Translate

Friday, December 6, 2013

അച്ചന്മാര്‍ ക്രിസ്തു ഏല്പിച്ച ജോലി ചെയ്യണം! - മുണ്ടശ്ശേരി


(പരേതനായ മുണ്ടശ്ശേരി മാസ്റ്ററുമായി ശ്രീ ജോസഫ് പുലിക്കുന്നേല്‍ നടത്തിയ അഭിമുഖത്തിന്റെ പുനപ്രസിദ്ധീകരണമാണ് ഈ ലേഖനം. ഈ അഭിമുഖം 1976 ജൂലൈ ലക്കം ഓശാനയില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. ഈ ലേഖനത്തിന്റെ അവസാനത്തെ പാരഗ്രാഫ് പ്രത്യേകം ശ്രദ്ധിക്കുക. വേദപുസ്തകം മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജമ ചെയ്യണം എന്ന ഒരു നിര്‍ദേശം മാസ്റ്റര്‍ നല്‍കുന്നു. ഈ നിര്‍ദേശമാണ് ബൈബിള്‍ തര്‍ജമയിലേയ്ക്ക് പുലിക്കുന്നേലിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ കാരണം. മഹാന്മാര്‍ വഴികാട്ടികളാണ്. മുണ്ടശ്ശേരി മാസ്റ്റര്‍ ബൈബിള്‍ തര്‍ജമയ്ക്ക് വഴികാട്ടിയായിരുന്നു.)
1957-59 കാലഘട്ടത്തില്‍, കേരളത്തിലെ, സുപ്രധാന കത്തോലിക്കാ കേന്ദ്രങ്ങളില്‍, പള്ളിയുടെ ആഹ്വാനം കേട്ട്, ഉറുമ്പു കൂടുന്നതുപോലെ പ്രതിഷേധയോഗങ്ങള്‍ക്ക് ഒലിച്ചിറങ്ങിയ പടയണി വിളിച്ചിരുന്ന മുദ്രാവാക്യം ഇന്നും മനസ്സില്‍ പൊന്തിവരുന്നു. ''മണ്ടാ, മുണ്ടാ, മുണ്ടശ്ശേരി, നിന്നെ പിന്നെ കണ്ടോളാം. ''മുണ്ടശ്ശേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ''അദ്ധ്യാപകന്, മനുഷ്യനായി ജീവിയ്ക്കാനുള്ള അന്തസ്സുണ്ടാക്കിക്കൊടുത്തതിന്'' കാര്യം അറിയാത്ത കത്തോലിക്കരില്‍ വിദ്വേഷത്തിന്റെ വിഷം കേറ്റി, സഭാതലവന്മാര്‍ എന്തെല്ലാം, കോപ്രായങ്ങള്‍ കാണിച്ചു; പറയിച്ചു. മുണ്ടശ്ശേരി ചെകുത്താന്റെ അവതാരമാണെന്നു വരെ പറഞ്ഞുവെച്ചു.
സ്വപരിശ്രമം കൊണ്ടും, സമ്പന്നമായ ധിഷ്ണാവൈഭവംകൊണ്ടും കട ന്നുചെന്ന രംഗത്തെല്ലാം, ഒന്നാംനിരയില്‍ ചെന്നുപറ്റിയ മുണ്ടശ്ശേരിയ്ക്ക് ചില 'കുറവുകള്‍' ഉണ്ടായിരുന്നു. അനീതി കാണുമ്പോള്‍ മിണ്ടാതിരിക്കാനുള്ള കഴിവില്ലായ്മ; സ്വതന്ത്രമായി ചിന്തിയ്ക്കാനും എഴുതാനുമുള്ള ബുദ്ധിയും അതു വാടകയ്ക്കു കൊടുക്കാനുളള മടിയും; അതുകൊണ്ടുതന്നെ, ധാരാളം അനീതിയും, അതിലേറെ ബൗദ്ധിക ബന്ധനവും ഉള്ള കത്തോലിക്കാസഭയിലെ പൊടിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന, ചട്ടക്കൂട്ടിന് മുണ്ടശ്ശേരി ഒരധികപ്പറ്റായി. സഭയോടെതിര്‍ക്കുന്നവരെ, എതിര്‍ത്ത് നശിപ്പിച്ച് സഭയുടെ അന്തസ്സു നിലനിര്‍ത്താന്‍ കല്ലിംങ്ങന്മാര്‍, പത്തലുമായി എത്തി. ചുവന്ന തൊപ്പിക്കാരും അരേല്‍ക്കെട്ടുകാരും ഷെവലിയാറന്മാരും പഴമയുടെ കാവല്‍ക്കാരായ സമുദായ നേതാക്കളും നിരന്നു നിന്നു തല്ലി. പക്ഷേ, വടി ഒടിയുകയും അടിച്ചവന്റെ കൈതളരുകയും ചെയ്തതല്ലാതെ, മുണ്ടശ്ശേരിയെ തളര്‍ത്താനോ, തകര്‍ക്കാനോ അവര്‍ക്കു കഴിഞ്ഞില്ല.
ഒരച്ചനും, മെത്രാനും, ജീവിതം മുഴുവന്‍ പരിശ്രമിച്ചാലും നേടിയെടുക്കാന്‍ കഴിയാത്തതെല്ലാം, ഒരല്‍മായന്‍, അതും തങ്ങളുടെ ''ഉപ്പും ചോറും'' തിന്നുന്ന ഒരു മാസ്റ്ററു നേടിയെടുക്കുക! സഹിയ്ക്കുമോ അച്ചന്മാര്‍ക്ക്? ഒന്നാംകിട അധ്യാപകന്‍, പാര്‍ലമെന്റേറിയന്‍, മന്ത്രി, വൈസ് ചാന്‍സിലര്‍, പ്രഗത്ഭനായ എഴുത്തുകാരന്‍, പണ്ഡിതന്‍, പ്രസംഗകന്‍, എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വ്യക്തിത്വത്തിന്റെ ശാഖോപശാഖകള്‍ വീശി മുണ്ടശ്ശേരി വളര്‍ന്ന് പടര്‍ന്നു പന്തലിച്ചു നിന്നപ്പോള്‍, തകരച്ചെടിക്ക് സദൃശരായ പല അച്ചന്‍ പണ്ഡിതന്മാര്‍ക്കും അതു സഹിയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ മുണ്ടശ്ശേരിയെ മതത്തിനു ശത്രുവാക്കി,. നിരീശ്വരനാക്കി മണ്ടനാക്കി; മുണ്ടനാക്കി; പിള്ളേരെക്കൊണ്ട് കൂക്കിവിളിപ്പിച്ചു. എന്നിട്ടോ?
''മണ്ടനെന്നും, മുണ്ടനെന്നും,'' വിളിപ്പിച്ച അവര്‍തന്നെ പിന്നീട് മുണ്ടശ്ശേരിയെ മെത്രാസന അരമനകളില്‍ ക്ഷണിച്ചിരുത്തി. പൊന്തിഫിക്കല്‍ സെമിനാരികളില്‍ പ്രസംഗത്തിനു വിളിച്ചു. ''സഭയു''ടെ ഒരു പ്രശസ്ത പുത്രനാണെന്ന് ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. വാര്‍ധക്യത്തില്‍ വിശ്രമമനുഭവിക്കുന്ന അദ്ദേഹത്തെ ''ഷെവലിയറാക്കുമോ.'' (ഷെവലിയറാക്കി വധിയ്ക്കുമോ) എന്നാണ് ചിലരുടെ ഭയം. പക്ഷേ ഉടനെ ഉണ്ടാകുകയില്ല; അതുമായി പടിയ്ക്കകത്തു കടന്നു വരുന്നവരോടു ''കടന്നുപോടോ'' എന്നു പറയാനുളള സ്വസ്ത ബുദ്ധി അദ്ദേഹത്തിനുണ്ട്, ഇന്നും.
മുണ്ടശ്ശേരിയുടെ വീട്ടിലേയ്ക്കു ചെന്നാല്‍, ഒരു ഒന്നാം തരം കത്തോലിക്കാ ഭവനമാണെന്നേ തോന്നൂ; ആണുതാനും. എല്ലാ മുറിയിലും ക്രിസ്തുവിന്റെ രൂപം പ്രധാന സ്ഥാനത്തു തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. 'ക്രിസ്ത്വാനുകരണം'' ആദ്യമായി മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തത് എം.പി.പോളും മുണ്ടശ്ശേരിയുമാണെന്ന വസ്തുത ആരറിയാന്‍!
മാസ്റ്റര്‍ക്ക് ക്രിസ്തുവിന്റെ വീക്ഷണങ്ങളോടോ, പഠനങ്ങളോടോ ഒരിയ്ക്കലും എതിര്‍പ്പുണ്ടായിരുന്നില്ല. ഇന്നും ഇല്ല. എന്നും അവയെ അദ്ദേഹം വിലമതിച്ചിരുന്നു. എന്നാല്‍ അത് ഭക്തിയുടെ പട്ടില്‍ പൊതിഞ്ഞ്, തിരുമേനിമാര്‍ക്കും അച്ചന്‍മാര്‍ക്കും കാഴ്ചകൊടുത്തു പ്രതിഫലം പറ്റാനുള്ളതല്ല അദ്ദേഹത്തിന്; പിന്നെയോ, ജീവിതക്രമം സൃഷ്ടിക്കുന്നതിനുള്ള പ്രേരകശക്തിയാണ്. അരമനകളില്‍ സുഖജീവിതം നയിക്കുന്ന തിരുമേനിമാരുടെ ഭരണവ്യഗ്രതാ പ്രശ്‌നങ്ങളേക്കാള്‍, 7 രൂപാ മാസപ്പടിക്കാരനും, മാനേജര്‍ തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂക്കുമായിരുന്ന അധ്യാപകന്റെ മനുഷ്യപ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഹൃദയത്തെ മഥിച്ചിരുന്നത്.
മാസ്റ്റര്‍ പറഞ്ഞു: ''പണ്ടൊക്കെ സഭയെന്നു പറഞ്ഞാല്‍ ജനങ്ങളായിരുന്നു, വിശ്വാസികള്‍; പിന്നീട് പിന്നീട് അതങ്ങോട്ടു മാറി. ഇന്ന് അച്ചന്മാരും മെത്രാന്മാരും കന്യാസ്ത്രീകളുമായി സഭ. യൂറോപ്യന്മാരച്ചന്മാരും പാതിരിമാരും ചെയ്ത ഒരു വലിയ ദ്രോഹമാണത്. വിശ്വാസികളെ ഇന്ന് വേണമെന്നുതന്നെ ഇല്ല സഭയ്ക്ക്. വിശ്വാസികളില്ലേലും സ്വത്തുകൂട്ടിവയ്ക്കാന്‍ പറ്റിയാല്‍ മതിയല്ലോ? പണ്ടൊക്കെ പള്ളിയോഗത്തിനെങ്കിലും സഭയില്‍ സ്ഥാനമുണ്ടായിരുന്നു; ഇന്ന് അതും തീര്‍ന്നു. പള്ളിഭരണവും സഭാഭരണവും എല്ലാം ഇന്ന്, മെത്രാന്റെയും അച്ചന്റെയും വരുതിയ്ക്കായി. സഭയുടെ സ്വത്തെല്ലാം അല്‍മായര്‍ സംഭാവനയും പിരിവും കൊടുത്തുണ്ടാക്കിയതാണ്. അതുകൊണ്ട് അതു അല്‍മായരുടേതാണ്. ജനങ്ങളുടേതാണ്. ഈ അവകാശം പുനഃസ്ഥാപിയ്ക്കണം. ഇടവകക്കാരാണ് സ്വത്ത് എങ്ങിനെ വിനിയോഗിയ്ക്കണമെന്ന് തീരുമാനിക്കേണ്ടത്. ഇന്ന് ലത്തീന്‍ നിയമമനുസരിച്ച് എല്ലാം മെത്രാന്റെയായിരിക്കുന്നു. ഈ സ്വത്തു കൈകാര്യം ചെയ്യുന്ന പണി എന്തിനാ മെത്രാന്മാരും അച്ചന്മാരും ഏറ്റെടുക്കുന്നത്? അവരെ ക്രിസ്തു ഏല്പിച്ച പണിയതൊന്നും അല്ല. അതുവിട്ടിട്ടു ഈ സ്വത്തു ഭരിയ്ക്കാന്‍ കാണിച്ച ആഗ്രഹമാണ്, ഇന്നു കാണുന്ന കുഴപ്പത്തിനൊക്കെ കാരണം. ഭരണം വിട്ടാല്‍ എല്ലാം തീര്‍ന്നെന്ന ഭാവമാണ് അച്ചന്മാര്‍ക്ക്. എന്നാലീ ഭരണമുണ്ടല്ലോ അതങ്ങ് നിര്‍ത്തിയിട്ട് ദൈവത്തിന്റെ കാര്യവും മിശിഹായുടെ പഠനങ്ങളും പറയാനും, പഠിപ്പിക്കാനും തുടങ്ങിയാല്‍ അവര്‍ക്കുതന്നെ രക്ഷകിട്ടും. സമ്പത്തും മറ്റും അതുണ്ടാക്കിയവരും ഉടമസ്ഥന്മാരും ഭരിച്ചു കൊള്ളട്ടെ, നടത്തിയ്‌ക്കോട്ടെ എന്നു വെച്ച്, അവരെ കര്‍ത്താവ് ഏല്‍പിച്ചപണി ചെയ്യാന്‍ അച്ചന്മാര്‍ തയ്യാറാകട്ടെ. ഇന്ന് സ്വത്തെല്ലാം റോമാ തിരുസിംഹാസനത്തിന്റേത്. മെത്രാനും വികാരിയുമെല്ലാം അതിന്റെ തോട്ടക്കാരെന്ന നിലയിലേയ്ക്കായി. ഈ കാഴ്ചപ്പാട് ഇറ്റലിക്കാരച്ചന്മാരു കൊണ്ടുവന്നതാണ്.
''നമ്മുടെ സന്യാസ സഭകളെ ഒന്നു നോക്കുക. പണ്ടൊക്കെ കൊവേന്തക്കാരച്ചന്മാര്, ധ്യാനിപ്പിയ്ക്കാനും ദാരിദ്ര്യവും പുണ്യവും അഭ്യസിപ്പിക്കാനും ഒക്കെ നടന്നിരുന്നു. ഇന്നോ, എത്ര സ്വത്താണ്, ഈ കൊവേന്തക്കാര് വലിച്ചുകൂട്ടിവെച്ചിരിക്കുന്നത്. ഇന്ന് ധ്യാനവും പ്രാര്‍ഥനയുമെല്ലാം കുറഞ്ഞിരിക്കുന്നു. അവിടെയും സ്വത്തു ഭരണം പരമപ്രധാനമായിത്തീര്‍ന്നിരിക്കുന്നു. കൊവേന്ത സ്ഥാപിച്ചവരുടെ ഉദ്ദേശം, ധ്യാന പ്രസംഗം നടത്തിയും കുമ്പസാരിപ്പിച്ചും ഒക്കെ മനുഷ്യരെ നേരെ ചൊവ്വേ നടത്തുക എന്നതായിരുന്നു. അതിനിത്രയും പണവും സ്വത്തും വേണോ? ഇത്രയും വലിയ കെട്ടിടങ്ങളും ബാങ്കുബാലന്‍സും വേണോ?''
''ഇന്നുമെത്രാന്റെ മേലും വികാരിയച്ചന്മാരുടെ മേലും പേരിനെങ്കിലും ജനങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളും ചില സ്വാധീനങ്ങളുമുണ്ട്. ഈ കൊവേന്തക്കാരച്ചന്മാരുടെ കാര്യത്തില്‍ അതും ഇല്ല. ഈ സ്വത്തെല്ലാം അവരുടെ സ്വന്തമായി അനുഭവിയ്ക്കുന്നു. സുഖിയ്ക്കുന്നു. ഇഷ്ടംപോലെ നടക്കുന്നു. മെത്രാന്മാര്‍ക്കുപോലും ഇവരുടെമേല്‍ നിയന്ത്രണമില്ല. ജനങ്ങള്‍ക്ക് ഒട്ടും ഇല്ലെന്നതോ പോകട്ടെ''
''കൊവേന്തക്കാരാണല്ലോ, കത്തോലിക്കരുടെ മുഖപത്രമായ 'ദീപിക' നടത്തുന്നത്. ഒന്നോ രണ്ടോ കൊവേന്തക്കാരച്ചന്മാരുെട അഭിപ്രായമെങ്ങനെയാണ് സഭയുടെ അഭിപ്രായമാകുന്നത്. പക്ഷേ ഇന്നങ്ങിനെയാണെന്നാണ് പറയാറ്. മെത്രാന്മാര്‍ക്കുപോലും ഇതിന്റെമേല്‍ നിയന്ത്രണമില്ല. ദീപിക നഷ്ടത്തിലാണെന്നാണ് പറയുന്നത്. കേരളത്തില്‍ ഒരു സമുദായത്തിന്റെയും പിന്‍ബലമില്ലാത്ത പത്രങ്ങളെല്ലാം ആദായത്തില്‍ നടക്കുമ്പോള്‍ ദീപികമാത്രം നഷ്ടത്തിലാണ് നടക്കുന്നത് എന്ന് എങ്ങിനെ വിശ്വസിക്കും. ഈ പത്രത്തിനെ സമുദായത്തിന്റെ വരുതിയ്ക്കുകൊണ്ടുവരാന്‍ ആദ്യമേ പരിശ്രമിയ്‌ക്കേണ്ടിയിരിക്കുന്നു. എന്തായാലും രണ്ടോ നാലോ കൊവേന്തക്കാരച്ചന്മാരു നടത്തുന്ന ഈ പത്രം, സമുദായത്തിന്റെ പ്രാതിനിധ്യം വഹിയ്ക്കുന്നു എന്നു പറയാനാവില്ല.
ഈ പത്രം മെത്രാന്മാരും, ഉത്തരവാദിത്വപ്പെട്ട അത്മേനികളും ഉള്‍പ്പെട്ട ഒരു കമ്മറ്റിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
മെത്രാനാകുമ്പോള്‍ മുതല്‍, മരിയ്ക്കുന്നതുവരെ തുടര്‍ന്നു ഒരു മിസ്സം ഭരിയ്ക്കുന്ന ഈ ഏര്‍പ്പാടു നിര്‍ത്തിയാല്‍ കൊള്ളാം. അയ്യാണ്ടു കൂടുമ്പോള്‍ മെത്രാന്മാരെ ഒന്നു സ്ഥലം മാറ്റുന്നതു നല്ലതാണ്. യൂറോപ്പിലൊക്കെ അത് നടക്കുന്നുണ്ട് എന്നു കേള്‍ക്കുന്നു. നമുക്കും അതൊന്നു പരീക്ഷിച്ചുകൂടെ?
കത്തോലിക്കര്‍ക്കുപറ്റിയ ഏറ്റവും വലിയ അപകടമെന്താ? നമ്മുടെ വേദപാഠവും വണക്കമാസവും, പ്രാര്‍ഥനയും ഒന്നും ക്രിസ്തുവിനെ മനസ്സിലാക്കാന്‍, ഒരാളേയും സഹായിക്കുന്നില്ല. വേദപുസ്തകം വായിച്ചാല്‍ നശിച്ചുപോകുമെന്നാണ് പണ്ടൊക്കെ പഠിപ്പിച്ചിരുന്നത്. ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ അതായിരുന്നു സ്ഥിതി. ഇന്നും മാറ്റമില്ല. പിന്നെ വായിച്ചാല്‍ ശപിക്കില്ല എന്നായിട്ടുണ്ടെന്ന് സമാധാനിക്കാം. എന്നാലും ക്രിസ്തുവിന്റെ പഠനങ്ങള്‍ ബൈബിളിലാണുള്ളത്. സഭാധികാരികള്‍ അതു വായിയ്ക്കാനും പഠിക്കാനും സാഹചര്യമുണ്ടാക്കുന്നില്ല. എന്താ കാരണം? ബൈബിള്‍ വായിച്ചാല്‍ മിശിഹായെ ശരിയ്ക്കും മനുഷ്യരു മനസ്സിലാക്കും. അപ്പോള്‍, ഈ വണക്കമാസപ്പുസ്തകത്തിന്മേലും മറ്റുംകെട്ടിപ്പൊക്കിയ അന്ധവിശ്വാസം അങ്ങു തകര്‍ന്നുപോകും. ആ അന്ധവിശ്വാസം തകര്‍ന്നുപോയാലുണ്ടല്ലോ? പിന്നെ അച്ചന്മാര്‍ക്ക് പലപ്പോഴും നില്‍ക്കക്കള്ളിയില്ലെന്നാകും.
എന്തുകൊണ്ടു നമ്മുടെ കുട്ടികളെ വേദപുസ്തകം ചെറുപ്പത്തിലെ പഠിക്കാന്‍ ശീലിപ്പിച്ചുകൂടാ? എല്ലാ വേദപാഠക്ലാസുകളിലും വേദപുസ്തക പഠനത്തിന് പ്രേരണ നല്‍കുന്ന കാലാവസ്ഥയുണ്ടാകണം.
നമ്മുടെ ചെറുപ്പക്കാര്‍ക്ക് വേണ്ടത്ര മതബോധമില്ലെന്നാണ് മെത്രാന്മാരുടേയും അച്ചന്മാരുടേയും ഒക്കെ പരാതി. എന്താ ഈ മതബോധമെന്നുവെച്ചാല്‍? കുറെ അന്ധവിശ്വാസങ്ങള്, അങ്ങിനെ വരുമ്പോഴാണ് കാര്യം കുഴയുന്നത്. ക്രിസ്തുവിന്റെ പഠനങ്ങളോട് ആര്‍ക്കും ഒരെതിര്‍പ്പുമില്ല. പിന്നെ സഭയ്ക്ക് ആ പഠനങ്ങള്‍, നടപ്പിലാക്കുന്നതില്‍ യാതൊരു ശുഷ്‌കാന്തിയും ഇല്ലെന്നാണ് പറയാനുള്ളത്. മാത്രവുമല്ല ക്രിസ്തു പറഞ്ഞതല്ലാത്തതും എതിര്‍ത്തു പറഞ്ഞതുമായ ഒട്ടേറെകാര്യങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട്. അതെല്ലാം, ചിന്തിക്കുന്നവരും ബുദ്ധിയുള്ളവരും അനുസരിക്കണമെന്നു പറഞ്ഞാല്‍ നടപ്പില്‍ വരുത്തുക വിഷമമാണ്. ഇതാണ്, ഇവര്‍ പറയുന്ന മതവിരോധം.
സമുദായ നേതാക്കളും സഭാധികാരികളും വീപ്പക്കണക്കിനു താറ് തലയിലൊഴിച്ചിട്ടും സ്വന്തം വ്യക്തിത്വത്തിന് യാതൊരു മങ്ങലും ഏല്‍ ക്കാതെ മുണ്ടശ്ശേരി മാസ്റ്റര്‍ ഇന്നും ഉല്‍പതിഷ്ണുവായ ചിന്തകനായി വിരാജിക്കുന്നു. 27 കൊല്ലം പണിയെടുത്ത കോളേജില്‍ നിന്നും യാതൊരു കാരണവും കൂടാതെ (ചൈന കാണാന്‍ പോയി എന്ന കുറ്റത്തിന്) ഇറക്കി വിട്ടപ്പോള്‍, മാസാമാസം സെന്റ് തോമസ്സ് കോളേജില്‍നിന്നും കൊടുക്കുന്ന മാസപ്പടിയില്ലാതെ പട്ടിണി കിടന്ന് മാസ്റ്റര്‍ അരമന പടിയ്ക്കല്‍ വന്നു മുട്ടുകുത്തുമെന്ന് വ്യാമോഹിച്ചിരുന്നു തിരുമേനിയും കല്ലിങ്ങലച്ചനും. പക്ഷേ ജീവിതത്തെ, ഒരു വെല്ലുവിളിയായിക്കണ്ട അദ്ദേഹം പുതിയ ജീവിതവഴിത്താര അനായാസമായിവെട്ടിപ്പിടിച്ചു. അരമനയുടെ അടിയാളായി, കഴിഞ്ഞ പ്രൊഫ. ജോസഫ് പെട്ട സെന്റ് തോമസ് കോളേജില്‍ ഒരു കേവലം പ്രൊഫസറായി റിട്ടയര്‍ ചെയ്തപ്പോള്‍ തിരുമേനിമാര്‍ പിണ്ഡം വെച്ചിറക്കിവിട്ട മുണ്ടശ്ശേരി എതിര്‍പ്പുകള്‍ക്കെതിരെ നീന്തി, വിദ്യാഭ്യാസമന്ത്രിയായും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായും വിരാജിച്ചു.
''കൊഴിഞ്ഞ ഇലകള്‍'' എന്ന മാസ്റ്ററുടെ ആത്മകഥയിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു.
''ഈ സംഭവങ്ങളൊക്കെ കണ്ടപ്പോള്‍ കോളേജിലും എന്തെല്ലാമോ സംഭവിക്കാന്‍ പോകുന്നതായി എനിക്കു തോന്നാതിരുന്നില്ല. അതുകൊണ്ടരിശം തീരാത്തവനാപ്പുരയടെ ചുറ്റും മണ്ടിനടന്നു.'' എന്നു പറഞ്ഞതുപോലെയായിരുന്നു കല്ലിംങ്ങലച്ചന്റെയും മറ്റും പോക്ക്. തരം കിട്ടിയാല്‍ എന്റെ കുടുംബത്തിനു തീ വയ്ക്കണമെന്നുപോലും കരുതലുണ്ടായിരുന്നു അവര്‍ക്ക്. ഒരു പക്ഷേ 27 കൊല്ലത്തെ സേവനത്തിനിടയ്ക്ക് എന്റെ കൈകാര്യത്തില്‍ സെന്റ് തോമസ്സ് കോളേജിനു വന്നിട്ടുള്ള നേട്ടങ്ങളെച്ചൊല്ലി, എന്റെ നേര്‍ക്കാരംഭിച്ച ആക്രമണം ആ തുടങ്ങിയ ഊക്കത്തില്‍ തന്നെ മുന്നോട്ടു പോകാതിരിയ്ക്കില്ലേ - അങ്ങനെയൊരു സംശയം എനിയ്ക്കുണ്ടാകാതിരുന്നില്ല. ഇന്നു കോളേജിന്റെ ഒരു വിംങ്ങായി റോഡിന്റെ വടക്കേഭാഗത്തുള്ള കെട്ടിടങ്ങളുണ്ടല്ലോ. അവയിരിക്കുന്ന ആ വിലയേറിയ സ്ഥലം സര്‍ ഷണ്‍മുഖത്തിന്റെ കാലു കഴുകികുടിച്ചിട്ടും വിട്ടു കിട്ടാതിരുന്ന ആ സ്ഥലം, ടി.കെ. മന്ത്രിസഭയുടെ കാലത്ത് കോളേജിനു വേണ്ടി വിട്ടു കൊടുപ്പിയ്ക്കാന്‍ പണിപ്പെട്ട എന്നെ ആ സ്ഥാപനത്തിന്റെ ശത്രുവായി പെട്ടെന്ന് മുദ്രകുത്തില്ല എന്ന തോന്നലാണ് അങ്ങിനെ സംശയിക്കാനിടയാക്കിയത്. പക്ഷേ എനിക്ക് തെറ്റിപ്പോയി. തിരുസഭയുടെ സംഘടനാപരമായ താല്പര്യം വ്യക്തികളുമായുള്ള ഇടപാടില്‍ ഏതു മനുഷ്യത്വത്തേയും മാനിയ്ക്കാറില്ല. ആ കൊല്ലം അവസാനിച്ച് കോളേജടയ്ക്കയേ വേണ്ടിവന്നുള്ളൂ: അധികൃതര്‍ എനിക്ക് പിരിച്ചുവിടല്‍ നോട്ടീസു തന്നു.''
'ക്രിസ്തുവിന്റെ നീതി ബോധത്തെ കുരിശിലേറ്റി കാശ്ശാക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ പരീശന്റെ ശാപം എന്നെ പിന്‍തുടര്‍ന്നാലും, ഞാന്‍ വെളിച്ചം വെപ്പിച്ചിറക്കിയ ആയിരം ആയിരം ആത്മാവുകള്‍ എന്റെ കൂടെയുണ്ടാവും എന്നൊരു ഉറപ്പുണ്ടായിരുന്നു എനിക്ക്. (ഒന്നാം ഭാഗം പേജ് - 426-29) എന്ന് സമാശ്വസിച്ചു ഇറങ്ങിത്തിരിച്ച മുണ്ടശ്ശേരി ഇന്നും നാളെയും സാഹിത്യത്തിലൂടെ ജീവിക്കും. അദ്ദേഹത്തെ കുരിശിലേറ്റിയ പരീശന്മാരോ?.......
യാത്ര ചോദിച്ചിറങ്ങിയപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു: ''വേദപുസ്തകം മനുഷ്യനു മനസ്സിലാകുന്ന നല്ല മലാളത്തില്‍, ഒന്നു തര്‍ജമ ചെയ്യാന്‍ പരിശ്രമിച്ചാല്‍ വേണ്ടില്ല. വേദപുസ്തകം ഒരു മതഗ്രന്ഥം മാത്രമല്ല; ഒന്നാംതരം സാഹിത്യഗ്രന്ഥംകൂടിയാണ്.''

No comments:

Post a Comment