി എന്നെ തേടി വന്നത്. ഒന്നാമത്, ജ്ഞാനികള്‍ കൂട്ടം കൂടി നടക്കാറില്ല, അല്ലെങ്കില്‍ ഈ പന്ത്രണ്ടു പേരും ജ്ഞാനികളായിരിക്കില്ലായെന്നൊക്കെ ആശ്വസിച്ചു ഞാന്‍ അവിടിരുന്നു കുറെ നേരം. സര്‍വ്വത്ര കണ്ഫ്യുഷനിലായിരുന്നു ഞാനെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി രണ്ട് യേശുമാര്‍ ജീവിച്ചിരുന്നുവോ എന്നായി എന്‍റെ ബലമായ സംശയം. ഒന്ന് ഒരു വിപ്ലവകാരിയും, രണ്ടാമത്തേത് ഒരാചാര്യനും. അത് സത്യമെങ്കില്‍ ഇതിലോരുവനായിരിക്കണം മഗ്ദലെനാ മറിയത്തെ വിവാഹം കഴിച്ചു ശിഷ്ടകാലം സുഖമായി കഴിഞ്ഞതെന്ന് ഡാവിഞ്ചി കോഡില്‍ പറഞ്ഞത്. ഈ അപരനായിരിക്കണം സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നത്. ഈ അപരന്‍ തന്നെയായിരിക്കണം ജന്മ പാപത്തിന്‍റെ കാര്യം പൌലോസിനോട്‌ പറഞ്ഞതും. ആരോട് ചോദിക്കും? നല്ലോരു ക്രിസ്മസ്സിനു ‘സാധിക്കുമെങ്കില്‍ പിതാവേ, ഈ പാനപാത്രം എന്നില്‍ നിന്നെടുത്തു മാറ്റണമേ’ എന്ന് ആരെങ്കിലും പ്രാര്‍ഥിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ മാത്രമായിരിക്കാനാണ് സാദ്ധ്യത. എതായാലും അത്മായാ ശബ്ദത്തില്‍ കാര്യം എഴുതിയിട്ടേ ഞാന്‍ ഇന്ന് ജോലിക്ക് പോകുന്നുള്ളൂ. ഈ കണ്‍ഫ്യുഷന്‍ എനിക്ക് മാത്രമേ ഉള്ളോ എന്നറിയണ്ടേ?


9 comments:

  1. This comment has been removed by the author.

    ReplyDelete
  2. റോഷൻ വായിച്ചു വായിച്ചു കന്ഫ്യൂഷനിലായ കാര്യങ്ങൾ എല്ലാംതന്നെ ഞാനും വായിച്ചിട്ടുണ്ട്. പക്ഷേ, ഒരു കണ്ഫ്യൂഷനും ഇത്തരം കാര്യങ്ങളെപ്പറ്റി എനിക്ക് തോന്നിയിട്ടില്ല. കാര്യമെന്താണെന്നു പറയാൻ വയ്യ. കേൾക്കുന്നതിലും വായിക്കുന്നതിലുമൊന്നും അത്ര ഗൌരവമുള്ളതോന്നും ഇല്ലെന്ന് ഇതിനോടകം മനസ്സിലാക്കിയതുകൊണ്ടാകാം. സഹസ്രകോടി വർഷങ്ങൾ എടുത്താണ് ചില നക്ഷത്രങ്ങളിൽനിന്ന് പ്രകാശം ഭൂമിയിലെത്തുന്നത്‌. വെറും രണ്ടല്ലെകിൽ മൂവായിരം വർഷങ്ങളിലെ കേട്ടുകേൾവികൾ മാത്രം അറിയുന്ന നമ്മൾ കണ്ഫ്യൂഷനാണെന്നു പറയാൻ ഒരുമ്പെട്ടാൽ എന്തൊരു വിഡ്ഢിത്തമായിരിക്കും. വെറും 25 വര്ഷം തീറ്റിപ്പോറ്റി പഠിപ്പിച്ചു വലുതാക്കിയ മകനോ മകളോ അപമാര്യാദയായും നന്ദികേടായും ഓരോന്ന് ചെയ്യുമ്പോൾ അതിൽ വ്യാകുലരാകുന്ന മാതാപിതാക്കൾ എത്ര വിഡ്ഢികളാണ്.

    അടിവാരം പള്ളി വെഞ്ചരിക്കാൻ മെത്രാന്മാർ വരുന്നു. ഇങ്ങനെയൊരു കുഗ്രാമത്തിൽ ഇങ്ങനെയൊരു പള്ളിയോ എന്ന് വരുന്ന ജനമെല്ലാം തീര്ച്ചയായും ചോദിക്കും. അതിനുത്തരമായി വികാരി ബൈബിളിൽ നിന്നും ഉദ്ധരിച്ച് നോട്ടിസ് ഇറക്കിയിരിക്കുന്നു. രണ്ടാദ്ധ്യായങ്ങൾ മാത്രമുള്ള ഹഗ്ഗായി എന്ന ചെറിയ പ്രവാചകപുസ്തകത്തിൽ ജെറുസലേമിൽ ഒരു ദേവാലയം പണിയുന്നതിനെപ്പറ്റിയാണ്‌ വിഷയം. അതിൽനിന്നാണ് വികാരി ദൈവവാക്യം കണ്ടുപിടിച്ചിരിക്കുന്നത്. "നിങ്ങൾ പണിയുവിൻ, ഞാൻ നിങ്ങളോടുകൂടിയുണ്ട്." ഇടവകയിലെ ജനങ്ങളുടെ ശ്രമദാനങ്ങളും കായികവും അല്ലാത്തതുമായ അദ്ധ്വാനങ്ങളും എല്ലാം വിലയിരുത്തിയാൽ, ഈ പള്ളിക്കായി ചെലവായത് ചുരുങ്ങിയത് അഞ്ചു കോടിയെങ്കിലും വരും. അതിന്റെ പേരിൽ കണ്ഫ്യൂഷനുള്ള കുറെ പാവങ്ങൾ ഇവിടെയുണ്ട്. വരുംകാലങ്ങളിൽ അവർ തുണി മുറുക്കിയുടുത്ത് കഴിഞ്ഞുകൊള്ളും.

    ReplyDelete
  3. റോഷനെ അത്ര രുചിക്കുന്നില്ലാത്ത എന്റെ ഒരു സ്‌നേഹിതന്‍ എന്നോടൊരിക്കല്‍ പറഞ്ഞു. 'പഴയ ജോസാന്റണിയെപ്പോലെയാണ് റോഷന്‍ ഫ്രാന്‍സീസ്. ' റോഷനെ ഇഷ്ടപ്പെടുന്ന ഞാന്‍ ചോദിച്ചു. 'എനിക്കെന്തു മാറ്റം വന്നെന്നാണ് സാര്‍ പറയുന്നത്?' അദ്ദേഹം മറുപടി പറഞ്ഞില്ല. ഈ ലേഖനം വായിച്ചപ്പോള്‍ എനിക്കു മനസ്സിലായി. റോഷന്‍ പറയുന്ന കണ്‍ഫ്യൂഷനൊന്നും (സക്കറിയാസിനെന്നപോലെതന്നെ) എനിക്കുമില്ല. കാരണം സക്കറിയാസ് പറയുന്നതല്ല എന്നുമാത്രം. കേരളത്തില്‍ത്തന്നെ ശ്രീ നാരായണനെന്നും നാരായണഗുരുവെന്നും അറിയപ്പെടുന്ന ഒരാളെ രണ്ടായി കണ്ടു ജീവിക്കേണ്ടിവരുന്ന ഒരാളാണ് ഞാന്‍. നാരായണഗുരുവിന്റെ കൃതികളില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍കഴിയുന്ന ദാര്‍ശനികനായ ഗുരുവെവിടെ? വെള്ളാപ്പള്ളി നടേശന്‍ കാണിച്ചുതരുന്ന ജാതിചോദിക്കാന്‍ പഠിപ്പിക്കുന്ന സമുദായോദ്ധാരകന്‍ എവിടെ? പഞ്ചായത്തീരാജ് നിയമത്തിലൂടെ നാമറിയുന്ന ഗാന്ധിയും ഹിന്ദ്‌സ്വരാജ് എഴുതിയ ഗാന്ധിയും കൂടുതല്‍ സമകാലികരായ ഡ്യൂപ്ലിക്കേറ്റുകള്‍ തന്നെ. ഡ്യൂപ്ലിക്കേറ്റുകളെ സൃഷ്ടിച്ച് സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന പ്രവണത പണ്ടുമുതലേ ഉള്ളതാണ്. ഭാരതത്തില്‍ ഒരേ വേദഗ്രന്ഥങ്ങള്‍ തന്നെ വ്യാഖ്യാനിച്ചാണ് ദൈ്വതസിദ്ധാന്തവും അദൈ്വതസിദ്ധാന്തവും വിശിുഷ്ടാദൈ്വതസിദ്ധാന്തവും ആവിഷ്‌കരിക്കപ്പെട്ടത് എന്നു കൂടി എനിക്കു മനസ്സിലായിട്ടുണ്ട്. ഞാന്‍ സ്വയമറിയുന്ന എന്നെയല്ലല്ലോ നിങ്ങള്‍ കാണുന്നത്! കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ തനിക്കു ശരിയെന്നു തോന്നുന്നതില്‍ വിശ്വസിക്കുകമാത്രമേ വഴിയുള്ളു. സംശയാത്മാ വിനശ്യതി എന്ന മന്ത്രം മറക്കാതിരിക്കുകയും വേണം.

    ReplyDelete
    Replies
    1. കത്തോലിക്കാ സഭയിലെ കണ്ഫ്യൂഷൻ മുഴുവൻ ജോസാന്റനി ശ്രീ നാരായണ ഗുരുവിന്റെ കാര്യത്തിൽ അടയാളപ്പെടുത്തിയ double vision തന്നെയാണ്. സുവിശേഷങ്ങളിലൂടെ നാമറിയുന്ന യേശുവും സഭ പ്രദർശിപ്പിക്കുന്ന യേശുവിന്റെ മുഖങ്ങളും രണ്ടാണ്. വെറുതേ രണ്ടല്ല, വിരുദ്ധ ധ്രുവങ്ങൾ തന്നെയാണ്. റോഷൻ സംശയിക്കുന്നതുപോലെ രണ്ട് വ്യത്യസ്ത യേശുമാർ ജീവിച്ചിരുന്നുവോ എന്ന സംശയത്തിന് ധാരളമിടമുണ്ട്. ഇതിൽ ഒരു യേശുവിനെ സ്നേഹിക്കുന്ന കുറേ സഭാമക്കളും മറ്റേ യേശുവിനെ സ്നേഹിക്കുന്ന സഭാധികാരികളും അവരുടെ കൂടെപ്പോകുന്ന വേറെ കുറേ സഭാമക്കളും തന്നിൽ സ്വരുമിക്കാൻ ഇടം കാണുന്നില്ല എന്നതാണ് ഒന്നും ഒരിടത്തും എതാത്തതിനുള്ള കാരണം. രണ്ടും വ്യാജമാകാൻ ഇടയുണ്ടോ? അത് അതിലും വലിയ ഒരു കണ്ഫ്യൂഷൻ ഉണ്ടാക്കുന്ന ചോദ്യമാണ്.

      വീണ്ടും വീണ്ടും കണ്ഫ്യൂഷനുണ്ടാക്കുന്നതിനുവേണ്ടി ബൈബിളിനെത്തന്നെ ആധാരമാക്കുന്നതിന് ഒരുദാഹരണം നേരത്തെ തന്നിരുന്നു. അതേ, അടിവാരം പുത്താൻ പള്ളി യെരൂസലെമിലെ ദേവാലയത്തിന്റെ തന്നെയത്ര ദൈവഹിതമാണെന്ന് സ്ഥാപിച്ചെടുക്കുക.

      ഇന്നിതാ, ആഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണനവുമായി ഒരു നോട്ടിസ് വീട്ടിൽ എത്തിച്ചുതന്നതിലുമുണ്ട് ബൈബിളിലെ ഉദ്ധരണി. ഇത്തവണ "ഇത് കർത്താവിന് ഒരു സ്മാരകമായിരിക്കും, ഒരിക്കലും നശിക്കാത്ത ശ്വാശ്വതസ്മാരകം" എന്നാണ്. സ്രോതസ് - ഏശയ്യാ 55, 13. ഈ വാക്യം ഒരു സൌധത്തെപ്പറ്റിയുമല്ല, ദേവാലയത്തെ പ്പറ്റിയുമല്ല, മറിച്ച് പ്രകൃതിയിലൂടെ ദൈവം തരുന്ന വിവിധ ദാനങ്ങളെപ്പറ്റിയും അവയെ നന്ദിയോടെ സ്വീകരിക്കേണ്ടതിനെപ്പറ്റിയുമാണ്. ഏതാവശ്യത്തിനും എവിടെനിന്നെങ്കിലും സന്ദർഭം മറന്നും ഒളിച്ചുവച്ചും തങ്ങൾക്കാവശ്യമായ അർത്ഥം തരുന്ന വാക്യങ്ങൾ ചികഞ്ഞു പെറുക്കി ഉപയോഗിച്ച് മനുഷ്യരെപ്പറ്റിക്കുന്ന ഈ രീതി ഒരു വലിയ കണ്‍ഫ്യൂഷൻ തന്നെയാണ്. കേൾക്കുന്നവർ അതൊക്കെ ചെയ്യുന്ന വക്രബുദ്ധികളുടെ ജ്ഞാനമോർത്ത് അദ്ഭുത സ്തപ്തരാകും.

      Delete
    2. ക്ഷണമെന്നെഴുതാതിരുന്നതും 'ക്ഷണന'മെന്നെഴുതിയതും സക്കറിയാസ് നെടുങ്കനാല്‍ എന്ന ഭാഷാപണ്ഡിതനാണെന്ന കാര്യം വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പള്ളിക്കാര്‍ വന്നത് ക്ഷണനത്തിനായിത്തന്നെ(വധം;ഹിംസ, ക്ഷണിക്കല്‍എന്ന അര്‍ഥത്തില്‍ ഈ പദം പ്രയോഗിക്കരുത് - ശബ്ദതാരാവലി). സംശയം വേണ്ട.

      Delete
    3. This comment has been removed by the author.

      Delete
    4. ജോസാന്റണിയുടെ ബുദ്ധികൂർമ്മതക്ക് അഭിനന്ദനം. ഒരു പള്ളിനിർമ്മാണത്തിന്റെ പേരിൽ ഈ നാട്ടിലും പരിസരത്തുമുള്ള എല്ലാവരെയും ഒരു മരാമത്തച്ചൻ പിഴിഞ്ഞും പിരിച്ചും അവശരാക്കിയ കഥകളേ ഇവിടങ്ങളിൽ കേൾക്കാനുള്ളൂ. അവസാനംവരെ ചെറുത്തുനിന്ന ഒരേയൊരാൾ എന്ന 'ദുർഖ്യാതി' എനിക്കുള്ളതാണ്. ക്ഷണക്കത്തുമായി വന്ന നിർമ്മാണക്കമ്മറ്റിയുടെ കണ്വീനർ, ഒരു തേക്കുംതടി കൊടുത്തെങ്കിലും അച്ചന്റെ കടം വീട്ടാൻ സഹായിക്കരുതോ എന്നെന്നോട് സൌമ്യമായി ചോദിച്ചു. ഈ പ്രസ്ഥാനത്തിന് ആദ്യം മുതൽ ഞാനെതിരാണ് എന്ന് വ്യക്തമാക്കിയിരുന്നതിൽ ഇപ്പോഴും മാറ്റമില്ല എന്ന് മാത്രം ഞാൻ വീണ്ടും പറഞ്ഞു.

      ഒരാദർശത്തിൽ പിടിച്ചുനിൽക്കുക അത്രയെളുപ്പമല്ല. മെത്രാനച്ചന്മാരുടെ വരവിനെപ്പറ്റി സംസാരിച്ചപ്പോൾ ഒരാള് പറഞ്ഞു. ബിഷപ്‌ മുരിക്കൻ തന്റെ ഉപയോഗത്തിന് അംബാസഡർ മതിയെന്ന് പറഞ്ഞിട്ടും കല്ലറങ്ങാട്ട് അദ്ദേഹത്തിന് 27 ലക്ഷത്തിന്റെ ഒരു ലക്ഷ്വറി കാർ തന്നെ വാങ്ങിക്കൊടുത്തു എന്ന്. ജനസംസാരത്തിൽ എത്ര കഴമ്പുണ്ടെന്ന് കാണാനും കൂടിയാണ് 28 ന് ഞാൻ അടിവാരത്ത് പോകുന്നത്. അംബാസഡർ മതിയെന്നുള്ളവൻ അതിൽത്തന്നെ നില്ക്കണം. വേണ്ടാത്തത് വേണമെന്ന് ആക്കാമെങ്കിൽ അതിൽ ആദർശമെവിടെ?

      Delete
  4. ശ്രി ജൊസ് ആന്റണി പറഞ്ഞതാണ് ശരി. റോഷന്‍ കണ്ടതിനേക്കാള്‍ ഒരു രണ്ടു പടി മുന്നോട്ടു ചാടിയുള്ള ഒരു നിരീക്ഷണം. കണ്ഫ്യുഷന്‍ എല്ലാവര്ക്കു മുണ്ട്; ഒത്തിരി കോമ്പ്രമൈസ് ചെയ്താണ് അഭിഷിക്തരും അത്മായരും എല്ലാം ഇന്ന് ജീവിക്കുന്നതും. ഈ സംശയങ്ങള്ക്കെ്ല്ലാം ഇടയിലൂടെ ബോദ്ധ്യമായ സത്യങ്ങള്‍ മുന്നില്‍ കണ്ടു ജീവിക്കുന്നവരാണ്, എല്ലാവരും തന്നെ. അവര്‍ കണ്ടെത്തിയതും അവര്‍ ചരിക്കുന്നതുമായ പാതകള്‍ വ്യത്യസ്തം ആയിരുന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. ജോസ് ആന്റണി പറഞ്ഞത്, നാം എപ്പോഴും അപരന്മാരെ സൃഷ്ടിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നതാണ്. ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. നാം ചരിത്രത്തിലെ യേശുവിനെ കുരിശില്‍ തറച്ചു കൊന്നു; ഒരിക്കലും ഉയര്ക്കില്ലായെന്നു ഉറപ്പു വരുത്തുകയും ചെയ്തു. ഇപ്പോള്‍ നാം കാണാന്‍ വിധിക്കപ്പെട്ട യേശു അപരനാണ്, ഒരു സംശയവും വേണ്ട. ഈ അപരനെ സൃഷ്ടിക്കല്‍ ക്രിസ്ത്യാനികളുടെ മാത്രം കുത്തകയല്ല, മതങ്ങളിലും, രാഷ്ട്രിയത്തിലും, എല്ലാം അനേകം അപരന്മാരെ നാം സൃഷ്ടിച്ചിട്ടുണ്ട്. നാം തന്നെ അപരന്മാരെ സ്വയം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു, അനു നിമിഷം.
    സാക്ക് കണ്ടെത്തിയ മാര്ഗ്ഗം രക്ഷപെടലിന്റെ താണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു വ്യാഖ്യാനവുമായി മുന്നോട്ടു വന്നു കൂടുതല്‍ കണ്ഫ്യുഷന്‍ ഉണ്ടാക്കാതിരിക്കുകയുമല്ല അദ്ദേഹത്തിന്റെ് ലക്‌ഷ്യം എന്നെനിക്കു തോന്നുന്നു. അദ്ദേഹം പറയാറുള്ള ഒരു കാര്യമുണ്ട്, സര്‍വ്വ ഭാരങ്ങളോടും വിട പറഞ്ഞു, പ്രകൃതിയിലെ സര്‍വ്വ സഹോദരചരാചരങ്ങളോടൊപ്പം സല്ലപിച്ചു കൊണ്ട് ആ ചൂടില്‍, ആ തണുപ്പില്‍ നീണ്ട് നിവര്ന്നു് കിടന്നുള്ള ഒരു നിമിഷം. അതാരെയും ഉണര്ത്തും . ആ മയക്കത്തിലെ, സംശയങ്ങളും കണ്ഫ്യുഷനുകളും ഉള്‍വലിയൂ – ഒരിക്കലും തിരിച്ചു വരാതെ. അത്തരം ഒരു മയക്കം സ്വന്തം പകലുകളില്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്‌. ആ സ്വപ്നത്തിലെ യേശു വിവാദങ്ങള്ക്കിടയിലല്ല ജീവിക്കുന്നത്. ആ യേശുവുമായി സംവദിക്കുമ്പോള്‍ സര്‍വ്വ ശാസ്ത്രങ്ങളും സര്‍വ്വ വേദാന്തങ്ങളും, സര്‍വ്വ യുക്തികളും, സര്‍വ്വ സാദ്ധ്യതകളും എവിടെയോ പോയി ഒളിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. എങ്കിലും ഞാനാ ചൂടില്‍ ദഹിച്ചുപോകുമോയെന്നു ഭയപ്പെടുന്നു. അപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, ശരീരമാകുന്ന കഴുതപ്പുറത്ത് ഞാന്‍ സഞ്ചരിക്കുന്നു. കഴുതയെ മേയാന്‍ വിട്ടിട്ട് എന്റെ യാത്ര തുടരാന്‍ എനിക്ക് കഴിയുന്നില്ല. ഒരു നല്ല ക്രിസ്മസ് കേക്ക് ആണ് റോഷന്‍ തന്നതെന്ന് തോന്നുന്നു.

    ReplyDelete
  5. "സർവത്രകണ്‍ഫ്യൂഷൻ" ബുദ്ധിസ്ഥിരതയില്ല എന്നതിൻറെ തുടക്കമാകാം ! "എവിടാണ് നീ? നിൻറെ സ്ഥിരവാസമെവിടെ? പേർ പറയൂ ഞാനാരോടും പറയുകില്ല.. മനുജർ ഹാ തേടട്ടെ പലവഴിക്കായ് നിന്നെ, അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ "
    എന്ന് ഞാൻ പാടി..സ്വാമി വിവേകാനന്ദനും ,ശ്രീകൃഷ്ണനും എൻറെ കണ്ഫൂഷൻ നീക്കിതന്നു ! ഇനിയും ഒരു വിവരദോഷികത്തനാരും ഈ ജന്മം എൻറെ മനസിനെ പണിയുകില്ല ..

    ReplyDelete